അന്ത്യനാളുകൾ—ഒരു കൊയ്ത്തുകാലം
“ഞാൻ കണ്ടു, നോക്കൂ! ഒരു വെളുത്തമേഘം, മേഘത്തിൻമേൽ ഒരു മനുഷ്യപുത്രനെപ്പോലെ ഒരാൾ തലയിൽ പൊൻ കിരീടവും കൈയിൽ മൂർച്ചയുള്ള ഒരു അരിവാളുമായി ഇരിക്കുന്നു.”—വെളിപ്പാട് 14:14.
1. ഈ നൂററാണ്ടിനെ അനുപമമാക്കിയിരിക്കുന്ന ചില കാര്യങ്ങളേവ?
ഈ 20-ാം നൂററാണ്ട് എന്തോരു പ്രക്ഷുബ്ധമായ കാലമാണ്! മനുഷ്യവർഗ്ഗം ഘോരമായ രണ്ടു ലോകയുദ്ധങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒന്നിനുപിറകേ ഒന്നായി രാജ്യങ്ങൾ വിപ്ലവത്താൽ തകർന്നടിഞ്ഞു. ക്ഷാമം മുമ്പെന്നത്തേതിലുമധികമായി മനുഷ്യചരിത്രത്തിൽ കഷ്ടപ്പാടു വരുത്തിക്കൂട്ടിയിരിക്കുന്നു. സാമ്പത്തിക അനിശ്ചിതത്വം, കുററകൃത്യം, മലിനീകരണം, ഭയങ്കര രോഗങ്ങൾ, എന്നിവ സകലരുടെയും ക്ഷേമത്തെ ഭീഷണിപ്പെടുത്തുന്നു. അതേസമയം, മനുഷ്യൻ വമ്പിച്ച ശാസ്ത്രീയനേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അവൻ അണുശക്തിയെ ഉപയുക്തമാക്കുകയും ചന്ദ്രനിൽ നടക്കുകയും പോലും ചെയ്തിരിക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ തലമുറ അനേകം വിധങ്ങളിൽ അനുപമമാണ്. എന്നിരുന്നാലും, ഒരു സംഗതി നമ്മുടെ കാലത്തെ അതിപ്രധാനസംഭവമായി മുന്തിനിൽക്കുന്നു, അതിങ്കൽ മറെറല്ലാം അപ്രധാനമായിത്തീരുകയാണ്.
2. ദാനിയേലിനാൽ പ്രവചിക്കപ്പെട്ട ഏതു സംഭവം നമ്മുടെ കാലത്ത് സംഭവിക്കേണ്ടതായിരുന്നു?
2 യഥാർത്ഥത്തിൽ യുഗ സ്രഷ്ടകമായ ഈ സംഭവം ദാനിയേൽ പ്രവാചകൻ ക്രി. മു. ആറാം നൂററാണ്ടിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. അവന്റെ ദിവ്യ നിശ്വസ്തറിപ്പോർട്ട് ശ്രദ്ധിക്കുക: “ഞാൻ രാത്രിദർശനങ്ങളിൽ നോക്കിക്കൊണ്ടിരുന്നു, അതാ, കാൺമിൻ! ഒരു മനുഷ്യ പുത്രനെപ്പോലെ ഒരുവൻ ആകാശമേഘങ്ങളോടെ വരാനിടയായി; അവൻ നാളുകളിൽ പുരാതനന്റെ അടുക്കൽ പ്രവേശനം നേടി, അവർ അവനെ അവന്റെ മുമ്പാകെത്തന്നെ അടുത്തുവരുത്തി. ജനങ്ങളും ദേശീയസംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കേണ്ടതിന് അവന് ഭരണാധിപത്യവും പ്രതാപവും രാജ്യവും കൊടുക്കപ്പെട്ടു.”—ദാനിയേൽ 7:13, 14.
3. (എ) “ദിവസങ്ങളിൽ പുരാതനൻ” ആരാണ്, അവൻ “മനുഷ്യപുത്രനെപ്പോലെ ഒരുവന്” എന്തു കൊടുത്തു? (ബി) “മനുഷ്യപുത്രനെപ്പോലെ”യുള്ള ഈ ഒരുവൻ ആരാണ്, യേശു ഇതു തിരിച്ചറിയിച്ചപ്പോൾ യഹൂദ മതനേതാക്കൻമാർ എങ്ങനെ പ്രതികരിച്ചു?
3 “നാളുകളിൽ പുരാതനൻ” യഹോവയാം ദൈവമാണ്. ദാനിയേൽ “ആകാശമേഘങ്ങളിൽ,” അതായത് അദൃശ്യമായ ആത്മമണ്ഡലത്തിൽ, “ഒരു മനുഷ്യ പുത്രനെപ്പോലെ ഒരുവന്” അവൻ രാജത്വം കൊടുക്കുന്നതായി കാണുന്നു. ആ ഒരുവൻ ആരാണ്? ക്രി. വ. 33-ൽ യേശു സന്നദ്രീമിന്റെ മുമ്പാകെ വിചാരണ ചെയ്യപ്പെട്ടപ്പോൾ അവൻ ആ ചോദ്യത്തിന് ഉത്തരം നൽകി. അവൻ ക്രിസ്തു ആണോ അല്ലയോ എന്നു പറയാൻ യഹൂദമഹാപുരോഹിതൻ ആണയിട്ടു ആവശ്യപ്പെടുന്നു. യേശു ഉത്തരമായി സധൈര്യം ദാനിയേലിന്റെ പ്രവചനം തനിക്കുതന്നെ ബാധകമാക്കിക്കൊണ്ടു പറഞ്ഞു: “ഇന്നു മുതൽ മനുഷ്യപുത്രൻ ശക്തിയുടെ വലതുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.” യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട രാജാവിനെ വണങ്ങുന്നതിനു പകരം മഹാപുരോഹിതൻ അവന്റെ മേൽ ദൈവദൂഷണം ആരോപിക്കുകയാണു ചെയ്തത്. തുടർന്ന്, യേശുവിന് മരണശിക്ഷ വിധിക്കാൻ യഹൂദമതനേതാക്കൻമാർ പൊന്തിയോസ് പീലാത്തോസിൻമേൽ സമ്മർദ്ദം ചെലുത്തി.—മത്തായി 26:63-65; 27:1, 2, 11-26.
