സുവർണ്ണനിയമം—ഇപ്പോഴും സാധുവായിരിക്കുന്നതെന്തുകൊണ്ട്?
തനി സ്വർണ്ണം ഒരിക്കലും നിറംമങ്ങുന്നില്ല, അതുകൊണ്ട് സ്വർണ്ണാഭരണങ്ങൾക്കു മൂല്യം കല്പിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. കേടുപററിയ സ്വർണ്ണ ഉരുപ്പടികൾ എറിഞ്ഞുകളയുന്നതിനു പകരം സ്വർണ്ണപ്പണിക്കാർ വിലയേറിയ ഈ ലോഹം കലാപരമായി പുതിയ ആഭരണങ്ങളായി രൂപപ്പെടത്തുന്നു, കാരണം സ്വർണ്ണം അതിന്റെ മൂല്യം നിലനിർത്തുന്നു.
അതുപോലെതന്നെ, യേശു ഏതാണ്ടു രണ്ടായിരം വർഷം മുമ്പാണ് സുവർണ്ണനിയമം പ്രസ്താവിച്ചതെങ്കിലും അതിന്റെ മൂല്യം കുറഞ്ഞുപോയിട്ടില്ല. അതിന്റെ സാധുതയുടെ കാരണങ്ങൾ നിർണ്ണയിക്കുന്നതിനാൽ അതിനു ഇന്നു നമുക്കുള്ള മൂല്യം മെച്ചമായി വിലമതിക്കാൻ കഴിയും.
“അതുകൊണ്ട് മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന സകല കാര്യങ്ങളും അതുപോലെതന്നെ നിങ്ങൾ അവർക്കും ചെയ്യണം” എന്ന സുവർണ്ണനിയമം യേശു നമുക്കു നൽകിയപ്പോൾ “യഥാർത്ഥത്തിൽ ഇതാണ് ന്യായപ്രമാണവും പ്രവാചകൻമാരും അർത്ഥമാക്കുന്നത്” എന്ന് അവൻ കൂട്ടിച്ചേർത്തു. (മത്തായി 7:12) യേശുവിന്റെ ശിഷ്യൻമാരും അവനെ ശ്രദ്ധിച്ച മററുള്ളവരും ഇത് എങ്ങനെ മനസ്സിലാക്കി?
“ന്യായപ്രമാണവും പ്രവാചകൻമാരും അർത്ഥമാക്കുന്നത്”
“ന്യായപ്രമാണം” ഉല്പത്തി മുതൽ ആവർത്തനംവരെയുള്ള ബൈബിളിന്റെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളായ നേരത്തെയുള്ള എഴുത്തുകളെ പരാമർശിച്ചിരുന്നു. ഇവ തിൻമയെ ഉച്ചാടനംചെയ്യുന്ന ഒരു സന്തതിയെ ഉളവാക്കാനുള്ള യഹോവയുടെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. (ഉല്പത്തി 3:15) ആ ആദിമ ബൈബിൾപുസ്തകങ്ങളിൽ ന്യായപ്രമാണം അഥവാ യഹോവ ക്രി.മു. 1513-ൽ മദ്ധ്യസ്ഥനായ മോശ മുഖാന്തരം സീനായിമലയിൽവെച്ച് ഇസ്രയേൽജനതക്ക് കൊടുത്ത കല്പനകളുടെ കൂട്ടം ഉൾപ്പെടുന്നു.
ദിവ്യനിയമം ഇസ്രായേലിനെ ചുററുപാടുമുള്ള പുറജാതി ജനതകളിൽനിന്ന് വേർതിരിച്ചുനിർത്തി. ഇസ്രായേല്യർ യഹോവയുടെ മുമ്പാകെയുള്ള അവരുടെ അനുകൂലനിലക്ക് വിട്ടുവീഴ്ച വരുത്തുന്ന യാതൊന്നും ചെയ്യരുതായിരുന്നു. അവർ അവന്റെ അനന്യമായ സ്വത്തായിരുന്നു, അവന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അവർ അങ്ങനെതന്നെ നിലകൊള്ളണമായിരുന്നു. (പുറപ്പാട് 19:5; ആവർത്തനം 10:12, 13) എന്നാൽ മോശൈകന്യായപ്രമാണം ദൈവത്തോടുള്ള അവരുടെ കടപ്പാടിനു പുറമേ, ഇസ്രായേലിലെ പരദേശികളോടു നൻമ ചെയ്യാനുള്ള അവരുടെ ഉത്തരവാദിത്തവും വിവരിച്ചു. ദൃഷ്ടാന്തത്തിന്, അതിങ്ങനെ പ്രസ്താവിച്ചു: “നിങ്ങളോടുകൂടെ ഒരു പരദേശിയായി പാർക്കുന്ന പരദേശവാസി നിങ്ങളുടെ ഒരു സ്വദേശിയെപ്പോലെ ആയിത്തീരണം; നീ അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം, എന്തെന്നാൽ നിങ്ങൾ ഈജിപ്ററുദേശത്ത് പരദേശികളായിത്തീർന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യപുസ്തകം 19:34) ഇസ്രായേൽരാജാക്കൻമാരുടെ കാലഘട്ടത്തിൽ പരദേശവാസികൾ അനേകം പദവികളാസ്വദിച്ചിരുന്നു, യരൂശലേമിലെ ദേവാലയനിർമ്മിതിയിൽ പങ്കെടുക്കുന്നതുപോലെ.—1 ദിനവൃത്താന്തങ്ങൾ 22:2.
ഇസ്രായേലിനു കൊടുക്കപ്പെട്ട ന്യായപ്രമാണം വ്യഭിചാരത്തെയും കൊലപാതകത്തെയും മോഷണത്തെയും അതിമോഹത്തെയും വിലക്കി. ഈ നിരോധനങ്ങളും ഒപ്പം “മററ് ഏതു കല്പനകളും” “നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം” എന്ന ചട്ടത്തിൽ സംഗ്രഹിക്കാൻ കഴിയും. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “സ്നേഹം ഒരുവന്റെ അയൽക്കാരന് തിൻമചെയ്യുന്നില്ല; അതുകൊണ്ട് സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തിയാകുന്നു.”—റോമർ 13:9, 10.
ന്യായപ്രമാണം സുവർണ്ണനിയമത്തിന്റെ അടിസ്ഥാനത്തെത്തന്നെ വിവരിച്ചുവെങ്കിൽ, “പ്രവാചകൻമാരെ” സംബന്ധിച്ചെന്ത്?
എബ്രായ തിരുവെഴുത്തുകളിലെ പ്രാവചനികപുസ്തകങ്ങൾ അതുപോലെതന്നെ സുവർണ്ണനിയമത്തിന്റെ സാധുതയെ സ്ഥിരീകരിക്കുന്നു. അവ യഹോവയെ വിശ്വസ്തമായി തന്റെ ഉദ്ദേശ്യങ്ങളെ നിവർത്തിക്കുന്ന ഒരു ദൈവമായി കാണിച്ചുതരുന്നു. അപൂർണ്ണരെങ്കിലും തന്റെ ഇഷ്ടംചെയ്യാൻ ശ്രമിക്കുന്നവരും തങ്ങളുടെ തന്നിഷ്ടപ്രവർത്തനങ്ങൾ സംബന്ധിച്ച് യഥാർത്ഥ അനുതാപം പ്രകടമാക്കുന്നവരുമായ തന്റെ വിശ്വസ്തദാസൻമാരെ അവൻ അനുഗ്രഹിക്കുന്നു. “നിങ്ങളെത്തന്നെ കഴുകുക; നിങ്ങളെത്തന്നെ ശുദ്ധരാക്കുക; എന്റെ കണ്ണുകൾക്കുമുമ്പിൽനിന്ന് നിങ്ങളുടെ ഇടപെടലുകളുടെ വഷളത്വം നീക്കുക; തിൻമചെയ്യുന്നതു നിർത്തുക. നൻമ ചെയ്യാൻ പഠിക്കുക; ന്യായം തേടുക; മർദ്ദകനെ നേരെയാക്കുക; പിതാവില്ലാത്ത ബാലന് ന്യായംപാലിച്ചുകൊടുക്കുക; വിധവയുടെ വ്യവഹാരത്തിനുവേണ്ടി വാദിക്കുക.”—യെശയ്യാവ് 1:16, 17.
ദൈവജനം മററുള്ളവരോടും ദൈവത്തോടും ഉചിതമായതു ചെയ്തപ്പോൾ യഹോവ തന്റെ പിൻബലത്തിനു ഉറപ്പുകൊടുത്തു. “യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: ‘ജനങ്ങളേ, ന്യായംപാലിക്കുക, നീതി ചെയ്യുക. . . .ഇതു ചെയ്യുന്ന മർത്യനും അതിനെ പിടിച്ചുകൊള്ളുന്ന മനുഷ്യവർഗ്ഗത്തിന്റെ പുത്രനും സന്തുഷ്ടനാകുന്നു.”—യെശയ്യാവ് 56:1, 2.
ക്രിസ്തു തന്റെ സഭയെ നയിക്കുന്നു
ക്രിസ്തു ന്യായപ്രമാണത്തെയും പ്രവാചകൻമാരെയും നിവർത്തിക്കാനാണ് വന്നത്. അവന്റെ കാലംമുതൽ യഹോവയുടെ നിത്യോദ്ദേശ്യം തുടർന്നു പുരോഗമിച്ചിരിക്കുകയാണ്. (മത്തായി 5:17; എഫേസ്യർ 3:10, 11, 17-19) പഴയ മോശയുടെ ന്യായപ്രമാണത്തിനു പകരം പുതിയ ഉടമ്പടി സ്ഥാപിക്കപ്പെട്ടിരുന്നു. അതിൽ യഹൂദൻമാരും വിജാതീയരുമായ അഭിഷിക്ത ക്രിസ്ത്യാനികൾ ഉൾപ്പെടുന്നു. (യിരെമ്യാവ് 31:31-34) എന്നിരുന്നാലും, നമ്മുടെ നാളിലെ ക്രിസ്തീയസഭ ഇപ്പോഴും സുവർണ്ണനിയമം അനുസരിക്കുന്നു. ഈ നിയമത്തിന്റെ സാധുതയെ അംഗീകരിക്കുന്നതിന് കൂടുതലായ കാരണങ്ങളുണ്ട്. ആധുനിക ക്രിസ്തീയസഭയുടെ സജീവ ശിരസ്സ് ക്രിസ്തുവാണ്. അവൻ തന്റെ നിർദ്ദേശങ്ങൾക്കു മാററം വരുത്തിയിട്ടില്ല. ഇപ്പോഴും പ്രാബല്യമുള്ള ഉപദേശത്തിനാണ് അവൻ നിശ്വസ്തത നൽകിയത്.
യേശു ഈ ഭൂമി വിട്ടുപോകുന്നതിനുമുമ്പ്, സകല ജനതകളിലെയും ജനങ്ങളെ ശിഷ്യരാക്കാനും “ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ” അവരെ പഠിപ്പിക്കാനും തന്റെ അനുഗാമികളോടു കല്പിച്ചു. ആ നിർദ്ദേശത്തിൽ സുവർണ്ണനിയമവും ഉൾപ്പെട്ടിരുന്നു. യേശു തന്റെ ശിഷ്യൻമാർക്ക് ഇങ്ങനെ ഉറപ്പുകൊടുത്തു: “നോക്കൂ! ഞാൻ വ്യവസ്ഥിതിയുടെ സമാപനംവരെ എല്ലാ നാളുകളിലും നിങ്ങളോടുകൂടെയുണ്ട്.”—മത്തായി 28:19, 20.
ലൂക്കോസ് 6:31-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങൾ അവർക്കു ചെയ്യുക” എന്നു യേശു കല്പിച്ചു. മററുള്ളവർക്കു നൻമചെയ്യാൻ മുൻകൈ എടുക്കുന്നതിൽ എത്ര നല്ല ദൃഷ്ടാന്തമാണ് യേശു വെച്ചത്!
യേശു തന്റെ ഭൗമികശുശ്രൂഷക്കാലത്ത്, ആളുകൾ സഹിക്കേണ്ടിവരുന്ന കാര്യങ്ങളെ ശ്രദ്ധാപൂർവം നിരീക്ഷിച്ചു. അവന് അവരോടു സഹതാപം തോന്നി. അവന്റെ പ്രസംഗപര്യടനങ്ങളിലൊന്നിൽ, അവൻ ജനക്കൂട്ടങ്ങളെ കാണുകയും അവരോടു സഹതാപംതോന്നുകയും ചെയ്തു. എന്നാൽ അതിലുപരിയായി, അവൻ അവരെ സഹായിക്കാനുള്ള ക്രമീകരണംചെയ്തു. എങ്ങനെ? തന്റെ ശിഷ്യൻമാരെ ആളുകളുടെ വീടുകളിലെത്തിച്ച ഒരു തീവ്രമായ പ്രസംഗപ്രസ്ഥാനം സംഘടിപ്പിച്ചതിനാൽ. അവൻ നിർദ്ദേശിച്ചപ്രകാരം: “നിങ്ങൾ ഏതു നഗരത്തിലോ ഗ്രാമത്തിലോ പ്രവേശിച്ചാലും അതിൽ അർഹതയുള്ളതാരെന്ന് അന്വേഷിക്കുക, നിങ്ങൾ വിട്ടുപോകുന്നതുവരെ അവിടെ പാർക്കുക.” ഈ വേലക്ക് അവന്റെ പിന്തുണയും അവന്റെ പിതാവിന്റെ അനുഗ്രഹവുമുണ്ടെന്ന് യേശുവിന്റെ കൂടുതലായ വാക്കുകളിൽനിന്ന് വ്യക്തമായി കാണാൻ കഴിയും: “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു, എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനെയും സ്വീകരിക്കുന്നു. . . .ഈ ചെറിയവരിൽ ഒരുത്തന് അയാൾ ഒരു ശിഷ്യനായിരിക്കുന്നതുകൊണ്ട് ഒരു കപ്പു തണുത്ത വെള്ളം മാത്രം കുടിക്കാൻ കൊടുക്കുന്നവന് യാതൊരു പ്രകാരത്തിലും അവന്റെ പ്രതിഫലം നഷ്ടപ്പെടുകയില്ലെന്ന് ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 9:36–10:42.
സുവർണ്ണനിയമം മററുള്ളവർക്കുവേണ്ടിയുള്ള ക്രിയാത്മകപ്രവർത്തനത്തെ അർത്ഥമാക്കുന്നുവെന്നത് മറെറാരു അവസരത്തിലെ യേശുവിന്റെ ന്യായവാദത്തിൽനിന്ന് കാണപ്പെടുന്നു: “നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ, അതിനു നിങ്ങൾക്ക് എന്തു ബഹുമതിയാണുള്ളത്? എന്തെന്നാൽ പാപികൾപോലും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നു. നിങ്ങൾക്കു നൻമ ചെയ്യുന്നവർക്കു നിങ്ങൾ നൻമ ചെയ്യുന്നുവെങ്കിൽ, യഥാർത്ഥത്തിൽ അത് എന്തു ബഹുമതി വരുത്താനാണ്? പാപികൾപോലും അതുതന്നെ ചെയ്യുന്നുവല്ലോ. മറിച്ച്, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നൻമചെയ്യുന്നതിലും തുടരുക.” (ലൂക്കോസ് 6:32, 33, 35) തത്ഫലമായി, ഇപ്പോഴും സാധുവായ സുവർണ്ണനിയമമനുസരിക്കുന്നത് വ്യക്തിപരമായി നമുക്കറിയാൻപാടില്ലാത്തവർക്കുപോലും നൻമചെയ്യാൻ മുൻകൈ എടുക്കുന്നതിനു നമ്മെ പ്രേരിപ്പിക്കും.
ഇപ്പോഴും സാധുതയുള്ളത്
സുവർണ്ണനിയമം ഇപ്പോഴും സാധുവാണെന്നുള്ളതിന്റെ ഏററവും ശക്തമായ തെളിവ് ഒരുപക്ഷേ അതനുസരിക്കുന്നവരുടെ യഥാർത്ഥ അനുഭവങ്ങളിൽനിന്നാണ് കിട്ടുന്നത്. ദൈവത്തിന്റെ നിയമങ്ങൾക്കനുയോജ്യമായി അനുദിനം നടക്കുന്ന ക്രിസ്ത്യാനികൾ വലിയ സന്തോഷവും മിക്കപ്പോഴും അപ്രതീക്ഷിത അനുഗ്രഹങ്ങളും കണ്ടെത്തുന്നു. താൻ ഉപയോഗിച്ചിരുന്ന മെഡിക്കൽക്ലിനിക്കിലെ ജോലിക്കാരോട് മര്യാദയും ദയയുമുള്ളവളായിരുന്നതിനാൽ നേഴ്സുമാരും ഡോക്ടർമാരും തന്നെ ശുശ്രൂഷിക്കുന്നതിൽ വഴിവിട്ടു പ്രവർത്തിച്ചതിൽനിന്ന് പ്രയോജനമനുഭവിച്ചതായി ഒരു ക്രിസ്തീയ സ്ത്രീ കണ്ടെത്തി.
പെട്ടെന്നു രാജ്യഹാളുകൾ പണിയുന്ന പദ്ധതികളിൽ ഉൾപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾക്കും സുവർണ്ണനിയമത്തിന്റെ സാധുതയെ സ്ഥിരീകരിക്കാൻ കഴിയും. ഹാൾനിർമ്മാണസ്ഥലത്തിനടുത്തു പാർക്കുന്ന ആളുകളെ ആസൂത്രണങ്ങൾ അറിയിക്കുന്നതിനു നടത്തുന്ന ദയാപൂർവകമായ സന്ദർശനങ്ങൾക്ക് മിക്കപ്പോഴും ക്രിയാത്മകമായ പ്രതികരണം കിട്ടുന്നുണ്ട്. അങ്ങനെ മുമ്പു യഹോവയുടെ സാക്ഷികളെ എതിർത്തിരുന്നവർ അവർ തങ്ങളുടെ അയൽക്കാർക്കു നൻമ ചെയ്യുന്നതായി നിരീക്ഷിക്കുന്നു. ദൈവജനം തങ്ങളുടെ വേലയിൽ എങ്ങനെ സഹകരിക്കുന്നുവെന്ന് അവർ നേരിട്ടു കാണുന്നു. തദ്ഫലമായി, ചിലർ നേരിട്ടോ സാധനങ്ങൾ ലഭ്യമാക്കിക്കൊണ്ടോ നിർമ്മാണത്തിൽ സഹായിക്കാൻ വാഗ്ദാനംചെയ്തിട്ടുണ്ട്.—സെഖര്യാവ് 8:23 താരതമ്യപ്പെടുത്തുക.
ഇംഗ്ലണ്ടിലെ ലണ്ടനിൽ വസിക്കുന്ന ഒരു ഇറാനിയൻസാക്ഷി ഒരു കടയിൽനിന്ന് കുറെ ഭക്ഷണം വാങ്ങിയപ്പോൾ അയാൾ ഒരു വിദേശിയായിരുന്നതുകൊണ്ടു കടക്കാരൻ അയാളെ നിന്ദിച്ചു. സാക്ഷി പിന്തിരിയാതെ, താൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്നും മററു രാഷ്ട്രങ്ങളിൽപെട്ടവരോട് പിണക്കമില്ലെന്നും ദയയോടും നയത്തോടുംകൂടെ വിശദീകരിച്ചു. കൂടാതെ, അയാൾ ബൈബിൾസന്ദേശവുമായി അയൽക്കാരെയെല്ലാം സന്ദർശിച്ചു. ഫലമെന്തായിരുന്നു? കടയുടമ സാക്ഷിയുടെ ഭക്ഷണ ഓർഡറോടുകൂടെ കൂടുതലായ പലഹാരങ്ങളും കൂട്ടിക്കൊടുത്തു.
തീർച്ചയായും, സുവർണ്ണനിയമം അങ്ങനെയുള്ള ചെറിയ ദയാപ്രവർത്തനങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. തീർച്ചയായും, അതിന്റെ ഏററവും വലിയ പ്രകടനം ദൈവരാജ്യസുവാർത്തയുടെ സന്ദേശവുമായി യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി അയൽക്കാരുടെ ഭവനങ്ങൾ ക്രമമായി സന്ദർശിക്കുന്നതിനാൽ ചെയ്യുന്ന നൻമയാണ്.
സുവർണ്ണനിയമമനുസരിച്ചു ജീവിക്കുക
സുവർണ്ണനിയമം ബാധകമാക്കുന്നതിന്റെ അർത്ഥം നിങ്ങളുടെ ശ്രദ്ധ മററുള്ളവരിലേക്കു തിരിക്കുകയെന്നാണ്. അത് ക്രിയാത്മകമായ ഒരു മാർഗ്ഗരേഖയാണ്. നിങ്ങൾ നിങ്ങൾക്കു ചുററുപാടുമുള്ളവർക്കു നൻമചെയ്യുന്നതിനുള്ള അവസരങ്ങൾ തേടേണ്ടിവരും. അവരിൽ വ്യക്തിപരമായ താത്പര്യമെടുത്തുകൊണ്ട് ബഹിർമുഖരും ഗുണകാംക്ഷികളുമായിരിക്കുക! (ഫിലിപ്പിയർ 2:4) അങ്ങനെ ചെയ്യുന്നതിനാൽ, നിങ്ങൾ സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യും. നിങ്ങൾ യേശുവിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നതായിരിക്കും: “നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിപ്പിക്കുക, അവർ നിങ്ങളുടെ സൽപ്രവൃത്തി കണ്ടറിഞ്ഞ് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു മഹത്വം കൊടുക്കേണ്ടതിനുതന്നെ.” (മത്തായി 5:16) ക്രമത്തിൽ, നിങ്ങൾ യഹോവയെ ആത്മാർത്ഥമായി അന്വേഷിക്കുകയും അനുദിനം സുവർണ്ണനിയമമനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ യഹോവ നിങ്ങൾക്കു പ്രതിഫലം നൽകും.—എബ്രായർ 11:6 (w89 11⁄1)