മെച്ചപ്പെട്ട സമയങ്ങൾ മുന്നിൽ
“ഞങ്ങളുടെ സ്ഥിതി ഒന്ന്-പൂജ്യം-ഒന്ന് ആണ്,” ഒരു സ്ത്രീ പറഞ്ഞു.
“എന്റെ കാര്യം അതിലും കഷ്ടമാണ്. പൂജ്യം-പൂജ്യം-ഒന്ന് ആണ് എന്റെ സ്ഥിതി,” അവളുടെ സുഹൃത്തു മറുപടി പറയുന്നു.
പശ്ചിമ ആഫ്രിക്കയുടെ ചില ഭാഗത്ത് അത്തരം ഹ്രസ്വ സംഭാഷണത്തിനു വിശദീകരണത്തിന്റെ ആവശ്യമില്ല. ദിവസത്തിൽ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനു പകരം (ഒന്ന്-ഒന്ന്-ഒന്ന്), ഒന്ന്-പൂജ്യം-ഒന്ന് എന്ന സ്ഥിതിയിലുള്ള ഒരു വ്യക്തിക്ക് ഒരു ദിവസത്തിൽ രണ്ടു തവണയേ ഭക്ഷണം കഴിക്കാൻ വകയുള്ളൂ—രാവിലെയും വൈകിട്ടും. പൂജ്യം-പൂജ്യം-ഒന്ന് എന്ന സ്ഥിതിയിലുള്ള ചെറുപ്പക്കാരൻ തന്റെ സ്ഥിതി വിശദീകരിക്കുന്നു: “ഞാൻ ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നു. ഫ്രിഡ്ജിൽ വെള്ളം നിറച്ചുവയ്ക്കുന്നു. രാത്രിയിൽ കിടക്കുന്നതിനുമുമ്പു ഞാൻ ഗാരീ [കപ്പ] കഴിക്കുന്നു. അങ്ങനെയാണു ഞാൻ ഈ സ്ഥിതിഗതിയെ നേരിടുന്നത്.”
ഇന്ന് അധികം ആളുകളുടെയും സ്ഥിതി അതാണ്. വില കൂടുന്നതനുസരിച്ചു പണത്തിന്റെ മൂല്യം നശിക്കുന്നു.
ഭക്ഷ്യദൗർലഭ്യം മുൻകൂട്ടിപ്പറഞ്ഞിരുന്നു
അപ്പോസ്തലനായ യോഹന്നാനു നൽകിയ ദർശനങ്ങളുടെ പരമ്പരയിൽ, ഇന്ന് അനേകർ അഭിമുഖീകരിക്കുന്ന പ്രയാസകരമായ അവസ്ഥയെപ്പറ്റി ദൈവം മുൻകൂട്ടിപ്പറഞ്ഞു. അതിലൊന്നു ഭക്ഷ്യദൗർലഭ്യമായിരിക്കും. യോഹന്നാൻ വിശദീകരിക്കുന്നു: “ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.” (വെളിപ്പാടു 6:5) ഈ ഭാഗ്യദോഷമുള്ള കുതിരയും കുതിരക്കാരനും ക്ഷാമത്തെ ചിത്രീകരിക്കുന്നു—ദൗർലഭ്യം നിമിത്തം ഭക്ഷണം റേഷൻ നിരക്കിൽ അളന്നേ ലഭിക്കുകയുള്ളൂ.
അടുത്തതായി അപ്പോസ്തലനായ യോഹന്നാൻ പറയുന്നു: “ഒരു പണത്തിന്നു [“ദിനാറയ്ക്ക്,” NW] ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു [“ദിനാറയ്ക്ക്,” NW] മൂന്നിടങ്ങഴി യവം . . . എന്നു . . . ഒരു ശബ്ദം ഞാൻ കേട്ടു.” യോഹന്നാന്റെ നാളിൽ ഒരിടങ്ങഴി ഗതമ്പ് ഒരു പടയാളിയുടെ ഒരു ദിവസത്തേക്കുള്ള റേഷനായിരുന്നു. ഒരു ദിനാറ ഒരു ദിവസത്തെ കൂലിയായി നൽകിയിരുന്ന പണമായിരുന്നു. തൻമൂലം, റിച്ചാർഡ് വാമത്തിന്റെ ഭാഷാന്തരം ഈ വാക്യത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ഒരു കഷണം റൊട്ടിക്ക് ഒരു മുഴു ദിവസക്കൂലി, മൂന്നു ബാർലി അപ്പത്തിന് ഒരു മുഴു ദിവസക്കൂലി.”—വെളിപ്പാടു 6:6.
