വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb99 പേ. 148-223
  • മലാവി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മലാവി
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1999
  • ഉപതലക്കെട്ടുകള്‍
  • മലാവി​യു​ടെ ഒരു വീക്ഷണം
  • ‘പുല്ലിന്‌ കാട്ടുതീ പിടി​ച്ചതു പോലെ’
  • “വാച്ച്‌ ടവർ പ്രസ്ഥാ​നങ്ങൾ” ആശയക്കു​ഴപ്പം സൃഷ്ടി​ക്കു​ന്നു
  • വേല സംഘടി​പ്പി​ക്കൽ
  • രാജ്യത്ത്‌ ഒരു സ്ഥിരം പ്രതി​നി​ധി
  • സോംബ ഡിപ്പോ​യി​ലെ പുതിയ നിയമനം
  • സംഘട​നയെ ശുദ്ധീ​ക​രി​ക്കൽ
  • മലാവി​യെ ഉണർത്തു​ന്നു
  • ഒരു പ്രത്യേക സന്ദർശനം
  • ബ്രാഞ്ച്‌ പ്രവർത്ത​നങ്ങൾ ആരംഭി​ക്കു​ന്നു
  • “എനിക്ക്‌ ഇതു സഹിച്ചു​നിൽക്കാൻ ആവില്ല!”
  • പക്വത​യുള്ള കൂടുതൽ തദ്ദേശ സഹോ​ദ​ര​ങ്ങൾ
  • മിഷന​റി​മാർ വർധന​വിന്‌ ആക്കം കൂട്ടുന്നു
  • യൂറോ​പ്യ​ന്മാർക്കു സാക്ഷ്യം ലഭിക്കു​ന്നു
  • “പ്രോ​ത്സാ​ഹന കൈമാ​റ്റം”
  • യഹോ​വയെ പാടി സ്‌തു​തി​ക്കൽ
  • ബ്രാഞ്ചി​നു പുതിയ സൗകര്യ​ങ്ങൾ
  • പ്രോ​ത്സാ​ഹ​ജ​ന​ക​മായ സന്ദർശനം
  • കുഴപ്പ​ത്തി​ന്റെ കാലൊ​ച്ച​കൾ
  • പരി​ശോ​ധ​ന​യിൻ കീഴിൽ ദൃഢവി​ശ്വ​സ്‌തത
  • നമ്മുടെ നിലപാ​ടു വ്യക്തമാ​ക്കാ​നുള്ള ശ്രമങ്ങൾ
  • ശാന്തത​യു​ടെ ഒരു ഹ്രസ്വ കാലഘട്ടം
  • അവസ്ഥ വീണ്ടും വഷളാ​കു​ന്നു
  • നിരോ​ധി​ക്ക​പ്പെ​ടു​ന്നു!
  • മുൻകൂ​ട്ടി​യുള്ള ഒരുക്ക​ത്തി​ന്റെ നേട്ടം
  • മിഷന​റി​മാ​രെ രാജ്യ​ത്തു​നിന്ന്‌ പുറത്താ​ക്കു​ന്നു
  • വീണ്ടും കൊടും​ക്രൂ​ര​തകൾ
  • നിരോ​ധ​ന​ത്തോ​ടുള്ള പ്രതി​ക​ര​ണം
  • രഹസ്യ​ത്തി​ലുള്ള പ്രവർത്ത​നം
  • “പുതിയ പ്രദേ​ശങ്ങൾ”ക്കു സാക്ഷ്യം ലഭിക്കു​ന്നു
  • ഇംഗ്ലീഷ്‌ സഭയിലെ പ്രവർത്ത​നം
  • ബ്ലാ​ന്റൈ​റി​ലെ കോട​തി​ക്കേ​സു​കൾ
  • മൂന്നാ​മത്തെ അക്രമ​പ​ര​മ്പ​ര​യ്‌ക്കു വഴിമ​രു​ന്നി​ടു​ന്നു
  • ആയിരങ്ങൾ പലായനം ചെയ്യുന്നു
  • മൊസാ​മ്പി​ക്കിൽ അഭയം
  • ക്യാമ്പു​ക​ളി​ലെ സംഘാ​ട​നം
  • വീണ്ടും വേട്ടയാ​ട​പ്പെ​ടു​ന്നു!
  • കൂട്ട​ത്തോ​ടെ ജയിലി​ലേക്കു കൊണ്ടു​പോ​കു​ന്നു
  • ‘ദൈവ​വ​ച​ന​ത്തിന്‌ ബന്ധനം ഇല്ല’
  • നിരോ​ധന സമയത്ത്‌ യഹോ​വയെ സേവി​ക്കു​ന്നു
  • ധീര സഞ്ചാര​സേ​വ​കർ
  • ഒരു പതിവു “വിനോദ സഞ്ചാരി”
  • സഞ്ചാര​സേ​വ​കരെ സഹായി​ക്കൽ
  • ഒരു അപൂർവ സഭ
  • “ആരോ​ഗ്യ​പ്ര​ദ​മായ” ആഹാരം
  • നമ്മുടെ സഹോ​ദ​രങ്ങൾ ആദരവു നേടുന്നു
  • അനൗപ​ചാ​രിക സാക്ഷീ​ക​ര​ണം
  • “പ്രിയ അങ്കിൾ”
  • രാഷ്‌ട്രീയ മാറ്റങ്ങൾ
  • “യഹോവ അത്ഭുത​വാ​നായ ഒരു ദൈവ​മാണ്‌!”
  • ഒരു പ്രത്യേക പ്രചാരണ പരിപാ​ടി
  • വേല പുനഃ​സം​ഘ​ടി​പ്പി​ക്കൽ
  • കൂടു​ത​ലായ സഹായം എത്തുന്നു
  • “സന്തുഷ്ട സ്‌തു​തി​പാ​ഠകർ”
  • ബ്രാഞ്ച്‌ പ്രവർത്ത​നങ്ങൾ വീണ്ടും തുടങ്ങു​ന്നു
  • യഹോവ വളരു​മാ​റാ​ക്കു​ന്നു
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1999
yb99 പേ. 148-223

മലാവി

ആഫ്രി​ക്ക​യു​ടെ ഊഷ്‌മ​ള​മായ ഹൃദയ​ഭാ​ഗ​ത്തേക്കു സ്വാഗതം! വശ്യമായ കാലാ​വ​സ്ഥ​യുള്ള, സ്‌നേ​ഹ​ശീ​ല​രായ ആളുകൾ അധിവ​സി​ക്കുന്ന മലാവി വാസ്‌ത​വ​ത്തിൽ ആകർഷ​ക​മായ ഒട്ടേറെ സംഗതി​ക​ളുള്ള ഹൃദ്യ​മായ ഒരു രാജ്യ​മാണ്‌. അവിടെ പലർക്കും വിശേ​ഷാൽ ആകർഷ​ക​മാ​യി​രി​ക്കു​ന്നത്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ 40,000-ത്തിലധി​കം വരുന്ന സാക്ഷികൾ ഘോഷി​ക്കുന്ന ബൈബിൾ സത്യത്തി​ന്റെ ഊഷ്‌മള സന്ദേശ​മാണ്‌.

എന്നാൽ, ഈ എളിയ ദൈവ​ദാ​സർക്കു കടുത്ത പീഡനം സഹി​ക്കേ​ണ്ടി​വ​ന്നത്‌ ഏറെക്കാ​ലം മുമ്പൊ​ന്നു​മല്ല. ഊഷ്‌മള സൗഹൃ​ദ​ഭാ​വം കാണി​ക്കു​ന്ന​തി​നു പകരം അയൽക്കാർ അവരോ​ടു ചെയ്‌ത കൊടും​ക്രൂ​ര​തകൾ, യഹൂദ​ന്മാർക്ക്‌ എതിരെ നടന്ന ആസൂ​ത്രിത കൂട്ട​ക്കൊ​ല​യെ​യും മധ്യയു​ഗ​ങ്ങ​ളി​ലെ മതവി​ചാ​ര​ണ​യെ​യും അനുസ്‌മ​രി​പ്പി​ക്കു​ന്ന​താണ്‌. അവർ അനുഭ​വിച്ച കഷ്ടതക​ളും അവ സഹിച്ചു​നിന്ന വിധവും സംബന്ധിച്ച ചരിത്രം, പീഡന​ത്തിൻ മധ്യേ​യുള്ള ദൃഢവി​ശ്വ​സ്‌ത​ത​യു​ടെ വിശി​ഷ്ടോ​ദാ​ഹ​രണം ആണ്‌. ആ കഥയി​ലേക്കു കടക്കു​ന്ന​തി​നു മുമ്പ്‌, മലാവി​യെ കുറിച്ച്‌ ഏതാനും കാര്യങ്ങൾ പരിചി​ന്തി​ക്കാം.

മലാവി​യു​ടെ ഒരു വീക്ഷണം

മലാവി വളരെ ചെറിയ ഒരു രാജ്യ​മാ​ണെ​ങ്കി​ലും, അവിടെ മനോ​ഹ​ര​വും വൈവി​ധ്യ​മാർന്ന​തു​മായ പർവത​ങ്ങ​ളും നദിക​ളും തടാക​ങ്ങ​ളും ഉണ്ട്‌. രാജ്യ​ത്തി​ന്റെ തെക്കുള്ള മലാൻയി പർവതം പ്രത്യേ​കാൽ ഗംഭീ​ര​മാണ്‌. താഴ്‌വ​ര​ക​ളി​ലെ ഹരിതാ​ഭ​മായ തേയി​ല​ത്തോ​ട്ട​ങ്ങൾക്കു നടുവിൽ പ്രൗഢി​യോ​ടെ തല ഉയർത്തി​നിൽക്കുന്ന, സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 3,002 മീറ്റർ ഉയരമുള്ള, ഇത്‌ ഈ ആഫ്രിക്കൻ മേഖല​യി​ലെ ഏറ്റവും ഉയരമുള്ള പർവത​മാണ്‌. എന്നാൽ, ഒരുപക്ഷേ ഏറ്റവും അറിയ​പ്പെ​ടുന്ന ആകർഷക സ്ഥാനം 580 കിലോ​മീ​റ്റർ നീളമുള്ള മലാവി തടാക​മാണ്‌. പ്രസിദ്ധ പര്യ​വേ​ക്ഷ​ക​നായ ഡേവിഡ്‌ ലിവി​ങ്‌സ്റ്റൺ അതിനെ “നക്ഷത്ര​ത്ത​ടാ​കം” എന്നു വിളി​ച്ചത്‌, സൂര്യ​കി​ര​ണ​ങ്ങ​ളേറ്റു മിന്നി​ത്തി​ള​ങ്ങുന്ന അതിന്റെ ഉപരി​ത​ല​ത്തി​ന്റെ പ്രത്യേ​ക​ത​കൊ​ണ്ടാ​യി​രു​ന്നു. നൂറു കണക്കിനു വ്യത്യസ്‌ത ഇനം മത്സ്യങ്ങളെ ഈ തടാക​ത്തിൽ കാണാം. ലോക​ത്തി​ലെ മറ്റേ​തൊ​രു ശുദ്ധജല തടാക​ത്തിൽ ഉള്ളതി​നെ​ക്കാ​ളും മത്സ്യയി​നങ്ങൾ ഇതിലു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു.

മലാവി​യി​ലെ 11 ദശലക്ഷം വരുന്ന നിവാ​സി​ക​ളു​ടെ സൗഹൃ​ദ​ഭാ​വം ഹൃദ്യ​മാണ്‌. അവർ വിശാ​ല​മാ​യി പുഞ്ചിരി തൂകു​ക​യും സഹായി​ക്കാ​നുള്ള മനസ്സൊ​രു​ക്കം കാണി​ക്കു​ക​യും ചെയ്യുന്നു. ദൈവ​വ​ച​ന​ത്തോ​ടുള്ള പ്രിയ​വും പ്രകട​മാണ്‌. ബൈബിൾ, മലാവി​യി​ലെ പ്രധാന ഭാഷക​ളായ ചിച്ചെവ, യാവു, തൂമ്പൂക്ക എന്നിവ​യിൽ നൂറു​ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ലഭ്യമാണ്‌. മിക്കവാ​റും എല്ലാ വീടു​ക​ളി​ലും ബൈബി​ളി​ന്റെ ഒരു പ്രതി ഉണ്ട്‌. പലരും അതു പതിവാ​യി വായി​ക്കു​ന്നു​മുണ്ട്‌. മലാവി​ക്കാർ മിക്കവ​രും ഭൗതി​ക​മാ​യി ദരി​ദ്ര​രാണ്‌. എങ്കിലും, യഹോ​വ​യു​ടെ സാക്ഷികൾ നൽകുന്ന സഹായം സ്വീക​രി​ക്കു​ക​വഴി അവരിൽ ചിലർ തങ്ങളുടെ ബൈബി​ളി​ന്റെ പേജു​ക​ളി​ലെ വലിയ ആത്മീയ സമ്പത്തു കണ്ടെത്തി​യി​രി​ക്കു​ന്നു.

മലാവി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ തുടക്കം ഈ നൂറ്റാ​ണ്ടി​ന്റെ ആദ്യ ഘട്ടത്തി​ലാ​യി​രു​ന്നു. വളരെ സവി​ശേ​ഷ​മായ ഒരു വിധത്തി​ലാണ്‌ സാക്ഷി​ക​ളു​ടെ പ്രവർത്തനം മലാവി​യിൽ തുടങ്ങി​യത്‌.

‘പുല്ലിന്‌ കാട്ടുതീ പിടി​ച്ചതു പോലെ’

മലാവി​യി​ലെ നമ്മുടെ കഥ തുടങ്ങു​ന്നത്‌ ജോസഫ്‌ ബൂത്ത്‌ എന്ന വ്യക്തി​യി​ലാണ്‌. രസിക​നും വിവാ​ദ​പു​രു​ഷ​നും ആയിരു​ന്നു അദ്ദേഹം. വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ച്ചതു മൂലമു​ണ്ടായ അത്യു​ത്സാ​ഹ​ത്തോ​ടെ അദ്ദേഹം 1906-ൽ സി. റ്റി. റസ്സലിനെ കണ്ടു. തെക്കൻ ആഫ്രി​ക്ക​യിൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഒരു പ്രതി​നി​ധി ഉണ്ടായി​രി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അദ്ദേഹം റസ്സൽ സഹോ​ദ​രനെ ബോധ്യ​പ്പെ​ടു​ത്തി. അക്കാലത്ത്‌ നിയാ​സ​ലാൻഡ്‌ എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന മലാവി​യിൽ ജോസഫ്‌ ബൂത്ത്‌ മുമ്പു പ്രവർത്തി​ച്ചി​രു​ന്ന​തി​നാൽ, മൂല്യ​വ​ത്തായ സേവനം അദ്ദേഹം അവിടെ ചെയ്‌തേ​ക്കു​മെന്നു തോന്നി. എന്നാൽ അവിടെ അദ്ദേഹ​ത്തിന്‌ ഉണ്ടായി​രുന്ന ദുഷ്‌പേ​രി​നെ​ക്കു​റിച്ച്‌ റസ്സൽ സഹോ​ദരൻ അറിഞ്ഞ​തു​മില്ല. പിൽക്കാ​ലത്ത്‌ ഒരു എഴുത്തു​കാ​രൻ വിവരി​ച്ച​തു​പോ​ലെ, “മത മുത​ലെ​ടു​പ്പു​കാ​രൻ” എന്ന്‌ അദ്ദേഹം അറിയ​പ്പെ​ട്ടി​രു​ന്നു. സ്വന്തം കാര്യ​സാ​ധ്യ​ത്തി​നാ​യി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ഓരോ മതവി​ഭാ​ഗ​ങ്ങ​ളെ​യും അദ്ദേഹം മാറി​മാ​റി ഉപയോ​ഗി​ച്ചി​രു​ന്നു. തത്‌ഫ​ല​മാ​യി, പ്രാ​ദേ​ശിക അധികാ​രി​ക​ളു​ടെ കടുത്ത അപ്രീ​തി​ക്കു പാത്ര​മായ ബൂത്തിന്‌ മലാവി​യിൽ മേലാൽ ചെല്ലാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടായി. അനുഭവ സമ്പന്നനായ ഈ “മുത​ലെ​ടു​പ്പു​കാ​രൻ” ഒരിക്കൽ കൂടി മറ്റൊരു മതത്തിന്റെ തേരി​ലേറി!

തനിക്കു മലാവി​യിൽ നേരിട്ടു പോകാ​നാ​വി​ല്ലെന്നു മനസ്സി​ലാ​ക്കിയ ബൂത്ത്‌, ആദ്യം ദക്ഷിണാ​ഫ്രി​ക്ക​യിൽ ഒരു താവളം സ്ഥാപിച്ചു. മലാവി​യിൽ നിന്നുള്ള ഒരു പഴയ പരിച​യ​ക്കാ​ര​നായ ഇലിയട്ട്‌ കാംവാ​നയെ അദ്ദേഹം അവി​ടെ​വെച്ചു കണ്ടുമു​ട്ടി. താമസി​യാ​തെ, സ്വന്ത രാജ്യ​ത്തേക്കു മടങ്ങാൻ ബൂത്ത്‌ ആ യുവാ​വി​നോട്‌ നിർദേ​ശി​ച്ചു. അങ്ങനെ, 1908-ൽ മലാവി​യിൽ എത്തി​ച്ചേർന്ന ഇലിയട്ട്‌ കാംവാന ഒരു പരസ്യ മതപ്ര​സംഗ പരിപാ​ടി ആരംഭി​ച്ചു. അവ്യവ​സ്ഥി​ത​മാ​യി​ട്ടാണ്‌ എങ്കിലും അതിന്‌ അടിസ്ഥാ​ന​മാ​യി അദ്ദേഹം ഉപയോ​ഗി​ച്ചത്‌ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ ആയിരു​ന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ഒരു വിശ്വസ്‌ത മൂപ്പനാ​യി മരിച്ച മക്കോഫി ങ്‌ഗുലു ആദ്യം സത്യവു​മാ​യി സമ്പർക്ക​ത്തിൽ വരുന്നത്‌ അക്കാല​ത്താണ്‌. ‘പുല്ലിന്‌ കാട്ടുതീ പിടി​ച്ചതു’ പോലെ എന്നാണ്‌ അദ്ദേഹം കാംവാ​ന​യു​ടെ മതപ്ര​സംഗ പരിപാ​ടി​യെ കുറിച്ചു പറഞ്ഞത്‌. ശ്രദ്ധേ​യ​മായ പരസ്യ സ്‌നാ​പ​ന​ങ്ങ​ളോ​ടെ കാംവാന നടത്തിയ മതപ്ര​സംഗ പരിപാ​ടി​യു​ടെ ഫലങ്ങൾ കാട്ടുതീ പോ​ലെ​യാ​ണു മലാവി​യി​ലെ​ങ്ങും വ്യാപി​ച്ചത്‌. ആയിരങ്ങൾ അതി​നോ​ടു പ്രതി​ക​രി​ച്ചു. അങ്ങനെ അനേകം “സഭകൾ” സ്ഥാപി​ത​മാ​യി.

എന്നാൽ, ബൂത്തോ കാംവാ​ന​യോ ഒരിക്ക​ലും ‘മഹാ ബാബി​ലോ​നെ’ വിട്ടു​പോ​ന്നി​രു​ന്നില്ല. (വെളി. 17:5, NW; 18:4) വാസ്‌ത​വ​ത്തിൽ രാഷ്‌ട്രീയ പ്രേരി​ത​മാ​യി​രു​ന്നു അവരുടെ ലക്ഷ്യങ്ങൾ. ഇലിയട്ട്‌ കാംവാ​ന​യു​ടെ സംശയാ​സ്‌പ​ദ​മായ മതപ്ര​സംഗ രീതികൾ മലാവി ഗവൺമെന്റ്‌ അധികാ​രി​ക​ളു​ടെ അപ്രീ​തി​ക​ര​മായ ശ്രദ്ധ ആകർഷി​ക്കാൻ അധിക​കാ​ലം വേണ്ടി​വ​ന്നില്ല. താമസി​യാ​തെ, അദ്ദേഹത്തെ സെയ്‌ഷെൽസി​ലേക്കു നാടു​ക​ടത്തി. ജോസഫ്‌ ബൂത്താ​കട്ടെ, 1910 ആയപ്പോ​ഴേ​ക്കും വാച്ച്‌ ടവർ സൊ​സൈറ്റി വിട്ടു മറ്റൊരു മതത്തി​ലേക്കു ചേക്കേ​റി​ക്ക​ഴി​ഞ്ഞി​രു​ന്നു. ദുഃഖ​ക​ര​മായ സംഗതി, ഇവർ ഇരുവ​രും ഗുണ​ത്തേ​ക്കാ​ളേറെ ദോഷം വരുത്തി​വെച്ചു എന്നതാണ്‌. എങ്കിലും, ആശ്വാ​സ​ക​ര​മായ ഒരു കാര്യം ബൈബിൾ സത്യം അടങ്ങിയ ധാരാളം പ്രസി​ദ്ധീ​ക​ര​ണങ്ങൾ രാജ്യ​ത്തെ​മ്പാ​ടും വിതരണം ചെയ്യ​പ്പെട്ടു എന്നതാണ്‌. അടുത്ത ഏതാനും വർഷങ്ങ​ളിൽ, മക്കോഫി ങ്‌ഗു​ലു​വി​നെ പോലുള്ള ആത്മാർഥ ഹൃദയർ തങ്ങൾ വായിച്ച കാര്യ​ങ്ങ​ളോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു.

“വാച്ച്‌ ടവർ പ്രസ്ഥാ​നങ്ങൾ” ആശയക്കു​ഴപ്പം സൃഷ്ടി​ക്കു​ന്നു

മലാവി​യി​ലെ അതൃപ്‌തി​ക​ര​മായ ഈ തുടക്ക​ത്തി​നു ശേഷം, സ്ഥിതി​ഗ​തി​ക​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ക്കോ​യിൽനിന്ന്‌ വില്യം ജോൺസ്റ്റൺ എന്ന യോഗ്യ​ത​യുള്ള ഒരു സഹോ​ദ​രനെ സൊ​സൈറ്റി അവി​ടേക്ക്‌ അയച്ചു. സഭകൾ എന്നു വിളി​ക്ക​പ്പെ​ടുന്ന പല കൂട്ടങ്ങൾ സ്ഥാപി​ത​മാ​യി​രു​ന്നു എങ്കിലും, അവയിൽ ഉള്ളവർക്കു ബൈബിൾ സത്യത്തെ കുറി​ച്ചുള്ള ഗ്രാഹ്യം തുച്ഛമാ​ണെന്ന്‌ അദ്ദേഹം കണ്ടെത്തി. എങ്കിലും, ആത്മാർഥ​ത​യുള്ള ചില സത്യാ​ന്വേ​ഷി​കൾ ഉണ്ടായി​രു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌, ജോൺസ്റ്റൺ അവരിൽനി​ന്നു ചില തദ്ദേശീ​യരെ തിര​ഞ്ഞെ​ടു​ത്തു നേതൃ​ത്വം വഹിക്കു​ന്ന​തി​നുള്ള പരിശീ​ലനം നൽകി. പിന്നീട്‌, മലാവി​യി​ലെ വേലയ്‌ക്കു കൂടു​ത​ലായ ശ്രദ്ധ കൊടു​ത്തതു വളരെ​ക്കാ​ലം കഴിഞ്ഞാണ്‌. അതിനി​ടെ ഭയങ്കര​മായ ആശയക്കു​ഴപ്പം ഉടലെ​ടു​ത്തു. ഇത്‌, അന്നു ബൈബിൾ വിദ്യാർഥി​കൾ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യഹോ​വ​യു​ടെ സാക്ഷി​കൾക്കു കഷ്ടതകൾ വരുത്തി​വെ​ക്കു​ക​യും അവരുടെ ദൃഢവി​ശ്വ​സ്‌ത​തയെ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു.

ഇലിയട്ട്‌ കാംവാ​ന​യു​ടെ ആവേ​ശ്വോ​ജ്ജ്വല രീതി അനുക​രിച്ച്‌ ഉണ്ടായ പല പ്രസ്ഥാ​ന​ങ്ങ​ളും കുറെ ബൈബിൾ സത്യത്തെ വ്യാജ ഉപദേ​ശ​ങ്ങ​ളു​മാ​യും തിരു​വെ​ഴു​ത്തു വിരുദ്ധ ആചാര​ങ്ങ​ളു​മാ​യും കൂട്ടി​ക്ക​ലർത്തു​ക​യാ​ണു ചെയ്‌തത്‌. അത്തരം പ്രസ്ഥാ​നങ്ങൾ ഒരു പരിധി​വരെ വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്ന​തി​നാൽ, അവയുടെ പേരിന്റെ ഭാഗമാ​യി പലപ്പോ​ഴും വാച്ച്‌ ടവർ എന്നു ചേർത്തി​രു​ന്നു. രാജ്യത്ത്‌ ഉണ്ടായി​രുന്ന ഏതാനും വരുന്ന യഥാർഥ സഹോ​ദ​ര​ങ്ങൾക്ക്‌ അതു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ശരിയായ മേൽവി​ചാ​ര​ണ​യും ആവശ്യ​മായ ആത്മീയ ആഹാര​വും ഇല്ലാതി​രു​ന്നി​ട്ടും, ഈ യഥാർഥ സഹോ​ദ​ര​ങ്ങ​ളു​ടെ പ്രവർത്തനം പാടേ നിലച്ചു​പോ​യില്ല എന്നതു ശ്രദ്ധേ​യ​മാണ്‌. അപ്പോ​ഴും, കൂടി​വ​രു​ക​യും മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അവർ തുടർന്നു. യേശു​ക്രി​സ്‌തു​വി​ന്റെ കാലടി​കൾ പിന്തു​ട​രാ​നും അവർ ശ്രമിച്ചു.—1 പത്രൊ. 2:21.

ഈ സ്ഥിതി​വി​ശേഷം മുത​ലെ​ടു​ത്തു​കൊണ്ട്‌ പ്രാ​ദേ​ശിക മത അധികാ​രി​കൾ, വാച്ച്‌ ടവർ എന്ന പേര്‌ വ്യാജ​മാ​യി സ്വീക​രി​ച്ചി​രുന്ന പ്രസ്ഥാ​ന​ങ്ങ​ളു​മാ​യി ബൈബിൾ വിദ്യാർഥി​കളെ ബന്ധപ്പെ​ടു​ത്തി അവരെ​ക്കു​റിച്ച്‌ ദുഷി പറഞ്ഞു. എന്നാൽ, കാല​ക്ര​മ​ത്തിൽ ഈ പ്രാ​ദേ​ശിക മതവി​ഭാ​ഗ​ങ്ങ​ളും നമ്മുടെ സഹോ​ദ​ര​ങ്ങ​ളും തമ്മിലുള്ള അന്തരം വ്യക്തമാ​യി​ത്തീർന്നു. ക്രൈ​സ്‌ത​വ​ലോക വൈദി​ക​രിൽനിന്ന്‌ അസ്വസ്ഥ​ജ​ന​ക​മായ റിപ്പോർട്ടു​കൾ ലഭിച്ച​തി​നെ തുടർന്ന്‌, ചീഫ്‌ പൊലീസ്‌ കമ്മീഷണർ 1920-കളുടെ തുടക്ക​ത്തിൽ ഒരു അന്വേ​ഷണം നടത്തു​ക​യു​ണ്ടാ​യി. അദ്ദേഹം വേഷ​പ്ര​ച്ഛ​ന്ന​നാ​യി ബൈബിൾ വിദ്യാർഥി​ക​ളു​ടെ പല യോഗ​ങ്ങ​ളി​ലും സംബന്ധി​ച്ചു. അദ്ദേഹ​ത്തി​ന്റെ പ്രതി​ക​രണം എന്തായി​രു​ന്നു? അവരെ​ക്കു​റി​ച്ചു പരത്തുന്ന ദുഷ്ടമായ നുണക​ളിൽ അദ്ദേഹ​ത്തിന്‌ അവജ്ഞ തോന്നി. എങ്കിലും, ഈ വ്യാജ “വാച്ച്‌ ടവർ പ്രസ്ഥാ​നങ്ങൾ” വരുത്തി​വെച്ച ആശയക്കു​ഴപ്പം വർഷങ്ങ​ളോ​ളം നിലനി​ന്നു.

വേല സംഘടി​പ്പി​ക്കൽ

1925-ൽ സൊ​സൈറ്റി ഒരിക്കൽക്കൂ​ടി മലാവി​യി​ലേക്കു ശ്രദ്ധ തിരിച്ചു. ജോൺ ഹഡ്‌സൺ സഭകൾ സന്ദർശിച്ച്‌ പ്രസം​ഗങ്ങൾ നടത്തി​ക്കൊണ്ട്‌ 15 മാസം അവിടെ ചെലവ​ഴി​ച്ചു. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ഉപയോ​ഗി​ക്കുന്ന വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​മാ​യി ബന്ധം പുലർത്തു​ക​യും അതിന്റെ മാർഗ​നിർദേ​ശ​വും വഴിന​ട​ത്തി​പ്പും സ്വീക​രി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ അദ്ദേഹം യത്‌നി​ച്ചു.—മത്താ. 24:45-47, NW.

ഹഡ്‌സൺ സഹോ​ദ​രന്റെ സന്ദർശ​ന​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വിച്ച ഒരാളാണ്‌ ങ്‌ചെ​യൂ​വിൽ നിന്നുള്ള ഗ്രെഷം. ഹഡ്‌സൺ സഹോ​ദരൻ മലാവി​യി​ലേക്കു പോയ അതേ വർഷമാണ്‌ ഗ്രെഷം സ്‌നാ​പ​ന​മേ​റ്റത്‌. താമസി​യാ​തെ, ഗുരു​ത​ര​മായ ഒരു പരി​ശോ​ധന അദ്ദേഹ​ത്തി​നു നേരി​ടേണ്ടി വന്നു. അദ്ദേഹ​ത്തി​ന്റെ മുൻ സഭയിലെ പുരോ​ഹി​ത​ന്മാ​രു​ടെ പ്രേര​ണ​യാൽ, വിധ്വം​സക ഉപദേ​ശങ്ങൾ പ്രചരി​പ്പി​ച്ചു​വെന്ന്‌ അദ്ദേഹ​ത്തി​നെ​തി​രെ ആരോ​പണം ഉയർന്നു. തത്‌ഫ​ല​മാ​യി, അദ്ദേഹത്തെ കസ്റ്റഡി​യിൽ വെക്കു​ക​യു​ണ്ടാ​യി. അദ്ദേഹം എന്തു ചെയ്യു​മാ​യി​രു​ന്നു? ഭയം മൂലം വിശ്വാ​സം ത്യജി​ക്കു​മാ​യി​രു​ന്നോ? പ്രവി​ശ്യാ അധികാ​രി​കൾ നടത്തിയ അന്വേ​ഷ​ണത്തെ തുടർന്ന്‌ ഒരു മാസത്തി​നു ശേഷം ക്വാസി​സിറ സഹോ​ദ​രനെ ആരോപണ വിമു​ക്ത​നാ​ക്കി വിട്ടയച്ചു. എന്നിരു​ന്നാ​ലും, യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും വിശ്വ​സ്‌തത പാലി​ക്കാൻ അദ്ദേഹം ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു എന്നതാണ്‌ അതി​നെ​ക്കാ​ളൊ​ക്കെ പ്രധാ​ന​മായ സംഗതി. അത്തരം മനോ​ഭാ​വം പ്രകട​മാ​ക്കിയ വ്യക്തി​കളെ യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നു. മൊസാ​മ്പി​ക്കിൽ കുറെ കാലം പ്രവർത്തിച്ച ശേഷം, മലാവി​യിൽ രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കു​ന്ന​തി​നോ​ടും അവിടു​ത്തെ സഭകളെ കെട്ടു​പണി ചെയ്യു​ന്ന​തി​നോ​ടും ബന്ധപ്പെട്ട്‌ ക്വാസി​സിറ സഹോ​ദ​രനു പല പദവി​ക​ളും ലഭിച്ചു. (1972 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​രം [ഇംഗ്ലീഷ്‌] കാണുക.)

ഹഡ്‌സൺ സഹോ​ദ​രന്റെ സന്ദർശ​ന​ത്തിൽനിന്ന്‌ മക്കോഫി ങ്‌ഗു​ലു​വി​നും ജൂനിയർ പിറി​ക്കും യഥാർഥ പ്രോ​ത്സാ​ഹനം ലഭിച്ചു. പിന്നീട്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു താമസം മാറ്റിയ അവർ ഇരുവ​രും അനേക വർഷങ്ങൾ വിശ്വ​സ്‌ത​രാ​യി സേവനം അനുഷ്‌ഠി​ച്ചു. ജോൺ ഹഡ്‌സൺ സഹോ​ദ​ര​നു​മാ​യുള്ള സഹവാ​സ​ത്തിൽനി​ന്നു റിച്ചാർഡ്‌ കാളിൻഡെ​യും സമാന​മാ​യി പ്രയോ​ജനം നേടി. രാജ്യം വിടു​ന്ന​തി​നു മുമ്പ്‌, കൂടുതൽ സഹായം ലഭിക്കു​ന്ന​തു​വരെ സുവാർത്താ പ്രസം​ഗ​വേ​ല​യ്‌ക്കു നേതൃ​ത്വം കൊടു​ക്കാ​നുള്ള ചുമതല ഹഡ്‌സൺ സഹോ​ദരൻ റിച്ചാർഡ്‌ കാളിൻഡെയെ ഏൽപ്പിച്ചു.

എന്നാൽ, ഹഡ്‌സൺ സഹോ​ദ​രന്റെ സന്ദർശ​ന​ത്തിൽ എല്ലാവ​രു​മൊ​ന്നും സന്തോ​ഷി​ച്ചില്ല. ങ്‌ഗുലു സഹോ​ദരൻ അത്തരക്കാ​രു​ടെ പ്രതി​ക​ര​ണ​ങ്ങളെ കുറിച്ചു വിവരി​ക്കു​ക​യു​ണ്ടാ​യി. “കേപ്‌ ടൗണിൽ നിന്നു​ള്ള​വ​രു​ടെ ഉപദേ​ശങ്ങൾ ഞങ്ങൾക്കു സ്വീകാ​ര്യ​മല്ല,” അവർ പറഞ്ഞു. “ഞങ്ങൾക്കു ശരി​യെന്നു തോന്നു​ന്നതു ഞങ്ങൾ ചെയ്യും.” സൊ​സൈ​റ്റി​യു​ടെ മാർഗ​നിർദേശം സ്വീക​രി​ക്കാൻ കൂട്ടാ​ക്കാഞ്ഞ അവർ തങ്ങളുടെ സ്വന്തം “വാച്ച്‌ ടവർ പ്രസ്ഥാ​നങ്ങൾ” രൂപീ​ക​രി​ച്ചു. നേരെ​മ​റിച്ച്‌, യഥാർഥ സത്യാ​ന്വേ​ഷി​കൾ വളരെ താഴ്‌മ​യുള്ള ഒരു മനോ​ഭാ​വം പ്രകട​മാ​ക്കി. അവർ ദക്ഷിണാ​ഫ്രി​ക്ക​യി​ലുള്ള സൊ​സൈ​റ്റി​യു​ടെ ഓഫീ​സു​മാ​യി ബന്ധം പുലർത്തു​ക​യും ആ സരണി​യി​ലൂ​ടെ ലഭിച്ച പ്രബോ​ധ​ന​ത്തോ​ടും മാർഗ​നിർദേ​ശ​ത്തോ​ടും വിലമ​തി​പ്പു പ്രകട​മാ​ക്കു​ക​യും ചെയ്‌തു. യഥാർഥ താത്‌പ​ര്യ​ക്കാ​രു​ടെ ഈ ചെറിയ കൂട്ടത്തി​നു കൂടുതൽ സഹായം ആവശ്യ​മാ​ണെന്ന്‌ അവിടു​ത്തെ ബ്രാഞ്ചി​നു ബോധ്യ​മാ​യി.

രാജ്യത്ത്‌ ഒരു സ്ഥിരം പ്രതി​നി​ധി

മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തിൽ വളരെ ആവേശ​ക​ര​മായ ഒരു സംഗതി 1933-ൽ ഉണ്ടായി. ആ വർഷമാണ്‌, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റിക്ക്‌ രാജ്യത്ത്‌ ഒരു സ്ഥിരം പ്രതി​നി​ധി ഉണ്ടായി​രി​ക്കാ​നുള്ള അപേക്ഷ സമർപ്പി​ച്ചത്‌. “അത്തര​മൊ​രു നീക്കത്തെ സ്വാഗതം” ചെയ്യു​ന്നു​വെന്നു പറഞ്ഞ ഗവർണർ പ്രസ്‌തുത അപേക്ഷ അംഗീ​ക​രി​ച്ചു. ഒടുവിൽ, കുറേ​ക്കൂ​ടി സ്ഥിരമായ അടിസ്ഥാ​ന​ത്തിൽ മലാവി​യിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ നടത്താൻ കഴിഞ്ഞു. തദനു​സ​രണം, ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബ്രാഞ്ചി​ന്റെ നേതൃ​ത്വ​ത്തിൻ കീഴിൽ ഒരു ഓഫീസ്‌ ഉൾപ്പെടെ ഒരു സാഹിത്യ ഡിപ്പോ 1934 മേയിൽ സ്ഥാപി​ക്കു​ക​യു​ണ്ടാ​യി. ബെർട്ട്‌ മക്ലക്കി ആയിരു​ന്നു വേലയു​ടെ മേൽനോ​ട്ടം വഹിച്ചത്‌.

1930-ൽ സ്‌നാ​പ​ന​മേറ്റ മക്ലക്കി സഹോ​ദരൻ അപ്പോ​ഴും സത്യത്തിൽ ശരിക്കും പുതിയ ആളായി​രു​ന്നു. മഡഗാ​സ്‌ക​റി​ലെ​യും മൗറീ​ഷ്യ​സി​ലെ​യും അദ്ദേഹ​ത്തി​ന്റെ മുൻ നിയമ​ന​ങ്ങ​ളിൽ വളരെ ഫലപ്ര​ദ​നായ ഒരു പയനി​യ​റാ​ണു താനെന്ന്‌ അദ്ദേഹം തെളി​യി​ച്ചി​രു​ന്നു. മലാവി​യിൽ എത്തിയ അദ്ദേഹ​ത്തിന്‌, രാജ്യ​ത്തി​നു തെക്ക്‌, തലസ്ഥാ​ന​മായ സോം​ബ​യിൽ രണ്ടു മുറി​ക​ളുള്ള ഒരു കെട്ടിടം താമസ​ത്തി​നാ​യി ലഭിച്ചു. ഒരു മുറി സാഹിത്യ ഡിപ്പോ​യും ഓഫീ​സു​മാ​യി അദ്ദേഹം ഉപയോ​ഗി​ച്ചു, മറ്റേ മുറി ഉറങ്ങാ​നും. അന്ന്‌ അവിവാ​ഹി​ത​നാ​യി​രുന്ന മക്ലക്കി സഹോ​ദരൻ, “മുമ്പെ​ന്ന​ത്തെ​ക്കാ​ളും ഉത്തരവാ​ദി​ത്വം കൈവ​രു​ത്തുന്ന” ഏകാന്ത​മായ ഒന്ന്‌ എന്നു പുതിയ നിയമ​നത്തെ വിശേ​ഷി​പ്പി​ച്ചു.

അദ്ദേഹ​ത്തി​ന്റെ അടുത്ത സഹകാരി ആയിത്തീർന്ന റിച്ചാർഡ്‌ കാളിൻഡെ അദ്ദേഹ​ത്തി​നു വലി​യൊ​രു സഹായ​മാ​യി​ത്തീർന്നു. വ്യാജ “വാച്ച്‌ ടവർ പ്രസ്ഥാ​നങ്ങൾ” നിമിത്തം സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ ഉണ്ടായ ആശയക്കു​ഴപ്പം ഇല്ലാതാ​ക്കുക എന്നതാ​യി​രു​ന്നു പ്രഥമ ദൗത്യം. പ്രതീ​ക്ഷി​ച്ച​തു​പോ​ലെ, അത്ര പ്രയാ​സ​കരം ആയിരു​ന്നില്ല ഇത്‌. ഒരു സംഗതി, പ്രാ​ദേ​ശിക മതവി​ഭാ​ഗ​ങ്ങൾക്കു യഥാർഥ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലെന്ന്‌ അധികാ​രി​ക​ളിൽ മിക്കവ​രും തിരി​ച്ച​റി​ഞ്ഞു. രാജ്യത്തെ സ്ഥിതി​വി​ശേഷം എങ്ങനെ കൈകാ​ര്യം ചെയ്യണ​മെ​ന്നതു സംബന്ധിച്ച്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഓഫീസ്‌ ബെർട്ട്‌ മക്ലക്കിക്കു വ്യക്തമായ നിർദേ​ശങ്ങൾ നൽകി​യി​രു​ന്നു. ആ നിർദേ​ശങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ അദ്ദേഹം, മലാവി​യി​ലെ​ങ്ങു​മുള്ള കൂട്ടങ്ങളെ ഒന്നൊ​ന്നാ​യി സന്ദർശി​ച്ചു. കാളിൻഡെ സഹോ​ദരൻ അദ്ദേഹ​ത്തി​ന്റെ പരിഭാ​ഷ​ക​നാ​യി വർത്തി​ക്കു​ക​യും ചെയ്‌തു. വ്യാജ വാച്ച്‌ ടവർ പ്രസ്ഥാ​ന​ങ്ങ​ളിൽ നിന്നും അവരുടെ നേതാ​ക്ക​ന്മാ​രിൽ നിന്നും വിട്ടു​നിൽക്കാൻ സഭകളിൽ നടത്തിയ അത്തരം സന്ദർശ​നങ്ങൾ പലരെ​യും സഹായി​ച്ചു.

യഹോ​വ​യു​ടെ അനു​ഗ്രഹം വ്യക്തമാ​യി​രു​ന്നു. ഒടുവിൽ കെട്ടു​റ​പ്പുള്ള ഒരു ദിവ്യാ​ധി​പത്യ സംഘടന സ്ഥാപി​ത​മാ​കു​ക​യാ​യി​രു​ന്നു. ആദ്യമാ​യി വയൽസേവന റിപ്പോർട്ടു​കൾ സമാഹ​രി​ക്ക​പ്പെട്ടു. ആ റിപ്പോർട്ടു​കൾ അനുസ​രിച്ച്‌, 1934-ൽ ശരാശരി 28 പ്രസാ​ധകർ ഉണ്ടായി​രു​ന്നു.

സോംബ ഡിപ്പോ​യി​ലെ പുതിയ നിയമനം

ബെർട്ട്‌ മക്ലക്കി ഒരു വർഷ​ത്തോ​ളം മലാവി​യിൽ പ്രവർത്തി​ച്ചു കഴിഞ്ഞ​പ്പോൾ, അദ്ദേഹത്തെ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു മടക്കി വിളിച്ചു. തുടർന്ന്‌ 60 വർഷത്തി​ല​ധി​കം തെക്കൻ ആഫ്രി​ക്ക​യു​ടെ മറ്റു പ്രദേ​ശ​ങ്ങ​ളിൽ യഹോ​വ​യു​ടെ സേവന​ത്തിൽ വിശ്വ​സ്‌ത​മാ​യി പ്രവർത്തിച്ച അദ്ദേഹം 1995-ലാണ്‌ നിര്യാ​ത​നാ​യത്‌. മലാവി​യി​ലെ അദ്ദേഹ​ത്തി​ന്റെ പ്രവർത്തനം മക്ലക്കി കുടും​ബ​ത്തി​ലെ മറ്റൊരു അംഗം, അദ്ദേഹ​ത്തി​ന്റെ സഹോ​ദ​ര​നായ ബിൽ, ഏറ്റെടു​ത്തു.

സ്‌നാ​പ​നം ഏറ്റിട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, ബിൽ മക്ലക്കി അതിനു മുമ്പ്‌ ദക്ഷിണാ​ഫ്രി​ക്ക​യിൽ പയനി​യ​റിങ്‌ നടത്തുക ആയിരു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബ്രാഞ്ച്‌ ദാസനായ ജോർജ്‌ ഫിലി​പ്‌സ്‌, മലാവി​യി​ലെ നിയമനം ഏറ്റെടു​ക്കാൻ താത്‌പ​ര്യ​മു​ണ്ടോ എന്നു ബില്ലി​നോ​ടു ചോദി​ച്ചു. അതു സ്വീക​രി​ച്ച​പ്പോൾ അദ്ദേഹ​ത്തോട്‌ ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “എന്നാൽ, താങ്കൾ ആദ്യം സ്‌നാ​പനം ഏൽക്കേ​ണ്ട​തുണ്ട്‌.” സ്‌നാ​പ​ന​മേറ്റ ബിൽ 1935 മാർച്ചിൽ സോംബ ഡിപ്പോ​യിൽ എത്തി. അന്ന്‌ അദ്ദേഹ​ത്തിന്‌ 26 വയസ്സു​ണ്ടാ​യി​രു​ന്നു. 1972-ൽ രാജ്യ​ത്തു​നി​ന്നു പുറത്താ​ക്ക​പ്പെ​ടു​ന്നതു വരെ മലാവി​യി​ലെ പ്രതി​കൂല അവസ്ഥക​ളിൽ ഈ വിശ്വസ്‌ത സഹോ​ദരൻ തന്റെ ദൃഢവി​ശ്വ​സ്‌തത തെളി​യി​ച്ചു.

ആ ആദിമ നാളുകൾ എങ്ങനെ​യു​ള്ളത്‌ ആയിരു​ന്നു? സോം​ബ​യി​ലുള്ള ഡിപ്പോ​യി​ലെ തിങ്ങി​ഞെ​രു​ങ്ങിയ അവസ്ഥ ബിൽ മക്ലക്കിക്ക്‌ ഇപ്പോ​ഴും ഓർമ​യി​ലുണ്ട്‌. കുടും​ബ​ത്തോ​ടൊ​പ്പം ദക്ഷിണാ​ഫ്രി​ക്ക​യിൽ കഴിയുന്ന, 1998-ൽ 89 വയസ്സായ, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “കിടപ്പു​മു​റിക്ക്‌ നാല്‌ അടി ആറ്‌ ഇഞ്ച്‌ വീതിയേ ഉണ്ടായി​രു​ന്നു​ള്ളൂ. വീർപ്പു മുട്ടുന്ന അവസ്ഥ ആയതി​നാൽ ഞാൻ ജനാലകൾ തുറന്നി​ടു​മാ​യി​രു​ന്നു. ഒരിക്കൽ രാത്രി​യിൽ ഒരു പൊലീ​സു​കാ​രൻ തല അകത്തേക്ക്‌ ഇട്ടു​കൊ​ണ്ടു പറഞ്ഞു: ‘ബ്വാന [സർ], ജാലകം അടയ്‌ക്കു​ന്ന​താ​ണു നല്ലത്‌. രാത്രി​യിൽ ഈ നിരത്തു​ക​ളി​ലൂ​ടെ പുള്ളി​പ്പു​ലി​കൾ ഇറങ്ങി നടക്കാ​റുണ്ട്‌.’ അപ്പോൾ ഞാൻ ജാലകം അടച്ചു.”

