ആത്മാവ് സഭകളോടു പറയുന്നത് കേൾക്കുക
“ചെവിയുള്ളവൻ ആത്മാവ് സഭകളോട് പറയുന്നത് കേൾക്കട്ടെ.”—വെളിപ്പാട് 3:22
1. ഈ അസന്തുഷ്ടമായ യുഗത്തിൽ വെളിപ്പാടിലെ ഏതു വാക്കുകൾ സുവാർത്തയാണ്, പരാമർശിക്കപ്പെട്ടിരിക്കുന്ന “പ്രവചനവും” “നിയമിതസമയവും” എന്താണ്?
കുറേ വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ ഐക്യനാടുകളിലെ ജനങ്ങൾക്ക് വളരെയധികം സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ വേണ്ടത്ര സന്തുഷ്ടി ഇല്ലെന്നും അവിടത്തെ ഒരു സാമൂഹ്യശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുകയുണ്ടായി. “സന്തുഷ്ടി അവരെ വിട്ടുപോയിരിക്കുന്നു. അവർ തങ്ങൾക്കുതന്നെ വാഗ്ദാനം ചെയ്ത പറുദീസാ വ്യർത്ഥമെന്നു തെളിഞ്ഞിരിക്കുന്നു” എന്ന് ആളുകൾ കണ്ടെത്തിയിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ വീക്ഷണത്തിൽ, വെളിപ്പാട് 1:3-ലെ അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകൾ സുവാർത്തയാണ്, എന്തുകൊണ്ടെന്നാൽ എങ്ങനെ സന്തുഷ്ടി കണ്ടെത്താമെന്ന് അവൻ നമ്മോടു പറയുന്നു. യോഹന്നാൻ എഴുതി: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവരും അവ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നവ അനുഷ്ഠിക്കുന്നവരും സന്തുഷ്ടരാകുന്നു; എന്തുകൊണ്ടെന്നാൽ നിയമിത സമയം അടുത്തിരിക്കുന്നു.” അവൻ പരാമർശിക്കുന്ന “പ്രവചനം” വെളിപ്പാടുപുസ്തകത്തിൽ എഴുതിയിരിക്കുന്നതാണ്. “നിയമിതസമയം” ഈ വെളിപ്പാടിൻപ്രവചനം നിറവേറേണ്ട സമയമാണ്. യോഹന്നാന്റെ വാക്കുകൾ ഇന്നു നമുക്ക് അഗാധമായ പ്രാധാന്യമുള്ളവയാണ്.
2. ഒന്നാം നൂററാണ്ട് അവസാനത്തോടടുത്തതോടെ യോഹന്നാൻ എന്തിനെക്കുറിച്ച് അതിശയിക്കുകയായിരുന്നിരിക്കണം?
2 യോഹന്നാൻ വെളിപ്പാടുപുസ്തകം എഴുതിയതിന് 60-ൽപരം വർഷം മുമ്പ് അഭിഷിക്തക്രിസ്തീയസഭ സ്ഥാപിക്കപ്പെട്ട പെന്തക്കോസ്തിൽ അവൻ ഹാജരുണ്ടായിരുന്നു. ഇപ്പോൾ, ക്രി.വ. 96ൽ ആ സഭ അതിന്റെ ആദ്യത്തെ 120 അംഗങ്ങളിൽനിന്ന് ഒരു വലിയ സാർവദേശീയസ്ഥാപനമായി വളർന്നിരുന്നു. എന്നാൽ പ്രശ്നങ്ങളുണ്ടായിരുന്നു. യേശുവും പൗലോസും പത്രോസും മുന്നറിയിച്ചിരുന്നതുപോലെ, വിശ്വാസത്യാഗങ്ങളും കക്ഷിപിരിവുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങുകയായിരുന്നു. ഭാവി എന്തു കൈവരുത്തുമെന്ന് യോഹന്നാൻ അതിശയിച്ചിരിക്കാം.—മത്തായി 13:24-30, 36-43; പ്രവൃത്തികൾ 20:29, 30; 2 പത്രോസ് 2:1-3.
3. യോഹന്നാൻ കാണുകയും വെളിപ്പാടിൽ രേഖപ്പെടുത്തുകയും ചെയ്ത ദർശനങ്ങൾ എന്തിന്റെ ഒരു ഉറപ്പായിരുന്നു?
3 അങ്ങനെയിരിക്കെ, അവന് “താമസിയാതെ നടക്കേണ്ട കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കേണ്ടതിന്, ദൈവം കൊടുത്ത യേശുക്രിസ്തുവിന്റെ ഒരു വെളിപ്പാട്” ലഭിച്ചപ്പോൾ അവനുണ്ടായ സന്തോഷമൊന്നു സങ്കൽപ്പിക്കുക. (വെളിപ്പാട് 1:1) മഹനീയമായ ദർശനങ്ങളുടെ ഒരു പരമ്പരയിൽ യഹോവയുടെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കപ്പെടുമെന്നും വിശ്വസ്തക്രിസ്ത്യാനികളുടെ സഹനത്തിന് അത്ഭുതകരമായ പ്രതിഫലം കിട്ടുമെന്നും യോഹന്നാൻ മനസ്സിലാക്കി. അവൻ യേശുക്രിസ്തുവിൽനിന്ന് ഏഴു സഭകൾക്കുള്ള സന്ദേശങ്ങളും സ്വീകരിച്ചു; അവ യഥാർത്ഥത്തിൽ അവൻ രാജ്യമഹത്വത്തിൽ വരുന്നതിനു മുമ്പ് ക്രിസ്ത്യാനികൾക്കായി അവനിൽനിന്നു നേരിട്ടു ലഭിച്ച അവന്റെ അന്തിമബുദ്ധിയുപദേശമായിരുന്നു.
