കമ്പ്യൂട്ടർ സാങ്കേതികവിദ്യ സംബന്ധിച്ച് ഒരു സന്തുലിത വീക്ഷണം നിലനിർത്തൽ
1 “കാലം ചുരുങ്ങിയിരിക്കുന്ന”തിനാൽ ശ്രദ്ധാശൈഥില്യം ഉള്ളവരായിരിക്കരുതെന്ന് അപ്പോസ്തലനായ പൗലോസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഉത്ബോധിപ്പിച്ചു. (1 കൊരി. 7:29) ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിക്കവേ ‘ഒന്നാമതു രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുന്നതും’ ‘സമയം വിലയ്ക്കു വാങ്ങുന്നതും’ നമ്മെ സംബന്ധിച്ച് എത്ര അടിയന്തിരമാണ്! സമയം വിലയേറിയതാണ്.—മത്താ. 6:33; എഫേ. 5:15, 16; NW.
2 സാങ്കേതികവിദ്യ വളരെയധികം സമയലാഭം ഉളവാക്കുന്നതായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടർ ബട്ടൺ അമർത്തുന്നതിനാൽ ഒരു പ്രയോക്താവിനു നിമിഷനേരംകൊണ്ടു ധാരാളം വിവരങ്ങൾ നേടാൻ കഴിയും. മറ്റു മാർഗങ്ങളിലൂടെ മണിക്കൂറുകളോ ആഴ്ചകളോ കൊണ്ടു ചെയ്തിരുന്നതു കമ്പ്യൂട്ടറുകൾക്കു മിക്കവാറും ഏതാനും സെക്കന്റുകൾകൊണ്ടു ചെയ്യാനാവും. ഉചിതമായി ഉപയോഗിക്കുമ്പോൾ അവ സഹായകമായ ഉപകരണമാണ്.
3 അതു വാസ്തവമായും സമയം ലാഭിക്കുമോ?: അതേസമയം തന്നെ ഗണ്യമായ വിലയൊടുക്കാതെ—പണത്തിന്റെയും സമയത്തിന്റെയും കാര്യത്തിൽ—അത്തരം സാങ്കേതികവിദ്യ പ്രയോക്താവിന്റെ പക്കൽ എത്തുന്നില്ല. കമ്പ്യൂട്ടർ ഉപയോഗിച്ചു ചില പ്രത്യേക ജോലികൾ ചെയ്യുന്ന വിധം പഠിക്കാൻ മണിക്കൂറുകൾ തന്നെ ആവശ്യമായിരുന്നേക്കാം. കൂടാതെ, സാങ്കേതികവിദ്യയിൽ തന്നെ അമിതമായി കമ്പം തോന്നുന്നയാൾ മറ്റുരീതിയിൽ നന്നായി ചെലവഴിക്കാവുന്ന സമയം പാഴാക്കിയേക്കാം. അപ്പോസ്തലനായ പൗലോസിന്റെ, “നിങ്ങൾക്കായിത്തന്നെ സമയം വിലയ്ക്കുവാങ്ങിക്കൊണ്ടു ബുദ്ധിമാൻമാരായി” നടക്കുക എന്ന ഉത്ബോധനത്തിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വം മനസ്സിൽ പിടിച്ചുകൊണ്ടു നാം ഒരു സന്തുലിത വീക്ഷണം നിലനിർത്തണം.—1 കൊരിന്ത്യർ 7:31 കാണുക.
4 സദുദ്ദേശ്യമുള്ള ഏതാനും വ്യക്തികൾ സഭാ രേഖകൾ സൂക്ഷിക്കുന്നതിനായി കമ്പ്യൂട്ടർ പ്രോഗ്രാമുകൾ രൂപീകരിച്ചിട്ടുണ്ട്. ഒരു വ്യക്തി തന്റെ കമ്പ്യൂട്ടർ എപ്രകാരം ഉപയോഗിക്കുന്നു എന്നതു തീർച്ചയായും വ്യക്തിപരമായ ഒരു തീരുമാനമാണ്. എന്നിരുന്നാലും, ഫാറങ്ങൾ പ്രദാനം ചെയ്തിരിക്കുന്ന സഭാരേഖകൾ കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കരുത്, കാരണം കുട്ടികൾക്കോ അല്ലെങ്കിൽ അധികാരപ്പെടുത്തപ്പെടാത്ത വ്യക്തികൾക്കോ വിവരങ്ങൾ ലഭ്യമാകും. എല്ലാ സഭാ രേഖകളും—കണക്കു രേഖകൾ, സഭയുടെ പ്രസാധക രേഖാ കാർഡുകൾ തുടങ്ങിയവ—സൊസൈറ്റി പ്രദാനം ചെയ്തിരിക്കുന്ന ഫാറങ്ങളിൽ സൂക്ഷിക്കേണ്ടതാണ്, ഈ സഭാ ഫാറങ്ങളിലെ വിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കരുത്. ഇപ്രകാരം സഭയുടെ രഹസ്യ രേഖകൾ കാത്തുസൂക്ഷിക്കപ്പെടും.
5 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗ പരിപാടികൾ ഇവയ്ക്കു നിയമനങ്ങൾ നൽകുന്ന കാര്യത്തിൽ ഉത്തരവാദിത്വപ്പെട്ട മേൽവിചാരകൻമാർ വിവേചന കാണിക്കേണ്ടതുണ്ട്. ഒരു പ്രത്യേക ഭാഗത്തു കൈകാര്യം ചെയ്യപ്പെടേണ്ട വിവരം അവർക്കു മനസ്സിലുണ്ടായിരിക്കണം. ഉദാഹരണത്തിന്, സ്കൂളിൽ ചില വിവരങ്ങൾ ഏതെങ്കിലും വിദ്യാർഥി കൈകാര്യം ചെയ്താൽ അത് ഉചിതമായിരിക്കയില്ല. അവതരണത്തിന്റെ ഉദ്ദേശ്യവും അതുപോലെ വ്യക്തിയുടെ യോഗ്യതകളും വിവരത്തിന്റെ സ്വഭാവവും പരിഗണിക്കേണ്ടതുണ്ട്. ഇതിന്റെ തീരുമാനം കമ്പ്യൂട്ടറിനു വിട്ടുകൊടുക്കരുത്.
6 സഭായോഗങ്ങളിൽ അവതരിപ്പിക്കുന്നതിന് ഒരു പരിപാടി നിയമിച്ചു കിട്ടിയ സഹോദരൻ മറ്റാരെങ്കിലും തയ്യാറാക്കിത്തന്ന വിവരങ്ങളിൽ ആശ്രയിക്കരുത്. ഒരു സഹോദരനു കമ്പ്യൂട്ടറുള്ളതിനാൽ ഗവേഷണം ചെയ്യുന്നതിനും വേഗത്തിലും വൃത്തിയായും ഒരു ബാഹ്യരേഖ ടൈപ്പു ചെയ്യുന്നതിനും അത് ഉപയോഗിക്കാൻ കഴിയുമെന്നതുകൊണ്ട് സ്വന്തം നിയമനങ്ങൾ തയ്യാറാക്കുന്നതിന്റെ സമയവും ശ്രമവും ഒക്കെ ലാഭിച്ചുകൊണ്ട് തങ്ങളുടെ യോഗഭാഗങ്ങൾ തയ്യാറാക്കി തരുന്നതിനു മറ്റുള്ളവർ അദ്ദേഹത്തോട് ആവശ്യപ്പെടരുത്. ബൈബിൾ പ്രസംഗങ്ങളോ യോഗ പരിപാടികളോ തയ്യാറാക്കുന്നതിനും അവ സ്വന്തം സഭയിലോ അയൽസഭയിലോ ഉള്ളവർക്കു ലഭ്യമാക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട ക്രിസ്ത്യാനികൾ തുനിയരുത്. എന്നിരുന്നാലും, കമ്പ്യൂട്ടറും സിഡി-റോമിലുള്ള സൊസൈറ്റിയുടെ വാച്ച്ടവർ ലൈബ്രറിയും ലഭ്യമായിരിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലകരമായി ഗവേഷണം നടത്തുന്നതിനു സംഭാവന ചെയ്യുന്ന വിലയേറിയ ഉപകരണങ്ങളായിരുന്നേക്കാം.—1994 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 23-ാം പേജിലെ ചതുരം കാണുക.
7 സഹോദരങ്ങളുടെ ഇടയിൽ കമ്പ്യൂട്ടർ പ്രോഗ്രാമുകളും, പട്ടികകളും മറ്റു ബന്ധപ്പെട്ട പ്രമാണങ്ങളും പുനർനിർമിച്ചു വിതരണം ചെയ്യുന്നകാര്യത്തിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചോ മറ്റു വിധങ്ങളിലോ സേവന യോഗത്തിലെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെയും ഭാഗങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന കാര്യത്തിലും, സാധാരണഗതിയിൽ പ്രാദേശിക പ്രയോജനങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ടു സഹോദരൻമാർ സ്വന്തമായി പരിപാടി തയ്യാറാകുന്നതാണു നല്ലത്. (1 തിമൊ. 4:13, 15) കൂടാതെ സാമ്പത്തികമായ നേട്ടങ്ങൾക്കുവേണ്ടി സഭാപരമായ ബന്ധങ്ങളെ ഒരിക്കലും ചൂഷണം ചെയ്യരുത്.
8 വീക്ഷാഗോപുര അധ്യയനത്തിലോ സഭാപുസ്തകാധ്യയനത്തിലോ ഉള്ള തിരുവെഴുത്തുകളുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ അച്ചടിച്ച പ്രതികൾ വിതരണം ചെയ്യുന്നതു സംബന്ധിച്ചോ? പ്രസാധകർ ബൈബിളിലും പഠിക്കുന്ന പ്രസിദ്ധീകരണങ്ങളിലും തങ്ങളുടെ സ്വന്തം കുറിപ്പുകൾ എഴുതുന്നതും അടയാളപ്പെടുത്തുന്നതും ഏറെ നന്നായിരിക്കും. യോഗങ്ങളിൽവച്ചു പ്രസിദ്ധീകരണങ്ങളിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളുടെ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ പ്രതികൾ ഉപയോഗിക്കുന്നത് തിരുവെഴുത്തുകൾ കണ്ടുപിടിക്കുന്നതിനുള്ള ബൈബിളിന്റെ ഉപയോഗത്തെത്തന്നെ നിരുത്സാഹപ്പെടുത്തിയേക്കാം. എന്നാൽ ബൈബിളധ്യയനത്തിനിടയിലോ സഭായോഗങ്ങളിലോ തിരുവെഴുത്തുകൾ എടുത്തുനോക്കുന്നത്, വയൽശുശ്രൂഷയിൽ ബൈബിളിന്റെ ഫലകരമായ ഉപയോഗത്തിനു നമ്മെ പ്രാപ്തരാക്കുന്നതിനു ലഭിക്കുന്ന പരിശീലനത്തിന്റെ ഭാഗമാണ്. മിക്ക അവസരങ്ങളിലും, വിശേഷിച്ചും നീണ്ട ഉദ്ധരണികളുള്ളപ്പോൾ, ബൈബിളിൽനിന്നു നേരിട്ടു വായിക്കുന്നതാണ് ഏറെ ഫലപ്രദം, പ്രത്യേകിച്ചും ബൈബിൾ ഒത്തു നോക്കുന്നതിനു സദസ്യർ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ.
9 ഗുരുതരമായ മറ്റു കെണികൾ: ഒരു കമ്പ്യൂട്ടർ ഒരു ശൃംഖലയുമായി (network) ബന്ധിപ്പിക്കുന്നതിനാൽ ഗുരുതരമായ ആത്മീയ അപകടത്തിനുള്ള വഴി തുറക്കാൻ കഴിയുമെന്ന് 1993 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ 17-ാം പേജിൽ പറഞ്ഞിരുന്നു. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു വ്യക്തിക്കു ശൃംഖലയിലൂടെ ഒരു വൈറസിനെ—കമ്പ്യൂട്ടർ ഫയലുകൾ ദുഷിപ്പിക്കുന്നതിനും നശിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാം—കടത്തിവിടാൻ കഴിയുന്നതുപോലെ വിശ്വാസത്യാഗികൾക്കും പുരോഹിതൻമാർക്കും മറ്റുള്ളവരെ ധാർമികമായും മറ്റുവിധങ്ങളിലും ദുഷിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾക്കും അത്തരം ശൃംഖലകളിലൂടെ തങ്ങളുടെ വിഷലിപ്തമായ ആശയങ്ങൾ യഥേഷ്ടം പ്രചരിപ്പിക്കാൻ കഴിയും. ഇതു ക്രിസ്തീയ പ്രയോക്താക്കളെ “ചീത്ത സഹവാസങ്ങ”ളുടെ അപകടത്തിൽ കുടുക്കിയേക്കാം. (1 കൊരി. 15:33) ആത്മീയ കാര്യങ്ങളെ സംബന്ധിച്ചു പരിശോധിക്കുന്നതിനു മാത്രമല്ല മോശമായ ഉപദേശങ്ങൾ നൽകുന്നതിനും കുശുകുശുപ്പും വ്യാജമായ വിവരങ്ങളും വ്യാപിപ്പിക്കുന്നതിനും നിഷേധാത്മക ആശയങ്ങൾ പ്രതിഷ്ഠിക്കുന്നതിനും ചിലരുടെ വിശ്വാസത്തിനു തുരങ്കംവെക്കുന്ന ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നതിനും ബൈബിളിന്റെ വ്യക്തിപരമായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിനും കമ്പ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നതായി സൊസൈറ്റിക്കു റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. വിശ്വാസത്യാഗികളുടെയും പുരോഹിതൻമാരുടെയും സാഹിത്യങ്ങളും മാസികകളും അതുതന്നെയാണു ചെയ്യാൻ ശ്രമിക്കുന്നത്. ചില വിവരങ്ങൾ പുറമേ രസകരവും വിജ്ഞാനപ്രദവുമായി കാണപ്പെട്ടേക്കാമെങ്കിലും അവ വിഷജന്യമായ ഘടകങ്ങൾ കൂട്ടിക്കലർത്തിയതായിരിക്കും. സമയോചിതമായ ആത്മീയാഹാരത്തിനും വിശദാംശങ്ങൾക്കുമായി ക്രിസ്ത്യാനികൾ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലേക്കു നോക്കുന്നു. (1994 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 9-11 പേജുകൾ കാണുക.) ദുഷിപ്പിക്കുന്ന ഏതൊരു സ്വാധീനത്തിൽനിന്നും തന്റെ വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നതിനുള്ള ഗൗരവമായ ഉത്തരവാദിത്വം ഒരു ക്രിസ്ത്യാനിക്കുണ്ട്. അതിനുള്ള അടിസ്ഥാനമെന്നനിലയിൽ ആരുമായിട്ടാണു താൻ സഹവസിക്കുന്നതെന്ന് ഒരുവൻ എപ്പോഴും അറിഞ്ഞിരിക്കണം.—മത്താ. 24:45-47, NW; 2 യോഹ. 10, 11.
10 പകർപ്പവകാശ നിയമങ്ങളെ ആദരിക്കേണ്ടതിന്റെ പ്രാധാന്യവും അതേ വീക്ഷാഗോപുര ലേഖനം ഊന്നിപ്പറഞ്ഞു. കമ്പ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കി വിൽക്കുന്ന മിക്ക കമ്പനികളും അവയുടെ പകർപ്പവകാശം സംവരണംചെയ്യുന്നു, എന്നിട്ട് പ്രോഗ്രാമുകൾ നിയമപരമായി എങ്ങനെ ഉപയോഗിക്കാമെന്നു സൂചിപ്പിച്ചുകൊണ്ട് ഒരു ലൈസൻസ് നൽകുന്നു. ഉടമസ്ഥനു പ്രോഗ്രാമിന്റെ കോപ്പികൾ മറ്റുള്ളവർക്കു നൽകാൻ അനുവാദമില്ലെന്നു സാധാരണമായി ലൈസൻസ് പറയുന്നു; വാസ്തവത്തിൽ അങ്ങനെ ചെയ്യുന്നതിനെ അന്താരാഷ്ട്ര പകർപ്പവകാശനിയമം നിയമവിരുദ്ധമാക്കുന്നു. നിയമം ലംഘിക്കുന്ന കാര്യത്തിൽ അത്യാഗ്രഹികളായ പലർക്കും യാതൊരു മടിയുമില്ല. എന്നിരുന്നാലും കൈസറിനുള്ളതു കൈസറിനു നൽകിക്കൊണ്ടു ക്രിസ്ത്യാനികൾ നിയമപരമായ കാര്യങ്ങളിൽ മനസ്സാക്ഷിബോധമുള്ളവരായിരിക്കണം.—മത്താ. 22:21; റോമ. 13:1.
11 ഏതൊരു സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന്റെ മൂല്യം നിർണയിക്കേണ്ടത് അതിന്റെ ഉപയോഗത്തിൽ അടങ്ങിയിരിക്കുന്ന അപകടത്തോടുള്ള താരതമ്യത്തിൽ ആണ്. ടെലിവിഷൻ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്നിരിക്കെ മനുഷ്യവർഗത്തിൻമേൽ ഇന്ന് അതിനുള്ള അനാരോഗ്യകരമായ ഫലങ്ങൾ, ലൗകിക ഉറവിടങ്ങൾപോലും അതു സംബന്ധിച്ചു ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിക്കാൻ ഇടയാക്കിയിരിക്കുന്നതുപോലെയാണിത്. കമ്പ്യൂട്ടർ ശൃംഖലകൾ ഇന്നു ലോകവ്യാപകമായിത്തീർന്നിരിക്കുന്നു. അതിനു വീടുകളിലേക്കോ ജോലിസ്ഥലത്തേക്കോ അളവറ്റ വിലയേറിയ വിവരങ്ങൾ കൊണ്ടുവരാൻ കഴിയും. നാമിന്നു ജീവിക്കുന്ന ത്വരിതഗമനം ചെയ്യുന്ന സമൂഹത്തിന്റെ വ്യക്തിപരവും ബിസിനസുപരവുമായ താത്പര്യങ്ങൾക്കൊത്തു പോകേണ്ട ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കും അതുപോലെതന്നെ വ്യക്തികൾക്കും അത്യാവശ്യമായിരിക്കുന്ന സേവനങ്ങൾ അവ പ്രദാനം ചെയ്യുന്നു. അതേസമയംതന്നെ അശ്ലീലതയും ഭിന്നതയും വിദ്വേഷവും നിറഞ്ഞ പ്രചാരണങ്ങളും, ഹീനവും ദുഷ്ടവുമായ കാര്യങ്ങൾ ചെയ്യേണ്ട വിധം സംബന്ധിച്ച വിശദാംശങ്ങളും കൊണ്ടു കമ്പ്യൂട്ടർ ശൃംഖലകൾ ബാധിക്കപ്പെട്ടിരിക്കുന്നു.
12 അതുകൊണ്ട് കമ്പ്യൂട്ടർ സാങ്കേതികവിദ്യ സംബന്ധിച്ച് ഒരു ക്രിസ്ത്യാനി സന്തുലിത വീക്ഷണം പുലർത്തുന്നതിനു നിരവധി സുപ്രധാന കാരണങ്ങളുണ്ട്. സൊസൈറ്റി കമ്പ്യൂട്ടർ ഡിസ്ക്കറ്റുകളിൽ ലഭ്യമാക്കിയിരിക്കുന്ന പുതിയലോക ഭാഷാന്തരം, ഉൾക്കാഴ്ച വാല്യങ്ങൾ, ഗറ്റ് വേഴ്സ് പ്രോഗ്രാം എന്നിവ പല വ്യക്തികളും ആസ്വദിക്കുന്നു. ഇന്ത്യയിൽ ഇതുവരെ സൊസൈറ്റി ഇതു വിതരണം ചെയ്യുന്നില്ലെങ്കിലും വിദേശത്തുനിന്നും സിഡി-റോമിലുള്ള വാച്ചടവർ ലൈബ്രറി വ്യക്തിപരമായി വാങ്ങുന്നതിനു മറ്റുള്ളവർക്കു കഴിഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായ ഗവേഷണത്തിനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചില സാങ്കേതികവിദ്യകളുടെ മൂല്യം തിരിച്ചറിയുമ്പോൾതന്നെ, അത്തരം ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനകരമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ഒരുവൻ തന്നെയും മറ്റുള്ളവരെയും ഏതൊരു നിഷേധാത്മക ഘടകങ്ങളിൽനിന്നും സംരക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ നിരുപദ്രവകരമായ ഉപയോഗംപോലും നമ്മുടെ അർപ്പിത സമയം ഒരു പരിധിയിൽക്കവിഞ്ഞു വിഴുങ്ങിക്കളയുന്നതിനോ അല്ലെങ്കിൽ നമ്മുടെ പ്രഥമ വേലയിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും നമ്മെ വ്യതിചലിപ്പിക്കുന്നതിനോ ഇടയാക്കാതെ നാം സമനില പാലിക്കേണ്ടതുണ്ട്.—മത്താ. 6:22; 28:19, 20.