ബുദ്ധി​മു​ട്ടു​ള്ള അവസ്ഥ ആയിരു​ന്നെ​ങ്കി​ലും, തലസ്ഥാന നഗരി​യിൽ ഒരു ഡിപ്പോ ഉണ്ടായി​രു​ന്നത്‌ ഏറ്റവും ഗുണം ചെയ്‌തു. വ്യാജ “വാച്ച്‌ ടവർ പ്രസ്ഥാനങ്ങ”ളുമായി യഹോ​വ​യു​ടെ സാക്ഷി​കളെ തുടർന്നും കൂട്ടി​ക്കു​ഴ​ച്ച​തി​ന്റെ ഫലമായി സൊ​സൈ​റ്റിക്ക്‌ എതിരെ ആരോ​പ​ണങ്ങൾ ഉയർന്നു​വ​രു​മ്പോൾ, ഗവൺമെന്റ്‌ ഓഫീ​സു​ക​ളും പൊലീസ്‌ ആസ്ഥാന​വും അടുത്തു​ണ്ടാ​യി​രു​ന്ന​തി​നാൽ, സത്വരം പ്രതി​ക​രി​ക്കാൻ മക്ലക്കി സഹോ​ദ​രനു കഴിഞ്ഞി​രു​ന്നു. മുമ്പ്‌ തന്റെ സഹോ​ദരൻ ചെയ്‌തി​രു​ന്നതു പോലെ, തെറ്റി​ദ്ധാ​ര​ണകൾ ഒഴിവാ​ക്കി​യെ​ടു​ക്കാൻ ബിൽ മക്ലക്കി ക്ഷമാപൂർവം ഉദ്യോ​ഗ​സ്ഥരെ ചെന്നു കാണു​മാ​യി​രു​ന്നു. ക്രമേണ, യഹോ​വ​യു​ടെ സാക്ഷി​കൾക്കു സത്‌പേരു കൈവന്നു.

സംഘട​നയെ ശുദ്ധീ​ക​രി​ക്കൽ

ബൈബി​ളിൽ നൽകി​യി​രി​ക്കുന്ന യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു വിലമ​തി​പ്പു വളർത്തി​യെ​ടു​ക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിന്‌ ബിൽ മക്ലക്കി കഠിന​മാ​യി യത്‌നി​ച്ചു. ലൈം​ഗിക അധാർമി​കത, ആത്മ സമ്പർക്ക ആചാരം, ലഹരി​പാ​നീ​യ​ത്തി​ന്റെ ദുരു​പ​യോ​ഗം തുടങ്ങിയ തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ സംഗതി​കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ത്തിൽ യാതൊ​രു സ്ഥാനവും പാടി​ല്ലെന്നു മനസ്സി​ലാ​ക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നു. (1 കൊരി. 6:9, 10; വെളി. 22:15) ഈ വേലയിൽ ഗ്രെഷം ക്വാസി​സിറ അമൂല്യ​മായ സഹായം നൽകി. അദ്ദേഹം രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളിൽ, വിശേ​ഷി​ച്ചും വടക്കു ഭാഗത്ത്‌, വളരെ​യ​ധി​കം യാത്ര ചെയ്‌തു. “പക്വത​യും സത്യസ​ന്ധ​ത​യും ഉള്ള വ്യക്തി” എന്നാണ്‌ മക്ലക്കി സഹോ​ദരൻ അദ്ദേഹത്തെ വിശേ​ഷി​പ്പി​ച്ചത്‌. നീതി​നി​ഷ്‌ഠ​മായ ബൈബിൾ നിലവാ​രങ്ങൾ എപ്പോ​ഴും വിശ്വ​സ്‌ത​മാ​യി ഉയർത്തി പിടി​ക്കു​ന്ന​തിൽ പ്രശസ്‌തൻ ആയിത്തീർന്നു ക്വാസി​സിറ സഹോ​ദരൻ. യഹോ​വയെ സേവി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​മ്പോ​ഴും അധാർമിക നടത്തയിൽ ഏർപ്പെ​ടുന്ന ഏതൊരു വ്യക്തി​യു​ടെ കാര്യ​ത്തി​ലും അദ്ദേഹം കർശന​മായ നടപടി സ്വീക​രി​ക്കു​മാ​യി​രു​ന്നു. അവർ തങ്ങളുടെ ക്രിസ്‌തീയ വിരുദ്ധ നടത്ത സമ്മതി​ച്ചാൽ, അവർ യഥാർഥ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കളല്ല എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം അവരുടെ സാഹി​ത്യ​ങ്ങൾ തിരികെ വാങ്ങു​മാ​യി​രു​ന്നു. അത്തരത്തി​ലുള്ള ഏതൊ​രാ​ളും വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കു​ന്ന​തും അദ്ദേഹം വിലക്കു​മാ​യി​രു​ന്നു. അത്തരം ഉറച്ച നടപടി​യു​ടെ ഫലമായി പലരും തങ്ങളുടെ ജീവിതം ശുദ്ധീ​ക​രി​ച്ചു. ദുഃഖ​ക​ര​മാ​യി, ക്രിസ്‌തീയ ജീവി​ത​രീ​തി​ക്കു നിരക്കാത്ത സംഗതി​കൾ റിച്ചാർഡ്‌ കാളിൻഡെ ചെയ്യു​ന്ന​താ​യി റിപ്പോർട്ടു ചെയ്‌തത്‌ ക്വാസി​സിറ സഹോ​ദരൻ ആയിരു​ന്നു. അതിന്റെ ഫലമായി, മുമ്പ്‌ ഒരു വിശ്വസ്‌ത സഹോ​ദരൻ ആയിരുന്ന കാളിൻഡെയെ യഹോ​വ​യു​ടെ ശുദ്ധമായ സംഘട​നയെ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയാ​താ​യി.

ബൈബി​ളി​ന്റെ ഉന്നത ധാർമിക നിലവാ​രങ്ങൾ സംബന്ധിച്ച ഈ ഉറച്ച നിലപാ​ടു നിമിത്തം യഹോ​വ​യു​ടെ സാക്ഷികൾ ധാർമി​ക​നിഷ്‌ഠ ഉള്ളവരാ​ണെന്ന്‌ അറിയ​പ്പെ​ടാൻ ഇടയായി. അതു മിക്ക​പ്പോ​ഴും അവർക്ക്‌ ഒരു സംരക്ഷ​ണ​മാ​യി ഉതകി.

യഹോ​വ​യു​ടെ സജീവ സ്‌തു​തി​പാ​ഠ​ക​രു​ടെ എണ്ണം വർധി​ച്ച​തി​നാൽ ശുദ്ധി​യുള്ള ആ സംഘട​ന​യു​ടെ മേൽ യഹോ​വ​യു​ടെ അനു​ഗ്രഹം ഉണ്ടെന്നതു വ്യക്തമാ​യി​ത്തീർന്നു. 1943-ൽ 144 സഭകളി​ലാ​യി പ്രതി​മാ​സം ശരാശരി 2,464 പ്രസാ​ധകർ റിപ്പോർട്ടു ചെയ്‌തി​രു​ന്നു—പത്തു വർഷം മുമ്പ്‌ ഉണ്ടായി​രുന്ന 28 പ്രസാ​ധ​ക​രിൽ നിന്നുള്ള നല്ലൊരു വർധനവ്‌!

മലാവി​യെ ഉണർത്തു​ന്നു

1944-ൽ, വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ കൂടെ​ക്കൂ​ടെ ഉപയോ​ഗി​ച്ചി​രുന്ന “പുതിയ ലോകം” എന്ന പദപ്ര​യോ​ഗം മലാവി​യി​ലെ ജനങ്ങൾക്കു വളരെ ഇഷ്ടമായി. ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിശദീ​ക​രി​ച്ച​തു​പോ​ലെ, അത്‌ യഹോ​വ​യു​ടെ പുതിയ വ്യവസ്ഥി​തി​യെ—യേശു​ക്രി​സ്‌തു​വി​ന്റെ കരങ്ങളി​ലെ സ്വർഗീയ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണത്തിൻ കീഴി​ലുള്ള മാനവ സമൂഹത്തെ—സൂചി​പ്പി​ച്ചു. (ദാനീ. 7:13, 14; 2 പത്രൊ. 3:13) ആ പുതിയ ലോക​ത്തിൽ ഭൂമി ഒരു പറുദീസ ആയിത്തീ​രും; മനുഷ്യർ മൃഗങ്ങ​ളു​മാ​യി സമാധാ​ന​ത്തിൽ ജീവി​ക്കും; യുദ്ധം ഉണ്ടായി​രി​ക്ക​യില്ല; ഭൂമി​യി​ലെ സമൃദ്ധി​യു​ടെ ഫലം സകലർക്കും ലഭിക്കും; രോഗ​വും മരണവും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല; മരിച്ചവർ പോലും പുനരു​ത്ഥാ​നം ചെയ്യും, എന്നേക്കും ജീവി​ക്കു​ന്ന​തി​നുള്ള അവസരം അവർക്കു ലഭിക്കും എന്നിങ്ങനെ അനേകം കാര്യങ്ങൾ ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ബൈബി​ളിൽനി​ന്നു വ്യക്തമാ​ക്കി.—സങ്കീ. 67:5, 6; യെശ. 2:4; 11:6-9; ലൂക്കൊ. 23:43; യോഹ. 5:28, 29; വെളി. 21:3, 4.

ഈ വിഷയ​ത്തെ​ക്കു​റി​ച്ചു പ്രസം​ഗി​ക്കവേ, ഒരു സഹോ​ദരൻ പ്രാ​ദേ​ശി​ക​മായ ഒരു വിധത്തിൽ അത്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ആദാം പാപം ചെയ്‌ത​പ്പോൾ ആ ഉദ്യാ​ന​ത്തിൽ അവനു കുട്ടി​ക​ളൊ​ന്നും ജനിച്ചില്ല; മക്കളെ​ല്ലാം ജനിച്ചത്‌ ‘കാട്ടിൽ’ ആണ്‌. കൂട്ടരേ, നാം ഇപ്പോ​ഴും ആ ‘കാട്ടിൽ’ ആണ്‌. നാം ഉദ്യാ​ന​ത്തിൽ ഇതുവരെ തിരി​ച്ചെ​ത്തി​യി​ട്ടില്ല. എന്നാൽ, ഈ മാറ്റെ​ക്കെന്യ (ഒരിനം ഈച്ച) നിറഞ്ഞ ലോകത്തെ വിട്ട്‌ നാം യഹോ​വ​യു​ടെ സുസ്ഥാ​പി​ത​മായ പുതിയ ലോക​ത്തിൽ കടക്കാ​നുള്ള സമയം സമാഗ​ത​മാ​യി​രി​ക്കു​ന്നു.”

ദൈവ​ത്തി​ന്റെ പുതിയ ലോകത്തെ കുറി​ച്ചുള്ള പ്രസം​ഗ​ങ്ങൾക്കു വളരെ ഫലം ഉണ്ടായി​രു​ന്ന​തി​നാൽ രാജ്യത്ത്‌ ഒരു സ്ഥലത്ത്‌ ഒരു കൂട്ടം താത്‌പ​ര്യ​ക്കാർ, സഹോ​ദ​രങ്ങൾ പോയി​ടെ​ത്തെ​ല്ലാം പറുദീ​സാ വാഗ്‌ദാ​നങ്ങൾ ആസ്വദി​ച്ചു​കൊണ്ട്‌ അവരുടെ പിന്നാലെ ചെല്ലു​ക​യു​ണ്ടാ​യി. മറ്റൊരു സ്ഥലത്തെ നിരവധി വൈദി​കർ പുതിയ ലോകത്തെ കുറി​ച്ചുള്ള ഒരു പ്രസംഗം കേട്ടു. കേട്ട കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തെ സ്‌പർശി​ച്ച​തി​നാൽ അവർ കൂട്ട​ത്തോ​ടെ ഒരു യൂറോ​പ്യൻ ക്രൈ​സ്‌തവ മിഷന​റി​യു​ടെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ കാര്യ​ങ്ങ​ളൊ​ക്കെ താങ്കൾ എന്തിനാ​ണു ഞങ്ങളിൽനി​ന്നു മറച്ചു​വെ​ച്ചത്‌? ഇന്ന്‌ കൊച്ചു കുട്ടികൾ ആളുകളെ സന്ദർശിച്ച്‌ അവർ ഒരിക്ക​ലും കേട്ടി​ട്ടി​ല്ലാത്ത അത്യത്ഭു​ത​ക​ര​മായ കാര്യങ്ങൾ പറയു​ന്ന​താ​ണു ഞങ്ങൾ കാണു​ന്നത്‌! എന്നാൽ, താങ്കൾ ഞങ്ങളോ​ടു പ്രസം​ഗി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന ഉപദേ​ശ​ങ്ങ​ളാ​കട്ടെ ഇപ്പോൾ വ്യാജ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു!”

1946-ൽ മലാവി​യി​ലെ രാജ്യ​പ്ര​സാ​ധ​ക​രു​ടെ എണ്ണം 3,000 കവിഞ്ഞു. സഹോ​ദ​രങ്ങൾ ഈ രാജ്യത്തെ യഥാർഥ​ത്തിൽ വിളി​ച്ചു​ണർത്തുക ആയിരു​ന്നു.

എങ്കിലും, ദൈവ​ത്തി​ന്റെ പുതിയ ലോകത്തെ കുറി​ച്ചുള്ള സന്ദേശ​ത്തിൽ എല്ലാവ​രു​മൊ​ന്നും സന്തോ​ഷി​ച്ചില്ല. പുതിയ ലോകത്തെ കുറിച്ചു പറയുന്ന വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഇറക്കു​മതി ചെയ്യു​ന്നത്‌ ഗവൺമെന്റ്‌ നേരത്തേ നിരോ​ധി​ച്ചി​രു​ന്നു. എന്നാൽ, രാജ്യത്ത്‌ അതി​നോ​ടകം തന്നെ നല്ലൊരു സാഹിത്യ ശേഖരം ഉണ്ടായി​രു​ന്ന​തി​നാൽ ആ വിലക്കു​കൊണ്ട്‌ വലിയ ഫലമൊ​ന്നും ഉണ്ടായില്ല. അങ്ങനെ​യി​രി​ക്കെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ സ്വാധീ​ന​ത്തി​നു തടയി​ടാ​നുള്ള ശ്രമത്തിൽ ചില വൈദി​കർ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന പദപ്ര​യോ​ഗ​ങ്ങ​ളും രീതി​ക​ളും അനുക​രി​ക്കാൻ ശ്രമം നടത്തി. “ഞങ്ങളും പുതിയ ലോകത്തെ കുറി​ച്ചാ​ണു പ്രസം​ഗി​ക്കു​ന്നത്‌,” അവർ അവകാ​ശ​പ്പെട്ടു. തങ്ങളുടെ പള്ളിയം​ഗ​ങ്ങൾക്കു മടക്കസ​ന്ദർശ​നങ്ങൾ നടത്താൻ പോലും ചില വൈദി​കർ ശ്രമിച്ചു. എന്നാൽ ഏതാനും വാരം​കൊണ്ട്‌ അവർ മടുത്തു പിൻമാ​റി.

ഗ്രാമ​ത്ത​ല​വ​ന്മാ​രെ പ്രേരി​പ്പിച്ച്‌, അവരുടെ പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കളെ അനുവ​ദി​ക്കാ​തി​രി​ക്കാ​നും മതനേ​താ​ക്ക​ന്മാർ ശ്രമിച്ചു. ഗ്രാമ​ത്തിൽ ഒരു പ്രസംഗം നടത്തു​ന്ന​തി​നു മുമ്പായി അവിടു​ത്തെ ഗ്രാമ​ത്ത​ല​വന്റെ അനുവാ​ദം ചോദി​ക്കുക സാധാ​ര​ണ​മാ​യി​രു​ന്നു. എന്നാൽ ഗ്രാമ​ത്ത​ലവൻ പ്രാ​ദേ​ശിക മതനേ​താ​ക്ക​ന്മാ​രു​ടെ സ്വാധീ​ന​വ​ല​യ​ത്തിൽ പെട്ടു​പോ​യാൽ, ആ പ്രദേ​ശത്തു യാതൊ​രു പരസ്യ​യോ​ഗ​വും നടത്താൻ കഴിയു​മാ​യി​രു​ന്നില്ല.

എന്നിരു​ന്നാ​ലും, ഗ്രാമ​മു​ഖ്യ​ന്മാ​രിൽ പലരും യഹോ​വ​യു​ടെ സാക്ഷി​കളെ സസന്തോ​ഷം സ്വാഗതം ചെയ്യു​ക​യാ​ണു ചെയ്‌തത്‌. അവരുടെ സ്ഥലത്തു ചെന്നു പ്രസം​ഗങ്ങൾ നടത്താൻ പലപ്പോ​ഴും സഹോ​ദ​ര​ങ്ങൾക്കു ക്ഷണം ലഭിക്കു​ക​യു​ണ്ടാ​യി. ഒരു ഗ്രാമ​മു​ഖ്യൻ ലിസുലു എന്ന ഒരു കൊച്ചു പട്ടണത്തിൽ വെച്ച്‌ അത്തര​മൊ​രു പ്രസംഗം കേൾക്കു​ക​യു​ണ്ടാ​യി. വാസ്‌ത​വ​ത്തിൽ മരിച്ച​വ​രു​ടെ അവസ്ഥ എന്താ​ണെന്ന്‌ അതിൽനിന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. (സഭാ. 9:5; യെഹെ. 18:4) പിന്നീട്‌, ചില മതനേ​താ​ക്ക​ന്മാർ നടത്തിയ ശവസം​സ്‌കാര ശുശ്രൂ​ഷ​യിൽ അദ്ദേഹം സംബന്ധി​ച്ചു. മരിച്ച കുട്ടി “ഇപ്പോൾ സ്വർഗ​ത്തിൽ ഒരു മാലാഖ ആണ്‌” എന്ന്‌ മതനേ​താ​ക്ക​ന്മാർ സദസ്യ​രോ​ടു പറഞ്ഞു. വൃദ്ധനായ ആ മുഖ്യൻ മുരണ്ടു​കൊണ്ട്‌ ആയാസ​ത്തോ​ടെ എണീറ്റ്‌ ഉപമു​ഖ്യ​ന്റെ നേർക്കു തിരിഞ്ഞ്‌ അൽപ്പം മൂക്കിൽപ്പൊ​ടി ആവശ്യ​പ്പെട്ടു. അതു മൂക്കി​ലേക്കു ശക്തിയാ​യി വലിച്ചിട്ട്‌ അദ്ദേഹം അവി​ടെ​നി​ന്നു നടന്നകന്നു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “ങ്‌ഹും, മരിച്ചവർ എവി​ടെ​യാ​ണെന്നു ലിസു​ലു​വിൽവെച്ചു ഞങ്ങൾ കേട്ടതാ. ഇതെല്ലാം ശുദ്ധ നുണയാണ്‌!”

ഒരു പ്രത്യേക സന്ദർശനം

ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള സൊ​സൈ​റ്റി​യു​ടെ ആസ്ഥാന​ത്തു​നിന്ന്‌ എൻ. എച്ച്‌. നോറും എം. ജി. ഹെൻഷ​ലും 1948 ജനുവ​രി​യിൽ മലാവി സന്ദർശി​ച്ച​പ്പോൾ ഒരു സവിശേഷ പരിപാ​ടി നടന്നു. ലോകാ​സ്ഥാ​നത്തു നിന്നുള്ള സഹോ​ദ​ര​ന്മാ​രു​ടെ നടാ​ടെ​യുള്ള സന്ദർശ​ന​മാ​യി​രു​ന്നു അത്‌. ബ്ലാന്റൈർ നഗരത്തിൽ പാർക്കുന്ന യൂറോ​പ്യ​ന്മാർക്കും ഇന്ത്യക്കാർക്കും വേണ്ടി അവിടു​ത്തെ ടൗൺ ഹാളിൽ ഒരു യോഗം ക്രമീ​ക​രി​ച്ചി​രു​ന്നു. അന്ന്‌ ബ്ലാന്റൈർ നഗരത്തിൽ വെറും 250 യൂറോ​പ്യ​ന്മാ​രേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നതു കണക്കി​ലെ​ടു​ത്താൽ പരസ്യ​പ്ര​സം​ഗം കേൾക്കാൻ 40 പേർ വന്നു എന്നതു പ്രോ​ത്സാ​ഹ​ജ​ന​ക​മായ സംഗതി​യാണ്‌. പിറ്റേന്ന്‌ സന്ദർശ​ക​രായ സഹോ​ദ​രങ്ങൾ ആഫ്രിക്കൻ സഹോ​ദ​ര​ങ്ങൾക്കു വേണ്ടി തുറസ്സായ ഒരു സ്ഥലത്തു​വെച്ചു സമ്മേളനം നടത്തി. ചിച്ചെവ ഭാഷ നന്നായി വശമാ​ക്കി​യി​രുന്ന ബിൽ മക്ലക്കി പരിഭാ​ഷ​ക​നാ​യി വർത്തിച്ചു. ഉച്ചകഴി​ഞ്ഞുള്ള പരസ്യ​പ്ര​സം​ഗ​ത്തിന്‌ 6,000 പേർ ഹാജരാ​യി​രു​ന്നു. ഉച്ചഭാ​ഷി​ണി ഇല്ലാതി​രു​ന്ന​തി​നാൽ, പരിപാ​ടി നടത്തിയ സഹോ​ദ​ര​ങ്ങൾക്ക്‌ എല്ലാവ​രും കേൾക്കെ ഉച്ചത്തിൽ സംസാ​രി​ക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ കനത്ത മഴ പ്രസം​ഗ​ത്തി​നു തടസ്സമാ​യി. പൊതു​ജ​നങ്ങൾ വൃക്ഷച്ചു​വ​ട്ടി​ലും അടുത്തുള്ള വീടു​ക​ളി​ലും കയറി​നി​ന്നു. എങ്കിലും, സാക്ഷികൾ അവി​ടെ​ത്തന്നെ നില​കൊ​ണ്ടു. കുട നിവർത്തി പിടി​ച്ചു​കൊ​ണ്ടാണ്‌ നോർ സഹോ​ദരൻ പ്രസംഗം പൂർത്തി​യാ​ക്കി​യത്‌. ഈ മ്‌സുങ്കു (വെള്ളക്കാ​രൻ) ഒരു ആഫ്രിക്കൻ സദസ്സിനു വേണ്ടി മഴയത്തു നിന്നു പ്രസംഗം പൂർത്തി​യാ​ക്കി എന്ന വസ്‌തുത, അവരുടെ ക്ഷേമത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ വാസ്‌ത​വ​ത്തിൽ തത്‌പ​ര​രാണ്‌ എന്നതിനു പൊതു​ജ​ന​ങ്ങൾക്കു തെളിവു നൽകി. പ്രാ​ദേ​ശിക യൂറോ​പ്യ​ന്മാർ ഒരിക്ക​ലും അങ്ങനെ ചെയ്യു​മാ​യി​രു​ന്നില്ല.

നോർ സഹോ​ദ​ര​ന്റെ​യും ഹെൻഷൽ സഹോ​ദ​ര​ന്റെ​യും സന്ദർശനം വേലയു​ടെ ആക്കം വർധി​പ്പി​ച്ചു. ആ വർഷം, അതായത്‌ 1948-ൽ, പ്രസാ​ധ​ക​രു​ടെ എണ്ണം 5,600 കവിഞ്ഞു. പുതി​യവർ ശീഘ്ര​ഗ​തി​യിൽ സാക്ഷികൾ ആയിത്തീർന്നു​കൊ​ണ്ടി​രു​ന്നു. ചില പ്രദേ​ശ​ങ്ങ​ളിൽ സാക്ഷീ​ക​ര​ണ​ത്തി​നു വേണ്ടത്ര സ്ഥലം കണ്ടെത്താൻ പോലും ബുദ്ധി​മു​ട്ടാ​യി​രു​ന്നു!

ബ്രാഞ്ച്‌ പ്രവർത്ത​നങ്ങൾ ആരംഭി​ക്കു​ന്നു

കാല​ക്ര​മ​ത്തിൽ, സൊ​സൈ​റ്റി​യു​ടെ ഡിപ്പോ സോം​ബ​യിൽനിന്ന്‌ രാജ്യത്തെ വാണിജ്യ കേന്ദ്ര​മായ ബ്ലാ​ന്റൈ​റി​ലേക്കു മാറ്റി. കുറെ​ക്കൂ​ടി തെക്കു മാറി​യാണ്‌ ആ നഗരം സ്ഥിതി ചെയ്‌തി​രു​ന്നത്‌. വർഷങ്ങ​ളാ​യി മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചതു ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ ആയിരു​ന്നു. എന്നാൽ, 1948 സെപ്‌റ്റം​ബർ 1-ന്‌ മലാവി​യിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ത​മാ​യി. ബിൽ മക്ലക്കി ആയിരു​ന്നു ആദ്യത്തെ ബ്രാഞ്ച്‌ ദാസൻ. മലാവി​യിൽ ബ്രാഞ്ച്‌ സ്ഥാപി​ത​മാ​യ​തി​നാൽ, ആ വയലിലെ ആവശ്യ​ങ്ങൾക്കാ​യുള്ള കരുത​ലു​ക​ളു​ടെ​മേൽ ലോക ആസ്ഥാന​ത്തു​നി​ന്നു നേരിട്ടു മേൽനോ​ട്ടം നടത്താൻ കഴിയു​മാ​യി​രു​ന്നു.

ആ സമയത്ത്‌, സഭകൾ സന്ദർശിച്ച്‌ സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താൻ സർക്കിട്ട്‌ ദാസന്മാ​രാ​യി സേവി​ക്കാൻ കഴിയുന്ന പക്വത​യും അനുഭ​വ​ജ്ഞാ​ന​വും ഉള്ള ധാരാളം സഹോ​ദ​ര​ന്മാർ അവിടെ ഉണ്ടായി​രു​ന്നു. സർക്കിട്ട്‌ സമ്മേള​നങ്ങൾ വർഷത്തിൽ രണ്ടു പ്രാവ​ശ്യം നടത്താൻ തുടങ്ങി. മുഴു രാജ്യ​ത്തി​നും വേണ്ടി ഗ്രെഷം ക്വാസി​സിറ ഡിസ്‌ട്രി​ക്‌റ്റ്‌ ദാസനാ​യി സേവിച്ചു. ബിൽ മക്ലക്കി ഓഫീ​സിൽ തിരക്കിട്ട ജോലി​യിൽ മുഴുകി—പ്രഭാ​ത​യാ​മം ആകുന്ന​തു​വരെ പോലും അദ്ദേഹം ടൈപ്പിങ്‌ ജോലി​കൾ ചെയ്യു​മാ​യി​രു​ന്നു.

പിന്നെ​യും, ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. തന്നെയു​മല്ല, കൂടുതൽ സഹായ​വും ആവശ്യ​മാ​യി​രു​ന്നു. അതിനാൽ ഗിലെ​യാദ്‌ മിഷനറി സ്‌കൂൾ ബിരുദം നേടിയ പീറ്റർ ബ്രൈ​ഡിൽ, ഫ്രെഡ്‌ സ്‌മെ​ഡ്‌ലി എന്നിവർ 1949-ൽ അവിടെ എത്തി​ച്ചേർന്ന​പ്പോൾ ഹൃദ്യ​മായ വരവേൽപ്പാ​ണു ലഭിച്ചത്‌. അവരും മറ്റു ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളും ജോലി​സ​മ്മർദം അനുഭ​വി​ച്ചു​കൊ​ണ്ടി​രുന്ന ബ്രാഞ്ച്‌ ദാസന്‌ വളരെ​യ​ധി​കം സഹായ​മാ​യി. തന്മൂലം സഭകളു​ടെ പ്രവർത്ത​ന​ത്തി​നും സമ്മേള​ന​ങ്ങ​ളു​ടെ നടത്തി​പ്പി​നും കൂടുതൽ ശ്രദ്ധ കൊടു​ക്കുക സാധ്യ​മാ​യി.

“എനിക്ക്‌ ഇതു സഹിച്ചു​നിൽക്കാൻ ആവില്ല!”

അക്കാലത്ത്‌, യൂറോ​പ്പി​ലോ വടക്കേ അമേരി​ക്ക​യി​ലോ ഉള്ള ഒരാളെ സംബന്ധി​ച്ചു മലാവി​യി​ലേക്കു വരുക എന്നതു​തന്നെ അമ്പരപ്പി​ക്കുന്ന ഒരു മാറ്റമാ​യി​രു​ന്നു. അത്തരക്കാർ നേരത്തേ പരിച​യി​ച്ചി​ട്ടുള്ള ആധുനിക സൗകര്യ​ങ്ങൾ ഒന്നും​തന്നെ മലാവി​യിൽ ഉണ്ടായി​രു​ന്നില്ല. ആഫ്രിക്കൻ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ വൈദ്യു​ത ഉപകര​ണങ്ങൾ ഇല്ലായി​രു​ന്നു. ഒരു തദ്ദേശ​വാ​സി ജീവി​ത​ത്തിൽ സാധാ​ര​ണ​മെന്നു കരുതി​യി​രുന്ന സംഗതി​കൾ ഒരു വിദേ​ശിക്ക്‌ അസ്വസ്ഥത ഉളവാ​ക്കു​ന്നവ ആയിരു​ന്നേ​ക്കാം. അത്തരം സാഹച​ര്യ​ത്തോട്‌ ഒരു പുതിയ മിഷനറി എങ്ങനെ പൊരു​ത്ത​പ്പെ​ടും?

മൊസാ​മ്പി​ക്കി​ലെ ബെയ്‌റ തുറമു​ഖ​ത്തു​നി​ന്നുള്ള ക്ഷീണി​പ്പി​ക്കുന്ന ഒരു തീവണ്ടി യാത്ര​യ്‌ക്കു ശേഷം മലാവി​യിൽ എത്തി​ച്ചേർന്ന​പ്പോൾ ആദ്യമു​ണ്ടായ വികാ​ര​ങ്ങളെ കുറിച്ച്‌ ഓർത്തു​കൊണ്ട്‌ പീറ്റർ ബ്രൈ​ഡിൽ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ഷിരേ റിവറിൽ എത്തിയ​പ്പോ​ഴേ​ക്കും ഇരുട്ടു പരക്കാൻ തുടങ്ങി​യി​രു​ന്നു. വലിയ വണ്ടുകൾ ചുറ്റും മൂളി​പ്പ​റന്നു. ദീപങ്ങൾക്കു ചുറ്റും കൂടിയ ആ വണ്ടുകൾ അവയെ പാടേ മറച്ചു​ക​ളഞ്ഞു. കഴുത്തി​ലും വസ്‌ത്ര​ത്തി​നു​ള്ളി​ലു​മൊ​ക്കെ അവ ഇഴഞ്ഞു​ന​ടന്നു. ‘എനിക്ക്‌ ഇതു സഹിക്കാൻ കഴിയു​ന്നില്ല. താങ്ങാ​വു​ന്ന​തി​ലും അധിക​മാണ്‌ ഇത്‌. ഇനിയും ഒരു മിനി​റ്റു​പോ​ലും സഹിച്ചു​നിൽക്കാൻ എന്നെ​ക്കൊണ്ട്‌ ആവില്ല!’ എന്നൊക്കെ ഞാൻ യഹോ​വ​യോ​ടു പറഞ്ഞു​പോ​യി. എങ്കിലും ഞങ്ങൾ നദി കുറുകെ കടന്ന്‌ സ്റ്റേഷനിൽ ഉണ്ടായി​രുന്ന ട്രെയി​നി​ലേക്കു ചെന്നു. വളരെ നേർത്ത വെളി​ച്ച​മാ​യി​രു​ന്നു അവിടെ ഉണ്ടായി​രു​ന്നത്‌. അതിന്റെ കാരണം—പ്രാണി​കൾ അവി​ടേക്കു വരാതി​രി​ക്കാൻ വേണ്ടി​യാണ്‌ എന്നത്‌—ഞാൻ പെട്ടെന്നു മനസ്സി​ലാ​ക്കി. ഞങ്ങളുടെ മുമ്പിൽ ഭക്ഷണം എത്തി, ആദ്യം കിട്ടി​യതു സൂപ്പ്‌ ആയിരു​ന്നു. വെളിച്ചം വളരെ കുറവാ​യി​രു​ന്ന​തി​നാൽ മേശയു​ടെ മറുവ​ശത്ത്‌ ഇരിക്കുന്ന ആളെ​പ്പോ​ലും കാണാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പ്രാണി​കൾ അകത്തു ചെല്ലാ​തി​രി​ക്കാൻ ഞങ്ങൾ പല്ലുകൾക്ക്‌ ഇടയി​ലൂ​ടെ അതു വലിച്ചു കുടി​ക്കു​ക​യാ​ണു ചെയ്‌തത്‌. അപ്പോൾ ഞാൻ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: ‘എനിക്കിത്‌ താങ്ങാൻ കഴിയു​മെന്നു തോന്നു​ന്നില്ല. തികച്ചും അസഹ്യ​മാ​ണിത്‌!”

അതേ സ്ഥലം പിന്നീ​ടൊ​രി​ക്കൽ സന്ദർശി​ച്ചു പരസ്യ​പ്ര​സം​ഗം നടത്തി​യ​പ്പോ​ഴും ബ്രൈ​ഡിൽ സഹോ​ദ​രനു പ്രശ്‌നങ്ങൾ നേരിട്ടു. എന്തു​കൊണ്ട്‌? അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “അവിശ്വ​സ​നീ​യ​മായ അളവിൽ കൊതു​കു​കൾ ഉണ്ടായി​രു​ന്നു. ഒരു വൈകു​ന്നേരം പ്രസംഗം നടത്തി​യ​പ്പോൾ, ഞാൻ പാന്റ്‌സി​ന്റെ കാലുകൾ സോക്‌സി​നു​ള്ളി​ലേക്കു തിരുകി വെച്ചു. തല മൂടെ കെട്ടി​യി​രുന്ന ടൗവ്വലി​ന്റെ തുമ്പ്‌ ഷർട്ടി​നു​ള്ളി​ലേക്ക്‌ ഇറക്കി വെച്ചി​രു​ന്നു. ഷർട്ടിന്റെ കൈകൾക്കു ചുറ്റും റബ്ബർ ബാൻഡു​കൾ കെട്ടി​യി​രു​ന്നു. അപ്പോൾ, എന്റെ മുഖവും കൈക​ളും മാത്രമേ കാണാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. എന്റെ പ്രസംഗം തർജമ ചെയ്യാൻ ഒരു പരിഭാ​ഷകൻ ഉണ്ടായി​രു​ന്നു. ഞാൻ ഒരു വാചകം പറഞ്ഞിട്ട്‌ മുഖത്തു​നി​ന്നു കൊതു​കു​കളെ തുടച്ചു​നീ​ക്കും. അതു കഴിഞ്ഞ്‌ ഇരു കൈക​ളും തുടയ്‌ക്കും. എന്നിട്ട്‌ പിന്നെ​യും മുഖം തുടയ്‌ക്കും. പരിഭാ​ഷകൻ പറഞ്ഞു​ക​ഴിഞ്ഞ ഉടനേ ഞാൻ മറ്റൊരു വാചകം പറയും, എന്നിട്ട്‌ പിന്നെ​യും തുടയ്‌ക്കും.”

പീറ്റർ ബ്രൈ​ഡി​ലും അദ്ദേഹത്തെ പോലുള്ള മറ്റുള്ള​വ​രും യഹോ​വ​യു​ടെ സഹായ​ത്തോ​ടെ അത്തരം അവസ്ഥകളെ അതിജീ​വി​ച്ചു. മലാവി​യി​ലേക്കു നിയമി​ക്ക​പ്പെട്ട മിഷന​റി​മാ​രിൽ മിക്കവ​രും അനേക വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​മാ​യി സേവനം അനുഷ്‌ഠി​ച്ചു. മുഴു​ദേ​ഹി​യോ​ടെ​യുള്ള അവരുടെ ശ്രമങ്ങൾ മലാവി വയലിന്‌ അനവധി അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തി.

പക്വത​യുള്ള കൂടുതൽ തദ്ദേശ സഹോ​ദ​ര​ങ്ങൾ

അതിനി​ട​യിൽ, കൂടുതൽ തദ്ദേശ സഹോ​ദ​രങ്ങൾ ക്രിസ്‌തീയ പക്വത പ്രാപി​ച്ചു​കൊ​ണ്ടി​രു​ന്നു. മിഷന​റി​മാ​രു​മാ​യുള്ള സഹവാ​സ​ത്തിൽനിന്ന്‌ അവർ പ്രയോ​ജനം നേടി. അങ്ങനെ പ്രയോ​ജനം നേടിയ ഒരു സഹോ​ദരൻ ആയിരു​ന്നു അലക്‌സാ​ണ്ടർ മാഫാം​ബാന—അലക്‌സ്‌ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വിളി​പ്പേര്‌. നല്ല കഴിവുള്ള ഒരു വ്യക്തി​യാ​യി​രു​ന്നു അലക്‌സ്‌. മൊസാ​മ്പി​ക്കിൽ ജനിച്ച അദ്ദേഹം ഒരു ഗ്രാമ​മു​ഖ്യ​ന്റെ മകനാ​യി​രു​ന്നു. പിതാ​വി​നു​ശേഷം മുഖ്യൻസ്ഥാ​നം അദ്ദേഹ​ത്തി​നു ലഭിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നാൽ ജോലി കണ്ടെത്താൻ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു താമസം മാറ്റി​യ​ശേഷം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വന്ന അലക്‌സ്‌ ബൈബിൾ സത്യം സംബന്ധിച്ച സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടി. ഒരു മുഖ്യൻ എന്ന നിലയിൽ പ്രവർത്തി​ക്കു​ന്ന​തി​നു ക്രിസ്‌തീയ തത്ത്വങ്ങൾ ലംഘി​ക്കേ​ണ്ടി​വ​രു​മെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. പ്രശ്‌നങ്ങൾ ഒഴിവാ​ക്കാൻ മലാവി​യിൽത്തന്നെ സ്ഥിരതാ​മ​സ​മാ​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. താമസി​യാ​തെ, ഒരു പയനിയർ ആയിത്തീർന്ന മാഫാം​ബാന സഹോ​ദരൻ 1952-ൽ ബ്ലാ​ന്റൈ​റി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്ത​ന​ങ്ങ​ളിൽ സഹായി​ക്കാൻ തുടങ്ങി. അദ്ദേഹ​ത്തിന്‌ അനേകം ഭാഷകൾ അറിയാ​മാ​യി​രു​ന്ന​തി​നാൽ, വയലിൽ നിന്നുള്ള കത്തുകൾ വായിച്ചു മനസ്സി​ലാ​ക്കു​ന്ന​തിൽ അദ്ദേഹം ഒരു വലിയ സഹായ​മാ​യി​രു​ന്നു. 1958-59-ൽ ഗിലെ​യാദ്‌ മിഷനറി സ്‌കൂ​ളിൽ സംബന്ധി​ക്കാ​നുള്ള അവസരം അദ്ദേഹ​ത്തി​നു ലഭിച്ചു. മലാവി​യി​ലേക്കു നിയമി​ക്ക​പ്പെട്ട ദമ്പതി​ക​ളായ ജാക്ക്‌ യോഹാൻസ​ണും ഭാര്യ ലിൻഡ​യും ഉൾപ്പെട്ട ക്ലാസ്സിൽ നിന്നാ​യി​രു​ന്നു അദ്ദേഹം ബിരുദം നേടി​യത്‌.

ദക്ഷിണാ​ഫ്രി​ക്ക​യിൽവെച്ച്‌ സത്യം പഠിച്ച മറ്റൊരു സഹോ​ദ​ര​നാ​യി​രു​ന്നു കെന്നത്ത്‌ ചിമ്പാസ. 1942-ൽ അവി​ടെ​വെച്ചു സ്‌നാ​പ​ന​മേ​റ്റ​ശേഷം അദ്ദേഹം മലാവി​യി​ലേക്കു മടങ്ങി. ഏറെ താമസി​യാ​തെ, പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​ക്കു വേണ്ട ഗുണങ്ങൾ താൻ വളർത്തി​യെ​ടു​ക്കു​ക​യാണ്‌ എന്നു ചിമ്പാസ തെളി​യി​ച്ചു. കുറെ​ക്കാ​ലം പയനി​യ​റിങ്‌ നടത്തി​യ​ശേഷം ഒരു സഞ്ചാര മേൽവി​ചാ​രകൻ എന്ന നിലയിൽ അദ്ദേഹം വ്യാപ​ക​മായ സേവനം അനുഷ്‌ഠി​ച്ചു. പിൽക്കാ​ലത്ത്‌ അവിടെ എത്തിയ മിഷന​റി​മാ​രിൽ ചിലർ അദ്ദേഹം, ഭാര്യ എലിസി, അവരുടെ മകൻ മെയിംബ എന്നിവ​രോ​ടു കൂടെ​യുള്ള പ്രവർത്തനം ആസ്വദി​ച്ചു. ആ വിധത്തിൽ, അവർ മലാവി​യി​ലെ ജീവി​ത​രീ​തി​യു​മാ​യി പരിച​യ​ത്തി​ലാ​യി.

വാസ്‌ത​വ​ത്തിൽ, പക്വത​യുള്ള അത്തരം സഹോ​ദ​ര​ന്മാർ അമൂല്യ​മായ “മനുഷ്യ​രാം ദാനങ്ങൾ” ആണെന്നു തെളിഞ്ഞു.—എഫെ. 4:8, NW.

മിഷന​റി​മാർ വർധന​വിന്‌ ആക്കം കൂട്ടുന്നു

മലാവി​യിൽ വിശ്വ​സ്‌ത​മാ​യി സേവനം അനുഷ്‌ഠിച്ച മിഷന​റി​മാ​രെ സഹോ​ദ​രങ്ങൾ ഇപ്പോ​ഴും പ്രിയ​ത്തോ​ടെ സ്‌മരി​ക്കു​ന്നു. പ്രത്യേ​കി​ച്ചും അക്കാലത്ത്‌ അവരോ​ടൊ​പ്പം പ്രവർത്തി​ക്കാൻ അവസരം ലഭിച്ചി​ട്ടുള്ള പഴയ സാക്ഷികൾ. തങ്ങളുടെ പുതിയ നിയമ​നങ്ങൾ ഹേതു​വാ​യി ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്നു ചില മിഷന​റി​മാർ മനസ്സി​ലാ​ക്കി. എന്നാൽ അവ വരുത്താൻ സ്‌നേഹം അവരെ പ്രേരി​പ്പി​ച്ചു.

1957-ൽ മലാവി​യിൽ എത്തി​ച്ചേർന്ന​പ്പോൾ മാൽക്കം വൈഗോ അവിവാ​ഹി​ത​നാ​യി​രു​ന്നു. ബ്രാഞ്ച്‌ ഓഫീ​സി​ലെ ആദ്യ ദിവസം അത്താഴം കഴിഞ്ഞ​പ്പോൾ, തന്റെ നിയമനം എന്തായി​രി​ക്കും എന്നറി​യാൻ അദ്ദേഹം വലിയ ആകാംക്ഷ കാട്ടി. തലേവർഷം എത്തി​ച്ചേർന്ന ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യും അന്ന്‌ അവിടെ ബ്രാഞ്ച്‌ ദാസനു​മാ​യി​രുന്ന ലൊനി നെയ്‌ൽ അദ്ദേഹ​ത്തി​ന്റെ നിയമനം സഞ്ചാര​വേല ആയിരി​ക്കു​മെന്ന്‌ അറിയി​ച്ചു. ഒരു ഭാഷാ പഠന പരിപാ​ടി​യിൽ പങ്കെടു​ക്കു​ക​യും പുത്തൻ ചുറ്റു​പാ​ടു​ക​ളു​മാ​യി പരിച​യ​ത്തി​ലാ​കു​ക​യും ചെയ്‌ത ശേഷം ആയിരി​ക്കു​മോ അദ്ദേഹം നിയമി​ക്ക​പ്പെ​ടുക? അന്ന്‌ അത്തരത്തി​ലുള്ള ക്രമീ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇല്ലായി​രു​ന്നു. പിറ്റേന്നു തന്നെ അദ്ദേഹം തന്റെ വേല ആരംഭി​ക്ക​ണ​മാ​യി​രു​ന്നു!

സഭകളെ സേവി​ക്കു​ന്ന​തി​നു പുറമേ, തങ്ങൾക്കു മെക്കാ​നി​ക്കു​ക​ളു​ടെ പണിയും ചെയ്യേ​ണ്ടി​വ​രു​മെന്നു സഞ്ചാര​വേ​ല​യ്‌ക്കു നിയമി​ത​രായ മിഷന​റി​മാർ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കി, എങ്കിലേ വാഹനം ഓടി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. കുറ്റി​ക്കാ​ടു​ക​ളി​ലെ അവ്യക്ത​മായ ഊടു​വ​ഴി​കൾ പോലെ ആയിരു​ന്നു അവിടു​ത്തെ റോഡു​കൾ. അവരുടെ ശ്രമങ്ങളെ വിലമ​തിച്ച തദ്ദേശ സഹോ​ദ​രങ്ങൾ അവരുടെ ജീവിതം എളുപ്പ​മാ​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ തങ്ങളാൽ ആവുന്ന​തെ​ല്ലാം ചെയ്‌തു. മിഷന​റി​ക്കും, വിവാ​ഹി​ത​നെ​ങ്കിൽ, അദ്ദേഹ​ത്തി​ന്റെ ഭാര്യ​യ്‌ക്കും കൂടി അവർ പുല്ലു മേഞ്ഞ ഒരു വീടും കക്കൂസും ഉണ്ടാക്കു​മാ​യി​രു​ന്നു. എന്നാൽ ഭർത്താ​ക്ക​ന്മാ​രോ​ടൊ​പ്പം യാത്ര ചെയ്‌തി​രുന്ന സഹോ​ദ​രി​മാർക്കു രാത്രി​യി​ലെ വിചി​ത്ര​മായ ശബ്ദങ്ങൾ പ്രത്യേ​കി​ച്ചും പേടി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു! കഴുത​പ്പു​ലി​ക​ളു​ടെ പേടി​പ്പെ​ടു​ത്തുന്ന “ചിരി”യും അനേക തരത്തി​ലുള്ള വ്യത്യസ്‌ത പ്രാണി​ക​ളു​ടെ “സംഘനാദ”വുമായി പരിച​യി​ക്കാൻ കുറെ സമയം വേണ്ടി​വ​രു​മാ​യി​രു​ന്നു.

വനത്തിൽ ഒരു കൺ​വെൻ​ഷൻ ക്രമീ​ക​രി​ച്ചതു ശരിക്കും ഒരു വെല്ലു​വി​ളി ആയിരു​ന്നു എന്ന്‌ ജാക്ക്‌ യോഹാൻസൺ ഓർമി​ക്കു​ന്നു. ആദ്യം സ്ഥലം ശരിയാ​ക്കി. പിന്നെ, കൂടു​ത​ലും കാട്ടി​ലുള്ള സാധനങ്ങൾ ഉപയോ​ഗിച്ച്‌ ആവശ്യ​മാ​യ​തെ​ല്ലാം ഉണ്ടാക്കി. എന്നാൽ ചെറു​പ്പ​ക്കാ​രും പ്രായ​മു​ള്ള​വ​രു​മായ സഹോ​ദ​രങ്ങൾ ഇതിൽ സഹായി​ക്കാൻ സന്തോഷം ഉള്ളവരാ​യി​രു​ന്നു. മലാൻയി​ക്ക​ടു​ത്തു നടന്ന ഒരു കൺ​വെൻ​ഷ​നിൽ സുസ്‌മേ​ര​വ​ദ​ന​നായ ഒരു വൃദ്ധ സഹോ​ദരൻ യോഹാൻസൺ സഹോ​ദ​രനെ സമീപിച്ച്‌ “ഈ വേലയിൽ സഹായി​ക്കാൻ എനിക്കും ആഗ്രഹ​മുണ്ട്‌” എന്നു പറഞ്ഞു. അത്‌ അസാധാ​ര​ണ​മാ​യി തോന്നി​യില്ല. എങ്കിലും, ഏകദേശം ഒരു മാസം​കൊണ്ട്‌ 800 കിലോ​മീ​റ്റർ നടന്നാണ്‌ ആ സഹോ​ദരൻ സമ്മേള​ന​സ്ഥ​ലത്ത്‌ എത്തിയ​തെ​ന്നും കൺ​വെൻ​ഷനു വേണ്ട സൗകര്യ​ങ്ങൾ ക്രമീ​ക​രി​ക്കാൻ സഹായി​ക്കു​ക​യാണ്‌ അവിടെ എത്തി​ച്ചേർന്ന​പ്പോൾ അദ്ദേഹം ആദ്യം ചെയ്‌ത​തെ​ന്നും യോഹാൻസൺ സഹോ​ദരൻ പിന്നീടു മനസ്സി​ലാ​ക്കി! അത്തരം മനസ്സൊ​രു​ക്കം കാട്ടിയ സഹോ​ദ​രങ്ങൾ ആ കുറ്റി​ക്കാട്‌ 6,000 പേർക്ക്‌ ഇരിക്കാ​വുന്ന ഒരു “സ്റ്റേഡിയം” ആക്കി മാറ്റി!

മലാവി​യി​ലെ സഭകളും സർക്കി​ട്ടു​ക​ളും കൂടുതൽ മെച്ചമാ​യി സംഘടി​പ്പി​ക്കാൻ മിഷന​റി​മാർ പ്രവർത്തി​ച്ചു. ഹാൽ ബെന്റ്‌ലി, എഡി ഡോബാർട്ട്‌, കീത്ത്‌ ഇറ്റൺ, ഹാരൊൾഡ്‌ ഗൈ, ജാക്ക്‌ യോഹാൻസൺ, റോഡ്‌ ഷാർപ്‌, മാൽക്കം വൈഗോ തുടങ്ങിയ സഹോ​ദ​ര​ന്മാർ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ എന്ന നിലയിൽ മികച്ച വേല നിർവ​ഹി​ക്കു​ക​യു​ണ്ടാ​യി. തങ്ങൾക്കു ലഭിച്ച സ്‌നേ​ഹ​മ​സൃ​ണ​മായ ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടും മാർഗ​നിർദേ​ശ​ത്തോ​ടും പ്രാ​ദേ​ശിക സാക്ഷികൾ നല്ല രീതി​യിൽ പ്രതി​ക​രി​ച്ചു. തത്‌ഫ​ല​മാ​യി, സഭാ​യോ​ഗ​ങ്ങ​ളും രാജ്യ​സ​ന്ദേശ പ്രസംഗ വേലയും നല്ല രീതി​യിൽ സംഘടി​പ്പി​ക്ക​പ്പെട്ടു. അതേസ​മയം, ഭാവി​യിൽ അനുഭ​വി​ക്കാ​നി​രി​ക്കുന്ന കഷ്ടതകൾക്കാ​യുള്ള ഒരുക്ക​മെന്ന നിലയിൽ സഹോ​ദ​രങ്ങൾ സത്യത്തിൽ സ്ഥിരത കൈവ​രി​ക്കു​ക​യും ആയിരു​ന്നു.

യൂറോ​പ്യ​ന്മാർക്കു സാക്ഷ്യം ലഭിക്കു​ന്നു

കാല​ക്ര​മേണ, ബ്രാഞ്ച്‌ ഓഫീ​സി​ലെ പ്രവർത്ത​ന​ത്തി​നു ചില മിഷന​റി​മാർ നിയമി​ക്ക​പ്പെട്ടു. അവിടെ അവർ വളരെ തിര​ക്കോ​ടെ പ്രവർത്തി​ച്ചു. അവരുടെ ഭാര്യ​മാ​രിൽ ചിലർക്കു ബ്ലാ​ന്റൈ​റി​ലും സോം​ബ​യി​ലും പാർക്കുന്ന യൂറോ​പ്യ​ന്മാ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തി​നുള്ള അവസരം ലഭിച്ചു. ഫില്ലിസ്‌ ബ്രൈ​ഡിൽ, ലിൻഡ യോഹാൻസൺ, ലിൻഡ ലൂയിസ്‌ വൈഗോ, ആൻ ഈറ്റൺ എന്നിവ​രും മറ്റുള്ള​വ​രും ഈ പ്രദേ​ശത്തു നന്നായി പ്രവർത്തി​ച്ചു. തുടർന്നും, വ്യാജ “വാച്ച്‌ ടവർ പ്രസ്ഥാനങ്ങ”ളുമായി നമ്മെ മിക്ക​പ്പോ​ഴും കൂട്ടി​ക്കു​ഴ​ച്ചി​രു​ന്ന​തി​നാൽ, ചില​പ്പോ​ഴൊ​ക്കെ യൂറോ​പ്യ​ന്മാർ നമ്മുടെ വേലയെ മുൻവി​ധി​യോ​ടെ​യാ​ണു വീക്ഷി​ച്ചത്‌. എന്നാൽ കാര്യങ്ങൾ നേരെ​യാ​ക്കാ​നും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നും ലഭിച്ച അവസരങ്ങൾ ആ സഹോ​ദ​രി​മാർ പ്രയോ​ജ​ന​പ്പെ​ടു​ത്തി.

മലാവി​യി​ലെ മിക്ക യൂറോ​പ്യ​ന്മാ​രും ഏഷ്യക്കാ​രും സ്വന്തമാ​യി ബിസി​നസ്‌ നടത്തി​യി​രു​ന്നു. അതല്ലെ​ങ്കിൽ അവർക്ക്‌ ആദായ​ക​ര​മായ തൊഴിൽ കരാറു​കൾ ഉണ്ടായി​രു​ന്നു. പൊതു​വെ, അവർ തങ്ങളുടെ ജീവി​ത​ത്തിൽ സന്തുഷ്ടർ ആയിരു​ന്നു. എന്നിരു​ന്നാ​ലും, ചില യൂറോ​പ്യ​ന്മാ​രും ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന തദ്ദേശ​വാ​സി​ക​ളും സത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​തന്നെ ചെയ്‌തു. ഏതാനും പേർ സ്‌നാ​പ​ന​മേറ്റു—അവരിൽ ഒരാൾ സ്‌നാ​പ​ന​മേ​റ്റതു ബെഥേ​ലി​ലെ ഒരു ബാത്ത്‌ട​ബ്ബി​ലാണ്‌!

“പ്രോ​ത്സാ​ഹന കൈമാ​റ്റം”

മിഷന​റി​മാർ തദ്ദേശ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ച​തി​ന്റെ ഫലമായി അവരുടെ ഇടയിൽ യഥാർഥ വർഗീയ ഐക്യം വളർന്നു​വന്നു. അലക്‌സ്‌ മാഫാം​ബാന തന്റെ ചില മിഷനറി സുഹൃ​ത്തു​ക്കൾക്ക്‌ എഴുതിയ ഒരു കുറി​പ്പിൽ ഈ സംഗതി വ്യക്തമാ​ക്കി​യി​രു​ന്നു: “ലോക​ത്തിൽ എന്തെങ്കി​ലും ഒരു ‘വിടവ്‌’ ഉണ്ടെങ്കിൽ, അതു പൗരസ്‌ത്യ ദേശവും പാശ്ചാത്യ ദേശവും തമ്മിലു​ള്ള​താണ്‌. എന്നാൽ നമുക്കാ​കട്ടെ, ഏറ്റവും ശ്രേഷ്‌ഠ​മായ ഏകീകരണ ബന്ധമാണ്‌ ഉള്ളത്‌: അഗാപെ!” യഹോ​വ​യു​ടെ സംഘട​ന​യ്‌ക്കു പുറത്തു​ള്ള​വ​രു​ടെ മനോ​ഭാ​വ​ത്തിൽനി​ന്നും എത്ര വ്യത്യ​സ്‌ത​മാ​യി​രു​ന്നു ഇത്‌! ആഫ്രി​ക്ക​ക്കാ​രെ​ക്കാൾ തങ്ങൾ ശ്രേഷ്‌ഠ​രാണ്‌ എന്നു പൊതു​വെ കരുതി​യി​രുന്ന യൂറോ​പ്യ​ന്മാർ അവരു​മാ​യി സമ്പർക്കം പുലർത്തി​യി​രു​ന്നില്ല. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും, പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾക്കു വ്യക്തമാ​ക്കി കൊടു​ക്കേ​ണ്ടി​യി​രുന്ന ഒരു കാര്യ​മു​ണ്ടാ​യി​രു​ന്നു. അത്‌ അവർ ബ്വാന എന്ന സ്ഥാനപ്പേർ ഉപയോ​ഗി​ക്കു​ന്നതു സംബന്ധിച്ച്‌ ആയിരു​ന്നു. സാധാരണ, ഇത്‌ മിഷന​റി​മാർ ഉൾപ്പെടെ, യൂറോ​പ്യ​ന്മാ​രെ അഭിവാ​ദനം ചെയ്യു​മ്പോൾ ഉപയോ​ഗി​ച്ചി​രുന്ന സ്ഥാന​പ്പേ​രാണ്‌. ആഫ്രി​ക്ക​ക്കാ​രു​ടെ പ്രഭുക്കൾ അഥവാ യജമാ​ന​ന്മാർ യൂറോ​പ്യ​ന്മാ​രാണ്‌ എന്നതാ​യി​രു​ന്നു അതിന്റെ ധ്വനി. അതു​കൊണ്ട്‌ ഒരു പ്രാ​ദേ​ശിക സഹോ​ദരൻ എപ്പോ​ഴെ​ങ്കി​ലും ബ്വാന എന്ന സ്ഥാന​പ്പേ​രു​കൊണ്ട്‌ ഒരു മിഷന​റി​യെ അഭിസം​ബോ​ധന ചെയ്‌താൽ, “യഹോ​വ​യു​ടെ സാക്ഷികൾ സഹോ​ദ​ര​ങ്ങ​ളാണ്‌, ബ്വാനകൾ അല്ല!” എന്ന്‌ ആ മിഷനറി അദ്ദേഹത്തെ ഓർപ്പി​ക്കു​മാ​യി​രു​ന്നു.

പ്രയോ​ജ​ന​ങ്ങൾ ലഭിച്ചത്‌ ഒരു കൂട്ടർക്കു മാത്ര​മാ​യി​രു​ന്നില്ല. തങ്ങളുടെ ആഫ്രിക്കൻ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ച്ച​തി​നാൽ മിഷന​റി​മാ​രും ധാരാളം കാര്യങ്ങൾ പഠിച്ചു. നിരവധി ഉറ്റ സൗഹൃ​ദങ്ങൾ രൂപ​പ്പെട്ടു. പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞതു​പോ​ലെ, അവർക്കി​ട​യിൽ “ഒരു പ്രോ​ത്സാ​ഹന കൈമാ​റ്റം” ഉണ്ടായി.—റോമ. 1:12, NW.

യഹോ​വയെ പാടി സ്‌തു​തി​ക്കൽ

ആഫ്രി​ക്ക​യിൽ ആയിരി​ക്കുന്ന ഒരാൾ പെട്ടെ​ന്നു​തന്നെ ശ്രദ്ധി​ക്കുന്ന ഒരു കാര്യ​മുണ്ട്‌—അവിടു​ത്തു​കാർക്കു പാടാൻ വലിയ ഇഷ്ടമാണ്‌. വാദ്യോ​പ​ക​ര​ണങ്ങൾ ഇല്ലാതെ തങ്ങളുടെ ശബ്ദം മാത്രം ഉപയോ​ഗി​ച്ചു മനോ​ഹ​ര​മായ സ്വ​രൈ​ക്യ​ത്തോ​ടെ അവർ പാടുന്നു. മലാവി​യി​ലെ അവസ്ഥയും അതിൽനി​ന്നു ഭിന്നമല്ല. ചിച്ചെവ ഭാഷയിൽ പാട്ടു​പു​സ്‌തകം ഇല്ലാതി​രു​ന്നി​ട്ടും, സഹോ​ദ​രങ്ങൾ സ്വന്തമാ​യി പാട്ടുകൾ ഉണ്ടാക്കി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പ്രസി​ദ്ധ​മായ ഈണങ്ങ​ളുള്ള ഗാനങ്ങ​ളി​ലെ വാക്കു​കൾക്കു മാറ്റം വരുത്തി രാജ്യം, ശുശ്രൂഷ, അർമ​ഗെ​ദോൻ തുടങ്ങിയ വിഷയ​ങ്ങളെ കുറിച്ച്‌ അവർ പാടു​മാ​യി​രു​ന്നു. ഈ ഗാനങ്ങൾ ലിഖിത രൂപത്തിൽ ആക്കിയി​ല്ലെ​ങ്കി​ലും, സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം അവ അറിയാ​മാ​യി​രു​ന്നു എന്നു മാത്രമല്ല മനോ​ഹ​ര​മാ​യി ആലപി​ക്കു​ക​യും ചെയ്‌തി​രു​ന്നു. സമ്മേള​നങ്ങൾ നടക്കു​മ്പോൾ ഉത്സാഹ​ത്തി​മർപ്പിൽ, ഓരോ വരി കഴിയു​മ്പോ​ഴും അവർ കോറസ്‌ പാടു​മാ​യി​രു​ന്നു—ഒരു പ്രാവ​ശ്യ​മല്ല, രണ്ടു പ്രാവ​ശ്യം! 1953-ൽ നോർ സഹോ​ദരൻ അവിടം സന്ദർശി​ച്ച​പ്പോൾ, ഈ മനോ​ഹ​ര​മായ സ്വ​രൈ​ക്യം അദ്ദേഹത്തെ വിശേ​ഷാൽ ആകർഷി​ച്ചു. തന്റെ റിപ്പോർട്ടിൽ അദ്ദേഹം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഗാനാ​ലാ​പനം അങ്ങേയറ്റം ആനന്ദ​പ്രദം ആയിരു​ന്നു എന്ന്‌ പറയാതെ വയ്യ.”

1950-ൽ യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഗീ​തങ്ങൾ എന്ന പുതിയ ഇംഗ്ലീഷ്‌ പാട്ടു​പു​സ്‌തകം ബ്രാഞ്ചിൽ എത്തിയ​പ്പോൾ, ചിച്ചെവ ഭാഷയിൽ ഒരു പാട്ടു​പു​സ്‌തകം ഉണ്ടാക്കണം എന്നു തീരു​മാ​ന​മാ​യി. എന്നാൽ സംഗീതം വായി​ക്കാൻ സഹോ​ദ​ര​ങ്ങളെ എങ്ങനെ പഠിപ്പി​ക്കും? അവർക്കെ​ല്ലാം പാടാൻ കഴിയു​മാ​യി​രു​ന്നെ​ങ്കി​ലും, സംഗീത നോട്ടു​കൾ വായി​ക്കാൻ അറിയി​ല്ലാ​യി​രു​ന്നു. സംഗീത നോട്ടു​കൾ സൂചി​പ്പി​ക്കാൻ “ഡോ, റെ, മി” രീതി​യി​ലുള്ള ‘ടോണിക്‌ സോൾ-ഫാ’ ചിഹ്നങ്ങൾ ഉപയോ​ഗി​ക്കാൻ ബ്രാഞ്ച്‌ തീരു​മാ​നി​ച്ചു. ചില സഹോ​ദ​രങ്ങൾ അതു സ്‌കൂ​ളിൽവെച്ചു പഠിച്ചി​രു​ന്നു. ഈ പദ്ധതി​യിൽ വളരെ ശ്രമം ചെലു​ത്തിയ പീറ്റർ ബ്രൈ​ഡിൽ, അതിൽ ഉൾപ്പെട്ട അധ്വാ​ന​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ന്നു. അദ്ദേഹം പറയുന്നു: “ഞങ്ങൾ പരിഭാ​ഷ​ക​രോ​ടൊ​പ്പം ഇരുന്നു ജോലി ചെയ്‌തു. പരിഭാ​ഷിത വാക്കുകൾ സംഗീ​ത​വു​മാ​യി ശരിക്കും ചേരു​ന്നു​വെന്ന്‌ ഉറപ്പു വരു​ത്തേ​ണ്ടി​യി​രു​ന്നു. അങ്ങനെ അൽപ്പാൽപ്പ​മാ​യി ഞങ്ങൾ പാട്ടു​പു​സ്‌തകം ഉണ്ടാക്കി.”

ചിച്ചെവ ഭാഷയി​ലെ യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഗീ​തങ്ങൾ എന്നതിന്റെ പതിപ്പ്‌ സഹോ​ദ​ര​ങ്ങൾക്കു വളരെ ഇഷ്ടമായി. ലഭ്യമായ പേപ്പർ ഉപയോ​ഗിച്ച്‌ ഒരു പഴയ മിമി​യോ​ഗ്രാഫ്‌ യന്ത്രത്തിൽ ബ്രാഞ്ച്‌ അത്‌ അച്ചടിച്ചു. അതിനാൽ ആ പഴയ പാട്ടു​പു​സ്‌ത​കങ്ങൾ അത്ര ഈടു നിൽക്കു​ന്നത്‌ ആയിരു​ന്നില്ല, മിക്ക​പ്പോ​ഴും അവ മാറ്റി പുതി​യത്‌ ഉണ്ടാ​ക്കേ​ണ്ടി​വന്നു. എന്നാൽ സഹോ​ദ​രങ്ങൾ അതു പ്രശ്‌ന​മാ​ക്കി​യില്ല. ആലപി​ക്കാൻ പാട്ടുകൾ ലഭിച്ച​തിൽ അവർ വളരെ സന്തോ​ഷി​ച്ചു. സമ്മേളനം നടക്കുന്ന അവസര​ത്തിൽ അവർ അതിന്റെ രണ്ടായി​ര​മോ മൂവാ​യി​ര​മോ പ്രതികൾ വാങ്ങു​മാ​യി​രു​ന്നു! ഒടുവിൽ ഈ പാട്ടു​പു​സ്‌ത​ക​ങ്ങ​ളു​ടെ അച്ചടി ബ്രുക്ലിൻ ഏറ്റെടു​ത്തു. അപ്പോ​ഴേ​ക്കും സഹോ​ദ​രങ്ങൾ പ്രാ​ദേ​ശി​ക​മാ​യി 50,000 കോപ്പി​കൾ ഉണ്ടാക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു!

ബ്രാഞ്ചി​നു പുതിയ സൗകര്യ​ങ്ങൾ

വർഷങ്ങ​ളാ​യി, വ്യത്യസ്‌ത സ്ഥലങ്ങളി​ലെ ഇടുങ്ങിയ, സ്ഥലസൗ​ക​ര്യം കുറഞ്ഞ ക്വാർട്ടേ​ഴ്‌സിൽ നിന്നാണു മലാവി​യി​ലെ രാജ്യ​വേ​ല​യ്‌ക്കു നേതൃ​ത്വം നൽകി​യി​രു​ന്നത്‌. എന്നാൽ, ബെഥേൽ പ്രവർത്ത​കർക്കു താമസി​ക്കാ​നുള്ള സൗകര്യ​ത്തോ​ടൊ​പ്പം ബ്രാഞ്ച്‌ ഓഫീ​സി​നു വേണ്ടി പ്രത്യേ​കം രൂപകൽപ്പന ചെയ്‌ത ഒരു കെട്ടിടം പണിയാൻ 1950 മധ്യ​ത്തോ​ടെ തീരു​മാ​നി​ച്ചു. ആ ഉദ്ദേശ്യ​ത്തിൽ, ബ്ലാ​ന്റൈ​റിൽ 1956-ൽ കുറെ സ്ഥലം വാങ്ങി. 1958 മേയ്‌ മാസത്തിൽ ആ കെട്ടിടം ഉപയോ​ഗ​യോ​ഗ്യ​മാ​യി. സഹോ​ദ​രങ്ങൾ എത്ര സന്തോ​ഷി​ച്ചു​വെ​ന്നോ!

ഏതാനും വർഷങ്ങൾ കഴിഞ്ഞ​പ്പോൾ, ബ്രാഞ്ച്‌ ഓഫീ​സി​ന്റെ അടുത്താ​യി പ്രസി​ദ്ധ​മായ മറ്റൊരു കെട്ടിടം ഉയർന്നു​വന്നു. മുഡി ഹൗസ്‌ എന്നു പേരുള്ള ആ കെട്ടിടം മലാവി​യി​ലെ പ്രധാ​ന​മ​ന്ത്രി​യായ ഡോ. ഹേസ്റ്റി​ങ്‌സ്‌ കമൂസു ബാൻഡ​യു​ടെ ഔദ്യോ​ഗിക വസതി ആയിത്തീർന്നു.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, വളരെ പാടു​പെ​ട്ടാണ്‌ ബ്രാഞ്ച്‌ ഓഫീ​സും ബെഥേൽ ഭവനവും നിർമി​ച്ച​തെ​ങ്കി​ലും, ഏറെക്കാ​ലം കഴിയു​ന്ന​തി​നു മുമ്പ്‌ സൊ​സൈ​റ്റിക്ക്‌ അതു നഷ്ടമായി.

പ്രോ​ത്സാ​ഹ​ജ​ന​ക​മായ സന്ദർശനം

1963-ൽ സൊ​സൈ​റ്റി​യു​ടെ ലോക ആസ്ഥാന​ത്തു​നിന്ന്‌ മിൽട്ടൺ ഹെൻഷൽ മലാവി​യിൽ മറ്റൊരു സന്ദർശനം നടത്തി. ലൈബീ​രി​യ​യി​ലെ ഒരു കൺ​വെൻ​ഷനു ശേഷമാണ്‌ അദ്ദേഹം അവിടെ എത്തിയത്‌. ആ സമ്മേളന സമയത്തു പട്ടാള​ക്കാർ ഹെൻഷൽ സഹോ​ദ​ര​നെ​യും പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളെ​യും ശാരീ​രി​ക​മാ​യി ദ്രോ​ഹി​ക്കു​ക​യു​ണ്ടാ​യി. ബ്ലാ​ന്റൈ​റിൽനിന്ന്‌ ഏതാനും കിലോ​മീ​റ്റർ അകലെ​യാ​യി വിമാ​ന​ത്താ​വ​ള​ത്തിന്‌ അടുത്ത്‌ ഒരു വലിയ ദേശീയ സമ്മേളനം നടത്തി. മലാവി​യു​ടെ എല്ലാ ഭാഗങ്ങ​ളിൽ നിന്നു​മുള്ള സഹോ​ദ​രങ്ങൾ, പ്രായ​മുള്ള ഒരാൾ പറഞ്ഞതു​പോ​ലെ “[തെക്കുള്ള] സാഞ്ചെ മുതൽ [വടക്കുള്ള] കരോംഗ വരെയുള്ള” സ്ഥലങ്ങളിൽ നിന്നുള്ള സഹോ​ദ​രങ്ങൾ, അതിനാ​യി എത്തിയി​രു​ന്നു. ഹെൻഷൽ സഹോ​ദ​ര​നും മറ്റുള്ള​വ​രും നടത്തിയ നല്ല പ്രസം​ഗങ്ങൾ 10,000-ത്തോളം വരുന്ന സദസ്സ്‌ ആസ്വദി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടി​വ​ര​വു​കൾക്കു വാർത്താ​മാ​ധ്യ​മ​ങ്ങ​ളിൽ അപൂർവ​മാ​യി മാത്രമേ സ്ഥാനം ലഭിച്ചി​രു​ന്നു​ള്ളൂ. എന്നാൽ, ഇക്കുറി സമ്മേള​നത്തെ സംബന്ധിച്ച ഒരു ലേഖനം ഒരു ദേശീയ പത്രത്തിൽ പോലും വരുക​യു​ണ്ടാ​യി.

രാജ്യത്തെ രാഷ്‌ട്രീയ അന്തരീക്ഷം കൊടു​മ്പി​രി​കൊ​ള്ളു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ സമ്മേള​ന​ത്തിൽ സംബന്ധി​ച്ചതു സഹോ​ദ​ര​ങ്ങൾക്കു വിശേ​ഷാൽ പ്രോ​ത്സാ​ഹ​ന​മാ​യി ഉതകി. ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ തത്ത്വങ്ങൾക്കു വേണ്ടി ഉറച്ച ഒരു നിലപാ​ടു സ്വീക​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അവർ കേട്ടു. ആ സമ്മേള​നത്തെ കുറിച്ച്‌ അധ്യക്ഷ​നാ​യി​രുന്ന മാഫാം​ബാന സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഈ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാ​നാ​യി 600 കിലോ​മീ​റ്റർ സൈക്കിൾ ചവിട്ടി​യാ​ണു ചിലർ എത്തിയത്‌ എന്നത്‌ ഓർക്കുക. സമ്മേള​ന​ത്തിൽ സംബന്ധി​ക്കു​ന്നതു തങ്ങളുടെ ക്രിസ്‌തീയ കടമയാ​യി കരുതിയ അവർ ആ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രാൻ കഷ്ടതകൾ അഭിമു​ഖീ​ക​രി​ക്കാൻ ഒരുക്ക​മാ​യി​രു​ന്നു. അനേക​രു​ടെ​യും ഉറച്ച ക്രിസ്‌തീയ വിശ്വാ​സ​ത്തി​ന്റെ തെളി​വാണ്‌ അത്‌.”

കുഴപ്പ​ത്തി​ന്റെ കാലൊ​ച്ച​കൾ

1960-കളുടെ ആദ്യ ഘട്ടത്തിൽ മലാവി​യിൽ ദേശീ​യ​വി​കാ​രം ആളിക്ക​ത്തുക ആയിരു​ന്നു. ബ്രിട്ട​നു​മാ​യി ഉണ്ടാക്കിയ ഒരു ഉടമ്പടി അനുസ​രിച്ച്‌, 1964-ന്റെ മധ്യത്തിൽ പൊതു തിര​ഞ്ഞെ​ടു​പ്പി​നെ തുടർന്ന്‌ മലാവി​ക്കു സ്വയം​ഭ​രണം ലഭിക്കു​മാ​യി​രു​ന്നു. അതിനി​ടെ, ഡോ. ബാൻഡ ആ ബ്രിട്ടീഷ്‌ കോള​നി​യു​ടെ ആഭ്യന്തര പ്രധാ​ന​മ​ന്ത്രി​യാ​യി നിയമി​ത​നാ​യി. പൊതു തിര​ഞ്ഞെ​ടു​പ്പി​നു മുമ്പ്‌, 1963 ഡിസംബർ 30-നും 1964 ജനുവരി 19-നും ഇടയ്‌ക്കുള്ള സമയത്ത്‌ സമ്മതി​ദാ​യകർ സ്വമേ​ധയാ രജിസ്‌​ട്രേഷൻ നടത്തു​ന്ന​തി​നുള്ള ക്രമീ​ക​രണം ഗവൺമെന്റ്‌ ചെയ്‌തു.

ഈ സമയത്താണ്‌, സാൻ ഫ്രാൻസി​സ്‌കോ എക്‌സാ​മി​നർ (ഐക്യ​നാ​ടു​ക​ളി​ലെ ഒരു പത്രം) “ഒരു മതയുദ്ധം . . . വിശ്വാ​സ​ത്തി​നെ​തി​രെ നടത്ത​പ്പെ​ടുന്ന ഒരു ഏകപക്ഷീയ യുദ്ധം” എന്നു വിളിച്ച ഒരു സ്ഥിതി​വി​ശേ​ഷ​ത്തിൽ മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ അകപ്പെ​ടു​ന്നത്‌. യുദ്ധം പ്രഖ്യാ​പി​ച്ചത്‌ യഹോ​വ​യു​ടെ സാക്ഷികൾ അല്ലായി​രു​ന്നു. ബൈബിൾ പഠിപ്പി​ക്ക​ലു​കൾക്കു ചേർച്ച​യിൽ, അവർ ലൗകിക അധികാ​രി​ക​ളോട്‌ ആദരവു പ്രകട​മാ​ക്കു​ക​യും മനസ്സാ​ക്ഷി​പൂർവം നികുതി കൊടു​ക്കു​ക​യും ചെയ്‌തി​രു​ന്നു. (ലൂക്കൊ. 20:19-25; റോമ. 13:1-7) എന്നിരു​ന്നാ​ലും, തന്റെ അനുഗാ​മി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞതി​നാൽ യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങ​ളും അവയുടെ രാഷ്‌ട്രീയ കാര്യ​ങ്ങ​ളും സംബന്ധി​ച്ചു കർശന​മായ നിഷ്‌പക്ഷത പാലി​ക്കു​ക​യും ചെയ്യുന്നു.—യോഹ. 17:16, NW; പ്രവൃ. 5:28, 29.

സമ്മതി​ദാ​യ​ക​രു​ടെ രജിസ്‌​ട്രേഷൻ ജ്വരം രാജ്യ​ത്താ​ക​മാ​നം പടർന്ന​പ്പോൾ, രജിസ്റ്റർ ചെയ്യാ​തി​രി​ക്കാ​നുള്ള തങ്ങളുടെ അവകാശം സാക്ഷികൾ പ്രയോ​ഗി​ച്ചു. എന്നാൽ അവരുടെ നിഷ്‌പക്ഷ നിലപാ​ടു പാർട്ടി അധികാ​രി​കൾ ശ്രദ്ധി​ച്ച​പ്പോൾ, ഉഗ്രമായ പീഡനം പൊട്ടി​പ്പു​റ​പ്പെട്ടു. നിർബ​ന്ധിച്ച്‌ സാക്ഷി​ക​ളു​ടെ മനസ്സു മാറ്റി അവരെ​ക്കൊ​ണ്ടു പാർട്ടി അംഗത്വ കാർഡു​കൾ വാങ്ങി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾ നടന്നു. ആ സമയത്ത്‌ ബ്രാഞ്ച്‌ ഓഫീ​സിൽ ലഭിച്ച റിപ്പോർട്ടു​കൾ അനുസ​രിച്ച്‌, 100-ലധികം രാജ്യ​ഹാ​ളു​ക​ളും സഹോ​ദ​ര​ങ്ങ​ളു​ടെ 1,000-ത്തിലധി​കം ഭവനങ്ങ​ളും കൊള്ളി​വെ​പ്പിന്‌ ഇരയായി. നൂറു​ക​ണ​ക്കി​നു വയലു​ക​ളും ഭക്ഷണ സംഭര​ണ​ശാ​ല​ക​ളും ചാമ്പലാ​ക്ക​പ്പെട്ടു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇതി​ന്റെ​യൊ​ക്കെ ഫലമായി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പല കുടും​ബ​ങ്ങൾക്കും ആഹാര​വും പാർപ്പി​ട​വും ഇല്ലാതാ​യി. ചിലർ അയൽരാ​ജ്യ​മായ മൊസാ​മ്പി​ക്കി​ലേക്കു പ്രാണ​ര​ക്ഷാർഥം പലായനം ചെയ്‌തു. പലർക്കും കനത്ത പ്രഹര​മേറ്റു, അതിൽ കെന്നത്ത്‌ ചിമ്പാസ എന്ന സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും പെടും. തുടർന്ന്‌, ഏറെക്കാ​ലം കഴിയു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം മരിച്ചു. തെളി​വ​നു​സ​രിച്ച്‌, മരണകാ​രണം അദ്ദേഹ​ത്തി​ന്റെ ശരീര​ത്തി​നേറ്റ പരിക്കാ​യി​രു​ന്നു.

പരി​ശോ​ധ​ന​യിൻ കീഴിൽ ദൃഢവി​ശ്വ​സ്‌തത

പീഡന​ത്തിൻ കീഴിൽ ദൃഢവി​ശ്വ​സ്‌തത പാലി​ച്ച​തി​ന്റെ ദൃഷ്ടാ​ന്തങ്ങൾ അനവധി​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ബ്ലാ​ന്റൈ​റിൽനിന്ന്‌ അധികം അകലെ​യ​ല്ലാ​തെ താമസി​ച്ചി​രുന്ന രണ്ടു സഹോ​ദ​രി​മാ​രു​ടെ കാര്യ​മെ​ടു​ക്കാം. അവർക്കു രണ്ടു പേർക്കു​മാ​യി 11 കുട്ടി​ക​ളും ഉണ്ടായി​രു​ന്നു. രാഷ്‌ട്രീയ സമ്മർദ​ത്തി​നു വഴങ്ങി അവരുടെ ഭർത്താ​ക്ക​ന്മാർ രാഷ്‌ട്രീയ അംഗത്വ കാർഡു​കൾ വാങ്ങി​യി​രു​ന്നു. ഇപ്പോൾ ആ സഹോ​ദ​രി​മാർക്ക്‌ ആ കാർഡു​കൾ വാങ്ങാ​നുള്ള സമ്മർദം ഉണ്ടായി. അവർ അതിനു വഴങ്ങി​യില്ല. സഹോ​ദ​രി​മാ​രു​ടെ തീരു​മാ​ന​ത്തി​നു മാറ്റമു​ണ്ടോ എന്നറി​യാൻ തങ്ങൾ പിറ്റേന്നു വരു​മെന്ന്‌ പാർട്ടി അധികാ​രി​കൾ പറഞ്ഞു. പറഞ്ഞതു​പോ​ലെ, പിറ്റേന്നു രാവിലെ അവരെ കൊണ്ടു​പോ​കാൻ ഒരു വലിയ ജനാവലി എത്തി. ഒരു പൊതു​സ്ഥ​ല​ത്തേക്കു കൊണ്ടു​പോയ അവരെ ബലാൽസം​ഗം ചെയ്യു​മെന്നു ഭീഷണി​പ്പെ​ടു​ത്തു​ക​യും പാർട്ടി കാർഡു​കൾ വാങ്ങാ​ത്ത​തി​നു തല്ലുക​യും ചെയ്‌തു. ആ സഹോ​ദ​രി​മാർ തങ്ങളുടെ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു. പിന്നീട്‌, വീട്ടിൽ പോകാൻ അവരെ അനുവ​ദി​ച്ചെ​ങ്കി​ലും പിറ്റേ​ന്നും അവരെ പൊതു​സ്ഥ​ല​ത്തേക്കു കൊണ്ടു​വ​രു​ക​യു​ണ്ടാ​യി. അന്നും അവരെ തല്ലുക​യും ജനക്കൂ​ട്ട​ത്തി​ന്റെ നടുവിൽവെച്ച്‌ അവരുടെ വസ്‌ത്രം ഉരിയു​ക​യും ചെയ്‌തു. എന്നിട്ടും, ആ സഹോ​ദ​രി​മാർ അചഞ്ചല​രാ​യി നില​കൊ​ണ്ടു.

അപ്പോൾ പീഡകർ തങ്ങളുടെ സമീപ​ന​ത്തി​നു മാറ്റം വരുത്തി. “ഞങ്ങൾ നിങ്ങളു​ടെ ഓഫീ​സി​ലേക്കു ഫോൺ ചെയ്‌ത്‌ യോഹാൻസ​നോ​ടും മാഫാം​ബാ​ന​യോ​ടും മക്ലക്കി​യോ​ടും സംസാ​രി​ച്ചു. അവരും [മലാവി​യി​ലെ] മറ്റെല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളും വാങ്ങി​യ​തു​പോ​ലെ, നിങ്ങളും കാർഡു​കൾ വാങ്ങണ​മെന്ന്‌ അവർ പറഞ്ഞു. ഈ രാജ്യത്ത്‌ കാർഡു​കൾ വാങ്ങാ​ത്ത​വ​രാ​യി നിങ്ങൾ രണ്ടു സ്‌ത്രീ​കൾ മാത്രമേ ഉള്ളൂ. നിങ്ങൾ ഇപ്പോൾ കാർഡു​കൾ വാങ്ങു​ന്ന​താണ്‌ നല്ലത്‌.” അപ്പോൾ സഹോ​ദ​രി​മാ​രു​ടെ മറുപടി ഇതായി​രു​ന്നു: “ഞങ്ങൾ യഹോ​വയെ മാത്രമേ സേവി​ക്കു​ക​യു​ള്ളൂ. അതിനാൽ ബ്രാഞ്ച്‌ ഓഫീ​സി​ലെ സഹോ​ദ​രങ്ങൾ കാർഡു​കൾ വാങ്ങി​യാ​ലും ഞങ്ങൾക്ക്‌ ഒന്നുമില്ല. നിങ്ങൾ ഞങ്ങളെ കൊന്നാൽ പോലും ഞങ്ങൾ അതു വാങ്ങു​ക​യില്ല!” (റോമ. 14:12, താരത​മ്യം ചെയ്യുക.) ഒടുവിൽ, ആ രണ്ടു സഹോ​ദ​രി​മാ​രെ സ്വത​ന്ത്ര​രാ​യി പോകാൻ അനുവ​ദി​ച്ചു.

വിശ്വ​സ്‌ത​രായ ആ എളിയ സഹോ​ദ​രി​മാർക്ക്‌ എഴുത്തും വായന​യും അറിയി​ല്ലാ​യി​രു​ന്നു. എന്നിട്ടും, അവർക്ക്‌ യഹോ​വ​യോ​ടും അവന്റെ നിയമ​ത്തോ​ടും ആഴമായ സ്‌നേഹം ഉണ്ടായി​രു​ന്നു. അവരുടെ ഉറച്ച നിലപാട്‌ സങ്കീർത്തനം 56:11-ലെ വാക്കു​കളെ പ്രതി​ധ്വ​നി​പ്പി​ച്ചു: “ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; ഞാൻ ഭയപ്പെ​ടു​ക​യില്ല. മനുഷ്യ​ന്നു എന്നോടു എന്തു ചെയ്‌വാൻ കഴിയും?”

നമ്മുടെ നിലപാ​ടു വ്യക്തമാ​ക്കാ​നുള്ള ശ്രമങ്ങൾ

ഗുരു​ത​ര​മായ സംഭവങ്ങൾ പിന്നെ​യും ഉണ്ടായ​തി​നെ തുടർന്ന്‌ അധികാ​രി​കളെ കണ്ട്‌ പീഡന​ത്തിന്‌ അറുതി വരുത്താൻ സൊ​സൈറ്റി കഠിന​മാ​യി യത്‌നി​ച്ചു. പ്രധാ​ന​മ​ന്ത്രി​യു​ടെ ഓഫീ​സു​മാ​യി ബന്ധപ്പെട്ടു. അങ്ങനെ 1964 ജനുവരി 30-ന്‌ ഡോ. ബാൻഡ​യു​മാ​യി ഒരു അഭിമു​ഖ​ത്തിന്‌ അനുമതി കിട്ടി. ആ അവസര​ത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാട്‌ റോമർ 13-ാം അധ്യാ​യത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി വളരെ വ്യക്തമാ​യി വിശദീ​ക​രി​ക്കാൻ ജാക്ക്‌ യോഹാൻസനു കഴിഞ്ഞു. കേട്ട കാര്യ​ത്തിൽ പ്രധാ​ന​മ​ന്ത്രി വളരെ സന്തോ​ഷ​മു​ള്ള​വ​നാ​യി കാണ​പ്പെട്ടു. യോഹാൻസൺ സഹോ​ദരൻ അവി​ടെ​നി​ന്നു പോയ​പ്പോൾ ഡോ. ബാൻഡ അദ്ദേഹ​ത്തോ​ടു വളരെ നന്ദി പറഞ്ഞു.

എന്നാൽ, വെറും നാലു ദിവസം കഴിഞ്ഞ​പ്പോൾ മലാൻയി പ്രദേ​ശ​ത്തു​വെച്ച്‌ ഒരു കൂട്ടം സാക്ഷികൾ ആക്രമി​ക്ക​പ്പെട്ടു. എലാട്ടൺ മ്വാച്ചാൻഡെ മൃഗീ​യ​മാ​യി വധിക്ക​പ്പെട്ടു. മോന മ്വിവാവ്‌ല എന്ന പ്രായ​മുള്ള സഹോ​ദ​രി​യു​ടെ കഴുത്തിൽക്കൂ​ടി ഒരു അമ്പ്‌ തൊടു​ത്തു വിട്ടിട്ട്‌ ആ സഹോ​ദരി മരിച്ചു എന്നു വിചാ​രിച്ച്‌ ഉപേക്ഷി​ച്ചി​ട്ടു പോയി. എന്നാൽ, ആ സഹോ​ദരി മരിക്കാ​തെ രക്ഷപ്പെട്ടു. പിന്നീട്‌ ആ റൗഡി​കളെ വിചാരണ ചെയ്യാൻ അവരുടെ സാക്ഷ്യം ഉപയോ​ഗ​പ്പെട്ടു. ഇതേക്കു​റി​ച്ചുള്ള വാർത്ത ബ്രാഞ്ച്‌ ഓഫീ​സിൽ എത്തിയ​പ്പോൾ, പ്രധാ​ന​മ​ന്ത്രി​യു​ടെ ഓഫീ​സി​ലേക്ക്‌ ഒരു അടിയ​ന്തിര ടെല​ഗ്രാം അയയ്‌ക്കു​ക​യു​ണ്ടാ​യി.

അതിന്റെ ഫലമായി, 1964 ഫെബ്രു​വരി 11-ന്‌ ഡോ. ബാൻഡ​യു​മാ​യും അദ്ദേഹ​ത്തി​ന്റെ മറ്റു രണ്ടു മന്ത്രി​മാ​രു​മാ​യും മറ്റൊരു കൂടി​ക്കാഴ്‌ച നടന്നു. ജാക്ക്‌ യോഹാൻസന്റെ കൂടെ ഹാരൊൾഡ്‌ ഗൈയും അലക്‌സാ​ണ്ടർ മാഫാം​ബാ​ന​യും ഉണ്ടായി​രു​ന്നു. ഇത്തവണത്തെ അന്തരീക്ഷം വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ടെല​ഗ്രാം വായു​വിൽ വീശി​ക്കൊണ്ട്‌ ഡോ. ബാൻഡ പറഞ്ഞു: “മിസ്റ്റർ യോഹാൻസൺ, ഏതർഥ​ത്തി​ലാണ്‌ താങ്കൾ ഇങ്ങനെ ഒരു ടെല​ഗ്രാം അയച്ചത്‌?” നമ്മുടെ നിഷ്‌പക്ഷ നിലപാ​ടും ദേശത്തെ നിയമ​ങ്ങ​ളോ​ടുള്ള അനുസ​ര​ണ​വും സംബന്ധി​ച്ചു പ്രധാ​ന​മ​ന്ത്രി​ക്കു ശാന്തമാ​യി വിശദീ​ക​രി​ച്ചു കൊടു​ക്കാൻ സഹോ​ദ​ര​ന്മാർ ശ്രമിച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ആക്രമ​ണ​കാ​രി​കളെ മനഃപൂർവം പ്രകോ​പി​പ്പി​ക്കുക ആണെന്നു പ്രധാ​ന​മ​ന്ത്രി​യും കൂട്ടരും വാദിച്ചു. ആ കൂടി​ക്കാ​ഴ്‌ച​കൊണ്ട്‌ യാതൊ​രു നേട്ടവും ഉണ്ടായില്ല. രാജ്യത്തെ കുഴപ്പ​ത്തി​നു കാരണം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന ആരോ​പ​ണ​വും ഉയർന്നു. പെട്ടെ​ന്നു​തന്നെ രാജ്യം വിട്ടു​കൊ​ള്ള​ണ​മെന്ന ഭീഷണി യോഹാൻസൺ സഹോ​ദ​ര​നു​ണ്ടാ​യി. എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ സാക്ഷികൾ പ്രകോ​പ​ന​മു​ണ്ടാ​ക്കി എന്നതിനു വ്യക്തമായ തെളിവു നിരത്താൻ കഴിയാ​ഞ്ഞ​തി​നു തന്റെ രണ്ടു മന്ത്രി​മാ​രോ​ടാണ്‌ ഡോ. ബാൻഡ കൂടുതൽ കോപി​ച്ചത്‌ എന്നു തോന്നു​ന്നു.

എന്നാൽ, ഗവൺമെന്റ്‌ അവകാ​ശ​പ്പെ​ട്ട​തു​പോ​ലെ യഹോ​വ​യു​ടെ സാക്ഷികൾ അക്രമി​ക​ളു​ടെ നേരെ ഏതെങ്കി​ലും തരത്തിൽ പ്രകോ​പനം ഇളക്കി​വി​ട്ടു എന്നതിന്‌ മ്വാച്ചാൻഡെ സഹോ​ദ​രന്റെ വധത്തെ തുടർന്നു നടന്ന വിചാ​ര​ണ​യിൽ ആക്‌റ്റിങ്‌ ജഡ്‌ജി​യായ മിസ്റ്റർ എൽ. എം. ഇ. എമെജു​ലു യാതൊ​രു തെളി​വും കണ്ടെത്തി​യില്ല എന്നതാണു രസാവ​ഹ​മായ സംഗതി. ജഡ്‌ജി ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “പ്രകോ​പ​ന​ത്തി​നു ഞാൻ യാതൊ​രു തെളി​വും കാണു​ന്നില്ല. യഹോ​വ​യു​ടെ സാക്ഷികൾ മനഃപൂർവം മതം പ്രചരി​പ്പി​ക്കു​ക​യും ആളുകളെ മതപരി​വർത്തനം ചെയ്യാൻ ശ്രമി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌ എന്നതു സത്യമാണ്‌. എന്നാൽ അവർ തങ്ങളുടെ പൗരക​ട​മകൾ പാലി​ക്കു​ക​യും തങ്ങളോട്‌ ആവശ്യ​പ്പെ​ട്ട​തെ​ല്ലാം നിവർത്തി​ക്കു​ക​യും ചെയ്‌തു . . . ഏതെങ്കി​ലും രാഷ്‌ട്രീയ പാർട്ടി​യിൽ ചേരാൻ മാത്ര​മാണ്‌ അവർ വിസമ്മ​തി​ച്ചത്‌.”