4. യേശുവിന് രാജകിരീടം എപ്പോൾ ലഭിച്ചു, ഏതു എതിർപ്പ് ഉണ്ടായിരുന്നിട്ടും?
4 അവൻ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുകയും തനിക്ക് രാജ്യം നൽകാനുള്ള യഹോവയുടെ തക്ക സമയത്തിനായി കാത്തിരിക്കാൻ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുകയും ചെയ്തപ്പോൾ യേശുവിന്റെ വാക്കുകളെ വിഫലമാക്കാനുള്ള ഈ ശ്രമം പരാജയപ്പെട്ടു. (പ്രവൃത്തികൾ 2:24, 33, 34; സങ്കീർത്തനം 110:1, 2) രാജ്യം നൽകാനുള്ള തക്കസമയം 1914-ൽ വന്നു. സകല തെളിവുകളുമനുസരിച്ച്, ആ വർഷത്തിന്റെ അവസാനഭാഗത്ത് യേശുവിന് “നാളുകളിൽ പുരാതന”നിൽനിന്ന് രാജകിരീടം ലഭിക്കുകയും ഭരിക്കാൻ തുടങ്ങുകയും ചെയ്തു. (മത്തായി 24:3-42) പുതുതായി ജനിച്ച രാജ്യം കഠിനമായ എതിർപ്പിനെ അഭിമുഖീകരിച്ചു. എന്നാൽ ഒന്നാം നൂററാണ്ടിലെ മതനേതാക്കൻമാരും ജനതകളുടെ സകല ശക്തിയും സാത്താനും അവന്റെ ഭൂതങ്ങളും പോലും ദൈവേഷ്ടം നിവർത്തിക്കപ്പെടുന്നതിൽനിന്ന് തടയാൻ പ്രാപ്തരായില്ല. (സങ്കീർത്തനം 2:2, 4-6; വെളിപ്പാട് 12:1-12) 1914-ൽ സ്വർഗ്ഗീയ പല്ലവി കൃത്യസമയത്ത് മുഴങ്ങി: “ലോകരാജ്യം നമ്മുടെ കർത്താവിന്റെയും അവന്റെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നു, അവൻ എന്നുമെന്നേക്കും രാജാവായി ഭരിക്കും.” (വെളിപ്പാട് 11:15) ആ തീയതി മുതൽ നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ “അന്ത്യനാളുകളി”ലാണു ജീവിക്കുന്നത്.—2 തിമൊഥെയോസ് 3:1.
ഒരു കൊയ്ത്തുകാലം
5. (എ) ദാനിയേലിന്റെ പ്രവചനമനുസരിച്ച്, പുതുതായി കിരീടധാരിയായ രാജാവിനെ ആർ സേവിക്കും? (ബി) പുതുതായി കിരീടധാരിയായ യേശു ഉൾപ്പെടുന്ന വേറെ ഏതു ദർശനം യോഹന്നാനും കണ്ടു?
5 ദാനിയേലിന്റെ പ്രവചനമനുസരിച്ച്, യേശുവിന് കിരീടം ലഭിക്കുമ്പോൾ “ജനങ്ങളും ദേശീയ സംഘങ്ങളും ഭാഷകളുമെല്ലാം അവനെത്തന്നെ സേവിക്കും.” മനുഷ്യവർഗ്ഗം മൊത്തത്തിൽ അവനെ തള്ളിക്കളയുകയാണെങ്കിൽ അത് എങ്ങനെ സംഭവിക്കും? അപ്പോസ്തലനായ യോഹന്നാന് വെളിപ്പെടുത്തപ്പെട്ട ഒരു ദർശനം ഉത്തരത്തിന്റെ സൂചന നൽകുന്നു: “നോക്കൂ! ഒരു വെളുത്തമേഘം, മേഘത്തിൻമേൽ ഒരു മനുഷ്യപുത്രനെപ്പോലെ ഒരാൾ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള ഒരു അരിവാളുമായി ഇരിക്കുന്നു.” (വെളിപ്പാട് 14:14) ദാനിയേലിന്റെ ദർശനത്തോടു സമാനമായി, യേശു ഇവിടെ ഒരു മേഘത്തിൻമേൽ കാണപ്പെടുന്നു, “ഒരു മനുഷ്യപുത്രനെപ്പോലെ ഒരാൾ” ആയി തിരിച്ചറിയിക്കപ്പെടുകയും ചെയ്യുന്നു. അവൻ രാജകിരീടം ധരിച്ചിരിക്കുന്നു, എന്നാൽ അവന്റെ കൈയിൽ ഒരു ചെങ്കോലല്ല, പിന്നെയോ ഒരു കൊയ്ത്തുകാരന്റെ അരിവാളാണുള്ളത്. എന്തുകൊണ്ട്?
