രക്ഷ യഹോവയിങ്കൽ നിന്ന്
“സത്യദൈവം നമുക്ക് രക്ഷാപ്രവൃത്തികളുടെ ദൈവം ആണ്.”—സങ്കീർത്തനം 68:20, Nw.
1, 2. (എ) യഹോവ രക്ഷയുടെ ഉറവിടമാണ് എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) നിങ്ങൾ സദൃശവാക്യങ്ങൾ 21:31 എങ്ങനെ വിശദീകരിക്കും?
യഹോവ തന്നെ സ്നേഹിക്കുന്ന മനുഷ്യരുടെ രക്ഷകൻ ആണ്. (യെശയ്യാവു 43:11) ഇത് സ്വന്ത അനുഭവത്തിൽനിന്ന് അറിയാമായിരുന്ന, ഇസ്രായേലിലെ പ്രശസ്ത രാജാവായിരുന്ന ദാവീദ് മുഴുഹൃദയത്തോടെ പാടി: “രക്ഷ യഹോവയിങ്കൽ നിന്ന് ആകുന്നു.” (സങ്കീർത്തനം 3:8, NW) വൻമത്സ്യത്തിന്റെ വയറ്റിൽവെച്ച് യോനാ പ്രവാചകൻ ഉത്കടമായി പ്രാർഥിച്ചതും അതേ വാക്കുകൾതന്നെ ഉപയോഗിച്ചായിരുന്നു.—യോനാ 2:9, NW.
2 യഹോവ രക്ഷയുടെ ഉറവിടമാണ് എന്ന് ദാവീദിന്റെ പുത്രനായ ശലോമോനും അറിയാമായിരുന്നു; എന്തെന്നാൽ അവൻ പറഞ്ഞു: “കുതിര—യുദ്ധദിവസത്തിനായി ഒരുക്കിനിർത്തിയിരിക്കുന്ന ഒന്നാണ്; എന്നാൽ രക്ഷ യഹോവയിങ്കൽ നിന്ന് ആകുന്നു.” (സദൃശവാക്യങ്ങൾ 21:31, NW) പുരാതന മധ്യപൂർവദേശത്ത്, കാളകൾ കലപ്പ വലിക്കുകയും കഴുതകൾ ഭാരം ചുമക്കുകയും ചെയ്തിരുന്നു; ആളുകൾ യാത്രയ്ക്കായി കോവർകഴുതകളെയും യുദ്ധത്തിനായി കുതിരകളെയും ഉപയോഗിച്ചിരുന്നു. എന്നിരുന്നാലും, ഇസ്രായേല്യർ വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ്, അവരുടെ ഭാവി രാജാവ് “തനിക്കായിട്ടുതന്നെ കുതിരകളെ വർധിപ്പിക്കരുത്” എന്ന് ദൈവം കൽപ്പിച്ചു. (ആവർത്തനപുസ്തകം 17:16, NW) യുദ്ധക്കുതിരകളുടെ ആവശ്യമില്ലായിരുന്നു, എന്തെന്നാൽ യഹോവ തന്റെ ജനത്തെ രക്ഷിക്കുമായിരുന്നു.
3. ഏതെല്ലാം ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
3 പരമാധികാരിയാം കർത്താവായ യഹോവ “രക്ഷാപ്രവൃത്തികളുടെ ദൈവം” ആകുന്നു. (സങ്കീർത്തനം 68:20, NW) എത്ര പ്രോത്സാഹജനകമായ ഒരു ആശയം! എന്നാൽ എന്തെല്ലാം “രക്ഷാപ്രവൃത്തികൾ” ആണ് യഹോവ ചെയ്തിരിക്കുന്നത്? അവൻ ആരെയെല്ലാം രക്ഷിച്ചിരിക്കുന്നു?
യഹോവ നേരുള്ളവരെ രക്ഷിക്കുന്നു
4. യഹോവ ദൈവഭക്തരെ രക്ഷിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
4 ദൈവത്തിന്റെ സമർപ്പിത ദാസർ എന്ന നിലയിൽ നേർഗതി പിൻപറ്റുന്ന എല്ലാവർക്കും പത്രൊസ് അപ്പൊസ്തലന്റെ ഈ വാക്കുകളിൽനിന്ന് ആശ്വാസം കൊള്ളാനാകും: “ദൈവഭക്തിയുള്ള ആളുകളെ പരിശോധനയിൽനിന്ന് എങ്ങനെ വിടുവിക്കാമെന്നും എന്നാൽ നീതികെട്ടവരെ ന്യായവിധി ദിവസത്തിൽ ഛേദിക്കുന്നതിനായി എങ്ങനെ സൂക്ഷിക്കാമെന്നും യഹോവയ്ക്ക് അറിയാം.” ഈ ആശയം തെളിയിച്ചുകൊണ്ട്, ദൈവം “ഒരു പുരാതന ലോകത്തെ നശിപ്പിക്കുന്നതിൽനിന്നു പിൻവാങ്ങിനിന്നില്ല; എന്നാൽ ഭക്തികെട്ട ആളുകളുടെ ലോകത്തിനുമേൽ ജലപ്രളയം വരുത്തിയപ്പോൾ അവൻ നീതിപ്രസംഗിയായ നോഹയെ മറ്റ് ഏഴു പേരോടുകൂടെ സംരക്ഷിച്ചു” എന്നു പത്രൊസ് പറഞ്ഞു.—2 പത്രൊസ് 2:5, 9, NW.
5. ഏതെല്ലാം അവസ്ഥകളിലാണ് നോഹ ഒരു “നീതിപ്രസംഗി”യായി സേവിച്ചത്?
5 നിങ്ങൾ നോഹയുടെ നാളിലെ അവസ്ഥകളിലാണ് ജീവിക്കുന്നതെന്നു സങ്കൽപ്പിക്കുക. ജഡം ധരിച്ച ഭൂതങ്ങൾ ഭൂമിയിലുണ്ട്. അനുസരണം കെട്ട ഈ ദൂതന്മാരുടെ സന്തതികൾ ആളുകളോടു ക്രൂരമായി ഇടപെടുന്നു, അങ്ങനെ ‘ഭൂമി അതിക്രമംകൊണ്ടു നിറയുന്നു.’ (ഉല്പത്തി 6:1-12) എന്നിരുന്നാലും, അവർക്കു നോഹയെ ഭീഷണിപ്പെടുത്തി യഹോവയുടെ സേവനത്തിൽനിന്നു പിന്തിരിപ്പിക്കാൻ കഴിയുന്നില്ല. പകരം അവൻ ഒരു ‘നീതിപ്രസംഗി’യാണ്. തങ്ങളുടെ ജീവിതകാലത്ത് ദുഷ്ടത തുടച്ചുനീക്കപ്പെടുമെന്നതിൽ ഒട്ടും സംശയിക്കാതെ, അവനും കുടുംബവും ഒരു പെട്ടകം പണിയുന്നു. നോഹയുടെ വിശ്വാസം ആ ലോകത്തെ കുറ്റം വിധിക്കുന്നു. (എബ്രായർ 11:7) ഇന്നത്തെ അവസ്ഥകൾ നോഹയുടെ നാളിലേതിനോടു സമാനമാണ്. അവ നമ്മുടെ നാളുകളെ ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാന നാളുകളായി തിരിച്ചറിയിക്കുന്നു. (മത്തായി 24:37-39; 2 തിമൊഥെയൊസ് 3:1-5) അപ്പോൾ, നോഹയെപ്പോലെ നിങ്ങൾ ഒരു നീതിപ്രസംഗി എന്ന നിലയിൽ വിശ്വസ്തനാണെന്നു തെളിയിക്കുകയും യഹോവയിങ്കൽ നിന്നുള്ള രക്ഷയ്ക്കായി കാത്തിരിക്കവേ ദൈവജനത്തോടൊപ്പം സേവിക്കുന്നതിൽ തുടരുകയും ചെയ്യുമോ?
6. യഹോവ നേരുള്ളവരെ രക്ഷിക്കുന്നുവെന്ന് 2 പത്രൊസ് 2:7, 8 തെളിയിക്കുന്നത് എങ്ങനെ?
6 യഹോവ നേരുള്ളവരെ രക്ഷിക്കുന്നു എന്നതിന് പത്രൊസ് കൂടുതലായ തെളിവു നൽകുന്നു. “അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ” ദൈവം “വിടുവി”ച്ചു എന്ന് ആ അപ്പൊസ്തലൻ പറയുന്നു. (2 പത്രൊസ് 2:7, 8; ഉല്പത്തി 19:1-29) ഈ അന്ത്യകാലത്ത് ദശലക്ഷക്കണക്കിന് ആളുകൾ ലൈംഗിക അധാർമികത തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ലോത്തിനെപ്പോലെ, ഇന്നു നിങ്ങൾ അനേകരുടെ ‘ദുഷ്കാമപ്രവൃത്തിയാൽ മനസ്സു നൊന്തു വലഞ്ഞുപോകുന്നു’ണ്ടോ? അങ്ങനെ ആയിരിക്കുകയും കൂടാതെ നിങ്ങൾ നീതി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ, ഈ ദുഷ്ട വ്യവസ്ഥിതിക്ക് അന്ത്യം വരുത്തുമ്പോൾ യഹോവ രക്ഷിക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരുന്നേക്കാം.
യഹോവ മർദകരിൽനിന്നു സ്വജനത്തെ രക്ഷിക്കുന്നു
7. യഹോവ തന്റെ ജനത്തെ അടിച്ചമർത്തലിൽനിന്നു മോചിപ്പിക്കുന്നു എന്ന് ഈജിപ്തിലെ ഇസ്രായേല്യരോടുള്ള അവന്റെ ഇടപെടലുകൾ തെളിയിക്കുന്നത് എങ്ങനെ?
