സാമൂഹികവിനോദം—പ്രയോജനങ്ങളനുഭവിക്കുക, കെണികൾ ഒഴിവാക്കുക
“തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യനു മറെറാരു നൻമയുമില്ല.”—സഭാപ്രസംഗി 2:24.
1. ഏതു വിധങ്ങളിൽ ദൈവത്തിന്റെ വഴികാട്ടൽ വിനോദംസംബന്ധിച്ചു തന്റെ ജനത്തെ സഹായിക്കുന്നു?
യഹോവയുടെ വഴികാട്ടൽ തന്റെ ദാസൻമാർക്ക് അനേകം പ്രയോജനങ്ങൾ കൈവരുത്തുന്നു. നമുക്കിത് വിനോദത്തിന്റെ മണ്ഡലത്തിൽ കാണാൻ കഴിയും. അവന്റെ മാർഗ്ഗനിർദ്ദേശം അങ്ങേയററത്തെ വിപരീത വീക്ഷണങ്ങൾ ഒഴിവാക്കുന്നതിന് ക്രിസ്ത്യാനികളെ സഹായിക്കുന്നു. വസ്ത്രധാരണത്തിലെയും നടത്തയിലെയും കർശനത്വത്തിനു നിർബന്ധം പിടിക്കുന്ന ചില മതഭക്തർ മിക്കവാറും എല്ലാ ഉല്ലാസത്തെയും പാപപൂർണ്ണമായി വീക്ഷിക്കുന്നു. മറിച്ച്, മിക്കയാളുകളും ഉല്ലാസങ്ങൾ യഹോവയുടെ നിയമങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായിരുന്നാൽപോലും അവ തേടുന്നു.—റോമർ 1:24-27; 13:13, 14; എഫേസ്യർ 4:17-19.
2. വിനോദത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണംസംബന്ധിച്ചു നേരത്തെയുള്ള സൂചന നൽകിയതെന്ത്?
2 എന്നിരുന്നാലും ദൈവജനത്തെ സംബന്ധിച്ച് എന്ത്? ബൈബിൾ പഠിച്ചുതുടങ്ങുന്ന അനേകർ ജീവിതം ആസ്വദിക്കുന്നതിനുള്ള പ്രാപ്തിയോടെയാണു ദൈവം യഥാർത്ഥത്തിൽ മനുഷ്യരെ സൃഷ്ടിച്ചതെന്നു പഠിക്കുമ്പോൾ അതിശയിച്ചുപോകുന്നു. അവൻ നമ്മുടെ ആദ്യമാതാപിതാക്കൾക്കു ജോലി കൊടുത്തു—എന്നാൽ മിക്ക അപൂർണ്ണമനുഷ്യരുടെയും ജീവിതത്തിന്റെ പ്രത്യേക ലക്ഷണമായിരിക്കുന്ന ക്ലേശിപ്പിക്കുന്ന കഠിനവേലയല്ല. (ഉല്പത്തി 1:28-30) ഒരു ഭൗമികപറുദീസയിൽ ജീവിക്കുന്നവർക്കെല്ലാം ആസ്വാദനം കണ്ടെത്താൻ കഴിയുന്ന ആരോഗ്യാവഹമായ അനേകം മാർഗ്ഗങ്ങളെക്കുറിച്ചു ചിന്തിക്കുക. യാതൊരു ഭീഷണിയും ഉയർത്താത്ത കാട്ടുമൃഗങ്ങളെയും അനുദിനജീവിതത്തിന്റെ ഭാഗമായിരിക്കാൻ കഴിയുന്ന വിവിധ വീട്ടുമൃഗങ്ങളെയും വീക്ഷിക്കുന്നതിലെ അവരുടെ സന്തോഷത്തെക്കുറിച്ചു സങ്കൽപ്പിക്കുക! “കാൺമാൻ ഭംഗിയുള്ളതും തിൻമാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങ”ളിൽനിന്നും എന്തു ഭക്ഷ്യങ്ങളാണ് അവർക്കു ലഭിക്കാവുന്നത്!—ഉല്പത്തി 2:9; സഭാപ്രസംഗി 2:24.
3-5. (എ) വിനോദം എന്തുദ്ദേശ്യം സാധിക്കണം? (ബി) സന്തോഷം കണ്ടെത്തുന്നതിൽനിന്നു ദൈവം ഇസ്രയേല്യരെ നിരുത്സാഹപ്പെടുത്തിയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
3 അങ്ങനെയുള്ള പ്രവർത്തനങ്ങളെ യഥാർത്ഥത്തിൽ വിനോദമായി വീക്ഷിക്കാൻ കഴിയും, പറുദീസയിലെ അതിന്റെ ഉദ്ദേശ്യം ഇപ്പോഴത്തേതു തന്നെ ആയിരിക്കും: ഉല്പാദകമായ കൂടുതലായ പ്രവർത്തനത്തിനു (ജോലിക്കു) വേണ്ടി ഒരുവന്റെ ഊർജ്ജ്വസലതക്കു നവോൻമേഷവും പുതുജീവനും പകരുക. വിനോദം ഇതു സാധിക്കുമ്പോൾ അതു പ്രയോജനകരമാണ്. ഇപ്പോൾ പറുദീസയിൽ ജീവിക്കുന്നില്ലെങ്കിൽപോലും സത്യാരാധകർക്ക് തങ്ങളുടെ ജീവിതത്തിൽ വിനോദത്തിന് ഒരു സ്ഥാനം കൊടുക്കാൻ കഴിയുമെന്ന് അതിനർത്ഥമുണ്ടോ? ഉവ്വ്, യഹോവയുടെ പുരാതന ജനത്തിന്റെ ഇടയിലെ വിനോദത്തെക്കുറിച്ച് തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച ഇങ്ങനെ പറയുന്നു:
4 “ഇസ്രയേല്യരുടെ ഉല്ലാസങ്ങളും വിനോദങ്ങളും ബൈബിൾരേഖയിൽ പ്രമുഖമായി വരച്ചുകാട്ടുന്നില്ല. എന്നിരുന്നാലും, ജനതയുടെ മതതത്വങ്ങളോടു ചേർച്ചയിലായിരിക്കുമ്പോൾ അവ ഉചിതവും അഭികാമ്യവുമായി വീക്ഷിക്കപ്പെടണമെന്ന് അതു പ്രകടമാക്കുന്നു. വിനോദത്തിന്റെ മുഖ്യ രൂപങ്ങൾ സംഗീതോപകരണങ്ങളുടെ ഉപയോഗവും പാട്ടും നൃത്തവും സംഭാഷണവും അതുപോലെതന്നെ കളികളുമായിരുന്നു. കടങ്കഥകളും പ്രയാസമുള്ള ചോദ്യങ്ങളും ചോദിക്കുന്നത് വളരെയധികം വിലമതിക്കപ്പെട്ടിരുന്നു.—ന്യായാ. 14:12.”—വാല്യം 1, പേജ് 102.
5 ദാവീദ് വിജയശ്രീലാളിതനായി മടങ്ങിവന്നപ്പോഴത്തെ ആഘോഷവേളയിൽ (എബ്രായ, സചാക്ക്) എബ്രായസ്ത്രീകൾ തപ്പും തംബുരുവും ഉപയോഗിച്ചു. (1 ശമുവേൽ 18:6, 7) ഈ എബ്രായപദത്തിന്റെ അടിസ്ഥാന അർത്ഥം “ചിരിക്കുക” എന്നാണ്, ചില പരിഭാഷകൾ “ആഹ്ലാദപ്രകടനം നടത്തുന്ന സ്ത്രീകളെ”ക്കുറിച്ചു പറയുന്നു. (ബയിംഗ്ടൺ, റോതറെം, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) പെട്ടകം കൊണ്ടുപോകവേ, “ദാവീദും ഇസ്രയേൽഗൃഹമൊക്കെയും സകലതരം ഉപകരണങ്ങളും സഹിതം യഹോവയുടെ മുമ്പാകെ ആഘോഷിച്ചുകൊണ്ടിരുന്നു.” ദാവീദിന്റെ ഭാര്യയായിരുന്ന മീഖളിന് ഒരു അസന്തുലിത വീക്ഷണമാണുണ്ടായിരുന്നത്, എന്തുകൊണ്ടെന്നാൽ അവൾ വിനോദപ്രവർത്തനങ്ങളിലെ ദാവീദിന്റെ പങ്കിൽ എതിർപ്പു പ്രകടിപ്പിച്ചു. (2 ശമുവേൽ 6:5, 14-20, NW) ബാബിലോണിൽനിന്നു മടങ്ങിച്ചെല്ലുന്ന പ്രവാസികൾ സമാനമായ സന്തോഷപ്രകടനങ്ങളിൽ പങ്കുകൊള്ളുമെന്ന് ദൈവം മുൻകൂട്ടിപ്പറഞ്ഞു.—യിരെമ്യാവ് 30:18, 19; 31:4; സങ്കീർത്തനം 126:2 താരതമ്യപ്പെടുത്തുക.
6. വിനോദത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണംസംബന്ധിച്ച് ക്രിസ്തീയ ഗ്രീക്ക്തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നതെങ്ങനെ?
6 നാമും വിനോദംസംബന്ധിച്ച് സമനിലയുള്ളവരായിരിക്കാൻ ശ്രമിക്കണം. ദൃഷ്ടാന്തത്തിന്, യേശു ഒരു സന്യാസിയായിരിക്കാഞ്ഞതിനെ നാം വിലമതിക്കുന്നുവോ? അവൻ ലേവി ഒരുക്കിയ “വലിയ സ്വീകരണവിരുന്നു”പോലെ നവോൻമേഷപ്രദമായ ഭക്ഷണങ്ങൾ ആസ്വദിക്കാൻ സമയമെടുത്തു. സ്വയനീതിക്കാർ തിന്നതിനും കുടിച്ചതിനും അവനെ വിമർശിച്ചപ്പോൾ യേശു അവരുടെ വീക്ഷണങ്ങളെയും രീതികളെയും തിരസ്കരിച്ചു. (ലൂക്കോസ് 5:29-31; 7:33-36) അവൻ ഒരു വിവാഹത്തിൽ സംബന്ധിക്കുകയും ആഘോഷങ്ങൾക്കു കൊഴുപ്പുകൂട്ടുകയും ചെയ്തുവെന്ന് ഓർക്കുക. (യോഹന്നാൻ 2:1-10) ക്രിസ്ത്യാനികൾക്കു “സ്നേഹസദ്യകൾ” ഉണ്ടായിരുന്നുവെന്ന് യേശുവിന്റെ അർദ്ധസഹോദരനായിരുന്ന യൂദാ പറയുന്നു, പ്രത്യക്ഷത്തിൽ ഞെരുക്കമുണ്ടായിരുന്നവർക്ക് ആഹാരവും, ഉല്ലാസപ്രദവും വിശ്രമദായകവുമായ കൂട്ടായ്മയും ആസ്വദിക്കാൻ കഴിയുമായിരുന്ന ഭക്ഷണങ്ങൾതന്നെ.—യൂദാ 12.
സാമൂഹികവിനോദം അതിന്റെ സമയത്തും സ്ഥലത്തും
7. ദൈവവചനം വിനോദത്തിന്റെ കാര്യത്തിൽ സമനിലക്കു പ്രോൽസാഹിപ്പിക്കുന്നതെങ്ങനെ?
7 സഭാപ്രസംഗി 10:19 ‘ജോലിക്കാരുടെ ചിരിക്കുവേണ്ടിയുള്ള അപ്പത്തെയും ജീവിതത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞിനെയും’ കുറിച്ച് അനുകൂലമായി സംസാരിക്കുന്നു. അത് വിനോദം സ്വതേ തെറേറാ ചീത്തയോ ആണെന്നതുപോലെ ധ്വനിക്കുന്നില്ല, ഉണ്ടോ? എന്നിരുന്നാലും അതേ പുസ്തകം ഇങ്ങനെ പറയുന്നു: “എല്ലാററിനും ഒരു സമയമുണ്ടു; . . . കരവാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം, നൃത്തംചെയ്വാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 4) അതെ, ഉചിതമായ വിനോദത്തെ കുററംവിധിക്കാതിരിക്കെ, ബൈബിൾ നമുക്കു മുന്നറിയിപ്പുകൾ നൽകുന്നു. ഇവയിൽ സമയവും അളവും സംബന്ധിച്ച് സാമൂഹികവിനോദത്തെ അതിന്റെ സ്ഥാനത്തു നിർത്താനുള്ള ബുദ്ധിയുപദേശം ഉൾപ്പെടുന്നു. അത് വലിയ സാമൂഹികകൂട്ടങ്ങളുടെ സംഗതിയിൽ കൂടെക്കൂടെ സംഭവിച്ചിട്ടുള്ള ഇടർച്ചകളെക്കുറിച്ചും നമുക്കു മുന്നറിയിപ്പുനൽകുന്നു.—2 തിമൊഥെയോസ് 3:4.
8, 9. നാം ജീവിക്കുന്ന കാലത്തിനും നമ്മുടെ ദൈവദത്തമായ നിയോഗത്തിനും വിനോദത്തോട് ഒരു ബന്ധമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്?
8 വളരെയധികം കഠിനജോലി ചെയ്യാനുണ്ടായിരുന്ന ബാബിലോണിൽനിന്നു മടങ്ങിപ്പോയ യഹൂദൻമാർ സന്തോഷപ്രദമായ വിനോദത്തിൽ ഏർപ്പെടുമായിരുന്നുവെന്ന് നാം കണ്ടുകഴിഞ്ഞു. എന്നിരുന്നാലും, താൻ ‘തമാശകൾ പൊട്ടിക്കുന്നവരുടെയോ ആഹ്ലാദിച്ചുതുടങ്ങുന്നവരുടെയോ രഹസ്യകൂട്ടത്തിൽ ഇരിക്കുകയില്ലെന്ന്’ യിരെമ്യാവ് നേരത്തെ പറഞ്ഞു. (യിരെമ്യാവ് 15:17) അവൻ ആസന്നമായിരുന്ന ശിക്ഷയുടെ ഒരു സന്ദേശം എത്തിച്ചുകൊടുക്കാൻ ദിവ്യനിയുക്തനായിരുന്നു, അതുകൊണ്ട് അത് അവന് ആഹ്ലാദപ്രകടനത്തിനുള്ള സമയമല്ലായിരുന്നു.
9 ക്രിസ്ത്യാനികൾ ഇന്ന് ദൈവത്തിന്റെ പ്രത്യാശാദൂതു പ്രഘോഷിക്കാനും അതുപോലെതന്നെ സാത്താന്റെ ദുഷ്ടവ്യവസ്ഥിതിക്കെതിരായുള്ള അവന്റെ ന്യായവിധികൾ പ്രഖ്യാപിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവ് 61:1-3; പ്രവൃത്തികൾ 17:30, 31) അങ്ങനെ വിനോദം നമ്മുടെ ജീവിതത്തിൽ പ്രമുഖമായിത്തീരാൻ നാം അനുവദിക്കേണ്ടതില്ലെന്ന് സ്പഷ്ടമായിരിക്കണം. ഭക്ഷണത്തിന്റെ സ്വാദു വർദ്ധിപ്പിക്കുന്ന ഒരു നുള്ള് ഉപ്പിനാലോ പ്രത്യേക മസാലയാലോ ഈ പോയിൻറ് വിശദമാക്കാൻ കഴിയും. നിങ്ങൾ ഭക്ഷണത്തിന്റെ രുചി കെടുത്താൻ തക്കവണ്ണംപോലും സ്വാദുവർദ്ധകം വലിയ അളവുകളിൽ ചേർക്കുമോ? തീർച്ചയായുമില്ല. യോഹന്നാൻ 4:34-ലെയും മത്തായി 6:33-ലെയും യേശുവിന്റെ വാക്കുകൾക്കു ചേർച്ചയായി നമ്മുടെ മുഖ്യ താത്പര്യം—നമ്മുടെ മുഖ്യ ആഹാരം—ദൈവേഷ്ടം ചെയ്യുന്നതായിരിക്കണം. അതുകൊണ്ട് വിനോദം സ്വാദുവർദ്ധകം പോലെയായിത്തീരുന്നു. അത് നവോൻമേഷം പകരുകയും വർദ്ധിപ്പിക്കുകയും വേണം, ക്ഷീണിപ്പിക്കുകയും ആകുലീകരിക്കുകയുമരുത്.
10. സമയംസംബന്ധിച്ച് നമ്മളെല്ലാം നമ്മുടെ വിനോദത്തെ പുനഃപരിശോധിക്കേണ്ടതെന്തുകൊണ്ട്?
10 എന്നിരുന്നാലും നിന്നു ചിന്തിക്കുക: തങ്ങൾ വിനോദത്തിനു കൊടുക്കുന്ന സമയവും ശ്രദ്ധയും മിതമാണെന്ന് മിക്കയാളുകളും പറയുകയില്ലേ? അവർ മററു പ്രകാരത്തിൽ വിചാരിച്ചിരുന്നെങ്കിൽ അവർ ഒരു ക്രമീകരണം വരുത്തുമായിരുന്നു. നമ്മുടെ ജീവിതത്തിൽ വിനോദത്തിന് യഥാർത്ഥത്തിൽ എന്തു സ്ഥാനമുണ്ടെന്ന് നമ്മിലോരോരുത്തരും നിന്നു സഗൗരവം തുറന്നു വിശകലനം ചെയ്യേണ്ടതാണെന്ന് ഇതു സൂചിപ്പിക്കുന്നില്ലേ? അത് ഗൂഢമായി പ്രമുഖമായിത്തീർന്നിരിക്കുമോ? ദൃഷ്ടാന്തത്തിന്, നാം വീട്ടിലേക്കു മടങ്ങിച്ചെല്ലുമ്പോഴെല്ലാം താനേ ടിവി ഓൺചെയ്യുന്നുവോ? ഓരോ വാരത്തിലും വെള്ളിയാഴ്ച രാത്രിയിൽ അല്ലെങ്കിൽ ശനിയാഴ്ച രാത്രിയിൽ വിനോദത്തിനുവേണ്ടി സമയത്തിന്റെ ഒരു വലിയ പങ്കു വേർതിരിക്കുന്ന ഒരു ശീലം നാം ഉളവാക്കിയിട്ടുണ്ടോ? ആ സമയം വരുകയും വിനോദത്തിന് ആസൂത്രണംചെയ്യാതെ നാം വീട്ടിലായിരിക്കുകയും ചെയ്താൽ നമുക്ക് നിരാശ തോന്നുമോ? കൂടുതലായ രണ്ടു ചോദ്യങ്ങൾ: നാം രാത്രിയിൽ വളരെ സമയം ചെലവഴിച്ചതുകൊണ്ടോ വളരെ ദൂരം സഞ്ചരിച്ചതുകൊണ്ടോ ഒരു വിനോദകൂടിവരവിന്റെ പിറേറന്ന് നാം ക്ഷീണിതരാകുന്നതായി, ഒരുപക്ഷേ ക്രിസ്തീയശുശ്രൂഷയിൽ ഏർപ്പെടാൻപാടില്ലാത്തവണ്ണം അല്ലെങ്കിൽ നമ്മുടെ മുതലാളിക്കുവേണ്ടി ഒരു ദിവസത്തെ നല്ല വേല ചെയ്യാൻ കഴിയാത്തവണ്ണം തീരെ അവശനാകുന്നതായി കണ്ടെത്തുന്നുവോ? നമ്മുടെ വിനോദത്തിന് ചിലപ്പോഴൊക്കെ അല്ലെങ്കിൽ മിക്കപ്പോഴും ആ ഫലമുണ്ടെങ്കിൽ അതു യഥാർത്ഥത്തിൽ ഉചിതവും സന്തുലിതവുമായ നേരമ്പോക്കാണോ?—സദൃശവാക്യങ്ങൾ 26:17-19 താരതമ്യപ്പെടുത്തുക.
11. നമ്മുടെ വിനോദത്തിന്റെ സ്വഭാവത്തിന്റെ പുനരവലോകനം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
11 നമ്മുടെ വിനോദത്തിന്റെ സ്വഭാവവും പുനരവലോകനംചെയ്യുന്നതു നല്ലതാണ്. നാം ദൈവദാസൻമാരായിരിക്കുന്നുവെന്നത് നമ്മുടെ വിനോദം ഉചിതമായിരിക്കുമെന്നുള്ളതിന്റെ ഉറപ്പല്ല. അപ്പൊസ്തലനായ പത്രൊസ് അഭിഷിക്തക്രിസ്ത്യാനികൾക്ക് എഴുതിയതു പരിചിന്തിക്കുക: “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടംപ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.” (1 പത്രൊസ് 4:3) ലോകത്തിലുള്ളവർ ചെയ്യുന്നതിനെ പകർത്തിയതായി തന്റെ സഹോദരൻമാരെ കുററപ്പെടുത്തിക്കൊണ്ട് അവൻ അവരുടെ നേരെ വിരൽചൂണ്ടുകയല്ലായിരുന്നു. എന്നിരുന്നാലും ഹാനികരമായ വിനോദങ്ങൾക്ക് ഒരുവൻ അനായാസം ഇരയായിത്തീരാമെന്നുള്ളതുകൊണ്ട് ക്രിസ്ത്യാനികൾക്ക് (അന്നും ഇന്നും) ജാഗ്രത മർമ്മപ്രധാനമാണ്.—1 പത്രൊസ് 1:2; 2:1; 4:7; 2 പത്രൊസ് 2:13.
കെണികൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക
12. ഒന്നു പത്രൊസ് 4:3 ഏതു തരം കെണിയെ പ്രദീപ്തമാക്കുന്നു?
12 നാം ഏതുതരം കെണി സംബന്ധിച്ചു ജാഗ്രത പുലർത്തിയേ തീരൂ? ശരി, പത്രൊസ് “വീഞ്ഞുകുടി”യെയും “വെറിക്കൂത്തുകളെ”യും “മദ്യപാനത്തെയും” കുറിച്ചു പറഞ്ഞു. ഉപയോഗിക്കപ്പെട്ട ഗ്രീക്കുപദങ്ങൾ “മുഖ്യമായി വിരുന്നുവേളയിലെ സാമൂഹിക കുടിക്കു ബാധകമാകുന്നു” എന്ന് ഒരു ജർമ്മൻ ഭാഷ്യകാരൻ വിശദീകരിച്ചു. ആ നടപടികൾ അന്നു സാധാരണമായിരുന്നുവെന്ന് ഒരു സ്വിസ് പ്രൊഫസ്സർ എഴുതി: “വർണ്ണന സംഘടിത കൂട്ടങ്ങളെ അല്ലെങ്കിൽ വർണ്ണിക്കപ്പെട്ട ലജ്ജാകരമായ പ്രവർത്തനങ്ങൾ നടത്തപ്പെട്ട ക്രമമായ സമാജങ്ങളെപ്പോലും സംബന്ധിക്കുന്നതായിരിക്കണം.”
13. സാമൂഹികകൂട്ടങ്ങളിലെ മദ്യത്തിന്റെ ഉപയോഗം ഒരു കെണിയായിരുന്നിട്ടുള്ളതെങ്ങനെ? (യെശയ്യാവ് 5:11, 12)
13 വലിയ സാമൂഹിക കൂട്ടങ്ങളിൽ ലഹരിപാനീയങ്ങൾ അനേകരെ കെണിയിലാക്കിയിട്ടുണ്ട്. ബൈബിൾ അങ്ങനെയുള്ള പാനീയങ്ങളുടെ മിതമായ ഉപയോഗത്തെ വിലക്കുന്നുവെന്നല്ല, കാരണം അതു വിലക്കുന്നില്ല. യേശു കാനായിലെ ഒരു വിവാഹവിരുന്നിനു വീഞ്ഞുണ്ടാക്കിയത് ഇതിന്റെ ഒരു തെളിവായിരുന്നു. അമിതകുടി ഉണ്ടായിരിക്കുമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ യേശു വൻ കുടിയൻമാരുടെ ഇടയിൽ ആയിരിക്കാതിരിക്കാനുള്ള ദൈവത്തിന്റെ ബുദ്ധിയുപദേശം മുറുകെപ്പിടിക്കുമായിരുന്നു. (സദൃശവാക്യങ്ങൾ 23:20, 21) എന്നാൽ ഈ വിശദാംശം പരിചിന്തിക്കുക: മററു വിരുന്നുകളിൽ ആദ്യം നല്ല വീഞ്ഞു വിളമ്പുന്നുവെന്നും ‘ആളുകൾക്കു ലഹരിപിടിച്ചുകഴിയുമ്പോൾ മോശം വീഞ്ഞു വിളമ്പുന്നു’വെന്നും വിരുന്നുനടത്തിപ്പുകാരൻ പറഞ്ഞു. (യോഹന്നാൻ 2:10) അതുകൊണ്ട് എല്ലാവർക്കും ധാരാളം വീഞ്ഞു ലഭ്യമായിരുന്ന വിവാഹസദ്യകളിൽ യഹൂദൻമാർക്കു മത്തുപിടിക്കുന്നതു സാധാരണമായിരുന്നു.
14. ക്രിസ്തീയ ആതിഥേയർക്ക് ലഹരിപാനീയങ്ങൾക്കു വരുത്തിക്കൂട്ടാൻ കഴിയുന്ന കെണിയെ ഏതു വിധങ്ങളിൽ നേരിടാൻ കഴിയും?
14 അതുകൊണ്ട്, തങ്ങളുടെ അതിഥികൾക്ക് എന്തു വിളമ്പുന്നു അല്ലെങ്കിൽ അവർ എന്തു കുടിക്കുന്നുവെന്നതിന് വ്യക്തിപരമായി മേൽനോട്ടംവഹിക്കാൻ കഴിയുമെങ്കിൽമാത്രം ചില ക്രിസ്തീയ ആതിഥേയർ വീഞ്ഞും ബിയറും മററു ലഹരിപാനീയങ്ങളും പ്രദാനംചെയ്യാൻ തീരുമാനിക്കുന്നു. പരാമർശിക്കപ്പെട്ട യഹൂദ വിവാഹങ്ങളെപ്പോലെയുള്ള ഒരു കൂട്ടം ആതിഥേയന് നേരിട്ടു മേൽനോട്ടംവഹിക്കാൻ കഴിയാത്തവണ്ണം വലുതാണെങ്കിൽ വലിയ അളവിലുള്ള മദ്യം അപകടകരമായ ഒരു കെണിയായിരിക്കാൻ കഴിയും. കുടിയുടെ പ്രശ്നം തരണംചെയ്യാൻ പോരാടിയ ഒരു വ്യക്തി ഹാജരുണ്ടായിരിക്കാം. പൊതുവേ ക്രമീകൃതമല്ലാത്ത മദ്യലഭ്യതക്ക് അമിത ഉൾപ്പെടലിനും എല്ലാവരും കൂടിവന്നിട്ടുള്ള അവസരത്തെ പാഴാക്കുന്നതിനും അയാളെ പ്രലോഭിപ്പിക്കാൻ കഴിയും. ജർമ്മനിയിൽ ഒരു മേൽവിചാരകനും പിതാവുമായിരിക്കുന്ന ഒരാൾ, തന്റെ കുടുംബത്തിനു സഹവിശ്വാസികളുമായുള്ള ഉല്ലാസപ്രദമായ സഹവാസത്തിൽനിന്നു പ്രയോജനം കിട്ടുന്നുണ്ടെന്ന് അഭിപ്രായം പറഞ്ഞു. എന്നാൽ ബിയർ അനായാസം ലഭ്യമായിരിക്കുന്നടത്ത് പ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യത തീർച്ചയായും വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
15. സാമൂഹികകൂട്ടങ്ങളിലെ ഉചിതമായ മാർഗ്ഗനിർദ്ദേശം എങ്ങനെ നേടാൻ കഴിയും?
15 കാനായിലെ വിവാഹത്തിന് “ഒരു വിരുന്നുനടത്തിപ്പുകാരൻ” ഉണ്ടായിരുന്നു. (യോഹന്നാൻ 2:8, NW) ഒരു ഭക്ഷണത്തിനുവേണ്ടിയോ ഒരു സഹവാസഘട്ടത്തിനുവേണ്ടിയോ ഒരു കൂട്ടത്തെ വീട്ടിലേക്കു വരുത്തുന്ന ഒരു കുടുംബം ഒരു നടത്തിപ്പുകാരനെ നിയമിക്കണമെന്ന് അതിനർത്ഥമില്ല. സംഭവത്തിനു മേൽനോട്ടംവഹിക്കാൻ ഭർത്താവ് ഉത്തരവാദിയായിരിക്കും. എന്നാൽ ഒരു കൂട്ടം വെറും രണ്ടു കുടുംബങ്ങൾ അടങ്ങുന്നതായാലും ഏറെക്കുറെ വലിപ്പം കൂടിയതായാലും നടക്കുന്ന കാര്യങ്ങൾക്ക് ആരെങ്കിലും ഉത്തരവാദിയാണെന്നു വ്യക്തമായിരിക്കണം. തങ്ങളുടെ പുത്രനോ പുത്രിയോ ഒരു സാമൂഹിക കൂട്ടത്തിന് ക്ഷണിക്കപ്പെടുമ്പോൾ അനേകം മാതാപിതാക്കൻമാർ ഈ കാര്യം പരിശോധിക്കുന്നു. അവസാനംവരെ ഹാജരുണ്ടായിരുന്നുകൊണ്ട് മുഴു അവസരത്തിലും ആർ മേൽനോട്ടം വഹിക്കുമെന്നു ചോദിക്കാൻ അവർ ആതിഥേയനുമായി സമ്പർക്കംപുലർത്തുന്നു. ക്രിസ്തീയ മാതാപിതാക്കൾ പ്രായം കൂടിയവർക്കും കുറഞ്ഞവർക്കും പരസ്പരസഹവാസമാസ്വദിക്കാൻ കഴിയേണ്ടതിന് ഹാജരാകാൻ തങ്ങളുടെ സ്വന്തം പട്ടിക ക്രമീകരിക്കുകപോലും ചെയ്യുന്നു.
16. കൂട്ടങ്ങളുടെ വലിപ്പം സംബന്ധിച്ച ഉചിതമായ പരിഗണനകൾ ഏതെല്ലാം?
16 വാച്ച്ററവർ സൊസൈററിയുടെ കാനഡാ ബ്രാഞ്ച് ഇങ്ങനെ എഴുതുന്നു: “സാമൂഹിക കൂട്ടങ്ങളുടെ വലിപ്പം പരിമിതപ്പെടുത്തുന്നതുസംബന്ധിച്ച ബുദ്ധിയുപദേശം വിവാഹസ്വീകരണങ്ങളിലെ വലിപ്പമേറിയ കൂട്ടങ്ങൾ ബുദ്ധിയുപദേശത്തിന്റെ ലംഘനമാണെന്ന് അർത്ഥമാക്കുന്നതായി ചുരുക്കംചില മൂപ്പൻമാർ മനസ്സിലാക്കിയിരിക്കുന്നു. നാം നമ്മുടെ സാമൂഹിക കൂട്ടങ്ങളെ കൈകാര്യംചെയ്യാവുന്ന ചെറിയ കൂട്ടങ്ങളാക്കിനിർത്താൻ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ ഒരു വിവാഹസ്വീകരണത്തിൽ 200-ഓ 300-ഓ പേർ ഉണ്ടായിരിക്കുന്നതു തെററായിരിക്കുമെന്ന് അവർ നിഗമനംചെയ്തിരിക്കുന്നു.”a സ്വേച്ഛാപരമായ ഒരു വലിപ്പത്തിന് അമിതമായ ഊന്നൽ കൊടുക്കുന്നതിനുപകരം എത്രപേർ ഉണ്ടായിരുന്നാലും ഉചിതമായ മേൽനോട്ടം വഹിക്കുന്നതിനായിരിക്കണം മുഖ്യശ്രദ്ധ കൊടുക്കേണ്ടത്. യേശു പ്രദാനംചെയ്ത വീഞ്ഞിന്റെ അളവ് കാനായിലെ കല്യാണത്തിന് ഗണ്യമായ ഒരു സംഖ്യ ഹാജരായെന്ന് സൂചിപ്പിക്കുന്നു. എന്നാൽ അതിന് ഉചിതമായ മേൽനോട്ടം വഹിക്കപ്പെട്ടുവെന്നു സ്പഷ്ടമാണ്. അന്നത്തെ മററു വിരുന്നുകൾക്ക് അതില്ലായിരുന്നു. അവയുടെ വലിപ്പം അപര്യാപ്തമായ മേൽനോട്ടത്തിലേക്കു നയിച്ച ഒരു ഘടകമായിരുന്നിരിക്കാം. വലിപ്പംകൂടുന്നതനുസരിച്ച് വെല്ലുവിളിയും വർദ്ധിക്കുന്നു, എന്തുകൊണ്ടെന്നാൽ അമിതത്വങ്ങൾക്കു ചായ്വുള്ള ഏറെ ദുർബലരായവർ അനായാസം ശാഠ്യംകാണിക്കുന്നു. മേൽനോട്ടമില്ലാത്ത കൂട്ടങ്ങളിൽ അവർ ചോദ്യംചെയ്യത്തക്ക പ്രവർത്തനങ്ങളെ പ്രോൽസാഹിപ്പിച്ചേക്കാം.—1 കൊരിന്ത്യർ 10:6-8.
17. ഒരു കൂട്ടത്തിന് ആസൂത്രണംചെയ്യുമ്പോൾ ക്രിസ്തീയസമനില എങ്ങനെ പ്രകടമാക്കാം?
17 ഒരു സാമൂഹിക കൂട്ടത്തിന്റെ നല്ല മേൽനോട്ടത്തിൽ അതിന്റെ ആസൂത്രണവും ഒരുക്കവും ഉൾപ്പെടുന്നു. നല്ല മേൽനോട്ടം അതിനെ അനുപമമോ സ്മരണീയമോ ആക്കുന്നതിനാണെങ്കിൽത്തന്നെ വേഷഭൂഷാനർത്തകസംഘം, പൊയ്വേഷധാരികൾ എന്നിങ്ങനെ ലോകപാർട്ടികളെ അനുകരിക്കുന്ന ഒരു ആകർഷകമായ വിഷയം കണ്ടുപിടിക്കേണ്ടതാവശ്യമായിരിക്കുന്നില്ല. വാഗ്ദത്തനാട്ടിലെ വിശ്വസ്തരായ ഇസ്രയേല്യർ ഈജിപ്ററിലെയോ മറെറാരു രാജ്യത്തെയോ പുറജാതികളെപ്പോലെ എല്ലാവരും ഒരുപോലെ വേഷമണിയേണ്ടിയിരുന്ന ഒരു പാർട്ടിക്ക് ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? അവർ പുറജാതികളുടെ ഇടയിൽ ജനപ്രീതിയുണ്ടായിരിക്കാവുന്ന ഐന്ദ്രിയ നൃത്തമോ ശബ്ദായമാന സംഗീതമോ ആസൂത്രണംചെയ്യുമോ? സീനായിമലയിങ്കൽവെച്ച് അവർ ഈജിപ്ററിൽ നിലവിലുണ്ടായിരുന്നതും ജനരഞ്ജകമായിരുന്നിരിക്കാവുന്നതുമായ സംഗീതത്തിലും നൃത്തത്തിലും കുരുങ്ങി. ആ വിനോദത്തെ ദൈവവും അവന്റെ പക്വതയുള്ള ദാസനായിരുന്ന മോശയും എങ്ങനെ വീക്ഷിച്ചുവെന്ന് നമുക്കറിയാം. (പുറപ്പാട് 32:5, 6, 17-19) അതുകൊണ്ട്, ഒരു സാമൂഹികസംഭവത്തിന്റെ ആതിഥേയൻ അല്ലെങ്കിൽ മേൽനോട്ടക്കാരൻ എന്തെങ്കിലും പാട്ടോ നൃത്തമോ ഉണ്ടായിരിക്കുമോയെന്ന് പരിചിന്തിക്കണം; അങ്ങനെയെങ്കിൽ, അത് ക്രിസ്തീയതത്വങ്ങളോടു പൊരുത്തപ്പെടുന്നതാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരിക്കണം—2 കൊരിന്ത്യർ 6:3.
18, 19. യേശു ഒരു വിവാഹാഘോഷത്തിനു ക്ഷണിക്കപ്പെട്ടതിൽനിന്നു നമുക്ക് എന്ത് ഉൾക്കാഴ്ച നേടാവുന്നതാണ്, നമുക്ക് ഇത് എങ്ങനെ ബാധകമാക്കാം?
18 ഒടുവിൽ, ‘യേശുവും അവന്റെ ശിഷ്യൻമാരും വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടു’വെന്ന് നാം അനുസ്മരിക്കുന്നു. (യോഹന്നാൻ 2:2) ഒരു ക്രിസ്ത്യാനിയോ ഒരു കുടുംബമോ ഉല്ലാസപ്രദമോ പരിപുഷ്ടിപ്പെടുത്തുന്നതോ ആയ ഒരു സമയത്തിനുവേണ്ടി കേവലം മററുള്ളവരെ സന്ദർശിച്ചേക്കാമെന്നു സമ്മതിക്കുന്നു. എന്നാൽ ആസൂത്രിത സാമൂഹിക സംഭവങ്ങളുടെ കാര്യത്തിൽ, അവിടെ ഹാജരാകുന്നതാരാണെന്ന് മുന്നമേ നിർണ്ണയിക്കുന്നത് പ്രശ്നങ്ങളെ തടയാൻ സഹായിക്കുന്നുവെന്ന് അനുഭവജ്ഞാനം പ്രകടമാക്കുന്നു. ഇതിന്റെ പ്രാധാന്യം യു.എസ്.എ, റെറന്നസിയിലെ ഒരു മൂപ്പൻ ഊന്നിപ്പറഞ്ഞു. അദ്ദേഹം വളർത്തിയ പുത്രൻമാരും പുത്രിമാരും മുഴുസമയശുശ്രൂഷയിലാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഒരു ക്ഷണം സ്വീകരിക്കുന്നതിനുമുമ്പ് അല്ലെങ്കിൽ സംബന്ധിക്കാൻ തങ്ങളുടെ മക്കളെ അനുവദിക്കുന്നതിനുമുമ്പ് മുന്നമേ നിശ്ചയിച്ചിട്ടുള്ളവരാണ് ഹാജരാകുന്നതെന്ന് തിട്ടപ്പെടുത്താൻ ആതിഥേയനുമായി സമ്പർക്കം പുലർത്തി. ഒരു ഭക്ഷണമായാലും പിക്നിക്കായാലും പന്തുകളിപോലെയുള്ള ഒരു വ്യായാമമായാലും എല്ലാവർക്കും ഹാജരാകാവുന്ന കൂട്ടങ്ങളിൽ ചിലർക്കു നേരിട്ട കെണികളിൽനിന്ന് അദ്ദേഹത്തിന്റെ കുടുംബം സംരക്ഷിക്കപ്പെട്ടു.
19 ഒരു സാമൂഹിക കൂട്ടത്തിന് ബന്ധുക്കളേയോ പഴയ സുഹൃത്തുക്കളേയോ സമാനപ്രായമോ സാമ്പത്തികസാഹചര്യമോ ഉള്ളവരേയോ മാത്രം ക്ഷണിക്കുന്നതിനെ യേശു നിരുത്സാഹപ്പെടുത്തി. (ലൂക്കോസ് 14:12-14; ഇയ്യോബ് 31:16-19; പ്രവൃത്തികൾ 20:7-9 താരതമ്യം ചെയ്യുക.) ക്ഷണിക്കേണ്ടവരെ നിങ്ങൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നുവെങ്കിൽ വൈവിദ്ധ്യമാർന്ന വ്യത്യസ്ത പ്രായവും സാഹചര്യങ്ങളുമുള്ള ക്രിസ്ത്യാനികളെ ക്ഷണിക്കുന്നത് കൂടുതൽ എളുപ്പമാണ്. (റോമർ 12:13; എബ്രായർ 13:2) അവരിൽ ചുരുക്കംചിലർ പക്വതയുള്ള ക്രിസ്ത്യാനികളുമായുള്ള സഹവാസത്തിൽനിന്നു പ്രയോജനമനുഭവിക്കാൻ കഴിയുന്ന ആത്മീയമായി ദുർബലരോ പുതിയവരോ ആയിരിക്കാവുന്നതാണ്.—സദൃശവാക്യങ്ങൾ 27:17.
വിനോദം അതിന്റെ സ്ഥാനത്ത്
20, 21. വിനോദത്തിന് ഉചിതമായി നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനമുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്?
20 ദൈവഭയമുള്ള ആളുകളെന്ന നിലയിൽ നാം നമ്മുടെ വിനോദത്തിൽ തത്പരരായിരിക്കുന്നതും അത് ഉചിതമായിരിക്കുന്നതിലും നാം അതിനുപയോഗിക്കുന്ന സമയത്തിന്റെ അളവിൽ സമനിലയുള്ളവരായിരിക്കുന്നതിലും ശ്രദ്ധിക്കുന്നതും സമുചിതമാണ്. (എഫേസ്യർ 2:1-4; 5:15-20) സഭാപ്രസംഗിയുടെ നിശ്വസ്ത എഴുത്തുകാരന് ആ വിധത്തിൽ തോന്നി: “ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നുകുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറെറാരു നൻമയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നൽകുന്ന ആയുഷ്ക്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനിൽക്കുന്നതു ഇതുമാത്രമേയുള്ളു.” (സഭാപ്രസംഗി 8:15) അങ്ങനെയുള്ള സന്തുലിതമായ ഉല്ലാസങ്ങൾക്കു ശരീരത്തിന് നവോൻമേഷം പകരാനും ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ സാധാരണമായിരിക്കുന്ന പ്രശ്നങ്ങളെയും ആശാഭംഗങ്ങളെയും തരണംചെയ്യുന്നതിനു സഹായിക്കാനും കഴിയും.
21 ദൃഷ്ടാന്തമായി, ഒരു ആസ്ത്രേലിയൻ പയനിയർ ഒരു പഴയ സുഹൃത്തിന് ഇങ്ങനെ എഴുതി: “ഞങ്ങൾക്കു മിനിയാന്ന് വളരെ നല്ല ഒരു വിനോദയാത്ര ഉണ്ടായിരുന്നു. ഞങ്ങൾ 50 പേർ ഫെർലാക്കിനു സമീപമുള്ള ഒരു ചെറിയ തടാകത്തിലേക്കു പുറപ്പെട്ടു. ബി സഹോദരൻ തന്റെ വാനിൽ മൂന്നു പാചകഗ്രില്ലുകളും മടക്കുകസേരകളും മേശകളും ഒരു ടേബിൾടെന്നീസ് മേശപോലും എടുത്തുകൊണ്ട് യാത്രാസംഘത്തെ നയിച്ചു. ഞങ്ങൾ അതു വളരെയധികം ആസ്വദിച്ചു. ഒരു സഹോദരിക്കു ഒരു അക്കോർഡിയൻ ഉണ്ടായിരുന്നു, തന്നിമിത്തം ധാരാളം രാജ്യഗീതങ്ങൾ ആലപിക്കപ്പെട്ടു. പ്രായമുള്ളവരും ചെറുപ്പക്കാരുമായ സഹോദരങ്ങൾ സഹവാസമാസ്വദിച്ചു.” അമിതകുടിയോ അഴിഞ്ഞ നടത്തയോ പോലെയുള്ള കെണികളിൽനിന്നു വിമുക്തമാക്കപ്പെട്ട, നന്നായി മേൽനോട്ടംവഹിക്കപ്പെട്ട വിനോദത്തെക്കുറിച്ചുള്ള പ്രിയങ്കരമായ ഓർമ്മകളാണ് അവൾക്കുണ്ടായിരുന്നത്.—യാക്കോബ് 3:17, 18.
22. സാമൂഹികവിനോദം ആസ്വദിക്കെ, നമ്മുടെ ചിന്തയിൽ നമ്മിൽ ഓരോരുത്തരും എന്തു മുന്നറിയിപ്പു മുൻപന്തിയിൽ നിർത്തണം?
22 അപൂർണ്ണജഡത്തിന്റെ മോഹങ്ങൾക്കു വഴിപ്പെടാതിരിക്കാനും പ്രലോഭനങ്ങൾക്കു നമ്മെ വിധേയരാക്കുന്ന ആസൂത്രണങ്ങൾ നടത്താതിരിക്കാൻപോലും ശ്രദ്ധാലുക്കളായിരിക്കാൻ പൗലോസ് നമ്മെ പ്രോൽസാഹിപ്പിച്ചു. (റോമർ 13:11-14) അതിൽ സാമൂഹികവിനോദത്തിനുവേണ്ടിയുള്ള ആസൂത്രണങ്ങൾ ഉൾപ്പെടുന്നു. അവന്റെ ബുദ്ധിയുപദേശം നാം അങ്ങനെയുള്ളവക്കു ബാധകമാക്കുമ്പോൾ ചിലരെ ആത്മീയകപ്പൽചേതത്തിലേക്കു നയിച്ചിരിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കാൻ നാം പ്രാപ്തരാകും. (ലൂക്കോസ് 21:34-36; 1 തിമൊഥെയോസ് 1:19) മറിച്ച്, ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നിലനിർത്താൻ നമ്മെ സഹായിക്കുന്ന ആരോഗ്യാവഹമായ വിനോദം നാം ജ്ഞാനപൂർവം തെരഞ്ഞെടുക്കും. അങ്ങനെ നാം ദൈവത്തിന്റെ നല്ല ദാനങ്ങളിലൊന്ന് എന്നു പരിഗണിക്കാവുന്ന സാമൂഹികവിനോദത്തിൽനിന്നു പ്രയോജനമനുഭവിക്കും.—സഭാപ്രസംഗി 5:18.
[അടിക്കുറിപ്പ്]
a വിവാഹങ്ങളെയും വിവാഹസദ്യകളെയുംകുറിച്ച് സന്തുലിതമായ ബുദ്ധിയുപദേശം 1985 ജനുവരി 1-ലെ വീക്ഷാഗോപുരത്തിൽ അടങ്ങിയിരുന്നു. ഒരു ഭാവിമണവാളനും മണവാട്ടിക്കും അതുപോലെതന്നെ അവരെ സഹായിക്കുന്ന മററുള്ളവർക്കും തങ്ങളുടെ വിവാഹസംബന്ധമായ ആസൂത്രണങ്ങൾ നടത്തുന്നതിനുമുമ്പ് പ്രയോജനകരമായി ഈ വിവരങ്ങൾ പുനരവലോകനംചെയ്യാൻ കഴിയും.
നാം എന്തു പഠിച്ചിരിക്കുന്നു?
◻ സാമൂഹികവിനോദം ആസ്വദിക്കുന്നതുസംബന്ധിച്ച് നാം ബൈബിളിൽ എന്തു സന്തുലിതവീക്ഷണം കണ്ടെത്തുന്നു?
◻ വിനോദത്തിന്റെ സമയത്തിന്റെയും സ്വഭാവത്തിന്റെയും കാര്യത്തിൽ പരിഗണന കൊടുക്കപ്പെടേണ്ടതെന്തുകൊണ്ട്?
◻ ഒരു ക്രിസ്തീയ ആതിഥേയനു കെണികൾക്കെതിരെ സൂക്ഷിക്കുന്നതിനു ചെയ്യാവുന്ന ചില കാര്യങ്ങളേവ?
◻ വിനോദം ഉചിതവും സന്തുലിതവുമാണെങ്കിൽ അതിനു ക്രിസ്ത്യാനികൾക്ക് എന്തു നേട്ടമുണ്ടാക്കാൻ കഴിയും?
[18-ാം പേജിലെ ചിത്രം]
ഒരു കൂട്ടത്തിന്റെ ആതിഥേയന് അല്ലെങ്കിൽ നടത്തിപ്പുകാരന് അതിഥികൾ കെണിയിലാക്കപ്പെടാതിരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് ഉത്തരവാദിത്തമുണ്ട്