തടവിൽ കഴിയുന്നവർക്ക് ആത്മീയ സ്വാതന്ത്ര്യം കൈവരുത്തൽ
“ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.” “കഴിഞ്ഞ ഏതാനും രാത്രികളിൽ നിങ്ങൾ വരുന്നതു ഞാൻ സ്വപ്നം കാണുകയുണ്ടായി.” “ഞങ്ങളെ പതിവായി സന്ദർശിക്കാൻ ഒരാളെ നിയമിച്ചതിനു നന്ദി.” “ഞങ്ങൾ അനർഹരാണെങ്കിലും യഹോവയിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നും ലഭിക്കുന്ന ഓരോ അനുഗ്രഹത്തെപ്രതിയും യഥാസമയം നൽകപ്പെടുന്ന ആത്മീയ ഭക്ഷണത്തെപ്രതിയും കൃതജ്ഞത പ്രകടിപ്പിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.”
ഈ കൃതജ്ഞതാപ്രകടനങ്ങൾക്കുള്ള കാരണമെന്തായിരുന്നു? മെക്സിക്കോയിലെ പല ജയിലുകളിലും തടവുകാരായി കഴിയുന്നവരുടെ ചില വാക്കുകളാണ് അവ. യഹോവയുടെ സാക്ഷികളിൽനിന്നു ലഭിക്കുന്ന ശ്രദ്ധയോട് അവർക്കു വിലമതിപ്പുണ്ട്. ആ ശ്രദ്ധയാണു തടവിലായിരിക്കുമ്പോഴും അവർക്ക് ആത്മീയ സ്വാതന്ത്ര്യം കൈവരുത്തിയിരിക്കുന്നത്. യഹോവയുടെ സാക്ഷികൾ ഇത്തരം അന്തേവാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി പതിവായി ശുശ്രൂഷ ചെയ്യുന്ന 42 ജയിലുകൾ മെക്സിക്കോയിലുണ്ട്. സെൻട്രോ റേയാഡാപ്റ്റാസിയോൺ സോസിയാൽ (സാമൂഹിക പുനരധിവാസ കേന്ദ്രം) എന്നാണ് ആ സ്ഥലങ്ങളെ വിളിക്കുന്നത്. ഈ ജയിലുകളിൽ ചിലതിൽ ക്രിസ്തീയ യോഗങ്ങൾ പതിവായി നടത്തുന്നു. അവയ്ക്കു നല്ല ഫലവുമുണ്ട്. ഉദാഹരണത്തിന്, അടുത്ത കാലത്തെ ഒരു കണക്കെടുപ്പനുസരിച്ച് ഈ സ്ഥലങ്ങളിൽ 380-ഓളം വ്യക്തികൾ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ശരാശരി 350 ബൈബിളധ്യയനങ്ങളായിരുന്നു നടത്തിയിരുന്നത്. പ്രസംഗവേല തുടങ്ങാൻ 37 പേർ യോഗ്യത നേടി. മാത്രമല്ല, 32 പേർ യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ച് ജലസ്നാപനത്താൽ അതു പ്രതീകപ്പെടുത്തുകയും ചെയ്തു.
