-
നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പതിനൊന്ന്
നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ
1. കുടുംബങ്ങളിൽ ഭിന്നിപ്പുണ്ടാക്കിയേക്കാവുന്ന ചില സംഗതികൾ എന്തെല്ലാം?
സ്‌നേഹവും സഹാനുഭൂതിയും സമാധാനവും ഉള്ള കുടുംബത്തിൽപ്പെട്ടവർ സന്തുഷ്ടരാണ്. അത്തരമൊരു കുടുംബമാണു നിങ്ങളുടേതെന്നു പ്രതീക്ഷിക്കട്ടെ. എണ്ണമറ്റ കുടുംബങ്ങൾ ആ വിവരണത്തോട് ഒത്തുവരുന്നില്ലെന്നതും ഏതെങ്കിലും കാരണത്താൽ ഭിന്നിച്ചിരിക്കുകയാണെന്നതും സങ്കടകരംതന്നെ. കുടുംബങ്ങളിൽ ഭിന്നതവരുത്തുന്നത് എന്താണ്? ഈ അധ്യായത്തിൽ നാം മൂന്നു സംഗതികൾ ചർച്ചചെയ്യുന്നതായിരിക്കും. ചില കുടുംബങ്ങളിൽ, അംഗങ്ങൾ എല്ലാവരും ഒരേ മതം പിൻപറ്റുന്നില്ല. മറ്റുള്ളവയിൽ, കുട്ടികൾക്ക് ജീവശാസ്‌ത്രപരമായ ഒരേ മാതാപിതാക്കൾ ഇല്ലായിരിക്കും. ഇനി മറ്റു ചില കുടുംബങ്ങളിൽ, അഹോവൃത്തിക്കുള്ള വകതേടുന്നതിനുള്ള കഷ്ടപ്പാടോ കൂടുതൽ ഭൗതികവസ്‌തുക്കൾക്കായുള്ള ആഗ്രഹമോ കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നതായി കാണുന്നു. എങ്കിലും, ഒരു കുടുംബത്തെ ഭിന്നിപ്പിക്കുന്ന സാഹചര്യങ്ങൾ മറ്റൊന്നിനെ ബാധിക്കണമെന്നില്ല. വ്യത്യാസത്തിന്റെ കാരണമെന്താണ്?
2. കുടുംബജീവിതത്തിലെ മാർഗനിർദേശത്തിനായി ചിലർ നോക്കുന്നത് എവിടേക്ക്, എന്നാൽ അത്തരം മാർഗനിർദേശത്തിനുള്ള ഏറ്റവും നല്ല ഉറവിടമേത്?
2 കാഴ്‌ചപ്പാട് ആണ് ഒരു ഘടകം. മറ്റൊരാളുടെ കാഴ്‌ചപ്പാട് മനസ്സിലാക്കാൻ നിങ്ങൾ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ, ഒരു ഏകീകൃത ഭവനം കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്നു നിങ്ങൾ വിവേചിക്കാൻ കൂടുതൽ സാധ്യതയുണ്ട്. മാർഗനിർദേശത്തിനായുള്ള നിങ്ങളുടെ ഉറവാണു രണ്ടാമത്തെ ഘടകം. അനേകം ആളുകളും സഹപ്രവർത്തകരുടെയോ അയൽക്കാരുടെയോ പത്രപംക്തിയെഴുത്തുകാരുടെയോ മറ്റു മാനുഷിക വഴികാട്ടികളുടെയോ ഉപദേശം പിൻപറ്റുന്നു. എന്നാൽ ചിലരാകട്ടെ, തങ്ങളുടെ സ്ഥിതിവിശേഷത്തെക്കുറിച്ചു ദൈവവചനം പറയുന്നതെന്തെന്നു മനസ്സിലാക്കിയതിനുശേഷം തങ്ങൾ പഠിച്ചതു ബാധകമാക്കിയിരിക്കുന്നു. ഇതു ചെയ്യുന്നത് സമാധാനം നിലനിർത്തുന്നതിന് ഒരു കുടുംബത്തെ സഹായിക്കുന്നതെങ്ങനെ?—2 തിമൊഥെയൊസ് 3:16, 17.
ഭർത്താവിന്റേതു മറ്റൊരു വിശ്വാസമെങ്കിൽ
മറ്റേ വ്യക്തിയുടെ കാഴ്‌ചപ്പാടു മനസ്സിലാക്കാൻ ശ്രമിക്കുക
3. (എ) വ്യത്യസ്‌ത വിശ്വാസത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കുന്നതു സംബന്ധിച്ചു ബൈബിളിന്റെ ബുദ്ധ്യുപദേശം എന്ത്? (ബി) ഇണകളിൽ ഒരാൾ വിശ്വാസിയായിരിക്കുകയും മറ്റേയാൾ അല്ലാതിരിക്കുകയുമാണെങ്കിൽ ബാധകമാകുന്ന ഏതാനും അടിസ്ഥാന തത്ത്വങ്ങൾ എന്തെല്ലാം?
3 വ്യത്യസ്‌ത മതവിശ്വാസമുള്ള ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നതിനെതിരെ ബൈബിൾ നമ്മെ ശക്തമായി ബുദ്ധ്യുപദേശിക്കുന്നു. (ആവർത്തനപുസ്‌തകം 7:3, 4; 1 കൊരിന്ത്യർ 7:39) എന്നാൽ നിങ്ങളുടെ വിവാഹത്തിനുശേഷമാകാം നിങ്ങൾ ബൈബിളിൽനിന്നു സത്യം മനസ്സിലാക്കിയത്, എന്നാൽ ഭർത്താവ് അങ്ങനെ ചെയ്‌തില്ല. അങ്ങനെയെങ്കിൽ എന്ത്? തീർച്ചയായും, വിവാഹപ്രതിജ്ഞകൾ അപ്പോഴും സാധുവാണ്. (1 കൊരിന്ത്യർ 7:10) ബൈബിൾ വിവാഹബന്ധത്തിന്റെ സ്ഥിരതയെ ഊന്നിപ്പറയുകയും വിവാഹിതരായ ആളുകൾ ഭിന്നതകളിൽനിന്ന് ഓടിയകലാതെ അവ പരിഹരിക്കുന്നതിനു ശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (എഫെസ്യർ 5:28-31; തീത്തൊസ് 2:4, 5) എന്നാൽ, ബൈബിളിന്റെ മതം ആചരിക്കുന്നതിനെ നിങ്ങളുടെ ഭർത്താവ് ശക്തമായി എതിർക്കുന്നെങ്കിലോ? സഭായോഗങ്ങൾക്കു പോകുന്നതിൽനിന്ന് നിങ്ങളെ അദ്ദേഹം തടയാൻ ശ്രമിച്ചേക്കാം, അല്ലെങ്കിൽ തന്റെ ഭാര്യ മതത്തെക്കുറിച്ചു സംസാരിച്ചുകൊണ്ട് വീടുതോറും പോകുന്നതു താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞേക്കാം. നിങ്ങൾ എന്തു ചെയ്യും?
4. തന്റെ വിശ്വാസത്തിൽ ഭർത്താവു പങ്കുപറ്റുന്നില്ലെങ്കിൽ, ഭാര്യക്ക് ഏതുവിധത്തിൽ സമാനുഭാവം പ്രകടമാക്കാൻ കഴിയും?
4 ‘എന്തുകൊണ്ടാണ് എന്റെ ഭർത്താവിന് അങ്ങനെ തോന്നുന്നത്?’ എന്നു നിങ്ങളോടുതന്നെ ചോദിക്കുക. (സദൃശവാക്യങ്ങൾ 16:20, 23) നിങ്ങൾ ചെയ്യുന്നതെന്തെന്ന് അദ്ദേഹം യഥാർഥത്തിൽ മനസ്സിലാക്കുന്നില്ലെങ്കിൽ, അദ്ദേഹം നിങ്ങളെക്കുറിച്ചു വിഷമിച്ചേക്കാം. അല്ലെങ്കിൽ ബന്ധുക്കൾ പ്രധാനപ്പെട്ടതായി കാണുന്ന ചില ആചാരങ്ങളിൽ നിങ്ങൾ മേലാൽ പങ്കെടുക്കുന്നില്ലാത്തതിനാൽ അദ്ദേഹം ചിലപ്പോൾ അവരുടെ സമ്മർദത്തിൻകീഴിലായിരിക്കാം. “വീട്ടിൽ ഒറ്റപ്പെട്ട്, ഞാൻ പരിത്യജിക്കപ്പെട്ടവനായി തോന്നി,” ഒരു ഭർത്താവ് പറഞ്ഞു. ഒരു മതത്തിന്റെ പേരിൽ തനിക്കു ഭാര്യയെ നഷ്ടപ്പെടുകയാണെന്ന് ഈ മനുഷ്യനു തോന്നി. എന്നിട്ടും തനിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടെന്നു സമ്മതിക്കാൻ അഹങ്കാരം അയാളെ അനുവദിച്ചില്ല. യഹോവയോടുള്ള സ്‌നേഹത്തിന്റെ അർഥം ഭർത്താവിനോടു മുമ്പുണ്ടായിരുന്നത്രയും സ്‌നേഹം ഇപ്പോൾ ഇല്ല എന്നല്ലെന്ന ഉറപ്പ് നിങ്ങളുടെ ഭർത്താവിനു വേണമായിരിക്കാം. നിങ്ങൾ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
5. വ്യത്യസ്‌ത വിശ്വാസം ആചരിക്കുന്ന ഭർത്താവുള്ള ഭാര്യ എന്തു സമനില സൂക്ഷിക്കണം?
5 എന്നിരുന്നാലും, നിങ്ങൾ സ്ഥിതിവിശേഷത്തെ ബുദ്ധിപൂർവകമായി കൈകാര്യം ചെയ്യാൻ പോകുകയാണെങ്കിൽ, ഇതിലും കൂടുതൽ പ്രാധാന്യമുള്ള ഒരു സംഗതി പരിചിന്തിക്കണം. ദൈവവചനം ഭാര്യമാരെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.” (കൊലൊസ്സ്യർ 3:18) അങ്ങനെ, അതു സ്വാതന്ത്ര്യത്തിന്റേതായ ഒരു മനോഭാവത്തിനെതിരെ ജാഗ്രതപ്പെടുത്തുന്നു. അതിലുപരി, “കർത്താവിൽ ഉചിതമാകുംവണ്ണം” എന്നു പറയുകവഴി, ഭർത്താവിനോടുള്ള കീഴ്‌പെടലിൽ കർത്താവിനോടുള്ള കീഴ്‌പെടലും പരിഗണിക്കണമെന്ന് ഈ തിരുവെഴുത്ത് സൂചിപ്പിക്കുന്നു. ഒരു സമനില ഉണ്ടായിരിക്കേണ്ടതുണ്ട്.
6. ഒരു ക്രിസ്‌തീയ ഭാര്യ എന്തെല്ലാം തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കണം?
6 ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം, സഭായോഗങ്ങൾക്കു ഹാജരാകുന്നതും തന്റെ ബൈബിളധിഷ്‌ഠിത വിശ്വാസം മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതും സത്യാരാധനയുടെ അവഗണിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട വശങ്ങളാണ്. (റോമർ 10:9, 10, 14; എബ്രായർ 10:24, 25) അപ്പോൾ ദൈവത്തിന്റെ ഒരു പ്രത്യേക നിബന്ധന പാലിക്കേണ്ടതില്ലെന്ന് ഒരു മനുഷ്യൻ നിങ്ങളോടു നേരിട്ടു കൽപ്പിക്കുന്നെങ്കിൽ, നിങ്ങൾ എന്തു ചെയ്യും? യേശുക്രിസ്‌തുവിന്റെ അപ്പോസ്‌തലന്മാർ ഇങ്ങനെ പ്രഖ്യാപിച്ചു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) ജീവിതത്തിലെ അനേകം സ്ഥിതിവിശേഷങ്ങൾക്കു ബാധകമാക്കാവുന്ന ഒരു കീഴ്‌വഴക്കമാണ് അവരുടെ മാതൃക പ്രദാനം ചെയ്യുന്നത്. യഹോവയ്‌ക്ക് ഉചിതമായി കൊടുക്കേണ്ട സമ്പൂർണ ഭക്തി കൊടുക്കാൻ അവനോടുള്ള സ്‌നേഹം നിങ്ങളെ പ്രേരിപ്പിക്കുമോ? അതേസമയം, ഭർത്താവിനു സ്വീകാര്യമായ വിധത്തിൽ നിങ്ങൾ ഇതു ചെയ്യാൻ അദ്ദേഹത്തോടുള്ള നിങ്ങളുടെ സ്‌നേഹവും ആദരവും ഇടയാക്കുമോ?—മത്തായി 4:10; 1 യോഹന്നാൻ 5:3.
7. ഒരു ക്രിസ്‌തീയ ഭാര്യക്ക് എന്തു ദൃഢനിശ്ചയം ഉണ്ടായിരിക്കണം?
7 ഇത് എല്ലായ്‌പോഴും സാധ്യമായിരിക്കുകയില്ലെന്നു യേശു സൂചിപ്പിക്കുകയുണ്ടായി. സത്യാരാധനയോടുള്ള എതിർപ്പുമൂലം, ചില കുടുംബങ്ങളിലെ വിശ്വാസികളായ അംഗങ്ങൾക്ക്, തങ്ങൾക്കും ശേഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഇടയിൽ ഒരു വാൾ വന്നാലെന്നപോലെ, വിച്ഛേദിക്കപ്പെട്ടിരിക്കുന്നതായി തോന്നുമെന്ന് അവൻ മുന്നറിയിപ്പു നൽകി. (മത്തായി 10:34-36) ജപ്പാനിലെ ഒരു സ്‌ത്രീ ഇത് അനുഭവിച്ചു. 11 വർഷത്തോളം ഭർത്താവ് അവളെ എതിർത്തു. അവളോടു പരുക്കനായി ഇടപെട്ട അദ്ദേഹം പലപ്പോഴും അവളെ വീടിനു വെളിയിലാക്കി വീടു പൂട്ടുമായിരുന്നു. എന്നാൽ അവൾ സഹിച്ചുനിന്നു. ക്രിസ്‌തീയ സഭയിലെ സുഹൃത്തുക്കൾ അവളെ സഹായിച്ചു. അവൾ ഇടവിടാതെ പ്രാർഥിക്കുകയും 1 പത്രൊസ് 2:20-ൽനിന്നു കാര്യമായ പ്രോത്സാഹനം നേടുകയും ചെയ്‌തു. ഉറച്ചുനിൽക്കുന്നെങ്കിൽ, ഏതെങ്കിലും ഒരു ദിവസം തന്റെ ഭർത്താവ് യഹോവയെ സേവിക്കുന്നതിൽ തന്നോടൊപ്പം ചേരുമെന്ന് ഈ ക്രിസ്‌തീയ സ്‌ത്രീക്കു ബോധ്യമുണ്ടായിരുന്നു. അദ്ദേഹം അതുതന്നെ ചെയ്‌തു.
8, 9. ഭർത്താവിനു മുമ്പാകെ അനാവശ്യ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ഭാര്യ എങ്ങനെ പ്രവർത്തിക്കണം?
8 നിങ്ങളുടെ ഇണയുടെ മനോഭാവത്തെ ബാധിക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന അനേകം പ്രായോഗിക സംഗതികളുണ്ട്. ഉദാഹരണത്തിന്, ഭർത്താവ് നിങ്ങളുടെ മതത്തെ എതിർക്കുന്നെങ്കിൽ, മറ്റു മേഖലകളിൽ നിങ്ങളെക്കുറിച്ചു പരാതിക്കുള്ള സാധുവായ കാരണങ്ങൾ അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുക്കരുത്. വീടു വൃത്തിയുള്ളതായി സൂക്ഷിക്കുക. നിങ്ങളുടെ രൂപഭാവത്തിനു ശ്രദ്ധകൊടുക്കുക. സ്‌നേഹപ്രകടനങ്ങളിലും വിലമതിപ്പിലും ഉദാരമതിയായിരിക്കുക. വിമർശിക്കുന്നതിനുപകരം, പിന്തുണയ്‌ക്കുക. ശിരഃസ്ഥാനത്തിനായി നിങ്ങൾ അദ്ദേഹത്തിലേക്കു നോക്കുന്നുവെന്നു പ്രകടമാക്കുക. നിങ്ങളോടു തെറ്റുചെയ്‌തിരിക്കുന്നുവെന്നു തോന്നുന്നെങ്കിൽ, പ്രതികാരം ചെയ്യരുത്. (1 പത്രൊസ് 2:21, 23) മാനുഷിക അപൂർണതകളെപ്രതി വിട്ടുവീഴ്‌ച കാട്ടുക, ഒരു തർക്കം പൊന്തിവരുന്നെങ്കിൽ, താഴ്‌മയോടെ ക്ഷമ യാചിക്കാൻ ഒന്നാമതായിരിക്കുക.—എഫെസ്യർ 4:26.
9 നിങ്ങൾ യോഗങ്ങൾക്കു ഹാജരാകുന്നുവെന്നത് അദ്ദേഹത്തിന്റെ ഭക്ഷണം താമസിച്ചുപോകാനുള്ള ഒരു കാരണമായിരിക്കരുത്. ചിലപ്പോഴെല്ലാം നിങ്ങളുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങൾ നിങ്ങൾക്കു ക്രിസ്‌തീയ ശുശ്രൂഷയിൽ പങ്കുപറ്റാൻ തിരഞ്ഞെടുക്കാവുന്നതാണ്. ഭർത്താവിന് ഇഷ്ടമില്ലെങ്കിൽ, അദ്ദേഹത്തോടു പ്രസംഗിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നത് ഒരു ക്രിസ്‌തീയ ഭാര്യയെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമാണ്. മറിച്ച്, അവൾ പത്രോസ് അപ്പോസ്‌തലന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ് 3:1, 2) ക്രിസ്‌തീയ ഭാര്യമാർ ദൈവാത്മാവിന്റെ ഫലങ്ങൾ കൂടുതൽ തികവിൽ പ്രകടമാക്കുന്നതിൽ പുരോഗതി വരുത്തിക്കൊണ്ടിരിക്കും.—ഗലാത്യർ 5:22, 23.
ഭാര്യ ക്രിസ്‌ത്യാനിത്വം ആചരിക്കാത്തവളെങ്കിൽ
10. ഭാര്യയുടെ വിശ്വാസം മറ്റൊന്നാണെങ്കിൽ, വിശ്വാസിയായ ഭർത്താവ് ഭാര്യയോട് ഇടപെടേണ്ടത് എങ്ങനെ?
10 ഭർത്താവ് ക്രിസ്‌ത്യാനിത്വം ആചരിക്കുന്നവനാണ്, എന്നാൽ ഭാര്യ അങ്ങനെയല്ലെങ്കിലോ? ബൈബിൾ അത്തരം സ്ഥിതിവിശേഷങ്ങൾക്കുള്ള മാർഗനിർദേശം നൽകുന്നുണ്ട്. അത് ഇങ്ങനെ പറയുന്നു: “ഒരു സഹോദരന്നു അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്‌താൽ അവളെ ഉപേക്ഷിക്കരുതു.” (1 കൊരിന്ത്യർ 7:12) അതു ഭർത്താക്കന്മാരെ ഇങ്ങനെ അനുശാസിക്കുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിച്ചുകൊണ്ടിരിപ്പിൻ.”—കൊലോസ്യർ 3:19, NW.
11. ഭാര്യ ക്രിസ്‌ത്യാനിത്വം ആചരിക്കുന്നില്ലെങ്കിൽ, ഒരു ഭർത്താവിനു വിവേചന പ്രകടമാക്കാനും ഭാര്യയുടെമേൽ നയപരമായി ശിരഃസ്ഥാനം പ്രയോഗിക്കാനും കഴിയുന്നതെങ്ങനെ?
11 നിങ്ങളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിശ്വാസമുള്ള ഭാര്യയുടെ ഭർത്താവാണു നിങ്ങളെങ്കിൽ, നിങ്ങളുടെ ഭാര്യയോട് ആദരവും അവളുടെ വികാരങ്ങളോടു പരിഗണനയും കാട്ടാൻ വിശേഷാൽ ശ്രദ്ധയുള്ളവനായിരിക്കുക. പ്രായപൂർത്തിയെത്തിയ ഒരു വ്യക്തി എന്നനിലയിൽ, അവളുടെ മതവിശ്വാസങ്ങളോടു നിങ്ങൾ യോജിക്കുന്നില്ലെങ്കിൽപ്പോലും, അവ ആചരിക്കാൻ ഒരളവുവരെയുള്ള സ്വാതന്ത്ര്യം അവൾ അർഹിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അവളോട് ആദ്യമായി സംസാരിക്കുമ്പോൾ, ദീർഘകാലമായി പാലിച്ചുപോന്ന വിശ്വാസങ്ങൾ അവൾ പുതിയതൊന്നിനുവേണ്ടി വിട്ടുകളയുമെന്നു പ്രതീക്ഷിക്കരുത്. ദീർഘകാലമായി അവളും കുടുംബവും താലോലിച്ചുപോന്ന ആചാരങ്ങൾ തെറ്റാണെന്നു വെട്ടിത്തുറന്നുപറയുന്നതിനുപകരം, അവളുമായി തിരുവെഴുത്തിൽനിന്നു ക്ഷമയോടെ ന്യായവാദം ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ വളരെയധികം സമയം സഭാപ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നതുകൊണ്ട്, ഒരുപക്ഷേ താൻ അവഗണിക്കപ്പെടുന്നതായി അവൾക്കു തോന്നുന്നുണ്ടാവാം. യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ അവൾ എതിർത്തേക്കാം, എന്നാൽ അതിൽ അന്തർലീനമായിരിക്കുന്ന സന്ദേശം ഇതായിരിക്കാം: “നിങ്ങൾ എനിക്കുവേണ്ടി കുറേക്കൂടെ സമയം ചെലവിടണം!” ക്ഷമയുള്ളവനായിരിക്കുക. നിങ്ങൾ സ്‌നേഹപുരസ്സരമായ പരിഗണന കാട്ടുന്നതുനിമിത്തം ക്രമേണ സത്യാരാധന സ്വീകരിക്കാൻ അവൾ സഹായിക്കപ്പെട്ടേക്കാം.—കൊലൊസ്സ്യർ 3:12-14; 1 പത്രൊസ് 3:8, 9.
കുട്ടികളെ പരിശീലിപ്പിക്കൽ
12. ഭാര്യാഭർത്താക്കന്മാരുടെ വിശ്വാസങ്ങൾ വ്യത്യസ്‌തമാണെങ്കിലും, തങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ തിരുവെഴുത്തു തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കപ്പെടണം?
12 ആരാധനയിൽ ഏകീകൃതമല്ലാത്ത ഒരു ഭവനത്തിൽ, കുട്ടികളുടെ മതബോധനം ചിലപ്പോഴെല്ലാം ഒരു പ്രശ്‌നമായിത്തീരാറുണ്ട്. എങ്ങനെയാണു തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കേണ്ടത്? കുട്ടികളെ പ്രബോധിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്വം ബൈബിൾ കൊടുക്കുന്നതു പിതാവിനാണെങ്കിലും, മാതാവിനും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കാനുണ്ട്. (സദൃശവാക്യങ്ങൾ 1:8; ഉല്‌പത്തി 18:19-ഉം ആവർത്തനപുസ്‌തകം 11:18, 19-ഉം താരതമ്യം ചെയ്യുക.) പിതാവു ക്രിസ്‌തുവിന്റെ ശിരഃസ്ഥാനം അംഗീകരിക്കുന്നില്ലെങ്കിലും, അദ്ദേഹം അപ്പോഴും കുടുംബനാഥനാണ്.
13, 14. കുട്ടികളെ ക്രിസ്‌തീയ യോഗങ്ങൾക്കു കൊണ്ടുപോകുന്നതോ അവരോടൊപ്പം പഠിക്കുന്നതോ ഭർത്താവു വിലക്കുന്നെങ്കിൽ, ഭാര്യക്ക് എന്തു ചെയ്യാൻ കഴിയും?
13 മാതാവു കുട്ടികളെ മതപരമായ കാര്യങ്ങളിൽ പ്രബോധിപ്പിക്കുന്നെങ്കിൽ, അവിശ്വാസികളായ ചില പിതാക്കന്മാർ എതിർക്കാറില്ല. എന്നാൽ മറ്റു ചിലർ എതിർക്കുന്നു. കുട്ടികളെ സഭായോഗങ്ങൾക്കു കൊണ്ടുപോകുന്നത് ഭർത്താവ് അനുവദിക്കാതിരിക്കുകയോ വീട്ടിൽവെച്ച് അവരോടൊത്തു ബൈബിൾ പഠിക്കുന്നത് അദ്ദേഹം വിലക്കുകയോപോലും ചെയ്യുന്നെങ്കിലോ? നിങ്ങൾ പല കടമകൾ സമനിലയിലാക്കേണ്ടതുണ്ട്—യഹോവയാം ദൈവത്തോടും ഭർത്താവാം ശിരസ്സിനോടും നിങ്ങളുടെ പ്രിയപ്പെട്ട കുട്ടികളോടുമുള്ള നിങ്ങളുടെ കടമ. ഇവയെല്ലാം നിങ്ങൾക്കെങ്ങനെ ഒരുമിപ്പിക്കാനാവും?
14 തീർച്ചയായും നിങ്ങൾ ഈ കാര്യംസംബന്ധിച്ചു പ്രാർഥിക്കും. (ഫിലിപ്പിയർ 4:6, 7; 1 യോഹന്നാൻ 5:14) എന്നാൽ അവസാനം ഏതു ഗതി പിൻപറ്റണമെന്നു തീരുമാനിക്കുന്നതു നിങ്ങളാണ്. ഭർത്താവിന്റെ ശിരഃസ്ഥാനത്തെ നിങ്ങൾ വെല്ലുവിളിക്കുകയല്ലെന്ന് അദ്ദേഹത്തിനു വ്യക്തമാക്കിക്കൊടുത്തുകൊണ്ട് നിങ്ങൾ നയത്തോടെ മുന്നോട്ടുനീങ്ങുന്നെങ്കിൽ, ക്രമേണ അദ്ദേഹത്തിന്റെ എതിർപ്പു കുറഞ്ഞേക്കാം. കുട്ടികളെ യോഗങ്ങൾക്കു കൊണ്ടുപോകുന്നതോ അവരുമായി ഔപചാരിക ബൈബിളധ്യയനം നടത്തുന്നതോ നിങ്ങളുടെ ഭർത്താവു വിലക്കിയാൽത്തന്നെ, അപ്പോഴും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയും. നിങ്ങളുടെ ദൈനംദിന സംഭാഷണത്താലും നിങ്ങളുടെ നല്ല മാതൃകയാലും, യഹോവയോടുള്ള സ്‌നേഹം, അവന്റെ വചനത്തിലുള്ള വിശ്വാസം, അവരുടെ പിതാവുൾപ്പെടെ മാതാപിതാക്കളോടുള്ള ആദരവ്, മറ്റുള്ള ആളുകളോടുള്ള സ്‌നേഹപുരസ്സരമായ താത്‌പര്യം, മനസ്സാക്ഷിപൂർവകമായ ജോലിശീലങ്ങളോടുള്ള വിലമതിപ്പ് എന്നിവ ഒരളവോളം അവരിൽ ഉൾനടാൻ ശ്രമിക്കുക. അവസാനം, പിതാവു നല്ല ഫലങ്ങൾ ശ്രദ്ധിക്കുകയും നിങ്ങളുടെ ശ്രമങ്ങളുടെ മൂല്യത്തെ വിലമതിക്കുകയും ചെയ്‌തേക്കാം.—സദൃശവാക്യങ്ങൾ 23:24.
15. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിശ്വാസിയായ പിതാവിന്റെ ഉത്തരവാദിത്വമെന്ത്?
15 നിങ്ങൾ വിശ്വാസിയായ ഭർത്താവും, എന്നാൽ ഭാര്യ വിശ്വാസിയുമല്ലെങ്കിൽ, അപ്പോൾ നിങ്ങളുടെ കുട്ടികളെ “യഹോവയുടെ മാനസിക ക്രമവത്‌കരണത്തിലും ശിക്ഷണത്തിലും” വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം. (എഫേസ്യർ 6:4, NW) അങ്ങനെ ചെയ്യുമ്പോൾ, തീർച്ചയായും ഭാര്യയോട് ഇടപെടുന്നതിൽ നിങ്ങൾ ദയയും സ്‌നേഹവും ന്യായയുക്തതയും പ്രകടമാക്കണം.
നിങ്ങളുടേതു നിങ്ങളുടെ മാതാപിതാക്കളുടെ മതമല്ലെങ്കിൽ
16, 17. കുട്ടികൾ മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു വിശ്വാസം സ്വീകരിക്കുന്നപക്ഷം അവർ ഓർക്കേണ്ട ബൈബിൾ തത്ത്വങ്ങൾ ഏതെല്ലാം?
16 പ്രായപൂർത്തിയെത്താത്ത കുട്ടികൾപോലും മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ മതവീക്ഷണങ്ങൾ സ്വീകരിക്കുന്നതു മേലാൽ അസാധാരണ സംഗതിയല്ല. നിങ്ങൾ അങ്ങനെ ചെയ്‌തിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾക്കായി ബൈബിളിൽ ബുദ്ധ്യുപദേശമുണ്ട്.
17 “നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. . . . ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’” എന്നു ദൈവവചനം പറയുന്നു. (എഫെസ്യർ 6:1, 2) മാതാപിതാക്കളോടുള്ള ആരോഗ്യാവഹമായ ആദരവ് അതിലുൾപ്പെടുന്നു. എന്നാൽ, മാതാപിതാക്കളോടുള്ള അനുസരണം പ്രധാനമാണെങ്കിലും, അതു നിർവഹിക്കേണ്ടത് സത്യദൈവത്തോടുള്ള പരിഗണനകൂടാതെയല്ല. ഒരു കുട്ടി തീരുമാനങ്ങളെടുക്കുന്ന പ്രായമെത്തുമ്പോൾ, അവനു തന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു കൂടുതലായ അളവിൽ ഉത്തരവാദിത്വമുണ്ട്. ഇതു ലൗകിക നിയമങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ദൈവിക നിയമങ്ങളുടെ കാര്യത്തിലും വിശേഷാൽ സത്യമാണ്. “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും,” ബൈബിൾ പ്രസ്‌താവിക്കുന്നു.—റോമർ 14:12.
18, 19. കുട്ടികൾക്കു മാതാപിതാക്കളുടേതിൽനിന്നു വ്യത്യസ്‌തമായ ഒരു മതമുണ്ടെങ്കിൽ, തങ്ങളുടെ വിശ്വാസം മെച്ചമായി മനസ്സിലാക്കാൻ മാതാപിതാക്കളെ അവർക്ക് എങ്ങനെ സഹായിക്കാം?
18 നിങ്ങളുടെ വിശ്വാസംനിമിത്തം ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുടെ കാഴ്‌ചപ്പാടു മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങൾ ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കി ബാധകമാക്കുന്നതിന്റെ ഫലമായി, നിങ്ങൾ കൂടുതൽ ആദരവുകാട്ടുന്നവനും കൂടുതൽ അനുസരണമുള്ളവനും അവർ നിങ്ങളോട് ആവശ്യപ്പെടുന്ന സംഗതികളിൽ കൂടുതൽ ശുഷ്‌കാന്തിയുള്ളവനും ആയിത്തീരുന്നെങ്കിൽ, അവർ സന്മനസ്സു കാട്ടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അവർ വ്യക്തിപരമായി താലോലിക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങൾ തിരസ്‌കരിക്കാൻ നിങ്ങളുടെ പുതുവിശ്വാസം ഇടയാക്കുന്നെങ്കിൽ, അവർ നിങ്ങൾക്കു നൽകാൻ ശ്രമിച്ച ഒരു പൈതൃകത്തെ നിങ്ങൾ വലിച്ചെറിയുകയാണെന്ന് അവർക്കു തോന്നിയേക്കാം. നിങ്ങൾ ചെയ്യുന്ന സംഗതിക്കു നിങ്ങളുടെ സമുദായത്തിൽ ജനപ്രീതിയില്ലെങ്കിൽ, അല്ലെങ്കിൽ ഭൗതികമായി അഭിവൃദ്ധി പ്രാപിക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവർ വിചാരിക്കുന്ന ഗതികളിൽനിന്ന് അതു നിങ്ങളുടെ ശ്രദ്ധയെ തിരിക്കുന്നെങ്കിൽ, നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചും അവർ ഭയപ്പെട്ടേക്കാം. അഹങ്കാരവും ഒരു പ്രതിബന്ധമായേക്കാം. ഫലത്തിൽ, നിങ്ങൾ ശരിയും അവർ തെറ്റും ആണ് എന്നാണു നിങ്ങൾ പറയുന്നതെന്ന് അവർക്കു തോന്നാം.
19 അതുകൊണ്ട്, നിങ്ങളുടെ മാതാപിതാക്കൾ പ്രാദേശിക സഭയിൽനിന്നുള്ള ചില മൂപ്പന്മാരുമായോ പക്വതയുള്ള മറ്റു സാക്ഷികളുമായോ സന്ധിക്കുന്നതിനുള്ള ഏർപ്പാട് എത്രയും വേഗം ചെയ്യുക. ചർച്ചചെയ്യപ്പെടുന്നതു നേരിട്ടു കേൾക്കാനും യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണെന്നു നേരിട്ടു മനസ്സിലാക്കാനും രാജ്യഹാൾ സന്ദർശിക്കാൻ നിങ്ങളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക. അവസാനം, നിങ്ങളുടെ മാതാപിതാക്കളുടെ മനോഭാവത്തിന് അയവു വന്നേക്കാം. മാതാപിതാക്കൾ ശക്തമായി എതിർക്കുകയും ബൈബിൾ സാഹിത്യങ്ങൾ നശിപ്പിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്ന് കുട്ടികളെ വിലക്കുകയും ചെയ്യുമ്പോൾപ്പോലും, മറ്റെവിടെയെങ്കിലുംവെച്ചു വായിക്കാനും സഹക്രിസ്‌ത്യാനികളോടു സംസാരിക്കാനും മറ്റുള്ളവരോട് അനൗപചാരികമായി സാക്ഷീകരിക്കാനും അവരെ സഹായിക്കാനുമുള്ള അവസരങ്ങൾ സാധാരണമായി ലഭ്യമാണ്. നിങ്ങൾക്കു യഹോവയോടു പ്രാർഥിക്കാനും കഴിയും. തങ്ങൾക്കു കൂടുതൽ ചെയ്യാൻ കഴിയുന്നതിനുമുമ്പ്, വീട്ടിൽനിന്നു മാറിത്താമസിക്കാനുള്ള പ്രായമെത്തുന്നതുവരെ ചില യുവപ്രായക്കാർക്കു കാത്തിരിക്കേണ്ടിവരും. വീട്ടിലെ സ്ഥിതിവിശേഷം എന്തുതന്നെയായാലും, “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കാ”ൻ വിസ്‌മരിക്കാതിരിക്കുക. കുടുംബസമാധാനത്തിനു സംഭാവന ചെയ്യുന്നതിൽ നിങ്ങളുടെ പങ്കു നിർവഹിക്കുക. (റോമർ 12:17, 18) എല്ലാറ്റിലുമുപരി, ദൈവവുമായി സമാധാനം പിന്തുടരുക.
രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുന്നതിന്റെ വെല്ലുവിളി
20. തങ്ങളുടെ പിതാവോ മാതാവോ ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കിൽ കുട്ടികൾക്ക് എന്തു വികാരങ്ങൾ ഉണ്ടായേക്കാം?
20 അനേകം കുടുംബങ്ങളിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന സ്ഥിതിവിശേഷം മതപരമല്ല, ജീവശാസ്‌ത്രപരമാണ്. മാതാപിതാക്കളിൽ ഒരാളുടെ അല്ലെങ്കിൽ ഇരുവരുടെയും മുൻവിവാഹത്തിലെ കുട്ടികൾ ഉൾപ്പെടുന്ന അനേകം ഭവനങ്ങൾ ഇന്നുണ്ട്. അത്തരമൊരു കുടുംബത്തിൽ, കുട്ടികൾ അസൂയയും അമർഷവും ഒരുപക്ഷേ ആരോടെല്ലാം വിശ്വസ്‌തത കാട്ടണമെന്ന കാര്യത്തിൽ ആന്തരിക സംഘട്ടനവും അനുഭവിക്കേണ്ടിവന്നേക്കാം. തത്‌ഫലമായി, ഒരു നല്ല പിതാവോ മാതാവോ ആകാനുള്ള രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ ആത്മാർഥമായ ശ്രമങ്ങളെ അവർ നിരാകരിച്ചേക്കാം. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തെ വിജയപ്രദമാക്കുന്നതിന് എന്തിനു സഹായിക്കാൻ കഴിയും?
സ്വാഭാവിക മാതാവോ പിതാവോ, രണ്ടാനമ്മയോ രണ്ടാനച്ഛനോ ആയാലും, മാർഗനിർദേശത്തിനായി ബൈബിളിൽ ആശ്രയിക്കുക
21. പ്രത്യേക സാഹചര്യങ്ങളാണെങ്കിലും, രണ്ടാനച്ഛന്മാരും രണ്ടാനമ്മമാരും സഹായത്തിനുവേണ്ടി ബൈബിളിൽ കാണുന്ന തത്ത്വങ്ങളിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
21 വിശേഷ സാഹചര്യങ്ങളാണെങ്കിൽക്കൂടി, മറ്റു ഭവനങ്ങളെ വിജയകരമാക്കുന്ന ബൈബിൾ തത്ത്വങ്ങൾ ഇവിടെയും ബാധകമാണെന്നു തിരിച്ചറിയുക. ആ തത്ത്വങ്ങൾ അവഗണിക്കുന്നതു തത്‌കാലത്തേക്ക് ഒരു പ്രശ്‌നത്തിന് അയവു വരുത്തുന്നുവെന്നു തോന്നിക്കുമെങ്കിലും പിന്നീട് അതു തലവേദനയ്‌ക്ക് ഇടയാക്കാനാണു സാധ്യത. (സങ്കീർത്തനം 127:1; സദൃശവാക്യങ്ങൾ 29:15) ജ്ഞാനവും വിവേചനയും—മനസ്സിൽ ദീർഘകാല പ്രയോജനങ്ങളോടെ ദൈവിക തത്ത്വങ്ങൾ ബാധകമാക്കാനുള്ള ജ്ഞാനവും കുടുംബാംഗങ്ങൾ ചില സംഗതികൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ കാരണം തിരിച്ചറിയാനുള്ള വിവേചനയും—നട്ടുവളർത്തുക. സമാനുഭാവവും ആവശ്യമാണ്.—സദൃശവാക്യങ്ങൾ 16:21; 24:3; 1 പത്രൊസ് 3:8.
22. രണ്ടാനച്ഛനെയോ രണ്ടാനമ്മയെയോ സ്വീകരിക്കാൻ കുട്ടികൾക്കു പ്രയാസമായി തോന്നാവുന്നത് എന്തുകൊണ്ട്?
22 നിങ്ങൾ ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണെങ്കിൽ, കുടുംബത്തിന്റെ ഒരു സുഹൃത്ത് എന്നനിലയിൽ, ഒരുപക്ഷേ കുട്ടികൾ നിങ്ങളെ സ്വാഗതം ചെയ്‌തിരുന്നതു നിങ്ങൾ അനുസ്‌മരിച്ചേക്കാം. എന്നാൽ നിങ്ങൾ അവരുടെ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയതോടെ അവരുടെ മനോഭാവത്തിനു മാറ്റം വന്നിരിക്കാം. തങ്ങളോടൊപ്പം മേലാൽ പാർക്കുന്നില്ലാത്ത ജന്മമേകിയ പിതാവിനെയോ മാതാവിനെയോ അനുസ്‌മരിച്ചുകൊണ്ട്, ഒരുപക്ഷേ കൂടെയില്ലാത്ത പിതാവിനോടോ മാതാവിനോടോ തങ്ങൾക്കുണ്ടായിരുന്ന സ്‌നേഹം നീക്കിക്കളയാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്ന ചിന്തയോടെ, ആരോടെല്ലാം വിശ്വസ്‌ത കാട്ടണമെന്ന കാര്യത്തിൽ ഒരു ആന്തരിക സംഘട്ടനവുമായി കുട്ടികൾ പോരാടുകയാവാം. നിങ്ങൾ അവരുടെ പിതാവോ അവരുടെ മാതാവോ അല്ലെന്നു ചിലപ്പോൾ അവർ പരുഷമായി നിങ്ങളെ ഓർപ്പിച്ചേക്കാം. അത്തരം പ്രസ്‌താവനകൾ വ്രണപ്പെടുത്തും. എന്നാലും, “നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുതു.” (സഭാപ്രസംഗി 7:9) കുട്ടികളുടെ വികാരങ്ങൾ കണക്കിലെടുക്കുന്നതിനു വിവേചനയും സമാനുഭാവവും ആവശ്യമാണ്.
23. രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ കുട്ടികളുള്ള ഒരു കുടുംബത്തിൽ എങ്ങനെ ശിക്ഷണം കൊടുക്കേണ്ടതാണ്?
23 ഒരാൾ ശിക്ഷണം കൊടുക്കുമ്പോൾ ആ ഗുണങ്ങൾ നിർണായകമാണ്. നിരന്തര ശിക്ഷണം മർമപ്രധാനമാണ്. (സദൃശവാക്യങ്ങൾ 6:20; 13:1) കൂടാതെ, കുട്ടികൾ എല്ലാവരും ഒരുപോലെയല്ലാത്തതിനാൽ, ഓരോരുത്തരുടെയും കാര്യത്തിൽ ശിക്ഷണം വ്യത്യസ്‌തമായിരുന്നേക്കാം. ആരംഭത്തിലെങ്കിലും, ജന്മമേകിയ പിതാവോ മാതാവോ മാതൃ-പിതൃ ധർമത്തിന്റെ ഈ വശം കൈകാര്യം ചെയ്യുന്നതു നല്ലതായിരുന്നേക്കാമെന്നാണു ചില രണ്ടാനച്ഛന്മാർക്കും രണ്ടാനമ്മമാർക്കും തോന്നുന്നത്. എന്നിരുന്നാലും, രണ്ടാം ഭാര്യയുടെയോ രണ്ടാം ഭർത്താവിന്റെയോ കുട്ടിയെക്കാൾ സ്വന്തം കുട്ടിയോടു കൂടുതൽ പ്രതിപത്തി കാട്ടാതെ, ശിക്ഷണം സംബന്ധിച്ചു മാതാപിതാക്കൾ രണ്ടുപേർക്കും യോജിപ്പുണ്ടായിരിക്കുന്നതും അതു നടപ്പാക്കുന്നതും അത്യന്താപേക്ഷിതമാണ്. (സദൃശവാക്യങ്ങൾ 24:23) അനുസരണം പ്രാധാന്യമുള്ളതാണെങ്കിലും, അപൂർണതയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യേണ്ടതുണ്ട്. അമിതമായി പ്രതികരിക്കരുത്. സ്‌നേഹത്തിൽ ശിക്ഷണം കൊടുക്കുക.—കൊലൊസ്സ്യർ 3:21.
24. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിലെ വിപരീത ലിംഗവർഗത്തിൽപ്പെട്ട അംഗങ്ങൾക്കിടയിൽ ധാർമിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തിനു സഹായിക്കാൻ കഴിയും?
24 കുഴപ്പങ്ങൾ ഒഴിവാക്കാൻ കുടുംബചർച്ചകൾക്കു വളരെയധികം ചെയ്യാൻ കഴിയും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളിൽ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചുനിർത്തുന്നതിനു കുടുംബത്തെ സഹായിക്കാൻ അവയ്‌ക്കു കഴിയും. (ഫിലിപ്പിയർ 1:9-11 താരതമ്യം ചെയ്യുക.) കുടുംബലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്കു തനിക്ക് എങ്ങനെ സംഭാവന ചെയ്യാൻ കഴിയുമെന്നു കാണാൻ ഓരോരുത്തരെയും സഹായിക്കുവാനും അവയ്‌ക്കു കഴിയും. കൂടാതെ, തുറന്ന കുടുംബചർച്ചകൾക്കു ധാർമിക പ്രശ്‌നങ്ങൾ ഒഴിവാക്കാനും കഴിയും. രണ്ടാനച്ഛന്റെ അടുക്കലും രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ ആൺമക്കളുണ്ടെങ്കിൽ അവരുടെ അടുക്കലും ആയിരിക്കുമ്പോൾ തങ്ങളുടെ വസ്‌ത്രധാരണവും പെരുമാറ്റവും എങ്ങനെയായിരിക്കണമെന്നു പെൺകുട്ടികൾ മനസ്സിലാക്കേണ്ടയാവശ്യമുണ്ട്. തങ്ങളുടെ രണ്ടാനമ്മയോടും രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ പുത്രിമാരുണ്ടെങ്കിൽ അവരോടുമുള്ള ഉചിതമായ നടത്ത സംബന്ധിച്ച് ആൺകുട്ടികൾക്കും ബുദ്ധ്യുപദേശം ആവശ്യമുണ്ട്.—1 തെസ്സലൊനീക്യർ 4:3-8.
25. രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിൽ സമാധാനം നിലനിർത്താൻ എന്തു ഗുണങ്ങൾക്കു സഹായിക്കാനാവും?
25 രണ്ടാനച്ഛനോ രണ്ടാനമ്മയോ ആയിരിക്കുന്നതിന്റെ പ്രത്യേക വെല്ലുവിളി നേരിടുമ്പോൾ, ക്ഷമയുള്ളവരായിരിക്കുക. പുതിയ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനു സമയം ആവശ്യമാണ്. നിങ്ങൾക്കു ജീവശാസ്‌ത്രപരമായ ബന്ധമില്ലാത്ത കുട്ടികളുടെ സ്‌നേഹവും ആദരവും നേടിയെടുക്കുകയെന്നതു ദുർഘടമായ ഒരു ഉദ്യമമായിരിക്കാവുന്നതാണ്. എന്നാൽ അതു സാധ്യമാണ്. യഹോവയെ പ്രീതിപ്പെടുത്താനുള്ള ശക്തമായ ഒരു ആഗ്രഹത്തോടൊപ്പം ജ്ഞാനവും വിവേചനയുമുള്ള ഒരു ഹൃദയമാണു രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബത്തിലെ സമാധാനത്തിനുള്ള താക്കോൽ. (സദൃശവാക്യങ്ങൾ 16:20) അത്തരം ഗുണങ്ങൾക്കു മറ്റു സാഹചര്യങ്ങളെ നേരിടാനും നിങ്ങളെ സഹായിക്കാൻ കഴിയും.
ഭൗതിക അനുധാവനങ്ങൾ നിങ്ങളുടെ കുടുംബത്തെ ഭിന്നിപ്പിക്കുന്നുവോ?
26. ഭൗതിക വസ്‌തുക്കൾ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾക്കും മനോഭാവങ്ങൾക്കും ഏതുവിധങ്ങളിൽ ഒരു കുടുംബത്തെ ഭിന്നിപ്പിക്കാൻ കഴിയും?
26 ഭൗതിക വസ്‌തുക്കൾ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾക്കും മനോഭാവങ്ങൾക്കും അനേകവിധങ്ങളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കാൻ കഴിയും. പണത്തെക്കുറിച്ചുള്ള തർക്കങ്ങളും ധനികരാകാനുള്ള—അല്ലെങ്കിൽ ചുരുങ്ങിയപക്ഷം കുറച്ചുകൂടി ധനികരാകാനുള്ള—മോഹവും ചില കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു. ഇണകൾ രണ്ടുപേരും ലൗകിക ജോലി ചെയ്യുകയും “എന്റെ പണം, നിന്റെ പണം” എന്നൊരു മനോഭാവം നട്ടുവളർത്തുകയും ചെയ്യുമ്പോൾ ഭിന്നതകൾ ഉടലെടുത്തേക്കാം. വാദപ്രതിവാദങ്ങൾ ഒഴിവാക്കിയാൽത്തന്നെയും, ഇണകൾ രണ്ടുപേരും ജോലി ചെയ്യുമ്പോൾ, പരസ്‌പരം ചെലവഴിക്കാൻ സമയം ലഭിക്കാത്ത പട്ടികയാവും അവർക്കുണ്ടാവുക. വീട്ടിൽ താമസിച്ചു നേടാവുന്നതിലും കൂടുതൽ ധനസമ്പാദനത്തിനുവേണ്ടി ദീർഘകാലത്തോളം—മാസങ്ങളോ വർഷങ്ങളോപോലും—പിതാക്കന്മാർ ഭവനത്തിൽനിന്ന് അകന്നു ജീവിക്കുന്നതു ലോകത്തിൽ വർധിച്ചുവരുന്ന ഒരു പ്രവണതയാണ്. ഇതിനു ഗുരുതരമായ പ്രശ്‌നങ്ങളിലേക്കു നയിക്കാൻ കഴിയും.
27. സാമ്പത്തിക സമ്മർദത്തിലായിരിക്കുന്ന ഒരു കുടുംബത്തെ സഹായിക്കാൻ കഴിയുന്ന ഏതാനും തത്ത്വങ്ങളേവ?
27 വ്യത്യസ്‌ത കുടുംബങ്ങൾക്കു വ്യത്യസ്‌ത സമ്മർദങ്ങളും ആവശ്യങ്ങളും നേരിടേണ്ടതുള്ളപ്പോൾ, ഈ സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനു നിയമങ്ങൾ വെക്കാൻ കഴിയില്ല. എന്നാലും ബൈബിൾ ബുദ്ധ്യുപദേശത്തിനു സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, “ഒരുമിച്ചു കൂടിയാലോചന നടത്തുന്ന”തിനാൽ അനാവശ്യ ബുദ്ധിമുട്ടുകൾ ചിലപ്പോൾ ഒഴിവാക്കാൻ കഴിയുമെന്നു സദൃശവാക്യങ്ങൾ 13:10 [NW] സൂചിപ്പിക്കുന്നു. കേവലം സ്വന്തം കാഴ്‌ചപ്പാടു വ്യക്തമാക്കുന്നതല്ല, മറിച്ച് ഉപദേശം തേടുന്നതും മറ്റേ വ്യക്തി പ്രസ്‌തുത സംഗതിയെ എങ്ങനെ വീക്ഷിക്കുന്നുവെന്നു മനസ്സിലാക്കുന്നതുമാണ് ഇതിലുൾപ്പെട്ടിരിക്കുന്നത്. കൂടാതെ, യാഥാർഥ്യബോധത്തോടെ ഒരു ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് കുടുംബശ്രമങ്ങളെ ഏകീകരിക്കുന്നതിനു സഹായിക്കാനാവും. വിശേഷിച്ചും, കുട്ടികളോ മറ്റ് ആശ്രിതരോ ഉണ്ടായിരിക്കുമ്പോൾ, കൂടുതലായി വരുന്ന ചെലവുകൾ വഹിക്കുന്നതിനായി ചിലപ്പോൾ ഇണകൾ രണ്ടുപേരും വീടിനു വെളിയിൽ—ഒരു പക്ഷേ താത്‌കാലികമായി—ജോലി ചെയ്യുന്നത് അത്യാവശ്യമാണ്. ഇങ്ങനെ സംഭവിക്കുമ്പോൾ, ഭാര്യക്കുവേണ്ടി തനിക്കപ്പോഴും സമയമുണ്ടെന്നു ഭർത്താവിനു ഭാര്യക്ക് ഉറപ്പുനൽകാൻ കഴിയും. സാധാരണഗതിയിൽ അവൾ തനിച്ചു ചെയ്‌തേക്കാവുന്ന ചില ജോലികൾ കുട്ടികളോടൊപ്പം ചെയ്‌തുകൊണ്ട് അദ്ദേഹത്തിനു സ്‌നേഹപുരസ്സരം സഹായിക്കാനാവും.—ഫിലിപ്പിയർ 2:1-4.
28. ബാധകമാക്കുന്നെങ്കിൽ, ഏത് ഓർമിപ്പിക്കലുകൾ ഒരു കുടുംബത്തെ ഐക്യത്തിലേക്കു മുന്നേറുന്നതിനു സഹായിക്കും?
28 ഈ വ്യവസ്ഥിതിയിൽ പണം അത്യാവശ്യമാണെങ്കിലും, അതു സന്തുഷ്ടി കൈവരുത്തുന്നില്ലെന്ന് ഓർക്കുക. അതു തീർച്ചയായും ജീവൻ പ്രദാനം ചെയ്യുന്നില്ല. (സഭാപ്രസംഗി 7:12) നിശ്ചയമായും, ഭൗതിക വസ്‌തുക്കൾക്ക് അമിതപ്രാധാന്യം കൊടുക്കുന്നത് ആത്മീയവും ധാർമികവുമായ നാശത്തിനിടയാക്കും. (1 തിമൊഥെയൊസ് 6:9-12) ജീവിതത്തിലെ അത്യാവശ്യ സംഗതികൾ നേടാനുള്ള നമ്മുടെ ശ്രമങ്ങളുടെമേൽ അനുഗ്രഹമുണ്ടാകുമെന്ന ഉറപ്പോടെ, ആദ്യം ദൈവത്തിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നത് എത്ര മെച്ചമാണ്! (മത്തായി 6:25-33; എബ്രായർ 13:5) ആത്മീയ താത്‌പര്യങ്ങൾ ഒന്നാമതു വെക്കുകയും എല്ലാറ്റിനുമുപരി ദൈവവുമായി സമാധാനം പിന്തുടരുകയും ചെയ്യുമ്പോൾ, ഒരുപക്ഷേ ചില സാഹചര്യങ്ങൾ നിമിത്തം ഭിന്നതകളുണ്ടെങ്കിലും, നിങ്ങളുടെ കുടുംബം ഏറ്റവും പ്രധാനപ്പെട്ട വിധങ്ങളിൽ യഥാർഥത്തിൽ ഏകീകൃതമായ ഒന്നായിത്തീരുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
-
-
കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവുംകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പന്ത്രണ്ട്
കുടുംബത്തിനു ഹാനിവരുത്തുന്ന പ്രശ്‌നങ്ങൾ നിങ്ങൾക്കു തരണം ചെയ്യാനാവും
1. ചില കുടുംബങ്ങളിൽ മറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം?
ഇപ്പോൾ കഴുകി മിനുക്കിയ ഒരു പഴയ കാർ. വഴിയാത്രക്കാർക്ക് അതു തിളക്കമുള്ളതായും മിക്കവാറും പുതിയതായും തോന്നും. എന്നാൽ പുറമേ കാണുന്നതിനടിയിൽ, വാഹനത്തിന്റെ ഉൾഭാഗം തുരുമ്പെടുത്തു ദ്രവിക്കുകയാണ്. അതുപോലെയാണു ചില കുടുംബങ്ങളുടെ അവസ്ഥ. പുറമേ നോക്കുമ്പോൾ എല്ലാം നന്നായി തോന്നും. എന്നാൽ പുഞ്ചിരിക്കുന്ന മുഖത്തിനുപിന്നിൽ ഭയവും വേദനയും മറഞ്ഞിരിപ്പുണ്ട്. മറ്റുള്ളവരുടെ കൺമറയത്തു ദ്രവിപ്പിക്കുന്ന ഘടകങ്ങൾ കുടുംബസമാധാനം കാർന്നുതിന്നുകയാണ്. ഇത്തരം ഭവിഷ്യത്തുകൾക്ക് ഇടയാക്കുന്ന രണ്ടു പ്രശ്‌നങ്ങളാണ് മദ്യാസക്തിയും അക്രമവും.
മദ്യാസക്തി വരുത്തുന്ന ഹാനി
2. (എ) ലഹരിപാനീയങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള ബൈബിളിന്റെ വീക്ഷണമെന്ത്? (ബി) മദ്യാസക്തി എന്താണ്?
2 ലഹരിപാനീയങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നില്ല. എന്നാൽ അതു മദ്യപാനത്തെ കുറ്റംവിധിക്കുകതന്നെ ചെയ്യുന്നു. (സദൃശവാക്യങ്ങൾ 23:20, 21; 1 കൊരിന്ത്യർ 6:9, 10; 1 തിമൊഥെയൊസ് 5:23; തീത്തൊസ് 2:2, 3) എന്നാൽ മദ്യാസക്തിയിൽ മദ്യപാനത്തെക്കാൾ കൂടുതൽ ഉൾപ്പെടുന്നുണ്ട്. നിരന്തരം കുടിയിൽ ഏർപ്പെടുന്നതും അതിന്റെ ഉപയോഗത്തിന്മേൽ നിയന്ത്രണം നഷ്ടപ്പെടുന്നതുമാണത്. മദ്യാസക്തർ പ്രായപൂർത്തിയെത്തിയവരാകാം. യുവപ്രായക്കാർക്കും അത്തരക്കാരായിരിക്കാൻ കഴിയുമെന്നതു സങ്കടകരംതന്നെ.
3, 4. മദ്യാസക്തന്റെ ഇണയുടെയും കുട്ടികളുടെയും മേൽ മദ്യാസക്തിക്കുള്ള ഫലങ്ങൾ വർണിക്കുക.
3 മദ്യത്തിന്റെ ദുരുപയോഗത്തിനു കുടുംബസമാധാനം തകർക്കാൻ കഴിയുമെന്നു ബൈബിൾ ദീർഘനാൾ മുമ്പുതന്നെ സൂചിപ്പിച്ചിരുന്നു. (ആവർത്തനപുസ്‌തകം 21:18-21) മദ്യാസക്തിയുടെ ദ്രവിപ്പിക്കുന്ന ഭവിഷ്യത്തുകൾ മുഴുകുടുംബത്തിനും അനുഭവപ്പെടുന്നു. മദ്യാസക്തന്റെ കുടി നിർത്താനുള്ള, അല്ലെങ്കിൽ മുൻകൂട്ടിപ്പറയാനാവാത്ത അദ്ദേഹത്തിന്റെ പെരുമാറ്റരീതിയെ നേരിടാനുള്ള ശ്രമങ്ങളിൽ ആമഗ്നയായിത്തീർന്നേക്കാം ഭാര്യ.a മദ്യം ഒളിച്ചുവെക്കുക, അത് എറിഞ്ഞുകളയുക, പണം മാറ്റിവെക്കുക, അയാൾക്കു കുടുംബത്തോടും ജീവനോടും ദൈവത്തോടുപോലും സ്‌നേഹം തോന്നിപ്പിക്കാനുള്ള ശ്രമങ്ങൾനടത്തുക തുടങ്ങിയ പ്രവൃത്തികളിലൂടെയെല്ലാം അവൾ അതിനായി പാടുപെടുന്നു. എന്നാലും മദ്യാസക്തൻ കുടി നിറുത്തുന്നില്ല. അയാളുടെ കുടി നിയന്ത്രിക്കാനുള്ള തന്റെ ശ്രമങ്ങൾ ആവർത്തിച്ചാവർത്തിച്ചു പരാജയപ്പെടുമ്പോൾ, അവൾക്ക് ആശാഭംഗവും അപര്യാപ്‌തതയും തോന്നുന്നു. അവൾ ഭയം, കോപം, കുറ്റബോധം, പരിഭ്രമം, ഉത്‌കണ്‌ഠ, ആത്മാഭിമാനമില്ലായ്‌മ എന്നിവയാൽ കഷ്ടപ്പെടാൻ തുടങ്ങിയേക്കാം.
4 മാതാവിന്റെയോ പിതാവിന്റെയോ മദ്യാസക്തിയുടെ ഭവിഷ്യത്തുകൾ കുട്ടികളെ ബാധിക്കാതെ പോകില്ല. ചിലർക്കു ദേഹോപദ്രവമേൽക്കുന്നു. മറ്റുള്ളവർക്കു ലൈംഗികദ്രോഹവും. മാതാവിന്റെയോ പിതാവിന്റെയോ മദ്യാസക്തിക്ക് അവർ തങ്ങളെത്തന്നെ കുറ്റപ്പെടുത്തിയേക്കാം. മദ്യാസക്തന്റെ സ്ഥിരതയില്ലാത്ത പെരുമാറ്റം നിമിത്തം മറ്റുള്ളവരിൽ വിശ്വാസമർപ്പിക്കാനുള്ള അവരുടെ പ്രാപ്‌തിതന്നെ പലപ്പോഴും തകർന്നുപോകുന്നു. വീട്ടിൽ സംഭവിക്കുന്ന സംഗതികളെക്കുറിച്ച് അവർക്കു സ്വൈര്യമായി സംസാരിക്കാൻ കഴിയാത്തതുകൊണ്ട്, കുട്ടികൾ തങ്ങളുടെ വികാരങ്ങളെ അടിച്ചമർത്താൻ പഠിച്ചേക്കാം. അതു പലപ്പോഴും ദോഷകരമായ ശാരീരിക ഭവിഷ്യത്തുകൾ ഉണ്ടാക്കിയേക്കാം. (സദൃശവാക്യങ്ങൾ 17:22) അത്തരം കുട്ടികളുടെ ഈ ആത്മവിശ്വാസമില്ലായ്‌മ, അല്ലെങ്കിൽ ആത്മാഭിമാനമില്ലായ്‌മ പ്രായപൂർത്തിയായാലും കണ്ടേക്കാം.
കുടുംബത്തിന് എന്തു ചെയ്യാൻ കഴിയും?
5. മദ്യാസക്തിയെ എങ്ങനെ കൈകാര്യം ചെയ്യാം, ഇതു ദുഷ്‌കരമായിരിക്കുന്നത് എന്തുകൊണ്ട്?
