നിങ്ങൾ പ്രബോധനങ്ങൾ അനുസരിക്കുന്നുവോ?
തന്റെ കുട്ടികൾ ജീവിതത്തിൽ വിജയിക്കുന്നതിനും അവർ മുതിർന്നവരായിത്തീരുമ്പോൾ സന്തുഷ്ടരായിരിക്കുന്നതിനും ഒരു സ്നേഹവാനായ പിതാവ് അവർക്ക് ആവശ്യമായ പ്രബോധനം നൽകും. തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കുട്ടികൾ അത്തരം പ്രബോധനങ്ങൾ തങ്ങളുടെ നൻമക്കാണെന്നറിയുന്നതുകൊണ്ട് അവ സ്വീകരിക്കും. അതുപോലെതന്നെ നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവായ യഹോവ തന്റെ ദാസൻമാർക്ക് അവരുടെ ജീവിതത്തിൽ വിജയവും സന്തോഷവും കൈവരുത്തുന്ന മാർഗ്ഗനിർദ്ദേശം കൊടുക്കുന്നു. അതുകൊണ്ട് തന്റെ വചനമായ ബൈബിളിലൂടെയും ഭൗമികസ്ഥാപനത്തിലൂടെയും നമുക്കു ദൈവം നൽകുന്ന പ്രബോധനങ്ങൾ നാം അനുസരിക്കുന്നത് മർമ്മപ്രധാനമാണ്.
കുടുംബത്തിനുള്ളിൽ
നമുക്ക് പ്രബോധനങ്ങൾ ആവശ്യമായിരിക്കുന്ന വിവിധ മണ്ഡലങ്ങളുണ്ട്. അവയിൽ ഒന്ന് കുടുംബവൃത്തത്തിനുള്ളിലാണ്. വിവാഹവും കുടുംബവും ദൈവത്താൽ ഏർപ്പെടുത്തപ്പെട്ടതാണ്. ആദ്യ മാനുഷജോടിയുടെ വിവാഹം ദൈവം നടത്തിയെന്നും അവർക്ക് കുട്ടികൾ ഉണ്ടായിരിക്കുന്നതിന് ദൈവം അവരെ അനുഗ്രഹിച്ചുവെന്നുമാണ് ബൈബിൾ പറയുന്നത്. (ഉല്പത്തി 1:27, 28; 2:22-24) തങ്ങളുടെ ബഹുമാന്യമായ കർത്തവ്യങ്ങൾ സംബന്ധിച്ച് കുടുംബാംഗങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ സ്രഷ്ടാവ് പ്രദാനംചെയ്തിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഭർത്താവും പിതാവുമായിരിക്കുന്ന ആൾ കുടുംബത്തിന്റെ ശിരസ്സാണ്, ഇതിന്റെ അർത്ഥം കുടുംബത്തിനാവശ്യമായ പ്രബോധനം, ഭക്ഷണം, വസ്ത്രം, പാർപ്പിടം, സംരക്ഷണം, ശിക്ഷണം എന്നിവ നൽകാനുള്ള ഉത്തരവാദിത്തം അയാൾക്കുണ്ടെന്നാണ്. പ്രധാന കുടുംബ തീരുമാനങ്ങളും അയാൾ എടുക്കുന്നു. ഭർത്താവെന്ന നിലയിൽ അയാൾ തന്റെ ഭാര്യയോട് പരിഗണന കാണിക്കുകയും ഒരു ബലഹീനപാത്രം എന്ന നിലയിൽ അവൾക്ക് ബഹുമാനം കൊടുക്കുകയും ചെയ്യണം. (എഫേസ്യർ 5:22, 23; 1 തിമൊഥെയോസ് 5:8; 1 പത്രോസ് 3:7) ഭർത്താവിന് ഭാര്യ കീഴ്പെട്ടിരിക്കേണ്ടതാണ്. അയാളോട് ആഴമായ ബഹുമാനം കാണിക്കുകയും അയാളുടെ സഹായിയും പൂരകവുമായിരിക്കുകയും ചെയ്യേണ്ടതാണ്. തിരുവെഴുത്തുകൾ ചൂണ്ടിക്കാണിക്കുന്നത് കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കണമെന്നാണ്.—ഉല്പത്തി 2:18; എഫേസ്യർ 6:1-3; 1 പത്രോസ് 3:1, 2.
ഈ പ്രബോധനങ്ങൾ അവഗണിക്കപ്പെടുമ്പോൾ എന്തു സംഭവിക്കുന്നു? ഭർത്താക്കൻമാർക്ക് തങ്ങളുടെ ഭാര്യമാരോടുള്ള കരുതൽ കുറയുമ്പോഴും ഭാര്യമാർക്ക് ഭർതൃശിരഃസ്ഥാനത്തോട് ബഹുമാനം ഇല്ലാതിരിക്കുമ്പോഴും വിയോജിപ്പുകളും തർക്കങ്ങളും ഉണ്ടാകുന്നു. യഥാർത്ഥത്തിൽ, ഇത്തരം കാര്യങ്ങൾ അനേകം വിവാഹബന്ധങ്ങളും തകർന്നുപോകുന്നതിന് കാരണമായിട്ടുണ്ട്. കുട്ടികളുടെ അനുസരണക്കേടും മത്സരവും നിരവധി മാതാപിതാക്കൾക്ക് വലിയ സങ്കടം ഉളവാക്കിയിട്ടുണ്ട്. മാതാപിതാക്കൾ മിക്കപ്പോഴും തങ്ങളുടെ കുട്ടികളെ ശരിയായ ശിക്ഷണത്തിൽ വളർത്തിക്കൊണ്ടുവരാതെ അവരെ പ്രകോപിതരാക്കുന്നതിൽ അധികമായി കുററക്കാരാണ്.—എഫേസ്യർ 6:4.
സാമൂഹ്യപ്രവർത്തകരും മനഃശാസ്ത്രജ്ഞൻമാരും മററുള്ളവരും കുടുംബപ്രശ്നങ്ങളെ നേരിടുന്നതെങ്ങനെയെന്നു കാണിക്കുന്ന വൈവിദ്ധ്യമാർന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും മനുഷ്യകുടുംബത്തിന്റെ സ്രഷ്ടാവ് ബൈബിളിൽ നൽകിയിട്ടുള്ള പ്രബോധനങ്ങളോളം ഫലപ്രദമായ യാതൊരു ബുദ്ധിയുപദേശവുമില്ല. ഇവ അനുസരിക്കുന്നത് യഥാർത്ഥ സന്തുഷ്ടിയും സംതൃപ്തിയും കൈവരുത്തുന്നു.—സങ്കീർത്തനം 19:7-9.
സഭയിൽ
ക്രിസ്തീയസഭയുടെ ശിരസ്സായിരിക്കുന്ന യേശുക്രിസ്തു “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം ഇവിടെ ഭൂമിയിൽ ദൈവത്തിന്റെ സ്ഥാപനമായ സരണിയിലൂടെ നൽകുന്ന പ്രബോധനങ്ങൾ നാം അനുസരിക്കണം. (മത്തായി 24:45-47; എഫേസ്യർ 5:23) സഭയിൽ സമാധാനവും ഐക്യവും ഉണ്ടായിരിക്കുന്നതിന് നൽകപ്പെടുന്ന നേതൃത്വത്തിനനുയോജ്യമായി അതിലെ അംഗങ്ങൾ എല്ലാവരും പ്രവർത്തിക്കണം. ദൃഷ്ടാന്തത്തിന്, സഭയിൽ പഠിപ്പിക്കുന്നതിന് നേതൃത്വം വഹിക്കുന്നവരും മററുള്ളവരെ സഹായിക്കുന്നവരും യഹോവയുടെ സ്ഥാപനത്തിൽനിന്ന് തങ്ങൾക്ക് ലഭിക്കുന്ന നിർദ്ദേശങ്ങളോട് പററിനിൽക്കേണ്ടതാണ്. ഇത് അവരുടെ വേലയുടെ ഫലപ്രദത്വത്തിന് സംഭാവനചെയ്യും. പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കേണ്ടതെങ്ങനെയെന്നും സഭയിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യംചെയ്യണമെന്നും ബുദ്ധ്യുപദേശവും പ്രോൽസാഹനവും എങ്ങനെ നൽകണമെന്നും ക്ലേശം അനുഭവിക്കുന്നവരെയും മററും ആശ്വസിപ്പിക്കുന്നതെങ്ങനെയെന്നുമായിരിക്കും പ്രബോധനങ്ങൾ. ക്രിസ്തീയസഭയോട് സഹവസിക്കുന്ന എല്ലാവർക്കും പ്രബോധനാത്മകവും കെട്ടുപണിചെയ്യുന്നതുമായ വിധത്തിൽ യോഗങ്ങൾ തയ്യാറാക്കേണ്ടതെങ്ങനെയെന്നുള്ള നിർദ്ദേശങ്ങളുമുണ്ട്.—പ്രവൃത്തികൾ 20:20; റോമർ 12:6-8; ഗലാത്യർ 6:1; 1 തെസ്സലോനീക്യർ 3:1-3.
സഭാമൂപ്പൻമാർ അഥവാ മേൽവിചാരകൻമാർ ഇക്കാര്യത്തിൽ പ്രത്യേകിച്ചും നല്ല ദൃഷ്ടാന്തം വെക്കണം. മൂപ്പൻമാർ സൂക്ഷ്മമായും വിശ്വസ്തതയോടെയും അനുസരിക്കേണ്ട പ്രബോധനങ്ങൾ ഭരണസംഘം അയക്കുന്നു. അവർ അത്തരം പ്രബോധനങ്ങൾ സ്ഥലത്തെ പരിതഃസ്ഥിതിക്കനുസരണമായി അനൂരൂപപ്പെടുത്തി ബാധകമാക്കണം. ക്രിസ്തീയ സഭയെ നയിക്കുന്നയാൾ യേശുക്രിസ്തു ആണെന്ന് നാം മനസ്സിൽ കരുതിക്കൊള്ളേണ്ടതാണ്. ലോകമെങ്ങുമുള്ള എല്ലാ സഭകളുടെയും ആവശ്യങ്ങളെ അവൻ വിവേചിക്കുകയും ആവശ്യമായ പ്രോൽസാഹനവും സഹായവും പ്രദാനംചെയ്യുകയുംചെയ്യുന്നു. അതുകൊണ്ട് ദൈവത്തിന്റെ ദിവ്യാധിപത്യസ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ ബാധകമാക്കുന്നതിന് മൂപ്പൻമാർ മടിക്കരുത്. ഇത് ഓരോ സഭയിലുമുള്ള സകലർക്കും നല്ല ദൃഷ്ടാന്തമായിരിക്കുന്നതിനും തങ്ങളുടെ ഇടയിൽത്തന്നെയും ഭൂമിയിലെങ്ങുമുള്ള ശേഷം സഹോദരവർഗ്ഗത്തോടും ഐക്യപ്പെട്ടവരായിരിക്കുന്നതിനും അവരെ സഹായിക്കുന്നു.—പ്രവൃത്തികൾ 15:1-31; എബ്രായർ 13:7; വെളിപ്പാട് 5:6.
സന്തോഷപൂർണ്ണമായ ഫലങ്ങൾ
ഒരു കെട്ടിടനിർമ്മാതാവ് ഒരു വലിയ കെട്ടിടം പണിതുയർത്തുമ്പോൾ താൻ കെട്ടുന്നത് നിലനിൽക്കണമെന്നുള്ളതുകൊണ്ട് ശില്പിയുടെ പ്ലാൻ സൂക്ഷ്മമായി അനുസരിക്കുന്നു. ജലപ്രളയത്തിനു മുമ്പുള്ള അക്രമാസക്തമായ നാളുകളിൽ ഒരു പെട്ടകം പണിയാൻ നോഹക്ക് നിയോഗം ലഭിച്ചു. അത് എങ്ങനെ പണിയണമെന്നും വരാനിരുന്ന ജലപ്രളയത്തെ അതിജീവിക്കാൻ ഏതു മനുഷ്യരെയും മൃഗങ്ങളെയും പെട്ടകത്തിലേക്കു പ്രവേശിപ്പിക്കണമെന്നും അവനു നിർദ്ദേശം ലഭിച്ചു. നോഹ എങ്ങനെ പ്രതികരണം നടത്തി? ബൈബിൾ പറയുന്നു: “ദൈവം അവനോടു കല്പിച്ചതെല്ലാം അങ്ങനെത്തന്നെ അവൻ ചെയ്യാൻ തുടങ്ങി. അവൻ അങ്ങനെതന്നെ ചെയ്തു.” നോഹയും അവനോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അതിജീവിച്ചു. (ഉല്പത്തി 6:5, 13-22; 7:23) ഇന്ന് നാം നോഹയുടെ നാളിലേതുപോലെയുള്ള കാലത്താണ് ജീവിക്കുന്നത്, ഈ കാരണത്താൽ ദൈവം സകല ദുഷ്ടമനുഷ്യരെയും നിർമ്മാർജ്ജനംചെയ്യും. അതിജീവകരിൽ നാം ഉൾപ്പെടണമെങ്കിൽ നാം എന്തു നടപടി സ്വീകരിക്കണമെന്ന് ബൈബിൾ നമ്മോടു പറയുന്നു.—മത്തായി 24:37-39; 2 പത്രോസ് 3:5-7, 11.
അതുകൊണ്ട് തന്റെ എഴുതപ്പെട്ട വചനം മുഖാന്തരവും ഭൗമികസ്ഥാപനത്തിലൂടെയും യഹോവ നൽകുന്ന പ്രബോധനങ്ങളെ നമുക്ക് വിലമതിപ്പോടുകൂടെ സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുന്നത് നമുക്ക് വിജയവും സന്തോഷവും കൈവരുത്തുകയും നമ്മുടെ ജീവനെ രക്ഷിക്കുകയും ചെയ്യും. (w90 10⁄1)