യുവജനങ്ങൾ ചോദിക്കുന്നു. . .
ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത് എന്തിന്?
“ഓരോരുത്തർക്കും സ്വന്തം മതമുണ്ട്. നിങ്ങൾ നിങ്ങളുടെ ദൈവത്തെ മററുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്.”—14 വയസ്സുകാരൻ രാശേഷ്, ഗയാനാ.
“തുടർന്നുണ്ടാകുന്ന പരിഹാസം ഓർക്കുമ്പോഴുള്ള ലജ്ജ നിമിത്തം ദൈവത്തെക്കുറിച്ചു സംസാരിക്കാൻ എനിക്കു വൈമനസ്യമാണ്.”—17 വയസ്സുകാരൻ രോഹൻ, ഗയാന.
“ദൈവം നമ്മുടെ സ്രഷ്ടാവാകയാലും നമ്മുടെ ജീവനു നാം അവനോടു കടപ്പെട്ടിരിക്കുന്നതിനാലും നാം അവനെക്കുറിച്ചു സംസാരിക്കണം.”—13 വയസ്സുകാരൻ മാർക്കോ, ജർമനി.
യുവജനങ്ങളുടെ ഒരു കൂട്ടം സംസാരിക്കുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ഈ സങ്കടകരമായ നിഗമനത്തിലെത്താനിടയുണ്ട്: തീർച്ചയായും യുവജനങ്ങളുടെ ഇടയിൽ ഏറിയ പങ്കിന്റെയും ഏററവും പ്രീതിയുള്ള സംസാരവിഷയമേയല്ല ദൈവം. സ്പോർട്ട്സ്, വസ്ത്രങ്ങൾ, ഏററവും പുത്തൻ ചലച്ചിത്രങ്ങൾ, വിപരീതലിംഗവർഗം—ഈ വകയെക്കുറിച്ചു സംസാരിക്കുക, എങ്കിൽ നിങ്ങൾ സാധാരണമായി ഒരു സജീവ ചർച്ചക്കു വഴിമരുന്നിടാനിടയുണ്ട്. പക്ഷേ, ദൈവത്തെക്കുറിച്ചു പറയാൻ മുതിർന്നാൽ ഒരു മൂടൽമഞ്ഞുപോലെ കനത്ത നിശബ്ദത പരക്കാനാണു സാദ്ധ്യത.
ചില യുവജനങ്ങൾ കേവലം ദൈവത്തിൽ വിശ്വസിക്കുന്നില്ല. അവർക്ക് അവനെ കാണാൻ കഴിയാത്തതിനാൽ അവൻ സ്ഥിതിചെയ്യുന്നുണ്ടാവില്ല—അവനെക്കുറിച്ചുള്ള സംസാരം സമയം പാഴാക്കലാണെന്നു തോന്നുന്നു. എന്നിരുന്നാലും, യുവജനങ്ങളുടെ ഇടയിൽ നിരീശ്വരൻമാർ ന്യൂനപക്ഷമാണെന്നു തീർച്ചയാണ്. ഒരു ഗാലപ് അഭിപ്രായ വോട്ടെടുപ്പനുസരിച്ച് ഐക്യനാടുകളിലെ യുവജനങ്ങളുടെ ഏതാണ്ടു 95 ശതമാനം ദൈവത്തിൽ വിശ്വസിക്കുകതന്നെ ചെയ്യുന്നു. യഥാർഥത്തിൽ, ഗാലപ് ഇങ്ങനെ നിഗമനംചെയ്തു: “അനേകം യുവജനങ്ങൾക്കു തങ്ങളുടെ സങ്കല്പത്തിലുള്ള ദൈവം അവ്യക്തവും അമൂർത്തവുമായ ഒരു തത്ത്വമല്ല, പിന്നെയോ തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അതനുസരിച്ചു അവർക്കു പ്രതിഫലമോ ശിക്ഷയോ കൊടുക്കുകയും ചെയ്യുന്ന ഒരു ആളത്വമുള്ള ദൈവമാണ്.” അപ്പോൾ, തങ്ങൾ വിശ്വസിക്കുന്നതിനെക്കുറിച്ചു സംസാരിക്കാൻ യുവജനങ്ങളിൽ ഒട്ടേറെ പേർക്കു വിമുഖത ഉള്ളത് എന്തുകൊണ്ട്?
ചിലർ പിൻമാറിനിൽക്കുന്നതിന്റെ കാരണം
വിശ്വാസകാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് അപമര്യാദയാണെന്നും മതപരമായ ആശയങ്ങൾ അവനവന്റെ ഉള്ളിൽ സൂക്ഷിക്കുന്നതാണ് ഏററം നല്ലതെന്നും പലരും ചിന്തിക്കുന്നതായി തോന്നുന്നു. ദൈവത്തെക്കുറിച്ചു ചർച്ചചെയ്യുകയെന്ന ആശയംതന്നെ ചില ചെറുപ്പക്കാർക്ക് അമ്പരപ്പിനു കാരണമാണ്. ‘അങ്ങനെ ചെയ്യുന്നത് അത്ര പന്തിയല്ല,’ അവർ ന്യായവാദംചെയ്യുന്നു.
നിങ്ങളുടെ സമപ്രായക്കാരുടെ കാഴ്ചപ്പാട് എന്തായിരുന്നാലും, ഈ പ്രശ്നത്തിൽ നിങ്ങൾ എവിടെ നിലകൊള്ളുന്നു? നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളായിട്ടാണു വളർത്തപ്പെട്ടതെങ്കിൽ ഈ പ്രശ്നം വിശേഷാൽ പ്രസക്തമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സാക്ഷീകരണം, ദൈവത്തെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുന്നത്, ആ വിശ്വാസത്തിന്റെ കാതൽതന്നെയാണ്!—യെശയ്യാവു 43:9, 10; മത്തായി 24:14.
അങ്ങനെയാണെങ്കിൽപ്പോലും, സാക്ഷികളായ ചില ചെറുപ്പക്കാർ ചിലപ്പോഴൊക്കെ അവർ അഭിമുഖീകരിക്കുന്ന എതിർപ്പു നിമിത്തം നിരുത്സാഹിതരായി പൊതു പ്രസംഗവേലയിൽ ഏർപ്പെടുന്നതിൽനിന്നു പിൻമാറിനിൽക്കുന്നു—അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളുടെ പ്രേരണനിമിത്തം മാത്രം പങ്കെടുക്കുന്നു. മററു ചിലർ ആ വേലയിൽ പങ്കെടുക്കുന്നു, എന്നാൽ തങ്ങളുടെ സതീർഥ്യരിൽ ആരും അവർ അങ്ങനെ ചെയ്യുന്നതായി കാണരുതേ എന്നു രഹസ്യമായി ആശിക്കുന്നു. സ്കൂളിൽ, ചിലർ തങ്ങളുടെ മതവിശ്വാസങ്ങളെ ഒരു രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുന്നു. മിക്കപ്പോഴും ഇതിനു കാരണം സഹപാഠികളിൽനിന്നുള്ള പരിഹാസത്തെ അവർ ഭയപ്പെടുന്നുവെന്നതാണ്. “ദൈവത്തെക്കുറിച്ചു പറയാൻ എനിക്കു പേടിയാണ്,” ചെറുപ്പക്കാരിയായ റയൻ സമ്മതിക്കുന്നു, “എന്തുകൊണ്ടെന്നാൽ എന്റെ കൂട്ടുകാർ എന്നെ ചീത്ത വിളിക്കുമായിരുന്നു, സംസാരം തുടരാൻ എനിക്കു ധൈര്യമില്ലായിരുന്നു.”
ഇനി ബൈബിൾപ്രമാണങ്ങളനുസരിച്ചു പൂർണമായി ജീവിക്കാൻ കഴിയില്ലെന്നു ഭയപ്പെടുന്നതുകൊണ്ടു പിൻമാറിനിൽക്കുന്നവരുണ്ട്. “യൌവനസഹജമായ മോഹങ്ങ”ളുടെ ആകർഷണം തോന്നി എന്തെങ്കിലും തെററു ചെയ്താലോ എന്നുവച്ച് ക്രിസ്ത്യാനികളായി തങ്ങളേത്തന്നെ തിരിച്ചറിയിക്കാതിരിക്കുന്നതായിരിക്കും ഏററവും നല്ലതെന്ന് അവർ ന്യായവാദംചെയ്യുന്നു.—2 തിമൊഥെയൊസ് 2:22.
ചിലർ ദൈവത്തെക്കുറിച്ചു സംസാരിക്കാത്തത് അവർ അതിന് അപ്രാപ്തരാണെന്നു വിചാരിക്കുന്നതുകൊണ്ടു മാത്രമാണ്. പത്തൊൻപതുവയസ്സുകാരനായ വിൽററൻ അതിങ്ങനെ പ്രസ്താവിച്ചു: “ഞാൻ ദൈവത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾക്കു മതിയായ കാരണങ്ങൾ കൊടുക്കാൻ എനിക്കു പ്രാപ്തിയില്ല എന്നു വിചാരിച്ചതുകൊണ്ട് എന്റെ കൂട്ടുജോലിക്കാരോട് അവനെക്കുറിച്ചു പറയാൻ പ്രയാസം തോന്നി. എന്റെ വിശ്വാസങ്ങളെപ്രതി എന്നെ വെല്ലുവിളിച്ചാൽ എനിക്കു തൃപ്തികരമായ ഉത്തരം ഉണ്ടാവില്ലെന്ന് എനിക്കു തോന്നി.”
ഒരു ക്രിസ്തീയ കടപ്പാട്
ഇതുപോലുള്ള കാരണങ്ങളാൽ ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതിൽനിന്നു നിങ്ങളും പിൻമാറിനിൽക്കുകയായിരിക്കുമോ? അങ്ങനെയെങ്കിൽ, നിങ്ങൾ ഒററക്കല്ല. മററു യുവാക്കളും ഇതേ വിചാരങ്ങളുമായി മല്ലടിച്ചിട്ടുണ്ട്. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നതിൽനിന്നു നിരുത്സാഹപ്പെടുത്തിയേക്കാവുന്ന സകല കാര്യങ്ങളും ഗണ്യമാക്കാതെ മററുള്ളവരോടു ദൈവത്തെക്കുറിച്ചു സംസാരിക്കാൻ നിർബന്ധകാരണങ്ങളുണ്ട്. ഇവയിൽ ചിലത് എന്തൊക്കെയാണ്?
തുടക്കത്തിൽ പറഞ്ഞ യുവ മാർക്കോ, “ദൈവം നമ്മുടെ സ്രഷ്ടാവായതുകൊണ്ടും നമ്മുടെ ജീവനു നമ്മൾ അവനോടു കടപ്പെട്ടിരിക്കുന്നതുകൊണ്ടും നാം അവനെക്കുറിച്ചു സംസാരിക്കണം” എന്നു പറഞ്ഞതു വളരെ ഉചിതമായിരുന്നു. (വെളിപ്പാടു 4:11) അതേ, ജീവൻ വിലയേറിയ ഒരു ദാനമാണ്. ദൈവത്തെസംബന്ധിച്ചു “നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 36:9) ഈ ദാനം ലഭിച്ചിരിക്കകൊണ്ട് നിങ്ങൾ അതിനു നന്ദി പ്രകടിപ്പിക്കേണ്ടതല്ലേ?
നന്ദി പ്രകടമാക്കാനുള്ള ഒരു മാർഗം മററുള്ളവരുടെ സാന്നിദ്ധ്യത്തിൽ യഹോവയാം ദൈവത്തെ സ്തുതിക്കുകയാണ്. അവനാണു സൂര്യന്റെയും ചന്ദ്രന്റെയും മഴയുടെയും നാം ശ്വസിക്കുന്ന വായുവിന്റെയും നാം ഭക്ഷിക്കുന്ന ആഹാരത്തിന്റെയും കാരണഭൂതൻ. (പ്രവൃത്തികൾ 14:15-17) “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കയും ഉയരത്തിൽനിന്നു” വരുന്നുവെന്നു ശിഷ്യനായ യാക്കോബ് പറഞ്ഞു. (യാക്കോബ് 1:17) ഈ ദാനങ്ങളെ പ്രതി നിങ്ങൾ ദൈവത്തിനു നന്ദി കൊടുക്കുന്നുവോ? (കൊലൊസ്സ്യർ 3:15) നിങ്ങളുടെ നന്ദി പ്രകടിപ്പിക്കുന്നതിനു ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതിനെക്കാൾ നല്ല മാർഗമെന്തുണ്ട്?—ലൂക്കൊസ് 6:45.
യഥാർഥത്തിൽ, തന്നേക്കുറിച്ചു സംസാരിക്കാൻ ദൈവം നമ്മോടു കല്പിക്കുന്നു. “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന് അവന്റെ പുത്രനായ യേശുക്രിസ്തു ക്രിസ്ത്യാനികളോടു കല്പിച്ചു. (മത്തായി 28:19, 20) ഈ വേലയിൽ പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നു യുവജനങ്ങൾ ഒഴിവാക്കപ്പെടുന്നില്ല. സങ്കീർത്തനക്കാരൻ ഇങ്ങനെ കല്പിക്കുന്നു: “യഹോവയെ സ്തുതിപ്പിൻ . . . യുവാക്കളും യുവതികളും വൃദ്ധൻമാരും ബാലൻമാരും ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” (സങ്കീർത്തനം 148:7, 12, 13) എന്നാൽ ഈ നിയോഗത്തെ നിങ്ങൾ ഒരു ഭാരമായി കരുതേണ്ടതില്ല. യഥാർഥത്തിൽ, അത് ഒരു പദവിയാണ്—നിങ്ങൾക്കു വാസ്തവമായി ‘ദൈവത്തിന്റെ കൂട്ടുവേലക്കാരിൽ’ ഒരാളായിരിക്കാൻ കഴിയും.—1 കൊരിന്ത്യർ 3:9.
നിങ്ങൾക്കു യോഗ്യതയുണ്ടെന്നു കേവലം തോന്നുന്നില്ലെങ്കിലോ? ബൈബിൾകാലങ്ങളിൽ പ്രവാചകനായ യിരെമ്യാവിനു അങ്ങനെയുള്ള വിചാരങ്ങൾ ഉണ്ടായിരുന്നു. “അയ്യോ യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ” എന്ന് അദ്ദേഹം പറഞ്ഞു. യഹോവയുടെ പ്രതിവചനം എന്തായിരുന്നു? “ഞാൻ ബാലൻ എന്നു നീ പറയരുത്; ഞാൻ നിന്നെ അയക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കുകയും വേണം.” (യിരെമ്യാവു 1:6, 7) യഹോവയുടെ സഹായത്താൽ 40 വർഷം യിരെമ്യാവ് അതുതന്നെ ചെയ്തു!
ഇന്നത്തെ ക്രിസ്ത്യാനികളെ സംബന്ധിച്ചും അങ്ങനെതന്നെയാണ്, “ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.” (2 കൊരിന്ത്യർ 3:5) നിങ്ങൾ സ്വഭാവവശാൽത്തന്നെ ലജ്ജയോടെ പിൻവാങ്ങുന്ന തരക്കാരനായാലും സംസാരിക്കാനുള്ള ധൈര്യം ലഭിക്കാൻ ദൈവത്തിനു നിങ്ങളെ സഹായിക്കാൻ കഴിയും. ദൈവവചനത്തിന്റെ ഒരു ഉപദേഷ്ടാവെന്ന നിലയിൽ കൂടുതൽ ‘പ്രാപ്തനായി’ത്തീരുന്നതിനു നിങ്ങളെ സഹായിക്കാൻ കഴിയുന്ന കരുതലുകൾ ക്രിസ്തീയ സഭക്കുള്ളിലുണ്ട്. എന്തെങ്കിലും വ്യക്തിപരമായ സഹായം നിങ്ങൾക്ക് ആവശ്യമുണ്ടെന്നു തോന്നുന്നുവെങ്കിൽ, സഭാമേൽവിചാരകൻമാരിലൊരാളോടു നിങ്ങൾക്ക് എന്തുകൊണ്ടു സംസാരിച്ചുകൂടാ? ആകെ വേണ്ടതു വ്യക്തിപരമായ ബൈബിളദ്ധ്യയന പരിപാടി വികസിപ്പിക്കുകയോ കൂടുതൽ അനുഭവപരിചയമുള്ള ആരോടെങ്കിലുമൊത്തു പ്രവർത്തിക്കുകയോ മാത്രമായിരിക്കാം.
നിങ്ങൾക്കു സാധിക്കുന്നത്
ദൈവത്തെക്കുറിച്ചുള്ള സംസാരത്തിനു നിങ്ങൾക്കു നേട്ടത്തിന്റെ ഒരു യഥാർഥ ബോധം പകർന്നുതരാൻ കഴിയും. ഒരു സംഗതി, നിങ്ങളുടെ സമപ്രായക്കാരിൽ അനേകർ ഉത്തരങ്ങൾക്കുവേണ്ടി പരതുകയാണ്, മിക്കവാറും സഹായത്തിനായി കേഴുകയാണ് എന്നതാണ്. അവർക്കു ലക്ഷ്യബോധമില്ല, ഭാവിയെക്കുറിച്ചുള്ള വ്യക്തമായ ദർശനവുമില്ല. ‘നാം ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്? നാം എങ്ങോട്ടു പോകുന്നു? ലോകത്തിൽ ഇത്ര കുഴപ്പം നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?’ എന്നറിയാൻ അവർക്ക് ആഗ്രഹമുണ്ട്. ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ട്, നിങ്ങളുടെ സമപ്രായക്കാർക്ക് അങ്ങനെയുള്ള അറിവു പകർന്നുകൊടുക്കാൻ ഏററവും പററിയ സ്ഥാനത്തായിരിക്കുന്നതു നിങ്ങളായിരിക്കാനാണിട. അവർക്കു നിങ്ങളോടു ബന്ധം സ്ഥാപിക്കാൻ കഴിയും, ഒരു മുതിർന്ന ആളെ അപേക്ഷിച്ച് അവരുടെ പ്രായത്തിലുള്ള ഒരാളോടു സംസാരിക്കാനുമിടയുണ്ട്.
ചില സമയങ്ങളിൽ നിങ്ങൾ നിരസനത്തെ അഭിമുഖീകരിക്കുമെന്നുള്ളതു സത്യംതന്നെ. എന്നാൽ ബൈബിളിന്റെ സന്ദേശത്തിനു ചെവികൊടുക്കുന്ന വ്യക്തികളെയും നിങ്ങൾ കണ്ടെത്തും. ഒരു യുവസാക്ഷി യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളുംa എന്ന പുസ്തകത്തിന്റെ സ്വന്തം പ്രതി വായിച്ചുകൊണ്ട് ഒരു ബസ്സിൽ ഇരിക്കുകയായിരുന്നു. അവളുടെ അടുത്തിരുന്ന ഒരു ആൺകുട്ടി ഒപ്പം വായിക്കാൻ തുടങ്ങി. “ഇതു നല്ല ഒരു പുസ്തകമാണ്!” ആൺകുട്ടി ആശ്ചര്യപൂർവം പറഞ്ഞു. “ഈ പുസ്തകം ദൈവത്തെക്കുറിച്ചു ധാരാളം പറയുന്നുണ്ട്. മിക്കയാളുകളും മതത്തിൽ തത്പരരല്ല.” യുവസാക്ഷി ദൈവനാമം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഗഹനമായ ഒരു ചർച്ച നടത്തുന്നതിന് ഇതൊരു അവസരമായി ഉപയോഗിച്ചു.
നിങ്ങൾ ഒരു ക്രിസ്ത്യാനിയായി നിങ്ങളെ തിരിച്ചറിയിക്കുമ്പോൾ ഒരു ക്രിസ്ത്യാനിയായിത്തന്നെ പെരുമാറാൻ നിങ്ങൾക്കു കടപ്പാടുണ്ട്. (1 പത്രൊസ് 2:12) എന്നാൽ നല്ല ക്രിസ്തീയ നടത്ത നിങ്ങളുടെ സന്ദേശത്തിന്റെ ബഹുമതി വർദ്ധിപ്പിക്കുകയേയുള്ളു. എറിക് എന്നു പേരുള്ള ഒരു യുവാവിന്റെ അനുഭവം പരിചിന്തിക്കുക. തന്റെ സ്കൂളിലെ സാക്ഷികളായ യുവജനങ്ങളുടെ നല്ല നടത്തയിൽ അവനു മതിപ്പുതോന്നി. ഇതു ദൈവത്തെക്കുറിച്ചു കൂടുതലറിയാനുള്ള അവന്റെ താത്പര്യത്തെ ഉണർത്തി. അവനുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. ഇന്ന് അവൻ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ലോക ആസ്ഥാനത്തു സേവിക്കുന്ന ഒരു ക്രിസ്ത്യാനിയാണ്.
ദൈവത്തെക്കുറിച്ചുള്ള സംസാരത്തിനു നിങ്ങളെയും സഹായിക്കാൻ കഴിയും! അതിന് ഒരു സംരക്ഷണമായിരിക്കാൻ കഴിയും. നിങ്ങളുടെ കൂട്ടുകാർ നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളാണെന്നറിയുമ്പോൾ അവരിൽ പലരും നിങ്ങളെ ബഹുമാനിക്കും. നിങ്ങൾക്ക് ഉയർന്ന നിലവാരങ്ങളുണ്ടെന്നും ദുഷ്പ്രവൃത്തിയിലേർപ്പെടാൻ നിങ്ങളുടെമേൽ സമ്മർദം ചെലുത്താൻ ശ്രമിക്കുമ്പോൾ പ്രതികരണമായി നിങ്ങൾ അവർക്ക് ഒരു സാക്ഷ്യംകൊടുക്കാനിടയുണ്ടെന്നും അവർ തിരിച്ചറിയുമ്പോൾ അവർ അങ്ങനെ ചെയ്യുന്നതിന് അധികം ചായ്വു കാണിക്കുകയില്ല.
തീർച്ചയായും, നിങ്ങൾ വായ് തുറക്കുമ്പോഴെല്ലാം തിരുവെഴുത്തുകൾ ഉദ്ധരിക്കണമെന്ന് അതിനർഥമില്ല. അപ്പോഴും നിങ്ങൾക്കു സ്പോർട്ട്സിലും വസ്ത്രങ്ങളിലും അല്ലെങ്കിൽ സംഗീതത്തിലും താത്പര്യമുണ്ടായിരിക്കുമല്ലോ. ചിലപ്പോഴൊക്കെ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനും ആഗ്രഹിച്ചേക്കാം. എന്നാൽ “ഹൃദയം നിറഞ്ഞുകവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.” (മത്തായി 12:34) ദൈവത്തോടുള്ള സ്നേഹം യഥാർഥമായി നിങ്ങളുടെ ഹൃദയത്തിലുണ്ടെങ്കിൽ നിങ്ങൾ സ്വാഭാവികമായി അവനെക്കുറിച്ചു സംസാരിക്കാനാഗ്രഹിക്കും. ഒരു ഭാവി ലക്കത്തിൽ, നിങ്ങൾക്കു ഫലപ്രദമായി അങ്ങനെ ചെയ്യാൻ കഴിയുന്ന ചില വിധങ്ങൾ ഞങ്ങൾ ചർച്ചചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധപ്പെടുത്തിയത്.
[15-ാം പേജിലെ ചിത്രം]
നിങ്ങൾ പരസ്യമായി പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ സതീർഥ്യർ നിങ്ങളെ കാണുമ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നുവോ?