ദൈവത്തിന്റെ കരുണ സംബന്ധിച്ചു ശരിയായ വീക്ഷണം പുലർത്തുക
ഡോക്ടർ ദയാലുവും വളരെ താത്പര്യം പ്രകടമാക്കുന്നവനും ആയിരുന്നു. അദ്ദേഹത്തിന്റെ ഏററവും നല്ല തീരുമാനപ്രകാരം തന്റെ രോഗിക്ക് അവരുടെ ജീവനെ രക്ഷിക്കുന്നതിന് ഒരു ശസ്ത്രക്രിയ അത്യാവശ്യമായിരുന്നു. രക്തപ്പകർച്ചയുടെ കാര്യം ഉന്നയിച്ചുകൊണ്ട് അവർ അതിനു മടിച്ചപ്പോൾ അദ്ദേഹത്തിനു വിസ്മയമായി. രക്തപ്പകർച്ച ഉൾപ്പെടുന്ന ഒരു ശസ്ത്രക്രിയക്കു മതപരമായ കാരണങ്ങളാൽ സമ്മതിക്കാനാവില്ലെന്ന് അവർ വിശദീകരിച്ചപ്പോൾ അദ്ദേഹം വിസ്മയസ്തബ്ധനായി. അവരെ സഹായിക്കാൻ ഒരു വഴികണ്ടെത്തുന്നതിന് അദ്ദേഹം തലപുകഞ്ഞ് ആലോചിച്ചു. അവസാനം താൻ ഒരു പോംവഴി കണ്ടെത്തിയെന്ന് അദ്ദേഹത്തിനു തോന്നി. അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കറിയാമോ, രക്തപ്പകർച്ച സ്വീകരിക്കുന്നില്ലെങ്കിൽ നിങ്ങൾ മരിക്കും. നിങ്ങൾ അത് ആഗ്രഹിക്കുന്നില്ല, ഉണ്ടോ?”
“തീർച്ചയായും ഇല്ല,” അദ്ദേഹത്തിന്റെ രോഗി പറഞ്ഞു.
“എന്നാൽ രക്തപ്പകർച്ച സ്വീകരിച്ചാൽ നിങ്ങൾ നിങ്ങളുടെ മതവിശ്വാസങ്ങൾക്ക് എതിരെ പ്രവർത്തിക്കുമെന്നു തോന്നിയേക്കാം, നിങ്ങൾക്ക് അതും പ്രധാനമാണല്ലോ. അങ്ങനെയെങ്കിൽ ഇതാ എന്റെ ഒരു നിർദേശം. ഒരു രക്തപ്പകർച്ച സ്വീകരിച്ച് എന്തുകൊണ്ടു നിങ്ങൾക്കു നിങ്ങളുടെ ജീവൻ രക്ഷിച്ചുകൂടാ. എന്നിട്ട് നിങ്ങൾ പാപം ചെയ്തുപോയി എന്നു ദൈവത്തോട് ഏററുപറഞ്ഞ് അനുതപിക്കുക. അതുവഴി നിങ്ങൾ നിങ്ങളുടെ മതത്തിലും പുനഃസ്ഥിതീകരിക്കപ്പെടും.”
താൻ കണ്ടെത്തിയിരിക്കുന്നതു കൃത്യമായ ഉത്തരമാണെന്നു ശുദ്ധഗതിക്കാരനായ ഡോക്ടർ വിചാരിച്ചു. കരുണാസമ്പന്നനായ ഒരു ദൈവത്തിലാണു തന്റെ രോഗി വിശ്വസിക്കുന്നതെന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. നിശ്ചയമായും, ഇത് ദൈവത്തിന്റെ കരുണയിൽനിന്നു പ്രയോജനം നേടാനുള്ള ഒരു ഉചിതമായ സന്ദർഭമാണ്! എന്നാൽ അദ്ദേഹത്തിന്റെ നിർദേശം അതു തോന്നിച്ചതുപോലെ ന്യായയുക്തമാണോ?
നാം ഇതുപോലെ എന്നെങ്കിലും ന്യായവാദം ചെയ്യുന്നുവോ?
ഡോക്ടർ ചെയ്തവിധത്തിൽ നാം ചിലപ്പോൾ ന്യായവാദം ചെയ്തേക്കാം. ഒരുപക്ഷേ സ്കൂളിലോ ജോലിസ്ഥലത്തോ എതിർപ്പിന്റെ അപ്രതീക്ഷിതമായ പൊട്ടിപുറപ്പെടലിൽ നാം ഭയപ്പെട്ടേക്കാം. അല്ലെങ്കിൽ നമ്മുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യാൻ സമ്മർദത്തിൻകീഴിലാകുന്ന ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ നാം എത്തിയേക്കാം. സംഭ്രമിച്ചുപോകുന്നതിനാൽ നാം, പിന്നീടു ക്ഷമ യാചിക്കാം എന്ന് ഉദ്ദേശിച്ചുകൊണ്ട് എളുപ്പ വഴി തേടാനും തെറെറന്നു നമുക്ക് അറിയാവുന്നതു ചെയ്യാനും ചായ്വു കാണിച്ചേക്കാം.
അല്ലെങ്കിൽ വ്യക്തികൾ തെററായ സ്വന്തം പ്രവണതകളാൽ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. ഉദാഹരണത്തിന്, ദുർമാർഗത്തിൽ ഏർപ്പെടാൻ ശക്തമായി പ്രലോഭിപ്പിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ ഒരു യുവാവ് എത്തിയേക്കാം. തെററായ ആഗ്രഹത്തിനെതിരെ പോരാടുന്നതിനു പകരം ദൈവവുമായി കാര്യങ്ങൾ പിന്നീടു ശരിപ്പെടുത്താമെന്ന് ഉദ്ദേശിച്ചുകൊണ്ട് അയാൾ വഴിപ്പെട്ടേക്കാം. തങ്ങൾ ഒരുപക്ഷേ ക്രിസ്തീയസഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം എന്ന് അറിയാമായിരുന്നിട്ടും ചിലർ ഗൗരവമായ തെററു ചെയ്യാൻ മുതിർന്നിരിക്കുന്നു. പ്രത്യക്ഷത്തിൽ അവർ ഇങ്ങനെ ന്യായവാദം ചെയ്തിരിക്കുന്നു, ‘ഞാൻ അൽപ്പ സമയം കാത്തിരിക്കും. എന്നിട്ടു ഞാൻ അനുതപിക്കും, എന്നെ പുനഃസ്ഥിതീകരിക്കുകയും ചെയ്യും.’
ഈ സാഹചര്യങ്ങൾക്കെല്ലാം രണ്ടു സംഗതികൾ പൊതുവായിട്ടുണ്ട്. ഒന്നാമതായി, വ്യക്തികൾ ശരി ചെയ്യാൻ പോരാടുന്നതിനു പകരം വശംവദരാകുന്നു. രണ്ടാമതായി, തെററു ചെയ്തതിനുശേഷം തങ്ങൾ യാചിക്കുകമാത്രം ചെയ്താൽ ദൈവം സ്വതേ ക്ഷമിക്കുമെന്ന് അവർ വിചാരിക്കുന്നു.
ശരിയായ വീക്ഷണം എന്താണ്?
ഇതു ദൈവത്തിന്റെ കരുണയോട് ഒരു ഉചിതമായ വിലമതിപ്പു പ്രകടമാക്കുന്നുണ്ടോ? കൊള്ളാം, ആ കരുണയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) അപ്പോസ്തലനായ യോഹന്നാൻ ആ കരുണ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്നു വിശദീകരിച്ചു, ഇങ്ങനെ പറഞ്ഞപ്പോൾ: “നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.” (1 യോഹന്നാൻ 2:1) അതുകൊണ്ട്, അപൂർണത നിമിത്തം നാം പാപത്തിൽ വീഴുന്നെങ്കിൽ നമുക്കു പ്രാർഥനയിൽ ദൈവത്തെ സമീപിക്കാനും യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ക്ഷമ യാചിക്കാനും കഴിയും.
എന്നിരുന്നാലും, പിന്നീടു നാം ക്ഷമ ചോദിക്കുന്നിടത്തോളംകാലം നാം പാപം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതു പ്രശ്നമേയല്ലെന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഇല്ല. ആ ഉദ്ധരണിയിലെ ആദ്യത്തെ വാക്കുകൾ ഓർക്കുക: “നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു.” ആ വാക്യത്തിൽ യോഹന്നാന്റെ തുടർന്നുവരുന്ന വാക്കുകൾ നമ്മുടെ അപൂർണതയുമായി ഇടപെടുന്നതിനുള്ള യഹോവയുടെ സ്നേഹപൂർവകമായ ക്രമീകരണത്തെ പ്രകടമാക്കുന്നു. എന്നിരുന്നാലും പാപം ചെയ്യുന്നത് ഒഴിവാക്കാൻ നാം ആവുന്നത്ര കഠിനമായി ശ്രമിക്കേണ്ടതുണ്ട്. അല്ലായെങ്കിൽ നാം ദൈവത്തിന്റെ സ്നേഹത്തോടു പരിതാപകരമായ അനാദരവായിരിക്കും പ്രകടിപ്പിക്കുക, കൂടുതൽ കൃത്യമായി യൂദാ പരാമർശിച്ചവരെപ്പോലെതന്നെ; അവർ ദൈവത്തിന്റെ അനർഹദയയെ അഴിഞ്ഞ നടത്തക്ക് ഒരു ഒഴികഴിവായി ഉപയോഗിച്ചു.—യൂദാ 4.
നാം എന്തു ചെയ്താലും നമ്മെ എല്ലായ്പോഴും താങ്ങുന്ന ഒരുതരം സുരക്ഷാവലയായി ദൈവത്തിന്റെ കരുണയെ വീക്ഷിക്കുന്നതു ദൈവത്തിന്റെ കരുണയെ നിസ്സാരീകരിക്കുകയും പാപം അത്രയ്ക്കു മോശമായ സംഗതിയല്ല എന്നു തോന്നിക്കുകയും ചെയ്യുന്നു. ഇത് അശേഷം സത്യമല്ല. അപ്പോസ്തലനായ പൗലോസ് തീത്തോസിനോടു പറഞ്ഞു: “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിർമ്മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തിൽ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു.”—തീത്തോസ് 2:11, 12, പി.ഒ.സി. ബൈ.
തന്റെതന്നെ അപൂർണതയ്ക്കെതിരെ പോരാടിയ വിധത്താൽ പൗലോസ് ദൈവത്തിന്റെ കരുണയോടുള്ള തന്റെ വിലമതിപ്പു പ്രകടമാക്കി. അദ്ദേഹം പറഞ്ഞു: “മററുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:27) കൂടെക്കൂടെ താൻ പാപത്തിന് അടിമയാകാൻ വളരെ സാധ്യതയുണ്ടെന്നുള്ളതിനെ പൗലോസ് കേവലം നിസ്സാരമായി കണ്ടില്ല. നാം അങ്ങനെ ചെയ്യണമോ?
യേശുവിന്റെ വീക്ഷണം
ഒരു സന്ദർഭത്തിൽ, കഷ്ടപ്പാട് ഒഴിവാക്കുന്നതിനു ശരിയായതിൽ വിട്ടുവീഴ്ച ചെയ്ത് ഒരു അനായാസഗതി സ്വീകരിക്കുകയെന്ന ആശയത്തെ താൻ എങ്ങനെ വീക്ഷിച്ചു എന്നു യേശു പ്രകടമാക്കി. അവിടുന്നു തന്റെ ശിഷ്യൻമാരോടു സംഭവിക്കാനിരിക്കുന്ന തന്റെ ബലിമരണത്തെക്കുറിച്ചു പറയാൻ തുടങ്ങിയപ്പോൾ പത്രോസ് അവിടുത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം പറഞ്ഞു: “അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ.” എന്തായിരുന്നു യേശുവിന്റെ പ്രതികരണം? “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു.”—മത്തായി 16:22, 23.
പത്രോസിനുള്ള യേശുവിന്റെ ശക്തമായ ശാസന, ദൈവേഷ്ടത്തിന് എതിരെയുള്ള ഗതി ഉൾക്കൊള്ളുന്ന ഒരു സുഗമമായ ജീവിതരീതി തിരഞ്ഞെടുക്കാൻ യേശു വിസമ്മതിച്ചുവെന്നു നാടകീയമായിത്തന്നെ പ്രകടമാക്കി. സാത്താന്റെ കൈകളാൽ നിരന്തരമായ ഉപദ്രവങ്ങൾക്കു വിധേയമായിക്കൊണ്ട് അവിടുന്നു പതറാതെ ശരിയായ പാത പിൻപററിയെന്നു പ്രസ്തുത രേഖ പ്രകടമാക്കുന്നു. അവസാനം അവിടുന്നു പരിഹസിക്കപ്പെട്ടു, കഠിനമായി അടികൊണ്ടു, യാതനാപൂർണമായ മരണം വരിച്ചു. എന്നിരുന്നാലും, അവിടുന്നു വിട്ടുവീഴ്ച ചെയ്തില്ല, ഇതു മുഖാന്തരം നമുക്കുവേണ്ടി തന്റെ ജീവനെ ഒരു മറുവിലയായി അർപ്പിക്കാൻ അവിടുത്തേക്കു കഴിഞ്ഞു. നിശ്ചയമായും വിഷമതകളോ പ്രലോഭനങ്ങളോ പൊന്തിവരുമ്പോൾ നമുക്കു ‘നമ്മോടുതന്നെ ദയാലു’ക്കളായിരിക്കാൻ കഴിയേണ്ടതിനല്ല ഇതെല്ലാം അവിടുന്നു സഹിച്ചത്!
യേശുവിനെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരി”ക്കുന്നു. (എബ്രായർ 1:9) അനായാസ പോംവഴി തേടുന്നതിൽ പലപ്പോഴും നിയമരാഹിത്യം ഉൾപ്പെടുന്നു. അതുകൊണ്ട്, യേശു ചെയ്തതുപോലെ നാം ഇതിനെ സത്യമായും വെറുക്കുന്നെങ്കിൽ വിട്ടുവീഴ്ച ചെയ്യാൻ നാം എല്ലായ്പോഴും വിസമ്മതിക്കും. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ യഹോവ പറയുന്നു: “എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) യേശുവിന്റെ സമനിലയുള്ളതും എന്നാൽ വിട്ടുവീഴ്ചയില്ലാത്തതും ആയ നീതി യഹോവയുടെ ഹൃദയത്തിനു വലിയ സന്തോഷം കൈവരുത്തി. യേശുവിന്റെ നിർമലമായ ഗതി നാം പിൻപററുന്നെങ്കിൽ യഹോവക്കു സമാനമായ സുഖം നമുക്കും കൊടുക്കാനാവും.—1 പത്രോസ് 2:23.
സഹിഷ്ണുതയാൽ പരിശീലിപ്പിക്കപ്പെടുന്നു
അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാൺമാൻ അങ്ങനെ ഇടവരും.” (1 പത്രൊസ് 1:6, 7) നാം അപൂർണരും സാത്താന്റെ ലോകത്തിൻമധ്യേ ജീവിക്കുന്നവരും ആയതുകൊണ്ടു പരീക്ഷകളെയും പ്രലോഭനങ്ങളെയും നാം നിരന്തരം അഭിമുഖീകരിക്കും. പത്രോസ് പ്രകടമാക്കുന്നതുപോലെ ഇവയ്ക്കു നല്ലൊരു ഉദ്ദേശ്യം നിറവേററാനാകും. അവ നമ്മുടെ വിശ്വാസത്തെ പരിശോധിക്കുകയും അതു ദുർബലമോ ബലിഷ്ഠമോ എന്നു പ്രകടമാക്കുകയും ചെയ്യുന്നു.
അവ നമ്മെ പരിശീലിപ്പിക്കാനും ഉതകുന്നു. യേശു “അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു.” (എബ്രായർ 5:8) നാം പരീക്ഷയിൽ സഹിച്ചുനിൽക്കുന്നെങ്കിൽ നമുക്കും അനുസരണവും യഹോവയിലുള്ള ആശ്രയവും പഠിക്കാനാകും. പത്രോസ് പറഞ്ഞതുപോലെ ഈ പഠനപ്രക്രിയ പൂർണമാകുന്നതുവരെ തുടരും: “ദൈവംതന്നെ . . . നിങ്ങളുടെ പരിശീലനം അവസാനിപ്പിക്കും, അവിടുന്നു നിങ്ങളെ ഉറപ്പുള്ളവരാക്കും, അവിടുന്നു നിങ്ങളെ ശക്തരാക്കും.”—1 പത്രോസ് 5:10, NW.
എന്നുവരികിലും പരീക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ നാം ഭീരുക്കളോ ബലഹീനരോ ആണെന്നു പ്രകടമാക്കുന്നു, യഹോവയോടും നീതിയോടുമുള്ള ഒരു ശക്തമായ സ്നേഹവും അല്ലെങ്കിൽ ആത്മനിയന്ത്രണവും ഇല്ലാതെതന്നെ. അത്തരം ഏതു ദൗർബല്യവും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ അതിയായി അപകടപ്പെടുത്തുന്നു. തീർച്ചയായും പൗലോസിന്റെ മുന്നറിയിപ്പു നമ്മുടെ കാര്യത്തിൽ സത്യമായി ഭവിച്ചേക്കാം: “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷി”ക്കുന്നില്ല. (എബ്രായർ 10:26) ആദ്യമേതന്നെ പാപം ചെയ്യാതിരിക്കുന്നത് ബലഹീനതയ്ക്കു വഴങ്ങി ജീവന്റെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്നതിന്റെ അപകടസാധ്യത വരുത്തിവെക്കുന്നതിനെക്കാൾ എത്രയോ നല്ലതാണ്!
നിരുപാധികമായ നിർമലത
ദാനിയേൽ പ്രവാചകന്റെ നാളുകളിൽ എബ്രായരായ മൂന്നു പേരെ, അവർ ഒരു വിഗ്രഹത്തെ ആരാധിക്കുന്നില്ലെങ്കിൽ തീയിലിട്ടു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. അവരുടെ മറുപടി എന്തായിരുന്നു? “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവൻമാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും.”—ദാനീയേൽ 3:17, 18.
ശരിയായതു ചെയ്യാൻ ആഗ്രഹിച്ചതുകൊണ്ടായിരുന്നു അവർ ആ നിലപാട് എടുത്തത്. അത് തങ്ങളുടെ മരണത്തിൽ കലാശിക്കുമെങ്കിൽ അങ്ങനെതന്നെ സംഭവിച്ചുകൊള്ളട്ടെ. അവരുടെ ഉറപ്പ് പുനരുത്ഥാനത്തിൽ ആയിരുന്നു. എന്നിരുന്നാലും, ദൈവം അവരെ വിടുവിച്ചാൽ അതു കൂടുതൽ അഭികാമ്യം. എന്നാൽ അവരുടെ ഉറച്ച നിലപാടു നിരുപാധികമായിരുന്നു. ദൈവത്തിന്റെ ദാസൻമാരെ സംബന്ധിച്ച് എല്ലായ്പോഴും അങ്ങനെതന്നെ ആയിരിക്കണം.
നമ്മുടെ നാളിൽ വിട്ടുവീഴ്ചക്കു വിസമ്മതിച്ച ചിലരെ തടവിലാക്കുകയും പീഡിപ്പിക്കുകയും മാത്രമല്ല കൊല്ലുക പോലും ചെയ്തിട്ടുണ്ട്. മററുചിലർ ശരിയായ തത്ത്വങ്ങൾ ബലികഴിച്ചുകൊണ്ടു സമ്പന്നരാകുന്നതിനു പകരം ദരിദ്രരായിത്തന്നെ തുടരാൻ കൂടുതലിഷ്ടപ്പെട്ടുകൊണ്ടു ഭൗതിക ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. ഈ ലേഖനത്തിന്റെ ആരംഭത്തിൽ പറഞ്ഞ ക്രിസ്തീയ സ്ത്രീക്ക് എന്തു സംഭവിച്ചു? ഡോക്ടറുടെ, വഴിതെററിക്കപ്പെട്ടതെങ്കിലും ദയാപുരസ്സരമായ ആന്തരത്തെ അവർ വിലമതിച്ചു, എന്നാൽ അവർ തന്റെ വിശ്വാസം വിട്ടുവീഴ്ച ചെയ്തില്ല. അതിനു പകരം യഹോവയുടെ നിയമത്തോടുള്ള അവരുടെ ആദരവു ശസ്ത്രക്രിയ വേണ്ടന്നുവെക്കാൻ അവരെ പ്രേരിപ്പിച്ചു. ഏതായാലും, സന്തോഷകരമെന്നു പറയട്ടെ, അവരുടെ അസുഖം മാറി, അവർ യഹോവയെ സജീവമായി തുടർന്നു സേവിച്ചു. എങ്കിലും, അവർ തന്റെ നിലപാട് എടുത്തപ്പോൾ അതിന്റെ പരിസമാപ്തി എന്തായിരിക്കും എന്നതിനെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ലായിരുന്നു, പക്ഷേ മുഴുസംഗതിയും യഹോവയുടെ കരങ്ങളിലർപ്പിക്കാൻ അവർ തയ്യാറായിരുന്നു.
സമ്മർദത്തിൻകീഴിൽ അത്രമാത്രം ഉറച്ചുനിൽക്കാൻ അവരെ സഹായിച്ചത് എന്തായിരുന്നു? തന്റെ സ്വന്തം ശക്തിയിൽ ആശ്രയിക്കാൻ അവർ ശ്രമിച്ചില്ല, ദൈവത്തിന്റെ ഒരു ദാസനും അങ്ങനെ ചെയ്യരുത്. ഓർക്കുക, “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീർത്തനം 46:1) തെററു ചെയ്ത് പിന്നീടു കരുണക്കുവേണ്ടി ദൈവത്തിലേക്കു തിരിയേണ്ടിവരുന്നതിനു പകരം പരിശോധനയിൻകീഴിലായിരിക്കെ സഹായത്തിനുവേണ്ടി ദൈവത്തിലേക്കു തിരിയുന്നത് എത്രയോ നല്ലത്!
അതേ, ദൈവത്തിന്റെ മഹത്തായ കരുണയെ നമുക്ക് ഒരിക്കലും ലഘുവായി കാണാതിരിക്കാം. നേരെമറിച്ച്, പ്രയാസങ്ങളിൽപ്പോലും ശരിയായതു ചെയ്യാനുള്ള ഒരു ആത്മാർഥമായ ആഗ്രഹം നമുക്കു വികസിപ്പിച്ചെടുക്കാം. ഇതു യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ആഴമുള്ളതാക്കുകയും നിത്യജീവൻ ലഭിക്കാൻ ആവശ്യമായ പരിശീലനം നമുക്കു നൽകുകയും ദൈവത്തിന്റെ കരുണയോട് ഒരു ഉചിതമായ ആദരവു പ്രകടമാക്കുകയും ചെയ്യും. അത്തരം ജ്ഞാനപൂർവകമായ നടത്ത നമ്മുടെ സ്വർഗീയ പിതാവിന്റെ ഹൃദയത്തിനു സന്തോഷം കൈവരുത്തും.
[24-ാം പേജിലെ ചിത്രം]
പുനരുത്ഥാനത്തിലുള്ള പൂർണവിശ്വാസം എബ്രായരായ മൂന്നു പേരെ നിർമലത കാത്തുകൊള്ളാൻ സഹായിച്ചു