“യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”
“യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ! . . . വിശ്വസ്തതയോടെ പ്രവർത്തിക്കൂ.”—സങ്കീ. 37:3.
1. യഹോവ എന്തൊക്കെ പ്രത്യേക കഴിവുകളോടെയാണു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്?
ശ്രദ്ധേയമായ കഴിവുകളോടെയാണ് യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കാനും ഭാവിയിലേക്കു പദ്ധതികൾ തയ്യാറാക്കാനും യഹോവ നമുക്കു ചിന്താശേഷി തന്നിരിക്കുന്നു. (സുഭാ. 2:11) ആ പദ്ധതികൾ നടപ്പിലാക്കാനുള്ള ശക്തിയും യഹോവ നമുക്കു നൽകിയിട്ടുണ്ട്. അതുവഴി ഉചിതമായ ലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ നമുക്കു കഴിയുന്നു. (ഫിലി. 2:13) അതുപോലെ യഹോവ നമുക്കു മനസ്സാക്ഷിയും തന്നിരിക്കുന്നു; അതായത് ശരിയും തെറ്റും തിരിച്ചറിയാൻ സഹായിക്കുന്ന ജന്മസിദ്ധമായ ആന്തരികബോധം. തെറ്റുകൾ ഒഴിവാക്കുന്നതിനും തെറ്റുപറ്റുമ്പോൾ തിരുത്തുന്നതിനും മനസ്സാക്ഷി നമ്മളെ സഹായിക്കും.—റോമ. 2:15.
2. നമ്മുടെ കഴിവുകൾ നമ്മൾ എങ്ങനെ ഉപയോഗിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്?
2 നമ്മുടെ കഴിവുകൾ നല്ല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്? യഹോവ നമ്മളെ സ്നേഹിക്കുന്നു. യഹോവ തന്നിരിക്കുന്ന ഈ കഴിവുകൾ ഉപയോഗിക്കുമ്പോൾ നമുക്കു സംതൃപ്തി കിട്ടുമെന്നും യഹോവയ്ക്ക് അറിയാം. നമ്മുടെ കഴിവുകൾ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാൻ യഹോവ തന്റെ വചനത്തിലൂടെ നമ്മളോടു കൂടെക്കൂടെ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും” എന്നും “ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക” എന്നും എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നു. (സുഭാ. 21:5; സഭാ. 9:10) അതുപോലെ “അവസരമുള്ളിടത്തോളം ആളുകൾക്കു നന്മ ചെയ്യാം” എന്നും “നിങ്ങളുടെ കഴിവ് നിങ്ങൾക്ക് ഓരോരുത്തർക്കും . . . കിട്ടിയതിന്റെ അളവനുസരിച്ച് പരസ്പരം ശുശ്രൂഷ ചെയ്യാൻ ഉപയോഗിക്കണം” എന്നും ഗ്രീക്കുതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നു. (ഗലാ. 6:10; 1 പത്രോ. 4:10) വ്യക്തമായും, നമ്മുടെയും മറ്റുള്ളവരുടെയും പ്രയോജനത്തിനായി നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യണമെന്ന് യഹോവ ആഗ്രഹിക്കുന്നു.
3. മനുഷ്യർക്ക് എന്തെല്ലാം പരിമിതികളുണ്ട്?
3 അതേസമയം മനുഷ്യർക്കു പരിമിതികളുണ്ടെന്നും യഹോവയ്ക്ക് അറിയാം. അപൂർണതയും പാപവും മരണവും ഒന്നും നമ്മളെക്കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. എല്ലാവർക്കും സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും ഉള്ള പ്രാപ്തിയുള്ളതുകൊണ്ട് നമുക്കു മറ്റുള്ളവരെ നിയന്ത്രിക്കാനുമാകില്ല. (1 രാജാ. 8:46) അതുപോലെ, നമ്മൾ എത്രത്തോളം അറിവും അനുഭവപരിചയവും നേടിയാലും യഹോവയുമായുള്ള താരതമ്യത്തിൽ നമ്മൾ എന്നും കൊച്ചുകുട്ടികളാണ്.—യശ. 55:9.
പ്രശ്നങ്ങൾ നേരിടുമ്പോൾ “യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”
4. നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും?
4 അതുകൊണ്ട് എല്ലാ സാഹചര്യങ്ങളിലും വഴിനടത്തിപ്പിനായി നമ്മൾ യഹോവയിൽ ആശ്രയിക്കണം. യഹോവ നമ്മളെ പിന്തുണയ്ക്കുമെന്ന് ഉറച്ചുവിശ്വസിക്കുക. നമുക്കു സ്വന്തമായി ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ യഹോവ നമുക്കു ചെയ്തുതരും. അതേസമയം നമുക്കു ചെയ്യാനാകുന്നതു നമ്മൾ ചെയ്യണം. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ട പടികൾ സ്വീകരിക്കണം. (സങ്കീർത്തനം 37:3 വായിക്കുക.) ചുരുക്കത്തിൽ, നമ്മൾ ‘യഹോവയിൽ ആശ്രയിക്കണം,’ ‘നല്ലതു ചെയ്യണം.’ അതെ, നമ്മൾ ‘വിശ്വസ്തതയോടെ പ്രവർത്തിക്കണം.’ യഹോവയിൽ ആശ്രയിക്കുകയും ഉചിതമായി പ്രവർത്തിക്കുകയും ചെയ്ത നോഹയുടെയും ദാവീദിന്റെയും ദൈവത്തിന്റെ മറ്റു വിശ്വസ്തദാസന്മാരുടെയും ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകുമെന്നു ചിന്തിക്കാം. ചെയ്യാനാകാത്തതും ചെയ്യാനാകുന്നതും ആയ കാര്യങ്ങൾ വേർതിരിച്ചറിഞ്ഞ് അവർ അതിനനുസരിച്ച് പ്രവർത്തിച്ചത് എങ്ങനെയെന്നും ഈ ലേഖനത്തിൽ നമ്മൾ കാണും.
ദുഷ്ടതയുടെ നടുവിൽ
5. നോഹ അഭിമുഖീകരിച്ച സാഹചര്യം വിശദീകരിക്കുക.
5 ‘അക്രമവും’ അധാർമികതയും നിറഞ്ഞ ഒരു ലോകത്താണു നോഹ ജീവിച്ചത്. (ഉൽപ. 6:4, 9-13) കുറച്ച് നാളുകൾക്കുള്ളിൽ ആ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കുമെന്നു നോഹയ്ക്ക് അറിയാമായിരുന്നു. എങ്കിലും തനിക്കു ചുറ്റുമുണ്ടായിരുന്ന മോശമായ കാര്യങ്ങൾ നോഹയെ അസ്വസ്ഥനാക്കി. ആ സാഹചര്യത്തിൽ തനിക്കു ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും എന്നാൽ തനിക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്നും നോഹ തിരിച്ചറിഞ്ഞു.
വയൽസേവനത്തിൽ എതിർപ്പുകൾ നേരിടുമ്പോൾ (6-9 ഖണ്ഡികകൾ കാണുക)
6, 7. (എ) നോഹയ്ക്ക് എന്താണു ചെയ്യാൻ കഴിയാതിരുന്നത്? (ബി) നമ്മുടെ സാഹചര്യം നോഹയുടേതിനു സമാനമായിരിക്കുന്നത് എങ്ങനെ?
6 നോഹയ്ക്കു ചെയ്യാൻ കഴിയാതിരുന്നത്: നോഹ യഹോവയുടെ മുന്നറിയിപ്പു വിശ്വസ്തതയോടെ പ്രസംഗിച്ചെങ്കിലും ആ സന്ദേശം സ്വീകരിക്കാൻ ചുറ്റുമുള്ള ദുഷ്ടരായ ആളുകളെ നിർബന്ധിക്കാൻ കഴിയുമായിരുന്നില്ല. പ്രളയം കുറച്ചുകൂടെ നേരത്തേ വരുത്താനും അദ്ദേഹത്തിനു സാധിക്കില്ലായിരുന്നു. കൃത്യസമയത്തുതന്നെ ദുഷ്ടത ഇല്ലാതാക്കിക്കൊണ്ട് യഹോവ തന്റെ വാഗ്ദാനം പാലിക്കുമെന്ന വിശ്വാസത്തോടെ നോഹ യഹോവയിൽ ആശ്രയിക്കണമായിരുന്നു.—ഉൽപ. 6:17.
7 നമ്മൾ ജീവിക്കുന്നതും ദുഷ്ടത നിറഞ്ഞ ഒരു ലോകത്താണ്. യഹോവ ഈ ലോകത്തെ നശിപ്പിക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യം നമുക്ക് അറിയാം. (1 യോഹ. 2:17) അതിനു മുമ്പ് നമ്മൾ അറിയിക്കുന്ന “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത” സ്വീകരിക്കുന്നതിന് ആളുകളെ നിർബന്ധിക്കാൻ നമുക്കു കഴിയില്ല. “മഹാകഷ്ടത” കുറച്ചുകൂടെ നേരത്തേ തുടങ്ങാൻ നമുക്ക് ഒന്നും ചെയ്യാനുമാകില്ല. (മത്താ. 24:14, 21) നോഹയെപ്പോലെ നമുക്കും ശക്തമായ വിശ്വാസമുണ്ടായിരിക്കണം; ദൈവം പെട്ടെന്നുതന്നെ കാര്യങ്ങളിൽ ഇടപെടുമെന്ന ഉറച്ചബോധ്യവും ഉണ്ടായിരിക്കണം. (സങ്കീ. 37:10, 11) താൻ ഉദ്ദേശിച്ചിരിക്കുന്നതിനെക്കാൾ ഒരു ദിവസംപോലും കൂടുതൽ ഈ ദുഷ്ടലോകം മുന്നോട്ട് പോകാൻ യഹോവ അനുവദിക്കുകയില്ലെന്നു നമുക്ക് ഉറപ്പുണ്ട്.—ഹബ. 2:3.
8. ചെയ്യാൻ കഴിയുന്ന കാര്യത്തിൽ നോഹ എങ്ങനെയാണു ശ്രദ്ധ പതിപ്പിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 നോഹയ്ക്കു ചെയ്യാൻ കഴിയുമായിരുന്നത്: ഒന്നും ചെയ്യാനാകില്ലെന്നു ചിന്തിച്ചുകൊണ്ട് പിന്മാറുന്നതിനു പകരം ചെയ്യാനാകുന്ന കാര്യങ്ങളിൽ നോഹ ശ്രദ്ധ പതിപ്പിച്ചു. “നീതിയെക്കുറിച്ച് പ്രസംഗിച്ച നോഹ” തനിക്കു ലഭിച്ച മുന്നറിയിപ്പിന്റെ സന്ദേശം വിശ്വസ്തതയോടെ മറ്റുള്ളവരെ അറിയിച്ചു. (2 പത്രോ. 2:5) അങ്ങനെ ചെയ്തതു വിശ്വാസം ശക്തമായി നിറുത്താൻ നോഹയെ സഹായിച്ചെന്നതിനു സംശയമില്ല. പ്രസംഗിച്ചതിനു പുറമേ ദൈവം തന്നോടു പണിയാൻ ആവശ്യപ്പെട്ട പെട്ടകം തീർക്കുന്നതിനു ശാരീരികവും മാനസികവും ആയ കഴിവുകൾ നോഹ ഉപയോഗിച്ചു.—എബ്രായർ 11:7 വായിക്കുക.
9. നമുക്ക് എങ്ങനെ നോഹയുടെ മാതൃക അനുകരിക്കാം?
9 ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കാൻ’ നോഹയെപ്പോലെ നമ്മളും കഠിനശ്രമം ചെയ്യുന്നു. (1 കൊരി. 15:58) അതിൽ ആരാധനയ്ക്കുള്ള കെട്ടിടങ്ങൾ പണിയുന്നതും അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സ്വമനസ്സാലെ സേവനം ചെയ്യുന്നതും ബ്രാഞ്ചോഫീസിലെയോ വിദൂര പരിഭാഷാകേന്ദ്രത്തിലെയോ നിയമനങ്ങൾ നിർവഹിക്കുന്നതും ഉൾപ്പെടുന്നു. എല്ലാത്തിനും ഉപരി നമ്മൾ പ്രസംഗപ്രവർത്തനത്തിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. കാരണം നമുക്ക് അറിയാം ഈ പ്രവർത്തനം ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ ശക്തമാക്കുമെന്ന്. വിശ്വസ്തയായ ഒരു സഹോദരി അതെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നിങ്ങൾ രാജ്യാനുഗ്രഹങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ചെല്ലുമ്പോൾ ഒരു കാര്യം നിങ്ങൾക്കു മനസ്സിലാകും: മറ്റാളുകൾ കരുതുന്നതു തങ്ങൾക്കു യാതൊരു പ്രത്യാശയുമില്ലെന്നും അവരുടെ പ്രശ്നങ്ങൾ ഒരിക്കലും മാറുകയില്ലെന്നും ആണ്.” തീർച്ചയായും, പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതു ഭാവിയെക്കുറിച്ച് ഒരു നല്ല വീക്ഷണമുണ്ടായിരിക്കാനും ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ പിന്മാറാതിരിക്കാനും നമ്മളെ സഹായിക്കും.—1 കൊരി. 9:24.
തെറ്റുപറ്റുമ്പോൾ
10. ദാവീദ് അഭിമുഖീകരിച്ച സാഹചര്യം വിശദമാക്കുക.
10 ‘എന്റെ ഹൃദയത്തിന് ഇണങ്ങിയ ഒരാൾ’ എന്ന് യഹോവ ദാവീദിനെ വിശേഷിപ്പിച്ചു. (പ്രവൃ. 13:22, അടിക്കുറിപ്പ്) വിശ്വസ്തനായാണു ദാവീദ് ജീവിച്ചതെന്നു പറയാം. എങ്കിലും ദാവീദ് പാപത്തിൽ വീണുപോയ അവസരങ്ങളുമുണ്ട്. ഒരിക്കൽ ദാവീദ് ബത്ത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെട്ടു. ബത്ത്-ശേബയുടെ ഭർത്താവായ ഊരിയാവ് യുദ്ധത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിക്കൊണ്ട്, ചെയ്ത പാപം മറച്ചുവെക്കാൻ ദാവീദ് ശ്രമിച്ചു. അതു മാത്രമല്ല, യുദ്ധം നടക്കുമ്പോൾ ഊരിയാവ് മരിക്കാൻ ഇടയാകത്തക്കവണ്ണം കാര്യങ്ങൾ ക്രമീകരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള കത്ത് ദാവീദ് ഊരിയാവിന്റെ കൈയിൽത്തന്നെ കൊടുത്തയച്ചു. (2 ശമു. 11:1-21) എന്നാൽ, ദാവീദിന്റെ പാപങ്ങൾ വെളിച്ചത്ത് വരുകതന്നെ ചെയ്തു. (മർക്കോ. 4:22) അപ്പോൾ ദാവീദ് എങ്ങനെയാണു പ്രതികരിച്ചത്?
കഴിഞ്ഞകാലത്തെ പാപങ്ങൾ (11-14 ഖണ്ഡികകൾ കാണുക)
11, 12. (എ) പാപം ചെയ്തതിനു ശേഷം ദാവീദിന് എന്തു ചെയ്യാൻ കഴിയുമായിരുന്നില്ല? (ബി) ഗുരുതരമായ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നെങ്കിൽ ഏതു കാര്യത്തിൽ നമുക്കു വിശ്വാസമുണ്ടായിരിക്കണം?
11 ദാവീദിനു ചെയ്യാൻ കഴിയാതിരുന്നത്: കഴിഞ്ഞ കാലത്തേക്കു തിരിച്ചുപോയി, ചെയ്ത കാര്യങ്ങൾ തിരുത്താൻ ദാവീദിനു കഴിയുമായിരുന്നില്ല. തെറ്റുകളുടെ അനന്തരഫലങ്ങളിൽനിന്ന് രക്ഷപ്പെടാനും അദ്ദേഹത്തിനു പറ്റില്ലായിരുന്നു. അവയിൽ ചിലതു ദാവീദിന്റെ തുടർന്നുള്ള ജീവിതത്തിലുടനീളം അദ്ദേഹത്തെ പിന്തുടരുമായിരുന്നു. (2 ശമു. 12:10-12, 14) ഇവിടെയായിരുന്നു ദാവീദിനു വിശ്വാസം വേണ്ടിയിരുന്നത്. ആത്മാർഥമായി പശ്ചാത്തപിക്കുമ്പോൾ യഹോവ ക്ഷമിക്കുമെന്നും തന്റെ പ്രവൃത്തികളുടെ മോശമായ ഫലങ്ങൾ സഹിച്ചുനിൽക്കുന്നതിനു സഹായിക്കുമെന്നും ദാവീദ് വിശ്വസിക്കണമായിരുന്നു.
12 അപൂർണരായതുകൊണ്ട് നമ്മളെല്ലാം പാപം ചെയ്യുന്നു. ചില തെറ്റുകൾ മറ്റു ചിലതിനെക്കാൾ ഗൗരവമുള്ളതാണ്. ചില സാഹചര്യങ്ങളിൽ ചെയ്തുപോയ തെറ്റുകൾ തിരുത്താൻ നമുക്കു കഴിഞ്ഞെന്നു വരില്ല. അതിന്റെ ഭവിഷ്യത്തുകളും പേറി ജീവിക്കാനേ കഴിയുകയുള്ളൂ. (ഗലാ. 6:7) എങ്കിലും നമ്മൾ മാനസാന്തരപ്പെടുന്നെങ്കിൽ കുഴപ്പംപിടിച്ച സാഹചര്യങ്ങളിൽ യഹോവ നമ്മളെ പിന്തുണയ്ക്കുമെന്നുള്ള യഹോവയുടെ വാക്കു നമ്മൾ വിശ്വസിക്കും, ആ കുഴപ്പങ്ങൾ നമ്മൾത്തന്നെ വരുത്തിവെച്ചവയാണെങ്കിൽപ്പോലും.—യശയ്യ 1:18, 19; പ്രവൃത്തികൾ 3:19 വായിക്കുക.
13. ദാവീദ് എങ്ങനെയാണ് ആത്മീയബലം വീണ്ടെടുത്തത്?
13 ദാവീദിനു ചെയ്യാൻ കഴിയുമായിരുന്നത്: ആത്മീയബലം വീണ്ടെടുക്കാൻ സഹായിക്കുന്നതിനു ദാവീദ് യഹോവയെ അനുവദിച്ചു. യഹോവയുടെ പ്രതിനിധിയായ നാഥാൻ പ്രവാചകൻ കൊടുത്ത തിരുത്തൽ സ്വീകരിച്ചതാണു ദാവീദ് ചെയ്ത ഒരു കാര്യം. (2 ശമു. 12:13) തെറ്റുകൾ ഏറ്റുപറയുകയും യഹോവയുടെ പ്രീതിയിലേക്കു തിരിച്ചുവരാനുള്ള ആത്മാർഥമായ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് ദാവീദ് യഹോവയോടു പ്രാർഥിച്ചു. (സങ്കീ. 51:1-17) കുറ്റബോധംകൊണ്ട് തളർന്നുപോകുന്നതിനു പകരം ദാവീദ് തെറ്റുകളിൽനിന്ന് പഠിച്ചു. പിന്നീട് ഒരിക്കലും ഗുരുതരമായ അത്തരം തെറ്റുകൾ ദാവീദ് ആവർത്തിച്ചില്ല. വർഷങ്ങൾക്കു ശേഷം വിശ്വസ്തനായിത്തന്നെ ദാവീദ് മരിച്ചു. ദാവീദിന്റെ നിഷ്കളങ്കതയുടെ രേഖ യഹോവയുടെ ഓർമയിൽ ഇപ്പോഴുമുണ്ട്.—എബ്രാ. 11:32-34.
14. ദാവീദിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 ദാവീദിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഗുരുതരമായ തെറ്റു ചെയ്തെങ്കിൽ നമ്മൾ ആത്മാർഥമായി പശ്ചാത്തപിക്കുകയും യഹോവയുടെ ക്ഷമ തേടുകയും വേണം. നമ്മുടെ പാപങ്ങൾ യഹോവയോട് ഏറ്റുപറയണം. (1 യോഹ. 1:9) നമുക്ക് ആത്മീയസഹായം തരാൻ കഴിയുന്ന മൂപ്പന്മാരെ സമീപിക്കുകയും വേണം. (യാക്കോബ് 5:14-16 വായിക്കുക.) യഹോവയുടെ ഈ ക്രമീകരണങ്ങൾ പ്രയോജനപ്പെടുത്തുന്നെങ്കിൽ, നമ്മളെ സുഖപ്പെടുത്തുകയും നമ്മളോടു ക്ഷമിക്കുകയും ചെയ്യുമെന്നുള്ള യഹോവയുടെ വാഗ്ദാനത്തിൽ നമ്മൾ ആശ്രയിക്കുന്നെന്നു കാണിക്കുകയായിരിക്കും. പിന്നീട് നമ്മൾ ചെയ്യേണ്ടത് ഇതാണ്: നമ്മുടെ തെറ്റുകളിൽനിന്ന് പഠിക്കുക, യഹോവയുടെ സേവനത്തിൽ പുരോഗതി വരുത്തുക, ധൈര്യത്തോടെ ഭാവിയിലേക്കു നോക്കുക.—എബ്രാ. 12:12, 13.
മറ്റു സാഹചര്യങ്ങളിൽ
ആരോഗ്യപ്രശ്നങ്ങൾ (15-ാം ഖണ്ഡിക കാണുക)
15. ഹന്നയുടെ മാതൃക നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
15 യഹോവയിൽ ആശ്രയിക്കുകയും അതേസമയം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്ത പുരാതനകാലത്തെ മറ്റു വിശ്വസ്തരായ ദാസരെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകും. ഉദാഹരണത്തിന്, ഹന്ന വന്ധ്യയായിരുന്നു. എന്നാൽ ആ കാര്യത്തിൽ സ്വന്തമായി ഒന്നും ചെയ്യാൻ ഹന്നയ്ക്കു കഴിയുമായിരുന്നില്ല. പക്ഷേ യഹോവയ്ക്കു തന്നെ ആശ്വസിപ്പിക്കാൻ കഴിയുമെന്നു ഹന്ന വിശ്വസിച്ചു. അതുകൊണ്ട് ഹന്ന തുടർന്നും വിശുദ്ധകൂടാരത്തിൽ ആരാധനയ്ക്കു പോകുകയും പ്രാർഥനയിലൂടെ ഹൃദയത്തിലുള്ളതു മുഴുവൻ യഹോവയോടു പറയുകയും ചെയ്തു. (1 ശമു. 1:9-11) നമുക്കുള്ള ഒരു നല്ല ദൃഷ്ടാന്തമല്ലേ അത്? ആരോഗ്യപ്രശ്നങ്ങളുമായോ നമ്മുടെ നിയന്ത്രണത്തിന് അപ്പുറമുള്ള മറ്റു പ്രശ്നങ്ങളുമായോ നമ്മൾ മല്ലിടുകയാണെങ്കിൽ യഹോവ നമുക്കായി കരുതുമെന്ന വിശ്വാസത്തോടെ നമ്മുടെ ഉത്കണ്ഠകൾ യഹോവയുടെ മേൽ ഇടുക. (1 പത്രോ. 5:6, 7) അതുപോലെ ക്രിസ്തീയയോഗങ്ങളിൽനിന്നും മറ്റ് ആത്മീയകരുതലുകളിൽനിന്നും പ്രയോജനം നേടിക്കൊണ്ട് നമുക്കു ചെയ്യാനാകുന്നതെല്ലാം ചെയ്യാം.—എബ്രാ. 10:24, 25.
മക്കൾ വഴിതെറ്റിപ്പോകുമ്പോൾ (16-ാം ഖണ്ഡിക കാണുക)
16. മാതാപിതാക്കൾക്കു വൃദ്ധനായ ശമുവേലിൽനിന്ന് എന്തു പഠിക്കാം?
16 കുട്ടികൾ വഴി തെറ്റിപ്പോയ, വിശ്വസ്തരായ മാതാപിതാക്കളുടെ കാര്യമോ? ആൺമക്കൾ മുതിർന്നപ്പോൾ വൃദ്ധനായ ശമുവേലിന് അദ്ദേഹം പഠിപ്പിച്ച നീതിയുള്ള നിലവാരങ്ങളോടു വിശ്വസ്തമായി പറ്റിനിൽക്കാൻ മക്കളെ നിർബന്ധിക്കാനാകുമായിരുന്നില്ല. (1 ശമു. 8:1-3) ആ കാര്യം യഹോവയുടെ കൈയിൽ ഏൽപ്പിക്കാനേ ശമുവേലിനു കഴിയുമായിരുന്നുള്ളൂ. അപ്പോൾപ്പോലും സ്വന്തം നിഷ്കളങ്കത കാത്തുസൂക്ഷിക്കാനും സ്വർഗീയപിതാവായ യഹോവയെ പ്രീതിപ്പെടുത്താനും ശമുവേലിനു കഴിഞ്ഞു. (സുഭാ. 27:11) ഇന്നും അനേകം ക്രിസ്തീയമാതാപിതാക്കൾ സമാനമായ സാഹചര്യം നേരിടുന്നു. ധൂർത്തപുത്രന്റെ കഥയിലെ പിതാവിനെപ്പോലെ പശ്ചാത്തപിക്കുന്ന പാപികളെ തിരികെ സ്വീകരിക്കാനായി യഹോവ എപ്പോഴും നോക്കിയിരിക്കുകയാണെന്ന് അവർ വിശ്വസിക്കുന്നു. (ലൂക്കോ. 15:20) ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുവരാൻ സ്വന്തം മാതൃക മക്കളെ പ്രേരിപ്പിക്കുമെന്ന പ്രത്യാശയും ആ മാതാപിതാക്കൾക്കുണ്ട്. അതേസമയം, യഹോവയോടു വിശ്വസ്തരായി തുടരാൻ അവർ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു.
സാമ്പത്തികബുദ്ധിമുട്ടുകൾ (17-ാം ഖണ്ഡിക കാണുക)
17. ദരിദ്രയായ വിധവയുടെ ദൃഷ്ടാന്തം നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
17 യേശുവിന്റെ കാലത്തെ ദരിദ്രയായ വിധവയെക്കുറിച്ച് ചിന്തിക്കുക. (ലൂക്കോസ് 21:1-4 വായിക്കുക.) ആലയത്തിൽ നടന്നിരുന്ന അഴിമതിക്കെതിരെ എന്തെങ്കിലും ചെയ്യാൻ ആ വിധവയ്ക്കു കഴിയുമായിരുന്നില്ല. (മത്താ. 21:12, 13) സ്വന്തം സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനും സാധ്യതയനുസരിച്ച് ആ വിധവയ്ക്കു കഴിയുമായിരുന്നില്ല. എന്നിട്ടും ആ വിധവ ‘തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുമായ’ “രണ്ടു ചെറുതുട്ടുകൾ” സ്വമനസ്സാലെ സംഭാവനയായി ഇട്ടു. ആ വിശ്വസ്തസ്ത്രീ യഹോവയെ മുഴുഹൃദയത്തോടെ ആശ്രയിക്കുന്നെന്നു കാണിച്ചു. ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുന്നെങ്കിൽ തന്റെ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതിക്കൊള്ളുമെന്നു വിധവ മനസ്സിലാക്കി. സത്യാരാധനയ്ക്കുവേണ്ടി അന്നുണ്ടായിരുന്ന ക്രമീകരണത്തെ പിന്തുണയ്ക്കാൻ യഹോവയിലുള്ള ആശ്രയം വിധവയെ പ്രചോദിപ്പിച്ചു. സമാനമായി, രാജ്യം ഒന്നാമതു വെക്കുന്നെങ്കിൽ ആവശ്യമായതെല്ലാം നമുക്കുണ്ടെന്ന് യഹോവ ഉറപ്പുവരുത്തുമെന്നു നമുക്ക് ഉറച്ച് വിശ്വസിക്കാം.—മത്താ. 6:33.
18. ശരിയായ വീക്ഷണമുണ്ടായിരുന്ന ഒരു ആധുനികകാല ദൈവദാസന്റെ ഉദാഹരണം പറയുക.
18 ഇക്കാലത്ത്, നമ്മുടെ പല സഹോദരങ്ങളും യഹോവയിൽ ആശ്രയിക്കുകയും അവർക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. മാൽക്കം എന്ന സഹോദരന്റെ കാര്യം ചിന്തിക്കുക. 2015-ൽ മരിക്കുന്നതുവരെ അദ്ദേഹം വിശ്വസ്തനായിരുന്നു. അനേകവർഷം അദ്ദേഹവും ഭാര്യയും യഹോവയെ സേവിച്ചു. അതിൽ നല്ല കാലങ്ങളും മോശമായ കാലങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “പലപ്പോഴും എന്താണു സംഭവിക്കാൻപോകുന്നതെന്നു നമുക്ക് അറിയില്ല. ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണ്. പല ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകേണ്ടിവരും. എങ്കിലും യഹോവയിൽ ആശ്രയിക്കുന്നവരെ യഹോവ അനുഗ്രഹിക്കും.” മാൽക്കം സഹോദരന്റെ ഉപദേശം ഇതാണ്: “യഹോവയുടെ സേവനത്തിൽ നിങ്ങൾ പരമാവധി ഫലപ്രദരും ഊർജസ്വലരും ആയിരിക്കാൻ പ്രാർഥിക്കുക. നിങ്ങളുടെ ശ്രദ്ധ എപ്പോഴും, ചെയ്യാൻ കഴിയാത്ത കാര്യങ്ങളിലല്ല, ചെയ്യാൻ കഴിയുന്ന കാര്യങ്ങളിലായിരിക്കണം.”a
19. (എ) 2017-ലെ വാർഷികവാക്യം അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) 2017-ലെ വാർഷികവാക്യം നിങ്ങൾ ജീവിതത്തിൽ എങ്ങനെ ബാധകമാക്കും?
19 ഈ വ്യവസ്ഥിതി ‘അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കുകയാണ്.’ അതുകൊണ്ട് പ്രശ്നങ്ങൾ കൂടിവരുമെന്നു നമ്മൾ പ്രതീക്ഷിക്കണം. (2 തിമൊ. 3:1, 13) ആ പ്രശ്നങ്ങൾ നമ്മളെ തളർത്തിക്കളയാൻ അനുവദിക്കാതിരിക്കുന്നതു മുമ്പെന്നത്തെക്കാളും പ്രധാനമാണ്. നമ്മൾ ചെയ്യേണ്ടത് ഇതാണ്: യഹോവയിൽ ശക്തമായ ആശ്രയം വളർത്തിയെടുക്കുക, അതേസമയം നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുക. 2017-ലെ ഈ വാർഷികവാക്യം എത്ര അനുയോജ്യമാണ്: “യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”—സങ്കീ. 37:3.
2017-ലെ നമ്മുടെ വാർഷികവാക്യം: “യഹോവയിൽ ആശ്രയിക്കൂ! നല്ലതു ചെയ്യൂ!”—സങ്കീ. 37:3.
a 2013 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 17-20 പേജുകൾ കാണുക.