വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക
“വിദഗ്ദ്ധമാർഗ്ഗനിർദ്ദേശത്താൽ നീ നിന്റെ യുദ്ധം നടത്തിക്കൊണ്ടിരിക്കും” എന്ന് സദൃശവാക്യങ്ങൾ 24:6 പ്രസ്താവിക്കുന്നു. ഒരു യുദ്ധം ജയിക്കുന്നതിന് വെറും സദുദ്ദേശ്യങ്ങളല്ല, വൈദഗ്ദ്ധ്യമാണാവശ്യമായിരിക്കുന്നത്. തീർച്ചയായും വിഷാദമുണ്ടെങ്കിൽ അറിയാതെ കൂടുതൽ വഷളാകാൻ നിങ്ങളാഗ്രഹിക്കുന്നില്ല. ഉദാഹരണത്തിന്, 1984-ൽ വിഷാദരോഗമുള്ളവരിൽ നടത്തിയ ഒരു പഠനത്തിൽ ‘മറ്റുള്ളവരോടു കോപിച്ചുകൊണ്ടും ഏറെ കുടിച്ചുകൊണ്ടും തിന്നുകൊണ്ടും കൂടുതൽ ശമകൗഷധങ്ങൾ ഉപയോഗിച്ചുകൊണ്ടും പിരിമുറുക്കം കുറച്ചുകൊണ്ടും ചിലർ വിഷാദത്തെ നേരിടാൻ ശ്രമിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഫലമോ: “കൂടുതൽ വിഷാദവും ശാരീരിക ലക്ഷണങ്ങളും.”
വിഷാദരോഗമുള്ള ചിലയാളുകൾ മാനസികദുർബലരെന്നു വീക്ഷിക്കപ്പെടുന്നതിനെ ഭയന്ന് വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം തേടുന്നതിൽ പരാജയപ്പെടുന്നു. എന്നിരുന്നാലും, ഗുരുതരമായ വിഷാദരോഗം മാനസികദൗർബല്യത്തിന്റെയോ ആത്മീയ പരാജയത്തിന്റെയോ ഒരു ലക്ഷണമല്ല. തലച്ചോറിൽ ഒരു രാസപരമായ വികലപ്രവർത്തനമുള്ളപ്പോൾ ഈ ഗുരുതരമായ ക്രമക്കേട് സ്ഥിതിചെയ്യാമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഒരു ശാരീരികരോഗം ഇതിനിടയാക്കാമെന്നുള്ളതുകൊണ്ട് രണ്ടാഴ്ചയിലധികം ഗുരുതരമായ വിഷാദം കാണുമ്പോൾ ഒരു മെഡിക്കൽ പരിശോധന നല്ലതായിരിക്കാം. യാതൊരു ശാരീരികരോഗവും പ്രശ്നത്തിനു സംഭാവന ചെയ്യുന്നില്ലെന്ന് കണ്ടെത്തുന്നുവെങ്കിൽ ഉചിതമായ മരുന്നുകളുടെയോ പോഷകങ്ങളുടെയോ കുറെ സഹായത്തോടെ ചിന്താരീതിക്കു ക്രമീകരണം വരുത്തുന്നതിനാൽ മിക്കപ്പോഴും ക്രമക്കേടിന് പരിഹാരം വരുത്താൻ കഴിയും. aവിഷാദത്തിനെതിരായ പോരാട്ടത്തിൽ ജയിക്കുകയെന്നതിന് ഒരിക്കലും നിങ്ങൾക്ക് ഒരു വിഷാദഭാവം വീണ്ടും ഉണ്ടാകുകയില്ലെന്ന് അർത്ഥമില്ല. സങ്കടം ജീവിതത്തിന്റെ ഒരു ഭാഗമാണ്. വിദഗ്ദ്ധമാർഗ്ഗനിർദ്ദേശത്തോടുകൂടിയ പോരാട്ടം വിഷാദത്തെ മെച്ചമായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും.
ഒരു ഡോക്ടർ മിക്കപ്പോഴും വിഷാദവിരുദ്ധ ഔഷധങ്ങൾ കുറിച്ചുതന്നേക്കാം. ഇവ രാസപരമായ അസന്തുലനത്തെ പരിഹരിക്കാൻവേണ്ടിയാണ്. നേരത്തെ പറഞ്ഞ എലിസബത്ത് ഇവ ഉപയോഗിച്ചു. വാരങ്ങൾക്കുള്ളിൽ അവളുടെ ഭാവം മെച്ചപ്പെട്ടുതുടങ്ങി. “അപ്പോഴും മരുന്നുകളോടൊപ്പം പ്രവർത്തിക്കുന്നതിന് ഞാൻ ഒരു ക്രിയാത്മക മനോഭാവം നട്ടുവളർത്തണമായിരുന്നു. മരുന്നിന്റെ ‘തള്ളലോടെ’ സുഖം പ്രാപിക്കാൻ ഞാൻ ദൃഢനിശ്ചയവും ചെയ്തു. ഞാൻ ഒരു അനുദിന വ്യായാമ പരിപാടിയും പിന്തുടർന്നു”വെന്ന് അവൾ പറഞ്ഞു.
എന്നിരുന്നാലും വിഷാദവിരുദ്ധ ഔഷധങ്ങളുടെ ഉപയോഗം എല്ലായ്പ്പോഴും വിജയപ്രദമല്ല. ചിലതിനു ഹാനികരമായ പാർശ്വഫലങ്ങളുമുണ്ട്. രാസപരമായ ക്രമക്കേട് പരിഹരിച്ചാൽപോലും ഒരുവന്റെ ചിന്തയെ ശരിപ്പെടുത്തിയില്ലെങ്കിൽ വിഷാദം മടങ്ങിവന്നേക്കാം. എന്നിരുന്നാലും താഴെ പറയുന്നതു ചെയ്യാൻ മനസ്സുണ്ടെങ്കിൽ വളരെയധികം ആശ്വാസം കിട്ടും.
നിങ്ങളുടെ വിചാരങ്ങൾ തുറന്നുപറയുക
സാറാ വഹിച്ചിരുന്ന ഏകപക്ഷീയ കുടുംബ ഉത്തരവാദിത്തങ്ങളിലും ലൗകികജോലിയുടെ സമ്മർദ്ദങ്ങളിലും സാറാ നീരസപ്പെട്ടിരുന്നു. (പേജ് 15 കാണുക.) എന്നാൽ ഞാൻ എന്റെ ഉള്ളിൽ എന്റെ വിചാരങ്ങൾ കുത്തിനിറയ്ക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ തീരെ ആശയറ്റതായി തോന്നിയപ്പോൾ എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ ഇളയ സഹോദരിയെ ഫോൺ ചെയ്തു വരുത്തി. ഞാൻ എന്റെ വിചാരങ്ങൾ തുറന്നുപറയാൻതുടങ്ങി. ഇത് ഒരു വഴിത്തിരിവായിരുന്നു, എന്തുകൊണ്ടെന്നാൽ ആ വിളി വളരെ ആശ്വാസം കൈവരുത്തി”യെന്ന് സാറാ വിശദീകരിച്ചു.
അതുകൊണ്ട്, വിഷാദമുണ്ടെങ്കിൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന സമാനുഭൂതിയുള്ള ഒരാളെ തേടുക. ഇത് ഒരു വിവാഹ ഇണയോ അടുത്ത സുഹൃത്തോ ബന്ധുവോ ശുശ്രൂഷകനോ ഡോക്ടറോ പരിശീലനം സിദ്ധിച്ച ഒരു ഉപദേശകനോ ആയിരിക്കാം. ജേണൽ ഓഫ് മാരിയേജ് ആൻഡ് ഫാമിലിയിൽ റിപ്പോർട്ടു ചെയ്തിരുന്ന ഒരു പഠനം അനുസരിച്ച് വിഷാദത്തെ കീഴടക്കുന്നതിന് അത്യന്താപേക്ഷിതമായ ഒരു സംഗതി “ജീവിതപ്രാരാബ്ധങ്ങളെ പങ്കുവെക്കാൻ ലഭ്യമായ ഒരു പങ്കാളി ഉണ്ടായിരിക്കുകയാണ്.”
നിങ്ങളുടെ വിചാരങ്ങൾ വാക്കുകളാൽ പ്രകടമാക്കുന്നത് ഒരു സൗഖ്യമാക്കൽ പ്രക്രിയയാണ്. അത് പരിഹാരംവരാതെ പ്രശ്നത്തിന്റെ അല്ലെങ്കിൽ നഷ്ടത്തിന്റെ യാഥാർത്ഥ്യത്തെ നിഷേധിക്കാൻ ശ്രമിക്കുന്നതിൽനിന്ന് മനസ്സിനെ തടയുന്നു. എന്നാൽ നിങ്ങളുടെ യഥാർത്ഥവിചാരങ്ങൾ തുറന്നുപറയുക. പ്രാതികൂല്യങ്ങളാൽ ഭയചകിതനാകാത്ത ഭാവമുണ്ടായിരിക്കാനാഗ്രഹിച്ചുകൊണ്ട് ഒരു ദുരഹങ്കാരബോധം നിങ്ങളെ വിലക്കാനനുവദിക്കരുത്. “ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആശങ്കയാണ് അതിനെ കുനിയിക്കുന്നത്, എന്നാൽ നല്ല വാക്കാണ് അതിനെ സന്തോഷിപ്പിക്കുന്നത്” എന്ന് സദൃശവാക്യങ്ങൾ 12:25 പ്രസ്താവിക്കുന്നു. എന്നാൽ തുറന്നുപറയുന്നതിനാൽമാത്രമേ നിങ്ങളുടെ ആശങ്ക മറ്റുള്ളവർക്കു മനസ്സിലാക്കിത്തുടങ്ങാനും ആ പ്രോത്സാഹനത്തിന്റെ “നല്ലവാക്ക്” പറയാനും കഴിയൂ.
“ഞാൻ എന്റെ സഹോദരിയെ വിളിച്ചപ്പോൾ സഹതാപം മാത്രമെ ആഗ്രഹിച്ചുള്ളു, എന്നാൽ എനിക്ക് വളരെയധികം കിട്ടി” എന്ന് സാറാ അനുസ്മരിച്ചു. “എന്റെ ചിന്ത തെറ്റിയതെവിടെയാണെന്നു കാണാൻ അവൾ എന്നെ സഹായിച്ചു. ഞാൻ വളരെയധികം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് അവൾ എന്നോട് പറഞ്ഞു. ഇതു കേൾക്കാൻ ഞാൻ ആദ്യം ആഗ്രഹിച്ചില്ലെങ്കിലും അവളുടെ ബുദ്ധിയുപദേശം ബാധകമാക്കിത്തുടങ്ങിയപ്പോൾ ഒരു വലിയ ഭാരം നീങ്ങിയെന്ന് എനിക്കറിയാൻ കഴിഞ്ഞു.” സദൃശവാക്യം 27:9-ലെ വാക്കുകൾ എത്ര സത്യം: “എണ്ണയും സുഗന്ധധൂപവുമാണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നത്, കൂടാതെ ബുദ്ധിയുപദേശം നിമിത്തം ഒരുവന്റെ കൂട്ടുകാരന്റെ മാധുര്യവും.”
തുറന്നുസംസാരിക്കുകയും കാര്യങ്ങളെ ശരിയായ കാഴ്ചപ്പാടിൽ നിർത്താൻ നിങ്ങളെ സഹായിക്കുകയുംചെയ്യുന്ന ഒരു സുഹൃത്തോ ഇണയോ ഉണ്ടായിരിക്കുന്നതിൽ മാധുര്യമുണ്ട്. ഇത് ഒരു സമയത്ത് ഒരു പ്രശ്നത്തിൽമാത്രം കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. അതുകൊണ്ട് പ്രതിവാദിക്കുന്നതിനു പകരം അങ്ങനെയുള്ള “വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശ”ത്തെ വിലമതിക്കുക. പല സംഭാഷണങ്ങൾക്കുശേഷം ചില ഹ്രസ്വകാല ലക്ഷ്യങ്ങൾ നൽകാൻകഴിയുന്ന ഒരാളെ നിങ്ങൾക്കാവശ്യമായിരിക്കാം, അവ വൈകാരിക സമ്മർദ്ദത്തിന്റെ ഉറവിനെ കുറയ്ക്കാൻ അല്ലെങ്കിൽ നീക്കംചെയ്യാൻ തക്കവണ്ണം നിങ്ങളുടെ സാഹചര്യത്തിന് മാറ്റം വരുത്താൻ അഥവാ പരിഷ്ക്കാരംവരുത്താൻ നിങ്ങൾക്കു സ്വീകരിക്കാൻകഴിയുന്ന നടപടികൾ സൂചിപ്പിച്ചേക്കാം.b
വിഷാദത്തോടുള്ള പോരാട്ടം മിക്കപ്പോഴും കുറഞ്ഞ ആത്മാഭിമാനവിചാരങ്ങളോട് പോരാടേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഇവയെ എങ്ങനെ വിദഗ്ദ്ധമായി ചെറുത്തുനിൽക്കാൻ കഴിയും?
കുറഞ്ഞ ആത്മാഭിമാനത്തോടു പോരാടൽ
ഉദാഹരണത്തിന് മുൻലേഖനം പ്രകടമാക്കുന്നതുപോലെ മേരിയാ അവളുടെ കുടുംബത്തിനുള്ളിലെ വഴക്കുകൾക്കുശേഷമാണ് വിഷാദമഗ്നയായത്. അവൾ ഇങ്ങനെ നിഗമനംചെയ്തു: ‘ഞാൻ ഒരു ഭയങ്കരിയാണ്, യാതൊന്നും ശരിയായി ചെയ്യാൻ കഴിയുന്നില്ല.’ ഇതു തെറ്റായിരുന്നു. അവൾ തന്റെ നിഗമനങ്ങളെ വിശകലനം ചെയ്തിരുന്നെങ്കിൽ അവൾക്ക് അവയെ വെല്ലുവിളിച്ചുകൊണ്ട് ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു: ‘ഞാൻ മറ്റുള്ളവരെപ്പോലെതന്നെ ചിലതു ശരിയായും ചിലതു തെറ്റായും ചെയ്യുന്നു. ഞാൻ രണ്ടുമൂന്നു തെറ്റു ചെയ്തു. കൂടുതൽ ചിന്താപൂർവം പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കേണ്ടതുണ്ട്, എന്നാൽ നമുക്ക് ഇത് കണക്കിലധികം ഊതിവീർപ്പിക്കാതിരിക്കാം.’ അങ്ങനെയുള്ള ന്യായവാദം അവളുടെ ആത്മാഭിമാനത്തിനു കേടു വരുത്താതിരിക്കുമായിരുന്നു.
അതുകൊണ്ട്, മിക്കപ്പോഴും നമ്മെ കുറ്റംവിധിക്കുന്ന അമിത വിമർശനത്തിന്റെ ആ ആന്തരികശബ്ദം തെറ്റാണ്! വിഷാദം ജനിപ്പിക്കുന്ന ചില വികല ചിന്തകളുടെ മാതൃകകൾ അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടികയിലുണ്ട്. അങ്ങനെയുള്ള തെറ്റായ ചിന്തകളെ തിരിച്ചറിയാൻ പഠിക്കുകയും അവയുടെ സാധുതയെ മാനസികമായി ചോദ്യം ചെയ്യുകയും ചെയ്യുക.
കുറഞ്ഞ ആത്മാഭിമാനത്തിന്റെ മറ്റൊരു ഇര 37 വയസ്സുണ്ടായിരുന്ന, ഭർത്താവു മരിച്ച ഒരു സ്ത്രീ ആയിരുന്നു. “രണ്ട് ആൺമക്കളെ വളർത്താൻ ശ്രമിച്ചതിൽ ഞാൻ സമ്മർദ്ദമനുഭവിച്ചു. എന്നാൽ മറ്റു ഏകാകികളായ മാതാക്കൾ വിവാഹിതരാകുന്നതു ഞാൻ കണ്ടപ്പോൾ ‘എനിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഞാൻ വിചാരിച്ചു’ എന്ന് അവൾ വിശദീകരിച്ചു. “നിഷേധാത്മക ചിന്തകളിൽമാത്രം മുഴുകിയതുകൊണ്ട് അവ ഉരുണ്ടുകൂടി, ഞാൻ വിഷാദരോഗം നിമിത്തം ആശുപത്രിയിലാക്കപ്പെടുകയും ചെയ്തു.”
“ആശുപത്രി വിട്ടശേഷം ‘ഒരുവനിൽ വിഷാദചായ്വുണ്ടാക്കാൻ കഴിയുന്ന ചിന്തകളുടെ’ ഒരു ലിസ്റ്റ് ഞാൻ 1981 സെപ്റ്റംബർ 8-ലെ എവേക്കിൽ വായിച്ചു. ഓരോ രാത്രിയിലും ഞാൻ ആ ലിസ്റ്റ് വായിച്ചു. ചില തെറ്റായ ചിന്തകൾ ‘ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ മൂല്യം മറ്റുള്ളവർ എന്നേക്കുറിച്ചു ചിന്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു,’ ‘എനിക്ക് ഒരിക്കലും ഇടർച്ച തോന്നരുത്, ഞാൻ എപ്പോഴും സന്തുഷ്ടയും പ്രശാന്തയുമായിരിക്കണം,’ ‘ഞാൻ പൂർണ്ണതയുള്ള മാതാവായിരിക്കണം’ എന്നിവയായിരുന്നു. ഞാൻ ഒരു പൂർണ്ണതാവാദിയായിരിക്കാൻ ചായ്വു കാണിച്ചു. തന്നിമിത്തം ഞാൻ ആ വിധത്തിൽ ചിന്തിച്ചാലുടനെ ആ ചിന്ത നിർത്താൻ എന്നെ സഹായിക്കുന്നതിന് ഞാൻ യഹോവയോടു പ്രാർത്ഥിക്കുമായിരുന്നു. നിഷേധാത്മകചിന്ത താണ ആത്മാഭിമാനത്തിലേക്കു നയിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കി. കാരണം നിങ്ങൾ കാണുന്നത് നിങ്ങളുടെ ജീവിതത്തിലെ കുഴപ്പത്തെ മാത്രമാണ്, ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്ന നൻമയെ അല്ല. ചില തെറ്റായ ചിന്തകൾ ഒഴിവാക്കാൻ എന്നേത്തന്നെ നിർബ്ബന്ധിച്ചുകൊണ്ട് ഞാൻ എന്റെ വിഷാദത്തെ കീഴടക്കി.” നിങ്ങളുടെ ചിന്തകളിൽ ചിലതിനെ വെല്ലുവിളിക്കുകയോ ത്യജിക്കുകയോ ചെയ്യേണ്ടതുണ്ടോ?
അത് എന്റെ തെറ്റാണോ?
അലക്സാണ്ടർ വളരെ വിഷാദമഗ്നനായിരുന്നെങ്കിലും അയാൾക്ക് ഒരു സ്കൂൾ ക്ലാസ്സിൽ പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. (പേജ് 11 കാണുക) അയാളുടെ കുട്ടികളിൽ ചിലർ ഒരു സുപ്രധാന വായനാപരീക്ഷയിൽ തോറ്റപ്പോൾ അയാൾക്കു ആത്മഹത്യ ചെയ്യാൻ തോന്നി. “താൻ തോറ്റു എന്ന് അദ്ദേഹത്തിനു തോന്നി. അത് അദ്ദേഹത്തിന്റെ തെറ്റല്ലെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു”വെന്ന് അദ്ദേഹത്തിന്റെ ഭാര്യ റിപ്പോർട്ടുചെയ്തു. “നിങ്ങൾക്ക് 100 ശതമാനം വിജയം ലഭിക്കുക സാദ്ധ്യമല്ല.” എന്നിട്ടും അയാളുടെ ആകുലീകരിക്കുന്ന കുറ്റബോധം അയാളുടെ മനസ്സടയ്ക്കുകയും ആത്മഹത്യ ചെയ്യുന്നതിലേക്ക് അയാളെ നയിക്കുകയും ചെയ്തു. മിക്കപ്പോഴും മറ്റുള്ളവരുടെ പെരുമാറ്റത്തിന്റെ ഒരു അവാസ്തവികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽനിന്നാണ് ഊതിവീർപ്പിക്കപ്പെട്ട കുറ്റബോധമുണ്ടാകുന്നത്.
ഒരു കുട്ടിയുടെ കാര്യത്തിൽപോലും മാതാപിതാക്കളിലൊരാൾക്ക് അവന്റെ ജീവിതത്തെ ശക്തമായി സ്വാധീനിക്കാൻ കഴിയും, എന്നാൽ പൂർണ്ണമായി നിയന്ത്രിക്കാൻ കഴികയില്ല. നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ എന്തെങ്കിലും നന്നായി നടക്കുന്നില്ലെങ്കിൽ നിങ്ങളോടുതന്നെ ചോദിക്കുക: എന്റെ നിയന്ത്രണത്തിനതീതമായ അപ്രതീക്ഷിത സംഭവങ്ങളെ ഞാൻ അഭിമുഖീകരിച്ചോ? (സഭാപ്രസംഗി 9:11) എന്റെ ശാരീരികവും മാനസികവും വൈകാരികവുമായ കഴിവുകളുടെ പരിധിയോളം ന്യായമായി കഴിയുന്നതെല്ലാം ഞാൻ ചെയ്തോ? എന്റെ പ്രതീക്ഷകൾ കേവലം വളരെ ഉയർന്നതായിരുന്നോ? കൂടുതൽ ന്യായബോധവും എളിമയും ഉള്ളവനായിരിക്കാൻ ഞാൻ പഠിക്കേണ്ടതുണ്ടോ?—ഫിലിപ്യർ 4:5.
എന്നാൽ നിങ്ങൾ ഗുരുതരമായ ഒരു തെറ്റു ചെയ്യുകയും അതു നിങ്ങളുടെ കുറ്റമായിരിക്കുകയും ചെയ്യുന്നുവെങ്കിലോ? നിങ്ങളെത്തന്നെ മാനസികമായി തുടർന്നു പ്രഹരിച്ചുകൊണ്ടിരിക്കുന്നത് തെറ്റിന് മാറ്റം വരുത്തുമോ? നിങ്ങൾക്ക് യഥാർത്ഥമായ അനുതാപമുണ്ടെങ്കിൽ “ഒരു ബൃഹത്തായ വിധത്തിൽ”പോലും നിങ്ങളോടു ക്ഷമിക്കാൻ ദൈവം മനസ്സുള്ളവനല്ലേ? (യെശയ്യാവ് 55:7) ദൈവം എല്ലാ കാലത്തും “കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുകയില്ലെ”ങ്കിൽ നിങ്ങൾ അത്തരം ദുഷ്പ്രവൃത്തിസംബന്ധിച്ച് നിങ്ങളേത്തന്നെ ആയുഷ്ക്കാല മാനസികദുരിതത്തിനു വിധിക്കണമോ? (സങ്കീർത്തനം 103:8-14) നിരന്തരദുഃഖമല്ല, പിന്നെയോ ‘തെറ്റു തിരുത്താൻ’ ക്രിയാത്മകനടപടികൾ സ്വീകരിക്കുന്നതാണ് യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്നതും നിങ്ങളുടെ വിഷാദത്തെ കുറയ്ക്കുന്നതും.—2 കൊരിന്ത്യർ 7:8-11.
‘പിമ്പിലുള്ളവ മറക്കുക’
നമ്മുടെ വൈകാരികപ്രശ്നങ്ങളിൽ ചിലതിന് കഴിഞ്ഞകാലത്തായിരിക്കാം വേരുള്ളത്, വിശേഷിച്ച് നാം അന്യായമായ പെരുമാറ്റത്തിന് ഇരകളായിരുന്നെങ്കിൽ. ക്ഷമിക്കാനും മറക്കാനും സന്നദ്ധരായിരിക്കുക. ‘ക്ഷമിക്കുക എളുപ്പമല്ല’ എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. സത്യം തന്നെ. എന്നാൽ മാറ്റം വരുത്താൻ കഴിയാത്തതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ ജീവിതത്തിന്റെ ശേഷിച്ച കാലത്തെ നശിപ്പിക്കുന്നതിനെക്കാൾ നല്ലതാണത്.
“പിമ്പിലുള്ളവ മറന്നുകൊണ്ടും മുമ്പിലുള്ളവക്കുവേണ്ടി ആഞ്ഞുകൊണ്ടും ഞാൻ സമ്മാനത്തിനുവേണ്ടി ലക്ഷ്യത്തിലേക്ക് ഓടുകയാണ്” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (ഫിലിപ്യർ 3:13, 14) കൊലയ്ക്കു സമ്മതംമൂളിയതുൾപ്പെടെ താൻ യഹൂദമതത്തിൽ പിന്തുടർന്ന തെറ്റായ ഗതിയെക്കുറിച്ച് പൗലോസ് ചിന്തിച്ചുകൊണ്ടിരുന്നില്ല. (പ്രവൃത്തികൾ 8:1) ഇല്ല, അവൻ നിത്യജീവന്റെ ഭാവിസമ്മാനത്തിന് യോഗ്യതപ്രാപിക്കാൻ തന്റെ ശക്തികളെ കേന്ദ്രീകരിച്ചു. മേരിയായും കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ പഠിച്ചു. ഒരു സമയത്ത് തന്നെ വളർത്തിയ വിധത്തിന് അവൾ അമ്മയെ കുറ്റം പറഞ്ഞു. അവളുടെ അമ്മ ഗുണമേൻമയെയും ശാരീരികസൗന്ദര്യത്തെയും ഊന്നിപ്പറഞ്ഞിരുന്നു; അതുകൊണ്ട് മേരിയാ ഒരു പൂർണ്ണതാവാദിയായി, അവളുടെ സുമുഖിയായ സഹോദരിയോട് അസൂയപ്പെടാൻ പ്രവണതകാട്ടുകയും ചെയ്തു.
“പോരാട്ടങ്ങളുടെ മൂലകാരണം അന്തർല്ലീനമായിരുന്ന ഈ അസൂയ ആയിരുന്നു, എന്നാൽ ഞാൻ പ്രവർത്തിച്ച വിധത്തിന് ഞാൻ കുടുംബത്തെ കുറ്റം പറയുകയായിരുന്നു. പിന്നീട് ‘യഥാർത്ഥത്തിൽ അത് ആരുടെ കുറ്റമായാലെന്ത്?’ എന്ന ചിന്തയിലേക്കു ഞാൻ വന്നു. ഒരുപക്ഷേ അമ്മ എന്നെ വളർത്തിയ വിധംനിമിത്തം എനിക്ക് ചില സ്വഭാവദൂഷ്യങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ അതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യുക! എന്നതാണാശയം. ആ വിധത്തിൽ തുടർന്നു പ്രവർത്തിക്കരുത്.” ഈ തിരിച്ചറിവ് വിഷാദരോഗത്തിനെതിരായ തന്റെ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ മാനസിക ക്രമീകരണങ്ങൾ വരുത്താൻ മേരിയായെ സഹായിച്ചു.—സദൃശവാക്യങ്ങൾ 14: 30.
നിങ്ങളുടെ യഥാർത്ഥ മൂല്യം
എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ വിജയപ്രദമായി വിഷാദരോഗത്തോടു പോരാടുന്നതിന് നിങ്ങളുടെതന്നെ മൂല്യത്തെക്കുറിച്ച് ഒരു സന്തുലിത വീക്ഷണമുണ്ടായിരിക്കേണ്ടതാവശ്യമാണ്. “തന്റെ യഥാർത്ഥമൂല്യത്തിനുപരിയായി തന്നെക്കുറിച്ചുതന്നെ ഭാവിക്കാതിരിക്കാൻ, എന്നാൽ തന്നേക്കുറിച്ചുതന്നെ ഉചിതമായി വിലയിരുത്താൻ ഞാൻ നിങ്ങളിലോരോരുത്തരോടും പറയും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 12:3, ചാൾസ് ബി. വില്യംസ്) മിഥ്യാഹങ്കാരം, നമ്മുടെ പരിമിതികളെ അവഗണിക്കൽ, പൂർണ്ണതാവാദം, എന്നിവയെല്ലാം നമ്മുടെ അമിതവിലയിരുത്തലാണ്. ഈ പ്രവണതകളെ ചെറുത്തുനിൽക്കണം. എന്നിരുന്നാലും അങ്ങേയറ്റത്തെ എതിർചിന്ത ഒഴിവാക്കുക.
“നിസ്സാരവിലയുള്ള രണ്ടു നാണയങ്ങൾക്ക് അഞ്ചു കുരുവികളെ വിൽക്കുന്നില്ലയോ? എന്നിരുന്നാലും അവയിലൊന്നുപോലും ദൈവമുമ്പാകെ വിസ്മരിക്കപ്പെട്ടുപോകുന്നില്ല. എന്നാൽ നിങ്ങളുടെ തലയിലെ മുടികൾപോലും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടരുത്; നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാകുന്നു” എന്ന് പറഞ്ഞുകൊണ്ട് യേശുക്രിസ്തു തന്റെ ശിഷ്യൻമാരിൽ ഓരോരുത്തരുടെയും വ്യക്തിഗതമായ മൂല്യം ഊന്നിപ്പറഞ്ഞു. (ലൂക്കോസ് 12:6,7) നമ്മെസംബന്ധിച്ച അതിസൂക്ഷ്മവിശദാംശംപോലും ദൈവം ശ്രദ്ധിക്കത്തക്കവണ്ണം നാം അവന് അത്ര വിലയുള്ളവരാണ്. അവൻ നമ്മിലോരോരുത്തരേയും ആഴമായി കരുതുന്നതുകൊണ്ട് നമുക്കുതന്നെ അറിയാൻപാടില്ലാത്ത കാര്യങ്ങൾ അവനു നമ്മെസംബന്ധിച്ചറിയാം.—1 പത്രോസ് 5:7.
ദൈവത്തിനു തന്നിലുണ്ടായിരുന്ന വ്യക്തിപരമായ താത്പര്യം തിരിച്ചറിഞ്ഞത് സ്വമൂല്യത്തെക്കുറിച്ചുള്ള തന്റെ വിചാരങ്ങളെ മെച്ചപ്പെടുത്താൻ സാറായെ സഹായിച്ചു. “എനിക്ക് സ്രഷ്ടാവിനോട് എപ്പോഴും ഭയം തോന്നിയിരുന്നു, എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ അവൻ എന്നേക്കുറിച്ചു കരുതുന്നുണ്ടെന്ന് ഞാൻ പിന്നീട് തിരിച്ചറിയാനിടയായി. എന്റെ മക്കൾ എന്തുചെയ്താലും, എന്റെ ഭർത്താവ് എന്തു ചെയ്താലും, എന്റെ അമ്മ എന്നെ എങ്ങനെ വളർത്തിയിരുന്നാലും, എനിക്ക് യഹോവയോട് ഒരു വ്യക്തിപരമായ സഖിത്വമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ എന്റെ ആത്മാഭിമാനം യഥാർത്ഥത്തിൽ വളരാൻ തുടങ്ങി.”
ദൈവം തന്റെ ദാസൻമാരെ വിലപ്പെട്ടവരായി കരുതുന്നതുകൊണ്ട് നമ്മുടെ മൂല്യം മറ്റൊരു മനുഷ്യന്റെ അംഗീകാരത്തെ ആശ്രയിച്ചിരിക്കുന്നില്ല. തീർച്ചയായും പരിത്യജനം അസുഖകരമാണ്. എന്നാൽ നമ്മുടെ സ്വന്തം മൂല്യത്തെ അളക്കാനുള്ള മാനദണ്ഡമായി മറ്റൊരാളുടെ അംഗീകാരത്തെയൊ അംഗീകാരമില്ലായ്മയെയോ ഉപയോഗിക്കുമ്പോൾ നാം നമ്മേത്തന്നെ വിഷാദത്തിനു വിധേയരാക്കുകയാണ്. ദൈവത്തിന്റെ സ്വന്തഹൃദയപ്രകാരമുള്ള ദാവീദുരാജാവ് ഒരു സന്ദർഭത്തിൽ “ഒന്നിനുംകൊള്ളാത്ത ഒരു മനുഷ്യൻ” എന്നു വിളിക്കപ്പെട്ടു, അക്ഷരാർത്ഥത്തിൽ “വിലയില്ലാത്ത ഒരു മനുഷ്യൻ.” എന്നിരുന്നാലും, ചീത്ത വിളിച്ച ആളിന് ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് ദാവീദ് തിരിച്ചറിഞ്ഞു. അവൻ ആ പ്രസ്താവനയെ തന്റെ മൂല്യത്തെക്കുറിച്ചുള്ള അന്തിമ ന്യായവിധിയായി വീക്ഷിച്ചില്ല. യഥാർത്ഥത്തിൽ ആളുകൾ മിക്കപ്പോഴും ചെയ്യുന്നതുപോലെ ശിമെയി പിന്നീട് ക്ഷമായാചനംചെയ്തു. ആരെങ്കിലും നിങ്ങളെ ന്യായമായി വിമർശിക്കുന്നുവെങ്കിൽ പോലും നിങ്ങളുടെ വ്യക്തിഗതമൂല്യത്തിനെതിരായിട്ടല്ല, നിങ്ങൾ ചെയ്ത ഒരു പ്രത്യേക കാര്യത്തിനെതിരായിട്ടാണ് അത് എന്ന് തിരിച്ചറിയുക.—2 ശമുവേൽ 16:7; 19:18, 19.
ബൈബിളിന്റെയും ബൈബിളധിഷ്ഠിത സാഹിത്യത്തിന്റെയും വ്യക്തിപരമായ പഠനവും യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിലെ ഹാജരാകലും ദൈവത്തോടുള്ള ഒരു ബന്ധത്തിനടിസ്ഥാനമിടുന്നതിന് സാറായെ സഹായിച്ചു. “എന്നാൽ പ്രാർത്ഥനയെക്കുറിച്ചുള്ള എന്റെ മാറ്റംഭവിച്ച മനോഭാവമായിരുന്നു ഏറ്റവും വലിയ സഹായം” എന്നു സാറാ അനുസ്മരിച്ചു. “വലിയ കാര്യങ്ങളേക്കുറിച്ചു മാത്രമേ നാം ദൈവത്തോടു പ്രാർത്ഥിക്കുന്നുള്ളുവെന്നും അപ്രധാന പ്രശ്നങ്ങളെക്കൊണ്ട് അവനെ അലട്ടരുതെന്നും ഞാൻ ചിന്തിച്ചിരുന്നു. അവനോട് എന്തിനെക്കുറിച്ചും എനിക്ക് സംസാരിക്കാൻ കഴിയുമെന്ന് എനിക്കിപ്പോൾ തോന്നുന്നു. ഒരു തീരുമാനമെടുക്കുന്നതിന് എനിക്ക് ഭയമുണ്ടെങ്കിൽ ശാന്തതയോടെ ന്യായബോധമുണ്ടായിരിക്കാൻ എന്നെ സഹായിക്കാൻ ഞാൻ അവനോടപേക്ഷിക്കുന്നു. എന്റെ പ്രാർത്ഥനകൾക്കുത്തരമരുളുകയും ഓരോ ദിവസത്തെയും പരിശോധനാകരമായ ഓരോ സാഹചര്യത്തെയും തരണംചെയ്യാൻ എന്നെ സഹായിക്കുകയും ചെയ്യുന്നതു ഞാൻ കാണുമ്പോൾ ഞാൻ കുറേക്കൂടെ അടുക്കുന്നു.”—1 യോഹന്നാൻ 5: 14; ഫിലിപ്യർ 4:7.
തീർച്ചയായും, ദൈവത്തിന് നിങ്ങളിൽ വ്യക്തിപരമായ താൽപര്യമുണ്ടെന്നും നിങ്ങളുടെ പരിമിതികൾ അവൻ അറിയുന്നുവെന്നും ഓരോ ദിവസത്തെയും കൈകാര്യം ചെയ്യുന്നതിനുള്ള ശക്തി അവൻ നൽകുമെന്നുമുള്ള ഉറപ്പാണ് വിഷാദരോഗത്തിനെതിരായ പോരാട്ടത്തിന്റെ താക്കോൽ. എന്നിരുന്നാലും നിങ്ങൾ എന്തുതന്നെ ചെയ്താലും ചിലപ്പോൾ വിഷാദം തങ്ങിനിൽക്കുന്നു.
‘നാഴികതോറുമുള്ള’ സഹനം
വർഷങ്ങളായി വലിയ വിഷാദരോഗത്തോടു മല്ലടിച്ചിരിക്കുന്ന 47 വയസ്സുകാരിയായ ഒരു മാതാവ്, എയ്ലീൻ “ഞാൻ പോഷകവർദ്ധകങ്ങളും വിഷാദശമക ഔഷധങ്ങളും ഉൾപ്പെടെ സകലവും പരീക്ഷിച്ചുനോക്കിയിരിക്കുന്നു,” എന്ന് വിലപിക്കുന്നു. “ഞാൻ നിഷേധാത്മകചിന്തയെ ശരിയാക്കാൻ പഠിച്ചിരിക്കുന്നു, കൂടുതൽ ന്യായബോധമുള്ള ഒരു ആളായിരിക്കാൻ ഇത് എന്നെ സഹായിച്ചിരിക്കുന്നു. എന്നാൽ വിഷാദം പിന്നെയും തങ്ങിനിൽക്കുകയാണ്.”
വിഷാദം തുടരുന്നതുകൊണ്ട് നിങ്ങൾ അതിനോടു വിദഗ്ദ്ധമായി പോരാടുന്നില്ലെന്ന് അർത്ഥമില്ല. ഈ ക്രമക്കേടിനു ചികിൽസിക്കുന്നതിൽ എല്ലാ പരിഹാരമാർഗ്ഗങ്ങളും ഡോക്ടർമാർക്കറിയില്ല. ചില സന്ദർഭങ്ങളിൽ വിഷാദം ഗുരുതരമായ ഒരു രോഗത്തിനു ചികിൽസിക്കാൻ ഉപയോഗിച്ച ഏതോ മരുന്നിന്റെ പാർശ്വഫലമാണ്. അങ്ങനെ, അത്തരം മരുന്നുകളുടെ ഉപയോഗം മറ്റേതെങ്കിലും മെഡിക്കൽപ്രശ്നത്തിന് ചികിൽസിക്കുന്നതിൽ ലഭിക്കുന്ന പ്രയോജനം നിമിത്തമുള്ള കച്ചവടമായിരിക്കും.
തീർച്ചയായും ഗ്രാഹ്യമുള്ള മറ്റൊരാളോട് നിങ്ങളുടെ വിചാരങ്ങൾ തുറന്നുപറയുന്നത് സഹായകമാണ്. എന്നിരുന്നാലും മറ്റൊരു മനുഷ്യനും നിങ്ങളുടെ വേദനയുടെ ആഴം യഥാർത്ഥമായി അറിയാൻപാടില്ല. എന്നിരുന്നാലും ദൈവം അറിയുന്നു, സഹായിക്കുകയും ചെയ്യും. “ശ്രമിച്ചുകൊണ്ടിരിക്കാനുള്ള ശക്തി യഹോവ നൽകിയിട്ടുണ്ട്, മടുത്തുപിരിയാൻ അവൻ എന്നെ അനുവദിച്ചിട്ടില്ല. അവൻ എനിക്ക് പ്രത്യാശ നൽകിയിരിക്കുന്നു” എന്ന് എയ്ലീൻ വെളിപ്പെടുത്തി.
ദൈവസഹായവും മറ്റുള്ളവരിൽനിന്നുള്ള വൈകാരിക പിന്തുണയും നിങ്ങളുടെ സ്വന്തം ശ്രമങ്ങളുമുള്ളപ്പോൾ മടുത്തുപോകാൻതക്കവണ്ണം നിങ്ങൾ ആകുലപ്പെടുകയില്ല. കാലക്രമത്തിൽ ഏതു പഴകിയ രോഗത്തോടുമെന്നപോലെ നിങ്ങൾക്ക് വിഷാദരോഗത്തോട് യോജിച്ചുപോകാൻ കഴിയും. സഹനം എളുപ്പമല്ല. എന്നാൽ അത് സാദ്ധ്യമാണ്! വിട്ടുമാറാത്ത ഗുരുതരമായ വിഷാദമുണ്ടായിരുന്ന ജീൻ പറഞ്ഞു: “ഞങ്ങൾ അത് ദിനന്തോറുമല്ല, നാഴികതോറും സഹിച്ചു” എയ്ലീനിന്റെയും ജീനിന്റെയും കാര്യത്തിൽ ബൈബിളിൽ വാഗ്ദത്തം ചെയ്തിരുന്ന പ്രത്യാശ അവരെ പുലർത്തി. ആ പ്രത്യാശ എന്താണ്?
ഒരു വിലയേറിയ പ്രത്യാശ
സമീപഭാവിയിൽ “ദൈവം [മനുഷ്യവർഗ്ഗത്തിന്റെ] കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയി.” ഇതു സംഭവിക്കുന്ന കാലത്തെക്കുറിച്ച് ബൈബിൾ പറയുന്നു. (വെളിപ്പാട് 21:3,4) അന്ന് ദൈവരാജ്യം അതിന്റെ സകല ഭൗമിക പ്രജകളുടെയും ശാരീരികവും മാനസികവുമായ സമ്പൂർണ്ണസൗഖ്യമാക്കൽ കൈവരുത്തും.—സങ്കീർത്തനം 37:10, 11, 29.
ശാരീരികവേദന നീക്കപ്പെടുമെന്നു മാത്രമല്ല, ഹൃദയത്തിന്റെ അരിഷ്ടതയും പീഡയുംകൂടെ അപ്രത്യക്ഷമാകും. യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “മുൻകാര്യങ്ങൾ മനസ്സിലേക്കു വരുത്തപ്പെടുകയില്ല, അവ ഹൃദയത്തിലേക്കു വരുകയുമില്ല. എന്നാൽ ജനങ്ങളേ, ഞാൻ സൃഷ്ടിക്കുന്നതിൽ ആഹ്ലാദിക്കുകയും സന്തോഷിക്കുകയും ചെയ്യുക.” (യെശയ്യാവ് 65:17, 18) കഴിഞ്ഞകാലത്തെ ഭാരങ്ങളിൽനിന്നു വിമുക്തരാകുന്നതും അന്നന്നത്തെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ആകാംക്ഷയോടെ പളുങ്കുപോലെ തെളിഞ്ഞ മനസ്സോടെ ഓരോ ദിവസവും ഉണരുന്നതും മനുഷ്യവർഗ്ഗത്തിന് എന്തോരാശ്വാസമായിരിക്കും! മനുഷ്യർ മേലാൽ ഒരു വിഷാദഭാവത്തിന്റെ അവ്യക്തതയാൽ പ്രതിബന്ധമനുഭവിക്കുകയില്ല.
‘മരണമോ വിലാപമോ മുറവിളിയോ മേലാൽ ഇല്ലാ’ത്തതിനാൽ ഇപ്പോൾ വിഷാദരോഗത്തിലേക്കു നയിക്കുന്ന ദാരുണ നഷ്ടബോധമോ അനുദിനവൈകാരിക സംഘർഷങ്ങളോ പൊയ്പോയിരിക്കും. സ്നേഹദയയും സത്യതയും സമാധാനവും ആളുകൾക്കന്യോന്യമുള്ള ഇടപെടലുകളെ ഭരിക്കുമെന്നുള്ളതുകൊണ്ട് കയ്പേറിയ പോരാട്ടങ്ങൾക്കറുതിവരും. (സങ്കീർത്തനം 85:10, 11) പാപത്തിന്റെ ഫലങ്ങൾ നീക്കപ്പെടുന്നതുകൊണ്ട് ഒടുവിൽ ദൈവത്തിന്റെ നീതിയുടെ നിലവാരത്തിനൊപ്പം എത്താനും അവനുമായി പൂർണ്ണസമാധാനമനുഭവിക്കാനും കഴിയുന്നത് എത്ര വലിയ സന്തോഷമായിരിക്കും!
ഈ ആവേശകരമായ പ്രത്യാശ വിഷാദം എത്ര തീവ്രമായിത്തീർന്നാലും പോരാടിക്കൊണ്ടിരിക്കാൻ ഒരു വലിയ പ്രചോദനമാണ്. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ പൂർണ്ണരാക്കപ്പെടുന്ന മനുഷ്യവർഗ്ഗം വിഷാദരോഗത്തിൻമേൽ സമ്പൂർണ്ണ വിജയം നേടിയിരിക്കും. അതെന്തോരു സുവാർത്തയാണ്! (g87 10/22)
[അടിക്കുറിപ്പുകൾ]
a ഉണരുക! യാതൊരു വിധ ചികിൽസയെയും ശുപാർശചെയ്യുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാൽ സഹായിക്കുന്നതിന് നിലവിലുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ 1981 ഒക്ടോബർ 22-ലെ ലക്കത്തിലുള്ള “ഗുരുതരമായ വിഷാദരോഗത്തെ ആക്രമിക്കൽ—വിദഗ്ദ്ധചികിൽസകൾ” എന്ന ലേഖനം വായിക്കുക. ഗുരുതരമായ വിഷാദരോഗത്തിൽനിന്നും തികച്ചും വ്യത്യസ്തമായ വെറും ദുഃഖങ്ങളെ തരണംചെയ്യുന്നതിന് 1982 ഒക്ടോബർ 8-ലെ “എനിക്ക് സങ്കടങ്ങളെ എങ്ങനെ തരണം ചെയ്യാൻ കഴിയും” എന്ന ലേഖനം കാണുക.
b ഒരു വിഷാദരോഗിയുടെ വിശ്വസ്ത ഉപദേശകൻ അയാളുടെ കുറ്റത്തിന്റെയും വിലയില്ലായ്മയുടെയും ബോധത്തെ വർദ്ധിപ്പിക്കുന്ന വിധിപോലെയുള്ള പ്രസ്താവനകൾ ഒഴിവാക്കുകമാത്രമല്ല, അയഥാർത്ഥമാംവിധം ശുഭാപ്തിവിശ്വാസം പ്രകടമാക്കുകയുമരുത്.
[21-ാം പേജിലെ ചതുരം]
വികല ചിന്താമാതൃകകൾ
എല്ലാമോ അഥവാ നാസ്തിയോ ആയ ചിന്ത: നിങ്ങൾ കാര്യങ്ങളെ കറുത്തതോ വെളുത്തതോ ആയി കാണുന്നു. നിങ്ങളുടെ പ്രവർത്തനം പൂർണ്ണതയില്ലാത്തതായിത്തീരുന്നുവെങ്കിൽ നിങ്ങൾ ഒരു തികഞ്ഞ പരാജയമായി സ്വയം കാണുന്നു.
അമിത സാമാന്യവൽക്കരണം: നിങ്ങൾ ഒറ്റപ്പെട്ട ഒരു നിഷേധാത്മകസംഭവത്തെ ഒരിക്കലും അവസാനിക്കാത്ത ഒരു പരാജയമാതൃകയായി വീക്ഷിക്കുന്നു. ദൃഷ്ടാന്തമായി ഒരു സുഹൃത്തുമായുള്ള ഒരു തർക്കത്തിനുശേഷം ‘എനിക്ക് സ്നേഹിതരെല്ലാം നഷ്ടപ്പെടുകയാണ്. എനിക്ക് യാതൊന്നും ശരിയാകുന്നില്ല’ എന്ന് നിങ്ങൾ നിഗമനം ചെയ്തേക്കാം.
ഗുണകരമായതിനെ അയോഗ്യമാക്കുന്നു: ഗുണകരമായതിനെ “അഗണ്യമെന്ന്” അല്ലെങ്കിൽ “എനിക്കതിനു യോഗ്യതയില്ല” എന്ന് ശഠിച്ചുകൊണ്ട് നിങ്ങൾ അവയെ നിരസിക്കുന്നു. ഒറ്റപ്പെട്ട ഒരു നിഷേധാത്മക വിശദാംശത്തെക്കുറിച്ചു ചിന്തിക്കവേ നിങ്ങളുടെ മുഴുവീക്ഷണവും ഇരുളുന്നു.
നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നു: ആർക്കെങ്കിലും നിങ്ങളോട് ഇഷ്ടമില്ലെന്ന് നിങ്ങൾ സ്വന്തമായി നിഗമനംചെയ്യുന്നു. നിങ്ങൾ തിട്ടപ്പെടുത്താൻ മിനക്കെടുന്നില്ല. അല്ലെങ്കിൽ കാര്യങ്ങൾ എപ്പോഴും മോശമായിരിക്കുമെന്ന് നിങ്ങൾക്ക് പൂർണ്ണബോദ്ധ്യമാണ്.
വലുതാക്കുക, അല്ലെങ്കിൽ നിസ്സാരീകരിക്കുക: നിങ്ങൾ (നിങ്ങളുടെ സ്വന്തം തെറ്റോ മറ്റുള്ളവരുടെ നേട്ടമോ പോലെയുള്ള) കാര്യങ്ങളുടെ പ്രാധാന്യത്തെ ഊതിവീർപ്പിക്കുന്നു. അല്ലെങ്കിൽ നിസ്സാരമെന്നു തോന്നുന്നതുവരെ കാര്യങ്ങളെ (നിങ്ങളുടെ സ്വന്തം അഭിലഷണീയ ഗുണങ്ങളെയോ മറ്റൊരാളുടെ അപൂർണ്ണതകളെയോ) തുച്ഛീകരിക്കുന്നു. നിങ്ങൾ സാധാരണ നിഷേധാത്മകസംഭവങ്ങളിൽനിന്ന് പേടിസ്വപ്നമായ വിപത്തുകൾ ഉണ്ടാക്കിയെടുക്കുന്നു.
വ്യക്തിപരമാക്കൽ: യഥാർത്ഥത്തിൽ നിങ്ങൾക്കു മുഖ്യഉത്തരവാദിത്തമില്ലാത്ത ഏതെങ്കിലും നിഷേധാത്മക ബാഹ്യസംഭവത്തിന് കാരണം നിങ്ങളാണെന്ന് നിങ്ങൾ വിചാരിക്കുന്നു.
ഡേവിഡ് ഡി. ബേൺസ്എം.ഡി. രചിച്ച ഫീലിംഗ് ഗുഡ്—ദ ന്യൂ മൂഡ് തെറാപ്പിയിൽ അധിഷ്ഠിതം.
[20-ാം പേജിലെ ചിത്രം]
നിങ്ങളുടെ വിചാരങ്ങൾ ഒരു വിശ്വസ്തനോടു തുറന്നു പറയുന്നത് ഒരു രോഗശാന്തിപ്രക്രിയ ആയിരിക്കാൻകഴിയും, വലിയ ആശ്വാസവും നൽകും
[23-ാം പേജിലെ ചിത്രം]
ചെറിയ കുരുവികളെ പോലും വിലയുള്ളതായി ദൈവം കരുതുന്നു, അതുകൊണ്ട് നമ്മെ എത്രയേറെ വിലയുള്ളവരായി ദൈവം കരുതുന്നു