സംഘടിത കുറ്റകൃത്യത്തിൽനിന്നു സ്വതന്ത്രനാകൽ “ഞാനൊരു യാക്കൂസാ ആയിരുന്നു”
“പപ്പാ, പപ്പാ വീട്ടിൽ വരുമ്പോൾ നമുക്കൊരുമിച്ചു യോഗങ്ങൾക്കു പോകാം. പോകാമെന്ന് എനിക്ക് ഉറപ്പുതരില്ലേ പപ്പാ?” ഞാൻ മൂന്നാം തവണ ജയിലിലായിരുന്നപ്പോൾ എന്റെ രണ്ടാമത്തെ പുത്രിയിൽനിന്ന് എനിക്ക് ഈ കത്തു ലഭിച്ചു. എന്റെ ഭാര്യയോടൊപ്പം അവൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പതിവായി സംബന്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് ആശ്വാസം പ്രദാനം ചെയ്തിരുന്ന ഏക ഉറവ് എന്റെ കുടുംബത്തിൽനിന്നുള്ള കത്തുകളായിരുന്നതിനാൽ, അവൾ ആവശ്യപ്പെട്ടതുപോലെ ചെയ്യാമെന്നു ഞാൻ ഉറപ്പു നൽകി.
‘എന്റെ കുടുംബത്തിൽനിന്ന് എന്നെ അകറ്റിനിർത്തുന്ന ഒരു കുറ്റകൃത്യ ജീവിതം ഞാൻ നയിക്കുന്നത് എന്തുകൊണ്ടാണ്?’ എന്നു ഞാൻ ചിന്തിച്ചു. ഞാൻ വളരെ ചെറുപ്പമായിരുന്ന കാലത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു. എനിക്കു 18 മാസം മാത്രം പ്രായമുള്ളപ്പോൾ പിതാവു മരിച്ചു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ മുഖം പോലും ഓർക്കുന്നില്ല. അതിനുശേഷം അമ്മ രണ്ടുതവണ വിവാഹം കഴിച്ചു. അത്തരം കുടുംബ സാഹചര്യങ്ങൾ എന്നെ ആഴമായി ബാധിച്ചു. ഹൈസ്കൂളിൽവെച്ച് ഞാൻ തെമ്മാടികളായ കുട്ടികളോടൊത്തു സഹവസിക്കാൻ തുടങ്ങി. ഞാൻ അക്രമാസക്തനായിത്തീരുകയും മിക്കപ്പോഴും സ്കൂളിനുവെളിയിലുള്ള പോരാട്ടങ്ങളിൽ ഉൾപ്പെടുകയും ചെയ്തു. എന്റെ ഹൈസ്കൂൾ പഠനത്തിന്റെ രണ്ടാം വർഷത്തിൽ, മറ്റൊരു സംഘവുമായി വഴക്കിടുന്നതിന് ഞാൻ ഒരു കൂട്ടം വിദ്യാർഥികളെ സംഘടിപ്പിച്ചു. തത്ഫലമായി എന്നെ അറസ്റ്റുചെയ്ത് കുറച്ചു നാളത്തേക്ക് ഒരു ദുർഗുണപരിഹാര സ്ഥാപനത്തിലേക്ക് അയച്ചു.
