-
തോട്ടത്തിലെ കഠോര വേദനജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
അധ്യായം 117
തോട്ടത്തിലെ കഠോര വേദന
പ്രാർത്ഥന അവസാനിപ്പിച്ച ശേഷം യേശുവും അവന്റെ വിശ്വസ്‌തരായ 11 അപ്പൊസ്‌തലൻമാരും ചേർന്ന് യഹോവക്ക് സ്‌തുതികീർത്തനങ്ങൾ പാടുന്നു. പിന്നീട് അവർ മാളിക മുറിയിൽ നിന്ന് താഴെയിറങ്ങി പുറത്ത് രാത്രിയുടെ ശീതളമായ അന്തരീക്ഷത്തിൽ കിദ്രോൻ താഴ്‌വര കടന്ന് ബെഥനിയെ ലക്ഷ്യമാക്കി പോകുന്നു. എന്നാൽ വഴിമദ്ധ്യേ അവർക്ക് പ്രിയപ്പെട്ട ഒരു സ്ഥാനത്ത് ഗെത്ത്‌ശെമന തോട്ടത്തിൽ, അവർ തങ്ങുന്നു. അത് ഒലിവു മലയിൽ അല്ലെങ്കിൽ അതിന്റെ സമീപത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ ഒലിവു വൃക്ഷങ്ങൾക്കിടയിൽ യേശു അപ്പൊസ്‌തലൻമാരോടൊപ്പം മിക്കപ്പോഴും സമ്മേളിച്ചിട്ടുണ്ട്.
അപ്പൊസ്‌തലൻമാരിൽ എട്ടുപേരെ ഒരുപക്ഷേ തോട്ടത്തിന്റെ പ്രവേശനത്തിങ്കൽ ആക്കിയിട്ടു യേശു അവരോട് പറയുന്നു: “ഞാൻ അവിടെ മാറി പ്രാർത്ഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുവിൻ.” പിന്നെ മറേറ മൂന്നുപേരെ—പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും—കൂട്ടിക്കൊണ്ട് അവൻ തോട്ടത്തിന്റെ ഉളളിലേക്ക് പോകുന്നു. അവൻ ദുഃഖിക്കാനും വ്യാകുലപ്പെടാനും തുടങ്ങി. “എന്റെ ദേഹി മരണത്തോളം അതീവ ദുഃഖിതമായിരിക്കുന്നു,” അവൻ അവരോട് പറയുന്നു. “ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ.”
അൽപ്പം മുമ്പോട്ട് പോയി നിലത്തു കമിഴ്‌ന്നു വീണ് യേശു വികാരവായ്‌പോടെ പ്രാർത്ഥിച്ചു തുടങ്ങുന്നു: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നെ വിട്ടുപോകട്ടെ. എങ്കിലും ഞാൻ ആഗ്രഹിക്കുന്നതുപോലെയല്ല നീ ആഗ്രഹിക്കുന്നതുപോലെ തന്നെ സംഭവിക്കട്ടെ.” അവൻ എന്താണ് അർത്ഥമാക്കുന്നത്? അവൻ മരണത്തോളം ആഴത്തിൽ ദുഃഖിതനായിരിക്കുന്നത് എന്തുകൊണ്ടാണ്? മരിച്ച് മറുവില നൽകാനുളള തീരുമാനത്തിൽ നിന്ന് അവൻ പിന്നോക്കം പോവുകയാണോ?
ഒരിക്കലുമല്ല! യേശു മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടണമെന്ന് അപേക്ഷിക്കുകയല്ല. ഒരിക്കൽ പത്രോസ് നിർദ്ദേശിച്ചതുപോലെ, ഒരു ബലിമരണം ഒഴിവാക്കാനുളള ചിന്ത തന്നെ അവന് അങ്ങേയററം അരോചകമാണ്. മറിച്ച്, ഒരു നിന്ദ്യനായ കുററവാളിയെപ്പോലെ താൻ മരിക്കുന്നതിനാൽ തന്റെ പിതാവിന്റെ നാമത്തിൻമേൽ നിന്ദ വരുത്തിയേക്കുമോ എന്നുളള ഭയത്താൽ അവൻ അതിവേദനയിലാണ്. ഏതാനും മണിക്കൂറുകൾക്കുളളിൽ ഏററവും മോശപ്പെട്ട ഒരു വ്യക്തിയായി—ദൈവത്തിനെതിരെ ദൂഷണം പറയുന്നവനായി—താൻ ഒരു സ്‌തംഭത്തിൽ തൂക്കപ്പെടുമെന്ന് അവൻ മനസ്സിലാക്കുന്നു! ഇതാണ് അവനെ വ്യാകുലപ്പെടുത്തുന്നത്.
ദീർഘമായി പ്രാർത്ഥിച്ചശേഷം മടങ്ങി വരുമ്പോൾ മൂന്ന് അപ്പൊസ്‌തലൻമാരും ഉറങ്ങുന്നതായി യേശു കാണുന്നു. പത്രോസിനോടായി അവൻ ചോദിക്കുന്നു: “നിങ്ങൾക്ക് ഒരു മണിക്കൂർ എന്നോടുകൂടെ ഉണർന്നിരിക്കാൻ കഴിയില്ലേ? നിങ്ങൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ വേണ്ടി ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പാൻ.” അവർ അനുഭവിച്ച കഠിന സമ്മർദ്ദങ്ങളും സമയം വളരെ വൈകിയിരിക്കുന്നു എന്ന വസ്‌തുതയും അംഗീകരിച്ചുകൊണ്ട് അവൻ പറയുന്നു: “ആത്മാവ് സന്നദ്ധമെങ്കിലും ജഡം ബലഹീനമത്രേ.”
