സുവാർത്ത സമർപ്പിക്കൽ—സന്തോഷത്തോടെ
1 യേശുക്രിസ്തു തന്റെ ശുശ്രൂഷയിൽ വലിയ സന്തോഷം കണ്ടെത്തി. അവനെസംബന്ധിച്ച്, അവന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് അവന്റെ ആഹാരമായിരുന്നു. (യോഹ. 4:34) അതുപോലെ, പൗലോസ് തന്റെ ശുശ്രൂഷാവേലയിൽനിന്ന് വലിയ സന്തോഷം നേടി. അവർക്ക് അനേകം കഷ്ടതകളും പീഡനങ്ങളും സഹിക്കേണ്ടതുണ്ടായിരുന്നെങ്കിലും അവർക്ക് ശുശ്രൂഷയിൽ സന്തോഷം ഉണ്ടായിരുന്നതിന്റെ രഹസ്യമെന്തായിരുന്നു? അവരുടെ യഹോവാസേവനം മുഴുദേഹിയോടുകൂടിയതായിരുന്നു. അവർ തങ്ങളുടെ ദൈവദത്ത നിയമനങ്ങളിൽ കഠിനമായി ജോലിചെയ്തു, ഫലം അവരുടെ വേലനിമിത്തമുളള സന്തോഷമായിരുന്നു. (യോഹ. 13:17; വെളി. 14:13) നിങ്ങൾ യഹോവയെ സേവിക്കുമ്പോൾ നിങ്ങളുടെ ശുശ്രൂഷയിലുളള സന്തോഷം എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും?
ആളുകളെ സഹായിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക
2 യേശുക്രിസ്തുവും പൗലോസും വിശിഷ്ടരായ അദ്ധ്യാപകരായിരുന്നു. അവർ ശ്രദ്ധിച്ചവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിന് ലാക്കുവെച്ചു. അനേകർ ചെവികൊടുത്തില്ല, എന്നാൽ ചെവികൊടുത്തവർ യഥാർത്ഥത്തിൽ സന്തോഷകാരണമായിരുന്നു. (ഫിലി. 4:1; ലൂക്കോസ് 15:7 താരതമ്യം ചെയ്യുക.) അതെ, യഹോവയെക്കുറിച്ചു പഠിക്കുന്നതിന് ആളുകളെ സഹായിക്കുന്നതും അവർ സത്യത്തിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കുന്നത് കാണുന്നതും നമ്മെ സന്തുഷ്ടരാക്കുന്നു. ഒന്നാം നൂററാണ്ടിൽ, “ജനതകളിലെ ആളുകളുടെ മതപരിവർത്തനം” “എല്ലാ സഹോദരൻമാർക്കും വലിയ സന്തോഷത്തിനുളള” ഒരു കാരണമായിരുന്നു.—പ്രവൃ. 15:3.
3 നിങ്ങൾക്കും നിങ്ങൾക്കറിയാവുന്നത് വിദഗ്ദ്ധമായി മററുളളവരുമായി പങ്കുവെക്കുന്നതിനാൽ ഈ സന്തോഷം അനുഭവിക്കാൻ കഴിയും. നാം മററുളളവരെ സത്യം പഠിപ്പിക്കുമ്പോൾ നമ്മെ സഹായിക്കുന്നതിന് യഹോവയുടെ സ്ഥാപനം നമുക്ക് വിശിഷ്ടമായ ഉപകരണങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, നമുക്ക് നമ്മുടെ രാജ്യശുശ്രൂഷയിൽ കാണപ്പെടുന്ന സംഭാഷണ വിഷയം ഉണ്ട്. ആകർഷകങ്ങളായ അനേകം മുഖവുരകളും ആളുകൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുളള ഉത്തരങ്ങളും ഉളള ന്യായവാദം പുസ്തകവും ഉണ്ട്. നിങ്ങൾ വയൽസേവനത്തിനുവേണ്ടി തയ്യാറാകുമ്പോൾ നമ്മുടെ പ്രദേശത്ത് വസിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി നമ്മുടെ രാജ്യശുശ്രൂഷയിൽനിന്നും ന്യായവാദം പുസ്തകത്തിൽനിന്നും ഉളള നിർദ്ദേശങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക. ആളുകളുമായി നല്ല സംഭാഷണം നടത്തുന്നതിന് മുൻകൈയെടുക്കുന്നതിന് നന്നായി തയ്യാറായിക്കൊണ്ട് അവരെ രക്ഷയുടെ മാർഗ്ഗത്തിൽ വരുത്തുന്നതിന് സഹായിക്കാൻ കഠിനാദ്ധ്വാനം ചെയ്യുക. അത് ഉൽപ്പാദനക്ഷമമായ ബൈബിളദ്ധ്യയനങ്ങളിലേക്കും നമ്മുടെ സേവനത്തിലെ വലിയ സന്തോഷത്തിലേക്കും നയിച്ചേക്കാം.—യാക്കോ. 1:25.
ഒരു ക്രിയാത്മക മനോഭാവം
4 നിങ്ങൾ ഒരു പ്രസാധകനോ ഒരു പയനിയറോ ആയി സേവിച്ചാലും ശുശ്രൂഷയുടെ ഉദ്ദേശ്യം മനസ്സിൽ പിടിക്കുക. (മത്താ. 24:14; 28:19, 20) സാക്ഷ്യത്തിനുവേണ്ടിയുളള സുവാർത്താപ്രസംഗം ദൈവത്തിൽനിന്നുളള ഒരു നിയമനമാണ്. അത് ഒരു പദവിയാണ്, യഹോവ തന്റെ ദാസൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത് ഭാരമുളളതല്ല എന്ന് നാം വിലമതിക്കണം. (1 യോഹ. 5:3) അവൻ തന്റെ ജനം തന്റെ സേവനം ആസ്വദിക്കുന്നതിന് ആഗ്രഹിക്കുന്നു. തത്ഫലമായി, ചിലർ പ്രസംഗവേലക്ക് അനുകൂലമായി പ്രതികരണം കാണിക്കാതിരുന്നേക്കാമെങ്കിലും, നിങ്ങൾക്ക് അപ്പോഴും ശുശ്രൂഷയിൽ വളരെയധികം സന്തോഷം ഉണ്ടായിരിക്കാൻ കഴിയും. അത് അപ്രകാരമായിരിക്കുന്നതെന്തുകൊണ്ട്?
5 യേശുവിന്റെ ശിഷ്യൻമാർ തങ്ങളുടെ ശുശ്രൂഷയിൽ വലിയ സന്തോഷം കണ്ടെത്തി, അവൻ അവരോട് അവരുടെ സന്തോഷത്തിനുളള പ്രധാന കാരണം എന്തായിരിക്കണം എന്ന് വിശദീകരിക്കുകയും ചെയ്തു. (ലൂക്കോസ് 10:17-20) ഭൗമികപ്രത്യാശയുളള “മഹാപുരുഷാര”ത്തിൽപ്പെട്ടവർക്കും സന്തോഷിക്കുന്നതിനുളള എല്ലാ കാരണവും ഉണ്ട്. (വെളി. 7:9,10) നിങ്ങളുടെ പ്രത്യാശ സ്വർഗ്ഗീയമൊ ഭൗമികമൊ ആയാലും നിങ്ങൾ ദൈവേഷ്ടം ചെയ്യുന്നു എന്ന വസ്തുത നിങ്ങൾക്ക് വലിയ സന്തോഷം പ്രദാനം ചെയ്യും, എന്തുകൊണ്ടെന്നാൽ, “കർത്താവിനോടുളള ബന്ധത്തിൽ നിങ്ങളുടെ വേല വ്യർത്ഥമല്ല.” (1 കൊരി. 15:58) യഹോവ, “നിങ്ങളുടെ വേലയും നിങ്ങൾ അവന്റെ നാമത്തോടു കാണിച്ച സ്നേഹവും മറക്കുവാൻ തക്കവണ്ണം അനീതിയുളളവനല്ല.” (എബ്രാ. 6:10) മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നത് അവനെ സ്നേഹിക്കുന്നവർക്ക് സന്തോഷത്തിന്റെ ഒരു ഉറവിടമാണ്.—സങ്കീ. 40:8.
6 ഒരു ക്രിസ്ത്യാനി തന്റെ ദൈവസേവനത്തെ ആസ്വദിക്കണം. യഹോവ യഥാർത്ഥ ഭക്തിയുടെ ഏററവും ചെറിയ പ്രകടനത്തെപ്പോലും വിലമതിക്കുമെന്നുളള ഉറപ്പോടെ ശുശ്രൂഷയിൽ തുടർന്ന് സന്തോഷം കണ്ടെത്തുക. (മർക്കോസ് 12:41-44 താരതമ്യപ്പെടുത്തുക.) നമുക്കെല്ലാം ‘നമ്മുടെ ശുശ്രൂഷയെ മഹത്വപ്പെടുത്തുന്നതിൽ’ തുടരുകയും അതു കൈവരുത്തുന്ന സന്തോഷം ആസ്വദിക്കുകയും ചെയ്യാം.—റോമ. 11:13.