5 മദ്യാസക്തിയെ ചികിത്സിച്ചു ഭേദമാക്കാനാവില്ലെന്ന് അനേകം പ്രാമാണികരും പറയുന്നുണ്ടെങ്കിലും, സമ്പൂർണ വർജനം എന്ന പരിപാടിയിലൂടെ ഒരളവോളം സൗഖ്യം സാധ്യമാണെന്നു മിക്കവരും സമ്മതിക്കുന്നുണ്ട്. (മത്തായി 5:29 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, തനിക്ക് ഒരു പ്രശ്‌നമുണ്ടെന്നു സാധാരണമായി മദ്യാസക്തൻ നിഷേധിക്കുന്നതുകൊണ്ട്, അയാളെക്കൊണ്ടു സഹായം സ്വീകരിപ്പിക്കുകയെന്നത് പറയുന്നത്ര എളുപ്പമല്ല. എന്നിരുന്നാലും, മദ്യാസക്തി തങ്ങളെ ബാധിച്ചിരിക്കുന്ന വിധത്തെ നേരിടാൻ കുടുംബാംഗങ്ങൾ നടപടി എടുക്കുമ്പോൾ, തനിക്ക് ഒരു പ്രശ്‌നമുണ്ടെന്നു മദ്യാസക്തൻ തിരിച്ചറിയാൻ തുടങ്ങിയേക്കാം. മദ്യാസക്തരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിൽ പരിചയസമ്പന്നനായ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “തങ്ങൾക്ക് ഏറ്റവും പ്രയോജനപ്രദമായ വിധത്തിൽ കേവലം തങ്ങളുടെ ദൈനംദിന കാര്യങ്ങളിലേർപ്പെടുകയാണ് ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്നു ഞാൻ വിചാരിക്കുന്നു. താനും കുടുംബത്തിലെ മറ്റുള്ളവരും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന വസ്‌തുതയുമായി മദ്യാസക്തൻ അധികമധികം ബോധവാനായിത്തീരുന്നു.”
6. ഒരംഗം മദ്യാസക്തനായുള്ള കുടുംബങ്ങൾക്കു മാർഗനിർദേശത്തിന്റെ ഏറ്റവും നല്ല ഉറവിടം ഏത്?
6 നിങ്ങളുടെ വീട്ടിൽ ഒരു മദ്യാസക്തനുണ്ടെങ്കിൽ, സാധിക്കുന്നത്ര ആരോഗ്യാവഹമായ വിധത്തിൽ ജീവിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ ബൈബിളിന്റെ നിശ്വസ്‌ത ബുദ്ധ്യുപദേശത്തിനു കഴിയും. (യെശയ്യാവു 48:17; 2 തിമൊഥെയൊസ് 3:16, 17) മദ്യാസക്തിയെ വിജയകരമായി നേരിടാൻ കുടുംബങ്ങളെ സഹായിച്ചിട്ടുള്ള ഏതാനും തത്ത്വങ്ങൾ പരിചിന്തിക്കുക.
7. ഒരു കുടുംബാംഗം മദ്യാസക്തനാണെങ്കിൽ, ആരാണ് ഉത്തരവാദി?
7 എല്ലാ കുറ്റവും ഏറ്റെടുക്കുന്നതു നിർത്തുക. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്നും “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും” എന്നും ബൈബിൾ പറയുന്നു. (ഗലാത്യർ 6:5; റോമർ 14:12) കുടുംബാംഗങ്ങളാണ് ഉത്തരവാദികൾ എന്നു ധ്വനിപ്പിക്കാൻ മദ്യാസക്തൻ ശ്രമിച്ചേക്കാം. ഉദാഹരണത്തിന്, അയാൾ ഇങ്ങനെ പറഞ്ഞേക്കാം: “നിങ്ങൾ എന്നോടു നന്നായി പെരുമാറിയിരുന്നെങ്കിൽ, ഞാൻ കുടിക്കുമായിരുന്നില്ല.” മറ്റുള്ളവർ അയാളോടു യോജിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയാൽ, കുടി തുടരാനാവും അവർ അയാളെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സാഹചര്യങ്ങളുടെയോ മറ്റാളുകളുടെയോ ബലിയാടാകുകയാണെങ്കിൽപ്പോലും, മദ്യാസക്തരുൾപ്പെടെ നാമെല്ലാവരും നമ്മുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.—ഫിലിപ്പിയർ 2:12 താരതമ്യം ചെയ്യുക.
8. തന്റെ പ്രശ്‌നത്തിന്റെ ഭവിഷ്യത്തുകൾ നേരിടാൻ മദ്യാസക്തനെ സഹായിക്കാവുന്ന ഏതാനും വിധങ്ങളേവ?
8 മദ്യാസക്തനെ കുടിയുടെ ഭവിഷ്യത്തുകളിൽനിന്ന് എല്ലായ്‌പോഴും സംരക്ഷിക്കണമെന്നു നിങ്ങൾക്കു തോന്നരുത്. രോഷാകുലനായ ഒരുവനെക്കുറിച്ചുള്ള ഒരു ബൈബിൾ സദൃശവാക്യം തത്തുല്യമായി മദ്യാസക്തനു ബാധകമാക്കാവുന്നതാണ്: “കോപശീലനെ രക്ഷിക്കാൻനോക്കിയാൽ അത് ആവർത്തിക്കേണ്ടിവരും.” (സുഭാഷിതങ്ങൾ 19:19, പി.ഒ.സി. ബൈ.) മദ്യാസക്തന്റെ കുടിയുടെ ഭവിഷ്യത്തുകൾ അയാൾതന്നെ അനുഭവിക്കട്ടെ. അയാൾ വൃത്തികേടാക്കിയതെല്ലാം അയാൾതന്നെ വൃത്തിയാക്കട്ടെ. അല്ലെങ്കിൽ കുടിയും കൂത്താട്ടവും കഴിഞ്ഞുള്ള രാവിലെ അയാൾതന്നെ തൊഴിലുടമയെ ഫോണിൽ വിളിച്ച് വിശദീകരണം കൊടുക്കട്ടെ.
കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ക്രിസ്‌തീയ മൂപ്പന്മാർക്കു സഹായത്തിനുള്ള ഒരു വലിയ ഉറവായിരിക്കാൻ കഴിയും
9, 10. മദ്യാസക്തരുള്ള കുടുംബാംഗങ്ങൾ സഹായം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്, പ്രത്യേകിച്ച് ആരുടെ സഹായം അവർ തേടണം?
9 മറ്റുള്ളവരിൽനിന്നു സഹായം സ്വീകരിക്കുക. സദൃശവാക്യങ്ങൾ 17:17 [NW] ഇങ്ങനെ പറയുന്നു: “ഒരു യഥാർഥ സ്‌നേഹിതൻ എല്ലാ സമയത്തും സ്‌നേഹിക്കുന്നു, കഷ്ടതയുള്ള നാളിലേക്കു ജനിച്ച ഒരു സഹോദരനുമാണവൻ.” നിങ്ങളുടെ കുടുംബത്തിൽ ഒരു മദ്യാസക്തനുള്ളപ്പോൾ, അതു കഷ്ടതയുള്ള സമയമാണ്. നിങ്ങൾക്കു സഹായം ആവശ്യമാണ്. സഹായത്തിനായി ‘യഥാർഥ സ്‌നേഹിതന്മാരി’ൽ ആശ്രയിക്കാൻ മടിവിചാരിക്കരുത്. (സദൃശവാക്യങ്ങൾ 18:24) പ്രസ്‌തുത പ്രശ്‌നം മനസ്സിലാക്കുന്ന, അല്ലെങ്കിൽ സമാനമായ സ്ഥിതിവിശേഷം അഭിമുഖീകരിച്ചിട്ടുള്ള മറ്റുള്ളവരുമായി സംസാരിക്കുന്നതു നിമിത്തം എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നതിനെ സംബന്ധിച്ചു പ്രായോഗിക നിർദേശം നിങ്ങൾക്കു ലഭിച്ചേക്കാം. എന്നാൽ സമനിലയുള്ളവരായിരിക്കുക. നിങ്ങളുടെ “സ്വകാര്യ സംഭാഷണം” രഹസ്യമായി സൂക്ഷിക്കുമെന്നു നിങ്ങൾക്കു വിശ്വാസമുള്ളവരുമായി സംസാരിക്കുക.—സദൃശവാക്യങ്ങൾ 11:13, NW.
10 ക്രിസ്‌തീയ മൂപ്പന്മാരിൽ വിശ്വാസമർപ്പിക്കാൻ പഠിക്കുക. ക്രിസ്‌തീയ സഭയിലെ മൂപ്പന്മാർക്കു സഹായത്തിന്റെ വലിയ ഒരു ഉറവായിരിക്കാൻ കഴിയും. ദൈവവചനത്തിൽ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും അതിലെ തത്ത്വങ്ങളുടെ ബാധകമാക്കലിൽ പരിചയസമ്പന്നരുമാണു പക്വതയുള്ള ഈ പുരുഷന്മാർ. “കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയു”മാണെന്നു തെളിയാൻ അവർക്കാവും. (യെശയ്യാവു 32:2) ദോഷകരമായ സ്വാധീനങ്ങളിൽനിന്നു മുഴുസഭയെയും സംരക്ഷിക്കുകമാത്രമല്ല ക്രിസ്‌തീയ മൂപ്പന്മാർ ചെയ്യുന്നത്, അവർ ആശ്വസിപ്പിക്കുകയും നവോന്മേഷം പകരുകയും പ്രശ്‌നങ്ങളുള്ള വ്യക്തികളിൽ വ്യക്തിപരമായ താത്‌പര്യമെടുക്കുകയും ചെയ്യുന്നു. അവരുടെ സഹായം മുഴുവനായി പ്രയോജനപ്പെടുത്തുക.
11, 12. മദ്യാസക്തരുള്ള കുടുംബങ്ങൾക്ക് ഏറ്റവും വലിയ സഹായം പ്രദാനം ചെയ്യുന്നത് ആർ, ആ സഹായം നൽകപ്പെടുന്നതെങ്ങനെ?
11 സർവോപരി, യഹോവയിൽനിന്നു ശക്തിയാർജിക്കുക. ബൈബിൾ ഊഷ്‌മളതയോടെ നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.” (സങ്കീർത്തനം 34:18) മദ്യാസക്തിയുള്ള ഒരു കുടുംബാംഗവുമൊത്തു ജീവിക്കുന്നതിലെ സമ്മർദം നിമിത്തം ഹൃദയം നുറുങ്ങിയവരും മനസ്സു തകർന്നവരുമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ, “യഹോവ സമീപസ്ഥൻ” എന്ന് അറിയുക. നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എത്ര പ്രയാസകരമാണെന്ന് അവൻ മനസ്സിലാക്കുന്നുണ്ട്.—1 പത്രൊസ് 5:6, 7.
12 യഹോവ തന്റെ വചനത്തിൽ പറയുന്നതു വിശ്വസിക്കുക, അതിന് ഉത്‌കണ്‌ഠയെ നേരിടുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയും. (സങ്കീർത്തനം 130:3, 4; മത്തായി 6:25-34; 1 യോഹന്നാൻ 3:19, 20) ദൈവവചനം പഠിച്ച് അതിന്റെ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുന്നതു നിങ്ങളെ ദൈവാത്മാവിന്റെ സഹായം സ്വീകരിക്കാനുള്ള സ്ഥാനത്താക്കുന്നു. അതിനാകട്ടെ, ദിവസേന “സാധാരണയിലും കവിഞ്ഞ ശക്തി” നൽകി നിങ്ങളെ സജ്ജരാക്കാനും കഴിയും.—2 കൊരിന്ത്യർ 4:7, NW.b
13. അനേകം കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന രണ്ടാമത്തെ പ്രശ്‌നമെന്ത്?
13 മദ്യത്തിന്റെ ദുരുപയോഗം അനേകം കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന മറ്റൊരു പ്രശ്‌നത്തിലേക്കു നയിച്ചേക്കാം—വീട്ടിലെ അക്രമം.
വീട്ടിലെ അക്രമത്താലുള്ള ഹാനി
14. വീട്ടിലെ അക്രമം ആരംഭിച്ചത് എന്ന്, ഇന്നത്തെ സ്ഥിതിവിശേഷം എന്താണ്?
14 മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ അക്രമാസക്തമായ പ്രവൃത്തി കയീൻ, ഹാബേൽ എന്നീ രണ്ടു സഹോദരന്മാർ ഉൾപ്പെട്ട, വീട്ടിലെ അക്രമ സംഭവമായിരുന്നു. (ഉല്‌പത്തി 4:8) അന്നുമുതൽ ഇങ്ങോട്ട്, വീടുകളിലെ അക്രമത്തിന്റെ സകല വിധങ്ങളാലും മനുഷ്യവർഗം ഉപദ്രവിക്കപ്പെടുകയാണ്. ഭാര്യമാരെ തല്ലുന്ന ഭർത്താക്കന്മാരും ഭർത്താക്കന്മാരെ ആക്രമിക്കുന്ന ഭാര്യമാരും ഇളംപ്രായത്തിലുള്ള തങ്ങളുടെ കുട്ടികളെ ക്രൂരമായി മർദിക്കുന്ന മാതാപിതാക്കളും പ്രായംചെന്ന തങ്ങളുടെ മാതാപിതാക്കളോടു ദുഷ്‌പെരുമാറ്റം നടത്തുന്ന വളർച്ചയെത്തിയ കുട്ടികളും ഉണ്ട്.
15. വീട്ടിലെ അക്രമത്താൽ കുടുംബാംഗങ്ങൾ വൈകാരികമായി ബാധിക്കപ്പെടുന്നതെങ്ങനെ?
15 വീട്ടിലെ അക്രമംകൊണ്ടുണ്ടാകുന്ന ഹാനി തീർച്ചയായും ശാരീരിക പാടുകളിൽ ഒതുങ്ങുന്നതല്ല. തല്ലുകൊണ്ടിട്ടുള്ള ഒരു ഭാര്യ ഇങ്ങനെ പറഞ്ഞു: “വളരെയധികം കുറ്റബോധവും നാണക്കേടും നേരിടേണ്ടതായുണ്ട്. മിക്ക ദിവസങ്ങളിലും രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാനേ തോന്നുകയില്ല. അതു കേവലമൊരു പേക്കിനാവാണെന്നാവും ആശ്വസിക്കുക.” വീട്ടിലെ അക്രമം നിരീക്ഷിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്ന കുട്ടികൾ വളർന്നു തങ്ങളുടേതായ കുടുംബങ്ങൾ ഉണ്ടാകുമ്പോൾ അവർതന്നെ അക്രമാസക്തരായിത്തീർന്നേക്കാം.
16, 17. വൈകാരികമായ ദുഷ്‌പെരുമാറ്റം എന്ത്, അതിനാൽ കുടുംബാംഗങ്ങൾ ബാധിക്കപ്പെടുന്നതെങ്ങനെ?
16 ദേഹോപദ്രവത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല വീട്ടിലെ അക്രമം. പലപ്പോഴും അക്രമം വാചികമാണ്. സദൃശവാക്യങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു.” വീട്ടിലെ അക്രമത്തിന്റെ സവിശേഷതയായ ഈ ‘കുത്തുകളി’ൽ പരിഹാസപ്പേർവിളിയും ആക്രോശങ്ങളും നിരന്തര വിമർശനവും, ഇടിച്ചുതാഴ്‌ത്തുന്ന ആക്ഷേപവാക്കുകളും, ദേഹോപദ്രവ ഭീഷണികളും ഉൾപ്പെടുന്നു. വൈകാരിക അക്രമത്തിന്റെ മുറിവുകൾ അദൃശ്യമാണ്, പലപ്പോഴും അവ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാറുമില്ല.
17 കുട്ടികളുടെ നേർക്കുള്ള വൈകാരിക ദണ്ഡനമാണു വിശേഷാൽ സങ്കടകരം. നിരന്തരമുള്ള വിമർശനവും കുട്ടിയുടെ പ്രാപ്‌തികളെയും ബുദ്ധിയെയും, അല്ലെങ്കിൽ വ്യക്തി എന്നനിലയിലുള്ള മൂല്യത്തെയും കുറച്ചുകാണിക്കലും അതിലുൾപ്പെടുന്നു. അത്തരം വാചിക ദുരുപയോഗത്തിനു കുട്ടിയുടെ മനോവീര്യം കെടുത്താനാവും. എല്ലാ കുട്ടികൾക്കും ശിക്ഷണം ആവശ്യമാണെന്നതു സത്യംതന്നെ. എന്നാൽ ബൈബിൾ പിതാക്കന്മാരെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു: “നിങ്ങളുടെ മക്കൾ നിരുത്സാഹിതരായി തീരാതിരിക്കേണ്ടതിന് അവരെ പ്രകോപിപ്പിക്കരുത്.”—കൊലോസ്യർ 3:21, NW.
വീട്ടിലെ അക്രമം ഒഴിവാക്കേണ്ട വിധം
പരസ്‌പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ക്രിസ്‌തീയ ഇണകൾ ഭിന്നതകൾ പരിഹരിക്കാൻ പെട്ടെന്നു പ്രവർത്തിക്കും
18. വീട്ടിലെ അക്രമത്തിന്റെ ആരംഭം എവിടെനിന്ന്, അതു നിർത്താനുള്ള മാർഗമായി ബൈബിൾ എന്തു കാണിച്ചുതരുന്നു?
18 വീട്ടിലെ അക്രമത്തിന്റെ ആരംഭം ഹൃദയത്തിൽനിന്നും മനസ്സിൽനിന്നുമാണ്. നാം പ്രവർത്തിക്കുന്ന വിധം ആരംഭിക്കുന്നതു നാം എങ്ങനെ ചിന്തിക്കുന്നു എന്നതിൽനിന്നാണ്. (യാക്കോബ് 1:14, 15) അക്രമിയുടെ ചിന്താരീതിക്കു മാറ്റംവരുത്തിയാലേ അക്രമം നിലയ്‌ക്കുകയുള്ളൂ. (റോമർ 12:2) അതു സാധ്യമാണോ? സാധ്യമാണ്. ദൈവവചനത്തിന് ആളുകൾക്കു മാറ്റംവരുത്താനുള്ള ശക്തിയുണ്ട്. “ശക്തമായി കെട്ടിയുറപ്പിച്ച” നാശോന്മുഖ വീക്ഷണങ്ങൾപോലും പിഴുതെറിയാൻ അതിനു കഴിയും. (2 കൊരിന്ത്യർ 10:4, NW; എബ്രായർ 4:12) ആളുകൾ പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നുവെന്നു പറയാൻമാത്രം അത്രയ്‌ക്കു പൂർണമായ ഒരു പരിവർത്തനം അവർക്കു വരുത്താൻ സഹായിക്കുന്നതിനു ബൈബിളിനെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിനു കഴിയും.—എഫെസ്യർ 4:22-24; കൊലൊസ്സ്യർ 3:8-10.
19. ഒരു ക്രിസ്‌ത്യാനി വിവാഹിത ഇണയെ വീക്ഷിക്കേണ്ടതും ഇണയോട് ഇടപെടേണ്ടതും എങ്ങനെ?
19 വിവാഹിത ഇണയെക്കുറിച്ചുള്ള കാഴ്‌ചപ്പാട്. ദൈവവചനം ഇങ്ങനെ പറയുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്താൻ സ്‌നേഹിക്കുന്നു.” (എഫെസ്യർ 5:28) ‘ബലഹീനപാത്രം എന്ന് ഓർത്ത്, ഭാര്യക്കു ഭർത്താവു ‘ബഹുമാനം കൊടുക്ക’ണമെന്നും ബൈബിൾ പറയുന്നു. (1 പത്രൊസ് 3:7) “തങ്ങളുടെ ഭർത്താക്കന്മാരെ സ്‌നേഹിക്കാ”നും അവരോട് “ആഴമായ ആദരവ്” ഉണ്ടായിരിക്കാനും ഭാര്യമാർ അനുശാസിക്കപ്പെടുന്നു. (തീത്തൊസ് 2:4; എഫെസ്യർ 5:33) ഭാര്യയെ ശാരീരികമായോ വാചികമായോ ആക്രമിക്കുന്നെങ്കിൽ, താൻ തന്റെ ഭാര്യയെ വാസ്‌തവത്തിൽ ആദരിക്കുന്നുവെന്ന് തീർച്ചയായും ദൈവഭയമുള്ള ഒരു ഭർത്താവിനും സത്യസന്ധമായി പറയാൻ കഴിയില്ല. ഭർത്താവിനു നേരേ അലറുന്ന, അല്ലെങ്കിൽ പരിഹാസത്തോടെ അഭിസംബോധന ചെയ്യുന്ന, അദ്ദേഹത്തെ നിരന്തരം ശാസിക്കുന്ന, ഒരു ഭാര്യക്കും താൻ അദ്ദേഹത്തെ വാസ്‌തവത്തിൽ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നു പറയാൻ കഴിയില്ല.
20. തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ ആരുടെ മുമ്പാകെ ഉത്തരവാദികളാണ്, മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെക്കുറിച്ച് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ ഉണ്ടായിരിക്കരുതാത്തത് എന്തുകൊണ്ട്?
20 കുട്ടികളെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്. മാതാപിതാക്കളിൽനിന്നുള്ള സ്‌നേഹവും ശ്രദ്ധയും കുട്ടികൾ അർഹിക്കുന്നുണ്ട്, അതേ, അവർക്കത് ആവശ്യവുമാണ്. ദൈവവചനം കുട്ടികളെ “യഹോവ നൽകുന്ന അവകാശ”മെന്നും “പ്രതിഫല”മെന്നും വിളിക്കുന്നു. (സങ്കീർത്തനം 127:3) ആ അവകാശത്തെ പരിപാലിക്കാൻ മാതാപിതാക്കൾ യഹോവയുടെ മുമ്പാകെ ഉത്തരവാദികളാണ്. ബൈബിൾ “ശിശുവിന്റെ സ്വഭാവം,” ബാല്യകാലത്തിന്റെ “ഭോഷത്വം” എന്നിവയെക്കുറിച്ചു സംസാരിക്കുന്നുണ്ട്. (1 കൊരിന്ത്യർ 13:11, NW; സദൃശവാക്യങ്ങൾ 22:15) കുട്ടികളിൽ ഭോഷത്വം കാണാനിടയായാൽ മാതാപിതാക്കൾ അതിശയിക്കരുത്. യുവപ്രായക്കാർ പ്രായപൂർത്തിയെത്തിയവരല്ല. ഒരു കുട്ടിയുടെ പ്രായം, കുടുംബപശ്ചാത്തലം, പ്രാപ്‌തി എന്നിവയ്‌ക്ക് അനുയോജ്യമായതിൽ കവിഞ്ഞു മാതാപിതാക്കൾ ആവശ്യപ്പെടരുത്.—ഉല്‌പത്തി 33:12-14 കാണുക.
21. വൃദ്ധരായ മാതാപിതാക്കളെ വീക്ഷിക്കുന്നതിനും അവരുമായി ഇടപെടുന്നതിനുമുള്ള ദൈവികവിധം എന്ത്?
21 വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള കാഴ്‌ചപ്പാട്. ലേവ്യപുസ്‌തകം 19:32 ഇങ്ങനെ പറയുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും . . . വേണം.” അങ്ങനെ ദൈവനിയമം വൃദ്ധരോട് ആദരവും ഉയർന്ന പരിഗണനയും ഊട്ടിവളർത്തി. പ്രായംചെന്ന മാതാവോ പിതാവോ അമിതമായി ആവശ്യപ്പെടുന്നു അല്ലെങ്കിൽ രോഗിയാണ് എന്നും ഒരുപക്ഷേ പെട്ടെന്നു പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ലെന്നും തോന്നുമ്പോൾ ഇത് ഒരു വെല്ലുവിളിയായിരിക്കാം. അപ്പോഴും, “തങ്ങളുടെ മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റാ”ൻ കുട്ടികൾ അനുസ്‌മരിക്കപ്പെടുന്നുണ്ട്. (1 തിമോത്തേയോസ് 5:4, പി.ഒ.സി. ബൈ.) ഒരുപക്ഷേ സാമ്പത്തികമായി അവരെ സഹായിച്ചുകൊണ്ടുപോലും, അവരോടു മാന്യതയോടും ആദരവോടുംകൂടെ ഇടപെടണമെന്നാണ് ഇതിനർഥം. വൃദ്ധരായ മാതാപിതാക്കളോടു ശാരീരികമായോ മറ്റുവിധങ്ങളിലോ മോശമായി പെരുമാറുന്നതു ബൈബിൾ നമ്മോടു പ്രവർത്തിക്കാൻ പറയുന്ന വിധത്തിനു കടകവിരുദ്ധമാണ്.
22. വീട്ടിലെ അക്രമം തരണംചെയ്യുന്നതിനുള്ള മുഖ്യഗുണം എന്താണ്, അത് എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും?
22 ആത്മനിയന്ത്രണം നട്ടുവളർത്തുക. സദൃശവാക്യങ്ങൾ 29:11 ഇങ്ങനെ പറയുന്നു: “മൂഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” നിങ്ങൾക്കെങ്ങനെ നിങ്ങളുടെ കോപത്തെ നിയന്ത്രിക്കാൻ കഴിയും? ആശാഭംഗത്തെ ഉള്ളിൽ നീറിപുകയാൻ അനുവദിക്കാതെ, പൊന്തിവരുന്ന ഭിന്നതകൾ പെട്ടെന്നു പരിഹരിക്കുക. (എഫെസ്യർ 4:26, 27) നിങ്ങൾക്കു സംയമനം നഷ്ടപ്പെടുകയാണെന്നു തോന്നുന്നെങ്കിൽ, രംഗം വിടുക. നിങ്ങളിൽ ആത്മനിയന്ത്രണം ഉളവാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. (ഗലാത്യർ 5:22, 23) ഒന്നു നടക്കാനിറങ്ങുന്നതോ ഏതെങ്കിലും ശാരീരിക വ്യായാമത്തിൽ ഏർപ്പെടുന്നതോ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം. (സദൃശവാക്യങ്ങൾ 17:14, 27) “കോപത്തിനു താമസ”മുള്ളവനായിരിക്കാൻ ശ്രമിക്കുക.—സദൃശവാക്യങ്ങൾ 14:29, NW.
വേർപിരിയണമോ ഒരുമിച്ചു കഴിയണമോ?
23. ക്രിസ്‌തീയ സഭയിലെ ഒരംഗം ഒരുപക്ഷേ തന്റെ കുടുംബാംഗങ്ങൾക്കു ദേഹോപദ്രവം ഏൽപ്പിക്കുന്നതുൾപ്പെടെ, ആവർത്തിച്ചും അനുതാപരഹിതമായും അക്രമാസക്തമായ കോപാവേശത്തിനു വഴങ്ങുന്നപക്ഷം എന്തു സംഭവിച്ചേക്കാം?
23 ദൈവം കുറ്റംവിധിക്കുന്ന വേലകളിൽ ബൈബിൾ “പക, പിണക്കം, . . . ക്രോധം” എന്നിവ ഉൾപ്പെടുത്തുകയും “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നു പ്രസ്‌താവിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:19-21) അതുകൊണ്ട്, ഒരുപക്ഷേ ഇണയെയോ കുട്ടികളെയോ ദേഹോപദ്രവം ഏൽപ്പിക്കുന്നത് ഉൾപ്പെടെ, ആവർത്തിച്ചും അനുതാപരഹിതമായും അക്രമാസക്തമായ കോപാവേശത്തിനു വഴങ്ങുന്ന, ക്രിസ്‌ത്യാനിയെന്ന് അവകാശപ്പെടുന്ന ഏതൊരാളെയും ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കാവുന്നതാണ്. (2 യോഹന്നാൻ 9, 10 താരതമ്യം ചെയ്യുക.) ദുഷ്‌പെരുമാറ്റം നടത്തുന്ന വ്യക്തികളിൽനിന്നു സഭ ഈ വിധത്തിൽ ശുദ്ധമായി കാത്തുസൂക്ഷിക്കപ്പെടുന്നു.—1 കൊരിന്ത്യർ 5:6, 7; ഗലാത്യർ 5:9.
24. (എ) ദുഷ്‌പെരുമാറ്റം അനുഭവിക്കുന്ന ഇണകൾ എന്തു ചെയ്യാൻ തീരുമാനിച്ചേക്കാം? (ബി) സദുദ്ദേശ്യമുള്ള സുഹൃത്തുക്കളും മൂപ്പന്മാരും ദുഷ്‌പെരുമാറ്റം അനുഭവിക്കുന്ന ഒരു ഇണയെ എങ്ങനെ സഹായിച്ചേക്കാം, എന്നാൽ അവർ എന്തു ചെയ്യരുത്?
24 ദുഷ്‌പെരുമാറ്റമുള്ള, സ്വഭാവമാറ്റത്തിന്റേതായ ലക്ഷണമൊന്നും കാണിക്കാത്ത ഇണയിൽനിന്നു ദേഹോപദ്രവമേൽക്കുന്ന ക്രിസ്‌ത്യാനികളുടെ കാര്യമോ? ഏതെങ്കിലും കാരണത്താൽ ചിലർ ദുഷ്‌പെരുമാറ്റമുള്ള ഇണയോടൊപ്പംതന്നെ താമസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം—ഒരുപക്ഷേ ജീവൻതന്നെയും—അപകടത്തിലാണെന്നു മനസ്സിലാക്കി മറ്റു ചിലർ വിട്ടുപിരിയുകയും ചെയ്‌തിരിക്കുന്നു. വീട്ടിലെ അക്രമത്തിനു ബലിയാടാകുന്ന വ്യക്തി അത്തരം സന്ദർഭങ്ങളിൽ എന്തു ചെയ്യാൻ തീരുമാനിക്കുന്നുവെന്നത് യഹോവയുടെ മുമ്പാകെ വ്യക്തിപരമായ ഒരു തീരുമാനമാണ്. (1 കൊരിന്ത്യർ 7:10, 11) സദുദ്ദേശ്യമുള്ള സുഹൃത്തുക്കളും ബന്ധുക്കളും, അല്ലെങ്കിൽ ക്രിസ്‌തീയ മൂപ്പന്മാരും സഹായവും ബുദ്ധ്യുപദേശവും നൽകാൻ ആഗ്രഹിച്ചേക്കാം. എന്നാൽ ഏതെങ്കിലുമൊരു പ്രത്യേക നടപടിക്രമം കൈക്കൊള്ളാൻ അക്രമത്തിന് ഇരയായ വ്യക്തിയെ അവർ നിർബന്ധിക്കരുത്. അത് അയാളുടെയോ അവളുടെയോ സ്വന്തം തീരുമാനമായിരിക്കണം.—റോമർ 14:4; ഗലാത്യർ 6:5.
ഹാനികരമായ പ്രശ്‌നങ്ങൾക്ക് ഒരു അവസാനം
25. കുടുംബത്തെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യമെന്ത്?
25 യഹോവ ആദാമിനെയും ഹവ്വായെയും വിവാഹത്തിൽ ഒരുമിപ്പിച്ചപ്പോൾ, മദ്യാസക്തിയോ അക്രമമോ പോലുള്ള ഹാനികരമായ പ്രശ്‌നങ്ങളാൽ കുടുംബങ്ങൾ തകരണമെന്ന് അവൻ ഒരിക്കലും ഉദ്ദേശിച്ചില്ല. (എഫെസ്യർ 3:14, 15) സ്‌നേഹവും സമാധാനവും തഴച്ചുവളരുകയും ഓരോ അംഗത്തിനും തന്റെ മാനസികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ തികവിൽ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലമായിരിക്കണമായിരുന്നു കുടുംബം. എന്നിരുന്നാലും, പാപത്തിന്റെ കടന്നുവരവോടെ, കുടുംബജീവിതം പെട്ടെന്ന് അധഃപതിച്ചു.—സഭാപ്രസംഗി 8:9 താരതമ്യം ചെയ്യുക.
26. യഹോവയുടെ നിബന്ധനകൾക്കു ചേർച്ചയിൽ ജീവിക്കുന്നവരെ എന്തു ഭാവി കാത്തിരിക്കുന്നു?
26 കുടുംബത്തെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ ഉപേക്ഷിച്ചിട്ടില്ലെന്നതു സന്തോഷകരംതന്നെ. ആളുകൾ “നിർഭയമായി വസിക്കു”ന്ന, ‘ആരും അവരെ ഭയപ്പെടുത്തുകയില്ലാ’ത്ത സമാധാനപൂർണമായ ഒരു പുതിയ ലോകം ആനയിക്കുമെന്ന് അവൻ വാഗ്‌ദാനം ചെയ്യുന്നു. (യെഹെസ്‌കേൽ 34:28) ആ കാലത്ത്, മദ്യാസക്തിയും വീട്ടിലെ അക്രമവും ഇന്നു കുടുംബങ്ങൾക്കു ഹാനിവരുത്തുന്ന മറ്റെല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞകാല സംഭവങ്ങൾമാത്രമായിത്തീരും. ആളുകൾ പുഞ്ചിരി തൂകും, അതു ഭയവും വേദനയും മറയ്‌ക്കുന്നതിനല്ല, മറിച്ച്, അതു “സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കു”ന്നതുകൊണ്ടാണ്.—സങ്കീർത്തനം 37:11.
a ഞങ്ങൾ മദ്യാസക്തിക്കു കീഴ്‌പെടുന്ന വ്യക്തിയെ പുരുഷനായിട്ടാണു പരാമർശിക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ബാധകമാകുന്ന തത്ത്വങ്ങൾ തത്തുല്യമായി മദ്യാസക്തയ്‌ക്കും ബാധകമാണ്.
b ചില രാജ്യങ്ങളിൽ, മദ്യാസക്തരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിൽ വൈദഗ്‌ധ്യം നേടിയ ചികിത്സാകേന്ദ്രങ്ങളും ആശുപത്രികളും പുനഃസ്ഥിതീകരണ പരിപാടികളും ഉണ്ട്. അത്തരം സഹായം സ്വീകരിക്കണമോ വേണ്ടയോ എന്നതു വ്യക്തിപരമായ തീരുമാനമാണ്. വാച്ച് ടവർ സൊസൈറ്റി ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, സഹായം തേടുമ്പോൾ, തിരുവെഴുത്തു തത്ത്വങ്ങൾ വിട്ടുവീഴ്‌ച ചെയ്യുന്ന പ്രവർത്തനങ്ങളിൽ അകപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
-
-
വിവാഹം തകർച്ചയുടെ വക്കിലെങ്കിൽകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പതിമൂന്ന്
വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ
1, 2. ഒരു വിവാഹം സമ്മർദത്തിൻകീഴിലായിരിക്കുമ്പോൾ, ഏതു ചോദ്യം ചോദിക്കേണ്ടതാണ്?
ലൂചീയാ എന്നു പേരുള്ള ഒരു ഇറ്റാലിക്കാരി 1988-ൽ വളരെ വിഷാദമഗ്നയായിരുന്നു.a പത്തു വർഷങ്ങൾക്കുശേഷം അവളുടെ വിവാഹം അവസാനിക്കുകയായിരുന്നു. ഭർത്താവുമായി അനുരജ്ഞനത്തിലെത്താൻ അവൾ പലവട്ടം ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വിജയിച്ചില്ല. അങ്ങനെ പൊരുത്തക്കേടുമൂലം അവൾ വേർപിരിഞ്ഞു. അതോടെ രണ്ടു പെൺമക്കളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ ഉത്തരവാദിത്വം അവളുടേതു മാത്രമായി. ആ നാളുകളിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്, ലൂചീയാ അനുസ്‌മരിക്കുന്നു: “ഞങ്ങളുടെ വിവാഹത്തെ രക്ഷിക്കാൻ ഒന്നിനും കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.”
2 നിങ്ങൾക്കു വിവാഹപ്രശ്‌നങ്ങളുണ്ടെങ്കിൽ, ലൂചീയായ്‌ക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്നു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും. നിങ്ങളുടെ വിവാഹം കുഴപ്പത്തിലായിരിക്കാം. അതിനെ ഇനിയും രക്ഷിക്കാനാവുമോ എന്നു നിങ്ങൾ ഒരുപക്ഷേ സംശയിക്കുന്നുമുണ്ടാകാം. സംഗതി അങ്ങനെയാണെങ്കിൽ, ഈ ചോദ്യം പരിചിന്തിക്കുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കും: വിവാഹം വിജയപ്രദമാക്കുന്നതിനു സഹായിക്കാൻ ദൈവം ബൈബിളിൽ നൽകിയിരിക്കുന്ന എല്ലാ നല്ല ഉപദേശവും ഞാൻ പിൻപറ്റിയിട്ടുണ്ടോ?—സങ്കീർത്തനം 119:105.
3. വിവാഹമോചനം പ്രചാരം സൃഷ്ടിച്ചിരിക്കേ, വിവാഹമോചിതരായ വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയിൽ എന്തു പ്രതികരണം റിപ്പോർട്ടു ചെയ്യപ്പെടുന്നു?
3 ഭാര്യയും ഭർത്താവും കടുത്ത പിരിമുറുക്കത്തിലായിരിക്കുമ്പോൾ, വിവാഹം അവസാനിപ്പിക്കുന്നത് ഏറ്റവും എളുപ്പമായ ഒരു നടപടിയായി തോന്നാം. എന്നാൽ, അനേകം രാജ്യങ്ങളിലും കുടുംബത്തകർച്ചയിൽ അമ്പരപ്പിക്കുന്ന വർധനവുണ്ടെങ്കിലും, വിവാഹമോചിതരായ സ്‌ത്രീപുരുഷന്മാരിൽ ഒരു വലിയ ശതമാനം തകർച്ചയെക്കുറിച്ചു ഖേദിക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിൽ നല്ലൊരുപങ്ക് ആളുകളും വിവാഹത്തിൽ തുടരുന്നവരെക്കാൾ കൂടുതൽ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. വിവാഹമോചനത്താൽ ബാധിക്കപ്പെടുന്ന കുട്ടികളുടെ ആശയക്കുഴപ്പവും അസന്തുഷ്ടിയും പലപ്പോഴും വർഷങ്ങളോളം നിലനിൽക്കുന്നു. തകർന്ന കുടുംബത്തിന്റെ മാതാപിതാക്കളും അവരുടെ സുഹൃത്തുക്കളുംകൂടെ കഷ്ടപ്പെടുകയാണ്. ആകട്ടെ, വിവാഹത്തിന്റെ കാരണഭൂതനായ ദൈവം പ്രസ്‌തുത സ്ഥിതിവിശേഷത്തെ വീക്ഷിക്കുന്ന വിധത്തെക്കുറിച്ചോ?
4. വിവാഹത്തിലെ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടണം?
4 മുൻ അധ്യായങ്ങളിൽ ശ്രദ്ധിച്ചതുപോലെ, വിവാഹം ഒരു ആജീവനാന്ത ബന്ധമായിരിക്കണമെന്നു യഹോവ ഉദ്ദേശിച്ചു. (ഉല്‌പത്തി 2:24) അപ്പോൾപ്പിന്നെ, അനേകം വിവാഹങ്ങളും തകരുന്നതെന്തുകൊണ്ട്? അതു രായ്‌ക്കുരാമാനം സംഭവിച്ചെന്നു വരില്ല. സാധാരണഗതിയിൽ, മുന്നറിയിപ്പിൻ ലക്ഷണങ്ങൾ കാണും. വിവാഹത്തിലെ ചെറിയ പ്രശ്‌നങ്ങൾ വളർന്നു വളർന്ന് അവസാനം അത് അപരിഹാര്യമെന്നു തോന്നിയേക്കാം. എന്നാൽ ഈ പ്രശ്‌നങ്ങൾ ബൈബിളിന്റെ സഹായത്തോടെ ഉചിതമായി കൈകാര്യം ചെയ്യുന്നപക്ഷം, പല വിവാഹത്തകർച്ചകളും ഒഴിവാക്കാൻ കഴിയും.
യാഥാർഥ്യബോധമുള്ളവരായിരിക്കുക
5. ഏതൊരു വിവാഹത്തിലും ഏതു യഥാർഥ സ്ഥിതിവിശേഷം അഭിമുഖീകരിക്കണം?
5 പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ഒരു ഘടകം വിവാഹപങ്കാളികളിൽ ഒരാൾക്കോ രണ്ടുപേർക്കുമോ ഉണ്ടായേക്കാവുന്ന യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളാണ്. പ്രേമനോവലുകൾ, പ്രചുരപ്രചാരംനേടിയ മാഗസിനുകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വൈവാഹിക തെറാപ്പിയിലെ കോഴ്‌സുകൾ എന്നിവയ്‌ക്കു യഥാർഥ ജീവിതവുമായി ബന്ധമില്ലാത്ത പ്രതീക്ഷകളും സ്വപ്‌നങ്ങളും സൃഷ്ടിക്കാൻ കഴിയും. ഈ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കപ്പെടാതെ പോകുമ്പോൾ, ഒരു വ്യക്തിക്കു താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയേക്കാം, കൂടാതെ അതൃപ്‌തിയും കാലൂഷ്യവും പോലും തോന്നുന്നുവെന്നും വരാം. എന്നിരുന്നാലും, അപൂർണരായ രണ്ട് ആളുകൾക്ക് വിവാഹത്തിൽ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്നതെങ്ങനെ? വിജയപ്രദമായ ബന്ധം നേടിയെടുക്കാൻ ശ്രമം ആവശ്യമാണ്.
6. (എ) ബൈബിൾ വിവാഹത്തെക്കുറിച്ചു സമനിലയുള്ള ഏതു വീക്ഷണം നൽകുന്നു? (ബി) വിവാഹത്തിൽ വിയോജിപ്പുകൾക്കുള്ള ചില കാരണങ്ങൾ എന്തെല്ലാം?
6 ബൈബിൾ പ്രായോഗികമാണ്. അതു വിവാഹത്തിന് അതിന്റേതായ സന്തോഷങ്ങളുണ്ടെന്നു സമ്മതിക്കുമ്പോൾത്തന്നെ വിവാഹം കഴിക്കുന്നവർക്കു “ജഡത്തിൽ കഷ്ടത ഉണ്ടാകു”മെന്നും മുന്നറിയിപ്പു നൽകുന്നുണ്ട്. (1 കൊരിന്ത്യർ 7:28) നേരത്തെ ശ്രദ്ധിച്ചതുപോലെ, രണ്ടു പങ്കാളികളും അപൂർണരും പാപം ചെയ്യാൻ ചായ്‌വുള്ളവരുമാണ്. ഓരോ പങ്കാളിയുടെയും മാനസികവും വൈകാരികവുമായ ഘടനയും ഓരോരുത്തരും വളർന്നുവന്ന വിധവും വ്യത്യാസമുള്ളതാണ്. പണം, കുട്ടികൾ, ഭാര്യാ-ഭർത്തൃ ബന്ധുക്കൾ, ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടത്ര സമയമില്ലായ്‌മ എന്നിവയെക്കുറിച്ചെല്ലാം ദമ്പതികൾ ചിലപ്പോഴൊക്കെ വിയോജിക്കുന്നു. ലൈംഗിക പ്രശ്‌നങ്ങൾക്കും കലഹത്തിനുള്ള ഒരു ഉറവായിരിക്കാനാവും.b അത്തരം സംഗതികൾ കൈകാര്യം ചെയ്യുന്നതിനു സമയം ആവശ്യമാണെങ്കിലും, പ്രോത്സാഹിതരാകുവിൻ! അത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിനും പരസ്‌പരം സ്വീകാര്യമായ പരിഹാരങ്ങളുണ്ടാക്കുന്നതിനും മിക്ക ദമ്പതികളും പ്രാപ്‌തരാണ്.
ഭിന്നതകൾ ചർച്ചചെയ്യുക
പ്രശ്‌നങ്ങൾ പെട്ടെന്നു കൈകാര്യം ചെയ്യുക. നിങ്ങൾ പ്രകോപിതാവസ്ഥയിലായിരിക്കെ സൂര്യൻ അസ്‌തമിക്കാതിരിക്കട്ടെ
7, 8. വിവാഹപങ്കാളികൾക്കിടയിൽ വ്രണിത വികാരങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടെങ്കിൽ, അവ കൈകാര്യം ചെയ്യുന്നതിനുള്ള തിരുവെഴുത്തുപരമായ വിധമെന്ത്?
7 വ്രണിത വികാരങ്ങളെയോ തെറ്റിദ്ധാരണകളെയോ വ്യക്തിപരമായ പാളിച്ചകളെയോ കുറിച്ചു ചർച്ചചെയ്യുമ്പോൾ, സംയമനം പാലിക്കാൻ ബുദ്ധിമുട്ടുള്ളതായി പലർക്കും തോന്നുന്നു. “ഞാൻ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുന്നു” എന്നു നേരേ പറയുന്നതിനുപകരം, ഒരു ഇണ വികാരം കൊള്ളുകയും പ്രശ്‌നത്തെ പെരുപ്പിച്ചുകാട്ടുകയും ചെയ്‌തേക്കാം. പലരും ഇങ്ങനെ പറയും: “നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽമാത്രമേ ശ്രദ്ധയുള്ളൂ,” അല്ലെങ്കിൽ “നിങ്ങൾക്കെന്നോട് ഒരു സ്‌നേഹവുമില്ല.” വാദപ്രതിവാദത്തിൽ ഉൾപ്പെടേണ്ടല്ലോ എന്നു കരുതി, മറ്റേ ഇണ അതിനോടു പ്രതികരിക്കാതിരുന്നേക്കാം.
8 ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റുന്നതാണ് മെച്ചപ്പെട്ട ഗതി: “കോപിക്കാം; എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ.” (എഫേസോസ് 4:26, പി.ഒ.സി. ബൈ.) 60-ാം വിവാഹ വാർഷികമെത്തിയ ഒരു സന്തുഷ്ട വിവാഹ ദമ്പതികളോട് അവരുടെ വിജയപ്രദമായ വിവാഹത്തിന്റെ രഹസ്യമെന്തെന്നു ചോദിക്കുകയുണ്ടായി. ഭർത്താവ് ഇങ്ങനെ പറഞ്ഞു: “എത്ര നിസ്സാര ഭിന്നതകളായിരുന്നാലുംശരി അവ പരിഹരിക്കാതെ ഉറങ്ങാൻ പോകാതിരിക്കാൻ ഞങ്ങൾ പഠിച്ചു.”
9. (എ) ആശയവിനിമയത്തിന്റെ ഒരു മർമപ്രധാന ഭാഗമായി തിരുവെഴുത്തുകളിൽ തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നതെന്ത്? (ബി) ധൈര്യവും താഴ്‌മയും ആവശ്യമാണെങ്കിലും, വിവാഹിത ഇണകൾ പലപ്പോഴും എന്തു ചെയ്യേണ്ടയാവശ്യമുണ്ട്?
9 ഭർത്താവിനും ഭാര്യക്കും ഇടയിൽ വിയോജിപ്പുണ്ടാകുമ്പോൾ, ഓരോരുത്തരും “കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കംകൂട്ടാത്തവരും കോപിക്കുന്നതിൽ മന്ദഗതിക്കാരും ആയിരി”ക്കേണ്ടയാവശ്യമുണ്ട്. (യാക്കോബ് 1:19, പി.ഒ.സി. ബൈ.) സൂക്ഷ്‌മതയോടെ ശ്രദ്ധിച്ചശേഷം, ഇരു പങ്കാളികൾക്കും ക്ഷമായാചനം നടത്തേണ്ടതിന്റെ ആവശ്യം തോന്നിയേക്കാം. (യാക്കോബ് 5:16) “നിങ്ങളെ വ്രണപ്പെടുത്തിയതിൽ വിഷമമുണ്ട്” എന്ന് ആത്മാർഥതയോടെ പറയണമെങ്കിൽ, താഴ്‌മയും ധൈര്യവും ആവശ്യമാണ്. എന്നാൽ ഈ രീതിയിൽ ഭിന്നതകൾ തീർക്കുന്നതു പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാത്രമല്ല, പരസ്‌പര സഹവാസത്തിൽ കൂടുതൽ സുഖം കണ്ടെത്തുന്നതിന് ഇടയാക്കുന്ന ഊഷ്‌മളതയും ഉറ്റബന്ധവും വികസിപ്പിച്ചെടുക്കാനും ഒരു വിവാഹിത ദമ്പതികളെ സഹായിക്കുന്നതിൽ വളരെ ഫലപ്രദമാണ്.
വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നത് കൊടുക്കൽ
10. പൗലോസ് കൊരിന്ത്യ ക്രിസ്‌ത്യാനികൾക്കു ശുപാർശചെയ്‌ത ഏതു സംരക്ഷണം ഇന്നു ക്രിസ്‌ത്യാനികൾക്കു ബാധകമായേക്കാം?
10 പൗലോസ് അപ്പോസ്‌തലൻ കൊരിന്ത്യർക്ക് എഴുതിയപ്പോൾ, ‘ദുർന്നടപ്പുനിമിത്തം’ അവൻ വിവാഹം ശുപാർശചെയ്‌തു. (1 കൊരിന്ത്യർ 7:2) ഇപ്പോൾ ലോകം പുരാതന കൊരിന്ത്യയിലെപ്പോലെതന്നെയോ അതിനെക്കാൾ മോശമോ ആണ്. ലോകത്തിലെ ആളുകൾ തുറന്നു ചർച്ചചെയ്യുന്ന അധാർമിക വിഷയങ്ങൾ, അടക്കവും ഒതുക്കവുമില്ലാത്ത വസ്‌ത്രധാരണം, മാസികകളിലും പുസ്‌തകങ്ങളിലും ടിവിയിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കപ്പെടുന്ന ഭോഗപരമായ കഥകൾ എന്നിവയെല്ലാംചേർന്ന് അവിഹിത ലൈംഗിക തൃഷ്‌ണയെ ഉത്തേജിപ്പിക്കുന്നു. സമാനമായ ചുറ്റുപാടിൽ ജീവിച്ചിരുന്ന കൊരിന്ത്യരോടു പൗലോസ് അപ്പോസ്‌തലൻ പറഞ്ഞു: “അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.”—1 കൊരിന്ത്യർ 7:9.
11, 12. (എ) ഭാര്യയും ഭർത്താവും പരസ്‌പരം എന്തു കടപ്പെട്ടിരിക്കുന്നു, അതു കൊടുക്കേണ്ടത് ഏതു മനോഭാവത്തോടെ ആയിരിക്കണം? (ബി) വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു തത്‌കാലത്തേക്കു കൊടുക്കാതിരിക്കേണ്ടതുണ്ടെങ്കിൽ, പ്രസ്‌തുത സ്ഥിതിവിശേഷം എങ്ങനെ കൈകാര്യം ചെയ്യണം?
11 അതുകൊണ്ട്, വിവാഹിതരായ ക്രിസ്‌ത്യാനികളോടു ബൈബിൾ ഇങ്ങനെ കൽപ്പിക്കുന്നു: “ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.” (1 കൊരിന്ത്യർ 7:3) കൊടുക്കുന്നതിലാണ്, അല്ലാതെ ആവശ്യപ്പെടുന്നതിലല്ല ഊന്നൽ എന്നതു ശ്രദ്ധിക്കുക. ഓരോ പങ്കാളിയും മറ്റേയാളുടെ ഗുണത്തിൽ താത്‌പര്യം കാട്ടുന്നെങ്കിലേ വിവാഹത്തിലെ ശാരീരികബന്ധം വാസ്‌തവത്തിൽ തൃപ്‌തികരമാകൂ. ഉദാഹരണത്തിന്, ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോടു “പരിജ്ഞാനപ്രകാരം” ഇടപെടണമെന്നു ബൈബിൾ കൽപ്പിക്കുന്നു. (1 പത്രോസ് 3:7, NW) വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു കൊടുക്കുന്നതിലും സ്വീകരിക്കുന്നതിലും ഇതു വിശേഷാൽ സത്യമാണ്. ഭാര്യക്ക് ആർദ്രമായ പെരുമാറ്റം ലഭിക്കുന്നില്ലെങ്കിൽ, വിവാഹത്തിലെ ഈ ഭാഗം ആസ്വദിക്കുക പ്രയാസകരമാണെന്ന് അവൾക്കു തോന്നിയേക്കാം.
12 വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു വിവാഹിത ഇണകൾക്കു പരസ്‌പരം കൊടുക്കാൻ പറ്റാതെ വരുന്ന സമയങ്ങളുണ്ട്. മാസത്തിലെ ചില സമയങ്ങളിൽ, അല്ലെങ്കിൽ അവൾക്കു വലിയ ക്ഷീണം തോന്നുന്ന സമയങ്ങളിൽ ഇതു ഭാര്യയെ സംബന്ധിച്ചിടത്തോളം സത്യമായിരുന്നേക്കാം. (ലേവ്യപുസ്‌തകം 18:19 താരതമ്യം ചെയ്യുക.) ജോലിസ്ഥലത്ത് ഒരു ഗുരുതരമായ പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും വൈകാരികമായി തളർന്നിരിക്കുമ്പോഴും അതു ഭർത്താവിനെ സംബന്ധിച്ചും സത്യമായിരുന്നേക്കാം. രണ്ടു പങ്കാളികളും സ്ഥിതിവിശേഷം തുറന്നു ചർച്ചചെയ്യുകയും “പരസ്‌പരസമ്മതത്തോടെ” യോജിപ്പു പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ, വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു താത്‌കാലികമായി കൊടുക്കാതിരിക്കുന്നത് ഏറ്റവും മെച്ചമായ രീതിയിൽ കൈകാര്യം ചെയ്യാനാവും. (1 കൊരിന്ത്യർ 7:5) ഇതു തെറ്റായ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കാൻ രണ്ടു പങ്കാളികളെയും സഹായിക്കും. എന്നിരുന്നാലും, ഭാര്യ വിവാഹത്തിൽ കടപ്പെട്ടിരിക്കുന്നതു ഭർത്താവിനു മനഃപൂർവം കൊടുക്കാതിരിക്കുന്നെങ്കിൽ, അല്ലെങ്കിൽ ഭർത്താവ് അതു സ്‌നേഹപുരസ്സരമായ ഒരു വിധത്തിൽ കൊടുക്കാതിരിക്കുന്നെങ്കിൽ, അതു പങ്കാളി പ്രലോഭനത്തിൽ വീഴാൻ വഴിയൊരുക്കിയേക്കും. അത്തരമൊരു സാഹചര്യത്തിൽ, വിവാഹത്തിൽ പ്രശ്‌നങ്ങൾ പൊന്തിവന്നേക്കാം.
13. തങ്ങളുടെ ചിന്ത ശുദ്ധമായി സൂക്ഷിക്കുന്നതിനു ക്രിസ്‌ത്യാനികൾക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
13 എല്ലാ ക്രിസ്‌ത്യാനികളെയുംപോലെ, ദൈവത്തിന്റെ വിവാഹിത ദാസർ അശുദ്ധവും അസ്വാഭാവികവുമായ മോഹങ്ങളുണർത്താൻ പര്യാപ്‌തമായ അശ്ലീലസാഹിത്യം ഒഴിവാക്കണം. (കൊലൊസ്സ്യർ 3:5) വിപരീതലിംഗവർഗത്തിൽപ്പെട്ട എല്ലാവരോടും ഇടപെടുമ്പോഴും അവർ തങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും സൂക്ഷിക്കണം. യേശു ഇപ്രകാരം മുന്നറിയിപ്പു നൽകി: “സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.” (മത്തായി 5:28) ലൈംഗികതയെക്കുറിച്ചുളള ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനാൽ, പ്രലോഭനത്തിൽ വീണ് വ്യഭിചാരം ചെയ്യുന്നത് ഒഴിവാക്കാൻ ദമ്പതികൾ പ്രാപ്‌തരാകേണ്ടതാണ്. വിവാഹത്തിന്റെ കാരണഭൂതനായ യഹോവയിൽനിന്നുള്ള ആരോഗ്യാവഹമായ ഒരു ദാനമെന്ന നിലയിൽ ലൈംഗികതയെ മതിപ്പോടെ കാത്തുകൊള്ളുന്ന വിവാഹത്തിൽ ആനന്ദദായകമായ ഉറ്റബന്ധം ആസ്വദിക്കുന്നതിൽ തുടരാൻ അവർക്കു കഴിയും.—സദൃശവാക്യങ്ങൾ 5:15-19.
വിവാഹമോചനത്തിനുള്ള ബൈബിളടിസ്ഥാനം
14. ഏതു സങ്കടകരമായ സ്ഥിതിവിശേഷം ചിലപ്പോൾ ഉടലെടുക്കുന്നു? എന്തുകൊണ്ട്?
14 മിക്ക ക്രിസ്‌തീയ വിവാഹങ്ങളിലും പൊന്തിവരുന്ന ഏതു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യപ്പെടാൻ കഴിയുമെന്നതു സന്തോഷകരംതന്നെ. എന്നിരുന്നാലും, ചിലപ്പോഴൊക്കെ സംഗതിക്കു വ്യത്യാസമുണ്ട്. മനുഷ്യർ അപൂർണരും സാത്താന്റെ നിയന്ത്രണത്തിൻകീഴിലുള്ള, പാപപൂരിതമായ ഒരു ലോകത്തു ജീവിക്കുന്നവരും ആയതുകൊണ്ട്, ചില വിവാഹങ്ങൾ തകർച്ചയുടെ വക്കിലെത്തുന്നു. (1 യോഹന്നാൻ 5:19) അത്തരമൊരു വിഷമസന്ധി ക്രിസ്‌ത്യാനികൾ എങ്ങനെ കൈകാര്യം ചെയ്യണം?
15. (എ) പുനർവിവാഹസാധ്യതയോടെ വിവാഹമോചനം നടത്തുന്നതിനുള്ള തിരുവെഴുത്തുപരമായ ഏക അടിസ്ഥാനം എന്ത്? (ബി) അവിശ്വസ്‌തയായ ഒരു വിവാഹിത ഇണയിൽനിന്നു വിവാഹമോചനം നേടുന്നതിനെതിരെ ചിലർ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
15 ഈ പുസ്‌തകത്തിന്റെ 2-ാമത്തെ അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, വിവാഹമോചനത്തിനുള്ള തിരുവെഴുത്ത് അടിസ്ഥാനം പരസംഗം മാത്രമാണ്, അത്തരമൊരു വിവാഹമോചനത്തിനേ പുനർവിവാഹസാധ്യതയുളളൂ.c (മത്തായി 19:9) നിങ്ങളുടെ വിവാഹിത ഇണ അവിശ്വസ്‌തത കാട്ടിയെന്നതിനു കൃത്യമായ തെളിവുള്ളപ്പോൾ, നിങ്ങൾ പ്രയാസകരമായ ഒരു തീരുമാനം എടുക്കേണ്ടിവരും. നിങ്ങൾ വിവാഹത്തിൽ തുടരുമോ, അതോ വിവാഹമോചനം തേടുമോ? അതിനു നിയമങ്ങൾ ഒന്നുമില്ല. ചില ക്രിസ്‌ത്യാനികൾ യഥാർഥ അനുതാപം കാട്ടുന്ന പങ്കാളിയോടു പൂർണമായും ക്ഷമിച്ചിട്ടുണ്ട്. അങ്ങനെ കാത്തുസൂക്ഷിച്ച വിവാഹം നല്ല രീതിയിലായിത്തീർന്നിട്ടുമുണ്ട്. മറ്റുള്ളവർ കുട്ടികളെപ്രതി വിവാഹമോചനത്തിനെതിരെ തീരുമാനിച്ചിട്ടുണ്ട്.
16. (എ) തെറ്റുചെയ്‌ത വിവാഹ ഇണയിൽനിന്നു വിവാഹമോചനം നേടാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്ന ഏതാനും ഘടകങ്ങൾ എന്തെല്ലാം? (ബി) നിർദോഷിയായ ഒരു ഇണ വിവാഹമോചനം നടത്താനോ നടത്താതിരിക്കാനോ തീരുമാനിക്കുമ്പോൾ, ആ വ്യക്തിയുടെ തീരുമാനത്തെ ആരും വിമർശിക്കരുതാത്തത് എന്തുകൊണ്ട്?
16 നേരേമറിച്ച്, ആ പാപപ്രവൃത്തിമൂലം ചിലപ്പോൾ ഗർഭധാരണം നടക്കുകയോ ലൈംഗികമായി പകരുന്ന രോഗം പിടിപെടുകയോ ചെയ്‌തിരിക്കാം. അല്ലെങ്കിൽ, ലൈംഗിക ദുഷ്‌പെരുമാറ്റമുള്ള മാതാവിൽനിന്നോ പിതാവിൽനിന്നോ കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടാവാം. വ്യക്തമായും, ഒരു തീരുമാനം എടുക്കുന്നതിനുമുമ്പ് അനേകം സംഗതികൾ പരിചിന്തിക്കേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ വിവാഹിത ഇണയുടെ അവിശ്വസ്‌തതയെക്കുറിച്ച് അറിഞ്ഞിട്ടും നിങ്ങൾ ഇണയുമായി ലൈംഗിക ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നെങ്കിൽ, നിങ്ങൾ നിങ്ങളുടെ ഇണയോടു ക്ഷമിച്ചുവെന്നും വിവാഹത്തിൽ തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നുമാണ് അതു സൂചിപ്പിക്കുക. പുനർവിവാഹത്തിന് തിരുവെഴുത്തുപരമായ സാധ്യതയുള്ള വിവാഹമോചനത്തിന് മേലാൽ അടിത്തറയില്ല. ആരും നിങ്ങളുടെ കാര്യങ്ങളിൽ തലയിടുന്നവരോ നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരോ ആയിരിക്കേണ്ടതില്ല, നിങ്ങൾ എടുക്കുന്ന തീരുമാനത്തെ ആരും വിമർശിക്കേണ്ടതുമില്ല. നിങ്ങൾ എടുക്കുന്ന തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളുമായി നിങ്ങൾ ജീവിക്കേണ്ടിവരും. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.”—ഗലാത്യർ 6:5.
വേർപിരിയുന്നതിനുള്ള അടിസ്ഥാനങ്ങൾ
17. പരസംഗം നടന്നിട്ടില്ലെങ്കിൽ, വേർപിരിയലിന്മേൽ അല്ലെങ്കിൽ വിവാഹമോചനത്തിന്മേൽ തിരുവെഴുത്തുകൾ എന്തു നിബന്ധനകൾ വെക്കുന്നു?
17 പരസംഗം ചെയ്‌തിട്ടില്ലെങ്കിൽപ്പോലും, വേർപിരിയലിനെയോ വിവാഹിത ഇണയിൽനിന്നുള്ള വിവാഹമോചനത്തെപ്പോലുമോ ന്യായീകരിക്കാവുന്ന സ്ഥിതിവിശേഷങ്ങളുണ്ടോ? ഉണ്ട്, എന്നാൽ അത്തരം സന്ദർഭങ്ങളിൽ, ഒരു ക്രിസ്‌ത്യാനിക്കു മറ്റൊരാളെ പുനർവിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമില്ല. (മത്തായി 5:32) ബൈബിൾ അത്തരം വേർപിരിയൽ അനുവദിക്കുമ്പോൾത്തന്നെ, വേർപിരിയുന്നയാൾ “വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ . . . നിരന്നുകൊള്ളേണം” എന്നു നിഷ്‌കർഷിക്കുന്നു. (1 കൊരിന്ത്യർ 7:11) വേർപിരിയൽ അഭികാമ്യമെന്നു തോന്നുന്ന അതിഗുരുതരമായ ചില സ്ഥിതിവിശേഷങ്ങൾ ഏതെല്ലാമാണ്?
18, 19. പുനർവിവാഹസാധ്യതയില്ലെങ്കിലും, നിയമപരമായ വേർപിരിയലോ വിവാഹമോചനമോ എത്ര അഭികാമ്യമായിരിക്കുമെന്ന് ഒരു ഇണ തൂക്കിനോക്കുന്നതിലേക്കു നയിച്ചേക്കാവുന്ന അതിഗുരുതരമായ ചില സ്ഥിതിവിശേഷങ്ങൾ എന്തെല്ലാം?
18 ഭർത്താവിന്റെ കടുത്ത അലസതയും ദുശ്ശീലങ്ങളും നിമിത്തം കുടുംബം കുളംകോരിയേക്കാം.d അയാൾ ചൂതാട്ടത്തിലേർപ്പെട്ട് കുടുംബത്തിന്റെ വരുമാനം മുടിപ്പിക്കുകയോ മയക്കുമരുന്നിനോടോ മദ്യത്തോടോ ഉള്ള ആസക്തി നിലനിർത്താൻ അത് ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടാവാം. ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.’ (1 തിമൊഥെയൊസ് 5:8) അത്തരമൊരു മനുഷ്യൻ ഒരുപക്ഷേ ഭാര്യ സമ്പാദിക്കുന്ന പണംപോലും എടുത്തുകൊണ്ട്, തന്റെ ദുശ്ശീലങ്ങളെ നിലനിർത്തി തന്റെ വഴികൾക്കു മാറ്റംവരുത്താൻ കൂട്ടാക്കുന്നില്ലെങ്കിൽ, ഭാര്യ നിയമപരമായ ഒരു വേർപിരിയൽ നേടി തന്റെയും കുട്ടികളുടെയും ക്ഷേമം കാക്കാൻ ശ്രമിച്ചേക്കാം.
19 പങ്കാളിയുടെനേരേ ഇണ അങ്ങേയറ്റം അക്രമാസക്തനെങ്കിലും, ഒരുപക്ഷേ ആരോഗ്യവും ജീവൻപോലും അപകടത്തിലാവുന്ന ഘട്ടത്തോളം ആവർത്തിച്ചു ദേഹോപദ്രവം ഏൽപ്പിക്കുന്നെങ്കിൽ, മേൽപ്പറഞ്ഞ നിയമനടപടിതന്നെ പരിചിന്തിച്ചേക്കാം. കൂടാതെ, ഏതെങ്കിലും വിധത്തിൽ ദൈവകൽപ്പനകൾ ലംഘിക്കാൻ വിവാഹിത ഇണ നിരന്തരം നിർബന്ധിക്കുന്നെങ്കിൽ, ഭീഷണി നേരിടുന്ന ഇണ ചിലപ്പോൾ വേർപിരിയുന്ന കാര്യം പരിഗണിച്ചെന്നിരിക്കും, വിശേഷിച്ച് ആത്മീയ ജീവിതം അപകടപ്പെടുന്ന ഘട്ടത്തോളം സംഗതിയെത്തുന്നെങ്കിൽ. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കാനുള്ള ഒരേ ഒരു വഴി നിയമപരമായ ഒരു വേർപിരിയൽ നേടുകയാണെന്ന് അപകടത്തിലായ പങ്കാളി നിഗമനം ചെയ്‌തെന്നുവരാം.—പ്രവൃത്തികൾ 5:29.
20. (എ) ഒരു കുടുംബത്തകർച്ചയുടെ കാര്യത്തിൽ, പക്വതയുള്ള സുഹൃത്തുക്കളും മൂപ്പന്മാരും എന്തു വാഗ്‌ദാനം ചെയ്‌തേക്കാം, അവർ എന്തു വാഗ്‌ദാനം ചെയ്യരുത്? (ബി) വിവാഹിതരായ വ്യക്തികൾ വേർപിരിയലിനും വിവാഹമോചനത്തിനുംവേണ്ടിയുള്ള ബൈബിൾ പരാമർശങ്ങൾ എന്തു ചെയ്യാനുള്ള ഒഴികഴിവായി ഉപയോഗിക്കരുത്?
20 ഇണയിൽനിന്നുള്ള അതിഗുരുതരമായ ദുഷ്‌പെരുമാറ്റമുള്ള എല്ലാ സംഭവങ്ങളിലും, മറ്റേയാളിൽനിന്നു വേർപിരിയാനോ അയാളോടൊപ്പം നിൽക്കാനോ ആരും നിർദോഷിയായ ഇണയെ നിർബന്ധിക്കരുത്. പക്വതയുള്ള സുഹൃത്തുക്കളും മൂപ്പന്മാരും പിന്തുണയും ബൈബിളധിഷ്‌ഠിത ബുദ്ധ്യുപദേശവും നൽകിയേക്കാമെങ്കിലും ഭർത്താവിനും ഭാര്യക്കുമിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും ഇവർക്ക് അറിയാൻ കഴിയില്ല. യഹോവയ്‌ക്കു മാത്രമേ അതു കാണാൻ കഴിയൂ. തീർച്ചയായും, വിവാഹബന്ധം വേർപെടുത്താൻ ഒരു ക്രിസ്‌തീയ ഭാര്യ നിസ്സാര ഒഴികഴിവുകൾ ഉപയോഗിക്കുന്നെങ്കിൽ, അവൾ ദൈവത്തിന്റെ വിവാഹക്രമീകരണത്തെ ആദരിക്കുകയാവില്ല. എന്നാൽ അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷം നിലനിൽക്കുന്നെങ്കിൽ, അവൾ വേർപിരിയാൻ തീരുമാനിക്കുന്നപക്ഷം ആരും അവളെ വിമർശിക്കരുത്. വേർപിരിയാൻ തുനിയുന്ന ഭർത്താവിനെ സംബന്ധിച്ചും കൃത്യമായും ഇതുതന്നെ പറയാൻ കഴിയും. “നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്‌ക്കേണ്ടിവരും.”—റോമർ 14:10.
തകർന്ന ഒരു വിവാഹം രക്ഷപ്പെട്ട വിധം
21. വിവാഹം സംബന്ധിച്ചുള്ള ബൈബിൾ ഉപദേശം പ്രായോഗികമാണെന്ന് ഏത് അനുഭവം പ്രകടമാക്കുന്നു?
21 മുമ്പു സൂചിപ്പിച്ച ലൂചീയാ, ഭർത്താവിൽനിന്നു വേർപിരിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ, അവൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും അവരോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. അവൾ ഇങ്ങനെ വിശദീകരിക്കുന്നു: “അതിശയംതന്നെ, ബൈബിൾ എന്റെ പ്രശ്‌നത്തിനു പ്രായോഗികമായ പരിഹാരങ്ങൾ നൽകി. ഒരാഴ്‌ചത്തെ പഠനമേ കഴിഞ്ഞുള്ളൂ, ഉടനടി ഭർത്താവുമായി രമ്യതയിലെത്താനായി എന്റെ ആഗ്രഹം. യഹോവയുടെ പഠിപ്പിക്കലുകൾ പരസ്‌പരം വിലമതിപ്പു തോന്നേണ്ടതെങ്ങനെയെന്നു പഠിക്കാൻ ഇണകളെ സഹായിക്കുന്നതുകൊണ്ട്, പ്രതിസന്ധിയിലായ വിവാഹങ്ങളെ രക്ഷിക്കാൻ അവനറിയാമെന്ന് ഇന്ന് എനിക്കു പറയാൻ കഴിയും. യഹോവയുടെ സാക്ഷികൾ കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നു ചിലർ പറയുന്നതു സത്യമല്ല. എന്റെ കാര്യത്തിൽ അതിനു നേർവിപരീതമാണു സത്യം.” ബൈബിൾ തത്ത്വങ്ങൾ തന്റെ ജീവിതത്തിൽ ബാധകമാക്കാൻ ലൂചീയാ പഠിച്ചു.
22. എല്ലാ വിവാഹിത ദമ്പതിമാർക്കും എന്തിൽ വിശ്വാസമുണ്ടായിരിക്കണം?
22 ലൂചീയായുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിവാഹം ഒരു ഭാരമല്ല, അനുഗ്രഹമായിരിക്കണം. ആ ലക്ഷ്യത്തിൽ, എഴുതപ്പെട്ടതിലേക്കുംവെച്ച് ഏറ്റവും മികച്ച വിവാഹോപദേശത്തിന്റെ ഉറവ്—തന്റെ അമൂല്യ വചനം—യഹോവ പ്രദാനം ചെയ്‌തിരിക്കുന്നു. ബൈബിളിന് “അല്‌പബുദ്ധിയെ ജ്ഞാനിയാക്കാ”ൻ കഴിയും. (സങ്കീർത്തനം 19:7-11) തകർച്ചയുടെ വക്കിലായിരുന്ന അനേകം വിവാഹങ്ങളെ അതു രക്ഷപ്പെടുത്തുകയും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടായിരുന്ന മറ്റ് അനേകം വിവാഹങ്ങളെ പുരോഗമിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. യഹോവയാം ദൈവം പ്രദാനം ചെയ്യുന്ന വിവാഹോപദേശത്തിൽ എല്ലാ ദമ്പതികൾക്കും പൂർണവിശ്വാസം ഉണ്ടാകുമാറാകട്ടെ! അതു ശരിക്കും പ്രായോഗികമാണ്!
a പേരിനു മാറ്റം വരുത്തിയിട്ടുണ്ട്.
b ഈ മേഖലകളിൽ ചിലതിനെക്കുറിച്ചു മുൻ അധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
c “പരസംഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ബൈബിൾ പദത്തിൽ വ്യഭിചാരം, സ്വവർഗസംഭോഗം, മൃഗങ്ങളുമായുള്ള ലൈംഗികത, ലൈംഗിക അവയവങ്ങളുടെ ഉപയോഗം ഉൾപ്പെടുന്ന മനഃപൂർവമായ മറ്റ് അവിഹിത പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്നു.
d സദുദ്ദേശ്യമുള്ള ഭർത്താവെങ്കിലും, രോഗമോ തൊഴിലില്ലായ്‌മയോ പോലുള്ള തന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാൽ കുടുംബകാര്യങ്ങൾ നോക്കാൻ പ്രാപ്‌തിയില്ലാത്ത ഭർത്താവിന്റെ സ്ഥിതിവിശേഷങ്ങൾ ഇതിലുൾപ്പെടുന്നില്ല.
-
-
ഒരുമിച്ചു വൃദ്ധരാകൽകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പതിന്നാല്
ഒരുമിച്ചു വൃദ്ധരാകൽ
1, 2. (എ) വാർധക്യത്തോട് അടുക്കുമ്പോൾ എന്തു മാറ്റങ്ങൾ സംഭവിക്കുന്നു? (ബി) ബൈബിൾ കാലങ്ങളിലെ ദൈവഭക്തരായ മനുഷ്യർ വാർധക്യത്തിൽ സന്തുഷ്ടി കണ്ടെത്തിയതെങ്ങനെ?
നമുക്കു പ്രായം ചെല്ലുന്തോറും അനേകം മാറ്റങ്ങൾ സംഭവിക്കുന്നു. ശാരീരിക ബലക്ഷയം നമ്മുടെ ഊർജസ്വലതയെ കെടുത്തുന്നു. കണ്ണാടിയിൽ നോക്കുമ്പോൾ പുതിയ ചുളിവുകളും തലമുടിക്കു ക്രമേണ നിറവ്യത്യാസം സംഭവിക്കുന്നതും തലമുടി കൊഴിയുന്നതുമെല്ലാം മനസ്സിലാവുന്നു. നമുക്കു കുറച്ചൊക്കെ ഓർമക്കുറവും സംഭവിച്ചേക്കാം. കുട്ടികൾ വിവാഹം കഴിക്കുമ്പോഴും പിന്നീട് അവർക്കു കുട്ടികളുണ്ടാവുമ്പോഴും പുതിയ ബന്ധങ്ങൾ വികാസം പ്രാപിക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം ലൗകിക ജോലിയിൽനിന്നു വിരമിക്കുന്നതു ജീവിതത്തിൽ വ്യത്യസ്‌ത ദിനചര്യക്കു കാരണമാകുന്നു.
2 വാസ്‌തവത്തിൽ, പ്രായാധിക്യം ക്ലേശകരമായിരിക്കാവുന്നതാണ്. (സഭാപ്രസംഗി 12:1-8) എന്നാലും, ബൈബിൾ കാലങ്ങളിലെ ദൈവദാസരുടെ കാര്യം പരിചിന്തിക്കുക. അവർ അവസാനം മരണത്തിന് ഇരയായെങ്കിലും, അവർക്കു വാർധക്യത്തിൽ വലിയ സംതൃപ്‌തി നേടിക്കൊടുത്ത ജ്ഞാനവും ഗ്രാഹ്യവും അവർ നേടി. (ഉല്‌പത്തി 25:8; 35:29; ഇയ്യോബ് 12:12; 42:17) സന്തുഷ്ടിയോടെ വൃദ്ധരായിത്തീരുന്നതിൽ അവർ വിജയിച്ചതെങ്ങനെ? തീർച്ചയായും അതു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നാം ഇന്നു കാണുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിച്ചതിനാലായിരുന്നു.—സങ്കീർത്തനം 119:105; 2 തിമൊഥെയൊസ് 3:16, 17.
3. വൃദ്ധന്മാർക്കും വൃദ്ധമാർക്കും പൗലോസ് എന്തു ബുദ്ധ്യുപദേശം നൽകി?
3 തീത്തൊസിനുള്ള തന്റെ ലേഖനത്തിൽ, വൃദ്ധരായിത്തീരുന്നവർക്കു പൗലോസ് അപ്പോസ്‌തലൻ ഈടുറ്റ മാർഗനിർദേശം കൊടുത്തു. അവൻ ഇപ്രകാരം എഴുതി: “വൃദ്ധന്മാർ നിർമ്മദവും [“മിതശീലരും,” NW] ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്‌നേഹത്തിലും സഹിഷ്‌ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം . . . വൃദ്ധമാരും അങ്ങനെ തന്നേ നടപ്പിൽ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന്നു അടിമപ്പെടാത്തവരുമായിരിക്കേണം.” (തീത്തൊസ് 2:2, 3) ഈ വാക്കുകൾക്കു ചെവികൊടുക്കുന്നതു വൃദ്ധരാകുന്നതിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനു നിങ്ങളെ സഹായിക്കാനാവും.
നിങ്ങളുടെ കുട്ടികളുടെ സ്വാതന്ത്ര്യത്തോട് അനുരൂപപ്പെടുക
4, 5. കുട്ടികൾ വീടുവിട്ടുപോകുമ്പോൾ, അനേകം മാതാപിതാക്കളും പ്രതികരിക്കുന്നതെങ്ങനെ, പുതിയ സ്ഥിതിവിശേഷത്തോടു ചിലർ പൊരുത്തപ്പെടുന്നതെങ്ങനെ?
4 നിലകളിൽ മാറ്റംവരുമ്പോൾ അനുരൂപപ്പെടൽ ആവശ്യമാണ്. പ്രായപൂർത്തിയെത്തിയ കുട്ടികൾ വിവാഹിതരായി വീടുവിട്ടുപോകുമ്പോൾ ഇത് എത്ര ശരിയാണെന്നു തെളിയുന്നു! അനേകം മാതാപിതാക്കൾക്കും തങ്ങൾ വൃദ്ധരാകുകയാണ് എന്നതു സംബന്ധിച്ചുള്ള ആദ്യത്തെ ഓർമിപ്പിക്കലാണത്. തങ്ങളുടെ കുട്ടി പ്രായപൂർത്തിയെത്തിയതിൽ സന്തുഷ്ടരെങ്കിലും, സ്വതന്ത്രരായി നിലനിൽക്കുന്നതിനു കുട്ടികളെ സജ്ജരാക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്‌തോ എന്നോർത്തു മാതാപിതാക്കൾ പലപ്പോഴും വിഷമിക്കുന്നു. അവർ വീട്ടിലില്ലാത്തതിലും അവർക്കു വിഷമം തോന്നാം.
5 മക്കൾ വീടുവിട്ടതിനുശേഷംപോലും, മാതാപിതാക്കൾ മക്കളുടെ ക്ഷേമത്തിൽ തുടർന്നും താത്‌പര്യം കാട്ടുന്നതു മനസ്സിലാക്കാവുന്നതാണ്. “അവർ സുഖമായിരിക്കുന്നുവെന്ന് എനിക്കൊരു ഉറപ്പുണ്ടാകാൻ ഇടയ്‌ക്കിടെ അവരിൽനിന്നുള്ള വിവരം ലഭിച്ചിരുന്നെങ്കിൽ—അത് എന്നെ സന്തുഷ്ടയാക്കുമായിരുന്നു,” ഒരു അമ്മ പറഞ്ഞു. ഒരു പിതാവ് ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങളുടെ മകൾ വീടുവിട്ടുപോയപ്പോൾ, അതു വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ അതു വലിയൊരു വിടവുണ്ടാക്കി. കാരണം ഞങ്ങൾ ഒരുമിച്ചായിരുന്നു എല്ലായ്‌പോഴും എല്ലാം ചെയ്‌തിരുന്നത്.” തങ്ങളുടെ കുട്ടികളുടെ അസാന്നിധ്യത്തെ ഈ മാതാപിതാക്കൾ നേരിട്ടത് എങ്ങനെയായിരുന്നു? അനേകരുടെയും കാര്യത്തിൽ, മറ്റുള്ളവരിൽ താത്‌പര്യം കാട്ടിയും അവരെ സഹായിച്ചുമായിരുന്നു.
6. കുടുംബബന്ധങ്ങളെ അവയുടെ ഉചിതമായ കാഴ്‌ചപ്പാടിൽ നിർത്താൻ സഹായിക്കുന്നതെന്ത്?
6 കുട്ടികൾ വിവാഹിതരാകുമ്പോൾ, മാതാപിതാക്കളുടെ നിലയ്‌ക്കു മാറ്റം വരുന്നു. ഉല്‌പത്തി 2:24 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ശിരഃസ്ഥാനത്തിന്റെയും നല്ല ക്രമത്തിന്റെയും ദൈവിക തത്ത്വങ്ങൾ അംഗീകരിക്കുന്നത് സംഗതികൾ അവയുടെ ഉചിതമായ കാഴ്‌ചപ്പാടിൽ കാണാൻ മാതാപിതാക്കളെ സഹായിക്കും.—1 കൊരിന്ത്യർ 11:3; 14:33, 40.
7. പെൺമക്കൾ വിവാഹിതരായി മാറിത്താമസിച്ചപ്പോൾ ഒരു പിതാവ് ഏത് ഉത്തമ മനോഭാവം നട്ടുവളർത്തി?
7 ഒരു ദമ്പതികളുടെ രണ്ടു പെൺകുട്ടികൾ വിവാഹിതരായി വേറെ സ്ഥലത്തേക്കു പോയതിനുശേഷം, പ്രസ്‌തുത ദമ്പതികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒരു ശൂന്യത അനുഭവപ്പെട്ടു. ആദ്യമൊക്കെ, ഭർത്താവിനു മരുമക്കളോട് അമർഷം തോന്നി. എന്നാൽ ശിരഃസ്ഥാന തത്ത്വത്തെക്കുറിച്ച് അദ്ദേഹം വിചിന്തനം ചെയ്‌തപ്പോൾ, പുത്രിമാരുടെ ഭർത്താക്കന്മാർക്ക് ഇപ്പോൾ അവരവരുടെ കുടുംബകാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട്, തന്റെ പുത്രിമാർ ഉപദേശം ആവശ്യപ്പെട്ടപ്പോൾ, അവരുടെ ഭർത്താക്കന്മാർ എന്തു വിചാരിക്കുന്നുവെന്ന് അദ്ദേഹം അവരോടു ചോദിച്ചതിനുശേഷമാണ് താൻ കഴിയുന്നത്ര പിന്തുണയ്‌ക്കാമെന്ന് ഉറപ്പുകൊടുത്തത്. അദ്ദേഹത്തിന്റെ മരുമക്കൾ ഇപ്പോൾ അദ്ദേഹത്തെ ഒരു സുഹൃത്തായി വീക്ഷിച്ച് അദ്ദേഹത്തിന്റെ ഉപദേശം സ്വാഗതം ചെയ്യുന്നു.
8, 9. പ്രായപൂർത്തിയായ കുട്ടികളുടെ സ്വാതന്ത്ര്യത്തോടു ചില മാതാപിതാക്കൾ പൊരുത്തപ്പെട്ടിരിക്കുന്നതെങ്ങനെ?
8 നവദമ്പതികൾ തിരുവെഴുത്തുവിരുദ്ധമായ യാതൊന്നും ചെയ്യുന്നില്ലെങ്കിലും, മാതാപിതാക്കൾ ഏറ്റവും ഉചിതമെന്നു വിചാരിക്കുന്നതു ചെയ്യാൻ പരാജയപ്പെടുന്നെങ്കിലോ? “യഹോവയുടെ കാഴ്‌ചപ്പാട് ഉണ്ടായിരിക്കാൻ ഞങ്ങൾ അവരെ എല്ലായ്‌പോഴും സഹായിക്കുന്നു. എന്നാൽ അവരുടെ ഒരു തീരുമാനത്തോടു ഞങ്ങൾ യോജിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അത് അംഗീകരിക്കുകയും അവർക്കു ഞങ്ങളുടെ പിന്തുണയും പ്രോത്സാഹനവും കൊടുക്കുകയും ചെയ്യുന്നു,” വിവാഹിതരായ കുട്ടികളുള്ള ഒരു ദമ്പതികൾ വിശദീകരിക്കുന്നു.
9 ചില ഏഷ്യൻ രാജ്യങ്ങളിൽ, ആൺമക്കളുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാൻ ചില അമ്മമാർക്കു വിശേഷാൽ ബുദ്ധിമുട്ടുതോന്നുന്നു. എന്നിരുന്നാലും, അവർ ക്രിസ്‌തീയ ക്രമവും ശിരഃസ്ഥാനവും ആദരിക്കുന്നെങ്കിൽ, മക്കളുടെ ഭാര്യമാരുമായുള്ള ഉരസ്സൽ കുറഞ്ഞുവരുന്നതായി അവർ കണ്ടെത്തും. കുടുംബത്തിൽനിന്നുള്ള ആൺമക്കളുടെ വേർപാട് “വർധിച്ചുകൊണ്ടിരിക്കുന്ന കൃതജ്ഞതയുടെ ഉറവാ”യിരിക്കുകയാണെന്ന് ഒരു ക്രിസ്‌തീയ സ്‌ത്രീ മനസ്സിലാക്കുന്നു. തങ്ങളുടെ പുതുഭവനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള അവരുടെ പ്രാപ്‌തി കാണുന്നതിൽ അവൾ പുളകമണിയുന്നു. ക്രമത്തിൽ, ഇതു വൃദ്ധരാകുന്നതോടെ അവരും ഭർത്താവും പേറേണ്ടിവരുന്ന ശാരീരികവും മാനസികവുമായ ഭാരം കുറഞ്ഞുവരുന്നതിനെ അർഥമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വിവാഹബന്ധത്തെ കരുത്തുറ്റതാക്കൽ
നിങ്ങൾ വൃദ്ധരാകുന്നതനുസരിച്ച്, പരസ്‌പരം നിങ്ങൾക്കുള്ള സ്‌നേഹം പുനഃദൃഢീകരിക്കുക
10, 11. മധ്യവയസ്‌കർക്കു നേരിടുന്ന കെണികളിൽ ചിലത് ഒഴിവാക്കാൻ ഏതു തിരുവെഴുത്തു ബുദ്ധ്യുപദേശം സഹായിക്കും?
10 മധ്യവയ്‌സകരാകുന്നതിനോടുള്ള ആളുകളുടെ പ്രതികരണം വ്യത്യസ്‌ത വിധങ്ങളിലായിരിക്കും. യുവത്വം തോന്നിപ്പിക്കാൻ ചില പുരുഷന്മാർ വ്യത്യസ്‌തമായി വസ്‌ത്രധാരണം ചെയ്യുന്നു. ആർത്തവവിരാമത്താൽ ഉളവാകുന്ന മാറ്റങ്ങളെക്കുറിച്ച് അനേകം സ്‌ത്രീകളും വിഷമിക്കുന്നു. വിപരീത ലിംഗവർഗത്തിൽപ്പെട്ട യുവപ്രായക്കാരുമായി കൊഞ്ചിക്കുഴഞ്ഞുകൊണ്ട്, ചില മധ്യവയസ്‌കർ തങ്ങളുടെ ഇണകൾക്ക് അമർഷവും അസൂയയും വരുത്തുന്നുവെന്നതു സങ്കടകരംതന്നെ. എന്നിരുന്നാലും, ദൈവികരായ പ്രായംചെന്ന പുരുഷന്മാർ “സുബോധമുള്ള”വരായി അനുചിത മോഹങ്ങളെ നിയന്ത്രിക്കുന്നു. (1 പത്രൊസ് 4:7) അതുപോലെതന്നെ, പക്വതയുള്ള സ്‌ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരോടുള്ള സ്‌നേഹത്തെയും യഹോവയെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹത്തെയുംപ്രതി വിവാഹത്തിന്റെ സ്ഥിരത നിലനിർത്താൻ ശ്രമിക്കുന്നു.
11 നിശ്വസ്‌തതയിൽ, ലെമുവേൽ രാജാവ് “തന്റെ ആയുഷ്‌ക്കാലമൊക്കെയും” ഭർത്താവിനു “തിന്മയല്ല നന്മ തന്നെ ചെയ്യുന്ന” “സാമർത്ഥ്യമുള്ള ഭാര്യ”യ്‌ക്കുള്ള പ്രശംസ രേഖപ്പെടുത്തുകയുണ്ടായി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) മധ്യവയസ്‌കയാവുന്ന വർഷങ്ങളിൽ ഭാര്യ അനുഭവിക്കുന്ന വൈകാരിക പിരിമുറുക്കങ്ങൾ നേരിടാൻ അവൾ എങ്ങനെ പാടുപെടുന്നുവെന്നു മനസ്സിലാക്കാൻ ഒരു ക്രിസ്‌തീയ ഭർത്താവു പരാജയപ്പെടുകയില്ല. അയാളുടെ സ്‌നേഹം ‘അവളെ പ്രശംസിക്കാ’ൻ അയാൾക്കു പ്രേരണയേകും.—സദൃശവാക്യങ്ങൾ 31:10, 12, 28.
12. വർഷങ്ങൾ കടന്നുപോകുന്നതനുസരിച്ച് ദമ്പതികൾക്കു കൂടുതൽ അടുക്കാൻ കഴിയുന്നതെങ്ങനെ?
12 കുട്ടികളെ വളർത്തിക്കൊണ്ടുവരുന്ന തിരക്കുപിടിച്ച വർഷങ്ങളിൽ, കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു നിങ്ങൾ രണ്ടുപേരും നിങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ സന്തോഷപൂർവം മാറ്റിവെച്ചിരിക്കാം. അവർ വേർപെട്ടുപോയതിനുശേഷം, ഇപ്പോൾ നിങ്ങളുടെ വിവാഹജീവിതത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. “എന്റെ പുത്രിമാർ വീടുവിട്ടുപോയപ്പോൾ, ഞാൻ എന്റെ ഭാര്യയുമായി കോർട്ടിങ് വീണ്ടും തുടങ്ങി,” ഒരു ഭർത്താവു പറയുന്നു. “ഞങ്ങൾ പരസ്‌പരം ഇരുവരുടെയും ആരോഗ്യത്തിനു ശ്രദ്ധകൊടുക്കുകയും വ്യായാമം ആവശ്യമാണെന്ന് പരസ്‌പരം ഓർപ്പിക്കുകയും ചെയ്യുന്നു” എന്നു മറ്റൊരു ഭർത്താവ് പറയുന്നു. ഏകാന്തത തോന്നാതിരിക്കാൻ അദ്ദേഹവും ഭാര്യയും സഭയിലെ മറ്റ് അംഗങ്ങളോട് അതിഥിപ്രിയം കാട്ടുന്നു. അതേ, മറ്റുള്ളവരിൽ താത്‌പര്യം പ്രകടമാക്കുന്നത് അനുഗ്രഹങ്ങൾ കൈവരുത്തുന്നു. അതിലുപരി, അതു യഹോവയെ പ്രീതിപ്പെടുത്തുന്നു.—ഫിലിപ്പിയർ 2:4; എബ്രായർ 13:2, 16.
13. ദമ്പതികൾക്കു പ്രായമേറുന്നതനുസരിച്ച് തുറന്ന മനഃസ്ഥിതിയും സത്യസന്ധതയും എന്തു പങ്കു വഹിക്കുന്നു?
13 നിങ്ങൾക്കും ഇണയ്‌ക്കുമിടയിൽ ഒരു ആശയവിനിമയ വിടവു വികാസം പ്രാപിക്കാൻ അനുവദിക്കരുത്. പരസ്‌പരം തുറന്നു സംസാരിക്കുക. (സദൃശവാക്യങ്ങൾ 17:27) “പരിപാലനമേകിക്കൊണ്ടും പരിഗണനയുള്ളവരായിരുന്നുംകൊണ്ട് ഞങ്ങൾ പരസ്‌പര ധാരണ ആഴത്തിലുള്ളതാക്കുന്നു,” ഒരു ഭർത്താവ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തോടു യോജിച്ചുകൊണ്ടു ഭാര്യ പറയുന്നു: “ഞങ്ങൾ വൃദ്ധരായതോടെ, ഒരുമിച്ചു ചായ കുടിക്കുന്നതും സംഭാഷണത്തിലേർപ്പെടുന്നതും ആസ്വദിക്കാനിടയായിരിക്കുന്നു, കൂടാതെ പരസ്‌പരം സഹകരിക്കുകയും ചെയ്യുന്നു.” നിങ്ങൾ തുറന്നിടപെടുന്നതും സത്യസന്ധരായിരിക്കുന്നതും, വിവാഹത്തെ തകർക്കുന്നവനായ സാത്താന്റെ ആക്രമണങ്ങളെ വിഫലമാക്കുന്ന, പൂർവസ്ഥിതിപ്രാപ്‌തി നൽകി, വിവാഹബന്ധത്തെ കൂട്ടിയുറപ്പിക്കുന്നതിനു സഹായിക്കാനാവും.
നിങ്ങളുടെ കൊച്ചുമക്കളെ ആസ്വദിക്കുവിൻ
14. തിമോത്തി ഒരു ക്രിസ്‌ത്യാനിയായി വളർന്നുവരുന്നതിൽ അവന്റെ വല്യമ്മ വഹിച്ച പങ്ക് എന്ത്?
14 കൊച്ചുമക്കൾ വൃദ്ധർക്കു “കിരീട”മാകുന്നു. (സദൃശവാക്യങ്ങൾ 17:6) കൊച്ചുമക്കളുടെ സൗഹൃദം സത്യമായും സജീവവും നവോന്മേഷപ്രദവുമായ ഒരു ആനന്ദമായിരിക്കാൻ കഴിയും. പുത്രി യൂനീക്കയോടൊപ്പം തന്റെ വിശ്വാസങ്ങൾ കൊച്ചുമകൻ തിമോത്തിയുമായി പങ്കുവെച്ച ഒരു വല്യമ്മയായിരുന്ന ലോവീസിനെക്കുറിച്ചു ബൈബിൾ യഥോചിതം സംസാരിക്കുന്നു. തന്റെ അമ്മയും വല്യമ്മയും ബൈബിൾ സത്യത്തെ വിലമതിച്ചിരുന്നുവെന്ന അറിവോടെയാണ് ഈ യുവാവു വളർന്നുവന്നത്.—2 തിമൊഥെയൊസ് 1:5; 3:14, 15.
15. കൊച്ചുമക്കളുടെ കാര്യത്തിൽ വല്യമ്മവല്യപ്പന്മാർക്കു മൂല്യവത്തായ എന്തു സംഭാവന ചെയ്യാനാവും, എന്നാൽ അവർ എന്ത് ഒഴിവാക്കണം?
15 അപ്പോൾ, വല്യമ്മവല്യപ്പന്മാർക്ക് ഏറ്റവും മൂല്യവത്തായ ഒരു സംഭാവന ചെയ്യാൻ കഴിയുന്ന ഒരു പ്രത്യേക മേഖലയിതാ. വല്യമ്മവല്യപ്പന്മാരേ, യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവു നിങ്ങളുടെ മക്കളുമായി ഇതിനോടകംതന്നെ പങ്കുവെച്ചിട്ടുണ്ടല്ലോ. ഇപ്പോൾ നിങ്ങൾക്കു മറ്റൊരു തലമുറയോടും അങ്ങനെതന്നെ ചെയ്യാൻ കഴിയും! വല്യമ്മവല്യപ്പന്മാർ ബൈബിൾ കഥകൾ പറഞ്ഞുകൊടുക്കുന്നതു കേട്ട് ഇളംപ്രായക്കാരായ അനേകം കുട്ടികളും പുളകംകൊള്ളുന്നു. തീർച്ചയായും, കുട്ടികളിൽ ബൈബിൾ സത്യങ്ങൾ ഉൾനടുന്നതിനുള്ള പിതാവിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുന്നില്ല. (ആവർത്തനപുസ്‌തകം 6:7) മറിച്ച്, നിങ്ങൾ അതിലേക്കു കൂടുതലായ സംഭാവന ചെയ്യുകയാണ്. നിങ്ങളുടെ പ്രാർഥന സങ്കീർത്തനക്കാരന്റേതുപോലെയാകട്ടെ: “ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീർത്തനം 71:18; 78:5, 6.
16. കുടുംബത്തിൽ സമ്മർദമുണ്ടാകാൻ കാരണക്കാരായിത്തീരുന്നത് ഒഴിവാക്കാൻ വല്യമ്മവല്യപ്പന്മാർക്ക് എങ്ങനെ കഴിയും?
16 സങ്കടകരമെന്നു പറയട്ടെ, ചില വല്യമ്മവല്യപ്പന്മാർ കൊച്ചുമക്കളെ അങ്ങേയറ്റം ലാളിക്കുന്നു. തുടർന്നു വല്യമ്മവല്യപ്പന്മാർക്കും അവരുടെ മുതിർന്ന മക്കൾക്കുമിടയിൽ സംഘർഷം വികാസംപ്രാപിക്കുന്നു. നിങ്ങളുടെ ആത്മാർഥതയോടെയുള്ള ദയാവായ്‌പ് കൊച്ചുമക്കൾ നിങ്ങളോടു സ്വകാര്യം പറയുന്നത് ഒരുപക്ഷേ എളുപ്പമാക്കിത്തീർത്തേക്കാം. അതേസമയം സ്വന്തം മാതാപിതാക്കളോട് അവ വെളിപ്പെടുത്താൻ അവർക്കൊട്ടു ചായ്‌വു തോന്നുകയുമില്ല. തങ്ങളോട് അനുഭാവം കാട്ടുന്ന വല്യമ്മവല്യപ്പന്മാർ മാതാപിതാക്കൾക്കെതിരെ തങ്ങളെ പിന്തുണയ്‌ക്കുമെന്നു ചിലപ്പോൾ കൊച്ചുമക്കൾ പ്രത്യാശിക്കുന്നു. അപ്പോഴോ? ജ്ഞാനപൂർവം ഇടപെടുകയും അവരുടെ മാതാപിതാക്കളുമായി തുറന്നിടപെടാൻ നിങ്ങളുടെ കൊച്ചുമക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതു യഹോവയെ പ്രീതിപ്പെടുത്തുമെന്നു നിങ്ങൾക്കു വിശദമാക്കാൻ കഴിയും. (എഫെസ്യർ 6:1-3) അത്യാവശ്യമെങ്കിൽ, തങ്ങളുടെ മാതാപിതാക്കളെ സമീപിക്കുന്നതിനു കൊച്ചുമക്കൾക്കു വേണ്ടി വഴിയൊരുക്കുന്നതിന് അവരുടെ മാതാപിതാക്കളുമായി സംസാരിക്കാൻ നിങ്ങൾക്കു മനസ്സുകാട്ടാവുന്നതാണ്. നിങ്ങൾ വർഷങ്ങൾകൊണ്ടു പഠിച്ച സംഗതികളെക്കുറിച്ച് അവരോടു തുറന്നു സംസാരിക്കുക. നിങ്ങളുടെ സത്യസന്ധതയ്‌ക്കും നിഷ്‌കപടതയ്‌ക്കും അവർക്കു പ്രയോജനം ചെയ്യാൻ കഴിയും.
വയസ്സാകുന്നതനുസരിച്ച് പൊരുത്തപ്പെടുക
17. വൃദ്ധരായിക്കൊണ്ടിരിക്കുന്ന ക്രിസ്‌ത്യാനികൾ സങ്കീർത്തനക്കാരന്റെ ഏതു ദൃഢനിശ്ചയം അനുകരിക്കണം?
17 വർഷങ്ങൾ കടന്നുപോകുന്നതോടെ, നിങ്ങൾ പതിവായി ചെയ്‌തിരുന്നതോ നിങ്ങൾ ആഗ്രഹിക്കുന്നതോ ആയ സകല സംഗതികളും നിങ്ങൾക്കു ചെയ്യാൻ കഴിയുന്നില്ലെന്നു നിങ്ങൾ മനസ്സിലാക്കും. വാർധക്യപ്രക്രിയയുമായി ഒരാൾ എങ്ങനെ പൊരുത്തപ്പെടും? നിങ്ങൾക്കു 30 വയസ്സേയുള്ളൂ എന്നാവാം നിങ്ങൾക്കു മനസ്സിൽ തോന്നുക. എന്നാൽ കണ്ണാടിയിൽ നോക്കുമ്പോൾ യാഥാർഥ്യം മറ്റൊന്നാണെന്നു വെളിപ്പെടും. നിരുത്സാഹിതരാകരുത്. സങ്കീർത്തനക്കാരൻ യഹോവയോട് ഇങ്ങനെ അഭ്യർഥിക്കുകയുണ്ടായി: “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.” സങ്കീർത്തനക്കാരന്റെ നിശ്ചയദാർഢ്യത്തെ അനുകരിക്കുവാൻ നിങ്ങൾ നിശ്ചയിച്ചുറയ്‌ക്കുവിൻ. അവൻ ഇങ്ങനെ പറഞ്ഞു: “ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേൽക്കുമേൽ നിന്നെ സ്‌തുതിക്കും.”—സങ്കീർത്തനം 71:9, 14.
18. പക്വതയുള്ള ഒരു ക്രിസ്‌ത്യാനിക്കു ജോലിയിൽനിന്നു വിരമിച്ചിരിക്കുന്ന അവസ്ഥയെ മൂല്യവത്തായി ഉപയോഗിക്കാൻ കഴിയുന്നതെങ്ങനെ?
18 ലൗകിക ജോലിയിൽനിന്നു വിരമിച്ചശേഷം യഹോവയ്‌ക്കുള്ള തങ്ങളുടെ സ്‌തുതി വർധിപ്പിക്കാൻ അനേകരും നേരത്തെതന്നെ ഒരുങ്ങിയിട്ടുണ്ട്. ഇപ്പോൾ, ജോലിയിൽനിന്നു വിരമിച്ച ഒരു പിതാവ് ഇങ്ങനെ വിശദമാക്കുന്നു: “ഞങ്ങളുടെ മകൾ സ്‌കൂൾപഠനം പൂർത്തിയാക്കിക്കഴിയുമ്പോൾ ഞാൻ എന്തു ചെയ്യണമെന്നു ഞാൻ നേരത്തെതന്നെ ആസൂത്രണം ചെയ്‌തു. മുഴുസമയ പ്രസംഗശുശ്രൂഷ തുടങ്ങുമെന്നു ഞാൻ നിശ്ചയിച്ചുറച്ചു. യഹോവയെ കൂടുതൽ തികവിൽ സേവിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിന് ഞാൻ എന്റെ ബിസിനസ് വിറ്റു. ദൈവത്തിന്റെ മാർഗനിർദേശത്തിനായി ഞാൻ പ്രാർഥിച്ചു.” നിങ്ങൾക്കു ജോലിയിൽനിന്നു വിരമിക്കാനുള്ള പ്രായം അടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ, നമ്മുടെ മഹദ്‌സ്രഷ്ടാവിന്റെ ഈ പ്രഖ്യാപനത്തിൽ ആശ്വാസം കൊള്ളുക: “നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻതന്നേ; നിങ്ങൾ നരെക്കുവോളം ഞാൻ നിങ്ങളെ ചുമക്കും.”—യെശയ്യാവു 46:4.
19. വൃദ്ധരായിത്തീരുന്നവർക്ക് എന്തു ബുദ്ധ്യുപദേശം നൽകപ്പെടുന്നു?
19 ലൗകിക ജോലിയിൽനിന്നു വിരമിച്ച അവസ്ഥയുമായി ഇണങ്ങുന്നത് എളുപ്പമല്ല. വൃദ്ധന്മാർ “മിതശീല”രായിരിക്കണമെന്നു പൗലോസ് അപ്പോസ്‌തലൻ ബുദ്ധ്യുപദേശിക്കുകയുണ്ടായി. ആയാസരഹിതമായ ഒരു ജീവിതം അന്വേഷിക്കാനുള്ള ചായ്‌വിനു വഴങ്ങാത്ത സാമാന്യ സംയമനം ഇതിന് ആവശ്യമാണ്. ജോലിയിൽനിന്നു വിരമിച്ചശേഷം ദിനചര്യക്കും ആത്മശിക്ഷണത്തിനും മുമ്പത്തെക്കാൾ കൂടുതലായ ആവശ്യമുണ്ടായേക്കാം. “നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്ന”വരായി, നിങ്ങൾക്കു പ്രാപ്‌തിയുള്ളതുപോലെ, തിരക്കുള്ളവരായിരിക്കുക. (1 കൊരിന്ത്യർ 15:58) മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള നിങ്ങളുടെ പ്രവൃത്തികൾ വിപുലീകരിക്കുവിൻ. (2 കൊരിന്ത്യർ 6:13) തങ്ങളുടെ പ്രായത്തിനൊത്തപോലെ സതീക്ഷ്‌ണം സുവാർത്ത പ്രസംഗിച്ചുകൊണ്ട് അനേകം ക്രിസ്‌ത്യാനികളും ഇതു ചെയ്യുന്നുണ്ട്. നിങ്ങൾ വാർധക്യം പ്രാപിക്കുന്നതനുസരിച്ച്, “വിശ്വാസത്തിലും സ്‌നേഹത്തിലും സഹിഷ്‌ണുതയിലും ആരോഗ്യമുള്ളവരാ”യിരിക്കുവിൻ.—തീത്തൊസ് 2:2.
നിങ്ങളുടെ ഇണയുടെ നഷ്ടം നേരിടൽ
20, 21. (എ) ഈ വ്യവസ്ഥിതിയിൽ, വിവാഹിത ദമ്പതികളെ അവസാനം എന്തു വേർപിരിക്കും? (ബി) വിയോഗം നേരിട്ട ഇണകൾക്കു ഹന്നാ ഒരു ഉത്തമ മാതൃക പ്രദാനം ചെയ്യുന്നതെങ്ങനെ?
20 ഈ വ്യവസ്ഥിതിയിൽ, മരണം വിവാഹ ദമ്പതികളെ അവസാനം വേർപിരിക്കുമെന്നതു സങ്കടകരമെങ്കിലും സത്യമായ ഒരു വസ്‌തുതയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ ഇപ്പോൾ നിദ്രയിലാണെന്നു വിയോഗം നേരിട്ട ക്രിസ്‌തീയ ഇണകൾക്ക് അറിയാം. മാത്രവുമല്ല, അവരെ വീണ്ടും കാണുമെന്ന് അവർക്ക് ഉറപ്പുമുണ്ട്. (യോഹന്നാൻ 11:11, 25) എന്നാൽ നഷ്ടം അപ്പോഴും വ്യസനകരമാണ്. അതിജീവിക്കുന്ന ഇണയ്‌ക്ക് അതിനെ എങ്ങനെ നേരിടാം?a
21 ചില ബൈബിൾ കഥാപാത്രങ്ങൾ ചെയ്‌തതെന്താണെന്ന് അനുസ്‌മരിക്കുന്നതു സഹായകമാണ്. ഹന്നാ വിവാഹിതയായി കേവലം ഏഴു വർഷം കഴിഞ്ഞപ്പോഴേക്കും വിധവയായി. നാം അവരെക്കുറിച്ചു വായിക്കുമ്പോൾ, അവർക്ക് 84 വയസ്സായിരുന്നു. ഭർത്താവിന്റെ നഷ്ടത്തിൽ അവർ അത്യധികം ദുഃഖിച്ചുവെന്നതിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവർ അതിനെ തരണം ചെയ്‌തതെങ്ങനെ? അവൾ ആലയത്തിൽ യഹോവയാം ദൈവത്തിനു രാപകൽ വിശുദ്ധസേവനം അർപ്പിച്ചു. (ലൂക്കൊസ് 2:36-38) ഹന്നായുടെ പ്രാർഥനാനിർഭരമായ, സേവനത്തിന്റേതായ ജീവിതം നിസ്സംശയമായും വിധവ എന്നനിലയിൽ അവൾ അനുഭവിച്ച ദുഃഖത്തിനും ഏകാന്തതയ്‌ക്കുമുള്ള ഒരു വലിയ പ്രത്യൗഷധമായിരുന്നു.
22. ചില വിധവമാരും വിഭാര്യരും ഏകാന്തതയെ നേരിട്ടിരിക്കുന്നതെങ്ങനെ?
22 പത്തുവർഷംമുമ്പു വിധവയായിത്തീർന്ന ഒരു 72-വയസ്സുകാരി ഇങ്ങനെ വിശദമാക്കുന്നു: “സംസാരിക്കാൻ ഒരു പങ്കാളിയില്ലാത്തതാണ് എന്റെ ഏറ്റവും വലിയ വെല്ലുവിളി. എന്റെ ഭർത്താവു നല്ലൊരു ശ്രോതാവായിരുന്നു. സഭയെക്കുറിച്ചും ക്രിസ്‌തീയ ശുശ്രൂഷയിൽ ഞങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കുമായിരുന്നു.” മറ്റൊരു വിധവ പറയുന്നു: “സമയം എല്ലാം സുഖപ്പെടുത്തുമെങ്കിലും, സുഖമാകാൻ ഒരുവനെ സഹായിക്കുന്നത് ഒരുവൻ തന്റെ സമയംകൊണ്ട് എന്തു ചെയ്യുന്നു എന്നതാണെന്നു പറയുന്നതാവും കൂടുതൽ ശരി എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള മെച്ചപ്പെട്ട ഒരു സ്ഥാനത്താണു നിങ്ങൾ.” 67 വയസ്സുള്ള ഒരു വിഭാര്യൻ ഇങ്ങനെ പറഞ്ഞുകൊണ്ട് യോജിപ്പുപ്രകടമാക്കുന്നു: “വിയോഗത്തെ നേരിടാനുള്ള ഒരു അത്ഭുതകരമായ വിധം മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ഇറങ്ങിത്തിരിക്കുക എന്നതാണ്.”
വാർധക്യത്തിൽ ദൈവത്താൽ വിലമതിക്കപ്പെടുന്നു
23, 24. വൃദ്ധർക്ക്, വിശേഷിച്ച് വിധവമാർക്ക്, ബൈബിൾ എന്തു വലിയ ആശ്വാസം പ്രദാനം ചെയ്യുന്നു?
23 പ്രിയപ്പെട്ട ഒരു ഇണയെ മരണം വേർപിരിക്കുന്നുവെങ്കിലും, യഹോവ എന്നും വിശ്വസ്‌തനായി, എന്നും ഉറപ്പുള്ളവനായി, നിലകൊള്ളുകയാണ്. പുരാതന നാളിലെ ദാവീദ് രാജാവ് പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.”—സങ്കീർത്തനം 27:4.
24 “സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക,” പൗലോസ് അപ്പോസ്‌തലൻ ഉദ്‌ബോധിപ്പിക്കുന്നു. (1 തിമൊഥെയൊസ് 5:3) അടുത്ത ബന്ധുക്കളില്ലാത്ത യോഗ്യരായ വിധവമാർക്കു സഭയിൽനിന്നുള്ള ഭൗതിക സഹായം ആവശ്യമുണ്ടായിരുന്നിരിക്കാമെന്ന് ഈ പ്രബോധനത്തെത്തുടർന്നുള്ള ബുദ്ധ്യുപദേശം സൂചിപ്പിക്കുന്നു. എന്നിരുന്നാലും, “മാനിക്ക” എന്ന പ്രബോധനത്തിന്റെ അർഥത്തിൽ അവരെ വിലമതിക്കുന്നതിന്റെ ആശയം ഉൾപ്പെടുന്നുണ്ട്. യഹോവ തങ്ങളെ വിലമതിക്കുന്നുവെന്നും താങ്ങുമെന്നുമുള്ള അറിവിൽനിന്നു ദൈവഭക്തരായ വിധവമാർക്കും വിഭാര്യർക്കും എന്തൊരാശ്വാസമാണു ലഭിക്കുന്നത്!—യാക്കോബ് 1:27.
25. വൃദ്ധർക്കായി എന്തു ലക്ഷ്യം ഇപ്പോഴും നിലനിൽക്കുന്നു?
25 “വൃദ്ധരുടെ നര അവരുടെ ഭൂഷണം” എന്നു ദൈവത്തിന്റെ നിശ്വസ്‌ത വചനം പ്രഖ്യാപിക്കുന്നു. അത് “നീതിമാർഗത്തിൽ കാണപ്പെടുമ്പോൾ സൗന്ദര്യത്തിന്റെ ഒരു കിരീടമാകുന്നു.” (സദൃശവാക്യങ്ങൾ 16:31, NW; 20:29) അതിനാൽ, വീണ്ടും വിവാഹിതരോ ഏകാകികളോ ആയിത്തീർന്നാലും, നിങ്ങളുടെ ജീവിതത്തിൽ യഹോവയുടെ സേവനം ഒന്നാമതുവെക്കുന്നതിൽ തുടരുക. അങ്ങനെ ഇപ്പോൾ ദൈവവുമായി നിങ്ങൾക്ക് ഒരു നല്ല പേരും വാർധക്യത്തിന്റെ വേദനകൾ മേലാൽ ഉണ്ടായിരിക്കുകയില്ലാത്ത ഒരു ലോകത്തിലെ നിത്യജീവന്റെ പ്രത്യാശയും ഉണ്ടായിരിക്കും.—സങ്കീർത്തനം 37:3-5; യെശയ്യാവു 65:20.
a ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിശദമായ ഒരു ചർച്ചയ്‌ക്ക്, വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക കാണുക.
-
-
നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കൽകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പതിനഞ്ച്
നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കൽ
1. നമ്മുടെ മാതാപിതാക്കളോടു നമുക്കുള്ള കടപ്പാടുകൾ എന്തെല്ലാം, അതുകൊണ്ട് നമുക്ക് അവരെക്കുറിച്ച് എങ്ങനെ തോന്നണം, അവരോട് എങ്ങനെ ഇടപെടണം?
“നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു” എന്നു പുരാതന നാളിലെ ജ്ഞാനിയായ മനുഷ്യൻ ബുദ്ധ്യുപദേശിച്ചു. (സദൃശവാക്യങ്ങൾ 23:22) ‘ഞാനത് ഒരിക്കലും ചെയ്യില്ല!’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നമ്മുടെ മാതാക്കളെ—അല്ലെങ്കിൽ പിതാക്കന്മാരെ—നിന്ദിക്കുന്നതിനുപകരം നമ്മിൽ മിക്കവർക്കും അവരോട് ആഴമായ സ്‌നേഹം തോന്നുന്നു. നമുക്ക് അവരോടു വളരെയധികം കടപ്പാടുണ്ടെന്നു നാം തിരിച്ചറിയുന്നു. ഒന്നാമതായി, നമ്മുടെ മാതാപിതാക്കൾ നമുക്കു ജീവൻ നൽകി. യഹോവയാണു ജീവന്റെ ഉറവ് എങ്കിലും, നമ്മുടെ മാതാപിതാക്കളെക്കൂടാതെ നാം അസ്‌തിത്വത്തിൽ വരുമായിരുന്നില്ല. നമുക്കു നമ്മുടെ മാതാപിതാക്കൾക്കു കൊടുക്കാൻ ജീവനോളംതന്നെ മൂല്യവത്തായ യാതൊന്നുമില്ല. അപ്പോൾ, ഒരു കുട്ടിയെ ശൈശവത്തിൽനിന്നു പ്രായപൂർത്തിയിലേക്കുള്ള പാതയിൽ സഹായിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ആത്മത്യാഗം, ഉത്‌കണ്‌ഠാഭരിതമായ പരിപാലനം, ചെലവ്, സ്‌നേഹപുരസ്സരമായ ശ്രദ്ധ എന്നിവയെക്കുറിച്ചു ചിന്തിച്ചു നോക്കൂ. അതുകൊണ്ട്, ദൈവവചനം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നത് എത്ര ന്യായയുക്തമാണ്: ‘നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’!—എഫെസ്യർ 6:2, 3.
വൈകാരിക ആവശ്യങ്ങൾ തിരിച്ചറിയൽ
2. വളർച്ചയെത്തിയ കുട്ടികൾക്ക് എങ്ങനെയാണു മാതാപിതാക്കൾക്കു “പ്രത്യുപകാരം” ചെയ്യാൻ കഴിയുക?
2 പൗലോസ് അപ്പോസ്‌തലൻ ക്രിസ്‌ത്യാനികൾക്ക് ഇങ്ങനെ എഴുതി: “[മക്കൾ അല്ലെങ്കിൽ കൊച്ചുമക്കൾ] മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.” (1 തിമൊഥെയൊസ് 5:4) മാതാപിതാക്കളും വല്യമ്മവല്യപ്പന്മാരും വർഷങ്ങളോളം തങ്ങളോടു പ്രകടമാക്കിയ സ്‌നേഹത്തിലും ചെയ്‌തുകൊടുത്ത വേലയിലും പരിപാലനത്തിലും വിലമതിപ്പു പ്രകടമാക്കിക്കൊണ്ടാണു വളർച്ചയെത്തിയ മക്കൾ ഈ “പ്രത്യുപകാരം” ചെയ്യുന്നത്. മക്കൾക്ക് ഇതു ചെയ്യാവുന്ന ഒരു വിധം മറ്റാരെയുംപോലെ പ്രായമായവർക്കും സ്‌നേഹവും ആശ്വാസവും ആവശ്യമാണ്—പലപ്പോഴും അങ്ങേയറ്റം—എന്നു തിരിച്ചറിയുകയാണ്. നമ്മിലോരോരുത്തരെയും പോലെതന്നെ, വില കൽപ്പിക്കപ്പെടുന്നുവെന്ന് അവർക്കും തോന്നണം. തങ്ങളുടെ ജീവിതം മൂല്യവത്താണെന്ന് അവർക്കു തോന്നണം.
3. മാതാപിതാക്കളെയും വല്യമ്മവല്യപ്പന്മാരെയും നമുക്കെങ്ങനെ ബഹുമാനിക്കാൻ കഴിയും?
3 അതുകൊണ്ട്, നാം മാതാപിതാക്കളെയും വല്യമ്മവല്യപ്പന്മാരെയും സ്‌നേഹിക്കുന്നുവെന്ന് അവർ അറിയാൻ ഇടവരുത്തിക്കൊണ്ട്, നമുക്ക് അവരെ ബഹുമാനിക്കാൻ കഴിയും. (1 കൊരിന്ത്യർ 16:14) നമ്മുടെ മാതാപിതാക്കൾ നമ്മോടൊപ്പം പാർക്കുന്നില്ലെങ്കിൽ, നാം അവരുമായി ആശയവിനിയമം നടത്തുന്നത് അവർക്ക് ഒരു വലിയ സംഗതിയായിരിക്കുമെന്നു നാം ഓർക്കണം. പ്രസന്നത തുളുമ്പുന്ന ഒരു എഴുത്തോ ഒരു ഫോൺവിളിയോ അല്ലെങ്കിൽ ഒരു സന്ദർശനമോ അവരുടെ സന്തോഷം കാര്യമായി വർധിപ്പിക്കും. ജപ്പാനിൽ താമസിക്കുന്ന മിയോ, അവരുടെ 82-ാമത്തെ വയസ്സിൽ ഇങ്ങനെ എഴുതി: “[ഒരു സഞ്ചാര ശുശ്രൂഷകൻ ഭർത്താവായുള്ള] എന്റെ പുത്രി എന്നോടു പറയുന്നു: ‘അമ്മേ, ദയവായി ഞങ്ങളോടൊപ്പം “യാത്ര ചെയ്യുക.”’ അവർ ഓരോ ആഴ്‌ചയിലും പോകാൻ പട്ടികപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റും ഫോൺ നമ്പരും അവൾ എനിക്ക് അയച്ചുതരും. ഭൂപടം തുറന്ന് എനിക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അവരിപ്പോൾ ഇവിടെയാണ്!’ അത്തരമൊരു കുട്ടിയെ ലഭിച്ച അനുഗ്രഹത്തിനു ഞാൻ എപ്പോഴും യഹോവയോടു നന്ദി പറയുന്നു.”
ഭൗതിക ആവശ്യങ്ങൾ നിറവേറ്റി സഹായിക്കൽ
4. വൃദ്ധരായ മാതാപിതാക്കളോടു നിർദയരായിരിക്കാൻ യഹൂദ മതപാരമ്പര്യം പ്രോത്സാഹിപ്പിച്ചതെങ്ങനെ?
4 ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ അവരുടെ ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതും ഉൾപ്പെട്ടേക്കുമോ? ഉവ്വ്. പലപ്പോഴും അതും ഉൾപ്പെടുന്നുണ്ട്. യേശുവിന്റെ നാളിലെ യഹൂദ മതനേതാക്കന്മാർ, ഒരു വ്യക്തി തന്റെ ധനമോ സമ്പത്തോ “ദൈവത്തിന് അർപ്പിച്ച ഒരു വഴിപാട്” ആയി പ്രഖ്യാപിച്ചാൽപ്പിന്നെ അയാൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി അത് ഉപയോഗിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നു മുക്തനായെന്ന പാരമ്പര്യം ഉയർത്തിപ്പിടിച്ചിരുന്നു. (മത്തായി 15:3-6, NW) എത്ര നിർദയം! വാസ്‌തവത്തിൽ, തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കാനും അവരുടെ ആവശ്യങ്ങളെ സ്വാർഥമായി നിഷേധിച്ചുകൊണ്ട് അവരോടു വെറുപ്പോടെ ഇടപെടാനും ആയിരുന്നു ആ മതനേതാക്കന്മാർ ആളുകളെ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ചെയ്യാൻ നാം ഒരിക്കലും ആഗ്രഹിക്കില്ല!—ആവർത്തനപുസ്‌തകം 27:16.
5. ചില രാജ്യങ്ങളിൽ ഗവൺമെൻറുകളുടെ കരുതലുകൾ ഉണ്ടെങ്കിലും, ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ ചിലപ്പോഴെല്ലാം സാമ്പത്തിക സഹായം നൽകുന്നത് ഉൾപ്പെടുന്നത് എന്തുകൊണ്ട്?
5 ഇന്ന് അനേകം രാജ്യങ്ങളിലും ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിങ്ങനെ വൃദ്ധരുടെ ഭൗതിക ആവശ്യങ്ങളിൽ ചിലതിനുവേണ്ടി കരുതുന്ന, ഗവൺമെൻറ് വക സാമൂഹികക്ഷേമ പരിപാടികളുണ്ട്. അതിനുപുറമേ, തങ്ങളുടെ വാർധക്യകാലത്തേക്കുവേണ്ടി ചില വിഭവങ്ങൾ മാറ്റിവെക്കാൻ വൃദ്ധർക്കും കഴിഞ്ഞിട്ടുണ്ടാവാം. എന്നാൽ ഈ വിഭവങ്ങൾ തീർന്നുവെന്നോ അപര്യാപ്‌തമെന്നോ കണ്ടാൽ, മാതാപിതാക്കളെ ബഹുമാനിക്കുന്ന മക്കൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്‌തുകൊടുക്കും. വാസ്‌തവത്തിൽ, മാതാപിതാക്കളെ പരിപാലിക്കുന്നത് ദൈവിക ഭക്തിയുണ്ടെന്നതിനുള്ള, അതായത് കുടുംബക്രമീകരണത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തോട് ഒരുവനു ഭക്തിയുണ്ടെന്നതിനുള്ള, തെളിവാണ്.
സ്‌നേഹവും ആത്മത്യാഗവും
6. തങ്ങളുടെ മാതാപിതാക്കളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ ചിലർ ചെയ്‌തിരിക്കുന്ന സജീവ ക്രമീകരണങ്ങളേവ?
6 പ്രായപൂർത്തിയെത്തിയ അനേകം മക്കളും രോഗികളായ മാതാപിതാക്കളുടെ ആവശ്യങ്ങൾ സ്‌നേഹത്തോടും ആത്മത്യാഗത്തോടുംകൂടെ നിറവേറ്റിക്കൊടുത്തിട്ടുണ്ട്. ചിലർ മാതാപിതാക്കളെ തങ്ങളുടെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു, അല്ലെങ്കിൽ അവരുടെ അടുത്തേക്കു മാറിത്താമസിച്ചിരിക്കുന്നു. ചിലർ മാതാപിതാക്കളോടൊപ്പം താമസിച്ചിരിക്കുന്നു. പലപ്പോഴും, അത്തരം ക്രമീകരണങ്ങൾ ഇരുകൂട്ടർക്കും, മാതാപിതാക്കൾക്കും മക്കൾക്കും അനുഗ്രഹമാണെന്നു തെളിഞ്ഞിട്ടുണ്ട്.
7. വൃദ്ധരായ മാതാപിതാക്കളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കുന്നതു നല്ലതല്ലാത്തത് എന്തുകൊണ്ട്?
7 ചിലപ്പോഴെല്ലാം, അത്തരം നീക്കങ്ങൾക്കു നല്ല ഫലമുണ്ടാകാറില്ല. എന്തുകൊണ്ട്? ഒരുപക്ഷേ തിടുക്കത്തിലോ കേവലം വികാരങ്ങളുടെ പുറത്തോ തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ടാവാം. “സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു”വെന്നു ബൈബിൾ ജ്ഞാനപൂർവം ബുദ്ധ്യുപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 14:15) ഉദാഹരണത്തിന്, നിങ്ങളുടെ മാതാവിനു തനിച്ചു താമസിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്നും അവർ നിങ്ങളോടൊപ്പം പോരുന്നതു പ്രയോജനകരമാണെന്നും സങ്കൽപ്പിക്കുക. സൂക്ഷ്‌മബുദ്ധിയോടെ നിങ്ങളുടെ നടപടികൾ പരിചിന്തിക്കവേ, നിങ്ങൾ പിൻവരുന്നവ കണക്കിലെടുത്തേക്കാം: മാതാവിന്റെ യഥാർഥ ആവശ്യങ്ങൾ എന്തെല്ലാമാണ്? സ്വീകാര്യമായ ഒരു പകരസംവിധാനമെന്ന നിലയിൽ, സ്വകാര്യതലത്തിലോ ഗവൺമെൻറ് തലത്തിലോ സാമൂഹികക്ഷേമ പരിപാടികളുണ്ടോ? മാറിത്താമസിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അവരുടെ ജീവിതം ഏതു വിധങ്ങളിൽ ബാധിക്കപ്പെടും? സുഹൃത്തുക്കളെ വിട്ടിട്ടു പോരേണ്ടിവരുമോ? ഇത് അവരെ വൈകാരികമായി എങ്ങനെ ബാധിക്കും? ഇവയെക്കുറിച്ചെല്ലാം നിങ്ങൾ അവരോടു സംസാരിച്ചിട്ടുണ്ടോ? അത്തരമൊരു സ്ഥലംമാറ്റം നിങ്ങളെയും നിങ്ങളുടെ ഇണയെയും നിങ്ങളുടെ കുട്ടികളെയും എങ്ങനെ ബാധിക്കും? നിങ്ങളുടെ മാതാവിനു പരിപാലനം ആവശ്യമുണ്ടെങ്കിൽ, അത് ആരു കൊടുക്കും? ഉത്തരവാദിത്വം പങ്കുവെക്കാനാവുമോ? ഇതിൽ നേരിട്ട് ഉൾപ്പെടുന്ന എല്ലാവരുമായി നിങ്ങൾ ഇക്കാര്യം ചർച്ചചെയ്‌തിട്ടുണ്ടോ?
8. നിങ്ങളുടെ വൃദ്ധ മാതാപിതാക്കളെ എങ്ങനെ സഹായിക്കണമെന്നു തീരുമാനിക്കുമ്പോൾ, നിങ്ങൾക്ക് ആരുമായി കൂടിയാലോചന ചെയ്യാൻ സാധിച്ചേക്കും?
8 പരിപാലനയ്‌ക്കുള്ള ഉത്തരവാദിത്വം കുടുംബത്തിലെ എല്ലാ മക്കൾക്കുമുള്ളതിനാൽ തീരുമാനങ്ങളെടുക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ടായിരിക്കാൻ ഒരു കുടുംബചർച്ച ഒരുക്കുന്നതു ജ്ഞാനപൂർവകമായിരുന്നേക്കാം. ക്രിസ്‌തീയ സഭയിലെ മൂപ്പന്മാരോടോ സമാന സ്ഥിതിവിശേഷം അഭിമുഖീകരിച്ചിട്ടുള്ള സുഹൃത്തുക്കളോടോ സംസാരിക്കുന്നതും സഹായകമായിരുന്നേക്കാം. “സ്വകാര്യ സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. “എന്നാൽ ഉപദേഷ്ടാക്കളുടെ ബഹുത്വത്തിൽ കാര്യസാധ്യമുണ്ട്.”—സദൃശവാക്യങ്ങൾ 15:22, NW.
സമാനുഭാവവും സഹാനുഭൂതിയും ഉള്ളവരായിരിക്കുക
ഒരു മാതാവിനോടോ പിതാവിനോടോ പറയാതെ ആ വ്യക്തിക്കുവേണ്ടി തീരുമാനങ്ങളെടുക്കുന്നതു ജ്ഞാനപൂർവകമല്ല
9, 10. (എ) വാർധക്യം പ്രാപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, വൃദ്ധരോട് എന്തു പരിഗണന കാണിക്കണം? (ബി) മുതിർന്ന കുട്ടി തന്റെ മാതാപിതാക്കൾക്കുവേണ്ടി എന്തെല്ലാം നടപടികൾ കൈക്കൊണ്ടാലും, അവൻ അവർക്ക് എല്ലായ്‌പോഴും എന്തു കൊടുക്കണം?
9 നമ്മുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനു സമാനുഭാവവും സഹാനുഭൂതിയും ആവശ്യമാണ്. വർഷങ്ങൾ കടന്നുപോകുന്നതു ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ, നടക്കുന്നതും ഭക്ഷിക്കുന്നതും ഓർമിക്കുന്നതുമെല്ലാം പ്രായമായവർക്കു കൂടുതൽക്കൂടുതൽ ദുഷ്‌കരമായിത്തീരാം. അവർക്കു സഹായം ആവശ്യമായിരിക്കാം. പലപ്പോഴും കുട്ടികൾ അമിത സംരക്ഷണബോധത്തോടെ മാർഗനിർദേശങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നു. എന്നാൽ ജ്ഞാനവും അനുഭവപരിചയവും കൈമുതലാക്കിയ ജീവിതചരിത്രമുള്ള, സ്വന്തം കാര്യങ്ങൾ നോക്കിനടത്തിയിട്ടുള്ള, സ്വന്തമായ തീരുമാനങ്ങൾ എടുത്തിട്ടുള്ള പ്രായപൂർത്തിയായവരാണു വൃദ്ധർ. അവരുടെ വ്യക്തിത്വവും ആത്മാഭിമാനവും, മാതാപിതാക്കളും പ്രായപൂർത്തിയെത്തിയവരുമെന്ന അവരുടെ നിലകളെ കേന്ദ്രീകരിച്ചിരുന്നേക്കാം. തങ്ങളുടെ ജീവിതത്തിന്മേലുള്ള നിയന്ത്രണം മക്കൾക്കു കൈമാറണമെന്നു തോന്നുന്ന മാതാപിതാക്കൾ വിഷാദമഗ്നരോ കോപാകുലരോ ആയിത്തീർന്നേക്കാം. സ്വാതന്ത്ര്യം കവരാനുള്ള ശ്രമങ്ങളെന്നു തങ്ങൾക്കു തോന്നുന്നവയിൽ ചിലർക്ക് അമർഷംതോന്നി അവയെ ചെറുക്കുന്നു.
10 അത്തരം പ്രശ്‌നങ്ങൾക്ക് എളുപ്പത്തിലുള്ള പരിഹാരങ്ങളില്ല, എന്നാൽ സാധിക്കുന്നിടത്തോളം സ്വന്തം കാര്യം നോക്കുന്നതിനും സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിനും വൃദ്ധരായ മാതാപിതാക്കളെ അനുവദിക്കുന്നതു ദയാവായ്‌പാണ്. മാതാപിതാക്കൾക്ക് ഏറ്റവും പ്രയോജനകരമായിരിക്കുന്നത് എന്താണെന്നതു സംബന്ധിച്ച തീരുമാനങ്ങൾ അവരുമായി സംസാരിക്കാതെ എടുക്കുന്നതു ബുദ്ധിയല്ല. അവർക്കു വളരെയധികം പരിമിതികളുണ്ടായിരിക്കാം. എന്നാൽ അവരിൽ അവശേഷിക്കുന്ന സ്വാതന്ത്ര്യം നിലനിർത്താൻ അവരെ അനുവദിക്കുക. നിങ്ങളുടെ മാതാപിതാക്കളുടെ ജീവിതത്തെ നിങ്ങൾ എത്ര കുറച്ചു നിയന്ത്രിക്കാൻ ശ്രമിക്കുന്നുവോ അത്രയും മെച്ചമായ ബന്ധമായിരിക്കും നിങ്ങൾക്ക് അവരുമായുണ്ടാവുകയെന്നു നിങ്ങൾ മനസ്സിലാക്കും. അവർക്കു മാത്രമല്ല, നിങ്ങൾക്കും ഏറെ സന്തുഷ്ടിതോന്നും. അവരുടെ മെച്ചത്തിനുവേണ്ടി ചില കാര്യങ്ങൾ നിഷ്‌കർഷിക്കുന്നത് അത്യാവശ്യമാണെങ്കിൽക്കൂടി, നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ നിങ്ങൾ കൊടുക്കേണ്ട സംഗതികളുണ്ട്—അവർ അർഹിക്കുന്ന അന്തസ്സും ആദരവും. ദൈവവചനം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം.”—ലേവ്യപുസ്‌തകം 19:32.
ശരിയായ മനോഭാവം നിലനിർത്തൽ
11-13. ഒരു മുതിർന്ന കുട്ടിക്കു തന്റെ മാതാപിതാക്കളുമായി കഴിഞ്ഞ കാലത്തു നല്ല ബന്ധമില്ലെങ്കിൽ, അവരുടെ വാർധക്യ വർഷങ്ങളിൽ അവരെ പരിപാലിക്കുന്നതിന്റെ വെല്ലുവിളി അവന് അപ്പോഴും കൈകാര്യം ചെയ്യാവുന്നതെങ്ങനെ?
11 തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽ ചിലപ്പോൾ പ്രായപൂർത്തിയെത്തിയ മക്കൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം ആദ്യകാലങ്ങളിൽ അവർക്കു മാതാപിതാക്കളുമായി ഉണ്ടായിരുന്ന ബന്ധം ഉൾപ്പെട്ടതാണ്. ഒരുപക്ഷേ, നിങ്ങളുടെ പിതാവു നിർവികാരതയും സ്‌നേഹമില്ലായ്‌മയും കാട്ടിയിരിക്കാം, നിങ്ങളുടെ മാതാവ് അധികാരം കാട്ടുന്നവളും പരുഷമായി ഇടപെടുന്നവളും ആയിരുന്നിരിക്കാം. അവർ, നിങ്ങൾ ആഗ്രഹിച്ചപ്രകാരമുള്ള മാതാപിതാക്കൾ അല്ലാഞ്ഞതിനാൽ നിങ്ങൾക്കിപ്പോഴും നിരാശ, ദേഷ്യം, അല്ലെങ്കിൽ മനോവ്യഥ തോന്നിയേക്കാം. നിങ്ങൾക്ക് അത്തരം വികാരങ്ങളെ മറികടക്കാൻ കഴിയുമോ?a
12 ഫിൻലൻഡിൽ ജനിച്ചുവളർന്ന ബാസ ഇങ്ങനെ വിവരിക്കുന്നു: “എന്റെ രണ്ടാനച്ഛൻ നാസി ജർമനിയിലെ എസ്സ്‌എസ്സ് ഓഫീസർ ആയിരുന്നു. അദ്ദേഹത്തിനു പെട്ടെന്നു ദേഷ്യം വരുമായിരുന്നു, പിന്നെ അദ്ദേഹം അപകടകാരിയായിരുന്നു. എന്റെ കൺമുമ്പിൽവെച്ച് അദ്ദേഹം അമ്മയെ അനേകംതവണ തല്ലിയിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം എന്നോടു ദേഷ്യപ്പെട്ടപ്പോൾ, ബെൽട്ട് വീശി അതിന്റെ കൊളുത്തുകൊണ്ട് എന്റെ മുഖത്ത് അടിച്ചു. അടിയുടെ ആഘാതത്താൽ ഞാൻ കട്ടിലിലേക്കു മറിഞ്ഞുവീണു.”
13 എങ്കിലും, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു വേറൊരു വശവുമുണ്ടായിരുന്നു. ബാസ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതേസമയം, വളരെ കഠിനമായി ജോലി ചെയ്‌തിരുന്ന, കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതുന്നതിൽ വീഴ്‌ചവരുത്താതിരുന്ന വ്യക്തി. അദ്ദേഹം എന്നോട് ഒരിക്കലും പിതൃനിർവിശേഷമായ വാത്സല്യം കാട്ടിയിട്ടില്ല. അദ്ദേഹം വൈകാരികമായി മുറിവേറ്റവനായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾത്തന്നെ അമ്മ അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു. പിന്നെ വളർന്നത് അടിപിടിക്കാരനായും. യുവാവായിരിക്കേതന്നെ പട്ടാളത്തിൽ ചേർന്നു. ഒരളവുവരെ എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തിയില്ല. എനിക്കു പ്രായമായപ്പോൾ, അദ്ദേഹത്തിന്റെ മരണംവരെ എനിക്കാവുംവിധം ഞാൻ അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിച്ചു. അത് എളുപ്പമായിരുന്നില്ലെങ്കിലും, എന്നെക്കൊണ്ടാവുന്നതു ഞാൻ ചെയ്‌തു. അദ്ദേഹത്തിന്റെ മരണംവരെ, ഞാനൊരു നല്ല പുത്രനായിരിക്കാൻ ശ്രമിച്ചു. അദ്ദേഹം എന്നെ അവ്വണ്ണം അംഗീകരിച്ചുവെന്നാണ് എന്റെ ധാരണ.”
14. വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ പൊന്തിവരുന്നവയുൾപ്പെടെ എല്ലാ സാഹചര്യങ്ങളിലും ബാധകമാകുന്ന തിരുവെഴുത്ത് ഏത്?
14 മറ്റുള്ള സംഗതികളിലെന്നപോലെ കുടുംബസ്ഥിതിവിശേഷങ്ങളിലും ഈ ബൈബിൾ ബുദ്ധ്യുപദേശം ബാധകമാണ്: “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.”—കൊലൊസ്സ്യർ 3:12, 13.
പരിപാലകർക്കും വേണം പരിപാലനം
15. മാതാപിതാക്കളെ പരിപാലിക്കുന്നതു പലപ്പോഴും ക്ലേശകരമായിരിക്കുന്നത് എന്തുകൊണ്ട്?
15 അവശത അനുഭവിക്കുന്ന മാതാവിനെയോ പിതാവിനെയോ പരിപാലിക്കുന്നതു ദുഷ്‌കരമായ വേലയാണ്. അതിന് ഒട്ടേറെ ശ്രമവും വളരെ ഉത്തരവാദിത്വവും നീണ്ട മണിക്കൂറുകളും ആവശ്യമാണ്. ഏറ്റവും പ്രയാസകരമായ ഭാഗം പലപ്പോഴും വൈകാരികമാണ്. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യവും ഓർമയും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നതു നിരീക്ഷിക്കുന്നതു സങ്കടകരമാണ്. പോർട്ടറിക്കയിൽനിന്നുള്ള സാൻഡി ഇങ്ങനെ വിവരിക്കുന്നു: “ഞങ്ങളുടെ കുടുംബത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു എന്റെ അമ്മ. അവരെ പരിപാലിക്കുകയെന്നതു വളരെ വേദനാജനകമായിരുന്നു. ആദ്യം അവർ മുടന്തിനടക്കാൻ തുടങ്ങി; പിന്നെ അവർക്ക് ഊന്നുവടി ആവശ്യമായി, തുടർന്നു വാക്കർ, അതു കഴിഞ്ഞപ്പോൾ വീൽചെയറും. പിന്നെ മരണംവരെ അവരുടെ നില ക്രമേണ വഷളായിക്കൊണ്ടിരുന്നു. അവർക്ക് അസ്ഥി അർബുദം പിടിപെട്ടതോടെ നിരന്തരം, രാപകൽ പരിപാലനം ആവശ്യമായിവന്നു. അവരെ കുളിപ്പിക്കുകയും അവർക്ക് ആഹാരം കൊടുക്കുകയും വായിച്ചുകേൾപ്പിക്കുകയുമൊക്കെ ഞങ്ങൾ ചെയ്‌തു. അതു വളരെ വിഷമകരമായിരുന്നു—വിശേഷിച്ചും വൈകാരികമായി. എന്റെ അമ്മ മരിച്ചുകൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ കരഞ്ഞുപോയി, കാരണം ഞാൻ അത്രയ്‌ക്ക് അവരെ സ്‌നേഹിച്ചിരുന്നു.”
16, 17. പരിപാലകൻ സംഗതികളെക്കുറിച്ചു സമനിലയുള്ള ഒരു വീക്ഷണം നിലനിർത്താൻ ഏത് ഉപദേശം സഹായിച്ചേക്കാം?
16 സമാനമായ സാഹചര്യമാണു നിങ്ങളുടേതെങ്കിൽ, അതിനെ നേരിടാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ബൈബിൾ വായനയിലൂടെ യഹോവയെ ശ്രദ്ധിക്കുന്നതും പ്രാർഥനയിലൂടെ അവനുമായി സംസാരിക്കുന്നതും നിങ്ങളെ വളരെയധികം സഹായിക്കും. (ഫിലിപ്പിയർ 4:6, 7) ഒരു പ്രായോഗികമായ വിധത്തിൽ, നിങ്ങൾ സമീകൃതാഹാരം കഴിക്കുന്നുവെന്നും ആവശ്യത്തിന് ഉറങ്ങുന്നുവെന്നും ഉറപ്പുവരുത്തുക. ഇതു ചെയ്യുന്നതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ പരിപാലിക്കാൻ നിങ്ങൾ വൈകാരികമായും ശാരീരികമായും ഒരു മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ഒരുപക്ഷേ, നിങ്ങൾക്ക് ഇടയ്‌ക്കിടെ ദിനചര്യയിൽനിന്ന് ഒഴിവെടുക്കാവുന്നതാണ്. ഒഴിവെടുക്കൽ സാധ്യമല്ലെങ്കിൽപ്പോലും, വിനോദത്തിന് അൽപ്പം സമയം മാറ്റിവെക്കുന്നതു ജ്ഞാനമായിരിക്കും. നിങ്ങൾക്ക് ഒഴിവു കിട്ടുന്നതിനുവേണ്ടി, രോഗിയായ മാതാവിന്റെയോ പിതാവിന്റെയോ അടുക്കൽനിന്നു പരിചരിക്കാൻ നിങ്ങൾക്ക് ആരെയെങ്കിലും ഏർപ്പാടു ചെയ്യാവുന്നതാണ്.
17 തങ്ങളെക്കുറിച്ചുതന്നെ ന്യായയുക്തമല്ലാത്ത പ്രതീക്ഷകൾ വച്ചുപുലർത്തുകയെന്നത് പ്രായപൂർത്തിയെത്തിയ പരിപാലകരെ സംബന്ധിച്ചിടത്തോളം അസാധാരണമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയാത്തതിനെക്കുറിച്ചു കുറ്റബോധം തോന്നരുത്. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ ഒരു ആതുരാലയത്തിൽ ഏൽപ്പിക്കേണ്ടിവന്നേക്കാം. നിങ്ങൾ ഒരു പരിപാലകനാണെങ്കിൽ, നിങ്ങളെക്കുറിച്ചു ന്യായയുക്തമായ പ്രതീക്ഷകൾ വെക്കുക. നിങ്ങളുടെ മാതാപിതാക്കളുടേതു മാത്രമല്ല, കുട്ടികളുടെയും ഇണയുടെയും നിങ്ങളുടെതന്നെയും ആവശ്യങ്ങൾ സമനിലയിലാക്കണം.
സാധാരണയിൽ കവിഞ്ഞ ശക്തി
18, 19. യഹോവ ഏതു പിന്തുണ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു, അവൻ തന്റെ വാഗ്‌ദാനം പാലിക്കുന്നുവെന്ന് ഏത് അനുഭവം പ്രകടമാക്കുന്നു?
18 വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ ഒരു വ്യക്തിയെ വളരെയധികം സഹായിക്കാനാവുന്ന മാർഗനിർദേശം യഹോവ തന്റെ വചനമായ ബൈബിളിലൂടെ സ്‌നേഹപുരസ്സരം പ്രദാനം ചെയ്യുന്നു. എന്നാൽ അവൻ ഒരേ ഒരു സഹായം മാത്രമല്ല തരുന്നത്. ‘യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു,’ നിശ്വസ്‌തതയിൽ സങ്കീർത്തനക്കാരൻ എഴുതി. “അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.” ഏറ്റവും പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിൽപ്പോലും യഹോവ തന്റെ വിശ്വസ്‌തരെ രക്ഷിക്കും, അല്ലെങ്കിൽ കാത്തുസൂക്ഷിക്കും.—സങ്കീർത്തനം 145:18, 19.
19 ഒരു മസ്‌തിഷ്‌ക ആഘാതത്തെത്തുടർന്നു തീർത്തും നിസ്സഹായയായിത്തീർന്ന അമ്മയെ പരിപാലിക്കവേ ഫിലിപ്പീൻസിലെ മർന ഇതു മനസ്സിലാക്കി. “തനിക്കു വേദനിക്കുന്നത് എവിടെയെന്നു പറയാനാവാതെ പ്രിയപ്പെട്ട വ്യക്തി കഷ്ടപ്പെടുന്നതു കാണുന്നതിനെക്കാൾക്കൂടുതൽ നിരാശാജനകമായ യാതൊന്നുമില്ല,” എന്നു മർന എഴുതുന്നു. “അവർ ക്രമേണ മുങ്ങിത്താഴുന്നതു കാണുന്നതു പോലെയായിരുന്നു. എനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. പലപ്പോഴും ഞാൻ മുട്ടുകുത്തി, എത്ര ക്ഷീണിതയാണെന്നു യഹോവയോടു പറയുമായിരുന്നു. തന്റെ കണ്ണുനീർ ഒരു തുരുത്തിയിലാക്കിവെച്ച് തന്നെ ഓർക്കാൻ യഹോവയോട് അഭ്യർഥിച്ച ദാവീദിനെപ്പോലെ ഞാൻ നിലവിളിച്ചു. [സങ്കീർത്തനം 56:8] യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ, അവൻ എനിക്ക് ആവശ്യമായ ശക്തി പ്രദാനം ചെയ്‌തു. ‘യഹോവ എനിക്കു തുണയായിരുന്നു.’”—സങ്കീർത്തനം 18:18.
20. തങ്ങൾ പരിപാലിക്കുന്നവർ മരണമടയുന്നെങ്കിൽപ്പോലും, ശുഭാപ്‌തിവിശ്വാസം ഉള്ളവരായിരിക്കാൻ പരിപാലകരെ ഏതു ബൈബിൾ തത്ത്വങ്ങൾ സഹായിക്കും?
20 “സന്തുഷ്ട പരിസമാപ്‌തിയില്ലാത്ത കഥ”യെന്നാണ് വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെപ്പറ്റി പറയാറ്. പരിപാലനയിൽ ഏറ്റവും നല്ല ശ്രമങ്ങളുണ്ടായിരുന്നാൽപ്പോലും മർനയുടെ അമ്മയെപ്പോലെ, വൃദ്ധർ മരണമടയും. എന്നാൽ മരണം കഥയുടെ അന്ത്യമല്ലെന്നു യഹോവയിൽ ആശ്രയിക്കുന്നവർക്ക് അറിയാം. പൗലോസ് അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.” (പ്രവൃത്തികൾ 24:15) തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ മരണത്തിൽ നഷ്ടമായിരിക്കുന്നവർ പുനരുത്ഥാന പ്രത്യാശയിലും ദൈവം ഉണ്ടാക്കുന്ന, ‘ഇനി മരണം ഉണ്ടായിരിക്കുകയില്ലാത്ത’ ആഹ്ലാദപൂർണമായ പുതിയ ലോകത്തിലും ആശ്വാസംകൊള്ളുകയാണ്.—വെളിപ്പാടു 21:4.
21. വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കുന്നതിൽനിന്ന് എന്തു സദ്‌ഫലങ്ങൾ ഉളവാകുന്നു?
21 വൃദ്ധരാണെങ്കിൽക്കൂടി, തങ്ങളുടെ മാതാപിതാക്കളോടു ദൈവദാസർക്ക് ആഴമായ പരിഗണനയുണ്ട്. (സദൃശവാക്യങ്ങൾ 23:22-24) അവർ അവരെ ബഹുമാനിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ, അവർ നിശ്വസ്‌ത സദൃശവാക്യം പറയുന്നത് അനുഭവിക്കുകയാണ്: “നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.” (സദൃശവാക്യങ്ങൾ 23:25) സർവോപരി, തങ്ങളുടെ വൃദ്ധ മാതാപിതാക്കളെ ബഹുമാനിക്കുന്നവർ യഹോവയാം ദൈവത്തെയും പ്രീതിപ്പെടുത്തുകയും ബഹുമാനിക്കുകയുമാണ്.
a തങ്ങളുടെ അധികാരത്തെയും തങ്ങളിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തെയും അങ്ങേയറ്റം ദുരുപയോഗിച്ച, കുറ്റകൃത്യമായി വീക്ഷിക്കപ്പെടാവുന്ന കുറ്റമുള്ള മാതാപിതാക്കൾ ഉൾപ്പെട്ട സ്ഥിതിവിശേഷമല്ല ഞങ്ങളിവിടെ ചർച്ചചെയ്യുന്നത്.
-
-
നിങ്ങളുടെ കുടുംബത്തിനു നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുകകുടുംബ സന്തുഷ്ടിയുടെ രഹസ്യം
-
-
അധ്യായം പതിനാറ്
നിങ്ങളുടെ കുടുംബത്തിനു നിലനിൽക്കുന്ന ഭാവി സുരക്ഷിതമാക്കുക
1. കുടുംബക്രമീകരണം സംബന്ധിച്ചു യഹോവയുടെ ഉദ്ദേശ്യമെന്തായിരുന്നു?
യഹോവ ആദാമിനെയും ഹവ്വായെയും വിവാഹത്തിൽ ഒരുമിപ്പിച്ചപ്പോൾ, രേഖപ്പെടുത്തപ്പെട്ട ഏറ്റവും ആദ്യത്തെ എബ്രായ കവിത ഉച്ചരിച്ചുകൊണ്ട് ആദാം തന്റെ സന്തോഷം പ്രകടിപ്പിച്ചു. (ഉല്‌പത്തി 2:22, 23) എന്നിരുന്നാലും, മനുഷ്യമക്കൾക്കു കേവലം സന്തുഷ്ടി കൈവരുത്തുക മാത്രമായിരുന്നില്ല സ്രഷ്ടാവിന്റെ ഉദ്ദേശ്യം. വിവാഹിത ദമ്പതികളും കുടുംബങ്ങളും തന്റെ ഇഷ്ടം ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു. അവൻ ആദ്യ ജോഡിയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്‌പത്തി 1:28) എത്ര മഹത്തായ, പ്രതിഫലദായകമായ നിയമനമായിരുന്നു അത്! യഹോവയുടെ ഹിതം നിവർത്തിക്കുന്നതിൽ ആദാമും ഹവ്വായും സമ്പൂർണ അനുസരണം കാട്ടിയിരുന്നെങ്കിൽ, അവരും അവരുടെ ഭാവി മക്കളും എത്ര സന്തുഷ്ടരാകുമായിരുന്നു!
2, 3. ഇന്നു കുടുംബങ്ങൾക്ക് ഏറ്റവും വലിയ സന്തുഷ്ടി കണ്ടെത്താൻ കഴിയുന്നതെങ്ങനെ?
2 ഒരുമിച്ചു ദൈവേഷ്ടം ചെയ്യുമ്പോൾ ഇന്നും കുടുംബങ്ങളിൽ അങ്ങേയറ്റം സന്തുഷ്ടിയുണ്ട്. പൗലോസ് അപ്പോസ്‌തലൻ എഴുതി: “ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും [“ജീവിതത്തിന്റെയും,” NW] വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) ദൈവിക ഭക്തിയോടെ ജീവിക്കുകയും ബൈബിളിൽ ഉൾക്കൊണ്ടിരിക്കുന്നപ്രകാരമുള്ള യഹോവയുടെ മാർഗനിർദേശം പിൻപറ്റുകയും ചെയ്യുന്ന കുടുംബം ‘ഇപ്പോഴത്തെ ജീവി’തത്തിൽ സന്തുഷ്ടി കണ്ടെത്തും. (സങ്കീർത്തനം 1:1-3; 119:105; 2 തിമൊഥെയൊസ് 3:16) കുടുംബത്തിലെ ഒരംഗം മാത്രമാണു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതെങ്കിൽപ്പോലും, ആരും ബാധകമാക്കാത്തതിനെക്കാളും മെച്ചമായിരിക്കും സ്ഥിതിവിശേഷം.
3 കുടുംബസന്തുഷ്ടിക്ക് ആക്കം കൂട്ടുന്ന അനേകം ബൈബിൾ തത്ത്വങ്ങൾ ഈ പുസ്‌തകം ചർച്ചചെയ്‌തിട്ടുണ്ട്. അവയിൽ ചില തത്ത്വങ്ങൾ പുസ്‌തകത്തിലുടനീളം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. എന്തുകൊണ്ട്? കുടുംബജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങളിൽ എല്ലാവർക്കും മെച്ചം കൈവരുത്തുന്ന ശക്തമായ സത്യങ്ങൾ അവ പ്രതിനിധാനം ചെയ്യുന്നുവെന്നതാണ് അതിന്റെ കാരണം. ദൈവിക ഭക്തി വാസ്‌തവത്തിൽ ‘ഇപ്പോഴത്തെ ജീവിതത്തിന്റെ വാഗ്‌ദത്തമുള്ള’താണെന്ന് ഈ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ കഠിനമായി ശ്രമിക്കുന്ന ഒരു കുടുംബം തിരിച്ചറിയുന്നു. ഈ പ്രധാനപ്പെട്ട തത്ത്വങ്ങളിൽ നാലെണ്ണം നമുക്കു വീണ്ടും പരിചിന്തിക്കാം.
ആത്മനിയന്ത്രണത്തിന്റെ മൂല്യം
4. വിവാഹത്തിൽ ആത്മനിയന്ത്രണം മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28; 29:11) ‘ആത്മസംയമനം ഉണ്ടായിരിക്കൽ,’ ആത്മനിയന്ത്രണം പാലിക്കൽ, സന്തുഷ്ട വിവാഹം ആഗ്രഹിക്കുന്നവർക്കു മർമപ്രധാനമാണ്. രോഷമോ അധാർമിക കാമമോ പോലുള്ള നാശകരമായ വികാരങ്ങൾക്കു വഴങ്ങുന്നതു ചേതം വരുത്തും, പിന്നെ അതൊക്കെ നേരെയാക്കണമെങ്കിൽ—നേരെയാക്കാൻ സാധിക്കുന്നതാണെങ്കിൽ—വർഷങ്ങൾ വേണ്ടിവരും.
5. ഒരു അപൂർണ മനുഷ്യന് ആത്മനിയന്ത്രണം നട്ടുവളർത്താൻ കഴിയുന്നതെങ്ങനെ, പ്രയോജനങ്ങൾ എന്തെല്ലാം?
5 ആദാമിന്റെ യാതൊരു പിൻഗാമിക്കും തന്റെ അപൂർണ ജഡത്തെ പൂർണമായി നിയന്ത്രിക്കാനാവില്ല. (റോമർ 7:21, 22) എങ്കിലും, ആത്മനിയന്ത്രണം ആത്മാവിന്റെ ഫലമാണ്. (ഗലാത്യർ 5:22, 23) അതുകൊണ്ട്, നാം ഈ ഗുണത്തിനുവേണ്ടി പ്രാർഥിക്കുന്നെങ്കിൽ, തിരുവെഴുത്തുകളിൽ കാണുന്ന അനുയോജ്യമായ ബുദ്ധ്യുപദേശം നാം ബാധകമാക്കുന്നെങ്കിൽ, അതു പ്രകടമാക്കുന്നവരുമായി നാം സഹവസിക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നെങ്കിൽ, ദൈവാത്മാവു നമ്മിൽ ആത്മനിയന്ത്രണം ഉളവാക്കും. (സങ്കീർത്തനം 119:100, 101, 130; സദൃശവാക്യങ്ങൾ 13:20; 1 പത്രൊസ് 4:7) നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾപ്പോലും, അത്തരമൊരു ഗതി “ദുർന്നടപ്പു വിട്ടു ഓടു”വാൻ നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 6:18) നാം അക്രമത്തെ നിരാകരിക്കുകയും മദ്യാസക്തിയെ ഒഴിവാക്കുകയും അല്ലെങ്കിൽ കീഴടക്കുകയും ചെയ്യും. കൂടാതെ പ്രകോപനങ്ങളിലും പ്രയാസകരമായ സാഹചര്യങ്ങളിലും നാം കൂടുതൽ സംയമനത്തോടെ ഇടപെടുന്നതായിരിക്കും. കുട്ടികൾ ഉൾപ്പെടെ എല്ലാവരും ആത്മാവിന്റെ ഈ മർമപ്രധാന ഗുണം നട്ടുവളർത്താൻ പഠിക്കട്ടെ.—സങ്കീർത്തനം 119:1, 2.
ശിരഃസ്ഥാനത്തെക്കുറിച്ചുള്ള ശരിയായ കാഴ്‌ചപ്പാട്
6. (എ) ശിരഃസ്ഥാന ക്രമീകരണത്തിന്റെ ദിവ്യമായി സ്ഥാപിതമായിരിക്കുന്ന ക്രമം എന്ത്? (ബി) ശിരഃസ്ഥാനം തന്റെ കുടുംബത്തിനു സന്തുഷ്ടി കൈവരുത്തണമെങ്കിൽ പുരുഷൻ എന്ത് ഓർക്കേണ്ടതുണ്ട്?
6 ശിരഃസ്ഥാനത്തെ അംഗീകരിക്കലാണു പ്രധാനപ്പെട്ട തത്ത്വങ്ങളിൽ രണ്ടാമത്തേത്. “ഏതു പുരുഷന്റെയും തല ക്രിസ്‌തു, സ്‌ത്രീയുടെ തല പുരുഷൻ, ക്രിസ്‌തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് പൗലോസ് സംഗതികളുടെ ഉചിത ക്രമം വർണിച്ചു. (1 കൊരിന്ത്യർ 11:3) കുടുംബത്തിൽ പുരുഷൻ നേതൃത്വമെടുക്കുന്നുവെന്നും ഭാര്യ അതിനെ വിശ്വസ്‌തതയോടെ പിന്തുണയ്‌ക്കുന്നുവെന്നും കുട്ടികൾ മാതാപിതാക്കളോട് അനുസരണമുള്ളവരാണെന്നുമാണ് അതിനർഥം. (എഫെസ്യർ 5:22-25, 28-33; 6:1-4) എന്നിരുന്നാലും, ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യപ്പെടുന്നെങ്കിലേ ശിരഃസ്ഥാനം സന്തുഷ്ടിയിൽ കലാശിക്കുകയുള്ളൂവെന്ന കാര്യം ശ്രദ്ധിക്കുക. ശിരഃസ്ഥാനം ഏകാധിപത്യമല്ലെന്നു ദൈവിക ഭക്തിയോടെ ജീവിക്കുന്ന ഭർത്താക്കന്മാർക്ക് അറിയാം. അവർ തങ്ങളുടെ ശിരസ്സായ യേശുവിനെ അനുകരിക്കുന്നു. “സർവ്വത്തിന്നും മീതെ തലയാ”യിരിക്കേണ്ടവനായിരുന്നിട്ടും യേശു “ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാ”നാണു “വന്നതു.” (എഫെസ്യർ 1:22; മത്തായി 20:28) സമാനമായ ഒരു വിധത്തിൽ, ഒരു ക്രിസ്‌തീയ പുരുഷൻ ശിരഃസ്ഥാനം പ്രയോഗിക്കുന്നത്, സ്വന്തം പ്രയോജനത്തിനായിട്ടല്ല മറിച്ച്, തന്റെ ഭാര്യയുടെയും മക്കളുടെയും താത്‌പര്യങ്ങളുടെ സംരക്ഷണത്തിനായിട്ടാണ്.—1 കൊരിന്ത്യർ 13:4, 5.
7. കുടുംബത്തിലെ തന്റെ ദൈവനിയമിത ഉത്തരവാദിത്വം നിവർത്തിക്കുന്നതിന് ഏതു തിരുവെഴുത്തു തത്ത്വങ്ങൾ ഭാര്യയെ സഹായിക്കും?
7 ഭാര്യയെ സംബന്ധിച്ചിടത്തോളം, ദൈവിക ഭക്തിയോടെ ജീവിക്കുന്നവൾ ഭർത്താവിനോടു മത്സരിക്കുകയോ അദ്ദേഹത്തിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയോ ചെയ്യുകയില്ല. അദ്ദേഹത്തെ പിന്തുണയ്‌ക്കാനും അദ്ദേഹത്തോടൊപ്പം വേലചെയ്യാനും അവൾക്കു സന്തോഷമായിരിക്കും. ഭർത്താവു ഭാര്യയുടെ ശിരസ്സാണെന്നു വ്യക്തമാക്കിക്കൊണ്ട്, അവളെ “സ്വന്തമാക്കിയിരിക്കുന്ന” ഒരുവൻ എന്നു ബൈബിൾ ചിലപ്പോഴെല്ലാം പറയുന്നു. (ഉൽപത്തി 20:3, പി.ഒ.സി. ബൈ.) വിവാഹത്തിലൂടെ അവൾ “ഭർത്താവുമായി തന്നെ ബന്ധിപ്പിക്കുന്ന നിയമ”ത്തിൻ കീഴിലായിത്തീരുന്നു. (റോമർ 7:2, പി.ഒ.സി. ബൈ.) അതേസമയം, ബൈബിൾ അവളെ “സഹായി” എന്നും “പൂരകം” എന്നും വിളിക്കുന്നു. (ഉൽപ്പത്തി 2:20, NW) ഭർത്താവിന് ഇല്ലാത്ത ഗുണങ്ങളും പ്രാപ്‌തികളും അവൾ പ്രദാനം ചെയ്യുകയും അദ്ദേഹത്തിന് ആവശ്യമായ പിന്തുണ കൊടുക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 31:10-31) ഭാര്യ ഭർത്താവിനോടൊപ്പം പ്രവർത്തിക്കുന്ന ഒരു “പങ്കാളി”യാണെന്നും ബൈബിൾ പറയുന്നു. (മലാഖി 2:14, NW) ഈ തിരുവെഴുത്തു തത്ത്വങ്ങൾ ഓരോരുത്തരുടെയും സ്ഥാനം മനസ്സിലാക്കാനും ഉചിതമായ ആദരവോടും മാന്യതയോടുംകൂടെ പരസ്‌പരം ഇടപെടാനും ഭാര്യയെയും ഭർത്താവിനെയും സഹായിക്കുന്നു.
‘കേൾപ്പാൻ വേഗതയുള്ളവരായിരിക്കുക’
8, 9. തങ്ങളുടെ ആശയവിനിമയ വൈദഗ്‌ധ്യങ്ങൾ അഭിവൃദ്ധിപ്പെടുത്താൻ കുടുംബത്തിലെ എല്ലാവരെയും സഹായിക്കുന്ന ചില തത്ത്വങ്ങൾ വിശദീകരിക്കുക.
8 ആശയവിനിമയത്തിന്റെ ആവശ്യം ഈ പുസ്‌തകത്തിൽ കൂടെക്കൂടെ എടുത്തുകാട്ടുന്നുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആളുകൾ സംസാരിക്കുകയും വാസ്‌തവത്തിൽ പരസ്‌പരം ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ പരിഹരിക്കുക എളുപ്പമാണ്. ആശയവിനിമയത്തിൽ രണ്ടു വ്യക്തികളും പരസ്‌പരം ആശയങ്ങൾ കൈമാറുന്നുവെന്നതിന് ആവർത്തിച്ച് ഊന്നൽ കൊടുക്കപ്പെട്ടു. ശിഷ്യനായ യാക്കോബ് അതിങ്ങനെ പ്രകടമാക്കി: ‘കേൾപ്പാൻ വേഗതയും പറവാൻ താമസവുമുള്ളവൻ ആയിരിക്കട്ടെ.’—യാക്കോബ് 1:19.
9 നാം സംസാരിക്കുന്നത് എങ്ങനെ എന്നതു സംബന്ധിച്ചു ശ്രദ്ധാലുക്കളായിരിക്കണമെന്നതും പ്രധാനമാണ്. വീണ്ടുവിചാരമില്ലാത്തതും ശണ്‌ഠകൂടുന്നതും, അല്ലെങ്കിൽ രൂക്ഷമായവിധത്തിൽ വിമർശിക്കുന്നതുമായ വാക്കുകൾ വിജയപ്രദമായ ആശയവിനിമയത്തിന് ഉതകുന്നതല്ല. (സദൃശവാക്യങ്ങൾ 15:1; 21:9; 29:11, 20) നമ്മൾ പറയുന്നതു ശരിയായിരിക്കുമ്പോൾപ്പോലും, അതു ക്രൂരമായ, ഗർവിഷ്‌ഠമായ, അല്ലെങ്കിൽ ഔചിത്യബോധമില്ലാത്ത വിധത്തിൽ പ്രകടിപ്പിക്കുന്നെങ്കിൽ, അതു പ്രയോജനത്തെക്കാൾ കൂടുതൽ ദോഷം ചെയ്യാനാണു സാധ്യത. നമ്മുടെ സംസാരം രുചികരമായിരിക്കണം, “ഉപ്പിനാൽ രുചിവരുത്തിയ”തായിരിക്കണം. (കൊലൊസ്സ്യർ 4:6) നമ്മുടെ വാക്കുകൾ “വെള്ളിത്താലത്തിൽ വച്ച സ്വർണ ആപ്പിൾപ്പഴങ്ങൾ പോലെയാ”യിരിക്കണം. (സുഭാഷിതങ്ങൾ 25:11, ഓശാന ബൈബിൾ) നന്നായി ആശയവിനിയമം ചെയ്യാൻ പഠിച്ചിരിക്കുന്ന കുടുംബങ്ങൾ സന്തുഷ്ടി കൈവരിക്കുന്നതിൽ മുന്നേറിയിരിക്കുന്നു.
സ്‌നേഹത്തിന്റെ മർമപ്രധാന പങ്ക്
10. വിവാഹത്തിൽ സ്‌നേഹത്തിന്റെ ഏതു രൂപം മർമപ്രധാനമാണ്?
10 ഈ പുസ്‌തകത്തിലുടനീളം “സ്‌നേഹം” എന്ന പദം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാഥമികമായി പരാമർശിച്ചിരിക്കുന്ന സ്‌നേഹത്തിന്റെ രൂപം നിങ്ങൾ ഓർക്കുന്നുവോ? പ്രേമാത്മക സ്‌നേഹത്തിനു (ഗ്രീക്കിൽ ഈറോസ്) വിവാഹത്തിൽ പ്രധാന പങ്കുണ്ടെന്നതു സത്യംതന്നെ. വിജയപ്രദമായ വിവാഹങ്ങളിൽ ഭാര്യക്കും ഭർത്താവിനും ഇടയിൽ ആർദ്ര പ്രീതിയും സൗഹൃദവും (ഗ്രീക്കിൽ ഫീലിയ) വളരുന്നു. എന്നാൽ അതിലും പ്രധാനമാണ് അഗാപെ എന്ന ഗ്രീക്കു പദം പ്രതിനിധാനം ചെയ്യുന്ന സ്‌നേഹം. ഈ സ്‌നേഹമാണു നാം യഹോവയോടും യേശുവിനോടും നമ്മുടെ അയൽക്കാരനോടും നട്ടുവളർത്തുന്നത്. (മത്തായി 22:37-39) യഹോവ മനുഷ്യവർഗത്തിനു നേരേ പ്രകടമാക്കുന്നതും ഈ സ്‌നേഹംതന്നെ. (യോഹന്നാൻ 3:16) സ്‌നേഹത്തിന്റെ അതേ രൂപംതന്നെ നമ്മുടെ വിവാഹിത ഇണയോടു നമുക്കു പ്രകടിപ്പിക്കാൻ കഴിയുന്നത് എത്ര മഹത്താണ്!—1 യോഹന്നാൻ 4:19.
11. സ്‌നേഹം വിവാഹനന്മയ്‌ക്ക് ഉതകുന്നതെങ്ങനെ?
11 വിവാഹത്തിൽ സ്‌നേഹത്തിന്റെ ഈ ഉത്‌കൃഷ്ട രൂപം സത്യമായും “ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധ”മാണ്. (കൊലോസ്യർ 3:14, NW) അതു ദമ്പതികളെ ഒരുമിച്ചു ബന്ധിപ്പിക്കുകയും അന്യോന്യവും കുട്ടികൾക്കുവേണ്ടിയും ഏറ്റവും നല്ലതു ചെയ്യുവാൻ അവർ ആഗ്രഹിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. കുടുംബങ്ങൾ പ്രയാസകരമായ സ്ഥിതിവിശേഷങ്ങൾ അഭിമുഖീകരിക്കുമ്പോൾ, കാര്യങ്ങൾ ഐക്യത്തിൽ ചെയ്യാൻ സ്‌നേഹം അവരെ സഹായിക്കുന്നു. ദമ്പതികൾക്കു പ്രായമേറുന്തോറും, പരസ്‌പരം പിന്തുണയ്‌ക്കാനും വിലമതിക്കുന്നതിൽ തുടരാനും സ്‌നേഹം അവരെ സഹായിക്കുന്നു. “സ്‌നേഹം . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല, . . . എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്‌നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”—1 കൊരിന്ത്യർ 13:4-8.
12. വിവാഹിത ദമ്പതികളുടെ ഭാഗത്തെ ദൈവസ്‌നേഹം അവരുടെ വിവാഹത്തെ ബലിഷ്‌ഠമാക്കുന്നതെന്തുകൊണ്ട്?
12 വിവാഹ ഐക്യം, കേവലം വിവാഹിത ഇണകൾക്കിടയിലെ സ്‌നേഹത്താൽ മാത്രമല്ല, മുഖ്യമായും യഹോവയോടുള്ള സ്‌നേഹത്താൽ കൂട്ടിയോജിപ്പിച്ചുനിർത്തപ്പെടുമ്പോൾ, അതു വിശേഷാൽ ശക്തമായിരിക്കും. (സഭാപ്രസംഗി 4:9-12) എന്തുകൊണ്ട്? യോഹന്നാൻ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” (1 യോഹന്നാൻ 5:3) അങ്ങനെ, ഒരു ദമ്പതികൾ തങ്ങളുടെ കുട്ടികളെ ദൈവിക ഭക്തിയിൽ പരിശീലിപ്പിക്കണം. അത് അവർ തങ്ങളുടെ കുട്ടികളെ ആഴത്തിൽ സ്‌നേഹിക്കുന്നതുകൊണ്ടുമാത്രമല്ല, യഹോവയുടെ കൽപ്പന ആയിരിക്കുന്നതുകൊണ്ടുകൂടിയാണ്. (ആവർത്തനപുസ്‌തകം 6:6, 7) അവർ അധാർമികതയെ നിരാകരിക്കണം. അത് അവർ പരസ്‌പരം സ്‌നേഹിക്കുന്നതുകൊണ്ടുമാത്രമല്ല, മുഖ്യമായും അവർ യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്. യഹോവ “ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും . . . വിധിക്കും.” (എബ്രായർ 13:4) ഒരു പങ്കാളി വിവാഹത്തിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചാൽപ്പോലും, ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതു തുടരാൻ യഹോവയോടുള്ള സ്‌നേഹം മറ്റേയാളെ പ്രേരിപ്പിക്കും. പരസ്‌പര സ്‌നേഹം യഹോവയോടുള്ള സ്‌നേഹത്താൽ കൂട്ടിയോജിപ്പിച്ചുനിർത്തപ്പെടുന്ന കുടുംബങ്ങൾ വാസ്‌തവത്തിൽ സന്തുഷ്ട കുടുംബങ്ങളാണ്!
ദൈവേഷ്ടം ചെയ്യുന്ന കുടുംബം
13. ദൈവേഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയം വാസ്‌തവത്തിൽ പ്രാധാന്യമുള്ള സംഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വ്യക്തികളെ സഹായിക്കുന്നതെങ്ങനെ?
13 ഒരു ക്രിസ്‌ത്യാനിയുടെ മുഴുജീവിതവും കേന്ദ്രീകരിച്ചിരിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിലാണ്. (സങ്കീർത്തനം 143:10) ഇതാണു ദൈവിക ഭക്തി യഥാർഥത്തിൽ അർഥമാക്കുന്നത്. ദൈവേഷ്ടം ചെയ്യുന്നത് യഥാർഥത്തിൽ പ്രാധാന്യമുള്ള സംഗതികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുടുംബങ്ങളെ സഹായിക്കുന്നു. (ഫിലിപ്പിയർ 1:9, 10) ഉദാഹരണത്തിന്, യേശുക്രിസ്‌തു ഈ മുന്നറിയിപ്പു നൽകുകയുണ്ടായി: “മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും.” (മത്തായി 10:35, 36) യേശുവിന്റെ മുന്നറിയിപ്പു സത്യമായി ഭവിച്ചു. അവന്റെ അനുഗാമികളിൽ അനേകരും കുടുംബാംഗങ്ങളാൽ പീഡിപ്പിക്കപ്പെട്ടു. എത്ര സങ്കടകരവും വേദനാജനകവുമായ സ്ഥിതിവിശേഷം! എന്നിരുന്നാലും, നമുക്കു യഹോവയാം ദൈവത്തോടും യേശുക്രിസ്‌തുവിനോടുമുള്ള സ്‌നേഹത്തെക്കാൾ മുൻതൂക്കം കുടുംബബന്ധങ്ങൾക്കു നൽകരുത്. (മത്തായി 10:37-39) കുടുംബത്തിൽനിന്നുള്ള എതിർപ്പിലും ഒരു വ്യക്തി സഹിച്ചുനിൽക്കുന്നെങ്കിൽ, ദൈവിക ഭക്തിയുടെ സദ്‌ഫലങ്ങൾ കാണുമ്പോൾ എതിർക്കുന്നവർക്കു പരിവർത്തനമുണ്ടാവാം. (1 കൊരിന്ത്യർ 7:12-16; 1 പത്രൊസ് 3:1, 2) അതു സംഭവിക്കുന്നില്ലെങ്കിൽപ്പോലും, എതിർപ്പുമൂലം ദൈവത്തെ സേവിക്കുന്നതു നിർത്തുന്നതിനാൽ നിലനിൽക്കുന്ന യാതൊരു മെച്ചവുമുണ്ടാകുന്നില്ല.
14. ദൈവേഷ്ടം ചെയ്യാനുള്ള ആഗ്രഹം തങ്ങളുടെ കുട്ടികളുടെ ഏറ്റവും നല്ല പ്രയോജനത്തിനുവേണ്ടി പ്രവർത്തിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതെങ്ങനെ?
14 ദൈവേഷ്ടം ചെയ്യുന്നതു ശരിയായ തീരുമാനങ്ങളെടുക്കാൻ മാതാപിതാക്കളെ സഹായിക്കും. ഉദാഹരണത്തിന്, ചില സമുദായങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ ഒരു നിക്ഷേപമായി വീക്ഷിക്കാൻ പ്രവണത കാട്ടുന്നു. തങ്ങളുടെ വാർധക്യത്തിൽ സ്വന്തം സംരക്ഷണത്തിന് അവർ കുട്ടികളെ ആശ്രയിക്കുന്നു. വൃദ്ധരായ മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതു ശരിയും ഉചിതവുമാണെങ്കിലും, അത്തരം ലക്ഷ്യത്തിൽ മാതാപിതാക്കൾ അവരെ ഭൗതികത്വ ജീവിതരീതിയിലേക്കു തിരിച്ചുവിടരുത്. ആത്മീയ കാര്യങ്ങളെക്കാൾ ഭൗതിക സ്വത്തുക്കളെ വിലമതിക്കാൻപാകത്തിൽ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിലൂടെ മാതാപിതാക്കൾ അവർക്കു യാതൊരു പ്രയോജനവും വരുത്തുന്നില്ല.—1 തിമൊഥെയൊസ് 6:9.
15. തിമോത്തിയുടെ അമ്മയായ യൂനീക്ക ദൈവേഷ്ടം ചെയ്‌ത ഒരു മാതാവെന്ന നിലയിൽ ഒരു ഉത്‌കൃഷ്ട ദൃഷ്ടാന്തമായിരുന്നതെങ്ങനെ?
15 പൗലോസിന്റെ യുവസുഹൃത്തായ തിമോത്തിയുടെ അമ്മ യൂനീക്ക ഈ സംഗതിയിൽ ഒരു ഉത്തമ ദൃഷ്ടാന്തമാണ്. (2 തിമൊഥെയൊസ് 1:5) ഒരു അവിശ്വാസിയെ വിവാഹം കഴിച്ചിരുന്നെങ്കിലും, തിമോത്തിയുടെ വല്യമ്മയായ ലോവീസിനോടൊപ്പം യൂനീക്ക തിമോത്തിയെ ദൈവിക ഭക്തി പിന്തുടരാൻപാകത്തിൽ വിജയകരമായി വളർത്തിക്കൊണ്ടുവന്നു. (2 തിമൊഥെയൊസ് 3:14, 15) തിമോത്തിക്ക് ആവശ്യത്തിനു പ്രായമായപ്പോൾ യൂനീക്ക അവനെ വീടുവിട്ടുപോകാനും പൗലോസിന്റെ മിഷനറി സഹകാരിയെന്ന നിലയിൽ രാജ്യപ്രസംഗവേല ഏറ്റെടുക്കാനും അനുവദിച്ചു. (പ്രവൃത്തികൾ 16:1-5) തന്റെ മകൻ ഒരു പ്രമുഖ മിഷനറി ആയിത്തീർന്നപ്പോൾ അവൾ എത്ര പുളകപ്രദയായിരുന്നിരിക്കാം! പ്രായപൂർത്തിയായ ഒരുവനെന്ന നിലയിലുള്ള അവന്റെ ദൈവിക ഭക്തി അവന്റെ ആദ്യകാല പരിശീലനത്തെ ഉചിതമായി എടുത്തുകാട്ടുന്നു. തീർച്ചയായും, തന്നോടൊപ്പമില്ലാഞ്ഞതിൽ വിഷമമുണ്ടായിരുന്നിരിക്കാമെങ്കിലും തിമോത്തിയുടെ വിശ്വസ്‌ത ശുശ്രൂഷയെക്കുറിച്ചുള്ള വിവരം കേട്ടതിൽ യൂനീക്കയ്‌ക്കു തൃപ്‌തിയും സന്തോഷവും തോന്നി.—ഫിലിപ്പിയർ 2:19, 20.
കുടുംബവും നിങ്ങളുടെ ഭാവിയും
16. ഒരു പുത്രനെന്ന നിലയിൽ, യേശു ഏത് ഉചിത താത്‌പര്യം പ്രകടമാക്കി, എന്നാൽ അവന്റെ പ്രഥമ ലക്ഷ്യം എന്തായിരുന്നു?
16 യേശു വളർന്നുവന്നതു ദൈവിക ഭക്തിയുള്ള ഒരു കുടുംബത്തിലായിരുന്നു. പ്രായപൂർത്തിയെത്തിയ ഒരുവനെന്ന നിലയിൽ, അവൻ തന്റെ മാതാവിനോട് ഉചിതമായ, പുത്രതുല്യ താത്‌പര്യം പ്രകടമാക്കി. (ലൂക്കൊസ് 2:51, 52; യോഹന്നാൻ 19:26) എന്നിരുന്നാലും, യേശുവിന്റെ പ്രഥമ ലക്ഷ്യം ദൈവേഷ്ടം നിവർത്തിക്കുക എന്നതായിരുന്നു. അവന്റെ കാര്യത്തിൽ, മനുഷ്യർക്കു നിത്യജീവൻ ആസ്വദിക്കുന്നതിനു വഴി തുറന്നുകൊടുക്കലും അതിലുൾപ്പെട്ടിരുന്നു. തന്റെ പൂർണ മനുഷ്യജീവൻ പാപികളായ മനുഷ്യവർഗത്തിനുവേണ്ടി മറുവിലയായി സമർപ്പിച്ചപ്പോൾ അവൻ അതു ചെയ്‌തു.—മർക്കൊസ് 10:45; യോഹന്നാൻ 5:28, 29.
17. യേശുവിന്റെ വിശ്വസ്‌ത ഗതി ദൈവേഷ്ടം ചെയ്യുന്നവർക്ക് ഏതു മഹത്തായ പ്രതീക്ഷകൾക്കു വഴി തുറന്നു?
17 യേശുവിന്റെ മരണശേഷം, യഹോവ അവനെ സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിച്ച് അവനു വലിയ അധികാരം നൽകി. അവസാനം യഹോവ അവനെ സ്വർഗീയ രാജ്യത്തിൽ രാജാവായി വാഴിക്കുകയും ചെയ്‌തു. (മത്തായി 28:18; റോമർ 14:9; വെളിപ്പാടു 11:15) യേശുവിന്റെ ബലി ആ രാജ്യത്തിൽ അവനോടൊപ്പം ഭരിക്കാൻ ചില മനുഷ്യർ തിരഞ്ഞെടുക്കപ്പെടുന്നതു സാധ്യമാക്കി. സദ്‌ഹൃദയരായ മനുഷ്യവർഗത്തിലെ ശേഷിക്കുന്നവർക്കു പറുദീസാ അവസ്ഥകളിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുന്ന ഭൂമിയിൽ പൂർണജീവൻ ആസ്വദിക്കുന്നതിന് അതു വഴി തുറക്കുകയും ചെയ്‌തു. (വെളിപ്പാടു 5:9, 10; 14:1, 4; 21:3-5; 22:1-4) ഈ മഹത്ത്വമുള്ള സുവാർത്ത മറ്റുള്ളവരോടു പറയുകയെന്നത് ഇന്നു നമുക്കുള്ള ഏറ്റവും വലിയ പദവികളിലൊന്നാണ്.—മത്തായി 24:14.
18. കുടുംബങ്ങൾക്കും വ്യക്തികൾക്കും ഏത് ഓർമിപ്പിക്കലും പ്രോത്സാഹനവും ലഭിക്കുന്നു?
18 പൗലോസ് അപ്പോസ്‌തലൻ പ്രകടമാക്കിയതുപോലെ, ദൈവിക ഭക്തിയുള്ള ഒരു ജീവിതം നയിക്കുന്നത് ആളുകൾക്ക് “വരുവാനിരിക്കുന്ന” ജീവിതത്തിലെ ആ അനുഗ്രഹങ്ങൾ അവകാശമാക്കാനാവുമെന്നുള്ള വാഗ്‌ദത്തം വെച്ചുനീട്ടുന്നു. തീർച്ചയായും, സന്തുഷ്ടി കണ്ടെത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഇതാണ്! ഓർമിക്കുക, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) അതുകൊണ്ട്, നിങ്ങൾ ഒരു കുട്ടിയോ മാതാവോ പിതാവോ ഭർത്താവോ ഭാര്യയോ കുട്ടികളില്ലാത്തതോ കുട്ടികളുള്ളതോ ആയ പ്രായപൂർത്തിയെത്തിയ ഏകാകിയോ ആയാലും ദൈവേഷ്ടം ചെയ്യാൻ കഠിനമായി യത്‌നിക്കുക. നിങ്ങൾ സമ്മർദത്തിൻകീഴിലോ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയോ ആണെങ്കിൽപ്പോലും, ജീവനുള്ള ദൈവത്തിന്റെ ഒരു ദാസനോ ദാസിയോ ആണു നിങ്ങളെന്ന കാര്യം ഒരിക്കലും വിസ്‌മരിക്കരുത്. അങ്ങനെ, നിങ്ങളുടെ പ്രവൃത്തി യഹോവയെ സന്തോഷിപ്പിക്കട്ടെ. (സദൃശവാക്യങ്ങൾ 27:11) കൂടാതെ, നിങ്ങളുടെ നടത്ത ഇപ്പോഴത്തെ സന്തുഷ്ടിയിലും വരുവാനുള്ള പുതിയ ലോകത്തിലെ നിത്യജീവനിലും കലാശിക്കട്ടെ!
-