6. ഏതു വേലയിൽ ഏർപ്പെടാൻ പുതുതായി കിരീടധാരിയായ യേശുവിനോട് യഹോവ കല്പിക്കുന്നു?
6 യോഹന്നാൻ തുടരുന്നു: “മറെറാരു ദൂതൻ ആലയ വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്തുവന്നു, മേഘത്തിൻമേൽ ഇരിക്കുന്നവനോട് ഒരു ഉച്ചത്തിലുള്ള ശബ്ദത്തിൽ വിളിച്ചുപറഞ്ഞു: ‘നിന്റെ അരിവാൾ ഇറക്കി കൊയ്യുക, എന്തുകൊണ്ടെന്നാൽ ഭൂമിയിലെ ഉല്പന്നം പൂർണ്ണമായി വിളഞ്ഞിരിക്കുന്നതുകൊണ്ട് കൊയ്യുന്നതിനുള്ള നാഴിക വന്നിരിക്കുന്നു’” യേശു, ഒരു രാജാവെങ്കിലും, “ആലയ വിശുദ്ധമന്ദിര”ത്തിലെ യഹോവയിൽനിന്ന് അയയ്ക്കപ്പെടുന്ന നിർദ്ദേശങ്ങൾ ഇപ്പോഴും അനുസരിക്കുന്നു. അതുകൊണ്ട്, അന്ത്യനാളുകളിൽ ഒരു കൊയ്ത്തു വേലയിൽ ഏർപ്പെടാൻ യഹോവ അവനോടു നിർദ്ദേശിക്കുമ്പോൾ അവൻ അനുസരിക്കുന്നു. യേശു ഭൂമിയിൽ തന്റെ അരിവാൾ വീശി, ഭൂമി കൊയ്യപ്പെട്ടു.”—വെളിപ്പാട് 14:15, 16; എബ്രായർ 9:24; 1 കൊരിന്ത്യർ 11:3.
7. (എ)“ഭൂമിയിലെ ഉല്പന്നം” എന്താണ്? (ബി) ഈ “കൊയ്ത്തിന്റെ” തുടക്കം എന്തായിരുന്നു?
7 “ഭൂമിയിലെ ഉല്പന്നം” എന്താണ്? അത് യഹോവയേയും അവന്റെ നിയമിത രാജാവിനെയും സേവിക്കുന്നതിന് സാത്താന്യ വ്യവസ്ഥിതിയിൽനിന്നു പുറത്തുവരുന്ന ആളുകളാണ്. യേശുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യത്തിൽ വാഴാനുള്ള 144000-ത്തിലെ ശേഷിപ്പിന്റെ കൂട്ടിച്ചേർക്കലോടെ കൊയ്ത്തു തുടങ്ങുന്നു. (മത്തായി 13:37-43) ഇവരാണ് “ദൈവത്തിന്റെ യിസ്രായേൽ,” “ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലങ്ങൾ.” അവർ “സകല ഗോത്രത്തിൽനിന്നും ഭാഷയിൽനിന്നും ജനത്തിൽനിന്നും ജനതയിൽനിന്നും” വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്നു. (ഗലാത്യർ 6:16; വെളിപ്പാട് 14:4; 5:9, 10) ഈ വിധത്തിൽ സകല “ജനങ്ങളിൽ നിന്നും ദേശീയ സംഘങ്ങളിൽനിന്നും ഭാഷകളിൽ നിന്നുമുള്ള” വ്യക്തികൾ സിംഹാസനസ്ഥനായ യേശുവിനെ സേവിച്ചുതുടങ്ങുന്നു.
8. (എ) ഏതു വർഷത്തിൽ അഭിഷിക്തരിൽ അവസാനത്തവരുടെ കൂട്ടിച്ചേർപ്പു സമാപിച്ചുവെന്നു സ്പഷ്ടമാണ്? (ബി) യോഹന്നാന്റെ മറെറാരു ദർശനമനുസരിച്ച്, കൊയ്ത്തുവേല എങ്ങനെ തുടർന്നു?
8 എന്നിരുന്നാലും അവർ ഒററയ്ക്കല്ല. മറെറാരു ദർശനത്തിൽ യോഹന്നാൻ 144000-ത്തിന്റെ അവസാന അംഗങ്ങളുടെ മുദ്രയിടീൽ കാണുന്നു. (വെളിപ്പാട് 7:1-8) പ്രസ്പഷ്ടമായി, ഇവരുടെ കൂട്ടിച്ചേർപ്പ് ഫലത്തിൽ 1935-ആയതോടെ പൂർത്തിയായി. എന്നാൽ, പിന്നീട് “സകല ജനതകളിലും ഗോത്രങ്ങളിലും ജനങ്ങളിലും ഭാഷകളിലും നിന്നുള്ളതായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാഞ്ഞ ഒരു മഹാപുരുഷാരം സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിനു മുമ്പിലും നിൽക്കുന്നത്” താൻ കാണുന്നതായി യോഹന്നാൻ റിപ്പോർട്ടു ചെയ്യുന്നു. (വെളിപ്പാട് 7:9-17) അങ്ങനെ “ജനങ്ങളിൽനിന്നും ദേശീയസംഘങ്ങളിൽനിന്നും ഭാഷകളിൽനിന്നും” അനേകർകൂടെ യേശുവിനെ രാജാവെന്നനിലയിൽ സേവിച്ചു തുടങ്ങുമ്പോൾ കൊയ്ത്തുവേല തുടരുന്നു.
9. ഈ നവാഗതർ ആരാണ്, വേറെ ഏതു പ്രവചനം “നാളുകളുടെ അന്തിമഭാഗത്തെ” അവരുടെ പ്രത്യക്ഷതയെക്കുറിച്ചു പറയുന്നു?
9 ഈ നവാഗതർ യഹോവയുടെ നിയമിത രാജാവിൻ കീഴിൽ ഒരു പരദീസാഭൂമിയിൽ ജീവിതം ആസ്വദിക്കാൻ നോക്കിപ്പാർത്തിരിക്കുന്നു. (സങ്കീർത്തനം 37:11, 29, 72:7-9) അവരുടെ കൂട്ടിച്ചേർപ്പ് മററനവധി പ്രവചനങ്ങളിലും മുൻകൂട്ടിപ്പറഞ്ഞിരുന്നു. ദൃഷ്ടാന്തമായി, യെശയ്യാവ് “നാളുകളുടെ അന്തിമഭാഗത്ത്” ജനത്തകൾ യഹോവയുടെ ആലയത്തിലേക്ക് ഒഴുകിവരുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശയ്യാവ് 2:2, 3) ജനതകളുടെ ഒരു ഇളക്കലിന്റെ സമയത്ത് “സകല ജനതകളിലെയും അഭികാമ്യരായ അസ്തിത്വങ്ങൾ വന്നു ചേരു“മെന്ന് ഹഗ്ഗായി പ്രവചിച്ചു. (ഹഗ്ഗായി 2:7) “ജനതകളുടെ സകല ഭാഷകളിൽനിന്നുമുള്ള പത്തു പുരുഷൻമാർ” ദൈവജനത്തോടു ചേരുന്നതിനെക്കുറിച്ച് സെഖര്യാവ് സംസാരിച്ചു. (സെഖര്യാവ് 8:23) മാത്രവുമല്ല, യേശുതന്നെ ഈ “മഹാപുരുഷാര”ത്തെക്കുറിച്ചു പ്രവചിച്ചു. അവൻ പറഞ്ഞു: “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ സകല ദൂതൻമാരോടും കൂടെ വന്നെത്തുമ്പോൾ, അവൻ തന്റെ മഹത്വമുള്ള സിംഹാസനത്തിൽ ഇരിക്കും. സകല ജനതകളും അവന്റെ മുമ്പാകെ കൂട്ടിച്ചേർക്കപ്പെടും. ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതുപോലെ അവൻ ജനത്തെ തമ്മിൽ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലതുവശത്തും കോലാടുകളെ തന്റെ ഇടത്തും നിർത്തും.?—മത്തായി 25:31-33.
10. (എ) ഏതു മുഖാന്തരത്താൽ “ഭൂമിയിലെ ഉല്പന്നം” കൊയ്യപ്പെടുന്നു? (ബി) ഈ വേലയിൽ ആർ മാത്രമേ ദൂതൻമാരോടു സഹകരിക്കുന്നുള്ളു?
10 അതെ, “ചെമ്മരിയാടുകൾ” ആരാണ്, “കോലാടുകൾ” ആരാണ് എന്നു കാണാൻ സകല മനുഷ്യവർഗ്ഗവും പരിശോധിക്കപ്പെടുകയാണ്. ഈ പരിശോധനാവേല എങ്ങനെയാണ് നിർവ്വഹിക്കപ്പെടുന്നത്? യോഹന്നാന്റെ ദർശനത്തിൽ, ദൂതൻമാരാൽ ഘോഷിക്കപ്പെടുന്ന ശക്തമായ സന്ദേശങ്ങളോടുള്ള ബന്ധത്തിലാണ് “ഭൂമിയിലെ ഉല്പന്നം” കൊയ്യപ്പെടുന്നത്. ഒരു ദൂതൻ “നിത്യസുവാർത്ത”യുടെ ഒരു സന്ദേശം ഘോഷിക്കുന്നു. മറെറാരു ദൂതൻ “മഹാബാബിലോനി”ന്റെ വീഴ്ചയെ പ്രസിദ്ധമാക്കുന്നു. മൂന്നാമതൊരാൾ സാത്താന്റെ രാഷ്ട്രീയ വ്യവസ്ഥിതിയായ “കാട്ടുമൃഗ”ത്തിന്റെ ആരാധനക്കെതിരെ മുന്നറിയിപ്പു കൊടുക്കുന്നു. (വെളിപ്പാട് 14:6-10) ഈ ദൂതൻമാരുടെ യഥാർത്ഥ ശബ്ദങ്ങൾ ആരും കേട്ടിട്ടില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ വിശ്വസ്ത മനുഷ്യരാൽ ഘോഷിക്കപ്പെടുന്ന സമാന ദൂതുകൾ അവർ കേട്ടിട്ടുണ്ട്. (മത്തായി 24:14; യെശയ്യാവ് 48:20; സെഖര്യാവ് 2:7; യാക്കോബ് 1:27; 1 യോഹന്നാൻ 2:15-17) തന്നിമിത്തം, ദൂത നടത്തിപ്പിൽ മനുഷ്യ വക്താക്കളാണ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതെന്നു വ്യക്തം. ഒരു വ്യക്തി ദൂത സന്ദേശങ്ങളോടു പ്രതിവർത്തിക്കുന്ന വിധത്താൽ അയാൾ ‘ചെമ്മരിയാടോ’ ‘കോലാടോ’ എന്നു തിരിച്ചറിയിക്കപ്പെടുന്നു. ഈ 20-ാം നൂററാണ്ടിൽ ഈ മർമ്മപ്രധാനമായ വേലയിൽ ദൂതൻമാരോടു സഹകരിച്ചിട്ടുള്ളത് യഹോവയുടെ സാക്ഷികൾ മാത്രമാണ്.
11. ഈ ദൂതസന്ദേശങ്ങളുടെ എല്ലായിടത്തുമുള്ള പരത്തൽ എത്ര പ്രധാനമാണ്?
11 ഈ സന്ദേശങ്ങളുടെ പരത്തൽ ഇന്നു ചെയ്യപ്പെടുന്ന മറെറന്തിനെക്കാളും അടിയന്തിരമായ വേലയാണ്. യാതൊരു രാഷ്ട്രീയ നേട്ടവുമോ ശാസ്ത്രീയ കണ്ടുപിടുത്തമോ പ്രാധാന്യത്തിൽ ഇതിനോട് അടുത്തു വരുന്നില്ല. ഈ സന്ദേശങ്ങൾ സകല മനുഷ്യവർഗ്ഗത്തിന്റെയും പ്രശ്നങ്ങളുടെ പരിഹാരമാർഗ്ഗത്തിലേക്കു വിരൽ ചൂണ്ടുകയും വിശ്വസ്ത മനുഷ്യരുടെ നിത്യരക്ഷയെക്കുറിച്ചു പറയുകയും ചെയ്യുന്നു. ഏററവും പ്രധാനമായി, അവയ്ക്ക് യഹോവയുടെ നാമത്തിന്റെ സംസ്ഥാപനത്തോടു ബന്ധമുണ്ട്.
വാർഷിക റിപ്പോർട്ട്
12, 13. ഒരു വലിയ “വിളവ്” ഇപ്പോൾത്തന്നെ ശേഖരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന ചില വിശദാംശങ്ങൾ വാർഷിക റിപ്പോർട്ടിൽനിന്നു നൽകുക.
12 അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ, യഹോവയുടെ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന്റെ വാർഷിക റിപ്പോർട്ട് വായിക്കുന്നതിന് ഓരോ വർഷവും നോക്കിപ്പാർത്തിരിക്കുന്നത്. അവരുടെ വേലമേലുള്ള അവന്റെ അനുഗ്രഹത്തിന്റെ തുടരുന്ന തെളിവു കാണുന്നതിൽ അവർ പുളകം കൊള്ളുന്നു. യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകത്തിൽ 1987-ലെ റിപ്പോർട്ട് നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ, നിങ്ങളതു കാണും.
13 ഈ സുവാർത്ത 210 രാജ്യങ്ങളിൽ കേൾക്കപ്പെട്ടു—തീർച്ചയായും ഇക്കാലത്ത് പ്രവേശനമുള്ള ‘സകല ഗോത്രത്തിലും ദേശീയ സംഘത്തിലും ഭാഷയിലും’തന്നെ. (മർക്കോസ് 13:10) തന്നെയുമല്ല, ഒരു അത്യുച്ചമെന്നനിലയിൽ 33,95,612 പേർ—ക്രിസ്തീയ ചരിത്രത്തിൽ മുമ്പെന്നത്തേതിലും കൂടുതൽ—അതു നിർവ്വഹിക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിച്ചു. ചില ഒററയായ രാജ്യങ്ങളിൽപോലും സംഖ്യകൾ മതിപ്പുളവാക്കുന്നവയാണ്. ഐക്യനാടുകളിൽ 7,73,219 പേരുടെ ഒരു പുതിയ അത്യുച്ചത്തിലെത്തി. വേറെ രണ്ടു രാജ്യങ്ങൾ—ബ്രസീലും മെക്സിക്കോയും—2,16,216 പേരുടെയും 2,22,168 പേരുടെയും യഥാക്രമ അത്യുച്ചങ്ങൾ കണ്ടെത്തി. ബ്രിട്ടൻ, ജർമ്മനി, ഇററലി, ജപ്പാൻ, നൈജീറിയാ, ഫിലിപ്പീൻസ് എന്നിങ്ങനെ ആറു രാജ്യങ്ങൾകൂടെ 1,00,000-ത്തിൽ കവിഞ്ഞ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്തു. മറിച്ച്, വലിയ ജനസംഖ്യകളുള്ളതും ചുരുക്കം ചില ആയിരങ്ങളോ അതിൽ കുറവോ പ്രസാധകരുള്ളതുമായ രാജ്യങ്ങളുമുണ്ട്. ഈ വിശ്വസ്ത ദേഹികൾ പ്രയാസമേറിയ സാഹചര്യങ്ങളിൽ സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടിരിക്കാൻ കഠിനയത്നം ചെയ്യുമ്പോൾ അവരുടെ വേലയും വലിയ പ്രാധാന്യമുള്ളതാണ്.—മത്തായി 5:14-16.
14. ഏതുതരം ആളുകൾ യഹോവയുടെ സ്ഥാപനത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു?
14 തീർച്ചയായും ദൈവജനം വർദ്ധനവിനുവേണ്ടിമാത്രം വർദ്ധനവിൽ തൽപ്പരരായിരിക്കുന്നില്ല. എന്നിരുന്നാലും, യഹോവയുടെ സ്ഥാപനത്തിലേക്ക് ഒഴുകി വരുന്ന ഈ പുതിയവരായ സകലരും യഹോവയുടെ ദൃഷ്ടിയിൽ “അഭികാമ്യരായ അസ്തിത്വങ്ങ”ളാണെന്ന് അവർക്കറിയാം. അനേകർ ക്രൈസ്തവലോകത്തിൽ തങ്ങൾ സാക്ഷ്യം വഹിക്കുന്ന “സകല മ്ലേച്ഛകാര്യങ്ങളും നിമിത്തം നെടുവീർപ്പിടുകയും ഞരങ്ങുകയും” ചെയ്തിരുന്നു. (യെഹെസ്ക്കേൽ 9:4) അവരെല്ലാം ദൈവത്തിന്റെ വഴികളിൽ പ്രബോധനം ലഭിക്കാനാഗ്രഹിക്കുന്നതുകൊണ്ട് “യഹോവയുടെ പർവ്വതത്തിലേക്ക്” ഒഴുകിച്ചെല്ലുന്നു. (യെശയ്യാവ് 2:2, 3) യഹോവയുടെ അനുഗ്രഹത്തിന്റെ എന്തോരു ശക്തമായ തെളിവ്—വഷളും ഭൗതികാസക്തവുമായ ഈ വ്യവസ്ഥിതിയിൽ ഓരോ വർഷവും ശതസഹസ്രക്കണക്കിന് പുതിയവർ യഹോവയുടെ “അഭികാമ്യരായ അസ്തിത്വങ്ങ”ളെന്ന് സ്വയം പ്രത്യക്ഷമാക്കുന്നു!
അടിയന്തിരമായ കാലങ്ങൾ
15. (എ) പ്രസംഗവേല നടത്തേണ്ട പ്രദേശം എത്ര വലുതാണ്? (ബി) യോഹന്നാന്റെ ദർശനമനുസരിച്ച്, “മഹാപുരുഷാരം” എത്ര പ്രവർത്തനനിരതരാണ്?
15 യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല അടിയന്തിരമാണ്. എന്തുകൊണ്ട്? ഒരു സംഗതി പ്രദേശം വമ്പിച്ചതാണെന്നുള്ളതാണ്. “സുവാർത്ത” “സകല ജനതയോടും ഗോത്രത്തോടും ഭാഷയോടും ജനത്തോടും” പ്രഖ്യാപിക്കേണ്ടതുണ്ട്. (വെളിപ്പാട് 14:6) യേശുവിന്റെ ഉപമയിൽ “സകല ജനതകളിലെയും” ആളുകൾ “ചെമ്മരിയാടുകളും” “കോലാടുകളു”മായി വേർതിരിക്കപ്പെടുന്നു. ധാരാളം വേല ചെയ്യപ്പെടേണ്ടതുണ്ട്. അപ്പോൾ, യോഹന്നാൻ കാണുന്ന “മഹാപുരുഷാരം” ദൈവത്തെ “അവന്റെ ആലയത്തിൽ പകലും രാത്രിയിലും” സ്തുതിക്കുന്നത് എത്ര ഉചിതമാണ്. (വെളിപ്പാട് 7:15) ഈ ദർശനത്തിന്റെ നിവൃത്തിയായി ഈ “മഹാപുരുഷാരം” തങ്ങളുടെ അഭിഷിക്ത സഹോദരൻമാരോടു സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് കഴിഞ്ഞ വർഷം പ്രസംഗവേലക്ക് 73,90,19,286 മണിക്കൂർ ചെലവഴിച്ചതായി റിപ്പോർട്ടു ചെയ്തു—ഗ്രഹിക്കാൻ പ്രയാസമുള്ള ഒരു വലിയ സംഖ്യതന്നെ. ലോകവ്യാപകമായി, ഇത് ഓരോ മാസവും ഓരോ പ്രസാധകനും 18-ലധികം മണിക്കൂറിന്റെ ശരാശരിയെ പ്രതിനിധാനം ചെയ്തു. വെറും പത്തു വർഷം മുമ്പത്തെ 12 മണിക്കൂർ എന്ന ശരാശരിയോട് ഇതിനെ താരതമ്യപ്പെടുത്തുക. പ്രസംഗവേലയുടെ ഗതിവേഗം വർദ്ധിക്കുകയാണെന്നു നമുക്കു കാണാൻ കഴിയും. നിങ്ങളുടെ വ്യക്തിപരമായ ശരാശരി ലോകശരാശരിയോട് എങ്ങനെ ഒക്കുന്നു?
16. (എ) ‘അടിയന്തിരമായി വചനം പ്രസംഗിക്കുന്ന’തിനുള്ള ഒരു നല്ലമാർഗ്ഗം എന്താണ്? (ബി) കഴിഞ്ഞവർഷം എത്രപേർ ഈ വേലയിൽ പങ്കെടുത്തു?
16 സഹായ പയനിയർമാരുടെയും നിരന്തര പയനിയർമാരുടെയും പുതിയ അത്യുച്ചവും ശ്രദ്ധിക്കുക: 6,50,095. ഇതിന്റെ അർത്ഥം വെറും 32 വർഷം മുമ്പ് ഉണ്ടായിരുന്ന പ്രസാധകരേക്കാൾ കൂടുതൽ പയനിയർമാർ കഴിഞ്ഞവർഷം വയലിലുണ്ടായിരുന്നുവെന്നാണ്. നിങ്ങൾ ആ പയനിയർമാരിൽ ഒരാളാണോ? അങ്ങനെയെങ്കിൽ “വചനം പ്രസംഗിക്കുക, അതിൽ അടിയന്തിരമായി ഏർപ്പെട്ടിരിക്കുക” എന്ന പൗലോസിന്റെ ബുദ്ധിയുപദേശം വ്യക്തിപരമായി ബാധകമാക്കാൻ നിങ്ങൾ വിശിഷ്ടമായ ഒരു മാർഗ്ഗമാണ് കണ്ടെത്തിയത്. (2 തിമൊഥെയോസ് 4:2) 1988-ലെ സേവനവർഷത്തിൽ കുറഞ്ഞത് ഒരു മാസമെങ്കിലും പയനിയർ സേവനത്തിൽ പങ്കെടുക്കുന്നതിന് ആസൂത്രണം ചെയ്യരുതോ?
കൂടുതൽ വളർച്ചക്കുള്ള സാദ്ധ്യതകൾ
17. ഭാവി വർദ്ധനവിനുള്ള പ്രതീക്ഷ നല്ലതാണെന്ന് ഏത് അക്കങ്ങൾ പ്രകടമാക്കുന്നു?
17 ഭാവി വളർച്ചക്കുള്ള സാദ്ധ്യത യഥാർത്ഥത്തിൽ മികച്ചതാണ്. ഭവന ബൈബിളദ്ധ്യയനങ്ങളുടെ അക്കം 30,05,048 ആയിരുന്നു—ഓരോ ബൈബിളദ്ധ്യേതാവും സാദ്ധ്യതയുള്ള ഒരു ‘അഭികാമ്യനായ അസ്തിത്വ’മാണ്! മാത്രവുമല്ല, കഴിഞ്ഞവർഷം കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആഘോഷത്തിന് 89,65,221 പേർ ഹാജരായി. ഹാജരായവരിൽ ഭൂരിപക്ഷവും യഹോവയുടെ സാക്ഷികളല്ലായിരുന്നു. ചിലർ പുതിയ താൽപ്പര്യക്കാരായിരുന്നു. അവർക്ക് ഏററവുമധികം സ്വാഗതമുണ്ടായിരുന്നു, അവർ നല്ല പുരോഗതി നേടുന്നതിൽ തുടരുന്നതിന് പ്രോത്സാഹിപ്പിക്കപ്പെടുന്നു. മററുചിലർ മുമ്പു പല പ്രാവശ്യം അങ്ങനെയുള്ള അവസരങ്ങളിൽ ഹാജരായിട്ടുണ്ടായിരിക്കാം. സ്പഷ്ടമായി സാക്ഷികളോടൊത്തായിരിക്കുന്നത് അവർ ആസ്വദിക്കുന്നു, എന്നാൽ അതിൽ കൂടുതൽ ചെയ്യേണ്ടതിന്റെ ആവശ്യം അവർക്ക് തോന്നിയിട്ടില്ല.
18. യേശുവിന്റെയും സെഖര്യാവിന്റെയും പ്രവചനങ്ങളനുസരിച്ച് യഹോവയുടെ “ചെമ്മരിയാടുകളിൽ” ഒരുവനായി എണ്ണപ്പെടുന്നതിന് ഒരു വ്യക്തി എന്തു ചെയ്യേണ്ടതുണ്ട്?
18 അങ്ങനെയുള്ളവർക്ക് ബൈബിൾ സത്യത്തിലുള്ള താൽപ്പര്യത്തിന് അവരെ ശ്ലാഘിക്കേണ്ടതാണ്. എന്നാൽ യേശുവിന്റെ ഉപമയിൽ നിത്യജീവനിലേക്കു പോകുന്ന “ചെമ്മരിയാടുകൾ” യേശുവിന്റെ അഭിഷിക്ത സഹോദരൻമാരോടു സഹായ മനഃസ്ഥിതി പ്രകടമാക്കുന്നവരും അവരോടു സഹകരിക്കുന്നവരുമാണെന്നോർക്കുക. (മത്തായി 25:34-40, 46) സെഖര്യാവിന്റെ പ്രവചനത്തിൽ “പത്തു പുരുഷൻമാ”രുടെ പൂർണ്ണസംഖ്യ, “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്ന് ഞങ്ങൾ കേട്ടിരിക്കുന്നതുകൊണ്ട് ഞങ്ങൾ നിങ്ങളോടുകൂടെ പോരും” എന്ന് മടികൂടാതെ പ്രഖ്യാപിക്കുന്നു. (സെഖര്യാവ് 8:23) അവർക്ക് കേവലം ഒരു സൗഹൃദ മനോഭാവം മാത്രമല്ലുള്ളത്. അവർ ദൈവജനത്തെ “കടന്നുപിടിക്കുകയും” അവരോടു കൂടെ പോകുകയും ചെയ്യുന്നു, അവരുടെ ദൈവത്തെ സേവിക്കാൻ തങ്ങളേത്തന്നെ സമർപ്പിച്ചുകൊണ്ടുതന്നെ. നമ്മുടെ നാളിൽ യഹോവയുടെ സ്ഥാപനത്തിൽ പൂർണ്ണമായി ഉൾപ്പെടുന്നത് അതിൽ അന്തർഭവിച്ചിരിക്കുന്നു.
ഏറെനാൾ ഇല്ല
19, 20. (എ) യോഹന്നാന്റെ ദർശനമനുസരിച്ച്, “ഭൂമിയിലെ ഉല്പന്ന”ത്തിന്റെ കൂട്ടിച്ചേർപ്പ് പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കും? (ബി) രാജാവെന്നനിലയിൽ യേശുവിന് സ്വയം കീഴ്പ്പെടുത്താത്ത എല്ലാവർക്കും ഇത് എന്ത് അർത്ഥമാക്കും?
