കുടുംബ ബൈബിളധ്യയനം—ക്രിസ്ത്യാനികൾക്കുള്ള ഒരു മുൻഗണന
1 മാനുഷസ്ഥാപനങ്ങളിൽ ഏറ്റവും പഴക്കമുള്ള ഘടകമാണു കുടുംബം. “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണ”ക്കാരൻ യഹോവയാണ്. അതുകൊണ്ട്, അവനെ സംബന്ധിച്ചിടത്തോളം കുടുംബം വളരെ വിലയുള്ളതാണ്. (എഫെ. 3:15) ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുന്നതോടെ ഒരു കുടുംബം പിറക്കുന്നു. കുട്ടികൾ യഹോവയിൽനിന്നുള്ള ഒരു അവകാശമാണ്. (ഉല്പ. 2:24; സങ്കീ. 127:3) അതുകൊണ്ട്, കുടുംബത്തിന്റെ ആത്മീയത ഒരു മുഖ്യ വിഷയമാണ്. ഒട്ടുമിക്കപ്പോഴും വിശ്വാസികളായ കുടുംബാംഗങ്ങളുടെ ഇടയിൽ, പ്രത്യേകിച്ച് കൗമാരപ്രായക്കാർ ഉൾപ്പെടുന്ന, ഗുരുതരമായ പ്രശ്നങ്ങളുള്ളപ്പോൾ ഭവനത്തിൽ കുടുംബ ബൈബിളധ്യയനം നടത്താറില്ലെന്നു കാണുന്നു. എന്നാൽ സ്കൂൾ പ്രായക്കാരായ തങ്ങളുടെ കുട്ടികൾ ലൗകിക സ്വാധീനങ്ങളിലകപ്പെടുന്നതായി അനേകം കുടുംബങ്ങളും—മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും കുടുംബങ്ങൾ ഉൾപ്പെടെ—കണ്ടെത്തുന്നു എന്നു പറയേണ്ടിവരുന്നതു സങ്കടകരംതന്നെ. പ്രശ്നത്തിന്റെ മൂലകാരണം മിക്കവാറും എല്ലായ്പോഴുംതന്നെ ഭവനത്തിൽ ബൈബിൾ പ്രബോധനത്തിനു കൊടുക്കുന്ന ശ്രദ്ധക്കുറവാണ്.
2 ദൈവവചനത്തിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ കുടുംബങ്ങൾ പിൻപറ്റണമെങ്കിൽ, ക്രമമായ കുടുംബ അധ്യയനത്തിനു സമയം മാറ്റിവെക്കേണ്ടിയിരിക്കുന്നു. ക്രമമായി കുടുംബ ബൈബിളധ്യയനങ്ങൾ നടത്തുന്നതിൽ കുടുംബനാഥന്മാർ ശുഷ്കാന്തിയോടെ സ്ഥിരോത്സാഹം പ്രകടമാക്കേണ്ടതുണ്ട്. അതുപോലെ വീട്ടിലുള്ളവരുടെയെല്ലാം പ്രയോജനത്തിനുവേണ്ടി കുടുംബാരാധനയുടെ ഈ വശം വിജയകരമാക്കുവാൻ കുടുംബത്തിലെ മറ്റംഗങ്ങളും സഹായിക്കണം. ഇപ്പോൾ കുടുംബാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കു ശരിയായ ശ്രദ്ധകൊടുക്കുന്നില്ലെങ്കിൽ, ഭാവിയിൽ അവർ ഗുരുതരമായ, ചിലപ്പോൾ വേദനാകരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നേക്കാമെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്.
3 എങ്ങനെയാണ് ഒരു അധ്യയനം നടത്തേണ്ടത്? എന്താണു പഠിക്കേണ്ടത്? എപ്പോൾ, എത്രനേരം നടത്തണം? കുട്ടിയുടെ ഹൃദയത്തിൽ എത്തിച്ചേരുന്നുവെന്നു നിങ്ങൾക്കെങ്ങനെ ഉറപ്പാക്കാനാവും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി, ദയവായി 1994 ഒക്ടോബർ 1 വീക്ഷാഗോപുരത്തിന്റെ 26-ാം പേജ് പരിചിന്തിക്കുക.
4 കുടുംബ അധ്യയനം ക്രമമായ അടിസ്ഥാനത്തിൽ നടത്തുകയും കുടുംബത്തിന്റെ ആവശ്യങ്ങൾക്കു യോജിക്കുംവിധം പരുവപ്പെടുത്തുകയും വേണം. ദിനവാക്യപരിചിന്തനത്തിന്റെ കാര്യത്തിലും ഇതുതന്നെ ചെയ്യണം. ദൈവവചനം ചർച്ചചെയ്തുകൊണ്ട് ഓരോ ദിവസത്തിനും തുടക്കമിടുന്നത് എത്ര ഉചിതമാണ്! ആ ദിവസത്തെ പിന്നീടുള്ള സമയങ്ങളിലെല്ലാം അതേക്കുറിച്ചു ധ്യാനിക്കുന്നതു ‘നിർമലവും പ്രിയങ്കരവും പ്രശംസിക്കപ്പെടുന്നവയുമായ കാര്യങ്ങൾ പരിചിന്തിച്ചുകൊണ്ടിരിക്കാൻ’ നമ്മെ സഹായിക്കും. (ഫിലി. 4:8, NW) നിങ്ങളുടെ ദിനവാക്യപരിചിന്തനവും കുടുംബ അധ്യയനവും ക്രമമായി നടക്കുന്നുണ്ടോ? ഇതിൽ നിങ്ങൾ പുരോഗതി വരുത്തേണ്ടതുണ്ടോ?
5 മാതാപിതാക്കൾ പ്രകടമാക്കുന്ന സന്തോഷവും ആവേശവുമാണു വിജയകരമായ കുടുംബ അധ്യയനത്തിന്റെ അവശ്യ ചേരുവകൾ. (സങ്കീർത്തനം 40:8 താരതമ്യം ചെയ്യുക.) കൂടാതെ, കുട്ടികൾ നടത്തുന്ന ശ്രമങ്ങൾക്കു മാതാപിതാക്കൾ അവരെ പ്രശംസിക്കുകയും യഹോവയുടെ തത്ത്വങ്ങൾ ബാധകമാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
6 കുടുംബത്തിന്റെ ഐക്യത്തിനും യഹോവയോടുള്ള ഓരോ വ്യക്തിയുടെയും വിശ്വസ്തതയ്ക്കുമെതിരെ പ്രവർത്തിക്കുന്ന അനേകം ഘടകങ്ങൾ ഉള്ളതുകൊണ്ട്, അധ്യയനം നടത്തുന്നതിൽ കുടുംബനാഥൻ നേതൃത്വമെടുക്കുന്നത് മർമപ്രധാനമാണ്. ഭക്ഷണവേളകൾ പോലുള്ള അനൗപചാരിക സന്ദർഭങ്ങളിൽ ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്യാമെങ്കിലും, മുന്നമേ ക്രമീകരിക്കപ്പെടുന്ന കുടുംബ ബൈബിൾ ചർച്ചകൾ കുടുംബവിജയത്തിനും ആത്മീയ വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.—ആവ. 6:6-9.
7 മാതാപിതാക്കൾ കുട്ടികളുടെ ആത്മീയ ആവശ്യങ്ങൾക്കു നിരന്തര ശ്രദ്ധകൊടുക്കുന്നെങ്കിൽ, ഇപ്പോഴും ഭാവിയിലും അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാവുന്നതാണ്. കുട്ടികൾ ദൈവനിയമത്തിന്റെ മൂല്യം മനസ്സിലാക്കുകയും അതു യഥാർഥത്തിൽ നല്ലതും പ്രയോജനപ്രദവുമാണെന്നു ബോധ്യപ്പെടുകയും ചെയ്യുമ്പോൾ കേവലം ഒരു ചടങ്ങുപോലെ യോഗങ്ങളിൽ സംബന്ധിക്കുകയും നിങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നതിനുപകരം അവർ സത്യം തങ്ങളുടെ സ്വന്തമാക്കും. സത്യം തങ്ങളുടെ സ്വന്തമാക്കാത്തപക്ഷം അവർ സാത്താന്റെ കുടിലപ്രവൃത്തികൾക്ക് ഇരയായിത്തീരാൻ നല്ല സാധ്യതയുണ്ട്. മാതാപിതാക്കളേ, അതുകൊണ്ട് നിങ്ങളുടെ കുടുംബ അധ്യയനത്തിന് അതർഹിക്കുന്ന മുഖ്യ സ്ഥാനം സന്തോഷപൂർവം നൽകുക.