ക്രിസ്തീയ യുവജനങ്ങളേ, വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുക
“എല്ലാവരും ഹാജരാവണം.” അതായിരുന്നു അറിയിപ്പ്. ഒരു പ്രത്യേക ജാപ്പനീസ് സ്കൂളിലെ സകല വിദ്യാർത്ഥികളും ഓഡിറേറാറിയത്തിലെ ഒരു പൊതുസമ്മേളനത്തിന് ഹാജരാകണമായിരുന്നു. ഒരു യുവ ക്രിസ്തീയ വിദ്യാർത്ഥിക്ക് സ്കൂൾഗാനത്തിൽ പ്രകടിതമായ ചില ആശയങ്ങളോട് യോജിക്കാൻ കഴിഞ്ഞില്ല. “ശരി, സ്കൂൾഗാനം പാടുമെന്ന് എനിക്കറിയാം. എന്നാൽ എനിക്ക് ഒരു പ്രയാസവുമുണ്ടായിരിക്കുകയില്ല. ഞാൻ പതിവുപോലെ പിറകിൽ ഇരിക്കും” എന്ന് അവൻ വിചാരിച്ചു.
എന്നിരുന്നാലും, യഹോവയുടെ ഈ യുവസാക്ഷി ഓഡിറേറാറിയത്തിൽ പ്രവേശിച്ചപ്പോൾ, എല്ലാ അദ്ധ്യാപകരും പിൻനിരയിൽ ഇരിക്കുന്നതായി അവൻ കണ്ടു. അതുകൊണ്ട് അവൻ അവരുടെ മുമ്പിൽ ഇരിക്കേണ്ടിവന്നു. മററു വിദ്യാർത്ഥികൾ സ്കൂൾഗാനത്തിനുവേണ്ടി എഴുന്നേററപ്പോൾ അവൻ ആദരവോടെ ഇരുന്നു. എന്നാൽ അദ്ധ്യാപകർ ഇതിൽ അരിശപ്പെട്ടു. എഴുന്നേൽപ്പിക്കാൻ അവർ അവന്റെമേൽ ശാരീരികമായി ബലംപ്രയോഗിക്കാൻ ശ്രമിച്ചു. അത്തരമൊരു സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? നിങ്ങൾ എന്തു ചെയ്യുമായിരുന്നു?
ശക്തമായ വിശ്വാസം ആവശ്യമായിരിക്കുന്നതിന്റെ കാരണം
ആളുകൾ ക്രിസ്ത്യാനികളെ വെറുതെ വിടുകയും തങ്ങളുടെ ബൈബിളധിഷ്ഠിത മനഃസാക്ഷിയനുസരിച്ച് ജീവിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായിരിക്കുമായിരുന്നു. എന്നിരുന്നാലും, മിക്കപ്പോഴും, ക്രിസ്ത്യാനികൾക്ക് സംഘർഷാത്മകമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഇത് നമ്മെ ആശ്ചര്യപ്പെടുത്തരുത്, എന്തുകൊണ്ടെന്നാൽ “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” എന്ന് ദൈവത്തിന്റെ സ്വന്ത പുത്രനായ യേശുക്രിസ്തു പറയുകയുണ്ടായി. (യോഹന്നാൻ 15:20) നേരിട്ടുള്ള പീഡനത്തിനു പുറമേ, യഹോവയുടെ ദാസൻമാർ വിശ്വാസത്തിന്റെ വിവിധങ്ങളായ മററു പരിശോധനകളെയും അഭിമുഖീകരിക്കുന്നു.
സ്കൂളിൽ നേരിടുന്ന പരിശോധനകളെ അഭിമുഖീകരിക്കുന്നതിന് മിക്കപ്പോഴും ക്രിസ്തീയ യുവജനങ്ങൾക്ക് ശക്തമായ വിശ്വാസമാവശ്യമാണ്. അവർ അസാൻമാർഗ്ഗിക ഭാഷ ഉപയോഗിക്കുന്നവരോ ദൈവത്തെ അപമാനിക്കുന്ന മനോഭാവങ്ങളുള്ളവരോ ആയ സഹപാഠികളുമായുള്ള സമ്പർക്കത്തിലേക്ക് തള്ളിവിടപ്പെട്ടേക്കാം. ചെറുപ്പക്കാരായ ക്രിസ്ത്യാനികൾ ദേശീയവാദത്തിൻമേലുള്ള വർദ്ധിച്ചുവരുന്ന ഊന്നലിനെയും ക്ലബ്ബുകളിലും സ്കൂൾരാഷ്ട്രീയത്തിലും പങ്കെടുക്കുന്നതിനുള്ള സമ്മർദ്ദത്തെയും അല്ലെങ്കിൽ ആത്മീയമായി ഹാനികരമായിരിക്കാവുന്ന മററു പ്രവർത്തനങ്ങളെയും അഭിമുഖീകരിച്ചേക്കാം. വിട്ടുവീഴ്ച ചെയ്യുന്നതിന് അദ്ധ്യാപകരും സഹപാഠികളും ചെറുപ്പുക്കാരായ ക്രിസ്ത്യാനികളുടെമേൽ സമ്മർദ്ദം പ്രയോഗിക്കാൻ ശ്രമിച്ചേക്കാം. അതുകൊണ്ട് തങ്ങളുടെ പ്രത്യാശയുടെ ഒരു വ്യക്തമായ പ്രതിവാദം നടത്തുന്നതിനാവശ്യമായ വിശ്വാസത്തിനുവേണ്ടി ദൈവഭക്തിയുള്ള ചെറുപ്പക്കാർ യഹോവയുടെ ആത്മാവിനെ ആശ്രയിക്കണം.—മത്തായി 10:19, 20; ഗലാത്യർ 5:22, 23.
‘ഒരു പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കുക’
അപ്പോസ്തലനായ പത്രോസിന്റെ ബുദ്ധിയുപദേശം ചെറുപ്പക്കാരും മുതിർന്നവരുമായ ക്രിസ്ത്യാനികൾക്ക് ഉചിതമാണ്. അവൻ പറഞ്ഞു: “നിങ്ങളിലുള്ള പ്രത്യാശയുടെ ഒരു ന്യായം ആവശ്യപ്പെടുന്ന ഏതൊരാളുടെയും മുമ്പാകെ ഒരു പ്രതിവാദം നടത്താൻ എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കുക, എന്നാൽ ഒരു സൗമ്യപ്രകൃതത്തോടും ആഴമായ ബഹുമാനത്തോടും കൂടെ അങ്ങനെ ചെയ്യുക.” (1 പത്രോസ് 3:15, NW) അങ്ങനെയുള്ള ഒരു പ്രതിവാദം നടത്താൻ ഒരുങ്ങിയിരിക്കുന്നതിന് എന്താണാവശ്യമായിരിക്കുന്നത്? ഒന്നാമതായി, തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. ദേശീയവാദം, രാഷ്ട്രീയം, മയക്കുമരുന്നുദുരുപയോഗം, അല്ലെങ്കിൽ ധാർമ്മികനിഷ്ഠകൾ എന്നീ കാര്യങ്ങളിൽ സ്കൂളിൽ ഒരു നിലപാടു സ്വീകരിക്കുന്നതിന്, നിങ്ങൾ ക്രിസ്തീയ നിലപാടിന്റെ കാരണം ആദ്യം മനസ്സിലാക്കുകയും ആത്മാർത്ഥമായി അതിൽ വിശ്വസിക്കുകയും വേണം.
ദൃഷ്ടാന്തത്തിന്, “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനകരമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോടു പറഞ്ഞു. (1 കൊരിന്ത്യർ 15:33, NW) നിങ്ങൾ അതിനോടു യോജിക്കുന്നുവോ? പൗലോസ് സൂചിപ്പിച്ച പ്രകാരം, സഹവാസത്തിന്റെ സംഗതിയിൽ വഴിതെററിക്കപ്പെടുക എളുപ്പമാണ്. ഒരു വ്യക്തി സൗഹൃദവും ഇണക്കവുമുള്ളയാളായി കാണപ്പെട്ടേക്കാം. എന്നാൽ യഹോവയുടെ സേവനത്തിലുള്ള നിങ്ങളുടെ താത്പര്യത്തിൽ അയാൾ പങ്കുപററുന്നില്ലെങ്കിൽ അല്ലെങ്കിൽ ബൈബിൾവാഗ്ദത്തങ്ങളിൽ വിശ്വസിക്കുകപോലും ചെയ്യുന്നില്ലെങ്കിൽ, അയാൾ ഒരു ചീത്ത കൂട്ടാളിയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അയാളുടെ ജീവിതം വ്യത്യാസമുള്ള തത്ത്വങ്ങളിൽ അധിഷ്ഠിതമാണ്, ഒരു ക്രിസ്ത്യാനിക്ക് വളരെ പ്രാധാന്യമുള്ള കാര്യങ്ങൾ അയാൾക്ക് അപ്രധാനമായിരിക്കാം.
ഇത് അതിശയമല്ല, എന്തെന്നാൽ യേശു തന്റെ അനുഗാമികളെ സംബന്ധിച്ച് “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവർ ലോകത്തിന്റെ ഭാഗമല്ല” എന്ന് പറയുകയുണ്ടായി. (യോഹന്നാൻ 17:16, NW) ഒരു വ്യക്തിക്ക് ഒരു സത്യക്രിസ്ത്യാനിയായിരിക്കാനും അതേ സമയം സാത്താൻ ദൈവമായിരിക്കുന്ന ഈ ലോകത്തിന്റെ ഭാഗമായിരിക്കാനും സാദ്ധ്യമല്ല. (2 കൊരിന്ത്യർ 4:4) ലോകത്തിൽനിന്നുള്ള അങ്ങനെയുള്ള ഒരു വേർപാട് ഒരു ക്രിസ്ത്യാനിയെ ഇന്നത്തെ അനേകരെ ബാധിക്കുന്ന ദുഷിപ്പിൽനിന്നും ഒരുമിപ്പില്ലായ്മയിൽനിന്നും സംരക്ഷിക്കുമെന്ന് നിങ്ങൾ കാണുന്നുവോ? അങ്ങനെയെങ്കിൽ, നിങ്ങൾ നിങ്ങളുടെ വേർപാട് നിലനിർത്തേണ്ടതെന്തുകൊണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും, അതിന്റെ അർത്ഥം നിങ്ങൾക്ക് ചില സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കുപററാൻകഴിയില്ലെന്നാണെങ്കിൽപോലും.a
വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുന്നതിന്റെയും ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾ ഒന്നാമതു കരുതുന്നതിന്റെയും പ്രാധാന്യം ഒരു ക്രിസ്തീയ പെൺകുട്ടിയുടെ സംഗതിയിൽ പ്രകടമാക്കപ്പെട്ടു. (മത്തായി 6:33) അവളുടെ ബിരുദ റിഹേഴ്സൽ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അത് അവൾ ഹാജരാകാൻ പ്ലാൻ ചെയ്ത യഹോവയുടെ സാക്ഷികളുടെ സർക്കിട്ട് സമ്മേളനത്തിന്റെ അതേ ദിവസത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നതെന്ന് അവൾ കണ്ടെത്തി. തനിക്ക് റിഹേഴ്സലിന് വരാൻ പററാത്തതെന്തുകൊണ്ടെന്ന് വിശദീകരിച്ചകൊണ്ട് അവൾ ആദരപൂർവം ഒരു എഴുത്ത് എഴുതുകയും ക്ലാസിനു മുമ്പ് അവളുടെ അദ്ധ്യാപകന്റെ കൈയിൽ കൊടുക്കുകയും ചെയ്തു. ക്ലാസിനുശേഷം അവൾ എന്തുകൊണ്ടാണ് റിഹേഴ്സലിന് ഹാജരാകാത്തതെന്ന് വീണ്ടും വിശദീകരിക്കാൻ അദ്ധ്യാപകൻ അവളെ മാററിനിർത്തി ആവശ്യപ്പെട്ടു. പെൺകുട്ടി പറയുന്നു: “എന്റെ വാക്കുകൾ ഒന്നുതന്നെയായിരിക്കുമോ എന്നു കാണാൻ അദ്ദേഹം ആഗ്രഹിച്ചു. ഇത് എന്റെ വിചാരമാണോ, അതോ എഴുത്തിൽ എന്റെ അമ്മയുടെ വാക്കുകൾ മാത്രമാണോ അടങ്ങിയിരുന്നത്? ഈ കാര്യത്തിലുള്ള എന്റെ വ്യക്തിപരമായ ബോധ്യം കണ്ടപ്പോൾ അദ്ദേഹം എന്നെ എതിർത്തില്ല.”
“ഏതൊരാളിന്റെയും മുമ്പാകെ പ്രതിവാദം നടത്തുക”
ഒരു വിവാദപ്രശ്നം സംജാതമാകുന്നതിനു മുമ്പ് അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും തങ്ങളുടെ നിലപാട് വ്യക്തമായി അറിയിക്കുന്നുവെങ്കിൽ, പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമ്പോഴത്തെ സമ്മർദ്ദം അത്ര വലുതായിരിക്കുകയില്ലെന്ന് ക്രിസ്തീയ യുവജനങ്ങൾ മിക്കപ്പോഴും കണ്ടെത്തുന്നു. ചെറുപ്പമായിരുന്ന ഒരു ക്രിസ്തീയ ജാപ്പനീസ് പെൺകുട്ടി തനിക്ക് 11 വയസ്സായിരുന്നപ്പോൾ എല്ലാ വിദ്യാർത്ഥികളും ഒരു ക്രിസ്മസ് പാർട്ടിക്ക് ഹാജരാകണമെന്ന് അവളുടെ സ്കൂൾ ആവശ്യപ്പെട്ടതായി അവൾ വിവരിക്കുന്നു. ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാൻ അവളുടെമേൽ സമ്മർദ്ദം ചെലുത്തി, എന്നാൽ അവൾ ഹാജരായില്ല. അവളുടെ നിലപാട് അദ്ധ്യാപകന് മനസ്സിലായി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്കൂൾവർഷാരംഭത്തോടടുത്ത് ആ സാക്ഷിയും സാക്ഷികളായ അവളുടെ മാതാപിതാക്കളും അവളുടെ അദ്ധ്യാപകനെ കാണുകയും തങ്ങളുടെ ക്രിസ്തീയ നിലപാടിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്യുകയും ചെയ്തിരുന്നു.
വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, സഹപാഠികളെയോ അദ്ധ്യാപകരെയോ കണ്ടുമുട്ടുന്നതിന് ചില ക്രിസ്തീയ ചെറുപ്പക്കാർക്ക് ഭയമാണ്. നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുവോ? എങ്കിൽ, മുൻകൈ എടുക്കുകയും നിങ്ങൾ വീടുതോറും പ്രസംഗിക്കുന്നുവെന്നും നിങ്ങൾ അങ്ങനെ ചെയ്യുന്നതെന്തുകൊണ്ടെന്നും നിങ്ങളുടെ സഹപാഠികളെ അറിയിക്കുകയും ചെയ്യരുതോ? 14 വയസ്സുള്ള യഹോവയുടെ ഒരു സാക്ഷി ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള എന്റെ നിലപാട് സ്കൂളിലെ എല്ലാവർക്കും അറിയാം. തീർച്ചയായും, ഞാൻ വയൽശുശ്രൂഷയിലേർപ്പെടുമ്പോൾ എന്റെ സഹപാഠികളിലൊരാളെ കണ്ടുമുട്ടിയാൽ എനിക്ക് ബുദ്ധിമുട്ടുതോന്നുന്നില്ലെന്ന് അവർക്ക് വളരെ നന്നായി അറിയാം. സഹപാഠികൾ സാധാരണയായി ശ്രദ്ധിക്കുന്നു, മിക്കപ്പോഴും അവർ സാഹിത്യങ്ങൾ സ്വീകരിക്കുന്നു.” ഒരു 12 വയസ്സുകാരൻ താൻ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ തന്റെ സഹപാഠികളെ കണ്ടുമുട്ടാൻ പ്രതീക്ഷിക്കുന്നുവെന്ന് റിപ്പോർട്ടുചെയ്യുന്നു. ഇതിനെക്കുറിച്ചുള്ള ചിന്തയിൽ പരിഭ്രമിക്കുന്നതിനു പകരം, ഇതു സംഭവിക്കുമ്പോൾ പറയാൻ പോകുന്നത് അവൻ ക്രമമായി റിഹേഴ്സ്ചെയ്യുന്നു. അങ്ങനെ അവൻ തന്റെ വിശ്വാസത്തിന്റെ ഈടുററ ന്യായങ്ങൾ നൽകാൻ ഒരുങ്ങിയിരിക്കുന്നു.
അനേകം സ്കൂളുകളിൽ, സ്കൂളിനുശേഷമുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കാവുന്ന കാര്യമാണെന്ന് പറയപ്പെടുന്നു. എന്നാൽ യഥാർത്ഥ നടപടിയിൽ, അങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് അദ്ധ്യാപകരും വിദ്യാർഥികളും വ്യക്തികളുടെമേൽ വളരെ സമ്മർദ്ദം ചെലുത്തുന്നു. 20 വയസ്സുള്ള ഒരു ക്രിസ്ത്യാനി ഈ സമ്മർദ്ദത്തെ നേരിടുന്നതിന് ഒരു നല്ല മാർഗ്ഗം കണ്ടുപിടിച്ചു. അവൾ പറയുന്നു: “ഹൈസ്കൂളിലുടനീളം ഞാൻ ഒരു സഹായപയനിയറായി സേവിച്ചു. മററു കാര്യങ്ങളിൽ ചേരാൻ കഴിയാത്തവിധം എന്റെ മതപരമായ പ്രവർത്തനങ്ങളിൽ ഞാൻ വളരെ തിരക്കിലാണെന്ന് എല്ലാവർക്കുമറിയാമായിരുന്നു.” ഈ സാക്ഷിയുടെ ഇളയ സഹോദരി ഇതേ ഗതി പിന്തുടർന്നു. ചില ക്രിസ്തീയ യുവജനങ്ങൾ സ്കൂൾപഠനം അവസാനിക്കുമ്പോൾ സ്കൂൾ വർഷങ്ങളിലെ സഹായ പയനിയർസേവനത്തിൽനിന്ന് മുഴു സമയ രാജ്യപ്രഘോഷകരെന്ന നിലയിൽ നിരന്തര പയനിയർ പ്രവർത്തനത്തിലേക്ക് നേരിട്ടു പോകുന്നു.
നിങ്ങളുടെ നല്ല നടത്തയുടെയും ധീരമായ സാക്ഷീകരണത്തിന്റെയും സൽഫലങ്ങളെ ഒരിക്കലും അവഗണിക്കരുത്. ശാന്തമായി ഇരിക്കുന്നതിനു പകരം ആദരപൂർവവും എന്നാൽ ധീരവുമായി സംസാരിച്ചുകൊണ്ട് നിങ്ങൾ വിശ്വാസത്തിൽ ഉറപ്പുള്ളവരാണെന്ന് എന്തുകൊണ്ട് പ്രകടമാക്കിക്കൂടാ? അതാണ് ബന്ദിയായി പിടിക്കപ്പെടുകയും സിറിയൻ സൈന്യാധിപനായിരുന്ന നയമാന്റെ ഭവനത്തിൽ എത്തുപെടുകയും ചെയ്ത ഒരു ഇസ്രായേല്യ പെൺകുട്ടി ചെയ്തത്. (2 രാജാക്കൻമാർ 5:2-4) ആ കൊച്ചുബാലികയുടെ മുൻകൈ നിമിത്തം യഹോവയുടെ നാമം സ്തുതിക്കപ്പെട്ടു. നമ്മുടെ ഭാഗത്തെ സമാനമായ വിശ്വാസത്തിനും ദൈവത്തിനു ബഹുമാനം കൈവരുത്താൻ കഴിയും, അവന്റെ നാമത്തിന്റെ സ്തുതിപാഠകരെന്ന നിലയിൽ ഒരു നില സ്വീകരിക്കാൻ മററുള്ളവരെ സഹായിക്കുകയും ചെയ്തേക്കാം.
നമ്മുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച വരുത്താനും പിന്നെയും ക്രിസ്ത്യാനികളായി നിലകൊള്ളാനും കഴികയില്ല എന്നതാണ് വസ്തുത. യേശു പറഞ്ഞു: “മനുഷ്യരുടെ മുമ്പിൽ എന്നെ ഏററുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏററുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻമുമ്പിൽ ഞാനും തള്ളിപ്പറയും.” (മത്തായി 10:32, 33) യേശുവിന്റെ ഒരു അനുഗാമിയെന്ന നിലയിൽ വിശ്വാസത്തിൽ ഉറപ്പുള്ളവനായിരിക്കുന്നത് ഗൗരവമുള്ള ഒരു ഉത്തരവാദിത്വമാണ്, അല്ലയോ?
സഹായം ലഭ്യം
യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിൽ ഉറച്ച ഒരു നിലപാട് സ്വീകരിക്കാൻ നിങ്ങൾക്ക് ശക്തമായ വിശ്വാസമാവശ്യമാണ്. ആ ലക്ഷ്യത്തിൽ നിങ്ങൾ ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും ക്രിസ്തീയയോഗങ്ങൾക്ക് ഹാജരാകുകയും വയൽശുശ്രൂഷയിൽ ഏർപ്പെടുകയും വേണം. എന്തോ കുറവുണ്ടെന്ന് നിങ്ങൾക്ക് ഇപ്പോഴും തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ശിഷ്യനായ യാക്കോബ് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നുവെങ്കിൽ, ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും.” (യാക്കോബ് 1:5) നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് പ്രാർത്ഥനയിൽ യഹോവയോടു സംസാരിക്കുക; പീഡാനുഭവങ്ങളെയോ വിശ്വാസത്തിന്റെ പരിശോധനകളെയോ അഭിമുഖീകരിക്കുന്നതിന് നിങ്ങളെ ശക്തീകരിക്കാൻ അവനു കഴിയും.
ഒരു യുവ ക്രിസ്ത്യാനിക്ക് വേറെ എന്തു ചെയ്യാൻ കഴിയും? സദൃശവാക്യങ്ങളുടെ പുസ്തകം നമ്മോടു പറയുന്നു: “നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.” (സദൃശവാക്യങ്ങൾ 23:22) അപ്പോസ്തലനായ പൗലോസ് ഈ ബുദ്ധിയുപദേശത്തെ പിന്താങ്ങി, എന്തെന്നാൽ “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യൻമാരിൽ കണ്ടാൽ പ്രസാദകരമല്ലോ” എന്ന് അവൻ പറഞ്ഞു. (കൊലോസ്യർ 3:20) ക്രിസ്തീയ മാതാപിതാക്കൻമാർക്ക് വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയും. അവരുടെ നിർദ്ദേശങ്ങൾ കേട്ടനുസരിക്കുക. അവരുടെ സഹായത്തോടെ, ആശയങ്ങളും ബുദ്ധിയുപദേശവും അനുഭവങ്ങളും അന്വേഷിച്ചുകൊണ്ട് തിരുവെഴുത്തുകളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും പരിശോധിക്കുക. നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും ഇത് ആസ്വദിക്കും., അത് അധൈര്യമോ ഭയമോ തരണംചെയ്യുന്നതിന് നിങ്ങളെ സഹായിക്കും.—2 തിമൊഥെയോസ് 1:7.
യഹോവയാം ദൈവം ക്രിസ്തീയസഭ മുഖേന ചെയ്തിരിക്കുന്ന കരുതലുകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തുക. യോഗങ്ങൾക്ക് നന്നായി തയ്യാറാകുക. നിങ്ങളെ ഇപ്പോൾ അഭിമുഖീകരിക്കുന്നതിനോടു സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള നിയമിത മൂപ്പൻമാരോടും മററുള്ളവരോടും സംസാരിക്കുക. ശലോമോൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനിയായ ഒരാൾ ശ്രദ്ധിക്കുകയും കൂടുതൽ പ്രബോധനം ഉൾക്കൊള്ളുകയും ചെയ്യും, വിവേകമുള്ള ഒരു മനുഷ്യനാണ് വിദഗ്ദ്ധമാർഗ്ഗനിർദ്ദേശം സമ്പാദിക്കുന്നത്.” (സദൃശവാക്യങ്ങൾ 1:5, NW.) അതുകൊണ്ട് ഈ പ്രായമേറിയവരിൽനിന്ന് പഠിക്കുക. നിങ്ങളുടേതുപോലെയുള്ള പ്രശ്നങ്ങളെ വിജയപ്രദമായി നേരിടുന്ന ക്രിസ്തീയ യുവാക്കളിൽനിന്നും നിങ്ങൾക്ക് പഠിക്കാൻ കഴിയും.
വിശ്വസ്തത അനുഗ്രഹങ്ങൾ കൈവരുത്തുന്നു
വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ, നിങ്ങൾ “ഉറപ്പുള്ളവരും കുലുങ്ങാത്തവരും . . . കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആയിത്തീരാ”നുള്ള പൗലോസിന്റെ ബുദ്ധിയുപദേശം ബാധകമാക്കുന്നതായിരിക്കും. (1 കൊരിന്ത്യർ 15:58) നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ യഹോവ അറിയുന്നു, ഗ്രഹിക്കുന്നു. സമാനമായ പ്രയാസങ്ങളെ അഭിമുഖീകരിച്ചിട്ടുള്ള അനേകരെ അവൻ ശക്തീകരിച്ചിട്ടുണ്ട്, അവൻ നിങ്ങളെ ശക്തീകരിക്കും. നിങ്ങൾ ദൈവത്തെ ആശ്രയിക്കുന്നുവെങ്കിൽ, അവൻ നിങ്ങളെ പിന്താങ്ങും, എന്തെന്നാൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങിപ്പോകാൻ അവൻ ഒരുനാളും സമ്മതിക്കുകയില്ല.”—സങ്കീർത്തനം 55:22.
പത്രോസ് ഇങ്ങനെ എഴുതി: “ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചുപറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ.” (1 പത്രോസ് 3:16) ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളും തത്ത്വങ്ങളും സംബന്ധിച്ച് വിട്ടുവീഴ്ചചെയ്യാൻ നിങ്ങൾ വിസമ്മതിക്കുന്നുവെങ്കിൽ നിങ്ങൾക്ക് നല്ല ഒരു മനസ്സാക്ഷി ഉണ്ടായിരിക്കും, അത് യഹോവയിൽനിന്നുള്ള ഒരു യഥാർത്ഥ അനുഗ്രഹമാണ്. തന്നെയുമല്ല, നിങ്ങൾ ദുർബലവിശ്വാസമുള്ളവരായിരിക്കാവുന്ന ക്രിസ്തീയ യുവജനങ്ങൾക്ക് ഒരു നല്ല മാതൃക വെക്കുകയും ചെയ്യും. (1 തിമൊഥെയോസ് 4:15, 16) നിങ്ങളുടെ നടത്ത വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കാനും അങ്ങനെ പരിശോധനകൾ സഹിച്ചുനിൽക്കാൻ പ്രാപ്തരാകാനും ശ്രമിക്കുന്നതിന് അവരെ പ്രോൽസാഹിപ്പിച്ചേക്കാം.
നിങ്ങളുടെ ക്രിസ്തീയ നിലപാടിനെ ആദ്യം എതിർക്കുന്നവരെ നിങ്ങൾക്കു സഹായിക്കാൻപോലും കഴിയും. പ്രത്യാശാജനകമായ ഈ വാക്കുകൾ ഓർക്കുക: “രാവിലെ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്ത് നിന്റെ കൈ ഇളച്ചിരിക്കരുത്; ഇതോ അതോ ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” (സഭാപ്രസംഗി 11:6) നിങ്ങളുടെ വിശ്വസ്ത പ്രവൃത്തികൾ മുഖേന നിങ്ങൾ നല്ല വിത്തു വിതക്കുന്നതിൽനിന്ന് എന്തു സദ്ഫലങ്ങൾ ഉണ്ടാകുമെന്ന് ആർ അറിയുന്നു?
നിങ്ങൾ കൊയ്യുന്ന ഏററവും വലിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ യഹോവയിങ്കലുള്ള ഒരു അംഗീകൃത നില ഉൾപ്പെടുന്നു. ആത്യന്തികമായി, വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുന്നത് നിത്യജീവനിൽ കലാശിക്കും. (യോഹന്നാൻ 17:3; യാക്കോബ് 1:12 താരതമ്യപ്പെടുത്തുക.) വിട്ടുവീഴ്ചയാൽ നേടുന്ന പരിശോധനയിൽനിന്നുള്ള താത്ക്കാലികമായ യാതൊരു വിരാമവും ആ ദാനം നഷ്ടപ്പെടുത്താൻ തക്ക മൂല്യമുള്ളതല്ല.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ചെറുപ്പക്കാരനെ സംബന്ധിച്ചെന്ത്? ശരി, അവൻ തന്റെ പരിശോധനയിൽ സഹിച്ചുനിന്നു. സ്കൂൾ അസംബ്ലി കഴിഞ്ഞപ്പോൾ, അവൻ അദ്ധ്യാപകരോട് നയപൂർവം തന്റെ നിലപാട് വ്യക്തമാക്കാൻ ശ്രമിച്ചു. അവന്റെ വാക്കുകൾ അടഞ്ഞ കാതുകളിലാണ് വീണതെങ്കിലും അവൻ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചുവെന്നറിയുന്നതിലുള്ള സംതൃപ്തി അവനുണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 27:11) അവന്റെ സ്കൂൾപഠനം പൂർത്തിയാക്കുന്നതുവരെ അവൻ തുടർന്ന് തന്റെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്തിക്കൊണ്ടിരുന്നു. പിന്നീട് അവൻ ഒരു പയനിയർ ആയി. നിങ്ങളുടെ വിശ്വസ്ത സഹനത്തിന് സമാനമായ ഒരു സന്തുഷ്ടഫലം ഉണ്ടാകട്ടെ. നിങ്ങൾ വിശ്വാസത്തിൽ ഉറപ്പുള്ളവനെന്നു തെളിയിക്കുന്നുവെങ്കിൽ അതിന് ആ ഫലമുണ്ടായിരിക്കും. (w91 7/15)
[അടിക്കുറിപ്പ്]
a ഇതിന്റെയും മററു ബൈബിൾ തത്വങ്ങളുടെയും ഒരു ചർച്ചക്ക് വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം കാണുക.
[22-ാം പേജിലെ ചതുരം]
സഹായം ലഭ്യം
◻ ദൈവഭയമുള്ള നിങ്ങളുടെ മാതാപിതാക്കളുടെ ജ്ഞാനം കേട്ടനുസരിക്കുക.
◻ ക്രിസ്തീയ സഭയിലെ ആത്മീയ കരുതലുകളെ പ്രയോജനപ്പെടുത്തുക.
◻ നിങ്ങളുടേതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാവുന്ന നിയമിതമൂപ്പൻമാരും മററുള്ളവരുമായി സംസാരിക്കുക.
◻ സമാനമായ പ്രതിബന്ധങ്ങളെ വിജയകരമായി നേരിടുന്ന മററു യുവക്രിസ്ത്യാനികളുമായി സംസാരിക്കുക.