അധ്യായം 3
ദൈവവചനത്തിൻമേൽ ഒരു ദൃഢമായ പിടി നിലനിർത്തുക
1. (എ) പുരാതന യിസ്രായേൽ ദൈവവചനത്തിന്റെ സത്യത അനുഭവിച്ചറിഞ്ഞതെങ്ങനെ? (ബി) നമുക്ക് അതു താത്പര്യമുളളതായിരിക്കുന്നതെന്തുകൊണ്ട്?
1 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു പറഞ്ഞിരിക്കുന്ന സകല നല്ല വചനങ്ങളിലുംവച്ച് ഒരു വാക്കിനുപോലും വീഴ്ച ഭവിച്ചിട്ടില്ലെന്ന് നിങ്ങളുടെ മുഴുഹൃദയങ്ങളോടും നിങ്ങളുടെ മുഴുദേഹികളോടും കൂടെ നിങ്ങൾ നന്നായി അറിയുന്നു. അവയെല്ലാം നിങ്ങൾക്ക് സത്യമായി ഭവിച്ചിരിക്കുന്നു.” യിസ്രായേല്യർ വാഗ്ദത്തദേശത്തു പാർപ്പുറപ്പിച്ചശേഷം അവരുടെ പ്രായമേറിയ പുരുഷൻമാരെ യോശുവ ഓർമ്മിപ്പിച്ചതാണിത്. എന്നാൽ തുടർന്നുവന്ന വർഷങ്ങളിൽ അവർ പരസ്പരയോജിപ്പോടെ ദൈവവചനത്തെ കാര്യമായി എടുക്കുകയും ബാധകമാക്കുകയും ചെയ്തില്ല. ഫലമെന്തായിരുന്നു? യഹോവയുടെ അനുഗ്രഹത്തിന്റെ വാഗ്ദത്തങ്ങൾ ആശ്രയയോഗ്യമെന്ന് തെളിഞ്ഞതുപോലെതന്നെ അനുസരണക്കേടിന്റെ പരിണതഫലങ്ങളെന്ന നിലയിൽ അവൻ പറഞ്ഞതും അവൻ നിറവേററുകയുണ്ടായെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (യോശു. 23:14-16) “നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനും” ആ പ്രത്യാശ നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും നാം ചെയ്യാതിരിക്കേണ്ടതിനുമായി ആ രേഖയും അതുപോലെതന്നെ ബൈബിളിന്റെ ശേഷിച്ച മുഴു ഭാഗവും നമ്മുടെ ഉദ്ബോധനത്തിനായി സൂക്ഷിക്കപ്പെട്ടു.—റോമ. 15:4.
2. (എ) ഏതർത്ഥത്തിലാണ് ബൈബിൾ “ദൈവനിശ്വസ്ത”മായിരിക്കുന്നത്? (ബി) ഇത് അറിയുമ്പോൾ നമുക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
2 ബൈബിൾ രേഖപ്പെടുത്തുന്നതിന് ഏതാണ്ട് 40 മാനുഷ “സെക്രട്ടറിമാർ” ഉപയോഗിക്കപ്പെട്ടെങ്കിലും യഹോവ തന്നെയാണ് അതിന്റെ ഗ്രന്ഥകർത്താവ്. അതിലുളള സകലത്തിന്റെയും എഴുത്തിനെ അവൻ സജീവമായി നയിച്ചുവെന്നാണോ അതിന്റെ അർത്ഥം? അതെ. അപ്പോസ്തലനായ പൗലോസ് സത്യമായി പറഞ്ഞതുപോലെ, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തമാണ്.” അത് ബോദ്ധ്യപ്പെട്ടിട്ടുളളതുകൊണ്ട് അതു കേട്ടനുസരിക്കുന്നതിനും അതിലടങ്ങിയിരിക്കുന്നതിനെ കേന്ദ്രീകരിച്ച് തങ്ങളുടെ ജീവിതം കെട്ടുപണിചെയ്യുന്നതിനും എല്ലായിടത്തുമുളള ആളുകളെ നാം പ്രോത്സാഹിപ്പിക്കുകയാണ്, നാമും അതുതന്നെ ചെയ്യുന്നതിനാണല്ലോ ശ്രമിക്കുന്നത്.—2 തിമൊ. 3:16; 1 തെസ്സ. 2:13.
അതിനെ വിലമതിക്കാൻ മററുളളവരെ എന്തു സഹായിക്കും?
3. ബൈബിൾ ദൈവവചനമാണെന്നു ബോദ്ധ്യമില്ലാത്ത അനേകരെ സഹായിക്കാനുളള ഏററം നല്ല മാർഗ്ഗമെന്താണ്?