ഇന്ന് ഒരു മുഴു ദിവസക്കൂലി എത്രയാണ്? ലോകജനസംഖ്യയുടെ അവസ്ഥ, 1994 (ഇംഗ്ലീഷ്) എന്ന റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഏതാണ്ട് 110 കോടി ജനങ്ങൾ, വികസ്വര ലോകജനസംഖ്യയുടെ 30 ശതമാനം, ഒരു ദിവസം 1 ഡോളർ കൊണ്ടാണു ജീവിതം കഴിച്ചുകൂട്ടുന്നത്.” അതുകൊണ്ട്, ലോകത്തിലെ ദരിദ്രർക്ക് ഒരു ദിവസത്തെ കൂലി ഏതാണ്ട് ഒരു പൊതി റൊട്ടി വാങ്ങാനുള്ളതേ ഉള്ളൂ.
വളരെ ദരിദ്രരായവരെ ഇത് ആശ്ചര്യപ്പെടുത്തുന്നില്ല. “റൊട്ടിയോ!” ഒരു മനുഷ്യൻ അത്ഭുതം പ്രകടിപ്പിച്ചു. റൊട്ടിവാങ്ങാൻ ആർക്കാണു വകയുള്ളത്? ഇന്നത്തെക്കാലത്തു റൊട്ടി ഒരു വിശിഷ്ട ഭോജനമാണ്!”
വിരോധാഭാസമെന്നു പറയട്ടെ, ഭക്ഷ്യവസ്തുക്കൾക്കു ദൗർലഭ്യമില്ല. യുഎൻ വൃത്താന്തങ്ങൾ പറയുന്നപ്രകാരം കഴിഞ്ഞ പത്തു വർഷക്കാലം ലോകത്തിന്റെ ഭക്ഷ്യോത്പാദനം 24 ശതമാനം വർധിച്ചിരിക്കുന്നു. അത് ലോക ജനസംഖ്യയുടെ വർധനവിനെക്കാൾ അധികമായിരുന്നു. എന്നിരുന്നാലും, ഭക്ഷ്യവസ്തുക്കളിലുണ്ടായ ഈ വർധനവ് എല്ലാവർക്കും ആസ്വദിക്കാനായില്ല. ദൃഷ്ടാന്തത്തിന്, ആഫ്രിക്കയിൽ ഭക്ഷ്യോത്പാദനം 5 ശതമാനം കുറഞ്ഞു, അതേസമയം ജനസംഖ്യ 34 ശതമാനം വർധിച്ചു. തൻമൂലം ആഗോളവ്യാപകമായി ഭക്ഷ്യവസ്തുക്കളിൽ വർധനവുണ്ടായിട്ടും അനേക രാജ്യങ്ങളിലും ഭക്ഷ്യദൗർലഭ്യം തുടരുന്നു.
ഭക്ഷ്യദൗർലഭ്യം ഉണ്ടാകുമ്പോൾ വിലയും ഉയരും. തൊഴിലില്ലായ്മയും താഴ്ന്ന വേതനവും കുതിച്ചുയരുന്ന പണപ്പെരുപ്പവും ലഭ്യമായ വസ്തുക്കൾ വാങ്ങുന്നതിനു പണം കണ്ടെത്തുക പ്രയാസകരമാക്കിത്തീർക്കുന്നു. “ജനങ്ങൾ വിശന്നുവലയുന്നതു ഭക്ഷണം ലഭ്യമല്ലാത്തതുകൊണ്ടല്ല—മറിച്ച്, അവർക്കതിനു വകയില്ലാത്തതുകൊണ്ടാണ്” എന്നു മനുഷ്യ വികസന റിപ്പോർട്ട് 1994 പ്രസ്താവിക്കുന്നു.
നിസ്സഹായതയും ഇച്ഛാഭംഗവും നിരാശയും വർധിച്ചുവരുന്നു. “ഇന്നു സ്ഥിതിഗതികൾ മോശമാണ്, എന്നാൽ നാളെ സ്ഥിതി ഇതിലും വഷളാവുകയേ ഉള്ളൂ എന്ന തോന്നൽ ജനങ്ങൾക്കുണ്ട്” എന്നു പശ്ചിമ ആഫ്രിക്കയിൽ താമസിക്കുന്ന ഗ്ലോറി പറഞ്ഞു. “തങ്ങൾ ഒരു വിനാശത്തെ അഭിമുഖീകരിക്കുകയാണെന്നു ജനങ്ങൾക്കു തോന്നുന്നു. ചന്തയിൽ ഒന്നും അവശേഷിക്കാത്ത നാൾ വരുമെന്നും അവർക്കു തോന്നുന്നു” എന്നു മറ്റൊരു സ്ത്രീ പറഞ്ഞു.
യഹോവ കഴിഞ്ഞകാലത്തു തന്റെ ജനത്തിനുവേണ്ടി കരുതി
യഹോവ തന്റെ വിശ്വസ്തർക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകുകയും പ്രയാസകരമായ സാഹചര്യങ്ങൾ തരണംചെയ്യുന്നതിന് ആവശ്യമായ ബലം പ്രദാനംചെയ്യുകയും ചെയ്തുകൊണ്ടു പ്രതിഫലം നൽകുന്നുവെന്നതു ദൈവദാസർക്ക് അറിവുള്ള കാര്യമാണ്. കരുതുന്നതിനുള്ള ദൈവത്തിന്റെ പ്രാപ്തിയിലുള്ള അത്തരം ആത്മവിശ്വാസം വാസ്തവത്തിൽ അവരുടെ വിശ്വാസത്തിന്റെ കാതലായ ഭാഗമാണ്. അപ്പോസ്തലനായ പൗലോസ് എഴുതി: “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.
യഹോവ തന്റെ വിശ്വസ്ത ദാസൻമാർക്കുവേണ്ടി എല്ലായ്പോഴും കരുതിയിട്ടുണ്ട്. മൂന്നരവർഷം നീണ്ടുനിന്ന വരൾച്ചയിൽ യഹോവ തന്റെ പ്രവാചകനായ ഏലിയാവിനു ഭക്ഷണം പ്രദാനം ചെയ്തു. തുടക്കത്തിൽ, ഏലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കുന്നതിനു ദൈവം മലങ്കാക്കകളോടു കൽപ്പിച്ചു. (1 രാജാക്കൻമാർ 17:2-6) പിന്നീട്, ഏലിയാവിനു ഭക്ഷണം പ്രദാനംചെയ്ത ഒരു വിധവയുടെ മാവും എണ്ണയും തീരാതവണ്ണം യഹോവ അത്ഭുതകരമായി ക്രമീകരണം ചെയ്തു. (1 രാജാക്കൻമാർ 17:8-16) ഭക്ഷ്യക്ഷാമത്തിന്റെ ആ നാളുകളിൽത്തന്നെ ദുഷ്ട രാജ്ഞിയായ ഇസബേൽ മതത്തിന്റെപേരിൽ പ്രവാചകൻമാരുടെമേൽ വരുത്തിയ തീവ്രമായ പീഡനങ്ങൾക്കിടയിലും അവർക്ക് അപ്പവും വെള്ളവും ലഭിച്ചുവെന്നു യഹോവ ഉറപ്പുവരുത്തി.—1 രാജാക്കൻമാർ 18:13.
പിന്നീട്, ബാബിലോനിലെ രാജാവ് വിശ്വാസത്യാഗം ഭവിച്ച യെരുശലേമിനെ ഉപരോധിച്ചപ്പോൾ ജനങ്ങൾ “ഭയത്തോടെ അപ്പം തൂക്കി ഭക്ഷി”ക്കേണ്ടതിന് ഇടയായി. (എസെക്കിയേൽ 4:16, പി.ഒ.സി. ബൈബിൾ) ചില സ്ത്രീകൾ തങ്ങളുടെതന്നെ മക്കളുടെ ജഡം ഭക്ഷിക്കാൻ പോന്നവിധം സാഹചര്യം അത്ര നിരാശാജനകമായിരുന്നു. (വിലാപങ്ങൾ 2:20) എന്നാൽ, പ്രവാചകനായ യിരെമ്യാവ് പ്രസംഗവേല നിമിത്തം അറസ്റ്റിലായിരുന്നെങ്കിലും “നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടു”ക്കുന്നുവെന്നു യഹോവ ഉറപ്പുവരുത്തി.—യിരെമ്യാവു 37:21.
അപ്പത്തിന്റെ വിതരണം തീർന്നുപോയപ്പോൾ യഹോവ യിരെമ്യാവിനെ മറന്നുപോയോ? സ്പഷ്ടമായും ഇല്ല, കാരണം ആ പട്ടണം ബാബിലോന്യരുടെ മുമ്പാകെ നിലംപതിച്ചപ്പോൾ യിരെമ്യാവിനു “ഭക്ഷണവും സമ്മാനവും നല്കി . . . യാത്രയാക്കി.”—യിരെമ്യാവു 40:5, 6; സങ്കീർത്തനം 37:25 കൂടെ കാണുക.
ദൈവം ഇന്നു തന്റെ ദാസരെ പിന്തുണയ്ക്കുന്നു
കഴിഞ്ഞ തലമുറകളിൽ യഹോവ തന്റെ ദാസരെ പുലർത്തിയപോലെതന്നെ അവരുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ നിവർത്തിച്ചുകൊണ്ട് അവൻ ഇന്നും അവരെ പരിപാലിക്കുന്നു. ഉദാഹരണത്തിന്, പശ്ചിമ ആഫ്രിക്കയിൽ ജീവിക്കുന്ന ലാമിറ്റൂണ്ടെയുടെ അനുഭവമെടുക്കുക. അദ്ദേഹം വിവരിക്കുന്നു: “എനിക്കു സ്വന്തമായി ഒരു വലിയ കോഴിവളർത്തൽ കേന്ദ്രം ഉണ്ടായിരുന്നു. ഒരു ദിവസം സായുധരായ കള്ളൻമാർ കോഴിവളർത്തൽ കേന്ദ്രത്തിലേക്കു വന്ന് കോഴികളിൽ അധികപങ്കും ജനറേറ്ററും ഞങ്ങളുടെ പക്കലുണ്ടായിരുന്ന പണവും മോഷ്ടിച്ചു കൊണ്ടുപോയി. അതുകഴിഞ്ഞ് ഉടൻതന്നെ ശേഷിച്ച കോഴികളും രോഗം ബാധിച്ചു ചത്തുപോയി. അത് എന്റെ കോഴിവളർത്തൽ ബിസിനസ്സ് താറുമാറാക്കി. ഒരു തൊഴിൽ കണ്ടെത്താൻ ഞാൻ രണ്ടു കൊല്ലം കുറെ കഷ്ടപ്പെട്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കാര്യാദികൾ വാസ്തവത്തിൽ ദുഷ്കരമായിരുന്നു, എന്നാൽ യഹോവ ഞങ്ങളെ പരിപാലിച്ചു.
“നമ്മെ ശുദ്ധീകരിക്കാൻ യഹോവ കാര്യങ്ങളെ അനുവദിക്കുന്നു എന്നു തിരിച്ചറിഞ്ഞതാണു പ്രയാസകരമായ സാഹചര്യങ്ങൾ തരണം ചെയ്യാൻ എന്നെ സഹായിച്ചത്. ഞാനും ഭാര്യയും ഞങ്ങളുടെ കുടുംബ ബൈബിളധ്യയനം തുടർന്നു നടത്തി, അതു ഞങ്ങളെ വാസ്തവമായും സഹായിച്ചു. പ്രാർഥനയും ബലത്തിന്റെ ഒരു വലിയ ഉറവായിരുന്നു. ചിലപ്പോഴൊക്കെ എനിക്കു പ്രാർഥിക്കാൻ തോന്നിയില്ല എന്നാൽ ഞാൻ പ്രാർഥിച്ചപ്പോഴൊക്കെ എനിക്കു സുഖംതോന്നി.
“പ്രയാസമേറിയ ആ കാലഘട്ടത്തിൽ, തിരുവെഴുത്തുകളെപ്പറ്റി ധ്യാനിക്കുന്നതിന്റെ മൂല്യം ഞാൻ തിരിച്ചറിഞ്ഞു. യഹോവയെ ഒരു ഇടയനായി വർണിക്കുന്ന 23-ാമത്തെ സങ്കീർത്തനത്തെപ്പറ്റി ഞാൻ ധാരാളം ചിന്തിക്കുക പതിവായിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ച മറ്റൊരു തിരുവെഴുത്തായിരുന്നു ഫിലിപ്പിയർ 4:6, 7. “സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാന”ത്തെപ്പറ്റി അതു പറയുന്നു. എന്നെ ബലപ്പെടുത്തിയ മറ്റൊരു ഭാഗമാണു 1 പത്രൊസ് 5:6, 7. അവിടെ ഇങ്ങനെ പറയുന്നു: ‘അവൻ തക്ക സമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.’ ഈ വാക്യങ്ങളെല്ലാം പ്രയാസകരമായ ആ സമയങ്ങളിൽ എന്നെ സഹായിച്ചു. ധ്യാനിക്കുമ്പോൾ വിഷാദ കാരണമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽനിന്നു മാറ്റിയെടുക്കാൻ നിങ്ങൾക്കു കഴിയും.
“ഇപ്പോൾ എനിക്കു വീണ്ടും തൊഴിൽ ലഭിച്ചിരിക്കുന്നു, എന്നാൽ തുറന്നു പറയട്ടെ, കാര്യങ്ങൾ അത്ര എളുപ്പമല്ല. 2 തിമോത്തി 3:1-5-ൽ (NW) ബൈബിൾ പ്രവചിച്ചിരിക്കുന്നതുപോലെതന്നെ “ഇടപെടാൻ പ്രയാസമേറിയ സമയങ്ങൾ” എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന “അന്ത്യകാല”ത്താണു നാം ജീവിക്കുന്നത്. തിരുവെഴുത്തുകൾ പറയുന്നതു നമുക്കു തിരുത്താനാവില്ല. തൻമൂലം ജീവിതം സുകരമായിരിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നില്ല. എങ്കിലും തരണംചെയ്യാൻ യഹോവയുടെ ആത്മാവ് എന്നെ സഹായിക്കുന്നതായി എനിക്കു തോന്നുന്നു.”
നാം ജീവിക്കുന്ന പ്രയാസമേറിയ കാലങ്ങളിൽപ്പോലും യഹോവയിലും അവന്റെ രാജപുത്രനായ യേശുക്രിസ്തുവിലും ആശ്രയിക്കുന്നവർ നിരാശരാകുകയില്ല. (റോമർ 10:11) യേശുതന്നെയും നമുക്ക് ഉറപ്പേകുന്നു: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു?”—മത്തായി 6:25-28.
ഈ പ്രയാസമേറിയ കാലങ്ങളിൽ അതു തീർച്ചയായും ഹൃദയഭേദകമായ ചോദ്യങ്ങളാണ്. എന്നാൽ ഉറപ്പേകുന്ന ഈ വാക്കുകളിൽ യേശു തുടർന്നു പറഞ്ഞു: “വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:28-33.
മെച്ചപ്പെട്ട സമയങ്ങൾ മുന്നിൽ
ലോകത്തിന്റെ അനേക ഭാഗങ്ങളിലും അധഃപതിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക, സാമുദായിക അവസ്ഥകൾ തുടർന്നും വഷളാകുമെന്നതിന്റെ എല്ലാ സൂചനകളുമുണ്ട്. എങ്കിലും, ഈ അവസ്ഥകൾ താത്കാലികമാണെന്നു ദൈവജനം തിരിച്ചറിയുന്നു. ശലോമോൻ രാജാവിന്റെ മഹത്തായ ഭരണം ശലോമോനെക്കാൾ വലിയ ഒരു രാജാവ് മുഴു ഭൂമിയിലും നീതിയിൽ ഭരിക്കുമെന്നതിനെ മുൻനിഴലാക്കി. (മത്തായി 12:42) ആ രാജാവ്, “രാജാധിരാജാവും കർത്താധികർത്താവു”മായ ക്രിസ്തുയേശുവാണ്.—വെളിപ്പാടു 19:16.
ശലോമോൻ രാജാവിൽ പ്രാരംഭ നിവൃത്തിയുണ്ടായ സങ്കീർത്തനം 72 യേശുക്രിസ്തുവിന്റെ മഹനീയ ഭരണത്തെ വർണിക്കുന്നു. ക്രിസ്തു രാജാവായിക്കൊണ്ടുള്ള ഭൂമിയുടെ ഭാവി സംബന്ധിച്ച് അതു മുൻകൂട്ടിപ്പറയുന്ന മഹത്തായ ചില കാര്യങ്ങൾ പരിചിന്തിക്കുക.
ലോകവ്യാപകമായി സമാധാനപരമായ അവസ്ഥകൾ: “അവന്റെ കാലത്തു നീതിമാൻമാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.”—സങ്കീർത്തനം 72:7, 8.
എളിയവരോടു പരിഗണന: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും. ദരിദ്രൻമാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും. അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:12-14.
സമൃദ്ധമായി ഭക്ഷണം: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
യഹോവയുടെ മഹത്ത്വം ഭൂമിയിൽ നിറയും: “താൻമാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയാം ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ.”—സങ്കീർത്തനം 72:18, 19.
അതുകൊണ്ട്, മെച്ചപ്പെട്ട കാലങ്ങൾ മുന്നിലുണ്ടെന്നു തീർച്ചയാണ്.