അവിശ്വാസികളുമായി അമിക്കപ്പെടരുത്
“അവിശ്വാസികളുമായി അസമമായി അമിക്കപ്പെടരുത്. എന്തെന്നാൽ . . . വിശ്വസ്തനായ ഒരാൾക്ക് ഒരു അവിശ്വാസിയുമായി എന്ത് ഓഹരിയാണുള്ളത്?”—2 കൊരിന്ത്യർ 6:14, 15.
1. ഒരു സഹോദരി ഒരു അവിശ്വാസിയെ വിവാഹംചെയ്യാനിടയായതെങ്ങനെ?
മദ്ധ്യ പശ്ചിമ ഐക്യനാടുകളിൽനിന്നുള്ള യഹോവയുടെ സാക്ഷികളിലൊരാൾക്ക് കുറേ വർഷംമുമ്പ് ഒരു കാറപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടു. “ഞാൻ ആദ്യം ശൂന്യയാക്കപ്പെട്ടു, എന്നാൽ ഇത് യഹോവക്കായുള്ള എന്റെ സേവനത്തെ തടസ്സപ്പെടുത്തരുതെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു. എന്നിരുന്നാലും, ഒന്നുരണ്ടു വർഷങ്ങൾക്കുശേഷം സഭയിലെ ഇണകളോടുള്ള ബന്ധത്തിൽ ഞാൻ പൊരുത്തപ്പെടുന്നില്ലെന്നുള്ള തോന്നൽ എനിക്കുണ്ടായിത്തുടങ്ങി. എന്റെ പുത്രിയേയും എന്നെയും മററുള്ളവർ എപ്പോഴും കുടുംബപര്യടനങ്ങൾക്ക് ക്ഷണിക്കുമായിരുന്നില്ല. ക്രിസ്തീയ ഇണകൾ അന്യോന്യം പ്രിയം പ്രകടമാക്കുന്നതു കാണുമ്പോൾ ഞാൻ പൂർവാധികം ത്യജിക്കപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി. ഞാൻ ആത്മീയമായി കൂടുതൽ ദുർബ്ബലയാകുന്നത് ആരും കണ്ടതായി തോന്നിയില്ല. അതുകൊണ്ട് ജോലിസ്ഥലത്ത് ഞാൻ പരിചയപ്പെട്ട ഒരു ലോകമനുഷ്യൻ പുറത്തുപോയി ഭക്ഷണംകഴിക്കാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ പോയി. ഞാൻ പെട്ടെന്നുതന്നെ അയാളുമായി സ്നേഹത്തിലായി. ഒടുവിൽ, ഞാൻ വളരെ ദുർബ്ബലയാകുകയും ഏകാന്തത പിടിപെടുകയും ചെയ്തതുകൊണ്ട് അയാളെ വിവാഹംകഴിക്കാൻ ഞാൻ സമ്മതിച്ചു.”
2. വിവാഹംകഴിക്കാനുള്ള ആഗ്രഹം സ്വാഭാവികമായിരിക്കുന്നതെന്തുകൊണ്ട്, വിവാഹം എന്തായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു?
2 അതെ, ഒരു ഇണയോടുകൂടെ ജീവിതം പങ്കിടാനുള്ള ആഗ്രഹം വളരെ ശക്തമായിരിക്കാൻ കഴിയും, അത് സ്വാഭാവികവുമാണ്. യഹോവതന്നെ പ്രസ്താവിക്കുന്ന പ്രകാരം: “മനുഷ്യൻ തനിയെ തുടരുന്നതു നന്നല്ല. ഞാൻ അവനുവേണ്ടി അവന്റെ ഒരു പൂരകമെന്ന നിലയിൽ [“മറുഘടകം,” അവനു യോജിക്കുന്ന ഒന്ന്] ഒരു സഹായിയെ ഉണ്ടാക്കാൻ പോകുകയാണ്.” (ഉല്പത്തി 2:18, ന്യൂവേൾഡ ട്രാൻസേഷ്ളൻ റഫറൻസ ബൈബിൾ, അടിക്കുറിപ്പ്) വിവാഹം ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ഒരു സ്ഥിരമായ അടുത്ത ഐക്യബന്ധമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടു. “ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിടും, അവൻ തന്റെ ഭാര്യയോടു പററിനിൽക്കണം, അവർ ഒരു ജഡമായിത്തീരണം” എന്നു പറഞ്ഞത് ആദാമായിരുന്നില്ല, പിന്നെയോ യഹോവയായിരുന്നു. (ഉല്പത്തി 2:22-24; മത്തായി 19:4-6.) ഒരുപക്ഷേ നിങ്ങളുടെ ഹൃദയം അങ്ങനെയുള്ള ഒരു മറുഘടകത്തിനായി കാംക്ഷിക്കുന്നുണ്ടായിരിക്കാം.
3, 4. (എ) അവിശ്വാസികളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നതെങ്ങനെ? (ബി) അസമമായ അമിക്കലിനെ സംബന്ധിച്ച പൗലോസിന്റെ ബുദ്ധിയുപദേശം ഏതു വിധത്തിൽ വിവാഹത്തിനു ബാധകമായേക്കാം? (സി) കൊരിന്ത്യക്രിസ്ത്യാനികൾ “അവിശ്വാസികൾ” എന്ന പദത്തെ എങ്ങനെ മനസ്സിലാക്കുമായിരുന്നു? (അടിക്കുറിപ്പു കാണുക.)
3 എന്നിരുന്നാലും, ബൈബിൾ അവിശ്വാസികളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുന്നു. അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നതുപോലെ, “അവിശ്വാസികളുമായി അസമമായി അമിക്കപ്പെടരുത് [“ഒരു അസമമായ കക്ഷിയിൽചേർന്ന് നിങ്ങൾക്കുതന്നെ കടിഞ്ഞാണിടരുത്,” ദി ജറൂസലം ബൈബിൾ]a. ഒരു വിശ്വാസിക്ക് അവിശ്വാസിയുമായി എന്തു ബന്ധമാണുള്ളത്.”b (2 കൊരിന്ത്യർ 6:14, 15) ഉഴാൻ ഒരു കാളയെയും ഒരു കഴുതയെയും അമിക്കുന്നതിനെതിരായ മോശൈകന്യായപ്രമാണത്തിലെ നിരോധനം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നിരിക്കാം. (ആവർത്തനം 22:10) കഴുതക്ക് വലിപ്പക്കുറവാണ്, അത്രതന്നെ ബലവുമില്ല. തന്നിമിത്തം അത് അങ്ങനെയുള്ള അസമമായ അമിക്കലിന്റെ ഫലമായി കഷ്ടപ്പെടും. വിവാഹം ഭർത്താവിനെയും ഭാര്യയെയും ബന്ധിപ്പിക്കുന്ന ഒരു നുകം പോലെയായതുകൊണ്ട് ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയെ വിവാഹം കഴിക്കുന്നത് ഒരു അസമമായ ഇണയ്ക്കലിൽ കലാശിക്കും. (മത്തായി 19:6) അങ്ങനെയുള്ള ഒരു നുകം മിക്കപ്പോഴും ഒരു ദാമ്പത്യബന്ധത്തിൽ കൂടുതലായ സമ്മർദ്ദവും സംഘർഷവും വരുത്തിക്കൂട്ടുന്നു.—1 കൊരിന്ത്യർ 7:28 താരതമ്യപ്പെടുത്തുക.
4 എന്നിരുന്നാലും, തുടക്കത്തിലെ അനുഭവം ചിത്രീകരിക്കുന്നതുപോലെ, ചില ക്രിസ്ത്യാനികൾ അവിശ്വാസികളെ വിവാഹംചെയ്യാൻ ഇഷ്ടപ്പെട്ടിട്ടുണ്ട്. ചിലർ “കർത്താവിൽമാത്രം” വിവാഹംചെയ്യുന്നത് പ്രയാസമാണെന്നു കണ്ടെത്തുന്നതെന്തുകൊണ്ട്?—1 കൊരിന്ത്യർ 7:39.
ചിലർ മററുള്ളിടങ്ങളിൽ നോക്കുന്നതിന്റെ കാരണം
5. ചിലർ ഒരു അവിശ്വാസിയുമായി പ്രേമാത്മകമായി ഉൾപ്പെടുന്നതെന്തുകൊണ്ടെന്ന് വിശദീകരിക്കുക.
5 അവർ അവശ്യം ദൈവികബുദ്ധിയുപദേശം അവഗണിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നുവെന്നല്ല. വിവാഹിതയാകാൻ ആഗ്രഹിച്ചേക്കാവുന്ന ഒരു ക്രിസ്തീയസഹോദരിയുടെ സാഹചര്യം പരിഗണിക്കുക. അവൾ ഒരു ക്രിസ്തീയഭർത്താവിനായി കാംക്ഷിച്ചേക്കാം, അവളുടെ വിശ്വാസികളായ സുഹൃത്തുക്കളുടെ വലയത്തിൽ യോഗ്യതയുള്ള അനേകം സഹോദരൻമാർ ഉള്ളതായി കാണപ്പെടുന്നില്ല. അവൾ തന്റെ പ്രായത്തെക്കുറിച്ച് ബോധമുള്ളവളാണ്. അവൾ ഒരു കുടുംബം വളർത്താൻ ആഗ്രഹിച്ചേക്കാം. ഒററക്ക് പ്രായാധിക്യത്തിലാകുന്നതിനെക്കുറിച്ചുള്ള ഭയവും സ്നേഹിക്കപ്പെടേണ്ടതിന്റെ ആവശ്യവും അവളെ വികാരാധീനയാക്കിയേക്കാം. അപ്പോൾ ഒരു ലോകമനുഷ്യൻ അവളിൽ താത്പര്യം പ്രകടമാക്കുന്നുവെങ്കിൽ, ചെറുത്തുനിൽക്കുക പ്രയാസമായിരിക്കാം. അയാൾ ദയാലുവും സൗമ്യനുമായി കാണപ്പെട്ടേക്കാം. അയാൾ പുകവലിക്കുകയില്ലായിരിക്കാം, അസഭ്യഭാഷ ഉപയോഗിക്കുകയില്ലായിരിക്കാം. അനന്തരം ന്യായീകരണങ്ങൾ വരുന്നു: ‘എന്തിന്, അയാൾ എനിക്കറിയാവുന്ന ഒട്ടേറെ സഹോദരൻമാരെക്കാൾ നല്ലയാളാണ്!’ ‘അയാൾക്ക് പഠിക്കാൻ താല്പര്യമുണ്ട്.’ ‘ഒരു സഹോദരി ഒരു അവിശ്വാസിയെ വിവാഹം കഴിക്കുകയും ഒടുവിൽ അയാൾ ഒരു സഹവിശ്വാസിയായിത്തീരുകയുംചെയ്ത കേസുകൾ എനിക്കറിയാം.’ ‘ശരിയായി പ്രവർത്തിക്കാത്ത ചില ക്രിസ്തീയ വിവാഹങ്ങളുണ്ട്!’—യിരെമ്യാവ് 17:9 കാണുക.
6, 7. (എ) ഒരു അവിവാഹിതയായ സഹോദരി തന്റെ മടുപ്പ് വിശദീകരിച്ചതെങ്ങനെ? (ബി) ഏതു ചോദ്യം നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
6 അതെ, വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് വളരെ മടുപ്പ് തോന്നിയേക്കാം. ചിലർ ഭഗ്നാശർപോലുമായിത്തീരുന്നു. തന്റെ പ്രദേശത്തെ സാഹചര്യത്തെ വർണ്ണിച്ചപ്പോൾ “യോഗ്യതയുള്ള സഹോദരൻമാരുടെ എണ്ണം തീർത്തും കുറവാണ്” എന്ന് ഒരു അവിവാഹിതയായ സഹോദരി പറയുകയുണ്ടായി. “എന്നാൽ അവിവാഹിതരായ സഹോദരിമാരുടെ എണ്ണം വളരെ കൂടുതലാണ്. ഒരു സഹോദരി തന്റെ യൗവനം പാഞ്ഞുപോകുന്നതായി കാണുമ്പോൾ അവളുടെ തെരഞ്ഞെടുപ്പുകൾ വിവാഹം കഴിക്കാതിരിക്കാനോ തനിക്ക് ലഭിക്കുന്ന ആദ്യ അവസരത്തിൽതന്നെ വിവാഹംകഴിക്കാനോ ആയി ചുരുങ്ങുന്നു.”
7 എന്നിരുന്നാലും, ബൈബിളിന്റെ ബുദ്ധിയുപദേശം വ്യക്തമാണ്: ‘അവിശ്വാസികളുമായി അമിക്കപ്പെടരുത്.’ (2 കൊരിന്ത്യർ 6:14) ഈ ദിവ്യമുന്നറിയിപ്പ് പരുഷമോ അന്യായമോ ആണോ?
ദൈവത്തിന്റെ സനേഹപൂർവകമായ പരിപാലനത്തിന്റെ തെളിവ്
8. തനിക്ക് നമ്മുടെ ഉത്തമതാല്പര്യങ്ങൾ മനസ്സിലുണ്ടെന്ന് യഹോവ പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
8 യഹോവക്ക് നമ്മുടെ നിലനിൽക്കുന്ന ക്ഷേമത്തിൽ അഗാധമായ താല്പര്യമുണ്ട്. തനിക്കുതന്നെ വലിയ നഷ്ടം വരുത്തിക്കൊണ്ട് അവൻ തന്റെ പുത്രനെ “അനേകർക്കു പകരമായി ഒരു മറുവില”യായി കൊടുത്തില്ലയോ? (മത്തായി 20:28) അവൻ ‘നമുക്കുതന്നെ പ്രയോജനംചെയ്യാൻ നമ്മെ പഠിപ്പിക്കുന്നവൻ’ അല്ലയോ? (യെശയ്യാവ് 48:17) ‘നമുക്ക് സഹിക്കാവുന്നതിനതീതമായി നാം പരീക്ഷിക്കപ്പെടാൻ അവൻ അനുവദിക്കുകയില്ല’ എന്ന് അവൻ വാഗ്ദത്തം ചെയ്യുന്നില്ലേ? (1 കൊരിന്ത്യർ 10:13) ന്യായമായി, അപ്പോൾ, അവിശ്വാസികളുമായി അമിക്കപ്പെടരുതെന്ന് അവൻ നമ്മോടു പറയുമ്പോൾ അവന് നമ്മുടെ ഉത്തമതാല്പര്യങ്ങൾ ഹൃദയത്തിലുണ്ടായിരിക്കണം! ഈ മുന്നറിയിപ്പ് നമ്മോടുള്ള അവന്റെ സ്നേഹപൂർവകമായ പരിപാലനത്തിന്റെ ഒരു പ്രകടനമായിരിക്കുന്നതെങ്ങനെയെന്ന് പരിഗണിക്കുക.
9. (എ) ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെതിരെ പൗലോസ് എന്തു മുന്നറിയിപ്പ് നൽകുന്നു? (ബി) “യോജിപ്പ്” എന്ന് വിവർത്തനംചെയ്തിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥമെന്ത്, അത് ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി ഇണയ്ക്കപ്പെടുമ്പോഴത്തെ പ്രയാസത്തെ ചിത്രീകരിക്കുന്നതെങ്ങനെ?
9 വിവാഹം മനുഷ്യർ തമ്മിലുള്ള ഏററവുമടുത്ത ബന്ധമായിരിക്കാനാണ് സ്രഷ്ടാവ് ഉദ്ദേശിച്ചത്, ഭർത്താവും ഭാര്യയും “ഏകജഡ”മായിത്തീരണമായിരുന്നു. (ഉല്പത്തി 2:24) ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി ഇത്ര അടുത്ത ഒരു ബന്ധം സ്ഥാപിക്കുന്നത് ബുദ്ധിയാണോ? തുളച്ചുകയറുന്ന ചോദ്യങ്ങളുടെ ഒരു പരമ്പര ഉന്നയിച്ചുകൊണ്ട് പൗലോസ് മറുപടി പറയുന്നു. ഓരോന്നും ഒരു നിഷേധാത്മക ഉത്തരം മുന്നമേ സങ്കൽപ്പിക്കുന്നു: “എന്തെന്നാൽ നീതിക്കും അധർമ്മത്തിനും എന്തു കൂട്ടായ്മയുണ്ട്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുട്ടുമായി എന്തു പങ്കുണ്ട്? കൂടാതെ, ക്രിസ്തുവും ബലീയേലും (സാത്താനും) തമ്മിൽ എന്തു യോജിപ്പാണ് (ഗ്രീക്ക്, സിംഫണിസിസ) ഉള്ളത്? അല്ലെങ്കിൽ ഒരു വിശ്വസ്തനായ ആൾക്ക് ഒരു അവിശ്വാസിയുമായി എന്ത് ഓഹരിയാണുള്ളത്?” (2 കൊരിന്ത്യർ 6:14, 15) സിംഫണിസിസ എന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർത്ഥം “ഒരുമിച്ചുള്ള ഒരു ശബ്ദമുണ്ടാക്കൽ” എന്നാണ്. (“കൂടെ” എന്നതിനുള്ള സിൻ-ൽനിന്നും “ഒരു ശബ്ദം” എന്നതിന്റെ ഫോൺ-ൽനിന്നും). അത് സംഗീതോപകരണങ്ങൾ ഉളവാക്കുന്ന സ്വരൈക്യത്തെ പരാമർശിക്കുന്നു. തീർച്ചയായും, ക്രിസ്തുവും സാത്താനും തമ്മിൽ യോജിപ്പില്ല. അതുപോലെതന്നെ, അസമമായ ഒരു നുകത്തിൽ ഭർത്താവിനും ഭാര്യക്കും ‘ഒരേ തന്ത്രികൾ മീട്ടാൻ’ വളരെ പ്രയാസമാണ്. അവർ അന്യോന്യം പൊരുത്തമില്ലാത്ത, സംഗീതത്തിനു പകരം വിരുദ്ധശബ്ദങ്ങൾ ഉളവാക്കുന്ന, രണ്ട് സംഗീതോപകരണങ്ങൾ പോലെയാണ്.
10. ഒരു സന്തുഷ്ടവിവാഹത്തിലെ അത്യന്താപേക്ഷിത ഘടകങ്ങൾ എന്തൊക്കെയാണ്, സമനിലയുള്ള ഒരു നുകം ഉള്ളപ്പോൾ എന്തു പ്രയോജനങ്ങൾ ഉണ്ട്?
10 അപ്പോൾ ഒരു ആത്മീയ വ്യക്തിക്ക് ഒരു ജഡികവ്യക്തിയുമായി പൂർണ്ണയോജിപ്പ് എങ്ങനെ ആസ്വദിക്കാൻ കഴിയും? (1 കൊരിന്ത്യർ 2:14) പൊതുവിശ്വാസങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും ഒരു സന്തുഷ്ടവിവാഹത്തിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്. സ്രഷ്ടാവിനോടുള്ള കൂട്ടായ ഭക്തിയെക്കാൾ വിവാഹത്തിനു ശക്തി പകരുന്ന മറെറാന്നുമില്ല. സമനിലയുള്ള ഒരു നുകമുള്ളപ്പോൾ ഭർത്താവിനും ഭാര്യക്കും ആരാധനയിൽ പരസ്പരം പ്രോൽസാഹിപ്പിക്കാൻ കഴിയും. തങ്ങളുടെ ഭിന്നതകൾ പരിഹരിക്കുന്നതിന് ഇരുവർക്കും തിരുവെഴുത്തുകളിലേക്ക് നോക്കാൻ കഴിയും. നാം നമ്മുടെ വിവാഹ ഇണയുമായി സാദ്ധ്യമാകുന്ന ഏററം അടുത്ത ബന്ധം ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നതുകൊണ്ടാണ് അവിശ്വാസികളുമായി നമ്മേത്തന്നെ അമിക്കാതിരിക്കാൻ അവൻ നമ്മോടു പറയുന്നതെന്ന് തെളിവല്ലേ?
11. ആരാധകരല്ലാഞ്ഞവരുമായുള്ള വിവാഹബന്ധങ്ങൾ ഇസ്രായേലിൽ നിരോധിക്കപ്പെട്ടതെന്തുകൊണ്ട്, ഏതു ചിന്തോദ്ദീപകമായ ചോദ്യം ഉന്നയിക്കപ്പെടുന്നു?
11 ബൈബിളിന്റെ മുന്നറിയിപ്പ് അനുസരിക്കുന്നത് ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി അമിക്കപ്പെടുമ്പോൾ മിക്കപ്പോഴും സംജാതമാകുന്ന വേദനാകരമായ പരിണതഫലങ്ങളിൽനിന്ന് നമ്മെ ഒഴിവാക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തമായി, അവിശ്വാസി ക്രിസ്തീയ ഇണയെ, യഹോവയെ സേവിക്കുന്നതിൽനിന്ന് അകററാനുള്ള സാദ്ധ്യതയുണ്ട്. പുരാതന ഇസ്രായേലിനോടുള്ള യഹോവയുടെ മുന്നറിയിപ്പു പരിചിന്തിക്കുക. ഇസ്രയേല്യേതരരുമായുള്ള വിവാഹബന്ധങ്ങൾ നിരോധിക്കപ്പെട്ടിരുന്നു. എന്തുകൊണ്ട്? “എന്തുകൊണ്ടെന്നാൽ അവൻ നിന്റെ പുത്രനെ എന്നെ സേവിക്കുന്നതിൽനിന്ന് അകററുകയും അവർ തീർച്ചയായും അന്യദൈവങ്ങളെ സേവിക്കുകയുംചെയ്യും” എന്ന് യഹോവ മുന്നറിയിപ്പുനൽകി. (ആവർത്തനം 7:3, 4) ഒരു അവിശ്വാസിയായ ഇണയിൽനിന്നുള്ള എതിർപ്പിനെ അഭിമുഖീകരിക്കുമ്പോൾ എതിർപ്പു കുറഞ്ഞ മാർഗ്ഗത്തിലേക്ക് ഒഴുകിപ്പോകാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നേക്കാം. ‘അത് എനിക്ക് സംഭവിക്കുകയില്ല’ എന്ന് വിചാരിക്കുക എളുപ്പമാണ്. എന്നാൽ അത് ശലോമോനെപ്പോലെ ജ്ഞാനിയായുള്ള ഒരു മനുഷ്യനു സംഭവിച്ചു. നിങ്ങൾക്കും അതു സംഭവിക്കാൻ പാടില്ലേ?—1 രാജാക്കൻമാർ 11:1-6; 1 രാജാക്കൻമാർ 4:29, 30 താരതമ്യപ്പെടുത്തുക.
12. അന്യരുമായുള്ള വിവാഹങ്ങളെ നിരോധിക്കുന്ന ദൈവനിയമം ഇസ്രയേല്യർക്ക് ഒരു സംരക്ഷണമായി ഉതകിയതെങ്ങനെ? വിശദീകരിക്കുക.
12 വിശ്വാസി സത്യാരാധനയിൽനിന്ന് അകററപ്പെടാതിരുന്നാലും മിക്കപ്പോഴും മതപരമായി ഭിന്നതയുള്ള ഭവനത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങളും സമ്മർദ്ദങ്ങളും പിന്നെയുമുണ്ട്. ഇസ്രയേലിനു ദൈവം കൊടുത്ത നിയമം വീണ്ടും പരിഗണിക്കുക. ഒരു ഇസ്രയേല്യ പെൺകുട്ടി ഒരു കനാന്യ പുരുഷനെ വിവാഹം ചെയ്യാൻ സമ്മതിച്ചുവെന്ന് സങ്കൽപ്പിക്കുക. കനാൻനാട്ടിൽ പ്രബലപ്പെട്ടിരുന്ന ലൈംഗികനടപടികൾ നിമിത്തം അയാൾക്ക് അവളുടെ ദൈവത്തിന്റെ നിയമത്തോട് എന്ത് ആദരവുണ്ടായിരിക്കാനാണ്? ദൃഷ്ടാന്തത്തിന്, മോശൈകന്യായപ്രമാണം ആവശ്യപ്പെട്ടതുപോലെ, ആർത്തവകാലത്ത് അയാൾ മനസ്സോടെ ലൈംഗികബന്ധത്തിൽനിന്ന് ഒഴിഞ്ഞിരിക്കുമോ?c (ലേവ്യപുസ്തകം 18:19; 20:18; ലേവ്യപുസ്തകം 18:27 താരതമ്യപ്പെടുത്തുക.) ഒരു കനാന്യ പെൺകുട്ടിയെ വിവാഹംചെയ്ത ഒരു ഇസ്രയേല്യ പുരുഷന്റെ കാര്യത്തിൽ ഓരോ വർഷവും മൂന്നു പ്രാവശ്യം കാലികമായ ഉത്സവങ്ങൾക്ക് അയാൾ യരൂശലേമിലേക്ക് പോകുമ്പോൾ അവൾ എങ്ങനെ പിന്തുണ കൊടുക്കും? (ആവർത്തനം 16:16) പ്രസ്പഷ്ടമായി, അങ്ങനെയുള്ള വിവാഹങ്ങളെ നിരോധിച്ചുകൊണ്ടുള്ള ദൈവനിയമം ഇസ്രയേല്യർക്ക് ഒരു സംരക്ഷണമായി ഉതകി.
13. (എ) ഒരു ലോകവ്യക്തിക്ക് ബൈബിൾപരിശീലിതമായ ഒരു ക്രിസ്തീയവ്യക്തിത്വം ഇല്ലാത്തതെന്തുകൊണ്ട്? (ബി) മതപരമായി ഭിന്നിപ്പുള്ള ഭവനങ്ങളിൽ ചിലർ ഏതു സമ്മർദ്ദങ്ങളെയും പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നു?
13 ഇന്ന് എങ്ങനെയാണ്? ലോകജനങ്ങളുടെ ധാർമ്മികനിലവാരങ്ങൾ ബൈബിളിലേതിൽനിന്ന് വളരെ അകന്നതാണ്. ചില ലോകവ്യക്തികൾ എത്ര യോഗ്യരായി കാണപ്പെട്ടാലും അവർക്ക് ബൈബിൾ പരിശീലിത ക്രിസ്തീയമനഃസാക്ഷിയില്ല. അവർ ദൈവവചനം പഠിച്ചുകൊണ്ട് വർഷങ്ങൾ ചെലവഴിക്കുകയും ‘മനസ്സു പുതുക്കുകയും’ ‘പഴയ വ്യക്തിത്വത്തെ ഉരിഞ്ഞുകളയുകയും’ ചെയ്തിട്ടില്ല. (റോമർ 12:2; കൊലോസ്യർ 3:9) അതുകൊണ്ട്, ഒരു അവിശ്വാസിയുമായി ഇണയ്ക്കപ്പെടുന്ന ക്രിസ്ത്യാനി മിക്കപ്പോഴും വളരെയധികമായ ഹൃദയവേദനക്കും ദുഃഖത്തിനും സ്വയം വിധേയനാക്കുകയാണ്. ചിലർ വികടമായ ലൈംഗികനടപടികളിൽ പങ്കെടുക്കാനുള്ള അല്ലെങ്കിൽ ലോകവിശേഷദിവസങ്ങൾ ആഘോഷിക്കാനുള്ള സമ്മർദ്ദങ്ങളെ ആവർത്തിച്ച് അഭിമുഖീകരിക്കുന്നു. ചിലർ ഏകാന്തതയെക്കുറിച്ചു പരാതി പറയുകപോലുംചെയ്യുന്നു. ഒരു സഹോദരി ഇങ്ങനെ എഴുതി: “നിങ്ങൾ യഹോവയെ സേവിക്കാത്ത ഒരാളുമായി വിവാഹം ചെയ്തിരിക്കുമ്പോൾ അനുഭവിക്കുന്ന ഏകാന്തതയാണ് സങ്കൽപ്പിക്കാവുന്നതിലേക്കും മോശമായ ഏകാന്തത. നിങ്ങൾക്ക് സത്യം പങ്കുവെക്കാൻ ആരുമില്ല, അതാണല്ലോ നിങ്ങളുടെ ജീവിതത്തിലെ ഏററം പ്രധാനപ്പെട്ട സംഗതി.”
14. (എ) ഭിന്നിപ്പുള്ള ഒരു ഭവനത്തിൽ കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” വളർത്തുന്നതു പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഭിന്നിപ്പുള്ള ഒരു ഭവനത്തിൽ കുട്ടികളുടെമേലുള്ള ഫലമെന്തായിരിക്കാം?
14 ഭിന്നിപ്പുള്ള ഒരു ഭവനത്തിൽ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും” കുട്ടികളെ വളർത്തുക വളരെ പ്രയാസമായിരിക്കാൻ കഴിയും. (എഫേസ്യർ 6:4) ദൃഷ്ടാന്തത്തിന്, അവിശ്വാസി യോഗങ്ങൾക്ക് ഹാജരാകാനോ വയൽശുശ്രൂഷയിൽ പങ്കെടുക്കാനോ കുട്ടികളെ മനസ്സോടെ അനുവദിക്കുമോ? മിക്കപ്പോഴും കുട്ടികളുടെ പ്രിയം ഛിദ്രിച്ചുപോകുന്നതിൽ കലാശിക്കുന്നു—അവർ മാതാപിതാക്കളെ ഇരുവരെയും സ്നേഹിക്കുന്നു, എന്നാൽ ഒരാൾ മാത്രമേ യഹോവയെ സ്നേഹിക്കുന്നുള്ളു. ഒരു അവിശ്വാസിയെ വിവാഹംചെയ്ത ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ 20 വർഷത്തെ വൈവാഹികകാലത്ത് ഞാൻ ധാരാളം ഹൃദയവേദനകളിലൂടെ കടന്നുപോയി. എന്റെ പുത്രൻമാർ ധാരാളം വിക്ഷോഭങ്ങളിലൂടെയും വൈകാരികാസ്വാസ്ഥ്യങ്ങളിലൂടെയുമാണ് വളർന്നത്, ഇപ്പോൾ ലോകത്തിന്റെ ഭാഗവുമാണ്. എന്റെ പുത്രി അവളുടെ പിതാവിന്റെ സന്ദർശനാവകാശങ്ങൾ നിമിത്തം എന്നിൽനിന്ന് അകന്നിരിക്കേണ്ടിവരുന്നതിൽ അസ്വസ്ഥയാണ്. ഈ പ്രശ്നങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് എനിക്ക് 18 വയസ്സായിരുന്നപ്പോൾ ഞാൻ യഹോവയുടെ തത്വങ്ങളിലൊന്നിനെ അവഗണിക്കാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ്.” ഏതു തത്വം? അവിശ്വാസികളുമായി അമിക്കപ്പെടരുത്!
15. നാം അവിശ്വാസികളുമായി അമിക്കപ്പെടരുതെന്ന് യഹോവ ബുദ്ധിയുപദേശിക്കുന്നതെന്തുകൊണ്ട്?
15 നാം ജീവിതം പരമാവധി ആസ്വദിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. നാം അവിശ്വാസികളുമായി ഇണയ്ക്കപ്പെടരുത് എന്നതുൾപ്പെടെ അവൻ നമ്മോട് ആവശ്യപ്പെടുന്നത് നമ്മുടെ നൻമക്കുവേണ്ടിയാണ്. (ആവർത്തനം 10:12, 13) ഒരു അവിശ്വാസിയെ വിവാഹംകഴിക്കുന്നത് തിരുവെഴുത്തുബുദ്ധിയുപദേശത്തെയും പ്രായോഗികജ്ഞാനത്തെയും മിക്കപ്പോഴും വേദനാപൂർണ്ണമായ മററുള്ളവരുടെ അനുഭവത്തെയും അവഗണിക്കലാണ്.
സാധാരണയായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ
16, 17. (എ) നാം ശ്രദ്ധാലുക്കളല്ലെങ്കിൽ, വികാരം അവികലമായ ചിന്തക്ക് പ്രതിബന്ധമുണ്ടാക്കിയേക്കാവുന്നതെങ്ങനെ? (ബി) ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയെ വിവാഹം കഴിച്ചിട്ട് ഇപ്പോൾ ഇരുവരും യഹോവയെ സേവിക്കുന്ന അസാധാരണസാഹചര്യങ്ങൾ നിമിത്തം ദൈവത്തിന്റെ ബുദ്ധിയുപദേശത്തെ അവഗണിക്കണമോ? വിശദീകരിക്കുക.
16 എന്നിരുന്നാലും നാം ശ്രദ്ധാലുക്കളല്ലെങ്കിൽ, വികാരം അവികലമായ ചിന്തക്കു പ്രതിബന്ധം സൃഷ്ടിച്ചേക്കാം. നമ്മുടെ കാര്യത്തിൽ ഒരു ഒഴിവ് ആകാമെന്ന് നാം വിചാരിച്ചുതുടങ്ങിയേക്കാം. കൂടുതൽ സാധാരണമായി ചോദിക്കപ്പെടുന്ന ചില ചോദ്യങ്ങൾ പരിചിന്തിക്കുക.
17 ഒരു സഹോദരനോ സഹോദരിയോ ഒരു അവിശ്വാസിയെ വിവാഹംകഴിച്ചിട്ട ഇപ്പോൾ ഇരുവരും യഹോവയെ സേവിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ചെന്ത? അപ്പോഴും, യഹോവയുടെ തത്വങ്ങൾ ലംഘിക്കപ്പെട്ടു. ലക്ഷ്യം മാർഗ്ഗത്തെ നീതീകരിക്കുന്നുവോ? തന്റെ ബുദ്ധിയുപദേശത്തെ ലംഘിക്കുന്നവരെസംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തെ വിശദമാക്കുന്നതാണ് ബാബിലോന്യാടിമത്വത്തിൽനിന്ന് മടങ്ങിവന്ന യഹൂദൻമാരുടെ സംഗതി. ചിലർ വിജാതീയ ഭാര്യമാരെ സ്വീകരിച്ചപ്പോൾ ബൈബിളെഴുത്തുകാരായ എസ്രായും നെഹെമ്യാവും അവരുടെ പ്രവർത്തനങ്ങളെ കുററം വിധിക്കുന്നതിൽ യാതൊരു ലോഭവും കാണിച്ചില്ല. ആ യഹൂദൻമാർ “അവിശ്വസ്തമായി പ്രവർത്തിക്കുകയും” “വലിയ വഷളത്വം പ്രവർത്തിക്കുകയും” “കുററം വഹിക്കുകയും”ചെയ്തു. (എസ്രാ 10:10-14; നെഹെമ്യാവ് 13:27) പരിഗണിക്കേണ്ട മററു ചില കാര്യങ്ങൾ: നാം ദൈവത്തിന്റെ ബുദ്ധിയുപദേശത്തെ അവഗണിക്കുമ്പോൾ നാം നമ്മുടെ മനഃസാക്ഷിയിൽ വടുവരുത്തിക്കൊണ്ട് നമ്മേത്തന്നെ ആത്മീയമായി മുറിപ്പെടുത്തിയേക്കാം. അവിശ്വാസിയായ ഭർത്താവ് ഒടുവിൽ ഒരു വിശ്വാസിയായിത്തീർന്ന അനുഭവമുണ്ടായ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇപ്പോഴും വൈകാരിക വടുക്കളെ കൈകാര്യം ചെയ്യുകയാണ്. മററുള്ളവർ ഞങ്ങളിലേക്കു വിരൽചൂണ്ടി “എന്നാൽ അത് അവർക്കു പ്രാവർത്തികമായി” എന്നു പറയുമ്പോൾ എനിക്ക് എത്ര ഘോരമായ വികാരമാണുണ്ടാകുന്നതെന്ന് എനിക്ക് നിങ്ങളോടു പറയാൻകഴിയുന്നില്ല.’
18. ഇതുവരെ സ്നാപനമേൽക്കാത്ത ഒരാളോടു നിങ്ങൾ ആകർഷിക്കപ്പെടുന്നുവെങ്കിൽ ജ്ഞാനമാർഗ്ഗമെന്താണ്, നിങ്ങൾ അങ്ങനെ എന്തു പ്രകടമാക്കുന്നതായിരിക്കും?
18 സനാപനമേററില്ലെങ്കിലും ബൈബിൾ പഠിക്കുകയും യോഗങ്ങൾക്ക ഹാജരാകുകയുംചെയ്യുന്ന ആരിലെങ്കിലും നിങ്ങൾക്ക ആകർഷണം തോന്നുന്നുവെങ്കിലോ? ആരെങ്കിലും ബൈബിൾസത്യത്തിൽ താത്പര്യം കാണിക്കുമ്പോൾ നാം സന്തോഷിക്കുന്നു. എന്നാലും ചോദ്യം ഇതാണ്: നിങ്ങൾ നിങ്ങളുടെ ചായ്വിനെ പിന്തുടരണമോ? തുറന്നുപറഞ്ഞാൽ, വിവാഹാഭ്യർത്ഥന നടത്തുന്നതിനു മുമ്പ്, നിങ്ങളുടെ സുഹൃത്ത് സ്നാപനമേററ ശേഷം ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതിൽ അഭിവൃദ്ധിപ്പെടുന്നതുവരെ കാത്തിരിക്കുന്നതാണ് ജ്ഞാനമാർഗ്ഗം. (ഗലാത്യർ 5:22, 23) അങ്ങനെയുള്ള ബുദ്ധിയുപദേശം ബാധകമാക്കുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ അങ്ങനെ ചെയ്യുന്നതിനാൽ നിങ്ങൾ ബൈബിൾ തത്വങ്ങളോടുള്ള ഭക്തി പ്രകടമാക്കുന്നതായിരിക്കും; ഇത് ദാമ്പത്യബന്ധത്തിലെ യഥാർഥസന്തുഷ്ടിക്ക് നല്ല അടിസ്ഥാനമിടും. നിങ്ങളുടെ സുഹൃത്ത് യഥാർഥത്തിൽ നിങ്ങൾക്കുവേണ്ടി കരുതുന്നുവെങ്കിൽ, സത്യമായി യഹോവയെ സ്നേഹിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളിരുവരും “കർത്താവിൽ” ആകുന്നതുവരെ—സമർപ്പണംചെയ്ത് സ്നാപനമേൽക്കുന്നതുവരെ—പ്രേമാഭ്യർത്ഥന നടത്താൻ അവൻ അല്ലെങ്കിൽ അവൾ കാത്തിരിക്കാൻ സന്നദ്ധത കാട്ടുമെന്നുള്ളതിനു സംശയമില്ല. കാലം കടന്നുപോകുന്നതുകൊണ്ട് യഥാർത്ഥസ്നേഹം വ്രണിതമാകുന്നില്ലെന്ന് ഓർക്കുക.—1 കൊരിന്ത്യർ 7:39; ഉല്പത്തി 29:20.
19. സഹവിശ്വാസികളുടെ ഇടയിൽനിന്ന് ഒരു വിവാഹഇണയെ കണ്ടെത്തുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടെങ്കിൽ നിങ്ങൾ എന്തു മനസ്സിൽപിടിക്കണം?
19 സഹവിശ്വാസികളിൽനിന്ന പററിയ ഒരു വിവാഹഇണയെ കണ്ടെത്തുന്നതിൽ നിങ്ങൾക്ക പ്രയാസമുണ്ടാകുകയാണെങ്കിലോ? “എനിക്ക് 26 വയസ്സായി, അവിവാഹിതയാണ്, യഥാർത്ഥത്തിൽ ഏകാന്തയുമാണ്” എന്ന് ഒരു സഹോദരി പറഞ്ഞു. അവിവാഹിതയായിരിക്കുന്നത് നിങ്ങൾക്ക് പ്രയാസമായിരിക്കാമെന്നതു സത്യംതന്നെ, എന്നാൽ വിവാഹത്തിൽ അസമമായി ഇണയ്ക്കപ്പെടുന്നതിൽനിന്ന് സംജാതമാകുന്ന പ്രശ്നങ്ങൾ അതിലും പ്രയാസകരമായിരിക്കാൻ കഴിയും! ദൈവത്തിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതിന് വിശ്വാസവും ആത്മനിയന്ത്രണവും ക്ഷമയും ആവശ്യമായിരുന്നേക്കാം, എന്നാൽ നിങ്ങൾക്ക് ഏററം നല്ലതെന്തെന്ന് യഹോവക്കറിയാമെന്നും അവനതാഗ്രഹിക്കുന്നുവെന്നും ഉറപ്പുണ്ടായിരിക്കുക. (1 പത്രോസ് 5:6, 7) അത് ഒരു പ്രാർത്ഥനാവിഷയമാക്കുകയും അനന്തരം യഹോവക്കായി കാത്തിരിക്കുകയുംചെയ്യുക. (സങ്കീർത്തനം 55:22) ഈ വ്യവസ്ഥിതിയിൽ യാതൊരുത്തർക്കും പൂർണ്ണമായി തൃപ്തികരമായ ജീവിതമില്ല. നിങ്ങളുടെ ഹൃദയം ഒരു ഇണക്കുവേണ്ടി കാംക്ഷിച്ചേക്കാം. എന്നിരുന്നാലും മററുള്ളവർക്ക് അവരുടെ പ്രശ്നങ്ങളുടെ പങ്കുണ്ട്, അവയിൽ ചിലത് ഈ വ്യവസ്ഥിതിയിൽ സുഖപ്പെടുത്താവുന്നതുമല്ല. വരാനിരിക്കുന്ന പുതിയ ലോകത്തിൽമാത്രമേ “സകല ജീവികളുടെയും ആഗ്രഹത്തിന്” പൂർണ്ണസംതൃപ്തി വരുത്തപ്പെടുകയുള്ളു.—സങ്കീർത്തനം 145:16.
20. ഒരു അവിവാഹിതയായ സഹോദരി തന്റെ ദൃഢനിശ്ചയം പ്രകടമാക്കിയതെങ്ങനെ, സമാനമായി ദൃഢനിശ്ചയമുള്ളവരായിരിക്കുന്നതിനാൽ നിങ്ങൾക്ക് എന്തു സംതൃപ്തിയുണ്ടായിരിക്കാൻ കഴിയും?
20 ഇതിനിടയിൽ, നിങ്ങൾ ഒരു അവിശ്വാസിയുമായി ഇണയ്ക്കപ്പെടാതിരിക്കാൻ ദൃഢനിശ്ചയംചെയ്യുക. 36 വയസ്സുകാരിയായ ഒരു അവിവാഹിതസഹോദരി തന്റെ നിശ്ചയം ഈ വിധത്തിൽ പ്രകടിപ്പിച്ചു: “ഞാൻ ഒരു വിവാഹഇണക്കുവേണ്ടി ദിവസവും യഹോവയോടു പ്രാർത്ഥിക്കുന്നു. യഹോവയുടെ സ്ഥാപനത്തിനു പുറത്തു നോക്കാൻ എനിക്ക് ആഗ്രഹമില്ല, എന്നാൽ പ്രലോഭനങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനിടയിൽ, ഒരു വ്യക്തിയെന്ന നിലയിൽ എന്നെ മെച്ചപ്പെടുത്തുന്ന ഗുണങ്ങൾക്കായി പ്രവർത്തിക്കാൻ ഞാൻ പ്ലാൻചെയ്യുകയാണ്, തന്നിമിത്തം ഞാൻ ഒരു ആത്മീയ പുരുഷൻ നോക്കുന്ന തരം ആത്മീയ സ്ത്രീയായിത്തീരാൻ എനിക്കു കഴിയും.” നിങ്ങൾക്ക് സമാനമായ നിശ്ചയമുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്ക് നീതിയുടെ ദൈവത്തോടുള്ള നിങ്ങളുടെ വിശ്വസ്തത തെളിയിക്കുന്നതിൽനിന്നു സംജാതമാകുന്ന സംതൃപ്തി ഉണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 37:27, 28. (w89 11⁄1)
[അടിക്കുറിപ്പ്]
a “വിശ്വാസികൾ”ക്ക് അഥവാ സ്നാപനമേററ ആളുകൾക്കു വിപരീതമായിട്ടാണ് പൗലോസ് 1 കൊരിന്ത്യർ 14:22ൽ “അവിശ്വാസികൾ” എന്ന പദം ഉപയോഗിച്ചത്. അപ്പോൾ കൊരിന്ത്യർ “അവിശ്വാസികൾ” എന്ന പദം സനാപനമേൽക്കാത്ത ആളുകളെ പരാമർശിക്കുന്നതായി മനസ്സിലാക്കും.—പ്രവൃത്തികൾ 8:13; 16:31-34; 18:8 എന്നിവ താരതമ്യപ്പെടുത്തുക.
b “ഈ തത്വം വികസിതരൂപത്തിൽ ഇങ്ങനെ പ്രസ്താവിക്കാം: ‘ക്രിസ്തീയനിലവാരങ്ങളിലെ വിട്ടുവീഴ്ചയിലേക്കു നയിക്കുന്നതോ ക്രിസ്തീയസാക്ഷ്യത്തിന്റെ പൊരുത്തത്തെ അപകടപ്പെടുത്തുന്നതോ ആയ താൽക്കാലികമോ സ്ഥിരമോ ആയ യാതൊരു ബന്ധവും അവിശ്വാസികളുമായി സ്ഥാപിക്കരുത്. അങ്ങനെയുള്ള വേർപാട് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിശ്വാസി ക്രിസ്തീയനിലവാരങ്ങളിലോ അനുഭാവങ്ങളിലോ ലക്ഷ്യങ്ങളിലോ പങ്കുപററുന്നില്ല.—ദി എകസപോസിറേറഴസ ബൈബിൾ കമൻററി, വാല്യം 10, പേജ് 359.
c സെപ്ററംബർ 15, 1972-ലെ വാച്ച്ററവറിന്റെ 575-6 വരെ പേജുകൾ കാണുക.
നിങ്ങൾക്ക വിശദീകരിക്കാൻ കഴിയുമോ?
◻ അവിശ്വാസികളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പു നൽകുന്നതെങ്ങനെ?
◻ ചില സമർപ്പിതക്രിസ്ത്യാനികൾ സഭക്കു പുറത്ത് ഒരു വിവാഹ ഇണക്കുവേണ്ടി നോക്കുന്നതെന്തുകൊണ്ട്?
◻ അസമമായ അമിക്കലിനെക്കുറിച്ചുള്ള യഹോവയുടെ മുന്നറിയിപ്പ് യഥാർത്ഥത്തിൽ നമ്മോടുള്ള അവന്റെ സ്നേഹപൂർവകമായ കരുതലിന്റെ ഒരു പ്രകടനമായിരിക്കുന്നതെങ്ങനെ?
◻ ഒരു ഇണയെ കണ്ടെത്തുന്നതുസംബന്ധിച്ച് ഏതു ചോദ്യങ്ങൾ സാധാരണയായി ചോദിക്കപ്പെടുന്നു, നിങ്ങൾ അവക്ക് എങ്ങനെ ഉത്തരം കൊടുക്കും?