ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിക്കപ്പെടണം
“നീ എഴുന്നേററ് ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം അവരോട് പ്രസ്താവിക്കണം. അവർ നിമിത്തം ഒട്ടും ഭയപ്പെടരുത്.”—യിരെമ്യാവ് 1:17.
1. യഹോവയുടെ സാക്ഷികൾ നാസി ജർമ്മനിയിൽ ‘തങ്ങളുടെ വെളിച്ചം പ്രകാശിപ്പിച്ച’തെങ്ങനെ?
“കൂട്ടസംഹാരത്തിന്റെ രാജ്യത്ത് (നാസി ജർമ്മനി) യഹോവയുടെ സാക്ഷികളുടെ പീഡനം അവരുടെ ചരിത്രത്തിലെ മററു പീഡാനുഭവ സമയങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്നു.” (കൂട്ടസംഹാരത്തോടുള്ള സഭാ പ്രതിബദ്ധത, വാല്യം II) ജർമ്മൻ സാക്ഷികളെ സംബന്ധിച്ച് 1939 ജൂലൈ 15-ലെ സൗത്താഫ്രിക്കൻ ഡെയ്ലി ന്യൂസ് ഇങ്ങനെ പ്രസ്താവിച്ചു: “ഒരിക്കലും ഉലയാത്ത ഒരു ദീപംപോലെ ക്രിസ്തീയ സ്ത്രീപുരുഷൻമാരുടെ ഈ ചെറിയ സമൂഹം തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു, മ്യൂണിച്ചിലെ ഏകാധിപതിയുടെ (അഡോൾഫ് ഹിററ്ലർ) പാർശ്വത്തിലെ ഒരു മുള്ളും അയാളുടെ മരണക്കണക്കിന്റെ ഒരു ജീവിക്കുന്ന സാക്ഷ്യവുംതന്നെ.” ഈ വാക്കുകൾ തന്റെ അനുഗാമികൾ “ലോകത്തിന്റെ വെളിച്ച”മായിരിക്കണമെന്നും, എന്തു നഷ്ടമുണ്ടായാലും ലോകത്തിനുമുമ്പാകെ തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കേണ്ടതാണെന്നും യേശു പറഞ്ഞതിനെ നമ്മെ അനുസ്മരിപ്പിക്കുന്നു.—മത്തായി 5:11, 12, 14-16.
2, 3. ശ്രീലങ്കയിൽ നിർഭയമായ പ്രസംഗത്തിന്റെ ഏതു ദൃഷ്ടാന്തം വെയ്ക്കപ്പെട്ടു?
2 ഭീകരപ്രവർത്തനത്താൽ ചീന്തപ്പെട്ട ശ്രീലങ്കയിൽനിന്നുള്ള മറെറാരു റിപ്പോർട്ട് ഡേവിഡ് ഗുണരത്നം എന്ന ഒരു യുവ തമിഴ് സാക്ഷിയെക്കുറിച്ചു പറയുന്നു. അയാൾ യഥാർത്ഥ യിരെമ്യാ രീതിയിൽ നിർഭയം പട്ടാള അധികൃതരോടു സംസാരിച്ചു. ചോദ്യം ചെയ്യാൻ അയാളെയും മററ് യുവാക്കളെയും പിടികൂടിയതായിരുന്നു. റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “ആ മമനുഷ്യന്റെ പഠിപ്പിൽ ആഫീസർമാർക്കും പടയാളികൾക്കും അത്യന്തം മതിപ്പുതോന്നി. അതിലുപരി, വിശേഷാൽ, ‘ഭീകരപ്രവർത്തകർ എന്നറിയപ്പെടുന്ന ആരെ കണ്ടാലും ഞാൻ ഇതേ കാര്യങ്ങൾ അവരോടും പ്രസംഗിക്കും’ എന്നു പറഞ്ഞപ്പോഴത്തെ അയാളുടെ പ്രകടമായ ആത്മാർത്ഥതയിൽ അവർക്ക് അത്യന്തം മതിപ്പു തോന്നി.”
3 അതേ രാത്രിയിൽ ഭീകരപ്രവർത്തകർ അയാളെ അയാളുടെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോകുകയും സൈന്യത്തോടൊത്തുനിന്ന് പ്രവർത്തിക്കുന്നതായി കുററപ്പെടുത്തുകയും ചെയ്തു. അയാൾ തന്റെ നിഷ്പക്ഷതയിൽ ഉറച്ചുനിന്നുകൊണ്ട് താൻ ദൈവരാജ്യം പ്രസംഗിക്കുന്നേയുള്ളുവെന്ന് ഉറപ്പിച്ചു പറഞ്ഞു. “ഞാൻ ദൈവത്തിന്റെ വേല ചെയ്യുകയാണ്, ഇത് ചെയ്യുന്നതിൽ തുടരുകയും ചെയ്യും. ശ്രദ്ധിക്കുന്ന ആരോടും ഞാൻ വിവേചനം കൂടാതെ പ്രസംഗിക്കുന്നു.” ഭീകരപ്രവർത്തകർ ഈ ധീരസാക്ഷിയെ വെടിവെച്ചുകൊന്നു, ഒരു യുവ വിധവയെയും ഒരു ആൺകുഞ്ഞിനെയും പിമ്പിൽ വിട്ടുകൊണ്ടുതന്നെ.—പ്രവൃത്തികൾ 7:51-60 താരതമ്യപ്പെടുത്തുക.
4. ഒരു ലാററിൻ അമേരിക്കൻ രാജ്യത്ത് വൈദികരാലംഗീകരിക്കപ്പെട്ട യഹോവയുടെ സാക്ഷികളുടെ ഏതു പീഡനം നടന്നു?
4 ചില കത്തോലിക്കാ വൈദികരും പ്രസ്ബിറേററിയൻ വൈദികരും യഹോവയുടെ സാക്ഷികളുടെ പീഡനം അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്ന ഒരു ലാററിൻ അമേരിക്കൻ രാജ്യത്തുനിന്ന് ഈ റിപ്പോർട്ടു ലഭിച്ചിരിക്കുന്നു: “സൈനിക പാളയത്തിൽ അഞ്ച് യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു . . . അവരെ കൂടെക്കൂടെ അടിക്കുകയും ആഹാരം കൊടുക്കാതെ ഒററക്കിടുകയും ചെയ്തു. അവർ മററു പടയാളികളോടു പ്രസംഗിച്ചതുകൊണ്ട് ഞങ്ങളുടെ യൂണിററിലെ ഉപദേശിക്കലിന്റെ ചുമതലയുണ്ടായിരുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥൻ അവരെ ശിക്ഷിച്ചു. എല്ലാ വിമതരിലും വച്ച് യഹോവയുടെ സാക്ഷികളായിരുന്നു ഏററവും അപകടകാരികൾ.”
പ്രേരണയും പ്രതികരണവും
5. യിരെമ്യാവിന്റെ സംഗതിയിൽ എന്നപോലെ, സാക്ഷികളുടെ മേലുള്ള പീഡനത്തിനു പിന്നിൽ മിക്കപ്പോഴും എന്താണുള്ളത്?
5 അതെ, യിരെമ്യാവിന്റെ നാളിലെ മത രാഷ്ട്രീയ ഭരണാധികാരികളാൽ അവൻ പീഡിപ്പിക്കപ്പെട്ടതുപോലെ, യഹോവയുടെ സാക്ഷികൾ ഇതേ ഘടകങ്ങളാൽ ലോകവ്യാപകമായ എതിർപ്പിനെ അഭിമുഖീകരിക്കുന്നു. ഈ പ്രവർത്തനങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്? സാക്ഷികൾ ഏതു ജന സമുദായത്തിലെയും ഏററവും സമാധാനപ്രിയരും നിയമമനുസരിക്കുന്നവരുമായ വിഭാഗമാണെങ്കിലും അവരുടെ ശത്രുക്കൾ ദൈവവചനത്തെ അപകടകരമെന്ന് പരിഗണിക്കുന്നു, എന്തെന്നാൽ അവർ ദൈവരാജ്യത്തെക്കുറിച്ചുള്ള ദൂതിനെ എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. അവരുടെ വിട്ടുവീഴ്ചയില്ലാത്ത പ്രസംഗവും തത്വങ്ങളും സാത്താന്റെ വ്യവസ്ഥിതിയിലെ രാഷ്ട്രീയ, വ്യാപാര, മത ഘടകങ്ങളുടെ സ്വാർത്ഥതയേയും കാപട്യത്തെയും തുറന്നുകാട്ടുന്നു.—യോഹന്നാൻ 15:18, 19; 1 യോഹന്നാൻ 5:19.
6. യഹോവയുടെ സാക്ഷികൾ പീഡനത്തോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
6 എന്നിരുന്നാലും, തടവും പ്രഹരങ്ങളും മരണംപോലും ഗണ്യമാക്കാതെ, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ പഴയകാലത്തെ യിരെമ്യാവിനെപ്പോലെ പ്രതികരിച്ചിരിക്കുന്നു. സ്നേഹവും നയവും പ്രകടമാക്കുമ്പോൾത്തന്നെ, അവർ ജനതകളോട് ദൈവത്തിന്റെ ജനപ്രീതിയില്ലാത്ത ന്യായവിധികൾ പ്രസംഗിക്കുന്നതിൽ തുടരുന്നു. (2 തിമൊഥെയോസ് 2:23-26) മനുഷ്യരെക്കാൾ ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണെന്ന് അവർക്കറിയാം. (പ്രവൃത്തികൾ 4:19, 20; 5:29) ദൈവേഷ്ടം ചെയ്യുന്നതിൽ സഹിച്ചുനിൽക്കാൻ പൗലോസ് എബ്രായ ക്രിസ്ത്യാനികൾക്കു കൊടുത്ത ബുദ്ധിയുപദേശത്തെക്കുറിച്ച് അവർ ബോധമുള്ളവരാണ്. അങ്ങനെയെങ്കിൽ അവർ വാഗ്ദത്തനിവൃത്തി, നിത്യജീവൻ, പ്രാപിക്കും. അതുകൊണ്ട്, പൗലോസിനെയും യിരെമ്യാവിനെയും പോലെ, “ഇപ്പോൾ, നാം നാശത്തിലേക്ക് പിൻമാറുന്ന തരക്കാരല്ല, പിന്നെയോ ദേഹിയെ ജീവനോടെ സംരക്ഷിക്കത്തക്ക വിശ്വാസമുള്ള തരക്കാരാണ്” എന്ന് പറയാൻ നാം പ്രാപ്തരായിരിക്കണം.—എബ്രായർ 10:35-39.
ആധുനിക യിരെമ്യാവ് ക്രൈസ്തവലോകത്തെ തുറന്നു കാട്ടുന്നു
7. യഹോവയുടെ സാക്ഷികൾ 20-ാം നൂററാണ്ടിൽ യിസ്രായേലിലേക്കും യഹൂദയിലേക്കും അയയ്ക്കപ്പെട്ടിരുന്ന വിശ്വസ്ത പ്രവാചകൻമാരുടെ ദൃഷ്ടാന്തം പിന്തുടർന്നിരിക്കുന്നതെങ്ങനെ?
7 യഹോവ തന്റെ പ്രവാചകൻമാരെ യിസ്രായേലിലേക്കും യഹൂദയിലേക്കും അയച്ചുകൊണ്ടിരുന്നതുപോലെ, അവന്റെ വരാനിരിക്കുന്ന ന്യായവിധിയുടെ സന്ദേശത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയാൻ അവൻ തന്റെ സാക്ഷികളെ അയച്ചിരിക്കുന്നു. (യിരെമ്യാവ് 7:25, 26; 25:4, 8, 9) വിശേഷിച്ച്, ആത്മീയമായി ഊർജ്ജസ്വലമാക്കിയ 1919 എന്ന വർഷം മുതൽ ക്രിസ്തുവിന്റെ സഹോദരൻമാരുടെ ആത്മീയശേഷിപ്പ് ക്രൈസ്തവലോകത്തിന് ദൈവത്തിന്റെ ന്യായവിധികൾ, അനർത്ഥത്തിന്റെ ശക്തിമത്തായ സന്ദേശങ്ങൾ, അവതരിപ്പിച്ചു. (യിരെമ്യാവ് 11:9-13 താരതമ്യപ്പെടുത്തുക.) ആ വർഷം സുവർണ്ണയുഗം എന്ന മാസിക തുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ ആശ്വാസം (1937) എന്നും ഉണരുക!യെന്നും (1946) മാററിയിട്ട അതിന്റെ പേരുകളോടെ അത് ക്രൈസ്തവലോകത്തിന്റെ മതവ്യാജങ്ങളെയും അതിന്റെ ക്രിത്രിമ ക്രിസ്ത്യാനിത്വത്തെയും തുറന്നു കാട്ടാൻ ഉതകിയിരിക്കുന്നു.
8, 9. (എ) സഭകൾ 1922-ൽ അപലപിക്കപ്പെട്ടതെന്തുകൊണ്ട്? (ബി) അവർക്ക് എന്ത് അനർത്ഥം മുൻകൂട്ടിപ്പറയപ്പെട്ടു?
8 ദൃഷ്ടാന്തമായി, 1922 ഒക്ടോബർ 11-ലെ സുവർണ്ണയുഗം ഈ വാക്കുകളിൽ വ്യാജമതത്തെ അപലപിച്ചു: “ഭൂമിയിലെ വ്യവസ്ഥിതിയെ രക്ഷിക്കാനും പുനഃസ്ഥാപിക്കാനുമുള്ള കക്ഷിപരമായ സഭാസ്ഥാപനങ്ങളുടെയും അവയുടെ വൈദികരുടെയും അവയുടെ നേതാക്കളുടെയും സഖ്യകക്ഷികളുടെയും സകല ശ്രമങ്ങളും . . . കണിശമായും പരാജയപ്പെടേണ്ടതാണ്, എന്തുകൊണ്ടെന്നാൽ അവർ മശിഹായുടെ രാജ്യത്തിന്റെ യാതൊരു ഭാഗവുമായിരിക്കുന്നില്ല. മറിച്ച്, ഒന്നാം ലോകമഹായുദ്ധകാലത്ത്, ഈ വിവിധ മതവിഭാഗങ്ങളിലെ വൈദികർ ലോകയുദ്ധത്തെ വിപുലപ്പെടുത്താൻ വമ്പിച്ച ബിസിനസ്സിനോടും വൻ രാജ്യതന്ത്രജ്ഞൻമാരോടും തെററായി ചേർന്നതിൽ കർത്താവായ യേശുക്രിസ്തുവിനോട് അവിശ്വസ്തരായിരുന്നു.
9 അപലപനം ഇങ്ങനെ തുടർന്നു: “അവർ കൂടുതലായി കർത്താവിനെയും അവന്റെ രാജ്യത്തെയും നിരസിക്കുകയും സാത്താന്റെ സ്ഥാപനത്തോട് സ്വമേധയാ ചേർന്നുകൊണ്ടും സർവ്വരാജ്യസഖ്യം ഭൂമിയിലെ ദൈവരാജ്യത്തിന്റെ രാഷ്ട്രീയഭാവമാണെന്ന് ലോകത്തോട് സധീരം പ്രഖ്യാപിച്ചുകൊണ്ടും തങ്ങളുടെ അവിശ്വസ്തത പ്രകടമാക്കുകയും ചെയ്തു.” ഒടുവിൽ, “അനർത്ഥ”ത്തിന്റെ അഥവാ ന്യായവിധിയുടെ സന്ദേശം വന്നു: “ക്രിസ്തുയേശുവിന്റെ വാക്കുകളനുസരിച്ച് ‘ലോകാരംഭംമുതൽ ഈ സമയംവരെ ഉണ്ടായിട്ടില്ലാത്തതും വീണ്ടും ഉണ്ടാകുകയില്ലാത്തതുമായ ഒരു വലിയ ഉപദ്രവകാലം’ ഭൂമിയിലെ ജനതകളുടെമേൽ വരാനിരിക്കുന്നു, വരാറായിരിക്കുകയുമാണ്.”
10. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്താറിൽ എന്ത് അപലപനം ഉണ്ടായി?
10 വീക്ഷാഗോപുരം മാസികയും ചെറുപുസ്തകങ്ങളും പുസ്തകങ്ങളും പോലുള്ള മററ് പ്രസിദ്ധീകരണങ്ങളുടെ ഉപയോഗത്താൽ യിരെമ്യാ റോൾ വികസിപ്പിക്കപ്പെട്ടു. ദൃഷ്ടാന്തമായി, 1926-ൽ ഉദ്ധാരണം എന്ന പുസ്തകത്തിൽ ക്രൈസ്തവലോകത്തിന്റെ വഴിതെററിക്കുന്ന ഉപദേശങ്ങളുടെ ഒരു ശക്തമായ തുറന്നുകാട്ടൽ ഉൾപ്പെടുത്തിയിരുന്നു. 203-ാം പേജിൽ അതിങ്ങനെ പറയുന്നു: “വ്യാജോപദേശങ്ങൾ [വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തിലേക്ക്] യഥേഷ്ടം അവതരിപ്പിക്കപ്പെടുകയും സത്യത്തിന് പകരമാക്കപ്പെടുകയും ചെയ്തു. അവയിൽ ത്രിത്വം, സകല ദേഹികളുടെയും അമർത്ത്യത, ദുഷ്ടൻമാരുടെ നിത്യദണ്ഡനം, വൈദികരുടെ ദിവ്യാവകാശം, രാജാക്കൻമാരുടെ ദിവ്യഭരണാവകാശം എന്നിവ ഉൾപ്പെട്ടിരുന്നു, ഇപ്പോഴും ഉൾപ്പെട്ടിരിക്കുന്നു. കാലക്രമത്തിൽ, ഉണ്ണിയീശോയുടെ അമ്മയായ മറിയ ദൈവീകരിക്കപ്പെട്ടു; അവളെ ദൈവമാതാവായി ആരാധിക്കാൻ ജനങ്ങൾ ആഹ്വാനം ചെയ്യപ്പെട്ടു.”
ഛിദ്രിച്ച ക്രൈസ്തവലോകത്തിനു മുന്നറിയിപ്പ്
11, 12. (എ) വൈദികരുടെ നിഷ്പക്ഷമല്ലാത്ത നിലപാട് തുറന്നുകാട്ടപ്പെട്ടതെങ്ങനെ? (ബി) യിരെമ്യാവർഗ്ഗം എന്തു മുന്നറിയിപ്പു കൊടുത്തു?
11 ഇതേ പ്രസിദ്ധീകരണം വൈദികരുടെ യുദ്ധങ്ങളിലെ കൂട്ടുത്തരവാദിത്തത്തെ തുറന്നുകാട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ വിവിധ സഭാവ്യവസ്ഥിതികളിലെ വൈദികർ വ്യാപാര രാഷ്ട്രീയ വിഭാഗങ്ങൾ അയയ്ക്കുന്ന സൈന്യങ്ങളെ അനുഗ്രഹിക്കുന്നു, ഈ സൈന്യങ്ങൾ ഏതു പക്ഷത്തു യുദ്ധം ചെയ്യുന്നുവെന്നു പരിഗണിക്കാതെ അവരുടെ അനുഗ്രഹങ്ങൾ നീട്ടിക്കൊടുക്കപ്പെടുന്നു. ഇരുപക്ഷങ്ങളിലും യുദ്ധം ചെയ്യുന്ന സൈന്യങ്ങളുടെമേൽ അനുഗ്രഹത്തിനായി വൈദികരെല്ലാം ഒരേ ദൈവത്തോടു പ്രാർത്ഥിക്കുന്നതായി നടിക്കുന്നു.” (യിരെമ്യാവ് 7:31 താരതമ്യപ്പെടുത്തുക.) പിന്നീട് ആസന്നമായ ഒരു ന്യായവിധി സൂചിപ്പിക്കപ്പെട്ടു: “സാത്താന്റെ സ്ഥാപനത്തിന്റെ ദൃശ്യഭാഗമായിരിക്കുന്ന ഈ ഘടകങ്ങളെല്ലാം അർമ്മഗെദ്ദോൻ മഹായുദ്ധത്തിനുവേണ്ടി കൂട്ടിച്ചേർക്കപ്പെടുകയും സമ്മേളിക്കുകയുമാണ്.”—വെളിപ്പാട് 16:14-16.
12 തങ്ങൾ സുരക്ഷിതരാണെന്നും ദൈവവുമായി സമാധാനത്തിലാണെന്നും നേതാക്കൻമാർ പറഞ്ഞ യിരെമ്യാവിന്റെ നാളിലെപ്പോലെ “ഈ സഭാനേതാക്കൻമാർ തങ്ങൾ സുരക്ഷിതരാണെന്നും, പിശാചുമായി തീക്കളി തുടർന്നു നടത്തവേ, തങ്ങൾ ക്രിസ്തുവിന്റെ നാമത്താൽ വിളിക്കപ്പെടേണ്ട ആവശ്യമേ ഉള്ളുവെന്നും തങ്ങളോടുതന്നെ ഏററുപറയുന്നു. അവർ തങ്ങളുടെ സ്വന്തം കണ്ണിലും തങ്ങളുടെ സമസൃഷ്ടികളുടെ കണ്ണിലും മണ്ണിട്ടുകൊണ്ട് യഥാർത്ഥ അവസ്ഥ സംബന്ധിച്ച് തങ്ങളേത്തന്നെ അന്ധരാക്കുകയാണ്.” (ഉദ്ധാരണം, പേജ് 270) അവരുടെ ആത്മവഞ്ചന ആ തീക്ഷ്ണരായ ബൈബിൾ വിദ്യാർത്ഥികൾ തുറന്നുകാട്ടി—യഹോവയുടെ സാക്ഷികൾ അന്ന് ബൈബിൾ വിദ്യാർത്ഥികളെന്നാണറിയപ്പെട്ടിരുന്നത്.—മത്തായി 7:21-23.
13. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തൊന്നിൽ എന്തു സംഭവം നടന്നു, അത് ഉചിതമായിരുന്നതെന്തുകൊണ്ട്?
13 കാലം കടന്നുപോയതോടെ ബൈബിൾ വിദ്യാർത്ഥികൾ, യിരെമ്യാവിനോടു കറേക്കൂടെ അടുത്ത ബന്ധത്തിൽ അറിയപ്പെട്ടു. അന്ന് 1931-ൽ യു. എസ്. എ. ഒഹായോയിലെ കൊളംബസിൽ നടന്ന ഒരു കൺവെൻഷനിൽ ക്രിസ്ത്യാനികളുടെ ഈ ധീരസംഘത്തിന്റെ ബൈബിൾ നാമം “യഹോവയുടെ സാക്ഷികൾ” എന്നായിരിക്കണമെന്ന് പ്രഖ്യാപിക്കപ്പെട്ടു. (യെശയ്യാവ് 43:10-12) ക്രി. മു. 8-ാം നൂററാണ്ടിൽ യഹോവ ആ നാമം യിസ്രായേലിനു ബാധകമാക്കിയപ്പോൾ അത് മുൻപന്തിയിലേക്ക് വരുത്തപ്പെട്ടു. തന്നിമിത്തം ഒരു നൂറുവർഷം കഴിഞ്ഞ് യിരെമ്യാവ് ഒരു പ്രവാചകനായി സേവിച്ചപ്പോൾ അവനും യഹോവക്കായുള്ള ഒരു സാക്ഷിയായിരുന്നു. (യിരെമ്യാവ് 16:21) അതുപോലെതന്നെ, യേശു ഒരു യഹൂദനായി ഭൂമിയിലേക്കുവന്നപ്പോൾ, അവൻ തന്റെ പിതാവായ യഹോവയ്ക്കുവേണ്ടിയുള്ള ഒരു സാക്ഷിയായിരുന്നു. (യോഹന്നാൻ 17:25, 26; വെളിപ്പാട് 1:5; 3:14) തന്നിമിത്തം, ദൈവജനം ദൈവത്തിന്റെ തക്ക സമയത്ത് ഒടുവിൽ “യഹോവയുടെ സാക്ഷികൾ” എന്ന ഈ ദിവ്യനിയമിത നാമത്തിനുവേണ്ടി യോഗ്യത പ്രാപിക്കുന്നത് ഉചിതമായിരുന്നു.—യോഹന്നാൻ 17:6, 11, 12.
ക്രൈസ്തവലോകത്തെ മറനീക്കിക്കാണിക്കുന്നു
14. കഴിഞ്ഞ 70 വർഷങ്ങളിൽ ക്രൈസ്തവലോകം തുറന്നുകാട്ടപ്പെട്ടതെങ്ങനെ?
14 കഴിഞ്ഞ ഏഴു ദശാബ്ദങ്ങളിൽ യഹോവയുടെ ആസന്നമായ രാജ്യത്തിന്റെ മഹത്തായ പ്രത്യാശയുടെ ഘോഷണത്തോട് അനുബന്ധിച്ച് യഹോവയുടെ സാക്ഷികൾ ലോകത്തിനുചുററും അപലപനത്തിന്റെയും ന്യായവിധിയുടെയും ഒരു പ്രളയം തന്നെ പരത്തിയിട്ടുണ്ട്. വെട്ടിത്തുറന്നു പറയുന്നതും ആഞ്ഞുപതിക്കുന്നതുമായ സഹസ്രലക്ഷക്കണക്കിന് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ അവർ വെളിപ്പാട് 17-ഉം 18-ഉം അദ്ധ്യായങ്ങളിൽ അപലപിക്കപ്പെട്ടിരിക്കുന്ന “മഹാബാബിലോൻ” എന്ന മതവേശ്യയിലെ അത്യന്തം പ്രബലമായ ശക്തിയെന്ന നിലയിൽ ക്രൈസ്തവലോകത്തെ തുറന്നുകാട്ടി. (വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് ഇൻകോ. 1963-ൽ പ്രസിദ്ധപ്പെടുത്തിയ “മഹാബാബിലോൻ വീണിരിക്കുന്നു!” ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിന്റെ 576-615 വരെ പേജുകൾ കാണുക.)
15. ക്രൈസ്തവലോകം 1955-ൽ തുറന്നുകാട്ടപ്പെട്ടതെങ്ങനെ?
15 യഹോവയുടെ സാക്ഷികൾ 1955-ൽ ക്രൈസ്തവലോകമോ ക്രിസ്ത്യാനിത്വമോ—ഏതാണു “ലോകത്തിന്റെ വെളിച്ചം?” എന്ന ചെറുപുസ്തകത്തിന്റെ ദശലക്ഷക്കണക്കിനു പ്രതികൾ വിതരണം ചെയ്തു. ക്രൈസ്തവലോകത്തിലെ വൈദികർക്ക് ആയിരക്കണക്കിനു പ്രതികൾ നേരിട്ട് അയച്ചുകൊടുത്തു. ആ ചെറുപുസ്തകം അവരോട് എന്തു പറഞ്ഞു? യഥാർത്ഥ യിരെമ്യാരീതിയിൽ അത് ഇങ്ങനെ പറഞ്ഞു: “ക്രൈസ്തവലോകത്തെ സാമ്പത്തികമായും മാനസികമായും സൈനികമായും പുരോഗമിപ്പിച്ചിട്ടുള്ള അവളുടെ എല്ലാ ആനുകൂല്യങ്ങളുമുണ്ടായിരുന്നിട്ടും അവൾ ‘ലോകത്തിന്റെ വെളിച്ച’മാണെന്നു തെളിയിച്ചിട്ടില്ല. എന്തുകൊണ്ടില്ല? . . . അവൾ [ബൈബിളിലെ] ക്രിസ്ത്യാനിത്വം ആചരിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നില്ല.” അനന്തരം അത് ഈ ചോദ്യം ഉന്നയിച്ചു: “വ്യാജമതങ്ങളെ തുറന്നുകാണിക്കുന്നത് അവയുടെ അനുയായികളുടെ ഒരു പീഡനമാണോ? അത് ക്രിസ്തീയമല്ലാത്ത മതഭ്രാന്താണോ?”
16. ക്രൈസ്തവലോകത്തെ തുറന്നുകാട്ടുന്നത് യഹോവയുടെ സാക്ഷികളെ സംബന്ധിച്ചടത്തോളം മതഭ്രാന്താണോ? വിശദീകരിക്കുക.
16 ഉത്തരം ഇതായിരുന്നു: “അല്ല; ആയിരുന്നെങ്കിൽ യേശുക്രിസ്തു യഹൂദൻമാരുടെ മതഭ്രാന്തുപിടിച്ച, ഒരു പീഡകനായിരുന്നു . . . [യിരെമ്യാവ് ഉൾപ്പെടെ] യേശുവിനു മുമ്പത്തെ പുരാതന കാലങ്ങളിലെ യഹോവയുടെ സകല പ്രവാചകൻമാരും പീഡകരും മതഭ്രാന്തരുമായിരുന്നു, എന്തെന്നാൽ അവരെല്ലാം വിശ്വാസത്യാഗികളായിരുന്ന യഹൂദൻമാരുടെയും പുറജാതി ജനതകളുടെയും വ്യാജമതത്തെ തുറന്നു കാട്ടി.” തീർച്ചയായും, സത്യക്രിസ്ത്യാനികൾ ‘ലോകത്തിന്റെ വെളിച്ച’മായിരിക്കണമെങ്കിൽ, അപ്പോൾ ആത്മീയ ‘ഇരുട്ടിനെ’ തുറന്നുകാട്ടണം. (2 കൊരിന്ത്യർ 6:14-17) വ്യക്തികളെ ആക്രമിക്കുന്നുവെന്ന് ഇതിനർത്ഥമില്ല, എന്നാൽ അവരെ അടിമത്വത്തിൽ വച്ചിരിക്കുന്ന വ്യവസ്ഥിതിയെയാണ് ആക്രമിക്കുന്നത്. അങ്ങനെ, യഹോവ യിരെമ്യാവിന് ഈ കല്പന കൊടുത്തു: “നീ നിന്റെ അര കെട്ടണം, നീ എഴുന്നേററ് ഞാൻ നിന്നോടു കൽപിക്കുന്നതെല്ലാം അവരോട് പ്രസ്താവിക്കണം. അവർ നിമിത്തം ഒട്ടും ഭയപ്പെടരുത് . . . അവർ നിനക്കെതിരെ പോരാടുമെന്ന് തീർച്ചയാണ്, എന്നാൽ അവർ നിനക്കെതിരെ വിജയിക്കുകയില്ല, എന്തെന്നാൽ ‘നിന്നെ വിടുവിക്കാൻ ഞാൻ നിന്നോടുകൂടെയുണ്ട്’ എന്നാണ് യഹോവയുടെ അരുളപ്പാട്.”—യിരെമ്യാവ് 1:17, 19.
യിരെമ്യാവേല പൂർത്തിയാവുന്നു
17, 18. (എ) യഹോവയുടെ സാക്ഷികൾ സമീപവർഷങ്ങളിൽ യിരെമ്യാവേല തുടർന്നിരിക്കുന്നതെങ്ങനെ? (ബി) പരമാർത്ഥ ഹൃദയികൾക്ക് എന്തു ബുദ്ധിയുപദേശം കൊടുക്കപ്പെട്ടിരിക്കുന്നു?
17 യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ ന്യായവിധിയെ മയപ്പെടുത്തിയിട്ടുണ്ടോ? മറെറാരു മതത്തെ വിമർശിക്കുകയെന്നതല്ല ചെയ്യേണ്ട സംഗതിയെന്നു വിചാരിക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നതെന്നുള്ളത് സത്യംതന്നെ. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ എല്ലായ്പ്പോഴും ക്രൈസ്തവലോകത്തിന് ഒരേ ന്യായവിധിദൂതാണ് സമർപ്പിക്കുന്നത്. ദൃഷ്ടാന്തമായി, കഴിഞ്ഞ നാലു വർഷങ്ങളിൽ യഹോവയുടെ സാക്ഷികൾ നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ മൂന്നു കോടി 20 ലക്ഷം പ്രതികൾ 76 ഭാഷകളിലായി അച്ചടിച്ചു. ഈ പ്രസിദ്ധീകരണം “മരണത്തിങ്കൽ എന്തു സംഭവിക്കുന്നു?” “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?” “സത്യമതത്തെ തിരിച്ചറിയൽ” എന്നിങ്ങനെയുള്ള ഇന്നത്തെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. എന്നാൽ അത് വ്യാജമതലോക സാമ്രാജ്യത്തെ സംബന്ധിച്ച് വ്യക്തമായ ഒരു മുന്നറിയിപ്പും നൽകുന്നു.
18 സാത്താന്റെ ലോകത്തെ അനുകൂലിക്കുന്നുവോ, അതോ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ? എന്ന ശീർഷകത്തിലുള്ള 25-ാം അദ്ധ്യായത്തിൽ അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “ബൈബിളിൽ വ്യാജമതം ‘മഹാബാബിലോൻ’ എന്നുപേരുള്ള ഒരു ‘മഹാവേശ്യയായി,’ ഒരു വ്യഭിചാരിണിയായി, പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു . . . ചരിത്രത്തിലുടനീളം മതം രാഷ്ട്രീയവുമായി കലർത്തപ്പെട്ടിട്ടുണ്ടെന്നും മിക്കപ്പോഴും എന്തു ചെയ്യണമെന്ന് ഗവൺമെൻറുകളോട് ആജ്ഞാപിച്ചിട്ടുണ്ടെന്നുമുള്ള വസ്തുത സുവിദിതമാണ്.” അതുകൊണ്ട്, ആ പുസ്തകം ഏതു പ്രവർത്തനഗതി ശുപാർശ ചെയ്യുന്നു? അതു ചോദിക്കുന്നു: “നിങ്ങൾ സാത്താന്റെ ലോകത്തിന്റെ ഭാഗമായിരിക്കാനാഗ്രഹിക്കുന്നുവോ? അതോ നിങ്ങൾ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവോ? ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയെ അനുകൂലിക്കുന്നുവെങ്കിൽ നിങ്ങൾ വ്യാജമതം ഉൾപ്പെട്ടിരിക്കുന്ന ലോകത്തിൽനിന്ന് വേർപെട്ടിരിക്കും. നിങ്ങൾ ‘എന്റെ ജനമേ, അവളെ [മഹാബാബിലോനെ] വിട്ടുപോരുക’ എന്ന ബൈബിൾ കല്പന അനുസരിക്കും. (വെളിപ്പാട് 18:4).”
19. ഈ വൈകിയ വേളയിലും ആധുനിക യിരെമ്യാവിന്റെ വായടച്ചിട്ടില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
19 വേർപാടിന്റെയും ന്യായവിധിയുടെയും ഈ ശക്തമായ സന്ദേശം 1986-ൽ പ്രസിദ്ധീകരിച്ച “സമാധാന പ്രഭുവിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം” (25 ഭാഷകളിൽ 60 ലക്ഷം പ്രതികൾ) എന്ന പുസ്തകത്തിൽ വ്യക്തമായി മുഴങ്ങുന്നു. അത് ഒന്നാം ലോകമഹായുദ്ധത്തിലെ ‘യുദ്ധക്കളങ്ങളിലേക്ക് യുവാക്കളെ പ്രസംഗിച്ചയച്ചതിന്’ ക്രൈസ്തവലോകത്തിലെ വൈദികരെ തുറന്നുകാട്ടുന്നു. അതു തുടരുന്നു: “ക്രൈസ്തവലോകം ഇന്നോളം അത്യുന്നത ദൈവത്തിന്റെ ഒരു ശത്രുവായി പ്രവർത്തിക്കുന്നു. തീർച്ചയായും അവൾക്ക് ദിവ്യസംരക്ഷണമില്ല, ഈ മർമ്മപ്രധാനമായ കാരണത്താൽ അവളുടെ അസ്തിത്വംതന്നെ അരക്ഷിതമായിരിക്കുന്നു.” (30-2 വരെ പേജുകൾ കാണുക.) ആധുനിക യിരെമ്യാവിന്റെ വായടക്കപ്പെടുന്നില്ല! വൈദികരും രാജ്യതന്ത്രജ്ഞൻമാരും ദൈവത്തിന്റെ ന്യായവിധികളുടെ പ്രസംഗത്തെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ സാക്ഷികൾ മുന്നറിയിപ്പിൻ വേല പൂർത്തീകരിക്കാൻ ഉറച്ചുകൊണ്ട് മുന്നേറുകയാണ്.—യിരെമ്യാവ് 18:18.
20. യഹോവയുടെ സാക്ഷികൾ ജനതകളോട് യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുന്നതിൽ തുടരുന്നതെന്തുകൊണ്ട്?
20 ഈ വേല പൂർത്തീകരിക്കേണ്ടതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അഖിലാണ്ഡത്തിന്റെ ജീവനുള്ള പരമാധികാരിയാം കർത്താവായ യഹോവയ്ക്ക് ജനതകളോടും അവരുടെ മതങ്ങളോടും ഒരു കണക്കു ചോദ്യമുണ്ട്. വഞ്ചന നിറഞ്ഞ യഹൂദയോടും യെരൂശലേമിനോടും യഹോവ ചോദിച്ചതുപോലെതന്നെ ഇന്നത്തെ ക്രൈസ്തവലോകത്തിനും ആ ചോദ്യം തുല്യമായി ബാധകമാകുന്നു: “ഈ കാര്യങ്ങൾ നിമിത്തം തന്നെ ഞാൻ ഒരു കണക്കെടുപ്പു നടത്തേണ്ടതല്ലയോ, അല്ലെങ്കിൽ ഇതുപോലെയുള്ള ഒരു ജനതയുടെമേൽ എന്റെ ദേഹി പ്രതികാരം നടത്തേണ്ടതല്ലയോ? എന്നാണ് യഹോവയുടെ അരുളപ്പാട്.” തന്നിമിത്തം, യഹോവയുടെ സാക്ഷികൾ ഒരു ജനപ്രീതിയില്ലാത്ത ന്യായവിധിയെന്ന നിലയിൽ ഭൂരിപക്ഷത്തെ വേദനിപ്പിക്കുന്നതും എന്നാൽ ഒരു ന്യൂനപക്ഷത്തിന് സന്തുഷ്ടമായ സുവാർത്ത—രാജ്യത്തിന്റെ ഈ സുവാർത്ത—ആയിരിക്കുന്നതുമായ ഒരു സന്ദേശവുമായി രാഷ്ട്രങ്ങളിലെ ആളുകളെ സന്ദർശിക്കുന്നതിൽ തുടരേണ്ടതാണ്.—യിരെമ്യാവ് 5:9, 29; 9:9; പ്രവൃത്തികൾ 8:4, 12.
21. മുൻകൂട്ടിപ്പറയപ്പെട്ട അനർത്ഥം ഗണ്യമാക്കാതെ, യിരെമ്യാവേലക്ക് ശ്രദ്ധ കൊടുക്കുന്നവർക്ക് എന്തു ഭാവി പ്രത്യാശയുണ്ട്? (സങ്കീർത്തനം 37:9, 11, 18, 19, 28, 29)
21 പലപ്പോഴും യിരെമ്യാവ് “അനർത്ഥം ഓളിയിടുന്നവൻ” എന്ന് വിളിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവന്റെ സന്ദേശം യഹൂദൻമാർക്ക് പ്രത്യാശാ കിരണങ്ങളും അവതരിപ്പിച്ചുവെന്നതു സത്യമാണ്. (യിരെമ്യാവ് 23:5, 6; 31:16, 17) സമാനമായ ഒരു വിധത്തിൽ, ദൈവത്തിന്റെ അർമ്മഗെദ്ദോൻ ന്യായവിധിയോടുകൂടിയ ആസന്നമായ “മഹോപദ്രവ”ത്തെ യഹോവയുടെ സാക്ഷികൾ പ്രഖ്യാപിക്കുന്നുവെന്നിരിക്കെ, അവർ “പുതിയ ആകാശങ്ങളുടെയും പുതിയ ഭൂമി”യുടെയും അനുഗ്രഹങ്ങളെയും ഘോഷിക്കുന്നുണ്ട്, അവ നീതിയുടെ പുനഃസ്ഥിതീകരണത്തിൽ കലാശിക്കും, നിത്യജീവനോടുകൂടെ ഈ ഭൂഗ്രഹത്തിൽ പരദീസയും പുനഃസ്ഥാപിക്കപ്പെടും. (മത്തായി 24:21, 22; വെളിപ്പാട് 16:16; 21:1-4) തന്നിമിത്തം, യഹോവയുടെ ന്യായവിധി ദൂതിനു ചെവികൊടുക്കുന്നതിനും വലിയ യിരെമ്യാവേലയുടെ പൂർത്തീകരണത്തിന് പിന്തുണകൊടുക്കുന്നതിനുമുള്ള സമയം ഇപ്പോഴാണ്.—യിരെമ്യാവ് 38:7-13 താരതമ്യപ്പെടുത്തുക. (w88 4/1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ യഹോവയുടെ സാക്ഷികൾ യിരെമ്യാവിനെപ്പോലെ എങ്ങനെ പീഡിപ്പിക്കപ്പെടുന്നു?
◻ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നതിൽ തുടരുന്നതെന്തുകൊണ്ട്?
◻ യിരെമ്യാവേല എങ്ങനെ വികസിപ്പിക്കപ്പെട്ടിരിക്കുന്നു?
◻ അപലപനത്തിനു മാററമുണ്ടായിട്ടില്ലെന്ന് ഏതു സമീപകാല ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
◻ അനർത്ഥത്തിന്റെ സന്ദേശമുണ്ടായിട്ടും, ഏതു പ്രത്യാശയും വെച്ചുനീട്ടപ്പെടുന്നു?
[12-ാം പേജിലെ ചിത്രം]
കാലക്രമത്തിൽ മറിയയെ വിഗ്രഹമാക്കുകയും, ദൈവമാതാവെന്ന നിലയിൽ പൂജിക്കാൻ ആളുകളെ ആഹ്വാനം ചെയ്യുകയും ചെയ്തു
[13-ാം പേജിലെ ചിത്രം]
ബൈബിൾ വിദ്യാർത്ഥികൾ 1931-ൽ ഒഹായോ കൊളംബസിൽ നടന്ന അവരുടെ കൺവെൻഷനിൽ “യഹോവയുടെ സാക്ഷികൾ” എന്ന പേർ സ്വീകരിച്ചു
[14-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ യിരെമ്യാവിന്റെ ദൃഷ്ടാന്തം പിന്തുടരുന്നു