ഒരു അക്രമാസക്ത ജീവിതത്തിലേക്കുള്ള യാത്രയുടെ കാര്യത്തിൽ, ഒരു കുന്നിന്റെ അടിവാരത്തിലേക്ക് ഉരുണ്ടുവരുന്ന പന്തുപോലെയായിരുന്നു ഞാൻ. പെട്ടെന്നുതന്നെ ഞാൻ കൊച്ചുകുറ്റവാളികളുടെ ഒരു സംഘം രൂപീകരിച്ചു. ഞങ്ങൾ ഒരു യാക്കൂസാ സംഘത്തിന്റെ ഓഫീസിനു സമീപം വെറുതേ ചുറ്റിത്തിരിഞ്ഞുനടക്കുമായിരുന്നു. 18 വയസ്സായപ്പോൾ, ഞാൻ ആ സംഘത്തിന്റെ സമ്പൂർണ അംഗമായിത്തീർന്നു. 20 വയസ്സായപ്പോൾ എന്നെ നിരവധി അക്രമപ്രവർത്തനങ്ങൾക്ക് അറസ്റ്റുചെയ്യുകയും മൂന്നുവർഷത്തേക്കു ജയിൽ ശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. എന്നെ ആദ്യം നാരായിലെ കൗമാരപ്രായക്കാർക്കുവേണ്ടിയുള്ള ജയിലിൽ അടച്ചു. എന്നാൽ എന്റെ സ്വഭാവം മെച്ചപ്പെട്ടില്ല. അതുകൊണ്ട് മുതിർന്നവർക്കുവേണ്ടിയുള്ള മറ്റൊരു ജയിലിലേക്ക് എന്നെ അയച്ചു. പക്ഷേ എന്റെ സ്വഭാവം കൂടുതൽ മോശമായിത്തീർന്നു. ഒടുവിൽ കടുത്ത കുറ്റവാളികൾക്കുള്ള ക്യോട്ടോയിലെ ഒരു ജയിലിൽ ഞാൻ എത്തിച്ചേർന്നു.
‘ഞാൻ തുടർച്ചയായി അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?’ എന്നു ഞാൻ സ്വയം ചോദിച്ചു. അത് എന്റെ മൂഢമായ ന്യായവാദം നിമിത്തമായിരുന്നുവെന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു മനസ്സിലാകുന്നു. എന്റെ പുരുഷത്വത്തിന്റെ ശക്തമായ തെളിവാണ് അത്തരം സ്വഭാവമെന്നു ഞാൻ അന്നു വിചാരിച്ചു. 25-ാം വയസ്സിൽ ഞാൻ ജയിലിൽനിന്നു പുറത്തുവന്നപ്പോൾ, സഹസംഘാംഗങ്ങൾ എന്നെ ഒരു പ്രധാനിയായി ആദരിച്ചു. കുറ്റകൃത്യലോകത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള വഴി അപ്പോൾ എനിക്കായി തുറന്നുകിടക്കുകയായിരുന്നു.
എന്റെ കുടുംബത്തിന്റെ പ്രതികരണങ്ങൾ
ഏതാണ്ട് ആ സമയത്തു ഞാൻ വിവാഹിതനായി. പെട്ടെന്നുതന്നെ ഞങ്ങൾക്കു രണ്ടു പുത്രിമാർ ജനിച്ചു. എങ്കിലും എന്റെ ജീവിതത്തിനു മാറ്റം വന്നില്ല. എന്റെ ജീവിതം വീട്ടിലും പൊലീസ് സ്റ്റേഷനിലുമായി. ആളുകളെ പ്രഹരിച്ച് പിടിച്ചുപറിക്കുക എന്നത് ഞാൻ എന്റെ തൊഴിലാക്കിയിരുന്നു. സഹാംഗങ്ങളുടെ ആദരവും നേതാവിന്റെ വിശ്വാസവും നേടാൻ ഓരോ സംഭവവും എന്നെ സഹായിച്ചു. ഒടുവിൽ, എന്റെ മൂത്ത യാക്കൂസാ “സഹോദരൻ” സംഘത്തിന്റെ ഉന്നത സ്ഥാനത്തെത്തി നേതാവായിത്തീർന്നു. സംഘത്തിലെ രണ്ടാമനായിത്തീർന്നതിൽ ഞാൻ ഹർഷോന്മത്തനായി.