വേല നിർവഹിക്കുന്ന വിധം
ഈ സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ പ്രസംഗവേല നിർവഹിക്കുന്നത് എങ്ങനെയാണ്? ജയിലിൽ പ്രവേശിക്കുന്നതിനു ലിഖിത അനുമതി തേടിക്കൊണ്ട് അവർ ആദ്യംതന്നെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ പോകുന്നു. ഈ സന്ദർശനങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അതായത് ജീവിതനിലവാരം മെച്ചപ്പെടുത്താനും ദൈവത്തിനു പ്രസാദകരമായ വിധത്തിൽ അവനെ സേവിക്കാനും എങ്ങനെ കഴിയുമെന്നു തടവുപുള്ളികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചോദിച്ച സന്ദർഭങ്ങളിലൊക്കെ അധികാരികൾ അനുമതി നൽകിയിട്ടുണ്ട്. ജയിലിലെ അന്തേവാസികൾക്കു നൽകുന്ന ബൈബിൾ പ്രബോധനത്തെ ഈ ഉദ്യോഗസ്ഥന്മാർ വിലമതിക്കുന്നു. ഈ സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാനിയമങ്ങൾ യഹോവയുടെ സാക്ഷികൾ അനുസരിക്കുന്നതായി ജയിലധികാരികൾ നിരീക്ഷിച്ചിട്ടുണ്ട്. യോഗങ്ങൾ നടത്തുന്നതിനു വേണ്ടി ഓഫീസുകൾ, തീൻമുറികൾ, തൊഴിൽശാലകൾ തുടങ്ങിയവ ഉപയോഗിക്കാൻ സന്ദർശക ശുശ്രൂഷകരെ അവർ അനുവദിച്ചിട്ടുണ്ട്. ഒരു ജയിലിലാണെങ്കിൽ, ചെറിയൊരു രാജ്യഹാൾ പണിയാൻപോലും സാക്ഷികളെ അനുവദിക്കുകയുണ്ടായി. തെക്കുകിഴക്കൻ മെക്സിക്കോയിലെ ഒരു സഞ്ചാരമേൽവിചാരകൻ വിവരിച്ച പിൻവരുന്ന അനുഭവം വ്യക്തമാക്കുന്നത് അതാണ്.
“വഹാക്കയിലുള്ള തവാന്റപെക്കിലെ ജയിൽ ഞങ്ങൾ സന്ദർശിക്കാൻ തുടങ്ങിയത് 1991-ന്റെ തുടക്കത്തിലായിരുന്നു. അവിടെ ഞങ്ങൾ വലിയ ആത്മീയ വിശപ്പ് കണ്ടെത്തി. പെട്ടെന്നുതന്നെ ഞങ്ങൾ 27 ബൈബിളധ്യയനങ്ങൾ ആരംഭിച്ചു. തടവുകാരുടെ താത്പര്യത്തെപ്രതി അഞ്ച് സഭായോഗങ്ങൾ പട്ടികപ്പെടുത്തി. യഹോവയോടു വളരെ സ്നേഹം കാട്ടിയ ഒരു തടവുകാരൻ, യോഗങ്ങൾ നടത്താൻ ഒരു സ്ഥലമുണ്ടായിരിക്കുന്നതിനു ജയിലിനുള്ളിൽ ചെറിയൊരു രാജ്യഹാൾ പണിയാൻ തീരുമാനിച്ചു. അയാൾ ജയിൽമേധാവിയുടെ അടുക്കൽ പോയി അനുവാദം ചോദിച്ചു. അധികാരികൾ നന്നായി സഹകരിക്കുകയും ചെയ്തു. 1992 ഡിസംബർ ആരംഭത്തിൽ ആറ് തടവുകാർ സുവാർത്തയുടെ പ്രസാധകരായി യോഗ്യത പ്രാപിച്ചിരുന്നു. അഭിവൃദ്ധി പ്രകടമായിരുന്നതിനാൽ ജയിലിനുള്ളിൽ സ്മാരകാഘോഷം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ചിഹ്നങ്ങളായ അപ്പവും വീഞ്ഞും ജയിലിനുള്ളിൽ കൊണ്ടുവരുന്നതിനു ഞങ്ങൾ ജയിൽമേധാവിയോട് അനുവാദം ചോദിച്ചു. നാലു മണിക്കൂർ നേരത്തെ ചർച്ചയ്ക്കുശേഷം അനുമതി ലഭിച്ചു.