സമ്മതി​ദാ​യ​ക​രു​ടെ രജിസ്‌​ട്രേഷൻ ജ്വരം അടങ്ങി​യ​പ്പോൾ രാജ്യത്തു സമാധാ​ന​ത്തി​നും സ്വസ്ഥത​യ്‌ക്കും വേണ്ടി പ്രധാ​ന​മ​ന്ത്രി ആഹ്വാനം ചെയ്‌തു. “യൂറോ​പ്യ​ന്മാ​രോ​ടോ പൊലീ​സു​കാ​രോ​ടോ ഇന്ത്യക്കാ​രോ​ടോ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു പോലു​മോ യാതൊ​രു ദ്രോ​ഹ​വും പാടില്ല. അവരോ​ടു ക്ഷമിക്കുക!” എന്ന്‌ അദ്ദേഹം പറഞ്ഞു. 1964 ജൂ​ലൈ​യിൽ, അത്യധി​കം ഉത്സാഹ​ത്തി​മിർപ്പി​ന്മ​ധ്യേ നിയാ​സ​ലാൻഡ്‌ എന്ന ബ്രിട്ടീഷ്‌ കോളനി ഒരു സ്വതന്ത്ര റിപ്പബ്ലി​ക്കാ​യി, അതിന്റെ പേര്‌ മലാവി എന്നു മാറ്റു​ക​യും ചെയ്‌തു. ഒടുവിൽ പീഡനം അവസാ​നി​ച്ചു. അപ്പോ​ഴേ​ക്കും, യഹോ​വ​യു​ടെ സാക്ഷി​ക​ളായ എട്ടു പേർക്ക്‌ അക്രമ​ത്തിൽ തങ്ങളുടെ ജീവൻ നഷ്ടപ്പെ​ട്ടി​രു​ന്നു.

ശാന്തത​യു​ടെ ഒരു ഹ്രസ്വ കാലഘട്ടം

1964 അവസാ​നി​ക്കാ​റാ​യ​പ്പോ​ഴേ​ക്കും, സഹോ​ദ​ര​ങ്ങൾക്ക്‌ അതു താരത​മ്യേന സമാധാ​ന​ത്തി​ന്റെ ഒരു കാലഘ​ട്ട​മാ​യി​രു​ന്നു, എല്ലാത്തരം പീഡനങ്ങൾ ഏറ്റിട്ടും ഉറച്ചു നിൽക്കാൻ അവരെ പ്രാപ്‌ത​രാ​ക്കിയ “രഹസ്യ”ത്തെക്കു​റി​ച്ചു കൂടുതൽ മനസ്സി​ലാ​ക്കാൻ മുമ്പ്‌ കൊടിയ ശത്രുക്കൾ ആയിരുന്ന ചിലർ ജിജ്ഞാസ കാട്ടി. തത്‌ഫ​ല​മാ​യി, രാജ്യ​സ​ന്ദേശ പ്രസംഗം വീണ്ടും ഒരിക്കൽ കൂടി മുന്നോ​ട്ടു കുതിച്ചു.

1966-ന്റെ ആദ്യ ഘട്ടത്തിൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാട്‌ ഡോ. ബാൻഡ​യോട്‌ വിശദീ​ക​രി​ക്കു​ന്ന​തി​നു മറ്റൊരു അവസരം ലഭിച്ചു. മിഷന​റി​മാർ രാജ്യത്തു പ്രവേ​ശി​ക്കു​ന്ന​തി​നു വാച്ച്‌ ടവർ സൊ​സൈറ്റി അനുവാ​ദം ചോദി​ച്ചി​രു​ന്നു. മലാവി​യിൽ യൂറോ​പ്യ​ന്മാ​രു​ടെ പ്രവേ​ശ​ന​ത്തി​നുള്ള അനുമ​തി​യെ നിയ​ന്ത്രി​ച്ചി​രുന്ന ഡോ. ബാൻഡ, കൂടുതൽ മിഷന​റി​മാർ ആവശ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം ആരാഞ്ഞു. അതിന്റെ ഫലമായി, ഡോ. ബാൻഡ​യും ബ്രാഞ്ച്‌ ദാസനായ മാൽക്കം വൈ​ഗോ​യും തമ്മിൽ ഒരു കൂടി​ക്കാഴ്‌ച നടന്നു. അവരാ​രും രാഷ്‌ട്രീ​യ​ത്തിൽ കൈക​ട​ത്താൻ താൻ ആഗ്രഹി​ക്കു​ന്നില്ല എന്ന്‌ ഡോ. ബാൻഡ ഊന്നി​പ്പ​റഞ്ഞു. ദേശത്തെ നിയമ​ങ്ങ​ളോ​ടുള്ള തങ്ങളുടെ അനുസ​ര​ണ​വും രാഷ്‌ട്രീയ കാര്യ​ങ്ങ​ളി​ലുള്ള നിഷ്‌പക്ഷ നിലപാ​ടും വൈഗോ സഹോ​ദരൻ ഒരിക്കൽ കൂടി വ്യക്തമാ​ക്കി.—റോമ. 13:1-7.

1967 ആയപ്പോ​ഴേ​ക്കും, ശരാശരി പ്രസാ​ധ​ക​രു​ടെ സംഖ്യ 17,000 കവിഞ്ഞി​രു​ന്നു. ഈ സമാധാന കാലയ​ള​വിൽ രണ്ടു ഗിലെ​യാദ്‌ മിഷന​റി​മാർ കൂടി, കീത്ത്‌ ഇറ്റണും ഭാര്യ ആനും, രാജ്യത്ത്‌ എത്തി​ച്ചേർന്നു. അവർ ബ്രാഞ്ച്‌ ഓഫീ​സിൽ വെച്ച്‌ യോഹാൻസൺ ദമ്പതി​കളെ കണ്ടപ്പോൾ ലിൻഡ ഉത്സാഹ​പൂർവം അവർക്ക്‌ ഇങ്ങനെ ഉറപ്പു നൽകി: “ആഫ്രി​ക്ക​യിൽ ഏറ്റവും സമാധാ​ന​മുള്ള രാജ്യ​ത്തേ​ക്കാ​ണു നിങ്ങൾ വന്നിരി​ക്കു​ന്നത്‌!” ഉറഞ്ഞു​കൂ​ടി​ക്കൊ​ണ്ടി​രുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ അറിഞ്ഞ​തേ​യില്ല.

അവസ്ഥ വീണ്ടും വഷളാ​കു​ന്നു

ഒരു ഹ്രസ്വ​കാല ഭാഷാ കോഴ്‌സി​നു ശേഷം കീത്ത്‌ ഇറ്റൺ, ഭാര്യ ആനി​നോ​ടൊ​പ്പം, ഡിസ്‌ട്രി​ക്‌റ്റ്‌ വേലയ്‌ക്കു നിയമി​ക്ക​പ്പെട്ടു. തുടക്ക​ത്തിൽ അവർക്കു കെന്നത്ത്‌ ചിമ്പാ​സ​യു​ടെ​യും കുടും​ബ​ത്തി​ന്റെ​യും സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായം ലഭിച്ചി​രു​ന്നു. ഒന്നിച്ചു വയലിൽ പോകു​മ്പോ​ഴൊ​ക്കെ കുട്ടി​യായ മെയിം​ബ​യ്‌ക്ക്‌ ഇറ്റൺ സഹോ​ദ​രന്റെ ബാഗ്‌ പിടി​ക്കാൻ വലിയ ഉത്സാഹ​മാ​യി​രു​ന്നു.

1967 ഏപ്രി​ലിൽ ഇറ്റൺ സഹോ​ദരൻ പാലൊം​ബെ പ്രദേ​ശ​ത്തുള്ള താംബോ ഗ്രാമ​ത്തിൽ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ സേവി​ച്ചു​കൊ​ണ്ടി​രി​ക്കെ, അസ്വസ്ഥ​ക​ര​മായ ഒരു റേഡി​യോ വാർത്ത കേട്ടു. യഹോ​വ​യു​ടെ സാക്ഷികൾ പാർട്ടി ഉദ്യോ​ഗ​സ്ഥർക്കു നേരെ​യും ‘മലാവി യങ്‌ പയനി​യേ​ഴ്‌സ്‌,’ ‘ലീഗ്‌ ഓഫ്‌ മലാവി യൂത്ത്‌’ എന്നീ യുവജന സംഘട​ന​കൾക്കു നേരെ​യും മനഃപൂർവം പ്രകോ​പനം ഇളക്കി​വി​ടു​ന്ന​താ​യി ഡോ. ബാൻഡ ആരോ​പി​ച്ചു. സാക്ഷികൾ പാർട്ടി അംഗത്വ കാർഡു​കൾ വാങ്ങാൻ വിസമ്മ​തി​ക്കുക മാത്രമല്ല, അങ്ങനെ ചെയ്യാ​തി​രി​ക്കാൻ മറ്റുള്ള​വരെ സ്വാധീ​നി​ക്കു​ക​യും ചെയ്‌ത​താ​യി ആരോ​പി​ക്ക​പ്പെട്ടു.

1964-ലെപ്പോ​ലെ, രാഷ്‌ട്രീ​യ​ക്കാർ പാർട്ടി കാർഡു​ക​ളു​ടെ പ്രശ്‌നം വീണ്ടും കുത്തി​പ്പൊ​ക്കി. ആ കാർഡു​കൾ വാങ്ങേ​ണ്ടതു സ്വമേ​ധയാ ആയിരി​ക്കേ​ണ്ടി​യി​രു​ന്നെ​ങ്കി​ലും, അതു വാങ്ങാ​തി​രി​ക്കു​ന്നത്‌ അനാദ​ര​വാ​യി പാർട്ടി ഉദ്യോ​ഗസ്ഥർ വീക്ഷിച്ചു. “മലാവി എന്ന രാജ്യത്തെ വികസി​പ്പി​ച്ച​തിന്‌ [ഡോ. ബാൻഡ​യോ​ടുള്ള] വിലമ​തിപ്പ്‌ ഈ രാജ്യത്തെ ആളുകൾക്കു പ്രകട​മാ​ക്കാൻ കഴിയുന്ന ഒരു മാർഗ​മാണ്‌” പാർട്ടി കാർഡു​കൾ വാങ്ങു​ന്ന​തെന്ന്‌ അവർ പറഞ്ഞു. പ്രസ്‌തുത സംഗതി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഉറച്ച നിലപാ​ടിൽ കോപം പൂണ്ട്‌ പാർട്ടി ഉദ്യോ​ഗസ്ഥർ അവരെ​ക്കൊ​ണ്ടു നിർബ​ന്ധി​ച്ചു കാർഡു​കൾ വാങ്ങി​പ്പി​ക്കു​ന്ന​തി​നുള്ള പുതിയ ശ്രമങ്ങൾ തുടങ്ങി. സഹോ​ദ​ര​ങ്ങൾക്ക്‌ എതി​രെ​യുള്ള ദ്രോ​ഹ​ത്തെ​യും പ്രഹര​ങ്ങ​ളെ​യും കുറി​ച്ചുള്ള റിപ്പോർട്ടു​കൾ വീണ്ടും ബ്രാഞ്ചിൽ എത്താൻ തുടങ്ങി.

ഒരിക്കൽ, പാർട്ടി കാർഡ്‌ വാങ്ങാൻ വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട ജുംബെ സഭയിലെ ഒരു സഹോ​ദ​രനെ സന്ദർശി​ക്കാൻ ചില പാർട്ടി ഉദ്യോ​ഗസ്ഥർ മാൽക്കം വൈ​ഗോ​യോട്‌ ആവശ്യ​പ്പെട്ടു. മുറി​യിൽ കടക്കു​ന്ന​തി​നു മുമ്പ്‌, വൈഗോ സഹോ​ദരൻ നിശ്ശബ്ദ​മാ​യി പ്രാർഥി​ച്ചു. പാർട്ടി കാർഡു​കൾ വാങ്ങു​ന്നതു തെറ്റാ​ണെന്ന്‌ വാച്ച്‌ ടവർ സൊ​സൈറ്റി അതിന്റെ അംഗങ്ങ​ളോ​ടു വ്യക്തമാ​യി പറഞ്ഞി​ട്ടു​ണ്ടെന്ന്‌ വൈഗോ സഹോ​ദരൻ അവരോ​ടു പറയും എന്ന്‌ ആ ഉദ്യോ​ഗസ്ഥർ പ്രതീ​ക്ഷി​ച്ചി​രു​ന്ന​താ​യി തുടക്കം മുതലേ വ്യക്തമാ​യി​രു​ന്നു. എന്നാൽ എന്തെങ്കി​ലും ചെയ്യണ​മെന്നു സൊ​സൈറ്റി ആരോ​ടും ആവശ്യ​പ്പെ​ടു​ന്നില്ല, മറിച്ച്‌ ഓരോ വ്യക്തി​യും സ്വന്തമായ തീരു​മാ​നം കൈ​ക്കൊ​ള്ളേ​ണ്ട​താണ്‌ എന്നു സഹോ​ദരൻ വ്യക്തമാ​ക്കി. ഈ വിശദീ​ക​ര​ണ​ത്തിൽ പാർട്ടി ഉദ്യോ​ഗസ്ഥർ സന്തുഷ്ടർ ആയിരു​ന്നില്ല. അപ്പോൾ എല്ലാ വശത്തു​നി​ന്നും ചോദ്യ​ശ​ര​ങ്ങ​ളാ​യി. സഹോ​ദ​രനെ കുഴയ്‌ക്കാ​നുള്ള ഉത്സാഹ​ത്തിൽ, അദ്ദേഹം ഒരു ചോദ്യ​ത്തിന്‌ ഉത്തരം പറഞ്ഞു കഴിയു​ന്ന​തി​നു മുമ്പേ അവർ മറ്റൊരു ചോദ്യം ഉന്നയി​ക്കു​മാ​യി​രു​ന്നു. രണ്ടു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലി​നു ശേഷം, സഹോ​ദ​രനെ ഒടുവിൽ വിട്ടയച്ചു. അദ്ദേഹം പാർട്ടി കാർഡ്‌ വാങ്ങു​ക​യു​ണ്ടാ​യില്ല.

നിരോ​ധി​ക്ക​പ്പെ​ടു​ന്നു!

ഭരണക​ക്ഷി​യായ മലാവി കോൺഗ്രസ്‌ പാർട്ടി​യു​ടെ വാർഷിക സമ്മേളനം 1967 സെപ്‌റ്റം​ബ​റിൽ നടന്ന സമയത്തു സ്ഥിതി​ഗ​തി​കൾ മൂർധ​ന്യാ​വ​സ്ഥ​യിൽ എത്തി. അതിൽ പാസാ​ക്കിയ പ്രമേ​യ​ങ്ങ​ളിൽ ഒന്ന്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതവി​ഭാ​ഗം ഈ രാജ്യത്തു നിയമ​വി​രു​ദ്ധ​മാ​ണെന്നു പ്രഖ്യാ​പി​ക്ക​ണ​മെന്ന്‌ [ഞങ്ങൾ] ശക്തിയാ​യി ശുപാർശ ചെയ്യുന്നു.” കാരണം? ആ പ്രമേയം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “രാഷ്‌ട്ര​ത്തി​ന്റെ സുഗമ​മായ പ്രവർത്ത​ന​ത്തിന്‌ അനു​പേ​ക്ഷ​ണീ​യ​മായ സമാധാ​ന​ത്തി​ന്റെ​യും ശാന്തി​യു​ടെ​യും സുസ്ഥി​ര​തയെ അത്‌ അപകട​പ്പെ​ടു​ത്തു​ന്നു.” പിന്നീട്‌, കൺ​വെൻ​ഷ​നി​ലെ സമാപന പ്രസം​ഗ​ത്തിൽ പ്രസി​ഡന്റ്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോ​വ​യു​ടെ സാക്ഷികൾ എല്ലായി​ട​ത്തും കുഴപ്പങ്ങൾ സൃഷ്ടി​ക്കു​ക​യാണ്‌. അതിനാൽ യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ക്കണം എന്ന്‌ ആവശ്യ​പ്പെ​ടുന്ന ഒരു പ്രമേയം ഈ കൺ​വെൻ​ഷൻ ഇന്നലെ പാസാ​ക്കു​ക​യു​ണ്ടാ​യി. ഗവൺമെന്റ്‌ ഇക്കാര്യം വളരെ പെട്ടെന്നു പരിഗ​ണി​ക്കും എന്ന്‌ എനിക്കു നിങ്ങ​ളോ​ടു പറയാൻ സാധി​ക്കും.”

വാസ്‌ത​വ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ‘മലാവി​യു​ടെ സുസ്ഥി​ര​ത​യ്‌ക്ക്‌ അപകട’മായി​രു​ന്നോ? ഒരിക്ക​ലു​മല്ല! പിൽക്കാ​ലത്ത്‌ ഒരു നിരീ​ക്ഷകൻ മലാവി​യി​ലെ സാക്ഷി​കളെ കുറിച്ചു പറഞ്ഞത്‌, അവർ “മാതൃകാ പൗരന്മാ”രും “മടികൂ​ടാ​തെ നികുതി അടയ്‌ക്കു​ന്ന​വ​രും രോഗി​കളെ പരിപാ​ലി​ക്കു​ന്ന​വ​രും നിരക്ഷ​ര​ത​യോ​ടു പോരാ​ടു​ന്ന​വ​രും” ആണ്‌ എന്നായി​രു​ന്നു. എന്നാൽ, ഗവൺമെന്റ്‌ ‘കാര്യം വളരെ പെട്ടെന്നു പരിഗ​ണി​ക്കു​ക​തന്നെ ചെയ്‌തു.’ നിരോ​ധനം ഏർപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഓർഡർ താമസി​യാ​തെ ഒപ്പു​വെ​ക്ക​പ്പെട്ടു. അത്‌ 1967 ഒക്ടോബർ 20-ന്‌ പ്രാബ​ല്യ​ത്തിൽ വന്നു. പത്രത്തിൽ രാഷ്‌ട്രത്തെ മുഴുവൻ അറിയി​ക്കുന്ന വിധത്തിൽ വലിയ തലക്കെട്ടു പ്രത്യ​ക്ഷ​പ്പെട്ടു: “‘ആപത്‌കര’ മതവി​ഭാ​ഗത്തെ മലാവി നിരോ​ധി​ക്കു​ന്നു.” “മലാവി​യി​ലെ നല്ല ഗവൺമെ​ന്റി​നു ഭീഷണി” ആയിരി​ക്കു​ന്നതു കൊണ്ടാ​ണു നടപടി എടുക്കു​ന്നത്‌ എന്നു പ്രസ്‌താ​വി​ച്ചി​രു​ന്നെ​ങ്കി​ലും, പാർട്ടി അംഗത്വ കാർഡു​കൾ വാങ്ങാ​ത്ത​താ​യി​രു​ന്നു യഥാർഥ കാരണ​മെന്നു വ്യക്തമാ​യി​രു​ന്നു. തങ്ങളുടെ ഉറച്ച ബൈബി​ള​ധി​ഷ്‌ഠിത വിശ്വാ​സ​ങ്ങൾക്കു ചേർച്ച​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ‘മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കാൻ’ തീരു​മാ​നി​ക്കു​ക​യാ​ണു ചെയ്‌തത്‌.—പ്രവൃ. 5:28, 29.

മുൻകൂ​ട്ടി​യുള്ള ഒരുക്ക​ത്തി​ന്റെ നേട്ടം

നിരോ​ധനം ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ, യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ എന്തോ ഔദ്യോ​ഗിക നടപടി സ്വീക​രി​ക്കാൻ പോകു​ക​യാ​ണെന്നു ബ്രാഞ്ച്‌ ഓഫീ​സി​ലെ സഹോ​ദ​ര​ങ്ങൾക്കു മനസ്സി​ലാ​യി. സമ്പൂർണ​മായ നിരോ​ധനം പ്രതീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ലും, അവർ മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കാൻ തുടങ്ങി. സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർക്കു മാർഗ​നിർദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും നൽകു​ന്ന​തി​നാ​യി രാജ്യ​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ പ്രത്യേക യോഗങ്ങൾ സംഘടി​പ്പി​ക്ക​പ്പെട്ടു. സഭാ​യോ​ഗങ്ങൾ, വയൽശു​ശ്രൂഷ, സാഹിത്യ ശേഖരങ്ങൾ, കത്തയയ്‌ക്കൽ തുടങ്ങിയ സംഗതി​കൾ സംബന്ധി​ച്ചു പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽക​പ്പെട്ടു. അവസ്ഥ പിന്നെ​യും വഷളാ​യ​പ്പോൾ, ലഭിച്ച ആ വിവരങ്ങൾ അമൂല്യ​മെന്നു തെളിഞ്ഞു.

ക്രമേണ ഈ നിർദേ​ശങ്ങൾ സഭകളി​ലെ സഹോ​ദ​ര​ങ്ങൾക്കു ലഭിച്ച​പ്പോൾ അവർ ഉത്സാഹ​പൂർവം അവ അനുസ​രി​ച്ചു പ്രവർത്തി​ച്ചു. സൊ​സൈ​റ്റി​യു​ടെ ഫാറങ്ങൾ ഉപയോ​ഗി​ക്കു​ന്നതു നിർത്തി. പകരം, വെറും കടലാ​സിൽ സഭാ സേവന റിപ്പോർട്ടു​കൾ എഴുതി സന്ദേശ​വാ​ഹകർ വഴി ബ്രാഞ്ചിൽ എത്തിക്കാൻ തുടങ്ങി. ഓരോ സഭയു​ടെ​യും ആവശ്യാർഥം യോഗ​സ​മ​യ​ങ്ങൾക്കു മാറ്റം വരുത്തി. ഗ്രാമ​ത്തി​ലു​ള്ളവർ എഴു​ന്നേൽക്കു​ന്ന​തി​നു മുമ്പ്‌, അതായത്‌ ഞായറാഴ്‌ച രാവിലെ 5:30-ന്‌, യോഗങ്ങൾ നടത്താൻ ഒരു സഭ തീരു​മാ​നി​ച്ചു. പ്രസം​ഗ​വേ​ല​യു​ടെ കാര്യ​ത്തിൽ, രാജ്യ​സു​വാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിൽനി​ന്നു യാതൊ​രു നിരോ​ധ​ന​വും യഹോ​വ​യു​ടെ സാക്ഷി​കളെ തടയു​മാ​യി​രു​ന്നില്ല. അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കാല​ത്തേ​തി​നു സമാന​മായ നിലപാട്‌ നമ്മുടെ വിശ്വസ്‌ത സഹോ​ദ​രങ്ങൾ സ്വീക​രി​ച്ചു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടു​മി​രി​ക്കു​ന്നതു പ്രസ്‌താ​വി​ക്കാ​തി​രി​പ്പാൻ കഴിയു​ന്നതല്ല.”—പ്രവൃ. 4:20.

നിരോ​ധ​ന​ത്തിന്‌ അൽപ്പം മുമ്പ്‌, ഗവൺമെന്റ്‌ ഗസ്സറ്റിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുള്ള നിരോ​ധന പ്രഖ്യാ​പനം വരുന്നു​ണ്ടെന്ന്‌ വിശ്വസ്‌ത വൃത്തങ്ങ​ളിൽ നിന്നും ബ്രാഞ്ച്‌ ഓഫീ​സി​നു വിവരം ലഭിച്ചു. അതനു​സ​രിച്ച്‌ സത്വരം പ്രവർത്തിച്ച സഹോ​ദ​രങ്ങൾ എല്ലാ സുപ്ര​ധാന ഫയലു​ക​ളും രേഖക​ളും, ചില ഉപകര​ണങ്ങൾ പോലും, വ്യത്യസ്‌ത സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളി​ലേക്കു മാറ്റി. സാഹി​ത്യ​ങ്ങ​ളാ​ണെ​ങ്കിൽ, ബ്രാഞ്ചിൽനി​ന്നു വലിയ അളവിൽ രാജ്യ​ത്തെ​ങ്ങു​മുള്ള സഭകളി​ലേക്ക്‌ അയച്ചു. വിലപ്പെട്ട ആത്മീയ ഭക്ഷണം സംരക്ഷി​ക്കാൻ, ഒരു സഭ വലിയ രണ്ടു വീപ്പക​ളിൽ പുസ്‌ത​കങ്ങൾ നിറച്ച്‌ പിന്നീ​ടത്തെ ഉപയോ​ഗ​ത്തി​നാ​യി അവ കുഴി​ച്ചി​ട്ടു. സ്വത്തു​വ​കകൾ കണ്ടു​കെ​ട്ടാൻ നവംബ​റിൽ പൊലീസ്‌ എത്തി. വളരെ കുറച്ച്‌ സാഹി​ത്യ​ങ്ങ​ളും ഫയലു​ക​ളും ഉപകര​ണ​ങ്ങ​ളും മാത്രം കാണാൻ കഴിഞ്ഞ അവർ അന്തം വിട്ടു​പോ​യി.

മിഷന​റി​മാ​രെ രാജ്യ​ത്തു​നിന്ന്‌ പുറത്താ​ക്കു​ന്നു

പ്രതീ​ക്ഷി​ച്ചതു പോലെ, വിദേശ മിഷന​റി​മാ​രോ​ടു രാജ്യം വിട്ടു​പോ​കാൻ ആവശ്യ​പ്പെട്ടു. എന്നാൽ, പോകു​ന്ന​തി​നു മുമ്പ്‌ തങ്ങളുടെ പ്രിയ സഹോ​ദ​ര​ങ്ങളെ ശക്തീക​രി​ക്കു​ന്ന​തിന്‌ ആവുന്ന​തെ​ല്ലാം അവർ ചെയ്‌തു. മാൽക്കം വൈഗോ അക്രമി​കൾ നശിപ്പിച്ച ഭവനങ്ങൾ സന്ദർശി​ച്ചു സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ച്ചു. അവരിൽ ഒരാളാ​യി​രു​ന്നു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ ഫൈൻലി മ്വിൻയെരെ. വൈഗോ സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ എത്തി​ച്ചേർന്ന​പ്പോൾ മ്വിൻയെരെ സഹോ​ദരൻ കത്തിച്ചാ​മ്പ​ലായ വീടു നോക്കി നിൽപ്പു​ണ്ടാ​യി​രു​ന്നു. അദ്ദേഹം പ്രകട​മാ​ക്കിയ മനോ​ഭാ​വ​മാ​യി​രു​ന്നു പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു സംഗതി. തന്റെ സർക്കി​ട്ടിൽ കഷ്ടമനു​ഭ​വിച്ച എല്ലാവ​രെ​യും കണ്ട്‌ അവരെ ശക്തീക​രി​ക്കാൻ അദ്ദേഹ​ത്തിന്‌ അതിയായ ആഗ്രഹം ഉണ്ടായി​രു​ന്നു. തനിക്കു നേരിട്ട വ്യക്തിഗത നഷ്ടത്തിൽ അദ്ദേഹം തളർന്നു​പോ​യില്ല.”

തടവിൽ വെക്ക​പ്പെ​ട്ടി​രുന്ന ഏതാണ്ട്‌ 3,000 സഹോ​ദ​ര​ങ്ങളെ സന്ദർശി​ക്കാൻ ജാക്ക്‌ യോഹാൻസൺ വടക്കുള്ള ലിലൊ​ങ്‌വേ​യി​ലേക്കു പോയി. അവരിൽ പലരോ​ടും സംസാ​രി​ക്കാൻ കഴിഞ്ഞ അദ്ദേഹം അവർക്കു പ്രോ​ത്സാ​ഹനം നൽകി. അവർ അപ്പോ​ഴും സന്തുഷ്ട​രാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, പ്രോ​ത്സാ​ഹി​ത​നാ​യാണ്‌ അദ്ദേഹം മടങ്ങി​വ​ന്നത്‌. വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഒരു അനുഭവം എന്ന്‌ അദ്ദേഹം അതിനെ വർണി​ക്കു​ക​യും ചെയ്‌തു. സ്ഥിതി​വി​ശേഷം ലജ്ജാവഹം ആണെന്നു ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ പിന്നീട്‌ യോഹാൻസൺ സഹോ​ദ​രനെ അറിയി​ച്ചു. നിരോ​ധ​ന​ത്തി​ന്റെ ദോഷ​ഫ​ല​ങ്ങ​ളിൽ ഒന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌, ഇനി ലിലൊ​ങ്‌വേ​യി​ലെ വൈദ്യു​തി സപ്ലൈ തകരാ​റി​ലാ​യാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ അതു പിന്നീ​ടൊ​രി​ക്ക​ലും പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യില്ല എന്നാണ്‌. ഏറ്റവും സമർഥ​രും ആശ്രയ​യോ​ഗ്യ​രു​മായ തൊഴി​ലാ​ളി​ക​ളെ​യാ​ണു ജയിലിൽ പിടി​ച്ചി​ട്ടത്‌!

എട്ടു വിദേശ മിഷന​റി​മാ​രിൽ ആരും സ്വമേ​ധയാ രാജ്യം വിട്ടു​പോ​യില്ല. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം, അവർ യാതൊ​രു തെറ്റും ചെയ്‌തി​ട്ടി​ല്ലാ​യി​രു​ന്നു. ഷാർപ്പ്‌ ദമ്പതി​മാ​രെ​യും യോഹാൻസൺ ദമ്പതി​മാ​രെ​യും പൊലീസ്‌ അകമ്പടി​യോ​ടെ നേരെ വിമാ​ന​ത്താ​വ​ള​ത്തിൽ കൊണ്ടു​പോ​യി രാജ്യം വിട്ടു​പോ​കുന്ന ഒരു വിമാ​ന​ത്തിൽ കയറ്റി​വി​ട്ടു. മറ്റു രണ്ടു ദമ്പതി​മാ​രെ ബ്ലാ​ന്റൈ​റി​ലുള്ള ചിച്ചിറി ജയിലി​ലേക്കു കൊണ്ടു​പോ​യി. അവർക്ക്‌ അവിടെ ഏതാനും ദിവസം കിട​ക്കേണ്ടി വന്നു—മാൽക്ക​മി​നെ​യും കീത്തി​നെ​യും ഒരു ജയില​റ​യി​ലും ലിൻഡ ലൂയി​സി​നെ​യും ആനി​നെ​യും മറ്റൊരു അറയി​ലും അടച്ചു. പിന്നീട്‌, പൊലീസ്‌ അകമ്പടി​യോ​ടെ അവരെ വിമാ​ന​ത്താ​വ​ള​ത്തിൽ എത്തിച്ചിട്ട്‌ അവി​ടെ​നിന്ന്‌ മൗറീ​ഷ്യ​സി​ലേക്കു നാടു​ക​ടത്തി. യോഹാൻസൺ ദമ്പതി​മാർക്കും വൈഗോ ദമ്പതി​മാർക്കും കെനി​യ​യി​ലേ​ക്കും ഇറ്റൺ ദമ്പതി​മാർക്കു റൊ​ഡേ​ഷ്യ​യി​ലേ​ക്കും പിന്നീട്‌ പുനർനി​യ​മനം ലഭിച്ചു.

ദുഃഖാർത്ത ഹൃദയ​ങ്ങ​ളോ​ടെ മിഷന​റി​മാർ തങ്ങളുടെ പ്രിയ സഹോ​ദ​ര​ങ്ങളെ വിട്ടു​പി​രി​ഞ്ഞു. എന്നാൽ മലാവി​യി​ലെ സഹോ​ദ​രങ്ങൾ ഉപേക്ഷി​ക്ക​പ്പെട്ട അവസ്ഥയിൽ ആയിരു​ന്നില്ല. രാജ്യ​ത്തെ​ങ്ങു​മുള്ള 405 സഭകളിൽ സ്‌നേ​ഹ​മുള്ള ആത്മീയ ഇടയന്മാ​രായ മേൽവി​ചാ​ര​ക​ന്മാർ ഉണ്ടായി​രു​ന്നു. (യെശ. 32:2) അലക്‌സ്‌ മാഫാം​ബാന പ്രാ​ദേ​ശിക വേലയ്‌ക്കു നേതൃ​ത്വം നൽകി. മലാവി വയലിന്റെ മേൽനോ​ട്ടം സിംബാ​ബ്‌വേ (റൊ​ഡേഷ്യ എന്നാണ്‌ അന്നു വിളി​ച്ചി​രു​ന്നത്‌) ബ്രാഞ്ചി​നാ​യി. പിറ്റേ വർഷം, മലാവി​യി​ലെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും നേതൃ​ത്വ​മെ​ടു​ക്കുന്ന മറ്റുള്ള​വ​രും സിംബാ​ബ്‌വേ​യിൽ വന്ന്‌ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളി​ലും റിഫ്രഷർ കോഴ്‌സു​ക​ളി​ലും സംബന്ധി​ക്കാൻ അവിടെ ഹരാ​രേ​യി​ലുള്ള ബ്രാഞ്ച്‌ ക്രമീ​ക​രണം ചെയ്‌തു. ഈ വിശ്വസ്‌ത സഹോ​ദ​ര​ന്മാർ മുഖാ​ന്തരം സർക്കിട്ട്‌ സമ്മേള​ന​ത്തി​ലെ​യും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലെ​യും വിവരങ്ങൾ സഭകളിൽ എത്തിച്ചു​കൊ​ടു​ത്തു.

വീണ്ടും കൊടും​ക്രൂ​ര​തകൾ

നിരോ​ധ​നത്തെ കുറി​ച്ചുള്ള വാർത്ത പരന്ന​തോ​ടെ, പാർട്ടി നേതാ​ക്ക​ന്മാ​രും ‘മലാവി യങ്‌ പയനി​യേ​ഴ്‌സ്‌,’ ‘യൂത്ത്‌ ലീഗ്‌’ എന്നീ സംഘട​ന​ക​ളി​ലെ അംഗങ്ങ​ളും കടുത്ത പീഡന​ത്തി​നു നേതൃ​ത്വം വഹിച്ചു. പൊലീ​സി​നും കോട​തി​കൾക്കും ചില​പ്പോ​ഴൊ​ക്കെ സഹതാപം തോന്നി​യെ​ങ്കി​ലും, യഹോ​വ​യു​ടെ സാക്ഷി​കളെ രാജ്യത്ത്‌ നിയമ​വി​രുദ്ധ വിഭാ​ഗ​മാ​യി മുദ്ര കുത്തി​യി​രു​ന്ന​തി​നാൽ അവരുടെ നേർക്കുള്ള അക്രമം തടയാൻ അവർക്കു സാധി​ച്ചില്ല.

പീഡനം ശക്തി പ്രാപി​ച്ച​തോ​ടെ, രാജ്യ​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളു​ക​ളും ഭവനങ്ങ​ളും ഭക്ഷ്യ​സ്റ്റോ​റു​ക​ളും ബിസി​നസ്‌ സ്ഥാപന​ങ്ങ​ളും നശിപ്പി​ക്ക​പ്പെട്ടു. ചില സ്ഥലങ്ങളിൽ അക്രമി​കൾ എത്തിയത്‌ സാക്ഷി​ക​ളു​ടെ സ്വത്തു​വ​കകൾ കൊണ്ടു​പോ​കാ​നുള്ള ലോറി​ക​ളു​മാ​യാണ്‌. അത്തരം ഭൗതിക നഷ്ടങ്ങൾ പണപര​മായ മൂല്യം വെച്ചു​നോ​ക്കു​മ്പോൾ വളരെ ചെറു​താ​യി​രു​ന്നെ​ങ്കി​ലും, മലാവി​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം അവ ആയിരു​ന്നു അവർക്കു സ്വന്തമാ​യു​ണ്ടാ​യി​രുന്ന സർവവും.

സഹോ​ദ​ര​ങ്ങൾക്ക്‌ ഏൽക്കേ​ണ്ടി​വന്ന പ്രഹര​ങ്ങളെ കുറി​ച്ചുള്ള വാർത്തകൾ മലാവി​യു​ടെ എല്ലാ ഭാഗത്തു​നി​ന്നും ലഭിച്ചു. നമ്മുടെ ചില പ്രിയ സഹോ​ദ​രി​മാർക്കു വളരെ കടുത്ത പീഡനം സഹി​ക്കേ​ണ്ടി​വന്നു. പല ക്രിസ്‌തീയ വനിത​ക​ളും ബലാൽസം​ഗ​ത്തിന്‌ ഇരകളാ​യി, അംഗ​ച്ഛേദം ചെയ്യ​പ്പെട്ടു, പ്രഹര​ത്തിന്‌ ഇരകളാ​യി. കണ്ണിൽ ചോര​യി​ല്ലാത്ത അക്രമി​കൾ ആരെയും വെറുതെ വിട്ടില്ല. പ്രായ​മു​ള്ള​വ​രെ​യും പ്രായം കുറഞ്ഞ​വ​രെ​യും ചില ഗർഭി​ണി​കളെ പോലും അത്തരം ക്രൂര​ത​കൾക്ക്‌ ഇരകളാ​ക്കി. തത്‌ഫ​ല​മാ​യി, ചിലരു​ടെ ഗർഭം അലസി. പിന്നെ​യും, ആയിരങ്ങൾ തങ്ങളുടെ ഗ്രാമം വിട്ടോ​ടാൻ നിർബ​ന്ധി​ത​രാ​യി. പലരും അഭയം കണ്ടെത്തി​യത്‌ വനത്തി​ലാണ്‌. മറ്റുള്ളവർ താത്‌കാ​ലിക പ്രവാ​സി​ക​ളാ​യി അയൽരാ​ജ്യ​മായ മൊസാ​മ്പി​ക്കി​ലേക്കു പോയി. 1967 നവംബർ അവസാനം ആയപ്പോ​ഴേ​ക്കും, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നേർക്കുള്ള മൃഗീയ പീഡന​ത്തിൽ ചുരു​ങ്ങി​യത്‌ അഞ്ചു പേർക്കെ​ങ്കി​ലും ജീവൻ നഷ്ടമായി.

നിരോ​ധ​ന​ത്തോ​ടുള്ള പ്രതി​ക​ര​ണം

കടുത്ത പ്രഹരം ഏൽക്കേണ്ടി വന്നിട്ടും യഹോ​വ​യു​ടെ സാക്ഷികൾ പിന്തി​രി​ഞ്ഞില്ല. അവിശ്വ​സ്‌തർ ആയിത്തീർന്നവർ വളരെ കുറവാ​യി​രു​ന്നു. വീടും വീട്ടു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം നശിപ്പി​ക്ക​പ്പെട്ട ഒരാളാ​യി​രു​ന്നു സാംസൺ കുംബാൻയിവ. അദ്ദേഹ​ത്തി​ന്റെ വസ്‌ത്ര​ങ്ങ​ളെ​ല്ലാം പിച്ചി​ച്ചീ​ന്ത​പ്പെട്ടു. എങ്കിലും, അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം തകർന്നില്ല. ബോധ്യ​ത്തോ​ടെ അദ്ദേഹം പറഞ്ഞു: “ഞാൻ ഒറ്റയ്‌ക്ക​ല്ലെന്ന്‌ എനിക്ക്‌ അറിയാം, യഹോവ എന്നെ സംരക്ഷി​ച്ചി​രി​ക്കു​ന്നു.” വിശ്വാ​സ​മുള്ള ഈ സ്‌ത്രീ​പു​രു​ഷ​ന്മാർ പ്രകട​മാ​ക്കിയ ദൃഢവി​ശ്വ​സ്‌തത യഹോ​വ​യ്‌ക്ക്‌ ബഹുമ​തി​യും “മനുഷ്യൻ തനിക്കു​ള്ള​തൊ​ക്ക​യും തന്റെ ജീവന്നു പകരം കൊടു​ത്തു​ക​ള​യും” എന്ന സാത്താന്റെ വെല്ലു​വി​ളിക്ക്‌ ഉത്തരവു​മാണ്‌.—ഇയ്യോ. 2:4.

പീഡനം മലാവി​യി​ലെ ആത്മാർഥ ഹൃദയ​രായ ചിലരു​ടെ മനസ്സാ​ക്ഷി​യെ ഉണർത്തുക പോലും ചെയ്‌തു. യേശു​ക്രി​സ്‌തു​തന്നെ മുൻകൂ​ട്ടി പറഞ്ഞതി​നോ​ടു ചേർച്ച​യിൽ ആയിരു​ന്നു അത്‌. തന്റെ അനുഗാ​മി​കൾ പീഡി​പ്പി​ക്ക​പ്പെ​ടു​മെന്ന്‌, ഭരണാ​ധി​പ​ന്മാ​രു​ടെ മുമ്പി​ലേക്കു വലിച്ചി​ഴ​യ്‌ക്ക​പ്പെ​ടു​മെന്ന്‌ അവർക്കു മുന്നറി​യി​പ്പു കൊടുത്ത ശേഷം പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഈ വാക്കു​ക​ളോ​ടെ അവൻ ഉപസം​ഹ​രി​ച്ചു: “അതു നിങ്ങൾക്കു സാക്ഷ്യം പറവാൻ തരം ആകും.”—ലൂക്കൊ. 21:12, 13.

ഒരു ഭർത്താവ്‌ തന്റെ സാക്ഷി​യായ ഭാര്യയെ കുറെ​ക്കാ​ലം എതിർത്തി​രു​ന്നു. എന്നാൽ പീഡന​ത്തി​ന്റെ ഫലമായി, കാര്യങ്ങൾ കുറേ​ക്കൂ​ടി വ്യക്തമാ​യി കാണാൻ അയാൾക്കു സാധിച്ചു. നിരോ​ധനം ഏർപ്പെ​ടു​ത്തി കഷ്ടിച്ചു രണ്ടാഴ്‌ച കഴിഞ്ഞ​പ്പോൾ അക്രമാ​സ​ക്ത​രായ ഒരു ജനക്കൂട്ടം അയാളു​ടെ വീട്ടിൽ എത്തി. വീട്ടു​കാ​രൻ സാക്ഷി​യ​ല്ലെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു, അയാളു​ടെ ഭാര്യയെ തേടി​യാ​ണു തങ്ങൾ വന്നിരി​ക്കു​ന്ന​തെന്ന്‌ അവർ വിളി​ച്ചു​പ​റഞ്ഞു. ആദ്യം വാതിൽ തുറക്കാൻ അയാൾ വിസമ്മ​തി​ച്ചു. വീടു കത്തിക്കു​മെ​ന്നും അതിലു​ള്ള​വരെ ചുട്ടു ചാമ്പലാ​ക്കു​മെ​ന്നും അവർ ഭീഷണി മുഴക്കി​യ​പ്പോൾ മാത്ര​മാണ്‌ അദ്ദേഹം മടിച്ചു​മ​ടിച്ച്‌ അവരെ അകത്തു കടക്കാൻ അനുവ​ദി​ച്ചത്‌. ഉടൻതന്നെ അദ്ദേഹം ചങ്ങലക​ളാൽ ബന്ധിത​നാ​യി. പാർട്ടി​യു​ടെ കാർഡ്‌ വാങ്ങാൻ അവർ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെട്ടു. തന്റെ ഭാര്യ​യു​ടേത്‌ യഥാർഥ മതം ആയിരി​ക്ക​ണ​മെന്ന്‌ അപ്പോൾ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അന്ന്‌ കാർഡ്‌ വാങ്ങാൻ വിസമ്മ​തിച്ച അദ്ദേഹ​ത്തി​നും ഭാര്യ​യ്‌ക്കും പ്രഹര​മേ​റ്റെ​ങ്കി​ലും, ആ സംഭവം കഴിഞ്ഞ ഉടനെ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. പിറ്റേ വർഷം അദ്ദേഹം തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും യഹോ​വ​യു​ടെ ഒരു ദാസൻ എന്ന നിലയിൽ തന്റെ ഭാര്യ​യോ​ടു ചേരു​ക​യും ചെയ്‌തു.

നിർദോ​ഷി​ക​ളായ ക്രിസ്‌ത്യാ​നി​കൾക്കു നേരി​ടുന്ന കഷ്ടതയിൽ ഉത്‌ക​ണ്‌ഠാ​കു​ല​രായ ആളുകൾ മലാവിക്ക്‌ അകത്തു​നി​ന്നും പുറത്തു​നി​ന്നും ശബ്ദമു​യർത്താൻ തുടങ്ങി. ചിലർ ഇങ്ങനെ പറയു​ന്നതു കേൾക്കാ​മാ​യി​രു​ന്നു: “ദൈവ​ജനം നമ്മുടെ രാജ്യത്തു നിരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ ലോകാ​ന്ത്യ കാല​ത്തോ​ടു നാം അടുത്തു വരിക​യാ​ണെന്ന്‌ ഇപ്പോൾ ഞങ്ങൾക്ക​റി​യാം!” 1968 ഫെബ്രു​വ​രി​യി​ലെ വീക്ഷാ​ഗോ​പു​രം, ഉണരുക! ലക്കങ്ങളിൽ വന്ന ലേഖന​ങ്ങ​ളു​ടെ ഫലമായി ലോക​മെ​മ്പാ​ടും ഉള്ളവർ മലാവി​യി​ലെ സംഭവ​ങ്ങളെ പ്രതി മുറവി​ളി കൂട്ടി. ആയിര​ക്ക​ണ​ക്കി​നു കത്തുകൾ മലാവി​യി​ലേക്കു പ്രവഹി​ച്ചു. അവയിൽ അമർഷ​വും അതി​ക്ര​മങ്ങൾ അവസാ​നി​പ്പി​ക്കാൻ നടപടി സ്വീക​രി​ക്കു​ന്ന​തിന്‌ ഗവൺമെ​ന്റി​നോ​ടുള്ള ആഹ്വാ​ന​വും ഉൾപ്പെ​ട്ടി​രു​ന്നു. ചില പോസ്റ്റ്‌ ഓഫീ​സു​ക​ളിൽ കത്തുക​ളു​ടെ പ്രളയത്തെ തുടർന്ന്‌ കൂടു​ത​ലായ സഹായം ആവശ്യ​മാ​യി​വന്നു. ഈ സ്ഥിതി​വി​ശേ​ഷ​ത്തോ​ടുള്ള അന്താരാ​ഷ്‌ട്ര പ്രതി​ക​രണം വളരെ തീവ്ര​വും സ്ഥായി​യും ആയിരു​ന്ന​തി​നാൽ, ഒടുവിൽ പീഡനം അവസാ​നി​പ്പി​ക്കാൻ പ്രസി​ഡ​ന്റിന്‌ കൽപ്പന പുറ​പ്പെ​ടു​വി​ക്കേണ്ടി വന്നു. പാർട്ടി​യു​ടെ അംഗത്വ കാർഡു​കൾ വാങ്ങാൻ ആരു​ടെ​മേ​ലും സമ്മർദം ചെലു​ത്ത​രു​തെന്നു പോലും പിന്നീ​ടൊ​രി​ക്കൽ ഡോ. ബാൻഡ പറയു​ക​യു​ണ്ടാ​യി. “നിർബ​ന്ധ​ത്താ​ലല്ല, മറിച്ച്‌ സ്വമന​സ്സാ​ലെ കാർഡു​കൾ പുതു​ക്കാൻ ആളുകൾക്കു സ്വാത​ന്ത്ര്യം ഉണ്ടായി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു,” അദ്ദേഹം പറഞ്ഞു. അതേത്തു​ടർന്ന്‌, ആ കൊടും​പീ​ഡനം കുറയാൻ തുടങ്ങി. അതിന്റെ ഫലമായി, തങ്ങളുടെ ഭവനങ്ങ​ളി​ലേക്കു മടങ്ങി​വന്നു സർവ​പ്ര​ധാ​ന​മായ രാജ്യ​പ്ര​സംഗ വേല തുടരാൻ നമ്മുടെ ചില സഹോ​ദ​ര​ങ്ങൾക്കു സാധിച്ചു—എങ്കിലും, നിരോ​ധനം നീക്കം ചെയ്‌തി​ട്ടി​ല്ലാ​ഞ്ഞ​തി​നാൽ അത്ര പ്രകട​മ​ല്ലാത്ത രീതി​ക​ളാണ്‌ അവർ തുടർന്ന്‌ ഉപയോ​ഗി​ച്ചത്‌.

