ചോദ്യപ്പെട്ടി
◼ സഭയിൽ പ്രമേയങ്ങൾ അവതരിപ്പിക്കുകയിൽ ഏതു നടപടിക്രമം പിൻതുടരണം?
സഭയെ ബാധിക്കുന്ന പല കാര്യങ്ങളും പ്രാദേശിക മൂപ്പൻമാരുടെ സംഘം തീരുമാനിക്കുന്നു. തീരുമാനങ്ങൾ എടുക്കുന്നതിൽ ഉത്തരവാദിത്വമുളള ഈ സഹോദരൻമാർ സൊസൈററി പ്രദാനം ചെയ്യുന്ന മാർഗ്ഗരേഖകളോ നിർദ്ദേശങ്ങളോ സഹിതം ബൈബിൾ തത്വങ്ങളാൽ നയിക്കപ്പെടുന്നു. എന്നിരുന്നാലും, ഒരു പ്രമേയം ആവശ്യമാക്കിത്തീർത്തുകൊണ്ട് സഭ പങ്കുവഹിക്കുന്ന ചില തീരുമാനങ്ങളുണ്ട്. ഈ കാര്യങ്ങളിൽ മെച്ചപ്പെട്ട ഒരു യോഗസ്ഥലം സമ്പാദിക്കൽ, വസ്തു വാങ്ങൽ, ഒരു രാജ്യഹോളിന്റെ നിർമ്മാണം അഥവാ പുനരുദ്ധാരണം, രാജ്യവേല ഉന്നമിപ്പിക്കുന്നതിന് സൊസൈററിക്ക് സംഭാവന അയക്കൽ മുതലായവ ഉൾപ്പെടും. സാധാരണ പ്രവർത്തനച്ചെലവുകൾക്ക് ഒരു പ്രമേയം ആവശ്യമില്ല, എന്നാൽ വലിയതോ അസാധാരണമോ ആയ എല്ലാ ചെലവുകളും സഭ പ്രമേയത്തിലൂടെ അംഗീകരിച്ചിരിക്കണം.
പ്രമേയങ്ങൾ എങ്ങനെ തയ്യാറാക്കി അവതരിപ്പിക്കപ്പെടണം? സഭയുടെയും രാജ്യവേലയുടെയും അത്യുത്തമ താൽപര്യം പരിചിന്തിച്ചുകൊണ്ട് മൂപ്പൻമാരുടെ സംഘം വിഷയം വിശദമായി ചർച്ചചെയ്യുന്നു. അവർ യോജിപ്പിൽ വന്നശേഷം ഒരു മൂപ്പൻ, ഒരുപക്ഷേ സേവന കമ്മിററിയിലെ ഒരംഗം, മൂപ്പൻമാരുടെ ശുപാർശകൾ വ്യക്തമായി പ്രസ്താവിച്ചുകൊണ്ട് ഒരു പ്രമേയം എഴുതിയുണ്ടാക്കും. ഒരു സേവനയോഗത്തിൽ ഉചിതമായ വസ്തുതകളും നിർദ്ദേശിത പ്രമേയവും ചർച്ചചെയ്യപ്പെടും. വിഷയം കൈകാര്യം ചെയ്യുന്ന മൂപ്പൻ എന്തെങ്കിലും വ്യക്തമല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ സഭാംഗങ്ങൾക്ക് അവസരം അനുവദിക്കും. ഒരു വലിയ തീരുമാനം ഉൾപ്പെട്ടിരിക്കുന്നെങ്കിൽ വോട്ടിംഗിനുമുമ്പ് ആലോചിക്കാൻ വേണ്ടി മൂപ്പൻമാർ ഒരു ആഴ്ചയോ മറേറാ സഭക്ക് അനുവാദം നൽകിയേക്കാം. കൂടുതൽ ചർച്ച കൂടാതെ പ്രമേയം അംഗീകരിക്കാൻ സഭ ആഗ്രഹിക്കുന്നെങ്കിൽ അനുകൂലിക്കുന്നവർ കൈ ഉയർത്താൻ ചെയർമാൻ ക്ഷണിക്കും, അതിനുശേഷം പ്രമേയത്തെ അനുകൂലിക്കാത്തവരെയും ക്ഷണിക്കും. സമർപ്പിച്ച് സ്നാപനമേററ പ്രസാധകരിൽ ഭൂരിപക്ഷം നിർദ്ദേശത്തോട് അനുകൂലമെങ്കിൽ മൂപ്പൻമാർക്ക് അംഗീകരിക്കപ്പെട്ടതായി കണക്കാക്കി മുന്നോട്ടുപോകാൻ കഴിയും.
നിയമപരമായ വ്യവസ്ഥകൾ അനുവദിക്കാത്ത കേസുകൾ ഒഴികെ പ്രമേയമായി അവതരിപ്പിക്കുന്ന വിഷയങ്ങളിൽ വോട്ടുചെയ്യാൻ സമർപ്പിച്ച് സ്നാപനമേററ എല്ലാ പ്രസാധകരെയും അനുവദിക്കണം.
കോർപറേഷൻ കാര്യാദികളും രാജ്യഹോൾ കടവും മററും പരിചിന്തിക്കുമ്പോൾ നിയമപരമായ വ്യവസ്ഥകളോടും കോർപറേഷന്റെ വകുപ്പുകളോടും പൊരുത്തപ്പെടുന്നതിന് പാർലമെൻററി നടപടിക്രമം ഉപയോഗിക്കുന്നത് ആവശ്യമായിരുന്നേക്കാം. (ഇന്ത്യയിൽ സഭകൾ സ്ഥലമോ രാജ്യഹോളോ വാങ്ങാൻ പ്രാദേശികമായ സൊസൈററികൾ രൂപീകരിച്ചിരിക്കുന്നിടത്തു മാത്രമേ ഇതു ബാധകമാകുന്നുളളു.) ഉദാഹരണത്തിന് ചിലപ്പോൾ പ്രമേയം അവതരിപ്പിച്ച സഹോദരന്റെ പേരും പിന്താങ്ങിയ സഹോദരന്റെ പേരും അതുപോലെ എത്രപേർ അനുകൂലമായും പ്രതികൂലമായും വോട്ടുചെയ്തുവെന്നും രേഖപ്പെടുത്തുന്നത് ആവശ്യമാണ്. അത്തരം ഒരു പാർലമെൻററി നടപടിക്രമം നേരിട്ട് ആവശ്യമില്ലെങ്കിൽ സഭ പരിചിന്തിച്ചശേഷം വോട്ടെടുക്കുന്നത് മതിയാകും. ഏതായാലും അംഗീകരിക്കപ്പെട്ട പ്രമേയങ്ങൾ എഴുതി സഭാരേഖകളുടെ ഭാഗമായി ഫയൽചെയ്യുന്നതിനു മുമ്പ് ഉത്തരവാദിത്വമുളള മൂപ്പൻമാർ തീയതിവെച്ച് ഒപ്പിട്ടിരിക്കണം.