വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സൻഹെദ്രീമിന്റെ മുമ്പാകെ, തുടർന്ന്‌ പീലാത്തൊസിന്റെ അടുത്തേക്കും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 121

      സൻഹെദ്രീമിന്റെ മുമ്പാകെ, തുടർന്ന്‌ പീലാത്തൊസിന്റെ അടുത്തേക്കും

      രാത്രി കഴിയാറായിരിക്കുന്നു. പത്രോസ്‌ യേശുവിനെ മൂന്നാം പ്രാവശ്യവും തളളിപ്പറഞ്ഞിരിക്കുന്നു. സൻഹെദ്രീമിന്റെ അംഗങ്ങൾ അവരുടെ കപടവിചാരണയും കഴിച്ച്‌ പിരിഞ്ഞുപോയിരിക്കുന്നു. എന്നിരുന്നാലും വെളളിയാഴ്‌ച രാവിലെ പ്രഭാതമായപ്പോൾ തന്നെ അവർ വീണ്ടും ഒരുമിച്ചു കൂടുന്നു, ഇപ്രാവശ്യം സൻഹെദ്രീമിന്റെ മന്ദിരത്തിലാണ്‌. രാത്രിയിൽ നടത്തിയ വിചാരണക്ക്‌ നിയമപരമായ സാധുത നൽകുക എന്നതാണ്‌ അവരുടെ ഉദ്ദേശ്യം. യേശു അവരുടെ മുമ്പാകെ കൊണ്ടുവരപ്പെടുമ്പോൾ രാത്രിയിലെപ്പോലെ അവർ പറയുന്നു: “നീ ക്രിസ്‌തുവാണെങ്കിൽ ഞങ്ങളോട്‌ പറയുക.”

      “ഞാൻ നിങ്ങളോട്‌ പറഞ്ഞാലും നിങ്ങൾ അത്‌ വിശ്വസിക്കുകയില്ല,” യേശു മറുപടിയായി പറയുന്നു. “മാത്രവുമല്ല ഞാൻ എന്തെങ്കിലും നിങ്ങളോട്‌ ചോദിച്ചാൽ നിങ്ങൾ മറുപടി പറയുന്നില്ല.” എന്നിരുന്നാലും യേശു ധൈര്യമായി താൻ ആരെന്നുളളത്‌ ചൂണ്ടിക്കാട്ടുന്നു: “ഇന്നു മുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലതുഭാഗത്ത്‌ ഇരിക്കും.”

      “അങ്ങനെയെങ്കിൽ നീ ദൈവത്തിന്റെ പുത്രനാണോ?” അവർക്കെല്ലാവർക്കും അറിയണം.

      “ഞാൻ ആകുന്നു എന്ന്‌ നിങ്ങൾ തന്നെ പറയുന്നുവല്ലോ,” യേശു മറുപടി പറയുന്നു.

      കൊല നടത്താൻ ഉദ്ദേശിച്ചിരിക്കുന്ന ഈ മനുഷ്യർക്ക്‌ തൃപ്‌തിയായി. അത്‌ ദൈവദൂഷണമായി അവർ കണക്കാക്കുന്നു. “നമുക്കിനിയും സാക്ഷികളെക്കൊണ്ട്‌ എന്താവശ്യം?” അവർ ചോദിക്കുന്നു. “അവന്റെ സ്വന്തം വായിൽ നിന്ന്‌ നാം തന്നെ കേട്ടുവല്ലോ.” അതുകൊണ്ട്‌ അവർ യേശുവിനെ ബന്ധിച്ച്‌ കൊണ്ടുപോയി റോമൻ നാടുവാഴിയായ പൊന്തിയൊസ്‌ പീലാത്തൊസിനെ ഏൽപ്പിക്കുന്നു.

      യേശുവിന്റെ ഒററുകാരനായ യൂദാ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. യേശു മരണത്തിന്‌ വിധിക്കപ്പെട്ടു എന്ന്‌ കാണുമ്പോൾ അവന്‌ കുററബോധം തോന്നുന്നു. അതുകൊണ്ട്‌ അവൻ മുഖ്യപുരോഹിതൻമാരുടെയും മൂപ്പൻമാരുടെയും അടുക്കൽ തിരികെ ചെന്ന്‌, “നീതിമാന്റെ രക്തം ഏൽപ്പിച്ചു തന്നപ്പോൾ ഞാൻ പാപം ചെയ്‌തു,” എന്ന്‌ പറഞ്ഞുകൊണ്ട്‌ ആ മുപ്പതു വെളളി നാണയം തിരികെ കൊടുക്കാൻ ശ്രമിക്കുന്നു.

      “അതിനു ഞങ്ങൾ എന്തുവേണം? നിന്റെ കാര്യം നീ നോക്കിക്കൊൾക!” എന്ന്‌ അവർ നിർദ്ദയം മറുപടി പറയുന്നു. അതുകൊണ്ട്‌ യൂദാ ആ വെളളി നാണയങ്ങൾ ആലയത്തിൽ എറിഞ്ഞു കളഞ്ഞിട്ട്‌ പോയി തൂങ്ങി മരിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും യൂദാ കയറു കെട്ടുന്ന മരക്കൊമ്പ്‌ ഒടിഞ്ഞിട്ട്‌ അവൻ താഴെയുളള പാറകളിൽ വീണ്‌ അവന്റെ ശരീരം പിളർന്നു പോകുന്നു.

      ആ വെളളി നാണയങ്ങൾകൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ മുഖ്യപുരോഹിതൻമാർക്ക്‌ നിശ്ചയമില്ല. “അവ വിശുദ്ധ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത്‌ വിഹിതമല്ല” എന്ന്‌ അവർ തീരുമാനിക്കുന്നു, “എന്തുകൊണ്ടെന്നാൽ അവ രക്തത്തിന്റെ വിലയാണ്‌.” അതുകൊണ്ട്‌ കൂടിയാലോചന നടത്തിയ ശേഷം അവർ ആ പണം കൊണ്ട്‌ പരദേശികളെ അടക്കം ചെയ്യാനായി കുശവന്റെ നിലം വാങ്ങുന്നു. ആ സ്ഥലത്തിന്‌ “രക്തനിലം” എന്ന്‌ പേരായി.

      യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിൽ എത്തിക്കുമ്പോഴും സമയം പ്രഭാതമായതേയുളളു. അവനോടുകൂടെ പോയ യഹൂദൻമാർ അകത്തു പ്രവേശിക്കാൻ വിസമ്മതിക്കുന്നു. കാരണം പുറജാതികളുമായുളള അത്തരം അടുപ്പം അവരെ അശുദ്ധരാക്കുമെന്ന്‌ അവർ വിശ്വസിക്കുന്നു. അതുകൊണ്ട്‌ അവരുടെ സൗകര്യത്തെ കരുതി പീലാത്തൊസ്‌ പുറത്തിറങ്ങി വരുന്നു. “ഈ മനുഷ്യനെതിരെ നിങ്ങൾ എന്ത്‌ ആരോപണമാണ്‌ കൊണ്ടുവരുന്നത്‌?” അയാൾ ചോദിക്കുന്നു.

      “ഈ മനുഷ്യൻ ഒരു കുററവാളിയല്ലായിരുന്നെങ്കിൽ ഞങ്ങൾ അവനെ നിന്റെ കൈയ്യിൽ ഏൽപ്പിക്കുകയില്ലായിരുന്നു,” അവർ ഉത്തരമായി പറയുന്നു.

      ഇതിൽ ഉൾപ്പെടുന്നത്‌ ഒഴിവാക്കാൻ ആഗ്രഹിച്ചുകൊണ്ട്‌ പീലാത്തൊസ്‌ പറയുന്നു: “നിങ്ങൾ തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച്‌ വിധിച്ചുകൊളളുവിൻ.”

      കൊലചെയ്യാനുളള അവരുടെ ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട്‌ യഹൂദൻമാർ പറയുന്നു. “ഞങ്ങൾക്ക്‌ ആരെയും വധിക്കാൻ നിയമമില്ലല്ലോ.” വാസ്‌തവത്തിൽ പെസഹ പെരുന്നാളിനിടയിൽ അവർ യേശുവിനെ വധിച്ചാൽ സാദ്ധ്യതയനുസരിച്ച്‌ അത്‌ ജനങ്ങളുടെയിടയിൽ വലിയ കലഹത്തിനിടയാക്കും. കാരണം അനേകമാളുകൾക്ക്‌ യേശുവിനോട്‌ വലിയ ബഹുമാനമുണ്ട്‌. എന്നാൽ രാഷ്‌ട്രീയ കുററം ആരോപിച്ച്‌ അവനെ റോമാക്കാരെക്കൊണ്ട്‌ കൊല്ലിക്കാൻ കഴിഞ്ഞാൽ ജനങ്ങളുടെ മുമ്പിൽ അവർ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിവുളളവരായിരിക്കും.

      അതുകൊണ്ട്‌ ദൈവദൂഷണം പറഞ്ഞതിന്‌ യേശുവിനെ മരണത്തിന്‌ വിധിച്ചുകൊണ്ട്‌ അവർ നേരത്തെ നടത്തിയ വിചാരണയെപ്പററി പറയാതെ അവർ ഇപ്പോൾ തികച്ചും വ്യത്യസ്‌തമായ ആരോപണങ്ങൾ കെട്ടിച്ചമക്കുന്നു. മൂന്നു ഭാഗങ്ങളുളള ഒരു ആരോപണമാണ്‌ അവർ കൊണ്ടു വരുന്നത്‌: “ഈ മനുഷ്യൻ (1) ജനത്തിനിടയിൽ കലഹം ഉണ്ടാക്കുന്നതും (2) കൈസർക്ക്‌ നികുതി കൊടുക്കുന്നത്‌ വിലക്കുന്നതും (3) താൻ തന്നെ ക്രിസ്‌തു എന്ന രാജാവാണെന്ന്‌ പറയുന്നതുമായി ഞങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു.”

      യേശു ഒരു രാജാവായിരിക്കുന്നതായി അവകാശപ്പെടുന്നു എന്നുളള ആരോപണമാണ്‌ പീലാത്തൊസിനെ ബാധിക്കുന്നത്‌. അതുകൊണ്ട്‌ അയാൾ വീണ്ടും കൊട്ടാരത്തിനുളളിൽ പ്രവേശിച്ചിട്ട്‌ യേശുവിനെ തന്റെ അടുക്കൽ വിളിച്ച്‌ ഇപ്രകാരം ചോദിക്കുന്നു: “നീ യഹൂദൻമാരുടെ രാജാവാണോ?” മററുവാക്കുകളിൽ പറഞ്ഞാൽ കൈസർക്കെതിരെ ഒരു രാജാവായി സ്വയം പ്രഖ്യാപിച്ചുകൊണ്ട്‌ നീ നിയമം ലംഘിച്ചിരിക്കുന്നുവോ?

      പീലാത്തൊസ്‌ തന്നെക്കുറിച്ച്‌ ഇതിനോടകം എന്തെല്ലാം കേട്ടിട്ടുണ്ട്‌ എന്നറിയാൻ യേശു ആഗ്രഹിക്കുന്നു, അതുകൊണ്ട്‌ അവൻ ചോദിക്കുന്നു: “ഇത്‌ നീ സ്വയമായി സംസാരിക്കുന്നതാണോ അതോ മററുളളവർ എന്നെക്കുറിച്ച്‌ നിന്നോട്‌ പറഞ്ഞതാണോ?”