രഹസ്യ​ത്തി​ലുള്ള പ്രവർത്ത​നം

ഇക്കാലത്ത്‌ മാഫാം​ബാന സഹോ​ദരൻ പ്രാ​ദേ​ശിക വേലയു​ടെ ചുമതല വിശ്വ​സ്‌ത​മാ​യി നിർവ​ഹി​ച്ചു. റൊ​ഡേഷ്യ ബ്രാഞ്ചു​മാ​യി സമ്പർക്കം പുലർത്തിയ അദ്ദേഹ​ത്തിന്‌ ആ ഓഫീ​സി​ലൂ​ടെ സമയോ​ചി​ത​മായ മാർഗ​നിർദേ​ശങ്ങൾ ലഭിച്ചു. എന്നാൽ പൊലീസ്‌ അദ്ദേഹത്തെ നിരന്തരം വേട്ടയാ​ടി​ക്കൊ​ണ്ടി​രു​ന്നു. അതിനാൽ അദ്ദേഹം വളരെ ജാഗ്രത പുലർത്തേ​ണ്ടി​യി​രു​ന്നു. പലപ്പോ​ഴും അദ്ദേഹം അറസ്റ്റിൽനി​ന്നു കഷ്ടിച്ചു രക്ഷപ്പെ​ടു​ക​യാ​യി​രു​ന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, 1969-ൽ അദ്ദേഹം നിര്യാ​ത​നാ​യി. മരണകാ​രണം കാൻസർ ആണെന്നു കരുത​പ്പെ​ടു​ന്നു. തുടർന്ന്‌, മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ കെന്നത്ത്‌ ചിമ്പാസ ആയിരു​ന്നു, 1971-ൽ മസ്‌തിഷ്‌ക രക്തസ്രാ​വം ഉണ്ടായി മരിക്കു​ന്ന​തു​വരെ അദ്ദേഹം ആ വേലയിൽ തുടർന്നു. തീർച്ച​യാ​യും, ദൃഢവി​ശ്വ​സ്‌തത പാലിച്ച ഈ രണ്ടു പേരു​ടെ​യും അനേക​മായ സത്‌പ്ര​വൃ​ത്തി​കൾ നടക്കാ​നി​രി​ക്കുന്ന “നീതി​മാ​ന്മാ​രു​ടെ പുനരു​ത്ഥാ​ന​ത്തിൽ” യഹോവ പ്രിയ​ത്തോ​ടെ ഓർക്കും.—ലൂക്കൊ. 14:14; എബ്രാ. 6:10.

അവസ്ഥകൾക്ക്‌ അൽപ്പം അയവു വന്നതോ​ടെ, മലാവി​യി​ലെ സഹോ​ദ​രങ്ങൾ പുതിയ സാഹച​ര്യ​വു​മാ​യി ഇണങ്ങി​ച്ചേർന്നു. അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​ത്തി​നു പെട്ടെ​ന്നു​തന്നെ ഫലമു​ണ്ടാ​കാൻ തുടങ്ങി. നിരോ​ധനം ഉണ്ടായി​രു​ന്നി​ട്ടും, പയനിയർ പ്രവർത്തനം തഴച്ചു. ആയിര​ക്ക​ണ​ക്കി​നു സഭാ പ്രസാ​ധ​ക​രോ​ടൊ​പ്പം സതീക്ഷ്‌ണം സുവാർത്ത പങ്കു​വെ​ക്കുന്ന 925 പയനി​യർമാ​രാണ്‌ 1971-ൽ അവിടെ ഉണ്ടായി​രു​ന്നത്‌. ആ ലിസ്റ്റിൽ ഒരു പ്രത്യേക പയനി​യ​റും ഉണ്ടായി​രു​ന്നു—ഗ്രെഷം ക്വാസി​സിറ. വളരെ​യ​ധി​കം പ്രതി​കൂല സാഹച​ര്യ​ങ്ങ​ളും വ്യക്തി​പ​ര​മായ അനേകം പീഡാ​നു​ഭ​വ​ങ്ങ​ളും നേരി​ടേണ്ടി വന്നിട്ടും, പ്രായാ​ധി​ക്യ​ത്തിൽ പോലും, അദ്ദേഹം വിശ്വ​സ്‌ത​മാ​യി സേവനം അനുഷ്‌ഠി​ച്ചു. 1978-ൽ മരിക്കു​ന്ന​തു​വരെ യഹോ​വയെ അചഞ്ചല​മാ​യി സേവി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തു.

സഹോ​ദ​രങ്ങൾ “പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള്ളവ”രാണെന്നു തെളി​യി​ച്ചു. അതിനാൽ, സഭാ റിപ്പോർട്ടു​ക​ളും മറ്റു കത്തുക​ളു​മൊ​ക്കെ റൊ​ഡേഷ്യ ബ്രാഞ്ച്‌ ഓഫീ​സിൽ കിട്ടി​ക്കൊ​ണ്ടി​രു​ന്നു. (മത്താ. 10:16) രഹസ്യ​ത്തി​ലുള്ള സജീവ​മായ പ്രസംഗ പ്രവർത്തനം വളരെ വിജയ​പ്ര​ദ​മാ​ണെന്ന്‌ അവ പ്രകട​മാ​ക്കി. 1967-ൽ നിരോ​ധനം പ്രാബ​ല്യ​ത്തിൽ വരുന്ന​തി​നു തൊട്ടു മുമ്പ്‌, 18,519 എന്ന പ്രസാധക അത്യുച്ചം ഉണ്ടായി​രു​ന്നു. 1972-ൽ, നിരോ​ധനം നിലനിൽക്കു​ക​യും പലരും മൊസാ​മ്പി​ക്കി​ലേക്ക്‌ ഓടി​പ്പോ​കു​ക​യും ചെയ്‌തി​ട്ടും, റിപ്പോർട്ടു ചെയ്‌ത പ്രസാ​ധ​ക​രു​ടെ എണ്ണം ഒരു അത്യു​ച്ച​മാ​യി​രു​ന്നു—23,398 പേർ. അവർക്കു ശുശ്രൂ​ഷ​യിൽ ഓരോ മാസവും ശരാശരി 16 മണിക്കൂ​റി​ല​ധി​കം ഉണ്ടായി​രു​ന്നു.

“പുതിയ പ്രദേ​ശങ്ങൾ”ക്കു സാക്ഷ്യം ലഭിക്കു​ന്നു

പ്രസംഗ പ്രവർത്ത​ന​ത്തിൽ സാക്ഷികൾ വളരെ സൂക്ഷ്‌മത പുലർത്തി​യെ​ങ്കി​ലും, ചിലർ അറസ്റ്റ്‌ ചെയ്യ​പ്പെ​ടു​ക​യും തടവി​ലാ​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അപ്പോൾ പോലും അവർ നിരു​ത്സാ​ഹി​ത​രാ​യില്ല. ജയിൽ തങ്ങളുടെ പുതിയ പ്രദേ​ശ​മാ​യി ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർ പ്രസം​ഗി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ബാസ്റ്റൺ മോസസ്‌ യിറെൻദ 1969-ൽ ഏഴു മാസക്കാ​ലം തടവിൽ കഴിഞ്ഞു. ചില തടവു​പു​ള്ളി​കൾ, അദ്ദേഹം അവരുടെ യു​ണൈ​റ്റഡ്‌ ചർച്ചിൽ ചേരാ​ത്ത​തി​ന്റെ കാരണം ചോദി​ച്ചു. സാക്ഷ്യം നൽകാൻ എത്ര നല്ല ഒരു അവസരം! അന്തേവാ​സി​കൾ എല്ലാവ​രും ഉപയോ​ഗി​ച്ചി​രുന്ന പഴകി​പ്പ​റിഞ്ഞ, പേജുകൾ പലതും ഇല്ലാതി​രുന്ന ഒരു ബൈബിൾ ഉപയോ​ഗിച്ച്‌ ബൈബിൾ സത്യങ്ങൾ അദ്ദേഹം അവർക്കു കാട്ടി​ക്കൊ​ടു​ത്തു. അത്‌ ഒരു ബൈബിൾ അധ്യയ​ന​ത്തി​ലേക്കു നയിച്ചു. ആ സഭയുടെ തലവൻ പോലും ബൈബിൾ പഠിച്ചു. ജയിൽമോ​ചി​തൻ ആകുന്ന​തി​നു മുമ്പ്‌, ദൈവ​വ​ച​ന​ത്തി​ന്റെ അടിസ്ഥാന ഗ്രാഹ്യം നേടാൻ നാലു പേരെ സഹായി​ക്കാൻ കഴിഞ്ഞ​തിൽ യിറെൻദ സഹോ​ദരൻ സന്തുഷ്ട​നാ​യി​രു​ന്നു.

ഇംഗ്ലീഷ്‌ സഭയിലെ പ്രവർത്ത​നം

നിരോ​ധന ഫലമായി വിദേശ മിഷന​റി​മാ​രെ​യെ​ല്ലാം രാജ്യ​ത്തി​നു പുറത്താ​ക്കി​യ​പ്പോ​ഴും ബിൽ മക്ലക്കി സഹോ​ദരൻ ബ്ലാ​ന്റൈ​റിൽത്തന്നെ കഴിഞ്ഞു. അദ്ദേഹം ഡെനിസ്‌ എന്ന ദക്ഷിണാ​ഫ്രി​ക്ക​ക്കാ​രി​യെ ആണു വിവാഹം ചെയ്‌തി​രു​ന്നത്‌. തന്റെ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ അദ്ദേഹം അവിടെ ചെറി​യൊ​രു ബിസി​നസ്‌ നടത്തി​യി​രു​ന്നു. ബ്ലാന്റൈർ ഇംഗ്ലീഷ്‌ സഭയുടെ പുതിയ യോഗ​സ്ഥ​ല​മാ​യി ഉപയോ​ഗി​ച്ചത്‌ മക്ലക്കി ദമ്പതി​മാ​രു​ടെ വീടാണ്‌. ശ്രദ്ധ ആകർഷി​ക്കാ​തി​രി​ക്കാൻ വളരെ അനൗപ​ചാ​രി​ക​മായ വിധത്തിൽ വേണമാ​യി​രു​ന്നു ഈ യോഗങ്ങൾ നടത്താൻ. അതു​കൊണ്ട്‌ ഗാനാ​ലാ​പ​ന​മോ കയ്യടി​യോ ഒന്നും ഉണ്ടായി​രു​ന്നില്ല.

റൊ​ഡേഷ്യ ബ്രാഞ്ചിൽ സേവി​ച്ചി​രുന്ന ഗിദോ ഓട്ടോ മലാവി​യി​ലേക്കു രഹസ്യ​മാ​യി സാഹി​ത്യ​ങ്ങൾ എത്തിക്കാൻ തുടങ്ങി​യത്‌ ഇക്കാല​ത്താ​യി​രു​ന്നു. മലാവി തടാക​ക്ക​ര​യിൽ ഗിദോ​യു​ടെ പിതാവ്‌ ഒരു ചെറിയ ഹോട്ടൽ നടത്തി​യി​രു​ന്നു. അതിനാൽ, ഗിദോ​യു​ടെ സന്ദർശ​നങ്ങൾ ഉദ്യോ​ഗ​സ്ഥർക്ക്‌ അസാധാ​ര​ണ​മാ​യി തോന്നി​യില്ല. ഓരോ സമയത്തും ഗിദോ എത്രമാ​ത്രം ബൈബിൾ സാഹി​ത്യ​ങ്ങൾ കൊണ്ടു​വ​ന്നി​രു​ന്നു എന്ന്‌ അവർ അറിഞ്ഞ​തേ​യില്ല! മക്ലക്കി ദമ്പതി​ക​ളു​ടെ വീട്ടിലെ ഒരു രഹസ്യ നിലയ​റ​യി​ലാ​ണു സാഹി​ത്യ​ങ്ങൾ സൂക്ഷി​ച്ചത്‌. അതു കുഴി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ അത്‌ എന്തിനാ​ണെന്ന്‌ അതിലെ കടന്നു​പോ​കു​ന്നവർ ചോദി​ക്കു​മാ​യി​രു​ന്നു. “ഓ, ഒരു കക്കൂസ്‌ ഉണ്ടാക്കാൻ” എന്നായി​രി​ക്കും മറുപടി.

ഒരിക്കൽ രാത്രി​യിൽ യോഗം നടന്നു​കൊ​ണ്ടി​രി​ക്കെ, ഒരു വാഹനം വീടിന്റെ മുമ്പിൽ വന്നുനി​ന്നു. അത്‌ ആരായി​രി​ക്കും? പൊലീസ്‌ ആയിരി​ക്കു​മോ? അധ്യയന പുസ്‌ത​കങ്ങൾ എന്തു ചെയ്യണ​മെന്നു സഹോ​ദ​ര​ങ്ങൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. കതകു തുറന്നു, ഗിദോ ഓട്ടോ സുസ്‌മേ​ര​വ​ദ​ന​നാ​യി ഉള്ളിൽ പ്രവേ​ശി​ച്ചു. ഓ, എന്തൊരു ആശ്വാസം!

ഡെനിസ്‌ വിശദീ​ക​രി​ക്കു​ന്നതു പോലെ, അതിനു​ശേഷം “ആരെങ്കി​ലും അകത്തു കടക്കാൻ ശ്രമി​ച്ചാൽ സാഹി​ത്യ​ങ്ങ​ളൊ​ക്കെ അടുത്തുള്ള കുട്ടയിൽ നിക്ഷേ​പി​ക്കണം എന്ന്‌ ബിൽ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. എന്നിട്ട്‌ കിടക്ക​മു​റി​യി​ലെ ഒരു ദ്വാര​ത്തി​ലൂ​ടെ ഞാൻ അതു താഴേക്ക്‌ ഇറക്കണ​മാ​യി​രു​ന്നു. അങ്ങനെ അതു നിലയ​റ​യിൽ ചെല്ലു​മാ​യി​രു​ന്നു. യോഗം നടക്കുന്ന ഓരോ സമയത്തും ഒരു ചെറിയ ചായമേശ കൂടി ക്രമീ​ക​രി​ച്ചു വെച്ചി​രു​ന്നു. ആരെങ്കി​ലും അകത്തു വന്നാൽ, സന്ദർശ​ക​രായ ഞങ്ങൾ ചായ കുടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ അവർക്കു തോന്നു​മാ​യി​രു​ന്നു!”

എന്നാൽ, അവസ്ഥകൾ കൂടുതൽ വഷളാ​യ​പ്പോൾ ഒരു സ്ഥലത്തു​തന്നെ യോഗങ്ങൾ നടത്താൻ കഴിയാ​താ​യി. അതിനാ​യി പല ഭവനങ്ങൾ ഉപയോ​ഗി​ച്ചു. ചില​പ്പോൾ, പിക്‌നി​ക്കി​നു പോകു​ന്ന​തു​പോ​ലെ വസ്‌ത്രം ധരിച്ച്‌ സഹോ​ദ​രങ്ങൾ വനത്തിൽ കൂടി​വ​രു​മാ​യി​രു​ന്നു.

അത്തരം ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടാ​യെ​ങ്കി​ലും, ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ആളുക​ളോട്‌ അനൗപ​ചാ​രി​ക​മാ​യി സാക്ഷീ​ക​രണം നടത്തി​ക്കൊണ്ട്‌ യഥാർഥ സത്യത​ത്‌പ​ര​രായ ആളുകളെ കണ്ടെത്താൻ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞി​രു​ന്നു. ചുരുക്കം ചിലർ സത്യത്തിൽ വന്നു. അവരിൽ വിക്ടർ ലുൾകർ, ഡാനി​യേൽ മാൺ, മൈക്ക്‌ ശർമ തുടങ്ങി​യവർ ഇപ്പോ​ഴും ബ്ലാന്റൈർ സഭയിൽ സേവി​ക്കു​ന്നു.

ബ്ലാ​ന്റൈ​റി​ലെ കോട​തി​ക്കേ​സു​കൾ

മക്ലക്കി ദമ്പതി​മാ​രു​ടെ ഭവനം 1971-ൽ പൊലീസ്‌ റെയ്‌ഡ്‌ ചെയ്‌ത​പ്പോൾ അവർ സൊ​സൈ​റ്റി​യു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടെത്തി. കുറ്റം ചുമത്ത​പ്പെട്ട മക്ലക്കി സഹോ​ദ​ര​നോട്‌ ബ്ലാ​ന്റൈ​റി​ലെ ലിം​ബെ​യി​ലുള്ള മജിസ്‌​ട്രേ​റ്റി​ന്റെ മുമ്പാകെ ഹാജരാ​കാൻ ആവശ്യ​പ്പെട്ടു. അതേക്കു​റിച്ച്‌ അറിഞ്ഞ പ്രാ​ദേ​ശിക സാക്ഷികൾ, തങ്ങളുടെ സ്വാത​ന്ത്ര്യം അപകട​ത്തി​ലാ​ക്കി​ക്കൊണ്ട്‌, മക്ലക്കി ദമ്പതി​കൾക്കു പിന്തുണ നൽകു​ന്ന​തി​നു കൂട്ടമാ​യി അവിടെ എത്തി. അദ്ദേഹം “കുറ്റക്കാ​രനല്ല” എന്ന്‌ മജിസ്‌​ട്രേറ്റ്‌ വിധി പ്രഖ്യാ​പി​ച്ച​പ്പോൾ സഹോ​ദ​രങ്ങൾ സന്തോ​ഷ​ഭ​രി​ത​രാ​യി കരഘോ​ഷം മുഴക്കി! വാദി​ഭാ​ഗം ആ വിധി​ക്കെ​തി​രെ അപ്പീൽ കൊടു​ത്തു. അങ്ങനെ പ്രസ്‌തുത കേസ്‌ ഹൈ​ക്കോ​ട​തി​യിൽ എത്തി. അപ്പോൾ കുറ്റക്കാ​ര​നെന്നു വിധി​ക്ക​പ്പെട്ട ബിൽ മക്ലക്കിയെ ഏഴു വർഷത്തെ ജയിൽശി​ക്ഷ​യ്‌ക്കു വിധിച്ചു. എന്നാൽ, അദ്ദേഹത്തെ ജയിലിൽ അടയ്‌ക്കാൻ അവർ വാസ്‌ത​വ​ത്തിൽ ആഗ്രഹി​ച്ചില്ല. അതിനാൽ രാജ്യം വിട്ടു​പോ​കാൻ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെട്ടു.

അങ്ങനെ, ബിൽ മക്ലക്കി​യു​ടെ മലാവി​യി​ലെ വിശ്വ​സ്‌ത​മായ 37-വർഷ സേവനം 1972 ഒക്‌ടോ​ബ​റിൽ അവസാ​നി​ച്ചു. രാജ്യം വിട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌, തന്റെ രഹസ്യ അറയി​ലുള്ള സാഹി​ത്യ​ങ്ങൾ മുഴു​വ​നും ആരും അറിയാ​തെ എടുത്തു​കൊ​ണ്ടു പോകാൻ അദ്ദേഹം സഹോ​ദ​ര​ങ്ങളെ സംഘടി​പ്പി​ച്ചു. സഹോ​ദ​രങ്ങൾ കാറുകൾ നിറയെ പുസ്‌ത​കങ്ങൾ കൊണ്ടു​പോ​യി! റോഡു​ബ്ലോ​ക്കു​കൾ ഉണ്ടായി​രു​ന്നി​ടത്ത്‌ ചില കാറുകൾ നിർത്തേണ്ടി വന്നെങ്കി​ലും, പൊലീ​സു​കാർ ഒറ്റ കാർഡ്‌ബോർഡ്‌ പെട്ടി പോലും ശ്രദ്ധി​ച്ചില്ല. മക്ലക്കി ദമ്പതികൾ രാജ്യം വിട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌, അവർ നിലയ​റ​യി​ലേ​ക്കുള്ള പ്രവേ​ശ​ന​മാർഗം കോൺക്രീ​റ്റു​കൊണ്ട്‌ അടച്ചു. മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തിൽ ബിൽ മക്ലക്കി​യു​ടെ വിശ്വ​സ്‌ത​വും ആത്മത്യാ​ഗ​പ​ര​വു​മായ സേവനം ദീർഘ​കാ​ലം സ്‌മരി​ക്ക​പ്പെ​ടും!

മൂന്നാ​മത്തെ അക്രമ​പ​ര​മ്പ​ര​യ്‌ക്കു വഴിമ​രു​ന്നി​ടു​ന്നു

പുതിയ രീതി​യു​മാ​യി സഹോ​ദ​രങ്ങൾ പരിച​യ​ത്തി​ലാ​യി വന്നപ്പോ​ഴേ​ക്കും വീണ്ടും കുഴപ്പങ്ങൾ തലപൊ​ക്കി. 1972-ൽ നടന്ന മലാവി കോൺഗ്രസ്‌ പാർട്ടി​യു​ടെ വാർഷിക സമ്മേള​ന​ത്തിൽ വളരെ അസ്വസ്ഥ​ജ​ന​ക​മായ ചില പ്രമേ​യങ്ങൾ പാസാ​ക്ക​പ്പെട്ടു. എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും ജോലി​യിൽനി​ന്നു പിരി​ച്ചു​വി​ടാൻ ആഹ്വാനം ചെയ്യു​ന്ന​താ​യി​രു​ന്നു ആ പ്രമേ​യ​ങ്ങ​ളിൽ ഒന്ന്‌. ഒറ്റയാ​ളെ​യും ഒഴിവാ​ക്കാ​തെ അതു നിർദയം നടപ്പാ​ക്ക​പ്പെട്ടു. സാക്ഷികൾ വിശ്വ​സ്‌തർ ആയിരു​ന്ന​തി​നാൽ അവരെ ജോലി​ക്കു നിർത്താൻ ആഗ്രഹിച്ച സ്ഥാപനങ്ങൾ അതിന്‌ അനുവ​ദി​ക്ക​പ്പെ​ട്ടില്ല. സാക്ഷികൾ നടത്തി​യി​രുന്ന ബിസി​നസ്‌ സ്ഥാപനങ്ങൾ പിടി​ച്ചെ​ടു​ക്കു​ക​യും അവരുടെ സ്വത്തുക്കൾ കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. അതിലും മോശ​മാ​യതു സംഭവി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

കൺ​വെൻ​ഷ​നിൽ പാസാ​ക്കിയ മറ്റൊരു പ്രമേയം, “ഗ്രാമ​ങ്ങ​ളിൽ പാർക്കുന്ന [യഹോ​വ​യു​ടെ സാക്ഷി​ക​ളായ] സകല​രെ​യും അവി​ടെ​നിന്ന്‌ ഓടി​ക്കണം” എന്നു പ്രസ്‌താ​വി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കളെ മനുഷ്യ സമൂഹ​ത്തിൽനിന്ന്‌ ഒറ്റപ്പെ​ടു​ത്താ​നുള്ള ഫലപ്ര​ദ​മായ ഒരു ആഹ്വാനം ആയിരു​ന്നു അത്‌! അവരുടെ ആയിര​ക്ക​ണ​ക്കി​നു ഭവനങ്ങൾ ചുട്ടെ​രി​ക്കു​ക​യോ തകർക്കു​ക​യോ ചെയ്‌തു. അവരുടെ വിളകൾ നശിപ്പി​ക്കു​ക​യും മൃഗങ്ങളെ കൊന്നു​ക​ള​യു​ക​യും ചെയ്‌തു. ഗ്രാമ​ത്തി​ലെ കിണറു​ക​ളിൽനി​ന്നു വെള്ളം കോരു​ന്ന​തിന്‌ അവർക്കു വിലക്കു കൽപ്പിച്ചു. രാജ്യ​ത്തെ​മ്പാ​ടും ‘ആഘോ​ഷ​മാ​യി’ നടത്തിയ കൊള്ള​യിൽ അവർക്ക്‌ അക്ഷരാർഥ​ത്തിൽ സകലവും നഷ്ടമായി.

യുവജന പ്രസ്ഥാ​ന​ങ്ങ​ളി​ലെ അംഗങ്ങ​ളാണ്‌ ഇന്നോളം നടന്നി​ട്ടു​ള്ള​തിൽ ഏറ്റവും മൃഗീ​യ​വും അത്യു​ഗ്ര​വു​മായ പീഡന​ത്തി​നു നേതൃ​ത്വം വഹിച്ചത്‌. ഒരു ഡസ്സനോ​ളം പേർ മുതൽ നൂറോ​ളം പേർ വരെയുള്ള സംഘങ്ങ​ളാ​യി തിരിഞ്ഞ്‌ അവർ യഹോ​വ​യു​ടെ സാക്ഷി​കളെ തിരഞ്ഞ്‌ ഗ്രാമങ്ങൾ തോറും പോയി.

രാജ്യ​ത്തെ​മ്പാ​ടും നമ്മുടെ സഹോ​ദ​രങ്ങൾ വേട്ടയാ​ട​പ്പെട്ടു. ബ്ലാ​ന്റൈ​റിൽ ഒരു കൂട്ടം സഹോ​ദ​ര​ന്മാ​രെ വളഞ്ഞു പിടിച്ച്‌ പാർട്ടി​യു​ടെ പ്രാ​ദേ​ശിക ആസ്ഥാന​ത്തേക്കു കൊണ്ടു​പോ​യി. 1967-ൽ കണ്ടു​കെ​ട്ടു​ന്ന​തി​നു മുമ്പ്‌ അതു സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ച്‌ ഓഫീ​സാ​യി​രു​ന്നു. അവരുടെ കൂട്ടത്തിൽ, നിരോ​ധ​ന​ത്തി​നു മുമ്പ്‌ ബ്രാഞ്ചിൽ പരിഭാ​ഷ​ക​നാ​യി സേവി​ച്ചി​രുന്ന ഗ്രെയ്‌സൺ കാപ്പി​നിം​ഗ​യും ഉണ്ടായി​രു​ന്നു. പാർട്ടി അംഗത്വ കാർഡു​കൾ വാങ്ങാൻ സഹോ​ദ​ര​ന്മാർ സുദൃഢം വിസമ്മ​തി​ച്ച​പ്പോൾ പീഡകർ ഉപ്പും മുളകും ചാലിച്ച്‌ അവരുടെ കണ്ണിൽ തേച്ചു. എന്നിട്ട്‌ വലിയ മുള്ളാ​ണി​കൾ തറച്ച പലകകൾകൊണ്ട്‌ അവരെ അടിച്ചു. സഹോ​ദ​ര​ന്മാർ ആരെങ്കി​ലും വേദന​കൊ​ണ്ടു നിലവി​ളി​ച്ചാൽ ആ ഗുണ്ടകൾ അവരെ കൂടുതൽ ശക്തിയാ​യി പ്രഹരി​ച്ചു​കൊണ്ട്‌ “നിന്റെ ദൈവം വന്നു നിന്നെ രക്ഷിക്കട്ടെ” എന്നു പറയു​മാ​യി​രു​ന്നു.

ഉഗ്രമായ ആക്രമ​ണ​ങ്ങ​ളിൽ പലർക്കും ജീവൻ നഷ്ടമായി. മലാവി തടാക​ത്തി​ന്റെ തെക്കേ തീരത്തുള്ള കേപ്പ്‌ മക്ലിർ എന്ന പട്ടണത്തിൽവെച്ച്‌ സെൽഫാറ്റ്‌ ബെയ്‌ക്കോ​യു​ടെ ദേഹത്തു പുല്ലു വെച്ചു​കെട്ടി പെ​ട്രോൾ ഒഴിച്ചു തീവെച്ചു. അദ്ദേഹത്തെ അക്ഷരാർഥ​ത്തിൽ ചുട്ടു​കൊ​ന്നു!

സഹോ​ദ​രി​മാർക്കും ഭയങ്കര​മായ പീഡനം സഹി​ക്കേണ്ടി വന്നു. പാർട്ടി കാർഡു​കൾ വാങ്ങാൻ വിസമ്മ​തിച്ച പല സഹോ​ദ​രി​മാ​രെ​യും പാർട്ടി പ്രവർത്തകർ ആവർത്തി​ച്ചു ബലാൽസം​ഗം ചെയ്‌തു. ലിലൊ​ങ്‌വേ​യിൽ, മാഗൊള സഹോ​ദരി മറ്റു പലരോ​ടൊ​പ്പം കുഴപ്പ​ത്തിൽനിന്ന്‌ ഓടി രക്ഷപ്പെ​ടാൻ ശ്രമിച്ചു. ഗർഭിണി ആയിരു​ന്ന​തി​നാൽ അവർക്കു വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. കുറെ ആളുകൾ ഒരു പറ്റം ചെന്നാ​യ്‌ക്ക​ളെ​പോ​ലെ പിന്നാലെ ഓടി​യെത്തി ആ സഹോ​ദ​രി​യെ തല്ലി​ക്കൊ​ന്നു.

ലിലൊ​ങ്‌വേ നഗരത്തി​നു പുറത്താ​യുള്ള ബുൺഡ കാർഷിക കോ​ളെജ്‌ കാമ്പസിൽ വെച്ച്‌ ആറു സഹോ​ദ​ര​ന്മാ​രും ഒരു സഹോ​ദ​രി​യും വധിക്ക​പ്പെട്ടു. അവരുടെ ശരീരങ്ങൾ അതിഭ​യ​ങ്ക​ര​മാ​യി കീറി​മു​റി​ക്കു​ക​യും ചെയ്‌തു. അവിടു​ത്തെ പ്രിൻസി​പ്പ​ലായ തിയ​ഡോർ പിൻനി അക്രമ​ങ്ങ​ളി​ലുള്ള വ്യക്തി​പ​ര​മായ പ്രതി​ഷേധം ഡോ. ബാൻഡയെ അറിയി​ച്ചു. ഫലമോ? അദ്ദേഹം നാടു കടത്ത​പ്പെട്ടു!

ആയിരങ്ങൾ പലായനം ചെയ്യുന്നു

കൂട്ട​ക്കൊല ഉണ്ടാകു​മെന്നു വ്യക്തമാ​യ​തോ​ടെ, 1972 ഒക്‌ടോ​ബ​റിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂട്ട പ്രയാണം ആരംഭി​ച്ചു. ആയിരങ്ങൾ പടിഞ്ഞാ​റുള്ള സാംബി​യ​യി​ലേക്കു പലായനം ചെയ്‌തു. “പല അഭയാർഥി​ക​ളു​ടെ​യും ദേഹത്ത്‌ ആഴത്തി​ലുള്ള മുറി​വു​കൾ ഉണ്ടായി​രു​ന്നു, വ്യക്തമാ​യും [ആഫ്രി​ക്ക​യിൽ] സാധാ​ര​ണ​മാ​യി കാണ​പ്പെ​ടുന്ന പാൻഗാസ്‌ എന്ന വലിയ ഒരുതരം കത്തി​കൊ​ണ്ടുള്ള മുറി​വു​ക​ളാ​യി​രു​ന്നു അവ” എന്ന്‌ അതിർത്തി​യിൽ ഉണ്ടായി​രുന്ന ഒരു ഐക്യ​രാ​ഷ്‌ട്ര നിരീ​ക്ഷകൻ പറഞ്ഞു.

സിൻഡ മിസാ​ലെ​യി​ലെ അഭയാർഥി ക്യാമ്പു​ക​ളിൽ ആ സാക്ഷി​കളെ പാർപ്പി​ച്ചു. അതു സ്ഥിതി ചെയ്‌തി​രു​ന്നത്‌ മലാവി, മൊസാ​മ്പിക്ക്‌, സാംബിയ എന്നീ രാജ്യ​ങ്ങ​ളു​ടെ അതിർത്തി​കൾ സന്ധിക്കുന്ന ഒരു ത്രി​കോണ സ്ഥലത്താ​യി​രു​ന്നു. എന്നാൽ, ശുചി​ത്വ​ത്തി​ന്റെ കുറവു നിമിത്തം രോഗങ്ങൾ വേഗം പടർന്നു പിടിച്ചു. ചുരു​ങ്ങിയ കാലം​കൊണ്ട്‌ 350-ലധികം പേർ—അധിക​വും കുട്ടികൾ—മരണമ​ടഞ്ഞു. ഈ അഭയാർഥി​ക​ളു​ടെ ദുരവ​സ്ഥയെ കുറി​ച്ചുള്ള വാർത്ത മറ്റു സ്ഥലങ്ങളി​ലെ ക്രിസ്‌തീയ സഹോ​ദ​രങ്ങൾ പെട്ടെന്ന്‌ അറിഞ്ഞു. പിന്നെ, ദുരി​താ​ശ്വാ​സ സാധന​ങ്ങ​ളു​ടെ പ്രവാ​ഹ​മാ​യി! കൂടാ​ര​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും മറ്റ്‌ അടിയ​ന്തിര സാമ​ഗ്രി​ക​ളും ഉൾപ്പെടെ ടൺ കണക്കിനു സാധന​ങ്ങ​ളാണ്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ സംഭാവന ചെയ്‌തത്‌. കാരെൽ ദെ യാഹറി​ന്റെ​യും ഡെന്നിസ്‌ മാക്‌ഡൊ​ണാൾഡി​ന്റെ​യും നേതൃ​ത്വ​ത്തിൽ ഒരു ചെറിയ കൂട്ടം ട്രക്കുകൾ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചിൽനിന്ന്‌ ആ ക്യാമ്പു​ക​ളിൽ എത്തി. ആത്മീയ ആവശ്യങ്ങൾ അവഗണി​ക്ക​പ്പെ​ട്ടില്ല. ഒരു ട്രക്കിൽ കൊണ്ടു​വന്ന 21 കാർഡ്‌ബോർഡ്‌ പെട്ടി​ക​ളിൽ ഉണ്ടായി​രു​ന്നത്‌ ബൈബി​ളു​ക​ളും ബൈബിൾ പഠന സഹായി​ക​ളും ആയിരു​ന്നു. യേശു​ക്രി​സ്‌തു പറഞ്ഞ യഥാർഥ ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​ന്റെ ഈ തെളിവു കണ്ടതിൽ മലാവി​യൻ സഹോ​ദ​രങ്ങൾ എത്രമാ​ത്രം സന്തോ​ഷി​ച്ചു​വെ​ന്നോ!—യോഹ. 13:34, 35.

എന്നാൽ, തങ്ങൾ സാംബി​യ​യിൽ ആർക്കും വേണ്ടാത്ത അതിഥി​ക​ളാ​ണെന്നു സാക്ഷികൾ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. ഡിസംബർ ആയപ്പോ​ഴേ​ക്കും, സാംബി​യൻ അധികാ​രി​കൾ ബലം പ്രയോ​ഗിച്ച്‌ അഭയാർഥി​കളെ മലാവി​യി​ലേ​ക്കു​തന്നെ തിരി​ച്ച​യച്ചു. എത്രയോ നിരാ​ശാ​ജ​ന​ക​മായ സംഗതി! ഓടി​പ്പോ​കാൻ ഒരിട​വു​മി​ല്ലെന്നു തോന്നിയ നമ്മുടെ സഹോ​ദ​രങ്ങൾ ഒടുവിൽ മടുത്തു പിൻമാ​റു​മോ? മൈക്കിൾ യാദാംഗ അത്‌ ഇങ്ങനെ സംഗ്ര​ഹി​ച്ചു പറഞ്ഞു: “കാർഡു വാങ്ങാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ എനിക്കു പല്ലുകൾ നഷ്ടപ്പെട്ടു. കാർഡു വാങ്ങാൻ വിസമ്മ​തി​ച്ച​തു​കൊണ്ട്‌ എനിക്കു ജോലി നഷ്ടപ്പെട്ടു. ഞാൻ പൊതി​രെ തല്ലു കൊണ്ടു. എന്റെ സ്വത്തുക്കൾ നശിപ്പി​ക്ക​പ്പെട്ടു. സാംബി​യ​യി​ലേക്കു പലായനം ചെയ്യാൻ ഞാൻ നിർബ​ന്ധി​ത​നാ​യി—ഇതെല്ലാം ഞാൻ ഒരു കാർഡ്‌ വാങ്ങാൻ വിസമ്മ​തി​ച്ച​തു​കൊ​ണ്ടു മാത്രം. ഇനി, ഞാൻ അതു വാങ്ങാൻ പോകു​ന്നില്ല.” അവരുടെ ദൃഢവി​ശ്വ​സ്‌തത അപ്പോ​ഴും ഊനമ​റ്റ​താ​യി​രു​ന്നു. “നീതി​മാ​ന്റെ അനർത്ഥങ്ങൾ അസംഖ്യ​മാ​കു​ന്നു; അവ എല്ലാറ​റിൽനി​ന്നും യഹോവ അവനെ വിടു​വി​ക്കു​ന്നു” എന്ന സങ്കീർത്ത​ന​ക്കാ​രന്റെ വാക്കുകൾ വളരെ സത്യമാണ്‌.—സങ്കീ. 34:19.

ബൈബി​ളിൽ എബ്രായർ 11-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന ദൈവ​ദാ​സ​ന്മാ​രു​ടേ​തി​നു സമാന​മായ വിശ്വാ​സം തങ്ങൾക്കു​ണ്ടെന്ന്‌ ആ വിശ്വസ്‌ത മലാവി​യൻ സാക്ഷികൾ—സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും—തെളി​യി​ച്ചു​കൊ​ണ്ടി​രു​ന്നു. യഹോ​വ​യു​ടെ ആ പുരാതന ആരാധ​ക​രെ​പ്പോ​ലെ, മലാവി​യൻ സാക്ഷികൾ “ഉദ്ധാരണം കൈ​ക്കൊ​ള്ളാ​തെ” അതായത്‌ യഹോ​വ​യാം ദൈവ​ത്തി​ലുള്ള തങ്ങളുടെ വിശ്വാ​സം ത്യജി​ക്കാ​തെ “ഭേദ്യം ഏററു.” അവരെ​പ്പോ​ലെ ഈ സാക്ഷികൾ “പരിഹാ​സം, ചമ്മട്ടി, ചങ്ങല, തടവു ഇവയാ​ലുള്ള പരീക്ഷ അനുഭ​വി​ച്ചു.” അവരുടെ കാര്യ​ത്തിൽ എന്നപോ​ലെ, “ലോകം അവർക്കു യോഗ്യ​മാ​യി​രു​ന്നില്ല.”—എബ്രാ. 11:35, 36, 38.

മൊസാ​മ്പി​ക്കിൽ അഭയം

സാംബി​യ​യിൽനി​ന്നു മടങ്ങിയ അവർക്കു മലാവി​യിൽ വീണ്ടും ഉഗ്രമായ പീഡനം അനുഭ​വി​ക്കേണ്ടി വന്നു. മലാവി​യിൽ കഴിയുക എന്നത്‌ അസാധ്യ​മാ​യി​രു​ന്നു. തന്മൂലം അവർ വീണ്ടും പലായനം ചെയ്‌തു—ഇപ്രാ​വ​ശ്യം മൊസാ​മ്പി​ക്കി​ലേക്ക്‌. അന്ന്‌ മൊസാ​മ്പിക്ക്‌ പോർച്ചു​ഗീസ്‌ അധീന​ത​യിൽ ആയിരു​ന്നു. അവിടു​ത്തെ അധികാ​രി​കൾ നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടു ദയാവാ​യ്‌പോ​ടെ ഇടപെട്ടു. രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗത്തു താമസി​ച്ചി​രു​ന്നവർ മലാൻയി​ക്ക​ടു​ത്തു കൂടി അതിർത്തി കടന്നു കാരി​ക്കോ​യി​ലുള്ള അഭയാർഥി ക്യാമ്പി​ലേക്കു പലായനം ചെയ്‌തു. 1986 വരെ പലരും അവി​ടെ​യാ​ണു കഴിഞ്ഞത്‌.

മലാവി​യു​ടെ പശ്ചിമ അതിർത്തി​യിൽ നിന്ന്‌ ഡെഡ്‌സ, ങ്‌ചെയൂ എന്നീ നഗരങ്ങൾക്ക്‌ ഇടയി​ലൂ​ടെ മൊസാ​മ്പി​ക്കിൽ എത്തുക എളുപ്പ​മാ​യി​രു​ന്നു. അവിടെ അതിർത്തി​യാ​യി വർത്തി​ക്കുന്ന പ്രധാന വീഥി കടന്നാൽ സഹോ​ദ​ര​ങ്ങൾക്കു മറ്റേ രാജ്യത്ത്‌ അഭയം തേടാൻ കഴിയു​മാ​യി​രു​ന്നു. മൊസാ​മ്പി​ക്കി​ന്റെ ആ ഭാഗത്ത്‌ മ്ലാം​ഗെ​നിക്ക്‌ അടുത്താ​യി​രു​ന്നു ക്യാമ്പു​ക​ളു​ടെ സ്ഥാനം. മിക്കവ​രും പലായനം ചെയ്‌തത്‌ അവി​ടേക്ക്‌ ആയിരു​ന്നു.

കാരി​ക്കോ​യി​ലും മ്ലാം​ഗെ​നിക്ക്‌ അടുത്തും ഉണ്ടായി​രുന്ന ഈ ക്യാമ്പു​കൾ 34,000 സ്‌ത്രീ​പു​രു​ഷ​ന്മാർക്കും കുട്ടി​കൾക്കും അഭയ​മേകി. മൂപ്പന്മാ​രു​ടെ നേതൃ​ത്വ​ത്തിൽ ദൈവ​ജ​ന​ത്തി​ന്റെ മുഴു സഭകളും ഈ ക്യാമ്പു​ക​ളി​ലേക്കു കാൽന​ട​യാ​യി പുറ​പ്പെട്ടു. ആ യാത്ര​യിൽ ആരും അവരെ വാഹന​ത്തിൽ കയറ്റി സഹായി​ക്ക​രു​തെന്നു മലാവി​യി​ലെ അധികാ​രി​കൾ കൽപ്പിച്ചു.

ക്യാമ്പു​ക​ളിൽ താമസ​മാ​ക്കിയ ആ ദൈവ​ദാ​സർ ഒരു പുതിയ ജീവി​ത​രീ​തി​ക്കു തുടക്ക​മി​ടു​ക​യാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ, ഭൗതി​ക​മാ​യി വലിയ ബുദ്ധി​മുട്ട്‌ ഉണ്ടായി​രു​ന്നു. സകലതും വീണ്ടും ആദ്യം തൊട്ട്‌ തുട​ങ്ങേ​ണ്ടി​യി​രു​ന്നു. അധികം കഴിയു​ന്ന​തി​നു മുമ്പ്‌, വരിവ​രി​യാ​യി വീടുകൾ പണിതു. ക്യാമ്പു​കൾ വൃത്തി​യും വെടി​പ്പു​മു​ള്ള​താ​യി സൂക്ഷിച്ചു. സൊ​സൈ​റ്റി​യും ലൗകിക സഹായ ഏജൻസി​ക​ളും നൽകി​യി​രുന്ന റേഷനു​കൾക്കു പുറമേ, പല സഹോ​ദ​ര​ങ്ങ​ളും സ്വന്തമാ​യി കൃഷി​യും തുടങ്ങി. മറ്റു ചിലർക്കു തങ്ങൾ ഉണ്ടാക്കിയ കരകൗശല വസ്‌തു​ക്കൾ ചുറ്റു​മുള്ള ഗ്രാമ​ങ്ങ​ളിൽ വിൽക്കാ​നോ അംശകാല ജോലി കണ്ടെത്താ​നോ സാധിച്ചു. ഭൗതി​ക​മാ​യി സമ്പന്നർ അല്ലായി​രു​ന്നെ​ങ്കി​ലും, അടിസ്ഥാന ജീവിത സൗകര്യ​ങ്ങൾ ഉള്ളതിൽ നമ്മുടെ സഹോ​ദ​രങ്ങൾ സംതൃ​പ്‌ത​രാ​യി​രു​ന്നു. (1 തിമൊ. 6:8) ആത്മീയ​മാ​യി​ട്ടാ​ണെ​ങ്കിൽ അവർ സമ്പന്നരാ​യി​രു​ന്നു!

ക്യാമ്പു​ക​ളി​ലെ സംഘാ​ട​നം

കെന്നഡി അലിക്ക്‌ ഡിക്ക്‌, മൊറിസ്‌ മാബ്‌വും​ബെ, വില്ലർഡ്‌ മാറ്റെം​ഗോ തുടങ്ങിയ മൂപ്പന്മാ​രും—പിന്നീട്‌ മറ്റുള്ള​വ​രും അവരോ​ടു ചേർന്നു—ഒരു കൺട്രി കമ്മിറ്റി ആയി സേവിച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മീയ ആവശ്യങ്ങൾ നിവർത്തി​ക്കു​ന്ന​തി​ലെ അവരുടെ അക്ഷീണ ശ്രമങ്ങൾ നിമിത്തം അവർ വളരെ​യ​ധി​കം ആദരി​ക്ക​പ്പെ​ടു​ക​യും സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. “നിങ്ങളു​ടെ വിചാ​ര​ണ​യി​ലുള്ള ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ മേയി​ച്ചു​കൊൾവിൻ” എന്ന ബൈബിൾ ഉദ്‌ബോ​ധനം ഈ വിശ്വസ്‌ത മൂപ്പന്മാർ സഗൗരവം സ്വീക​രി​ച്ചു. (1 പത്രൊ. 5:2) ക്യാമ്പു​ക​ളിൽ അവർ പല ആത്മീയ പ്രവർത്ത​ന​ങ്ങ​ളും സംഘടി​പ്പി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മിക്ക ഭവനങ്ങ​ളി​ലെ​യും പതിവു പോലെ, ദിനവാ​ക്യ​ത്തി​ന്റെ ആത്മീയ പരിചി​ന്ത​ന​ത്തോ​ടെ തങ്ങളുടെ ദിവസ​ത്തി​നു തുടക്കം കുറി​ക്കു​ന്ന​തിൽ ആ മൂപ്പന്മാർ ശ്രദ്ധിച്ചു. വീക്ഷാ​ഗോ​പു​രം മാസിക ഉപയോ​ഗി​ച്ചുള്ള ബൈബിൾ അധ്യയ​ന​ങ്ങ​ളും പരസ്യ പ്രസം​ഗ​ങ്ങ​ളും സമ്മേള​നങ്ങൾ പോലും പതിവാ​യി നടത്ത​പ്പെട്ടു. അത്തരം ആത്മീയ കരുത​ലു​കൾ വളരെ മൂല്യ​മു​ള്ള​താ​ണെന്ന്‌ ആ അഭയാർഥി​കൾ തിരി​ച്ച​റി​ഞ്ഞു.

ആദ്യ​മൊ​ക്കെ, യോഗങ്ങൾ നടത്തി​യി​രു​ന്നത്‌ ഒരു കേന്ദ്ര സ്ഥാനത്താ​യി​രു​ന്നു—മധ്യത്തി​ലുള്ള ഒരു പ്ലാറ്റ്‌ഫാ​റ​ത്തിൽ. ബൈബിൾ പ്രബോ​ധ​ന​ത്തി​നും ക്യാമ്പു​ക​ളി​ലെ വ്യത്യസ്‌ത ചുമത​ലകൾ സംബന്ധിച്ച നിർദേ​ശ​ങ്ങൾക്കു​മാ​യി ഓരോ ദിവസ​വും ആയിരങ്ങൾ അവിടെ സമ്മേളി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌, സഭകൾ സ്വന്തം രാജ്യ​ഹാ​ളു​കൾ ഉണ്ടാക്കി അവയിൽ യോഗങ്ങൾ നടത്താ​നുള്ള പ്രോ​ത്സാ​ഹനം നൽക​പ്പെട്ടു. ക്രമേണ, വ്യത്യസ്‌ത ക്യാമ്പു​ക​ളി​ലാ​യി അഞ്ചു സർക്കി​ട്ടു​കൾ സംഘടി​പ്പി​ക്ക​പ്പെട്ടു.

നിരോ​ധ​ന​ത്തി​നു മുമ്പ്‌, മിഷന​റി​മാ​രിൽനി​ന്നു ലഭിച്ച പരിശീ​ലനം കൺട്രി കമ്മിറ്റി​യിൽ സേവി​ക്കുന്ന സഹോ​ദ​ര​ന്മാ​രും മറ്റുള്ള​വ​രും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. ക്യാമ്പു​കൾ സംഘടി​പ്പി​ക്കാൻ ഇത്‌ അവരെ സഹായി​ച്ചു. മൊത്ത​ത്തിൽ, ഒരു വലിയ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടക്കുന്ന വിധത്തി​ലാ​യി​രുന്ന അഭയാർഥി ക്യാമ്പു​ക​ളു​ടെ പ്രവർത്തനം. ശുചീ​ക​രണം, ഭക്ഷ്യ വിതരണം, സുരക്ഷ തുടങ്ങിയ സംഗതി​കൾ ഉൾപ്പെടെ നാനാ​വിധ ആവശ്യ​ങ്ങൾക്കാ​യി നിരവധി ഡിപ്പാർട്ടു​മെ​ന്റു​കൾ സ്ഥാപി​ക്ക​പ്പെട്ടു.

മിക്കവാ​റും എല്ലാ യഹോ​വ​യു​ടെ സാക്ഷി​കൾക്കും മലാവി​ക്കു വെളി​യിൽ പ്രവാ​സി​ക​ളാ​യി കഴി​യേണ്ടി വന്നിട്ടും ചില പീഡകർക്കു തൃപ്‌തി ആയിരു​ന്നില്ല. ചില​പ്പോ​ഴൊ​ക്കെ ശത്രുക്കൾ അതിർത്തി കടന്നു​ചെന്ന്‌ അടുത്തുള്ള ക്യാമ്പു​ക​ളി​ലെ സഹോ​ദ​ര​ങ്ങളെ ആക്രമി​ക്കു​മാ​യി​രു​ന്നു. അതിനാൽ, യഹോ​വ​യു​ടെ ജനത്തിന്റെ സുരക്ഷാർഥം പ്രത്യേക മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കേ​ണ്ടി​വന്നു.

കൺട്രി കമ്മിറ്റി ഒരു കൂട്ടം സഹോ​ദ​ര​ന്മാ​രെ സേവക​രാ​യും കാവൽക്കാ​രാ​യും നിയമി​ച്ചു. അവർ ക്യാമ്പു​ക​ളു​ടെ എല്ലാ കവാട​ങ്ങ​ളി​ലും കാവൽ നിന്നു. മ്ലാം​ഗെനി ക്യാമ്പി​ലെ ഈ സേവക​രു​ടെ മേൽവി​ചാ​രണ ബാസ്റ്റൺ ലൊങ്‌വേ​ക്കാണ്‌ നൽക​പ്പെ​ട്ടത്‌. ക്യാമ്പിൽ എല്ലായി​ട​ത്തും പോയി നിയമി​ക്ക​പ്പെട്ട സഹോ​ദ​രങ്ങൾ അവരുടെ വ്യത്യസ്‌ത സ്ഥാനങ്ങ​ളിൽ ഉണ്ടോ എന്നു പരി​ശോ​ധി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ നിയമ​ന​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നു. താമസി​യാ​തെ അദ്ദേഹ​ത്തിന്‌ “സെവെൻ-റ്റൂ-സെവെൻ” എന്ന കളി​പ്പേരു ലഭിച്ചു. വാസ്‌ത​വ​ത്തിൽ, എല്ലാ ദിവസ​വും രാവിലെ മുതൽ രാത്രി വരെ (ഏഴു മുതൽ ഏഴു വരെ) ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ സംരക്ഷി​ക്കു​ന്ന​തി​നുള്ള തന്റെ ഉത്തരവാ​ദി​ത്വം നന്നായി നിറ​വേ​റ്റുന്ന വിശ്വസ്‌ത സഹോ​ദ​ര​നായ ലൊങ്‌വേയെ ക്യാമ്പി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും കാണാ​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളിൽ മിക്കവ​രും അദ്ദേഹത്തെ “സെവെൻ-റ്റൂ-സെവെൻ” എന്നാണ്‌ ഇപ്പോ​ഴും വിളി​ക്കു​ന്നത്‌. ചിലർ അദ്ദേഹ​ത്തി​ന്റെ യഥാർഥ പേര്‌ മറന്നു​പോ​യി​രി​ക്കാം. എങ്കിലും, മ്ലാം​ഗെനി ക്യാമ്പിൽ കഴിഞ്ഞി​ട്ടുള്ള ഏതൊ​രാ​ളും തങ്ങളെ​പ്രതി അദ്ദേഹം ചെയ്‌ത വിശ്വസ്‌ത സേവനത്തെ ഊഷ്‌മ​ള​മാ​യി ഓർമി​ക്കു​ന്നു​ണ്ടാ​കും.

മൊസാ​മ്പി​ക്കി​ലെ താത്‌കാ​ലിക വാസം പീഡന​ത്തിൽ നിന്നുള്ള വിടുതൽ പ്രദാനം ചെയ്‌തു. മാത്രമല്ല, വരാനി​രി​ക്കുന്ന പീഡാ​നു​ഭ​വ​ങ്ങ​ളെ​യും വെല്ലു​വി​ളി​ക​ളെ​യും അഭിമു​ഖീ​ക​രി​ക്കാൻ സജ്ജരാ​കു​ന്ന​തിന്‌ അത്‌ അവരെ സഹായി​ക്കു​ക​യും ചെയ്‌തു. അവർ തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളോ​ടു കൂടുതൽ അടുത്തു. യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാൻ അവർ പഠിച്ചു. പിൽക്കാ​ലത്ത്‌ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവിച്ച ലെമൺ കാബ്വാ​സി ഇങ്ങനെ പറയുന്നു: “നേട്ടങ്ങ​ളും കോട്ട​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഭൗതി​ക​മാ​യി ഞങ്ങൾ ദരിദ്രർ ആയിരു​ന്നു. എന്നാൽ ഞങ്ങളുടെ എല്ലാ ആത്മീയ ആവശ്യ​ങ്ങ​ളും നിറ​വേ​റ്റ​പ്പെട്ടു. ഞങ്ങൾ അന്യോ​ന്യം വളരെ അടുത്തു കഴിഞ്ഞ​തി​നാൽ, സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യാ​നും അവരെ സ്‌നേ​ഹി​ക്കാ​നും ഞങ്ങൾക്കു കഴിഞ്ഞു. മലാവി​യി​ലേക്കു മടങ്ങി​വ​ന്ന​പ്പോൾ അതു ഞങ്ങൾക്കു വളരെ സഹായ​മാ​യി.”

വീണ്ടും വേട്ടയാ​ട​പ്പെ​ടു​ന്നു!

ദുഃഖ​ക​ര​മെന്നു പറയട്ടെ, പീഡകർ തങ്ങളുടെ അക്രമം നിർത്തി​യതു കേവലം താത്‌കാ​ലി​ക​മാ​യി​ട്ടാ​യി​രു​ന്നു. 1975 ജൂണിൽ മൊസാ​മ്പി​ക്കി​നു സ്വാത​ന്ത്ര്യം ലഭിച്ച​പ്പോൾ ആ മുഴു രാജ്യ​വും ദേശീ​യത്വ വികാ​ര​ത്തി​ന്റെ പിടി​യി​ല​മർന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാട്‌ ആ രാജ്യത്തെ പുതിയ നേതാ​ക്ക​ന്മാർക്കു മനസ്സി​ലാ​യില്ല. വിട്ടു​വീഴ്‌ച ചെയ്യാൻ വിസമ്മ​തിച്ച നമ്മുടെ സഹോ​ദ​രങ്ങൾ മ്ലാം​ഗെനി പ്രദേ​ശ​ത്തു​നിന്ന്‌ അതിർത്തിക്ക്‌ ഇപ്പുറ​ത്തേക്കു പോരാൻ നിർബ​ന്ധി​ത​രാ​യി—വീണ്ടും പീഡക​രു​ടെ കൈക​ളി​ലേക്ക്‌.

മടങ്ങി​പ്പോ​യ അഭയാർഥി​കളെ അതിർത്തി​യിൽവെച്ച്‌ മധ്യ​മേ​ഖലാ മന്ത്രി​യായ ശ്രീ. ജെ. റ്റി. കും​ബ്വെസ ബാൻഡ കണ്ടു. അദ്ദേഹം അവരോ​ടു പറഞ്ഞു: “നിങ്ങൾ സ്വന്ത ഇഷ്ടപ്ര​കാ​രം മലാവി വിട്ടു​പോ​യി, ഇപ്പോൾ സ്വന്ത ഇഷ്ടപ്ര​കാ​രം മടങ്ങി​വ​ന്നി​രി​ക്കു​ന്നു. ഗ്രാമ​ങ്ങ​ളിൽ ചെന്ന്‌ പാർട്ടി അധ്യക്ഷ​ന്മാ​രു​മാ​യി സഹകരി​ക്കുക.” മലാവി യങ്‌ പയനി​യേ​ഴ്‌സി​നെ​യും യുവജന ലീഗ്‌ അംഗങ്ങ​ളെ​യും പരാമർശി​ച്ചു​കൊണ്ട്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു: “പാർട്ടി​യു​മാ​യി നിങ്ങൾ സഹകരി​ക്കു​ന്നു എന്ന്‌ ഉറപ്പു വരുത്താൻ എന്റെ കുട്ടികൾ ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും.” തന്മൂലം, അവസ്ഥ മെച്ച​പ്പെ​ടു​മെന്ന്‌ യാതൊ​രു പ്രതീ​ക്ഷ​യും ഇല്ലായി​രു​ന്നു.

അന്ന്‌ മലാവി​യി​ലേക്കു മടങ്ങാൻ നിർബ​ന്ധി​ത​രായ ചിലർക്കു രാജ്യ​ത്തി​നു കുറുകെ യാത്ര ചെയ്‌ത്‌, ദക്ഷിണ​പൂർവ അതിർത്തി കടന്നു മൊസാ​മ്പി​ക്കി​ലെ മിലാം​ഗെ ക്യാമ്പു​ക​ളി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടു ചേരാൻ കഴിഞ്ഞു. എന്നാൽ അത്‌ അവരുടെ എല്ലാ പ്രശ്‌ന​ങ്ങൾക്കും പരിഹാ​ര​മാ​യില്ല. ഉദാഹ​ര​ണ​ത്തിന്‌, 1980-കളുടെ ഒടുവിൽ മിലാം​ഗെ ക്യാമ്പു​കൾ പിരി​ച്ചു​വി​ടു​ന്നതു വരെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ച ഫിഡെസി ദാലാ​മ​യ്‌ക്ക്‌, ഗറില്ലാ പോരാ​ളി​ക​ളു​ടെ ആക്രമ​ണ​ത്തിൽ തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. എന്നാൽ സൗമ്യ​പ്ര​കൃ​ത​മുള്ള ഈ സഹോ​ദരൻ യഹോ​വയെ തുടർന്നും തീക്ഷ്‌ണ​മാ​യി സേവി​ക്കു​ന്നു.

1975-ൽ മലാവി​യി​ലേക്കു തിരി​ച്ചു​വ​രാൻ നിർബ​ന്ധി​ത​രാ​യ​വർക്ക്‌ അവി​ടെ​ത്തന്നെ കഴി​യേ​ണ്ടി​വന്നു. ക്ഷീണിച്ചു വലഞ്ഞ്‌ തങ്ങളുടെ ഗ്രാമ​ങ്ങ​ളി​ലേക്കു മടക്കയാ​ത്ര ചെയ്‌ത ഈ ആയിര​ങ്ങ​ളെ​ക്കൊ​ണ്ടു വഴികൾ നിറഞ്ഞു. അവരിൽ പലരെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം, അതു കടുത്ത പീഡനം അനുഭ​വി​ക്കു​ന്ന​തു​പോ​ലെ ആയിരു​ന്നു.

ആദ്യ​മൊ​ക്കെ തങ്ങളുടെ ഗ്രാമ​ങ്ങ​ളിൽ പിന്നെ​യും വാസമു​റ​പ്പി​ക്കാൻ മിക്കവ​രും അനുവ​ദി​ക്ക​പ്പെട്ടു. എന്നാൽ, ദീർഘ​കാ​ലം കഴിയു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ നിർബ​ന്ധി​പ്പി​ച്ചു “പാർട്ടി​യു​മാ​യി സഹകരി”പ്പിക്കാൻ “കുട്ടികൾ” എത്തുമാ​യി​രു​ന്നു. ‘യുവജന ലീഗ്‌’ അംഗങ്ങൾ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ വീടുകൾ വളഞ്ഞ്‌ തങ്ങളുടെ പാർട്ടി​യു​ടെ അംഗത്വ കാർഡു​കൾ വാങ്ങണ​മെന്ന്‌ ആവശ്യ​പ്പെട്ടു. എല്ലാ വീടു​ക​ളി​ലെ​യും ഉത്തരം ഒന്നുതന്നെ ആയിരു​ന്നു—വാങ്ങില്ല! എന്നാൽ നിരസനം ഹേതു​വാ​യി സഹോ​ദ​ര​ങ്ങൾക്ക്‌ എല്ലാത്തരം ഹീനമായ പെരു​മാ​റ്റ​ങ്ങൾക്കും വിധേ​യ​രാ​കേണ്ടി വന്നു. സ്‌ത്രീ​ക​ളും കുട്ടി​ക​ളും പോലും ഈ നിഷ്‌ക​ള​ങ്ക​രായ ക്രിസ്‌ത്യാ​നി​കളെ തല്ലാൻ കൂടി. പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും എതി​രെ​യുള്ള ഹീനമായ ലൈം​ഗിക ദ്രോഹം റിപ്പോർട്ടു ചെയ്യ​പ്പെട്ടു. നിർബ​ന്ധിച്ച്‌ അധാർമി​ക​ത​യിൽ ഏർപ്പെ​ടു​ത്താൻ ക്രിസ്‌തീയ സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ഒരുമി​ച്ചു കൂട്ടി​ക്കെ​ട്ടി​യിട്ട തരം ഞെട്ടി​ക്കുന്ന സംഭവങ്ങൾ പോലും റിപ്പോർട്ടു ചെയ്യ​പ്പെട്ടു.

സാധാരണ ജീവിതം നയിക്കുന്ന കാര്യ​ത്തിൽ പോലും, യഹോ​വ​യു​ടെ സാക്ഷി​കൾക്കു തങ്ങളുടെ ദൃഢവി​ശ്വ​സ്‌ത​യ്‌ക്ക്‌ എതിരെ നിരന്തര വെല്ലു​വി​ളി ഉണ്ടായി. ആശുപ​ത്രി​കൾ, കമ്പോ​ളങ്ങൾ, സ്‌കൂ​ളു​കൾ, പൊതു വാഹനങ്ങൾ എന്നിവ​യി​ലൊ​ക്കെ യൂത്ത്‌ ലീഗ്‌ അംഗങ്ങൾ പാർട്ടി കാർഡ്‌ ഇല്ലാത്ത​വരെ തിരയു​ന്നു​ണ്ടാ​യി​രു​ന്നു. വെളി​പ്പാ​ടു 13:16, 17-ലെ വാക്കു​കൾക്കു ചേർച്ച​യിൽ, ‘മൃഗത്തി​ന്റെ മുദ്ര​യി​ല്ലാ​തെ’—ലോക രാഷ്‌ട്രീയ വ്യവസ്ഥയെ പിന്തു​ണ​യ്‌ക്കു​ന്നു എന്നതിന്റെ തെളിവ്‌ ഇല്ലാതെ—‘വാങ്ങാ​നോ വിൽക്കാ​നോ,’ അതായത്‌ സാധാരണ ജീവിതം നയിക്കാൻ, ആർക്കും കഴിഞ്ഞില്ല.

ഈ പ്രതി​കൂല സാഹച​ര്യ​ങ്ങ​ളി​ലെ​ല്ലാം യഹോ​വ​യു​ടെ സാക്ഷികൾ ഒരിക്ക​ലും വിട്ടു​വീഴ്‌ച ചെയ്യാതെ ഉറച്ചു​തന്നെ നില​കൊ​ണ്ടു. എന്നാൽ പീഡക​രും മടുത്തു പിൻമാ​റി​യില്ല. പലതും സംഭവി​ക്കാ​നി​രു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.

കൂട്ട​ത്തോ​ടെ ജയിലി​ലേക്കു കൊണ്ടു​പോ​കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ സഭകളി​ലും ഉള്ളവരെ തിരഞ്ഞു പിടിച്ച്‌ ജയിലു​ക​ളി​ലാ​ക്കി. നാസി തടങ്കൽ പാളയ​ങ്ങളെ ഓർപ്പി​ക്കുന്ന വിധത്തി​ലാ​യി​രു​ന്നു അവയിൽ പലതും പ്രവർത്തി​ച്ചി​രു​ന്നത്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, ചില കേസു​ക​ളിൽ കൊച്ചു കുട്ടി​ക​ളെ​യും ശിശു​ക്ക​ളെ​യും അവരുടെ പരി​ഭ്രാ​ന്ത​രായ മാതാ​പി​താ​ക്ക​ളു​ടെ അടുക്കൽനി​ന്നും ബലമായി മാറ്റുക പോലും ചെയ്‌തു. ഈ കുട്ടി​ക​ളിൽ ചിലർക്കു പരിച​ര​ണ​മേ​കി​യത്‌ അവരുടെ സാക്ഷി​ക​ള​ല്ലാത്ത ബന്ധുക്ക​ളാ​യി​രു​ന്നു. മറ്റു പല കുട്ടി​ക​ളു​ടെ​യും പരിപാ​ല​ന​ത്തി​നാ​ണെ​ങ്കിൽ ആരുമി​ല്ലാ​യി​രു​ന്നു. 1976 ജനുവരി ആയപ്പോ​ഴേ​ക്കും രാജ്യ​ത്തെ​ങ്ങു​മാ​യി സാക്ഷി​ക​ളായ 5,000-ത്തിലധി​കം സ്‌ത്രീ​പു​രു​ഷ​ന്മാർ ജയിലി​ല​ട​യ്‌ക്ക​പ്പെട്ടു.

ആദ്യ​മൊ​ക്കെ അവിടു​ത്തെ അവസ്ഥകൾ ഭയങ്കര​മാ​യി​രു​ന്നു. ആളുകൾ തിങ്ങി​പ്പാർത്ത​തി​നാൽ രോഗങ്ങൾ പടർന്നു​പി​ടി​ച്ചു. ക്രൂര​ന്മാ​രായ ഗാർഡു​കൾ അവരുടെ ദുരിതം വർധി​പ്പി​ച്ചതേ ഉള്ളൂ. അവരിൽ ഒരാൾ സഹോ​ദ​ര​ന്മാ​രോട്‌ ഇങ്ങനെ വെല്ലു​വി​ളി​ച്ചു: “സർക്കാർ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നതു പോലെ, ഞങ്ങൾ നിങ്ങളെ ഞങ്ങളുടെ ട്രാക്ട​റു​കൾ ആക്കും.” വിശ്ര​മ​മോ ഭക്ഷണമോ കൂടാതെ സൂര്യോ​ദ​യ​ത്തി​നു മുമ്പു മുതൽ അസ്‌ത​മ​യ​ത്തി​നു ശേഷം​വരെ പണി​യെ​ടു​ക്കാൻ താൻ പലപ്പോ​ഴും നിർബ​ന്ധി​ത​നാ​യി​രു​ന്നു എന്ന്‌ ബാസ്റ്റൺ മോസസ്‌ യിറെൻദ ഓർമി​ക്കു​ന്നു!

പിൻവ​രു​ന്ന​പ്ര​കാ​രം എഴുതിയ ഒരു കഷണം ടോയ്‌ലറ്റ്‌ പേപ്പർ കുപ്ര​സി​ദ്ധ​മായ സാലെക്ക ജയിലിൽനി​ന്നു കടത്തി​ക്കൊ​ണ്ടു​വ​രാൻ ഒരു സഹോ​ദ​രനു കഴിഞ്ഞു: “ഒരാൾ വല്ലാത്ത രോഗാ​വ​സ്ഥ​യിൽ ആണെങ്കിൽ പോലും, അയാളെ നിർബ​ന്ധി​ച്ചു ജോലി ചെയ്യി​ക്കു​ന്നു. രോഗി​ക​ളായ കുട്ടി​കളെ ദോവ ആശുപ​ത്രി​യി​ലേ​ക്കാണ്‌ അയയ്‌ക്കു​ന്നത്‌ . . . യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പെട്ട രോഗി​കളെ അവർ ശുശ്രൂ​ഷി​ക്കാ​റില്ല. യഹോ​വ​യു​ടെ ജനത്തിന്റെ കശാപ്പു​ശാല എന്നാണു ഞങ്ങൾ ദോവ ആശുപ​ത്രി​യെ വിളി​ക്കു​ന്നത്‌.”

നമ്മുടെ സഹോ​ദ​ര​ങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താ​നും അവരുടെ ദൃഢവി​ശ്വ​സ്‌തത തകർക്കാ​നും ആവുന്ന​തെ​ല്ലാം ചെയ്യാൻ ജയിൽ ഗാർഡു​കൾ ശ്രമി​ക്കു​ന്നതു പോലെ കാണ​പ്പെട്ടു. പക്ഷേ അവർ വിജയി​ച്ചില്ല! പ്രതി​കൂല സാഹച​ര്യ​ങ്ങളെ എങ്ങനെ നേരി​ടാ​മെന്ന്‌ യഹോ​വ​യു​ടെ ജനത പഠിച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ഒരു സിമന്റ്‌ കൂടിന്റെ കഷണത്തിൽ എഴുതി​യി​രുന്ന കുറി​പ്പിൽ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഈ വാക്കുകൾ അടങ്ങി​യി​രു​ന്നു: “സന്തോഷ വാർത്ത. പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും കല്ലു ചുമ​ക്കേണ്ടി വരുക​യും ചെയ്യു​ന്നെ​ങ്കി​ലും, സഹോ​ദ​രങ്ങൾ സന്തുഷ്ട​രാണ്‌.”

പ്രസി​ഡ​ന്റാ​യ ഡോ. ബാൻഡ​യു​ടെ ഓഫീ​സി​ലേക്കു മറ്റു ദേശങ്ങ​ളിൽനിന്ന്‌—യഹോ​വ​യു​ടെ സാക്ഷി​ക​ളും അല്ലാത്ത​വ​രു​മായ പലരും അയച്ച—നിരവധി പ്രതി​ഷേധ കത്തുകൾ ലഭിച്ചു. എന്നാൽ, ആ അഭ്യർഥ​നകൾ ബധിര കർണങ്ങ​ളി​ലാ​ണു പതിച്ചത്‌. നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു ജയിലിൽത്തന്നെ കഴി​യേ​ണ്ടി​വന്നു.

‘ദൈവ​വ​ച​ന​ത്തിന്‌ ബന്ധനം ഇല്ല’

അത്തരം അവസ്ഥക​ളി​ലും ഈ ജയിലു​ക​ളിൽ ക്രിസ്‌തീയ യോഗങ്ങൾ ക്രമീ​ക​രി​ക്കാൻ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞു. സാഹി​ത്യ​ങ്ങൾ ഒളിച്ചു കടത്തി സഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിൽ വിതരണം ചെയ്‌തു. അത്‌ എങ്ങനെ​യാ​ണു സാധി​ച്ചത്‌? സാലെക്ക ജയിലിൽ അവർക്ക്‌ എങ്ങനെ ഒരു വാർഷി​ക​പു​സ്‌തകം ലഭിച്ചു​വെന്ന്‌ ബാസ്റ്റൺ മോസസ്‌ യിറെൻദ പറയുന്നു:

“തടവു​പു​ള്ളി അല്ലായി​രു​ന്നെ​ങ്കി​ലും ജയിലി​ലെ പൂന്തോ​ട്ട​ങ്ങ​ളിൽ ജോലി ചെയ്‌തി​രുന്ന ഒരു സഹോ​ദരൻ ഉണ്ടായി​രു​ന്നു. അദ്ദേഹം ജയിലിൽ പതിവാ​യി വരുക​യും പോകു​ക​യും ചെയ്‌തി​രു​ന്ന​തി​നാൽ ഗാർഡു​കൾ അദ്ദേഹത്തെ ഒരിക്ക​ലും പരി​ശോ​ധി​ക്കാ​റി​ല്ലാ​യി​രു​ന്നു. ഗാർഡു​കൾക്കു പച്ചക്കറി കൊണ്ടു​വന്ന സമയത്ത്‌ അദ്ദേഹം ആ പുസ്‌തകം ഷർട്ടിന്റെ ഉള്ളിൽ ഒളിച്ചു വെച്ചി​രു​ന്നു. തിരികെ പോകു​ന്ന​തി​നു മുമ്പ്‌, അത്‌ ഒരു സഹോ​ദ​രനെ ഏൽപ്പി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. വാർഷി​ക​പു​സ്‌തകം ലഭിച്ച​തിൽ ഞങ്ങൾ അത്യധി​കം സന്തോ​ഷി​ച്ചു. കാരണം, അക്കാലത്ത്‌ അതിൽ എല്ലാ ദിനവാ​ക്യ​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും കൊടു​ത്തി​രു​ന്നു. ഉടൻതന്നെ അതിലെ എല്ലാ വാക്യ​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളും ടോയ്‌ലെറ്റ്‌ പേപ്പറി​ന്റെ കഷണങ്ങ​ളിൽ എഴുതുന്ന ജോലി ഞങ്ങൾ പെട്ടെ​ന്നു​തന്നെ ആരംഭി​ച്ചു. അതിനു കുറെ​യ​ധി​കം റോളു​കൾതന്നെ വേണ്ടി​വന്നു! രണ്ടാഴ്‌ച കഴിഞ്ഞ്‌ ഒരു കാവൽക്കാ​രൻ ആ പുസ്‌തകം കണ്ടുപി​ടി​ച്ചു. എന്നാൽ അപ്പോ​ഴേ​ക്കും അതിന്റെ കോപ്പി​കൾ ഞങ്ങൾ ക്യാമ്പി​ലെ​ങ്ങും വിതരണം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. സഹോ​ദ​രി​മാ​രെ ഇട്ടിരുന്ന സ്ഥലത്തും അതിന്റെ കോപ്പി​കൾ എത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു.”

സാലെക്ക ജയിലിൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ചെറിയ കൂട്ടങ്ങ​ളാ​യാ​ണു ഞങ്ങൾ ആഘോ​ഷി​ച്ചത്‌. “ഏപ്രിൽ 14-ാം തീയതി​യി​ലെ സുന്ദര ദിനത്തിൽ കൂടി​വ​ന്നവർ 1,601 ആയിരു​ന്നു” എന്നു പ്രസ്‌താ​വി​ക്കുന്ന ഒരു കത്ത്‌ സൊ​സൈ​റ്റി​ക്കു ലഭിക്കു​ക​യു​ണ്ടാ​യി. സാലെക്ക ജയിലിൽവെച്ചു ചിഹ്നങ്ങ​ളിൽ പങ്കുപ​റ്റി​യത്‌ 13 പേരാണ്‌. സ്‌മാ​ര​കത്തെ കുറി​ച്ചുള്ള റിപ്പോർട്ട്‌ ഇങ്ങനെ​യും പ്രസ്‌താ​വി​ച്ചു: “പ്രസം​ഗ​ത്തി​നു മുമ്പും, യോഗ​ത്തി​നു ശേഷവും ഓരോ സെല്ലി​ലെ​യും സഹോ​ദ​രങ്ങൾ ഗീതങ്ങൾ ആലപിച്ചു.”

ക്രമേണ, ജയിലി​ലെ അവസ്ഥകൾക്കു മയം വരാൻ തുടങ്ങി. ചില ഗാർഡു​കൾ സഹോ​ദ​ര​ങ്ങ​ളോ​ടു വളരെ സൗഹൃ​ദ​ത്തിൽ പോലു​മാ​യി. ജയിൽ സേവന​ത്തിൽനി​ന്നു വിരമി​ച്ച​പ്പോൾ ഒരു ഗാർഡ്‌ സത്യം സ്വീക​രി​ക്കുക പോലും ചെയ്‌തു. ഇപ്പോൾ അദ്ദേഹം മാക്കുമ്പ സഹോ​ദ​ര​നാണ്‌. അദ്ദേഹ​ത്തി​ന്റെ പുത്ര​നും തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നു. “ദൈവ​വ​ച​ന​ത്തി​ന്നോ ബന്ധനം ഇല്ല” എന്നു പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രഖ്യാ​പി​ച്ചതു പോ​ലെ​യാണ്‌ അത്‌.—2 തിമൊ. 2:9.

നിരോ​ധന സമയത്ത്‌ യഹോ​വയെ സേവി​ക്കു​ന്നു

പീഡന​ത്തി​ന്റെ തീവ്രത ഒരിക്കൽക്കൂ​ടി കുറഞ്ഞു. 1979 ആയപ്പോ​ഴേ​ക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ മിക്കവ​രും ജയിൽമോ​ചി​ത​രാ​യി കഴിഞ്ഞി​രു​ന്നു. അയൽക്കാർക്ക്‌ അവരെ​ക്കു​റി​ച്ചു ജിജ്ഞാ​സ​യാ​യി. “നിങ്ങളെ എന്തിനാ​ണു ജയിലി​ലേക്ക്‌ അയച്ചത്‌?” “എല്ലാവ​രും എന്തിനാ​ണു യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ക്കു​ന്നത്‌?” എന്നിങ്ങ​നെ​യുള്ള ചോദ്യ​ങ്ങൾ ബൈബിൾ ചർച്ചകൾക്കു വഴി തുറന്നു. അങ്ങനെ പലരും യഹോ​വ​യു​ടെ ദാസർ ആയിത്തീർന്നു. യഹോ​വ​യു​ടെ സാക്ഷികൾ ആയിത്തീർന്നാൽ, യേശു​ക്രി​സ്‌തു മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ തങ്ങളും വിദ്വേഷ പാത്ര​മാ​കു​മെന്ന്‌ അവർക്കു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു; എന്നിട്ടും, യഹോ​വ​യു​ടെ സാക്ഷികൾ വാസ്‌ത​വ​ത്തിൽ സത്യമതം ആചരി​ക്കു​ന്നവർ ആണെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. (ലൂക്കൊ. 21:17; യാക്കോ. 1:27) യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്ന​വ​രു​ടെ, സത്യം പഠിച്ചു​വന്ന മക്കളെ​ക്കാൾ അധികം പേരാണ്‌ സാക്ഷീ​ക​ര​ണ​ത്തി​ന്റെ ഫലമായി പുതു​താ​യി സ്‌നാ​പ​ന​മേറ്റു സാക്ഷികൾ ആയിത്തീർന്നത്‌ എന്ന കാര്യം രസാവ​ഹ​മാണ്‌.

അക്കാലത്ത്‌, യോഗ​ങ്ങ​ളി​ലും വയൽ ശുശ്രൂ​ഷ​യി​ലും ഉപയോ​ഗി​ക്കു​ന്ന​തി​നാ​യി ബൈബിൾ സാഹി​ത്യ​ങ്ങൾ എങ്ങനെ​യാ​ണു രാജ്യത്ത്‌ എത്തിച്ചി​രു​ന്നത്‌? 1970-കളുടെ ഒടുവിൽ മലാവി വയലിന്റെ മേൽനോ​ട്ടം സാംബിയ ബ്രാഞ്ചി​നു കൈമാ​റ​പ്പെട്ടു. കാരണം, സാംബി​യ​യ്‌ക്കും മലാവി​ക്കും ഇടയ്‌ക്ക്‌ ഒരു പൊതു അതിർത്തി ഉണ്ടായി​രു​ന്നു. എന്നാൽ മലാവി​ക്കും സിംബാ​ബ്‌വേ​യ്‌ക്കും ഇടയിൽ അത്തരം ഒരു പൊതു അതിർത്തി ഇല്ലായി​രു​ന്നു. സാംബി​യ​യി​ലെ സാഹിത്യ ഡിപ്പോ​ക​ളിൽ പലതും മലാവി​യു​ടെ അതിർത്തി​യോ​ടു ചേർന്നുള്ള തന്ത്ര​പ്ര​ധാ​ന​മായ സ്ഥാനങ്ങ​ളിൽ സ്ഥാപി​ച്ചി​രു​ന്നു. വാഹനങ്ങൾ സ്വന്തമാ​യു​ണ്ടാ​യി​രുന്ന ചുരുക്കം ചില സഹോ​ദ​രങ്ങൾ സാംബി​യ​യിൽനി​ന്നു തങ്ങളുടെ വാഹന​ങ്ങ​ളിൽ സാഹി​ത്യ​ങ്ങൾ മലാവി​യി​ലേക്ക്‌ ഒളിച്ചു കടത്തു​മാ​യി​രു​ന്നു. നിരോ​ധ​ന​ത്തി​ന്റെ ആ ആദ്യകാല വർഷങ്ങ​ളിൽ ചെക്ക്‌പോ​സ്റ്റു​കൾ കുറവാ​യി​രു​ന്ന​തി​നാൽ ഈ രീതി വളരെ ഫലപ്ര​ദ​മെന്നു തെളിഞ്ഞു.

സഹോ​ദ​ര​ങ്ങൾക്ക്‌ ആവശ്യ​മായ പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഭിച്ച​പ്പോൾ യോഗങ്ങൾ ക്രമീ​ക​രി​ക്കുക സാധ്യ​മാ​യി. തീർച്ച​യാ​യും, ഒരു രാജ്യ​ഹാ​ളിൽ പരസ്യ​മാ​യി കൂടി​വ​രാൻ കഴിയു​മാ​യി​രു​ന്നില്ല. അതിനു പകരം, അയൽക്കാർക്കും മറ്റു ഗ്രാമീ​ണർക്കും ശബ്ദം കേൾക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സഹോ​ദ​രങ്ങൾ രഹസ്യ​മാ​യി കൂടി​വന്നു—മിക്ക​പ്പോ​ഴും രാത്രി​യിൽ. ചില സഹോ​ദ​ര​ങ്ങൾക്കു സാധാ​ര​ണ​മാ​യി ഗ്രാമ​ത്തി​നു പുറത്ത്‌ പിതൃ​സ്വ​ത്താ​യി കിട്ടിയ സ്ഥലം ഉണ്ടായി​രു​ന്നു. കൂടി​വ​രാൻ അനു​യോ​ജ്യ​മായ സ്ഥലങ്ങളാ​യി​രു​ന്നു അവ. വലി​യൊ​രു കൂട്ടം ഒരേസ​മ​യത്ത്‌ യോഗ​സ്ഥ​ല​ത്തേക്കു പോകു​ന്നത്‌ അനാവ​ശ്യ​മായ ശ്രദ്ധ ക്ഷണിച്ചു​വ​രു​ത്തും എന്നതി​നാൽ ചെറിയ കൂട്ടങ്ങ​ളാ​യാ​ണു സഹോ​ദ​രങ്ങൾ യാത്ര ചെയ്‌തത്‌. എല്ലാവ​രും അവിടെ എത്തിക്ക​ഴി​ഞ്ഞാൽ യോഗം തുടങ്ങു​ക​യാ​യി. രാജ്യ​ഗീ​തങ്ങൾ ഹൃദയം​ഗ​മ​മാ​യി പാടാൻ കഴിഞ്ഞില്ല—വളരെ ശബ്ദം താഴ്‌ത്തി​യാ​ണു പാടി​യി​രു​ന്നത്‌. നല്ലൊരു പ്രസം​ഗ​ത്തി​നു ശേഷം, ഉത്സാഹ​പൂർവം കയ്യടി​ക്കാ​നും കഴിഞ്ഞി​രു​ന്നില്ല—കൈത്ത​ലങ്ങൾ ചേർത്തു മൃദു​വാ​യി തിരു​മ്മുക മാത്രം ചെയ്യാനേ കഴിയു​മാ​യി​രു​ന്നു​ള്ളൂ.

എങ്കിലും, യോഗ​ങ്ങ​ളിൽ എല്ലാവ​രും സമയോ​ചി​ത​മായ ആത്മീയ ഭക്ഷണം വിലമ​തി​ച്ചു. അതേ പ്രബോ​ധന പരിപാ​ടി ആസ്വദി​ക്കുന്ന ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി തങ്ങൾ ഐക്യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന ചിന്ത അത്‌ അവരിൽ ഉളവാക്കി. സർവ​പ്ര​ധാ​ന​മായ പ്രസംഗ വേലയ്‌ക്കാ​യി സജ്ജരാ​കാൻ അത്തരം യോഗങ്ങൾ സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. വളരെ വിവേ​ക​പൂർവം പ്രസംഗ പ്രവർത്തനം നടത്തേ​ണ്ടി​യി​രു​ന്നു.

ധീര സഞ്ചാര​സേ​വ​കർ

മലാവി​യി​ലേക്കു സാഹി​ത്യ​ങ്ങൾ കൊണ്ടു​വ​രാൻ കുറെ കാലം വലിയ ബുദ്ധി​മു​ട്ടൊ​ന്നും ഇല്ലായി​രു​ന്നു. എങ്കിലും, 1980-കളിൽ ആ അവസ്ഥയ്‌ക്കു മാറ്റം വന്നു. രാജ്യ​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും ചെക്ക്‌പോ​സ്റ്റു​കൾ പ്രത്യ​ക്ഷ​പ്പെ​ടാൻ തുടങ്ങി. വാഹനങ്ങൾ പരി​ശോ​ധി​ക്കു​ന്ന​തിൽ പൊലീസ്‌ കൂടുതൽ ജാഗ്രത കാട്ടി. സാംബി​യ​യി​ലെ ഡിപ്പോ​ക​ളിൽനി​ന്നു സാഹി​ത്യ​ങ്ങൾ കൊണ്ടു​വ​രാൻ മേലാൽ വാഹനങ്ങൾ ഉപയോ​ഗി​ക്കാൻ കഴിയാ​താ​യി. അപ്പോൾ എന്തു ചെയ്യു​മാ​യി​രു​ന്നു?

സൈക്കി​ളു​കൾ കൂടുതൽ വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കാൻ തുടങ്ങി. വനത്തി​ലൂ​ടെ സൈക്കിൾ ചവിട്ടി പോകു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങൾക്കു റോഡു​ബ്ലോ​ക്കു​ക​ളും അതിർത്തി​യി​ലെ ക്രോ​സി​ങ്ങു​ക​ളും ഒഴിവാ​ക്കാൻ കഴിഞ്ഞി​രു​ന്നു. അത്തരം ഒരു സഞ്ചാര​സേ​വ​ക​നാ​യി (courier) പ്രവർത്തി​ക്കാൻ നല്ല ധൈര്യ​വും ശക്തമായ വിശ്വാ​സ​വും ആവശ്യ​മാ​യി​രു​ന്നു. എന്നാൽ, അവരുടെ വിശ്വസ്‌ത സേവനത്തെ യഹോ​വ​യാം ദൈവം വ്യക്തമാ​യും അനു​ഗ്ര​ഹി​ച്ചു. ഈ അനുഭ​വങ്ങൾ ശ്രദ്ധി​ക്കുക:

സൈക്കി​ളി​ന്റെ പിന്നിൽ ഒരു ചാക്കിൽ മാസി​ക​ക​ളും വെച്ച്‌ ലിലൊ​ങ്‌വേ​യി​ലൂ​ടെ ലെറ്റ്‌സൺ മ്ലൊ​ങ്കൊ​ട്ടി, സൈക്കിൾ ചവിട്ടി വരുക​യാ​യി​രു​ന്നു. പ്രസി​ഡന്റ്‌ വരുന്ന​തും കാത്ത്‌, പൊലീ​സു​കാ​രും ‘മലാവി യങ്‌ പയനി​യേ​ഴ്‌സും’ ഉൾപ്പെടെ ആളുകൾ കൂട്ടമാ​യി റോഡി​ന്റെ ഇരുവ​ശ​വും നിൽക്കു​ന്നതു കണ്ട അദ്ദേഹ​ത്തി​നു വളരെ ഭയം തോന്നി. ഒരു വളവു തിരി​ഞ്ഞു​പോ​കവേ ചാക്കു നിലത്തു വീണു തുറക്കുക കൂടി ചെയ്‌ത​പ്പോൾ അദ്ദേഹ​ത്തി​ന്റെ ഭീതി ഇരട്ടിച്ചു. മാസി​കകൾ എല്ലാവ​രും കാൺകെ റോഡിൽ ചിതറി​വീ​ണു! ആളുകൾ അദ്ദേഹ​ത്തി​നു ചുറ്റും കൂടി. ഏറ്റവും മോശ​മാ​യതു സംഭവി​ക്കു​മെ​ന്നാ​ണു നമ്മുടെ സഹോ​ദരൻ പ്രതീ​ക്ഷി​ച്ചത്‌. എന്നാൽ അവർ ആ മാസി​കകൾ ചാക്കി​ലാ​ക്കാൻ തന്നെ സഹായി​ക്കു​ക​യാ​ണെന്ന്‌ അദ്ദേഹം പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. തെല്ലൊ​ന്നു ചകിത​നാ​യെ​ങ്കി​ലും, പൊലീ​സു​കാ​രു​ടെ​യും മലാവി യങ്‌ പയനി​യേ​ഴ്‌സി​ന്റെ​യും കണ്ണുകൾ അന്ധമാ​ക്കി​യ​തിൽ യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു​കൊണ്ട്‌ ആശ്വാ​സ​ത്തോ​ടെ അദ്ദേഹം വീണ്ടും സൈക്കി​ളിൽ യാത്ര​യാ​യി.

ഫ്രെഡ്‌ ലേമെക്ക്‌, ഗ്വിരിസ സഭയി​ലേ​ക്കുള്ള ചില പ്രധാ​ന​പ്പെട്ട തപാൽ ഉരുപ്പ​ടി​കൾ കൊണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കാസും​ഗു​വിന്‌ അടുത്തുള്ള ഒരു ഇറക്കത്തിൽ അദ്ദേഹം വളരെ വേഗത്തിൽ താഴേക്കു പോകു​മ്പോ​ഴാണ്‌ യുവജന ലീഗ്‌ അംഗങ്ങൾ നിൽക്കുന്ന ഒരു ചെക്ക്‌പോസ്റ്റ്‌ മുന്നി​ലാ​യി അദ്ദേഹം കണ്ടത്‌. അവിടെ എത്തുന്ന​തി​നു മുമ്പ്‌, അദ്ദേഹം സൈക്കിൾ നിർത്തി നേരെ തിരിഞ്ഞ്‌ വേഗത്തിൽ വിപരീത ദിശയിൽ സൈക്കിൾ വിട്ടു. യുവജന ലീഗിലെ അംഗങ്ങൾ അദ്ദേഹ​ത്തോ​ടു നിൽക്കാൻ ആവശ്യ​പ്പെട്ടു. “നിങ്ങൾ എവിടെ പോകു​ന്നു?” അവർ ഉച്ചത്തിൽ വിളിച്ചു ചോദി​ച്ചു. അപ്പോൾ ആ സഞ്ചാര​സേ​വകൻ ഇങ്ങനെ പറഞ്ഞു, “വേഗത്തിൽ പോന്ന​തി​നാൽ എനിക്കു തിരി​യേണ്ട വളവ്‌ ഞാൻ വിട്ടു​പോ​യി!” ആ വിശദീ​ക​രണം അവർക്കു ബോധി​ച്ച​തിൽ അദ്ദേഹ​ത്തിന്‌ അത്ഭുത​മാ​യി. തന്നെ സംരക്ഷി​ച്ച​തിന്‌ അദ്ദേഹം യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു.

എന്നാൽ ഈ ധീര സഹോ​ദ​ര​ന്മാ​രിൽ പലരും പിടി​ക്ക​പ്പെട്ടു, ജയിലിൽ കിട​ക്കേ​ണ്ടി​യും വന്നു. അവരിൽ മിക്കവ​രും കുടും​ബ​സ്ഥ​രാ​യി​രു​ന്നു.

ഒരു പതിവു “വിനോദ സഞ്ചാരി”

സാംബിയ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരു അംഗമായ എഡ്വേർഡ്‌ ഫിഞ്ച്‌ 1987 മുതൽ മലാവി​യിൽ പതിവാ​യി സന്ദർശനം നടത്താൻ തുടങ്ങി. പ്രസി​ദ്ധ​മായ വിനോദ സഞ്ചാര സ്ഥലമാ​യി​രു​ന്നു മലാവി. തന്നെയു​മല്ല, ഫിഞ്ച്‌ സഹോ​ദ​രനു ബ്ലാ​ന്റൈ​റിൽ ഒരു ബന്ധുവും ഉണ്ടായി​രു​ന്നു. അതിനാൽ “അവധി”ക്കായി മലാവി​യിൽ വരുക അദ്ദേഹ​ത്തിന്‌ എളുപ്പ​മാ​യി​രു​ന്നു. സ്വരാ​ജ്യ​മായ റൊ​ഡേ​ഷ്യ​യിൽ പയനി​യ​റിങ്‌ നടത്തി​ക്കൊ​ണ്ടി​രി​ക്കെ, വെറും 19 വയസ്സു​ള്ള​പ്പോൾ, എഡ്‌ ഫിഞ്ച്‌, ഗിദോ ഓട്ടോ​യോ​ടൊ​പ്പം മക്ലക്കി ദമ്പതി​ക​ളു​ടെ നിലയ​റ​യിൽ സാഹി​ത്യ​ങ്ങൾ നിറയ്‌ക്കാൻ വരുമാ​യി​രു​ന്നു. ഇപ്പോൾ, ഗിലെ​യാദ്‌ സ്‌കൂ​ളിൽനി​ന്നു ബിരുദം നേടിയ ഫിഞ്ച്‌ സഹോ​ദരൻ മലാവി​യോ​ടുള്ള ബന്ധത്തിൽ കൂടുതൽ കാര്യ​ങ്ങൾക്കു നിയോ​ഗി​ക്ക​പ്പെട്ടു.