19 രണ്ടാമതൊരു കാരണത്താലും കൊയ്ത്തുവേല അടിയന്തിരമാണ്. പെട്ടെന്നുതന്നെ അതു പൂർത്തീകരിക്കപ്പെടും. (മത്തായി 24:32-34) അപ്പോൾ എന്തു സംഭവിക്കുന്നു? യോഹന്നാന്റെ ദർശനത്തിൽ അടുത്തതായി എന്തുസംഭവിക്കുന്നുവെന്ന് വായിക്കുക: “മറെറാരു ദൂതൻ സ്വർഗ്ഗത്തിലെ ആലയവിശുദ്ധമന്ദിരത്തിൽ നിന്ന് പുറത്തുവന്നു, അവനും മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു. മറെറാരു ദൂതൻ യാഗപീഠത്തിങ്കൽനിന്ന് പുറത്തുവന്നു, അവനു തീയുടെമേൽ അധികാരമുണ്ടായിരുന്നു. അവൻ ഉച്ചത്തിലുള്ള ഒരു ശബ്ദത്തിൽ മൂർച്ചയുള്ള അരിവാൾ ഉള്ളവനോടു വിളിച്ചു പറഞ്ഞു: ‘നിന്റെ മൂർച്ചയുള്ള അരിവാൾ ഇറക്കി ഭൂമിയിലെ മുന്തിരിക്കുലകൾ ശേഖരിക്കുക, എന്തുകൊണ്ടെന്നാൽ മുന്തിരിങ്ങാ പഴുത്തിരിക്കുന്നു. ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു നീട്ടി ഭൂമിയിലെ മുന്തിരി ശേഖരിച്ചു, അവൻ അതു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് വലിച്ചെറിഞ്ഞു.”—വെളിപ്പാട് 14:17-19.
20 “അഭികാമ്യരായ അസ്തിത്വങ്ങളുടെ” വിളവു ശേഖരിച്ചശേഷം ഈ ദുഷിച്ച പഴയലോകം ആസ്തിക്യത്തിൽ തുടരുന്നതിന് മേലാൽ കാരണമില്ല. “ഭൂമിയിലെ മുന്തിരി,” ഈ മുഴുസാത്താന്യ ലോകവ്യവസ്ഥിതിയും, അറുത്തു നശിപ്പിക്കപ്പെടും. ആ സമയത്ത് എതിരാളികൾപോലും യഹോവയുടെ നിയമിതരാജാവിനെ അംഗീകരിക്കാൻ നിർബന്ധിതരാക്കപ്പെടും. യോഹന്നാൻ ഇങ്ങനെ എഴുതുന്നു: “നോക്കൂ! അവൻ [യേശു] മേഘങ്ങളോടെ വരുന്നു, ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; അവൻ നിമിത്തം ഭൂമിയിലെ സകല ഗോത്രങ്ങളും ദുഃഖത്തോടെ അലയ്ക്കും.” (വെളിപ്പാട് 1:7; മത്തായി 24:30) അപ്പോൾ, “അവനെ കുത്തിത്തുളച്ചവ”രിൽ പ്രമുഖരായിരുന്ന യഹൂദമത നേതാക്കൻമാരോടുള്ള യേശുവിന്റെ വാക്കുകൾ നിവൃത്തിയേറും. (മത്തായി 26:64) തീർച്ചയായും, ആ മതകപടഭക്തർ യേശുവിനെ വ്യക്തിപരമായി “കാണുന്ന”തിന് പുനരുത്ഥാനം ചെയ്യുകയില്ല. (മത്തായി 23:33) എന്നാൽ ഇന്ന് ആ ആത്മാവു പ്രകടമാക്കുന്നവരും യഹോവയുടെ നിയമിത രാജാവിനെ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരും, അർമ്മഗെദ്ദോനിൽ ജനതകളെ നശിപ്പിക്കാൻ അവൻ വരുമ്പോൾ അവനെ അംഗീകരിക്കാൻ നിർബ്ബന്ധിതരാക്കപ്പെടും.—വെളിപ്പാട് 19:11-16, 19-21.
21. ദൈവജനം സ്വർഗ്ഗീയ ദൂതൻമാരോടു സഹകരിച്ച് കഠിനവേല ചെയ്യേണ്ടതെന്തുകൊണ്ട്?
21 തീർച്ചയായും, ഓരോരുത്തരുടെയും അതിജീവനം അപകടത്തിലാണ്. നമുക്ക് ദൂതൻമാരുടെ സഹപ്രവർത്തകരായിരിക്കുന്നതിനുള്ള ഒരു ഭാരിച്ച ഉത്തരവാദിത്തമുണ്ട്. എന്നാൽ എന്തോരു വലിയ പദവി! കൊയ്ത്തു വേല സമാപിക്കുന്നതിനു മുമ്പ് സകല ചെമ്മരിയാടുതുല്യരെയും, യഹോവയുടെ “അഭികാമ്യരായ അസ്തിത്വങ്ങളെ,” കണ്ടെത്താൻ നാം കഠിനയത്നം ചെയ്യുമ്പോൾ നാം സ്വർഗ്ഗീയ ദൂതൻമാരോടു സഹകരിച്ച് കഠിനവേല ചെയ്യുന്നതിൽ തുടരട്ടെ. (w88 1/1)
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഈ ഇരുപതാം നൂററാണ്ടിൽ ഇതുവരെയുള്ള വലിയ സംഭവം എന്താണ്?
◻ “ഭൂമിയിലെ ഉല്പന്നം” എന്താണ്, അത് എങ്ങനെ ശേഖരിക്കപ്പെടുന്നു?
◻ യഹോവയുടെ “ചെമ്മരിയാടുകളുടെ” ചില സ്വഭാവലക്ഷണങ്ങളേവ?
◻ വാർഷിക റിപ്പോർട്ട് കൊയ്ത്തുവേലമേലുള്ള യഹോവയുടെ അനുഗ്രഹം പ്രകടമാക്കുന്നതെങ്ങനെ?
◻ പ്രസംഗവേല അടിയന്തിരമായിരിക്കുന്നതെന്തുകൊണ്ട്?