വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • വേർപാടിന്റെ വേദനയുമായി
    ഉണരുക!—2018 | നമ്പർ 3
    • ദുഃഖിതനായ ഒരാൾ റസ്റ്റോറന്റിൽ തനിച്ചിരിക്കുന്നു

      ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

      വേർപാ​ടി​ന്റെ വേദന​യു​മാ​യി

      “മുപ്പത്തി​യൊ​മ്പതു വർഷത്തി​ല​ധി​കം നീണ്ടു​നിന്ന ദാമ്പത്യ​ത്തി​നൊ​ടു​വിൽ സോഫിയയെa എനിക്കു നഷ്ടമായി. അവൾ കുറെ കാലം ഒരു രോഗ​വു​മാ​യി മല്ലിട്ടു, അവസാനം മരണത്തി​നു കീഴടങ്ങി. കൂട്ടു​കാർ എന്നെ ഒരുപാ​ടു സഹായി​ച്ചു. ഞാൻ പല കാര്യ​ങ്ങ​ളിൽ മുഴുകി. എങ്കിലും ആദ്യത്തെ വർഷം ദുഃഖം താങ്ങാ​വു​ന്ന​തി​ലും അപ്പുറ​മാ​യി​രു​ന്നു. എനിക്ക്‌ എന്റെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞി​ട്ടും ചില​പ്പോ​ഴൊ​ക്കെ വല്ലാത്ത ദുഃഖം തോന്നാ​റുണ്ട്‌, മിക്ക​പ്പോ​ഴും ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയങ്ങ​ളിൽ.”—കോസ്റ്റസ്‌.

      പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും നിങ്ങൾക്കു മരണത്തിൽ നഷ്ടമാ​യി​ട്ടു​ണ്ടോ? എങ്കിൽ കോസ്റ്റ​സി​നെ​പ്പോ​ലെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കും. ഇണയു​ടെ​യോ ഒരു കുടും​ബാം​ഗ​ത്തി​ന്റെ​യോ അടുത്ത ഒരു സുഹൃ​ത്തി​ന്റെ​യോ മരണ​ത്തെ​ക്കാൾ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചുരു​ക്ക​മാണ്‌. കടുത്ത ദുഃഖം​കൊ​ണ്ടു​ണ്ടാ​കുന്ന മാനസി​ക​വും ശാരീ​രി​ക​വും ആയ വിഷമ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുന്ന വിദഗ്‌ധ​രും ഇതി​നോ​ടു യോജി​ക്കു​ന്നു. “നികത്താ​നാ​കാത്ത ഏറ്റവും വലിയ നഷ്ടംത​ന്നെ​യാ​ണു മരണം” എന്നു മനഃശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു മാസിക പറയുന്നു. സഹിക്കാ​നാ​കാത്ത ഇത്തരം വേദന അനുഭ​വി​ക്കു​ന്നവർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: “ഇത്‌ എത്ര കാലം നീണ്ടു​നിൽക്കും? എനിക്ക്‌ ഇനി എന്നെങ്കി​ലും സന്തോ​ഷി​ക്കാൻ കഴിയു​മോ? എനിക്ക്‌ എങ്ങനെ ആശ്വാസം കിട്ടും?”

      ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഈ ലക്കം ഉണരുക! സഹായി​ക്കും. നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും ഈ അടുത്ത്‌ മരിച്ചു​പോ​യി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങളു​ടെ ജീവി​ത​ത്തിൽ പല മാറ്റങ്ങൾ വരാൻ സാധ്യ​ത​യുണ്ട്‌. അവയെ​ക്കു​റിച്ച്‌ അടുത്ത ലേഖന​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. തുടർന്നു​വ​രുന്ന ലേഖനങ്ങൾ ദുഃഖ​ത്തി​ന്റെ തീവ്രത കുറയ്‌ക്കാൻ സഹായി​ക്കുന്ന ചില വഴികൾ കാണി​ച്ചു​ത​രും.

      ഈ മാസി​ക​യി​ലെ വിവരങ്ങൾ ദുഃഖ​ത്താൽ വിഷമി​ക്കു​ന്ന​വർക്ക്‌ ഒരു ആശ്വാ​സ​വും സഹായ​വും ആകു​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.

      a ഈ ലേഖന​പ​ര​മ്പ​ര​യി​ലെ ചില പേരുകൾ യഥാർഥമല്ല.

  • എന്തു പ്രതീക്ഷിക്കണം?
    ഉണരുക!—2018 | നമ്പർ 3
    • ദുഃഖിച്ചിരിക്കുന്ന ദമ്പതികൾ

      ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

      എന്തു പ്രതീ​ക്ഷി​ക്കണം?

      ദുഃഖ​ത്തി​നു പല ഘട്ടങ്ങളു​ണ്ടെ​ന്നാ​ണു ചില വിദഗ്‌ധർ പറയു​ന്നത്‌. പക്ഷേ, ഓരോ​രു​ത്ത​രും ദുഃഖം പ്രകടി​പ്പി​ക്കുന്ന വിധം വ്യത്യ​സ്‌ത​മാ​യി​രി​ക്കാം. എന്നു കരുതി ചിലർക്കു പ്രിയ​പ്പെ​ട്ട​വരെ നഷ്ടമാ​യ​തി​ലുള്ള ദുഃഖം കുറവാ​ണെ​ന്നോ അതു കടിച്ച​മർത്തു​ക​യാ​ണെ​ന്നോ ആണോ അതിന്‌ അർഥം? അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. ദുഃഖം തോന്നു​ന്നതു സ്വാഭാ​വി​ക​മാ​ണെന്നു മനസ്സി​ലാ​ക്കു​ന്ന​തും അതു​പോ​ലെ അതു പ്രകടി​പ്പി​ക്കു​ന്ന​തും ആശ്വാസം നൽകി​യേ​ക്കാ​മെ​ങ്കി​ലും, ദുഃഖം “ഇന്ന വിധത്തിൽ” പ്രകടി​പ്പി​ക്കു​ന്ന​താ​ണു ശരി എന്നു പറയാ​നാ​കില്ല. അത്‌ ഒരു വലിയ അളവു​വരെ ഓരോ​രു​ത്ത​രു​ടെ​യും സംസ്‌കാ​ര​ത്തെ​യും വ്യക്തി​ത്വ​ത്തെ​യും ജീവി​താ​നു​ഭ​വ​ങ്ങ​ളെ​യും പ്രിയ​പ്പെ​ട്ട​വരെ എങ്ങനെ നഷ്ടമായി എന്നതി​നെ​യും ഒക്കെ ആശ്രയി​ച്ചി​രി​ക്കും.

      അവസ്ഥ എത്ര​ത്തോ​ളം മോശ​മാ​യേ​ക്കാം?

      പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​കു​മ്പോൾ എന്തൊക്കെ പ്രതീ​ക്ഷി​ക്ക​ണ​മെന്നു പലർക്കും അറിയില്ല. വൈകാ​രി​ക​മാ​യും ശാരീ​രി​ക​മാ​യും ചില പ്രശ്‌നങ്ങൾ പൊതു​വേ ഉണ്ടാകാ​റുണ്ട്‌. മിക്കവാ​റും അവ മുൻകൂ​ട്ടി​ക്കാ​ണാ​വു​ന്ന​തു​മാണ്‌. ചില പ്രശ്‌നങ്ങൾ നോക്കാം:

      വൈകാ​രി​ക​മാ​യ തളർച്ച. മരിച്ച​യാ​ളെ കാണണ​മെന്ന അതിയായ ആഗ്രഹം തോന്നി​യേ​ക്കാം, പെട്ടെന്നു ദേഷ്യ​വും നിരാ​ശ​യും ഒക്കെ വന്നേക്കാം, പലപ്പോ​ഴും പൊട്ടി​ക്ക​ര​ഞ്ഞെ​ന്നും വരാം. മരിച്ച​യാ​ളെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളും സ്വപ്‌ന​ങ്ങ​ളും ദുഃഖ​ത്തി​ന്റെ തീവ്രത കൂട്ടാ​നും സാധ്യ​ത​യുണ്ട്‌. എങ്കിലും, ആദ്യം ഞെട്ടലും അങ്ങനെ സംഭവി​ച്ചെന്നു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടും ആയിരി​ക്കാം തോന്നു​ന്നത്‌. ഭർത്താ​വായ ടിമോ അപ്രതീ​ക്ഷി​ത​മാ​യി മരിച്ച​പ്പോ​ഴുള്ള തന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ടീന ഇങ്ങനെ പറയുന്നു: “ആദ്യം ഒരു മരവിച്ച അവസ്ഥയി​ലാ​യി​രു​ന്നു ഞാൻ. കരയാൻപോ​ലും കഴിഞ്ഞില്ല. ചില​പ്പോൾ ശ്വാസം നിന്നു​പോ​കു​ന്ന​തു​പോ​ലെ തോന്നി. സംഭവി​ച്ചത്‌ എനിക്ക്‌ വിശ്വ​സി​ക്കാൻ പറ്റിയില്ല.”

      പെട്ടെ​ന്നു​ണ്ടാ​കു​ന്ന ഉത്‌ക​ണ്‌ഠ​യും ദേഷ്യ​വും കുറ്റ​ബോ​ധ​വും സാധാ​ര​ണ​മാണ്‌. ഐവാൻ ഇങ്ങനെ പറയുന്നു: “24-ാം വയസ്സിൽ ഞങ്ങളുടെ മകൻ എറിക്ക്‌ മരിച്ച​പ്പോൾ, കുറച്ച്‌ കാല​ത്തേക്ക്‌ എനിക്കും എന്റെ ഭാര്യ യൊലാൻഡ​യ്‌ക്കും ഭയങ്കര ദേഷ്യ​മാ​യി​രു​ന്നു. ഞങ്ങൾ ഇത്രയും ദേഷ്യ​മു​ള്ള​വ​രാ​ണെന്നു ഞങ്ങൾക്ക്‌ ഇതിനു മുമ്പു തോന്നി​യി​ട്ടേ ഇല്ല! മോനു​വേണ്ടി എന്തെങ്കി​ലും കുറച്ചു​കൂ​ടി ചെയ്യാൻ പറ്റുമാ​യി​രു​ന്നു എന്ന്‌ ഓർത്ത്‌ ഞങ്ങൾക്കു കുറ്റ​ബോ​ധ​വും തോന്നി.” കുറെ കാലം രോഗ​വു​മാ​യി മല്ലിട്ട​ശേഷം തന്റെ ഭാര്യ മരിച്ച​പ്പോൾ അലാൻ​ഡ്രോ​യ്‌ക്കും കുറ്റ​ബോ​ധം തോന്നി. അദ്ദേഹം പറയുന്നു: “ഞാനൊ​രു ചീത്ത ആളായ​തു​കൊ​ണ്ടാ​യി​രി​ക്കും ദൈവം എന്നെ ഇത്രയ​ധി​കം കഷ്ടപ്പെ​ടാൻ അനുവ​ദി​ക്കു​ന്ന​തെന്ന്‌ ആദ്യം ഓർത്തു. പക്ഷേ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തി​യ​ല്ലോ എന്ന്‌ ഓർത്ത്‌ പിന്നെ എനിക്കു വിഷമം തോന്നി.” കഴിഞ്ഞ ലേഖന​ത്തിൽ പറഞ്ഞ കോസ്റ്റസ്‌ ഇങ്ങനെ പറയുന്നു: “മരിച്ചു​പോ​യ​തിന്‌, ചില സമയത്ത്‌ സോഫി​യ​യോ​ടു​പോ​ലും എനിക്കു ദേഷ്യം തോന്നി. പക്ഷേ പിന്നെ എനിക്ക്‌ അങ്ങനെ തോന്നി​യ​ല്ലോ എന്ന്‌ ഓർത്ത്‌ വിഷമ​മാ​യി. എന്തായാ​ലും മരിച്ചത്‌ അവളുടെ കുഴപ്പ​മ​ല്ല​ല്ലോ.”

      നേരെ​ചൊ​വ്വേ ചിന്തി​ക്കാ​നുള്ള ബുദ്ധി​മുട്ട്‌. ചില​പ്പോ​ഴൊ​ക്കെ മനസ്സ്‌ അലഞ്ഞു​തി​രി​യു​ക​യും ശരിയാ​യി ചിന്തി​ക്കാൻ പറ്റാതെ വരുക​യും ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ പ്രിയ​പ്പെട്ട ഒരാളെ നഷ്ടമായ ആൾക്ക്‌, ആ വ്യക്തിയെ കാണു​ന്ന​താ​യും അയാൾ പറയു​ന്നതു കേൾക്കു​ന്ന​താ​യും തന്നോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്ന​താ​യും തോന്നി​യേ​ക്കാം. അതു​പോ​ലെ ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നോ കാര്യങ്ങൾ ഓർക്കാ​നോ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ടീന പറയുന്നു: “ചില​പ്പോൾ ഞാൻ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക​യാ​യി​രി​ക്കും, പക്ഷേ എന്റെ മനസ്സ്‌ അവി​ടെ​യാ​യി​രി​ക്കില്ല! അത്‌ ടിമോ​യു​ടെ മരണത്തി​ലും അതെ ചുറ്റി​പ്പ​റ്റി​യുള്ള സംഭവ​ങ്ങ​ളി​ലും ആയിരി​ക്കും. ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ പറ്റാത്ത​തു​തന്നെ കഷ്ടമാ​യി​രു​ന്നു.”

      ഉൾവലി​യാ​നു​ള്ള തോന്നൽ. ദുഃഖി​ച്ചി​രി​ക്കുന്ന ഒരാൾക്കു മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ അസ്വസ്ഥത തോന്നി​യേ​ക്കാം. കോസ്റ്റസ്‌ ഇങ്ങനെ പറയുന്നു: “കല്യാണം കഴിച്ച​വ​രോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ, ഞാൻ അധിക​പ്പ​റ്റാ​ണെന്നു തോന്നി. ഏകാകി​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോ​ഴും എനിക്ക്‌ ഇതുത​ന്നെ​യാ​ണു തോന്നി​യത്‌.” ഐവാന്റെ ഭാര്യ യൊലാൻഡ പറയുന്നു: “ചിലർ ചില പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാ​റുണ്ട്‌. ഞങ്ങളു​ടേ​തു​വെച്ച്‌ നോക്കു​മ്പോൾ അതൊ​ന്നും ഒന്നുമല്ല. അവർ പറയു​ന്നത്‌ കേട്ടി​രി​ക്കാൻ വലിയ പ്രയാസം തോന്നി. മക്കളുടെ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങളോ​ടു പറയു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. എനിക്ക്‌ അതിൽ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതു കേട്ടി​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ജീവിതം ഇനി ഇങ്ങനെ​യൊ​ക്കെ​യാ​ണെന്നു ഞങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ, ഇതി​നെ​യൊ​ക്കെ നേരി​ടാ​നുള്ള ആഗ്രഹ​വും ക്ഷമയും ഞങ്ങൾക്ക്‌ ഇല്ലായി​രു​ന്നു.”

      ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ. വിശപ്പി​ലും തൂക്കത്തി​ലും ഉറക്കത്തി​ലും ഉണ്ടാകുന്ന വ്യതി​യാ​നങ്ങൾ സാധാ​ര​ണ​മാണ്‌. അച്ഛൻ മരിച്ച​ശേഷം ഒരു വർഷ​ത്തേക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നെന്ന്‌ ആരോൺ പറയുന്നു. “എനിക്ക്‌ ഉറക്ക​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അച്ഛനെ​ക്കു​റിച്ച്‌ ഓർത്ത്‌ ഞാൻ എല്ലാ രാത്രി​യും ഒരേ സമയം ഉണരു​മാ​യി​രു​ന്നു.”

      അലാൻ​ഡ്രോ​യ്‌ക്ക്‌ എന്തൊ​ക്കെ​യോ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ള്ള​തു​പോ​ലെ തോന്നി. അദ്ദേഹം പറയുന്നു: “പല തവണ ഡോക്ടറെ കണ്ടപ്പോ​ഴും എനിക്കു കുഴപ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​ണു ഡോക്ടർ പറഞ്ഞത്‌. വിഷമം ഉള്ളതു​കൊ​ണ്ടാ​യി​രി​ക്കും ഇങ്ങനെ ഓരോ​ന്നു തോന്നു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി.” ആ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ പതി​യെ​പ്പ​തി​യെ ഇല്ലാതാ​യി. എങ്കിലും അലാൻഡ്രോ ഡോക്ടറെ കണ്ടതു നന്നായി. കാരണം സാധാ​ര​ണ​ഗ​തി​യിൽ ദുഃഖി​ച്ചി​രു​ന്നാൽ പ്രതി​രോ​ധ​ശേഷി കുറയും. അങ്ങനെ, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​കു​ക​യോ ഉള്ള പ്രശ്‌നങ്ങൾ വഷളാ​കു​ക​യോ ചെയ്‌തേ​ക്കാം.

      അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾപോ​ലും ചെയ്യാ​നുള്ള ബുദ്ധി​മുട്ട്‌. ഐവാൻ പറയുന്നു: “എറിക്കി​ന്റെ മരണം ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും മാത്രം അറിയി​ച്ചാൽ പോരാ​യി​രു​ന്നു. അവന്റെ തൊഴി​ലു​ട​മ​യെ​യും വാടക​വീ​ടി​ന്റെ ഉടമസ്ഥ​നെ​യും അങ്ങനെ പലരെ​യും അറിയി​ക്ക​ണ​മാ​യി​രു​ന്നു. നിയമ​പ​ര​മായ പല രേഖക​ളും പൂരി​പ്പി​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. എറിക്കി​ന്റെ സാധന​ങ്ങ​ളൊ​ക്കെ എടുത്ത്‌ എന്തെങ്കി​ലും ചെയ്യേ​ണ്ട​തു​ണ്ടോ എന്നു നോക്ക​ണ​മാ​യി​രു​ന്നു. ഞങ്ങൾ മാനസി​ക​വും ശാരീ​രി​ക​വും വൈകാ​രി​ക​വും ആയി തളർന്നി​രുന്ന അവസ്ഥയി​ലാണ്‌ ഇതെല്ലാം ചെയ്യേ​ണ്ടി​യി​രു​ന്നത്‌.”

      എന്നാൽ ചിലർക്കു ശരിക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നതു പിന്നീ​ടാണ്‌. പ്രിയ​പ്പെട്ട ആൾ മുമ്പു ചെയ്‌തി​രുന്ന കാര്യങ്ങൾ ചെയ്യേ​ണ്ടി​വ​രു​മ്പോ​ഴാ​യി​രി​ക്കും ഇതു സംഭവി​ക്കു​ന്നത്‌. ഇതു​പോ​ലൊ​രു അവസ്ഥയി​ലാ​യി​ത്തീർന്ന ടീന പറയുന്നു: “ബാങ്കു​കാ​ര്യ​ങ്ങ​ളും ബിസി​നെ​സ്സു​കാ​ര്യ​ങ്ങ​ളും നോക്കി​യി​രു​ന്നത്‌ ടിമോ​യാ​യി​രു​ന്നു. ടിമോ ഇല്ലാതാ​യ​പ്പോൾ അതെല്ലാം ഞാൻ ചെയ്യേ​ണ്ടി​വന്നു. അതെന്റെ പിരി​മു​റു​ക്കം ഒന്നുകൂ​ടി കൂട്ടി. എനിക്ക്‌ അതെല്ലാം കൈകാ​ര്യം ചെയ്യാൻ പറ്റുമോ എന്നു ഞാൻ ഓർത്തു.”

      മുകളിൽ പറഞ്ഞ വൈകാ​രി​ക​വും മാനസി​ക​വും ശാരീ​രി​ക​വും ആയ പ്രശ്‌നങ്ങൾ കേൾക്കു​മ്പോൾ ഈ ദുഃഖം മറിക​ട​ക്കാൻ എളുപ്പ​മ​ല്ലെന്നു തോന്നി​യേ​ക്കാം. ശരിയാണ്‌, പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാ​കു​മ്പോ​ഴുള്ള വേദന തീവ്ര​മാ​യി​രി​ക്കാം. പക്ഷേ ഇതു നേരത്തെ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ആ വേദന​യിൽനിന്ന്‌ കരകയ​റാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ എല്ലാവർക്കും ഈ പറഞ്ഞ എല്ലാ പ്രശ്‌ന​ങ്ങ​ളും ഉണ്ടാക​ണ​മെ​ന്നു​മില്ല. ദുഃഖി​തർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാ​വി​ക​മാണ്‌ എന്ന്‌ അറിയു​ന്നത്‌ അൽപ്പം ആശ്വാസം നൽകി​യേ​ക്കാം.

      എനിക്ക്‌ ഇനി എന്നെങ്കി​ലും സന്തോ​ഷി​ക്കാൻ കഴിയു​മോ?

      എന്തു പ്രതീ​ക്ഷി​ക്കണം? ദുഃഖ​ത്തി​ന്റെ തീവ്രത എല്ലാ കാലത്തും ഒരു​പോ​ലെ തുടരില്ല. അതു പതി​യെ​പ്പ​തി​യെ കുറഞ്ഞു​വ​രും. ഒരാളു​ടെ ദുഃഖം പൂർണ​മാ​യി മാറു​മെ​ന്നോ പ്രിയ​പ്പെട്ട ആളെ മറക്കു​മെ​ന്നോ ഇതിന്‌ അർഥമില്ല. എങ്കിലും പതുക്കെ ദുഃഖ​ത്തി​ന്റെ കാഠി​ന്യം കുറയും. പെട്ടെന്നു ചില ഓർമകൾ വരു​മ്പോ​ഴോ ചില പ്രത്യേ​ക​ദി​വ​സ​ങ്ങ​ളി​ലോ വീണ്ടും വിഷമം തോന്നി​യേ​ക്കാം. മിക്കവ​രും ക്രമേണ വൈകാ​രി​ക​സ​മ​നില വീണ്ടെ​ടു​ക്കും, സാധാരണ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്യും. ദുഃഖത്തെ മറിക​ട​ക്കാൻ ന്യായ​മായ കാര്യങ്ങൾ ഒരാൾ ചെയ്യു​ക​യും, സുഹൃ​ത്തു​ക്ക​ളും വീട്ടു​കാ​രും അയാളെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​മ്പോൾ ഇത്‌ എളുപ്പ​മാ​യി​രി​ക്കും.

      എത്ര കാല​മെ​ടു​ക്കും? ചിലരു​ടെ കാര്യ​ത്തിൽ ഏതാനും മാസങ്ങൾ മതിയാ​കും. എന്നാൽ പലർക്കും ഒന്നോ രണ്ടോ വർഷങ്ങൾ കഴിയു​മ്പോ​ഴാ​യി​രി​ക്കാം തങ്ങളുടെ അവസ്ഥ മെച്ച​പ്പെ​ട്ട​താ​യി തോന്നു​ന്നത്‌. മറ്റു ചിലർക്ക്‌ അതിലും കൂടുതൽ സമയം വേണ്ടി​വ​രും.a അലാൻഡ്രോ പറയുന്നു: “മൂന്നു വർഷ​ത്തോ​ളം എന്റെ അവസ്ഥയ്‌ക്കു മാറ്റ​മൊ​ന്നും വന്നില്ല.”

      കാര്യങ്ങൾ നേരെ​യാ​കു​ന്ന​തി​നു സമയം അനുവ​ദി​ക്കുക. അന്നന്നത്തെ കാര്യ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കുക. നിങ്ങൾക്കു കഴിയു​ന്ന​തു​പോ​ലെ മാത്രം കാര്യങ്ങൾ ചെയ്യുക. ദുഃഖ​ത്തി​ന്റെ കാഠി​ന്യം കാല​ക്ര​മേണ കുറയു​ക​തന്നെ ചെയ്യും. എന്നാൽ ഇപ്പോ​ഴത്തെ ദുഃഖം കുറയ്‌ക്കാ​നും അതു നീണ്ടു​നിൽക്കാ​തി​രി​ക്കാ​നും എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?

      ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്‌

      a ചിലരുടെ കാര്യ​ത്തിൽ “സങ്കീർണം” എന്നോ “വിട്ടു​മാ​റാ​ത്തത്‌” എന്നോ വിശേ​ഷി​പ്പി​ക്കാ​വുന്ന വിധത്തിൽ ദുഃഖം അതിക​ഠി​ന​വും നീണ്ടു​നിൽക്കു​ന്ന​തും ആയിരി​ക്കും. അങ്ങനെ​യു​ള്ള​വർക്കു മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​രു​ടെ സഹായം പ്രയോ​ജനം ചെയ്‌തേ​ക്കും.

  • തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാനാകുന്നത്‌
    ഉണരുക!—2018 | നമ്പർ 3
    • കുറച്ചുപേർ കടൽക്കരയിൽ നിന്ന്‌ പട്ടം പറപ്പിക്കുകയും അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്യുന്നു

      ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

      തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ ആകുന്നത്‌

      ദുഃഖഭാരം കുറയ്‌ക്കാൻ എന്തു ചെയ്യാ​നാ​കും? ധാരാളം നിർദേ​ശങ്ങൾ നിങ്ങൾക്കു കണ്ടെത്താ​നാ​കും. ചിലതു ശരിക്കും പ്രയോ​ജനം ചെയ്യും. എന്നാൽ മറ്റു ചിലത്‌ അത്ര പ്രയോ​ജനം ചെയ്‌തെന്നു വരില്ല. കാരണം എല്ലാവ​രു​ടെ​യും ദുഃഖം ഒരു​പോ​ലെയല്ല. അതു​കൊണ്ട്‌ ഒരാൾക്കു ഗുണം ചെയ്യു​ന്നതു മറ്റൊ​രാൾക്കു ഗുണം ചെയ്യണ​മെ​ന്നില്ല.

      എങ്കിലും പലർക്കും ഗുണം ചെയ്‌ത ചില നിർദേ​ശ​ങ്ങ​ളുണ്ട്‌. ദുഃഖി​തർക്കു സഹായ​ക​മായ ഉപദേ​ശങ്ങൾ നൽകു​ന്നവർ കൂടെ​ക്കൂ​ടെ അവ പറയാ​റുണ്ട്‌. അവ ജ്ഞാനമൊഴികൾ അടങ്ങിയ പുരാതനഗ്രന്ഥമായ ബൈബി​ളി​ലെ ആശ്രയ​യോ​ഗ്യ​മെന്നു തെളിഞ്ഞ തത്ത്വങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌.

      1: വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായം സ്വീക​രി​ക്കു​ക

      • കുറച്ചുപേർ കടൽക്കരയിൽ നിന്ന്‌ പട്ടം പറപ്പിക്കുകയും അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്യുന്നു

        ദുഃഖി​തർക്ക്‌ ഏറ്റവും ആശ്വാസം നൽകുന്ന ഒന്നാണ്‌ ഇതെന്നു ചില വിദഗ്‌ധർ കരുതു​ന്നു. എങ്കിലും ചില​പ്പോൾ നിങ്ങൾക്ക്‌ ഒറ്റയ്‌ക്ക്‌ ഇരിക്കാൻ തോന്നും. സഹായി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രോ​ടു ദേഷ്യം​പോ​ലും തോന്നി​യേ​ക്കാം. അതു സ്വാഭാ​വി​ക​മാണ്‌.

      • എപ്പോ​ഴും ആളുകൾ ചുറ്റു​മു​ണ്ടാ​യി​രി​ക്കണം എന്നു ചിന്തി​ക്ക​രുത്‌, എന്നാൽ മറ്റുള്ള​വരെ പൂർണ​മാ​യി ഒഴിവാ​ക്കാ​നും ശ്രമി​ക്ക​രുത്‌. കാരണം ഭാവി​യിൽ നിങ്ങൾക്ക്‌ അവരുടെ സഹായം വേണ്ടി​വ​ന്നേ​ക്കാം. ഓരോ സമയത്തും നിങ്ങൾക്ക്‌ എന്താണു വേണ്ട​തെ​ന്നും വേണ്ടാ​ത്ത​തെ​ന്നും അവരെ ദയയോ​ടെ അറിയി​ക്കുക.

      • നിങ്ങളു​ടെ ആവശ്യ​ത്തി​ന​നു​സ​രിച്ച്‌ ഒറ്റയ്‌ക്കാ​യി​രി​ക്കാ​നും മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും സമയം കണ്ടെത്തുക.

      തത്ത്വം:“ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. . . . ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ.”—സഭാ​പ്ര​സം​ഗകൻ 4:9, 10.

      2: ഭക്ഷണകാ​ര്യ​ത്തിൽ ശ്രദ്ധി​ക്കുക, വ്യായാമത്തിനു സമയം കണ്ടെത്തുക

      • ദുഃഖം​കൊ​ണ്ടു​ണ്ടാ​കുന്ന പിരി​മു​റു​ക്കം കുറയ്‌ക്കാൻ സമീകൃ​താ​ഹാ​രം സഹായി​ക്കും. പല തരം പഴങ്ങളും പച്ചക്കറി​ക​ളും കൊഴു​പ്പു കുറഞ്ഞ, പ്രോ​ട്ടീൻ അടങ്ങിയ ആഹാര​ങ്ങ​ളും കഴിക്കുക.

      • ധാരാളം വെള്ളവും ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യുന്ന മറ്റു പാനീ​യ​ങ്ങ​ളും കുടി​ക്കുക.

