സുവാർത്ത സമർപ്പിക്കൽ—തെരുവുസാക്ഷീകരണത്തിലൂടെ
1 സദൃശവാക്യങ്ങൾ 1:20 ഇങ്ങനെ പറയുന്നു: “യഥാർത്ഥ ജ്ഞാനംതന്നെ തെരുവിൽ ഉച്ചത്തിൽ ഉദ്ഘോഷിക്കുന്നു. പൊതുവീഥികളിൽ അത് അതിന്റെ ശബ്ദം കേൾപ്പിക്കുന്നു.” ആളുകളെ കണ്ടെത്താൻ കഴിയുന്നിടത്തെല്ലാം യഹോവയുടെ ദാസൻമാർ തീക്ഷ്ണമായി രാജ്യസുവാർത്ത പ്രസംഗിക്കുമ്പോൾ ഈ വാക്കുകൾ വിശേഷാൽ സത്യമാണ്. യേശുവിനെയും ക്രിസ്തുവിനുമുമ്പത്തെ പ്രവാചകൻമാരെയുംപോലെ, ആളുകളോടുളള നമ്മുടെ യഥാർത്ഥസ്നേഹം എല്ലായിടത്തുമുളള എല്ലാവർക്കും സത്യം സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.—യിരെ. 11:6; മർക്കോ. 6:56; ലൂക്കോ. 13:22, 26.
2 സത്യത്തെക്കുറിച്ച് ഒരു വ്യക്തിയോട് സംസാരിക്കുന്നതിനുളള ഏററം അഭിലഷണീയമായ സ്ഥലം അയാളുടെ വീടാണെങ്കിലും നാം വീടുതോറുമുളള സന്ദർശനം നടത്തുമ്പോൾ അനേകർ വീട്ടിൽ കാണുകയില്ല. വീട്ടുകാർ വീട്ടിലുളളപ്പോൾ മിക്കപ്പോഴും നേരത്തെ നാം സംസാരിച്ചിട്ടുളളവരാണ് കതകുതുറക്കുന്നത്. കുടുംബത്തിലെ മററംഗങ്ങളോടു സമ്പർക്കം പുലർത്തുന്നില്ല. അതുകൊണ്ട് തെരുവുസാക്ഷീകരണത്തിന് നമ്മുടെ ശുശ്രൂഷയിൽ ഒരു സുനിശ്ചിതസ്ഥാനമുണ്ടായിരിക്കേണ്ടതാണ്. തെരുവുസാക്ഷീകരണം, ഒരു പയനിയർ പ്രസ്താവിച്ചതുപോലെ, “ആവേശകരവും പുതുമയുളളതും സുഖമുളളതുമായ പ്രദേശമാണ്” എന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
ഊഷ്മളമായ ഒരു ക്രിയാത്മകമനോഭാവം
3 നിങ്ങളുടെ തെരുവുസാക്ഷീകരണം ഒരു ക്രമമായ അടിസ്ഥാനത്തിൽ ഒരേ പ്രദേശത്തു നടത്താൻ ശ്രമിച്ചുകൂടേ? ഇതു ചെയ്യുന്ന ഒരു സഹോദരി മിക്കപ്പോഴും “തന്റെ” തെരുവിലുളള മിക്ക കടക്കാരെയും മററുളളവരെയും പരിചയപ്പെട്ടതായി പറയുന്നു. ഒരു നല്ല ബന്ധം വികസിച്ചു. അത് അനേകം ഫലവത്തായ ബൈബിൾചർച്ചകൾക്കുളള വഴി തുറന്നിരിക്കുന്നു. തെരുവുസാക്ഷീകരണം പൂർണ്ണമായി ആസ്വദിക്കുന്ന ഒരു സഹായപയനിയർ താൻ കടകളുടെ ജനാലകൾവഴി നോക്കിനടക്കുന്നവരെയും കാറുകളിൽ ഇരിക്കുന്നവരെയും ബസ്സിനു കാത്തിരിക്കുന്നവരെയും മുൻ അവസരങ്ങളിൽ വേണ്ടെന്നു പറഞ്ഞവരെപോലും സമീപിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. നാം കൂസലില്ലാത്തവരും പ്രേരണാശക്തിയുളളവരും ആണെങ്കിലും ശാഠ്യമില്ലാത്തവരായിരിക്കാൻ ധൈര്യവും നല്ല വിവേചനയും ആവശ്യമാണ്.
4 ഫലപ്രദമായ തെരുവുസാക്ഷീകരണത്തിന്റെ താക്കോൽ ഊഷ്മളവും പ്രസാദകരവും ആത്മാർത്ഥവുമായ സമീപനമുണ്ടായിരിക്കുന്നതാണ്. പുഞ്ചിരിക്കുക. കഴിയുമെങ്കിൽ വ്യക്തിയുടെ നോട്ടത്തെ ആകർഷിക്കുക, എന്നാൽ അതു സാദ്ധ്യമല്ലെങ്കിൽ മുമ്പോട്ടുപോയി ഒരു സൗഹൃദസമീപനം നടത്തുക. സാഹചര്യങ്ങളെ നിരീക്ഷിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയുംചെയ്യുക. ഒരു സഹോദരി സാധനങ്ങൾ നിറഞ്ഞ സഞ്ചികളുമായി വരുന്ന സ്ത്രീകളെ നിരീക്ഷിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു, “നിങ്ങൾ ഭക്ഷ്യവസ്തുക്കൾ വാങ്ങുകയായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ കാലത്ത് തീർച്ചയായും സാധനങ്ങൾക്ക് വില കൂടുതലാണ്. മനസ്സിനും ഹൃദയത്തിനും വേണ്ടിയുളള കുറെ ആഹാരത്തെ സംബന്ധിച്ചെന്ത്? ഞാൻ ഈ ലേഖനം ആസ്വദിച്ചു . . . . ” കുട്ടികളുളളവരോട് അവർ ഇങ്ങനെ പറയുന്നു: “നിങ്ങൾക്ക് സുമുഖരായ രണ്ട് കുട്ടികൾ ഉണ്ടെന്ന് ഞാൻ കാണുന്നു. കുട്ടികൾ ദൈവത്തിൽനിന്നുളള ഒരു അനുഗ്രഹമാണെന്ന് ബൈബിൾ പറയുന്നതായി നിങ്ങൾക്കറിയാമോ? ഇതാ, ഞാൻ നിങ്ങളെ കാണിക്കട്ടെ . . . . ” ചിന്താവിഷ്ടനായ ഒരാളെ സമീപിച്ച് അവർ ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്തിനെയോ കുറിച്ചു ചിന്തയിലാണെന്ന് ഞാൻ കാണുന്നു. ഇന്നു ലോകത്തിൽ വളരെ കുഴപ്പം നിറഞ്ഞിരിക്കുകയാണ്, നിങ്ങൾ യോജിക്കുന്നില്ലേ? കുഴപ്പങ്ങൾ മാറുന്ന ഒരു കാലം വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുവോ?”
5 ഒരുവ്യക്തി തെരുവിലൂടെ ധൃതിയിൽ പോകുകയാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു ലഘുലേഖ മാത്രം കൊടുക്കാം. “നിങ്ങൾക്കു സമയമുളളപ്പോൾ വായിക്കാൻ ഇതാ കുറേ സുവാർത്ത.” ആളുകൾ ധൃതിയിലാണെന്നു തോന്നുന്നില്ലെങ്കിൽ മാസികകൾ കാണിക്കുകയും അവ വരിസംഖ്യാടിസ്ഥാനത്തിൽ ലഭ്യമാണെന്ന് വിശദീകരിക്കുകയും നിരക്കു പറയുകയും ചെയ്യുക. സാദ്ധ്യമാകുമ്പോഴെക്കെ സാഹിത്യം ആളുകളുടെ കൈയിൽ കൊടുക്കുന്നതു നല്ലതാണ്.
6 ആദ്യം തെരുവുസാക്ഷീകരണം നടത്താൻ ഭയമായിരുന്ന അനേകം പ്രസാധകർ ഇപ്പോൾ അത് തങ്ങളുടെ ഇഷ്ടപ്പെട്ട പ്രസംഗരീതിയാണെന്ന് കണ്ടെത്തുന്നു. തീർച്ചയായും, അപകടകരമായ സ്ഥലങ്ങളിലോ ചിലപ്പോൾ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ പ്രവർത്തിക്കുമ്പോൾ ജാഗ്രത വേണം. ചെറിയ പട്ടണങ്ങളിൽപോലും സാധാരണയായി തിരക്കുളള പ്രദേശങ്ങളും പൊതു ഗതാഗതകേന്ദ്രങ്ങളും പൊതു പാർക്കിംഗ് സ്ഥലങ്ങളുമുണ്ട്, അവിടെ സുവാർത്തയുമായി ആളുകളെ സമീപിക്കാൻ കഴിയും. അവസരം പ്രയോജനപ്പെടുത്തുക. കേൾവിക്കാർക്ക് അനുഗ്രഹവും യഹോവക്കു ബഹുമതിയും ഉണ്ടാകുമാറ് ജ്ഞാനത്തോടെ തെരുവുകളിലും പൊതു വീഥികളിലും നിങ്ങളുടെ ശബ്ദം സുവാർത്ത കേൾപ്പിക്കട്ടെ.—സദൃശ. 1:20.