7 ഈ പഴയ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം, യഹോവയുടെ ദാസന്മാർക്ക് പീഡനവും ശത്രുക്കളിൽനിന്നുള്ള അടിച്ചമർത്തലും ഉണ്ടാകും. എന്നാൽ യഹോവ തങ്ങളെ മോചിപ്പിക്കുമെന്ന് അവർക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. എന്തെന്നാൽ കഴിഞ്ഞ കാലത്ത് അവൻ തന്റെ ജനത്തെ രക്ഷിച്ചിട്ടുണ്ട്. മോശയുടെ നാളിലെ ഈജിപ്തുകാരുടെ കൈകളാൽ മർദനം അനുഭവിക്കുന്ന ഒരു ഇസ്രായേല്യനാണ് നിങ്ങൾ എന്നു വിചാരിക്കുക. (പുറപ്പാടു 1:1-14; 6:8) ദൈവം ഈജിപ്തിനുമേൽ ഒന്നിനുപിറകെ ഒന്നായി ബാധകൾ വരുത്തുന്നു. (പുറപ്പാടു 8:5–10:29) മാരകമായ പത്താമത്തെ ബാധ ഈജിപ്തിലെ ആദ്യജാതരെയെല്ലാം കൊന്നൊടുക്കിയപ്പോൾ, ഫറവോൻ ഇസ്രായേല്യരെ പോകാൻ അനുവദിക്കുന്നു. എന്നാൽ പിന്നീടു തന്റെ സൈന്യത്തെ കൂട്ടി അവർക്കു പിന്നാലെ പായുന്നു. പക്ഷേ, പെട്ടെന്നുതന്നെ അവനും അവന്റെ ആളുകളും ചെങ്കടലിൽ നശിപ്പിക്കപ്പെടുന്നു. (പുറപ്പാടു 14:23-28) നിങ്ങൾ മോശയോടും എല്ലാ ഇസ്രായേല്യരോടും ഒപ്പം ഈ ഗീതം ആലപിക്കുകയാണെന്ന് സങ്കൽപ്പിക്കുക: “യഹോവ യുദ്ധവീരൻ; യഹോവ എന്നു അവന്റെ നാമം. ഫറവോൻറ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ [“സമർഥ യോദ്ധാക്കൾ,” NW] ചെങ്കടലിൽ മുങ്ങിപ്പോയി. ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.” (പുറപ്പാടു 15:3-5) ഈ അന്ത്യനാളിലെ ദൈവജനത്തിന്റെ എല്ലാ മർദകർക്കും സമാനമായ ദുരന്തം നേരിടാൻ പോകുകയാണ്.
8, 9. യഹോവ മർദകരിൽനിന്നു സ്വജനത്തെ രക്ഷിക്കുന്നു എന്നു തെളിയിക്കുന്ന ഒരു ഉദാഹരണം ന്യായാധിപൻമാരുടെ പുസ്തകത്തിൽനിന്നു നൽകുക.
8 വാഗ്ദത്ത ദേശത്തു പ്രവേശിച്ച ഇസ്രായേല്യർക്കിടയിൽ വർഷങ്ങളോളം ന്യായപാലനം നടത്തിയിരുന്നത് ന്യായാധിപന്മാർ ആയിരുന്നു. ചിലപ്പോഴൊക്കെ ആളുകൾക്കു വിദേശീയരുടെ അടിച്ചമർത്തൽ അനുഭവിക്കേണ്ടിവന്നു, എന്നാൽ വിശ്വസ്ത ന്യായാധിപന്മാരെ ഉപയോഗിച്ചു ദൈവം അവരെ മോചിപ്പിച്ചു. സമാനമായി, നാം ‘നമ്മെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തം നിലവിളി’ച്ചു ഞരങ്ങിയേക്കാമെങ്കിലും, തന്റെ വിശ്വസ്ത ദാസരെന്ന നിലയിൽ യഹോവ നമ്മെയും രക്ഷിക്കും. (ന്യായാധിപൻമാർ 2:16-18; 3:9, 15) വാസ്തവത്തിൽ, ഇതിനെക്കുറിച്ചും തന്റെ നിയമിത ന്യായാധിപനായ യേശുക്രിസ്തുവിലൂടെ ദൈവം പ്രദാനം ചെയ്യാനിരിക്കുന്ന വലിയ രക്ഷയെക്കുറിച്ചും ന്യായാധിപൻമാർ എന്ന ബൈബിൾ പുസ്തകം നമുക്ക് ഉറപ്പു നൽകുന്നു.
9 ന്യായാധിപനായ ബാരാക്കിന്റെ നാളിലേക്കു നമുക്കു മടങ്ങിപ്പോകാം. വ്യാജ ആരാധനയിൽ ഏർപ്പെട്ട് ദിവ്യാംഗീകാരം നഷ്ടമായ ഇസ്രായേല്യരെ 20 വർഷമായി കനാന്യ രാജാവായ യാബീൻ കഠിനമായി ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. കനാന്യരുടെ വൻ സൈന്യത്തിന്റെ അധിപൻ സീസെര ആണ്. എന്നാൽ, ‘യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കാണാനേയില്ല’—എണ്ണത്തിൽ അവർ ഏകദേശം 40 ലക്ഷം ആയിരുന്നേക്കാമെങ്കിലും. (ന്യായാധിപൻമാർ 5:6-8) ഇസ്രായേല്യർ അനുതപിച്ച് യഹോവയെ വിളിച്ചപേക്ഷിക്കുന്നു. പ്രവാചകിയായ ദെബോരയിലൂടെ ദൈവത്തിൽനിന്നുള്ള നിർദേശം ലഭിച്ചതനുസരിച്ച്, ബാരാക്ക് താബോർ മലയിൽ 10,000 പുരുഷന്മാരെ വിളിച്ചുകൂട്ടുന്നു; യഹോവയാകട്ടെ ശത്രുവിനെ ഉയർന്ന താബോർ മലയുടെ താഴ്വാരത്തിലേക്കു വരുത്തുന്നു. സമതല പ്രദേശത്തിലൂടെയും വരണ്ട കീശോൻ നദീതടത്തിലൂടെയും സീസെരയുടെ സൈനികവ്യൂഹവും 900 യുദ്ധരഥങ്ങളും ഇരമ്പിപ്പാഞ്ഞു വരുകയാണ്. എന്നാൽ കോരിച്ചൊരിയുന്ന മഴയിൽ കീശോൻ നിറഞ്ഞുകവിഞ്ഞു. ബാരാക്കും അവന്റെ ആളുകളും ആ വന്മഴയെ പ്രയോജനപ്പെടുത്തി താബോർ മലയിൽനിന്ന് ഇറങ്ങിവരവേ, അവർ യഹോവയുടെ കോപത്താലുണ്ടായ നാശം കാണുന്നു. ഭയന്ന് ഓടുന്ന ഓരോ കനാന്യനെയും ബാരാക്കിന്റെ ആളുകൾ പിടികൂടുന്നു, ആരും രക്ഷപ്പെടുന്നില്ല. ദൈവത്തിനെതിരെ പോരാടാൻ ധൈര്യപ്പെടുന്ന നമ്മുടെ എതിരാളികൾക്ക് എന്തൊരു മുന്നറിയിപ്പ്!—ന്യായാധിപൻമാർ 4:3-16; 5:19-22.
10. എല്ലാ മർദക ശത്രുക്കളിൽനിന്നും ദൈവം തന്റെ ഇന്നത്തെ ദാസന്മാരെ രക്ഷിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
10 അപകടസമയത്ത് ദൈവഭക്തിയുള്ള ഇസ്രായേലിനെ യഹോവ രക്ഷിച്ചതുപോലെ, തന്റെ ഇന്നത്തെ ദാസന്മാരെ ഞെരുക്കുന്ന എല്ലാ ശത്രുക്കളിൽനിന്നും അവൻ അവരെ രക്ഷിക്കും. (യെശയ്യാവു 43:3; യിരെമ്യാവു 14:8) ദൈവം ദാവീദിനെ “സകലശത്രുക്കളുടെ കയ്യിൽനിന്നും” വിടുവിച്ചു. (2 ശമൂവേൽ 22:1-3) അതുകൊണ്ട്, യഹോവയുടെ ജനം എന്ന നിലയിൽ നാം അടിച്ചമർത്തപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്താൽപോലും, നമുക്കു ധൈര്യമായിരിക്കാം. എന്തെന്നാൽ അവന്റെ മിശിഹൈക രാജാവ് നമ്മെ അടിച്ചമർത്തലിൽനിന്നു വിടുവിക്കും. അതേ, “ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.” (സങ്കീർത്തനം 72:13, 14) ആ വീണ്ടെടുപ്പ് നിശ്ചയമായും സമീപിച്ചിരിക്കുകയാണ്.
തന്നിൽ ആശ്രയിക്കുന്നവരെ ദൈവം രക്ഷിക്കുന്നു
11. യുവാവായിരുന്ന ദാവീദ് യഹോവയിലുള്ള ആശ്രയത്തിന്റെ എന്തു മാതൃക വെച്ചു?
11 യഹോവയിങ്കൽ നിന്നുള്ള രക്ഷ കാണുന്നതിന്, നാം സധൈര്യം അവനിൽ ആശ്രയിക്കണം. മല്ലനായ ഗോലിയാത്തിനെ എതിരിടാൻ പോയപ്പോൾ ദാവീദ് ദൈവത്തിൽ ധീരമായ ആശ്രയം പ്രകടമാക്കി. ദാവീദിനു മുമ്പാകെ നിൽക്കുന്ന ആജാനുബാഹുവായ ഫെലിസ്ത്യനെയും അവനോട് ഇങ്ങനെ വിളിച്ചുപറയുന്ന ദാവീദിനെയും സങ്കൽപ്പിക്കുക: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു.” ഗോലിയാത്ത് ഉടനെ വധിക്കപ്പെടുകയും ഫെലിസ്ത്യർ തുരത്തപ്പെടുകയും ചെയ്യുന്നു. വ്യക്തമായും, യഹോവ സ്വജനത്തെ രക്ഷിച്ചു.—1 ശമൂവേൽ 17:45-54.
12. ദാവീദിന്റെ വീരപുരുഷനായ എലെയാസാരെ ഓർക്കുന്നതു സഹായകമാകുമെന്നു നിങ്ങൾ വിചാരിക്കുന്നത് എന്തുകൊണ്ട്?
12 പീഡകരെ അഭിമുഖീകരിക്കുമ്പോൾ, നാം “ധൈര്യം സംഭരിക്കുക”യും ദൈവത്തിൽ കൂടുതൽ പൂർണമായി ആശ്രയിക്കുകയും ചെയ്യേണ്ടിവന്നേക്കാം. (യെശയ്യാവു 46:8-13, NW; സദൃശവാക്യങ്ങൾ 3:5, 6) പസ്-ദമ്മീം എന്നു പേരായ ഒരു സ്ഥലത്തു നടന്ന ഈ സംഭവം ശ്രദ്ധിക്കുക. ഫെലിസ്ത്യ സേനയ്ക്കു മുമ്പിൽനിന്ന് ഇസ്രായേൽ പിൻവാങ്ങിയിരിക്കുന്നു. എന്നാൽ ദാവീദിന്റെ മൂന്നു വീരപുരുഷന്മാരിൽ ഒരുവനായ എലെയാസാർ ഭയത്തിന്റെ പിടിയിലമരുന്നില്ല. അവൻ ഒരു യവത്തോട്ടത്തിൽ നിലയുറപ്പിച്ച് ഫെലിസ്ത്യരെ വാളുകൊണ്ട് ഒറ്റയ്ക്കു വെട്ടിവീഴ്ത്തുന്നു. അങ്ങനെ ‘യഹോവ ഇസ്രായേല്യർക്കു വലിയോരു ജയം [“രക്ഷ,” NW] നൽകുന്നു.’ (1 ദിനവൃത്താന്തം 11:12-14, NW; 2 ശമൂവേൽ 23:9, 10) ഒരു സൈന്യത്തെ നാം ഒറ്റയ്ക്കു നേരിട്ടു തോൽപ്പിക്കാൻ ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ചിലപ്പോൾ ശത്രുക്കൾക്കു നടുവിൽ നാം തനിച്ചായിപ്പോകാം. രക്ഷാപ്രവൃത്തികളുടെ ദൈവമായ യഹോവയിൽ നാം പ്രാർഥനാപൂർവം ആശ്രയിക്കുമോ? നമ്മുടെ സഹവിശ്വാസികളെ പീഡകർക്ക് ഒറ്റിക്കൊടുക്കുന്നത് ഒഴിവാക്കാൻ നാം അവന്റെ സഹായം തേടുമോ?
ദൃഢമായ വിശ്വസ്തത പാലിക്കുന്നവരെ യഹോവ രക്ഷിക്കുന്നു
13. ഇസ്രായേലിന്റെ പത്തുഗോത്ര രാജ്യത്തിൽ ദൈവത്തോട് ദൃഢമായ വിശ്വസ്തത കാക്കുന്നത് ദുഷ്കരമായിരുന്നത് എന്തുകൊണ്ടായിരുന്നു?
13 യഹോവയിങ്കൽ നിന്നുള്ള രക്ഷ അനുഭവിച്ചറിയുന്നതിന്, നാം എന്തു വിലകൊടുത്തും അവനോടുള്ള ദൃഢമായ വിശ്വസ്തത നിലനിർത്തണം. പുരാതന കാലത്തെ ദൈവജനത്തിനു വിവിധ പരിശോധനകൾ നേരിട്ടു. ഇസ്രായേലിന്റെ പത്തുഗോത്ര രാജ്യത്താണ് നിങ്ങൾ പാർത്തിരുന്നതെങ്കിൽ, നിങ്ങൾ അഭിമുഖീകരിച്ചിരിക്കാവുന്ന സംഗതികളെ കുറിച്ചു ചിന്തിക്കുക. രെഹബെയാമിന്റെ പരുക്കൻ സ്വഭാവം നിമിത്തം പത്തു ഗോത്രങ്ങൾ അവനുള്ള പിന്തുണ പിൻവലിച്ച് വടക്കേ ഇസ്രായേൽ രാജ്യത്തിനു രൂപം കൊടുത്തു. (2 ദിനവൃത്താന്തം 10:16, 17; 11:13, 14) അവിടത്തെ രാജാക്കന്മാരിൽ ഏറ്റവും നല്ലവൻ ആയിരുന്ന യേഹൂ പോലും “യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല.” (2 രാജാക്കന്മാർ 10:30, 31) എന്നിരുന്നാലും, ആ പത്തുഗോത്ര രാജ്യത്തിൽ ദൃഢമായ വിശ്വസ്തത കാട്ടിയവർ ഉണ്ടായിരുന്നു. (1 രാജാക്കന്മാർ 19:18) അവർ ദൈവത്തിൽ വിശ്വാസം പ്രകടമാക്കി, ദൈവം അവരെ പിന്തുണയ്ക്കുകയും ചെയ്തു. വിശ്വാസം പരിശോധിക്കപ്പെടുമ്പോഴും നിങ്ങൾ യഹോവയോട് ദൃഢമായ വിശ്വസ്തത പുലർത്താറുണ്ടോ?
14. ഹിസ്കീയാവ് രാജാവിന്റെ നാളുകളിൽ യഹോവ എന്തു രക്ഷ വരുത്തി, ബാബിലോൻ യഹൂദയെ കീഴടക്കുന്നതിലേക്കു നയിച്ചത് എന്ത്?
14 ദൈവത്തിന്റെ ന്യായപ്രമാണത്തോടുള്ള വ്യാപകമായ അനാദരവ് ഇസ്രായേൽ രാജ്യത്തിനു ദുരന്തം വരുത്തി. പൊ.യു.മു. 740-ൽ അസ്സീറിയ അതിനെ കീഴടക്കിയപ്പോൾ, അതിന്റെ പത്തുഗോത്രങ്ങളിൽപ്പെട്ട വ്യക്തികൾ നിസ്സംശയമായും രണ്ടു ഗോത്ര യഹൂദാ രാജ്യത്തിലെ യഹോവയുടെ ആലയത്തിൽ അവനെ ആരാധിക്കുന്നതിനുവേണ്ടി അവിടേക്കു പലായനം ചെയ്തു. ദാവീദിന്റെ ഗോത്രത്തിൽപ്പെട്ട 19 യഹൂദാ രാജാക്കന്മാരിൽ 4 പേർ—ആസാ, യെഹോശാഫാത്ത്, ഹിസ്കീയാവ്, യോശീയാവ്—ദൈവത്തോടു ഭക്തി പ്രകടമാക്കിയവരിൽ പ്രമുഖർ ആയിരുന്നു. ദൃഢമായ വിശ്വസ്തത പാലിച്ച ഹിസ്കീയാവിന്റെ നാളുകളിൽ, അശ്ശൂര്യർ ഒരു വൻ സൈന്യവുമായി യഹൂദയ്ക്കു നേരെ വന്നു. ഹിസ്കീയാവിന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായി, ദൈവം കേവലം ഒരു ദൂതനെ ഉപയോഗിച്ച് ഒറ്റ രാത്രികൊണ്ട് 1,85,000 അശ്ശൂര്യരെ വധിച്ച് തന്റെ ആരാധകർക്ക് രക്ഷ പ്രദാനം ചെയ്തു! (യെശയ്യാവു 37:36-38) പിന്നീട്, ന്യായപ്രമാണം അനുസരിക്കാനും ദൈവത്തിന്റെ പ്രവാചകന്മാരുടെ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കാനും ആളുകൾ പരാജയപ്പെട്ടപ്പോൾ, അത് പൊ.യു.മു. 607-ൽ ബാബിലോൻ യഹൂദയെ പിടിച്ചടക്കുന്നതിലേക്കും അതിന്റെ തലസ്ഥാനമായ യെരൂശലേമിനെയും ആലയത്തെയും നശിപ്പിക്കുന്നതിലേക്കും നയിച്ചു.
15. ബാബിലോനിലെ യഹൂദ പ്രവാസികൾക്ക് സഹിഷ്ണുത ആവശ്യമായിരുന്നത് എന്തുകൊണ്ട്, അവസാനം യഹോവ മോചനം സാധ്യമാക്കിയത് എങ്ങനെ?
15 ശോകാർദ്രമായ 70-ഓളം വർഷം ബാബിലോന്യ അടിമത്തത്തിൽ ആയിരിക്കവേ, ദൈവത്തോട് ദൃഢമായ വിശ്വസ്തത പാലിക്കുന്നതിന് യഹൂദ പ്രവാസികൾക്ക് സഹിഷ്ണുത ആവശ്യമായിരുന്നു. (സങ്കീർത്തനം 137:1-6) വിശേഷാൽ ദൃഢമായ വിശ്വസ്തത പ്രകടമാക്കിയ ഒരുവനായിരുന്നു ദാനീയേൽ പ്രവാചകൻ. (ദാനീയേൽ 1:1-7; 9:1-3) യഹൂദായിലേക്കു മടങ്ങിപ്പോയി ആലയം പുനർനിർമിക്കാൻ യഹൂദരെ അനുവദിക്കുന്ന, പേർഷ്യൻ രാജാവായ കോരെശിന്റെ കൽപ്പന പൊ.യു.മു. 537-ൽ പ്രാബല്യത്തിൽ വന്നപ്പോൾ അവൻ എത്ര സന്തോഷിച്ചിരിക്കണം! (എസ്രാ 1:1-4) ദാനീയേലും മറ്റുള്ളവരും സഹിച്ചുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയിരുന്നെങ്കിലും അവർ അവസാനം ബാബിലോൻ കീഴടക്കപ്പെടുന്നതും യഹോവയുടെ ജനം മോചിപ്പിക്കപ്പെടുന്നതും കണ്ടു. വ്യാജമത ലോകസാമ്രാജ്യമായ “മഹാബാബിലോ”ന്റെ നാശത്തിനായി കാത്തിരിക്കവേ സഹിഷ്ണുത പ്രകടമാക്കാൻ ഇതു നമ്മെ സഹായിക്കണം.—വെളിപ്പാടു 18:1-5.
യഹോവ എപ്പോഴും സ്വജനത്തെ രക്ഷിക്കുന്നു
16. എസ്ഥേർ രാജ്ഞിയുടെ നാളിൽ ദൈവം ഏതു രക്ഷ വരുത്തി?
16 തന്റെ ജനം തന്റെ നാമത്തോടു വിശ്വസ്തരായിരിക്കുമ്പോൾ യഹോവ അവരെ എല്ലായ്പോഴും രക്ഷിക്കുന്നു. (1 ശമൂവേൽ 12:22; യെശയ്യാവു 43:10-12) എസ്ഥേർ രാജ്ഞിയുടെ നാളുകളെക്കുറിച്ചു ചിന്തിക്കുക—പൊ.യു.മു. 5-ാം നൂറ്റാണ്ടിൽ. അഹശ്വേരോശ് (സെർസെസ് ഒന്നാമൻ) രാജാവ് ഹാമാനെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നു. യഹൂദനായ മൊർദ്ദെഖായി തന്നെ വണങ്ങാൻ കൂട്ടാക്കാത്തതിൽ അരിശംപൂണ്ട്, ഹാമാൻ അവനെയും പേർഷ്യൻ സാമ്രാജ്യത്തിലെ എല്ലാ യഹൂദരെയും നശിപ്പിക്കാൻ ഗൂഢാലോചന നടത്തുന്നു. അവൻ അവരെ നിയമലംഘകരായി ചിത്രീകരിക്കുകയും ഭണ്ഡാരത്തിലേക്കു നല്ലൊരു തുക വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, അവരെ പൂർണമായി നശിപ്പിക്കുന്നതിനുള്ള പ്രമാണത്തിൽ ഒപ്പുവെക്കാൻ രാജാവിന്റെ മോതിരം ഉപയോഗിക്കാൻ അവന് അനുമതി ലഭിക്കുന്നു. എസ്ഥേർ താൻ ഒരു യഹൂദ കുടുംബാംഗം ആണെന്നു രാജാവിനെ സധൈര്യം ധരിപ്പിക്കുകയും തങ്ങളെ വധിക്കുന്നതിനുള്ള ഹാമാന്റെ ഗൂഢാലോചന തുറന്നുകാട്ടുകയും ചെയ്യുന്നു. ഉടനെതന്നെ, മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ ഒരുക്കിയിരുന്ന സ്തംഭത്തിൽത്തന്നെ അവനെ തൂക്കുന്നു. മൊർദ്ദെഖായി പ്രധാനമന്ത്രിയാകുന്നു, ആത്മരക്ഷാർഥം പ്രവർത്തിക്കുന്നതിനു യഹൂദരെ അനുവദിക്കുന്ന ഉത്തരവ് ഇറക്കുന്നു. അവർ ശത്രുക്കളുടെമേൽ ഒരു വലിയ വിജയം നേടുന്നു. (എസ്ഥേർ 3:1–9:19) ആധുനിക നാളിലെ അനുസരണമുള്ള തന്റെ ദാസർക്കുവേണ്ടി യഹോവ രക്ഷാപ്രവൃത്തികൾ നിർവഹിക്കുമെന്ന നമ്മുടെ വിശ്വാസത്തെ ഈ സംഭവം ബലിഷ്ഠമാക്കണം.
17. യഹൂദ്യയിൽ പാർത്തിരുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദ ക്രിസ്ത്യാനികളുടെ വിമോചനത്തിൽ അനുസരണം ഒരു പങ്കു വഹിച്ചത് എങ്ങനെ?
17 ദൈവം തന്റെ ജനത്തെ രക്ഷിക്കുന്നതിനുള്ള മറ്റൊരു കാരണം അവർ അവനെയും അവന്റെ പുത്രനെയും അനുസരിക്കുന്നു എന്നതാണ്. യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ യഹൂദ ശിഷ്യരിൽ ഒരുവനാണ് നിങ്ങൾ എന്നു സങ്കൽപ്പിക്കുക. അവൻ അവരോടു പറയുന്നു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.” (ലൂക്കൊസ് 21:20-22) വർഷങ്ങൾ കടന്നുപോകുന്നു, ഈ വാക്കുകളുടെ നിവൃത്തി എപ്പോഴായിരിക്കുമെന്നാണ് നിങ്ങളുടെ ചിന്ത. അങ്ങനെയിരിക്കെ, പൊ.യു. 66-ൽ യഹൂദർ പ്രക്ഷോഭം തുടങ്ങുന്നു. സെസ്റ്റ്യസ് ഗാലസ്സിന്റെ നേതൃത്വത്തിൽ റോമൻ സൈന്യം യെരൂശലേമിനെ വളഞ്ഞ് ആലയമതിലിന് അടുത്തുവരെ എത്തുന്നു. പെട്ടെന്ന്, പ്രത്യക്ഷത്തിൽ ഒരു കാരണവും കൂടാതെ റോമൻ സൈന്യം പിൻവാങ്ങുന്നു. യഹൂദ ക്രിസ്ത്യാനികൾ എന്തു ചെയ്യും? അവർ യെരൂശലേമിൽനിന്നും യഹൂദ്യയിൽനിന്നും പലായനം ചെയ്തു എന്ന് യൂസിബിയസ് തന്റെ എക്ലേസിയാസ്റ്റിക്കൽ ഹിസ്റ്ററിയിൽ (പുസ്തകം III, അധ്യായം V, 3) പറയുന്നു. യേശുവിന്റെ പ്രാവചനിക മുന്നറിയിപ്പ് അനുസരിച്ചതിനാൽ അവർ രക്ഷപ്പെട്ടു. സമാനമായി, യേശുവിന്റെ എല്ലാ “വസ്തുവകകളു”ടെയുംമേൽ നിയമനം ലഭിച്ചിരിക്കുന്ന “വിശ്വസ്ത ഗൃഹവിചാരക”നിലൂടെ പ്രദാനം ചെയ്യപ്പെടുന്ന തിരുവെഴുത്തു മാർഗനിർദേശം അനുസരിക്കാൻ നിങ്ങൾ മനസ്സൊരുക്കം കാട്ടുന്നുവോ?—ലൂക്കൊസ് 12:42-44, NW.
നിത്യജീവനിലേക്കുള്ള രക്ഷ
18, 19. (എ) യേശുവിന്റെ മരണം ഏതു രക്ഷ സാധ്യമാക്കി, ആർക്ക്? (ബി) പൗലൊസ് അപ്പൊസ്തലൻ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരുന്നു?
18 യേശുവിന്റെ മുന്നറിയിപ്പു ചെവിക്കൊണ്ടത് യഹൂദ്യയിലെ യഹൂദ ക്രിസ്ത്യാനികളുടെ ജീവൻ രക്ഷിച്ചു. എന്നാൽ യേശുവിന്റെ മരണം “എല്ലാത്തരം മനുഷ്യർ”ക്കും നിത്യജീവനിലേക്കുള്ള രക്ഷ സാധ്യമാക്കുന്നു. (1 തിമൊഥെയൊസ് 4:10, NW) ആദാം പാപം ചെയ്യുകയും അങ്ങനെ തനിക്കുതന്നെ ജീവൻ നഷ്ടപ്പെടുത്തുകയും മനുഷ്യവർഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്കു വിൽക്കുകയും ചെയ്തപ്പോൾ മനുഷ്യവർഗത്തിന് ഒരു മറുവിലയുടെ ആവശ്യം വന്നു. (റോമർ 5:12-19) മോശൈക ന്യായപ്രമാണത്തിൻകീഴിൽ അർപ്പിച്ചിരുന്ന മൃഗബലികൾക്കു പാപങ്ങൾ നീക്കുന്നതിനുള്ള പ്രതീകാത്മക മൂല്യമേ ഉണ്ടായിരുന്നുള്ളൂ. (എബ്രായർ 10:1-4) യേശുവിന് ഒരു മാനുഷ പിതാവ് ഇല്ലാതിരുന്നതിനാലും മറിയ യേശുവിനെ ഗർഭം ധരിച്ചതുമുതൽ അവന്റെ ജനനംവരെ പരിശുദ്ധാത്മാവ് വ്യക്തമായും അവളുടെമേൽ “നിഴലി”ട്ടതിനാലും അവനു പാപം അല്ലെങ്കിൽ അപൂർണത പാരമ്പര്യമായി ലഭിച്ചില്ല. (ലൂക്കൊസ് 1:35; യോഹന്നാൻ 1:29; 1 പത്രൊസ് 1:18, 19) പരിപൂർണമായും ദൃഢമായ വിശ്വസ്തത പാലിച്ചവൻ എന്ന നിലയിൽ മരിച്ചപ്പോൾ, യേശു മനുഷ്യവർഗത്തെ തിരികെ വാങ്ങാനും മോചിപ്പിക്കാനും തന്റെ പൂർണതയുള്ള ജീവൻ കൊടുത്തു. (എബ്രായർ 2:14, 15) അങ്ങനെ ക്രിസ്തു “എല്ലാവർക്കും വേണ്ടി തത്തുല്യമായ ഒരു മറുവിലയായി തന്നെത്തന്നെ നൽകി.” (1 തിമൊഥെയൊസ് 2:5, 6, NW) രക്ഷയ്ക്കുള്ള ഈ കരുതൽ എല്ലാവരും പ്രയോജനപ്പെടുത്തുകയില്ല, എന്നാൽ ദൈവം, അതിൽ വിശ്വാസം പ്രകടമാക്കുന്നവർ അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ ഇടയാക്കും.
19 തന്റെ മറുവില യാഗത്തിന്റെ മൂല്യം സ്വർഗത്തിൽ ദൈവത്തിനു സമർപ്പിച്ചുകൊണ്ട്, ക്രിസ്തു ആദാമിന്റെ സന്തതികളെ തിരികെ വാങ്ങി. (എബ്രായർ 9:24) അങ്ങനെ യേശു സ്വർഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെട്ട 1,44,000 അഭിഷിക്ത അനുഗാമികൾ ചേർന്ന ഒരു മണവാട്ടിയെ സമ്പാദിക്കുന്നു. (എഫെസ്യർ 5:25-27; വെളിപ്പാടു 14:3, 4; 21:9) അവന്റെ ബലി അംഗീകരിച്ച് ഭൗമിക നിത്യജീവൻ പ്രാപിക്കുന്നവർക്ക് അവൻ ‘നിത്യപിതാവും’ ആയിത്തീരുന്നു. (യെശയ്യാവു 9:6, 7; 1 യോഹന്നാൻ 2:1, 2) എന്തൊരു സ്നേഹപുരസ്സരമായ ക്രമീകരണം! അതിനോടുള്ള പൗലൊസിന്റെ വിലമതിപ്പ്, അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ, കൊരിന്തിലെ ക്രിസ്ത്യാനികൾക്കുള്ള അവന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനത്തിൽ വ്യക്തമാണ്. വാസ്തവത്തിൽ, നിത്യജീവനിലേക്കുള്ള രക്ഷയ്ക്കായി യഹോവ ചെയ്തിരിക്കുന്ന മഹത്തായ കരുതലിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിൽനിന്നു തന്നെ യാതൊന്നും തടയാതിരിക്കാൻ പൗലൊസ് ദൃഢനിശ്ചയം ചെയ്തിരുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ നേരുള്ള തന്റെ ജനത്തെ ദൈവം രക്ഷിക്കുന്നു എന്നതിന് തിരുവെഴുത്തുപരമായ എന്തു തെളിവ് ഉണ്ട്?
□ ആശ്രയിക്കുകയും ദൃഢമായ വിശ്വസ്തത പാലിക്കുകയും ചെയ്യുന്നവരെ യഹോവ രക്ഷിക്കുന്നു എന്നു നമുക്ക് എങ്ങനെ അറിയാം?
□ നിത്യജീവനിലേക്കുള്ള രക്ഷയ്ക്കായി ദൈവം എന്തു കരുതൽ ചെയ്തിരിക്കുന്നു?
[12-ാം പേജിലെ ചിത്രം]
ദാവീദ് “രക്ഷാപ്രവൃത്തികളുടെ ദൈവ”മായ യഹോവയിൽ ആശ്രയിച്ചു. നിങ്ങളോ?
[15-ാം പേജിലെ ചിത്രം]
യഹോവ എസ്ഥേറിന്റെ നാളിൽ തെളിയിച്ചതുപോലെ, അവൻ എല്ലായ്പോഴും തന്റെ ജനത്തെ രക്ഷിക്കുന്നു