      പീലാത്തൊസിന്‌ അവനെക്കുറിച്ച്‌ ഒന്നും അറിയാൻ പാടില്ല, എന്നാൽ അറിയാൻ ആഗ്രഹിക്കുന്നുവെന്നും അയാൾ പറയുന്നു. “ഞാൻ ഒരു യഹൂദനല്ല, ആണോ?” അയാൾ പ്രതിവചിക്കുന്നു. “നിന്റെ സ്വന്തം ജനവും പ്രധാനപുരോഹിതൻമാരും നിന്നെ എന്റെ കൈയ്യിൽ ഏൽപ്പിച്ചിരിക്കുന്നു. നീ എന്താണ്‌ ചെയ്‌തത്‌?”

      രാജത്വം സംബന്ധിച്ച വിവാദപ്രശ്‌നം ഒഴിവാക്കാൻ യേശു യാതൊരു ശ്രമവും ചെയ്യുന്നില്ല. യേശു ഇപ്പോൾ നൽകുന്ന ഉത്തരം നിസംശയമായും പീലാത്തൊസിനെ അതിശയിപ്പിക്കുന്നു. ലൂക്കോസ്‌ 22:66–23:3; മത്തായി 27:1-11; മർക്കോസ്‌ 15:1; യോഹന്നാൻ 18:28-35; പ്രവൃത്തികൾ 1:16-20.

      ▪ എന്തുദ്ദേശ്യത്തിലാണ്‌ സൻഹെദ്രീം രാവിലെ വീണ്ടും സമ്മേളിക്കുന്നത്‌?

      ▪ യൂദാ എങ്ങനെയാണ്‌ മരിക്കുന്നത്‌, 30 വെളളി നാണയങ്ങൾകൊണ്ട്‌ എന്തു ചെയ്യുന്നു?

      ▪ യേശുവിനെ തങ്ങൾതന്നെ വധിക്കാതെ റോമാക്കാരുടെ കയ്യാൽ അവനെ വധിക്കാൻ യഹൂദൻമാർ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

      ▪ യേശുവിനെതിരെ യഹൂദൻമാർ എന്തെല്ലാം ആരോപണങ്ങളാണ്‌ കൊണ്ടുവരുന്നത്‌?

  • പീലാത്തൊസിന്റെ അടുത്തുനിന്ന്‌ ഹെരോദാവിന്റെ അടുത്തേക്കും തിരിച്ചും
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 122

      പീലാത്തൊസിന്റെ അടുത്തുനിന്ന്‌ ഹെരോദാവിന്റെ അടുത്തേക്കും തിരിച്ചും

      താൻ ഒരു രാജാവാണെന്ന വസ്‌തുത പീലാത്തൊസിന്റെയടുത്ത്‌ മറച്ചു വയ്‌ക്കാൻ യേശു യാതൊരു ശ്രമവും ചെയ്യുന്നില്ലെങ്കിലും തന്റെ രാജ്യം റോമാസാമ്രാജ്യത്തിന്‌ ഒരു ഭീഷണിയല്ല എന്ന്‌ അവൻ വിശദീകരിക്കുന്നു. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല,” യേശു പറയുന്നു. “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഞാൻ യഹൂദൻമാരുടെ കൈയിൽ ഏൽപ്പിക്കപ്പെടാതിരിക്കത്തക്കവണ്ണം എന്റെ സേവകൻമാർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഈ ഉറവിൽ നിന്നുളളതല്ല.” അപ്രകാരം തന്റെ രാജ്യം ഒരു ഭൗമിക ഉറവിൽ നിന്നുളളതല്ല എങ്കിലും, തനിക്ക്‌ ഒരു രാജ്യമുണ്ടെന്ന്‌ യേശു മൂന്നുപ്രാവശ്യം അംഗീകരിച്ചു പറയുന്നു.

      എന്നിരുന്നാലും പീലാത്തൊസ്‌ അവനെ കൂടുതലായി ചോദ്യം ചെയ്യുന്നു: “കൊളളാം, അപ്പോൾ നീ ഒരു രാജാവാണോ?” അതായത്‌ നിന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എങ്കിലും നീ ഒരു രാജാവാണോ?

      പീലാത്തൊസ്‌ ശരിയായ നിഗമനത്തിലെത്തിയിരിക്കുന്നുവെന്ന്‌ ഇങ്ങനെ ഉത്തരം പറഞ്ഞുകൊണ്ട്‌ യേശു അയാളെ അറിയിക്കുന്നു: “ഞാൻ ഒരു രാജാവാണെന്ന്‌ നീ തന്നെ പറയുന്നുവല്ലോ. ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്ക്‌ വന്നുമിരിക്കുന്നു, സത്യത്തിന്‌ സാക്ഷ്യം വഹിക്കേണ്ടതിനു തന്നെ. സത്യത്തിന്റെ പക്ഷത്തുളള എല്ലാവരും എന്റെ സ്വരം ശ്രവിക്കുന്നു.”

      അതെ, യേശു ഭൂമിയിലായിരിക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ “സത്യത്തിന്‌” സാക്ഷ്യം വഹിക്കുക എന്നതാണ്‌, പ്രത്യേകിച്ച്‌ തന്റെ രാജ്യം സംബന്ധിച്ചുളള സത്യത്തിന്‌. തന്റെ ജീവൻ വിലയായി നൽകേണ്ടി വരുമെങ്കിലും ആ സത്യത്തോട്‌ വിശ്വസ്‌തനായിരിക്കാൻ യേശു തയ്യാറാണ്‌. “സത്യം എന്താണ്‌?” എന്ന്‌ പീലാത്തൊസ്‌ ചോദിക്കുന്നുവെങ്കിലും കൂടുതലായ വിശദീകരണത്തിനുവേണ്ടി അവൻ കാത്തു നിൽക്കുന്നില്ല. വിധി പ്രസ്‌താവിക്കാൻ വേണ്ടുവോളം അവൻ കേട്ടിരിക്കുന്നു.

      പീലാത്തൊസ്‌ കൊട്ടാരത്തിന്‌ വെളിയിൽ കാത്തു നിൽക്കുന്ന ജനക്കൂട്ടത്തിന്റെ അടുക്കലേക്ക്‌ മടങ്ങിച്ചെല്ലുന്നു. പ്രത്യക്ഷത്തിൽ യേശുവിനെ തന്റെ അടുക്കൽ നിർത്തിക്കൊണ്ട്‌ മുഖ്യപുരോഹിതൻമാരോടും അവരോടുകൂടെയുളളവരോടുമായി അയാൾ പറയുന്നു: “ഞാൻ ഈ മനുഷ്യനിൽ കുററമൊന്നും കാണുന്നില്ല.”

      ഈ തീരുമാനത്തിൽ കോപിഷ്‌ഠരായി ജനക്കൂട്ടം നിർബ്ബന്ധിച്ചു തുടങ്ങുന്നു: “ഗലീല മുതൽ ഇവിടെവരെ യഹൂദ്യയിലെല്ലാം ഉപദേശിച്ചുകൊണ്ട്‌ അവൻ ജനങ്ങളെ ഇളക്കുന്നു.”

      യഹൂദൻമാരുടെ ന്യായബോധമില്ലാത്ത മതഭ്രാന്ത്‌ പീലാത്തൊസിനെ അതിശയിപ്പിച്ചിരിക്കണം. അതുകൊണ്ട്‌ മുഖ്യപുരോഹിതൻമാരും മൂപ്പൻമാരും ബഹളം തുടരുമ്പോൾ പീലാത്തൊസ്‌ യേശുവിന്‌ നേരെ തിരിഞ്ഞ്‌ ചോദിക്കുന്നു: “അവർ നിനക്കെതിരെ എന്തെല്ലാം കാര്യങ്ങളാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌ എന്ന്‌ നീ കേൾക്കുന്നില്ലേ?” എന്നാൽ യേശു യാതൊരു മറുപടിയും പറയാൻ ശ്രമിക്കുന്നില്ല. ഈ വന്യമായ ആരോപണങ്ങൾക്ക്‌ മുമ്പിൽ പ്രശാന്തത കൈവെടിയാത്ത യേശുവിനെ കണ്ട്‌ പീലാത്തൊസ്‌ ആശ്ചര്യപ്പെടുന്നു.

      യേശു ഒരു ഗലീലക്കാരനാണെന്ന്‌ അറിയുമ്പോൾ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന്‌ ഒഴിഞ്ഞു മാറാനുളള ഒരു മാർഗ്ഗം പീലാത്തൊസ്‌ കാണുന്നു. ഗലീലയുടെ ഭരണാധിപനായ ഹെരോദാവ്‌ അന്തിപ്പാസ്‌ (മഹാനായ ഹെരോദാവിന്റെ പുത്രൻ) പെസഹാ ആഘോഷത്തിനായി യെരൂശലേമിൽ എത്തിയിട്ടുണ്ട്‌, അതുകൊണ്ട്‌ പീലാത്തൊസ്‌ യേശുവിനെ അവന്റെ അടുക്കലേക്ക്‌ അയക്കുന്നു, നേരത്തെ ഹെരോദാവ്‌ അന്തിപ്പാസ്‌ സ്‌നാപകയോഹന്നാന്റെ തല ഛേദിച്ചു, പിന്നീട്‌ യേശു ചെയ്‌തുകൊണ്ടിരുന്ന അത്ഭുതപ്രവർത്തനങ്ങളെക്കുറിച്ച്‌ കേട്ടപ്പോൾ യേശു വാസ്‌തവത്തിൽ മരിച്ചവരുടെ ഇടയിൽ നിന്ന്‌ ഉയർത്തെഴുന്നേററ യോഹന്നാനാണെന്ന്‌ വിചാരിച്ച്‌ അയാൾ ഭയപ്പെട്ടു.

      ഇപ്പോൾ യേശുവിനെ നേരിൽ കാണാൻ അവസരം ലഭിച്ചതിൽ ഹെരോദാവ്‌ വളരെയധികം സന്തോഷിക്കുന്നു. അത്‌ അവന്‌ യേശുവിന്റെ ക്ഷേമത്തിൽ താൽപ്പര്യമുളളതുകൊണ്ടോ അവനെതിരെ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ ശരിയോ തെറേറാ എന്ന്‌ കണ്ടുപിടിക്കാൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ടോ അല്ല. മറിച്ച്‌ അയാൾക്ക്‌ വെറുതെ ഒരു കൗതുകം തോന്നുന്നു, യേശു എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാനും അവൻ ആഗ്രഹിക്കുന്നു.

      എന്നാൽ ഹെരോദാവിന്റെ കൗതുകത്തെ തൃപ്‌തിപ്പെടുത്താൻ യേശു വിസമ്മതിക്കുന്നു. വാസ്‌തവത്തിൽ ഹെരോദാവ്‌ അവനെ ചോദ്യം ചെയ്യുമ്പോൾ യേശു ഒരു വാക്കുപോലും മറുപടിയായി പറയുന്നില്ല. നിരാശനായി ഹെരോദാവും അവന്റെ പടയാളികളും ചേർന്ന്‌ യേശുവിനെ പരിഹസിക്കുന്നു. അവർ അവനെ വർണ്ണപ്പകിട്ടുളള ഒരു വസ്‌ത്രം ധരിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവർ അവനെ പീലാത്തൊസിന്റെ അടുത്തേക്ക്‌ മടക്കി അയക്കുന്നു. അതിന്റെ ഫലമായി നേരത്തെ ശത്രുതയിലായിരുന്ന ഹെരോദാവും പീലാത്തൊസും നല്ല സുഹൃത്തുക്കളായിത്തീരുന്നു.