“ചില തടവുകാർ 1993 ഏപ്രിൽ 3-ന് (സ്മാരകാഘോഷത്തിനു മൂന്നു ദിവസം മുമ്പ്) വിമോചിതരായി. പ്രസാധകനായ ഒരുവനു തന്റെ വിമോചനപത്രങ്ങൾ ലഭിച്ചപ്പോൾ, സ്മാരകാഘോഷം കഴിയുന്നതുവരെ താമസിക്കാനുള്ള അനുവാദത്തിനായി ജയിൽമേധാവിയോടു സംസാരിക്കാൻ അയാൾ ആഗ്രഹിച്ചു. അതു ജയിൽമേധാവിയെ വാസ്തവത്തിൽ അമ്പരപ്പിച്ചുകളഞ്ഞു. കാരണം, ഒരു സാധാരണ അപേക്ഷയല്ലായിരുന്നു അത്. ജയിലിൽ നടത്തുന്ന സ്മാരകത്തിൽ സംബന്ധിക്കാനുള്ള തടവുകാരന്റെ അതിയായ താത്പര്യം നിമിത്തം അയാൾക്ക് അനുവാദം കിട്ടി. സ്മാരകത്തിൽ 53 പേരാണു സംബന്ധിച്ചത്. പരിപാടിയുടെ അവസാനം അവർ സന്തോഷാശ്രുക്കൾ പൊഴിച്ചു. ആ കൂട്ടത്തെ ‘സ്വതന്ത്ര സെറേസോ’ എന്നു വിളിക്കുന്നതിനോടു ഞങ്ങൾ യോജിച്ചു. കാരണം, ആത്മീയ അർഥത്തിൽ അവർ സ്വതന്ത്രരാണ്.”
ഈ സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വേലയോടു വളരെയധികം വിലമതിപ്പുണ്ട്. ദുർഗുണപരിഹാര കേന്ദ്രങ്ങളിലൊന്നിന്റെ ചുമതലയുള്ള വ്യക്തി, അന്തേവാസികളുടെ പെട്ടെന്നുള്ള പുനരധിവാസത്തിനു “ചികിത്സ” എന്നനിലയിൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാൻ പരസ്യമായി ശുപാർശ ചെയ്യുന്നു.
വിജയപ്രദമായ ഒരു പുനരധിവാസ പരിപാടി
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഹേതുവായി അനേകം തടവുപുള്ളികളെയും പൂർണമായി പുനരധിവസിപ്പിക്കുക സാധ്യമായിട്ടുണ്ട്. ചില തടവുപുള്ളികൾ വിമോചിതരാകുമ്പോൾ വീണ്ടും കുറ്റകൃത്യത്തിലേക്കു തിരിയുന്നു എന്നതു സത്യമാണെങ്കിലും, ദൈവവചനത്തിന്റെ സന്ദേശം യഥാർഥത്തിൽ സ്വീകരിച്ചിട്ടുള്ളവർക്കു പൂർണമായ പരിവർത്തനം വന്നിട്ടുണ്ട്. അവരിൽ വന്ന പരിവർത്തനം പൗലൊസിന്റെ വാക്കുകളെയാണ് ഓർമിപ്പിക്കുന്നത്: “ദുർന്നടപ്പുകാർ, . . . കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
അവരുടെ വ്യക്തിത്വത്തിലുണ്ടായ മുന്തിയ മാറ്റം അവർ തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ ദൃശ്യമാണ്. കാംപിച്ചി നഗരത്തിലെ കാംപിച്ചി എന്ന ജയിലിൽ കഴിയുന്ന മിഗെൽ പറഞ്ഞത് ഇപ്രകാരമാണ്: “2 പത്രൊസ് 3:13-ലും മത്തായി 5:5-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യാശയുള്ള വേറെ ആടുകളുടെ കൂട്ടത്തിലായിരിക്കുന്നതായി ഞാൻ എന്നെത്തന്നെ കണക്കാക്കുന്നു എന്നു പറയാൻ എനിക്കിന്നു സന്തോഷമുണ്ട്.” കാംപിച്ചിയിലെ കോബെൻ ജയിലിലുള്ള ഹോസേ ഇങ്ങനെ പറഞ്ഞു: “ഒരു തടവുപുള്ളിയായ ഞാൻ ചെയ്ത കുറ്റകൃത്യം വളരെ ഗൗരവമുള്ളതാണെങ്കിലും, യഹോവ വളരെ കരുണാമയനും എന്റെ പ്രാർഥനകളും