3 തീർച്ചയായും, നാം സംസാരിക്കുന്ന അനേകർ ബൈബിൾ യഥാർത്ഥത്തിൽ ദൈവവചനമാണെന്നുളള നമ്മുടെ ബോധ്യത്തിൽ പങ്കുചേരുന്നവരല്ല. നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും? മിക്കപ്പോഴും ഏററവും നല്ല മാർഗ്ഗം ബൈബിൾ തുറന്ന് അതിൽ അടങ്ങിയിരിക്കുന്നത് അവരെ കാണിച്ചുകൊടുക്കുകയാണ്. “ദൈവത്തിന്റെ വചനം ജീവനുളളതും ശക്തിപ്രയോഗിക്കുന്നതും ഇരുവായ്ത്തലയുളള ഏതു വാളിനെക്കാളും മൂർച്ചയേറിയതും. . .ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിക്കാൻ പ്രാപ്തവുമാകുന്നു.” (എബ്രാ. 4:12) “ദൈവത്തിന്റെ വചനം” ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാഗ്ദത്തവചനമാണ്. അത് മൃതമായ ചരിത്രമല്ല, എന്നാൽ ജീവനുളളതും അപ്രതിരോധ്യമായി നിവൃത്തിയിലേക്കു നീങ്ങുന്നതുമാണ്. അത് അങ്ങനെ നീങ്ങുമ്പോൾ വ്യവസ്ഥകളിലെത്തുന്നത് സംബന്ധിച്ച് അതിനോടു സമ്പർക്കത്തിൽ വരുത്തപ്പെടുന്ന ആളുകളുടെ യഥാർത്ഥ ഹൃദ്പ്രേരണകൾ പ്രത്യക്ഷമാകുന്നു. അതിന്റെ സ്വാധീനം നാം വ്യക്തിപരമായി പറഞ്ഞേക്കാവുന്ന എന്തിനെക്കാളും വളരെയേറെ ശക്തമാണ്.
4. ബൈബിൾ സത്യങ്ങളുടെ ഏതു ലളിതമായ വിശദീകരണങ്ങൾ ബൈബിളിനോടുളള ചിലരുടെ മനോഭാവത്തിനു മാററം വരുത്തിയിരിക്കുന്നു? എന്തുകൊണ്ട്?
4 അനേകരെ സംബന്ധിച്ച് കേവലം ദൈവനാമം ബൈബിളിൽ കണ്ടതുതന്നെ വഴിത്തിരിവ് ആയിരുന്നിട്ടുണ്ട്. മററു ചിലർ ജീവിതോദ്ദേശ്യത്തെക്കുറിച്ച് അതു പറയുന്നതും ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണവും ഇപ്പോഴത്തെ സംഭവങ്ങളുടെ പ്രാധാന്യവും അല്ലെങ്കിൽ ദൈവരാജ്യത്തിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന വാസ്തവികമായ പ്രത്യാശയും കാണിച്ചുകൊടുത്തപ്പോൾ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. മതാചാരങ്ങൾ ദുഷ്ടാത്മാക്കളുടെ അധികമായ ശല്യത്തിന് ആളുകളെ വിധേയമാക്കിയിട്ടുളള രാജ്യങ്ങളിൽ ഇതിന്റെ കാരണം സംബന്ധിച്ച ബൈബിളിന്റെ വിശദീകരണവും ആശ്വാസം നേടുന്നതിനുളള മാർഗ്ഗവും താൽപ്പര്യം ഉണർത്തിയിട്ടുണ്ട്. ഈ ആശയങ്ങൾ അവരിൽ വളരെ മതിപ്പുളവാക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബൈബിളാണ് ഈ മർമ്മപ്രധാനമായ കാര്യങ്ങൾ സംബന്ധിച്ച വിശ്വസനീയമായ വിവരങ്ങളുടെ ഏക ഉറവ്.—സങ്കീ. 119:130.
5. താൻ ബൈബിൾ വിശ്വസിക്കുന്നില്ലെന്ന് ഒരു വ്യക്തി പറയുമ്പോൾ കാരണമെന്തായിരിക്കാം? നമുക്ക് അയാളെ എങ്ങനെ സഹായിക്കാം?
5 എന്നിരുന്നാലും, ഒരു വ്യക്തി ബൈബിളിൽ വിശ്വസിക്കുന്നില്ലെന്ന് നേരിട്ടു നമ്മോടു പറയുന്നുവെങ്കിലോ? അത് സംഭാഷണത്തെ അവസാനിപ്പിക്കണമോ? ന്യായവാദം ചെയ്യാൻ അയാൾ സന്നദ്ധനാണെങ്കിൽ അവസാനിപ്പിക്കേണ്ടതില്ല. ദൈവവചനത്തിനുവേണ്ടി ബോദ്ധ്യത്തോടെ സംസാരിക്കാനുളള ഒരു ഉത്തരവാദിത്തബോധം നമുക്കു തോന്നേണ്ടതാണ്. ഒരുപക്ഷേ ബൈബിൾ ക്രൈസ്തവലോകത്തിന്റെ പുസ്തകമാണെന്നായിരിക്കാം അയാളുടെ വീക്ഷണം. അവളുടെ കപടഭക്തിയുടെയും രാഷ്ട്രീയത്തിലെ ഇടപെടലിന്റെയും രേഖയും പണത്തിനായുളള അവളുടെ നിരന്തര അഭ്യർത്ഥനകളുമായിരിക്കാം ബൈബിളിനോടുളള അയാളുടെ ഈ നിഷേധാത്മക പ്രതികരണത്തിന്റെ കാരണം. അങ്ങനെയാണോയെന്ന് എന്തുകൊണ്ട് ചോദിച്ചുകൂടാ? ക്രൈസ്തവലോകത്തിന്റെ ലൗകിക നടപടികൾ സംബന്ധിച്ച ബൈബിളിന്റെ കുററംവിധിക്കലും ക്രൈസ്തവലോകവും സത്യക്രിസ്ത്യാനിത്വവും തമ്മിലുളള വൈരുദ്ധ്യങ്ങളും അയാളുടെ താൽപര്യത്തെ ഉണർത്തിയേക്കാം.—മത്താ. 15:7-9; യാക്കോ. 4:4; മീഖാ 3:11, 12 താരതമ്യപ്പെടുത്തുക.
6. (എ) ബൈബിൾ ദൈവവചനമാണെന്ന് നിങ്ങളെ വ്യക്തിപരമായി ബോധ്യപ്പെടുത്തുന്നതെന്ത്? (ബി) ബൈബിൾ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നുളളതാണെന്ന് മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് വേറെ ഏതു ന്യായവാദങ്ങൾ ഉപയോഗിക്കാം?
6 മററു ചിലർക്ക് നിശ്വസ്തതയുടെ തെളിവുകൾ സംബന്ധിച്ച വളച്ചുകെട്ടില്ലാത്ത ഒരു ചർച്ച സഹായകമാണ്. ബൈബിൾ ദൈവത്തിൽ നിന്നുളളതാണെന്ന് നിങ്ങൾക്ക് വ്യക്തമായി തെളിയിച്ചു തരുന്നതെന്താണ്? അതിന്റെ ഉത്ഭവം സംബന്ധിച്ച് ബൈബിൾതന്നെ പറയുന്ന കാര്യങ്ങളാണോ? (2 തിമൊ. 3:16, 17; വെളി. 1:1) അതോ ബൈബിളിൽ ഭാവിയെ സംബന്ധിച്ച വിശദമായ അറിവു പ്രതിഫലിപ്പിക്കുന്ന നിരവധി പ്രവചനങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന വസ്തുതയാണോ? തന്നിമിത്തം ആ പ്രവചനങ്ങൾ ഒരു മനുഷ്യാതീത ഉറവിൽ നിന്ന് വന്നിട്ടുളളതായിരിക്കണമല്ലോ. (2 പത്രോ. 1:20, 21; യെശ. 42:9) ഒരുപക്ഷേ അത് ബൈബിളിന്റെ ആന്തരികയോജിപ്പാണോ, അത് 1,610 വർഷം കൊണ്ട് അനേകം മനുഷ്യർ എഴുതിയതാണെങ്കിലും? അതോ, ആ കാലങ്ങളിലെ മററ് എഴുത്തുകളിൽ നിന്ന് വ്യത്യസ്തമായ അതിന്റെ ശാസ്ത്രീയ കൃത്യതയാണോ? അതോ അതിന്റെ എഴുത്തുകാരുടെ നിഷ്ക്കപടതയാണോ? അതോ അതിനെ നശിപ്പിക്കാനുളള പരിശ്രമങ്ങൾ നിഷ്ഫലമാക്കിക്കൊണ്ടുളള അതിന്റെ സൂക്ഷിപ്പാണോ? നിങ്ങളെ ബോധ്യപ്പെടുത്തിയതായി കണ്ട എന്തും മററുളളവരെ സഹായിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും.
നമ്മുടെ വ്യക്തിപരമായ ബൈബിൾ വായന
7, 8. (എ) ബൈബിൾ നാം വ്യക്തിപരമായി എന്തു ചെയ്യേണ്ടതാണ്? (ബി) വ്യക്തിപരമായ ബൈബിൾ വായനക്കു പുറമേ, നമുക്ക് എന്ത് ആവശ്യമാണ്; ബൈബിൾതന്നെ ഇത് എങ്ങനെ പ്രകടമാക്കുന്നു? (സി) നിങ്ങൾ യഹോവയുടെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ച് വ്യക്തിപരമായി എങ്ങനെ ഗ്രാഹ്യം നേടിയിരിക്കുന്നു?
7 ബൈബിൾ വിശ്വസിക്കാൻ മററുളളവരെ സഹായിക്കുന്നതിനു പുറമേ, അതു ക്രമമായി വായിക്കാൻ നാം തന്നെ സമയമെടുക്കേണ്ടതുണ്ട്. നിങ്ങൾ അതു ചെയ്യുന്നുണ്ടോ? ഉളവാക്കിയിട്ടുളള സകല പുസ്തകങ്ങളിലും വച്ച് ഇതാണ് ഏററവും പ്രധാനപ്പെട്ടത്. തീർച്ചയായും, നാം അതു വായിക്കുന്നുണ്ടെങ്കിൽ നമുക്കു മറെറാന്നും ആവശ്യമില്ലെന്ന് അതിനർത്ഥമില്ല. സ്വതന്ത്രമായ ഗവേഷണത്താൽ നമുക്ക് സകലവും കണ്ടുപിടിക്കാൻ കഴിയുമെന്നു വിചാരിച്ചുകൊണ്ട് നമ്മേത്തന്നെ ഒററപ്പെടുത്തുന്നതിനെതിരെ തിരുവെഴുത്തുകൾ മുന്നറിയിപ്പു നൽകുന്നുണ്ട്. നാം സമനിലയുളള ക്രിസ്ത്യാനികളായിരിക്കണമെങ്കിൽ വ്യക്തിപരമായ പഠനവും ക്രമമായ യോഗഹാജരും ആവശ്യമാണ്.—സദൃശ. 18:1; എബ്രാ. 10:24, 25.
8 നമ്മുടെ പ്രയോജനത്തിനുവേണ്ടി ബൈബിൾ ഒരു എത്യോപ്യൻ ഉദ്യോഗസ്ഥനെക്കുറിച്ചു പറയുന്നു. അയാൾ യെശയ്യാ പ്രവചനത്തിൽ നിന്ന് വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദൂതൻ ക്രിസ്തീയ സുവിശേഷകനായിരുന്ന ഫിലിപ്പോസിനെ അയാളുടെ അടുക്കലേക്ക് നയിച്ചു. “നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് അറിയാമോ?” എന്ന് ഫിലിപ്പോസ് ആ മനുഷ്യനോടു ചോദിച്ചു. “യഥാർത്ഥത്തിൽ, ആരെങ്കിലും എന്നെ വഴികാട്ടാത്തപക്ഷം എനിക്ക് എങ്ങനെ അറിയാൻ കഴിയും?” എന്ന് എത്യോപ്യൻ വിനീതമായി മറുപടി പറഞ്ഞു. ആ തിരുവെഴുത്തുഭാഗം വിശദീകരിക്കാൻ അയാൾ ഫിലിപ്പോസിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ, ഫിലിപ്പോസ് തിരുവെഴുത്തുകൾ സംബന്ധിച്ച തന്റെ സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞ സ്വതന്ത്രനായ ഒരു ബൈബിൾ വായനക്കാരൻ മാത്രമായിരുന്നില്ല. ഇല്ല; അയാൾ യെരൂശലേം സഭയിലെ അപ്പോസ്തലൻമാരോട് അടുത്ത സമ്പർക്കം പുലർത്തിയിരുന്നുവെന്നും യഹോവയുടെ ദൃശ്യസ്ഥാപനത്തിലെ ഒരു അംഗമായിരുന്നുവെന്നും രേഖ പ്രകടമാക്കുന്നു. അതുകൊണ്ട് ആ സ്ഥാപനം മുഖേന യഹോവ ലഭ്യമാക്കിക്കൊണ്ടിരുന്ന പ്രബോധനത്തിൽനിന്ന് പ്രയോജനം കിട്ടാൻ അവന് എത്യോപ്യനെ സഹായിക്കാൻ കഴിഞ്ഞു. (പ്രവൃ. 6:5, 6; 8:5, 14, 15, 26-35) അതുപോലെ ഇന്നും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് വ്യക്തവും ശരിയുമായ ഗ്രാഹ്യം നമ്മിലാരാണ് സ്വന്തമായി നേടിയത്? മറിച്ച്, യഹോവ തന്റെ ദൃശ്യസ്ഥാപനം മുഖേന സ്നേഹപൂർവ്വം പ്രദാനം ചെയ്യുന്ന സഹായം നമുക്കാവശ്യമായിരുന്നു, ഇപ്പോൾ തുടർന്നും ആവശ്യമാണ്.
9. ഏതു ബൈബിൾ വായനാപരിപാടികൾ നമുക്കെല്ലാം പ്രയോജനകരമായിരിക്കാൻ കഴിയും?
9 ബൈബിൾ ഉപയോഗിക്കാനും ഗ്രഹിക്കാനും നമ്മെ സഹായിക്കുന്നതിന് യഹോവയുടെ സ്ഥാപനം വീക്ഷാഗോപുരത്തിലും ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളിലും വിശിഷ്ടമായ തിരുവെഴുത്തു വിവരങ്ങൾ നൽകുന്നു. അതിനു പുറമേ, യഹോവയുടെ സാക്ഷികളുടെ സഭകളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനോടുളള ബന്ധത്തിൽ ഒരു നിരന്തര ബൈബിൾ വായനാപട്ടിക നമുക്കുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്നു. യഹോവയുടെ സാക്ഷികളിൽ ചിലർ ഇതിനു പുറമേ തുടർച്ചയായ ബൈബിൾവായന നടത്തുന്നുണ്ട്. വിശുദ്ധതിരുവെഴുത്തുകൾ പരിശോധിച്ചുകൊണ്ടു ചെലവഴിക്കുന്ന സമയത്തിൽനിന്ന് വലിയ പ്രയോജനം ലഭിക്കാൻ കഴിയും. (സങ്കീ. 1:1-3; 19:7,8) നിങ്ങൾ മുഴു ബൈബിളും വ്യക്തിപരമായി വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് ഒരു പ്രത്യേക ശ്രമം ചെയ്യുക. നിങ്ങൾക്ക് സകലവും പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിലും അതിന്റെ ഒരു ആകമാന വീക്ഷണം നിങ്ങൾക്കു ലഭിക്കുന്നത് അതീവ മൂല്യവത്തായിരിക്കും. നിങ്ങൾ ദിവസം നാലോ അഞ്ചോ പേജുകൾ മാത്രം വായിച്ചാലും നിങ്ങൾ ഏതാണ്ട് ഒരു വർഷം കൊണ്ട് ബൈബിൾ പൂർത്തിയാക്കും.
10. (എ) നിങ്ങൾ എപ്പോഴാണ് ബൈബിൾ വായന നടത്തുന്നത്? (ബി) ക്രമം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
10 നിങ്ങൾക്ക് എപ്പോൾ ഈ ബൈബിൾ വായന നടത്താൻ വ്യക്തിപരമായി ക്രമീകരിക്കാൻ കഴിയും? ദിവസവും 10-ഓ 15-ഓ മിനിറെറങ്കിലും മാററിവെക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ അത് എത്ര പ്രയോജനപ്രദമായിരിക്കും! അല്ലെങ്കിൽ കുറഞ്ഞപക്ഷം ഓരോ വാരത്തിലും അതിനായി ക്രമമായ സമയങ്ങൾ പട്ടികപ്പെടുത്തുക. അനന്തരം ആ പട്ടികയോടു പററിനിൽക്കുക. ബൈബിൾവായന ആഹാരം കഴിക്കുന്നതുപോലെ ഒരു ആജീവനാന്തശീലമായിരിക്കണം. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു വ്യക്തിയുടെ ഭക്ഷ്യശീലങ്ങൾ മോശമായിത്തീരുന്നുവെങ്കിൽ അയാളുടെ ആരോഗ്യം ക്ഷയിക്കും. നമ്മുടെ ആത്മീയതയെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. നമ്മുടെ ജീവൻ “യഹോവയുടെ വായ് മുഖേന വരുന്ന സകല അരുളപ്പാടി”നാലും ക്രമമായി പോഷിപ്പിക്കപ്പെടുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.—മത്താ. 4:4.
11. ബൈബിൾ വായിക്കുന്നതിലുളള നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
11 ബൈബിൾ വായിക്കുന്നതിലുളള നമ്മുടെ ലക്ഷ്യം എന്തായിരിക്കണം? നമ്മുടെ ലാക്ക് കുറെ പേജുകൾ വായിച്ചുതളളുകയെന്നതാണെങ്കിൽ അല്ലെങ്കിൽ അതു നിത്യജീവൻ നേടുകയെന്നതു മാത്രമാണെങ്കിൽപോലും അതൊരു തെററായിരിക്കും. നിലനിൽക്കുന്ന പ്രയോജനം കിട്ടുന്നതിന് ദൈവത്തോടുളള സ്നേഹം, അവനെ മെച്ചമായി അറിയുന്നതിനും അവന്റെ ഇഷ്ടം ഗ്രഹിക്കുന്നതിനും അവനെ സ്വീകാര്യമായി ആരാധിക്കുന്നതിനുമുളള ആഗ്രഹം എന്നിങ്ങനെ ഉയർന്ന ആന്തരങ്ങൾ നമുക്കുണ്ടായിരിക്കണം. (യോഹ. 5:39-42) നമ്മുടെ മനോഭാവം “യഹോവേ, നിന്റെ സ്വന്തം വഴികൾ എന്നെ അറിയിക്കേണമേ; നിന്റെ സ്വന്തം പാതകൾ എന്നെ പഠിപ്പിക്കേണമേ” എന്നു പറഞ്ഞ ബൈബിളെഴുത്തുകാരന്റേതുപോലെയായിരിക്കണം.—സങ്കീ. 25:4.
12. (എ) “സൂക്ത്മപരിജ്ഞാനം” നേടേണ്ടതാവശ്യമായിരിക്കുന്നതെന്തുകൊണ്ട്, അതു നേടുന്നതിന്, വായിക്കുമ്പോൾ എന്തു ശ്രമം ആവശ്യമായിരിക്കാം? (ബി) 27-ാം പേജിൽ പ്രകടമാക്കിയിരിക്കുന്നപ്രകാരം നാം ബൈബിളിൽ വായിക്കുന്നതിനെ ഏതു വീക്ഷണകോണങ്ങളിൽ നിന്ന് വിശകലനം ചെയ്യുന്നതു പ്രയോജനകരമാണ്? (സി) ഈ ഖണ്ഡികയുടെ ഒടുവിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് ഈ അഞ്ചു പോയിൻറുകൾ ഓരോന്നായി വിശദീകരിക്കുക. നിങ്ങളുടെ ബൈബിൾ തീർച്ചയായും ഉപയോഗിക്കുക.
12 നമുക്ക് ആ പഠിപ്പിക്കൽ ലഭിക്കുമ്പോൾ “സൂക്ത്മപരിജ്ഞാനം” നേടുകയെന്നതായിരിക്കണം നമ്മുടെ ആഗ്രഹം. അതില്ലെങ്കിൽ, നമുക്കു നമ്മുടെ ജീവിതത്തിൽ ദൈവവചനം ഉചിതമായി എങ്ങനെ ബാധകമാക്കാൻ കഴിയും? അല്ലെങ്കിൽ മററുളളവർക്ക് അതു ശരിയായി എങ്ങനെ വിശദീകരിച്ചു കൊടുക്കാൻ കഴിയും? (കൊലോ. 3:10; 2 തിമൊ. 2:15) സൂക്ഷ്മപരിജ്ഞാനം നേടുന്നതിന് നാം സശ്രദ്ധം വായിക്കേണ്ടതാവശ്യമാണ്. ഒരു ഭാഗം ഗഹനമാണെങ്കിൽ അതിന്റെ അർത്ഥം ഗ്രഹിക്കുന്നതിന് നാം ഒന്നിലധികം പ്രാവശ്യം അതു വായിക്കേണ്ടതുണ്ടായിരിക്കാം. നാം ആ വിവരത്തെക്കുറിച്ച് ധ്യാനിക്കുന്നതിനു സമയമെടുക്കുകയും വിവിധ നിലപാടുകളിൽ അതിനെക്കുറിച്ചു ചിന്തിക്കുകയുംകൂടെ ചെയ്യുന്നുവെങ്കിൽ നമുക്കു പ്രയോജനം കിട്ടും. ഈ പുസ്തകത്തിന്റെ 27-ാം പേജിൽ ആരായുന്നതിനുളള അഞ്ചു വിലപ്പെട്ട ചിന്താമാർഗ്ഗങ്ങൾ ദീപ്തിമത്താക്കിയിട്ടുണ്ട്. ഇവയിൽ ഒന്നോ അധികമോ ഉപയോഗിച്ചുകൊണ്ട് തിരുവെഴുത്തിലെ അനേകം ഭാഗങ്ങൾ പ്രയോജനകരമായി വിശകലനം ചെയ്യാൻ കഴിയും. അടുത്ത പേജുകളിലെ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറയുമ്പോൾ അത് അപ്രകാരമായിരിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ കാണും.
(1) മിക്കപ്പോഴും നിങ്ങൾ വായിക്കുന്ന തിരുവെഴുത്തുഭാഗം യഹോവ ഏതുതരം ദൈവമാണെന്നുളളതു സംബന്ധിച്ച് കുറെ സൂചന നൽകുന്നു.
യഹോവയുടെ സൃഷ്ടിക്രിയകളെ സംബന്ധിച്ച് ബൈബിൾ പറയുന്നതിനെക്കുറിച്ച് നാം വിലമതിപ്പോടെ ധ്യാനിക്കുമ്പോൾ അത് അവനോടുളള നമ്മുടെ മനോഭാവത്തെ എങ്ങനെ ബാധിക്കുന്നു? (സങ്കീ. 139:13, 14; ഇയ്യോ. 38-42 വരെയുളള അദ്ധ്യായങ്ങളിൽ 38:1, 2-ഉം 40:2, 8-ഉം പിന്നീട് 42:1-6 വരെയും വിശേഷാൽ ശ്രദ്ധിക്കുക.)
യോഹന്നാൻ 14:9, 10-ൽ യേശു പറഞ്ഞതിന്റെ വീക്ഷണത്തിൽ ലൂക്കോസ് 5:12, 13-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുളള സംഭവങ്ങളിൽ നിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു നിഗമനം ചെയ്യാൻ കഴിയും?
(2) വിവരണം ബൈബിൾ വിഷയത്തിന്റെ, അതായത്, വാഗ്ദത്തസന്തതിയായ യേശുക്രിസ്തുവിൻ കീഴിലെ രാജ്യത്താലുളള യഹോവയുടെ നാമത്തിന്റെ സംസ്ഥാപനം എന്ന വിഷയത്തിന്റെ, വികസിപ്പിക്കലിന് സഹായകമായിരിക്കുന്നതെങ്ങനെയെന്ന് പരിചിന്തിക്കുക.
ഈജിപ്ററിൻമേലുണ്ടായ ബാധകൾ ഈ വിഷയത്തോട് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? (പുറ. 5:2; 9:16; 12:12 കാണുക.)
മോവാബ്യസ്ത്രീയായ രൂത്തിനെ സംബന്ധിച്ച ഹൃദയോദ്ദീപകമായ വിവരണം സംബന്ധിച്ചെന്ത്? (രൂത്ത് 4:13-17; മത്താ. 1:1, 5)
യേശുവിന്റെ ആസന്നമായിരുന്ന ജനനത്തെക്കുറിച്ച് ഗബ്രിയേൽ മറിയയോടു നടത്തിയ പ്രഖ്യാപനം എങ്ങനെ യോജിക്കുന്നു.? (ലൂക്കോ. 1:26-33)
യേശുവിന്റെ ശിഷ്യൻമാരുടെ പെന്തെക്കോസ്തിലെ പരിശുദ്ധാത്മാഭിഷേകം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (പ്രവൃ. 2:1-4; 1 പത്രോ. 2:4, 5, 9; 2 പത്രോ. 1:10, 11)
(3) സന്ദർഭത്തിന് പ്രത്യേക വാക്യങ്ങളുടെ അർത്ഥത്തോട് ബന്ധമുണ്ട്.
റോമർ 5:1-ലെയും 8:16-ലെയും പ്രസ്താവനകൾ ആരെയാണ് സംബോധന ചെയ്യുന്നത്? (റോമ. 1:7 കാണുക.)
ഒന്നു കൊരിന്ത്യർ 2:9 ദൈവത്തിന്റെ നൂതന ക്രമത്തിൽ ഭൂമിയിലെ ജീവിതത്തെക്കുറിച്ചു പ്രസ്താവിക്കുകയാണെന്ന് സന്ദർഭം സൂചിപ്പിക്കുന്നുണ്ടോ? 6-8 വരെയുളള വാക്യങ്ങളിൽ പ്രകടമാക്കിയിരിക്കുന്ന പ്രകാരം, പൗലോസ് എന്തിനെക്കുറിച്ച് എഴുതിയോ ആ കാര്യങ്ങൾ ആരുടെ കണ്ണുകളും ചെവികളുമാണ് ഗ്രഹിക്കാത്തത്?
(4) നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾക്കു വ്യക്തിപരമായി എങ്ങനെ ബാധകമാക്കാൻ കഴിയുമെന്ന് നിങ്ങളോടുതന്നെ ചോദിക്കുക
കയീൻ ഹാബേലിനെ കൊന്നതു സംബന്ധിച്ചുളള രേഖ കേവലം ചരിത്രപരമായ താത്പര്യം മാത്രമുളളതാണോ, അതോ അതിൽ നമുക്കുവേണ്ടിയുളള ബുദ്ധിയുപദേശം അടങ്ങിയിട്ടുണ്ടോ? (ഉല്പ. 4:3-12; 1 യോഹ. 3:10-15; എബ്രാ. 11:4)
നാം (പുറപ്പാടു മുതൽ ആവർത്തനം വരെ) യിസ്രായേലിന്റെ മരുഭൂമിയിലെ അനുഭവങ്ങളെക്കുറിച്ച് വായിക്കുമ്പോൾ നാം വ്യക്തിപരമായ എന്തു ബാധകമാക്കൽ നടത്തണം? (1 കൊരി. 10:6-11)
നടത്ത സംബന്ധിച്ച് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതിയ ബുദ്ധിയുപദേശം ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുളളവർക്ക് ബാധകമാകുന്നുവോ? (സംഖ്യാ. 15:16; യോഹ. 10:16 താരതമ്യപ്പെടുത്തുക.)
നാം ക്രിസ്തീയ സഭയുമായി നല്ല നിലയിൽ ആണെങ്കിൽപോലും നമുക്കിപ്പോൾത്തന്നെ അറിയാവുന്ന ബൈബിൾ ബുദ്ധിയുപദേശം കൂടുതൽ പൂർണ്ണമായി ബാധകമാക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ പരിചിന്തിക്കേണ്ടയാവശ്യമുണ്ടോ? (2 കൊരി. 13:5; 1 തെസ്സ. 4:1)
(5) നിങ്ങൾ വായിക്കുന്നത് മററുളളവരെ സഹായിക്കാൻ എങ്ങനെ ഉപയോഗിക്കാമെന്ന് ചിന്തിക്കുക
യായിറോസിന്റെ മകളുടെ പുനരുത്ഥാനത്തെ സംബന്ധിച്ച വിവരണത്താൽ ആരെ സഹായിക്കാവുന്നതാണ്? (ലൂക്കോ. 8:41, 42, 49-56)
13. തുടർച്ചയായ ഒരു ബൈബിൾ വായനാപരിപാടിയിൽനിന്നും യഹോവയുടെ സ്ഥാപനത്തോടൊത്തുളള പഠനത്തിൽനിന്നും നമുക്ക് എന്തു ഫലങ്ങൾ പ്രതീക്ഷിക്കാം?
13 ഈ രീതിയിൽ ബൈബിൾവായന നടത്തുമ്പോൾ എത്ര സമൃദ്ധമായി പ്രതിഫലദായകമായിത്തീരുന്നു! തീർച്ചയായും ബൈബിൾ വായന ഒരു വെല്ലുവിളിയാണ്—അത് ഒരു ആയുഷ്ക്കാലം മുഴുവൻ നമുക്കു പ്രയോജനകരമായി പ്രാവർത്തികമാക്കാവുന്ന ഒരു പദ്ധതിയാണ്. എന്നാൽ നാം അങ്ങനെ ചെയ്യുമ്പോൾ നാം ആത്മീയമായി ഏറെ ശക്തരായിത്തീരും. അതു നമ്മുടെ സ്നേഹവാനാം പിതാവായ യഹോവയോടും നമ്മുടെ ക്രിസ്തീയ സഹോദരൻമാരോടും നമ്മെ കൂടുതൽ അടുപ്പിക്കും. അതു “ജീവന്റെ വചനത്തിൻമേൽ ഒരു ദൃഢമായ പിടി” നിലനിർത്താനുളള ബുദ്ധിയുപദേശം അനുസരിക്കുന്നതിന് നമ്മെ സഹായിക്കും.—ഫിലി. 2:16.
പുനരവലോകന ചർച്ച
● ബൈബിൾ എഴുതപ്പെടുകയും നമ്മുടെ നാളോളം സൂക്ഷിക്കപ്പെടുകയും ചെയ്തതെന്തുകൊണ്ട്?
● അതിനെ വിലമതിക്കുന്നതിന് നമുക്കു മററുളളവരെ എങ്ങനെ സഹായിക്കാൻ കഴിയും?
● വ്യക്തിപരമായ നിരന്തര ബൈബിൾവായന പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്? നാം വായിക്കുന്നത് ഏത് അഞ്ചു വീക്ഷണഗതികളിൽ നിന്ന് നമുക്ക് പ്രയോജനകരമായി വിശകലനം ചെയ്യാൻ കഴിയും?
[27-ാം പേജിലെ ചതുരം/ചിത്രം ]
നിങ്ങൾ ബൈബിൾ വായിക്കുമ്പോൾ പരിചിന്തിക്കേണ്ടവ—
ഓരോ ഭാഗവും ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെക്കുറിച്ച് നിങ്ങളോട് പറയുന്നത്
അതു ബൈബിളിന്റെ ആകമാന വിഷയത്തോടു എങ്ങനെ ബന്ധപ്പെടുന്നുവെന്ന്
സന്ദർഭം അർത്ഥത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്
അതു നിങ്ങളുടെ സ്വന്തം ജീവിതത്തെ എങ്ങനെ ബാധിക്കണമെന്ന്
മററുളളവരെ സഹായിക്കാൻ നിങ്ങൾക്ക് അത് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന്