യേശുവിനെ അനുകരിച്ചുകൊണ്ട് ദൈനംദിനം സത്യം ഘോഷിക്കൽ
1 യേശു ഭൂമിയിൽ വന്നപ്പോൾ അവന് ഒരു പ്രത്യേക വേല നിറവേറ്റാനുണ്ടായിരുന്നു. അതു വിശേഷാൽ ലളിതമായിരുന്നു: ‘സത്യത്തിനു സാക്ഷ്യം വഹിക്കുക.’ (യോഹ. 18:37, NW) തന്റെ പിതാവിന്റെ അത്ഭുതകരമായ ഗുണങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം അവൻ ഘോഷിച്ചു. ഈ വേല അവന് ആഹാരത്തിനു തുല്യമായിരുന്നു; അവന്റെ മുഴുജീവിതവും അതിനെ കേന്ദ്രീകരിച്ചായിരുന്നു. (യോഹ. 4:34) യേശു “ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചു”കൊണ്ടിരുന്നു എന്ന് ലൂക്കോസ് റിപ്പോർട്ടു ചെയ്യുകയുണ്ടായി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ലൂക്കൊ. 19:47) യേശു ലഭ്യമായിരുന്ന സമയം പരമാവധി ഉപയോഗിച്ചു. (യോഹ. 9:4) തന്റെ മരണത്തിനു തൊട്ടുമുമ്പ് അവനു പിതാവിനോട് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.”—യോഹ. 17:4.
2 യഹോവ ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളോടുമുള്ള വിലമതിപ്പിനാൽ നമ്മുടെ ഹൃദയം നിറഞ്ഞു തുളുമ്പുമ്പോൾ ദൈനംദിനം അവനെ സംബന്ധിച്ചു സംസാരിക്കാൻ സമാനമായി നാമും നിർബന്ധിതരായിത്തീരും. “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” എന്നു ധൈര്യപൂർവം പ്രഖ്യാപിച്ച യേശുവിന്റെ ശിഷ്യൻമാരെപ്പോലെതന്നെ നാമും ആയിത്തീരും. (പ്രവൃ. 4:20) യഹോവയെക്കുറിച്ച് അവർ തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. കാരണം രേഖ പ്രസ്താവിക്കുന്നപ്രകാരം “അവർ ദിനമ്പ്രതി . . . വിടാതെ . . .ചെയ്തുകൊണ്ടിരുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (പ്രവൃ. 5:42) ‘ഞാൻ എന്റെ ഗുരുവായ യേശുവിന്റെ ഒരു അനുകാരിയാണോ’ എന്നു നാം നമ്മോടുതന്നെ ചോദിക്കണം.
3 അടിയന്തിരതയോടെ പ്രസംഗിക്കൽ: “അപ്പോൾ”, രാജ്യസന്ദേശം മുഴുഭൂമിയിലും ഘോഷിക്കപ്പെട്ടു കഴിയുമ്പോൾ, “അവസാനം വരും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:14) ഇത് നമ്മുടെ വേലയുടെ പ്രാധാന്യവും അടിയന്തിരതയും സംബന്ധിച്ചു നമ്മെ ആഴത്തിൽ സ്വാധീനിക്കണം. അക്ഷരീയമായി ദശലക്ഷങ്ങളുടെ ജീവൻ അപകടത്തിലായിരിക്കുന്നതിനാൽ ഇതിനെക്കാൾ പ്രധാനവും പ്രയോജനകരവുമായി മറ്റൊന്നും നമുക്കു ചെയ്യാനില്ല. ഈ വ്യവസ്ഥിതി അതിന്റെ സമാപനത്തോടു സമീപിക്കുന്നതിനാൽ ഈ വേല പൂർത്തീകരിക്കുന്നതിനു ശേഷിച്ചിരിക്കുന്ന സമയം ചുരുങ്ങിയിരിക്കുന്നു!
4 ചെമ്മരിയാടുതുല്യരായവരുടെ കൂട്ടിച്ചേർക്കൽ യഹോവ ത്വരിതപ്പെടുത്തുന്നുവെന്നു റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. (യെശ. 60:22) ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ അക്ഷരീയമായി സത്യത്തിലേക്കു തടിച്ചുകൂടുകയാണ്. ഫലത്തിൽ, സന്തോഷപൂർവം ഇപ്രകാരം പ്രഖ്യാപിച്ചുകൊണ്ട്: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”! (സെഖ. 8:23) യേശുവിന്റെ വാക്കുകൾ കഴിഞ്ഞ ഏതൊരു കാലത്തെക്കാളുമുപരി സത്യമാണ്: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; . . . കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്താ. 9:37, 38) അത് “എല്ലായ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്ന” യേശുവിന്റെ ശിഷ്യൻമാരെപ്പോലെ തീക്ഷ്ണത ഉള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നില്ലേ? (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ലൂക്കൊ. 24:53.
5 ദൈനംദിനം സത്യം പ്രസിദ്ധമാക്കുക: ഓരോ ദിവസവും സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള മാർഗങ്ങൾക്കായി നാം അന്വേഷിക്കേണ്ടതുണ്ട്. അവസരങ്ങൾ നിഷ്പ്രയാസം ലഭ്യമാണ്. സാധനങ്ങൾ വാങ്ങുമ്പോൾ കച്ചവടക്കാരന് ഒരു ലഘുലേഖ കൊടുക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ വീട്ടിൽ കണ്ടുമുട്ടാൻ കഴിയാഞ്ഞ ഒരാൾക്ക് ഒരു കത്തെഴുതുന്നതിനെ സംബന്ധിച്ചെന്ത്? അനുകൂലമായി പ്രതികരിച്ചേക്കുമെന്നു നിങ്ങൾ വിചാരിക്കുന്ന ഒരു സുഹൃത്തിനോ അല്ലെങ്കിൽ ഒരു പരിചയക്കാരനോ ഫോൺ ചെയ്യാൻ ഏതാനും മിനിറ്റ് എടുക്കരുതോ? സാധ്യതയനുസരിച്ച്, നിങ്ങളുടെ പ്രത്യാശ മറ്റുള്ളവരുമായി ഓരോ ദിവസവും പങ്കുവെക്കുന്നതിനുള്ള മറ്റു പല അവസരങ്ങളെക്കുറിച്ചും നിങ്ങൾക്കു ചിന്തിക്കാൻ കഴിയും. നിങ്ങൾ ശ്രമിക്കയും അല്പം ധൈര്യം പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നിങ്ങളെ സഹായിക്കും.—1 തെസ്സ. 2:2.
6 അതുകൊണ്ട്, നാം ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ നമ്മോടുതന്നെ ഇപ്രകാരം ചോദിക്കണം, ‘ഇന്ന് ഒരവസരം തുറന്നു കിട്ടുന്നെങ്കിൽ എന്റെ പ്രത്യാശ ആരെങ്കിലുമായി പങ്കുവെക്കുന്നതിനു ഞാൻ മുൻകൈ എടുക്കുമോ?’ യേശുവിന്റെ മനോഭാവം അനുകരിക്കുക. താൻ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് അവൻ ഇപ്രകാരം വിശദീകരിച്ചു: ‘ഞാൻ ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു.’ (ലൂക്കൊ. 4:43) നമ്മുടെ ഗുരുവിനെപ്പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നാമും അതുതന്നെ ചെയ്യും.—ലൂക്കൊ. 6:40.