വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഹോവയുടെ ദിവസം എന്തു വെളിപ്പെടുത്തും?
    വീക്ഷാഗോപുരം—2010 | ജൂലൈ 15
    • 2 അപ്പൊസ്‌തലനായ പത്രോസ്‌ എഴുതി: “യഹോവയുടെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന്‌ ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ വെന്തഴിയും; ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടുകയും ചെയ്യും.” (2 പത്രോ. 3:10) ഇവിടെ പരാമർശിച്ചിരിക്കുന്ന ‘ആകാശവും’ “ഭൂമിയും” എന്തിനെ കുറിക്കുന്നു? വെന്തഴിയുന്ന “മൂലപദാർഥങ്ങൾ” എന്താണ്‌? “ഭൂമിയും അതിലെ പണികളും അനാവൃത”മാക്കപ്പെടും എന്നതുകൊണ്ട്‌ പത്രോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയുന്നത്‌, സമീപഭാവിയിൽ അരങ്ങേറാനിരിക്കുന്ന ഭയാനകമായ സംഭവങ്ങൾ നേരിടാൻ നമ്മെ സജ്ജരാക്കും.

      ഒഴിഞ്ഞുപോകുന്ന ആകാശവും ഭൂമിയും

      3. എന്താണ്‌ 2 പത്രോസ്‌ 3:10-ൽ പറയുന്ന “ആകാശം,” അത്‌ എപ്രകാരം ഒഴിഞ്ഞുപോകും?

      3 പ്രജകളോടുള്ള താരതമ്യത്തിൽ ഭരണാധികാരികൾ ഉന്നതസ്ഥാനീയരായതിനാൽ ബൈബിൾ മിക്കപ്പോഴും “ആകാശം” എന്ന്‌ ആലങ്കാരികമായി വിളിക്കുന്നത്‌ ഭരണാധികാരങ്ങളെയാണ്‌. (യെശ. 14:12-14) ‘ഒഴിഞ്ഞുപോകുന്ന ആകാശം,’ ഇന്നത്തെ ഭക്തികെട്ട സമൂഹത്തിന്മേലുള്ള മനുഷ്യഭരണത്തെ അർഥമാക്കുന്നു. അത്‌ “കൊടുംമുഴക്കത്തോടെ” ഒഴിഞ്ഞുപോകുന്നത്‌ അതിന്റെ അതിശീഘ്രമായ നാശത്തെയായിരിക്കാം സൂചിപ്പിക്കുന്നത്‌.

      4. എന്താണ്‌ “ഭൂമി,” അത്‌ എങ്ങനെ നശിപ്പിക്കപ്പെടും?

      4 ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യവർഗലോകത്തെയാണ്‌ “ഭൂമി” ചിത്രീകരിക്കുന്നത്‌. നോഹയുടെ നാളിൽ അത്തരമൊരു ലോകം ഉണ്ടായിരുന്നു. ദിവ്യന്യായവിധിയുടെ ഫലമായി, ജലപ്രളയത്തോടെ അത്‌ അവസാനിച്ചു. “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്കുതന്നെ.” (2 പത്രോ. 3:7) ജലപ്രളയം അന്നുണ്ടായിരുന്ന ഭക്തികെട്ട മനുഷ്യരെയെല്ലാം ഒറ്റയടിക്ക്‌ നശിപ്പിക്കുകയായിരുന്നു; എന്നാൽ ഇന്നത്തെ ലോകം ഘട്ടംഘട്ടമായിട്ടായിരിക്കും “മഹാകഷ്ട”ത്തിൽ അവസാനിക്കുക. (വെളി. 7:14) മഹാകഷ്ടത്തിന്റെ ആദ്യഘട്ടത്തിൽ, “മഹതിയാം ബാബിലോൺ” എന്ന മതവേശ്യയോടുള്ള തന്റെ വെറുപ്പിന്റെ പ്രതീകമെന്ന നിലയിൽ, അവളെ നശിപ്പിക്കാൻ യഹോവ രാഷ്‌ട്രീയ നേതാക്കളെ പ്രചോദിപ്പിക്കും. (വെളി. 17:5, 16; 18:8) മഹാകഷ്ടത്തിന്റെ അന്തിമഘട്ടമായ അർമ്മഗെദ്ദോനിൽ സാത്താന്യലോകത്തിന്റെ ശേഷിച്ച ഭാഗത്തെ യഹോവതന്നെ തുടച്ചുനീക്കും.—വെളി. 16:14, 16; 19:19-21.

      “മൂലപദാർഥങ്ങൾ വെന്തഴിയും”

      5. ‘മൂലപദാർഥങ്ങളിൽ’ എന്ത്‌ ഉൾപ്പെടുന്നു?

      5 ‘വെന്തഴിയുന്ന’ “മൂലപദാർഥങ്ങൾ” എന്താണ്‌? ഈ ലോകത്തിന്റെ ഭക്തികെട്ട സ്വഭാവവിശേഷങ്ങൾ, മനോഭാവങ്ങൾ, വഴികൾ, ലക്ഷ്യങ്ങൾ എന്നിവയ്‌ക്കൊക്കെ രൂപം നൽകുന്നത്‌ എന്താണോ അവയെയാണ്‌ പത്രോസ്‌ “മൂലപദാർഥങ്ങൾ” എന്നതുകൊണ്ട്‌ അർഥമാക്കിയത്‌. “അനുസരണക്കേടിന്റെ മക്കളിൽ . . . വ്യാപരിക്കുന്ന” ‘ലോകത്തിന്റെ ആത്മാവ്‌’ ഈ ‘മൂലപദാർഥങ്ങളിൽ’ ഉൾപ്പെടും. (1 കൊരി. 2:12; എഫെസ്യർ 2:1-3 വായിക്കുക.) ഈ ആത്മാവ്‌ അഥവാ “വായു” സാത്താന്റെ ലോകത്തിലെങ്ങും വ്യാപിച്ചിരിക്കുന്നു. അഹങ്കാരിയും ധാർഷ്ട്യക്കാരനുമായ അവനാണ്‌ ഈ ‘വായുവിന്റെ അധികാരത്തിന്‌ അധിപതി.’ അവന്റെ ചിന്താരീതി പകർത്താനാണ്‌ ‘ലോകത്തിന്റെ ആത്മാവ്‌’ ആളുകളെ പ്രചോദിപ്പിക്കുന്നത്‌. അങ്ങനെ അവർ അവനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു.

      6. ലോകത്തിന്റെ ആത്മാവ്‌ പ്രകടമാകുന്നത്‌ എങ്ങനെ?

      6 ലോകത്തിന്റെ ആത്മാവിനാൽ ബാധിക്കപ്പെടുന്നവർ അറിഞ്ഞോ അറിയാതെയോ തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കാൻ സാത്താനെ അനുവദിക്കുകയാണ്‌. ഫലമോ? അവന്റെ ചിന്താരീതികളും മനോഭാവവും അവർ പ്രതിഫലിപ്പിക്കാനിടയാകുന്നു. ദൈവേഷ്ടത്തിന്‌ ഒരു വിലയും കൽപ്പിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കു ചേർച്ചയിലായിരിക്കും അവർ പ്രവർത്തിക്കുക. ഓരോ സാഹചര്യങ്ങളോടും അവർ പ്രതികരിക്കുന്ന വിധത്തിൽ അഹങ്കാരവും സ്വാർഥതയും നിഴലിക്കും, അധികാരത്തിനുനേരെ മത്സരിക്കാനുള്ള ചായ്‌വായിരിക്കും അവർക്കുണ്ടായിരിക്കുക, ‘ജഡമോഹത്തിനും കണ്മോഹത്തിനും’ ഒരു മടിയും കൂടാതെ അവർ വഴങ്ങിക്കൊടുക്കും.—1 യോഹന്നാൻ 2:15-17 വായിക്കുക.a

      7. നമ്മുടെ ‘ഹൃദയത്തെ കാത്തുകൊള്ളേണ്ടത്‌’ എന്തുകൊണ്ട്‌?

      7 സുഹൃത്തുക്കളെ കണ്ടെത്തുന്ന കാര്യത്തിലും അതുപോലെതന്നെ വിനോദങ്ങൾ, വായിക്കുന്ന പ്രസിദ്ധീകരണങ്ങൾ, ഇന്റർനെറ്റിൽ നാം സന്ദർശിക്കുന്ന വെബ്‌സൈറ്റുകൾ എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ദൈവികജ്ഞാനം പ്രകടമാക്കിക്കൊണ്ട്‌ നമ്മുടെ ‘ഹൃദയത്തെ കാത്തുകൊള്ളുന്നത്‌’ എത്ര പ്രധാനമാണ്‌! (സദൃ. 4:23) അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച്‌ കുടുക്കിലാക്കരുത്‌. അവയ്‌ക്ക്‌ ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്‌; ക്രിസ്‌തുവിന്റെ ഉപദേശങ്ങളല്ല.” (കൊലോ. 2:8) യഹോവയുടെ ദിവസം സമീപിക്കവെ ഈ നിർദേശത്തിനു ചെവികൊടുക്കുന്നത്‌ അതിപ്രധാനമാണ്‌; കാരണം, സാത്താന്റെ വ്യവസ്ഥിതിയുടെ “മൂലപദാർഥങ്ങൾ” എല്ലാം ആ ദിവസത്തിലെ അതിശക്തമായ ‘ചൂടിൽ’ “വെന്തഴിയും.” തീയെ ചെറുക്കാൻ ശേഷിയില്ലാത്തവയാണ്‌ ആ “മൂലപദാർഥങ്ങൾ” എന്ന കാര്യം അന്ന്‌ വ്യക്തമാകും. ഇത്‌ മലാഖി 4:1-ലെ വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകലദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും.”

      ‘ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടും’

      8. ഭൂമിയും അതിലെ പണികളും ‘അനാവൃതമാക്കപ്പെടുന്നത്‌’ എങ്ങനെ?

      8 ‘ഭൂമിയും അതിലെ പണികളും അനാവൃതമാക്കപ്പെടും’ എന്നു പറഞ്ഞപ്പോൾ പത്രോസ്‌ എന്താണ്‌ അർഥമാക്കിയത്‌? മഹാകഷ്ടത്തിന്റെ സമയത്ത്‌ യഹോവ സാത്താന്റെ ലോകത്തെ ‘അനാവൃതമാക്കും,’ അതായത്‌ അത്‌ തനിക്കും തന്റെ രാജ്യത്തിനും എതിരാണെന്നും അതുകൊണ്ടുതന്നെ നാശം അർഹിക്കുന്നെന്നും അവൻ തുറന്നുകാട്ടും. യെശയ്യാവു 26:21 ആ സമയത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.”

      9. (എ) നാം എന്തു വർജിക്കണം, എന്തുകൊണ്ട്‌? (ബി) നാം എന്തു വളർത്തിയെടുക്കണം, എന്തുകൊണ്ട്‌?

      9 ഈ ലോകത്താലും അതിന്റെ ദുഷിച്ച ആത്മാവിനാലും സ്വാധീനിക്കപ്പെട്ടിരിക്കുന്നവർ യഹോവയുടെ ദിവസത്തിൽ അവരുടെ തനിസ്വഭാവം കാണിക്കും, പരസ്‌പരം കൊന്നൊടുക്കിക്കൊണ്ടുപോലും. ഇന്ന്‌ പ്രചുരപ്രചാരം നേടിയിരിക്കുന്ന അക്രമാസക്തമായ വിനോദപരിപാടികൾ, “ഒരുവന്റെ കൈ മറ്റവന്റെ നേരെ” പൊങ്ങുന്ന സമയത്തിനായി ആളുകളുടെ മനസ്സിനെ പാകപ്പെടുത്തുകയല്ലേ ചെയ്യുന്നത്‌? (സെഖ. 14:13) ആ സ്ഥിതിക്ക്‌, അഹങ്കാരവും ‘അക്രമത്തോടുള്ള’ പ്രിയവും പോലെ ദൈവം വെറുക്കുന്ന സ്വഭാവവിശേഷങ്ങൾക്കു വളംവെക്കുന്ന എന്തും നാം വർജിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! അത്തരം സിനിമകൾ, പുസ്‌തകങ്ങൾ, വീഡിയോ ഗെയിമുകൾ തുടങ്ങിയവയെല്ലാം നാം ഒഴിവാക്കണം. (2 ശമൂ. 22:28; സങ്കീ. 11:5, പി.ഒ.സി. ബൈബിൾ) പകരം നമുക്ക്‌ ദൈവാത്മാവിന്റെ ഫലം വളർത്താം; ആ ഗുണങ്ങൾ യഹോവയുടെ കോപദിവസത്തിലെ ‘ചൂടിൽ’ വെന്തഴിയാതിരിക്കാൻ നമ്മെ സഹായിക്കും.—ഗലാ. 5:22, 23.

  • യഹോവയുടെ ദിവസം എന്തു വെളിപ്പെടുത്തും?
    വീക്ഷാഗോപുരം—2010 | ജൂലൈ 15
    • യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങുക

      12. യഹോവയുടെ ദിവസത്തിന്റെ വരവ്‌ ലോകത്തെ ഞെട്ടിക്കുന്നത്‌ എന്തുകൊണ്ട്‌?

      12 യഹോവയുടെ ദിവസം “കള്ളൻ രാത്രിയിൽ വരുന്നതുപോലെ” അപ്രതീക്ഷിതമായി, ആരുമറിയാതെ വരുമെന്ന്‌ പത്രോസും പൗലോസും മുൻകൂട്ടിപ്പറയുകയുണ്ടായി. (1 തെസ്സലോനിക്യർ 5:1, 2 വായിക്കുക.) ആ ദിവസത്തിനായി കാത്തിരിക്കുന്ന സത്യക്രിസ്‌ത്യാനികൾപോലും അതിന്റെ പൊടുന്നനെയുള്ള വരവിൽ വിസ്‌മയിച്ചുപോകും. (മത്താ. 24:44) ഈ ലോകവും അമ്പരന്നുപോകും; പക്ഷേ അവിടംകൊണ്ട്‌ അവസാനിക്കില്ല! പൗലോസ്‌ എഴുതി: “‘സമാധാനം, സുരക്ഷിതത്വം’ എന്ന്‌ അവർ (യഹോവയിൽനിന്ന്‌ അകന്നുമാറിയവർ) പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ നിനയ്‌ക്കാത്ത നാഴികയിൽ അവർക്കു പെട്ടെന്നു നാശം വന്നുഭവിക്കും; അതിൽനിന്ന്‌ അവർക്ക്‌ ഒഴിഞ്ഞുമാറാനാവില്ല.”—1 തെസ്സ. 5:3.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക