പുതിയ സർക്കിട്ട് സമ്മേളന പരിപാടി
1 അടുത്ത വർഷം ആരംഭത്തിൽ തുടങ്ങാനിരിക്കുന്ന പുതിയ സർക്കിട്ട് സമ്മേളന പരിപാടിയിൽ വികസിപ്പിക്കപ്പെടുന്ന വിഷയം “ഉണർന്നിരിക്ക, ഉറച്ചു നിൽക്ക, ശക്തി പ്രാപിക്ക” എന്നതായിരിക്കും. അത് ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളോടുളള പൗലോസിന്റെ പ്രോത്സാഹന വാക്കുകളെ അടിസ്ഥാനമാക്കിയുളളതാണ്, അവ രേഖപ്പെടുത്തിയിരിക്കുന്നത് 1 കൊരിന്ത്യർ 16:13-ലും.
2 ആത്മീയമായ ആത്മപരിശോധനയ്ക്കുളള നമ്മുടെ നിരന്തര ആവശ്യത്തെ എടുത്തുകാട്ടിക്കൊണ്ട് പരിപാടി ആരംഭിക്കും. ഈ “അന്ത്യകാലത്തു” ശരിയായതിനു വേണ്ടി ഉറച്ച ഒരു നിലപാടു സ്വീകരിക്കുന്നതിന് യഹോവയോടുളള നമ്മുടെ ബന്ധത്തെയും അവന്റെ ഭൗമിക സ്ഥാപനത്തോടൊത്തുളള നമ്മുടെ നിലയെയും നാം വാസ്തവികമായി വിലയിരുത്തേണ്ട ആവശ്യമുണ്ട്. (2 തിമൊ. 3:1) നമ്മുടെ സകല കഠിനാധ്വാനത്തോടുമുളള ദൈവത്തിന്റെ വിലമതിപ്പിനെക്കുറിച്ചു നാം ഓർമിപ്പിക്കപ്പെടും. നമ്മുടെ ക്രിസ്തീയ ഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാതൃകായോഗ്യമായ നടത്ത നിലനിർത്തുന്നതിനും കഴിയുന്ന വിധങ്ങളിൽ നാം പരിശീലിപ്പിക്കപ്പെടേണ്ട ആവശ്യമുണ്ട്.
3 ആത്മീയ പുരോഗതിക്കും ഉത്തരവാദിത്വത്തിനും വേണ്ടി എത്തിപ്പിടിക്കവേ ശിഷ്യരാക്കൽ വേലയിൽ തീക്ഷ്ണതയുളളവരായിരിക്കേണ്ട ആവശ്യത്തിനും ഊന്നൽ ലഭിക്കും. ക്രമമായ ഒരു ആത്മീയ പോഷണ പരിപാടി വ്യക്തികൾക്കും കുടുംബങ്ങൾക്കും നിലനിർത്താൻ കഴിയുന്ന വിധം സംബന്ധിച്ചുളള പ്രായോഗിക നിർദേശങ്ങൾ പല പ്രസംഗങ്ങളിലും പ്രകടനങ്ങളിലും ചർച്ചകളിലും വിശേഷവത്കരിക്കപ്പെടും.
4 ശനിയാഴ്ച യോഗ്യരായ വ്യക്തികൾക്കു ജലസ്നാപനമേൽക്കുകവഴി തങ്ങളുടെ സമർപ്പണത്തിന്റെ പരസ്യപ്രഖ്യാപനം നടത്താൻ കഴിയും. ഞായറാഴ്ച പരസ്യപ്രസംഗത്തിനു ഹാജരാകാൻ നാമെല്ലാവരും ആഗ്രഹിക്കും, അതിന്റെ വിഷയം “ദൈവമുമ്പാകെ നിങ്ങളുടെ നില എന്താണ്?” എന്നതായിരിക്കും.
5 എല്ലായ്പോഴും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആത്മാവിൽ അന്യോന്യം ഇടപെട്ടുകൊണ്ട് വിശ്വാസത്തിൽ ബലിഷ്ഠരായി നിൽക്കാനുളള പ്രോത്സാഹനത്തോടെ പരിപാടി സമാപിക്കും. ‘സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കാൻ’ യഹോവ നമുക്കെല്ലാവർക്കും തരുന്ന വിശേഷ അവസരങ്ങളിൽ ഒന്നാണ് സർക്കിട്ട് സമ്മേളനം. (എബ്രാ. 10:24, 25) രണ്ടു ദിവസത്തെയും മുഴു പരിപാടിയിലും സംബന്ധിക്കാൻ സുനിശ്ചിത ആസൂത്രണങ്ങൾ നടത്തുക.