-
യഹോവയുടെ സ്വർഗീയ സിംഹാസനത്തിന്റെ ശോഭവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
മിന്നലുകളും നാദങ്ങളും ഇടിമുഴക്കങ്ങളും
12. യോഹന്നാൻ അടുത്തതായി എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു, “മിന്നലും നാദവും ഇടിമുഴക്കവും” എന്തനുസ്മരിപ്പിക്കുന്നു?
12 യോഹന്നാൻ അടുത്തതായി എന്തു കാണുകയും കേൾക്കുകയും ചെയ്യുന്നു? “സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു”. (വെളിപ്പാടു 4:5എ) യഹോവയുടെ സ്വർഗീയശക്തിയുടെ മററു ഭയങ്കരമായ പ്രത്യക്ഷതകളെ എത്രയധികം അനുസ്മരിപ്പിക്കുന്നത്! ഉദാഹരണത്തിന്, യഹോവ സീനായ് പർവതത്തിൽ ‘ഇറങ്ങിവന്നപ്പോൾ’ മോശ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; . . . കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി.”—പുറപ്പാടു 19:16-19.
13. യഹോവയുടെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന മിന്നലുകൾ എന്തിനെ ചിത്രീകരിക്കുന്നു?
13 കർത്താവിന്റെ ദിവസത്തിൽ യഹോവ തന്റെ ശക്തിയും സാന്നിധ്യവും ശ്രേഷ്ഠമായ ഒരു വിധത്തിൽ പ്രകടമാക്കുന്നു. അല്ല, അക്ഷരീയ മിന്നൽ മുഖേനയല്ല, കാരണം യോഹന്നാൻ കാണുന്നത് അടയാളങ്ങളാണ്. അപ്പോൾ മിന്നലുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? കൊളളാം, മിന്നൽപ്പിണരുകൾക്ക് പ്രകാശം വർഷിക്കാൻ കഴിയും, എന്നാൽ അവയ്ക്ക് ഒരുവനെ കൊന്നിടാനും കഴിയും. അതുകൊണ്ട് യഹോവയുടെ സിംഹാസനത്തിൽനിന്നു പുറപ്പെടുന്ന ഈ മിന്നലുകൾ തന്റെ ജനത്തിനു തുടർച്ചയായി നൽകിയിട്ടുളള പ്രകാശനത്തിന്റെ സ്ഫുരണങ്ങളെ, അതിലും പ്രധാനമായി, അവന്റെ പൊളളുന്ന ന്യായവിധി ദൂതുകളെ നന്നായി ചിത്രീകരിക്കുന്നു.—താരതമ്യം ചെയ്യുക: സങ്കീർത്തനം 18:14; 144:5, 6; മത്തായി 4:14-17; 24:27.
14. നാദങ്ങൾ ഇന്ന് എങ്ങനെ മുഴങ്ങിയിരിക്കുന്നു?
14 നാദങ്ങൾ സംബന്ധിച്ചെന്ത്? യഹോവ സീനായ് പർവതത്തിൽ ഇറങ്ങിയ സമയത്ത് ഒരു ശബ്ദം മോശയോടു സംസാരിച്ചു. (പുറപ്പാടു 19:19) സ്വർഗത്തിൽനിന്നുളള നാദങ്ങൾ വെളിപാടു പുസ്തകത്തിലുളള പല ആജ്ഞകളും വിളംബരങ്ങളും പുറപ്പെടുവിച്ചു. (വെളിപ്പാടു 4:1; 10:4, 8; 11:12; 12:10; 14:13; 16:1, 17; 18:4; 19:5; 21:3) ബൈബിൾ പ്രവചനങ്ങളും തത്ത്വങ്ങളും സംബന്ധിച്ച അവരുടെ ഗ്രാഹ്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് യഹോവ ഇന്നും തന്റെ ജനത്തിന് ആജ്ഞകളും വിളംബരങ്ങളും പുറപ്പെടുവിച്ചിരിക്കുന്നു. പ്രകാശനം നൽകുന്ന വിവരങ്ങൾ മിക്കപ്പോഴും സാർവദേശീയ കൺവെൻഷനുകളിൽ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്, അത്തരം ബൈബിൾസത്യങ്ങൾ തുടർന്നു ലോകവ്യാപകമായി പ്രഘോഷിക്കുകയും ചെയ്തിരിക്കുന്നു. സുവാർത്തയുടെ വിശ്വസ്ത പ്രസംഗകരെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “‘അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.’”—റോമർ 10:18.
15. കർത്താവിന്റെ ദിവസത്തിന്റെ ഈ ഭാഗത്തു സിംഹാസനത്തിൽനിന്ന് ഏത് ഇടിമുഴക്കങ്ങൾ പുറപ്പെട്ടിട്ടുണ്ട്?
15 സാധാരണ മിന്നലിനെ തുടർന്ന് ഇടിമുഴക്കം ഉണ്ടാകുന്നു. അക്ഷരാർഥ ഇടിമുഴക്കത്തെ “യഹോവയുടെ ശബ്ദം” എന്നു ദാവീദ് പരാമർശിച്ചു. (സങ്കീർത്തനം 29:3, 4) യഹോവ ദാവീദിനുവേണ്ടി അദ്ദേഹത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടിയപ്പോൾ യഹോവയിൽനിന്ന് ഇടിമുഴക്കം വന്നതായി പറയപ്പെട്ടു. (2 ശമൂവേൽ 22:14; സങ്കീർത്തനം 18:13) യഹോവ “നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ” ചെയ്യുമ്പോൾ അവന്റെ ശബ്ദം ഇടിമുഴക്കം പോലെ മുഴങ്ങിയെന്ന് എലീഹു ഇയ്യോബിനോടു പറഞ്ഞു. (ഇയ്യോബ് 37:4, 5) കർത്താവിന്റെ ദിവസത്തിന്റെ ഈ ഭാഗത്ത്, തന്റെ ശത്രുക്കൾക്കെതിരെ താൻ ചെയ്യാനിരിക്കുന്ന മഹാപ്രവൃത്തികൾ സംബന്ധിച്ച് യഹോവ മുന്നറിയിപ്പു ‘മുഴക്കി’യിരിക്കുന്നു. ഈ പ്രതീകാത്മക ഇടിമുഴക്കങ്ങൾ ഭൂമിയിലുടനീളം പ്രതിധ്വനിക്കുകയും വീണ്ടും മാറെറാലിക്കൊളളുകയും ചെയ്തിരിക്കുന്നു. മേഘഗർജനംപോലുളള ഈ വിളമ്പരങ്ങൾക്കു നിങ്ങൾ ശ്രദ്ധ കൊടുക്കുകയും അവയുടെ ശബ്ദം കൂട്ടാൻ നിങ്ങളുടെ നാവിനെ ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ സന്തുഷ്ടരാകുന്നു!—യെശയ്യാവു 50:4, 5; 61:1, 2.
ദീപങ്ങളും ഒരു കണ്ണാടിക്കടലും
16. “ഏഴു ദീപങ്ങൾ” എന്തിനെ അർഥമാക്കുന്നു?
16 യോഹന്നാൻ കൂടുതലായി എന്തു കാണുന്നു? ഇതുതന്നെ: “ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ.” (വെളിപ്പാടു 4:5ബി, 6എ) ഏഴു ദീപങ്ങളുടെ പൊരുൾ യോഹന്നാൻതന്നെ നമ്മോടു പറയുന്നു, ഇവ “ദൈവത്തിന്റെ ഏഴു ആത്മാക്ക”ളെ അർഥമാക്കുന്നു. ഏഴ് എന്ന സംഖ്യ ദിവ്യപൂർണതയെ പ്രതീകപ്പെടുത്തുന്നു; അതുകൊണ്ട് ഏഴു ദീപങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രകാശനശക്തിയുടെ തികവിനെ പ്രതിനിധാനം ചെയ്യേണ്ടതാണ്. ഈ പ്രകാശനവും ഭൂമിയിൽ ആത്മീയവിശപ്പുളള ജനങ്ങൾക്ക് അതു പകർന്നുകൊടുക്കാനുളള ഉത്തരവാദിത്വവും തങ്ങളെ ഭരമേൽപ്പിച്ചതിൽ യോഹന്നാൻവർഗം ഇന്ന് എത്ര നന്ദിയുളളവരാണ്! നൂറിലധികം ഭാഷകളിലായി ഓരോ വർഷവും വീക്ഷാഗോപുരം മാസികയുടെ 38 കോടിയിലധികം പ്രതികൾ ഈ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നതിൽ നാം എത്ര സന്തോഷമുളളവരാണ്!—സങ്കീർത്തനം 43:3.
-