പാഠം 19
വയൽശുശ്രൂഷ മെച്ചപ്പെടുത്താൻ സ്കൂൾ ഉപയോഗിക്കൽ
1. നമ്മുടെ വിദ്യാർഥിപ്രസംഗങ്ങൾ തയ്യാറാകുമ്പോൾ സ്കൂളിന്റെ ഏതു ലക്ഷ്യം നാം ഓർത്തിരിക്കണം?
1 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നു വയൽശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിത്തീരാൻ നമ്മെ സഹായിക്കുകയാണ്. നിങ്ങളുടെ പ്രസംഗനിയമനങ്ങൾ തയ്യാറാകുമ്പോൾ അത് ഓർത്തിരിക്കുക. കേവലം അറിവിനുവേണ്ടി അറിവു സമ്പാദിക്കുന്നതിൽ തത്പരരായിരിക്കാതെ വയൽശുശ്രൂഷയിലെ നിങ്ങളുടെ പ്രസംഗത്തിലും പഠിപ്പിക്കലിലും ആ അറിവ് എങ്ങനെ വിനിയോഗിക്കാമെന്നതിലും തത്പരരായിരിക്കുക.
2. വിദ്യാർഥിപ്രസംഗത്തിന്റെ പരിശീലനം ഒരു സാക്ഷ്യംകൊടുക്കത്തക്കവണ്ണം എങ്ങനെ നിർവഹിക്കാൻ കഴിയും?
2 ചിലർ തങ്ങളുടെ പ്രസംഗനിയമനങ്ങൾ സുഹൃത്തുക്കളുടെയും അയൽക്കാരുടെയും സ്കൂളധ്യാപകരുടെയും അവിശ്വാസികളായ കുടുംബാംഗങ്ങളുടെയും ശ്രദ്ധിക്കുന്ന മററുളളവരുടെയും സാന്നിധ്യത്തിൽ പരിശീലിച്ചുകൊണ്ട് അവ നന്നായി നേരിട്ട് ഉപയോഗിക്കുന്നു. ഇതു പല കാര്യങ്ങൾ സാധിക്കുന്നു. വിദ്യാർഥിക്കു മററുളളവരുടെ പ്രതികരണം കാണാനും പ്രസംഗം മെച്ചപ്പെടുത്തുന്നതിനു മാററങ്ങൾ വരുത്താനും കഴിയുന്നു. കൂടാതെ, അവതരിപ്പിക്കപ്പെടുന്ന വിലയേറിയ വിവരങ്ങൾ ശ്രദ്ധിക്കുമ്പോൾ ഇതിനു ബൈബിളിലുളള മറേറയാളുടെ താത്പര്യത്തെ ഉത്തേജിപ്പിക്കാനും കഴിയും. അതിനു ശുശ്രൂഷാസ്കൂളിൽ സംബന്ധിക്കുന്നതിന് അയാളെ ക്ഷണിക്കുന്നതിനുളള ഒരു മാർഗമായിരിക്കാൻ കഴിയും. അനേകമാളുകൾ ഈ വിധത്തിൽ രാജ്യഹാളിലേക്കു വരുത്തപ്പെട്ടിട്ടുണ്ട്. ജപ്പാനിലെ ഒരു സാക്ഷി ഒരു പളളിയംഗത്തെ പ്രത്യേകം സന്ദർശിച്ച് അവരുടെ മുമ്പാകെ ശുശ്രൂഷാസ്കൂൾപരിപാടിയിലെ തന്റെ ഭാഗം റിഹേഴ്സ് ചെയ്തു. അവരുടെ വിഷയം “‘ബാബിലോനി’ൽനിന്നു പുറത്തുവരാൻ ദൈവജനം നിർദേശിക്കപ്പെടുന്നു” എന്നതായിരുന്നു. ആ സ്ത്രീ താത്പര്യം പ്രകടമാക്കുകയും ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു.
3. നാം സ്കൂളിൽ കേൾക്കുന്നതു വയൽശുശ്രൂഷയിൽ ഉപയോഗിക്കാൻ എന്ത് ഉത്തേജിപ്പിക്കും?
3 വയൽസേവനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുക. ശുശ്രൂഷാസ്കൂളിൽ നിങ്ങൾ വിശിഷ്ടമായ ധാരാളം വിവരങ്ങൾ കേൾക്കുന്നു, അതിലധികവും വയൽശുശ്രൂഷയിൽ നേരിട്ട് ഉപയോഗിക്കാൻ കഴിയും. പരിപാടിയിൽ നാം ബൈബിൾ വിശ്വസിക്കുന്നതിനുളള കാരണങ്ങൾ, ഉപദേശപരമായ ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ, ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി, പ്രത്യേക തിരുവെഴുത്തുകളുടെ വിശദീകരണങ്ങൾ, അനുദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കാവുന്ന വിധം എന്നിങ്ങനെയുളള കാര്യങ്ങൾ ചർച്ചചെയ്യുന്നു. ഈ വിവരങ്ങൾ വയൽസേവനത്തിൽ ഉപയോഗിക്കുന്നതിനുളള അവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക. അതുസംബന്ധിച്ച് ആരെങ്കിലും ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടതില്ല. ഉചിതമെങ്കിൽ നിങ്ങൾതന്നെ വിഷയം ഉന്നയിക്കുക. ഇതു വിവരങ്ങൾ നിങ്ങളുടെ മനസ്സിൽ പതിപ്പിക്കുകയും നിങ്ങളെ ശുശ്രൂഷയിൽ കൂടുതൽ ബഹുമുഖ പ്രാപ്തിയുളളവരാക്കുകയും ചെയ്യും.
4. നമ്മുടെ ബൈബിളുപയോഗത്തിൽ മെച്ചപ്പെടുന്നതിനു സ്കൂളിനു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
4 ബൈബിളിന്റെ നേരിട്ടുളള ഉപയോഗം നമ്മുടെ വേലയുടെ ഒരു പ്രമുഖഭാഗമാണ്. എന്നാൽ ചില പ്രസാധകർക്ക് ഉചിതമായ തിരുവെഴുത്തുകളിലേക്കു പെട്ടെന്നു തിരിയാൻ പ്രയാസമുണ്ട്. നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ കാര്യമായ പുരോഗതി നേടാൻ സ്കൂളിനു നിങ്ങളെ സഹായിക്കാൻ കഴിയും. എങ്ങനെ? ശുശ്രൂഷാസ്കൂളിലെ ഓരോ പ്രസംഗകനെയും നിങ്ങളുടെ ബൈബിളുപയോഗിച്ചുകൊണ്ടു പിൻപററുക. പ്രസംഗകൻ ഒരു തിരുവെഴുത്തു വായിക്കുമ്പോൾ എല്ലായ്പോഴും അതു നിങ്ങളുടെ സ്വന്ത ബൈബിളിൽ എടുത്തുനോക്കുക. നിങ്ങൾ വീണ്ടും വീണ്ടും വാക്യങ്ങൾ നോക്കുമ്പോൾ നിങ്ങൾ അവ നന്നായി അറിയാൻ ഇടയാകുകയും അവ എവിടെ കണ്ടെത്താൻ കഴിയുമെന്നു പഠിക്കുകയും ചെയ്യും. ആവശ്യമായിരിക്കുന്നതു പരിശീലനമാണ്. വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ മാത്രമല്ല, വാരംതോറും ശുശ്രൂഷാസ്കൂളിൽ സംബന്ധിക്കുമ്പോഴും നിങ്ങൾക്ക് ആ പരിശീലനം നേടാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് എല്ലാ പ്രസംഗകരും നടത്തുന്ന പഠനത്തിൽനിന്നും പ്രയോജനമനുഭവിക്കാൻ കഴിയും. അവർ തങ്ങൾക്കു നിയമിച്ചുകിട്ടുന്ന വിഷയങ്ങൾ സംബന്ധിച്ച് ഏററവും കുറിക്കുകൊളളുന്ന വാക്യങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങൾ പ്രസംഗകരെ പിൻതുടരുമ്പോൾ നിങ്ങളുടെ സ്വന്തം ശുശ്രൂഷയിൽ ഉപയോഗിക്കാൻ നിങ്ങളാഗ്രഹിച്ചേക്കാവുന്നതെന്നു വിശ്വസിക്കുന്ന വാക്യങ്ങളുടെ മുഖ്യഭാഗങ്ങൾ എന്തുകൊണ്ട് അടിയിൽ വരച്ചുകൂടാ? നിങ്ങൾക്ക് അവ വിഷയത്തോടൊപ്പം നിങ്ങളുടെ ബൈബിളിന്റെ പുറംചട്ടയുടെ അകവശത്തു കുറിയ്ക്കാവുന്നതുമാണ്. ഈ വിധത്തിൽ നിങ്ങൾ സ്കൂളിൽ പഠിക്കുന്നതു വയൽശുശ്രൂഷയിൽ ഉപയോഗിക്കുന്നത് എളുപ്പമാണെന്നു കണ്ടെത്തും.
5, 6. നമ്മുടെ പ്രസംഗങ്ങൾക്കുളള പ്രായോഗികമായ രംഗവിധാനങ്ങളുടെ ഉപയോഗം നമ്മെ എങ്ങനെ സഹായിക്കും?
5 നിങ്ങളുടെ പ്രസംഗം തയ്യാറാകുമ്പോൾ രംഗവിധാനങ്ങളുടെ ശ്രദ്ധാപൂർവകമായ തിരഞ്ഞെടുപ്പും സ്കൂളിൽനിന്നുളള പ്രയോജനങ്ങൾ നിങ്ങളുടെ വയൽശുശ്രൂഷയിൽ സാക്ഷാത്കരിക്കാൻ നിങ്ങളെ സഹായിക്കും. സാധ്യമാകുമ്പോൾ, ശുശൂഷയിൽ യഥാർഥത്തിൽ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾ ഉപയോഗിക്കുക. ചില സമയങ്ങളിൽ നിങ്ങളുടെ പ്രസംഗം ഒരു വീടുതോറുമുളള അവതരണത്തിന് അല്ലെങ്കിൽ അനൗപചാരികസാക്ഷീകരണത്തിനു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. മററു സമയങ്ങളിൽ ഒരു മടക്കസന്ദർശന ചർച്ചയെന്ന നിലയിൽ അതു കൂടുതൽ പ്രായോഗികമായിരുന്നേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ അത് ഒരു ഭവനബൈബിളധ്യയനത്തിൽ പൊന്തിവരുന്ന ഒരു പോയിൻറിനെ ആസ്പദമാക്കിയുളള ഒരു ചർച്ചയായിരിക്കാൻ കഴിയും. സാഹചര്യത്തെ പ്രായോഗികമാക്കാൻ എല്ലായ്പോഴും ശ്രമിക്കുക. നിങ്ങൾ പറയുന്നതു വീട്ടുകാരി നിരസിക്കാൻ ആസൂത്രണംചെയ്യുന്നതിനാൽ നിങ്ങളുടെ പ്രസംഗത്തിന്റെ പ്രായോഗികത നിങ്ങൾക്കു വർധിപ്പിക്കാൻ കഴിയും. അപ്പോൾ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നു നിങ്ങൾക്കു പ്രകടമാക്കാൻ കഴിയും. വയൽശുശ്രൂഷാസാഹചര്യങ്ങൾക്കു സഹായകമായ പ്രസംഗങ്ങൾ എല്ലായ്പോഴും സത്വരവിജയത്തിലേക്കു നയിക്കേണ്ടതില്ല; താത്പര്യക്കുറവിനെ എങ്ങനെ നേരിടാമെന്നു കാണിക്കുന്നതും മൂല്യവത്താണ്.
6 ഒരു വീട്ടുകാരിയുടെ ഭാഗം നിയമിച്ചുകിട്ടുമ്പോൾ, വയൽശുശ്രൂഷയോടുളള ബന്ധത്തിൽ നിങ്ങൾക്കും പ്രയോജനം നേടാൻ കഴിയും. വീട്ടുകാർ എങ്ങനെ ചിന്തിക്കുന്നുവെന്നും അവർ ഉന്നയിക്കുന്ന തടസ്സവാദങ്ങളുടെ കാരണമെന്തെന്നും ഗ്രഹിക്കാൻ ഈ അവസരം ഉപയോഗിക്കുക. അത്തരമൊരു വീട്ടുകാരിയായുളള നിങ്ങളുടെ പ്രായോഗികമായ അഭിനയവും വിദ്യാർഥി പ്രസംഗക സാഹചര്യത്തെ നേരിടുന്ന വിധം നിരീക്ഷിക്കുന്നതും വയൽശുശ്രൂഷയിൽ ഫലപ്രദരായിരിക്കാൻ നിങ്ങളെ പരിശീലിപ്പിക്കുന്നതിനു സഹായിക്കും.
7. ക്രമമായ പുരോഗതി വരുത്തുന്നതിന് ഓരോ വാരത്തിലും നമ്മുടെ ശുശ്രൂഷയിൽ ഏതു പോയിൻറിൽ മെച്ചപ്പെടാൻ നമുക്കു ശ്രമിക്കാവുന്നതാണ്?
7 പ്രസംഗം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമ്പോൾ വീടുതോറുമോ മറെറവിടെയെങ്കിലുമോ നടത്തുന്ന നിങ്ങളുടെ സ്വന്തം ശുശ്രൂഷയെ മെച്ചപ്പെടുത്തുന്നതിന്റെ നിലപാടിൽ പ്രബോധനത്തെ അപഗ്രഥിക്കുക. എന്തുകൊണ്ട് അതിനെ ആ വാരത്തിൽ നിങ്ങളുടെ ശുശ്രൂഷയിൽ അഭിവൃദ്ധിപ്പെടേണ്ട വലിയ പോയിൻറാക്കിത്തീർക്കാൻ പാടില്ല? ദൃഷ്ടാന്തത്തിന്, പ്രസംഗം ഒരു വിഷയപ്രതിപാദ്യത്തിന്റെ ആവശ്യം സംബന്ധിച്ചായിരിക്കുമ്പോൾ, വയൽശുശ്രൂഷയിലെ നിങ്ങളുടെ അവതരണത്തിനു യഥാർഥത്തിൽ ഒരു വിഷയപ്രതിപാദ്യം ഉണ്ടോയെന്നു നിങ്ങളോടുതന്നെ ചോദിക്കുക. വീട്ടുകാരോടു നിങ്ങൾ സംസാരിച്ച ശേഷം അവർക്കു യഥാർഥത്തിൽ അതു മനസ്സിൽ പതിഞ്ഞുകിട്ടത്തക്കവണ്ണം അതു വളരെ വ്യക്തമായി മുന്തിനിൽക്കാൻ നിങ്ങൾ ഇടയാക്കുന്നുവോ? ഇല്ലെങ്കിൽ, ആ വാരത്തിൽ അതിനു ശ്രമിക്കുക. കൂടാതെ, തിരുവെഴുത്തുകളുടെ വായനയും ബാധകമാക്കലും കൈകാര്യം ചെയ്യുന്ന വിവരങ്ങൾ നിങ്ങൾ കേൾക്കും. നിങ്ങൾ ഈ പ്രസംഗം ശ്രദ്ധിക്കുമ്പോൾ നിങ്ങളുടെ സ്വന്തം തിരുവെഴുത്തുകളുടെ ഉപയോഗം അപഗ്രഥിക്കുക. നിങ്ങൾ അവ വീട്ടുകാരനെ വായിച്ചുകേൾപ്പിച്ചിട്ടു വിശദീകരിക്കാതിരിക്കുന്നുവോ? നിങ്ങൾ വാക്യങ്ങളെ വിഷയപ്രതിപാദ്യത്തോട് എങ്ങനെ ബന്ധപ്പെടുത്തുന്നു? നിങ്ങൾ അവ വീട്ടുകാരന് എങ്ങനെ ബാധകമാക്കുന്നു? അങ്ങനെയുളള ഒരു അപഗ്രഥനത്തിനു നിങ്ങളുടെ തിരുവെഴുത്തുവായനയെയും ബാധകമാക്കലിനെയും മെച്ചപ്പെടുത്തുന്നതിനു സഹായിക്കാൻ കഴിയും. പ്രസംഗം ദൃഷ്ടാന്തങ്ങളുടെ ഉപയോഗംസംബന്ധിച്ചാണോ? ദൃഷ്ടാന്തങ്ങളുടെ ഉപയോഗത്തെ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? അല്ലെങ്കിൽ ഒരുപക്ഷേ പ്രസംഗം ഒരു ഭവനബൈബിളധ്യയനത്തിൽ പഠിപ്പിക്കുന്നതുസംബന്ധിച്ചായിരിക്കും. ആ വിവരങ്ങൾ നിങ്ങളുടെ സ്വന്തം ഭവനബൈബിളധ്യയനത്തിൽ പഠിപ്പിക്കുന്നതിന് എങ്ങനെ ബാധകമാക്കാൻ കഴിയുമെന്നു കാണാൻ നിങ്ങളുടെ സ്വന്തം രീതികൾ പരിശോധിക്കുക, ആ വാരത്തിൽത്തന്നെ അതു ചെയ്യുക. ഈ വിധത്തിൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നിങ്ങൾ പഠിക്കുന്നതു നിങ്ങളുടെ വയൽശുശ്രൂഷയുടെ മേൻമ വർധിപ്പിക്കുന്നതിനു നിങ്ങൾ ഉപയോഗിക്കുന്നതായിരിക്കും.
8. വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, നമുക്ക് എങ്ങനെ പ്രയോജനകരമായി നമ്മെത്തന്നെ ബുദ്ധ്യുപദേശിക്കാൻ കഴിയും?
8 നിങ്ങളുടെ സ്വന്തം അവതരണത്തെ അപഗ്രഥിക്കുക. സ്കൂളിൽ ക്രമമായി ബുദ്ധ്യുപദേശം നൽകുന്നതു നിങ്ങൾ കേൾക്കുകയും അതിന്റെ പ്രയോജനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. സ്കൂൾ മേൽവിചാരകൻ നിങ്ങളോടുകൂടെ വയൽശുശ്രൂഷയിൽ വീട്ടുവാതിൽക്കൽ ഉണ്ടായിരിക്കുകയില്ലായിരിക്കാം, എന്നാൽ നിങ്ങളെത്തന്നെ സ്വയം ബുദ്ധ്യുപദേശിക്കുന്നത് ഒരു ശീലമാക്കാൻ പാടില്ലേ? നിങ്ങൾ ഒരു വീട്ടുകാരനോടുളള സംസാരം പൂർത്തിയാക്കിയിട്ട് അടുത്ത വീട്ടിലേക്കു നടക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: കൂടുതൽ ഫലപ്രദനായിരിക്കാൻ എനിക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു? ഞാൻ ഇപ്പോൾ ചെയ്യുന്നത് എന്തെന്ന് അറിയാമെന്നിരിക്കെ, എനിക്ക് ആ സന്ദർശനം വീണ്ടും നടത്താൻ കഴിഞ്ഞാൽ ഞാൻ വ്യത്യസ്തമായി എന്തു ചെയ്യും? അങ്ങനെയുളള ഒരു അപഗ്രഥനം അന്നേദിവസംതന്നെ നിങ്ങളെ സഹായിച്ചേക്കാം, എന്തുകൊണ്ടെന്നാൽ നിങ്ങൾ മറെറാരു വീട്ടിൽ സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചേക്കാം. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കവേ, നിങ്ങളുടെ അവതരണങ്ങളെ അപഗ്രഥിക്കുന്നത് ഒരു ശീലമാക്കുന്നുവെങ്കിൽ, പുരോഗതി തുടർച്ചയായിട്ടുളളതായിരിക്കും. തീർച്ചയായും മറെറാരു പ്രസാധകനോടൊത്തു പ്രവർത്തിക്കുമ്പോൾ, നിങ്ങൾക്കു നിങ്ങളുടെ പങ്കാളിയോടു നിർദേശങ്ങൾ ചോദിക്കാവുന്നതാണ്.
9, 10. നാം ഇവിടെ പഠിക്കുന്നതു വയലിൽ ബാധകമാക്കുന്നതിനു നമ്മെ സഹായിക്കാൻ ഭവനത്തിലെ അഭ്യസനയോഗങ്ങളിൽ എന്തു ചെയ്യാവുന്നതാണ്?
9 നിങ്ങളുടെ അവതരണങ്ങളുടെ ഫലപ്രദത്വത്തെ മെച്ചപ്പെടുത്തുന്നതിനുളള വളരെ നല്ല ഒരു രീതി മററുളളവരോടൊത്ത് അത് അഭ്യസിക്കുന്നതും അനന്തരം അവ ഒരുമിച്ച് അപഗ്രഥിക്കുന്നതുമാണ്. നിങ്ങൾക്ക് ഇതു നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടൊത്തോ സഭയിലെ മററുളളവരോടൊത്തോ ചെയ്യാൻ കഴിയും. അവർ വീട്ടുകാരുടെ ഭാഗം എടുത്തുകൊണ്ടു സാധാരണ തടസ്സവാദങ്ങൾ ഉന്നയിക്കട്ടെ. തടസ്സവാദങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ, അറിയാമെങ്കിൽ നിങ്ങൾ അവ കൈകാര്യംചെയ്യുക. ഇല്ലെങ്കിൽ നിർത്തിയിട്ടു കൂടെയുളളവരിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കുക. പിന്നീട്, സമർപ്പിക്കപ്പെട്ട ആശയങ്ങളിൽ ചിലത് ഉപയോഗിച്ചുകൊണ്ടു തുടരുക. നിങ്ങൾ പൂർത്തിയാക്കുമ്പോൾ, ചെയ്യപ്പെട്ടതിന്റെ ഫലപ്രദത്വം ഒരുമിച്ച് അപഗ്രഥിക്കുക. വീട്ടിൽവെച്ചു നടത്തുന്ന അത്തരം അഭ്യസനയോഗങ്ങൾക്കു നിങ്ങളുടെ അവതരണം മെച്ചപ്പെടുത്തുന്നതിനു സഹായിക്കാൻ കഴിയും, അവ നിങ്ങൾ വയലിൽ എത്തുന്നതിനുമുമ്പുതന്നെ തെററുകൾ തിരുത്തുന്നതിനുളള അവസരം നിങ്ങൾക്കു നൽകുന്നു. അവയ്ക്കു സ്കൂളിൽ പഠിച്ച തത്ത്വങ്ങൾ വയൽശുശ്രൂഷക്കു ലഭ്യമാക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയും. പക്വതയുളളവർ “നൻമതിൻമകളെ തിരിച്ചറിയാൻ തഴക്കത്താൽ അഭ്യസിച്ച”വർ ആണെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞുവെന്നു നമുക്ക് ഓർത്തിരിക്കാം. (എബ്രാ. 5:14) ഗ്രഹണശക്തികളെ മൂർച്ചയുളളതാക്കാനുളള ഒരു വഴി അഭ്യസനയോഗങ്ങളിൽ അവ ഉപയോഗിക്കുകയാണ്.
10 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മുടെ പരിശീലനത്തിനുവേണ്ടിയുളള യഹോവയുടെ ഉദാരമായ അനേകം കരുതലുകളിൽ ഒന്നാണ്. നാം അതിലെ പാഠങ്ങൾ ഉത്സാഹപൂർവം പഠിക്കുകയും ബാധകമാക്കുകയും ചെയ്യുമ്പോൾ നമുക്കു പ്രവാചകനോടൊത്ത് ഇങ്ങനെ പറയാൻ കഴിയും: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യൻമാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യൻമാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.”—യെശ. 50:4.