-
പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .വീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 3
-
-
മുഖ്യലേഖനം
പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
“കരയേണ്ട മോളേ. . . . ഒക്കെ ദൈവത്തിന്റെ ഇഷ്ടമാണ്; എല്ലാം നല്ലതിനുവേണ്ടിയാ.”
പപ്പയുടെ ശവസംസ്കാരസമയത്ത് മകളായ ബെബിയുടെ കാതിൽ ഒരാൾ പറഞ്ഞ വാക്കുകളാണ് ഇവ. ഒരു കാറപകടത്തിലാണു ബെബിയുടെ പപ്പ മരിച്ചത്.
ബെബിയും പപ്പയും ഉറ്റ സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് കുടുംബസുഹൃത്തിന്റെ ആ വാക്കുകൾ ബെബിയെ ആശ്വസിപ്പിക്കുകയല്ല, കൂടുതൽ വേദനിപ്പിക്കുകയാണു ചെയ്തത്. ബെബി തന്നോടുതന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അല്ല, പപ്പയുടെ മരണം ഒരിക്കലും നല്ലതിനുവേണ്ടിയല്ല.” വർഷങ്ങൾക്കു ശേഷം ബെബി ഈ സംഭവത്തെക്കുറിച്ച് ഒരു പുസ്തകത്തിൽ എഴുതി. ബെബിയുടെ വാക്കുകളിൽ അപ്പോഴും ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.
ബെബിയുടെ അനുഭവം കാണിക്കുന്നതുപോലെ, വേർപാടിന്റെ വേദന മറക്കാൻ കാലങ്ങൾ എടുത്തേക്കാം. പ്രത്യേകിച്ച്, മരിച്ചതു നമുക്കു വേണ്ടപ്പെട്ട ഒരാളാണെങ്കിൽ. മരണത്തെ ബൈബിൾ “അവസാന ശത്രു” എന്നു വിളിക്കുന്നത് എത്ര ശരിയാണ്! (1 കൊരിന്ത്യർ 15:26) അനുവാദമില്ലാതെ അതു നമ്മുടെ ജീവിതത്തിലേക്കു കടന്നുവരും; അതിനെ തടയാൻ നമുക്കു കഴിയില്ല. പ്രിയപ്പെട്ടവരെ അതു നമ്മളിൽനിന്ന് തട്ടിയെടുക്കും. ഇന്നല്ലെങ്കിൽ നാളെ ആ വേദന എല്ലാ മനുഷ്യരെയും പിടികൂടും. അതുകൊണ്ട്, ഉറ്റവരുടെ മരണവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ നമുക്കു നിസ്സഹായാവസ്ഥ തോന്നുന്നതിൽ അതിശയിക്കാനില്ല.
ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും: ‘വേർപാടിന്റെ വേദന മറക്കാൻ എത്ര നാൾ വേണ്ടിവരും? ആ വേദനയുമായി പൊരുത്തപ്പെടാൻ എങ്ങനെ സാധിക്കും? ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാൻ എനിക്ക് എങ്ങനെ കഴിയും? മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?’ (w16-E No. 3)
-
-
ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?വീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 3
-
-
മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖിക്കുന്നതിൽ തെറ്റുണ്ടോ?
നിങ്ങൾക്ക് എന്നെങ്കിലും പനിയോ തലവേദനയോ വന്നിട്ടുണ്ടോ? അതു പെട്ടെന്നു മാറിയതുകൊണ്ട് ആ സംഭവംപോലും നിങ്ങൾ ഇപ്പോൾ ഓർക്കുന്നില്ലായിരിക്കും. പക്ഷേ വേർപാടിന്റെ വേദന അങ്ങനെയല്ല. വിരഹദുഃഖം പേറുന്ന ഇണയ്ക്ക് ആശ്വാസം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡോക്ടർ അലൻ വുൾഫെൽറ്റ് എഴുതി: “വേർപാടിന്റെ വേദന എന്നെന്നേക്കുമായി പിഴുതെറിയാൻ കഴിയില്ല.” പക്ഷേ അദ്ദേഹം പറയുന്നു: “കാലം കടന്നുപോകുമ്പോൾ, മറ്റുള്ളവരുടെ സഹായത്താൽ മെല്ലെമെല്ലെ ആ വേദനയുടെ തീവ്രത കുറയും.”
ഭാര്യയായ സാറ മരിച്ചപ്പോൾ ജൂതന്മാരുടെ പൂർവികനായ അബ്രാഹാമിന്റെ വികാരം എന്തായിരുന്നുവെന്നു നോക്കുക. “അബ്രാഹാം സാറയെക്കുറിച്ച് വിലപിച്ച് കരയാൻതുടങ്ങി” എന്നാണു ബൈബിളിന്റെ മൂലഭാഷാന്തരത്തിൽ എഴുതിയിരിക്കുന്നത്. “തുടങ്ങി” എന്ന പ്രയോഗം അബ്രാഹാമിന്റെ ദുഃഖം മാറാൻ കുറച്ച് കാലം എടുത്തു എന്നു കാണിക്കുന്നു.a യാക്കോബിനും സമാനമായ ഒരു അനുഭവം ഉണ്ടായി. മകനായ യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നു എന്നു തെറ്റിദ്ധരിച്ച യാക്കോബ് “ഏറിയനാൾ” ദുഃഖിച്ചുകരഞ്ഞു. കുടുംബാംഗങ്ങൾക്കും യാക്കോബിനെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. വർഷം ഏറെ കഴിഞ്ഞിട്ടും ആ വേദനയുടെ തീ യാക്കോബിന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടിരുന്നു.—ഉൽപത്തി 23:2; 37:34, 35; 42:36; 45:28.
പ്രിയഭാര്യയായ സാറ മരിച്ചപ്പോൾ അബ്രാഹാം വിലപിച്ചു
ഉറ്റവരുടെ വേർപാടിൽ വിലപിക്കുന്ന പലരുടെയും കാര്യത്തിൽ ഇന്നും ഇതു സത്യമാണ്. രണ്ടു പേരുടെ അനുഭവം നമുക്കു നോക്കാം.
“2008 ജൂലൈ 9-നാണ് എന്റെ ഭർത്താവ് റോബർട്ട് ഒരു അപകടത്തിൽ മരിച്ചത്. എന്നത്തെയുംപോലെയായിരുന്നു അന്നും. രാവിലത്തെ ഭക്ഷണം കഴിച്ചു; പിന്നെ പോകുന്നതിനുമുമ്പ് പതിവുപോലെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു; ‘ഐ ലവ് യൂ’ എന്നും പറഞ്ഞു. ചേട്ടൻ മരിച്ചിട്ട് ആറു വർഷം കഴിഞ്ഞു. പക്ഷേ ആ വേദന ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്; ആ ദുഃഖം ഒരിക്കലും എന്നെ വിട്ടുപോകുമെന്നു തോന്നുന്നില്ല.”—ഗെയ്ൽ, വയസ്സ് 60.
“എന്റെ പ്രിയഭാര്യയെ എനിക്കു നഷ്ടപ്പെട്ടിട്ട് 18 വർഷം കഴിഞ്ഞു. പക്ഷേ ഇപ്പോഴും അവളില്ലാത്തതിന്റെ സങ്കടം എനിക്കു തോന്നാറുണ്ട്. പ്രകൃതിഭംഗിയൊക്കെ കാണുമ്പോൾ ഞാൻ അവളെക്കുറിച്ച് ഓർക്കും. അവളുണ്ടായിരുന്നെങ്കിൽ അവൾക്ക് ഇതൊക്കെ കണ്ടാസ്വദിക്കാമായിരുന്നല്ലോ എന്നു ഞാൻ ചിന്തിച്ചുപോകും.”—ഏയ്റ്റൻ, വയസ്സ് 84.
അതെ, വേദനാനിർഭരവും നീണ്ടുനിൽക്കുന്നതും ആയ ഇത്തരം വികാരങ്ങൾ സ്വാഭാവികം മാത്രമാണ്. ഓരോ വ്യക്തിയും ദുഃഖം പ്രകടിപ്പിക്കുന്നത് ഓരോ വിധത്തിലാണ്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ പ്രതികരിക്കുന്ന വിധത്തെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഉറ്റവർ മരിക്കുമ്പോൾ നമ്മുടെ ദുഃഖം അതിരുകടന്നുപോകുന്നതായി തോന്നുന്നെങ്കിൽ നമ്മളെത്തന്നെ കുറ്റപ്പെടുത്തുന്നതും ഒഴിവാക്കേണ്ടതുണ്ട്. വേർപാടിന്റെ വേദനയുമായി നമുക്ക് എങ്ങനെ പൊരുത്തപ്പെടാം? (w16-E No. 3)
a അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനും കുറെ കാലം വേർപാടിന്റെ വേദന അനുഭവിക്കേണ്ടിവന്നു. അമ്മയായ സാറ മരിച്ച് മൂന്നു വർഷം കഴിഞ്ഞിട്ടും ആ ദുഃഖം യിസ്ഹാക്കിനെ വിട്ടുമാറിയില്ല.—ഉൽപത്തി 24:67.
-
-
ദുഃഖവുമായി പൊരുത്തപ്പെടാൻവീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 3
-
-
മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖവുമായി പൊരുത്തപ്പെടാൻ
ഈ വിഷയത്തിൽ ഉപദേശങ്ങൾക്ക് ഒരു പഞ്ഞവുമില്ല. പക്ഷേ പലതും പ്രയോജനം ചെയ്യുന്നതല്ല. ഉദാഹരണത്തിന്, നിങ്ങൾ കരയുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യരുത് എന്നായിരിക്കാം ചിലർ പറയുന്നത്. ഇനി മറ്റു ചിലർ, നിങ്ങളുടെ വികാരങ്ങളെല്ലാം തുറന്ന് പ്രകടിപ്പിക്കാൻ നിർബന്ധിച്ചേക്കാം. ഇക്കാര്യത്തിൽ സമനിലയുള്ള ഒരു നിലപാടാണു ബൈബിളിനുള്ളത്. ആ വീക്ഷണത്തെ ആധുനികപഠനങ്ങളും ശരിവെക്കുന്നു.
കരയുന്നതു പുരുഷന്മാർക്കു ചേർന്നതല്ല എന്നാണു ചില സംസ്കാരങ്ങളിലുള്ളവർ കരുതുന്നത്. പരസ്യമായോ രഹസ്യമായോ ആകട്ടെ, കരയുന്നതു ശരിക്കും നാണക്കേടാണോ? ദുഃഖം തോന്നുന്ന ഒരു വ്യക്തി കരയുന്നതു സ്വാഭാവികമാണെന്നാണു മാനസികാരോഗ്യവിദഗ്ധർ പറയുന്നത്. ദുഃഖം പ്രകടിപ്പിക്കുന്നതുകൊണ്ട് ഗുണമുണ്ട്. നിങ്ങളുടെ നഷ്ടം എത്ര വലുതാണെങ്കിലും കാലാന്തരത്തിൽ ജീവിതവുമായി മുന്നോട്ടുപോകാൻ അതു നിങ്ങളെ സഹായിക്കും. ദുഃഖം അടക്കിവെക്കുന്നതു ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. കരയുന്നതു തെറ്റാണെന്നോ പുരുഷന്മാർക്കു ചേരാത്തതാണെന്നോ ഉള്ള ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ല. യേശുവിന്റെ കാര്യം നോക്കുക. മരിച്ചവരെ ജീവനിലേക്കു കൊണ്ടുവരാനുള്ള പ്രാപ്തിയുണ്ടായിരുന്നിട്ടുപോലും പ്രിയസുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശു പരസ്യമായി കരഞ്ഞു.—യോഹന്നാൻ 11:33-35.
ഉറ്റവർ അപ്രതീക്ഷിതമായി മരണമടയുമ്പോൾ ദുഃഖം കാരണം ചിലർ, നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കുപോലും കോപിച്ചേക്കാം. കോപിക്കാൻ പല കാരണങ്ങൾ കണ്ടേക്കാം. ഉദാഹരണത്തിന്, അവർ ആദരിക്കുന്ന വ്യക്തികൾ ഒട്ടും ചിന്തിക്കാതെ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുമ്പോൾ ഉറ്റവരെ നഷ്ടപ്പെട്ട ചിലർക്കു കോപം അടക്കാനാകില്ല. സൗത്ത് ആഫ്രിക്കക്കാരനായ മൈക്ക് പറയുന്നു: “പപ്പ മരിക്കുമ്പോൾ എനിക്ക് 14 വയസ്സേ ഉള്ളൂ. ശവസംസ്കാരച്ചടങ്ങിനിടെ ഒരു ആംഗ്ലിക്കൻ മതശുശ്രൂഷകൻ പറഞ്ഞത്, ദൈവത്തിനു നല്ലവരെ ആവശ്യമുണ്ടെന്നും അവരെ പെട്ടെന്നു വിളിക്കുമെന്നും ആണ്.a അതു കേട്ടപ്പോൾ എനിക്കു വല്ലാത്ത ദേഷ്യം തോന്നി. കാരണം, പപ്പയില്ലാത്ത ജീവിതത്തെക്കുറിച്ച് ഞങ്ങൾക്കു ചിന്തിക്കാനാകുമായിരുന്നില്ല. 63 വർഷത്തിനു ശേഷം ഇപ്പോഴും ആ വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു.”
ചിലർക്കു വല്ലാത്ത കുറ്റബോധമായിരിക്കും തോന്നുന്നത്, പ്രത്യേകിച്ച് പ്രിയപ്പെട്ടവർ അപ്രതീക്ഷിതമായി മരിക്കുമ്പോൾ. ‘ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അല്ലെങ്കിൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ, ഏറ്റവും ഒടുവിൽ നിങ്ങൾ ആ വ്യക്തിയുമായി സംസാരിച്ചപ്പോൾ വഴക്കോ വാക്കുതർക്കമോ ഉണ്ടായിട്ടുണ്ടാകാം. ഇതു നിങ്ങളുടെ കുറ്റബോധത്തിന്റെ ആഴം കൂട്ടും.
കുറ്റബോധമോ ദേഷ്യമോ തോന്നുന്നുണ്ടെങ്കിൽ അതു കടിച്ചമർത്തരുത്. പകരം നിങ്ങളെ ശ്രദ്ധിക്കാൻ ഒരുക്കമുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുക. ഉറ്റവരെ നഷ്ടപ്പെട്ടവർക്കു കുറ്റബോധവും ദേഷ്യവും തോന്നുന്നതു സ്വാഭാവികമാണെന്നു പറഞ്ഞ് ആ സുഹൃത്ത് നിങ്ങളെ ആശ്വസിപ്പിച്ചേക്കും. ബൈബിൾ പറയുന്നു: “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.”—സദൃശവാക്യങ്ങൾ 17:17.
ദുഃഖിക്കുന്ന ഒരു വ്യക്തിക്കു കിട്ടാവുന്നതിലുംവെച്ച് ഏറ്റവും നല്ല സുഹൃത്താണു നമ്മുടെ സ്രഷ്ടാവും ദൈവവും ആയ യഹോവ. ആ ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുക. കാരണം, ദൈവം ‘നിങ്ങളെക്കുറിച്ച് കരുതലുള്ളവനാണ്.’ (1 പത്രോസ് 5:7) പ്രാർഥിക്കുന്നെങ്കിൽ, “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നിങ്ങളുടെ വികാരവിചാരങ്ങളെ ശാന്തമാക്കുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. (ഫിലിപ്പിയർ 4:6, 7) ദൈവവചനമായ ബൈബിളിലെ ആശ്വാസവാക്കുകളും നിങ്ങളുടെ മനസ്സിനെ സാന്ത്വനപ്പെടുത്തും. അങ്ങനെയുള്ള തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. (ഈ ലേഖനത്തോടൊപ്പമുള്ള ചതുരം കാണുക.) അവയിൽ ചിലതു കാണാതെ പഠിക്കുന്നതും ഗുണം ചെയ്തേക്കാം. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, ഉറക്കം വരാത്ത രാത്രികളിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ നിങ്ങളെ സഹായിക്കും.—യശയ്യ 57:15.
40-കാരനായ ഒരാളുടെ അനുഭവം നോക്കാം. നമുക്ക് അദ്ദേഹത്തെ ജാക്ക് എന്നു വിളിക്കാം. ക്യാൻസർ വന്ന് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ട് അധികനാളായിട്ടില്ല. പലപ്പോഴും വല്ലാത്ത ഏകാന്തത തോന്നാറുണ്ടെന്നു ജാക്ക് പറയുന്നു. പക്ഷേ പ്രാർഥന അദ്ദേഹത്തെ ഒരുപാടു സഹായിച്ചു. ജാക്ക് പറയുന്നു: “യഹോവയോടു പ്രാർഥിക്കുമ്പോൾ, ഒറ്റയ്ക്കാണെന്ന തോന്നലൊക്കെ ഇല്ലാതാകും. പല രാത്രികളിലും ഉറക്കമുണർന്നാൽപ്പിന്നെ ഉറങ്ങാൻ പറ്റാറില്ല. അപ്പോഴൊക്കെ ഞാൻ ബൈബിളിലെ ആശ്വാസകരമായ വാക്യങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യും; പിന്നെ മനസ്സു തുറന്ന് പ്രാർഥിക്കും. അപ്പോൾ എനിക്കു ശാന്തതയും സമാധാനവും ലഭിക്കും. മനസ്സും ഹൃദയവും സ്വസ്ഥമാകുന്നതോടെ എനിക്കു വീണ്ടും ഉറങ്ങാൻ കഴിയും.”
വനേസ എന്ന യുവതിയും പ്രാർഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞു. ഒരു രോഗം വന്നാണു വനേസയുടെ അമ്മ മരിച്ചത്. വനേസ പറയുന്നു: “എനിക്കു വലിയ വിഷമം തോന്നുമ്പോൾ ഞാൻ ദൈവത്തിന്റെ പേര് വിളിച്ച് പ്രാർഥിച്ച് കരയുമായിരുന്നു. യഹോവ എപ്പോഴും എന്റെ പ്രാർഥനകൾ കേട്ട് എനിക്കു പിടിച്ചുനിൽക്കാൻ വേണ്ട ശക്തി തന്നു.”
മറ്റുള്ളവരെ സഹായിക്കുന്നതും ഏതെങ്കിലും സാമൂഹികസേവനത്തിൽ ഏർപ്പെടുന്നതും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന കുറയ്ക്കുമെന്നാണു ചില ഉപദേശകർ പറയുന്നത്. ദുഃഖഭാരം കുറയ്ക്കാനും സന്തോഷം വീണ്ടെടുക്കാനും ഉള്ള നല്ലൊരു മാർഗമാണ് അത്. (പ്രവൃത്തികൾ 20:35) മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്നതു മനസ്സിന് ആശ്വാസം തരുമെന്നു ദുഃഖിതരായിരുന്ന പല ക്രിസ്ത്യാനികളും തിരിച്ചറിഞ്ഞിട്ടുണ്ട്.—2 കൊരിന്ത്യർ 1:3, 4. (w16-E No. 3)
a ഇതൊരു ബൈബിൾപഠിപ്പിക്കലല്ല. മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനു ബൈബിൾ മൂന്നു കാരണങ്ങൾ പറയുന്നു.—സഭാപ്രസംഗി 9:11; യോഹന്നാൻ 8:44; റോമർ 5:12.
-
-
ദുഃഖിതരെ ആശ്വസിപ്പിക്കാൻവീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 3
-
-
മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
ദുഃഖിതരെ ആശ്വസിപ്പിക്കാൻ
നിങ്ങൾക്ക് അടുപ്പമുള്ള ഒരാൾ ഉറ്റവരുടെ വേർപാടിൽ ദുഃഖിക്കുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ടോ? എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ നിങ്ങൾക്ക് അറിയില്ലായിരിക്കും. പക്ഷേ അത്തരം സാഹചര്യങ്ങളിൽ നമുക്കു പലതും ചെയ്യാനുണ്ട്.
നിങ്ങൾ അവിടെ ചെന്ന് അവരെ കാണുന്നതുതന്നെ അവർക്കു വലിയ ആശ്വാസമായിരിക്കും. “എനിക്കും വിഷമമുണ്ട്” എന്നോ മറ്റോ അവരോടു പറയാനാകും. പല സംസ്കാരങ്ങളിലും, ആലിംഗനം ചെയ്യുന്നതോ കൈയിൽ ഒന്നു മൃദുവായി പിടിക്കുന്നതോ ഒക്കെ മതിയാകും ആ വ്യക്തിയോടുള്ള സ്നേഹം കാണിക്കാൻ. അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സഹാനുഭൂതിയോടെ ശ്രദ്ധിച്ചുകേൾക്കുക. അവർക്ക് ആ സമയത്ത് ആവശ്യമായ എന്തെങ്കിലും ചെയ്തുകൊടുക്കാനായാൽ അതു വലിയൊരു കാര്യമായിരിക്കും. ഉദാഹരണത്തിന്, അവർ ആഗ്രഹിക്കുന്നെങ്കിൽ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാനോ ഭക്ഷണം ഉണ്ടാക്കാനോ കുട്ടികളെ നോക്കാനോ നിങ്ങൾക്കു സാധിക്കും. തിരഞ്ഞെടുത്ത ചില വാക്കുകളെക്കാൾ അവരുടെ ഹൃദയങ്ങളെ സ്പർശിക്കുന്നത് അത്തരം സ്നേഹപ്രവൃത്തികളായിരിക്കും.
പിന്നീട് അവസരം കിട്ടുമ്പോൾ, മരിച്ചുപോയ വ്യക്തിയെക്കുറിച്ചുള്ള നല്ലനല്ല കാര്യങ്ങൾ പറയുന്നത് അവരെ ആശ്വസിപ്പിക്കും. ഉദാഹരണത്തിന്, ആ വ്യക്തിയുടെ നല്ല ഗുണങ്ങളെക്കുറിച്ചും അയാളോടൊപ്പം ചെലവഴിച്ച സന്തോഷകരമായ സമയങ്ങളെക്കുറിച്ചും നിങ്ങൾ പറയുമ്പോൾ, ദുഃഖം നിറഞ്ഞ ആ മുഖത്ത് പുഞ്ചിരി വിടർന്നേക്കാം. ഭർത്താവായ ഇയ്യാനെ ആറു വർഷം മുമ്പ് നഷ്ടപ്പെട്ട പാം പറയുന്നു: “എനിക്ക് അറിയില്ലാത്ത പല നല്ല കാര്യങ്ങളും ആളുകൾ ഇയ്യാനെക്കുറിച്ച് പറയുന്നതു കേൾക്കുമ്പോൾ എനിക്ക് ഒരുപാടു സന്തോഷം തോന്നും.”
ദുഃഖിതരെ ആശ്വസിപ്പിക്കാൻ തുടക്കത്തിൽ സുഹൃത്തുക്കൾ പലതും ചെയ്തേക്കാമെങ്കിലും ജീവിതത്തിരക്കുകൾ കാരണം, അവരെ സഹായിക്കുന്ന കാര്യം സുഹൃത്തുക്കൾ പെട്ടെന്നുതന്നെ മറന്നുപോകാറുണ്ടെന്നു ഗവേഷകർ പറയുന്നു. അതുകൊണ്ട്, ദുഃഖിച്ചുകഴിയുന്ന ഒരു സുഹൃത്തിനോടു പതിവായി സംസാരിക്കാൻ പ്രത്യേകശ്രമം ചെയ്യുക.a കാലങ്ങളായുള്ള ദുഃഖത്തിൽനിന്ന് കരകയറാൻ സുഹൃത്തുക്കളുമായുള്ള സംഭാഷണം സഹായിച്ചിട്ടുണ്ടെന്നു പലരും അഭിപ്രായപ്പെടുന്നു.
ജപ്പാനിലുള്ള കാവോരി എന്ന യുവതിക്ക് ആദ്യം അമ്മയെയും 15 മാസത്തിനു ശേഷം ചേച്ചിയെയും മരണത്തിൽ നഷ്ടമായി. കാവോരി ആകെ തകർന്നുപോയി. ആ സമയംമുതൽ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച നിലയ്ക്കാത്ത സഹായത്തെക്കുറിച്ച് കാവോരി നന്ദിയോടെ ഓർക്കുന്നു. കാവോരിയെക്കാൾ ഒരുപാടു പ്രായക്കൂടുതലുള്ള റിറ്റ്സുകോ കാവോരിയുടെ ഉറ്റ സുഹൃത്തായിത്തീർന്നു. കാവോരി പറയുന്നു: “സത്യം പറഞ്ഞാൽ, ആദ്യം എനിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. മറ്റാരെയും എനിക്ക് എന്റെ അമ്മയെപ്പോലെ കാണാൻ കഴിയുമായിരുന്നില്ല; ആരും ആ സ്ഥാനം ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പക്ഷേ റിറ്റ്സുകോ മമ്മി എന്നോടു കാണിച്ച സ്നേഹം, അത് എന്നെ വല്ലാതെ സ്പർശിച്ചു. പതുക്കെപ്പതുക്കെ ഞങ്ങൾ തമ്മിൽ അടുത്തു. എല്ലാ ആഴ്ചയും ഞങ്ങൾ ഒരുമിച്ച് സുവിശേഷപ്രവർത്തനത്തിനും ക്രിസ്തീയയോഗങ്ങൾക്കും പോകാൻതുടങ്ങി. അതുപോലെ, റിറ്റ്സുകോ മമ്മി എന്നെ പല തവണ ചായ കുടിക്കാൻ ക്ഷണിച്ചു, എനിക്കു ഭക്ഷണം കൊണ്ടുവന്നുതന്നു, പലപ്പോഴും എനിക്കു കാർഡുകളും കത്തുകളും അയച്ചു. റിറ്റ്സുകോ മമ്മിയുടെ നല്ല പെരുമാറ്റം എന്റെ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു.”
കാവോരിയുടെ അമ്മ മരിച്ചിട്ട് ഇപ്പോൾ 12 വർഷം പിന്നിട്ടിരിക്കുന്നു. കാവോരിയും ഭർത്താവും ഇപ്പോൾ മുഴുസമയ സുവിശേഷപ്രവർത്തകരാണ്. കാവോരി പറയുന്നു: “റിറ്റ്സുകോ മമ്മിയുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. നാട്ടിൽ പോകുമ്പോഴൊക്കെ ഞാൻ മമ്മിയെ ചെന്ന് കാണാറുണ്ട്. മമ്മിയോടു സംസാരിക്കുന്നത് എനിക്ക് ഒരുപാടു ശക്തി തരുന്നു.”
യഹോവയുടെ സാക്ഷിയായ പോളിയും സുഹൃത്തുക്കളുടെ നിലയ്ക്കാത്ത സ്നേഹവും പിന്തുണയും അനുഭവിച്ചറിഞ്ഞു. സൈപ്രസിലാണു പോളി താമസിച്ചിരുന്നത്. ക്രിസ്തീയസഭയിൽ നേതൃത്വം വഹിച്ചിരുന്ന മാതൃകായോഗ്യനായ ഒരു വ്യക്തിയായിരുന്നു പോളിയുടെ ഭർത്താവായ സോസോസ്. ദയാലുവായ അദ്ദേഹം അനാഥരെയും വിധവമാരെയും ഇടയ്ക്കിടെ വീട്ടിലേക്കു ക്ഷണിച്ച് ഒരു നേരത്തെ ആഹാരം കൊടുക്കുകയും അവരോടു സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. (യാക്കോബ് 1:27) എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ബ്രെയിൻ ട്യൂമർ വന്നതിനെത്തുടർന്ന് 53-ാം വയസ്സിൽ അദ്ദേഹം മരിച്ചു. പോളി പറയുന്നു: “33 വർഷത്തെ വിവാഹജീവിതത്തിനു ശേഷം എന്റെ ഭർത്താവ് എന്നെ വിട്ടുപോയി.”
ദുഃഖാർത്തരെ സഹായിക്കാൻ പ്രായോഗികമായ വഴികൾ കണ്ടെത്തുക
സോസോസിന്റെ മരണത്തിനു ശേഷം പോളി 15 വയസ്സുള്ള ഏറ്റവും ഇളയമകൻ ഡാനിയേലിനോടൊപ്പം കനഡയിലേക്കു താമസം മാറി. അവർ ആരാധനയ്ക്കായി അവിടെയുള്ള യഹോവയുടെ സാക്ഷികളോടൊപ്പം കൂടിവരാൻതുടങ്ങി. പോളി ഓർമിക്കുന്നു: “പുതിയ സഭയിലെ സുഹൃത്തുക്കൾക്കു ഞങ്ങളുടെ കഴിഞ്ഞ കാലത്തെക്കുറിച്ചോ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചോ അറിയില്ലായിരുന്നു. പക്ഷേ അവർ ഒരു മടിയും കൂടാതെ ഞങ്ങളുടെ അടുത്ത് വന്ന് സ്നേഹത്തോടെ സംസാരിക്കുകയും ഞങ്ങൾക്ക് ആവശ്യമായതൊക്കെ ചെയ്തുതരുകയും ചെയ്തു. അതു ശരിക്കും തക്കസമയത്തെ ഒരു സഹായമായിരുന്നു. കാരണം എന്റെ മകനു വഴികാട്ടിയായി അച്ഛനെ ആവശ്യമുള്ള ഒരു സമയമായിരുന്നു അത്. സഭയിൽ നേതൃത്വം എടുക്കുന്നവർ ഡാനിയേലിന്റെ കാര്യത്തിൽ പ്രത്യേകതാത്പര്യം എടുത്തു. കൂട്ടുകാരുടെകൂടെ കൂടുമ്പോഴും പന്തു കളിക്കാൻ പോകുമ്പോഴും ഒക്കെ ഡാനിയേലിനെയും കൂടെ കൂട്ടാൻ അവരിൽ ഒരാൾ പ്രത്യേകം ശ്രദ്ധിച്ചു.” ഇന്ന് ആ അമ്മയും മകനും സന്തോഷത്തോടെ കഴിയുന്നു.
ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനും അവരെ സഹായിക്കാനും നമുക്കു പല മാർഗങ്ങളുണ്ട്. പുളകപ്രദമായ ഒരു ഭാവിപ്രത്യാശ നൽകിക്കൊണ്ടും ബൈബിൾ നമ്മളെ ആശ്വസിപ്പിക്കുന്നു. (w16-E No. 3)
a സുഹൃത്തുക്കളുടെ ഉറ്റവർ മരിച്ച തീയതി ചിലർ കലണ്ടറിൽ രേഖപ്പെടുത്തിവെക്കാറുണ്ട്. തുടർന്നുവരുന്ന വർഷങ്ങളിൽ ആ തീയതിയിലോ അതിനോട് അടുത്ത ദിവസങ്ങളിലോ അവർക്ക് ആശ്വാസം പകരാൻ അതു സഹായിക്കും.
-
-
മരിച്ചവർ വീണ്ടും ജീവിക്കും!വീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 3
-
-
മുഖ്യലേഖനം | പ്രിയപ്പെട്ട ഒരാൾ മരണമടയുമ്പോൾ. . .
മരിച്ചവർ വീണ്ടും ജീവിക്കും!
ഭർത്താവായ റോബർട്ട് മരിച്ചതിന്റെ ദുഃഖം മറക്കാനാവില്ലെന്ന് ഈ ലേഖനപരമ്പരയിൽ മുമ്പ് പരാമർശിച്ച ഗെയ്ൽ കരുതുന്നു. എങ്കിലും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ അദ്ദേഹത്തെ വീണ്ടും കാണാനായി ഗെയ്ൽ നോക്കിയിരിക്കുകയാണ്. ഗെയ്ൽ പറയുന്നു: “എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്യമാണു വെളിപാട് 21:3, 4.” അവിടെ ഇങ്ങനെ വായിക്കുന്നു: “ദൈവംതന്നെ അവരോടുകൂടെ ഉണ്ടായിരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.”
ഗെയ്ൽ പറയുന്നു: “ഈ വാഗ്ദാനത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്. മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമെന്ന കാര്യം അറിയില്ലാത്തവരെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു ശരിക്കും സങ്കടം തോന്നുന്നു.” അതുകൊണ്ട്, “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല” എന്ന ദൈവത്തിന്റെ വാഗ്ദാനം അയൽക്കാരെ അറിയിക്കുന്ന മുഴുസമയ സുവിശേഷപ്രവർത്തനത്തിൽ സ്വമനസ്സാലെ ഏർപ്പെട്ടുകൊണ്ട് ഗെയ്ൽ ഇപ്പോൾ തന്റെ വിശ്വാസങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നു.
മരിച്ചാൽ വീണ്ടും ജീവിക്കുമെന്ന് ഇയ്യോബിന് ഉറപ്പായിരുന്നു
“ഇതൊന്നും നടക്കാൻപോകുന്ന കാര്യമല്ല” എന്നു നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ ഇയ്യോബ് എന്ന വ്യക്തിയുടെ കാര്യമെടുക്കുക. ഇയ്യോബിനു മാരകമായ ഒരു രോഗം വന്നു. (ഇയ്യോബ് 2:7) മരിക്കാൻ ആഗ്രഹിച്ചെങ്കിലും, തനിക്കു വീണ്ടും ജീവൻ നൽകി ഭൂമിയിലേക്കു കൊണ്ടുവരാനുള്ള ദൈവത്തിന്റെ ശക്തിയിൽ ഇയ്യോബിനു വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: ‘നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കും. നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.’ (ഇയ്യോബ് 14:13, 15) താൻ മരിച്ചാൽ ദൈവത്തിനു ദുഃഖം തോന്നുമെന്നും തന്നെ ജീവനിലേക്കു തിരികെ കൊണ്ടുവരാൻ ദൈവം ആഗ്രഹിക്കുമെന്നും ഇയ്യോബിന് ഉറപ്പായിരുന്നു.
അധികം വൈകാതെ ഭൂമി ഒരു പറുദീസയായിത്തീരുമ്പോൾ ദൈവം ഇയ്യോബിനെയും എണ്ണമറ്റ മറ്റ് അനേകരെയും പുനരുത്ഥാനപ്പെടുത്തും അഥവാ ജീവനിലേക്കു കൊണ്ടുവരും. (ലൂക്കോസ് 23:42, 43) പ്രവൃത്തികൾ 24:15-ൽ ‘പുനരുത്ഥാനം ഉണ്ടാകും’ എന്ന ഉറപ്പു നമ്മൾ കാണുന്നു. യേശുവും ഇതേ ഉറപ്പു നൽകി: “ഇതിൽ ആശ്ചര്യപ്പെടരുത്: സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു.” (യോഹന്നാൻ 5:28, 29) ആ വാഗ്ദാനം നിവൃത്തിയേറുന്നത് ഇയ്യോബ് സ്വന്തം കണ്ണാൽ കാണും. ‘ബാല്യപ്രായത്തിന്റെ’ പ്രസരിപ്പു തിരികെ കിട്ടുമെന്നും ‘യൌവനചൈതന്യം’ നിലനിറുത്താമെന്നും ഉള്ള പ്രതീക്ഷയോടെയായിരിക്കും ഇയ്യോബ് പുനരുത്ഥാനപ്പെടുക. (ഇയ്യോബ് 33:24, 25) പുനരുത്ഥാനമെന്ന കരുണാപൂർവകമായ ക്രമീകരണത്തോടു വിലമതിപ്പുള്ള എല്ലാവർക്കും ഇതേ അനുഗ്രഹം ലഭിക്കും.
ഉറ്റവരുടെ വേർപാടിന്റെ വേദന അനുഭവിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ ഈ ലേഖനത്തിലെ വിവരങ്ങൾ നിങ്ങളുടെ ദുഃഖം പൂർണമായും ഇല്ലാതാക്കണമെന്നില്ല. എന്നാൽ ദൈവം ബൈബിളിലൂടെ തന്നിരിക്കുന്ന വാഗ്ദാനങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുന്നെങ്കിൽ യഥാർഥപ്രത്യാശയും മുന്നോട്ടു പോകാനുള്ള ശക്തിയും നിങ്ങൾക്കു ലഭിക്കും.—1 തെസ്സലോനിക്യർ 4:13.
വേർപാടിന്റെ വേദനയുമായി പൊരുത്തപ്പെടാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? “ദൈവം തിന്മയും കഷ്ടപ്പാടും അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്” എന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ, ബൈബിൾ തരുന്ന പ്രായോഗികവും ആശ്വാസദായകവും ആയ ഉത്തരങ്ങൾ കണ്ടെത്താൻ ഞങ്ങളുടെ വെബ്സൈറ്റായ jw.org സന്ദർശിക്കുക.▪ (w16-E No. 3)
-