അപേക്ഷകളും ശ്രദ്ധിക്കുന്നവനുമാണെന്ന് എനിക്കറിയാം. എന്റെ അപരാധങ്ങൾ ക്ഷമിച്ച്, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവെച്ചുകൊണ്ടു ശിഷ്ടായുസ്സ് ചെലവഴിക്കാനുള്ള അവസരം എനിക്കു തരാൻ അവനു സാധിക്കും. ദൈവരാജ്യ വാഗ്ദാനങ്ങളിൽനിന്നു ഞങ്ങൾ പ്രയോജനം നേടുന്നതിനു ജയിലിൽ വന്ന് ഞങ്ങളെ സന്ദർശിക്കാൻ സമയം നീക്കിവെക്കുന്ന ഞങ്ങളുടെ മൂപ്പന്മാരോടു ഞങ്ങൾ നന്ദിയുള്ളവരാണ്. എത്ര സന്തോഷകരമായ അനുഗ്രഹങ്ങൾ! ഞാനൊരു ജയിൽപ്പുള്ളിയാണെന്ന് എനിക്കു പറയാൻ കഴിയുമോ? ഇല്ല, ആവശ്യമായ ആത്മീയ സ്വാതന്ത്ര്യം യഹോവ എനിക്കു തന്നിരിക്കുന്നു.”
നല്ല രീതിയിൽ ജീവിക്കുന്ന ക്രിസ്ത്യാനികളായിത്തീരത്തക്കവണ്ണം മാറ്റം വരുത്താൻ ഘാതകരെയും ബലാൽസംഗകരെയും കൊള്ളിവെപ്പുകാരെയും കള്ളന്മാരെയും പ്രേരിപ്പിക്കുന്നത് എന്താണ്? അവർതന്നെ പറയുന്നതനുസരിച്ച്, പരിവർത്തനം വരുത്താനുള്ള ദൈവവചനത്തിന്റെ ശക്തിയും ശരിക്കും അർപ്പണമനോഭാവമുള്ള ആളുകളോടൊത്തുള്ള സഹവാസവുമാണ്. ഈ പുനരധിവാസ പരിപാടിയുടെ വിജയത്തിന്റെ ഉദാഹരണമാണു സിനലോവയിലെ മാസറ്റ്ലാനിലുള്ള ദുർഗുണപരിഹാര കേന്ദ്രത്തിൽ കഴിയുന്ന റ്റിബൂർസിയോ. സിനലോവയിലെ കോൺകോർഡിയായിലുള്ള ജയിലിൽ കഴിയുകയായിരുന്നു അയാൾ. അയാളുടെ അക്രമോന്മുഖമായ പ്രകൃതം നിമിത്തം അവിടെ അയാൾക്കു പ്രശ്നങ്ങളുണ്ടായിരുന്നു. അയാളുടെ ഭാര്യ യഹോവയുടെ സാക്ഷിയായിരുന്നു. അയാൾ അവളോട്, ജയിലിൽ അവൾ അയാളെ കാണാൻ വരുമ്പോൾപോലും വളരെ മോശമായി പെരുമാറിയിരുന്നു. എന്നിട്ടും എല്ലാം ക്ഷമിച്ച് അയാളെ കാണാൻ അവൾ വന്നുകൊണ്ടിരുന്നു. അതുകൊണ്ട് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം കൊണ്ടുവന്നു തരാൻ അയാൾ അവളോട് ആവശ്യപ്പെട്ടു.a ആ പുസ്തകം അയാൾ തന്നെത്താൻ പഠിക്കാൻ തുടങ്ങി. പിന്നീട് ആരെങ്കിലും ജയിലിൽ വന്ന് തന്നെ പഠിപ്പിക്കാൻ അയാൾ ആവശ്യപ്പെട്ടു. അയാൾ ആത്മീയ പുരോഗതി കൈവരിക്കാൻ തുടങ്ങി. മറ്റുള്ളവരുമായുള്ള അയാളുടെ ബന്ധങ്ങളും മെച്ചപ്പെടാൻ തുടങ്ങി. മാസറ്റ്ലാനിലുള്ള ജയിലിലേക്ക് അയാളെ മാറ്റുകയുണ്ടായി. അവിടെ ബൈബിൾ പഠിക്കുന്ന ഒരു കൂട്ടമുണ്ട്, ഇപ്പോൾ അയാൾ ഒരു പ്രസാധകനാണ്. അയാൾ പറയുന്നു: “ഈ സ്ഥലത്തുവെച്ചു ബൈബിൾ സത്യങ്ങൾ കേൾക്കാൻ സാധിക്കുന്നതിൽ ഭാര്യയും കുട്ടികളും ജയിലിലെ എന്റെ കൂട്ടുകാരും ഞാനും വളരെ കൃതജ്ഞതയുള്ളവരാണ്. സമീപ ഭാവിയിൽ ഞാൻ മോചിതനാകുമെന്നും എല്ലാ സമ്മേളനങ്ങളിലും സഭായോഗങ്ങളിലും സംബന്ധിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയെനിക്കുണ്ട്.”