യേശു രണ്ടാമതും പോയി “ഈ പാനപാത്രം,” അതായത് അവനെ സംബന്ധിച്ചുളള യഹോവയുടെ നിയമിത ഭാഗധേയം അഥവാ ഇഷ്ടം നീങ്ങിക്കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു. അവൻ മടങ്ങിവരുമ്പോൾ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻവേണ്ടി പ്രാർത്ഥിക്കുന്നതിനു പകരം അവർ മൂവരും വീണ്ടും ഉറങ്ങുന്നതായി അവൻ കാണുന്നു. യേശു അവരോട് സംസാരിക്കുമ്പോൾ എന്തു മറുപടി പറയണമെന്ന് അവർക്ക് അറിഞ്ഞുകൂടാ.
അവസാനമായി, മൂന്നാം പ്രാവശ്യവും യേശു ഒരു കല്ലേറുദൂരം മാറിപ്പോയി മുട്ടിൻമേൽ നിന്ന് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ പ്രാർത്ഥിക്കുന്നു: “പിതാവേ, നിനക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് നീങ്ങിപ്പോകട്ടെ.” ഒരു കുററപ്പുളളിയെന്നനിലയിലുളള തന്റെ മരണം തന്റെ പിതാവിന്റെ നാമത്തിൻമേൽ നിന്ദ വരുത്തുമെന്നുളളതിൽ യേശുവിന് അതിയായ വേദന അനുഭവപ്പെടുന്നു. എന്തിന്, ഒരു ദൈവദൂഷകനായി—ദൈവത്തെ ശപിക്കുന്ന ഒരുവനായി—കുററം വിധിക്കപ്പെടുക എന്നത് അവന് സഹിക്കാവുന്നതിലും അധികമാണ്!
എന്നിരുന്നാലും യേശു ഇങ്ങനെ പ്രാർത്ഥിക്കുന്നതിൽ തുടരുന്നു: “ഞാൻ ആഗ്രഹിക്കുന്നതുപോലെയല്ല, നീ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെ.” യേശു അനുസരണപൂർവ്വം ദൈവത്തിന്റെ ഇഷ്ടത്തിന് തന്നെത്തന്നെ കീഴ്‌പ്പെടുത്തുന്നു. അതിങ്കൽ സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി പ്രോൽസാഹന വാക്കുകളാൽ അവനെ ശക്തിപ്പെടുത്തുന്നു. സാദ്ധ്യതയനുസരിച്ച് യേശുവിന്റെമേൽ അവന്റെ പിതാവിന്റെ അംഗീകാരത്തിന്റെതായ മന്ദസ്‌മിതമുണ്ട് എന്ന് ദൂതൻ അവനോട് പറയുന്നു.
എന്നിരുന്നാലും യേശുവിന്റെ തോളിൽ എന്തോരു ഭാരമാണുളളത്! തന്റെതന്നെ നിത്യജീവനും മുഴു മനുഷ്യവർഗ്ഗത്തിന്റെയും നിത്യജീവനും ത്രാസ്സിൽ തൂങ്ങുകയാണ്. വൈകാരികമായ സമ്മർദ്ദം ഭയങ്കരമാണ്. അതുകൊണ്ട് യേശു കൂടുതൽ തീവ്രമായി പ്രാർത്ഥന തുടരുന്നു, അവന്റെ വിയർപ്പ് രക്തതുളളികൾപോലെ നിലത്തു വീഴുന്നു. “ഇതൊരു അസാധാരണ പ്രതിഭാസമാണെങ്കിലും . . . വളരെ തീവ്രമായ വികാരമുളള അവസ്ഥയിൽ രക്തം വിയർത്തേക്കാം” എന്ന് ദി ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ നിരീക്ഷിക്കുന്നു.
പിന്നീട് മൂന്നാം വട്ടവും യേശു തന്റെ അപ്പൊസ്‌തലൻമാരുടെ അടുക്കൽ മടങ്ങിവന്ന് അവരെ വീണ്ടും ഉറങ്ങുന്നവരായി കണ്ടെത്തുന്നു. അവർ ദുഃഖം കൊണ്ടു നന്നേ തളർന്നിരിക്കുന്നു. “ഈ സമയത്താണോ നിങ്ങൾ ഉറങ്ങി ആശ്വസിക്കുന്നത്!” അവൻ വികാരാധീനനായി ചോദിക്കുന്നു. “മതി! ഇപ്പോൾ നാഴിക വന്നിരിക്കുന്നു! നോക്കൂ! മനുഷ്യപുത്രൻ പാപികളുടെ കൈകളിൽ ഏൽപ്പിക്കപ്പെടാൻ പോകുന്നു. എഴുന്നേൽപ്പിൻ നമുക്ക് പോകാം. നോക്കൂ! എന്നെ ഒററിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു.”
അവൻ സംസാരിക്കുമ്പോൾ തന്നെ യൂദാ ഈസ്‌കാരിയോത്ത് പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമേന്തിയ ഒരു ജനക്കൂട്ടത്തോടൊപ്പം അടുത്തെത്തുന്നു. മത്തായി 26:30, 36-47; 16:21-23; മർക്കോസ് 14:26, 32-43; ലൂക്കോസ് 22:39-47; യോഹന്നാൻ 18:1-3; എബ്രായർ 5:7.
▪ മാളികമുറി വിട്ടശേഷം യേശു തന്റെ അപ്പൊസ്‌തലൻമാരെ എങ്ങോട്ട് നയിക്കുന്നു, അവിടെ അവൻ എന്തു ചെയ്യുന്നു?
▪ യേശു പ്രാർത്ഥിക്കുമ്പോൾ അപ്പൊസ്‌തലൻമാർ എന്തു ചെയ്യുകയാണ്?
▪ യേശു കഠോരവേദനയിലായിരിക്കുന്നത് എന്തുകൊണ്ട്, ദൈവത്തോട് അവൻ എന്ത് അപേക്ഷ കഴിക്കുന്നു?
▪ യേശുവിന്റെ വിയർപ്പ് രക്തതുളളികൾപോലെ ആയിത്തീരുന്നതിനാൽ എന്തു സൂചിപ്പിക്കപ്പെടുന്നു?
-
-
ഒററിക്കൊടുക്കലും അറസ്ററുംജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
അധ്യായം 118
ഒററിക്കൊടുക്കലും അറസ്‌ററും
യൂദാ പടയാളികളും മുഖ്യപുരോഹിതൻമാരും പരീശൻമാരും മററുളളവരും ഉൾപ്പെട്ട ഒരു വലിയ ജനക്കൂട്ടത്തെ ഗെത്ത്‌ശെമന തോട്ടത്തിലേക്ക് നയിച്ചുകൊണ്ടു ചെല്ലുമ്പോൾ സമയം പാതിരാത്രിയൊക്കെ കഴിഞ്ഞിരിക്കുന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നതിന് യൂദാക്ക് 30 വെളളി നാണയം കൊടുക്കാമെന്ന് പുരോഹിതൻമാർ സമ്മതിച്ചിരിക്കുന്നു.
നേരത്തെ, യൂദാ പെസഹാ ഭക്ഷണവേളയിൽ പുറന്തളളപ്പെട്ടപ്പോൾ അവൻ നേരെ പോയത് മുഖ്യപുരോഹിതൻമാരുടെ അടുത്തേക്കുതന്നെയാണ്. അവർ ഉടനെതന്നെ അവരുടെ ഉദ്യോഗസ്ഥൻമാരെയും ഒരു സംഘം പടയാളികളെയും വിളിച്ചുകൂട്ടി. യൂദാ ഒരുപക്ഷേ ആദ്യം യേശുവും അപ്പൊസ്‌തലൻമാരും പെസഹ ആഘോഷിച്ച സ്ഥലത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയിരിക്കാം. അവർ അവിടം വിട്ടുപോയി എന്നു മനസ്സിലാക്കിയപ്പോൾ ആയുധങ്ങളും പന്തങ്ങളും വിളക്കുകളുമായി, ജനക്കൂട്ടം യൂദായുടെ പിന്നാലെ യെരൂശലേമിൽനിന്ന് പുറപ്പെട്ട് കിദ്രോൻ താഴ്‌വര കടന്നു.
അവൻ ജനക്കൂട്ടത്തെ ഒലിവുമലയിലേക്ക് നയിക്കുമ്പോൾ യേശുവിനെ എവിടെ കണ്ടെത്താമെന്ന് അവന് ഉറപ്പുണ്ട്. തലേവാരത്തിൽ യേശുവും അപ്പൊസ്‌തലൻമാരും ബെഥനിയിൽ നിന്ന് യെരൂശലേമിലേക്കും തിരിച്ചും യാത്ര ചെയ്‌തപ്പോൾ അവർ മിക്കപ്പോഴും വിശ്രമിക്കുന്നതിനും സംഭാഷിക്കുന്നതിനുമായി ഗെത്ത്‌ശെമന തോട്ടത്തിൽ സമയം ചെലവഴിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒലിവുമരച്ചുവട്ടിലെ ഇരുളിന്റെ മറവിൽ പടയാളികൾ യേശുവിനെ എങ്ങനെയാണ് തിരിച്ചറിയുക? അവർ മുമ്പൊരിക്കലും അവനെ കണ്ടിട്ടില്ലായിരിക്കാം. അതുകൊണ്ട് യൂദാ അവർക്ക് ഒരു അടയാളം പറഞ്ഞുകൊടുക്കുന്നു: “ഞാൻ ആരെ ചുംബിക്കുന്നുവോ അവൻതന്നെ ആണ്; അവനെ പിടിച്ച് ബന്ധിച്ചുകൊണ്ട് പൊയ്‌ക്കൊളളുവിൻ.”
യൂദാ ജനക്കൂട്ടത്തെ തോട്ടത്തിലേക്ക് നയിക്കുന്നു, അവൻ അപ്പൊസ്‌തലൻമാരോടൊപ്പം യേശുവിനെ കാണുന്നു. അവൻ നേരെ ചെന്ന് “റബ്ബീ! വന്ദനം” എന്ന് പറഞ്ഞ് യേശുവിനെ സ്‌നേഹപൂർവ്വം ചുംബിക്കുന്നു.
“സ്‌നേഹിതാ നീ എന്തിനു വന്നിരിക്കുന്നു?” എന്ന് യേശു ചോദിക്കുന്നു. എന്നിട്ട് തന്റെ ചോദ്യത്തിന് താൻ തന്നെ ഉത്തരം നൽകിക്കൊണ്ട് ചോദിക്കുന്നു, “യൂദാ നീ ഒരു ചുംബനം കൊണ്ട് മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നുവോ?” എന്നാൽ ഒററുകാരനെപ്പററി പറഞ്ഞതു മതി! യേശു പന്തങ്ങളുടെയും വിളക്കുകളുടെയും വെളിച്ചത്തിലേക്ക് മാറി നിന്ന് ചോദിക്കുന്നു: “നിങ്ങൾ ആരെ അന്വേഷിക്കുന്നു?”
“നസറായനായ യേശുവിനെ,” അവർ ഉത്തരമായി പറഞ്ഞു.
“അവൻ ഞാനാകുന്നു,” അവരുടെയെല്ലാം മുമ്പിൽ നിന്നുകൊണ്ട് യേശു ധൈര്യസമേതം പറയുന്നു. അവന്റെ ധൈര്യം കണ്ട് അന്ധാളിച്ചും എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെയും അവർ പിന്നോക്കം പോയി നിലത്തു വീഴുന്നു.
“അവൻ ഞാനാണെന്ന് ഞാൻ പറഞ്ഞുവല്ലോ,” ശാന്തനായി യേശു തുടരുന്നു. “നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്‌ക്കൊളളട്ടെ.” കുറച്ചു മുൻപ് മാളികമുറിയിൽ വച്ച് താൻ തന്റെ വിശ്വസ്‌തരായ അപ്പൊസ്‌തലൻമാരെ കാത്തു സൂക്ഷിച്ചിരുന്നുവെന്നും “ആ നാശപുത്രൻ” അല്ലാതെ ആരും നഷ്ടമായിപ്പോയിട്ടില്ലെന്നും യേശു തന്റെ പിതാവിനോടുളള പ്രാർത്ഥനയിൽ പറഞ്ഞിരുന്നു. അതുകൊണ്ട് തന്റെ വാക്കുകൾ നിവൃത്തിയാകേണ്ടതിന് തന്റെ അനുയായികൾ പോകാൻ അനുവദിക്കണമെന്ന് യേശു ആവശ്യപ്പെടുന്നു.
