ചോദ്യപ്പെട്ടി
▪ ബൈബിൾ ചോദ്യങ്ങൾക്കുളള ഉത്തരവും വ്യക്തിപരമായ ഉപദേശവും സമ്പാദിക്കുന്നതിന് നമുക്ക് സൊസൈററിക്കു ഫോൺചെയ്യാമോ?
കാര്യങ്ങൾ പെട്ടെന്നു നിർവ്വഹിക്കാൻ പലയാളുകളും ഫോൺ ഉപയോഗിക്കുന്നു, എന്നാൽ പലപ്പോഴും വേഗതയേക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. ലോകത്തിൽ വ്യക്തിപരമായ സൗകര്യത്തിന് മുൻഗണന കൊടുക്കുന്നതു സർവ്വസാധാരണമാണ്; ആളുകൾ സ്വയം പ്രയത്നിക്കുന്നത് ഒഴിവാക്കുന്നു.
ദൈവത്തിന്റെ ഉപദേശത്തിൽ നാം എന്ത് അന്തരമാണ് കാണുന്നത്! കുഴിച്ചിട്ടിരിക്കുന്ന നിധിക്കുവേണ്ടി എന്നപോലെ പരിജ്ഞാനം അന്വേഷിക്കാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു, നാം സ്വയം പ്രയത്നിക്കാൻ മനസ്സുളളവരായിരിക്കണമെന്ന് അതു സൂചിപ്പിക്കുന്നു. നാം അങ്ങനെ ചെയ്യുന്നതു നിലനിൽക്കുന്ന കൂടിയ സംതൃപ്തിയിൽ കലാശിക്കുന്നുവെന്ന് അനുഭവം തെളിയിക്കുന്നു.—സദൃ. 2:1-4.
നാം യോഗങ്ങളിൽ പങ്കെടുക്കുന്നതിനു തയ്യാറാകുമ്പോൾ ഒരു ചോദ്യം ഉദിക്കുന്നെങ്കിൽ അഥവാ നാം വ്യക്തിപരമായ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുന്നെങ്കിൽ അത്തരം ശ്രമം ഉചിതമാണ്. വെറുതെ സൊസൈററിക്കു ഫോൺചെയ്യുന്നതിനു പകരം, ബൈബിളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലും, വിശേഷിച്ചും വിലപ്പെട്ട തിരുവെഴുത്തു സൂചികകളോടും വിഷയസൂചികകളോടും കൂടിയ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയിലും വ്യക്തിപരമായി ഗവേഷണം ചെയ്യുന്നതിനാൽ നമുക്കു പ്രയോജനം ലഭിക്കും.
അങ്ങനെ നാം ‘മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾക്കായി തിരഞ്ഞ’ശേഷം നമുക്കു വീണ്ടും സഹായം ആവശ്യമാണെങ്കിൽ നമുക്ക് പ്രാദേശിക മൂപ്പൻമാരിൽ ഒരാളെ സമീപിക്കാൻ കഴിയും. മൂപ്പൻമാർക്ക് ഗണ്യമായ ബൈബിൾ പരിജ്ഞാനവും വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിൽ അനുഭവപരിചയവും ഉണ്ട്. വ്യക്തിപരമായ ഒരു പ്രശ്നമോ തീരുമാനമോ സംബന്ധിച്ച് നമുക്ക് ഉപദേശം ആവശ്യമാണെങ്കിൽ അവരുടെ സന്തുലിതമായ സഹായം വിശേഷാൽ ഉചിതമായിരിക്കും, കാരണം അവർ നമ്മോടും നമ്മുടെ സാഹചര്യത്തോടും അടുത്തുളളവരാണ്.—പ്രവൃത്തികൾ 8:30, 31 താരതമ്യം ചെയ്യുക.
സൊസൈററിയിൽനിന്ന് നേരിട്ട് കൂടുതൽ വിവരം ആവശ്യമാണെന്ന് വീണ്ടും തോന്നുന്നെങ്കിൽ ഒരു കത്തയക്കുന്നത് സാധാരണഗതിയിൽ നല്ലതാണ്. ഇതു തയ്യാറാക്കുന്നതിൽ മൂപ്പൻമാർക്കും സഹായിക്കാവുന്നതാണ്. മറുപടി വേണ്ടത്ര ഗവേഷണത്തിലും ആലോചനയിലും അധിഷ്ഠിതമായിരിക്കുന്നതിന് അത്തരമൊരു കത്ത് സമയം അനുവദിക്കും, ഒരു ഫോൺവിളിയിൽ സാധാരണയായി അത് അസാദ്ധ്യമായിരിക്കും.