ജീവിതത്തിൽ വരുത്താൻ കഴിഞ്ഞ മാറ്റങ്ങൾ നിമിത്തം നന്ദിയുള്ള മറ്റൊരാളാണ് കോൺറാഡോ. അയാളുടെ വിവാഹജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ, ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. അതുകൊണ്ട് അയാൾ മയക്കുമരുന്നുകളിൽ അഭയം തേടി. ഒടുവിൽ അയാൾ ഒരു മയക്കുമരുന്ന് ഇടപാടുകാരനുമായിത്തീർന്നു. മരിജ്വാനയും കൊക്കെയ്നും കടത്തിയതിന്റെ പേരിൽ അയാളെ അറസ്റ്റ് ചെയ്തു തടവിലാക്കി. ജയിലിൽ ഒരു കൂട്ടമാളുകൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം പഠിക്കാൻ അയാളെയും ക്ഷണിച്ചു. അയാൾ തനിക്കു തോന്നിയ വികാരങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: “നല്ല ചിട്ടയോടെയാണു യോഗങ്ങൾ നടന്നത്, അതും പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുള്ള ബൈബിൾ പരിശോധനാ പരിപാടിയും സകല കാര്യങ്ങളും ബൈബിളധിഷ്ഠിതമായിരുന്നുവെന്ന വസ്തുതയുമൊക്കെ എന്നിൽ മതിപ്പുളവാക്കി. എന്നെയും ബൈബിൾ പഠിപ്പിക്കാമോ എന്നു ഞാൻ ഉടൻതന്നെ ചോദിച്ചു. എല്ലാ യോഗങ്ങളിലും സംബന്ധിക്കാനും തുടങ്ങി.” അത് 1993 ജനുവരിയിലായിരുന്നു. ജയിൽമോചിതനായ കോൺറാഡോ ഇപ്പോൾ ക്രിസ്തീയ സഭയിൽ പുരോഗതി കൈവരിക്കുന്നതിൽ തുടരുന്നു.
ഇസ്ലാസ് മാരിയാസ്
സംഭ്രാന്തി ജനിപ്പിക്കുന്ന ഒരു ജയിൽ മെക്സിക്കോയിലുണ്ട്. ഇസ്ലാസ് മാരിയാസ് എന്നു വിളിക്കുന്ന നാലു ദ്വീപുകൾ ചേർന്നുള്ളതാണ് അത്. ജയിൽപ്പുള്ളികളെ തടവിലിട്ടിരിക്കുന്ന ഈ തടങ്കൽ ദ്വീപുകളിലെല്ലായിടവും അവർക്കു യാത്ര ചെയ്യാം. ചിലർ അവിടെ താമസിക്കുന്നതു ഭാര്യമാരോടും മക്കളോടുമൊപ്പമാണ്.
അവിടെ ചെറിയൊരു സഭയുണ്ട്. മാസറ്റ്ലാനിലുള്ള മൂന്നു സഹോദരങ്ങൾ മാസത്തിലൊരിക്കൽ അവിടെ വന്നു യോഗങ്ങൾ നടത്താൻ സഹായിക്കുകയും സാഹിത്യങ്ങൾ കൊടുക്കുകയും പ്രോത്സാഹനമേകുകയും ചെയ്യുന്നു. ചിലപ്പോൾ സർക്കിട്ട് മേൽവിചാരകൻ അവരെ സന്ദർശിക്കാറുണ്ട്. ശരാശരി യോഗഹാജർ 20-നും 25-നും ഇടയിലാണ്. സ്നാപനമേറ്റ നാലു പ്രസാധകരും സ്നാപനമേൽക്കാത്ത രണ്ടു പ്രസാധകരുമാണ് അവിടെയുള്ളത്. “ഞായറാഴ്ചത്തെ യോഗങ്ങളിൽ സംബന്ധിക്കാൻ ചിലർക്ക് 17 കിലോമീറ്റർ നടക്കണം. യോഗം തീർന്നാലുടൻ അവർ തിടുക്കത്തിൽ തിരിച്ചുപോകും. കാരണം ഹാജർവിളിയുടെ സമയത്ത് അവർ സ്ഥലത്ത് ഉണ്ടായിരുന്നേ പറ്റൂ. വേഗത്തിൽ നടന്നാൽ രണ്ടു മണിക്കൂറിലധികം വേണം തിരിച്ചെത്താൻ” എന്നു സഞ്ചാരമേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. ആ ജയിലിൽവെച്ചു സത്യം പഠിച്ച ഒരു സഹോദരൻ അടുത്തയിടെ ഇങ്ങനെ പറഞ്ഞു: “എത്രയും പെട്ടെന്നു ജയിലിൽനിന്നു പുറത്തു പോകാൻ എനിക്കു തിടുക്കമായിരുന്നു. ഇപ്പോഴോ, യഹോവയുടെ ഇഷ്ടം എപ്പോഴാണോ അപ്പോൾ അതു നടക്കട്ടെ. കാരണം ജയിലിനുള്ളിൽ എനിക്കു ധാരാളം ജോലി ചെയ്തുതീർക്കാനുണ്ട്.”
യഹോവയെ പ്രസാദിപ്പിക്കാൻ വഴി തേടുന്ന ആത്മാർഥതയുള്ളവരെ വിമോചിപ്പിക്കാനുള്ള ശക്തി സത്യത്തിനുണ്ടെന്നു കാണുന്നതിൽ നാം സന്തോഷിക്കുന്നു. ജയിലിൽവെച്ചു സത്യം പഠിച്ച ഒരു ഡസനിലേറെ പേർ ജയിൽമോചിതരായിരിക്കുന്നു. സ്നാപനമേറ്റ അവരിപ്പോൾ ആദരണീയ ജീവിതം നയിക്കുന്ന ദൈവദാസന്മാരാണ്. ചിലർ സഭാമൂപ്പന്മാർപോലും ആയിത്തീർന്നിരിക്കുന്നു. ഹൃദയങ്ങളെ സൗഖ്യമാക്കി ആളുകളിൽ പരിവർത്തനം വരുത്താൻ ബൈബിളിനു ശക്തിയുണ്ടെന്നുള്ളതിനു വിസ്മയാവഹമായ തെളിവുണ്ട്. ദുഷ്പ്രവൃത്തികൾ ചെയ്തതിന്റെ പേരിൽ തടവിലാക്കപ്പെട്ട ഈ പുരുഷന്മാർ ദൈവവചനം വെളിച്ചം ചൊരിയുന്ന പാതയിൽ പ്രവേശിക്കുന്നതോടെ, “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞപ്പോൾ യേശു വാഗ്ദാനം ചെയ്ത യഥാർഥ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നു.—യോഹന്നാൻ 8:32; സങ്കീർത്തനം 119:105.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[23-ാം പേജിലെ ചിത്രം]
ജയിലിൽവെച്ചു പഠിച്ച ക്രിസ്തീയ സത്യങ്ങളിൽനിന്ന് അനേകർ പ്രയോജനം നേടി