      • വിശപ്പു കുറവാ​ണെ​ങ്കിൽ പല തവണയാ​യി അൽപ്പാൽപ്പം കഴിക്കുക. പോഷ​ക​ക്കു​റവു നികത്തു​ന്ന​തി​നുള്ള വിറ്റാ​മി​നു​ക​ളെ​ക്കു​റിച്ച്‌ ഡോക്ട​റോ​ടു ചോദി​ക്കാ​നും കഴിയും.a

      • വ്യായാ​മം ചെയ്യു​ന്ന​തും വേഗത്തിൽ നടക്കു​ന്ന​തും നിഷേ​ധ​ചി​ന്തകൾ കുറയ്‌ക്കാൻ സഹായി​ക്കും. നഷ്ടമായ പ്രിയ​പ്പെ​ട്ട​വ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ചിലർ ഈ സമയം ഉപയോ​ഗി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ തങ്ങളുടെ നഷ്ടങ്ങൾ മറക്കു​ന്ന​തി​നാ​യി ഇത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു.

      തത്ത്വം: “ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ക്കു​ന്നി​ല്ല​ല്ലോ. . . . അവൻ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യും ചെയ്യുന്നു.”—എഫെസ്യർ 5:29, പി.ഒ.സി.

      3: നന്നായി ഉറങ്ങുക

      • ഒരു കിടക്ക

        ഉറക്കം എല്ലാവർക്കും പ്രധാ​ന​മാണ്‌, പ്രത്യേ​കിച്ച്‌ ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്ക്‌. കാരണം അവർക്കു കൂടുതൽ ക്ഷീണം കാണും.

      • കഫീനും മദ്യവും അധിക​മാ​യാൽ ഉറക്കത്തെ ബാധി​ക്കും.

      തത്ത്വം: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

      4: വഴക്കം കാണി​ക്കു​ക

      • സുഹൃത്തിനോടു തന്റെ ദുഃഖം പങ്കുവെക്കുന്ന ഒരു സ്‌ത്രീ

        പലരും പല വിധത്തി​ലാ​ണു ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌ എന്ന കാര്യം ഓർക്കുക. അതു​കൊണ്ട്‌ ഏതാണു നിങ്ങൾക്ക്‌ ആശ്വാസം തരുന്ന​തെന്നു മനസ്സി​ലാ​ക്കാൻ നോക്കുക.

      • മറ്റുള്ള​വ​രോ​ടു തങ്ങളുടെ ദുഃഖ​ത്തെ​ക്കു​റിച്ച്‌ പറയു​ന്നതു ഗുണം ചെയ്യു​ന്ന​താ​യി പലരും കണ്ടെത്തി​യി​ട്ടുണ്ട്‌. എന്നാൽ ചിലർ അങ്ങനെ ചെയ്യാൻ ആഗ്രഹി​ക്കു​ന്നില്ല. ദുഃഖം തുറന്നു​പ​റ​യു​ന്നത്‌ അതു കുറയ്‌ക്കാൻ സഹായി​ക്കു​മോ എന്ന കാര്യ​ത്തിൽ വിദഗ്‌ധർക്കി​ട​യിൽ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. കാര്യ​ങ്ങ​ളെ​ല്ലാം തുറന്നു​പ​റ​യാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും മടി തോന്നു​ന്നെ​ങ്കിൽ, പറയാൻ പറ്റുന്ന ചില കാര്യങ്ങൾ ഒരു അടുത്ത സുഹൃ​ത്തി​നോ​ടു പറഞ്ഞു​കൊണ്ട്‌ തുടങ്ങാം.

      • കരയു​മ്പോൾ ആശ്വാസം തോന്നു​ന്ന​താ​യി ചിലർക്കു തോന്നി​യി​ട്ടുണ്ട്‌. എന്നാൽ മറ്റു ചിലർക്ക്‌ അധികം കരയാ​തെ​തന്നെ ആശ്വാസം തോന്നാ​റുണ്ട്‌.

      തത്ത്വം: “നിന്റെ ദുഃഖം നീ മാത്രം അറിയു​ന്നു.”—സുഭാ​ഷി​തങ്ങൾ 14:10, സത്യ​വേ​ദ​പു​സ്‌തകം (ആധുനിക വിവർത്തനം)

      5: ഹാനികരമായ ശീലങ്ങൾ ഒഴിവാക്കുക

      • ഒരാൾ മദ്യം കുടിക്കുന്നു

        ചിലർ ദുഃഖം മറക്കാൻ മദ്യ​ത്തെ​യും മയക്കു​മ​രു​ന്നി​നെ​യും ആശ്രയി​ക്കു​ന്നു. അത്തരം “രക്ഷപ്പെടൽ” നമ്മളെ​ത്തന്നെ നശിപ്പി​ക്കും. കൂടാതെ മറ്റു വലിയ പ്രശ്‌ന​ങ്ങ​ളി​ലേ​ക്കും നയിക്കും. മാത്രമല്ല അപ്പോൾ തോന്നി​യേ​ക്കാ​വുന്ന ആശ്വാ​സ​ത്തിന്‌ അൽപ്പാ​യു​സ്സേ ഉള്ളൂ. ഉത്‌കണ്‌ഠ കുറയ്‌ക്കാൻ ഹാനി​ക​ര​മ​ല്ലാത്ത വഴികൾ നോക്കുക.

      തത്ത്വം: ‘മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാം.’—2 കൊരി​ന്ത്യർ 7:1.

      6: സമയം നല്ല രീതി​യിൽ ഉപയോ​ഗി​ക്കു​ക

      • എപ്പോ​ഴും ദുഃഖി​ച്ചി​രി​ക്കാ​തെ ഇടയ്‌ക്കി​ടക്ക്‌ മറ്റു കാര്യ​ങ്ങ​ളിൽ മുഴു​കു​ന്നതു നല്ലതാ​ണെന്നു ചിലർ കണ്ടെത്തി​യി​ട്ടുണ്ട്‌.

      • സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കാം, ശക്തമാ​ക്കാം, പുതിയ വൈദ​ഗ്‌ധ്യ​ങ്ങൾ നേടി​യെ​ടു​ക്കാം, വിനോ​ദങ്ങൾ ആസ്വദി​ക്കാം. ഇത്‌ കുറ​ച്ചൊ​ക്കെ ആശ്വാസം നൽകി​യേ​ക്കാം.

      • ദിവസങ്ങൾ കഴിയു​ന്തോ​റും, ദുഃഖി​ച്ചി​രി​ക്കുന്ന സമയം കുറയു​ന്ന​താ​യി നിങ്ങൾ കണ്ടേക്കാം. ദുഃഖ​ത്തിൽനിന്ന്‌ കരകയ​റു​ന്ന​തി​ന്റെ ഭാഗമാണ്‌ ഇത്‌.

      തത്ത്വം: “എല്ലാത്തി​നും ഒരു നിയമി​ത​സ​മ​യ​മുണ്ട്‌. . . . കരയാൻ ഒരു സമയം, ചിരി​ക്കാൻ ഒരു സമയം. വിലപി​ക്കാൻ ഒരു സമയം, തുള്ളി​ച്ചാ​ടാൻ ഒരു സമയം.”—സഭാ​പ്ര​സം​ഗകൻ 3:1, 4.

      7: ഒരു ദിനചര്യ നിലനി​റു​ത്തു​ക

      • ഒരു സ്‌ത്രീ തന്റെ കാര്യാദികൾ കലണ്ടറിൽ കുറിച്ചുവെക്കുന്നു

        കഴിയു​ന്നത്ര വേഗത്തിൽ പഴയ ദിനച​ര്യ​യി​ലേക്കു വരുക.

      • ഉറക്കത്തി​നും ജോലി​ക്കും മറ്റു പ്രവർത്ത​ന​ങ്ങൾക്കും ഉള്ള ദിനചര്യ പിൻപ​റ്റു​ന്നെ​ങ്കിൽ നിങ്ങൾക്കു സാധാ​ര​ണ​ജീ​വി​ത​ത്തി​ലേക്കു മടങ്ങി​വ​രാ​നാ​യേ​ക്കും.

      • നല്ല കാര്യ​ങ്ങ​ളിൽ മുഴു​കു​ന്നതു ദുഃഖം കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും.

      തത്ത്വം: “സത്യ​ദൈവം അയാളു​ടെ ഹൃദയം ആനന്ദഭ​രി​ത​മാ​ക്കു​ന്ന​തു​കൊണ്ട്‌ ജീവി​ത​ത്തിൽ ദിവസങ്ങൾ കടന്നു​പോ​കു​ന്നത്‌ അയാൾ അത്ര ശ്രദ്ധി​ക്കില്ല.”—സഭാ​പ്ര​സം​ഗകൻ 5:20.

      8: എടുത്തുചാടി വലിയ തീരുമാനങ്ങളെടുക്കരുത്‌

      • പ്രിയ​പ്പെട്ട ഒരാളെ നഷ്ടമായ ഉടനെ വലിയ തീരു​മാ​ന​ങ്ങ​ളെ​ടുത്ത പലരും പിന്നീട്‌ അതിൽ ഖേദി​ച്ചി​ട്ടുണ്ട്‌.

      • കഴിയു​മെ​ങ്കിൽ, പെട്ടെന്നു ജോലി മാറു​ക​യോ സ്ഥലം മാറു​ക​യോ മരിച്ച​യാ​ളു​ടെ സാധനങ്ങൾ കളയു​ക​യോ ചെയ്യരുത്‌.

      തത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.”—സുഭാ​ഷി​തങ്ങൾ 21:5.

      9: അവരെ ഓർക്കുക

      • മരിച്ചുപോയ ഭാര്യയുടെ ഫോട്ടോകൾ കൂട്ടുകാരെ കാണിക്കുന്ന ഒരാൾ

        മരിച്ച​യാ​ളെ​ക്കു​റി​ച്ചുള്ള ഓർമകൾ നിലനി​റു​ത്താൻ സഹായി​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്നതു നല്ലതാ​ണെന്നു പലർക്കും തോന്നി​യി​ട്ടുണ്ട്‌.

      • മരിച്ച​യാ​ളു​ടെ ഫോ​ട്ടോ​ക​ളും അദ്ദേഹത്തെ ഓർമി​ക്കാൻ സഹായി​ക്കുന്ന സാധന​ങ്ങ​ളും എടുത്തു​വെ​ക്കാം. അല്ലെങ്കിൽ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾ ഓർത്തി​രി​ക്കാൻ ആഗ്രഹി​ക്കുന്ന സംഭവങ്ങൾ ഒരു ഡയറി​യിൽ എഴുതാം. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ ആശ്വാസം തോന്നി​യേ​ക്കാം.

      • ആ വ്യക്തി​യെ​ക്കു​റിച്ച്‌ നല്ല ഓർമകൾ മനസ്സി​ലേക്കു കൊണ്ടു​വ​രുന്ന സാധനങ്ങൾ സൂക്ഷി​ച്ചു​വെ​ക്കുക. പിന്നീട്‌ അവ നിങ്ങൾക്ക്‌ എടുത്തു​നോ​ക്കാ​നാ​കും.

      തത്ത്വം: “കഴിഞ്ഞു​പോയ കാലങ്ങൾ ഓർക്കുക.”—ആവർത്തനം 32:7.

      10: വ്യത്യസ്‌തമായ എന്തെങ്കി​ലും ചെയ്യുക

      • ഒരു യാത്ര പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​വു​ന്ന​താണ്‌.

      • അങ്ങനെ കുറെ ദിവസ​ത്തേക്കു മാറി​നിൽക്കാൻ പറ്റി​ല്ലെ​ങ്കിൽ ഒന്നു രണ്ടു ദിവസ​ത്തേക്കു മറ്റ്‌ എന്തെങ്കി​ലും ചെയ്യാൻ പറ്റുമോ എന്നു നോക്കുക. ഏതെങ്കി​ലും ഒരു സ്ഥലം സന്ദർശി​ക്കാം, വണ്ടിയിൽ ഒന്നു ചുറ്റി​ക്ക​റ​ങ്ങാം, പാർക്കിൽ പോകാം അങ്ങനെ എന്തെങ്കി​ലും.

      • സ്ഥിരം ചെയ്യുന്ന കാര്യ​ത്തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ എന്തെങ്കി​ലും ചെയ്യു​ന്ന​തു​പോ​ലും ദുഃഖം കുറയ്‌ക്കാൻ സഹായി​ച്ചേ​ക്കും.

      തത്ത്വം: “വരൂ, നമുക്കു മാത്ര​മാ​യി ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ പോയി അൽപ്പം വിശ്ര​മി​ക്കാം.”—മർക്കോസ്‌ 6:31.

      11: മറ്റുള്ളവരെ സഹായി​ക്കു​ക

      • ഒരു ചെറുപ്പക്കാരി സാധനങ്ങൾ വാങ്ങിക്കാൻ പ്രായമായ ഒരു സ്‌ത്രീയെ സഹായിക്കുന്നു

        മറ്റുള്ള​വരെ സഹായി​ക്കു​മ്പോൾ അതു നിങ്ങൾക്കും പ്രയോ​ജനം ചെയ്യു​മെന്ന്‌ ഓർക്കുക.

      • ഈ മരണത്തിൽ ദുഃഖി​ക്കുന്ന ബന്ധുമി​ത്രാ​ധി​കളെ സഹായി​ക്കാൻ ആദ്യം ശ്രമി​ക്കാം. അങ്ങനെ അവരുടെ ദുഃഖ​ഭാ​ര​വും കുറയ്‌ക്കാം.

      • മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും ആശ്വസി​പ്പി​ക്കു​ന്ന​തും നിങ്ങൾക്ക്‌ ഒരു പുത്തൻ ഉണർവും ജീവി​ത​ത്തിന്‌ ഒരു പ്രതീ​ക്ഷ​യും നൽകും.

      തത്ത്വം: “വാങ്ങു​ന്ന​തി​നെ​ക്കാൾ സന്തോഷം കൊടു​ക്കു​ന്ന​തി​ലാണ്‌.”—പ്രവൃ​ത്തി​കൾ 20:35.

      12: മുൻഗണനകൾ വിലയിരുത്തുക

      • ദുഃഖാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോൾ ശരിക്കും പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമുക്കു കഴി​ഞ്ഞേ​ക്കും.

      • നിങ്ങൾ നിങ്ങളു​ടെ ജീവിതം എങ്ങനെ വിനി​യോ​ഗി​ക്കു​ന്നെന്നു പരി​ശോ​ധി​ക്കാൻ ഈ അവസരം ഉപയോ​ഗി​ക്കുക.

      • ആവശ്യ​മെ​ങ്കിൽ മുൻഗ​ണ​ന​കൾക്കു ഭേദഗതി വരുത്തുക.

      തത്ത്വം: “വിരു​ന്നു​വീ​ട്ടിൽ പോകു​ന്ന​തി​നെ​ക്കാൾ വിലാ​പ​ഭ​വ​ന​ത്തിൽ പോകു​ന്നതു നല്ലത്‌. അതാണ​ല്ലോ എല്ലാ മനുഷ്യ​ന്റെ​യും അവസാനം. ജീവി​ച്ചി​രി​ക്കു​ന്നവർ ഇതു മനസ്സിൽപ്പി​ടി​ക്കണം.”—സഭാ​പ്ര​സം​ഗകൻ 7:2.

      തളരാതെ മുന്നോട്ട്‌ | ചുരുക്കം

      • 1: വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായം സ്വീക​രി​ക്കു​ക

        ഒറ്റയ്‌ക്കായിരിക്കാനും മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കാ​നും സമയം കണ്ടെത്തുക.

      • 2: ഭക്ഷണകാര്യത്തിൽ ശ്രദ്ധി​ക്കുക, വ്യായാ​മ​ത്തി​നു സമയം കണ്ടെത്തുക

        ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടി​ക്കുക, ആവശ്യ​ത്തി​നു വ്യായാ​മം ചെയ്യുക.

      • 3: നന്നായി ഉറങ്ങുക

        ദുഃഖംകൊണ്ടുണ്ടാകുന്ന ക്ഷീണം കുറയ്‌ക്കാൻ ഉറക്കം അത്യാ​വ​ശ്യ​മാ​ണെന്നു മനസ്സി​ലാ​ക്കുക.

      • 4: വഴക്കം കാണി​ക്കു​ക

        പലരും പല വിധത്തി​ലാ​ണു ദുഃഖം പ്രകടി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഏതാണു നിങ്ങൾക്ക്‌ ആശ്വാസം തരുന്ന​തെന്നു മനസ്സി​ലാ​ക്കുക.

      • 5: ഹാനികരമായ ശീലങ്ങൾ ഒഴിവാ​ക്കു​ക

        മയക്കുമരുന്നും മദ്യത്തി​ന്റെ അമിത​മായ ഉപയോ​ഗ​വും ഒഴിവാ​ക്കുക. അവ കാര്യങ്ങൾ വഷളാ​ക്കു​കയേ ഉള്ളൂ.

      • 6: സമയം നല്ല രീതി​യിൽ ഉപയോ​ഗി​ക്കു​ക

        എപ്പോഴും ദുഃഖി​ച്ചി​രി​ക്കാ​തെ മറ്റുള്ള​വ​രോ​ടൊ​പ്പം ആയിരി​ക്കാ​നും വിനോ​ദ​ത്തി​നും സമയം കണ്ടെത്തുക.

      • 7: ഒരു ദിനചര്യ നിലനി​റു​ത്തു​ക

        നല്ല ദിനചര്യ പിൻപ​റ്റി​ക്കൊണ്ട്‌ സാധാ​ര​ണ​ജീ​വി​ത​ത്തി​ലേക്കു മടങ്ങുക.

      • 8: എടുത്തുചാടി വലിയ തീരു​മാ​ന​ങ്ങ​ളെ​ടു​ക്ക​രുത്‌

        പിന്നീട്‌ ദുഃഖി​ക്കാ​തി​രി​ക്കാൻ, കഴിയു​മെ​ങ്കിൽ ഒന്നോ രണ്ടോ വർഷം കാത്തി​രുന്ന്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാം.

      • 9: അവരെ ഓർക്കുക

        മരിച്ചയാളുടെ ഫോട്ടോകളും ചില സാധന​ങ്ങ​ളും എടുത്തു​വെ​ക്കാം. നല്ല ഓർമകൾ എഴുതി​വെ​ക്കാം.

      • 10: വ്യത്യസ്‌തമായ എന്തെങ്കി​ലും ചെയ്യുക

        ഒരു ദിവസ​ത്തേ​ക്കോ കുറച്ച്‌ നേര​ത്തേ​ക്കോ എങ്ങോ​ട്ടെ​ങ്കി​ലും യാത്ര പോകാം.

      • 11: മറ്റുള്ളവരെ സഹായി​ക്കു​ക

        സഹായം ആവശ്യ​മു​ള്ള​വ​രെ​യും മരണത്തിൽ ദുഃഖി​ക്കുന്ന ബന്ധുമി​ത്രാ​ദി​ക​ളെ​യും സഹായി​ച്ചു​കൊണ്ട്‌ വീണ്ടും ജീവി​ത​ത്തിന്‌ അർഥം പകരാം.

      • 12: മുൻഗണനകൾ വിലയി​രു​ത്തു​ക

        ശരിക്കും പ്രാധാ​ന്യ​മുള്ള കാര്യം എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നും മുൻഗ​ണ​ന​ക​ളിൽ ഭേദഗ​തി​വ​രു​ത്താ​നും ഈ അവസരം ഉപയോ​ഗി​ക്കുക.

      നിങ്ങളുടെ വേദന പൂർണ​മാ​യി ഇല്ലാതാ​ക്കാൻ യാതൊ​ന്നി​നും കഴിയില്ല എന്നതാണ്‌ യാഥാർഥ്യം. എങ്കിലും ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള ചില കാര്യങ്ങൾ ചെയ്‌ത​പ്പോൾ ആശ്വാസം കിട്ടി​യ​താ​യി പലരും പറയുന്നു. ദുഃഖം കുറയ്‌ക്കാൻ സഹായി​ക്കുന്ന എല്ലാ കാര്യ​ങ്ങ​ളും ഈ ലേഖന​ത്തിൽ വിവരി​ച്ചി​ട്ടില്ല. എന്നാൽ ഇവിടെ പറഞ്ഞി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളെ​ങ്കി​ലും ചെയ്‌താൽ നിങ്ങൾക്ക്‌ നല്ലൊ​ര​ള​വു​വരെ ആശ്വാസം ലഭിക്കും.

      a ഉണരുക! ഏതെങ്കി​ലും ഒരു പ്രത്യേ​ക​ചി​കി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല.

  • ഏറ്റവും വലിയ സഹായം
    ഉണരുക!—2018 | നമ്പർ 3
    • പുനരുത്ഥാനം ചെയ്‌തുവരുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ പറുദീസയിൽ തയ്യാറായി നിൽക്കുന്നവർ

      ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

      ഏറ്റവും വലിയ സഹായം

      മരണത്തിൽ പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെ​ടു​മ്പോൾ അനുഭ​വ​പ്പെ​ടുന്ന വേദന​യെ​ക്കു​റിച്ച്‌ ഈ അടുത്ത കാലത്ത്‌ അനേകം പഠനങ്ങൾ നടന്നി​ട്ടുണ്ട്‌. എങ്കിലും മുമ്പു കണ്ടതു​പോ​ലെ, വിദഗ്‌ധർ നൽകുന്ന ഏറ്റവും മികച്ച മാർഗ​നിർദേ​ശങ്ങൾ മിക്ക​പ്പോ​ഴും കാലങ്ങൾക്കു മുമ്പ്‌ എഴുത​പ്പെട്ട ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​ക​ളു​മാ​യി യോജി​പ്പി​ലാണ്‌. ബൈബി​ളി​ന്റെ മാർഗ​നിർദേ​ശങ്ങൾ എല്ലാ കാലത്തും പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്ന്‌ ഇതു കാണി​ക്കു​ന്നു. എന്നാൽ ബൈബി​ളിൽ ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശങ്ങൾ മാത്രമല്ല ഉള്ളത്‌. മറ്റ്‌ എങ്ങും കണ്ടെത്താൻ കഴിയാ​ത്ത​തും ദുഃഖി​തർക്ക്‌ അങ്ങേയറ്റം ആശ്വാസം നൽകു​ന്ന​തും ആയ പല വിവര​ങ്ങ​ളും അതിലുണ്ട്‌.

      • നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ കഷ്ടപ്പെ​ടു​ന്നി​ല്ലെന്ന്‌ ഉറപ്പു​ത​രു​ന്നു

        “മരിച്ചവർ ഒന്നും അറിയു​ന്നില്ല” എന്ന്‌ സഭാ​പ്ര​സം​ഗകൻ 9:5-ൽ ബൈബിൾ പറയുന്നു. “അവരുടെ ചിന്തകൾ നശിക്കു​ന്നു.” (സങ്കീർത്തനം 146:4) അതു​കൊ​ണ്ടു​തന്നെ മരണത്തെ ബൈബിൾ ഒരു സുഖനി​ദ്ര​യോട്‌ ഉപമി​ക്കു​ന്നു.—യോഹ​ന്നാൻ 11:11.

      • സ്‌നേ​ഹ​വാ​നായ ദൈവ​ത്തി​ലുള്ള ശക്തമായ വിശ്വാ​സം ആശ്വാസം നൽകുന്നു

        സങ്കീർത്ത​നം 34:15-ൽ ബൈബിൾ പറയുന്നു: “യഹോവയുടെa കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌; ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.” അതു​കൊണ്ട്‌ നമ്മുടെ വികാ​രങ്ങൾ പ്രാർഥ​ന​യി​ലൂ​ടെ ദൈവത്തെ അറിയി​ക്കാ​നാ​കും. എന്നാൽ ചിന്താ​ഭാ​രം ഇറക്കി​വെ​ക്കു​ന്ന​തി​നോ ചിന്തകൾ നിയ​ന്ത്രി​ക്കു​ന്ന​തി​നോ ഉള്ള ഒരു ഉപാധി മാത്രമല്ല പ്രാർഥന. വാസ്‌ത​വ​ത്തിൽ സ്രഷ്ടാ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം സ്ഥാപി​ക്കാൻ അതു സഹായി​ക്കു​ന്നു. തന്റെ ശക്തി ഉപയോ​ഗിച്ച്‌ നമ്മളെ ആശ്വസി​പ്പി​ക്കാൻ ദൈവ​ത്തി​നു കഴിയും.

      • കാത്തി​രി​ക്കാൻ ഒരു നല്ല ഭാവി

        മരിച്ചു​പോ​യ​വർ വീണ്ടും ഈ ഭൂമി​യിൽ ജീവനി​ലേക്കു വരുന്ന ഒരു കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കൂ! അങ്ങനെ​യൊ​രു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ആവർത്തിച്ച്‌ പറയുന്നു. അന്നത്തെ ഭൂമി​യി​ലെ അവസ്ഥയെ വർണിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം (നമ്മുടെ) കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:3, 4.

      ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​യിൽ വിശ്വ​സി​ക്കുന്ന അനേകർക്കും മരിച്ചു​പോയ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാം എന്ന പ്രത്യാ​ശ​യിൽനിന്ന്‌ വലിയ ആശ്വാസം ലഭിച്ചി​രി​ക്കു​ന്നു. ആനിന്റെ അനുഭ​വം​നോ​ക്കാം. ആനിന്റെ ഭർത്താവ്‌ 65-ാം വയസ്സിൽ മരിച്ചു. ആൻ പറയുന്നു: “മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ കഷ്ടപ്പെ​ടു​ന്നി​ല്ലെ​ന്നും ദൈവം തന്റെ ഓർമ​യി​ലു​ള്ള​വരെ വീണ്ടും ജീവി​പ്പി​ക്കു​മെ​ന്നും ബൈബി​ളിൽനിന്ന്‌ എനിക്ക്‌ ഉറപ്പു കിട്ടി. എനിക്കുണ്ടായ നഷ്ടത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോ​ഴൊ​ക്കെ ഇക്കാര്യം എന്റെ മനസ്സി​ലേക്കു വരും. അങ്ങനെ ജീവി​ത​ത്തി​ലു​ണ്ടായ ഏറ്റവും വലിയ നഷ്ടത്തെ നേരി​ടാൻ എനിക്കു കഴിയു​ന്നു.”

      മുമ്പു പറഞ്ഞ ടീന പറയുന്നു: “ടിമോ മരിച്ച ദിവസം​മു​തൽ ഇങ്ങോട്ട്‌ ദൈവ​ത്തി​ന്റെ പിന്തുണ ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ യഹോവ എന്നെ സഹായി​ക്കു​ന്നത്‌ എനിക്കു ശരിക്കും അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞി​ട്ടുണ്ട്‌. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പുനരു​ത്ഥാ​നം, അതു സംഭവി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. ഈ ഉറപ്പ്‌ ടിമോ​യെ വീണ്ടും കാണുന്ന ദിവസം​വരെ കരു​ത്തോ​ടെ മുന്നേ​റാ​നുള്ള ഊർജം തരുന്നു.”

      ബൈബി​ളി​ന്റെ വിശ്വാ​സ്യ​ത​യിൽ ഉറപ്പുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ വികാ​ര​മാണ്‌ ഈ വാക്കു​ക​ളി​ലെ​ല്ലാം തെളി​ഞ്ഞു​കാ​ണു​ന്നത്‌. സംഭവി​ക്കു​മെന്നു ബൈബിൾ പറയുന്ന കാര്യങ്ങൾ നടക്കി​ല്ലെ​ന്നോ അതു വെറു​മൊ​രു സ്വപ്‌ന​മാ​ണെ​ന്നോ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അങ്ങനെ​യാ​ണെ​ങ്കിൽ ബൈബിൾ നൽകുന്ന ഉപദേ​ശ​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളും ആശ്രയ​യോ​ഗ്യ​മാ​ണെ​ന്ന​തി​നുള്ള തെളി​വു​കൾ നോക്കു​ന്നത്‌ എന്തു​കൊ​ണ്ടും നന്നായി​രി​ക്കും. അപ്പോൾ ദുഃഖി​തർക്കുള്ള ഏറ്റവും വലിയ സഹായം ബൈബി​ളാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യേ​ക്കാം.

      മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച്‌ കൂടുതൽ അറിയാൻ. . .

      അതുമായി ബന്ധപ്പെട്ട വീഡി​യോ​കൾ ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org-ൽ കാണാം

      പുനരുത്ഥാനം ചെയ്‌തുവരുന്ന പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ പറുദീസയിൽ തയ്യാറായി നിൽക്കുന്നവർ

      മരിച്ചുപോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ ഭാവി​യിൽ വീണ്ടും കാണാ​നാ​കും എന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.

      മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌?

      മരിച്ചവർ ഏത്‌ അവസ്ഥയിലാണ്‌?

      മരിക്കുമ്പോൾ എന്താണ്‌ സംഭവി​ക്കു​ന്നത്‌? ബൈബി​ളി​ന്റെ ഉത്തരം നമ്മളെ ആശ്വസി​പ്പി​ക്കു​ക​യും ധൈര്യ​പ്പെ​ടു​ത്തു​ക​യും ചെയ്യും.

      ലൈബ്രറി > വീഡി​യോ​കൾ എന്ന ഭാഗത്തു നോക്കുക (വീഡി​യോ ഇനം: ബൈബിൾ > ബൈബിൾ പഠിപ്പിക്കലുകൾ)

      സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?

      സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?

      ദുഃഖവാർത്തകൾ ധാരാ​ള​മുള്ള ഈ സമയത്ത്‌ നിങ്ങൾക്ക്‌ സന്തോ​ഷ​വാർത്ത എവിടെ കണ്ടെത്താ​നാ​കും?

      ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്ന ഭാഗത്ത്‌ നോക്കുക

      a ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്നു ബൈബിൾ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക