-
ദുരന്തങ്ങൾ പ്രത്യാശയ്ക്ക് വഴിമാറുന്നുവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
ദുരന്തങ്ങൾ പ്രത്യാശയ്ക്ക് വഴിമാറുന്നു
‘അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’—2 തിമൊഥെയൊസ് 3:1.
താഴെ കൊടുത്തിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നിങ്ങൾ കേൾക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടോ?
• മാരകമായ രോഗം അനേകരുടെ ജീവൻ കവരുന്നു.
• ക്ഷാമം മൂലം നൂറുകണക്കിന് ആളുകൾ മരിക്കുന്നു.
• ഭൂകമ്പത്തിൽ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നു. അനേകർക്ക് വീടില്ലാതാകുന്നു.
ഈ മാസികയുടെ ഇനി വരുന്ന പേജുകളിൽ ഇതുപോലുള്ള സംഭവങ്ങളുടെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ നമ്മൾ വായിക്കും. “അവസാനകാലത്ത്” ഇതുപോലുള്ള പല കാര്യങ്ങളും നടക്കുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട് എന്ന കാര്യവും മനസ്സിലാക്കും.
ഇപ്പോഴുള്ള കുറച്ച് പ്രശ്നങ്ങളെക്കുറിച്ച് പറയുക എന്നുള്ളതല്ല ഈ ലേഖനങ്ങളുടെ ഉദ്ദേശ്യം. ആദ്യം അതെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എങ്കിലും അത് പ്രത്യാശയിലേക്ക് നയിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചാണ് പ്രധാനമായും ഈ മാസികയിലെ ലേഖനങ്ങൾ പറയുന്നത്. 6 പ്രവചനങ്ങൾ എങ്ങനെ നിവൃത്തിയേറി എന്നു മനസ്സിലാക്കുമ്പോൾ അവസാനകാലം പെട്ടെന്നുതന്നെ തീരുമെന്ന കാര്യം വ്യക്തമാകും. ഈ പ്രവചനങ്ങൾക്ക് എതിരെയുള്ള പലരുടെയും ആരോപണങ്ങളെക്കുറിച്ചും, ആ ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ചും ഉള്ള വിവരങ്ങളും ഈ ലേഖനത്തിൽ കാണാം.
-
-
പ്രവചനം 1. ഭൂകമ്പങ്ങൾവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 1. ഭൂകമ്പങ്ങൾ
‘വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും.’—ലൂക്കോസ് 21:11.
● ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തിൽ വിന്നി എന്നു പേരുള്ള 16 മാസം പ്രായം വരുന്ന ഒരു കൊച്ചുകുഞ്ഞിനെ കൽക്കൂമ്പാരത്തിനിടയിൽ നിന്നാണ് എടുത്തത്. ദുരന്തം റിപ്പോർട്ട് ചെയ്യാൻ വന്ന ടിവി-ക്കാരാണ് അവളുടെ ഞരക്കം കേട്ട് അവളെ രക്ഷിച്ചത്. ആ ഭൂകമ്പത്തിൽനിന്ന് അവൾ രക്ഷപ്പെട്ടു. പക്ഷേ, അവളുടെ മാതാപിതാക്കൾ രക്ഷപ്പെട്ടില്ല.
കണക്കുകൾ കാണിക്കുന്നത്: 2010 ജനുവരിയിൽ, റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ വലിയ ഒരു ഭൂകമ്പം ഹെയ്റ്റിയിൽ ഉണ്ടായി. 3,00,000-ത്തിലധികം ആളുകളാണ് അന്ന് അവിടെ മരിച്ചത്. ഒറ്റ നിമിഷംകൊണ്ട് 13 ലക്ഷം പേർക്ക് വീടുകൾ ഇല്ലാതായി. ഇത് ഹെയ്റ്റിയിൽ മാത്രം നടന്ന ഒരു ഒറ്റപ്പെട്ട സംഭവമല്ല. 2009 ഏപ്രിൽ മുതൽ 2010 ഏപ്രിൽ വരെ ലോകമെങ്ങുമായി കുറഞ്ഞത് 18 വലിയ ഭൂകമ്പങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.
പൊതുവേ പറയാറുള്ളത്: ഇന്ന് ഉണ്ടാകുന്നതുപോലുള്ള വലിയ ഭൂകമ്പങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, സാങ്കേതികവിദ്യ പുരോഗമിച്ചതുകൊണ്ട് അതിന്റെ എണ്ണം എത്രയാണെന്ന് നമ്മൾ ഇന്ന് അറിയുന്നു. അത്രയേ ഉള്ളൂ.
വസ്തുത എന്താണ്? അവസാനകാലത്ത് നടക്കുന്ന ഭൂകമ്പങ്ങളുടെ എണ്ണത്തിന് ബൈബിൾ പ്രാധാന്യം നൽകുന്നില്ല. എന്നാൽ “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” ‘വലിയ ഭൂകമ്പങ്ങൾ’ ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നു. ആ പറഞ്ഞത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.—മർക്കോസ് 13:8; ലൂക്കോസ് 21:11.
നിങ്ങൾക്ക് എന്ത് തോന്നുന്നു? ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലുള്ള വലിയ ഭൂകമ്പങ്ങൾ അല്ലേ നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്?
നമ്മൾ അവസാനകാലത്താണ് ജീവിക്കുന്നത് എന്നതിന് ഭൂകമ്പങ്ങൾ മാത്രമല്ല തെളിവായിട്ടുള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അനേകം പ്രവചനങ്ങളിൽ ഒന്നു മാത്രമാണ് അത്. ഇനി നമുക്ക് രണ്ടാമത്തെ പ്രവചനം നോക്കാം.
[ആകർഷകവാക്യം]
“ഞങ്ങൾ (ഭൂഗർഭ ശാസ്ത്രജ്ഞന്മാർ) അതിനെ വലിയ ഭൂകമ്പങ്ങൾ എന്നു വിളിക്കുന്നു, മറ്റുള്ളവർ അവയെ ഭീകരം എന്നു വിശേഷിപ്പിക്കുന്നു.”—കെൻ ഹഡ്നട്ട്, യു.എസ്. ഭൂഗർഭശാസ്ത്ര സർവേ.
[ചിത്രങ്ങൾക്ക് കടപ്പാട്]
© William Daniels/Panos Pictures
-
-
പ്രവചനം 2. ഭക്ഷ്യക്ഷാമംവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 2. ഭക്ഷ്യക്ഷാമം
‘ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും.’—മർക്കോസ് 13:8.
● നൈജറിലുള്ള ക്വാർടേജ് എന്ന ഗ്രാമത്തിൽ ഒരാൾ അഭയം തേടി വന്നു. അദ്ദേഹത്തിന്റെ ബന്ധുക്കളും കൂടപ്പിറപ്പുകളും എല്ലാം ആ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽനിന്ന് ദാരിദ്ര്യം മൂലം ഈ ഗ്രാമത്തിലേക്ക് കുടിയേറിയവരാണ്. എല്ലാവരും കൂടെത്തന്നെയുണ്ടെങ്കിലും അദ്ദേഹം ഒറ്റയ്ക്ക് വീടിനു വെളിയിൽ കിടക്കുകയാണ്. കാരണം എന്താണ്? “കുടുംബത്തെ പോറ്റാൻ അയാൾക്കു കഴിയുന്നില്ല, അവരുടെ മുഖത്ത് നോക്കാനും പറ്റുന്നില്ല,” ഗ്രാമത്തലവനായ സിദി പറഞ്ഞു.
കണക്കുകൾ കാണിക്കുന്നത്: ലോകമെങ്ങും ഏതാണ്ട് ഏഴിൽ ഒരാൾക്ക് ദിവസവും ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ല. ആഫ്രിക്കയിലെ സഹാറയ്ക്ക് തെക്കുള്ള രാജ്യങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്! അവിടെ മൂന്നിൽ ഒരാൾ എന്നും പട്ടിണിയിലാണ്. ഇതു മനസ്സിലാക്കാൻ അച്ഛനും അമ്മയും ഒരു കുട്ടിയും ഉള്ള കുടുംബത്തെ മനസ്സിൽ കാണുക. ആ വീട്ടിൽ രണ്ടു പേർക്ക് കഴിക്കാനുള്ള ഭക്ഷണമേ ആകെ ഉള്ളൂ. ആര് പട്ടിണി കിടക്കും? അച്ഛനോ അമ്മയോ അതോ കുട്ടിയോ? എല്ലാ ദിവസവും ഇതൊക്കെ തന്നെയാണ് അവിടത്തെ കുടുംബങ്ങളുടെ അവസ്ഥ.
പൊതുവേ പറയാറുള്ളത്: വേണ്ടതിലധികം ഭക്ഷ്യസാധനങ്ങൾ ഇന്ന് ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് എല്ലാവർക്കും കിട്ടുന്ന വിധത്തിൽ വീതിച്ചു കൊടുത്താൽ മതിയാകും.
വസ്തുത എന്താണ്? അത് ശരിയാണ്. ഇന്ന് കൃഷിക്കാർക്ക് മുമ്പെന്നത്തെക്കാളും ഭക്ഷണസാധനങ്ങൾ ഉത്പാദിപ്പിക്കാനും മറ്റു സ്ഥലങ്ങളിലേക്ക് അയയ്ക്കാനും കഴിയും. മനുഷ്യന്റെ വിശപ്പകറ്റാൻ ഗവൺമെന്റുകൾ ഒരു കാര്യം ചെയ്താൽ മതി. ഭക്ഷണസാധനങ്ങൾ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക. വർഷങ്ങളായി ഗവൺമെന്റുകൾ ഇതിനുവേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾക്ക് എന്ത് തോന്നുന്നു? മർക്കോസ് 13:8-ലെ പ്രവചനം ഇപ്പോൾ നടക്കുകയാണോ? നമ്മൾ ഇന്ന് സാങ്കേതികമായി വളരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് ലോകമെങ്ങും ഭക്ഷ്യക്ഷാമം തുടരുന്നത്?
ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും അവസാനനാളുകളുടെ മറ്റൊരു പ്രശ്നത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അത് എന്താണ്?
[ആകർഷകവാക്യം]
“ഇന്ന് ലോകത്തിൽ ധാരാളം കുട്ടികൾ ന്യുമോണിയയും വയറിളക്കവും മറ്റു രോഗങ്ങളും വന്ന് മരിക്കുന്നുണ്ട്. പോഷകാഹാരക്കുറവു കാരണമാണ് അതിൽ മൂന്നിലൊന്നിൽ കൂടുതൽ കുട്ടികളും മരിക്കുന്നത്.”—ആൻ എം. വെൻമാൻ, യു.എൻ. ശിശുക്ഷേമ ഫണ്ടിന്റെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ.
[ചിത്രങ്ങൾക്ക് കടപ്പാട്]
© Paul Lowe/Panos Pictures
-
-
പ്രവചനം 3. രോഗങ്ങൾവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 3. രോഗങ്ങൾ
‘മാരകമായ പകർച്ചവ്യാധികൾ ഉണ്ടാകും.’—ലൂക്കോസ് 21:11.
● ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ പൊതുജനാരോഗ്യപ്രവർത്തകനായിരുന്നു ബോൺസാലി. മാർബർഗ് വൈറസ് ബാധിതരായ അനേകം ഖനി തൊഴിലാളികളെ തന്നെക്കൊണ്ടാകുന്നതുപോലെ സഹായിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. നഗരത്തിലുള്ള ഉദ്യോഗസ്ഥരോട് സഹായത്തിന് അപേക്ഷിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. അവസാനം, നാലു മാസം കഴിഞ്ഞപ്പോൾ സഹായമെത്തി. അപ്പോഴേക്കും ബോൺസാലി മരിച്ചിരുന്നു. ഖനി തൊഴിലാളികളുമായുള്ള സമ്പർക്കത്തിലൂടെ അദ്ദേഹത്തെയും മാർബർഗ് വൈറസ് ബാധിച്ചു.
കണക്കുകൾ കാണിക്കുന്നത്: ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ, വയറിളക്കം, എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ മനുഷ്യകുടുംബത്തെ പിടിച്ചുലച്ചിരിക്കുകയാണ്. 2004-ലെ ഒരു കണക്കനുസരിച്ച് ഇത്തരം രോഗങ്ങളിൽ മരിച്ചവരുടെ എണ്ണം ഏകദേശം ഒരു കോടി ഏഴു ലക്ഷമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ മൂന്നു സെക്കന്റ് കൂടുമ്പോഴും ഒരാൾ വീതം മരിക്കുന്നു.
പൊതുവേ പറയാറുള്ളത്: ജനസംഖ്യ വർധിക്കുന്തോറും രോഗങ്ങളും വർധിക്കും. കൂടുതൽ ആളുകൾ രോഗികളാകാനും സാധ്യതയുണ്ട്.
വസ്തുത എന്താണ്? ലോകജനസംഖ്യയിൽ വലിയ വർധനവുണ്ടായിട്ടുണ്ട് എന്നുള്ളത് സത്യംതന്നെയാണ്. എന്നാൽ അതോടൊപ്പം രോഗങ്ങൾ കണ്ടുപിടിക്കാനും അത് നിയന്ത്രിക്കാനും ചികിത്സിക്കാനും ഒക്കെയുള്ള മനുഷ്യന്റെ പ്രാപ്തിയും കൂടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇതൊക്കെ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കേണ്ടതല്ലേ? പക്ഷേ സംഭവിക്കുന്നതോ നേരെ തിരിച്ചും.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഈ രോഗങ്ങളും പകർച്ചവ്യാധികളും ഒക്കെ ശരിക്കും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ?
ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും രോഗങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം താറുമാറാക്കിയിരിക്കുന്നു. ഇനി സഹമനുഷ്യരുടെ കൈയാൽ ലക്ഷക്കണക്കിന് ആളുകളാണ് കഷ്ടപ്പെടുന്നത്. സംരക്ഷിക്കേണ്ടവർ തന്നെയാണ് പലപ്പോഴും പീഡിപ്പിക്കുന്നത്. ഇതെക്കുറിച്ച് ബൈബിൾ പറയുന്ന പ്രവചനം ശ്രദ്ധിക്കാം.
[ആകർഷകവാക്യം]
“സിംഹംപോലുള്ള ഒരു കാട്ടുമൃഗത്തിന്റെ ആക്രമണത്തിൽ മരിക്കുന്നത് എത്ര ഭയാനകമാണ്. അതുപോലെയാണ് ഒരു രോഗാണു ശരീരത്തിനുള്ളിൽ കടന്ന് ഒരാളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതും.”—സാംക്രമികരോഗ ശാസ്ത്രജ്ഞനായ മൈക്കിൾ ഓസ്റ്റർഹോം.
[ചിത്രങ്ങൾക്ക് കടപ്പാട്]
© William Daniels/Panos Pictures
-
-
പ്രവചനം 4. സഹജസ്നേഹത്തിന്റെ കുറവ്വീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 4. സഹജസ്നേഹത്തിന്റെ കുറവ്
‘മനുഷ്യർ സഹജസ്നേഹമില്ലാത്തവരായിരിക്കും.’—2 തിമൊഥെയൊസ് 3:1-3.
● യു.കെ.-യിൽ ഗാർഹികപീഡനത്തിന് എതിരെ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ക്രിസ്. ക്രിസ് പറയുന്നു: “എനിക്ക് പരിചയമുള്ള ഒരു സ്ത്രീയെ ഈ അടുത്ത് ഞാൻ കണ്ടു. പൊതിരെ അടികൊണ്ട അവരെ കണ്ടിട്ട് തിരിച്ചറിയാൻപോലും കഴിഞ്ഞില്ല. . . . നമ്മുടെ മുഖത്തു നോക്കാൻ പോലും പറ്റാത്ത അത്രയ്ക്കു മനസ്സു തകർന്നവരാണ് പല സ്ത്രീകളും.”
കണക്കുകൾ കാണിക്കുന്നത്: ഒരു ആഫ്രിക്കൻ രാജ്യത്ത് സ്ത്രീകളിൽ മൂന്നിൽ ഒരാളെങ്കിലും അവരുടെ കുട്ടിക്കാലത്ത് ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. ആ രാജ്യത്തുതന്നെ നടന്ന ഒരു കണക്കെടുപ്പിൽനിന്ന് മനസ്സിലായത് ഇതാണ്: ഭാര്യയെ തല്ലുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായക്കാരാണ് പുരുഷന്മാരിൽ മൂന്നിലൊന്നിൽ കൂടുതൽ പേരും. എന്നാൽ സ്ത്രീകൾ മാത്രമല്ല വീടിനുള്ളിലെ അതിക്രമങ്ങൾക്ക് ഇരകളായിത്തീരുന്നത്. ഉദാഹരണത്തിന്, കാനഡയിൽ പത്തു പുരുഷന്മാരെ എടുത്താൽ അതിൽ മൂന്നു പേർക്കെങ്കിലും പങ്കാളിയിൽനിന്ന് ഉപദ്രവമോ അധിക്ഷേപമോ ഏൽക്കേണ്ടിവരുന്നുണ്ട്.
പൊതുവേ പറയാറുള്ളത്: വീട്ടിലെ അതിക്രമങ്ങൾ ഇപ്പോൾ മാത്രമല്ല മുമ്പും ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ മുമ്പെന്നത്തെക്കാളും അധികം അത് ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് മാത്രം.
വസ്തുത എന്താണ്? അടുത്ത കാലത്തായി വീടിന് അകത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. എന്നാൽ ഈ അറിവ് പ്രശ്നങ്ങൾ കുറച്ചിട്ടുണ്ടോ? ഇല്ല. ഒരു കുറവും വന്നിട്ടില്ല. ഇന്ന് പൊതുവേ ആളുകൾക്ക് സഹജസ്നേഹം തീരെ ഇല്ല, മനുഷ്യത്വം ഒട്ടുമില്ല.
നിങ്ങൾക്ക് എന്ത് തോന്നുന്നു? 2 തിമൊഥെയൊസ് 3:1-3-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അല്ലേ നമുക്കു ചുറ്റും നടക്കുന്നത്? സ്വാഭാവികമായി കുടുംബാംഗങ്ങളോടു തോന്നേണ്ട വാത്സല്യവും സ്നേഹവും ഒക്കെ ഇന്ന് മിക്കവർക്കും ഇല്ല എന്നുള്ളത് ഒരു സത്യമല്ലേ?
അഞ്ചാമത്തെ പ്രവചനം നമ്മൾ താമസിക്കുന്ന ഭൂമിയെക്കുറിച്ചുള്ളതാണ്. ബൈബിൾ അതെക്കുറിച്ച് എന്താണ് പറയുന്നത്?
[ആകർഷകവാക്യം]
“സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത അതിക്രൂരമായ അതിക്രമങ്ങളാണ് ഗാർഹിക പീഡനങ്ങൾ. ഒരു ശരാശരി കണക്കു പറയുന്നതനുസരിച്ച്, ഒരു സ്ത്രീ തനിക്കു നേരിടുന്ന അതിക്രമം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ് 35-ഓളം പ്രാവശ്യം തന്റെ പങ്കാളിയിൽനിന്ന് അതിക്രമം നേരിട്ടുണ്ട്.”—ഗാർഹിക പീഡനത്തിനെതിരെ പ്രവർത്തിക്കുന്ന യു.കെ.-യിലെ ഒരു വക്താവ്.
-
-
പ്രവചനം 5. ഭൂമിയെ നശിപ്പിക്കുന്നവരുടെ നാശംവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 5. ഭൂമിയെ നശിപ്പിക്കുന്നവരുടെ നാശം
‘ഭൂമിയെ നശിപ്പിക്കുന്നവരെ (ദൈവം) നശിപ്പിക്കും’—വെളിപാട് 11:18.
● നൈജീരിയയിലെ കപോർ എന്ന സ്ഥലത്ത് പന ചെത്തുന്ന ജോലി ചെയ്യുകയായിരുന്നു പിരെ. നൈജർ തുരുത്തിലുണ്ടായ വലിയ എണ്ണ ചോർച്ചയിൽ അദ്ദേഹത്തിന്റെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. പിരെ പറയുന്നു: “ആ എണ്ണ ചോർച്ച കാരണം മീനുകൾ ചത്തുപൊന്തി. ഞങ്ങൾക്ക് ചർമരോഗങ്ങൾ വരാൻ തുടങ്ങി. ഞങ്ങളുടെ തോടുകളും പുഴകളും നശിച്ചു. . . . എനിക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ലാതായി.”
കണക്കുകൾ കാണിക്കുന്നത്: 65 ലക്ഷം ടൺ മാലിന്യങ്ങളാണ് ലോകത്താകെ ഓരോ വർഷവും കടലിൽ എത്തുന്നത് എന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. അതിൽ പകുതിയോളം പ്ലാസ്റ്റിക് വസ്തുക്കളാണ്. അത് കടലിൽ ഒഴുകി നടക്കും, നൂറുകണക്കിനു വർഷമെടുക്കും ഇതുപോലുള്ള വസ്തുക്കൾ ജീർണിച്ചുപോകാൻ. ഭൂമിയെ നശിപ്പിക്കുന്നതോടൊപ്പം അപകടകരമായ വിധത്തിൽ അതിന്റെ വിഭവങ്ങളും മനുഷ്യർ തീർത്തുകൊണ്ടിരിക്കുകയാണ്. ഒരു വർഷംകൊണ്ട് മനുഷ്യർ ഉപയോഗിക്കുന്ന വിഭവങ്ങൾ ഉത്പാദിപ്പിച്ചെടുക്കാൻ ഭൂമി ഏതാണ്ട് ഒന്നര വർഷമെടുക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. “ജനസംഖ്യയും വിഭവങ്ങളുടെ ഉപയോഗവും ഇതേ വിധത്തിൽ തുടർന്നാൽ 2035 ആകുമ്പോഴെക്കും നമുക്ക് രണ്ടു ഭൂമി വേണ്ടിവരും” എന്ന് ഓസ്ട്രേലിയൻ ദിനപ്പത്രമായ സിഡ്നി മോർണിങ് ഹെറാൾഡ് പറയുന്നു.
പൊതുവേ പറയാറുള്ളത്: എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും അതെല്ലാം പരിഹരിക്കാനുള്ള ബുദ്ധി മനുഷ്യർക്കുണ്ട്. ഓരോന്നും പരിഹരിച്ച് ഭൂമിയെ സംരക്ഷിക്കാൻ അവർക്കു കഴിയും.
വസ്തുത എന്താണ്? പരിസ്ഥിതിപ്രശ്നത്തിന്റെ ഗൗരവം ആളുകളെ ബോധ്യപ്പെടുത്താൻ കഠിനാധ്വാനികളായ പല വ്യക്തികളും കൂട്ടങ്ങളും ഇന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഭൂമി ഇപ്പോഴും വലിയ അളവിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങൾക്ക് എന്തു തോന്നുന്നു? നമ്മുടെ ഈ ഗ്രഹം നശിച്ചുപോകാതെ സംരക്ഷിക്കാൻവേണ്ടി ദൈവം ഇടപെടണമെന്ന് തോന്നുന്നില്ലേ? അതെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം അറിയാമോ?
അവസാനകാലത്ത് നടക്കുന്ന അഞ്ചു പ്രവചനങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കി. സന്തോഷകരമായ ചില കാര്യങ്ങൾകൂടി നടക്കാനുണ്ടെന്ന് ബൈബിൾ മുൻകൂട്ടിപ്പറയുന്നു. അത് ആറാമത്തെ പ്രവചനത്തിൽ ഉണ്ട്. അതിന് ഒരു ഉദാഹരണം നമുക്കു കാണാം.
[ആകർഷകവാക്യം]
“പറുദീസയുടെ ഒരു കഷണം സ്വന്തമാക്കാമെന്ന് വിചാരിച്ച് ഞാൻ വാങ്ങിയത് വിഷമാലിന്യങ്ങൾ കുന്നുകൂട്ടിയിരിക്കുന്ന ഒരിടമാണ്.”—എറിൻ ടാമ്പർ, യു. എസ്. ഗൾഫ് തീരത്ത് താമസിക്കുന്ന ഒരാൾ. 2010-ൽ മെക്സിക്കോ ഗൾഫ് കടലിടുക്കിൽ ഉണ്ടായ എണ്ണ ചോർച്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം.
[ചതുരം]
ദൈവം ആണോ ഉത്തരവാദി?
ഇക്കാലത്ത് മോശമായ കാര്യങ്ങൾ നടക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ, അതിനർഥം ദൈവമാണ് ഇതിനെല്ലാം ഉത്തരവാദി എന്നാണോ? കഷ്ടപ്പാടുകൾ വരുത്തുന്നത് ദൈവമാണോ? ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം പാഠത്തിൽ കാണാം.
[ചിത്രത്തിനു കടപ്പാട്]
U.S. Coast Guard photo
-
-
പ്രവചനം 6. ലോകമെങ്ങുമായി നടക്കുന്ന പ്രസംഗപ്രവർത്തനംവീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
പ്രവചനം 6. ലോകമെങ്ങുമായി നടക്കുന്ന പ്രസംഗപ്രവർത്തനം
“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.”—മത്തായി 24:14.
● പസിഫിക് സമുദ്രത്തിലെ റ്റ്യുഎമോട്ടു ദ്വീപസമൂഹങ്ങളിലൊന്നിലാണ് വയറ്റിയോ താമസിക്കുന്നത്. 80 ദ്വീപസമൂഹങ്ങൾ ചേർന്ന് കിടക്കുന്നതാണ് റ്റ്യുഎമോട്ടു. 8,02,900 ചതുരശ്രകിലോമീറ്ററാണ് അതിന്റെ വിസ്തീർണം. അവിടെ വെറും 16,000-ത്തോളം ആളുകളേ താമസിക്കുന്നുള്ളൂ. എന്നാൽ ഈ ഒറ്റപ്പെട്ട ദ്വീപസമൂഹത്തിൽപ്പോലും യഹോവയുടെ സാക്ഷികൾ വന്നിട്ടുണ്ട്. എന്തിനാണ് അവർ ഈ ഒറ്റപ്പെട്ട സ്ഥലത്തുപോലും വന്നത്? ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുന്നതിനുവേണ്ടി. ആളുകൾ എവിടെ താമസിച്ചാലും യഹോവയുടെ സാക്ഷികൾ ഈ സന്ദേശവുമായി അവിടെ എത്തും.
കണക്കുകൾ കാണിക്കുന്നത്: ലോകത്തിന്റെ എല്ലാ കോണിലും ദൈവരാജ്യസന്ദേശം എത്തുന്നു. യഹോവയുടെ സാക്ഷികൾ 2010-ൽ മാത്രം 236 ദേശങ്ങളിലായി 160 കോടിയിലധികം മണിക്കൂറാണ് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി ചെലവഴിച്ചിരിക്കുന്നത്. ഒരു ശരാശരി കണക്കെടുത്താൽ ഓരോ ദിവസവും ഓരോ യഹോവയുടെ സാക്ഷിയും അരമണിക്കൂർ സമയം ഇതിനുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളിൽ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള 2,000 കോടിയിലധികം പ്രസിദ്ധീകരണങ്ങളാണ് അവർ ഉത്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്തിട്ടുള്ളത്.
പൊതുവേ പറയാറുള്ളത്: ബൈബിളിലെ സന്ദേശം ആയിരക്കണക്കിന് വർഷങ്ങളായില്ലേ പ്രസംഗിക്കുന്നു?
വസ്തുത എന്താണ്? ശരിയാണ്. ബൈബിളിലെ സന്ദേശത്തെക്കുറിച്ച് ആയിരക്കണക്കിന് വർഷങ്ങളായി പ്രസംഗിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ഏതെങ്കിലും ഒരു പ്രദേശത്ത് കുറച്ചു കാലം മാത്രം ചെയ്തിട്ടുള്ളതാണ്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി യഹോവയുടെ സാക്ഷികൾ സംഘടിതമായ വിധത്തിൽ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളോട് ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കുന്നു. മനുഷ്യചരിത്രത്തിലെ ക്രൂരതയ്ക്കു പേരുകേട്ട പല സംഘടനകളും അവരെ അടിച്ചമർത്താൻ നോക്കിയിട്ടുണ്ട്. അവർ ഈ എതിർപ്പിനെയെല്ലാം അതിജീവിച്ച് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചിരിക്കുന്നു.a (മർക്കോസ് 13:13) ശമ്പളം വാങ്ങിക്കൊണ്ടല്ല യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനം നടത്തുന്നത്. പ്രസംഗപ്രവർത്തനം നടത്താൻ ആരും അവരെ നിർബന്ധിക്കുന്നുമില്ല. ഇനി അവർ പ്രസിദ്ധീകരണങ്ങൾ സൗജന്യമായും കൊടുക്കുന്നു. ഓരോരുത്തരും സ്വമനസ്സാലെ കൊടുക്കുന്ന സംഭാവനകളാലാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത്.
നിങ്ങൾക്ക് എന്ത് തോന്നുന്നു? “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത” ലോകമെങ്ങും പ്രസംഗിക്കപ്പെടുന്നില്ലേ? സന്തോഷമുള്ള കാലമാണ് മുന്നിലുള്ളത് എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്?
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്കായി “പരിശോധനകളിൻമധ്യേ വിശ്വസ്തർ, പർപ്പിൾ ട്രയാങ്കിൾ” (ഇംഗ്ലീഷ്) “യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു” (ഇംഗ്ലീഷ്) യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ ഈ രണ്ടു വിഡീയോ ഡോക്യുമെന്ററികൾ കാണുക.
[ആകർഷകവാക്യം]
“യഹോവ അനുവദിക്കുന്നിടത്തോളം കാലം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ നാം തുടരും. ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാനുള്ള എല്ലാ മാർഗങ്ങളും നമ്മൾ പ്രയോജനപ്പെടുത്തും.”—യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2010.
-
-
നല്ല കാലം തൊട്ടുമുന്നിൽ!വീക്ഷാഗോപുരം: കൺമുന്നിൽ നടക്കുന്ന 6 ബൈബിൾ പ്രവചനങ്ങൾ
-
-
നല്ല കാലം തൊട്ടുമുന്നിൽ!
“കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമി കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
ബൈബിളിലെ ഈ പ്രവചനം നടന്നുകാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാകും. അതു നടക്കുമെന്ന് നമുക്ക് വിശ്വസിക്കാൻ ധാരാളം കാരണങ്ങളുണ്ട്.
നമ്മൾ ‘അവസാനകാലത്താണ്’ ജീവിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് മുൻലേഖനങ്ങളിൽ കണ്ടു. (2 തിമൊഥെയൊസ് 3: 1-5) നമുക്ക് പ്രത്യാശ തരാനായി ഈ കാര്യങ്ങൾ മുൻകൂട്ടി എഴുതാൻ ദൈവം ബൈബിൾ എഴുത്തുകാരെ പ്രചോദിപ്പിച്ചു. (റോമർ 15:4) ബൈബിളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ ഇപ്പോൾ നടക്കുന്നത് കാണുമ്പോൾ ഒരു കാര്യം നമുക്ക് ഉറപ്പാകും. ഇപ്പോൾ നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പെട്ടെന്നുതന്നെ ഇല്ലാതാകും.
അവസാനകാലത്തിനു ശേഷം എന്തു സംഭവിക്കും? ദൈവത്തിന്റെ രാജ്യം മനുഷ്യരെ ഭരിക്കും. (മത്തായി 6:9, 10) ആ സമയത്തെ ഭൂമിയിലെ അവസ്ഥ എന്തായിരിക്കുമെന്ന് ബൈബിൾ പറയുന്നത് ശ്രദ്ധിക്കൂ:
● ആരും വിശന്നിരിക്കില്ല.“ഭൂമിയിൽ ധാന്യം സുലഭമായിരിക്കും; മലമുകളിൽ അതു നിറഞ്ഞുകവിയും.”—സങ്കീർത്തനം 72:16
● ആർക്കും രോഗമുണ്ടായിരിക്കില്ല.“‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.”—യശയ്യ 33:24.
● ഭൂമി പുതുതാക്കപ്പെടും.“വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും, മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.”—യശയ്യ 35:1.
തൊട്ടടുത്ത ഭാവിയിൽ നടക്കാൻ പോകുന്ന ഏതാനും ചില ബൈബിൾ പ്രവചനങ്ങൾ മാത്രമാണ് ഇവ. ഉടനെതന്നെ നല്ല ഒരു കാലം വരുമെന്ന് യഹോവയുടെ സാക്ഷികൾ ഉറച്ച് വിശ്വസിക്കുന്നതിന്റെ കാരണം എന്താണെന്ന് ദയവായി അവരോടു ചോദിച്ച് മനസ്സിലാക്കൂ.
-