ദൈവവചനത്തിൽ നിങ്ങളുടെ വിശ്വാസം കെട്ടിപ്പടുക്കുക
1 ശക്തമായ വിശ്വാസമുണ്ടായിരിക്കേണ്ട ഒരു കാലമുണ്ടെങ്കിൽ അത് ഇപ്പോഴാണ്. അനേകമാളുകൾക്കും ഒട്ടുംതന്നെ വിശ്വാസമില്ല, ഭാവിയേക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. മതനേതാക്കളും രാഷ്ട്രീയനേതാക്കളും കൂടെക്കൂടെ വ്യാജപ്രതീക്ഷകൾ കൊടുത്തിരിക്കുന്നു, അതുകൊണ്ട് പലയാളുകളും നിരാശിതരാണ്. സത്യമായും അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചതുപോലെ, “വിശ്വാസം എല്ലാവരുടെയും സ്വത്തല്ല.” (2 തെസ്സ. 3:2, NW) എന്നുവരികിലും വിശ്വാസം യഹോവയുടെ സാക്ഷികളുടെ സ്വത്താണ്. ദൈവവചനത്തിൽ കണ്ടെത്തുന്ന വാഗ്ദത്തങ്ങൾ നിറവേറുമെന്ന് നമുക്ക് പൂർണ്ണവിശ്വാസമുണ്ട്.
2 ശക്തമായ വിശ്വാസം യഹോവയുടെ സാക്ഷികളെ മററാളുകളിൽനിന്ന് വ്യത്യസ്തരാക്കി നിർത്തുന്നു. അത് സൽപ്രവൃത്തികൾക്ക് പ്രചോദനം നൽകുന്നു, നമുക്കും മററുളളവർക്കും പ്രയോജനം ചെയ്യുന്നതും അതേസമയം ദൈവത്തിനു ബഹുമതി കരേററുന്നതും തന്നെ. ദൈവവചനം നമ്മുടെ ജീവിതത്തിൽ ശക്തി പ്രയോഗിക്കാൻ അനുവദിക്കുന്നതിൽനിന്നാണ് അത്തരം വിശ്വാസം ഉണ്ടാകുന്നത്. ഇന്നു നിലനിൽക്കുന്ന ആത്മാർത്ഥരായ ക്രിസ്ത്യാനികളുടെ സാർവ്വദേശീയ സാഹോദര്യം ദൈവത്തിന്റെ നിശ്വസ്ത വചനമെന്ന നിലയിൽ ബൈബിളിൽ വിശ്വാസം കെട്ടിപ്പടുക്കുന്നതിന്റെ മൂല്യം പ്രകടമാക്കുന്നു.—2 തിമൊ. 3:16.
3 ദൈവവചനത്തിൽ വിശ്വാസം കെട്ടിപ്പടുക്കാൻ മററുളളവരെ സഹായിക്കുന്നതെന്തിന്: ജീവൻ അപകടത്തിലായതുകൊണ്ട് വിശ്വാസം കെട്ടിപ്പടുക്കാൻ മററുളളവരെ സഹായിക്കുന്നതിന് നമുക്ക് ശക്തമായ ന്യായമുണ്ട്. ഇതു മനസ്സിൽ പിടിച്ചുകൊണ്ട് നാം ജൂലൈയിൽ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകം വയലിൽ സമർപ്പിക്കുന്നതായിരിക്കും. ബൈബിൾ ദൈവവചനമാണെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ഉദ്ദേശ്യം. ദൈവവചനത്തിനെതിരെ അണിനിരത്തുന്ന പല വ്യാജകുററാരോപണങ്ങളും അതു ചർച്ചചെയ്യുകയും ഖണ്ഡിക്കുകയും ചെയ്യുന്നു. ബൈബിൾ അശാസ്ത്രീയമാണോ? അത് അതിൽത്തന്നെ പരസ്പരവിരുദ്ധമാണോ? അത് വെറും കെട്ടുകഥയും ഐതിഹ്യവും ആണോ? ബൈബിളിൽ പറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ യഥാർത്ഥത്തിൽ സംഭവിച്ചോ? പുരാവസ്തുശാസ്ത്രം ബൈബിളിന്റെ ചരിത്രകൃത്യതയെ ഖണ്ഡിച്ചിട്ടുണ്ടോ? എന്നിങ്ങനെയുളള ഒട്ടനവധി ചോദ്യങ്ങൾക്ക് അത് തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു. അതിനുപുറമെ, ഈ പ്രസിദ്ധീകരണം ബൈബിളിന്റെ നിശ്വസ്തതയുടെ നിരവധി മികച്ച തെളിവുകൾ അവതരിപ്പിക്കുന്നു. അത് ബൈബിളിന്റെ തെററാത്ത പ്രവചനങ്ങളിലേക്കും അതിന്റെ അത്ഭുതകരമായ ആകമാനയോജിപ്പിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു.
4 ബൈബിളിന്റെ മികച്ച പ്രായോഗിക ജ്ഞാനവും നൻമക്കായി ആളുകളിൽ മാററം വരുത്താനുളള അതിന്റെ ശക്തിയും ബൈബിൾ ദൈവവചനമാണെന്നു തെളിയിക്കുന്ന തെളിവിന്റെ ഒരു ഭാഗം മാത്രമാണ്. ഈ തെളിവു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് നമുക്ക് ഉത്തരവാദിത്തമുണ്ട്. അതിന്, ബൈബിൾ പറയുന്നത് വിശ്വസിക്കാൻ നാം അവരെ ആദ്യം പഠിപ്പിക്കണം. അതുകൊണ്ട് നാം കണിശമായും സാഹിത്യം എടുക്കുന്നവരെ വീണ്ടും സന്ദർശിക്കുകയും വിശ്വാസം കെട്ടിപ്പടുക്കാൻ അവരെ സഹായിക്കുന്നതിന് ഒരു ഭവനബൈബിളദ്ധ്യയനം വാഗ്ദാനം ചെയ്യുകയും വേണം.
5 വിശ്വാസം കെട്ടിപ്പടുക്കാൻ പുസ്തകം സഹായിക്കുന്നു: സത്യസന്ധമായി തെളിവ് വിലയിരുത്തുമ്പോൾ ആത്മാർത്ഥതയുളള ഒരു വ്യക്തിക്കും ബൈബിൾ ദൈവവചനമാണെന്ന് അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ഈ പുസ്തകം ആ തെളിവുകളിൽ അധികവും എളുപ്പം ഗ്രഹിക്കാവുന്ന ഒരു രൂപത്തിൽ അവതരിപ്പിക്കുന്നു. ബൈബിളിനെ ദൈവവചനമായി അംഗീകരിക്കാനും അതിന്റെ നിശ്വസ്ത ബുദ്ധ്യുപദേശമനുസരിച്ച് ജീവിക്കാനും മററുളളവരെ പ്രോൽസാഹിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യുന്നവർ സങ്കീർത്തനക്കാരന്റെ പിൻവരുന്ന ഹൃദയംഗമമായ പ്രാർത്ഥന പ്രതിധ്വനിപ്പിക്കാൻ ഇടയാകും: “നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയമെന്ന് കണ്ട്, യഹോവേ നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യംതന്നേ; നിന്റെ നീതിയുളള വിധികൾ ഒക്കെയും എന്നേക്കുമുളളവ.”—സങ്കീ. 119:159, 160.
6 “മഹോപദ്രവ”ത്തിലൂടെ സംരക്ഷണത്തിനുളള വഴി തേടുന്ന ഏവർക്കും യഹോവ സ്നേഹപൂർവം തന്റെ വചനമായ ബൈബിൾ മുഖാന്തരം മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുന്നു. (മത്തായി 24:21) ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ എന്ന പുസ്തകം 12 രൂപ സംഭാവനക്ക് സമർപ്പിച്ചുകൊണ്ട് ജൂലൈയിൽ ദൈവവചനം വായിക്കാനും പഠിക്കാനും നമുക്ക് മററുളളവരെ പ്രോൽസാഹിപ്പിക്കാൻ കഴിയും.