      യേശു മടങ്ങിയെത്തുമ്പോൾ പീലാത്തൊസ്‌ മുഖ്യപുരോഹിതൻമാരെയും യഹൂദഭരണാധിപൻമാരെയും ജനങ്ങളെയും വിളിച്ചുകൂട്ടി അവരോട്‌ പറയുന്നു: “ആളുകളെ വിപ്ലവത്തിന്‌ പ്രേരിപ്പിക്കുന്നു എന്ന്‌ പറഞ്ഞ്‌ നിങ്ങൾ ഈ മനുഷ്യനെ എന്റെ അടുക്കൽ കൊണ്ടു വന്നു, എന്നാൽ നോക്കൂ! ഞാൻ നിങ്ങളുടെ മുമ്പാകെ വച്ച്‌ അവനെ വിചാരണ ചെയ്‌തു. എന്നാൽ നിങ്ങൾ അവനെതിരെ കൊണ്ടുവരുന്ന ആരോപണങ്ങൾക്കുളള അടിസ്ഥാനമൊന്നും ഞാൻ അവനിൽ കാണുന്നില്ല. വാസ്‌തവത്തിൽ ഹെരോദാവും കണ്ടില്ല. എന്തുകൊണ്ടെന്നാൽ അവൻ അവനെ നമ്മുടെ അടുത്തേക്ക്‌ മടക്കി അയച്ചിരിക്കുന്നു; നോക്കൂ! അവൻ മരണശിക്ഷക്ക്‌ യോഗ്യമായത്‌ യാതൊന്നും ചെയ്‌തിട്ടില്ല. അതുകൊണ്ട്‌ ഞാൻ അവനെ അടിപ്പിച്ച്‌ വിട്ടയക്കും.”

      അങ്ങനെ രണ്ടു പ്രാവശ്യം യേശു നിരപരാധിയാണെന്ന്‌ പീലാത്തൊസ്‌ പ്രഖ്യാപിച്ചിരിക്കുന്നു. അവനെ വിട്ടയക്കാൻ അയാൾക്ക്‌ താൽപ്പര്യമുണ്ട്‌, എന്തുകൊണ്ടെന്നാൽ പുരോഹിതൻമാർ അവനെ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്‌ വെറും അസൂയമൂലമാണെന്ന്‌ അയാൾ തിരിച്ചറിയുന്നു. പീലാത്തൊസ്‌ യേശുവിനെ വിട്ടയക്കാനുളള ശ്രമം തുടരുമ്പോൾ അങ്ങനെ ചെയ്യാൻ കൂടുതലായ പ്രേരണ അയാൾക്ക്‌ ലഭിക്കുന്നു. അയാൾ ന്യായാസനത്തിലിരിക്കുമ്പോൾ അയാളെ അതിന്‌ ഉൽസാഹിപ്പിച്ചുകൊണ്ട്‌ അയാളുടെ ഭാര്യ ഒരു സന്ദേശം കൊടുത്തയക്കുന്നു: “ആ നീതിമാനെതിരെ യാതൊന്നും ചെയ്യരുത്‌ എന്തുകൊണ്ടെന്നാൽ അവൻ നിമിത്തം ഞാൻ ഇന്ന്‌ ഒരു സ്വപ്‌നത്തിൽ [പ്രത്യക്ഷത്തിൽ ദിവ്യ ഉറവിൽ നിന്നുളള ഒന്ന്‌] വളരെ കഷ്ടം അനുഭവിച്ചു.”

      എന്നാൽ താൻ അങ്ങനെ ചെയ്യേണ്ടതാണെന്ന്‌ അറിയാമെങ്കിലും പീലാത്തൊസിന്‌ ഈ നിരപരാധിയായ മനുഷ്യനെ എങ്ങനെ വിട്ടയക്കാൻ കഴിയും? യോഹന്നാൻ 18:36-38; ലൂക്കോസ്‌ 23:4-16; മത്തായി 27:12-14, 18, 19; 14:1, 2; മർക്കോസ്‌ 15:2-5.

      ▪ രാജത്വം സംബന്ധിച്ചുളള ചോദ്യത്തിന്‌ യേശു എങ്ങനെ മറുപടി കൊടുക്കുന്നു?

      ▪ ഏത്‌ “സത്യത്തിന്‌” വേണ്ടി സാക്ഷ്യം വഹിച്ചുകൊണ്ടാണ്‌ യേശു തന്റെ ഭൗമിക ജീവിതം ചെലവഴിച്ചത്‌?

      ▪ പീലാത്തൊസിന്റെ വിധിതീർപ്പ്‌ എന്താണ്‌, ആളുകൾ എങ്ങനെ പ്രതികരിക്കുന്നു, പീലാത്തൊസ്‌ യേശുവിനെ എന്തുചെയ്യുന്നു?

      ▪ ഹെരോദാവ്‌ അന്തിപ്പാസ്‌ ആരാണ്‌, യേശുവിനെ കാണുകയിൽ അയാൾ വളരെയധികം സന്തോഷിക്കുന്നത്‌ എന്തുകൊണ്ട്‌, അയാൾ അവനോട്‌ എന്തു ചെയ്യുന്നു?

      ▪ യേശുവിനെ വിട്ടയക്കാൻ പീലാത്തൊസിന്‌ താൽപ്പര്യമുളളത്‌ എന്തുകൊണ്ട്‌?

  • “കണ്ടാലും! മനുഷ്യനിതാ!”
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 123

      “കണ്ടാലും! മനുഷ്യനിതാ!”

      യേശുവിന്റെ പെരുമാററത്തിൽ മതിപ്പ്‌ തോന്നിയും അവന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞും അവനെ വിട്ടയക്കാൻ പീലാത്തൊസ്‌ മറെറാരു മാർഗ്ഗം ആരായുന്നു. അവൻ ജനക്കൂട്ടത്തോട്‌ പറയുന്നു: “പെസഹാക്ക്‌ ഞാൻ നിങ്ങൾക്ക്‌ ഒരാളെ വിട്ടുതരുന്ന പതിവുണ്ടല്ലോ.”

      ബറബ്ബാസ്‌ എന്ന കുപ്രസിദ്ധനായ ഒരു കൊലപ്പുളളിയും അന്ന്‌ ജയിലിൽ കിടപ്പുണ്ട്‌, അതുകൊണ്ട്‌ പീലാത്തൊസ്‌ ചോദിക്കുന്നു: “ഞാൻ ആരെ നിങ്ങൾക്ക്‌ വിട്ടുതരണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌, ബറബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?”

      മുഖ്യപുരോഹിതൻമാർ അവരെ പറഞ്ഞു സമ്മതിപ്പിച്ചിരുന്നതിനാൽ ബറബ്ബാസിനെ വിട്ടയക്കാനും യേശുവിനെ വധിക്കാനും ജനം ആവശ്യപ്പെടുന്നു. ശ്രമം ഉപേക്ഷിക്കാതെ പീലാത്തൊസ്‌ വീണ്ടും എടുത്തു ചോദിക്കുന്നു: “ഞാൻ ഈ രണ്ടുപേരിൽ ആരെ വിട്ടുതരണമെന്നാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?”

      “ബറബ്ബാസിനെ,” അവർ വിളിച്ചു പറയുന്നു.

      “അപ്പോൾ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” സംഭ്രമത്തോടെ പീലാത്തൊസ്‌ ചോദിക്കുന്നു.

      “അവൻ കഴുവേററപ്പെടട്ടെ!” “കഴുവേററുക! അവനെ കഴുവേററുക!” ഏകസ്വരത്തിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ അവർ അട്ടഹസിക്കുന്നു.

      നിരപരാധിയായ ഒരു മമനുഷ്യന്റെ മരണമാണ്‌ അവർ ആവശ്യപ്പെടുന്നത്‌ എന്നറിഞ്ഞുകൊണ്ട്‌ പീലാത്തൊസ്‌ യാചനാസ്വരത്തിൽ അവരോട്‌ ചോദിക്കുന്നു: “എന്തിന്‌, ഈ മനുഷ്യൻ എന്തു ദോഷമാണ്‌ ചെയ്‌തത്‌? ഞാൻ അവനിൽ മരണയോഗ്യമായത്‌ ഒന്നും കാണുന്നില്ല; അതുകൊണ്ട്‌ ഞാൻ അവനെ അടിപ്പിച്ച്‌ വിട്ടയക്കും.”

      അവൻ ഇത്രയെല്ലാം ശ്രമിച്ചിട്ടും പ്രകോപിതരായ ജനക്കൂട്ടം അവരുടെ മതനേതാക്കൻമാരുടെ പ്രേരണക്ക്‌ വഴങ്ങി, “അവൻ കഴുവേററപ്പെടട്ടെ!” എന്ന്‌ വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നു. പുരോഹിതൻമാരാൽ ഭ്രാന്തു പിടിപ്പിക്കപ്പെട്ട ജനം രക്തദാഹികളായി മാറുന്നു. അഞ്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ അവരിൽ ചിലർതന്നെ ഒരുപക്ഷേ യേശുവിനെ രാജാവായി യെരൂശലേമിലേക്ക്‌ സ്വാഗതം ചെയ്‌തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കണം! ഈ സമയമെല്ലാം യേശുവിന്റെ ശിഷ്യൻമാർ, അവർ അവിടെ സന്നിഹിതരായിരുന്നെങ്കിൽ നിശബ്ദരായും ആരുടെയും ശ്രദ്ധയിൽപ്പെടാതെയും കഴിയുന്നു.

      തന്റെ അഭ്യർത്ഥനകളൊന്നും വിലപ്പോകുന്നില്ലെന്നും മറിച്ച്‌ ബഹളം മൂക്കുന്നതേയുളളു എന്നും മനസ്സിലാക്കിയ പീലാത്തൊസ്‌ വെളളമെടുത്ത്‌ ജനക്കൂട്ടത്തിന്റെ മുമ്പാകെ വച്ച്‌ തന്റെ കൈകൾ കഴുകിക്കൊണ്ട്‌ പറയുന്നു: “ഞാൻ ഈ മമനുഷ്യന്റെ രക്തം സംബന്ധിച്ച്‌ നിരപരാധിയാണ്‌. നിങ്ങൾ തന്നെ ഇതിന്‌ ഉത്തരവാദികളായിരിക്കും”. അതിങ്കൽ ജനങ്ങൾ മറുപടിയായി പറയുന്നു: “അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊളളട്ടെ.”

      അതുകൊണ്ട്‌ അവരുടെ ആവശ്യാനുസരണം—ശരിയെന്ന്‌ അയാൾക്ക്‌ അറിയാവുന്നത്‌ ചെയ്യുന്നതിനേക്കാൾ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ട്‌ പീലാത്തൊസ്‌ ബറബ്ബാസിനെ അവർക്ക്‌ വിട്ടുകൊടുക്കുന്നു. യേശുവിനെയാകട്ടെ അവൻ വസ്‌ത്രം ഉരിയിച്ചു മാററി ചമ്മട്ടികൊണ്ട്‌ അടിപ്പിക്കുന്നു. ഇത്‌ സാധാരണ രീതിയിലുളള പ്രഹരമായിരുന്നില്ല. റോമാക്കാരുടെ ചമ്മട്ടികൊണ്ടുളള അടിയെ ദ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഇപ്രകാരം വിവരിക്കുന്നു:

      “സാധാരണ ഉപകരണം നീളം കുറഞ്ഞതും പല നീളത്തിലുളള തോൽവാറുകൾ കൂട്ടിപ്പിരിച്ചതുമായ ഒരു ചാട്ടയായിരുന്നു. അവയിൽ ഇടയ്‌ക്കിടെ ഇരുമ്പുണ്ടകളോ ആടിന്റെ കൂർത്ത എല്ലിൻ കഷണങ്ങളോ കോർത്തിട്ടിരുന്നു. . . . റോമൻ പടയാളികൾ അതുകൊണ്ട്‌ ശിക്ഷ സഹിക്കുന്നയാളിന്റെ പുറത്ത്‌ ആവർത്തിച്ച്‌ ആഞ്ഞടിക്കുമ്പോൾ ഇരുമ്പുണ്ടകൾ ആഴത്തിലുളള ചതവും തോൽവാറുകളും എല്ലിൻ ക്ഷണങ്ങളും ആഴമായ മുറിവുകളും ഏൽപ്പിച്ചിരുന്നു. അടി തുടരുമ്പോൾ പരിക്കുകൾ എല്ലിനോടു ചേർന്ന്‌ പേശികൾ വരെ എത്തുകയും രക്തം വാർന്നൊഴുകുന്ന മാംസഭാഗങ്ങൾ പറിഞ്ഞുതൂങ്ങാൻ ഇടയാകുകയും ചെയ്യുന്നു.”

      ഈ ഭീകരമായ പ്രഹരത്തിനുശേഷം യേശു നാടുവാഴിയുടെ കൊട്ടാരത്തിലേക്ക്‌ കൊണ്ടുപോകപ്പെടുന്നു. പട്ടാളം മുഴുവൻ അവിടെ വിളിച്ചുകൂട്ടപ്പെടുന്നു. അവിടെ പടയാളികൾ മുളളുകൾകൊണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ അത്‌ അവന്റെ തലയിൽ തറച്ചുകൊണ്ട്‌ അവനെ കൂടുതലായ ദ്രോഹം ഏൽപ്പിക്കുന്നു. അവർ അവനെ ഒരു ഞാങ്ങണത്തണ്ട്‌ പിടിപ്പിക്കുകയും രാജകുടുംബത്തിലെ അംഗങ്ങൾ ധരിക്കുന്ന മാതിരി ധൂമ്രവർണ്ണമുളള ഒരു കുപ്പായം ധരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവർ “യഹൂദൻമാരുടെ രാജാവേ ജയ!” എന്ന്‌ പറഞ്ഞ്‌ അവനെ നിന്ദിക്കുന്നു. അവർ അവന്റെമേൽ തുപ്പുകയും മുഖത്ത്‌ അടിക്കുകയും ചെയ്യുന്നു. അവന്റെ കയ്യിൽ നിന്ന്‌ അവർ കട്ടിയുളള ആ ഞാങ്ങണ തണ്ട്‌ പിടിച്ചു വാങ്ങി അവന്റെ തലക്കടിക്കുകയും നിന്ദാസൂചകമായ ആ “കിരീടം” തലയോട്ടിയിലേക്ക്‌ കൂടുതൽ ആഴത്തിൽ അടിച്ചുകയററുകയും ചെയ്യുന്നു.

      ഈ ഉപദ്രവമേൽക്കവേ യേശുവിന്റെ ഭാഗത്തെ ശ്രദ്ധേയമായ മാഹാത്മ്യവും ശക്തിയും പീലാത്തൊസിൽ നല്ല ധാരണ ഉളവാക്കിയതിനാൽ അവനെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും കൂടെ നടത്താൻ അയാൾ പ്രേരിതനാകുന്നു. “നോക്കൂ! ഞാൻ അവനിൽ കുററമൊന്നും കാണുന്നില്ല എന്ന്‌ നിങ്ങൾ അറിയേണ്ടതിന്‌ ഞാൻ അവനെ പുറത്തു നിങ്ങളുടെ അടുക്കൽ കൊണ്ടുവരുന്നു” എന്ന്‌ അവൻ ജനക്കൂട്ടത്തോട്‌ പറയുന്നു. യേശുവിന്റെ പീഡിപ്പിക്കപ്പെട്ട അവസ്ഥ സാദ്ധ്യതയനുസരിച്ച്‌ അവരുടെ ഹൃദയങ്ങളെ മയപ്പെടുത്തുമെന്ന്‌ അയാൾ വിചാരിക്കുന്നു. ഹൃദയശൂന്യരായ ആ ജനക്കൂട്ടത്തിന്റെ മുമ്പിൽ മുൾകിരീടവും ധൂമ്രവർണ്ണമുളള പുറങ്കുപ്പായവും ധരിച്ച്‌ രക്തം വാർന്നൊഴുകുന്ന മുഖത്ത്‌ വേദനയുടെ ചിത്രവുമായി യേശു നിൽക്കുമ്പോൾ പീലാത്തൊസ്‌ വിളിച്ചു പറയുന്നു: “കണ്ടാലും ! മനുഷ്യനിതാ!”

      പരുക്കേററ്‌ തകർന്ന നിലയിലാണെങ്കിലും ഇവിടെ നിൽക്കുന്നത്‌ ചരിത്രത്തിലേക്കും വച്ച്‌ ഏററവും ശ്രദ്ധേയനായ വ്യക്തിയാണ്‌, വാസ്‌തവത്തിൽ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ! അതെ, പീലാത്തൊസ്‌ തന്നെ അംഗീകരിക്കുന്ന നിശബ്ദമായ ഗാംഭീര്യവും പ്രശാന്തതയും അവന്റെ മഹത്വം വിളിച്ചറിയിക്കുന്നു. പീലാത്തൊസിന്റെ വാക്കുകൾ ആദരവും ഭയവും കലർന്നതാണ്‌. യോഹന്നാൻ 18:39–19:5; മത്തായി 27:15-17, 20-30; മർക്കോസ്‌ 15:6-19; ലൂക്കോസ്‌ 23:18-25.

      ▪ യേശുവിനെ വിട്ടയക്കാൻ പീലാത്തൊസ്‌ ഏതുവിധത്തിൽ ശ്രമിക്കുന്നു?

      ▪ ഉത്തരവാദിത്വത്തിൽ നിന്ന്‌ തന്നെത്തന്നെ ഒഴിവാക്കാൻ പീലാത്തൊസ്‌ എങ്ങനെ ശ്രമിക്കുന്നു?

      ▪ ചമ്മട്ടികൊണ്ട്‌ അടിക്കപ്പെടുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

      ▪ ചമ്മട്ടിയടിക്ക്‌ ശേഷം യേശു എപ്രകാരമാണ്‌ നിന്ദിക്കപ്പെടുന്നത്‌?

      ▪ യേശുവിനെ വിട്ടയക്കാൻ വേണ്ടി കൂടുതലായ എന്തു ശ്രമമാണ്‌ പീലാത്തൊസ്‌ നടത്തുന്നത്‌?

  • ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു, അവിടെ നിന്ന്‌ കൊണ്ടുപോകുന്നു
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 124

      ഏൽപ്പിച്ചു കൊടുക്കപ്പെടുന്നു, അവിടെ നിന്ന്‌ കൊണ്ടുപോകുന്നു

      പീഡിതനായ യേശുവിന്റെ പ്രശാന്തമായ ഗാംഭീര്യത്തിൽ മതിപ്പു തോന്നിയ പീലാത്തൊസ്‌ അവനെ വിട്ടയക്കാൻ വീണ്ടും ശ്രമിക്കുമ്പോൾ മുഖ്യപുരോഹിതൻമാർ കൂടുതൽ കോപാക്രാന്തരായിത്തീരുന്നു. തങ്ങളുടെ ദുഷ്ട ഉദ്യമത്തെ യാതൊന്നും തടയരുത്‌ എന്ന്‌ അവർക്ക്‌ നിർബന്ധമുണ്ട്‌. അതുകൊണ്ട്‌ “അവനെ കഴുവേററുക! അവനെ കഴുവേററുക!” എന്ന്‌ അവർ വീണ്ടും ആർത്തു വിളിക്കുന്നു.

      “നിങ്ങൾതന്നെ അവനെകൊണ്ടുപോയി കഴുവേററിക്കൊളളുവിൻ,” പീലാത്തൊസ്‌ പറയുന്നു. (യഹൂദൻമാരുടെ മുമ്പത്തെ അവകാശവാദത്തിന്‌ വിപരീതമായി വേണ്ടത്ര ഗൗരവമുളള മതപരമായ കുററങ്ങൾക്ക്‌ കുററവാളികളെ വധിക്കാൻ യഹൂദൻമാർക്ക്‌ അധികാരമുണ്ടായിരുന്നിരിക്കാം.) എന്നിട്ട്‌ “ഞാൻ അവനിൽ കുററമൊന്നും കാണുന്നില്ല” എന്ന്‌ പറഞ്ഞുകൊണ്ട്‌ പീലാത്തൊസ്‌ ഏററവും ചുരുങ്ങിയത്‌ അഞ്ചാം പ്രാവശ്യം യേശുവിന്റെ നിരപരാധിത്വം പ്രഖ്യാപിക്കുന്നു.

      യഹൂദൻമാരുടെ രാഷ്‌ട്രീയമായ കുററാരോപണങ്ങൾ ഫലമുളവാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന്‌ കണ്ടിട്ട്‌ ഏതാനും മണിക്കൂറുകൾക്കു മുൻപ്‌ സൻഹെദ്രീമിന്റെ മുമ്പാകെയുളള വിചാരണാവേളയിൽ അവർ കൊണ്ടുവന്ന മതപരമായ കുററാരോപണത്തിൽ ഇപ്പോൾ അവർ ആശ്രയിക്കുന്നു. “ഞങ്ങൾക്ക്‌ ഒരു നിയമമുണ്ട്‌,” അവർ പറയുന്നു, “ആ നിയമമനുസരിച്ച്‌ അവൻ മരിക്കണം, എന്തുകൊണ്ടന്നാൽ അവൻ തന്നെത്തന്നെ ദൈവത്തിന്റെ പുത്രനാക്കിയിരിക്കുന്നു.”

      പീലാത്തൊസിനെ സംബന്ധിച്ചിടത്തോളം ഈ ആരോപണം പുതുമയുളളതാണ്‌, അത്‌ അയാളെ കൂടുതൽ ഭയപ്പെടുത്തുന്നു. യേശുവിന്റെ അസാധാരണമായ വ്യക്തിപ്രഭാവവും തന്റെ ഭാര്യയുടെ സ്വപ്‌നവും സൂചിപ്പിക്കുന്നതുപോലെ, യേശു ഒരു സാധാരണ മനുഷ്യനല്ലെന്ന്‌ ഇതിനോടകം പീലാത്തൊസ്‌ തിരിച്ചറിയുന്നു. എന്നാൽ “ദൈവത്തിന്റെ പുത്രനോ?” യേശു ഗലീലയിൽ നിന്നുളളവനാണെന്ന്‌ പീലാത്തൊസിനറിയാം. എന്നിരുന്നാലും അവന്‌ ഇതിന്‌ മുമ്പ്‌ ഒരു ജീവിതം ഉണ്ടായിരുന്നിരിക്കുക സാദ്ധ്യമാണോ? വീണ്ടും അവനെ കൊട്ടാരത്തിനുളളിലേക്ക്‌ കൊണ്ടുപോയിട്ട്‌ പീലാത്തൊസ്‌ ചോദിക്കുന്നു: “നീ എവിടെ നിന്നുളളവനാണ്‌?”

      യേശു മറുപടി ഒന്നും പറയുന്നില്ല. താൻ ഒരു രാജാവാണെന്നും എന്നാൽ തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്നും യേശു നേരത്തെ പീലാത്തൊസിനോട്‌ പറഞ്ഞിരുന്നു. കൂടുതലായ വിശദീകരണം ഇപ്പോൾ യാതൊരു പ്രയോജനവും ചെയ്യുകയില്ല. എന്നിരുന്നാലും ഉത്തരം പറയാനുളള വിസമ്മതത്താൽ പീലാത്തൊസിന്റെ അഭിമാനം ക്ഷതപ്പെടുന്നു, അയാൾ യേശുവിന്റെ നേരെ ആക്രോശിക്കുന്നു: “നീ എന്നോട്‌ സംസാരിക്കുന്നില്ലേ? നിന്നെ വിട്ടയക്കുന്നതിനും നിന്നെ കഴുവേററുന്നതിനുമുളള അധികാരം എനിക്കുണ്ടെന്ന്‌ നിനക്ക്‌ അറിഞ്ഞുകൂടായോ?”

      “ഉയരത്തിൽ നിന്ന്‌ ലഭിച്ചതല്ലാതെ നിനക്ക്‌ എന്റെമേൽ യാതൊരു അധികാരവുമില്ല,” യേശു ആദരപൂർവ്വം മറുപടികൊടുക്കുന്നു. ഭൗമിക ഭരണം നിർവ്വഹിക്കുന്നതിന്‌ ദൈവത്താൽ മാനുഷ ഭരണാധിപൻമാർക്ക്‌ അധികാരം നൽകപ്പെടുന്നതിനെയാണ്‌ അവൻ പരാമർശിക്കുന്നത്‌. “അതുകൊണ്ടാണ്‌ എന്നെ നിന്റെ കൈയ്യിൽ ഏൽപ്പിച്ചു തന്ന മനുഷ്യന്‌ കൂടുതൽ പാപമുളളത്‌,” യേശു കൂട്ടിച്ചേർക്കുന്നു. വാസ്‌തവത്തിൽ മഹാപുരോഹിതനായ കയ്യഫാവും അയാളുടെ കൂട്ടാളികളും യൂദാ ഈസ്‌കാരിയോത്തും എല്ലാം യേശുവിനോടുളള നീതികെട്ട പെരുമാററത്തിന്‌ പീലാത്തൊസിനെക്കാൾ കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്നു.

      യേശുവിനോടു തോന്നിയ കൂടുതലായ മതിപ്പും അവന്‌ ഒരു ദിവ്യഉത്ഭവം ഉണ്ടോ എന്ന ഭയവും നിമിത്തം യേശുവിനെ വിട്ടയക്കാനുളള ശ്രമം അയാൾ പുനരാരംഭിക്കുന്നു. എന്നാൽ യഹൂദൻമാർ അയാളെ പരാജയപ്പെടുത്തുന്നു. കൗശലപൂർവ്വം ഭീഷണി മുഴക്കിക്കൊണ്ട്‌ അവർ അവരുടെ രാഷ്‌ട്രീയ കുററാരോപണം ആവർത്തിക്കുന്നു: “നീ ഈ മനുഷ്യനെ വിട്ടയച്ചാൽ നീ കൈസറുടെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏതൊരുവനും കൈസർക്ക്‌ എതിരാണ്‌.”

      ഈ ഭീകര ഭീഷണിയുണ്ടായിട്ടും പീലാത്തൊസ്‌ യേശുവിനെ ഒരിക്കൽകൂടെ പുറത്തു കൊണ്ടുവന്നിട്ട്‌ അവരുടെ സഹാനുഭൂതി ഉണർത്താൻ വീണ്ടും ശ്രമിക്കുന്നു: “കണ്ടാലും! നിങ്ങളുടെ രാജാവിതാ!”

      “അവനെ കൊണ്ടുപോകൂ! അവനെ കൊണ്ടുപോകൂ! അവനെ കഴുവേററുക!”

      “ഞാൻ നിങ്ങളുടെ രാജാവിനെ കഴുവേററണമോ?” നിരാശയോടെ പീലാത്തൊസ്‌ ചോദിക്കുന്നു.

      റോമൻ ഭരണത്തിൻകീഴിൽ യഹൂദൻമാർ അങ്ങേയററം അതൃപ്‌തരാണ്‌. വാസ്‌തവത്തിൽ റോമാക്കാരുടെ മേൽകോയ്‌മ അവർക്ക്‌ നിന്ദ്യമാണ്‌! എന്നിട്ടും കപടഭക്തിയോടെ മുഖ്യ പുരോഹിതൻമാർ വിളിച്ചു പറയുന്നു: “കൈസറല്ലാതെ ഞങ്ങൾക്ക്‌ വേറെ രാജാവില്ല.”

      തന്റെ രാഷ്‌ട്രീയ സ്ഥാനവും സൽപേരും നഷ്ടമാകുമോ എന്ന്‌ ഭയന്നിട്ട്‌ അവസാനം പീലാത്തൊസ്‌ യഹൂദൻമാരുടെ രൂക്ഷമായ സമ്മർദ്ദത്തിന്‌ വഴങ്ങുന്നു. അയാൾ യേശുവിനെ അവർക്ക്‌ ഏൽപ്പിച്ചുകൊടുക്കുന്നു. പടയാളികൾ യേശുവിന്റെ ധൂമ്രവസ്‌ത്രം നീക്കി അവനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിക്കുന്നു. കഴുവേററുന്നതിനായി യേശുവിനെ കൊണ്ടുപോകുമ്പോൾ അവർ അവനെക്കൊണ്ട്‌ സ്വന്തം ദണ്ഡനസ്‌തംഭം ചുമപ്പിക്കുന്നു.

      ഇപ്പോൾ നീസാൻ 14-ാം തീയതി വെളളിയാഴ്‌ച പ്രഭാതം കഴിഞ്ഞ്‌ ഒരുപക്ഷേ മദ്ധ്യാഹ്നമാകാറായിരിക്കുന്നു. വ്യാഴാഴ്‌ച രാവിലെ മുതൽ യേശുവിന്‌ വിശ്രമം ലഭിച്ചിട്ടില്ല, അവൻ ഒന്നിനു പുറകേ ഒന്നായി കഠോരമായ അനുഭവങ്ങൾ സഹിച്ചിരിക്കുന്നു. അവൻ ദണ്ഡനസ്‌തംഭത്തിന്റെ ഭാരം മൂലം തളർന്ന്‌ വീഴുന്നത്‌ മനസ്സിലാക്കാവുന്നതേയുളളു. അതുകൊണ്ട്‌ ഒരു വഴിപോക്കനായ, ആഫ്രിക്കയിലെ കുറേനയിൽ നിന്നുളള ശീമോൻ യേശുവിനുവേണ്ടി സ്‌തംഭം ചുമക്കാൻ നിർബ്ബന്ധിക്കപ്പെടുന്നു. അവർ പോകുമ്പോൾ യേശുവിനെ ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ട്‌ സ്‌ത്രീകൾ ഉൾപ്പെടെ അനേകർ അവന്റെ പിന്നാലെ പോകുന്നു.

      സ്‌ത്രീകളുടെ നേരെ തിരിഞ്ഞ്‌ യേശു പറയുന്നു: “യെരൂശലേം പുത്രിമാരെ, എന്നെ ഓർത്ത്‌ വിലപിക്കുന്നത്‌ മതിയാക്കുവിൻ. മറിച്ച്‌, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു വിലപിക്കുവിൻ; എന്തുകൊണ്ടെന്നാൽ, നോക്കൂ! ‘മച്ചികളും പ്രസവിക്കാത്ത ഗർഭാശയങ്ങളും പാലൂട്ടാത്ത സ്‌തനങ്ങളും ഉളളവർ സന്തുഷ്ടർ ആകുന്നു’ എന്ന്‌ ആളുകൾ പറയുന്ന നാളുകൾ വരുന്നു! . . . എന്തുകൊണ്ടെന്നാൽ മരം പച്ചയായിരിക്കുമ്പോൾ അവർ ഈ കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ അത്‌ ഉണങ്ങിക്കഴിയുമ്പോൾ എന്തു സംഭവിക്കും?”

      യേശു ഇവിടെ പരാമർശിക്കുന്നത്‌ യഹൂദജനതയാകുന്ന മരത്തെയാണ്‌. യേശുവിന്റെയും അവനിൽ വിശ്വാസമർപ്പിക്കുന്ന ഒരു ശേഷിപ്പിന്റെയും സാന്നിദ്ധ്യം നിമിത്തം അതിൽ ഇപ്പോഴും അൽപ്പമായിട്ടെങ്കിലും ജീവന്റെ പച്ചപ്പ്‌ നിലനിൽക്കുന്നുണ്ട്‌. ആ ജനതയിൽ നിന്ന്‌ ഇവർ നീക്കം ചെയ്യപ്പെട്ടു കഴിയുമ്പോൾ ആത്മീയമായി മരിച്ച ഒരു മരമായിരിക്കും ശേഷിക്കുക, അതെ, ഉണങ്ങിപ്പോയ ഒരു ദേശീയ സ്ഥാപനം. ദൈവത്തിന്റെ വിധിനിർവ്വാഹകരെന്ന നിലയിൽ റോമൻ സൈന്യങ്ങൾ യഹൂദജനതയെ നശിപ്പിക്കുമ്പോൾ, ഓ അന്ന്‌ വിലപിക്കാൻ യഥാർത്ഥത്തിൽ കാരണം ഉണ്ടായിരിക്കും! യോഹന്നാൻ 19:6-17; 18:31; ലൂക്കോസ്‌ 23:24-31; മത്തായി 27:31, 32; മർക്കോസ്‌ 15:20, 21.

      ▪ രാഷ്‌ട്രീയ ആരോപണങ്ങൾ ഫലം ഉളവാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന്‌ കാണുമ്പോൾ യേശുവിനെതിരെ മതനേതാക്കൻമാർ എന്തു ആരോപണമാണ്‌ കൊണ്ടുവരുന്നത്‌?

      ▪ പീലാത്തൊസിന്‌ കൂടുതലായി ഭയം തോന്നുന്നത്‌ എന്തുകൊണ്ടാണ്‌?

      ▪ യേശുവിന്‌ സംഭവിക്കുന്ന കാര്യങ്ങളിൽ കൂടുതൽ പാപം വഹിക്കുന്നത്‌ ആരാണ്‌?

      ▪ അവസാനം പീലാത്തൊസ്‌ യേശുവിനെ മരണശിക്ഷക്ക്‌ ഏൽപ്പിച്ചു കൊടുക്കാൻ പുരോഹിതൻമാർ ഇടയാക്കുന്നത്‌ എങ്ങനെയാണ്‌?

      ▪ യേശുവിനെക്കുറിച്ച്‌ വിലപിക്കുന്ന സ്‌ത്രീകളോട്‌ യേശു എന്തു പറയുന്നു? മരം “പച്ച”യായിരിക്കുന്നതായും പിന്നീട്‌ “ഉണങ്ങിപ്പോകു”ന്നതായും പറഞ്ഞതിനാൽ യേശു എന്താണ്‌ അർത്ഥമാക്കുന്നത്‌?

  • സ്‌തംഭത്തിലെ കഠോരവേദന
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 125

      സ്‌തംഭത്തിലെ കഠോരവേദന

      യേശുവിനോടൊപ്പം രണ്ടു കൊളളക്കാരും വധശിക്ഷക്കായി കൊണ്ടുപോകപ്പെടുന്നു. നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ, ഗൊൽഗോഥാ അല്ലെങ്കിൽ തലയോടിടം എന്നറിയപ്പെടുന്ന സ്ഥലത്ത്‌ ആ ഘോഷയാത്ര വന്നു നിൽക്കുന്നു.

      കുററപ്പുളളികളുടെ വസ്‌ത്രങ്ങൾ ഉരിഞ്ഞു മാററപ്പെടുന്നു. അവർക്ക്‌ മീറ ചേർത്ത വീഞ്ഞു നൽകപ്പെടുന്നു. പ്രത്യക്ഷത്തിൽ അത്‌ യെരൂശലേമിലെ സ്‌ത്രീകൾ തയ്യാറാക്കിക്കൊടുത്തതാണ്‌, റോമാക്കാർ ക്രൂശിക്കപ്പെടുന്നവർക്ക്‌ വേദനാസംഹാരിയായ ഈ പാനീയം നിഷേധിക്കുന്നില്ല. എന്നാൽ യേശു അത്‌ രുചിച്ചുനോക്കിയശേഷം കുടിക്കാൻ വിസമ്മതിക്കുന്നു. എന്തുകൊണ്ട്‌? വ്യക്തമായും, തന്റെ വിശ്വാസത്തിന്റെ ഏററവും കഠിനമായ ഈ പരിശോധനാ സമയത്ത്‌ തന്റെ മാനസിക പ്രാപ്‌തികൾ മുഴുവനായും ഉണ്ടായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.

      ഇപ്പോൾ കൈകൾ തലക്കു മുകളിലായിവച്ച്‌ യേശുവിനെ സ്‌തംഭത്തിൻമേൽ കിടത്തുന്നു. എന്നിട്ട്‌ പടയാളികൾ അവന്റെ കൈകളിലും കാലുകളിലും വലിയ ആണികൾ അടിച്ചു കയററുന്നു. മാംസപേശികളിലൂടെയും സ്‌നായുക്കളിലൂടെയും ആണി തുളഞ്ഞു കയറുമ്പോൾ അവൻ വേദനകൊണ്ട്‌ പിടയുന്നു. സ്‌തംഭം നിവർത്തു നാട്ടുമ്പോൾ ശരീരത്തിന്റെ ഭാരം കൊണ്ട്‌ ആണിപ്പഴുതുകൾ വലിഞ്ഞു കീറുന്നതിനാൽ വേദന അത്യന്തം അസഹ്യമായിത്തീരുന്നു. എന്നിരുന്നാലും ഭീഷണവാക്കുകൾ പറയുന്നതിനു പകരം യേശു ആ റോമൻ പടയാളികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു: “പിതാവേ, ഇവർ ചെയ്യുന്നത്‌ എന്തെന്ന്‌ ഇവർ അറിയായ്‌കയാൽ അവരോട്‌ ക്ഷമിക്കണമേ.”

      “നസറായനായ യേശു യഹൂദൻമാരുടെ രാജാവ്‌” എന്നൊരു പരസ്യപ്പലക പീലാത്തൊസ്‌ സ്‌തംഭത്തിന്റെ മുകളിൽ എഴുതിച്ചു വച്ചിട്ടുണ്ട്‌. അയാൾ ഇത്‌ എഴുതുന്നത്‌ യേശുവിനോട്‌ അയാൾക്ക്‌ തോന്നിയ ആദരവ്‌ നിമിത്തം മാത്രമല്ല മറിച്ച്‌ തന്നിൽ നിന്ന്‌ നിർബ്ബന്ധിച്ച്‌ യേശുവിന്റെ വധത്തിനുളള വിധി വാങ്ങിയ യഹൂദപുരോഹിതൻമാരോടുളള വിരോധം നിമിത്തവും കൂടെയാണ്‌. എല്ലാവരും ഈ പരസ്യം വായിക്കാൻ വേണ്ടി പീലാത്തൊസ്‌ മൂന്നു ഭാഷകളിൽ അത്‌ എഴുതിച്ചു വെച്ചിരിക്കുന്നു—എബ്രായയിലും ഔദ്യോഗിക ഭാഷയായ ലത്തീനിലും സാധാരണക്കാരുടെ ഭാഷയായ ഗ്രീക്കിലും തന്നെ.

      കയ്യഫാവും ഹന്നാവും ഉൾപ്പെടെയുളള മുഖ്യപുരോഹിതൻമാർക്ക്‌ അതിൽ സംഭ്രമം തോന്നുന്നു. ഈ പ്രഖ്യാപനം അവരുടെ വിജയത്തിന്‌ മങ്ങലേൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌ അവർ അതിൽ പ്രതിഷേധിക്കുന്നു: “‘യഹൂദൻമാരുടെ രാജാവ്‌’ എന്ന്‌ എഴുതരുത്‌, മറിച്ച്‌ ‘ഞാൻ യഹൂദൻമാരുടെ രാജാവാണെന്ന്‌ അവൻ പറഞ്ഞു’ എന്ന്‌ എഴുതണം”. പുരോഹിതൻമാരുടെ കയ്യിലെ ഒരു പാവയായി സേവിച്ചതിലെ വിരോധം അപ്പോഴും വിട്ടുമാറാത്ത പീലാത്തൊസ്‌ അവരോടുളള അവജ്ഞ വ്യക്തിമാക്കിക്കൊണ്ട്‌ ദൃഢസ്വരത്തിൽ പറയുന്നു: “ഞാൻ എഴുതിയത്‌ എഴുതി.”

      പുരോഹിതൻമാരും ഒരു വലിയ ജനക്കൂട്ടവും വധശിക്ഷ നടക്കുന്ന സ്ഥലത്ത്‌ തടിച്ചു കൂടുന്നു. പുരോഹിതൻമാർ പരസ്യപ്പലകയുടെ സാക്ഷ്യം നിഷേധിക്കുന്നു. നേരത്തെ സൻഹെദ്രീം വിചാരണാവേളകളിലെ വ്യാജസാക്ഷ്യം അവർ ആവർത്തിക്കുന്നു. അതുകൊണ്ട്‌ വഴിയേ കടന്നുപോകുന്നവർ ദുഷിച്ചു സംസാരിക്കുകയും അവരുടെ തലകുലുക്കിക്കൊണ്ട്‌: “ആലയം പൊളിച്ചു കളഞ്ഞ്‌ മൂന്നു ദിവസംകൊണ്ട്‌ പണിയുന്നവനെ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനാകുന്നുവെങ്കിൽ ദണ്ഡനസ്‌തംഭത്തിൽ നിന്ന്‌ ഇറങ്ങി വരിക!” എന്ന്‌ വിളിച്ചു പറയുകയും ചെയ്യുന്നത്‌ അതിശയമല്ല.

      “അവൻ മററുളളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ അവന്‌ കഴിവില്ല!” മുഖ്യപുരോഹിതൻമാരും അവരുടെ തോഴരും ഇടക്ക്‌കയറി വിളിച്ചു പറയുന്നു. “അവൻ ഇസ്രായേലിന്റെ രാജാവാണ്‌പോലും; അവൻ ദണ്ഡനസ്‌തംഭത്തിൽ നിന്ന്‌ ഇറങ്ങി വരട്ടെ, എങ്കിൽ ഞങ്ങൾ അവനിൽ വിശ്വസിക്കാം. അവൻ ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നു; ദൈവം വേണമെങ്കിൽ വന്ന്‌ അവനെ രക്ഷിക്കട്ടെ, ‘ഞാൻ ദൈവത്തിന്റെ പുത്രനാണ്‌’ എന്നല്ലേ അവൻ പറഞ്ഞത്‌.”

      ഈ മനോഭാവത്തിൽ പങ്കുചേർന്നുകൊണ്ട്‌ പടയാളികളും യേശുവിനെ പരിഹസിക്കുന്നു. പുളിച്ച വീഞ്ഞ്‌ അവന്റെ ഉണങ്ങിവരണ്ട അധരങ്ങളിൽ നിന്ന്‌ അൽപ്പം അകലെയായി പിടിച്ചുകൊണ്ട്‌ അവർ അവനെ നിന്ദിക്കുന്നു. “നീ യഹൂദൻമാരുടെ രാജാവാകുന്നുവെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക,” അവർ വെല്ലുവിളിക്കുന്നു. യേശുവിന്റെ വലതുഭാഗത്തും ഇടതുഭാഗത്തുമായി തൂക്കപ്പെട്ടിരിക്കുന്ന കൊളളക്കാരും അവനെ പരിഹസിക്കുന്നു. ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, അതെ, സർവ്വവും സൃഷ്ടിക്കുന്നതിൽ യഹോവയാം ദൈവത്തോടൊപ്പം പങ്കു പററിയവൻ, നിശ്ചയദാർഢ്യത്തോടെ ഈ നിന്ദയെല്ലാം സഹിക്കുന്നതിനെപ്പററി ചിന്തിക്കുക!

      പടയാളികൾ യേശുവിന്റെ പുറങ്കുപ്പായമെടുത്ത്‌ അത്‌ നാലായി ഭാഗിക്കുന്നു. അവ ആർക്ക്‌ കിട്ടുമെന്നറിയിൻ അവർ കുറിയിടുന്നു. യേശുവിന്റെ അങ്കിയാകട്ടെ തുന്നൽ ഇല്ലാത്തതും മേൻമയേറിയതുമായിരുന്നു. “നമുക്ക്‌ ഇത്‌ കീറാതെ ഇത്‌ ആർക്ക്‌ കിട്ടുമെന്നറിയാൻ കുറിയിടാം” എന്ന്‌ പടയാളികൾ തമ്മിൽ പറയുന്നു. “എന്റെ പുറങ്കുപ്പായം അവർ വിഭാഗിച്ചെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു” എന്നുളള തിരുവെഴുത്ത്‌ അറിയാതെയാണെങ്കിലും അവർ നിവർത്തിക്കുന്നു.

      എന്നാൽ പിന്നീട്‌ കൊളളക്കാരിൽ ഒരുവൻ യേശു യഥാർത്ഥത്തിൽ ഒരു രാജാവായിരിക്കണം എന്ന വസ്‌തുത വിലമതിക്കാനിടയാകുന്നു. അതുകൊണ്ട്‌ അയാൾ തന്റെ കൂട്ടുകാരനെ ശാസിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നു: “നീ ഈ സമശിക്ഷാ വിധിയിൽ ആയിട്ടുപോലും നിനക്ക്‌ ദൈവത്തെ ഭയമില്ലേ? നമ്മൾ വാസ്‌തവത്തിൽ നാം ചെയ്‌ത കാര്യങ്ങൾക്കുളള ഉചിതമായ ശിക്ഷ സഹിക്കുകയാണ്‌; എന്നാൽ ഈ മനുഷ്യനാകട്ടെ യാതൊരു തെററും ചെയ്‌തിട്ടില്ല.” പിന്നെ യേശുവിനോട്‌ അയാൾ ഇങ്ങനെ അപേക്ഷിക്കുന്നു: “നീ നിന്റെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയുംകൂടെ ഓർക്കേണമേ.”

      “നീ എന്നോടുകൂടെ പറുദീസയിലുണ്ടായിരിക്കുമെന്ന്‌ സത്യമായും ഇന്നു ഞാൻ നിന്നോട്‌ പറയുന്നു,” എന്ന്‌ യേശു പ്രതിവചിക്കുന്നു. യേശു സ്വർഗ്ഗത്തിൽ രാജാവായി ഭരിച്ചുകൊണ്ട്‌ അനുതാപമുളള ഈ ദുഷ്‌പ്രവൃത്തിക്കാരനെ പറുദീസാ ഭൂമിയിലെ ജീവനിലേക്ക്‌ ഉയർപ്പിക്കുമ്പോൾ ഈ വാഗ്‌ദാനം നിവർത്തിക്കപ്പെടും. അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരും അവരുടെ കൂട്ടാളികളുമായിരിക്കും ഈ പറുദീസാ നട്ടുണ്ടാക്കുന്ന പദവി ആസ്വദിക്കുക. മത്തായി 27:33-44; മർക്കോസ്‌ 15:22-32; ലൂക്കോസ്‌ 23:27, 32-43; യോഹന്നാൻ 19:17-24.

      ▪ മീറ ചേർത്ത വീഞ്ഞു കുടിക്കാൻ യേശു വിസമ്മതിച്ചത്‌ എന്തുകൊണ്ടാണ്‌?

      ▪ എന്തിനുവേണ്ടിയായിരുന്നു യേശുവിന്റെ സ്‌തംഭത്തിന്റെ മുകളിൽ ഒരു പരസ്യപ്പലക വയ്‌ക്കപ്പെട്ടത്‌, അത്‌ പീലാത്തൊസും മുഖ്യപുരോഹിതൻമാരുമായി എന്തു വാഗ്വാദത്തിനിടയാക്കുന്നു?

      ▪ സ്‌തംഭത്തിൽ കിടക്കുമ്പോൾ യേശു കൂടുതലായ എന്തു നിന്ദ സഹിക്കേണ്ടി വരുന്നു, പ്രത്യക്ഷത്തിൽ എന്താണ്‌ അതിന്‌ ഇടയാക്കുന്നത്‌?

      ▪ യേശുവിന്റെ വസ്‌ത്രത്തോടുളള ബന്ധത്തിൽ പ്രവചനം നിവർത്തിക്കപ്പെടുന്നത്‌ എങ്ങനെ?

      ▪ കൊളളക്കാരിൽ ഒരുവൻ തന്റെ നിലപാടിൽ എന്തു മാററം വരുത്തുന്നു, യേശു അവന്റെ അപേക്ഷ എങ്ങനെ നിവർത്തിക്കും?

  • “തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 126

      “തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു”

      യേശു സ്‌തംഭത്തിൽ തറക്കപ്പെട്ട്‌ അധികം താമസിയാതെ മദ്ധ്യാഹ്നത്തോടെ മൂന്നു മണിക്കൂർ സമയത്തേക്ക്‌ അത്ഭുതകരമായി ആകാശം ഇരുണ്ടു പോകുന്നു. ഇത്‌ ഒരു സൂര്യഗ്രഹണം നിമിത്തമല്ല സംഭവിക്കുന്നത്‌ കാരണം സൂര്യഗ്രഹണം ഉണ്ടാകുന്നത്‌ പുതുചന്ദ്രന്റെ സമയത്താണ്‌. പെസഹ ആകട്ടെ പൂർണ്ണ ചന്ദ്രന്റെ ദിവസമാണ്‌. മാത്രവുമല്ല ഒരു സൂര്യഗ്രഹണം ഏതാനും മിനിററ്‌ നേരത്തേക്ക്‌ മാത്രമേയുളളു. അതുകൊണ്ട്‌ ഈ ഇരുൾ ദിവ്യ ഉത്ഭവമുളളതാണ്‌! അത്‌ യേശുവിനെ നിന്ദിച്ചുകൊണ്ടു നിന്നവരെ സ്‌തംഭിപ്പിക്കുന്നു, അവർ അത്‌ അവസാനിപ്പിക്കാൻ ഇടയാക്കുകപോലും ചെയ്യുന്നു.

      ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുവൻ തന്റെ കൂട്ടുകാരനെ ശാസിക്കുകയും തന്നെ ഓർക്കണമേ എന്ന്‌ യേശുവിനോട്‌ അപേക്ഷിക്കുകയും ചെയ്‌തതിന്‌ മുമ്പാണ്‌ ഈ ഭയജനകമായ പ്രതിഭാസം ഉണ്ടായതെങ്കിൽ അത്‌ അയാളെ അനുതാപത്തിലേക്ക്‌ നയിച്ച ഒരു ഘടകമായിരുന്നിരിക്കാം. ഒരുപക്ഷേ ഈ ഇരുട്ടിന്റെ സമയത്തായിരിക്കാം യേശുവിന്റെ അമ്മയായ മറിയയും അവളുടെ സഹോദരി ശലോമയും മഗ്‌ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും ദണ്ഡനസ്‌തംഭത്തിന്റെ സമീപത്തേക്ക്‌ നീങ്ങിയത്‌. യേശുവിന്റെ പ്രിയ അപ്പൊസ്‌തലനായ യോഹന്നാനും അവിടെ അവരോടൊപ്പമുണ്ടായിരുന്നു.

      താൻ മുലയൂട്ടി വളർത്തിക്കൊണ്ടു വന്ന തന്റെ മകൻ കഠോര വേദനകൾ സഹിച്ചു തൂങ്ങിക്കിടക്കുന്നതു കാണുമ്പോൾ യേശുവിന്റെ അമ്മയുടെ ഹൃദയം എത്രമാത്രം ‘മുറിപ്പെട്ടിരിക്കണം!’ യേശുവാകട്ടെ സ്വന്തം വേദനയെപ്പററി ചിന്തിക്കാതെ തന്റെ അമ്മയുടെ ക്ഷേമത്തെപ്പററിയാണ്‌ ചിന്തിക്കുന്നത്‌. വലിയ ശ്രമം ചെയ്‌ത്‌ യോഹന്നാന്റെ നേരെ മുഖം തിരിച്ചുകൊണ്ട്‌ യേശു തന്റെ അമ്മയോട്‌ പറയുന്നു: “സ്‌ത്രീയെ, ഇതാ! നിന്റെ മകൻ!” എന്നിട്ട്‌ മറിയയുടെ നേരെ തിരിഞ്ഞ്‌ യോഹന്നാനോട്‌ പറയുന്നു: “ഇതാ! നിന്റെ അമ്മ!”

      അങ്ങനെ യേശു വിധവയായിരിക്കുന്ന തന്റെ അമ്മയെ താൻ പ്രത്യേകാൽ സ്‌നേഹിക്കുന്ന അപ്പൊസ്‌തലനെ ഭരമേൽപ്പിക്കുന്നു. മറിയയുടെ മററ്‌ പുത്രൻമാർ അപ്പോഴും തന്നിൽ വിശ്വാസം പ്രകടമാക്കിയിട്ടില്ലാത്തതുകൊണ്ടാണ്‌ അവൻ അങ്ങനെ ചെയ്യുന്നത്‌. അങ്ങനെ തന്റെ മാതാവിന്റെ ശാരീരികാവശ്യങ്ങൾക്ക്‌ മാത്രമല്ല ആത്മീയാവശ്യങ്ങൾക്കുവേണ്ടിയും കൂടെ കരുതൽ ചെയ്‌തുകൊണ്ട്‌ യേശു ഒരു നല്ല ദൃഷ്ടാന്തം വയ്‌ക്കുന്നു.

      ഉച്ചകഴിഞ്ഞ്‌ ഏതാണ്ട്‌ മൂന്നുമണിയായപ്പോൾ, “എനിക്ക്‌ ദാഹിക്കുന്നു” എന്ന്‌ യേശു പറയുന്നു. തന്റെ നിർമ്മലത പരമാവധി പരിശോധിക്കപ്പെടുന്നതിനുവേണ്ടി പിതാവ്‌ തന്നിൽ നിന്ന്‌ സംരക്ഷണം പിൻവലിച്ചതു പോലെ യേശുവിന്‌ തോന്നിപ്പോകുന്നു. അതുകൊണ്ട്‌ ഉറച്ച ശബ്ദത്തിൽ വിളിച്ചു പറയുന്നു: “എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട്‌ നീ എന്നെ കൈവെടിഞ്ഞു?” ഇതു കേട്ടപ്പോൾ “നോക്കൂ! അവൻ ഏലിയാവിനെ വിളിക്കുകയാണ്‌” എന്ന്‌ സമീപത്തു നിൽക്കുന്നവർ പറയുന്നു. ഉടൻ അവരിൽ ഒരുവൻ ഓടിച്ചെന്ന്‌ ഒരു ഈസോപ്പ്‌തണ്ടിൻമേൽ സ്‌പോങ്ങ്‌ വച്ചു കെട്ടി പുളിച്ച വീഞ്ഞിൽ മുക്കി അവന്‌ കുടിക്കാൻ കൊടുക്കുന്നു. എന്നാൽ, “അതു വേണ്ട! അവനെ താഴെയിറക്കാൻ ഏലിയാവ്‌ വരുന്നോ എന്ന്‌ നമുക്കു കാണാം” എന്ന്‌ മററുളളവർ പറയുന്നു.

      പുളിച്ച വീഞ്ഞ്‌ സ്വീകരിക്കുമ്പോൾ യേശു വിളിച്ചു പറയുന്നു: “അത്‌ പൂർത്തിയായിരിക്കുന്നു!” അതെ, അവന്റെ പിതാവ്‌ അവനെ എന്തിനുവേണ്ടി ഭൂമിയിലേക്ക്‌ അയച്ചുവോ അതെല്ലാം അവൻ പൂർത്തിയാക്കിയിരിക്കുന്നു. ഒടുവിൽ അവൻ പറയുന്നു: “പിതാവേ, നിന്റെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ ഭരമേൽപ്പിക്കുന്നു.” അങ്ങനെ ദൈവം തന്റെ ജീവശക്തിയെ വീണ്ടും മടക്കിത്തരുമെന്നുളള ആത്മവിശ്വാസത്തോടെ യേശു അത്‌ ദൈവത്തെ ഭരമേൽപ്പിക്കുന്നു. എന്നിട്ട്‌ അവൻ തല ചായ്‌ച്‌ മരിക്കുന്നു.

      യേശു മരിച്ച ആ നിമിഷം ശക്തമായ ഒരു ഭൂചലനം ഉണ്ടാവുകയും പാറക്കൂട്ടങ്ങൾ പിളരുകയും ചെയ്യുന്നു. ഭൂചലനം വളരെ ശക്തമായതിനാൽ യെരൂശലേം നഗരത്തിനു വെളിയിലുണ്ടായിരുന്ന സ്‌മാരകകല്ലറകൾ പൊട്ടിപിളരുകയും ശവങ്ങൾ അവയിൽ നിന്ന്‌ തെറിച്ചു പുറത്തുവീഴുകയും ചെയ്യുന്നു. അങ്ങനെ പുറത്തു വീണ ശവശരീരങ്ങൾ കണ്ട വഴിപോക്കർ ആ വിവരം നഗരത്തിൽ ചെന്ന്‌ അറിയിക്കുന്നു.

      കൂടാതെ യേശു മരിക്കുന്ന നിമിഷം, ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസ്ഥലത്തെ അതിവിശുദ്ധത്തിൽ നിന്ന്‌ വേർതിരിച്ചിരുന്ന വലിയ തിരശ്ശീല മുകൾ മുതൽ അടിവരെ രണ്ടായി ചീന്തിപ്പോയി. വളരെ സുന്ദരമായ ചിത്രതയ്യലുകളുളള ഈ തിരശ്ശീലക്ക്‌ ഏതാണ്ട്‌ 18 മീററർ ഉയരവും നല്ല ഭാരവുമുണ്ട്‌! ഞെട്ടിക്കുന്ന ഈ അത്ഭുതം തന്റെ പുത്രന്റെ കൊലയാളികൾക്കെതിരെയുളള ദൈവത്തിന്റെ കോപം പ്രകടമാക്കുക മാത്രമല്ല ചെയ്‌തത്‌ മറിച്ച്‌ യേശുവിന്റെ മരണത്താൽ അതിവിശുദ്ധ സ്ഥലമായ സ്വർഗ്ഗത്തിലേക്കുളള വഴി തുറക്കപ്പെട്ടിരിക്കുന്നു എന്നും കൂടെ അത്‌ അർത്ഥമാക്കി.

      കൊളളാം, ഭൂചലനം അനുഭവപ്പെടുകയും സംഭവിക്കുന്ന മററു കാര്യങ്ങൾ കാണുകയും ചെയ്‌തപ്പോൾ ആളുകൾ വളരെയധികം ഭയപ്പെട്ടു. വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെട്ടിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവത്തിന്‌ മഹത്വം കൊടുക്കുന്നു. “തീർച്ചയായും ഇവൻ ദൈവപുത്രനായിരുന്നു” എന്ന്‌ അയാൾ പ്രഖ്യാപിക്കുന്നു. സാദ്ധ്യതയനുസരിച്ച്‌, പീലാത്തൊസിന്റെ മുമ്പാകെയുളള യേശുവിന്റെ വിചാരണ വേളയിൽ യേശു ദൈവപുത്രനാണെന്നുളള അവകാശവാദം ഉന്നയിച്ചപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നു. യേശു ദൈവത്തിന്റെ പുത്രനാണെന്ന്‌ ഇപ്പോൾ അയാൾക്ക്‌ ബോദ്ധ്യമായിരിക്കുന്നു, അതെ, അവൻ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനാണ്‌.

      മററുളളവരെയും ഈ അത്ഭുത സംഭവങ്ങൾ ബാധിക്കുന്നു. തങ്ങളുടെ ദുഃഖത്തിന്റെയും ലജ്ജയുടെയും അടയാളമായി മാറത്തടിച്ചുകൊണ്ട്‌ അവർ തങ്ങളുടെ ഭവനങ്ങളിലേക്ക്‌ മടങ്ങുന്നു. കുറച്ച്‌ ദൂരെമാറി ഈ ഭയാനക സംഭവങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ട്‌ ദുഃഖിതരായി യേശുവിന്റെ അനേകം ശിഷ്യൻമാരും നിൽപ്പുണ്ട്‌. അപ്പൊസ്‌തലനായ യോഹന്നാനും അവിടെ സന്നിഹിതനാണ്‌. മത്തായി 27:45-56; മർക്കോസ്‌ 15:33-41; ലൂക്കോസ്‌ 23:44-49; 2:34, 35; യോഹന്നാൻ 19:25-30.

      ▪ മൂന്നു മണിക്കൂർ നേരെത്തെ ഇരുൾ ഒരു സൂര്യഗ്രഹണത്തിന്റെ ഫലമായിട്ടായിരിക്കാവുന്നതല്ലാത്തതെന്തുകൊണ്ട്‌?

      ▪ തന്റെ മരണത്തിനു തൊട്ടുമുമ്പ്‌ വൃദ്ധമാതാപിതാക്കളുളളവർക്ക്‌ യേശു എന്തു നല്ല ദൃഷ്ടാന്തം വെച്ചു?

      ▪ യേശു മരിക്കുന്നതിന്‌ മുമ്പുളള അവസാനത്തെ നാലു പ്രസ്‌താവനകൾ ഏവയാണ്‌?

      ▪ ഭൂചലനത്തിന്റെ ഫലമായി എന്തു സംഭവിക്കുന്നു, ആലയത്തിന്റെ തിരശ്ശീല രണ്ടായി പിളർന്നു പോകുന്നത്‌ എന്തർത്ഥമാക്കുന്നു?

      ▪ വധശിക്ഷ നടപ്പാക്കുന്നതിന്‌ ഉത്തരവാദിയായിരുന്ന സൈനികോദ്യോഗസ്ഥൻ ഈ അത്ഭുതങ്ങളാൽ എങ്ങനെ ബാധിക്കപ്പെടുന്നു?

  • വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
    • അധ്യായം 127

      വെളളിയാഴ്‌ച അടക്കപ്പെടുന്നു—ഞായറാഴ്‌ച ഒരു ശൂന്യമായ ശവകുടീരം

      ഇപ്പോൾ വെളളിയാഴ്‌ച ഉച്ചകഴിഞ്ഞിരിക്കുന്നു, സൂര്യാസ്‌തമയത്തിങ്കൽ നീസാൻ 15-ലെ ശബ്ബത്ത്‌ ആരംഭിക്കും. യേശുവിന്റെ ശരീരം ചലനമററ്‌ സ്‌തംഭത്തിൽ തൂങ്ങിക്കിടക്കുന്നു. എന്നാൽ അവന്റെ ഇരുവശത്തുമുളള കൊളളക്കാർ ഇപ്പോഴും മരിച്ചിട്ടില്ല. വെളളിയാഴ്‌ച ഉച്ചകഴിഞ്ഞുളള സമയത്തെ ഒരുക്കനാൾ എന്നു വിളിച്ചിരിക്കുന്നു. കാരണം അപ്പോൾ ആളുകൾ ഭക്ഷണം തയ്യാറാക്കുകയും ശബ്ബത്ത്‌ കഴിയുന്നതുവരെ നീട്ടിവയ്‌ക്കാൻ വയ്യാത്ത അത്യാവശ്യ ജോലികൾ ചെയ്‌തു തീർക്കുകയും ചെയ്യുന്നു.

      പെട്ടെന്നു തന്നെ ആരംഭിക്കാൻ പോകുന്ന ശബ്ബത്ത്‌ ഒരു സാധാരണ ശബ്ബത്ത്‌ (ആഴ്‌ചവട്ടത്തിലെ ഏഴാം ദിവസം) മാത്രമല്ല, അത്‌ ഒരു ഇരട്ട, അല്ലെങ്കിൽ “വലിയ” ശബ്ബത്താണ്‌. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഏഴുദിവസം ദീർഘിക്കുന്ന പെരുന്നാളിന്റെ ആദ്യദിവസമായ നീസാൻ 15 (അത്‌ ആഴ്‌ചവട്ടത്തിലെ ഏതു ദിവസമായിരുന്നാലും എല്ലായ്‌പ്പോഴും ഒരു ശബ്ബത്താണ്‌) ഒരു സാധാരണ ശബ്ബത്ത്‌ ദിവസവുമായി ഒത്തു വരുന്നതിനാലാണ്‌ അത്‌ അങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നത്‌.

      ദൈവത്തിന്റെ നിയമമനുസരിച്ച്‌ ശവശരീരങ്ങൾ രാത്രിയിൽ കഴുമരത്തിൽ തൂങ്ങിക്കിടക്കാൻ അനുവദിക്കരുത്‌. അതുകൊണ്ട്‌ വധശിക്ഷ അനുഭവിക്കുന്നവരുടെ കണങ്കാലുകൾ തകർത്ത്‌ അവർ വേഗം മരിക്കാൻ ഇടയാക്കണമെന്ന്‌ യഹൂദൻമാർ പീലാത്തൊസിനോട്‌ ആവശ്യപ്പെടുന്നു. അതുകൊണ്ട്‌ പടയാളികൾ കൊളളക്കാർ രണ്ടുപേരുടെയും കാലുകൾ ഒടിക്കുന്നു. എന്നാൽ യേശു മരിച്ചതായി കാണപ്പെടുന്നതിനാൽ അവന്റെ കാലുകൾ ഒടിക്കുന്നില്ല. അതിനാൽ “അവന്റെ അസ്ഥികളൊന്നും തകർക്കപ്പെട്ടില്ല” എന്ന തിരുവെഴുത്തിന്‌ നിവൃത്തി വന്നു.

      എന്നിരുന്നാലും യേശു യഥാർത്ഥത്തിൽ മരിച്ചു എന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ പടയാളികളിൽ ഒരുവൻ ഒരു കുന്തംകൊണ്ട്‌ അവന്റെ പാർശ്വത്ത്‌ കുത്തുന്നു. അത്‌ അവന്റെ ഹൃദയഭാഗത്ത്‌ തുളച്ചു കയറി, ഉടനെ മുറിവിൽ നിന്ന്‌ രക്തവും വെളളവും പുറത്തേക്ക്‌ ഒഴുകി. ഇതിന്‌ ദൃക്‌സാക്ഷിയായിരുന്ന അപ്പൊസ്‌തലനായ യോഹന്നാൻ ഇത്‌ മറെറാരു തിരുവെഴുത്ത്‌ നിവർത്തിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു: “അവർ കുത്തിത്തുളച്ചവങ്കലേക്ക്‌ അവർ നോക്കും.”

      വധശിക്ഷ നടപ്പാക്കുന്നിടത്ത്‌ സൻഹെദ്രീമിലെ ഒരു പ്രശസ്‌ത അംഗവും അരിമഥ്യ എന്ന നഗരത്തിൽ നിന്നുളളവനുമായ യോസേഫും സന്നിഹിതനാണ്‌. യേശുവിനെതിരെയുളള അന്യായമായ നടപടിക്ക്‌ അനുകൂലമായി വോട്ട്‌ചെയ്യുന്നതിന്‌ അയാൾ വിസമ്മതിച്ചിരുന്നു. യോസേഫ്‌ യേശുവിന്റെ ഒരു ശിഷ്യനായി തന്നെത്തന്നെ തിരിച്ചറിയിക്കാൻ ഭയപ്പെട്ടിരുന്നെങ്കിലും അയാൾ വാസ്‌തവത്തിൽ ഒരു ശിഷ്യനായിരുന്നു. എന്നാൽ ഇപ്പോൾ ധൈര്യം പ്രകടമാക്കിക്കൊണ്ട്‌ യേശുവിന്റെ ശരീരം ചോദിച്ചു വാങ്ങാൻ അയാൾ പീലാത്തൊസിനെ സമീപിക്കുന്നു. പീലാത്തൊസ്‌ ചുമതലക്കാരനായ സൈനികോദ്യോഗസ്ഥനെ വിളിച്ചു വരുത്തി യേശു മരിച്ചു എന്ന്‌ അയാൾ ഉറപ്പു കൊടുത്തശേഷം ശരീരം വിട്ടുകൊടുക്കുന്നു.

      യോസേഫ്‌ ശരീരമെടുത്ത്‌ അടക്കം ചെയ്യുന്നതിനുളള ഒരുക്കമായി അത്‌ വൃത്തിയുളള ശണവസ്‌ത്രത്തിൽ പൊതിയുന്നു. സൻഹെദ്രീമിലെ മറെറാരു അംഗമായ നിക്കോദേമൊസ്‌ അതിന്‌ അയാളെ സഹായിക്കുന്നു. നിക്കോദേമൊസും തന്റെ സ്ഥാനം നഷ്ടമാകുന്നതിനെപ്പററിയുളള ഭയം നിമിത്തം യേശുവിലുളള വിശ്വാസം ഏററു പറയുന്നതിൽ പരാജയപ്പെട്ട ഒരാളാണ്‌. എന്നാൽ ഇപ്പോൾ അയാൾ ഏകദേശം നൂറു റാത്തൽ (33 കിലോഗ്രാം) മീറയും വിലകൂടിയ അകിലും ഉൾക്കൊളളുന്ന ഒരു കെട്ടുമായി വരുന്നു. യഹൂദൻമാർ ശരീരം സംസ്‌ക്കാരത്തിന്‌ ഒരുക്കുന്ന രീതിയിൽ യേശുവിന്റെ ശരീരം ഈ സുഗന്ധകൂട്ടുകൾ ഇട്ട്‌ തുണിയിൽ പൊതിയുന്നു.

      അതിനുശേഷം ശരീരം അടുത്തുളള തോട്ടത്തിൽ യോസേഫിന്റെതായി പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു പുതിയ സ്‌മാരകകല്ലറയിൽ അടക്കം ചെയ്യുന്നു. അവസാനം ഒരു വലിയ കല്ല്‌ ഉരുട്ടിവച്ച്‌ കല്ലറയുടെ വാതിൽ അടക്കുന്നു. ശബ്ബത്തിനു മുൻപ്‌ ശവം മറവു ചെയ്യാൻവേണ്ടി ഈ ഒരുക്കങ്ങളെല്ലാം വളരെ ധൃതഗതിയിലാണ്‌ ചെയ്യപ്പെടുന്നത്‌. അതുകൊണ്ട്‌ ഒരുപക്ഷേ ഈ ഒരുക്കത്തിന്‌ സഹായിച്ച മഗ്‌ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെ അമ്മയായ മറിയയും കൂടുതൽ സുഗന്ധങ്ങളും വാസനതൈലങ്ങളും തയ്യാറാക്കുന്നതിനുവേണ്ടി വേഗം വീട്ടിലേക്ക്‌ പോകുന്നു. ശരീരം കൂടുതൽ നാളത്തേക്ക്‌ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയേണ്ടതിന്‌ ശബ്ബത്ത്‌ കഴിഞ്ഞ്‌ ശരീരത്തിന്‌ കൂടുതലായ ചില പരിചരണങ്ങൾ നൽകാൻ അവർ ആസൂത്രണം ചെയ്യുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക