-
അത് വാസ്തവത്തിൽ സംഭവിച്ചതോ?വീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 2
-
-
മുഖ്യലേഖനം | യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?
അത് വാസ്തവത്തിൽ സംഭവിച്ചതോ?
എ.ഡി. 33-ലെ വസന്തകാലത്ത് നസ്രായനായ യേശു വധിക്കപ്പെട്ടു. രാജ്യദ്രോഹക്കുറ്റം വ്യാജമായി ചുമത്തി ക്രൂരമായി മർദിച്ച് യേശുവിനെ ഒരു സ്തംഭത്തിൽ തറച്ചു. കഠിനവേദന സഹിച്ച് യേശു മരിച്ചു. പക്ഷെ, ദൈവം യേശുവിനെ ജീവനിലേക്ക് ഉയിർപ്പിച്ചു, 40 ദിവസങ്ങൾക്കു ശേഷം യേശു സ്വർഗത്തിലേക്ക് പോയി.
പുതിയനിയമം എന്ന് പൊതുവെ വിളിക്കുന്ന ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ നാല് സുവിശേഷങ്ങളിൽ നിന്നാണ് ഈ അസാധാരണമായ വിവരണം ലഭിക്കുന്നത്. അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ സംഭവിച്ചവയാണോ? വളരെ പ്രസക്തവും ഗൗരവമേറിയതും ആയ ഒരു ചോദ്യമാണ് അത്. കാരണം, അത് വാസ്തവത്തിൽ സംഭവിച്ചതല്ലെങ്കിൽ ക്രിസ്തീയ വിശ്വാസം വിലയില്ലാത്തതായിത്തീരുകയും പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനുള്ള ആഗ്രഹം കേവലം ഒരു സ്വപ്നമായി അവശേഷിക്കുകയും ചെയ്യും. (1 കൊരിന്ത്യർ 15:14) എന്നാൽ, അവ സംഭവിച്ചവയാണെങ്കിൽ മനുഷ്യകുടുംബത്തിന് ശോഭനമായ ഒരു ഭാവിയായിരിക്കും ലഭിക്കുക; അതിൽ നിങ്ങൾക്കും പങ്കുചേരാനാകും. അങ്ങനെയെങ്കിൽ, സുവിശേഷവിവരണങ്ങൾ യാഥാർഥ്യമോ അതോ കെട്ടുകഥയോ?
വസ്തുതകൾ കാണിക്കുന്നത്. . .
സാങ്കല്പികമായ കെട്ടുകഥകളിൽനിന്ന് വ്യത്യസ്തമായി സുവിശേഷവിവരണങ്ങൾ വളരെ കൃത്യതയുള്ളതും വിശദാംശങ്ങൾക്കുപോലും സൂക്ഷ്മശ്രദ്ധ നൽകിയിരിക്കുന്നതും ആണ്. അതിലെ വിവരണങ്ങളിൽ പറഞ്ഞിരിക്കുന്ന നിരവധി സ്ഥലങ്ങളിൽ പലതും നമുക്ക് ഇന്നും സന്ദർശിക്കാവുന്നതാണ്. കൂടാതെ, ഈ വിവരണങ്ങൾ അന്ന് ജീവിച്ചിരുന്ന അനേകം ആളുകളെക്കുറിച്ച് പറയുന്നുണ്ട്. മാത്രമല്ല, അവർ ജീവിച്ചിരുന്നു എന്ന വസ്തുത ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.—ലൂക്കോസ് 3:1, 2, 23.
ഒന്നാം നൂറ്റാണ്ടിലെയും രണ്ടാം നൂറ്റാണ്ടിലെയും എഴുത്തുകാർ യേശുവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.a യേശു മരിച്ച വിധത്തെക്കുറിച്ചുള്ള സുവിശേഷവിവരണം അന്ന് നിലവിലിരുന്ന റോമൻ വധശിക്ഷാരീതിയോട് തികച്ചും യോജിപ്പിലാണ്. മാത്രമല്ല, വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയും സത്യസന്ധമായും ആണ് സുവിശേഷങ്ങൾ സംഭവങ്ങൾ വിവരിക്കുന്നത്. എന്തിന്, ചില ശിഷ്യന്മാരുടെ മോശമായ വശങ്ങൾപോലും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 26:56; ലൂക്കോസ് 22:24-26; യോഹന്നാൻ 18:10, 11) ഈ വസ്തുതകളെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നത് സുവിശേഷ എഴുത്തുകാർ യേശുവിനെക്കുറിച്ച് എഴുതിയ കാര്യങ്ങൾ കലർപ്പില്ലാത്തതും കൃത്യവും ആയിരുന്നെന്നാണ്.
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്. . .
യേശു ജീവിക്കുകയും മരിക്കുകയും ചെയ്തു എന്നത് പൊതുവെ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെങ്കിലും യേശുവിന്റെ പുനരുത്ഥാനത്തെ ചിലർ ചോദ്യം ചെയ്യുന്നു. അപ്പൊസ്തലന്മാർ പോലും യേശു ജീവനിലേക്ക് മടങ്ങിവന്നെന്ന വിവരം കേട്ടപ്പോൾ ആദ്യം അത് വിശ്വസിച്ചില്ല. (ലൂക്കോസ് 24:11) എന്നിരുന്നാലും, അവരും മറ്റ് ശിഷ്യന്മാരും പുനരുത്ഥാനം പ്രാപിച്ച യേശുവിനെ വ്യത്യസ്ത സന്ദർഭങ്ങളിൽ കണ്ടപ്പോൾ അവരുടെ എല്ലാ സംശയങ്ങളും നീങ്ങിപ്പോയി. ഒരവസരത്തിൽ യേശു പ്രത്യക്ഷപ്പെട്ടപ്പോൾ 500-ലേറെ ദൃക്സാക്ഷികൾ ഉണ്ടായിരുന്നു.—1 കൊരിന്ത്യർ 15:6.
തങ്ങൾ തടവിലാകാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും ശിഷ്യന്മാർ ധൈര്യത്തോടെ എല്ലാവരോടും എന്തിന്, യേശുവിനെ വധിച്ചവരോട് പോലും പുനരുത്ഥാനത്തെക്കുറിച്ച് പ്രസ്താവിച്ചു. (പ്രവൃത്തികൾ 4:1-3, 10, 19, 20; 5:27-32) യേശു പുനരുത്ഥാനം പ്രാപിച്ചെന്ന് അത്ര ഉറപ്പില്ലായിരുന്നെങ്കിൽ അതെക്കുറിച്ച് ധൈര്യപൂർവം പ്രസംഗിക്കാൻ ശിഷ്യന്മാർക്ക് കഴിയുമായിരുന്നോ? അന്നും ഇന്നും ക്രിസ്ത്യാനിത്വത്തിന്റെ പിന്നിലെ പ്രചോദകശക്തി വാസ്തവത്തിൽ യേശുവിന്റെ പുനരുത്ഥാനംതന്നെയാണ്.
യേശുവിന്റെ മരണവും പുനരുത്ഥാനവും സംബന്ധിച്ച സുവിശേഷവിവരണങ്ങൾക്ക് ഒരു ആധികാരിക ചരിത്രരേഖയുടെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയിട്ടുണ്ട്. ഈ വിവരണം ശ്രദ്ധാപൂർവം വായിച്ചാൽ അവ സത്യമായും സംഭവിച്ചവയാണെന്ന് നിങ്ങൾക്കും ബോധ്യപ്പെടും. എന്തുകൊണ്ടാണ് അവ സംഭവിച്ചതെന്ന് മനസ്സിലാക്കുന്നത് നിങ്ങളുടെ ബോധ്യം ഊട്ടിയുറപ്പിക്കാൻ സഹായിക്കും. അടുത്ത ലേഖനം അതെക്കുറിച്ച് വിശദീകരിക്കും. (w16-E No.2)
a “തിബെര്യൊസിന്റെ ഭരണകാലത്ത് (ക്രിസ്ത്യാനികൾ) എന്ന പേരിന് കാരണക്കാരനായ ക്രിസ്തുസ്, നാടുവാഴികളിൽ ഒരാളായ പൊന്തിയോസ് പിലാത്തോസിന്റെ കൈകളാൽ വധശിക്ഷ ഏറ്റുവാങ്ങി”യതായി എ.ഡി. 55-നടുത്ത് ജനിച്ച റ്റാസിറ്റസ് എഴുതി. മറ്റ് എഴുത്തുകാരായ സ്യൂട്ടോണിയസ് (ഒന്നാം നൂറ്റാണ്ട്), യഹൂദ ചരിത്രകാരനായ ജോസീഫസ് (ഒന്നാം നൂറ്റാണ്ട്), ബിഥുന്യയിലെ ഗവർണറായിരുന്ന പ്ലിനി ദി യംഗർ (രണ്ടാം നൂറ്റാണ്ടിന്റെ തുടക്കം) എന്നിവരെല്ലാം യേശുവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
-
-
യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?വീക്ഷാഗോപുരം (പൊതുപ്പതിപ്പ്)—2016 | നമ്പർ 2
-
-
മുഖ്യലേഖനം
യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?
“ഏകമനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു.”—റോമർ 5:12.
“നിങ്ങൾക്ക് എന്നേക്കും ജീവിക്കാൻ ആഗ്രഹമുണ്ടോ” എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്ത് പറയും? ‘ആഗ്രഹമുണ്ട്’ എന്ന് മിക്കവരും പറയുമെങ്കിലും അത് നടപ്പുള്ള കാര്യമായി കരുതണമെന്നില്ല. ‘ജനിച്ചാൽ ഒരിക്കൽ മരിക്കണം, അത് ജീവിതത്തിന്റെ ഭാഗമാണ്’ എന്ന് അവർ പറഞ്ഞേക്കാം.
അതേ ചോദ്യംതന്നെ നേരെതിരിച്ച്, “നിങ്ങൾ മരിക്കാൻ തയാറാണോ” എന്ന് ചോദിച്ചാൽ സാധാരണഗതിയിൽ ‘അല്ല’ എന്നേ ആളുകൾ പറയൂ. എന്താണ് അതിന്റെ അർഥം? ജീവിതത്തിൽ എന്തെല്ലാം കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടായാലും എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം ജീവിക്കണം എന്നുതന്നെയാണ്. ബൈബിൾ പറയുന്നത്, ജീവിക്കാനുള്ള അഭിലാഷത്തോടെ ദൈവം മനുഷ്യരെ സൃഷ്ടിച്ചു എന്നാണ്. “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്ന് അത് വ്യക്തമായി പറയുന്നു.—സഭാപ്രസംഗി 3:11.
എന്നാൽ, മനുഷ്യർ എന്നേക്കും ജീവിക്കുന്നില്ല എന്നതാണ് വസ്തുത. അങ്ങനെയെങ്കിൽ, എന്ത് കുഴപ്പമാണ് സംഭവിച്ചത്? ഇത് പരിഹരിക്കാൻ ദൈവം എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതെക്കുറിച്ചുള്ള ബൈബിളിന്റെ ഉത്തരങ്ങൾ ആശ്വാസദായകമാണെന്ന് മാത്രമല്ല യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തിനാണ് എന്നതുമായി അതിന് നേരിട്ട് ബന്ധവുമുണ്ട്.
കുഴപ്പങ്ങളുടെ തുടക്കം എങ്ങനെ?
ബൈബിളിന്റെ ആദ്യപുസ്തകമായ ഉൽപത്തിയുടെ തുടക്കത്തിലെ മൂന്നു അധ്യായങ്ങളിൽ കാണുന്നത്, ആദ്യ മനുഷ്യ ജോഡികളായ ആദാമിനും ഹവ്വായ്ക്കും എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ദൈവം വെച്ചുനീട്ടിയെന്നും അത് നേടാൻ എന്ത് ചെയ്യണമെന്ന് അവരോട് പറഞ്ഞിരുന്നെന്നും ആണ്. ദൈവത്തെ അനുസരിക്കുന്നതിൽ അവർ പരാജയപ്പെട്ടതും അങ്ങനെ ജീവിക്കാനുള്ള പ്രത്യാശ നഷ്ടപ്പെടുത്തിയതും എങ്ങനെയാണെന്ന് വിവരണം തുടർന്നുപറയുന്നു. ലളിതമായിട്ടാണ് ഈ സംഭവങ്ങൾ വിവരിച്ചിരിക്കുന്നത്; അത്ര ലളിതമായതുകൊണ്ട് ചിലർ ഇത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നു. പക്ഷെ, ഉൽപത്തിവിവരണം സുവിശേഷവിവരണങ്ങൾ പോലെതന്നെ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രരേഖയാണെന്നതിന് എല്ലാ തെളിവുകളുമുണ്ട്.a
ആദാം അനുസരണക്കേട് കാണിച്ചതിന്റെ ഫലം എന്തായിരുന്നു? ബൈബിൾ ഇങ്ങനെ പറയുന്നു: “ഏകമനുഷ്യനിലൂടെ (ആദാമിലൂടെ) പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) അതെ, ആദാം ദൈവത്തോട് അനുസരണക്കേട് കാണിച്ചുകൊണ്ട് പാപം ചെയ്തു. അങ്ങനെ, എന്നേക്കും ജീവിക്കാനുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുകയും കാലക്രമേണ മരിക്കുകയും ചെയ്തു. ആദാമിന്റെ പിൻതലമുറക്കാരെന്ന നിലയിൽ നമ്മൾ പാപം അവകാശപ്പെടുത്തി. അതിന്റെ ഫലമായി രോഗവും വാർധക്യവും മരണവും അനുഭവിക്കേണ്ടിവരുന്നു. മനുഷ്യൻ മരിക്കുന്നതിന്റെ കാരണം സംബന്ധിച്ച ഈ വിശദീകരണം, പാരമ്പര്യത്തെക്കുറിച്ച്—കുട്ടികൾ മാതാപിതാക്കളുടെ സ്വഭാവത്തിലെ ചില ഘടകങ്ങൾ അവകാശമാക്കുന്നുണ്ട് എന്നത്—നമ്മുടെ ഇന്നത്തെ അറിവുമായി പൂർണയോജിപ്പിലാണ്. എന്നാൽ, ഈ പ്രശ്നം പരിഹരിക്കാൻ ദൈവം എന്തെങ്കിലും ചെയ്തിട്ടുണ്ടോ?
ദൈവം ചെയ്തിരിക്കുന്നത് എന്ത്?
ഉണ്ട്. ആദാം തന്റെ പിൻഗാമികൾക്ക് നഷ്ടപ്പെടുത്തിയത് അതായത്, നിത്യമായി ജീവിക്കാനുള്ള പ്രത്യാശ തിരിച്ചുനൽകാൻ ദൈവം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദൈവം അത് എങ്ങനെ സാധ്യമാക്കും?
“പാപത്തിന്റെ ശമ്പളം മരണം” ആണെന്ന് റോമർ 6:23-ൽ കാണാം. ഇതിന്റെ അർഥം പാപത്തിന്റെ ഫലമാണ് മരണം എന്നാണ്. ആദാം മരിച്ചത് പാപം ചെയ്തതുകൊണ്ടാണ്. നമ്മളും പാപം ചെയ്യുന്നു. അതുകൊണ്ട്, പാപത്തിന്റെ ശമ്പളമായ മരണത്തിന് അർഹരാണ്. എന്നാൽ, നമ്മൾ പാപാവസ്ഥയിൽ ജനിച്ചത് നമ്മുടെതന്നെ കുറ്റം കൊണ്ടല്ല. അതിനാൽ, നമുക്കുവേണ്ടി പാപത്തിന്റെ ശമ്പളം കൈപ്പറ്റാൻ ദൈവം സ്നേഹപൂർവം തന്റെ മകനായ യേശുവിനെ അയച്ചു. ഇത്, എങ്ങനെയാണ് നമ്മുടെ പാപത്തെ നീക്കിക്കളയുന്നത്?
യേശുവിന്റെ മരണം ഒരിക്കലും അവസാനിക്കാത്ത, സന്തോഷമുള്ള ജീവിതത്തിലേക്കു വഴിതുറക്കുന്നു
ഒരു മനുഷ്യൻ അതായത്, പൂർണമനുഷ്യനായ ആദാം അനുസരണക്കേടിലൂടെ പാപവും മരണവും ലോകത്തിലേക്ക് കടത്തിവിട്ടതുകൊണ്ട് നമ്മളെ പാപഭാരത്തിൽനിന്ന് വിടുവിക്കാൻ മരണത്തോളം അനുസരണം പാലിക്കുന്ന ഒരു പൂർണമനുഷ്യൻ ആവശ്യമായിവന്നു. ഇക്കാര്യം ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.” (റോമർ 5:19) യേശുവായിരുന്നു ആ ‘ഏകൻ.’ യേശു സ്വർഗം വിട്ട് ഭൂമിയിലേക്ക് വന്ന് ഒരു പൂർണമനുഷ്യനായിb ജീവിക്കുകയും നമുക്കുവേണ്ടി മരിക്കുകയും ചെയ്തു. അതിന്റെ ഫലമായി, മനുഷ്യർക്ക് ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠമായ ഒരു നില ഉണ്ടായിരിക്കാനും അനന്തമായ ജീവന്റെ പ്രത്യാശ നേടാനും സാധിച്ചു.
യേശു യാതനകൾ സഹിച്ച് മരിച്ചത് എന്തുകൊണ്ട്?
എന്നിരുന്നാലും, മനുഷ്യരെ പാപത്തിൽനിന്ന് വിടുവിക്കാൻ യേശു മരിക്കേണ്ടതുണ്ടായിരുന്നോ? ആദാമിന്റെ പിൻമുറക്കാരെ എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൊണ്ട് സർവശക്തനായ ദൈവത്തിന് വെറും ഒരു ഉത്തരവിട്ടാൽ മതിയായിരുന്നില്ലേ? മതിയായിരുന്നു. ദൈവത്തിന് അതിനുള്ള അധികാരവുമുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് പാപത്തിന്റെ ശമ്പളം മരണം എന്ന ദൈവത്തിന്റെ പ്രഖ്യാപിത നിയമത്തെ അവഗണിക്കുന്നതാകുമായിരുന്നു. അവരവരുടെ സൗകര്യത്തിനുവേണ്ടി റദ്ദ് ചെയ്യാവുന്നതോ മാറ്റം വരുത്താവുന്നതോ ആയ ഒരു ലഘുനിയമം ആയിരുന്നില്ല അത്. അത് യഥാർഥനീതിയുടെ അടിസ്ഥാനശിലയാണ്.—സങ്കീർത്തനങ്ങൾ 37:28.
ഈ ഒരു വിഷയത്തിൽ ദൈവം തന്റെ നീതിയുടെ മാനദണ്ഡം മാറ്റിയിരുന്നെങ്കിൽ മറ്റു കാര്യങ്ങളിലും ദൈവം ഇതുപോലെ വിട്ടുവീഴ്ച ചെയ്യുമെന്ന് ആളുകൾ ചിന്തിക്കില്ലേ? ഉദാഹരണത്തിന്, ആദാമിന്റെ സന്തതികളിൽ നിത്യം ജീവിക്കാൻ യോഗ്യതയുള്ളത് ആർക്കൊക്കെയാണ് എന്ന കാര്യത്തിൽ ന്യായപൂർവം തീരുമാനമെടുക്കാൻ ദൈവത്തിന് കഴിയുമോ? താൻ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുമെന്ന കാര്യത്തിൽ ദൈവത്തെ വിശ്വസിക്കാനാകുമോ? നമ്മുടെ രക്ഷ സാധ്യമാക്കുന്നതിനായി ദൈവം നീതിയോട് പറ്റിനിന്നത്, താൻ എല്ലായ്പോഴും ശരിയായതു മാത്രമേ ചെയ്യുകയുള്ളൂ എന്ന കാര്യത്തിന് നമുക്കുള്ള ഉറപ്പാണ്.
യേശുവിന്റെ ബലിമരണത്തിലൂടെ ദൈവം പറുദീസാഭൂമിയിലെ അനന്തമായ ജീവിതത്തിന് വഴിതുറന്നു. യോഹന്നാൻ 3:16-ലെ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു.” അങ്ങനെ, യേശുവിന്റെ മരണം ദൈവത്തിന്റെ പിഴവില്ലാത്ത നീതിയുടെ മാത്രമല്ല, അതിലേറെ മനുഷ്യരോടുള്ള ദൈവത്തിന്റെ മഹത്തായ സ്നേഹത്തിന്റെയും തെളിവാണ്.
എന്നിരുന്നാലും, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്നതുപോലെ യേശു യാതനകളും വേദനകളും സഹിച്ച് മരിക്കേണ്ടതുണ്ടായിരുന്നോ? അങ്ങേയറ്റം കടുത്ത പരിശോധനയ്ക്ക് വിധേയനാകുകയും വിശ്വസ്തനായി നിൽക്കുകയും ചെയ്തതിലൂടെ, പരിശോധനയിൻകീഴിൽ മനുഷ്യൻ ദൈവത്തോട് വിശ്വസ്തനായി നിൽക്കുകയില്ല എന്ന സാത്താന്റെ വാദം യേശു എന്നേക്കുമായി ഖണ്ഡിച്ചു. (ഇയ്യോബ് 2:4, 5) പൂർണനായിരുന്ന ആദാമിനെ പാപം ചെയ്യിച്ചതിലൂടെ സാത്താന്റെ ആ വാദം ശരിയാണെന്ന് കാണപ്പെട്ടു. എന്നാൽ ആദാമിനോട് എല്ലാവിധത്തിലും തുല്യനായിരുന്ന യേശു കടുത്ത പരിശോധനയിലായപ്പോൾപോലും അനുസരണം പാലിച്ചു. (1 കൊരിന്ത്യർ 15:45) മനസ്സുവെച്ചിരുന്നെങ്കിൽ ആദാമിനും ദൈവത്തെ അനുസരിക്കാമായിരുന്നെന്ന് യേശു അങ്ങനെ തെളിയിച്ചു. പരിശോധനകൾ സഹിച്ചുനിന്നുകൊണ്ട് യേശു നമുക്ക് പിന്തുടരാൻ ഒരു മാതൃക വെച്ചു. (1 പത്രോസ് 2:21) സ്വർഗത്തിലെ അമർത്യജീവൻ സമ്മാനിച്ചുകൊണ്ട് ദൈവം തന്റെ പുത്രന്റെ പരിപൂർണമായ അനുസരണത്തിന് പ്രതിഫലം നൽകുകയും ചെയ്തു.
നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം
യേശുവിന്റെ മരണം യഥാർഥത്തിൽ സംഭവിച്ച ഒന്നാണ്. അവസാനിക്കാത്ത ജീവിതത്തിലേക്കുള്ള പാത തുറന്നുകിടക്കുന്നു. എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”—യോഹന്നാൻ 17:3.
ഈ മാസികയുടെ പ്രസാധകർ സത്യദൈവമായ യഹോവയെക്കുറിച്ചും പുത്രനായ യേശുവിനെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് നിങ്ങളെ സഹായിക്കാൻ സന്തോഷമേയുള്ളൂ. ഞങ്ങളുടെ വെബ്സൈറ്റായ www.pr2711.com സന്ദർശിച്ചുകൊണ്ടും നിങ്ങൾക്കു മുഴുവൻ വിവരങ്ങൾ അറിയാൻ കഴിയും.▪(w16-E No.2)
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പേജ് 922-ലെ “ഉൽപത്തിയുടെ ചരിത്രപരമായ കൃത്യത” എന്ന ഭാഗം കാണുക.
b ദൈവം തന്റെ പുത്രന്റെ ജീവൻ സ്വർഗത്തിൽനിന്ന് മറിയയുടെ ഗർഭപാത്രത്തിലേക്ക് മാറ്റിയതിലൂടെ യേശു ഉരുവായി. കൂടാതെ, മറിയയുടെ അപൂർണത യേശുവിനെ ബാധിക്കാതിരിക്കാൻ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് വേണ്ട നടപടികൾ സ്വീകരിച്ചു.—ലൂക്കോസ് 1:31, 35.
-