‘എന്റെ ജീവിതരീതിയെക്കുറിച്ചു ഭാര്യയും കുട്ടികളും എന്താണു വിചാരിക്കുന്നത്?’ എന്നു ഞാൻ ചിന്തിച്ചു. ഭർത്താവിന്റെയും പിതാവിന്റെയും സ്ഥാനത്ത് ഒരു കുറ്റവാളി ഉള്ളതിൽ അവർ ലജ്ജിച്ചിട്ടുണ്ടായിരിക്കണം. വീണ്ടും 30-ാം വയസ്സിലും പിന്നീട് 32-ാം വയസ്സിലും ഞാൻ തടവിലായി. ഇത്തവണ, മൂന്നുവർഷത്തെ ജയിൽവാസം എനിക്കു തികച്ചും ദുഷ്കരമായിരുന്നു. എന്നെ വന്നുകാണാൻ എന്റെ പുത്രിമാരെ അനുവദിച്ചിരുന്നില്ല. അവരോടു സംസാരിക്കാനോ അവരെ ആശ്ലേഷിക്കാനോ എനിക്കു കഴിയാതെയായി.
അവസാനത്തെ ജയിൽവാസക്കാലം ഏതാണ്ട് ആരംഭിച്ച സമയത്ത് എന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. പഠിച്ചുകൊണ്ടിരുന്ന സത്യത്തെക്കുറിച്ച് അവൾ അനുദിനം എനിക്ക് എഴുതിക്കൊണ്ടിരുന്നു. ‘ഭാര്യ പറയുന്ന ഈ സത്യം എന്താണ്?’ എന്നു ഞാൻ അമ്പരന്നു. ജയിലിലായിരിക്കെ ഞാൻ മുഴു ബൈബിളും വായിച്ചുതീർത്തു. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെയും ദൈവത്തിന്റെ ഉദ്ദേശ്യത്തെയും കുറിച്ച് ഭാര്യ എഴുതിയ കാര്യങ്ങൾ ഞാൻ പരിഗണിച്ചു.
മനുഷ്യർക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന പ്രത്യാശ ആകർഷകമായിരുന്നു. കാരണം മരണത്തെ എനിക്കു വലിയ ഭയമായിരുന്നു. ‘നീ മരിച്ചാൽ നഷ്ടം നിനക്കായിരിക്കും,’ ഞാൻ എല്ലായ്പോഴും ചിന്തിച്ചിരുന്നു. മറ്റുള്ളവർക്ക് എന്നെ മുറിവേൽപ്പിക്കാൻ കഴിയുന്നതിനു മുമ്പ് അവരെ മുറിപ്പെടുത്താൻ എന്നെ പ്രേരിപ്പിച്ചതു മരണത്തെക്കുറിച്ചുള്ള ഈ ഭയമായിരുന്നുവെന്ന് വിചിന്തനം ചെയ്തപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. കുറ്റകൃത്യ ലോകത്തിൽ ഉന്നതസ്ഥാനം കൈവരിക്കുകയെന്ന എന്റെ ലക്ഷ്യത്തിലെ നിരർഥകത മനസ്സിലാക്കാനും ഭാര്യയുടെ കത്തുകൾ എന്നെ പ്രേരിപ്പിച്ചു.
ഞാൻ അപ്പോഴും സത്യം പഠിക്കാൻ പ്രചോദിതനായില്ല. എന്റെ ഭാര്യ യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിച്ച് അവന്റെ സ്നാപനമേറ്റ സാക്ഷികളിൽ ഒരുവളായിത്തീർന്നു. അവരുടെ യോഗങ്ങൾക്കു പോകാമെന്നു ഞാൻ എന്റെ കത്തിൽ സമ്മതിച്ചിരുന്നെങ്കിലും, യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ പിന്നിൽ വിട്ടിട്ട് ഭാര്യയും പുത്രിമാരും എന്നിൽനിന്നു വളരെയേറെ അകന്നുപോയതുപോലെ എനിക്കു തോന്നി.
ജയിലിൽനിന്നു പുറത്തുവരുന്നു
ജയിൽമോചിതനാകാനുള്ള ദിവസം ഒടുവിൽ ആഗതമായി. എന്നെ സ്വീകരിക്കാനായി കുറ്റകൃത്യ സംഘത്തിലെ ഒട്ടനവധി അംഗങ്ങൾ നഗോയാ ജയിലിന്റെ ഗെയിറ്റിങ്കൽ വരിവരിയായി നിന്നു. എന്നാൽ ആ വലിയ ജനക്കൂട്ടത്തിനിടയിൽ ഞാൻ തേടിക്കൊണ്ടിരുന്നത് എന്റെ ഭാര്യയെയും പുത്രിമാരെയും മാത്രമായിരുന്നു. മൂന്നര വർഷക്കാലംകൊണ്ട് കാര്യമായി വളർച്ചപ്രാപിച്ച എന്റെ പുത്രിമാരെ കണ്ടപ്പോൾ എന്റെ കണ്ണുകൾ ഈറനായി.
വീട്ടിൽപ്പോയി രണ്ടു ദിവസം കഴിഞ്ഞ്, എന്റെ രണ്ടാമത്തെ പുത്രിക്കു കൊടുത്ത വാഗ്ദാനം പാലിച്ചുകൊണ്ട് ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. ഹാജരായിരുന്ന എല്ലാവരുടെയും പ്രസന്ന മനോഭാവം കണ്ടു ഞാൻ അത്ഭുതംകൂറി. സാക്ഷികൾ എന്നെ ഊഷ്മളമായി സ്വാഗതം ചെയ്തു. എന്നാൽ അവിടെയായിരിക്കാൻ ഞാൻ യോഗ്യനല്ലെന്ന് എനിക്കു തോന്നി. എന്നെ അഭിവാദനം ചെയ്തവർ എന്റെ കുറ്റകൃത്യ പശ്ചാത്തലത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നു പിന്നീടു മനസ്സിലാക്കിയപ്പോൾ ഞാൻ അമ്പരന്നുപോയി. അവരുടെ ഊഷ്മളത എന്നെ സ്പർശിച്ചു. നടത്തപ്പെട്ട ബൈബിളധിഷ്ഠിത പ്രസംഗം എന്നെ ആകർഷിക്കുകയും ചെയ്തു. ആളുകൾ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിച്ചിരിക്കുന്നതിനെക്കുറിച്ചായിരുന്നു അത്.
എന്റെ ഭാര്യയും പുത്രിമാരും പറുദീസയിലേക്ക് അതിജീവിക്കുകയും ഞാൻ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത എന്നെ വളരെയേറെ വേദനിപ്പിച്ചു. എന്റെ കുടുംബത്തോടൊപ്പം എന്നേക്കും ജീവിച്ചിരിക്കാൻ ചെയ്യേണ്ടിയിരിക്കുന്നതിനെക്കുറിച്ചു ഞാൻ ഗൗരവമായി ധ്യാനിച്ചു. കുറ്റകൃത്യ സംഘത്തിലെ ഒരംഗമായുള്ള ജീവിതത്തിൽനിന്നു സ്വതന്ത്രനാകുന്നതിനെക്കുറിച്ചു ഞാൻ പരിചിന്തിച്ചുതുടങ്ങി, ബൈബിൾ പഠനവും ആരംഭിച്ചു.
കുറ്റകൃത്യ ജീവിതത്തിൽനിന്നു സ്വതന്ത്രനാകൽ
കുറ്റകൃത്യ സംഘത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നതും യാക്കൂസായുമായി സഹവസിക്കുന്നതും ഞാൻ നിർത്തി. എന്റെ ചിന്താഗതിക്കു മാറ്റംവരുത്തുക എളുപ്പമായിരുന്നില്ല. ഇറക്കുമതിചെയ്ത വലിയൊരു കാറിൽ, വെറുതേ രസത്തിനായി ഞാൻ ചുറ്റിക്കറങ്ങി—അത് അഹംഭാവം മൂലമായിരുന്നു. എന്റെ ആ കാർ വിറ്റു സാധാരണ മോഡലിലുള്ള ഒരെണ്ണം വാങ്ങുന്നതിനു മൂന്നു വർഷമെടുത്തു. ഏറ്റവും അനായാസമായ പ്രവർത്തനഗതി തേടാനുള്ള പ്രവണതയും എനിക്കുണ്ടായിരുന്നു. എന്നാൽ സത്യം പഠിക്കവെ, ഞാൻ മാറ്റം വരുത്തേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. പക്ഷേ, “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു” എന്ന് യിരെമ്യാവു 17:9 പറയുന്നു. ശരിയെന്തെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ ഞാൻ പഠിച്ചുകൊണ്ടിരുന്നതു ബാധകമാക്കുന്നത് എനിക്കു ബുദ്ധിമുട്ടായിരുന്നു. ഞാൻ അഭിമുഖീകരിച്ച പ്രശ്നം ഒരു വലിയ പർവതംപോലെ കാണപ്പെട്ടു. ഞാൻ വിഷമത്തിലായി, പഠനം നിർത്തിയിട്ട് യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരുക എന്ന ആശയം ഉപേക്ഷിച്ചാലോ എന്നു ഞാൻ പലതവണ ചിന്തിച്ചു.
അപ്പോൾ എന്റെ ബൈബിളധ്യയന നിർവാഹകൻ, എന്റേതിനോടു സമാനമായ പശ്ചാത്തലത്തിൽനിന്നുവന്ന ഒരു സഞ്ചാരമേൽവിചാരകനെ ഞങ്ങളുടെ സഭയിൽ പരസ്യപ്രസംഗം നടത്താൻ ക്ഷണിച്ചു. 640 കിലോമീറ്റർ അകലെയുള്ള ആകിറ്റായിൽനിന്ന്, എന്നെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സസൂക്കയിലെത്തി. അതിനുശേഷം, ഞാൻ ക്ഷീണിതനായി ഇതെല്ലാം നിർത്തുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം, കർത്താവിന്റെ മാർഗത്തിൽ ഞാൻ ഉറപ്പോടെ നടക്കുന്നുവോയെന്നു ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് എനിക്കു ലഭിക്കുമായിരുന്നു.
സകല യാക്കൂസാ ബന്ധങ്ങളിൽനിന്നും സ്വതന്ത്രനാകാൻ എന്നെ സഹായിക്കുന്നതിന് ഞാൻ യഹോവയോടു തുടർച്ചയായി പ്രാർഥിച്ചുകൊണ്ടിരുന്നു. യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 1987 ഏപ്രിലിൽ, യാക്കൂസാ സംഘടനയിൽനിന്ന് ഒടുവിൽ പിൻവാങ്ങാൻ എനിക്കു കഴിഞ്ഞു. എന്റെ ബിസിനസ് സംബന്ധമായി ഓരോ മാസവും കുടുംബത്തിൽനിന്നകന്ന്, വിദേശയാത്ര ചെയ്യേണ്ടതുണ്ടായിരുന്നതിനാൽ ഞാനത് ഉപേക്ഷിച്ച് വാതിൽ കാവൽക്കാരനായുള്ള ജോലി സ്വീകരിച്ചു. ഇത് ഉച്ചകഴിഞ്ഞ് എനിക്ക് ആത്മീയപ്രവർത്തനങ്ങൾക്ക് അവസരം നൽകി. ശമ്പളമടങ്ങിയ ഒരു കവർ എനിക്ക് ആദ്യമായി ലഭിച്ചു. തുച്ഛമായതായിരുന്നെങ്കിലും അതെന്നെ വളരെ സന്തുഷ്ടനാക്കി.
ഞാൻ യാക്കൂസാ സംഘടനയിലെ രണ്ടാമനായിരുന്നപ്പോൾ ഞാൻ ഭൗതികമായി നല്ലനിലയിലായിരുന്നു. എന്നാൽ എനിക്കിപ്പോൾ നശിച്ചുപോകാത്ത ആത്മീയ സമ്പത്തുണ്ട്. എനിക്ക് യഹോവയെ അറിയാം. അവന്റെ ഉദ്ദേശ്യങ്ങൾ അറിയാം. ജീവിതത്തിൽ പിൻപറ്റാൻ എനിക്കു തത്ത്വങ്ങളുണ്ട്. കരുതലുള്ള യഥാർഥ സുഹൃത്തുക്കൾ എനിക്കുണ്ട്. യാക്കൂസാ ലോകത്തിൽ സംഘാംഗങ്ങൾ പ്രകടമാക്കുന്ന കരുതൽ ഉപരിപ്ലവമായിരുന്നു. എന്നാൽ ഞാൻ അറിയുന്ന യാക്കൂസാകളിൽ ആരും, ഒരുവൻപോലും, മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവനെ വെച്ചുകൊടുക്കില്ല.
1988 ആഗസ്ററിൽ യഹോവയ്ക്കുള്ള എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. തുടർന്നുവന്ന മാസം, എന്റെ ജീവിതത്തിനു മാറ്റം വരുത്തിയ സുവാർത്തയെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞുകൊണ്ട് ഞാൻ ഏറ്റവും കുറഞ്ഞത് 60 മണിക്കൂറെങ്കിലും ചെലവഴിക്കാൻ തുടങ്ങി. 1989 മാർച്ചുമുതൽ ഞാൻ മുഴുസമയ ശുശ്രൂഷകനായി സേവിച്ചുകൊണ്ടിരിക്കുന്നു. സഭയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കുകയെന്ന പദവിയും എനിക്കിപ്പോൾ ലഭിച്ചിരിക്കുന്നു.
എന്റെ യാക്കൂസാ ജീവിതത്തിന്റെ അവശേഷിച്ച മിക്ക സ്വഭാവങ്ങളിൽനിന്നും സ്വതന്ത്രനാകാൻ എനിക്കു കഴിഞ്ഞു. എന്നിരുന്നാലും അവശേഷിക്കുന്ന ഒന്നുണ്ട്. എന്റെ കഴിഞ്ഞകാല യാക്കൂസാ ജീവിതത്തെക്കുറിച്ച് എന്നെയും എന്റെ കുടുംബത്തെയും മറ്റുള്ളവരെയും ഓർമിപ്പിക്കുന്ന, ശരീരത്തിലുള്ള പച്ചകുത്തിയ പാടുകളാണ് അത്. ഒരിക്കൽ, താൻ മേലാൽ സ്കൂളിൽ പോകുകയില്ലെന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് എന്റെ മൂത്ത പുത്രി സ്കൂളിൽനിന്നും വീട്ടിലെത്തി. കാരണം ഞാൻ ഒരു യാക്കൂസാ ആണെന്നും പച്ചകുത്തിയിട്ടുണ്ടെന്നും അവളുടെ സുഹൃത്തുക്കൾ അവളോടു പറഞ്ഞു. എന്റെ പുത്രിമാരുമായി കാര്യം പൂർണമായി ചർച്ചചെയ്യാൻ എനിക്കു കഴിഞ്ഞു. അവർക്കു സാഹചര്യം മനസ്സിലാകുകയും ചെയ്തു. ഭൂമി ഒരു പറുദീസയായിരിക്കുകയും എന്റെ ‘ദേഹം യൗവനചൈതന്യത്താൽ പുഷ്ടിവെക്കു’കയും ചെയ്യുന്ന ദിവസത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു. അപ്പോൾ എന്റെ പച്ചകുത്തിയ പാടുകളും 20 വർഷത്തെ യാക്കൂസാ ജീവിതത്തിന്റെ ഓർമകളും കഴിഞ്ഞകാല സംഗതികളായിരിക്കും. (ഇയ്യോബ് 33:25; വെളിപ്പാടു 21:4)—യാസൂവോ കാറ്റാവോക്കാ പറഞ്ഞപ്രകാരം.
[11-ാം പേജിലെ ചിത്രം]
എന്റെ പച്ചകുത്തിയ പാടുകൾപോലും നീക്കം ചെയ്യപ്പെടുന്ന ദിനത്തിനായി ഞാൻ വാഞ്ഛിക്കുന്നു
[13-ാം പേജിലെ ചിത്രം]
രാജ്യഹാളിൽ എന്റെ കുടുംബത്തോടൊത്ത്