പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
ബൈബിളിന്റെ ഉത്തരം
ഇന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾക്കു കാരണക്കാരൻ ദൈവമല്ല. എങ്കിലും അത് അനുഭവിക്കുന്ന ആളുകളെക്കുറിച്ച് ദൈവത്തിനു ചിന്തയുണ്ട്. ദൈവരാജ്യം ഇല്ലാതാക്കാൻപോകുന്ന ദുരിതങ്ങളിൽ ഒന്നാണു പ്രകൃതിദുരന്തങ്ങൾ. അതുവരെ ദുരന്തബാധിതർക്കു ദൈവം ആശ്വാസം നൽകും.—2 കൊരിന്ത്യർ 1:3.
പ്രകൃതിദുരന്തങ്ങൾ ദൈവത്തിന്റെ ശിക്ഷയല്ലെന്നു നമുക്ക് എങ്ങനെ അറിയാം?
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ ദൈവം സഹായിക്കുന്നത് എങ്ങനെയാണ്?
ദുരന്തങ്ങൾക്ക് ഇരയായവരെ ആശ്വസിപ്പിക്കുന്ന ബൈബിൾവാക്യങ്ങൾ
പ്രകൃതിദുരന്തങ്ങൾ ദൈവത്തിന്റെ ശിക്ഷയല്ലെന്നു നമുക്ക് എങ്ങനെ അറിയാം?
ബൈബിളിൽ കാണാൻ കഴിയുന്നതുപോലെ പ്രകൃതിദുരന്തങ്ങളും പ്രകൃതിശക്തികളെ ദൈവം ഉപയോഗിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
പ്രകൃതിദുരന്തങ്ങൾ ഒരു വേർതിരിവുമില്ലാതെ ആളുകളെ കൊല്ലുകയും അപകടപ്പെടുത്തുകയും ചെയ്യുന്നു. ഇതിനു വിപരീതമായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ന്യായവിധികളിൽ ദുഷ്ടന്മാർ മാത്രമേ കൊല്ലപ്പെടുന്നുള്ളൂ എന്നു ദൈവം ഉറപ്പുവരുത്തി. ഉദാഹരണത്തിന്, ദൈവം പുരാതനനഗരങ്ങളായ സൊദോമും ഗൊമോറയും നശിപ്പിച്ചപ്പോൾ നല്ല മനുഷ്യനായ ലോത്തിന്റെയും രണ്ടു പെൺമക്കളുടെയും ജീവൻ സംരക്ഷിച്ചു. (ഉൽപത്തി 19:29, 30) ദൈവം അന്നുണ്ടായിരുന്ന ഓരോരുത്തരുടെയും ഹൃദയം വായിച്ചിട്ട് ദുഷ്ടരെ മാത്രമാണു നശിപ്പിച്ചത്.—ഉൽപത്തി 18:23-32; 1 ശമുവേൽ 16:7.
പ്രകൃതിദുരന്തങ്ങൾ മിക്കപ്പോഴും ഒരു മുന്നറിയിപ്പും കൂടാതെയാണു വരുന്നത്. എന്നാൽ ഇതിനു വിപരീതമായി ദുഷ്ടന്മാരെ നശിപ്പിക്കാൻ പ്രകൃതിശക്തികളെ ഉപയോഗിച്ചപ്പോൾ ദൈവം മുന്നറിയിപ്പു കൊടുത്തിരുന്നു. ആ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചവർക്കു ദുരന്തത്തിൽനിന്ന് രക്ഷപ്പെടാനുള്ള അവസരമുണ്ടായിരുന്നു.—ഉൽപത്തി 7:1-5; മത്തായി 24:38, 39.
ഒരു പരിധിവരെ പ്രകൃതിദുരന്തങ്ങൾക്കു കാരണക്കാർ മനുഷ്യരാണ്. എങ്ങനെ? പ്രകൃതിയെ നശിപ്പിച്ചുകൊണ്ടും ഭൂകമ്പവും വെള്ളപ്പൊക്കവും വരാൻ സാധ്യതയുള്ള മേഖലകളിലും പ്രതികൂലകാലാവസ്ഥയുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങൾ പണിതുകൊണ്ടും മനുഷ്യർ പ്രകൃതിദുരന്തങ്ങൾക്കു കാരണക്കാരാകുന്നു. (വെളിപാട് 11:18) മനുഷ്യരുടെ ഇത്തരം കൈകടത്തലുകൾക്കു ദൈവത്തെ കുറ്റം പറയാൻ കഴിയില്ല.—സുഭാഷിതങ്ങൾ 19:3.
പ്രകൃതിദുരന്തങ്ങൾ ലോകാവസാനത്തിന്റെ അടയാളമാണോ?
അതെ. ‘വ്യവസ്ഥിതിയുടെ അവസാനത്തിൽ’ അഥവാ ‘അവസാനകാലത്ത്’ ദുരന്തങ്ങളുണ്ടാകുമെന്നു ബൈബിൾപ്രവചനങ്ങൾ പറയുന്നു. (മത്തായി 24:3; 2 തിമൊഥെയൊസ് 3:1) ഉദാഹരണത്തിന്, നമ്മുടെ കാലത്തെക്കുറിച്ച് യേശു പറഞ്ഞത് ഇങ്ങനെയാണ്: “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.” (മത്തായി 24:7) പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ വേദനയ്ക്കും ദുരിതങ്ങൾക്കും ഇടയാക്കുന്ന എല്ലാത്തിനെയും ദൈവം പെട്ടെന്നുതന്നെ ഈ ഭൂമിയിൽനിന്ന് തുടച്ചുനീക്കും.—വെളിപാട് 21:3, 4.
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ ദൈവം സഹായിക്കുന്നത് എങ്ങനെയാണ്?
തന്റെ വചനമായ ബൈബിൾ ഉപയോഗിച്ച് ദൈവം ആശ്വസിപ്പിക്കുന്നു. ദൈവത്തിനു നമ്മളെക്കുറിച്ച് ചിന്തയുണ്ടെന്നും നമ്മൾ ദുരിതം അനുഭവിക്കുമ്പോൾ നമ്മുടെ വേദന ദൈവം മനസ്സിലാക്കുന്നുണ്ടെന്നും ഉള്ള ഉറപ്പ് ബൈബിൾ തരുന്നു. (യശയ്യ 63:9; 1 പത്രോസ് 5:6, 7) പ്രകൃതിദുരന്തങ്ങളൊന്നുമില്ലാത്ത ഒരു കാലത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനവും ബൈബിളിലുണ്ട്.—“ദുരന്തങ്ങൾക്ക് ഇരയായവരെ ആശ്വസിപ്പിക്കുന്ന ബൈബിൾവാക്യങ്ങൾ” എന്ന ഭാഗം കാണുക.
തന്റെ ആരാധകരെ ഉപയോഗിച്ച് ദൈവം ആശ്വസിപ്പിക്കുന്നു. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ ആശ്വസിപ്പിക്കാൻ ദൈവം തന്റെ ആരാധകരെ ഉപയോഗിക്കുന്നു. ‘ഹൃദയം തകർന്നവരെയും’ ‘ദുഃഖിച്ച് കരയുന്നവരെയും’ യേശു ആശ്വസിപ്പിക്കുമെന്നു പ്രവചനം പറഞ്ഞിരുന്നു. (യശയ്യ 61:1, 2) ദൈവാരാധകരും അതു ചെയ്യാൻ പരിശ്രമിക്കുന്നു.—യോഹന്നാൻ 13:15.
പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർക്കു പ്രായോഗികസഹായം നൽകാനും ദൈവം തന്റെ ആരാധകരെ ഉപയോഗിക്കുന്നു.—പ്രവൃത്തികൾ 11:28-30; ഗലാത്യർ 6:10.
പോർട്ടോ റീക്കോയിൽ കൊടുങ്കാറ്റിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് യഹോവയുടെ സാക്ഷികൾ സഹായം നൽകുന്നു
പ്രകൃതിദുരന്തത്തെ നേരിടാൻവേണ്ട തയ്യാറെടുപ്പു നടത്താൻ ബൈബിൾ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുണ്ടോ?
ഉണ്ട്. പ്രകൃതിദുരന്തങ്ങൾക്കു മുമ്പു തയ്യാറെടുപ്പു നടത്താൻ സഹായിക്കുന്ന ഒരു ഗൈഡ് അല്ല ബൈബിളെങ്കിലും സഹായകമായ തത്ത്വങ്ങൾ അതിലുണ്ട്. ഉദാഹരണത്തിന്:
ദുരന്തമുണ്ടായാൽ എന്തു ചെയ്യണമെന്നു ആസൂത്രണം ചെയ്യുക. “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 22:3) ഒരു ദുരന്തമുണ്ടായാൽ എന്തു ചെയ്യണമെന്നു മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്യുന്നതു ബുദ്ധിയായിരിക്കും. അതിൽ അടിയന്തിരമായി പോകേണ്ടിവരുമ്പോൾ കൊണ്ടുപോകേണ്ട അത്യാവശ്യസാധനങ്ങളുള്ള കിറ്റ് തയ്യാറാക്കുന്നതും അടിയന്തിരസാഹചര്യമുണ്ടായാൽ കുടുംബാംഗങ്ങൾ എന്തു ചെയ്യണമെന്നു പരിശീലിക്കുന്നതും ഉൾപ്പെടുന്നു.
വസ്തുവകകളെക്കാൾ ജീവനു മൂല്യം കൊടുക്കുക. “ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 6:7, 8) ദുരന്തത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടി വീടും വസ്തുവകകളും വിട്ടുപോകേണ്ടിവന്നാലും നമ്മൾ അതിനു മനസ്സു കാണിക്കണം. മറ്റെന്തിനെക്കാളും പ്രാധാന്യം ജീവനാണെന്ന കാര്യം നമ്മൾ മറക്കരുത്.—മത്തായി 6:25.