പടയാളികൾ തങ്ങളുടെ സമനില വീണ്ടെടുക്കുകയും എഴുന്നേററ് യേശുവിനെ ബന്ധിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അപ്പൊസ്‌തലൻമാർക്ക് മനസ്സിലാകുന്നു. “കർത്താവേ, ഞങ്ങൾ വാൾകൊണ്ട് വെട്ടട്ടെയോ?” അവർ ചോദിക്കുന്നു. യേശു മറുപടി പറയുംമുമ്പേ പത്രോസ് അപ്പൊസ്‌തലൻമാരുടെ കൈവശമുണ്ടായിരുന്ന രണ്ട് വാളുകളിൽ ഒന്ന് വീശി പ്രധാനപുരോഹിതന്റെ സേവകരിൽ ഒരുവനായ മൽക്കൊസിനെ ആക്രമിക്കുന്നു. പത്രോസിന്റെ വെട്ട് ആ ദാസന്റെ തലക്കു കൊളളാതെ അവന്റെ വലതുകാതു ഛേദിക്കുന്നു.
“അരുത്,” എന്ന് പറഞ്ഞ് യേശു ഇടപെടുകയും മൽക്കൊസിന്റെ ചെവിതൊട്ട് മുറിവ് സുഖമാക്കുകയും ചെയ്യുന്നു. പിന്നെ പത്രോസിനോട് ഇങ്ങനെ കൽപ്പിച്ചുകൊണ്ട് യേശു ഒരു സുപ്രധാനമായ പാഠം പഠിപ്പിക്കുന്നു: “നിന്റെ വാൾ അതിന്റെ ഉറയിൽ ഇടുക, എന്തുകൊണ്ടെന്നാൽ വാളെടുക്കുന്നവനെല്ലാം വാളാൽ നശിക്കും. അല്ലെങ്കിൽ ഇപ്പോൾ തന്നെ പന്ത്രണ്ട് ലെഗ്യോനിലധികം ദൂതൻമാരെ അയച്ചു തരുവാൻ എനിക്ക് എന്റെ പിതാവിനോട് അപേക്ഷിച്ചുകൂടാ എന്ന് നീ കരുതുന്നുവോ?”
അറസ്‌ററ് വരിക്കാൻ യേശുവിന് മനസ്സാണ്, എന്തുകൊണ്ടെന്നാൽ അവൻ വിശദീകരിക്കുന്നു: “അപ്പോൾ ഇങ്ങനെ സംഭവിക്കണമെന്നുളള തിരുവെഴുത്തുകൾ എങ്ങനെ പൂർത്തിയാകും?” “എന്റെ പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?” എന്ന് യേശു കൂട്ടിച്ചേർക്കുന്നു. തന്നെ സംബന്ധിച്ചുളള ദൈവേഷ്ടത്തോട് അവൻ പൂർണ്ണ യോജിപ്പിലാണ്!
പിന്നെ യേശു ജനക്കൂട്ടത്തെ അഭിസംബോധനചെയ്യുന്നു. “ഒരു കൊളളക്കാരന് എതിരെ എന്നപോലെ എന്നെ പിടികൂടാൻ നിങ്ങൾ വാളുകളും വടികളുമായി വന്നിരിക്കുന്നുവോ?” അവൻ ചോദിക്കുന്നു. “ദിനംപ്രതി ഉപദേശിച്ചുകൊണ്ട് ഞാൻ ദേവാലയത്തിൽ ഇരുന്നിരുന്നു, എന്നാൽ നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ പ്രവാചകൻമാരുടെ തിരുവെഴുത്തുകൾക്ക് നിവൃത്തി വരേണ്ടതിന് ഇവയെല്ലാം സംഭവിച്ചിരിക്കുന്നു.”
അതിങ്കൽ പട്ടാളസംഘവും സൈനികോദ്യോഗസ്ഥനും യഹൂദൻമാരുടെ ഉദ്യോഗസ്ഥൻമാരും ചേർന്ന് യേശുവിനെ പിടിച്ച് ബന്ധിക്കുന്നു. ഇതു കാണുമ്പോൾ അപ്പൊസ്‌തലൻമാർ യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. എന്നിരുന്നാലും ഒരു ചെറുപ്പക്കാരൻ—ഒരുപക്ഷേ ശിഷ്യനായ മർക്കോസ്—ജനക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്നു. അവൻ യേശു പെസഹാ ആഘോഷിച്ച ഭവനത്തിൽ ഉണ്ടായിരുന്നവനും പിന്നീട് അവിടെ നിന്ന് ജനക്കൂട്ടത്തിന്റെ പിന്നാലെ വന്നവനുമായിരിക്കാം. എന്നിരുന്നാലും ഇപ്പോൾ ആരോ അവനെ തിരിച്ചറിയുകയും അവനെ പിടികൂടാൻ ഒരു ശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ അവൻ തന്റെ ശണവസ്‌ത്രം ഉപേക്ഷിച്ചിട്ട് ഓടി രക്ഷപ്പെടുന്നു. മത്തായി 26:47-56; മർക്കോസ് 14:43-52; ലൂക്കോസ് 22:47-53; യോഹന്നാൻ 17:12; 18:3-12.
▪ യേശുവിനെ ഗെത്ത്‌ശെമന തോട്ടത്തിൽ കണ്ടെത്താൻ കഴിയുമെന്ന് യൂദാക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
▪ യേശു തന്റെ അപ്പൊസ്‌തലൻമാരോട് താൽപ്പര്യം പ്രകടമാക്കുന്നത് എങ്ങനെ?
▪ യേശുവിനെ സംരക്ഷിക്കാൻ വേണ്ടി പത്രോസ് എന്തു നടപടി കൈക്കൊളളുന്നു, എന്നാൽ യേശു പത്രോസിനോട് അത് സംബന്ധിച്ച് എന്തു പറയുന്നു?
▪ തന്നെ സംബന്ധിച്ചുളള ദൈവേഷ്ടത്തോട് താൻ പൂർണ്ണയോജിപ്പിലാണെന്ന് യേശു എങ്ങനെ പ്രകടമാക്കുന്നു?
▪ അപ്പൊസ്‌തലൻമാർ യേശുവിനെ ഉപേക്ഷിച്ചുപോകുമ്പോൾ ആർ അവനോടുകൂടെ നിൽക്കുന്നു, അവന് എന്തു സംഭവിക്കുന്നു?
-
-
ഹന്നാവിന്റെയും തുടർന്ന് കയ്യഫാവിന്റെയും അടുക്കൽ കൊണ്ടുപോകപ്പെടുന്നുജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
അധ്യായം 119
ഹന്നാവിന്റെയും തുടർന്ന് കയ്യഫാവിന്റെയും അടുക്കൽ കൊണ്ടുപോകപ്പെടുന്നു
യേശു ഒരു സാധാരണ കുററവാളിയെപ്പോലെ ബന്ധിക്കപ്പെട്ടവനായി ജനസ്വാധീനമുളളവനും മുൻമഹാപുരോഹിതനുമായ ഹന്നാവിന്റെ അടുത്തേക്ക് കൊണ്ടുപോകപ്പെടുന്നു. യേശു ഒരു 12 വയസ്സുളള കുട്ടിയായി ആലയത്തിലെ റബ്ബിമാരെ അതിശയിപ്പിച്ചപ്പോൾ ഹന്നാവായിരുന്നു മഹാപുരോഹിതൻ. പിന്നീട് ഹന്നാവിന്റെ പുത്രൻമാരിൽ പലരും മഹാപുരോഹിതൻമാരായി സേവിച്ചു. ഇപ്പോഴാകട്ടെ അയാളുടെ ജാമാതാവായ കയ്യഫാവാണ് ആ സ്ഥാനത്ത്.
യഹൂദ മതജീവിതത്തിൽ ഹന്നാവിനുണ്ടായിരുന്ന ദീർഘകാലത്തെ പ്രാമുഖ്യത നിമിത്തമായിരുന്നിരിക്കണം യേശു ആദ്യം ഹന്നാവിന്റെ വസതിയിലേക്ക് കൂട്ടിക്കൊണ്ടുപോകപ്പെടുന്നത്. ഹന്നാവിനെ കാണുന്നതിനു വേണ്ടിയുളള ഈ കാലതാമസം യഹൂദ ഉന്നതനീതിപീഠമായ 71 അംഗ സൻഹെദ്രീം വിളിച്ചു കൂട്ടുന്നതിനും കളളസാക്ഷികളെ സംഘടിപ്പിക്കുന്നതിനും കയ്യഫാവിന് വേണ്ടത്ര സമയം നൽകി.
മുഖ്യപുരോഹിതനായ ഹന്നാവ് ഇപ്പോൾ യേശുവിനോട് അവന്റെ ശിഷ്യൻമാരെയും അവന്റെ ഉപദേശത്തെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ യേശു മറുപടിയായി പറയുന്നു: “ഞാൻ പരസ്യമായി ലോകത്തോട് സംസാരിച്ചിരിക്കുന്നു. ഞാൻ എല്ലാ യഹൂദൻമാരും സമ്മേളിക്കുന്ന സിന്നഗോഗുകളിലും ആലയത്തിലുമാണ് ഉപദേശിച്ചിട്ടുളളത്; ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് നീ എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ അവരോട് സംസാരിച്ചിട്ടുളളത് കേട്ടിട്ടുളളവരോട് ചോദിക്കു. നോക്കൂ! ഞാൻ എന്താണ് പറഞ്ഞതെന്ന് ഇവർക്കറിയാം.”
അതിങ്കൽ യേശുവിന്റെ സമീപത്തു നിന്നിരുന്ന ഉദ്യോഗസ്ഥൻമാരിൽ ഒരുവൻ “ഇങ്ങനെയോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് ചോദിച്ചുകൊണ്ട് യേശുവിന്റെ ചെകിട്ടത്ത് അടിച്ചു.
“ഞാൻ തെററായി സംസാരിച്ചുവെങ്കിൽ,” യേശു മറുപടിയായി പറയുന്നു, “ആ തെററു സംബന്ധിച്ച് സാക്ഷ്യപ്പെടുത്തുക; എന്നാൽ ശരിയായി പറഞ്ഞുവെങ്കിലോ എന്തിന് എന്നെ അടിക്കുന്നു?” ഈ സംസാരത്തെ തുടർന്ന് ഹന്നാവ് യേശുവിനെ ബന്ധിതനായി കയ്യഫാവിന്റെ അടുത്തേക്ക് അയക്കുന്നു.
ഇതിനോടകം എല്ലാ മുഖ്യപുരോഹിതൻമാരും മൂപ്പൻമാരും ശാസ്‌ത്രിമാരും അതെ, സൻഹെദ്രീം മുഴുവനും തന്നെ വന്നു ചേരുന്നു. അവർ സമ്മേളിച്ചിരിക്കുന്നത് കയ്യഫാവിന്റെ വസതിയിലാണ്. അത്തരമൊരു വിചാരണ പെസഹ രാത്രിയിൽ നടത്തുന്നത് വ്യക്തമായും യഹൂദനിയമത്തിന് എതിരാണ്. എന്നാൽ ഇത് ആ മതനേതാക്കൻമാരെ ആ ദുരുദ്ദേശ്യത്തിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല.
ആഴ്‌ചകൾക്ക് മുമ്പ് യേശു ലാസറിനെ ഉയർപ്പിച്ചപ്പോൾ തന്നെ അവൻ മരിക്കേണ്ടതാണ് എന്ന് സൻഹെദ്രീം തീരുമാനമെടുത്തിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബുധനാഴ്‌ച മതാധികാരികൾ കൂടിയാലോചിച്ച് യേശുവിനെ കൊന്നു കളയാൻ വേണ്ടി കൗശലപൂർവ്വം അവനെ പിടിക്കണമെന്ന് നിശ്ചയിച്ചിരുന്നു. ആലോചിച്ചു നോക്കൂ, വിചാരണ ചെയ്യും മുമ്പേ അവനെ വധിക്കാൻ അവർ തീരുമാനിച്ചിരുന്നു!
യേശുവിനെതിരെ ഒരു ആരോപണം സ്ഥാപിക്കാൻ കളളസാക്ഷ്യം പറയുന്നതിന് സാക്ഷികളെ കണ്ടുപിടിക്കാനുളള ശ്രമം നടക്കുകയാണ്. എന്നാൽ തങ്ങളുടെ സാക്ഷ്യം സംബന്ധിച്ച് യോജിപ്പിൽ സംസാരിക്കുന്നവരെ കണ്ടെത്താൻ കഴിയുന്നില്ല. ഒടുവിൽ, രണ്ടുപേർ മുമ്പോട്ടുവന്നു ഇങ്ങനെ പറയുന്നു: “‘കൈകൾകൊണ്ടു പണിത ഈ ആലയം ഇടിച്ചു കളഞ്ഞിട്ട് മൂന്നുദിവസം കൊണ്ട് കൈകൾ കൊണ്ടല്ലാതെ ഒരു ആലയം പണിയും’ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.”
“നീ മറുപടിയായി ഒന്നും പറയുന്നില്ലേ?” കയ്യഫാവ് ചോദിക്കുന്നു. “ഇവർ നിനക്കെതിരായി ഈ പറയുന്നത് എന്താണ്?” എന്നാൽ, യേശു നിശബ്ദനായി നിൽക്കുന്നതേയുളളു. സൻഹെദ്രീമിന്റെ ലജ്ജക്കായിട്ടെന്നപോലെ ഈ വ്യാജാരോപണത്തിൽപോലും സാക്ഷികൾക്ക് തമ്മിൽ യോജിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മഹാപുരോഹിതൻ മറെറാരു തന്ത്രം പ്രയോഗിച്ചു നോക്കുന്നു.
ആരെങ്കിലും ദൈവപുത്രനാണെന്ന് അവകാശപ്പെട്ടാൽ യഹൂദൻമാർ അത് സംബന്ധിച്ച് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് കയ്യഫാവിനറിയാം. മുമ്പ് രണ്ടു സന്ദർഭങ്ങളിൽ യേശു മരണത്തിനു യോഗ്യമായ ദൈവദൂഷണം പറഞ്ഞു എന്നു പറഞ്ഞ് യഹൂദൻമാർ കാര്യമറിയാതെ തന്നെ യേശുവിനെ മുദ്രയടിച്ചിരുന്നു, ഒരിക്കൽ യേശു ദൈവത്തിനു തുല്യനായിരിക്കുന്നതായി അവകാശപ്പെട്ടു എന്ന് അവർ തെററിദ്ധരിച്ചും. കൗശലപൂർവ്വം കയ്യഫാവ് ഇപ്പോൾ യേശുവിനോട് പറയുന്നു: “നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്ന് ഞങ്ങളോടു പറയാൻ ഞാൻ ജീവനുളള ദൈവത്തെക്കൊണ്ട് ആണയിട്ട് നിന്നോട് ചോദിക്കുന്നു!”
യഹൂദൻമാർ എന്തുതന്നെ വിചാരിച്ചാലും യേശു വാസ്‌തവത്തിൽ ദൈവത്തിന്റെ പുത്രനാണ്. മറുപടി പറയാതിരുന്നാൽ ക്രിസ്‌തു എന്നുളള സ്ഥാനം അവൻ നിഷേധിക്കുന്നതായി കണക്കാക്കപ്പെടും. അതുകൊണ്ട് സധൈര്യം യേശു മറുപടി പറയുന്നു: “ഞാൻ ആകുന്നു; മനുഷ്യപുത്രൻ ശക്തിയുടെ വലതുഭാഗത്തിരിക്കുന്നതും വാനമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”
അതിങ്കൽ കയ്യഫാവ് വളരെ നാടകീയമായ ഒരു പ്രകടനത്തോടെ തന്റെ കുപ്പായം വലിച്ചുകീറിക്കൊണ്ട് വിളിച്ചുപറയുന്നു: “അവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു! ഇനിയും നമുക്ക് സാക്ഷികളെക്കൊണ്ട് എന്താവശ്യം? നോക്കൂ! ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടിരിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്?”
“അവൻ മരണത്തിന് യോഗ്യനാണ്,” സൻഹെദ്രീം പ്രഖ്യാപിക്കുന്നു. തുടർന്ന് അവർ അവനെ പരിഹസിക്കുകയും അവനെതിരെ ദൂഷണമായി പല കാര്യങ്ങളും പറയുകയും ചെയ്യുന്നു. അവർ അവനെ ചെകിട്ടത്ത് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്യുന്നു. മററുളളവർ അവന്റെ മുഖം മറച്ചിട്ട് അവനെ മുഷ്ടി ചുരുട്ടി ഇടിക്കുകയും “ക്രിസ്‌തുവേ, നിന്നെ ഇടിച്ചതാരാണ്? ഞങ്ങളോട് പ്രവചിക്ക” എന്ന് പറഞ്ഞ് അവനെ നിന്ദിക്കുകയും ചെയ്യുന്നു. ഈ ദ്രോഹകരവും നിയമവിരുദ്ധവുമായ പെരുമാററം രാത്രിയിലെ വിചാരണവേളയിലാണ് നടക്കുന്നത്. മത്തായി 26:57-68; 26:3, 4; മർക്കോസ് 14:53-65; ലൂക്കോസ് 22:54, 63-65; യോഹന്നാൻ 18:13-24; 11:45-53; 10:31-39; 5:16-18.
▪ യേശുവിനെ ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നത്, അവിടെ അവന് എന്തു സംഭവിക്കുന്നു?
▪ അടുത്തതായി യേശുവിനെ എങ്ങോട്ടു കൊണ്ടുപോകുന്നു, എന്തിനുവേണ്ടി?
▪ യേശു മരണയോഗ്യനാണെന്ന് സൻഹെദ്രീമിനെക്കൊണ്ട് പ്രഖ്യാപിപ്പിക്കാൻ കയ്യഫാവിന് എങ്ങനെ കഴിയുന്നു?
▪ വിചാരണ വേളയിൽ എന്ത് ദ്രോഹകരവും നിയമവിരുദ്ധവുമായ പെരുമാററമാണ് ഉണ്ടാകുന്നത്?
-
-
വീട്ടുമുററത്തെ തളളിപ്പറയലുകൾജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
-
-
അധ്യായം 120
വീട്ടുമുററത്തെ തളളിപ്പറയലുകൾ
ഗെത്ത്‌ശെമന തോട്ടത്തിൽ വച്ച് മററ് അപ്പൊസ്‌തലൻമാരോടൊപ്പം ഭയന്ന് യേശുവിനെ ഉപേക്ഷിച്ച് ഓടിപ്പോയ ശേഷം പത്രോസും യോഹന്നാനും അവരുടെ ഓട്ടം മതിയാക്കുന്നു. ഒരുപക്ഷേ ഹന്നാവിന്റെ ഭവനത്തിലേക്കുളള മാർഗ്ഗമദ്ധ്യേ അവർ യേശുവിന്റെ ഒപ്പമെത്തുന്നു. ഹന്നാവ് അവനെ പ്രധാനപുരോഹിതനായ കയ്യഫാവിന്റെ വസതിയിലേക്ക് അയക്കുമ്പോൾ പത്രോസും യോഹന്നാനും വിദൂരത്തിൽ അവനെ പിന്തുടരുന്നു. പ്രത്യക്ഷത്തിൽ അവരുടെ ഉളളിൽ സ്വന്തം ജീവനെപ്പററിയുളള ഭയവും തങ്ങളുടെ ഗുരുവിന് എന്തു സംഭവിക്കും എന്നതിനെപ്പററിയുളള ഉൽക്കണ്‌ഠയും തമ്മിൽ ഏററുമുട്ടൽ നടക്കുകയാണ്.
കയ്യഫാവിന്റെ വിശാലമായ വസതിയിലെത്തുമ്പോൾ യോഹന്നാനെ പ്രധാനപുരോഹിതനു പരിചയമുളളതുകൊണ്ട് അവന് വീട്ടുമുററത്തേക്ക് പ്രവേശനം ലഭിക്കുന്നു. എന്നാൽ പത്രോസിന് വാതിൽക്കൽ പുറത്തു നിൽക്കേണ്ടിവരുന്നു. എന്നാൽ പെട്ടെന്നുതന്നെ യോഹന്നാൻ മടങ്ങിവന്നു വാതിൽ കാത്തിരുന്ന വേലക്കാരിയോടു സംസാരിക്കുകയും പത്രോസിന് അകത്തുകടക്കാൻ അനുവാദം ലഭിക്കുകയും ചെയ്യുന്നു.
ഇതിനോടകം ശൈത്യം അധികമായതിനാൽ വീട്ടുവേലക്കാരും മഹാപുരോഹിതന്റെ ഉദ്യോഗസ്ഥൻമാരും കൂടെ ഒരു തീ കത്തിച്ചിരിക്കുന്നു. യേശുവിന്റെ വിചാരണയുടെ ഫലമറിയാൻ കാത്തിരിക്കുകയിൽ കുളിർ മാററാൻ വേണ്ടി പത്രോസും തീക്കരുകിൽ അവരോടുകൂടെ ഇരിക്കുന്നു. അവിടെ തീയുടെ തെളിഞ്ഞ പ്രകാശത്തിൽ പത്രോസിനെ അകത്തു കടക്കാൻ അനുവദിച്ച വാതിൽ കാവൽക്കാരി അവനെ സൂക്ഷിച്ചുനോക്കി. “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെയായിരുന്നു!” എന്ന് അവൾ വിളിച്ചുപറയുന്നു.
തിരിച്ചറിയപ്പെട്ടതിൽ അസ്വസ്ഥനായ പത്രോസ് അവരുടെയെല്ലാം മുമ്പിൽ വച്ച് യേശുവിനെ അറിയുന്നകാര്യം നിഷേധിക്കുന്നു. “ഞാൻ അവനെ അറിയുന്നില്ല, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നതുമില്ല” എന്ന് അവൻ പറയുന്നു.
അതിങ്കൽ പത്രോസ് അവിടെനിന്ന് വാതിലിനടുത്തേക്ക് നീങ്ങുന്നു. അവിടെ മറെറാരു വേലക്കാരി അവനെ കണ്ടിട്ട് ചുററുമുളളവരോട്: “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെയായിരുന്നു” എന്ന് പറയുന്നു. ഒരിക്കൽകൂടി പത്രോസ് അത് നിഷേധിക്കുന്നു, “ഞാൻ ആ മനുഷ്യനെ അറിയുന്നില്ല!” എന്ന് പറഞ്ഞ് ആണയിടുന്നു.
ശ്രദ്ധയിൽപെടാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചുകൊണ്ട് പത്രോസ് മുററത്തുതന്നെ ഇരിക്കുന്നു. ഒരുപക്ഷേ ആ സമയത്ത് അതികാലത്തെ ഇരുട്ടത്ത് ഒരു കോഴി കൂവുന്നതുകേട്ട് പത്രോസ് ഞെട്ടുന്നു. അതേസമയം ആ മുററത്തിന് മുകളിലായി വീടിന്റെ ഒരു ഭാഗത്ത് യേശുവിന്റെ വിചാരണ തുടരുകയാണ്. മുററത്തു കാത്തുനിൽക്കുന്ന പത്രോസിനും മററുളളവർക്കും യേശുവിനെതിരെ സാക്ഷിപറയാൻ വരുന്നവരെയും പോകുന്നവരെയും കാണാൻ കഴിയും എന്നതിന് സംശയമില്ല.
യേശുവിന്റെ ഒരു സഹചാരി എന്ന നിലയിൽ പത്രോസിനെ രണ്ടാംവട്ടം തിരിച്ചറിഞ്ഞിട്ട് ഇപ്പോൾ ഏതാണ്ട് ഒരു മണിക്കൂർ ആയിരിക്കണം. ഇപ്പോൾ അവന്റെ ചുററും നിൽക്കുന്ന പലരും അവനെ സമീപിച്ചും, “തീർച്ചയായും നീയും അവരിൽ ഒരുത്തനാണ്, നിന്റെ സംസാരം തന്നെ അത് വെളിപ്പെടുത്തുന്നുവല്ലോ,” എന്ന് പറയുന്നു. അവരിൽ ഒരുത്തൻ പത്രോസ് കാത് ഛേദിച്ചുകളഞ്ഞ മൽക്കൊസിന്റെ ഒരു ബന്ധുവാണ്. “ഞാൻ തോട്ടത്തിൽ വച്ച് നിന്നെ അവനോടുകൂടെ കണ്ടു, ഇല്ലേ?” എന്ന് അയാൾ ചോദിക്കുന്നു.
“ഞാൻ ആ മനുഷ്യനെ അറിയുന്നില്ല!” പത്രോസ് ശക്തമായി നിഷേധിച്ചു പറയുന്നു. വാസ്‌തവത്തിൽ അവർക്കെല്ലാം തെററു പററിയിരിക്കുന്നു എന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി അവൻ ശപിക്കുവാനും ആണയിടുവാനും തുടങ്ങുന്നു. ഫലത്തിൽ താൻ സത്യമല്ല പറയുന്നതെങ്കിൽ തന്റെമേൽ ശാപം വന്നുകൊളളട്ടെ എന്ന് അവൻ പറയുന്നു.
പത്രോസ് മൂന്നാംവട്ടം നിഷേധിച്ചു പറയുമ്പോൾതന്നെ ഒരു കോഴി കൂകുന്നു. ആ നിമിഷം മുററത്തിനു മുകളിലായുളള ബാൽക്കണിയിലേക്ക് കടന്നുവന്ന യേശു തിരിഞ്ഞ് അവനെ നോക്കുന്നു. ഏതാനും മണിക്കൂറുകൾക്ക് മുൻപ് യേശു മാളികമുറിയിൽവച്ച് പറഞ്ഞതു പത്രോസ് ഓർക്കുന്നു: “ഒരു കോഴി രണ്ടു പ്രാവശ്യം കൂകുന്നതിനു മുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ നിഷേധിച്ചുപറയും.” തന്റെ പാപത്തിന്റെ ഭാരത്താൽ ഞെരുക്കപ്പെട്ട പത്രോസ് പുറത്തുപോയി അതിദുഃഖത്തോടെ കരയുന്നു.
ഇത് എങ്ങനെ സംഭവിച്ചു? തന്റെ ആത്മീയ ബലത്തെക്കുറിച്ച് അത്ര ഉറപ്പുണ്ടായിരുന്ന പത്രോസ് എങ്ങനെയാണ് തന്റെ ഗുരുവിനെ തുടർച്ചയായി മൂന്നുപ്രാവശ്യം തളളിപ്പറയാൻ ഇടയായത്? സാഹചര്യങ്ങൾ തീർച്ചയായും പത്രോസിനെ അപ്രതീക്ഷിതമായി പിടികൂടി. സത്യം വളച്ചൊടിക്കപ്പെടുകയാണ്, യേശു ഒരു നികൃഷ്ടനായ കുററവാളിയെന്നനിലയിൽ ചിത്രീകരിക്കപ്പെടുന്നു. ശരിയായത് തെറെറന്നും നിരപരാധി കുററവാളിയെന്നും തോന്നാനിടയാക്കപ്പെടുന്നു. അതുകൊണ്ട് സാഹചര്യത്തിന്റെ സമ്മർദ്ദത്താൽ പത്രോസിന് സമനില തെററുന്നു. പെട്ടെന്നു വിശ്വസ്‌തത സംബന്ധിച്ചുളള അവന്റെ ശരിയായ ബോധം കീഴ്‌മേൽ മറിയുന്നു; അവനുതന്നെ ദുഃഖം വരുത്തിക്കൊണ്ട് മാനുഷഭയം അവനെ സ്‌തംഭിപ്പിക്കുന്നു. നമുക്ക് അത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! മത്തായി 26:57, 58, 69-75; മർക്കോസ് 14:30, 53, 54, 66-72; ലൂക്കോസ് 22:54-62; യോഹന്നാൻ 18:15-18, 25-27.
▪ പത്രോസും യോഹന്നാനും പ്രധാനപുരോഹിതന്റെ മുററത്തേക്ക് പ്രവേശനം നേടുന്നതെങ്ങനെ?
▪ പത്രോസും യോഹന്നാനും മുററത്തായിരിക്കുമ്പോൾ വീട്ടിനുളളിൽ എന്താണ് സംഭവിക്കുന്നത്?
▪ കോഴി എത്ര പ്രാവശ്യം കൂകുന്നു, എത്ര പ്രാവശ്യം പത്രോസ് യേശുവിനെ നിഷേധിച്ചു പറയുന്നു?
▪ പത്രോസ് ശപിക്കാനും ആണയിടാനും തുടങ്ങി എന്നതിന്റെ അർത്ഥമെന്താണ്?
▪ യേശുവിനെ അറിയില്ല എന്ന് പത്രോസ് പറയാൻ ഇടയാക്കിയത് എന്താണ്?
-