ദൈവത്തിന്റെ പ്രതികാര ദിവസം
മുൻ ലേഖനത്തിൽ നാം കണ്ടതുപോലെ നാം പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നത് തെററായിരിക്കുന്നതിന് പല കാരണങ്ങളുണ്ട്. അന്തിമമായി അത് യാതൊന്നും പരിഹരിക്കുന്നില്ലാത്തതിനാൽ അത് തെററാണ്. സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുന്നതിനു പകരം ശത്രുത അരക്കിട്ടുറപ്പിക്കുന്നതിനാൽ അത് തെററാണ്. കൂടാതെ പ്രതികാര വാഞ്ഛ വച്ചുകൊണ്ടിരിക്കുന്നവർക്ക് അത് വ്യക്തിപരമായി ദോഷം ചെയ്യുന്നതിനാലും അത് തെററാണ്.
എന്നിരുന്നാലും മനുഷ്യരാലുള്ള പ്രതികാരം തെററായിരിക്കുന്നതിന്റെ ഏററം പ്രമുഖമായ കാരണം ഇസ്രായേല്യരോടുള്ള മോശെയുടെ വാക്കുകളിൽ കാണപ്പെടുന്നു: “നിങ്ങളുടെ ദൈവമായ യഹോവ ഒരു കരുണയുള്ള ദൈവമാണ്.” (ആവർത്തനം 4:31) ദൈവം കരുണയുള്ളവനായിരിക്കുന്നതിനാൽ നാമും അവനെപ്പോലെ കരുണയുള്ളവരായിരിക്കണം. യേശു തന്റെ അനുയായികളോട് പറഞ്ഞു: “നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിത്തീരുന്നതിൽ തുടരുവിൻ.”—ലൂക്കോസ് 6:36.
അങ്ങനെയാണെങ്കിലും “പ്രതികാര നടപടികളുടെ ഒരു ദൈവമാ”യിട്ടും ബൈബിൾ യഹോവയെ വർണ്ണിക്കുന്നു. (സങ്കീർത്തനം 94:1) യഹോവയുടെ ഭാഗത്തെ സൻമനസ്സിന്റെ വർഷത്തെക്കുറിച്ചും നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാര ദിവസത്തെക്കുറിച്ചും പ്രവാചകനായ യെശയ്യാവ് സംസാരിക്കുന്നു. (യെശയ്യാവ് 61:2) ദൈവത്തിന് എങ്ങനെയാണ് ഒരേ സമയം കരുണയുള്ളവനും പ്രതികാരം ചെയ്യുന്നവനുമായിരിക്കാൻ കഴിയുന്നത്? കൂടാതെ, നാം ദൈവത്തിന്റെ കരുണയെ അനുകരിക്കേണ്ടതുണ്ടെങ്കിൽ നമുക്ക് എന്തുകൊണ്ട് പ്രതികാരം ചെയ്യുന്ന കാര്യത്തിലും അവനെ അനുകരിച്ചുകൂടാ?
ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി, മനുഷ്യവർഗ്ഗത്തെ സ്നേഹിക്കുന്നതിനാൽ ദൈവം കരുണയുള്ളവനാണ്. മനുഷ്യർക്ക് തങ്ങളുടെ വഴികളിൽ മാററം വരുത്താൻ അവസരം നൽകുന്നതിന് അവൻ തനിക്ക് കഴിയുന്നത്ര, കഴിയുന്നിടത്തോളം കാലം ക്ഷമിക്കുന്നു. അപ്പോസ്തലനായ പൗലോസിനെപ്പോലെ അനേകർ ഈ കരുണ പ്രയോജനപ്പെടുത്തിയിരിക്കുന്നു. എന്നാൽ നീതി നടപ്പാക്കുന്നു എന്ന അർത്ഥത്തിൽ ദൈവം പ്രതികാരം ചെയ്യുന്നവനുമാണ്. എന്തുകൊണ്ടെന്നാൽ അത്തരം കരുണ ഒരു കാലഘട്ടത്തേക്ക് മാത്രമെ തുടരാൻ കഴിയുകയുള്ളു; അതിനുശേഷം സാദ്ധ്യമല്ല. എന്നാൽ തങ്ങളുടെ വഴികൾക്ക് മാററം വരുത്തുകയില്ല എന്ന് ചിലർ പ്രകടമാക്കുമ്പോൾ പ്രതികാര ദിവസം എന്നു വിളിക്കപ്പെടുന്ന സമയത്ത് ദൈവം ന്യായവിധി നടപ്പാക്കും.
ദൈവം പ്രതികാരം ചെയ്യുന്നു എന്നുള്ളതിനാൽ നാം പ്രതികാരം ചെയ്യുന്നത് നീതീകരിക്കപ്പെടുന്നില്ല എന്നതാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. യഹോവ നീതിയിൽ പൂർണ്ണനാണ്. മനുഷ്യർ അപ്രകാരം ആയിരിക്കുന്നില്ല. ദൈവം ഒരു വസ്തുതയുടെ എല്ലാ വശങ്ങളും കാണുകയും എല്ലായ്പ്പോഴും ശരിയായ തീരുമാനമെടുക്കുകയും ചെയ്യുന്നു. അത്തരത്തിൽ ചെയ്യുന്നതിന് നമ്മെ ആശ്രയിക്കാൻ കൊള്ളുകയില്ല. അതുകൊണ്ടാണ് പൗലോസ് ഇപ്രകാരം ബുദ്ധ്യുപദേശിച്ചത്: “പ്രിയമുള്ളവരെ, നിങ്ങൾ പ്രതികാരം ചെയ്യരുത്, എന്നാൽ കോപത്തിന് ഇടം കൊടുക്കുക; എന്തുകൊണ്ടെന്നാൽ ‘പ്രതികാരം എനിക്കുള്ളത് ഞാൻ പകരം കൊടുക്കും എന്ന് യഹോവ പറയുന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ.” (റോമർ 12:19) നമ്മുടെ തന്നെ നൻമക്കായിട്ട് നാം പ്രതികാരം ദൈവത്തിന് വിട്ടുകൊടുക്കണം.
ഒരു പ്രതികാരദിവസം എന്തിന്?
എന്നിരുന്നാലും, അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരുമായി കണക്കു തീർക്കുന്നതിന്റെ ആവശ്യകത ബൈബിളിൽ പലയിടങ്ങളിലും സമ്മതിച്ചു പറഞ്ഞിരിക്കുന്നു. ഉദാഹരണമായി “ദൈവത്തെ അറിയാത്തവരോടും കർത്താവായ യേശുവിനെ സംബന്ധിച്ചുള്ള സുവാർത്ത അനുസരിക്കാത്തവരോടും ദൈവം യേശു മുഖാന്തരം പ്രതികാരം ചെയ്യുമെന്ന്” അപ്പോസ്തലനായ പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. (2 തെസ്സലൊനീക്യർ 1:8) ആ വാക്കുകൾ ഗൗരവമായി എടുക്കാൻ നമുക്ക് നല്ല കാരണങ്ങളുണ്ട്. എന്തുകൊണ്ട്?
ഭൂരിപക്ഷമാളുകളും സ്രഷ്ടാവിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതിൽ തുടരുന്നതിനാൽ അവർ അവന്റെ നീതിയുള്ള നിയമങ്ങളെ അവഗണിച്ചു കളയുന്നു എന്നതാണ് ഒരു സംഗതി. അവർ ദൈവത്തിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടാലും ഇല്ലെങ്കിലും തങ്ങൾ ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടവരാണെന്ന് അവർ വിചാരിക്കുന്നില്ല എന്ന് അവരുടെ പെരുമാററം പ്രകടമാക്കുന്നു. സങ്കീർത്തനക്കാരന്റെ വാക്കുകൾ അങ്ങനെയുള്ള സകലർക്കും ബാധകമാകുന്നു: “ദുഷ്ടൻ ദൈവത്തെ അനാദരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ‘നീ കണക്കു ചോദിക്കുകയില്ല’ എന്ന് അവൻ തന്റെ ഹൃദയത്തിൽ പറഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 10:13) തീർച്ചയായും എക്കാലവും ഈ തരത്തിൽ ആക്ഷേപിക്കപ്പെടാൻ യഹോവ അനുവദിക്കുകയില്ല. അവൻ സ്നേഹത്തിന്റെ ദൈവമാണെങ്കിലും അവൻ നീതിയുടെ ദൈവവുംകൂടെയാണ്. നീതിയെപ്പററി യഥാർത്ഥ താൽപ്പര്യമുള്ളവരുടെ നിലവിളിക്ക് അവൻ ചെവികൊടുക്കും: “ഓ യഹോവേ എഴുന്നേൽക്കേണമേ, ദൈവമേ, നിന്റെ കൈ ഉയർത്തേണമേ, പീഡിതരെ മറക്കരുതേ.”—സങ്കീർത്തനം 10:12.
മാത്രവുമല്ല, നിയമലംഘികളായ മനുഷ്യർ നാം അധിവസിക്കുന്ന ഈ ഭൂമിയെത്തന്നെ നശിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. അവർ വായുവും മണ്ണും ജലവും മലിനമാക്കുന്നു; അവർ അനീതികൊണ്ടും ക്രൂരതകൊണ്ടും ഭൂമിയെ നിറക്കുന്നു. മമനുഷ്യന്റെ അതിജീവനത്തെ തന്നെ ഭീഷണിപ്പെടുത്താൻ മതിയായ അളവിൽ അവർ രാസായുധങ്ങളും ന്യൂക്ലിയർ ആയുധങ്ങളും മററ് മാരകായുധങ്ങളും കുന്നുകൂട്ടുന്നു. അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് ഒരു സുരക്ഷിതഭാവി ഉറപ്പാക്കാൻ ദിവ്യഇടപെടൽ ഒരു അടിയന്തിര ആവശ്യമാണ്. (വെളിപ്പാട് 11:18) ഈ ഇടപെടലിനെയാണ് യെശയ്യാവ് പ്രതികാര ദിവസമെന്ന് പരാമർശിച്ചത്.
ദൈവത്തിന്റെ പ്രതികാര ദിവസം എന്തു സാധിക്കും?
വൈനിന്റെ എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ഓൾഡ് ആൻഡ് ന്യൂ റെറസ്ററമെൻറ് വേർഡ്സ് പറയുന്നതനുസരിച്ച് ഗ്രീക്ക് തിരുവെഴുത്തുകളിൽ പ്രതികാരം എന്നതിനുള്ള വാക്ക് ദൈവത്തോടുള്ള ബന്ധത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ അതിന്റെ അക്ഷരീയ അർത്ഥം “‘നീതിയിൽ നിന്ന് ഉളവാകുന്നത്’ എന്നാണ്, മിക്കപ്പോഴും മാനുഷ പ്രതികാരത്തിന്റെ സംഗതിയിലെന്നതുപോലെ ദ്രോഹിക്കപ്പെട്ടു എന്ന വിചാരത്തിൽ നിന്നോ കോപാവേശത്തിൽ നിന്നോ ഉളവാകുന്നതല്ല.” അപ്രകാരം ദൈവത്തിന്റെ ശത്രുക്കൾക്കെതിരെയുള്ള അവന്റെ പ്രതികാരം വ്യക്തി വൈരാഗ്യത്താലെന്നപോലെ അനിയന്ത്രിതമായ രക്തച്ചൊരിച്ചിലിന്റെ ഒരു സമയമായിരിക്കുകയില്ല. “ദൈവിക ഭക്തിയുള്ളവരെ പരീക്ഷയിൽ നിന്ന് വിടുവിക്കുന്നതിനും നീതികെട്ടവരെ ന്യായവിധി ദിവസത്തിലെ ഛേദനത്തിനായി കാപ്പാനും യഹോവക്കറിയാം,” എന്ന് ബൈബിൾ നമ്മോട് പറയുന്നു.—2 പത്രോസ് 2:9.
ശരിയായ നടത്ത ന്യായമെന്ന് സമർത്ഥിക്കപ്പെടുകയും നീതിമാൻമാർ ദുഷ്ടൻമാരുടെ മർദ്ദനത്തിൽ നിന്ന് വിടുവിക്കപ്പെടുകയും ചെയ്യുന്ന ഒരു സമയമെന്ന നിലയിൽ ദൈവത്തിന്റെ ദാസൻമാർ ദൈവത്തിന്റെ പ്രതികാര ദിവസത്തിനായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു. അവർക്ക് ഒരു ദുഷ്ടഹൃദയമുണ്ടെന്നോ അവർ പ്രതികാരത്തിനായി വാഞ്ഛിക്കുന്നുവെന്നോ ഇതിന് അർത്ഥമില്ല. “മറെറാരുത്തന്റെ ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല,” എന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. (സദൃശവാക്യങ്ങൾ 17:5) നേരെ മറിച്ച് പ്രതികാരം സംബന്ധിച്ച ഏതു തീരുമാനവും ദൈവത്തിന് വിട്ടുകൊണ്ട് അവർ കരുണയും സഹാനുഭൂതിയും നട്ടുവളർത്തുന്നു.
കോപിഷ്ഠനായ ഒരു വ്യക്തിക്ക് ഈ തരത്തിൽ പെരുമാറുക എളുപ്പമല്ല എന്നത് സത്യം തന്നെ. എന്നാൽ അത് സാദ്ധ്യമാണ്, അനേകർ അങ്ങനെ ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, പത്രൂവിന്റെ ബാല്യകാലം അസന്തുഷ്ടമായിരുന്നു, അവന്റെ ജ്യേഷ്ഠസഹോദരൻ മിക്കപ്പോഴും അവനെ അടിച്ചിരുന്നു. അതുകൊണ്ട് അവൻ ഒരു ആക്രമണകാരിയായി വളർന്നു വന്നു, അവൻ മിക്കപ്പോഴും പോലീസുമായി കുഴപ്പത്തിലായി. തന്റെ ജ്യേഷ്ഠനോടുള്ള വിരോധം അയാൾ തീർത്തത് തന്റെ ഭാര്യയോടും കുട്ടികളോടുമായിരുന്നു. ഒടുവിൽ അയാൾ യഹോവയുടെ സാക്ഷികളിൽ ഒരാളെ ശ്രദ്ധിക്കുകയും പിന്നീട് ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. അയാൾ പറയുന്നു: “യഹോവയുടെ സഹായത്തോടെ ഞാൻ മാററങ്ങൾ വരുത്തി. ഇപ്പോൾ ആളുകളുമായി വഴക്കടിക്കുന്നതിനുപകരം ഒരു ക്രിസ്തീയ മൂപ്പനെന്ന നിലയിൽ ഞാൻ അവരെ സഹായിക്കുന്നു.” ബൈബിളിന്റെയും പരിശുദ്ധത്മാവിന്റെയും സഹായത്താൽ മററ് നിരവധിയാളുകൾ ഇതുപോലെ ദ്രോഹബുദ്ധികളോ പ്രതികാര തൽപ്പരരോ ആയിരിക്കുന്നതിൽ നിന്ന് മററുള്ളവരോട് സ്നേഹവും സഹിഷ്ണുതയും പ്രകടമാക്കുന്നതിലേക്ക് മാററം വരുത്തിയിരിക്കുന്നു.
നിങ്ങൾ എന്തു ചെയ്യും?
ദൈവത്തിന്റെ പ്രതികാര ദിവസത്തിന്റെ വരവ് മനസ്സിൽ അടുപ്പിച്ച് നിർത്തുന്നത് യഹോവയുടെ ക്ഷമയെ പ്രയോജനപ്പെടുത്താൻ നമ്മെ സഹായിക്കും. എന്നാൽ അങ്ങനെ ചെയ്യാനുള്ള അവസരം അപരിമിതമല്ല. പെട്ടെന്നുതന്നെ ആ ദിവസം ആഗതമാകും. ആ ദിവസം ഇന്നോളം വരാത്തത് എന്തുകൊണ്ടാണെന്ന് അപ്പോസ്തലനായ പത്രോസ് ചൂണ്ടിക്കാട്ടി: “ചിലർ താമസം എന്ന് കരുതുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തം സംബന്ധിച്ച് താമസമുള്ളവനല്ല, എന്നാൽ ആരും നശിച്ചുപോകാതെ എല്ലാവരും മാനസ്സാന്തരപ്പെടുവാൻ ആഗ്രഹിച്ചുകൊണ്ട് അവൻ നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”—2 പത്രോസ് 3:9.
അതുകൊണ്ട് തിരുവെഴുത്തുകൾ പഠിച്ചുകൊണ്ടും അവയിലെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ടും ദൈവത്താലുള്ള കണക്കുതീർപ്പിന്റെ ദിവസത്തിനായി തയ്യാറെടുക്കുന്നത് അടിയന്തിരമാണ്. ഇത് സങ്കീർത്തനക്കാരന്റെ വാക്കുകൾ പിൻപററാൻ നമ്മെ സഹായിക്കും: “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത് അത് ദ്രോഹം ചെയ്യാൻ ഇടയാക്കുകയേയുള്ളു. എന്തുകൊണ്ടെന്നാൽ ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും, യഹോവയെ പ്രത്യാശിക്കുന്നവരാണ് ഭൂമിയെ കൈവശമാക്കുന്നത്.—സങ്കീർത്തനം 37:8, 9. (w91 11/1)
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പ്രതികാര ദിവസത്തിനുശേഷം ‘യഹോവയെ പ്രത്യാശിക്കുന്നവർ ഭൂമിയെ കൈവശമാക്കും’