ക്രിസ്തു യുവജനങ്ങൾക്ക് ഒരു മാതൃക
1 ദീർഘനേരത്തെ ഒരു ബൈബിൾ ചർച്ചക്കുശേഷം ഒരു യുവാവ് ഇങ്ങനെ പ്രസ്താവിച്ചു: “യേശുക്രിസ്തുവിന്റെ ഉജ്ജ്വലമായ വ്യക്തിത്വം എന്നിൽ ശരിക്കും മതിപ്പുളവാക്കി. എനിക്ക് ആശ്രയമർപ്പിക്കാൻ കഴിയുന്ന ഒരു നായകൻ ഇതാ.” ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിനെയോ സ്പോർട്സിലെയോ വിനോദരംഗത്തെയോ താരങ്ങളെയോ സംബന്ധിച്ച് അങ്ങനെ പറയാനാവില്ല. ലൗകിക പ്രമാണങ്ങളും ക്രിസ്തീയവിരുദ്ധ ജീവിതരീതിയും നിസ്സങ്കോചം സ്വീകരിക്കുന്നവരെ സത്യക്രിസ്ത്യാനികൾ മാതൃകാ പാത്രങ്ങളായി വീക്ഷിക്കുന്നില്ല.—സങ്കീ. 146:3, 4.
2 യുവജനങ്ങൾ യേശുക്രിസ്തുവിൽ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ അവർ ദൈവത്തിന്റെ ചെമ്മരിയാടുകളായി തങ്ങളെ സ്വയം സമർപ്പിക്കുന്നുവെന്നും യേശു അവരെ അറിയുന്നുവെന്നും അവർക്ക് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്. ആ നല്ല ഇടയൻ അവർക്കുവേണ്ടി കരുതുന്നു. (യോഹ. 10:14, 15, 27) തങ്ങളുടെ മാതൃകാപുരുഷനായി യേശുവിനെ പിൻപറ്റുന്ന യുവജനങ്ങൾ അനുഗൃഹീതരാണ്.
3 ബ്രുക്ലിൻ ബെഥേലിൽ ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന ഒരു സഹോദരൻ എട്ടു വയസ്സുള്ളപ്പോൾ മുതൽ ഈ സേവനപദവി ലക്ഷ്യമിട്ടിരുന്നതാണ്. ക്രിസ്തുവിന്റെ മാതൃക പിൻപറ്റുന്നതിനുള്ള ഒരു പ്രായോഗിക രീതിയായി ബെഥേൽ സേവനത്തെ കാണാൻ വളർന്നുവന്നപ്പോൾ അദ്ദേഹം പ്രോത്സാഹിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കളും അതുപോലെതന്നെ സഞ്ചാരമേൽവിചാരകൻമാരും ഈ ലക്ഷ്യം അദ്ദേഹത്തിന്റെ മുന്നിൽ വച്ചു. അതിനായി ഒരുങ്ങാൻ അദ്ദേഹത്തെ സഹായിക്കുന്നതിന് വീട്ടുജോലികൾ ചെയ്യുന്നതിനും രാജ്യഹാൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ശുശ്രൂഷയിൽ തന്റെ കഴിവു വികസിപ്പിച്ചെടുക്കുന്നതിനും ഒരു ബെഥേലംഗത്തെപ്പോലെ കഠിനമായി പരിശ്രമിക്കാൻ അവർ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ വർഷങ്ങളോളം ബെഥേൽ സേവനം ആസ്വദിച്ചിരിക്കുന്ന അദ്ദേഹം വളർന്നുവരവേ ക്രിസ്തുവിനെ മാതൃകയായി അനുകരിക്കാൻ ശ്രമം നടത്തിയതിൽ നന്ദിയുള്ളവനാണ്.
4 യേശു ഒരു ലൗകിക ജീവിതവൃത്തി അനുധാവനം ചെയ്തില്ല; അവൻ ശുശ്രൂഷ തിരഞ്ഞെടുത്തു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ പയനിയറിങ് ചെയ്യാൻ ഒരു യുവ സഹോദരിക്ക് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അനുയോജ്യമായ ഒരു അംശകാലജോലി ഇല്ലാതിരുന്നതിനാൽ മടിച്ചുനിന്നു. ‘ആദ്യം ഞാനൊരു തൊഴിൽ കണ്ടെത്തും, എന്നിട്ട് പയനിയറിങ്ങിനുള്ള അപേക്ഷ അയക്കും,’ അവൾ ചിന്തിച്ചു. ഒരു മുഴുസമയജോലിയിൽ ഏർപ്പെടുന്നതിൽനിന്ന് അവളെ തടഞ്ഞുനിർത്തുന്ന യാതൊരു കാരണവുമില്ലാത്തതിനാൽ കൂടുതൽ കാലം കാത്തിരിക്കുന്തോറും അത് ആകർഷകത്വമുള്ളതായിത്തോന്നും എന്ന് ഒരു മൂപ്പൻ ചൂണ്ടിക്കാട്ടി. “എന്നെ നയിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനുവേണ്ടി അവനോടു പ്രാർഥിച്ചു,” അവൾ പറഞ്ഞു. അവൾ ഉടൻതന്നെ ഒരു സഹായ പയനിയറായി പേർ ചാർത്തുകയും പിന്നീട് ഒരു നിരന്തര പയനിയറായിത്തീരുകയും ചെയ്തു. അതിനുശേഷം തന്റെ പയനിയറിങ് പട്ടികയുമായി പൊരുത്തപ്പെട്ട ഒരു തൊഴിൽ അവൾ കണ്ടെത്തി.
5 യേശു സകലരോടും രാജ്യ സന്ദേശം സധൈര്യം പ്രഖ്യാപിച്ചു. (മത്താ. 4:23) യുവ ക്രിസ്ത്യാനികൾക്കും പ്രസംഗവേലയിൽ ധൈര്യമുള്ളവരായിരിക്കാൻ കഴിയും, മറ്റുള്ളവരെ ഭയപ്പെടേണ്ടതില്ല. 14 വയസ്സുള്ള ഒരു സാക്ഷി റിപ്പോർട്ടു ചെയ്തു: “ഒരു ക്രിസ്ത്യാനി എന്നനിലയിലുള്ള എന്റെ നിലപാട് സ്കൂളിൽ സകലർക്കുമറിയാം. . . . അവർക്കതു നന്നായി അറിയാവുന്നതുകൊണ്ട് ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ ഒരു സഹപാഠിയെ കണ്ടുമുട്ടിയാൽ എനിക്കു നാണക്കേടൊന്നും തോന്നാറില്ല. സാധാരണഗതിയിൽ സഹപാഠികൾ ശ്രദ്ധിക്കാറുണ്ട്. പലപ്പോഴും അവർ സാഹിത്യങ്ങളും സ്വീകരിക്കാറുണ്ട്.”
6 യേശുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നത് തങ്ങളുടെ ഭാവി സംബന്ധിച്ച് ജ്ഞാനപൂർവകമായ തീരുമാനമെടുക്കാൻ യുവജനങ്ങളെ സഹായിക്കും. ലൗകിക അനുധാവനങ്ങളിൽ വ്യാപൃതരായിരിക്കുന്നതിനു പകരം യഹോവയുടെ സേവനത്തിൽ തീക്ഷ്ണത പ്രകടമാക്കിക്കൊണ്ട് അവർ ‘തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്നു.’ (സഭാ. 12:1) യേശുക്രിസ്തുവിനെപ്പോലെ അവർ “പിതാവിന്റെ സ്നേഹം” നട്ടുവളർത്തുകയാണ്. അത് ലോകം വാഗ്ദാനം ചെയ്യുന്ന എന്തിനെക്കാളും ഏറെ അഭികാമ്യമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. ഈ പഴയ ലോകത്തോടൊപ്പം “ഒഴിഞ്ഞുപോകുന്ന”തിനു പകരം “എന്നേക്കും ഇരിക്കു”വാൻ അവർക്കു നോക്കിപ്പാർത്തിരിക്കാം.—1 യോഹന്നാൻ 2:15-17.