വേണ്ടത്ര ബൈബിൾ സാഹി​ത്യ​ങ്ങൾ മലാവി​യിൽ എത്തുന്നില്ല എന്നതിൽ സാംബിയ ബ്രാഞ്ചിന്‌ ഉത്‌കണ്‌ഠ തോന്നി​യ​തി​നാ​ലാണ്‌ അദ്ദേഹം ഈ സന്ദർശ​നങ്ങൾ നടത്തി​യത്‌. ഫിഞ്ച്‌ സഹോ​ദരൻ കൺട്രി കമ്മിറ്റി​യെ കണ്ടു. തങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കൂടുതൽ മാർഗ​നിർദേശം നൽകാ​നും ഒരു വിദേശ അതിഥി ഉള്ളതിൽ അവർ അത്യധി​കം സന്തോ​ഷി​ച്ചു. കൺട്രി കമ്മിറ്റി​യു​മാ​യും സർക്കിട്ട്‌-ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രു​മാ​യും സഞ്ചാര​സേ​വ​ക​രു​മാ​യും അനേക രഹസ്യ യോഗങ്ങൾ നടത്തി. സഭകളു​ടെ ആവശ്യങ്ങൾ സാധി​ക്കു​ന്ന​തിന്‌ തങ്ങളുടെ പങ്കു നിവർത്തി​ക്കാൻ എല്ലാവ​രും വളരെ ഉത്സാഹം പ്രകട​മാ​ക്കി. മലാവി​യു​ടെ അതിർത്തിക്ക്‌ അടുത്തുള്ള സാംബി​യൻ ഡിപ്പോ​ക​ളിൽ കുന്നു​കൂ​ടിയ സാഹി​ത്യ​ങ്ങൾ പതിവാ​യി മലാവി​യി​ലേക്കു പ്രവഹി​ക്കാൻ തുടങ്ങി.

ഫിഞ്ച്‌ സഹോ​ദരൻ മിക്ക​പ്പോ​ഴും ഭാര്യ ലിൻഡ​യോ​ടൊ​പ്പം മലാവി​യി​ലേക്കു പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനേകം “വിനോദ” സഞ്ചാരങ്ങൾ നടത്തു​ക​യു​ണ്ടാ​യി. അദ്ദേഹം രാജ്യത്ത്‌ അങ്ങോ​ള​മി​ങ്ങോ​ളം സഞ്ചരിച്ചു. കാഴ്‌ച കാണാനല്ല, മറിച്ച്‌ സാധ്യ​മാ​കു​ന്നത്ര സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പരിശീ​ലി​പ്പി​ക്കാ​നും. നിരോ​ധ​ന​കാ​ലത്തു നേതൃ​ത്വം വഹിച്ചി​രുന്ന സഹോ​ദ​ര​ന്മാർ അദ്ദേഹ​ത്തി​ന്റെ സന്ദർശ​ന​ങ്ങളെ അത്യധി​കം വിലമ​തി​ച്ചു. അവരോ​ടു കൂടെ പ്രവർത്തി​ച്ച​പ്പോൾ അദ്ദേഹം പ്രകട​മാ​ക്കിയ സ്‌നേ​ഹ​ത്തി​നും ക്ഷമയ്‌ക്കും അവർ കൃതജ്ഞത ഉള്ളവരാ​യി​രു​ന്നു.

സഞ്ചാര​സേ​വ​കരെ സഹായി​ക്കൽ

തീർച്ച​യാ​യും, സഞ്ചാര​സേ​വ​കർക്ക്‌ മലാവി​യി​ലെ എല്ലാ സഭകളി​ലും സൈക്കി​ളിൽ എത്തുക അസാധ്യ​മാ​യി​രു​ന്നു. അതിനാൽ 1988-ൽ ഒരു ചെറിയ ചരക്കു ലോറി വാങ്ങി. രാജ്യത്തെ വിവിധ ഭാഗങ്ങ​ളിൽ സാഹി​ത്യ​ങ്ങൾ എത്തിക്കു​ന്ന​തി​നാ​യി അതു വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. റോഡു​ബ്ലോ​ക്കു​കൾ ഉള്ള സ്ഥലങ്ങൾ ഡ്രൈ​വർമാർക്കു നല്ല പരിച​യ​മാ​യി​രു​ന്ന​തി​നാൽ അവർ അവ വിവേ​ക​പൂർവം ഒഴിവാ​ക്കി. ധീരരായ മറ്റു സഹോ​ദ​ര​ന്മാ​രും തങ്ങളുടെ സേവനം വാഗ്‌ദാ​നം ചെയ്‌തു. അവരിൽ ഒരാളാ​യി​രു​ന്നു ബ്ലാന്റൈർ ഇംഗ്ലീഷ്‌ സഭയിൽ സേവി​ച്ചി​രുന്ന വിക്ടർ ലുൾകർ. പിടി​ക്ക​പ്പെ​ടാൻ വളരെ​യേറെ സാധ്യത ഉണ്ടായി​രു​ന്നെ​ങ്കി​ലും, തന്റെ കാർ ഉപയോ​ഗി​ച്ചു​കൊണ്ട്‌ രാജ്യ​ത്തെ​മ്പാ​ടു​മുള്ള രഹസ്യ ഡിപ്പോ​ക​ളി​ലേക്ക്‌ അദ്ദേഹം മിക്ക​പ്പോ​ഴും രാത്രി​യിൽ സാഹി​ത്യ​ങ്ങൾ എത്തിച്ചു. ഇപ്പോൾ ദക്ഷിണാ​ഫ്രി​ക്ക​യിൽ ഉള്ള സിറിൽ ലോങ്‌ 1972-നു മുമ്പ്‌ സമാന​മായ സഹായം നൽകു​ക​യു​ണ്ടാ​യി. നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു വളരെ അത്യാ​വ​ശ്യ​മാ​യി​രുന്ന വൈദ്യ​സാ​മ​ഗ്രി​കൾ എത്തിക്കാ​നും അദ്ദേഹ​ത്തി​നു കഴിഞ്ഞി​രു​ന്നു, നല്ലവനായ ഒരു ഫാർമ​സി​ക്കാ​രന്റെ പക്കൽനിന്ന്‌ കുറഞ്ഞ നിരക്കിൽ അദ്ദേഹ​ത്തി​നു മരുന്നു​കൾ ലഭിച്ചി​രു​ന്നു.

ബ്രുക്ലി​നി​ലെ ഹെഡ്‌ക്വാർട്ടേ​ഴ്‌സ്‌ നൽകിയ ഒരു പ്രത്യേക അനുമതി ആത്മീയ ഭക്ഷണം നൽകു​ന്ന​തിൽ സുപ്ര​ധാ​ന​മായ ഒരു പങ്കു വഹിച്ചു. അതനു​സ​രിച്ച്‌, മാസി​കകൾ ബൈബിൾ പേപ്പറി​ലും പുസ്‌ത​കങ്ങൾ കട്ടി കുറഞ്ഞ കവറു​ക​ളോ​ടു കൂടി​യും അച്ചടിച്ചു. വീക്ഷാ​ഗോ​പുര അധ്യയന ലേഖന​ങ്ങ​ളാ​കട്ടെ, ഒരു പ്രത്യേക കെട്ടി​ലും മട്ടിലു​മാണ്‌ അച്ചടി​ച്ചത്‌. അവ മിനി-മാഗസി​നു​കൾ എന്നാണ്‌ അറിയ​പ്പെ​ട്ടത്‌. 1989 ഏപ്രി​ലിൽ എഡ്‌ ഫിഞ്ച്‌ സഞ്ചാര​സേ​വ​ക​രു​മാ​യി നടത്തിയ ഒരു രഹസ്യ യോഗ​ത്തിൽ നമ്മുടെ സാഹി​ത്യ​ങ്ങ​ളു​ടെ ഈ പ്രത്യേക പതിപ്പു​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം പറഞ്ഞു, സഞ്ചാര​സേ​വകർ സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു. യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലു​കളെ അവർ എത്രമാ​ത്രം വിലമ​തി​ച്ചു​വെ​ന്നോ! ഇപ്പോൾ അവർക്കു സാധാരണ കൊണ്ടു​പോ​കു​ന്ന​തി​ന്റെ ഇരട്ടി സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​കാൻ കഴിയു​മാ​യി​രു​ന്നു.

ഈ സാഹി​ത്യ​ങ്ങൾ മടക്കി ഒളിച്ചു​വെ​ക്കാ​നും എളുപ്പ​മാ​യി​രു​ന്നു. പൊതു​വാ​ഹ​ന​ങ്ങ​ളിൽ പരസ്യ​മാ​യി പോലും ഈ മിനി-മാഗസി​നു​കൾ വായി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അവ എന്താ​ണെന്ന്‌ ആരും അറിയി​ല്ലാ​യി​രു​ന്നു! “തക്കസമ​യത്ത്‌” ആത്മീയ “ആഹാരം” കൊടു​ക്കാ​നുള്ള തങ്ങളുടെ നിയോ​ഗ​ത്തി​നു ചേർച്ച​യിൽ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” യഥാർഥ​ത്തിൽ പ്രവർത്തി​ച്ചു. (മത്താ. 24:45-47, NW) പ്രതി​കൂല അവസ്ഥയിൻ കീഴിൽ ദൃഢവി​ശ്വ​സ്‌തത പാലി​ക്കാൻ അമൂല്യ​മായ ഈ “ഭക്ഷണ” വിഹി​തങ്ങൾ യഹോ​വ​യു​ടെ ദാസരെ സഹായി​ച്ചു.

ഒരു അപൂർവ സഭ

ദുഃഖ​ക​ര​മെന്നു പറയട്ടെ, സൊ​സൈറ്റി ഉപയോ​ഗി​ച്ചി​രുന്ന ചെറിയ ലോറി 1990-ൽ ഒരു പൊലീസ്‌ വാഹന​വു​മാ​യി കൂട്ടി​യി​ടി​ച്ചു. വാഹന​ത്തിൽ എന്താ​ണെന്നു മനസ്സി​ലാ​ക്കിയ പൊലീ​സു​കാർ ആ രണ്ടു സഹോ​ദ​ര​ന്മാ​രെ ഉടനെ അറസ്റ്റു ചെയ്‌തു ജയിലി​ല​ടച്ചു. അവരിൽ ഒരാൾ ലെമൺ കാബ്വാ​സി ആയിരു​ന്നു.

ചിച്ചിറി ജയിലിൽ എത്തിയ കാബ്വാ​സി സഹോ​ദരൻ, അവിടെ തടവിൽ വെച്ചി​രുന്ന പത്തു സഹോ​ദ​ര​ന്മാ​രു​ടെ ദയനീയ അവസ്ഥ മനസ്സി​ലാ​ക്കി. “മുതിർന്ന” തടവു​കാർ അവരുടെ പുതപ്പു​കൾ കവർന്നെ​ടു​ക്കു​ക​യും യോഗങ്ങൾ നടത്താൻ നമ്മുടെ സഹോ​ദ​ര​ന്മാ​രെ അനുവ​ദി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌തു. എന്തെങ്കി​ലും ചെയ്‌തേ മതിയാ​കൂ എന്ന്‌ കാബ്വാ​സി സഹോ​ദരൻ നിശ്ചയി​ച്ചു. ഭാര്യ ക്രിസ്സി ജയിലിൽ അദ്ദേഹത്തെ സന്ദർശി​ച്ച​പ്പോൾ തന്റെ കുറെ വസ്‌ത്രങ്ങൾ ജയിലി​ലേക്കു കൊണ്ടു​വ​രാൻ ആവശ്യ​പ്പെട്ടു. സഹോ​ദ​ര​ന്മാർക്കു മാന്യ​മാ​യി വസ്‌ത്രം ധരിക്കാൻ കഴി​യേ​ണ്ട​തിന്‌ അവ അദ്ദേഹം അവർക്കു വിതരണം ചെയ്‌തു. മറ്റു തടവു​കാർക്ക്‌ അതിൽ മതിപ്പു തോന്നി. പുതപ്പു​കൾ അധീന​ത​യിൽ വെച്ചി​രുന്ന “മുതിർന്ന” തടവു​കാ​രു​മാ​യി സൗഹൃദം സ്ഥാപി​ക്കാൻ കാബ്വാ​സി സഹോ​ദരൻ ശ്രമിച്ചു. അദ്ദേഹം അത്‌ എങ്ങനെ​യാ​ണു ചെയ്‌തത്‌? “എനിക്കു വേണ്ടി പത്തു കിലോ പഞ്ചസാര വാങ്ങാൻ ഞാൻ ഒരു സഹോ​ദ​രനെ ഏർപ്പെ​ടു​ത്തി. ഒരു കിലോ പഞ്ചസാര കൊടുത്ത്‌ ഒരു പുതപ്പു വാങ്ങി,” കാബ്വാ​സി സഹോ​ദരൻ പറയുന്നു. അത്‌ ആ “മുതിർന്ന” തടവു​കാ​രു​ടെ സൗഹൃ​ദ​വും “വാങ്ങി.” യാതൊ​രു തടസ്സവും കൂടാതെ യോഗങ്ങൾ നടത്താൻ അവർ സഹോ​ദ​ര​ന്മാ​രെ അനുവ​ദി​ച്ചു.

ജയിൽ മുറ്റത്ത്‌ പതിവാ​യി യോഗങ്ങൾ നടത്തി​യ​തി​ന്റെ ഫലമായി ഒരു സഭ രൂപീ​കൃ​ത​മാ​യി. എന്തായി​രു​ന്നു അതിന്റെ പേര്‌? മൂല സഭ. കാരണം, ജയിൽ മുറ്റത്ത്‌ ഒരു മൂലയി​ലാ​യി​രു​ന്നു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. കാല​ക്ര​മ​ത്തിൽ, മൂല സഭയിലെ സാധാരണ ഹാജർ 60-നു മേലായി. മൂന്നു മൂപ്പന്മാ​രും ഒരു ശുശ്രൂ​ഷാ ദാസനും ഉണ്ടായി​രുന്ന ആ സഭയുടെ കാര്യങ്ങൾ ഭംഗി​യാ​യി നിർവ​ഹി​ക്ക​പ്പെട്ടു. അതിന്റെ പ്രദേ​ശ​വും നല്ല ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സുവാർത്ത കേൾക്കാൻ എപ്പോ​ഴും ആരെങ്കി​ലും “വീട്ടിൽ” ഉണ്ടാകും! കാബ്വാ​സി സഹോ​ദരൻ ബൈബിൾ അധ്യയനം നടത്തി​യി​രുന്ന അഞ്ചു പേരിൽ രണ്ടു പേർ പിന്നീടു സ്‌നാ​പ​ന​മേൽക്കു​ക​യു​ണ്ടാ​യി!

“ആരോ​ഗ്യ​പ്ര​ദ​മായ” ആഹാരം

എന്നാൽ, മൂല സഭയ്‌ക്ക്‌ ഉണ്ടായി​രുന്ന ഒരു പ്രശ്‌നം യോഗ​ങ്ങ​ളി​ലെ ഉപയോ​ഗ​ത്തി​നാ​യി സാഹി​ത്യ​ങ്ങൾ എങ്ങനെ ജയിലിൽ എത്തിക്കും എന്നതാ​യി​രു​ന്നു. അക്കാര്യ​ത്തി​ലും കാബ്വാ​സി സഹോ​ദ​രന്‌ ഒരു ആശയം തോന്നി. അടുത്ത​യി​ടെ ജയിൽവി​മോ​ചി​ത​നായ ഒരു സഹോ​ദരൻ ഭക്ഷണ​പ്പൊ​തി​യു​മാ​യി അവിടെ വരാൻ അദ്ദേഹം ക്രമീ​ക​രണം ചെയ്‌തു. ജയിലി​ലെ ഗാർഡു​കൾ ആ പൊതി പരി​ശോ​ധി​ച്ച​പ്പോൾ അവർക്ക്‌ ആകെ കാണാൻ കഴിഞ്ഞത്‌, മലാവി​യി​ലെ ഒരു സാധാരണ ഭക്ഷണമാ​യി​രുന്ന മരച്ചീനി കിഴങ്ങു​കൾ മാത്ര​മാണ്‌. എന്നാൽ ആ മരച്ചീനി എത്ര “പോഷ​ക​പ്രദ”വും “ആരോ​ഗ്യ​പ്രദ”വും ആണെന്ന്‌ അവർ മനസ്സി​ലാ​ക്കി​യില്ല! കട്ടി കുറഞ്ഞ കഷണങ്ങൾ ഓരോ മരച്ചീനി കിഴങ്ങി​ന്റെ​യും നടുവിൽനി​ന്നു മുറി​ച്ചെ​ടു​ത്തി​രു​ന്നു. അതിൽ മിനി-മാസി​ക​ക​ളും ന്യായ​വാ​ദം പുസ്‌ത​ക​ത്തി​ന്റെ ചെറിയ ഭാഗങ്ങ​ളും തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്ക​ലും ചുരുട്ടി വെച്ചി​രു​ന്നു. “ആരോ​ഗ്യ​പ്രദ”മായ ഇത്തരം ഭക്ഷണം രണ്ടു പ്രാവ​ശ്യം എത്തിക്ക​ഴി​ഞ്ഞ​പ്പോൾ തങ്ങളുടെ യോഗ​ങ്ങ​ളി​ലും ബൈബിൾ അധ്യയ​ന​ങ്ങ​ളി​ലും ഉപയോ​ഗി​ക്കാൻ ആവശ്യ​മായ ആ വിവരങ്ങൾ അവർക്കു ലഭ്യമാ​യി. മിനി-മാസി​കകൾ വളരെ​യ​ധി​കം ഉണ്ടായി​രു​ന്നു, അതിനാൽ കാബ്വാ​സി ജയിലിൽ ചെലവ​ഴിച്ച എട്ടു മാസക്കാ​ലത്ത്‌ ഒരിക്കൽ പോലും അദ്ദേഹ​ത്തിന്‌ ഏതെങ്കി​ലും ഒരു വീക്ഷാ​ഗോ​പുര ലേഖനം അധ്യയ​ന​ത്തി​നാ​യി ആവർത്തി​ക്കേണ്ടി വന്നിട്ടില്ല എന്ന്‌ അദ്ദേഹം പറയുന്നു.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, മൂല സഭ ഇന്നു നിലവി​ലില്ല. ഇരുമ്പ​ഴി​കൾക്കു​ള്ളിൽ യോഗങ്ങൾ നടത്തേണ്ട അവസ്ഥ ഇന്ന്‌ അവിടു​ത്തെ യഹോ​വ​യു​ടെ ജനത്തി​നില്ല!

നമ്മുടെ സഹോ​ദ​രങ്ങൾ ആദരവു നേടുന്നു

ക്രമേണ, യഹോ​വ​യു​ടെ സാക്ഷി​കൾക്കു നേരെ​യുള്ള ആക്രമ​ണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ ആയിത്തീർന്നു. എങ്കിലും, അത്തരം സംഭവങ്ങൾ ഇടയ്‌ക്കി​ടെ പിന്നെ​യും റിപ്പോർട്ടു ചെയ്യ​പ്പെട്ടു. എന്നിരു​ന്നാ​ലും, നമ്മുടെ സഹോ​ദ​രങ്ങൾ മുമ്പെ​ന്ന​ത്തെ​യും പോലെ ഉറച്ചു​തന്നെ നില​കൊ​ണ്ടു. തത്‌ഫ​ല​മാ​യി, യഹോ​വ​യു​ടെ ജനത്തെ പലരും ആദരി​ക്കാൻ തുടങ്ങി.

ചിഞ്ചി പ്രദേ​ശത്തെ മുഖ്യ​നായ സാമ “എന്റെ ഭരണ​പ്ര​ദേ​ശത്തു ജീവി​ക്കുന്ന ദൈവ​ത്തി​ന്റെ പ്രിയ ജനങ്ങൾക്ക്‌” എന്ന സംബോ​ധ​ന​യോ​ടെ ഒരു കത്ത്‌ എഴുതി. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “13 ഗ്രാമ​ങ്ങ​ളുള്ള എന്റെ ജില്ലയിൽ പാർക്കുന്ന എല്ലാ സാക്ഷി​ക​ളും വളരെ നല്ലവരാണ്‌.” ആശ്രയ യോഗ്യ​രായ നികു​തി​ദാ​യ​ക​രും ധാർമിക നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​വ​രും ശുദ്ധി​യു​ള്ള​വ​രും ആദരണീ​യ​രും കഠിനാ​ധ്വാ​നി​ക​ളും എന്ന്‌ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ട​ശേഷം, അദ്ദേഹം ഇങ്ങനെ ഉപസം​ഹ​രി​ച്ചു: “നിങ്ങളു​ടെ നിയമ​ങ്ങ​ളോ​ടു തുടർന്നും വിശ്വ​സ്‌തത പാലി​ക്കാൻ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളായ നിങ്ങളെ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.”

1990-ന്റെ ആരംഭ​ത്തിൽ, ബ്ലാ​ന്റൈ​റിന്‌ അടുത്തുള്ള നാട്ടെ​ഞ്ചി​യിൽ ഒരു സർക്കിട്ട്‌ സമ്മേളനം നടക്കവേ യുവജന ലീഗിലെ അംഗങ്ങൾ അറസ്റ്റ്‌ ചെയ്‌ത 22 പേരിൽ ഒരുവ​നാ​യി​രു​ന്നു ഒസ്റ്റിൻ ചിഗൊ​ഡി. ജയിലിൽ ഒന്നര വർഷം കിടന്ന​ശേഷം ചിഗൊ​ഡി സഹോ​ദരൻ മോചി​ത​നാ​യി. അപ്പോൾ അദ്ദേഹ​ത്തിന്‌ 80-നോട്‌ അടുത്തു പ്രായ​മു​ണ്ടാ​യി​രു​ന്നു. അപ്പോ​ഴും അദ്ദേഹം കർമനി​ര​ത​നും തന്റെ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നും ആണെന്നു കണ്ട യുവജന ലീഗിലെ ചില അംഗങ്ങൾക്ക്‌ അദ്ദേഹ​ത്തോ​ടു വലിയ മതിപ്പു തോന്നി. തങ്ങളെ​യും ബൈബിൾ പഠിപ്പി​ക്ക​ണ​മെന്നു പോലും അവർ ആവശ്യ​പ്പെട്ടു. എന്നാൽ, ചിഗൊ​ഡി സഹോ​ദരൻ വളരെ ബുദ്ധി​മാ​നാ​യി​രു​ന്നു. തന്റെ സഹോ​ദ​ര​ങ്ങളെ അപകട​പ്പെ​ടു​ത്താൻ അദ്ദേഹം ആഗ്രഹി​ച്ചില്ല. എന്നാൽ, ആ യുവാക്കൾ നിർബന്ധം പിടിച്ചു. ഒടുവിൽ, അധ്യയ​നങ്ങൾ ആരംഭി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, അവരിൽ ചിലർ പുരോ​ഗതി പ്രാപി​ച്ചു സ്‌നാ​പ​ന​മേറ്റു. അവരിൽ ഏതാനും പേർ ഇന്നു മൂപ്പന്മാ​രും ശുശ്രൂ​ഷാ ദാസന്മാ​രു​മാ​യി സേവി​ക്കു​ന്നു.

മറ്റൊരു വിശ്വസ്‌ത സഹോ​ദ​ര​നായ സാമുവൽ സാവ​നോം​ഗ​യ്‌ക്ക്‌ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം സാലെക്ക ജയിലിൽ നാലു പ്രാവ​ശ്യം കിട​ക്കേണ്ടി വന്നു. പാർട്ടി കാർഡ്‌ വാങ്ങാൻ ശക്തമായി വിസമ്മ​തി​ച്ച​തി​നെ തുടർന്ന്‌ 1989-ൽ അദ്ദേഹം അഞ്ചാം തവണയും അറസ്റ്റ്‌ ചെയ്യ​പ്പെട്ടു. യൂത്ത്‌ ലീഗ്‌ അംഗങ്ങൾ അദ്ദേഹത്തെ സാലി​മ​യി​ലുള്ള പൊലീസ്‌ ക്യാമ്പി​ലേക്കു കൊണ്ടു​പോ​യി. ചുമത​ല​യിൽ ഉണ്ടായി​രുന്ന ഉദ്യോ​ഗസ്ഥൻ പിൻവ​രുന്ന പ്രകാരം പറഞ്ഞ​പ്പോൾ അവർ എത്രമാ​ത്രം അമ്പര​ന്നെ​ന്നോ: “ഇദ്ദേഹത്തെ നിങ്ങൾ വീണ്ടും ജയിലിൽ ഇടാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നിങ്ങളും അദ്ദേഹ​ത്തോ​ടു ചേരാൻ ഒരുങ്ങി​ക്കൊ​ള്ളൂ. ഒരിക്ക​ലും തന്റെ വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച ചെയ്യാത്ത ഈ മനുഷ്യൻ സഹിച്ചു​നിന്ന കാര്യങ്ങൾ നിങ്ങളും ഒന്ന്‌ അനുഭ​വിച്ച്‌ അറിയു​ന്നതു നല്ലതാണ്‌. അതിനു നിങ്ങൾ തയ്യാറാ​ണോ?” “ഇല്ല,” അവർ മറുപടി പറഞ്ഞു. അപ്പോൾ ആ ഓഫീസർ കൂട്ടി​ച്ചേർത്തു: “എങ്കിൽ ഇദ്ദേഹത്തെ നിങ്ങൾ സ്വന്തം ഗ്രാമ​ത്തിൽ കൊണ്ടു​പോ​യി വിടു​ന്ന​താ​ണു നല്ലത്‌, ഇനി​യെ​ങ്കി​ലും അദ്ദേഹത്തെ ദ്രോ​ഹി​ക്കാ​തി​രി​ക്കൂ. അദ്ദേഹം തന്റെ വിശ്വാ​സം ഒരിക്ക​ലും ത്യജി​ക്കു​ക​യില്ല.” സാവ​നോം​ഗ സഹോ​ദ​രനെ അദ്ദേഹ​ത്തി​ന്റെ ഗ്രാമ​ത്തി​ലേക്കു വാഹന​ത്തിൽ തിരികെ കൊണ്ടു​ചെ​ന്നാ​ക്കി. അവിടെ എത്തി​ച്ചേർന്ന​പ്പോൾ, ഗ്രാമ​ത്ത​ല​വനെ വിളിച്ച്‌ നമ്മുടെ സഹോ​ദ​രനു മേലാൽ ഉപദ്രവം ഉണ്ടാകാൻ അനുവ​ദി​ക്ക​രുത്‌ എന്നു മുന്നറി​യി​പ്പും കൊടു​ത്തു. അതിനു ശേഷം, സാവ​നോം​ഗ സഹോ​ദരൻ ശല്യം കൂടാതെ പരസ്യ​മാ​യി വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും വായി​ക്കു​ന്ന​തും അയൽക്കാ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തും കാണാ​മാ​യി​രു​ന്നു.

അനൗപ​ചാ​രിക സാക്ഷീ​ക​ര​ണം

നിരോ​ധ​ന​കാ​ലത്ത്‌ ഉടനീളം അനൗപ​ചാ​രിക സാക്ഷീ​ക​ര​ണ​മാ​ണു നടത്തി​യി​രു​ന്നത്‌. എന്നാൽ എതിർപ്പി​ന്റെ തീവ്രത കുറഞ്ഞ​പ്പോൾ കുറെ​ക്കൂ​ടി ധീരമാ​യി സാക്ഷീ​ക​രണം നടത്താൻ തുടങ്ങി. 1990-ന്റെ തുടക്ക​ത്തിൽ ങ്‌ചെയൂ പട്ടണത്തിൽ ബൈബിൾ സത്യ​ത്തോ​ടു താത്‌പ​ര്യം കാട്ടിയ ഒരു യുവതിക്ക്‌ മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ എന്ന പുസ്‌തകം സമർപ്പി​ച്ചു. ആ സ്‌ത്രീ​ക്കു നന്നായി വായി​ക്കാൻ അറിയി​ല്ലാ​യി​രു​ന്ന​തി​നാൽ, അവർക്കു വേണ്ടി മറ്റാ​രെ​ങ്കി​ലും അതു വായി​ച്ചു​കൊ​ടു​ക്കാൻ ക്രമീ​ക​രണം ചെയ്യു​ന്ന​തി​നു സഹോ​ദ​രങ്ങൾ അവളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “ആശ്രയി​ക്കാ​വുന്ന ഒരാളെ വേണം അതിനു കണ്ടെത്താൻ” എന്ന മുന്നറി​യി​പ്പും സഹോ​ദ​രങ്ങൾ നൽകി. അക്കാലത്ത്‌, അവളോ​ടൊ​പ്പം ആങ്ങളയായ സൈമ​ണും താമസി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സൈമൺ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന​വ​നാ​ണെന്ന്‌ അവൾ കണ്ടെത്തി. പെങ്ങൾക്കു വേണ്ടി ആ പുസ്‌തകം വായി​ച്ചു​കൊ​ടുത്ത സൈമൺ അതിൽ സത്യമു​ണ്ടെന്നു മനസ്സി​ലാ​ക്കി. പിന്നീട്‌ സൈമണ്‌ ക്രമമായ ഒരു ബൈബിൾ അധ്യയനം ആരംഭി​ച്ചു. “സത്യ ക്രിസ്‌ത്യാ​നി​കൾ പീഡി​പ്പി​ക്ക​പ്പെ​ടു​മെന്നു ബൈബി​ളിൽനിന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. അങ്ങനെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താണ്‌ സത്യമതം എന്ന്‌ എനിക്കു മനസ്സി​ലാ​യി,” സൈമൺ പറഞ്ഞു. (2 തിമൊ. 3:12) ത്വരി​ത​ഗ​തി​യിൽ പുരോ​ഗതി പ്രാപിച്ച സൈമൺ മാംഗാ​നി അതേ വർഷം സ്‌നാ​പ​ന​മേറ്റു. ഇന്ന്‌ അദ്ദേഹം ലിലൊ​ങ്‌വേ ബെഥേ​ലിൽ സേവി​ക്കു​ന്നു.

ബ്ലാ​ന്റൈ​റിൽ പെട്ടെന്ന്‌ ഉണ്ടായ ശക്തമായ ഒരു പേമാരി നിരന്തര പയനി​യ​റായ ബെസ്റ്റൺ മാദേ​യ​യ്‌ക്ക്‌ അപ്രതീ​ക്ഷി​ത​മായ ഫലങ്ങൾ കൈവ​രു​ത്തി. അദ്ദേഹം ഒരു ചെറിയ പള്ളിയു​ടെ വരാന്ത​യിൽ കയറി നിന്നു. മഴ നിലയ്‌ക്കാൻ കാത്തു​നിൽക്കവേ, ചില ആളുക​ളു​ടെ സംസാരം അദ്ദേഹം യാദൃ​ച്ഛി​ക​മാ​യി കേട്ടു. അവർ പാസ്റ്റ​റോ​ടു ചോദി​ക്കു​ക​യാ​യി​രു​ന്നു, “നല്ലവ​രെ​ല്ലാം സ്വർഗ​ത്തിൽ പോകു​മോ?” പാസ്റ്റർക്ക്‌ ഉത്തരം നൽകാൻ കഴിഞ്ഞില്ല. സഹായി​ക്കാൻ താത്‌പ​ര്യം തോന്നിയ മാദേയ സഹോ​ദരൻ പള്ളിക്ക​കത്തു ചെന്ന്‌ ആ ചോദ്യ​ത്തി​നു മറുപടി പറയാ​മെന്നു പറഞ്ഞു. അവർ അതു സമ്മതി​ച്ച​പ്പോൾ അദ്ദേഹ​ത്തിന്‌ ആശ്ചര്യം തോന്നി. അവർക്കു പിന്നെ​യും ചോദ്യ​ങ്ങൾ ഉണ്ടായി​രു​ന്നു. അങ്ങനെ താമസി​യാ​തെ ഏഴു ബൈബിൾ അധ്യയ​നങ്ങൾ ആരംഭി​ച്ചു.

സാക്ഷ്യം നൽകാ​നുള്ള അവസരങ്ങൾ സ്‌കൂൾ കുട്ടി​ക​ളും പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഒരു ഉപന്യാ​സം എഴുതാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ, ക്രിസ്‌തു​മ​സ്സി​ന്റെ ഉത്ഭവത്തെ കുറിച്ച്‌ എഴുതാ​നാണ്‌ ഡോറത്തി നാകുല തീരു​മാ​നി​ച്ചത്‌. ഉപന്യാ​സ​ത്തിൽ വളരെ മതിപ്പു തോന്നിയ അവളുടെ അധ്യാ​പകൻ അതു മറ്റ്‌ അധ്യാ​പ​ക​രെ​യും കാണിച്ചു. “ഈ വിവരങ്ങൾ നിനക്ക്‌ എവി​ടെ​നി​ന്നു കിട്ടി?” അവർ ചോദി​ച്ചു. തത്‌ഫ​ല​മാ​യി, ഡോറത്തി തന്റെ അധ്യാ​പ​കർക്ക്‌ 17 മാസി​കകൾ സമർപ്പി​ച്ചു.

“പ്രിയ അങ്കിൾ”

യഹോ​വ​യു​ടെ ദാസന്മാർക്കു വളരെ​യ​ധി​കം പീഡനം സഹി​ക്കേണ്ടി വന്നെങ്കി​ലും, തങ്ങൾ ഒറ്റയ്‌ക്കാ​ണെന്ന്‌ അവർക്ക്‌ ഒരിക്ക​ലും തോന്നി​യില്ല. യഹോവ തങ്ങളെ പിന്തു​ണ​യ്‌ക്കു​ന്നു​വെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. ലോക​ത്തി​ലെ​ങ്ങു​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​വും പിന്തു​ണ​യും സംബന്ധിച്ച്‌ അവർ ഉറപ്പു​ള്ളവർ ആയിരു​ന്നു.

റൊ​ഡേ​ഷ്യ (ഇപ്പോൾ സിംബാ​ബ്‌വേ), സാംബിയ എന്നീ ബ്രാഞ്ചു​കൾ ചെയ്‌ത​തി​നു പുറമേ, മലാവി​യി​ലെ സഹോ​ദ​ര​ങ്ങൾക്കു സ്‌നേ​ഹ​മ​സൃ​ണ​മായ പരിച​ര​ണ​വും ആത്മീയ ആഹാര​വും ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്താൻ പക്വത​യുള്ള പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രും കഠിന​യ​ത്‌നം ചെയ്‌തു. സ്റ്റാഫ്‌ ഓഫീസ്‌ എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന കൺട്രി കമ്മിറ്റി ഇതിൽ മുഖ്യ​മായ ഒരു പങ്കു വഹിക്കു​ക​യു​ണ്ടാ​യി. അവരുടെ വേലയിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌? വർഷങ്ങ​ളോ​ളം കൺട്രി കമ്മിറ്റി​യിൽ സേവിച്ച ലെമൺ കാബ്വാ​സി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “പ്രാഥ​മി​ക​മാ​യി ഞങ്ങളുടെ ഉത്തരവാ​ദി​ത്വം സഹോ​ദ​ര​ങ്ങൾക്കു സാഹി​ത്യ​ങ്ങൾ ലഭിക്കു​ന്നു എന്ന്‌ ഉറപ്പു വരുത്തു​ക​യാ​യി​രു​ന്നു. അതിനാൽ സഞ്ചാര​സേ​വ​ക​രെ​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രെ​യും സംഘടി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഞങ്ങൾ വളരെ​യ​ധി​കം സമയം ചെലവ​ഴി​ച്ചു. പീഡന​ത്തിന്‌ ഇരകളായ സഹോ​ദ​ര​ങ്ങ​ളെ​യും ഞങ്ങൾ സന്ദർശി​ച്ചു. അവരെ സഹായി​ക്കാ​നും ബലപ്പെ​ടു​ത്താ​നും എന്തു ചെയ്യാൻ കഴിയു​മെന്നു നിർണ​യി​ക്കു​ന്ന​തി​നാ​യി​രു​ന്നു അത്‌.”

പ്രോ​ത്സാ​ഹ​ജ​ന​ക​മായ കത്തുക​ളും മറ്റു സംഗതി​ക​ളും പല സഭകളി​ലേ​ക്കും അയച്ചു. തപാൽ സേവനം ഉപയോ​ഗി​ക്കു​ന്നത്‌ അപകട​കരം ആയിരു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങളെ വെളി​പ്പെ​ടു​ത്താ​തി​രി​ക്കേ​ണ്ട​തിന്‌ അവർ പ്രത്യേക കോഡു​ക​ളും മറു​പേ​രു​ക​ളും ഉപയോ​ഗി​ച്ചു. കൺട്രി കമ്മിറ്റി​യിൽ നിന്നുള്ള കത്തുക​ളിൽ “എസ്‌.ഒ.” എന്നാണ്‌ ഒപ്പിട്ടി​രു​ന്നത്‌. അതിനാൽ, ഒരു കത്തു പൊട്ടി​ച്ചു നോക്കി​യാൽ പോലും അധികാ​രി​കൾക്ക്‌ അത്‌ എന്താ​ണെന്നു മനസ്സി​ലാ​കു​മാ​യി​രു​ന്നില്ല. സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അവർ സേവി​ച്ചി​രുന്ന സർക്കി​ട്ടി​ന്റെ നമ്പരി​ലാണ്‌. സർക്കിട്ട്‌ സന്ദർശ​ന​ങ്ങളെ “പ്രത്യേക വാരങ്ങൾ” എന്നും വിളി​ച്ചി​രു​ന്നു. “നമ്മുടെ പ്രത്യേക വാരത്തിന്‌ എം-11 ആണു സന്ദർശി​ക്കു​ന്നത്‌” എന്ന്‌ ഇന്നു​പോ​ലും ചിലർ പറയു​ന്നതു കേൾക്കാം. കൺട്രി കമ്മിറ്റി​യു​ടെ കാര്യ​മോ? രാജ്യ​ത്തെ​ങ്ങു​നി​ന്നും കമ്മിറ്റി​ക്കുള്ള കത്തുക​ളിൽ “പ്രിയ അങ്കിൾ” എന്നാണ്‌ അഭിസം​ബോ​ധന ചെയ്‌തി​രു​ന്നത്‌. മറുപ​ടി​ക​ളാ​കട്ടെ, “സഹോ​ദ​ര​പു​ത്രൻ,” “സഹോ​ദ​രി​പു​ത്രി” എന്നിങ്ങനെ അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ ആയിരു​ന്നു. സൂക്ഷ്‌മ​ത​യോ​ടെ​യുള്ള അത്തരം സമീപനം വർഷങ്ങൾ നീണ്ടു​നിന്ന നിരോ​ധ​ന​കാ​ലത്ത്‌ ആശയവി​നി​യമം നടത്തുക സാധ്യ​മാ​ക്കി​ത്തീർത്തു.

ഒന്നാമതു രാജ്യം അന്വേ​ഷി​ക്കുക എന്നതിന്റെ അർഥം എന്താ​ണെന്ന്‌ കൺട്രി കമ്മിറ്റി​യിൽ സേവി​ച്ചി​രുന്ന മൂപ്പന്മാർ ശരിക്കും പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. (മത്താ. 6:33) എലിസൺ ജുംഗ, ഹാവെരി ക്വിയ, ആഡ്‌സൺ ബെൺഡെര, ലെമൺ കാബ്വാ​സി എന്നിങ്ങനെ അവരിൽ ചിലർ മുഴു​സമയ ശുശ്രൂ​ഷകർ എന്ന നിലയിൽ ഇപ്പോ​ഴും യഹോ​വയെ സേവി​ക്കു​ന്നു. അവരുടെ വിശ്വസ്‌ത മാതൃക, പ്രതി​കൂല സാഹച​ര്യ​ത്തിൽ പോലും ഒന്നാമതു രാജ്യം അന്വേ​ഷി​ക്കാ​നും ദൃഢവി​ശ്വ​സ്‌തത പാലി​ക്കാ​നും അനേകരെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു.

രാഷ്‌ട്രീയ മാറ്റങ്ങൾ

“ജനാധി​പത്യ” ജ്വരത്തി​ന്റെ ഒരു പുത്തൻ കാറ്റ്‌ തെക്കൻ ആഫ്രി​ക്ക​യി​ലെ​ങ്ങും വീശി​യ​ടി​ച്ച​പ്പോൾ, അതു മലാവി​യെ​യും ബാധി​ക്കാ​തി​രു​ന്നില്ല. 1992-ൽ, മനുഷ്യാ​വ​കാ​ശങ്ങൾ മെച്ച​പ്പെ​ടു​ത്താൻ അവിടു​ത്തെ ഗവൺമെ​ന്റി​നു മേലുള്ള അന്താരാ​ഷ്‌ട്ര സമ്മർദം കൂടി​വന്നു. ഇതി​നോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ പ്രസി​ഡന്റ്‌ ഡോ. ബാൻഡ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “പാർട്ടി കാർഡു​കൾ വാങ്ങാൻ ആളുകളെ നിർബ​ന്ധി​ക്കുന്ന ഏതൊ​രാ​ളും . . . മലാവി കോൺഗ്രസ്‌ പാർട്ടി​യു​ടെ നിയമ​ങ്ങൾക്കു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​ക​യാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഇതു വളരെ, വളരെ മോശ​മാണ്‌ . . . അങ്ങനെ ചെയ്യാൻ ഞാൻ ആരോ​ടും കൽപ്പി​ച്ചി​ട്ടില്ല.” മലാവി​യി​ലെ നമ്മുടെ വിശ്വസ്‌ത സഹോ​ദ​ര​ങ്ങൾക്ക്‌ 25 വർഷക്കാ​ലം പ്രശ്‌നങ്ങൾ സൃഷ്ടിച്ച ഒരു സംഗതി ഡോ. ബാൻഡ അങ്ങനെ നിർത്തൽ ചെയ്‌തു.

ഇതേത്തു​ടർന്ന്‌, മിക്ക യോഗ​ങ്ങ​ളും സമ്മേള​ന​ങ്ങ​ളും പരസ്യ​മാ​യും സ്വത​ന്ത്ര​മാ​യും നടത്താൻ കഴിയു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കി. മേലാൽ ദ്രോ​ഹ​മോ പീഡന​മോ റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടില്ല. ഒടുവിൽ കുറെ​യൊ​ക്കെ സ്വാത​ന്ത്ര്യം ലഭിച്ചു. സഹോ​ദ​രങ്ങൾ അതു പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. എന്നാൽ തുടർന്ന്‌ സംഭവി​ച്ചതു കൈകാ​ര്യം ചെയ്യാൻ അവർ സജ്ജരല്ലാ​യി​രു​ന്നു.

“യഹോവ അത്ഭുത​വാ​നായ ഒരു ദൈവ​മാണ്‌!”

1993 ആഗസ്റ്റ്‌ 12. മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര അവിസ്‌മ​ര​ണീ​യ​മായ ഒരു ദിനമാ​യി​രു​ന്നു അത്‌! 26 വർഷ​ത്തോ​ളം നീണ്ടു​നിന്ന നിരോ​ധനം ഒടുവിൽ നീക്കം ചെയ്യ​പ്പെട്ടു. ആദ്യം സഹോ​ദ​രങ്ങൾ അത്‌ അറിഞ്ഞു പോലു​മില്ല. 1967-ൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​പ്പോൾ രാജ്യ​ത്തെ​ങ്ങു​മുള്ള പത്രങ്ങൾ വെണ്ടയ്‌ക്കാ വലിപ്പ​ത്തിൽ “‘ആപത്‌ക​ര​മായ’ മതവി​ഭാഗ”ത്തെ കുറിച്ച്‌—യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ച്‌—റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. ഇപ്പോൾ, നിരോ​ധനം നീക്കം ചെയ്യ​പ്പെ​ട്ട​പ്പോൾ അതേക്കു​റിച്ച്‌ ഒരു മന്ത്രണം പോലും ഉണ്ടായി​രു​ന്നില്ല. ഗവൺമെന്റ്‌ ഗസറ്റിൽ വന്ന ചെറി​യൊ​രു അറിയിപ്പ്‌ ഒരു സഹോ​ദരൻ കണ്ടതു യാദൃ​ച്ഛി​ക​മാ​യാണ്‌. ക്രമേണ ആ വാർത്ത സഹോ​ദ​രങ്ങൾ അറിഞ്ഞ​പ്പോൾ അവർ അത്യധി​കം സന്തോ​ഷ​പു​ള​കി​ത​രാ​യി. അവർക്ക്‌ അതു വിശ്വ​സി​ക്കാൻ പ്രയാസം അനുഭ​വ​പ്പെട്ടു. എന്തു​കൊണ്ട്‌? കാബ്വാ​സി സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “നിരോ​ധനം നീങ്ങി​ക്കി​ട്ടണേ എന്ന്‌ ഞങ്ങൾ പ്രാർഥി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ ഡോ. ബാൻഡ ജീവി​ച്ചി​രി​ക്കു​മ്പോൾ അതു നടക്കു​മെന്നു ഞങ്ങൾ ഒട്ടും പ്രതീ​ക്ഷി​ച്ചില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “യഹോവ അത്ഭുത​വാ​നായ ഒരു ദൈവ​മാണ്‌!”

നിരോ​ധ​ന​ത്തി​നു മുമ്പ്‌, അതായത്‌ 1967-ൽ, ഏകദേശം 18,000 പ്രസാ​ധ​ക​രാണ്‌ സഭകളിൽ സജീവ​മാ​യി സഹവസി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. 26 വർഷത്തെ മൃഗീ​യ​മായ എതിർപ്പു​കൾക്കു ശേഷം അവർ എത്ര പേരു​ണ്ടാ​യി​രു​ന്നു? 30,408 എന്ന പുതി​യൊ​രു അത്യുച്ചം! നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ദൃഢവി​ശ്വ​സ്‌തത എല്ലാ പ്രതി​കൂല അവസ്ഥക​ളെ​യും അതിജീ​വി​ച്ചി​രു​ന്നു—യഹോ​വ​യു​ടെ മഹത്ത്വ​മാർന്ന നാമത്തി​നു സ്‌തുതി കരേറ്റി​ക്കൊണ്ട്‌!

പുതു​താ​യി കിട്ടിയ തങ്ങളുടെ സ്വാത​ന്ത്ര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ അത്യധി​കം സന്തോ​ഷി​ച്ചു. എന്നാൽ, എന്നത്തേ​തി​ലും കൂടുതൽ വേല തങ്ങൾക്കു ചെയ്യാ​നു​ണ്ടെന്ന്‌ അവർ തിരി​ച്ച​റി​യു​ക​യും ചെയ്‌തു.

