ഒരു ലക്ഷ്യത്തോടെയുള്ള വിദ്യാഭ്യാസം
“നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും.”—സദൃശവാക്യങ്ങൾ 9:9.
1. അറിവിന്റെ കാര്യത്തിൽ യഹോവ തന്റെ ദാസൻമാരിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
യഹോവ “ജ്ഞാനമുള്ള ദൈവ”മാകുന്നു. (1 ശമൂവേൽ 2:3) അവൻ തന്റെ ദാസൻമാരെ പഠിപ്പിക്കുന്നു. “ഈ ശ്രേഷ്ഠ ജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ” എന്നു സമകാലീനരായ ജനങ്ങൾ ഇസ്രയേലിനെക്കുറിച്ചു പറയുമെന്നു മോശ മുൻകൂട്ടിപ്പറഞ്ഞു. (ആവർത്തനം 4:6) സത്യക്രിസ്ത്യാനികൾ ഇതുപോലെ അറിവുള്ളവരായിരിക്കണം. അവർ ദൈവവചനത്തിന്റെ മികച്ച പഠിതാക്കളായിരിക്കേണ്ടയാവശ്യമുണ്ട്. അത്തരം പഠനത്തിന്റെ ലക്ഷ്യം വ്യക്തമാക്കിക്കൊണ്ട് അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങൾ . . . നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെപരിജ്ഞാനം കൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും . . . ” തന്നെ.—കൊലൊസ്സ്യർ 1:9, 10.
2. (എ) ദൈവത്തെക്കുറിച്ചു സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത്? (ബി) ഇക്കാര്യം യഹോവയുടെ സാക്ഷികളുടെ ഭരണസംഘം എങ്ങനെയാണു കൈകാര്യം ചെയ്തിരിക്കുന്നത്?
2 ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കണമെന്ന ലക്ഷ്യത്തിലുള്ള പഠനത്തിനു കുറഞ്ഞ അളവിലുള്ള വിദ്യാഭ്യാസമെങ്കിലും ആവശ്യമാണ്. എന്നാൽ ദൈവവചനത്തിലെ സത്യം പഠിക്കാനിടയായ അനേകംപേർ ശരിയായ ലൗകിക വിദ്യാഭ്യാസം നേടാൻ ഒട്ടുംതന്നെ അവസരമില്ലാഞ്ഞ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. അവർക്ക് അങ്ങനെ ഒരു കുറവുണ്ടായിരുന്നു. ഈ പ്രശ്നത്തെ തരണംചെയ്യുന്നതിന്, ആവശ്യമുള്ളടത്തു സഭകളിൽ സാക്ഷരതാക്ലാസ്സുകൾ സംഘടിപ്പിക്കണമെന്നു യഹോവയുടെ സാക്ഷികളുടെ ഭരണസംഘം വളരെ വർഷങ്ങളായി നിർദ്ദേശിച്ചിരിക്കുകയാണ്. മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ്, “യഹോവയുടെ സാക്ഷികൾ നിരക്ഷരതക്കെതിരെ പോരാടുന്നു” എന്ന തലക്കെട്ടിൽ ബ്രസ്സീലിലെ വർത്തമാനപ്പത്രമായ ഡിയാറിയോ ഡി മോഷി ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അത് ഇങ്ങനെ പ്രസ്താവിച്ചു: “യോഗ്യതയുള്ള ഒരു അദ്ധ്യാപകൻ എഴുതാനും വായിക്കാനും . . . മററുള്ളവരെ ക്ഷമയോടെ പഠിപ്പിച്ചുതുടങ്ങുന്നു . . . ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ തങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾനിമിത്തംതന്നെ വിദ്യാർത്ഥികൾ പ്രസംഗങ്ങൾ നടത്തുന്നതിനു ഭാഷാപരിജ്ഞാനം വികസിപ്പിച്ചെടുക്കണം.” ലോകമാസകലം ആയിരക്കണക്കിനാളുകൾ ദൈവവചനത്തിന്റെ നല്ല പഠിതാക്കളായിത്തീരാൻ ഇപ്രകാരം സഹായിക്കപ്പെട്ടിട്ടുണ്ട്. അവർ ഈ അടിസ്ഥാനവിദ്യാഭ്യാസം ഒരു ഉത്കൃഷ്ട ലക്ഷ്യത്തോടെയാണ് ഏറെറടുത്തത്.
ഫലപ്രദരായ ശുശ്രൂഷകരായിരിക്കാനാവശ്യമായ വൈദഗ്ദ്ധ്യങ്ങൾ
3, 4. (എ) സത്യക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തിൽ തത്പരരായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഇസ്രയേലിലെ സ്ഥിതി എന്തായിരുന്നു, ഇന്നു നമ്മുടെ സഭകൾക്കുള്ളിൽ എന്ത് അടിസ്ഥാന വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്?
3 സത്യക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തിൽ തത്പരരാണ്, വെറും വിദ്യാഭ്യാസത്തിനുവേണ്ടിയല്ല, മറിച്ച്, യഹോവയുടെ ഏറെ ഫലപ്രദരായ ശുശ്രൂഷകരായിത്തീരുന്നതിനുവേണ്ടി. “ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ടു . . . സകലജാതികളെയും ശിഷ്യരാക്കാൻ” ഉള്ള നിയോഗം ക്രിസ്തു സകല ക്രിസ്ത്യാനികൾക്കും നൽകി. (മത്തായി 28:19, 20) മററുള്ളവരെ പഠിപ്പിക്കുന്നതിന്, അവർ തന്നെ ആദ്യം പഠിക്കണം. ഇതിനു നല്ല പഠനരീതികൾ ആവശ്യമാണ്. അവർക്കു തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കണം. (പ്രവൃത്തികൾ 17:11) തങ്ങളുടെ നിയോഗം നിവർത്തിക്കുന്നതിന് ഒഴുക്കോടെ വായിക്കാനും അവർക്കു കഴിയണം.—ഹബക്കൂക്ക് 2:2; 1 തിമൊഥെയൊസ് 4:13 എന്നിവ കാണുക.
4 മുൻ ലേഖനത്തിൽ നാം കണ്ടതുപോലെ, പൊതുവെ പുരാതന ഇസ്രയേലിലെ കുട്ടികൾക്കുപോലും എഴുതാനും വായിക്കാനും അറിയാമായിരുന്നുവെന്നു വിശ്വസിക്കുന്നതിനു നല്ല കാരണമുണ്ട്. (ന്യായാധിപൻമാർ 8:14; യെശയ്യാവു 10:19) വീടുതോറും സാക്ഷീകരിക്കുമ്പോൾ ക്രിസ്തീയ ശുശ്രൂഷകർ വൃത്തിയുള്ള കുറിപ്പുകൾ ഉണ്ടാക്കേണ്ടതുണ്ട്. അവർ കത്തുകൾ എഴുതുകയും യോഗങ്ങളിൽ കുറിപ്പുകൾ ഉണ്ടാക്കുകയും തങ്ങളുടെ അദ്ധ്യയനഭാഗങ്ങളിൽ വിശദീകരണക്കുറിപ്പുകൾ എഴുതുകയും ചെയ്യുന്നു. ഇതിനെല്ലാം വായിക്കത്തക്ക കയ്യക്ഷരം ആവശ്യമാണ്. ക്രിസ്തീയ സഭയിലെ രേഖകളുടെ സൂക്ഷിപ്പ് ഗണിതശാസ്ത്രത്തിൽ അടിസ്ഥാന പരിജ്ഞാനമെങ്കിലും ഉണ്ടായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു.
ശരിയായ സ്കൂൾവിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങൾ
5. “സ്കൂൾ” എന്ന പദത്തിന്റെ ഉത്ഭവം എന്താണ്? (ബി) ചെറുപ്പക്കാർ ഏതവസരം പ്രയോജനപ്പെടുത്തണം?
5 രസാവഹമായി, “സ്കൂൾ” എന്ന പദം സ്കോളെ എന്ന മൂല ഗ്രീക്കുപദത്തിൽനിന്നു വരുന്നതാണ്. ഇത് ആദിയിൽ “ഒഴിവുസമയ”ത്തെ അല്ലെങ്കിൽ പഠനം പോലെ ഗൗരവമുള്ള എന്തെങ്കിലും പ്രവർത്തനത്തിനായി ഒഴിവുസമയം ഉപയോഗിക്കുന്നതിനെ അർത്ഥമാക്കി. അതു പിന്നീട് ഇത്തരം പഠനം നടക്കുന്ന സ്ഥലത്തെ കുറിക്കുന്നതിനായി ഉപയോഗിച്ചു. ഒരു കാലത്ത് ഗ്രീസിലും മററു മിക്ക രാജ്യങ്ങളിലും ഉന്നതകുലജാതർക്കു മാത്രമേ പഠിക്കുന്നതിനുള്ള ഒഴിവുസമയമുണ്ടായിരുന്നുള്ളു എന്ന് ഇതു സൂചിപ്പിക്കുന്നു. തൊഴിലാളിവർഗ്ഗം പൊതുവെ അജ്ഞരായി കഴിഞ്ഞുകൂടി. ഇന്ന് മിക്ക രാജ്യങ്ങളിലും, കുട്ടികൾക്കും ചെറുപ്പക്കാർക്കും പഠിക്കുന്നതിനുള്ള സമയം നൽകപ്പെടുന്നു. ചെറുപ്പക്കാരായ സാക്ഷികൾ യഹോവയുടെ, അറിവും കഴിവുമുള്ള ദാസൻമാരായിത്തീരുന്നതിന് ഉചിതമായ സമയം വിലയ്ക്കു വാങ്ങണം.—എഫെസ്യർ 5:15, 16.
6, 7. (എ) ശരിയായ സ്കൂൾവിദ്യാഭ്യാസത്തിന്റെ പ്രയോജനങ്ങളിൽ ചിലത് എന്തെല്ലാം? (ബി) ഒരു അന്യഭാഷ പഠിക്കുന്നത് ഏതെല്ലാം വിധങ്ങളിൽ പ്രയോജനം കൈവരുത്തും? (സി) സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ ഇന്നത്തെ അനേകം ചെറുപ്പക്കാരുടെയിടയിലെ സ്ഥിതി എന്താണ്?
6 ചരിത്രം, ഭൂമിശാസ്ത്രം, സയൻസ് എന്നിങ്ങനെയുള്ള വിഷയങ്ങളിലെ അടിസ്ഥാന പരിജ്ഞാനം ചെറുപ്പക്കാരായ സാക്ഷികളെ സന്തുലിതരായ ശുശ്രൂഷകരായിത്തീരാൻ സഹായിക്കും. അവരുടെ സ്കൂൾപഠനം, അവരെ അനേകം വിഷയങ്ങൾ മാത്രമല്ല, പഠനപ്രക്രിയകൂടി പഠിപ്പിക്കും. സ്കൂളിൽനിന്നു പിരിയുമ്പോൾ സത്യക്രിസ്ത്യാനികൾ തങ്ങളുടെ പഠിത്തവും അദ്ധ്യയനവും അവസാനിപ്പിക്കുന്നില്ല. ഏതായാലും അവർക്കു തങ്ങളുടെ പഠിത്തത്തിൽനിന്നു ലഭിക്കുന്നത് എങ്ങനെ പഠിക്കണമെന്ന അറിവിനെ അതിയായി ആശ്രയിച്ചിരിക്കും. ലൗകികവും സഭാപരവുമായ പഠിത്തത്തിന് അവരുടെ ചിന്താപ്രാപ്തികളെ വികസിപ്പിക്കുന്നതിൽ സഹായിക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 5:1, 2) വായിക്കുമ്പോൾ, പ്രാധാന്യമുള്ളത് എന്ത്, ശ്രദ്ധിക്കയും ഓർത്തിരിക്കയും ചെയ്യേണ്ടത് എന്ത് എന്നു തിരിച്ചറിയാൻ അവർ ഏറെ പ്രാപ്തരായിരിക്കും.
7 ഉദാഹരണത്തിന്, ഒരു അന്യഭാഷ പഠിക്കുന്നതു ചെറുപ്പക്കാരുടെ മാനസിക കഴിവുകളെ വികസിപ്പിക്കുക മാത്രമല്ല, യഹോവയുടെ സ്ഥാപനത്തിൽ അവരെ കൂടുതൽ ഉപയോഗമുള്ളവരാക്കുകയും ചെയ്യും. വാച്ച് ടവർ സൊസൈററിയുടെ ചില ബ്രാഞ്ചുകളിൽ, ഇംഗ്ലീഷ് ഒഴുക്കോടെ വായിക്കാനും എഴുതാനും കഴിവുള്ളവരായിരിക്കുന്നതു പ്രയോജനകരമാണെന്ന് അനേകം ചെറുപ്പക്കാർ കണ്ടെത്തിയിരിക്കുന്നു. കൂടാതെ, തങ്ങളുടെ മാതൃഭാഷയിൽ നിപുണരായിരിക്കാൻ എല്ലാ ക്രിസ്തീയ ശുശ്രൂഷകരും ശ്രമിക്കേണ്ടതാണ്. രാജ്യസുവാർത്ത വ്യക്തമായ, വ്യാകരണപരമായി ശരിയായ രീതിയിൽ പ്രസ്താവിക്കേണ്ടതാണ്. വസ്തുതകൾ പ്രകടമാക്കുന്നത്, ഇന്നത്തെ ലോകത്തിൽ അനേകം ചെറുപ്പക്കാർക്ക് സ്കൂൾപഠനം പൂർത്തീകരിക്കുമ്പോഴും ശരിയായി എഴുതുന്നതിനും വായിക്കുന്നതിനും ഏററവും ലളിതമായ കണക്കുകൾ പോലും കൂട്ടുന്നതിനും പ്രയാസമുണ്ടെന്നാണ്; അവർക്കു ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും തീർത്തും അവ്യക്തമായ അറിവേ ഉള്ളു.
മതിയായ വിദ്യാഭ്യാസം
8. ലൗകിക വിദ്യാഭ്യാസം സംബന്ധിച്ചും തന്നേത്തന്നെ പോററുന്നതിനുള്ള ഒരു വ്യക്തിയുടെ പ്രാപ്തി സംബന്ധിച്ചും പ്രസക്തമായ തിരുവെഴുത്തുകൾ ഏവ?
8 അതുകൊണ്ട്, ഇതു ലൗകിക വിദ്യാഭ്യാസത്തോടുള്ള ഒരു ക്രിസ്ത്യാനിയുടെ മനോഭാവം പരിശോധിക്കുന്നതിനുള്ള ഉചിതമായ സമയമാണെന്നു തോന്നുന്നു. ഏതു ബൈബിൾ തത്ത്വങ്ങൾക്കാണ് ഈ വിഷയത്തിൽ പ്രസക്തിയുള്ളത്? ഒന്നാമതായി, മിക്ക രാജ്യങ്ങളിലും “കൈസ”രോടുള്ള ഉചിതമായ കീഴ്പെടൽ തങ്ങളുടെ കുട്ടികളെ സ്കൂളിൽ വിടാൻ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു. (മർക്കൊസ് 12:17; തീത്തൊസ് 3:1) ചെറുപ്പക്കാരായ സാക്ഷികളെ സംബന്ധിച്ചടത്തോളം അവർ തങ്ങളുടെ സ്കൂൾവേലയിൽ “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ” എന്നു പറയുന്ന കൊലൊസ്സ്യർ 3:23 ഓർക്കേണ്ടതുണ്ട്. ഉൾപ്പെട്ടിരിക്കുന്ന രണ്ടാമത്തെ തത്ത്വം, മുഴുസമയ പയനിയർ ശുശ്രൂഷകരായാൽപോലും ക്രിസ്ത്യാനികൾ സ്വയം പോററാൻ പ്രാപ്തരായിരിക്കണം എന്നതാണ്. (2 തെസ്സലൊനീക്യർ 3:10-12) വിവാഹിതനാണെങ്കിൽ ഒരു പുരുഷൻ തന്റെ ഭാര്യക്കും ജനിച്ചേക്കാവുന്ന കുട്ടികൾക്കുംവേണ്ടി യഥോചിതം കരുതാൻ കഴിവുള്ളവനായിരിക്കണം. സഹായമാവശ്യമുള്ളവർക്കു നൽകുന്നതിനും പ്രാദേശികവും ലോകവ്യാപകവുമായ പ്രസംഗവേലയെ പിന്തുണയ്ക്കുന്നതിനും അല്പം ബാക്കിയുണ്ടായിരിക്കയും വേണം.—എഫെസ്യർ 4:28; 1 തിമൊഥെയൊസ് 5:8.
9, 10. (എ) അനേകം ദേശങ്ങളിലുള്ള ഒരു പ്രവണത എന്താണെന്നു കാണപ്പെടുന്നു? (ബി) ഒരു പയനിയർ ശുശ്രൂഷകനു മതിയായ ശമ്പളമായി എന്തിനെ കണക്കാക്കാം?
9 ഈ ബൈബിൾതത്ത്വങ്ങളെ മാനിക്കുന്നതിനും തന്റെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിറവേററുന്നതിനും ഒരു യുവക്രിസ്ത്യാനിക്ക് എന്തു വിദ്യാഭ്യാസം ആവശ്യമാണ്? ഇതു രാജ്യങ്ങൾതോറും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, അനേകം ദേശങ്ങളിലെയും പൊതുപ്രവണത മാന്യമായ ശമ്പളം വാങ്ങുന്നതിന് ഇന്നാവശ്യമായ സ്കൂൾവിദ്യാഭ്യാസം ഏതാനും വർഷങ്ങൾ മുമ്പത്തേതിനെക്കാൾ ഉയർന്നതാണെന്നു തോന്നുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ചുകളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനേകം സ്ഥലങ്ങളിൽ നിയമം ആവശ്യപ്പെടുന്ന ഏററവും കുറഞ്ഞ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷമോ ചില രാജ്യങ്ങളിൽ സെക്കൻഡറി സ്കൂൾ അഥവാ ഹൈസ്കൂൾ പൂർത്തീകരിച്ചതിനുശേഷംപോലുമോ മാന്യമായ ശമ്പളമുള്ള ജോലി കണ്ടെത്താൻ പ്രയാസമാണെന്നാണ്.
10 “മാന്യമായ ശമ്പളം” എന്നതിനാൽ എന്താണ് അർത്ഥമാക്കുന്നത്? അതു വലിയ ശമ്പളമുള്ള ജോലികളെ സൂചിപ്പിക്കുന്നില്ല. വെബ്സ്റേറഴ്സ് ഡിക്ഷ്നറി “ഡീസൻറ്” (മാന്യമായ) എന്ന ഇംഗ്ലീഷ്പദത്തിനു കൊടുക്കുന്ന നിർവചനം ഈ സംബന്ധത്തിൽ “പര്യാപ്തമായ, തൃപ്തികരമായ” എന്നാണ്. ഉദാഹരണത്തിന്, സുവാർത്തയുടെ പയനിയർ ശുശ്രൂഷകരായിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്തിനെയാണ് “പര്യാപ്തമായ”ത് എന്നു വിളിക്കാവുന്നത്? തങ്ങളുടെ സഹോദരൻമാർക്കോ കുടുംബത്തിനോ “ഭാരമായിത്തീരുന്നത്” ഒഴിവാക്കാൻ ഇത്തരം ആളുകൾക്കു പൊതുവെ അംശകാല ജോലി ആവശ്യമാണ്. (1 തെസ്സലൊനീക്യർ 2:9) അവർ സമ്പാദിക്കുന്നതു തങ്ങളുടെ ക്രിസ്തീയ ശുശ്രൂഷ നിറവേററാനാവശ്യമായ സമയവും ആരോഗ്യവും ഉണ്ടായിരിക്കെത്തന്നെ അവരെ മാന്യമായി ജീവിക്കാൻ അനുവദിക്കുന്നെങ്കിൽ അവരുടെ ശമ്പളത്തെക്കുറിച്ചു “പര്യാപ്തമായത്, തൃപ്തികരമായത്” എന്നു പറയാൻ കഴിയും.
11. ചില ചെറുപ്പക്കാർ പയനിയർസേവനം ഉപേക്ഷിച്ചുകളഞ്ഞത് എന്തുകൊണ്ട്, ഏതു ചോദ്യം ഉദിക്കുന്നു?
11 ഇന്നു മിക്കപ്പോഴും സ്ഥിതി എന്താണ്? ചില രാജ്യങ്ങളിൽ സദുദ്ദേശ്യമുള്ള അനേകം ചെറുപ്പക്കാർ ആവശ്യമായ ഏററവും കുറഞ്ഞ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പയനിയർമാരാകുന്നതിനു സ്കൂൾ വിട്ടിരിക്കുന്നു എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. അവർക്കു തൊഴിൽപരമോ ലൗകികമോ ആയ യോഗ്യതകളില്ലായിരുന്നു. തങ്ങളുടെ മാതാപിതാക്കൾ സഹായിച്ചില്ലെങ്കിൽ അവർ അംശകാലജോലി കണ്ടെത്തേണ്ടിയിരുന്നു. ഉപജീവനം കഴിക്കാൻ വേണ്ടത്ര പണം ഉണ്ടായിരിക്കുന്നതിന് അവർക്കു വളരെ മണിക്കൂറുകൾ പണിയെടുക്കേണ്ട ജോലികൾ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. ശാരീരികമായി തളർന്നുപോയതിനാൽ അവർ പയനിയർ ശുശ്രൂഷ ഉപേക്ഷിച്ചു. ഇത്തരക്കാർക്കു തങ്ങളേത്തന്നെ പോററുന്നതിനും പയനിയർ സേവനത്തിലേക്കു തിരികെ വരുന്നതിനും എന്തു ചെയ്യാൻ കഴിയും?
വിദ്യാഭ്യാസം സംബന്ധിച്ച ഒരു സന്തുലിതമായ വീക്ഷണം
12. (എ) വിദ്യാഭ്യാസത്തിന്റെ സംഗതിയിൽ ഒരു ക്രിസ്ത്യാനി ഒഴിവാക്കേണ്ട അങ്ങേയററത്തെ രണ്ടു വീക്ഷണങ്ങൾ ഏവ? (ബി) യഹോവയുടെ സമർപ്പിത സാക്ഷികൾക്കും അവരുടെ മക്കൾക്കും വിദ്യാഭ്യാസം എന്തുദ്ദേശ്യം സാധിക്കേണ്ടതാണ്?
12 വിദ്യാഭ്യാസം സംബന്ധിച്ച ഒരു സന്തുലിതമായ വീക്ഷണത്തിനു സഹായിക്കാൻ കഴിയും. ലോകത്തിലെ അനേകം ചെറുപ്പക്കാർക്കു വിദ്യാഭ്യാസം അന്തസ്സിന്റെ ഒരു അടയാളമാണ്, സാമൂഹികമായ ഒരു ഉന്നതസ്ഥാനത്തേക്കു ചവിട്ടിക്കയറുന്നതിനു സഹായിക്കുന്ന ഒന്നാണ്, സമ്പൽസമൃദ്ധമായ ഭൗതിക ജീവിതരീതിയുടെ താക്കോൽ തന്നെ. മററു ചിലർക്ക്, സ്കൂൾവിദ്യാഭ്യാസം, എത്രയും പെട്ടെന്നു പൂർത്തിയാക്കേണ്ട ഒരു കഠിനജോലിയാണ്. സത്യക്രിസ്ത്യാനികൾക്ക് ഇതിൽ ഒരു വീക്ഷണവും ഉചിതമല്ല. എങ്കിൽപ്പിന്നെ “ഒരു സന്തുലിതമായ വീക്ഷണ”മെന്നു എന്തിനെ വിളിക്കാൻ കഴിയും? ലക്ഷ്യഫലപ്രാപ്തിക്കുള്ള ഒരു മാർഗ്ഗമായിട്ടു വേണം ക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തെ വീക്ഷിക്കാൻ. ഈ അന്ത്യനാളുകളിൽ, സാദ്ധ്യമാകുന്നത്ര അളവിലും ഫലപ്രദമായും യഹോവയെ സേവിക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം. അവർ ജീവിക്കുന്ന രാജ്യത്ത് ഏററവും കുറഞ്ഞതോ ഹൈസ്കൂളിലെയോ വിദ്യാഭ്യാസം, പയനിയർമാരെന്നനിലയിൽ ജീവിക്കുന്നതിന് അപര്യാപ്തമായ വരുമാനമുള്ള ജോലി കണ്ടെത്താനേ അനുവദിക്കുകയുള്ളുവെങ്കിൽ അനുബന്ധ വിദ്യാഭ്യാസമോ പരിശീലനമോ നേടുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇതു മുഴുസമയ ശുശ്രൂഷയെന്ന പ്രത്യേക ലാക്കിലായിരിക്കും.
13. (എ) തന്റെ കുടുംബ ഉത്തരവാദിത്വങ്ങൾ നിറവേററവെ, പയനിയർസേവനത്തിൽ തുടരാൻ ഫിലിപ്പീൻസിലെ ഒരു സഹോദരിക്കു കഴിഞ്ഞത് എങ്ങനെ? (ബി) ഏതു മുന്നറിയിപ്പു സമയോചിതമാണ്?
13 ചിലർ, മുഴുസമയ ശുശ്രൂഷയിലേർപ്പെടാനോ അതു പുനരാരംഭിക്കാനോ സഹായിക്കുന്ന ജോലിക്കുള്ള അവസരങ്ങൾ തുറന്നുകൊടുത്തിട്ടുള്ള പരിശീലന കോഴ്സുകളിൽ ചേർന്നിട്ടുണ്ട്. ഫിലിപ്പീൻസിൽ ഒരു സഹോദരിയായിരുന്നു കുടുംബത്തിൽ ഉപജീവനമാർഗ്ഗം തേടിയിരുന്നത്. എന്നാൽ അവൾ പയനിയറിംഗ് ചെയ്യാനാഗ്രഹിച്ചു. അവിടത്തെ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു: “അവൾക്കിതു ചെയ്യാൻ കഴിഞ്ഞത് ഒരു സർട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടൻറ് എന്ന നിലയിൽ യോഗ്യത സമ്പാദിക്കുന്നതിനു കൂടുതലായ വിദ്യാഭ്യാസം ലഭിച്ചതിനാലാണ്.” അതേ ബ്രാഞ്ച്റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “പഠിച്ചുകൊണ്ടിരിക്കെത്തന്നെ പയനിയറിംഗ് ചെയ്യുന്നതിനു പട്ടികകൾ ക്രമീകരിക്കാൻ കഴിഞ്ഞ അനേകർ ഞങ്ങൾക്കുണ്ട്. പഠനത്തിൽ ശുഷ്കാന്തിയുള്ളവരാകയാൽ, ലോകത്തിന്റെ അനുധാവനങ്ങളിൽ അതിമോഹമുള്ളവരായിത്തീരുന്നില്ലെങ്കിൽ, പൊതുവെ അവർ മെച്ചപ്പെട്ട പ്രസാധകരായിത്തീരുന്നു.” ഒടുവിൽപറഞ്ഞ ഈ കാര്യം ചിന്തിക്കാൻ നമുക്കു കാരണം നൽകുന്നു. ആവശ്യമാണെന്നു തോന്നുമ്പോൾ കൂടുതലായി നടത്തുന്ന വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം നാം മറന്നുപോകുകയോ ഭൗതികത്വ ലക്ഷ്യത്തിലേക്കു തിരിഞ്ഞുപോകുകയോ ചെയ്യരുത്.
14, 15. (എ) വിദ്യാഭ്യാസത്തിന്റെ സംഗതിയിൽ കർക്കശമായ നിയമങ്ങൾ വെക്കരുതാത്തത് എന്തുകൊണ്ട്? (ബി) ഉത്തരവാദിത്വമുള്ള ചില സഹോദരങ്ങൾക്ക് എന്തു ലൗകിക വിദ്യാഭ്യാസം ഉണ്ടായിരുന്നു, ഇതിന്റെ കുറവു പരിഹരിച്ചിരിക്കുന്നത് എന്താണ്?
14 ചുരുക്കം ചില രാജ്യങ്ങളിൽ, സെക്കൻഡറി സ്കൂളുകൾ ബിരുദസമ്പാദനത്തിന്റെ സമയമാകുമ്പോഴേക്കും ഏതെങ്കിലും തൊഴിലിന് ഒരു യുവക്രിസ്ത്യാനിയെ ഒരുക്കാൻ കഴിയുന്ന തൊഴിൽപരിശീലനം നൽകുന്നുണ്ട്. വാസ്തവസ്ഥിതി ഇതല്ലാത്തപ്പോൾപോലും ചില രാജ്യങ്ങളിൽ അടിസ്ഥാനവിദ്യാഭ്യാസം മാത്രമുള്ള പരിശ്രമശാലികളായ യുവാക്കൾ പയനിയറിംഗ് ചെയ്യുന്നതിനാവശ്യമായതു സമ്പാദിക്കാൻ സഹായിക്കുന്ന അംശകാലജോലി കണ്ടെത്തുകതന്നെ ചെയ്യുന്നുണ്ട്. അതുകൊണ്ട്, കൂടുതലായ വിദ്യാഭ്യാസത്തിന് അനുകൂലമായോ പ്രതികൂലമായോ യാതൊരു കർശനനിയമവും ഉണ്ടാക്കരുത്.
15 ഇപ്പോൾ സഞ്ചാരമേൽവിചാരകൻമാരായോ, സൊസൈററിയുടെ മുഖ്യ ആസ്ഥാനത്തോ, ഏതെങ്കിലുമൊരു ബ്രാഞ്ചിലോ ഉത്തരവാദിത്വസ്ഥാനത്തു സേവിക്കുന്ന അനേകർക്കു വെറും അടിസ്ഥാന വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളു. അവർ വിശ്വസ്തരായ പയനിയർമാരായിരുന്നു, അവർ പഠനം ഒരിക്കലും നിർത്തിയില്ല, അവർ പരിശീലനം നേടി. അവരെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഭരമേല്പിച്ചു. അവർക്കു ഖേദമില്ല. മറിച്ച്, അവരുടെ സമകാലികരിൽ ചിലർ ഒരു സർവകലാശാലാവിദ്യാഭ്യാസം നേടാൻ തീരുമാനിക്കുകയും വിശ്വാസനഷ്ടം വരുത്തുന്ന തത്ത്വശാസ്ത്രങ്ങളുടെയും “ഈ ലോകത്തിന്റെ ജ്ഞാന”ത്തിന്റെയും വശീകരണത്തിൽപ്പെട്ടു തങ്ങളുടെ ആത്മീയ പുരോഗതി നിർത്തുകയും ചെയ്തു.—1 കൊരിന്ത്യർ 1:19-21; 3:19, 20; കൊലൊസ്സ്യർ 2:8.
ചെലവു കണക്കാക്കൽ
16. (എ) കൂടുതലായ വിദ്യാഭ്യാസം അഭിലഷണീയമോ എന്ന് ആരാണു തീരുമാനിക്കേണ്ടത്, എന്താണു മനസ്സിൽ പ്രമുഖമായി നിർത്തേണ്ടത്? (ബി) എന്തു പരിഗണിക്കേണ്ടതാണ്?
16 ഒരു യുവക്രിസ്ത്യാനി കൂടുതലായ വിദ്യാഭ്യാസമോ പരിശീലനമോ നേടണമോ എന്ന് ആരാണു തീരുമാനിക്കേണ്ടത്? ശിരഃസ്ഥാനത്തിന്റെ ബൈബിൾ തത്ത്വം ഇവിടെ ബാധകമാകുന്നു. (1 കൊരിന്ത്യർ 11:3; എഫെസ്യർ 6:1) ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ മക്കളുടെ തൊഴിലിന്റെയോ ജീവിതവൃത്തിയുടെയോ കാര്യത്തിലും അതിനാവശ്യമായ വിദ്യാഭ്യാസത്തിന്റെ അളവിന്റെ കാര്യത്തിലും മാതാപിതാക്കൾ തീർച്ചയായും മക്കൾക്കു മാർഗ്ഗനിർദ്ദേശം നൽകാനാഗ്രഹിക്കും. അനേക രാജ്യങ്ങളിലും വിദ്യാഭ്യാസം സംബന്ധിച്ചും തൊഴിൽ സംബന്ധിച്ചും ഉള്ള തീരുമാനങ്ങൾ നേരത്തെ, സെക്കൻഡറി വിദ്യാഭ്യാസകാലത്തുതന്നെ എടുക്കേണ്ടിയിരിക്കുന്നു. അതാണു രാജ്യതാല്പര്യങ്ങൾ മനസ്സിൽ പ്രമുഖമായി നിർത്തിക്കൊണ്ടു ക്രിസ്തീയ മാതാപിതാക്കളും യുവാക്കളും ഒരു ജ്ഞാനപൂർവകമായ തീരുമാനം എടുക്കുന്നതിനു യഹോവയുടെ മാർഗ്ഗനിർദേശം തേടേണ്ട സമയം. ചെറുപ്പക്കാർക്കു വ്യത്യസ്ത വാസനകളും അഭിരുചികളും ഉണ്ട്. ജ്ഞാനികളായ മാതാപിതാക്കൾ ഇവ പരിഗണിക്കും. നീലക്കോളർ ജോലിയോ വെള്ളക്കോളർ ജോലിയോ ഏതായിരുന്നാലും സത്യസന്ധമായ എല്ലാ ജോലികളും മാന്യമാണ്. ലോകം ഓഫീസുജോലികളെ പൊക്കിപ്പറയുകയും കായികാദ്ധ്വാനത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്യുമ്പോൾ ബൈബിൾ തീർച്ചയായും അങ്ങനെ ചെയ്യുന്നില്ല. (പ്രവൃത്തികൾ 18:3) അതുകൊണ്ട്, അനുകൂലവും പ്രതികൂലവുമായ ന്യായങ്ങൾ ശ്രദ്ധാപൂർവവും പ്രാർത്ഥനാപൂർവവും തൂക്കിനോക്കിയിട്ടു സെക്കൻഡറിക്കുശേഷമുള്ള പഠനങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ മാതാപിതാക്കളും യുവക്രിസ്ത്യാനികളും തീരുമാനമെടുക്കുമ്പോൾ സഭയിലെ മററുള്ളവർ അവരെ വിമർശിക്കരുത്.
17. തങ്ങളുടെ കുട്ടികൾക്കുവേണ്ടി ചില മാതാപിതാക്കൾ എന്തു തിരഞ്ഞെടുക്കുന്നു?
17 തങ്ങളുടെ മക്കൾക്കു ഹൈസ്കൂളിനുശേഷം കൂടുതലായ വിദ്യാഭ്യാസം നൽകാൻ ക്രിസ്തീയമാതാപിതാക്കൾ ഉത്തരവാദിത്വപൂർവം തീരുമാനമെടുക്കുന്നെങ്കിൽ അത് അവരുടെ പ്രത്യേക അവകാശമാണ്. ഈ പഠനങ്ങളുടെ കാലയളവ്, തിരഞ്ഞെടുത്ത തൊഴിലിന് അനുസൃതമായി വ്യത്യസ്തമായിരിക്കും. സാമ്പത്തിക കാരണങ്ങളാലും കഴിയുന്നതും വേഗത്തിൽ മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ തങ്ങളുടെ മക്കളെ സഹായിക്കുന്നതിനും അനേകം മാതാപിതാക്കൾ അവർക്കുവേണ്ടി തൊഴിൽപരമോ സാങ്കേതികമോ ആയ സ്കൂളുകളിൽ ഹ്രസ്വകാല പഠനപദ്ധതികൾ തിരഞ്ഞെടുത്തിട്ടുണ്ട്. ചില കേസുകളിൽ, യുവാക്കൾക്ക് ഏതെങ്കിലും തൊഴിൽ ചെയ്തുപരിശീലിക്കേണ്ട ആവശ്യമുണ്ടായിട്ടുണ്ട്, എന്നാൽ എല്ലായ്പോഴും യഹോവയുടെ സേവനത്തിൽ മുഴുജീവിതവും എന്ന ലക്ഷ്യത്തിൽ ആയിരിക്കണം അത്.
18. കൂടുതലായ കോഴ്സുകളിൽ ചേരുന്നെങ്കിൽ എന്തു മനസ്സിൽ പിടിക്കേണ്ടതാണ്?
18 കൂടുതലായ കോഴ്സുകൾക്കു പോകുന്നെങ്കിൽ അതിന്റെ ഉദ്ദേശ്യം ഒരിക്കലും പാണ്ഡിത്യപ്രകടനപരമായി തിളങ്ങുകയെന്നതോ പ്രശസ്തമായ ഒരു ലൗകിക ജീവിതവൃത്തി നേടിയെടുക്കുകയെന്നതോ ആയിരിക്കരുത്. കോഴ്സുകൾ തിരഞ്ഞെടുക്കുന്നതു ശ്രദ്ധാപൂർവം വേണം. ഈ മാസിക ഉപരിപഠനത്തിന്റെ അപകടത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലധികവും ബൈബിളിലെ “ആരോഗ്യാവഹമായ പഠിപ്പിക്ക”ലുകളെ എതിർക്കുന്നതുകൊണ്ട് അതു ന്യായീകരിക്കാവുന്നതുമാണ്. (തീത്തൊസ് 2:1, NW; 1 തിമൊഥെയൊസ് 6:20, 21) കൂടുതലായി, 1960-കൾ മുതൽ പുരോഗമിച്ച പഠനത്തിനുള്ള അനേകം സ്കൂളുകൾ നിയമരാഹിത്യത്തിന്റെയും അധാർമ്മികതയുടെയും വിളനിലമായിത്തീർന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിനെ “വിശ്വസ്തനും വിവേകിയുമായ അടിമ” ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. (മത്തായി 24:12, 45) എന്നിരുന്നാലും, ഇന്നു ചെറുപ്പക്കാർ ഇതേ അപകടങ്ങളെ ഹൈസ്കൂളുകളിലും സാങ്കേതിക കോളജുകളിലും ജോലിസ്ഥലത്തുപോലും നേരിടുന്നുണ്ടെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.—1 യോഹന്നാൻ 5:19.a
19. (എ) അനുബന്ധ കോഴ്സുകളിൽ ചേരാൻ തീരുമാനിക്കുന്നവർ എന്തു മുൻകരുതലുകൾ എടുക്കേണ്ടതാണ്? (ബി) ചിലർ തങ്ങളുടെ വിദ്യാഭ്യാസത്തെ വളരെ പ്രയോജനകരമായി ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ?
19 ഒരു യുവസാക്ഷി അനുബന്ധവിദ്യാഭ്യാസം നേടാൻ തീരുമാനിക്കുന്നെങ്കിൽ, എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ ഈ വിദ്യാഭ്യാസം വീട്ടിൽ താമസിച്ചുകൊണ്ടു നടത്തുന്നതു ബുദ്ധിയായിരിക്കും, അങ്ങനെ സാധാരണയുള്ള ക്രിസ്തീയ പഠനസ്വഭാവങ്ങളും, യോഗങ്ങളിൽ ഹാജരാകലും പ്രസംഗപ്രവർത്തനവും നിലനിർത്താൻ കഴിയും. തുടക്കത്തിൽത്തന്നെ ബൈബിൾതത്ത്വങ്ങൾ സംബന്ധിച്ചു ശരിയായ ഒരു നിലപാടു സ്വീകരിക്കണം. ദാനിയേലും അവന്റെ മൂന്ന് എബ്രായ കൂട്ടുകാരും ബാബിലോനിൽ ഉപരിപഠനങ്ങൾ നടത്താൻ ബാദ്ധ്യസ്ഥരായിരുന്നപ്പോൾ അവർ പ്രവാസത്തിലായിരുന്ന ബന്ദികളായിരുന്നുവെന്ന് ഓർക്കേണ്ടതാണ്, എന്നിട്ടും അവർ സ്ഥിരമായി തങ്ങളുടെ നിർമ്മലത കാത്തു. (ദാനീയേൽ, ഒന്നാം അദ്ധ്യായം) ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വച്ചുകൊണ്ടുതന്നെ, അനേകം രാജ്യങ്ങളിൽ യുവക്രിസ്ത്യാനികൾ അക്കൗണ്ടൻറുമാരായോ, തൊഴിലാളികളായോ അദ്ധ്യാപകരായോ, പരിഭാഷക്കാരായോ, ദ്വിഭാഷികളായോ ഉള്ള അംശകാലജോലിക്കോ തങ്ങളുടെ മുഖ്യ ജീവിതവൃത്തിയായ പയനിയറിംഗിൽ വേണ്ടവിധം പിന്തുണയേകിയ മററു തൊഴിലുകൾക്കോ സജ്ജരാക്കുന്നതിനുള്ള കോഴ്സുകൾ സ്വീകരിച്ചിട്ടുണ്ട്. (മത്തായി 6:33) ഈ യുവാക്കളിലനേകരും പിന്നീടു സഞ്ചാരമേൽവിചാരകൻമാരോ ബെഥേൽ സന്നദ്ധസേവകരോ ആയിത്തീർന്നിട്ടുണ്ട്.
ഒരു ഏകീകൃത, അഭ്യസ്തവിദ്യരായ ജനം
20. ലോകം കണക്കാക്കുന്ന ഏതു വ്യത്യാസത്തിനാണു യഹോവയുടെ ജനത്തിനിടയിൽ സ്ഥാനമില്ലാത്തത്?
20 യഹോവയുടെ ജനത്തിനിടയിൽ ഒരുവന്റെ തൊഴിൽ വെള്ളക്കോളറോ, നീലക്കോളറോ, കൃഷിയോ, സേവനങ്ങളോ എന്തായിരുന്നാലും എല്ലാവരും ബൈബിളിന്റെ നല്ല പഠിതാക്കളും കഴിവുള്ള ഉപദേഷ്ടാക്കളും ആയിരിക്കേണ്ടതാവശ്യമാണ്. വായന, പഠനം, പഠിപ്പിക്കൽ എന്നിവയിലൂടെ എല്ലാവരും ആർജ്ജിക്കുന്ന വൈദഗ്ദ്ധ്യങ്ങൾ കായികാദ്ധ്വാനികൾക്കും ഓഫീസ്ജോലിക്കാർക്കുമിടയിൽ ലോകം കല്പിക്കുന്ന അന്തരത്തെ അകററാൻ ഉതകുന്നു. ഇത് ആത്മീയ ഗുണങ്ങൾ സർവപ്രധാനമായിരിക്കുന്നതും എല്ലാവരിൽനിന്നും ആവശ്യപ്പെടുന്നതുമായ, ബെഥേൽ ഭവനങ്ങളിലും വാച്ച്ടവർ സൊസൈററിയുടെ നിർമ്മാണസ്ഥലങ്ങളിലും ഉള്ള സ്വമേധയാസേവകരുടെ ഇടയിലുള്ള ഐക്യത്തിലും പരസ്പര ബഹുമാനത്തിലും കലാശിച്ചിരിക്കുന്നു. ഇവിടെ പരിചയസമ്പന്നരായ ഓഫീസുജോലിക്കാർ വിദഗ്ദ്ധ കൈവേലക്കാരോടൊപ്പം സന്തോഷത്തോടെ വേലചെയ്യുന്നു, വിലമതിപ്പോടെയുള്ള പരസ്പരസ്നേഹം എല്ലാവരും പ്രകടമാക്കിക്കൊണ്ടുതന്നെ.—യോഹന്നാൻ 13:34, 35; ഫിലിപ്പിയർ 2:1-4.
21. യുവാക്കളായ ക്രിസ്ത്യാനികളുടെ ലക്ഷ്യം എന്തായിരിക്കണം?
21 മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ പുതിയലോകസമുദായത്തിലെ പ്രയോജനപ്രദരായ അംഗങ്ങളായിത്തീരുകയെന്ന ലക്ഷ്യത്തിലേക്കു നയിക്കൂ! യുവാക്കളായ ക്രിസ്ത്യാനികളേ, വിദ്യാഭ്യാസത്തിനുള്ള നിങ്ങളുടെ അവസരങ്ങളെ യഹോവയെ സേവിക്കുന്നതിനുള്ള നിങ്ങളുടെ പദവികളെ കൂടുതൽ പൂർണ്ണമായി പിടിച്ചുകൊള്ളാൻ യോഗ്യരാക്കുന്ന ഒരു ഉപാധിയായി ഉപയോഗിക്കൂ! പഠിപ്പിക്കപ്പെട്ടവരെന്ന നിലയിൽ, നിങ്ങളെല്ലാവരും ഇപ്പോഴും ദൈവത്തിന്റെ വാഗ്ദത്തംചെയ്യപ്പെട്ട “പുതിയ ഭൂമി”യിൽ നിത്യമായും ദിവ്യാധിപത്യ സമുദായത്തിലെ സുസജ്ജരായ അംഗങ്ങളാണെന്നു തെളിയട്ടെ.—2 പത്രൊസ് 3:13; യെശയ്യാവു 50:4; 54:13; 1 കൊരിന്ത്യർ 2:13.
[അടിക്കുറിപ്പ്]
a ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തഞ്ച് സെപ്ററംബർ 1-ലെ വാച്ച്ടവർ, 542-4 പേജുകൾ കൂടെ കാണുക.
നിങ്ങളുടെ ഓർമ്മ പരിശോധിക്കുക
◻ സത്യക്രിസ്ത്യാനികൾ വിദ്യാഭ്യാസത്തിൽ തത്പരരായിരിക്കുന്നത് എന്തുകൊണ്ട്?
◻ വിദ്യാഭ്യാസം സംബന്ധിച്ച അങ്ങേയററത്തെ ഏതു വീക്ഷണങ്ങൾ ക്രിസ്ത്യാനികൾ ഒഴിവാക്കും?
◻ കൂടുതലായ വിദ്യാഭ്യാസം സംബന്ധിച്ച ഏതപകടങ്ങൾ കണക്കിലെടുക്കേണ്ടതാണ്, ഏതു മുൻകരുതലുകൾ സ്വീകരിക്കണം?
◻ ലോകത്തിലെ ഏതു വ്യത്യാസത്തിനു യഹോവയുടെ ജനത്തിനിടയിൽ സ്ഥാനമില്ല?
[16-ാം പേജിലെ ചിത്രം]
ഉത്സാഹപൂർവം പഠിക്കുന്നതിനാൽ യുവാക്കളായ ക്രിസ്ത്യാനികൾക്കു പുതിയലോക സമുദായത്തിലെ ഏറെ പ്രയോജനപ്രദരായ അംഗങ്ങളായിത്തീരാൻ കഴിയും
[19-ാം പേജിലെ ചിത്രം]
കൂടുതലായ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നുവെങ്കിൽ യഹോവയെ ഏറെ നന്നായി സേവിക്കാനുള്ള അഭിലാഷത്താൽ വേണം പ്രേരിതരാകാൻ