ഏഴു സഭകൾ
4. (എ) വിശ്വസ്തക്രിസ്തീയസഭകളുടെ ഉത്തരവാദിത്തം എന്താണ്? (ബി) അഭിഷിക്തമൂപ്പൻമാർ ക്രിസ്തുവിന്റെ വലങ്കൈയിലെ ഏഴു നക്ഷത്രങ്ങളായി കാണപ്പെടുന്നുവെന്ന വസ്തുതയാൽ സൂചിപ്പിക്കപ്പെടുന്നതെന്ത്?
4 അഭിഷിക്തക്രിസ്ത്യാനികളുടെ ഈ ഏഴു സഭകൾ ഏഴു നിലവിളക്കുകളായി പ്രതിനിധാനംചെയ്യപ്പെട്ടു, അവയ്ക്കുള്ളിലെ അഭിഷിക്തമൂപ്പൻമാർ ക്രിസ്തുവിന്റെ വലങ്കൈയിലെ ഏഴു നക്ഷത്രങ്ങളായി പ്രതിനിധാനംചെയ്യപ്പെട്ടു. (വെളിപ്പാട് 1:12, 16) ഈ ഉജ്ജ്വലമായ പ്രതിബിംബത്താൽ വിശ്വസ്തക്രിസ്തീയസഭകൾ ഇരുണ്ട ലോകത്തിലെ കത്തിച്ച നിലവിളക്കുകൾപോലെ പ്രകാശവാഹകരായിരിക്കണമെന്ന് യോഹന്നാൻ മനസ്സിലാക്കി. (മത്തായി 5:14-16) യേശു തന്റെ വലങ്കൈയിൽ മൂപ്പൻമാരെ പിടിച്ചിരിക്കുന്നത് അവൻ അവരെ വഴികാട്ടുകയും ഭരിക്കുകയുംചെയ്തുകൊണ്ട് നയിക്കുന്നുവെന്ന് പ്രകടമാക്കി.
5. യോഹന്നാന്റെ നാളിൽ ഏഴു സഭകൾക്കുള്ള സന്ദേശങ്ങൾ ആരിലേക്ക് തിരിച്ചുവിടപ്പെട്ടു?
5 യേശു യോഹന്നാനോട് ഇങ്ങനെ പറയുന്നു: “നീ കാണുന്നത് ഒരു ചുരുളിൽ എഴുതി എഫേസൂസിലും സ്മുർന്നയിലും പെർഗ്ഗമത്തിലും തുയഥൈരയിലും സർദ്ദീസിലും ഫിലദൽഫിയയിലും ലവോദിക്യയിലുമുള്ള ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക.” (വെളിപ്പാട് 1:11) ഈ സഭകൾ യോഹന്നാന്റെ നാളുകളിൽ യഥാർത്ഥത്തിൽ സ്ഥിതിചെയ്തിരുന്നു. യോഹന്നാൻ വെളിപ്പാടിന്റെ എഴുത്തു പൂർത്തിയാക്കിയപ്പോൾ ഓരോ സഭക്കും ഓരോ പ്രതി കിട്ടിയെന്ന് നമുക്കുറപ്പുണ്ടായിരിക്കാൻ കഴിയും. എന്നാൽ വെളിപ്പാടിനെക്കുറിച്ച് ഹേസ്ററിംഗ്സിന്റെ ബൈബിൾനിഘണ്ടു പറയുന്നതു ശ്രദ്ധിക്കുക: “പുതിയ നിയമത്തിലെ മറെറാരു പുസ്തകത്തിനും 2-ാം നൂററാണ്ടിൽ ഇത്രയും സാക്ഷ്യം ലഭിച്ചിട്ടില്ല.” അതിന്റെ അർത്ഥം വെളിപ്പാടുപുസ്തകം ഏഴു സഭകളിലെ ക്രിസ്ത്യാനികൾ മാത്രമല്ല, ഈ പ്രവചനവാക്കുകൾ പഠിക്കാനാഗ്രഹിച്ച മററനേകരും വായിച്ചുവെന്നാണ്. തീർച്ചയായും യേശുവിന്റെ ബുദ്ധിയുപദേശം സകല അഭിഷിക്തക്രിസ്ത്യാനികൾക്കുംവേണ്ടിയായിരുന്നു.
6, 7. (എ) വെളിപ്പാടിലെ വാക്കുകൾ മുഖ്യമായി എപ്പോഴാണ് ബാധകമാകുന്നത്, നാം ഇത് എങ്ങനെ അറിയുന്നു? (ബി) ഇന്ന് ഏഴ് നക്ഷത്രങ്ങളാലും ഏഴു സഭകളാലും പ്രതിനിധാനംചെയ്യപ്പെടുന്നതാര്?
6 എന്നാൽ ഏഴു സഭകൾക്കുള്ള ഈ സന്ദേശങ്ങൾക്ക് അതിലും വിപുലമായ ഒരു പ്രയുക്തതയുണ്ട്. വെളിപ്പാട് 1:10-ൽ യോഹന്നാൻ പറയുന്നു: “നിശ്വസ്തതയാൽ ഞാൻ കർത്താവിന്റെ ദിവസത്തിൽ വന്നെത്തി.” ഈ വാക്യം വെളിപ്പാടിന്റെ ഗ്രാഹ്യത്തിന്റെ പൂട്ടുതുറക്കുന്നതിനുള്ള ഒരു സുപ്രധാന താക്കോലാണ്. അത് മുഖ്യമായി “കർത്താവിന്റെ ദിവസ”ത്തിന് ബാധകമാകുന്നുവെന്ന് അത് സൂചിപ്പിക്കുന്നു, യേശു 1914ൽ രാജാവായപ്പോഴാണ് ആ ദിവസം തുടങ്ങിയത്. ഈ ഗ്രാഹ്യം ഏഴു സഭകൾക്കുള്ള യേശുവിന്റെ സന്ദേശത്താൽ സ്ഥിരീകരിക്കപ്പെടുന്നു. അവയിൽ “ഞാൻ നിന്റെ അടുക്കലേക്ക് പെട്ടെന്നു വരുന്നു” എന്ന പെർഗ്ഗമത്തിനോടുള്ള വാക്കുകൾ പോലെയുള്ള പദപ്രയോഗങ്ങൾ നാം കാണുന്നു. (വെളിപ്പാട് 2:16; 3:3, 11) ക്രി.വ. 96നുശേഷം 1914ൽ രാജാവായി സിംഹാസനസ്ഥനാക്കപ്പെടുന്നതുവരെ അവൻ ഏതെങ്കിലും അർത്ഥവത്തായ വിധത്തിൽ ‘വന്നി’ല്ല. (പ്രവൃത്തികൾ 1:9-11) പിന്നീട്, മലാഖി 3:1-ന്റെ നിവൃത്തിയായി അവൻ വീണ്ടും 1918ൽ ‘വന്നു,’ അന്ന് അവൻ ആദ്യമായി ദൈവഗൃഹത്തെ ന്യായം വിധിക്കാൻ യഹോവയുടെ ആലയത്തിലേക്കു വരുകയാണുണ്ടായത്. (1 പത്രോസ് 4:17) അവൻ സമീപഭാവിയിൽ “ദൈവത്തെ അറിയാത്തവരുടെയും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാത്തവരുടെയുംമേൽ പ്രതികാരം നടത്തുമ്പോൾ” അവൻ ഒരിക്കൽകൂടി ‘വരും.’—2 തെസ്സലോനീക്യർ 1:7,8; മത്തായി 24:42-44.
7 ഈ ഗ്രാഹ്യത്താൽ, ഏഴു സഭകൾ 1914നുശേഷമുള്ള അഭിഷിക്തക്രിസ്ത്യാനികളുടെ സകല സഭകളെയും ചിത്രീകരിക്കുന്നുവെന്നും ഏഴു നക്ഷത്രങ്ങൾ ആ സഭകളിലെ സകല അഭിഷിക്തമൂപ്പൻമാരെയും പ്രതിനിധാനം ചെയ്യുന്നുവെന്നും നാം മനസ്സിലാക്കുന്നു. അർത്ഥവ്യാപ്തിയാൽ, യേശുവിന്റെ നിയന്ത്രണമാകുന്ന വലങ്കൈയിലെ “വേറെ ആടുകളാ”യ മൂപ്പൻമാരും, പ്രതിനിധാനം ചെയ്യപ്പെടുന്നു. (യോഹന്നാൻ 10:16) ഏഴു സഭകൾക്കുള്ള ബുദ്ധിയുപദേശം ലോകമെങ്ങുമുള്ള ദൈവജനത്തിന്റെ സകല സഭകൾക്കും തത്വത്തിൽ ബാധകമാകുന്നു, ഒരു ഭൗമികപ്രത്യാശയോടുകൂടിയ ക്രിസ്ത്യാനികളുമുള്ള സഭകളും ഉൾപ്പെടുന്നു.
8. ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരെ പരിശോധിക്കാൻ യേശു 1918-ൽ വന്നപ്പോൾ അവൻ എന്തു സാഹചര്യം കണ്ടെത്തി?
8 ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരെ പരിശോധിക്കാൻ യേശു 1918ൽ വന്നപ്പോൾ ഭൂമിയിലെ അഭിഷിക്തക്രിസ്ത്യാനികൾ പ്രവചനത്തിലെ വാക്കുകൾ അനുഷ്ഠിക്കുന്നതിന് കഠിനശ്രമം ചെയ്യുന്നതായി അവൻ കണ്ടെത്തി. 1870കൾ മുതൽ അവർ 1914എന്ന വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പുകൊടുത്തുകൊണ്ടാണിരുന്നിട്ടുള്ളത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ ക്രൈസ്തവലോകത്തിന്റെ കൈയാൽ വളരെയധികം ക്ലേശമനുഭവിച്ചിരുന്നു. 1918ൽ വാച്ച് ടൗവർ സൊസൈററിയുടെ പ്രമുഖ ഉദ്യോഗസ്ഥൻമാർ വ്യാജകുററാരോപണങ്ങളെ പ്രതി തടവിലാക്കപ്പെട്ടപ്പോൾ അവരുടെ വേല ഫലത്തിൽ നിന്നുപോയി. എന്നാൽ ആ കാലത്തെ അവരുടെ അനുഭവങ്ങൾ അത്ഭുതകരമായ തോതിൽ വെളിപ്പാടിലെ പ്രവചനങ്ങളോട് ഒത്തുവരുന്നു. ഏഴു സഭകൾക്കുള്ള യേശുവിന്റെ വാക്കുകൾ അനുസരിക്കാനുള്ള അവരുടെ ദൃഢനിശ്ചയം ഈ ഇരുണ്ട രാത്രിയിലെ വെളിച്ചവാഹകരായ ഏക ക്രിസ്ത്യാനികൾ അവരാണെന്ന് നിസ്സംശയമായി തിരിച്ചറിയിച്ചു. ഇന്ന്, ഈ ശേഷിപ്പ് വെളിപ്പാടിന്റെ പലഭാഗങ്ങളുടെയും നിവൃത്തി കാണാനും അതിൽ പങ്കുപററാനും ജീവിച്ചിരിക്കുന്ന ഒരു യോഹന്നാൻവർഗ്ഗമായിരിക്കുന്നു.
ബുദ്ധിയുപദേശവും അഭിനന്ദനവും
9, 10. യേശുവിന്റെ ഏതു വാക്കുകളുടെ നിവൃത്തി ആധുനികനാളിലെ ക്രിസ്ത്യാനികൾക്ക് വലിയ സന്തുഷ്ടി കൈവരുത്തി? വിശദീകരിക്കുക.
9 വെളിപ്പാടു 3:8-ൽ ഫിലദൽഫിയയിലെ സഭയോട് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തികളറിയുന്നു—നോക്കൂ! ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പാകെ വെച്ചിരിക്കുന്നു—നിനക്ക് അൽപ്പം ശക്തിയുണ്ടെന്നും നീ എന്റെ വചനം കാത്തുവെന്നും എന്റെ നാമത്തോടു വഞ്ചനകാട്ടിയില്ലെന്നും തന്നെ.” തെളിവനുസരിച്ച് ഫിലദൽഫിയയിലെ ക്രിസ്ത്യാനികൾ പ്രവർത്തനനിരതരായിരുന്നു, ഇപ്പോൾ അവസരത്തിന്റെ ഒരു വാതിൽ അവർക്കുവേണ്ടി തുറക്കപ്പെടുകയായിരുന്നു.
10 ഈ സന്ദേശത്തിന്റെ ആധുനിക യാഥാർത്ഥ്യം ദൈവജനത്തെ വളരെ സന്തുഷ്ടരാക്കി. 1918ലെ അവരുടെ പീഡാകരമായ അനുഭവങ്ങൾക്കുശേഷം അവർ ആത്മീയമായി പുനഃസ്ഥിതീകരിക്കപ്പെട്ടു, 1919ൽ യേശു അവർക്കായി അവസരത്തിന്റെ ഒരു വാതിൽ തുറന്നുകൊടുത്തു. രാജ്യത്തിന്റെ സുവാർത്ത സകല ജനതകളോടും പ്രസംഗിക്കുന്നതിനുള്ള നിയോഗം അവർ സ്വീകരിച്ചപ്പോൾ അവർ ആ വാതിലിലൂടെ നടന്നുകയറി. യഹോവയുടെ ആത്മാവ് അവരുടെമേൽ ഉണ്ടായിരുന്നതുകൊണ്ട് യാതൊന്നിനും ഈ വേലയെ തടയാൻ കഴിഞ്ഞില്ല, ഈ വിശ്വസ്തക്രിസ്ത്യാനികൾക്ക് യേശുവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളത്തിന്റെ ഒരു മുഖ്യവശം നിവർത്തിക്കുന്നതിനുള്ള വലിയ പദവി ലഭിക്കുകയും ചെയ്തു. (മത്തായി 24:3, 14) അവരുടെ വിശ്വസ്തമായ പ്രസംഗപ്രവർത്തനം നിമിത്തം 1,44,000ത്തിൽ ശേഷിച്ചവർ വിളിക്കപ്പെടുകയും അഭിഷേകംചെയ്യപ്പെടുകയുംചെയ്തു. വലിയ സംഖ്യകളായി മഹാപുരുഷാരവും കൂട്ടിച്ചേർക്കപ്പെട്ടു. (വെളിപ്പാട് 7:1-3, 9) ദൈവജനത്തിന് ഇത് എന്തോരു സന്തോഷം കൈവരുത്തി!
11. യോഹന്നാന്റെ നാളിൽ കക്ഷിപിരിവുകൾ യഹോവയുടെ സ്ഥാപനത്തെ ദുഷിപ്പിക്കാൻ ശ്രമിച്ചതെങ്ങനെ, അവ നമ്മുടെ സ്വന്തം നാളിൽ അങ്ങനെ ചെയ്തിരിക്കുന്നതെങ്ങനെ?
11 അവരിൽനിന്ന് എന്തിനെങ്കിലും ഈ സന്തോഷം കവർന്നുകളയാൻകഴിയുമോ? ഉവ്വ്. ദൃഷ്ടാന്തമായി, സഹനത്തിന്റെ ഒരു നല്ല രേഖയുണ്ടായിരുന്നിട്ടും പെർഗ്ഗമത്തിലെ മൂപ്പൻമാർക്ക് നിക്കൊലാവ്യരുടെ ഉപദേശത്തെ സഭയിൽനിന്നു നീക്കംചെയ്യാൻ കഴിഞ്ഞില്ല. (വെളിപ്പാട് 2:15) വിഭാഗീയവിശ്വാസം പ്രബലപ്പെടുകയായിരുന്നു. അതുപോലെതന്നെ, ഈ അന്ത്യനാളുകളിലുടനീളം ചില വ്യക്തികൾ വിശ്വാസത്യാഗികളാകുകയും യഹോവയുടെ സ്ഥാപനത്തെ ദുഷിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തിട്ടുണ്ട്. പൊതുവേ മൂപ്പൻമാർ അവരെ ചെറുത്തുനിന്നിട്ടുണ്ട്. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ചിലർ വഴിതെററിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സന്തോഷത്തെ കവർന്നുകളയാൻ നാം ഒരിക്കലും വിശ്വാസത്യാഗികളെ അനുവദിക്കരുത്!
12. (എ) ബിലെയാം സ്വാധീനവും ഈസബേൽസ്വാധീനവും എന്താണ്? (ബി) സാത്താൻ ആധുനികകാലങ്ങളിൽ ഒരു ബിലെയാം സ്വാധീനമൊ ഈസബേൽസ്വാധീനമൊ ക്രിസ്തീയസഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
12 “ബിലെയാമിന്റെ വിശ്വാസത്തെ മുറുകെപിടിക്കുന്ന”വർക്കെതിരായും യേശു പെർഗ്ഗമംസഭക്കു മുന്നറിയിപ്പുകൊടുത്തു. (വെളിപ്പാട് 2:14) ഇത് എന്തുപദേശമായിരുന്നു? ബിലെയാം യിസ്രായേല്യരെ മരുഭൂമിയിൽവെച്ച് ദുഷിപ്പിച്ചതുപോലെ തന്നെ പെർഗ്ഗമത്തിലെ ആരോ അവിടത്തെ ക്രിസ്ത്യാനികളെ ദുഷിപ്പിക്കുകയായിരുന്നു: “വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കൾ തിന്നാനും ദുർവൃത്തിയിലേർപ്പെടാനും” അവരെ പ്രോൽസാഹിപ്പിച്ചുകൊണ്ടുതന്നെ. (സംഖ്യാപുസ്തകം 25:1-5; 31:8) യേശു “ഈസബേൽ എന്ന ആ സ്ത്രീ”ക്ക് എതിരായി തുയഥൈരയിലെ സഭക്ക് മുന്നറിയിപ്പുകൊടുത്തു. ഈ സ്ത്രീയും “ദുർവൃത്തിയിലേർപ്പെടാനും വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കൾ തിന്നാനും” ക്രിസ്ത്യാനികളെ ഉപദേശിക്കുകയായിരുന്നു. (വെളിപ്പാട് 2:20) ഇന്നത്തെ ക്രിസ്തീയസഭയിലേക്ക് ഒരു ബിലെയാം സ്വാധീനത്തെയോ ഈസബേൽസ്വാധീനത്തെയൊ അവതരിപ്പിക്കാൻ സാത്താൻ ശ്രമിച്ചിട്ടുണ്ടോ? തീർച്ചയായുമുണ്ട്, ആണ്ടിൽ 40,000ത്തോളം പേർ പുറത്താക്കപ്പെടുന്ന അളവോളം. മിക്കവരും ദുർമ്മാർഗ്ഗംനിമിത്തമാണ്. എന്തോരു ദുരന്തം! ബിലെയാമിനെപ്പോലെയുള്ള പുരുഷൻമാരും ഈസബേലിനെപ്പോലെയുള്ള സ്ത്രീകളും മൂപ്പൻമാർക്കെതിരെ മത്സരിക്കുകയും സഭയെ ദുഷിപ്പിക്കാൻ ശ്രമിക്കുകയുംചെയ്തിരിക്കുന്നു. നമുക്ക് നമ്മുടെ സർവ്വശക്തിയുമുപയോഗിച്ച് അത്തരം അശുദ്ധസ്വാധീനത്തെ ചെറുക്കാം!—1 കൊരിന്ത്യർ 6:18; 1 യോഹന്നാൻ 5:21.
13. (എ) ശീതോഷ്ണനിലയോടുള്ള യേശുവിന്റെ വെറുപ്പിനെ വർണ്ണിക്കുക. (ബി) ലവോദിക്യക്കാർ ശീതോഷ്ണവാൻമാരായിരുന്നതെന്തുകൊണ്ട്, ഇന്ന് നമുക്ക് ഈ ദൗർബല്ല്യത്തെ എങ്ങനെ ഒഴിവാക്കാൻകഴിയും?
13 വെളിപ്പാട് 3:15, 16-ൽ യേശു ലവോദിക്യയിലെ സഭയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു, നീ ശീതവാനോ ഉഷ്ണവാനോ അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അങ്ങനെ, നീ ഉഷ്ണവാനോ ശീതവാനോ ആയിരിക്കാതെ ശീതോഷ്ണവാനായതുകൊണ്ട് ഞാൻ നിന്നെ എന്റെ വായിൽനിന്ന് ഛർദ്ദിച്ചുകളയാൻ പോകുകയാണ്.” യേശുവിന് ശീതോഷ്ണനിലയെക്കുറിച്ചു തോന്നുന്ന വെറുപ്പിന്റെ എന്തോരു വിശദമായ വർണ്ണന! അവൻ തുടരുന്നു: “‘ഞാൻ ധനവാനാണ്, ഞാൻ ധനം സമ്പാദിച്ചിരിക്കുന്നു, യാതൊന്നിനും മുട്ടില്ല’ എന്ന് നീ പറയുന്നു.” അതെ, ഭൗതികത്വം ലവോദിക്യയിലെ ക്രിസ്ത്യാനികളെ വഞ്ചിച്ചിരുന്നു. അവർ ആത്മസംതൃപ്തരും വിരക്തരുമായിരുന്നു. എന്നാൽ യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നീ ദുരിതപൂർണ്ണനും ദയനീയനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല.” (വെളിപ്പാട് 3:17) നാം യേശുവിന്റെ ദൃഷ്ടിയിൽ “ദുരിതപൂർണ്ണരും ദയനീയരും ദരിദ്രരും കുരുടരും നഗ്നരും” ആയിരിക്കാൻ നാം ആഗ്രഹിക്കുന്നുവോ? തീർച്ചയായും ഇല്ല! അതുകൊണ്ട് നമുക്ക് തീർച്ചയായും ഭൗതികാസക്തരും ശീതോഷ്ണവാൻമാരുമായിരിക്കുന്നതിനെതിരെ പോരാടാം.—1 തിമൊഥെയോസ് 6:9-12.
അവസാനത്തോളം സഹിച്ചുനിൽക്കുക
14. (എ) സ്മുർന്നയിലെ സഭ ഏത് പ്രയാസങ്ങളെ അഭിമുഖീകരിച്ചു? (ബി) സ്മുർന്നയിലെ അനുഭവങ്ങളോട് ഏത് ആധുനിക സമാന്തരങ്ങളുണ്ട്?
14 ശീതോഷ്ണമല്ലാഞ്ഞ ഒരു സഭ സ്മുർന്നയിലേതായിരുന്നു. ഈ ക്രിസ്ത്യാനികളോട് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ദുരിതവും ദാരിദ്ര്യവും—എന്നാൽ നീ ധനവാനാണ്—തങ്ങൾ യഹൂദൻമാരായിരിക്കാതെ സാത്താന്റെ സിന്നഗോഗായിരിക്കെ യഹൂദൻമാരാണെന്നു പറയുന്നവരുടെ ദൈവദൂഷണവും അറിയുന്നു. നീ അനുഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഭയപ്പെടേണ്ട. നോക്കൂ! നിങ്ങൾ പൂർണ്ണമായി പരീക്ഷിക്കപ്പെടേണ്ടതിനും നിങ്ങൾക്ക് പത്തുദിവസം ഉപദ്രവമുണ്ടാകേണ്ടതിനും പിശാച് നിങ്ങളിൽ ചിലരെ തടവിലാക്കിക്കൊണ്ടിരിക്കും.” (വെളിപ്പാട് 2:8-10) ഇത് ഇന്നത്തെ ക്രിസ്ത്യാനികളുടെ അനുഭവത്തോട് എങ്ങനെ ഒത്തുവരുന്നു! അഭിഷിക്തരിലും വേറെ ആടുകളിലും പെട്ട ആധുനിക ക്രിസ്ത്യാനികളും ഇന്നത്തെ “സാത്താന്റെ സിനഗോഗ്” ആയ ക്രൈസ്തവലോകത്തിൽനിന്നുള്ള ഭയങ്കര എതിർപ്പ് സഹിച്ചുനിന്നിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധം മുതൽ ഇപ്പോൾവരെ ആയിരക്കണക്കിന് പുരുഷൻമാരും സ്ത്രീകളും കുട്ടികളും തങ്ങളുടെ നിർമ്മലതയിൽ വിട്ടുവീഴ്ചചെയ്യാൻ വിസമ്മതിച്ചതുകൊണ്ട് പ്രഹരിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ബലാൽസംഗംചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് അല്ലെങ്കിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
15, 16. (എ) പീഡനം സഹിച്ചാലും അഭിഷിക്തക്രിസ്ത്യാനികൾക്ക് എങ്ങനെ സന്തുഷ്ടരായിരിക്കാൻകഴിയും? (ബി) മഹാപുരുഷാരത്തിനു ലഭിക്കാനിരിക്കുന്ന ഏത് പ്രത്യേക പ്രതിഫലങ്ങൾ അവരെയും സന്തുഷ്ടരായിരിക്കാൻ സഹായിക്കുന്നു?
15 അങ്ങനെയുള്ള അനുഭവങ്ങൾ സന്തോഷം കൈവരുത്തുന്നുവോ? അവയിൽത്തന്നെ ഇല്ല. എന്നാൽ അപ്പോസ്തലൻമാരെപ്പോലെ, പീഡാനുഭവങ്ങൾ സഹിക്കുന്ന വിശ്വസ്തക്രിസ്ത്യാനികൾക്ക് “[യേശുവിന്റെ] നാമത്തിനുവേണ്ടി അപമാനിക്കപ്പെടാൻ യോഗ്യരായി എണ്ണപ്പെട്ടിരിക്കു”ന്നതിൽ അഗാധമായ ഒരു ആന്തരികസന്തോഷം അനുഭവപ്പെടുന്നുണ്ട്. (പ്രവൃത്തികൾ 5:41) തങ്ങളുടെ നിർമ്മലതക്ക് പ്രതിഫലം കിട്ടുന്നതിനുള്ള നിയമിതസമയം അടുത്തിരിക്കുന്നുവെന്ന് അവർക്കറിയാവുന്നതുകൊണ്ട് തങ്ങളുടെ ശത്രുക്കൾ തങ്ങളോട് എന്തു ചെയ്താലും അവർ സന്തുഷ്ടരായി നിലകൊള്ളുന്നു. യേശു സ്മുർന്നയിലെ ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “മരണത്തോളംപോലും നിന്നേത്തന്നെ വിശ്വസ്തനെന്നു തെളിയിക്കുക, ഞാൻ നിനക്ക് ജീവന്റെ കിരീടംതരും.” (വെളിപ്പാട് 2:10) സർദ്ദീസിലുള്ളവരോട് അവൻ പറഞ്ഞു: “ജയിച്ചടക്കുന്നവൻ അങ്ങനെ വെള്ള പുറങ്കുപ്പായം അണിയും; ഞാൻ യാതൊരു പ്രകാരത്തിലും അവന്റെ പേർ ജീവന്റെ പുസ്തകത്തിൽനിന്ന് മായിക്കുകയില്ല.”—വെളിപ്പാട് 3:5.
16 ഈ വാഗ്ദത്തങ്ങൾ പ്രത്യേകമായി അഭിഷിക്തക്രിസ്ത്യാനികൾക്ക് ബാധകമാകുന്നുവെന്നതും അവർക്ക് ലഭിക്കാനിരിക്കുന്ന അമർത്യസ്വർഗ്ഗീയജീവന്റെ സമ്മാനത്തെക്കുറിച്ച് അവരെ അനുസ്മരിപ്പിക്കുന്നുവെന്നതും സത്യംതന്നെ. എന്നാൽ വേറേയാടുകളിൽപെട്ടവരും ഈ വാക്കുകളാൽ ബലിഷ്ഠരാക്കപ്പെടുന്നു. അവരും തീക്ഷ്ണതയുള്ളവരും സഹിച്ചുനിൽക്കുന്നവരുമാണെങ്കിൽ യഹോവ അവർക്കും ഒരു പ്രതിഫലം ഒരുക്കിയിട്ടുണ്ട്. അവർക്ക് ക്രിസ്തുവിന്റെ കൈകളിലെ രാജ്യത്തിൻകീഴിൽ ഒരു പരദീസാഭൂമിയിലെ നിത്യജീവൻ അവകാശപ്പെടുത്തുന്നതിനുള്ള മഹത്തായ പ്രതീക്ഷയുണ്ട്. അവിടെ അവർ ഈ ലോകത്തിലെ ആളുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന പരദീസാ കണ്ടെത്തുന്നതായിരിക്കും.
17. യേശു ഏതു വാക്കുകളോടെ ഓരോ സന്ദേശവും ഉപസംഹരിച്ചു, അവന്റെ വാക്കുകൾ ഇന്നത്തെ നമുക്ക് എന്തർത്ഥമാക്കുന്നു?
17 യേശു ഓരോ സഭക്കുമുള്ള സന്ദേശങ്ങൾ ഈ വാക്കുകളോടെ ഉപസംഹരിച്ചു: “ചെവിയുള്ളവൻ ആത്മാവ് സഭകളോട് പറയുന്നത് കേൾക്കട്ടെ.” (വെളിപ്പാട് 3:22) അതെ, നാം മുഖ്യ ഇടയന്റെ വാക്കുകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യണം. നാം അശുദ്ധിയും വിശ്വാസത്യാഗവും വർജ്ജിക്കണം, നാം നമ്മുടെ തീക്ഷ്ണത നിലനിർത്തണം. നമ്മുടെ പ്രതിഫലം അതിനെ ആശ്രയിച്ചിരിക്കുന്നു. നാം വെളിപ്പാടിലെ കൂടുതലായ വിവരങ്ങൾ പരിചിന്തിക്കുമ്പോൾ നാം അതുതന്നെ ചെയ്യാൻ പൂർവാധികം ദൃഢനിശ്ചയംചെയ്തിരിക്കുന്നു.
ചുരുളിലെ മുദ്രകൾ
18. (എ) യേശു സ്വർഗ്ഗീയ സദസ്സിൽ എന്തു സ്വീകരിക്കുന്നു? (ബി) വെളിപ്പാട് 6-ാംഅദ്ധ്യായത്തിലെ കുതിരക്കാരിൽ മൂന്നുപേരുടെ സവാരി ഇന്നു ജീവിക്കുന്ന മനുഷ്യവർഗ്ഗത്തിന് എന്തർത്ഥമാക്കുന്നു?
18 ദൃഷ്ടാന്തമായി, 4ഉം 5ഉം അദ്ധ്യായങ്ങളിൽ യോഹന്നാൻ യഹോവയുടെ സ്വർഗ്ഗീയസദസ്സിന്റെ ഒരു അത്ഭുതമാർന്ന ദർശനം കാണുന്നു. ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തു അവിടെയുണ്ട്, അവൻ ഏഴു മുദ്രകളുള്ള ഒരു ചുരുൾ സ്വീകരിക്കുന്നു. 6-ാം അദ്ധ്യായത്തിൽ യേശു ഏഴു മുദ്രകളിൽ ആറും ഒന്നൊന്നായി തുറക്കുന്നു. ഒന്നാമത്തേതു തുറക്കുമ്പോൾ ഒരു വെള്ളക്കുതിരപ്പുറത്തു സവാരിചെയ്യുന്നയാൾ കാണപ്പെടുന്നു. അവന് ഒരു കിരീടം കൊടുക്കപ്പെടുന്നു. അവൻ “ജയിച്ചടക്കിക്കൊണ്ടും തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കാനും” പുറപ്പെടുന്നു. (വെളിപ്പാട് 6:2) ഇത് പുതുതായി കിരീടധാരിയായ രാജാവായ യേശുവാണ്. അവൻ 1914ൽ വിജയാവഹമായ തന്റെ രാജകീയ സവാരി തുടങ്ങിയപ്പോൾ കർത്താവിന്റെ ദിവസം തുടങ്ങി. അടുത്ത മൂന്ന് ചുരുളുകൾ തുറന്നപ്പോൾ കുതിരക്കാർസഹിതം മൂന്നു കുതിരകൾകൂടെ പ്രത്യക്ഷപ്പെടുന്നു. അവ മനുഷ്യയുദ്ധത്തെയും ക്ഷാമത്തെയും പകർച്ചവ്യാധിയാലും മററു കാരണങ്ങളാലുമുള്ള മരണത്തെയും പ്രതിനിധാനംചെയ്യുന്ന പേടിപ്പെടുത്തുന്ന പ്രത്യക്ഷതകളാണ്. അവ രാജകീയാധികാരത്തോടെയുള്ള യേശുവിന്റെ സ്വർഗ്ഗീയസാന്നിദ്ധ്യത്തിന്റെ അടയാളമായി ഭൂമിയിൽ വലിയ യുദ്ധങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും ഭൂകമ്പങ്ങളും മററു വിപത്തുകളുമുണ്ടായിരിക്കുമെന്നുള്ള അവന്റെ വലിയ പ്രവചനത്തെ സ്ഥിരീകരിക്കുന്നു. (മത്തായി 24:3, 7, 8; ലൂക്കോസ് 21:10, 11) സത്യത്തിൽ അങ്ങനെയുള്ള ഒരു കാലത്ത് സഹിച്ചുനിൽക്കണമെങ്കിൽ ക്രിസ്ത്യാനികൾ ഏഴു സഭകൾക്കുള്ള യേശുവിന്റെ വാക്കുകൾ അനുസരിക്കണം.
19. (എ) ക്രിസ്തുവിന്റെ സാന്നിദ്ധ്യകാലത്ത് അപ്പോഴേ മരിച്ചുപോയിരിക്കുന്ന വിശ്വസ്തരായ അഭിഷിക്തക്രിസ്ത്യാനികൾക്ക് എന്തു പ്രതിഫലം കൊടുക്കപ്പെടുന്നു? (ബി) ആറാമത്തെ മുദ്രയുടെ തുറക്കലിനാൽ ഏതു ഭയങ്കര സംഭവങ്ങൾ മുൻനിഴലാക്കപ്പെടുന്നു, ഏതു ചോദ്യത്തിലേക്കു നയിച്ചുകൊണ്ട്?
19 അഞ്ചാമത്തെ മുദ്രയുടെ പൊട്ടിക്കലിങ്കൽ, അദൃശ്യ ആത്മമണ്ഡലത്തിലെ ഒരു സംഭവം വെളിപ്പെടുത്തപ്പെടുന്നു. തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിച്ച അഭിഷിക്തക്രിസ്ത്യാനികൾക്ക് ഓരോരുത്തർക്കും ഒരു വെള്ള അങ്കി കൊടുക്കപ്പെടുന്നു. തെളിവനുസരിച്ച്, ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഇപ്പോൾ ഒരു യാഥാർത്ഥ്യമായിരിക്കുന്നതുകൊണ്ട് സ്വർഗ്ഗീയപുനരുത്ഥാനം തുടങ്ങിയിരിക്കുന്നു. (1 തെസ്സലോനീക്യർ 4:14-17; വെളിപ്പാട് 3:5) അനന്തരം ആറാം മുദ്ര തുറക്കപ്പെടുന്നു. സാത്താന്റെ ഭൗമികവ്യവസ്ഥിതിയായ “ഭൂമി” ഒരു വലിയ ഭൂകമ്പത്താൽ ഉലക്കപ്പെടുന്നു. (2 കൊരിന്ത്യർ 4:4) സാത്താന്റെ നിയന്ത്രണത്തിലുള്ള മനുഷ്യഭരണാധിപത്യമാകുന്ന “ആകാശം” എറിയപ്പെടാൻ യോഗ്യമായ ഒരു പഴയ ചുരുൾപോലെ ചുരുട്ടപ്പെടുന്നു. മത്സരികളായ മനുഷ്യർ ഭയചകിതരായി നിരാശയോടെ പാറക്കൂട്ടങ്ങളോട് നിലവിളിച്ചുപറയുന്നു: “ഞങ്ങളുടെമേൽ വീഴുകയും സിംഹാസനത്തിലിരിക്കുന്നവന്റെ മുഖത്തിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുകയും ചെയ്യേണമേ, എന്തുകൊണ്ടെന്നാൽ അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു, ആർക്കു നിൽക്കാൻകഴിയും?”—വെളിപ്പാട് 6:13, 14, 16, 17.
20. യഹോവയുടെയും കുഞ്ഞാടിന്റെയും ക്രോധത്തിന്റെ മഹാദിവസത്തിൽ ആർക്കു നിൽക്കാൻകഴിയും?
20 ആർക്കു നിൽക്കാൻ കഴിയും? യേശു ആ ചോദ്യത്തിന് ഉത്തരംനൽകിക്കഴിഞ്ഞു. “ആത്മാവ് സഭകളോടു പറയുന്നത് കേൾക്കുന്ന”വർ ആ മഹാക്രോധദിവസത്തിൽ നിൽക്കും. ഇതു സ്ഥിരീകരിക്കുന്നതിന് “മഹോപദ്രവത്തെ” അതിജീവിക്കുന്നതിന് 1,44,000-ത്തിന്റെ അവസാനത്തവരുടെ മുദ്രയിടീലിനെയും സകല ജനതകളിൽനിന്നുമുള്ള മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പിനെയുംകുറിച്ച് യോഹന്നാൻ തുടർന്നു മനസ്സിലാക്കുന്നു. (വെളിപ്പാട് 7:1-3, 14) എന്നാൽ ചുരുളിലെ ഏഴാമത്തെ മുദ്ര പൊട്ടിക്കുന്നതിനും യോഹന്നാനും അവനിലൂടെ ഇന്നത്തെ നമുക്കും കൂടുതൽ നാടകീയമായ ദർശനങ്ങൾ കാണിച്ചുതരാനുമുള്ള സമയമാണ്. അടുത്ത ലേഖനം അവയിൽ ചിലതു ചർച്ചചെയ്യുന്നു. (w89 4/1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
□ യേശുവും സഭാമൂപ്പൻമാരുംതമ്മിലുള്ള ബന്ധമെന്താണ്?
□ പെർഗ്ഗമത്തിലും തുയഥൈരയിലുമുണ്ടായിരുന്ന മൂപ്പൻമാരെ എന്തു പ്രശ്നങ്ങൾ അഭിമുഖീകരിച്ചു, ഇന്നത്തെ സഭകളെ സമാനമായ പ്രശ്നങ്ങൾ എങ്ങനെ ബാധിച്ചിരിക്കുന്നു?
□ ലവോദിക്യസഭ ഏതു ഗൗരവമായ തെററു ചെയ്തു, ഇന്ന് നമുക്ക് സമാനമായ തെററ് ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാൻകഴിയും?
□ ക്രിസ്ത്യാനികൾക്ക് ഈ 20-ാംനൂററാണ്ടിൽ എങ്ങനെ സഹിച്ചുനിൽക്കേണ്ടിവന്നിട്ടുണ്ട്, യേശുവിന്റെ ഏതു വാഗ്ദത്തങ്ങൾ അങ്ങനെ ചെയ്യാൻ അവരെ സഹായിച്ചിരിക്കുന്നു?
□ ജനതകൾക്ക് അർമ്മഗെദ്ദോനിൽ അനുഭവപ്പെടാൻ പോകുന്ന നൈരാശ്യത്തെയും ആശയില്ലായ്മയെയും നമുക്ക് എങ്ങനെ ഒഴിവാക്കാൻകഴിയും?
[13-ാം പേജിലെ ചിതങ്ങൾ]
നാസി തടങ്കൽപാളയങ്ങളിൽ കഷ്ടപ്പെട്ട വിശ്വസ്തക്രിസ്ത്യാനികളിൽ ചിലർ
[10-ാം പേജിലെ ആകർഷകവാക്യം]
10 മുതൽ 21 വരെ പേജുകളിലുള്ള വിവരങ്ങൾ യഹോവയുടെ സാക്ഷികളുടെ 1988-ലെ ദിവ്യനീതി ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ “നിയമിതസമയം സമീപിച്ചിരിക്കുന്നു” എന്ന സിംപോസിയത്തിന്റെ പ്രാരംഭപ്രസംഗങ്ങളായി അവതരിപ്പിക്കപ്പെട്ടവയാണ്.