ഒരു പ്രത്യേക പ്രചാരണ പരിപാ​ടി

ഈ വാർത്ത സാംബി​യ​യി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽ എത്തിയ ഉടനെ എഡ്‌ ഫിഞ്ചിനെ മലാവി​യി​ലേക്ക്‌ അയച്ചു. ഇപ്പോൾ അദ്ദേഹം വന്നത്‌ ഒരു വിനോദ സഞ്ചാരി ആയിട്ടല്ല, മറിച്ച്‌ നിയമ​ത്തി​ന്റെ പിൻബ​ല​ത്തോ​ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല വീണ്ടും അവിടെ സ്ഥാപി​ക്കാൻ സഹായി​ക്കു​ന്ന​തിന്‌ ആയിരു​ന്നു. ആ സന്ദർശന സമയത്ത്‌ അദ്ദേഹ​ത്തി​നും ലിൻഡ​യ്‌ക്കും ബ്ലാ​ന്റൈ​റി​ലെ ഇംഗ്ലീഷ്‌ സഭയോ​ടൊ​ത്തു പ്രവർത്തി​ക്കു​ന്ന​തി​നുള്ള അവസരം ലഭിച്ചു. അവി​ടെ​യുള്ള പ്രസാ​ധ​ക​രിൽ മിക്കവ​രും വീടു​തോ​റു​മുള്ള സാക്ഷീ​ക​രണം മുമ്പൊ​രി​ക്ക​ലും നടത്തി​യി​രു​ന്നില്ല. അവർക്ക്‌ അതിനു തെല്ലൊ​രു ഭയം തോന്നി​യി​രു​ന്നു എന്നതു മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. ഫിഞ്ച്‌ ദമ്പതി​മാ​രു​ടെ പ്രോ​ത്സാ​ഹനം ലഭിച്ച​പ്പോൾ പ്രസാ​ധ​ക​രെ​ല്ലാം ശുശ്രൂ​ഷ​യ്‌ക്കു പുറ​പ്പെട്ടു. ഏതാനും മണിക്കൂ​റു​കൾക്കു ശേഷം തങ്ങളുടെ അനുഭ​വങ്ങൾ പങ്കു​വെ​ക്കാൻ അവർ എത്ര ഉത്സാഹ​ത്തോ​ടെ​യാ​ണു മടങ്ങി​യെ​ത്തി​യ​തെ​ന്നോ! മിക്ക വീട്ടു​കാ​രും സശ്രദ്ധം കേട്ടു. യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള സ്വാത​ന്ത്ര്യ​ത്തിൽ മറ്റു ചിലർ അനു​മോ​ദനം അറിയി​ച്ചു. അതിനു​ശേഷം, ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ വളരെ എളുപ്പ​മാ​യി​ത്തീർന്നു.

തുടക്ക​ത്തിൽ, മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല വീണ്ടും രജിസ്റ്റർ ചെയ്‌തെ​ടു​ക്കുക വളരെ ദുഷ്‌ക​ര​മാ​യി​രു​ന്നു. ഗവൺമെന്റ്‌ ഓഫീ​സു​ക​ളിൽ ഒന്നിലും, സൊ​സൈറ്റി മലാവി​യിൽ മുമ്പു രജിസ്റ്റർ ചെയ്‌തി​രു​ന്നു എന്നതിന്റെ തെളിവു കണ്ടെത്താൻ സാധി​ച്ചില്ല. അങ്ങനെ​യി​രി​ക്കെ, ഒരു ദിവസം ബ്ലാ​ന്റൈ​റി​ലെ രജിസ്റ്റർ ഓഫീ​സിൽ ഒരു കൂട്ടം പഴയ രജിസ്റ്റർ വാല്യങ്ങൾ എഡ്‌ ഫിഞ്ച്‌ കാണു​വാ​നി​ട​യാ​യി. “W” എന്ന്‌ അടയാ​ള​പ്പെ​ടു​ത്തി​യി​രുന്ന വാല്യം അദ്ദേഹം എടുത്തു. ആദ്യത്തെ രജിസ്‌​ട്രേഷൻ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നത്‌ അതിൽ ആയിരു​ന്നു! തുടർന്ന്‌ നിയമ കാര്യങ്ങൾ ത്വരി​ത​ഗ​തി​യിൽ മുന്നേറി. 1993 നവംബർ 15-ാം തീയതി​യോ​ടെ, യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന നിയമ ഏജൻസി​യായ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നിയ രജിസ്റ്റർ ചെയ്യ​പ്പെട്ടു. അങ്ങനെ മലാവി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും നിയമാം​ഗീ​കാ​ര​മുള്ള മതം ആയിത്തീർന്നു.

ആ വർഷം അവസാനം രാജ്യ​ത്തെ​ങ്ങും ഒരു പ്രത്യേക ലഘു​ലേഖാ വിതരണ പരിപാ​ടി നടത്ത​പ്പെട്ടു. മൂന്ന്‌ മുഖ്യ ഭാഷക​ളി​ലാ​യി വിതര​ണ​ത്തിന്‌ ഉപയോ​ഗിച്ച ലഘുലേഖ യഹോ​വ​യു​ടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? എന്നതാ​യി​രു​ന്നു. അതു മൂലം രണ്ട്‌ ഉദ്ദേശ്യ​ങ്ങൾ സാധിച്ചു. ഒന്നാമ​താ​യി, പരസ്യ ശുശ്രൂ​ഷ​യിൽ തിര​ക്കോ​ടെ ഏർപ്പെ​ടാൻ അതു സഹോ​ദ​ര​ങ്ങളെ സഹായി​ച്ചു. രണ്ടാമ​താ​യി, യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചുള്ള വസ്‌തു​തകൾ മനസ്സി​ലാ​ക്കാൻ അതു പൊതു​ജ​ന​ങ്ങളെ സഹായി​ച്ചു. അതിന്റെ പത്തു ലക്ഷത്തി​ല​ധി​കം കോപ്പി​കൾ വിതരണം ചെയ്യ​പ്പെട്ടു. താത്‌പ​ര്യ​ക്കാ​രു​ടെ അനവധി കത്തുകൾ സാംബിയ ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു പ്രവഹി​ച്ചു. വീണ്ടും ഒരിക്കൽക്കൂ​ടി യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഘോ​ഷം മലാവി​യി​ലെ വീടു​കൾതോ​റും തെരു​വു​കൾതോ​റും കേൾക്കാ​യി!

വേല പുനഃ​സം​ഘ​ടി​പ്പി​ക്കൽ

തെക്കൻ ആഫ്രി​ക്ക​യി​ലെ ആദ്യത്തെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ സാംബി​യ​യിൽ നടക്കുന്ന സമയത്താ​ണു മലാവി​യി​ലെ നിരോ​ധനം നീക്കം ചെയ്‌ത​തി​നെ കുറി​ച്ചുള്ള വാർത്ത അവിടെ എത്തുന്നത്‌. ഇത്‌ ബെഥേൽ അംഗങ്ങൾക്കും സ്‌കൂ​ളി​ലെ വിദ്യാർഥി​കൾക്കു​മി​ട​യിൽ വലിയ ആവേശ​ത്തി​നു കാരണ​മാ​യി. അവരിൽ രണ്ടു വിദ്യാർഥി​കൾക്കു മലാവി​യി​ലേക്കു നിയമനം ലഭിച്ച​പ്പോൾ അവർ എത്രമാ​ത്രം സന്തോ​ഷി​ച്ചു​വെ​ന്നോ! 1967-നു ശേഷം ആ രാജ്യ​ത്തേക്കു നിയമി​ക്ക​പ്പെ​ടുന്ന ആദ്യത്തെ വിദേശ മുഴു​സമയ സേവക​രാ​യി​രു​ന്നു അവർ. ആ രണ്ടു സഹോ​ദ​ര​ന്മാ​രും, അതായത്‌ ആൻഡ്രൂ ബേർഡും കാൾ ഒഫർമാ​നും, ഇപ്പോൾ ലിലൊ​ങ്‌വേ​യി​ലെ ബെഥേ​ലിൽ സേവി​ക്കു​ന്നു. അത്തരം പരിശീ​ലനം ലഭിച്ച ആദ്യത്തെ മലാവി​ക്കാ​ര​നാണ്‌ ബെർണാഡ്‌ മാസുൺഡ. അതേ ക്ലാസ്സിൽ ഉണ്ടായി​രുന്ന അദ്ദേഹം ഇപ്പോൾ സ്‌കൂ​ളി​ന്റെ പിൽക്കാല ക്ലാസ്സു​ക​ളിൽനി​ന്നുള്ള ബിരു​ദ​ധാ​രി​ക​ളോ​ടൊ​പ്പം സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ക​യാണ്‌.

അതിനി​ടെ, മലാവി​യി​ലെ വേല പുനഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സാംബിയ ബ്രാഞ്ചി​ലെ സഹോ​ദ​ര​ന്മാർ കൈകാ​ര്യം ചെയ്‌തു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇപ്പോൾ നിരോ​ധ​ന​മി​ല്ലെ​ങ്കി​ലും, അവരുടെ സാഹി​ത്യ​ങ്ങൾക്കു നിരോ​ധ​ന​മു​ള്ള​താ​യി അവർ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കി. ആ കാര്യം നേരെ​യാ​ക്കു​ന്ന​തിന്‌ നീതി​ന്യാ​യ വകുപ്പ്‌ മന്ത്രി​യു​മാ​യി ഒരു കൂടി​ക്കാഴ്‌ച നടത്തി. അത്‌ അങ്ങേയറ്റം ഗുണം ചെയ്‌തു. സൊ​സൈ​റ്റി​യു​ടെ സാഹി​ത്യ​ങ്ങൾക്കുള്ള നിരോ​ധനം നീക്കം ചെയ്യു​ന്ന​തിന്‌ ആവശ്യ​മായ നടപടി​കൾ അദ്ദേഹം സത്വരം സ്വീക​രി​ച്ചു. മാത്രമല്ല, പുതിയ ബ്രാഞ്ച്‌ ഓഫീ​സി​നു വേണ്ടി അനു​യോ​ജ്യ​മായ സ്ഥലം കണ്ടെത്താൻ സഹായി​ക്കാ​മെ​ന്നും അദ്ദേഹം പറഞ്ഞു. തത്‌ഫ​ല​മാ​യി, ലിലൊ​ങ്‌വേ​യിൽ 30 ഏക്കറുള്ള നല്ല ഒരു സ്ഥലം വാങ്ങാൻ സാധിച്ചു. രാജ്യ​ത്തി​ന്റെ മധ്യഭാ​ഗ​ത്താ​യുള്ള ഈ സ്ഥലത്ത്‌ പുതിയ ബ്രാഞ്ചി​ന്റെ നിർമാ​ണം ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

സഭകൾ വീണ്ടും പരസ്യ​മാ​യി കൂടി​വ​രാൻ തുടങ്ങി​യ​തോ​ടെ, നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​തി​നു ശേഷം കാണാൻ സാധി​ക്കാഞ്ഞ സ്‌നേ​ഹി​തരെ വീണ്ടും കാണാൻ കഴിഞ്ഞ​തിൽ സഹോ​ദ​രങ്ങൾ എത്രയ​ധി​കം സന്തോ​ഷി​ച്ചു​വെ​ന്നോ! യോഗങ്ങൾ നിശ്ചിത സമയത്തി​ലും കൂടുതൽ നീണ്ടു, എന്നാൽ അതിൽ ആർക്കും ബുദ്ധി​മു​ട്ടു തോന്നി​യില്ല. സഹോ​ദ​ര​ന്മാ​രു​ടെ പ്രസം​ഗ​ങ്ങ​ളോ​ടുള്ള വിലമ​തിപ്പ്‌ സഹോ​ദ​രങ്ങൾ മേലാൽ കൈകൾ തിരു​മ്മു​ന്ന​തിൽ ഒതുക്കി നിർത്തി​യില്ല. മറിച്ച്‌, പ്ലാറ്റ്‌ഫാ​റ​ത്തിൽ വന്ന എല്ലാവർക്കും ഉത്സാഹ​പൂർവ​ക​മായ കയ്യടി കിട്ടി. രാജ്യ​ഗീ​തങ്ങൾ പാടി​യതു വളരെ താഴ്‌ന്ന ശബ്ദത്തിൽ ആയിരു​ന്നില്ല. ഉച്ചത്തിൽ, സ്‌പഷ്ട​മാ​യി അവർക്കു ഗീതങ്ങൾ ആലപി​ക്കാൻ സാധിച്ചു. താമസി​യാ​തെ, എല്ലാവർക്കും വളരെ പ്രിയ​ങ്ക​ര​മാ​യി​ത്തീർന്ന ഗീതം “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപ​റ​യു​ന്നു” എന്നതാ​യി​രു​ന്നു.

എന്നാൽ, സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളിൽ കാലാ​നു​സൃ​ത​മായ പുരോ​ഗതി നേടാൻ സഹായം ആവശ്യ​മാ​ണെന്നു സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി. സൊ​സൈ​റ്റി​യു​ടെ ഓഫീ​സിൽനി​ന്നും പ്രത്യേ​ക​മാ​യി പരിശീ​ലി​പ്പി​ക്ക​പ്പെട്ട മറ്റു സഹോ​ദ​ര​ന്മാ​രിൽനി​ന്നും മൂപ്പന്മാർ താഴ്‌മ​യോ​ടെ മാർഗ​നിർദേ​ശങ്ങൾ സ്വീക​രി​ച്ചു. സഭകളി​ലെ സംഘട​നാ​പ​ര​മായ കാര്യ​ങ്ങ​ളിൽ പെട്ടെ​ന്നു​തന്നെ പുരോ​ഗതി ദൃശ്യ​മാ​യി. പ്രസാ​ധ​ക​രു​ടെ എണ്ണവും വർധി​ച്ചു​വന്നു. നിരോ​ധനം നീക്കം ചെയ്‌ത​തി​ന്റെ പിറ്റേ വർഷം 4,247 പേരാണ്‌ സ്‌നാ​പ​ന​മേ​റ്റത്‌. 88,903 പേർ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു.

കൂടു​ത​ലായ സഹായം എത്തുന്നു

നിരോ​ധ​ന​ത്തി​നു മുമ്പ്‌ മലാവി​യിൽ സേവി​ച്ചി​രുന്ന രണ്ടു മിഷനറി ദമ്പതികൾ മടങ്ങി​വ​രു​ന്നു എന്ന വാർത്ത പരന്ന​പ്പോൾ രാജ്യ​ത്തെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങൾക്കു വലിയ ഉത്സാഹ​മാ​യി. ഇതിനി​ടെ സിംബാ​ബ്‌വേ​യിൽ സേവി​ച്ചു​കൊ​ണ്ടി​രുന്ന കീത്ത്‌ ഇറ്റണും ഭാര്യ ആനും ലിലൊ​ങ്‌വേ​യി​ലെ ഓഫീസ്‌ ജോലി​യിൽ സഹായി​ക്കാ​നാ​യി 1995 ഫെബ്രു​വരി 1-ന്‌ എത്തി​ച്ചേർന്നു. പിന്നീട്‌, സയറിൽ (ഇപ്പോ​ഴത്തെ കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കിൽ) ആയിരുന്ന ജാക്ക്‌ യോഹാൻസ​ണും ഭാര്യ ലിൻഡ​യും ബ്ലാ​ന്റൈ​റി​ലെ മിഷനറി ഭവനത്തിൽ പ്രവർത്തി​ക്കു​ന്ന​തി​നു നിയമി​ക്ക​പ്പെട്ടു. ഈ രണ്ടു ദമ്പതി​മാർക്കും രാജ്യത്തു സ്ഥിരം താമസ​ക്കാർ ആയിരി​ക്കു​ന്ന​തി​നുള്ള അനുവാ​ദം വീണ്ടും ലഭിച്ചി​രി​ക്കു​ന്നു. ഈ ദീർഘ​കാല മിഷന​റി​മാർക്കും അതു​പോ​ലെ​തന്നെ നിരോ​ധ​ന​ത്തി​നു മുമ്പ്‌ അവരുടെ കൂടെ പ്രവർത്തി​ച്ചി​രുന്ന മലാവി​യി​ലെ സഹോ​ദ​ര​ങ്ങൾക്കും എത്ര സന്തോ​ഷ​ക​ര​മായ പുനഃ​സം​ഗമം ആയിരു​ന്നു അത്‌!

നൈജീ​രി​യ ബ്രാഞ്ചിൽ ഇപ്പോൾ സേവി​ക്കുന്ന മാൽക്കം വൈഗോ, മലാവി​യിൽ നിരോ​ധനം ഏർപ്പെ​ടു​ത്തിയ സമയത്ത്‌ അവിടു​ത്തെ ബ്രാഞ്ച്‌ ദാസൻ ആയിരു​ന്നു. 1995 ഫെബ്രു​വ​രി​യിൽ അനവധി വർഷങ്ങൾക്കു ശേഷം മേഖലാ മേൽവി​ചാ​രകൻ എന്ന നിലയിൽ മലാവി സന്ദർശി​ക്കു​ന്ന​തി​നുള്ള പദവി അദ്ദേഹ​ത്തി​നു ലഭിച്ചു. ഭാര്യ ലിൻഡ ലൂയിസ്‌ കൂടെ ഉണ്ടായി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ പ്രതി​ക​രണം? “അത്യധി​കം സന്തോ​ഷ​ക​ര​മായ ഒരു അനുഭ​വ​വും പദവി​യും ആയിരു​ന്നു അത്‌! സ്വന്തഭ​വ​ന​ത്തി​ലേക്കു ചെല്ലു​ന്നതു പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌.”

അതിനി​ടെ, മറ്റു മിഷന​റി​മാ​രും യോഗ്യ​ത​യുള്ള സഹോ​ദ​ര​ന്മാ​രും സമീപ ബ്രാഞ്ചു​ക​ളിൽനി​ന്നു മലാവി​യി​ലേക്കു നിയമി​ക്ക​പ്പെട്ടു. വയലിൽനി​ന്നു കത്തുക​ളു​ടെ പ്രവാ​ഹ​മാ​യി. തീർച്ച​യാ​യും, “കർത്താ​വി​ന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ടായി​രു​ന്നു.—1 കൊരി. 15:58.

“സന്തുഷ്ട സ്‌തു​തി​പാ​ഠകർ”

28 വർഷത്തി​നു ശേഷം ആദ്യമാ​യി, 1995 ജൂ​ലൈ​യി​ലും ആഗസ്റ്റി​ലും, ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ നടത്താൻ കഴിഞ്ഞ​തിൽ മലാവി​യി​ലെ സാക്ഷി​കൾക്ക്‌ ഉണ്ടായ ചേതോ​വി​കാ​രം ഒന്നു വിഭാവന ചെയ്യുക. ആഫ്രി​ക്ക​യി​ലെ മിക്ക കൺ​വെൻ​ഷ​നു​ക​ളു​ടെ​യും കാര്യ​ത്തി​ലെന്ന പോലെ, കുടും​ബങ്ങൾ പുതപ്പും കലവും പാത്ര​ങ്ങ​ളു​മൊ​ക്കെ ഉൾപ്പെ​ടുന്ന അവരുടെ കാട്ടുൻദു (ലഗ്ഗേജ്‌) കൊണ്ടു​വന്നു. പാചക​ത്തി​നുള്ള വിറകു​പോ​ലും അവർ കൊണ്ടു​വ​ന്നി​രു​ന്നു.

സദസ്സിലെ മിക്കവർക്കും നിരോ​ധ​ന​ത്തി​നു തൊട്ടു​മു​മ്പു നടന്ന അവസാ​നത്തെ കൺ​വെൻ​ഷൻ പരമ്പരകൾ ഓർക്കാൻ കഴിയു​മാ​യി​രു​ന്നില്ല. കാരണം, ഒന്നുകിൽ അവർ വളരെ ചെറു​പ്പ​മാ​യി​രു​ന്നു, അല്ലെങ്കിൽ അതു കഴിഞ്ഞാണ്‌ അവർ ജനിച്ചത്‌. അതുമ​ല്ലെ​ങ്കിൽ, അവർ അന്നു സത്യം പഠിച്ചി​രു​ന്നില്ല. അതിനാൽ, മിക്കവരെ സംബന്ധി​ച്ചും അത്‌ അവരുടെ ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ആയിരു​ന്നു. “സന്തുഷ്ട സ്‌തു​തി​പാ​ഠകർ” എന്ന വിഷയം വളരെ അനു​യോ​ജ്യ​മാ​യി​രു​ന്നു. കൺ​വെൻ​ഷൻ സ്ഥലത്ത്‌ എത്തിയ ചിലർ വിശ്വ​സി​ക്കാ​നാ​വാ​തെ കണ്ണുകൾ തിരു​മ്മി​ക്കൊ​ണ്ടു ചോദി​ച്ചു: “ഞാൻ കാണു​ന്നതു സ്വപ്‌ന​മാ​ണോ?” ഈ കൺ​വെൻ​ഷൻ പരിപാ​ടി​യിൽ ലോക​മെ​മ്പാ​ടു​മുള്ള തങ്ങളുടെ സഹ ആരാധ​ക​രോ​ടൊ​പ്പം ഏകീകൃ​തർ ആയിരി​ക്കു​ന്ന​തിൽ അവർ പുളകി​ത​രാ​യി​രു​ന്നു. രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി നടത്തിയ ഒമ്പതു കൺ​വെൻ​ഷ​നു​ക​ളിൽ മൊത്തം 77,000-ത്തിലധി​കം പേർ സംബന്ധി​ച്ചു! വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നുള്ള പുതിയ ഉപകര​ണ​മായ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം അത്യധി​കം ആവേശ​ത്തോ​ടെ​യാ​ണു സഹോ​ദ​രങ്ങൾ സ്വീക​രി​ച്ചത്‌. അത്‌ ഇംഗ്ലീഷ്‌ ഭാഷയിൽ മാത്രമേ പ്രകാ​ശനം ചെയ്‌തു​ള്ളു​വെ​ങ്കി​ലും, ചിച്ചെവ ഭാഷയി​ലേക്ക്‌ അതിന്റെ വിവർത്തനം നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു എന്നു കേട്ടതിൽ സഹോ​ദ​രങ്ങൾ സന്തോ​ഷി​ച്ചു.

ഇംഗ്ലീ​ഷി​ലും ഒരു കൺ​വെൻ​ഷൻ നടന്നു. ചെറു​താ​യി​രു​ന്നെ​ങ്കി​ലും, അതിന്‌ ഒരു അന്താരാ​ഷ്‌ട്ര പ്രതീതി ഉണ്ടായി​രു​ന്നു. ദക്ഷിണാ​ഫ്രിക്ക, മൊസാ​മ്പിക്ക്‌, സയർ, സാംബിയ, സിംബാ​ബ്‌വേ എന്നിവി​ട​ങ്ങ​ളിൽ നിന്നു​ള്ളവർ അതിൽ സംബന്ധി​ച്ചു. രസാവ​ഹ​മായ സംഗതി, ബ്ലാ​ന്റൈ​റി​ലെ ക്വാച്ച കോൺഫ​റൻസ്‌ സെന്ററി​ലാണ്‌ ഈ കൺ​വെൻ​ഷൻ നടത്ത​പ്പെ​ട്ടത്‌. തന്റെ രാഷ്‌ട്രീയ പാർട്ടി​യു​ടെ ചില യോഗ​ങ്ങൾക്കാ​യി ഡോ. ബാൻഡ പ്രത്യേ​ക​മാ​യി നിർമി​ച്ച​താ​യി​രു​ന്നു ആ ഹാൾ. നിരോ​ധ​ന​കാ​ലത്തെ അനുഭ​വ​ങ്ങളെ കുറിച്ച്‌ വിഡസ്‌ മഡോണ, ലാക്‌സൺ കുഞ്ചെ എന്നീ രണ്ടു പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രു​മാ​യി അഭിമു​ഖം നടത്തി​യ​പ്പോൾ സദസ്യർ സശ്രദ്ധം കേട്ടി​രു​ന്നു. എഡ്‌ ഫിഞ്ചും അവിടെ സന്നിഹി​ത​നാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മായ ആ അവസര​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “ഈ ദിനത്തി​നാ​യി ഞങ്ങളെ​ല്ലാം എത്ര കാലം പ്രാർഥി​ച്ചു​വെ​ന്നോ! കൂടി​വ​ന്ന​വ​രിൽ പലരും സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു. വിക്ടർ ലുൾകർ തന്റെ പുത്രി ആഞ്ചെലി​നെ, രഹസ്യ​മാ​യി​ട്ടല്ല മറിച്ച്‌ പരസ്യ​മാ​യി, സ്‌നാ​പ്പെ​ടു​ത്തു​ന്നതു കണ്ടപ്പോൾ ഞങ്ങളുടെ കണ്ണുക​ളിൽ നനവൂറി, തൊണ്ട​യിൽ വാക്കുകൾ തടഞ്ഞു. “യഹോവേ, നിനക്കു ഞങ്ങൾ നന്ദി പറയുന്നു” എന്ന പുളക​പ്ര​ദ​മായ ഗാന​ത്തോ​ടെ കൺ​വെൻ​ഷൻ സമാപി​ച്ച​പ്പോൾ ഹൃദയങ്ങൾ കൃതജ്ഞ​ത​കൊ​ണ്ടു നിറഞ്ഞു, കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി. ആ ഒമ്പതു കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധിച്ച സന്തുഷ്ട സ്‌തു​തി​പാ​ഠകർ അവയെ​ക്കു​റി​ച്ചു ദീർഘ​കാ​ലം ഓർക്കും.

ബ്രാഞ്ച്‌ പ്രവർത്ത​നങ്ങൾ വീണ്ടും തുടങ്ങു​ന്നു

1995 സെപ്‌റ്റം​ബർ 1-ന്‌ മലാവി​യി​ലെ ബ്രാഞ്ച്‌ വീണ്ടും ഒരിക്കൽ കൂടി ഭരണസം​ഘ​ത്തി​ന്റെ നിർദേ​ശ​ത്തിൻ കീഴിൽ പ്രവർത്തി​ക്കാൻ തുടങ്ങി. ഇപ്പോ​ഴത്തെ ഓഫീസ്‌ ലിലൊ​ങ്‌വേ​യിൽ ആയിരു​ന്നു. 542 സഭകളും 30,000-ത്തിലധി​കം പ്രസാ​ധ​ക​രും അവിടെ ഉണ്ടായി​രു​ന്ന​തി​നാൽ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു.

തുടർന്ന്‌ കാര്യങ്ങൾ ശീഘ്ര​ഗ​തി​യിൽ പുരോ​ഗ​മി​ച്ചു! ആകെ ഉണ്ടായി​രുന്ന പത്ത്‌ ബെഥേൽ അംഗങ്ങൾക്കു ഭാരിച്ച വേല ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അതിൽപ്പി​ന്നെ, സഹായ​ത്തി​നാ​യി വേല ചെയ്യാൻ സന്നദ്ധരായ കൂടുതൽ ബെഥേൽ അംഗങ്ങ​ളെ​യും മറ്റു സഹോ​ദ​ര​ങ്ങ​ളെ​യും വിളി​ച്ചി​രി​ക്കു​ന്നു. ചിച്ചെവ, തൂമ്പൂക്ക ഭാഷക​ളി​ലെ പരിഭാ​ഷാ ടീമു​കളെ സാംബി​യ​യിൽനിന്ന്‌ ആ ഭാഷക​ളു​ടെ “പിതൃ​ദേശ”ത്തേക്കു മാറ്റു​ക​യു​മു​ണ്ടാ​യി.

തങ്ങളുടെ വിശ്വ​സ്‌ത​തയെ പരീക്ഷി​ക്കുന്ന പുതിയ സാഹച​ര്യ​ങ്ങളെ തരണം ചെയ്യാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിൽ ബ്രാഞ്ച്‌ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. അവയിൽ പതാക​വ​ന്ദനം, അധാർമി​കത, മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗം, മോശ​മായ സഹവാസം എന്നിവ ഉൾപ്പെ​ടു​ന്നു. രക്തപ്പകർച്ച​യോ​ടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വരെ സഹായി​ക്കാൻ ‘ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സസ്‌’ വിഭാഗം സ്ഥാപി​ച്ചി​ട്ടുണ്ട്‌.

ദക്ഷിണാ​ഫ്രി​ക്ക​യിൽ സഞ്ചാര​വേ​ല​യിൽ ആയിരുന്ന രണ്ടു സഹോ​ദ​ര​ന്മാ​രെ, അവരുടെ ഭാര്യ​മാ​രോ​ടൊ​പ്പം, മലാവി​യി​ലേക്കു പുനർനി​യ​മി​ച്ചതു വലിയ സഹായ​മാ​യി. ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ എന്ന നിലയിൽ അവർ ഒരു നല്ല വേല ചെയ്‌തു​വ​രു​ന്നു.

കുറെ​ക്കൂ​ടി അടുത്ത കാലത്ത്‌, അതായത്‌ 1997 മാർച്ച്‌ 20-ന്‌, സന്തോ​ഷ​ക​ര​മായ മറ്റൊരു സംഗതി ഉണ്ടായി. ഉച്ചയ്‌ക്കുള്ള റേഡി​യോ വാർത്ത​യിൽ, ഗവൺമെന്റ്‌ മുമ്പത്തെ ബ്രാഞ്ച്‌ സ്വത്ത്‌ സൊ​സൈ​റ്റി​ക്കു തിരികെ കൊടു​ക്കു​ക​യാ​ണെന്ന അറിയി​പ്പു കേട്ട​പ്പോൾ മലാവി​യി​ലെ​ങ്ങു​മുള്ള സാക്ഷികൾ സന്തോ​ഷി​ച്ചു. മുൻ ഗവൺമെന്റ്‌ 1967-ൽ കണ്ടു​കെ​ട്ടിയ ആ കെട്ടിടം മലാവി കോൺഗ്രസ്‌ പാർട്ടി​യു​ടെ ദക്ഷിണ മേഖലാ ആസ്ഥാന​മാ​യി ഉപയോ​ഗി​ക്കുക ആയിരു​ന്നു. എന്നാൽ ഇപ്പോൾ അത്‌ അതിന്റെ യഥാർഥ ഉടമകൾക്കു തിരികെ കിട്ടി—ഏകദേശം 30 വർഷത്തി​നു ശേഷം. ആ ദിവസത്തെ എല്ലാ മുഖ്യ ഭാഷക​ളി​ലെ​യും വാർത്ത​ക​ളിൽ അത്‌ ആവർത്തി​ച്ചു കേട്ട​പ്പോൾ മുഴു രാജ്യ​ത്തി​നും എത്ര വലിയ ഒരു സാക്ഷ്യ​മാ​ണു ലഭിച്ചത്‌! ഇപ്പോൾ ഈ കെട്ടിടം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പതിവു ക്രിസ്‌തീയ യോഗ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കു​ന്നു.

യഹോവ വളരു​മാ​റാ​ക്കു​ന്നു

നിരോ​ധനം നീക്കം ചെയ്‌ത​തി​നു ശേഷം, യഹോവ മലാവി​യി​ലെ തന്റെ ദാസന്മാ​രു​ടെ വേലയെ നിശ്ചയ​മാ​യും അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. പല വീട്ടു​കാ​രും യഹോ​വ​യു​ടെ സാക്ഷി​കളെ വലിയ താത്‌പ​ര്യ​ത്തോ​ടെ തങ്ങളുടെ വീടു​ക​ളി​ലേക്കു ക്ഷണിക്കു​ക​യും അവരുടെ സാഹി​ത്യം സ്വീക​രി​ക്കു​ക​യും ബൈബിൾ അധ്യയ​ന​ത്തി​നുള്ള ക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അടുത്ത കാലത്തു നടന്ന “ദൈവ​വചന വിശ്വാസ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളു​ടെ സമയത്ത്‌ നാമി​റ്റെറ്റെ എന്ന ഒരു പട്ടണത്തിന്‌ അടുത്താ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു വലിയ കൂട്ടം സമ്മേളി​ക്കു​ന്നതു കണ്ട ഒരു സ്‌ത്രീ അമ്പരന്നു​പോ​യി. “ഈ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ എവി​ടെ​നി​ന്നാണ്‌ വരുന്നത്‌?” അവർ ചോദി​ച്ചു. “ഇതു വിസ്‌മ​യ​ക​ര​മാണ്‌! നിങ്ങൾ ദീർഘ​കാ​ലം നിരോ​ധ​ന​ത്തി​ലാ​യി​രു​ന്നി​ല്ലേ.” താൻ കണ്ട കാര്യ​ങ്ങ​ളിൽ പ്രചോ​ദി​ത​യായ ആ വനിത യഹോ​വ​യു​ടെ സന്തുഷ്ട ആരാധക കൂട്ട​ത്തോ​ടൊ​പ്പം ചേരു​ക​യും പരിപാ​ടി ശ്രവി​ക്കു​ക​യും ചെയ്‌തു. അതിനു​ശേഷം, അവരും ബൈബിൾ പഠിക്കാൻ സമ്മതിച്ചു.

മുമ്പ്‌ സത്യത്തെ എതിർത്തി​രുന്ന ചിലർ പോലും അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു. നിരോ​ധ​ന​കാ​ലത്തെ തങ്ങളുടെ ദുഷ്‌ചെ​യ്‌തി​കൾക്കു ചിലർ മാപ്പു പറയാൻ പ്രേരി​ത​രാ​യി. “ഞങ്ങൾ ആയിരു​ന്നില്ല ഉത്തരവാ​ദി​കൾ. ഈ ദുഷ്‌ചെ​യ്‌തി​കൾ ഗവൺമെന്റ്‌ ഞങ്ങളെ​ക്കൊ​ണ്ടു ചെയ്യി​ക്കുക ആയിരു​ന്നു” എന്ന്‌ അവർ പറയുന്നു. അത്തരം വ്യക്തി​കളെ യോഗ​ങ്ങൾക്കു ക്ഷണിക്കാൻ സഹോ​ദ​ര​ങ്ങൾക്കു സന്തോ​ഷമേ ഉള്ളൂ. 1975-ൽ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ മൊസാ​മ്പി​ക്കിൽനി​ന്നു നിർബ​ന്ധി​ത​മാ​യി തിരികെ പോ​രേ​ണ്ടി​വ​ന്ന​പ്പോൾ, അവരെ “സ്വാഗതം ചെയ്‌ത്‌,” തങ്ങളുടെ ഗ്രാമ​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​യി ഭരിക്കുന്ന പാർട്ടി​യു​മാ​യി സഹകരി​ക്കാൻ ആവശ്യ​പ്പെട്ട മുൻ സർക്കാർ മന്ത്രി പോലും ലിലൊ​ങ്‌വേ​യി​ലെ ഒരു പയനി​യ​റു​ടെ അടുക്കൽ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

സാക്ഷി​ക​ളിൽ ആരും വിദ്വേഷ മനോ​ഭാ​വം കാണി​ക്കു​ന്നില്ല. ആരും പ്രതി​കാ​രം ചെയ്യാ​നും ശ്രമി​ക്കു​ന്നില്ല. (റോമ. 12:17-19) ഇപ്പോൾ സ്വാത​ന്ത്ര്യം ഉള്ളതി​നാൽ അവരുടെ ഒരേ ഒരു ആഗ്രഹം യഹോ​വയെ സ്‌തു​തി​ക്കുക എന്നതാണ്‌. ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രായ അധ്യാ​പകർ ആയിരി​ക്കാൻ തങ്ങളെ സഹായി​ക്കുന്ന ഏത്‌ ഉപകര​ണ​വും ഉപയോ​ഗി​ക്കാൻ പഠിക്കു​ന്ന​തിൽ അവർ ഉത്സുക​രാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ ന്യായ​വാ​ദം ചെയ്യൽ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം തുടങ്ങിയ ഉപകര​ണ​ങ്ങ​ളും അതു​പോ​ലെ​തന്നെ സൊ​സൈ​റ്റി​യു​ടെ വീഡി​യോ​ക​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർ ബൈബിൾ പഠനം തുടങ്ങാൻ ആയിര​ക്ക​ണ​ക്കി​നു താത്‌പ​ര്യ​ക്കാ​രെ സഹായി​ച്ചു​വ​രു​ന്നു.

“നിത്യ​ജീ​വ​നു​വേണ്ടി ശരിയായ മനോ​നി​ല​യുള്ള”വരെ അന്വേ​ഷി​ക്കു​ന്ന​തിൽ തുടരാൻ യഹോവ എത്ര കാലം അനുവ​ദി​ക്കും എന്നു നമുക്ക്‌ അറിയില്ല. (പ്രവൃ. 13:48, NW) എന്നാൽ, ഒരു സംഗതി വ്യക്തമാണ്‌: ഈ രാജ്യത്തെ ആത്മീയ കൂട്ടി​ച്ചേർപ്പിന്‌ ഇനിയും അത്ഭുത​ക​ര​മായ സാധ്യ​ത​യാണ്‌ ഉള്ളത്‌. 1998 ജൂണിൽ റിപ്പോർട്ടു ചെയ്‌ത പ്രസാ​ധ​ക​രു​ടെ പുതിയ അത്യുച്ചം അമ്പരപ്പി​ക്കു​ന്ന​താ​യി​രു​ന്നു—42,770 പേർ! 1998-ൽ നടത്തിയ “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ച്ച​വ​രു​ടെ സംഖ്യ 1,52,746 ആയിരു​ന്നു. ആ വർഷം ആദ്യം നടത്തിയ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാരക ആഘോ​ഷ​ത്തിൽ സംബന്ധി​ച്ചവർ 1,20,412 ആയിരു​ന്നു!

അതേ, മലാവി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കു മുന്നി​ലു​ള്ളതു വളരെ ശോഭ​ന​മായ ഭാവി​യാണ്‌. യഹോ​വ​യു​ടെ ദിവസം വരുന്ന​തി​നു മുമ്പ്‌ ദൈവ​വ​ച​നത്തെ കുറി​ച്ചുള്ള സൂക്ഷ്‌മ പരിജ്ഞാ​നം നേടാൻ ഇനിയും ആയിര​ങ്ങളെ സഹായി​ക്കാൻ തങ്ങൾക്കു കഴിയു​മെ​ന്നാണ്‌ അവരുടെ പ്രതീക്ഷ. മരിച്ചു​പോയ തങ്ങളുടെ കുടും​ബാം​ഗ​ങ്ങ​ളെ​യും സ്‌നേ​ഹി​ത​രെ​യും—തങ്ങളുടെ അമൂല്യ വിശ്വാ​സം ത്യജി​ക്കു​ന്ന​തി​നു പകരം മരിക്കാൻ സന്നദ്ധരായ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളെ​യും—തിരികെ ജീവനി​ലേക്കു സ്വാഗതം ചെയ്യാൻ കഴിയുന്ന ദിവസ​ത്തി​നാ​യും അവർ പ്രതീ​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു. സർവരും സുരക്ഷി​ത​മാ​യി വസിക്കുന്ന, യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സേവി​ക്കു​ക​യും ചെയ്യുന്ന സകലരും നിത്യ​മാ​യി പൂർണാ​രോ​ഗ്യം ആസ്വദി​ക്കുന്ന, ഒരു ആഗോള പറുദീ​സ​യു​ടെ ഭാഗമാ​യി മലാവി മാറുന്ന ദിവസ​ത്തി​നാ​യി അവർ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.

മലാവി​യി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സ​ത്തിന്‌ എതിരായ ഗുരു​ത​ര​മായ വെല്ലു​വി​ളി​കളെ സഹിച്ചു​നി​ന്നി​ട്ടുണ്ട്‌. പ്രതി​കൂല സാഹച​ര്യ​ങ്ങ​ളി​ലെ അവരുടെ ദൃഢവി​ശ്വ​സ്‌തത അവർ ഭാഗമാ​യി​രി​ക്കുന്ന ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തി​നു മുഴു​വ​നും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാണ്‌. ‘അനുകൂല കാലത്തും പ്രതി​കൂല കാലത്തും’ സുവാർത്ത പ്രസം​ഗി​ക്കാ​നുള്ള അവരുടെ വലിയ താത്‌പ​ര്യം അനുക​ര​ണാർഹ​മാണ്‌. (2 തിമൊ. 4:2, NW) അവരെ അടുത്ത​റി​യു​ന്ന​വർക്ക്‌, ‘ആഫ്രി​ക്ക​യു​ടെ ഊഷ്‌മള ഹൃദയം’ അവരിൽ കണ്ടിരി​ക്കു​ന്നു എന്നു തോന്നും, തീർച്ച.

[191-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

സാംബിയ

സിൻഡ മിസാലെ ക്യാമ്പു​കൾ

മലാവി

മലാവി തടാകം

ലിലൊങ്‌വേ

സോംബ

ബ്ലാന്റൈർ

മലാൻയി പർവതം

മൊസാമ്പിക്ക്‌

മ്ലാംഗെനി ക്യാമ്പു​കൾ

മിലാംഗെ ക്യാമ്പു​കൾ

മൊസാമ്പിക്ക്‌

[148-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[153-ാം പേജിലെ ചിത്രം]

1925-ൽ സ്‌നാ​പ​ന​മേറ്റ ഗ്രെഷം ക്വാസി​സി​റ

[157-ാം പേജിലെ ചിത്രം]

ബിൽ മക്ലക്കി സൊ​സൈ​റ്റി​യു​ടെ സോംബ ഓഫീ​സിൽ

[162-ാം പേജിലെ ചിത്രം]

മലാവിയിലെ ഒരു സാധാരണ ഗ്രാമം

[165-ാം പേജിലെ ചിത്രം]

അലക്‌സ്‌ മാഫാം​ബാ​ന

[170-ാം പേജിലെ ചിത്രങ്ങൾ]

1966-ൽ മലാൻയി പർവത​ത്തിന്‌ അടുത്താ​യി നടന്ന ഒരു കൺ​വെൻ​ഷ​നിൽ സാക്ഷികൾ എത്തി​ച്ചേ​രു​ന്നു

[177-ാം പേജിലെ ചിത്രങ്ങൾ]

സാക്ഷികൾ നിരോ​ധി​ക്ക​പ്പെ​ട്ട​പ്പോൾ; ബ്രാഞ്ച്‌ സ്ഥലത്തിന്റെ ഗേറ്റ്‌ പൂട്ടി​യി​രി​ക്കു​ന്നു

[178-ാം പേജിലെ ചിത്രം]

തന്റെ വീട്‌ നശിപ്പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താൻ ഫൈൻലി മ്വിൻയെരെ താത്‌പ​ര്യം കാട്ടി

[186-ാം പേജിലെ ചിത്രം]

ബിൽ മക്ലക്കി​യും ഭാര്യ ഡെനി​സും

[192-ാം പേജിലെ ചിത്രം]

മധ്യ പ്ലാറ്റ്‌ഫോം, ഇവി​ടെ​നി​ന്നാണ്‌ ബൈബിൾ പ്രബോ​ധനം നൽകു​ക​യും ക്യാമ്പി​ലെ ചുമത​ലകൾ വിവരി​ക്കു​ക​യും ചെയ്‌തത്‌

[193-ാം പേജിലെ ചിത്രം]

“സെവെൻ-റ്റൂ-സെവെൻ” എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ബാസ്റ്റൺ ലൊങ്‌വേ

[194-ാം പേജിലെ ചിത്രം]

മ്ലാംഗെനിക്ക്‌ അടുത്തുള്ള നാസി​പ്പൊ​ളി അഭയാർഥി ക്യാമ്പ്‌, തങ്ങളുടെ കുടും​ബ​ങ്ങൾക്കാ​യി സാക്ഷികൾ നിർമിച്ച വീടു​ക​ളും കാണാം

[200, 201 പേജു​ക​ളി​ലെ ചിത്രങ്ങൾ]

തങ്ങളുടെ വിശ്വാ​സത്തെ പ്രതി സാക്ഷികൾ നേരത്തേ പീഡി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അവർ സസന്തോ​ഷം സേവന​ത്തിൽ തുടർന്നു

[202-ാം പേജിലെ ചിത്രം]

സഹോദരങ്ങൾക്ക്‌ ആത്മീയ ആഹാരം എത്തിക്കാൻ തങ്ങളുടെ സ്വാത​ന്ത്ര്യം അപകട​പ്പെ​ടു​ത്തിയ സഞ്ചാര​സേ​വ​കർ

[204-ാം പേജിലെ ചിത്രം]

നിരോധന കാലത്ത്‌ എഡ്‌ ഫിഞ്ചും ഭാര്യ ലിൻഡ​യും മലാവി​യി​ലെ പതിവു സന്ദർശ​ക​രാ​യി​രു​ന്നു

[210-ാം പേജിലെ ചിത്രം]

തുറന്ന ക്ലാസ്സ്‌ മുറി​യിൽ ഒരു കോഴ്‌സി​നാ​യി കൂടി​വ​ന്നി​രി​ക്കുന്ന മൂപ്പന്മാർ

[215-ാം പേജിലെ ചിത്രം]

കീത്ത്‌ ഇറ്റണും ഭാര്യ ആനും, ജാക്ക്‌ യോഹാൻസ​ണും ഭാര്യ ലിൻഡ​യും—മലാവി​യിൽ തിരി​ച്ചെ​ത്തി​യ​തിൽ സന്തുഷ്ടർ

[216-ാം പേജിലെ ചിത്രങ്ങൾ]

ബ്രാഞ്ച്‌ കമ്മിറ്റി (മുകളിൽനിന്ന്‌ താഴേക്ക്‌): ലെമൺ കാബ്വാ​സി, കീത്ത്‌ ഇറ്റൺ, കോളിൻ കാഴ്‌സൺ

[217-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: മുൻ ബ്രാഞ്ച്‌ സ്വത്ത്‌ തിരികെ കിട്ടി​യ​പ്പോൾ അതു വൃത്തി​യാ​ക്കാൻ സാക്ഷികൾ ഉത്സാഹ​പൂർവം സ്വമേ​ധയാ പ്രവർത്തി​ച്ചു

വലത്ത്‌: സഹോ​ദ​ര​ന്മാർക്കു ബ്രാഞ്ചിൽനി​ന്നുള്ള സഭാസാ​ഹി​ത്യം ലഭിക്കു​ന്നു

[218-ാം പേജിലെ ചിത്രം]

നിരോധനത്തിനു മുമ്പ്‌ ബ്രാഞ്ചിൽ ഒന്നിച്ചു പ്രവർത്തി​ച്ചി​രുന്ന മാൽക്കം വൈ​ഗോ​യും വിഡസ്‌ മഡോ​ണ​യും വീണ്ടും സംഗമി​ച്ച​പ്പോൾ

[220-ാം പേജിലെ ചിത്രം]

ഓല മേഞ്ഞ ഒരു രാജ്യ​ഹാൾ. ഇനിയും 600 സഭകൾക്കു കൂടി രാജ്യ​ഹാ​ളു​കൾ ആവശ്യ​മാണ്‌!

[223-ാം പേജിലെ ചിത്രങ്ങൾ]

സന്തുഷ്ടരായ സാക്ഷികൾ മലാവി​യിൽ രാജ്യ​സു​വാർത്ത ഘോഷി​ക്കു​ന്ന​തിൽ തുടരു​ന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക