കാത്തിരിക്കാൻ പഠിക്കുകയെന്ന പ്രശ്നം
മനുഷ്യരായ നാം സ്വീകരിക്കേണ്ട ഏററവും കഠിനമായ പാഠങ്ങളിൽ ഒന്ന് ഒരുപക്ഷേ, നാം ആഗ്രഹിക്കുന്ന കാര്യങ്ങൾക്കുവേണ്ടി കാത്തിരിക്കാൻ പഠിക്കുക എന്നതാണ്. കൊച്ചു കുട്ടികൾ പ്രകൃത്യാ അക്ഷമരാണ്. കണ്ണിൽക്കാണുന്ന എന്തും അവർക്കു വേണം, അതിപ്പോൾത്തന്നെ വേണംതാനും! എന്നാൽ നിങ്ങൾക്ക് അനുഭവത്തിൽനിന്ന് അറിയാവുന്നതുപോലെ, ആവശ്യപ്പെടുന്ന എന്തും ലഭ്യമല്ല എന്നതു ജീവിതയാഥാർഥ്യമാണ്. ന്യായമായ ആഗ്രഹങ്ങളുടെ കാര്യത്തിൽപ്പോലും അവയെ തൃപ്തിപ്പെടുത്തുന്നതിനു തക്കതായ ഒരു സമയത്തിനുവേണ്ടി നാം കാത്തിരിക്കേണ്ടതുണ്ട്. അനേകർ ഈ പാഠം പഠിക്കുന്നു; മററു ചിലർ ഒരിക്കലും പഠിക്കുന്നില്ല.
ദിവ്യാംഗീകാരം നേടാനാഗ്രഹിക്കുന്ന ആളുകൾക്ക് കാത്തിരിക്കാൻ പഠിക്കേണ്ടതിന്റെ പ്രത്യേക ആവശ്യമുണ്ട്. ക്രിസ്തീയ കാലത്തിനു മുമ്പത്തെ ഒരു യഹോവയുടെ ദാസനായിരുന്ന യിരെമ്യാവ് ഇത് ഊന്നിപ്പറഞ്ഞു: “യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.” പിന്നീട്, ക്രിസ്തീയ ശിഷ്യനായിരുന്ന യാക്കോബ് പറഞ്ഞു: “എന്നാൽ സഹോദരൻമാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ.”—വിലാപങ്ങൾ 3:26; യാക്കോബ് 5:7.
യഹോവക്കു ദിവ്യോദ്ദേശ്യങ്ങൾ പൂർത്തീകരിക്കാൻ സ്വന്തം സമയപ്പട്ടികയുണ്ട്. ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അവിടുത്തെ തക്കസമയമാകുന്നതുവരെ കാത്തിരിക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ നാം അസംതൃപ്തരും അസന്തുഷ്ടരും ആയിത്തീരും, അത് ആനന്ദം കെടുത്തിക്കളയും. നെഹെമ്യാവ് തന്റെ ദേശക്കാരോടു “കർത്താവിലെ ആനന്ദമാണു നിങ്ങളുടെ ബലം” എന്നു പറഞ്ഞതുപോലെ, ആനന്ദമില്ലാത്ത ഒരു യഹോവയുടെ ദാസൻ ആത്മീയമായി ദുർബലനായിത്തീരും.—നെഹെമ്യാവ് 8:10, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
കാത്തിരിക്കാൻ പഠിക്കുന്നതിലെ ജ്ഞാനം
ഏകാകികൾ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നതും മക്കളില്ലാത്ത ദമ്പതികൾ ഒരു കുടുംബം വളർത്താൻ ഇഷ്ടപ്പെടുന്നതും സ്വാഭാവിക ആഗ്രഹങ്ങളാണ്. കൂടാതെ, ഉചിതമായ ഭൗതിക ആവശ്യങ്ങളെയോ ആഗ്രഹങ്ങളെയോ തൃപ്തിപ്പെടുത്തുന്നതിനു ലക്ഷ്യമിടുന്നതിലൊട്ടു തെററുമില്ല. എന്നിരുന്നാലും, ഈ വ്യവസ്ഥിതിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നെന്നും ആഗതമാകുന്ന പുതിയ വ്യവസ്ഥിതിയിൽ ദൈവം ‘കൈതുറന്നു കൊടുക്കുകയും എല്ലാവരും സംതൃപ്തരാകുകയും’ ചെയ്യുമെന്നു വിശ്വസിക്കുന്നതിനാൽ അനേകം ക്രിസ്ത്യാനികൾ ഈ ആഗ്രഹങ്ങൾ ഏറെ ഉചിതമായൊരു സമയത്തു നിവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നു.—സങ്കീർത്തനം 145:16.
എന്നാൽ, ഈ അടിയുറച്ച പ്രത്യാശ ഇല്ലാത്ത ആളുകൾ ഈ നീട്ടിവയ്പിന് ഒട്ടുംതന്നെ കാരണം കാണുന്നില്ല. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” വരുന്ന യഹോവയിൽ വിശ്വാസമില്ലാത്ത അവർ, എന്നെങ്കിലും വന്നെത്തുമോയെന്നു തങ്ങൾ സംശയിക്കുന്നൊരു ഭാവിയിലേക്കു കാര്യങ്ങൾ നീട്ടിവെക്കുന്നതിന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യുന്നു. “നമുക്കു തിന്നാം, കുടിക്കാം; നാളെ നാം മരിക്കുമല്ലോ” എന്ന പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ജീവിക്കുന്നത്.—യാക്കോബ് 1:17; 1 കോറിന്തോസ് 15:32, ഓശാന ബൈ.; യെശയ്യാവു 22:13.
വികസിത രാജ്യങ്ങളിൽ, സത്വര ആഗ്രഹനിവൃത്തിയോടുള്ള വളരുന്ന അഭിനിവേശം പരസ്യക്കമ്പനികൾ മുതലെടുക്കുന്നു. ആളുകൾ സ്വന്തസുഖങ്ങളെ താലോലിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആധുനിക സൗകര്യങ്ങളും സുഖങ്ങളും തീർത്തും അവശ്യകാര്യങ്ങളാണെന്നു കച്ചവടലോകം നമ്മെ വിശ്വസിപ്പിക്കുന്നു. വിശേഷിച്ച് കടംകൊടുക്കൽ, ഇൻസ്ററാൾമെൻറ് പദ്ധതികൾ, “സാധനം രൊക്കം—പണം പിന്നെ” എന്നിങ്ങനെയുള്ള വ്യവസ്ഥകൾ അതെല്ലാം നേടാനും ഇപ്പോൾത്തന്നെ നേടാനും ഇടയാക്കുമ്പോൾ, ഇതില്ലാതെ കഴിയുന്നതെന്തിന് എന്ന് അവർ വാദിക്കുന്നു. കൂടാതെ, ‘നിങ്ങൾ ഏററവും നല്ലത് അർഹിക്കുന്നു; നിങ്ങളോടുതന്നെ കനിവു കാട്ടുക! ഓർമിക്കുക, വാങ്ങുന്നെങ്കിൽ ഇന്നുതന്നെ, ഇനിയൊരവസരം ലഭിച്ചെന്നുവരില്ല!’ എന്നിങ്ങനെ പോകുന്നു സാധാരണ മുദ്രാവാക്യങ്ങൾ.
അതേസമയം, വികസ്വര രാജ്യങ്ങളിൽ കോടിക്കണക്കിനാളുകൾ കേവലം അത്യാവശ്യ വസ്തുക്കൾകൊണ്ടോ അതുപോലുമില്ലാതെയോ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു. മമനുഷ്യന്റെ രാഷ്ട്രീയവും സാമ്പത്തികവും ആയ പദ്ധതികളുടെ അപൂർണതയും അനീതിയും വരച്ചുകാട്ടാൻ ഇതിൽക്കൂടുതലെന്തു വേണം?
കാത്തിരിക്കാൻ മനസ്സില്ലാത്തവർ—അല്ലെങ്കിൽ കുറഞ്ഞപക്ഷം അങ്ങനെ ചെയ്യുന്നതിനു യാതൊരു കാരണവും കാണാത്തവർ—മോഹങ്ങളെ അപ്പപ്പോൾ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള വ്യഗ്രതയിൽ കടത്തിലാണ്ടു പോയിരിക്കുന്നതിൽനിന്ന് കാത്തിരിക്കാൻ പഠിക്കുന്നതിലെ ജ്ഞാനം കാണാവുന്നതാണ്. രോഗമോ തൊഴിൽനഷ്ടമോ പോലുള്ള അവിചാരിത സാഹചര്യങ്ങൾ വന്നുപെട്ടാൽ വിനാശമായിരിക്കാം ഫലം. ജർമനിയിൽ 10 ലക്ഷം പേർ ഭവനരഹിതരായിരിക്കുന്നത് എന്തുകൊണ്ടെന്നു ജർമൻ വർത്തമാനപ്പത്രമായ ഫ്രാങ്ക്ഫുർട്ടർ ആൾജിമൈൻ സൈട്ടുങ് വിശദീകരിക്കുന്നു: “സാധാരണമായി, ഭവനരാഹിത്യത്തിനു മുന്നോടി മിക്കപ്പോഴും തൊഴിൽ നഷ്ടമോ അമിത കടബാധ്യതയോ ആണ്.”
തങ്ങളുടെ ബില്ലുകൾ അടച്ചുതീർക്കാൻ കഴിയാതെ നിർഭാഗ്യരായ അനേകം വ്യക്തികൾ വീടിന്റെയും വസ്തുക്കളുടെയും ദാരുണമായ നഷ്ടം അനുഭവിക്കേണ്ടിവരുന്നു. ഒട്ടുമിക്കപ്പോഴും, വർധിച്ച ഞെരുക്കം കുടുംബത്തിൽ സംഘർഷം ഉളവാക്കുന്നു. ഉലയുന്ന വിവാഹങ്ങൾ തകരുന്നു. നാളുകൾ നീണ്ട വിഷാദവും മററ് ആരോഗ്യപ്രശ്നങ്ങളും സാധാരണമാകുന്നു. ക്രിസ്ത്യാനികളുടെ കാര്യത്തിൽ ആത്മീയത പരിതാപകരമാകുകയും ക്രമത്തിൽ അതു തെററായ ചിന്ത, അനുചിതമായ നടത്ത എന്നിവയിലേക്കു നയിക്കുകയും ചെയ്തേക്കാം. ബുദ്ധിശൂന്യമായി സകലതും ആഗ്രഹിച്ചുകൊണ്ടു തുടക്കം കുറിച്ച ആളുകൾ മിക്കവാറും ഒന്നുംതന്നെ ഇല്ലാത്ത അവസ്ഥയിൽ ചെന്നടിയുന്നു.
അനേകർക്ക് ഒരു പുതിയ വെല്ലുവിളി
നാം ജാഗ്രത പാലിച്ചില്ലെങ്കിൽ “ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മററുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർ”ക്കും എന്നു യേശു വളരെ വ്യക്തമാക്കി. (മർക്കൊസ് 4:19) യേശു പരാമർശിച്ച സാമ്പത്തികമായതുൾപ്പെടെയുള്ള ഉത്കണ്ഠകളെ യാതൊരു രാഷ്ട്രീയ വ്യവസ്ഥിതിയും വിജയകരമായി തുടച്ചുനീക്കിയിട്ടില്ല.
കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്ന കമ്മ്യൂണിസം സർക്കാർ-നിയന്ത്രിത സമ്പദ്ഘടനയിലൂടെ കാര്യങ്ങളെ സമീകരിക്കാൻ ശ്രമിച്ചു. സ്വതന്ത്രമായ വാണിജ്യവ്യവസായ വ്യവസ്ഥക്കു വിപരീതമായി മുൻ വ്യവസ്ഥിതി ആ രാജ്യങ്ങളിലെ വ്യക്തികൾക്ക് ഒരു നിശ്ചിത സാമ്പത്തിക ഭദ്രത നൽകിയിരുന്നു, എന്നാൽ അതു നൽകുന്നതിൽ മുതലാളിത്ത വ്യവസ്ഥിതികൾ (capitalism) മിക്കപ്പോഴും പരാജയപ്പെടുന്നു. എന്നിരുന്നാലും, യേശു പ്രതിപാദിച്ച ഉത്കണ്ഠകൾ ഉപഭോഗവസ്തുക്കളുടെ ക്ഷാമം, വ്യക്തിസ്വാതന്ത്ര്യത്തിന്റെ വെട്ടിക്കുറക്കൽ എന്നിവയുടെ രൂപത്തിൽ സ്ഥിതിചെയ്തിരുന്നു.
ഇപ്പോൾ ആ രാജ്യങ്ങളിലധികവും സ്വതന്ത്രവിപണന സമ്പ്രദായം ആരംഭിച്ചുകൊണ്ട് അവിടത്തെ പൗരൻമാർക്ക് ഒരു പുതിയ വെല്ലുവിളി ഉയർത്തുകയാണ്. അടുത്ത കാലത്തെ ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നിഷ്കപടത്വം, പാശ്ചാത്യ ഉപഭോക്തൃ നിലവാരത്തിൽ പെട്ടെന്നെത്താനുള്ള ആഗ്രഹവുമായി ഏകീഭവിപ്പിക്കപ്പെട്ടിരിക്കുന്നു.” ഇതു പ്രാപിക്കുന്നതിനു “കിഴക്കൻ ജർമനിയിലെ പുതിയ ലെൻണ്ടെറിലുള്ള വർധിച്ചുവരുന്ന ഒരു ജനസമൂഹം കടപ്പാടെന്ന നീർച്ചുഴിയിലേക്ക് വലിച്ചെടുക്കപ്പെടുകയാണ്.” റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ പുതിയ സാമ്പത്തിക സ്വാതന്ത്ര്യങ്ങളെക്കുറിച്ചുള്ള തുടക്കത്തിലെ സുഖക്ഷേമാനുഭൂതിക്കുശേഷം ഇപ്പോൾ ഭീതിയും നിരാശയും വ്യാപിക്കുകയാണ്.” ഉത്കണ്ഠകൾ ഇപ്പോഴും അവശേഷിക്കുന്നു, എന്നാൽ അവ മുതലാളിത്ത വ്യവസ്ഥിതിയുടെ പരിവേഷമണിഞ്ഞിരിക്കുന്നുവെന്നുമാത്രം.
വർധിച്ച തോതിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യം സാമ്പത്തിക പുരോഗതിക്കുള്ള പുതിയ മാർഗങ്ങൾ തുറന്നിരിക്കുന്നു. അതുകൊണ്ട്, സ്വന്തം ബിസിനസ് തുടങ്ങാനോ മെച്ചപ്പെട്ട തൊഴിൽ സാധ്യതകളുള്ള മറെറാരു രാജ്യത്തേക്കു മാറിത്താമസിക്കാനോ ഉള്ള ആശയം സഗൗരവം പരിഗണിക്കാൻ അനവധി പേർ പ്രലോഭിപ്പിക്കപ്പെട്ടേക്കാം.
ഇമ്മാതിരിയുള്ള തീരുമാനങ്ങൾ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു ക്രിസ്ത്യാനി തന്റെ സാമ്പത്തിക ചുററുപാടുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതു തെററല്ല. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനാ”കും എന്നറിയാവുന്നതുകൊണ്ടു തന്റെ കുടുംബത്തിനുവേണ്ടി കരുതാനുള്ള ഒരാഗ്രഹമായിരിക്കാം അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നത്.—1 തിമൊഥെയൊസ് 5:8.
അതുകൊണ്ട്, മററുള്ളവർ എടുക്കുന്ന തീരുമാനത്തെ വിമർശിക്കുന്നത് ഉചിതമല്ല. അതേസമയംതന്നെ, തങ്ങൾക്കു കെണിയായേക്കാവുന്ന അമിതമായ കടബാധ്യത വരുത്തിക്കൂട്ടി സാമ്പത്തിക മോചനം തേടുന്നതു മൗഢ്യമാണെന്നു ക്രിസ്ത്യാനികൾ ഓർക്കേണ്ടതുണ്ട്. അതുപോലെതന്നെ, ആത്മീയ കടപ്പാടുകളും താത്പര്യങ്ങളും അവഗണിച്ചുകൊണ്ടു സാമ്പത്തിക മോചനം തേടുന്നതും തെററായിരിക്കും.
മററുള്ളവരിൽനിന്നു പഠിക്കൽ
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുള്ള വർഷങ്ങളിൽ, യുദ്ധം പിച്ചിച്ചീന്തിയ യൂറോപ്പിൽനിന്ന് ആയിരക്കണക്കിനു ജർമൻകാർ മററു രാജ്യങ്ങളിലേക്ക്, വിശേഷിച്ച് ആസ്ട്രേലിയയിലേക്കും കാനഡയിലേക്കും കുടിയേറി. അങ്ങനെ അനേകർക്കു തങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞു, എന്നാൽ യേശു പറഞ്ഞ സാമ്പത്തിക ഉത്കണ്ഠകളിൽനിന്നു പൂർണമായും രക്ഷപ്പെടാൻ അവർക്കാർക്കും കഴിഞ്ഞില്ല. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതു ചിലപ്പോൾ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു—ഗൃഹാതുരത്വം (homesickness), ഒരു പുതിയ ഭാഷ, പുതിയ ഭക്ഷണരീതിയോടു പരിചയിക്കാനുള്ള ബുദ്ധിമുട്ട്, വ്യത്യസ്ത നാട്ടാചാരങ്ങൾ, പുതിയ സുഹൃത്തുക്കളോട് ഇണങ്ങിച്ചേരാനുള്ള പ്രയാസം, വ്യത്യസ്ത മനോഭാവങ്ങളോടു പൊരുത്തപ്പെടൽ എന്നിവതന്നെ.
ഈ കുടിയേറിയവരിൽ ചിലർ യഹോവയുടെ സാക്ഷികളായിരുന്നു. പ്രശംസാർഹമായി, കുടിയേറിപ്പാർക്കലിന്റേതായ പ്രശ്നങ്ങൾ തങ്ങളുടെ ആത്മീയതയെ ഞെരുക്കിക്കളയാൻ അവരിലനേകരും അനുവദിച്ചില്ല. എന്നാൽ അനുവദിച്ചവരും ഉണ്ടായിരുന്നു. ചിലർ സമ്പത്തിന്റെ വഞ്ചനാശക്തിക്ക് ഇരയായിത്തീർന്നു. അവർ തങ്ങളുടെ സാമ്പത്തിക ക്ഷേമത്തോടൊപ്പം ദിവ്യാധിപത്യ പുരോഗതി നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
മൗഢ്യമായേക്കാവുന്ന തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പു നമ്മുടെ സാഹചര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലെ ജ്ഞാനത്തെ ഇതു തീർച്ചയായും ചിത്രീകരിക്കുന്നു. ഭൗതികത്വ പ്രവണതകൾ, ക്രിസ്ത്യാനികൾക്കു നിയമിക്കപ്പെട്ടിരിക്കുന്നതും ഒരിക്കലും ആവർത്തിക്കുകയില്ലാത്തതുമായ ശിഷ്യരാക്കൽ വേലയിൽ നമ്മെ മാന്ദ്യമുള്ളവരാക്കും. സാമ്പത്തിക ഉത്കണ്ഠകൾ ഇല്ലാത്ത പൗരൻമാരുള്ള ഒരു രാജ്യവും ഇല്ലാത്തതിനാൽ, നാം എവിടെ ജീവിച്ചാലും ഇതു സത്യമാണ്.
നല്ല പോർ പൊരുതൽ
പൗലോസ് തിമോഥെയോസിനോട്: “നീയോ . . . നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത, എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു” എന്നു ബുദ്ധ്യുപദേശിച്ചു. അദ്ദേഹം കൊരിന്ത്യ ക്രിസ്ത്യാനികളോട് “ഉറപ്പുള്ളവരും കുലുങ്ങാത്തവരും . . . കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ” എന്നു പറഞ്ഞു.—1 തിമൊഥെയൊസ് 6:11, 12; 1 കൊരിന്ത്യർ 15:58.
ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നതു ഭൗതികത്വത്തോടു വിജയകരമായി പോരാടുന്നതിനുള്ള ഏററവും നല്ല മാർഗമാണ്. തന്നെയുമല്ല, ഒരു ക്രിസ്ത്യാനിക്കു ചെയ്യാൻ തീർച്ചയായും ധാരാളം വേലയുണ്ടുതാനും! രാജ്യപ്രസംഗകർ അധികമില്ലാത്ത ചില രാജ്യങ്ങളിൽ വലിയ ജനസമൂഹങ്ങൾക്കു സത്യം വളരെ ചുരുങ്ങിയ തോതിലേ ലഭ്യമായിരുന്നിട്ടുള്ളു. യേശു “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം” എന്നു കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 9:37.
ഈ രാജ്യങ്ങളിലുള്ള സാമ്പത്തിക ഉത്കണ്ഠകളെ തങ്ങളുടെ ആത്മീയ വേലയിൽനിന്നു ശ്രദ്ധ പതറിക്കാൻ യഹോവയുടെ സാക്ഷികൾ അനുവദിക്കുന്നില്ല, മറിച്ച് അപ്പപ്പോഴുള്ള അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് അവർ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇടയ്ക്കിടെ തൊഴിലില്ലാതെ വരുമ്പോൾ അവരിലനേകരും തങ്ങളുടെ പ്രസംഗപ്രവർത്തനത്തെ വികസിപ്പിക്കുന്നു. അവരുടെ സേവനം യഹോവക്കുള്ള തങ്ങളുടെ സ്തുതിഘോഷം ഉയർത്തുന്നതു കൂടാതെ, തങ്ങളുടെതന്നെ സാമ്പത്തിക പ്രശ്നങ്ങളെ തരണം ചെയ്യാനാവശ്യമായ സന്തോഷം അവർക്കു നൽകുകയും ചെയ്യുന്നു.
ഈ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിനു മുൻഗണന നൽകിക്കൊണ്ടു സാമ്പത്തിക പരാധീനതകളെ രണ്ടാം സ്ഥാനത്തേക്കു മാററിനിർത്തുന്നു. ഇതു തങ്ങളെ പരിപാലിക്കാൻ അവർ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നുവെന്നു ലോകവ്യാപക സഹോദരവർഗത്തിനു പ്രകടമാക്കിക്കൊടുക്കുന്നു. അവിടുത്തെ വാഗ്ദാനം “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്നാണ്.—മത്തായി 6:33.
സത്യാരാധന 1919-ൽ പുനഃസ്ഥിതീകരിച്ചതിനുശേഷം തന്റെ ജനം ഇടറാൻ യഹോവ അനുവദിച്ചിട്ടില്ല. അവിടുന്ന് അവരെ കഠിനമായ പീഡനങ്ങളിലൂടെയും ചില സ്ഥലങ്ങളിൽ പതിററാണ്ടുകളായി നടത്തിയ ഒളിവു പ്രവർത്തനത്തിലൂടെയും കാത്തുസംരക്ഷിച്ചിരിക്കുന്നു. പീഡനത്താൽ നേടാൻ കഴിയാഞ്ഞതു പിശാച് കൗശലമേറിയ ഭൗതികത്വക്കെണിയിലൂടെ നേടുകയില്ലെന്നു യഹോവയുടെ സാക്ഷികൾ നിശ്ചയിച്ചുറച്ചിരിക്കുകയാണ്!
എല്ലാപ്രകാരത്തിലും കാത്തിരിക്കാൻ പഠിക്കൽ
വിശാലമായ രാജ്യഹാളുകളും വിലയേറിയ ഉച്ചഭാഷിണികളും സമ്മേളന ഹാളുകളും ആകർഷകമായ ബെഥേൽ ഭവനങ്ങളും യഹോവക്കു മഹത്ത്വം കൈവരുത്തുകയും അവിടുന്നു തന്റെ ജനത്തെ അനുഗ്രഹിക്കുന്നതിന്റെ നിശബ്ദ സാക്ഷ്യം നൽകുകയും ചെയ്യുന്നു. വേല വളരെക്കാലം നിരോധിച്ചിരുന്ന രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ തങ്ങൾ ഇക്കാര്യത്തിൽ വളരെ മുന്നേറേണ്ടിയിരിക്കുന്നു എന്നു വിചാരിച്ചേക്കാം. എന്നാൽ പരമപ്രധാനമായിരിക്കുന്ന സംഗതി അവർ ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഭൗതിക വിധത്തിലുള്ള ദൈവാനുഗ്രഹത്തിന്റെ ബാഹ്യസൂചനകൾ പിന്നാലെ തക്കസമയത്ത് വന്നുചേർന്നുകൊള്ളും.
യഹോവയുടെ സമർപ്പിത ദാസൻമാർ ജാഗ്രത പാലിക്കേണ്ടതുണ്ട്. അല്ലാഞ്ഞാൽ, വ്യക്തിപരമായ താത്പര്യങ്ങളുടെ അനുധാവനത്തിന്റെ കാര്യത്തിൽ, തങ്ങൾ ചില ഭൗതിക വസ്തുക്കളില്ലാതെ വളരെക്കാലം കഴിച്ചുകൂട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ചിന്തിക്കാൻ തുടങ്ങിയേക്കാം. സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളിൽനിന്നു മോചനം കാംക്ഷിക്കുന്നതു മനസ്സിലാക്കാവുന്നതാണ്, എന്നാൽ എല്ലാ ദൈവദാസൻമാരും മോചനത്തിനുവേണ്ടി കാംക്ഷിക്കുകയാണെന്ന കാര്യം യഹോവയുടെ ജനം മറന്നുകളയുന്നില്ല. അന്ധർ വീണ്ടും കാണാൻ കാംക്ഷിക്കുന്നു, മാറാരോഗം ബാധിച്ചവർ ആരോഗ്യം വീണ്ടുകിട്ടാൻ കാംക്ഷിക്കുന്നു, വിഷാദരായവർ ശോഭനമായ ഭാവിക്കുവേണ്ടി കാംക്ഷിക്കുന്നു, വിരഹദുഃഖമനുഭവിക്കുന്നവർ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ കാംക്ഷിക്കുന്നു.
സാഹചര്യങ്ങൾ നിമിത്തം, തന്റെ പ്രശ്നങ്ങൾ പരിഹരിച്ചുകിട്ടാൻ ഓരോ ക്രിസ്ത്യാനിയും യഹോവയുടെ പുതിയ ലോകത്തിനായി കാത്തിരിക്കാൻ ഏതെങ്കിലും പ്രകാരത്തിൽ നിർബന്ധിതനായിരിക്കയാണ്. ഇത്, ‘ഉൺമാനും ഉടുക്കാനും എനിക്കുണ്ടെങ്കിൽ ഇവകൊണ്ടു ഞാൻ സംതൃപ്തനാകുകയും സാമ്പത്തിക പ്രശ്നങ്ങളിൽനിന്നുള്ള മോചനത്തിനു ഞാൻ കാത്തിരിക്കാൻ മനസ്സുള്ളവനായിരിക്കുകയും ചെയ്യേണ്ടതല്ലേ?’ എന്നു നാം ഓരോരുത്തരും സ്വയം ചോദിക്കാൻ ഇടയാക്കേണ്ടതാണ്.—1 തിമൊഥെയൊസ് 6:8.
കാത്തിരിക്കാൻ മനസ്സുള്ളവരാണെങ്കിൽ, തങ്ങളുടെ ന്യായമായ എല്ലാ അഭിലാഷങ്ങളും ആവശ്യങ്ങളും തൃപ്തിപ്പെടുത്തപ്പെടുമെന്നു യഹോവയിൽ പൂർണമായി ആശ്രയിക്കുന്നവർക്ക് ഉറപ്പാക്കാവുന്നതാണ്. കാത്തിരുന്നത് ആർക്കും വെറുതെയാവില്ല. ഞങ്ങൾ പൗലോസിന്റെ വാക്കുകൾ ആവർത്തിക്കുന്നു: “ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരിന്ത്യർ 15:58.
അതുകൊണ്ട്, കാത്തിരിക്കാൻ പഠിക്കുന്നതു യഥാർഥത്തിൽ അത്ര വലിയ ഒരു പ്രശ്നമായിരിക്കണമോ?
[10-ാം പേജിലെ ചിത്രം]
കാത്തിരിക്കാൻ പഠിക്കുന്നതു നിങ്ങളുടെ ജീവനെ രക്ഷിച്ചേക്കാം