ഗൃഹപാഠം ചെയ്ത മാതാപിതാക്കൾ
സ്വന്തം ഗൃഹപാഠം ചെയ്യുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ കാര്യങ്ങൾ പ്രദാനം ചെയ്യുന്നു. പ്രകടമായും, കേവലം ബില്ലുകൾ കൊടുത്തു തീർക്കുന്നതിലധികം ഇതിൽ ഉൾപ്പെടുന്നു. അത്തരം മാതാപിതാക്കൾ, തങ്ങളുടെ മക്കൾ ജീവിതത്തിൽ ഉചിതമായ മൂല്യങ്ങളും ലക്ഷ്യങ്ങളും വളർത്തിയെടുക്കാൻ അവരെ സഹായിക്കുന്നു. അവരോടൊത്ത് ധാരാളം സമയം ചെലവഴിക്കുകയും സ്നേഹപൂർവ്വകമായ താല്പര്യം പ്രകടമാക്കുകയും ചെയ്യുന്നു.
“കുട്ടികൾ ചെറുതായിരുന്നപ്പോൾ ഞങ്ങൾ അവരോടൊത്ത് തറയിൽ നീന്തി, കലങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി, പാത്രങ്ങളുടെ മൂടികൾ ശിരോകവചങ്ങളാക്കി തലയിൽ വച്ചു, ചരിത്ര സംഭവങ്ങളിലെ പ്രസിദ്ധ ബൈബിൾ കഥാപാത്രങ്ങളെ അനുകരിച്ച് അടുക്കളയിലെ തവികൾ പരസ്പരം ചുഴററി,” നാലുകുട്ടികളുടെ പിതാവായ വെയ്ൻ വിശദീകരിക്കുന്നു. “കുഞ്ഞുങ്ങൾ അതിഷ്ടപ്പെട്ടു.”
കുട്ടികൾ വളർന്നപ്പോൾ വെയ്നും അദ്ദേഹത്തിന്റെ ഭാര്യ ജോവാനും അവരുടെ പഠിപ്പിക്കൽ രീതികൾ അനുരൂപപ്പെടുത്തി; എങ്കിലും അവർ തങ്ങളുടെ കുട്ടികളുടെ ഭാവനയെയും പഠിക്കാനുള്ള അഭിവാഞ്ഛയെയും തുടർന്നു പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ പഠിപ്പിക്കലിന്റെ ചില അത്യുത്തമ തത്വങ്ങൾ പ്രായോഗികമാക്കി. വിദ്യാർത്ഥിയായിരുന്നപ്പോൾ പഠിക്കുന്നതിനു തനിക്കുണ്ടായിരുന്ന അത്യുത്സാഹം ഒരു നല്ല അദ്ധ്യാപകൻ ഒരിക്കലും വിസ്മരിക്കുകയില്ല, അദ്ദേഹം അത് തന്റെ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നുവെന്ന് ഇംഗ്ലീഷ് അദ്ധ്യാപകരുടെ യു. എസ്സ്. നാഷനൽ കൗൺസിൽ പ്രസിഡണ്ട് ജൂലി എം. ജെൻസെൻ വിശ്വസിക്കുന്നു.
പ്രശംസയുടെ പ്രാധാന്യം
സ്കൂൾ പാഠങ്ങളിൽ തങ്ങളുടെ മക്കളെ സഹായിക്കുന്നതിനുള്ള ഒരു മാർഗ്ഗം വെയ്നും ജോവാനും അവലംബിച്ചു. കുട്ടികൾ സ്കൂളിൽനിന്നു വരുമ്പോൾ മാർക്കു ലഭിച്ച ഉത്തരക്കടലാസുകൾ നിക്ഷേപിക്കുന്നതിന് അടുക്കളയിൽ ഒരു ബാസ്ക്കററ് സ്ഥാപിച്ചു. കുട്ടികൾ കളിക്കുകയോ ഗൃഹപാഠം ചെയ്യുകയോ ചെയ്യുമ്പോൾ ജോവാൻ ഉത്തരക്കടലാസ്സുകൾ അവലോകനം ചെയ്യുന്നു; ഭക്ഷണസമയത്ത് അവ ചർച്ച ചെയ്യപ്പെടുന്നു. ശരിയായവ റെഫ്രിജെറേറററിലും അടുക്കള ഭിത്തിയിലും പ്രദർശിപ്പിക്കുന്നു. അവ ഒരു ആർട്ട് ഗാലറിയിലെ കലാശേഖരം പോലെ കാണപ്പെടുന്നു.
“കുട്ടികൾക്ക് പ്രശംസകൊടുക്കുന്ന ഞങ്ങളുടെ മാർഗ്ഗമാണത്,” ജോവൻ പറയുന്നു, “അവർ തൻമൂലം അഭിവൃദ്ധി പ്രകടമാക്കുന്നു.” വീട്ടിലെ ഇരുപ്പുമുറിയിലുള്ള മറെറാരു ബാസ്ക്കററിൽ തീർത്ത ഗൃഹപാഠങ്ങൾ കിടക്കുന്നതിനു മുമ്പ് നിക്ഷേപിക്കുന്നു. “ഇതിനാൽ രാവിലെ സ്കൂളിലേക്കുപോകാൻ കുട്ടികൾ തെരക്കു കൂട്ടുന്നതിനിടയിൽ ഗൃഹപാഠം ഞങ്ങൾ അന്വേഷിക്കേണ്ടതായി വരുന്നില്ല,” ജോവാൻ വിശദീകരിക്കുന്നു.
രണ്ടു പെൺകുട്ടികളുടെ മാതാവായ ബിയാട്രിസ് മക്കളുടെ സ്കൂൾ മാർക്കുകൊണ്ട് അടുക്കള അലങ്കരിക്കുന്നു. അവൾ പറയുന്നു: “ഞാൻ ഇങ്ങനെ ചെയ്യുന്നത് എനിക്കു എന്റെ മക്കളെക്കുറിച്ച് അഭിമാനമുള്ളതുകൊണ്ടാണ്, അവർ അത് അറിയണമെന്നും ഞാൻ ആഗ്രഹിക്കുന്നു.”
പ്രശംസയുടെ മൂല്യത്തെ അംഗീകരിച്ചുകൊണ്ട് ടെക്സാസിലെ ഡള്ളാസ് ഇൻഡിപ്പെൻഡൻറ് സ്കൂൾ ഡിസ്ട്രിക്ട് പ്രോത്സാഹജനകമായ അഭിനന്ദനങ്ങൾ ധാരാളം ചൊരിയണമെന്ന് അദ്ധ്യാപകരെ പ്രേരിപ്പിക്കുന്നു, പിൻവരുന്നവപോലെ: ഉഗ്രൻ! നന്നായിട്ടുണ്ട്. ഇതു നിലനിർത്തുക! നിനക്കു നൻമവരട്ടെ. അതു സമർത്ഥമാണ്. വളരെശരി. വളരെ സർഗ്ഗാത്മകം. നല്ല ചിന്ത. വളരെ നല്ലത്. നിനക്ക് അത് അറിയാം. അതിനു നീ അവലംബിക്കുന്ന മാർഗ്ഗത്തെ ഞാൻ വിലമതിക്കുന്നു.
നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ മിക്കപ്പോഴും പ്രോത്സാഹനം നൽകാൻ നിങ്ങൾക്കു കഴിയുമോ?
മറ്റു വിധങ്ങളിൽ സഹായം നൽകൽ
മക്കളുടെ പ്രയത്നങ്ങളെ പ്രശംസിക്കുന്നതിലുപരി അവർക്കുവേണ്ടി ഗൃഹോത്തരവാദിത്തങ്ങൾ നിർവഹിക്കുന്ന മാതാപിതാക്കൾ പഠനത്തിനു സഹായകരമായ ഒരു ഗൃഹാന്തരീക്ഷം വളർത്തിയെടുക്കുന്നു. തങ്ങൾക്കു ചുററുമുള്ള ലോകത്തെക്കുറിച്ചു വായിക്കുന്നതിനും പഠിക്കുന്നതിനും മക്കളിൽ അവർ താൽപര്യം ഉളവാക്കുന്നു.
“എന്റെ പഠനസമയത്തിനു ചുററും ഒരു സംരക്ഷണവലയം സൃഷ്ടിച്ചുകൊണ്ട് എന്റെ മാതാപിതാക്കൾ സഹായം നൽകി,” ജൂലി വിശദീകരിച്ചു, “എനിക്കു ഗൃഹപാഠം ചെയ്യുന്നതിന് വീട്ടിൽ ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു, ചെയ്തു തീരുന്നതുവരെ വീട്ടിലുള്ളവർ എനിക്കു ശല്യം ഉളവാക്കാതെ മാറി നിന്നു. എന്റെ പഠനസമയത്ത് എനിക്കു ഗൃഹജോലികൾ ചെയ്യേണ്ടിയിരുന്നില്ല. എന്റെ ഏകാഗ്രതയ്ക്കുള്ള തടസ്സങ്ങളെല്ലാം ഇങ്ങനെ ഒഴിവാക്കപ്പെട്ടു.”
മാതാപിതാക്കൾ തന്നെയും സഹോദരിമാരെയും എങ്ങനെ സഹായിച്ചുവെന്ന് മാർക്ക് പറയുന്നു. “പഠനത്തിന് സഹായകരമായ ഒരു നിഘണ്ടുവും മററു പുസ്തകങ്ങളും ഞങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കാൻ അവർ ശ്രദ്ധിച്ചു. ഞങ്ങൾക്ക് താല്പര്യമുള്ള പുസ്തകങ്ങൾ വാങ്ങാൻ അനുവദിച്ചുകൊണ്ട് സ്വന്തം ലൈബ്രറികൾ ഉണ്ടായിരിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഞങ്ങളുടെ പോക്കററ്മണിയിൽ നിന്ന് ഇതിനായി ഞങ്ങൾ പണം മുടക്കേണ്ടിയിരുന്നില്ല.”
“മക്കൾ മൂന്നു മാസം പ്രായമായപ്പോൾ മുതൽ ഞങ്ങൾ അവരോടൊത്തുള്ള ഒരു വായനാപരിപാടി ആരംഭിച്ചു.” നാലു കുട്ടികളുടെ മാതാവായ ആൾതിയ വിശദീകരിക്കുന്നു. “അതു തുടർന്നുകൊണ്ടുപോകുവാൻ പ്രയാസമായിരുന്നു, കാരണം ഇന്നത്തെ അനേകം സ്ത്രീകളേയുംപോലെ എനിക്കും ജോലി ചെയ്യേണ്ടിയിരുന്നു. വായനയ്ക്കവസരം ഉണ്ടാക്കുന്നതിന് എനിക്കു മററു കാര്യാദികളിൽ നിന്ന് സമയം വിലയ്ക്കുവാങ്ങേണ്ടിയിരുന്നു. കുട്ടികൾക്ക് മുന്നൂറിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു—നേഴ്സറി റൈംസ്, ശാസ്ത്രപുസ്തകങ്ങൾ, മററിനങ്ങൾ. വായിച്ചുകേൾക്കാനായി അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ അവർ എന്റെ പക്കൽ കൊണ്ടുവന്നു. വായനാസമയം ചുരുക്കാനായി ചിലപ്പോൾ ഞാൻ ചില ഭാഗങ്ങൾ വിട്ടുകളഞ്ഞു, എന്നാൽ അതു ഫലിച്ചില്ല. ഭാഗങ്ങൾ വിട്ടുപോയത് കുഞ്ഞുങ്ങൾ എല്ലായ്പ്പോഴും മനസ്സിലാക്കി, വിട്ടുകളഞ്ഞഭാഗം ഓർമ്മയിൽനിന്ന് മുഴുവനാക്കാൻ എന്നെ നിർബന്ധിച്ചു!”
കിടക്കാൻ പോകുന്നതിനുമുമ്പായി ഓരോരാത്രിയിലും മാതാപിതാക്കൾ 10-15 മിനിട്ട് തന്നെ വായിച്ചുകേൾപ്പിക്കുമായിരുന്നുവെന്ന് ഫിൻലൻഡിലെ ജോഹാൻ പറയുന്നു. “ഞാൻ കഥ തെരഞ്ഞെടുക്കും,” ജോഹാൻ തുടർന്നു: “അമ്മ കഥയിലെ കഥാപാത്രങ്ങളെ അഭിനയിച്ചു കാണിക്കും. ഞാനും എന്റെ സഹോദരിയും ഈ പതിവുമായി വളരെ ഇണങ്ങിച്ചേർന്നിരുന്നു, തൻമൂലം മാതാപിതാക്കൾക്ക് സമയം ലഭിക്കാഞ്ഞപ്പോൾപോലും ഞങ്ങൾ ഒരു പുസ്തകമെടുത്ത് സ്വയം വായിച്ചഭിനയിക്കാൻ ശ്രമിച്ചു. വളരെ നല്ല വായനാശീലം വളർത്താൻ ഇതു ഞങ്ങളെ സഹായിച്ചു. ഇതു ഞങ്ങളുടെ സ്കൂൾ പഠനം എളുപ്പവും ഞങ്ങളുടെ ലോകം വിസ്തൃതവും ആക്കിത്തീർത്തു.”
പിതാവ് തന്റെ വായനാ ശൈലിയിൽ തന്നെ ഉറക്കാൻ ശ്രമിച്ച രീതിയെ ശ്രീലങ്കയിലെ രവിന്ദിരാ ഇഷ്ടപ്പെട്ടിരുന്നു. “ഉറങ്ങാൻ പോകുമ്പോഴത്തെ എന്റെ ഇഷ്ടപ്പെട്ട കഥ ഒട്ടകത്തിനു മുതുകിൽ മുഴയുണ്ടായതെങ്ങനെ എന്നതായിരുന്നു. വായനയ്ക്കിടയിൽ പിതാവ് തട്ടുകയും കൊട്ടുകയും ചിരിക്കുകയും എല്ലാം ചെയ്യുമായിരുന്നു. ഇതെല്ലാം എന്നെ ഉറക്കുമെന്നു കരുതിയിരുന്നു, എന്നാൽ ശ്രദ്ധിച്ചുണർന്നു കിടക്കാനും കൂടുതൽ കേൾക്കാൻ താൽപര്യമുണർത്താനും മാത്രമേ ഇതു സഹായിച്ചുള്ളു. ഇതെല്ലാം കൃത്യമായി അദ്ദേഹം അറിഞ്ഞിരുന്നു, എന്നാൽ അറിയുന്നില്ലെന്നു നടിച്ചു. പിന്നീട് ഞാൻ വളർന്നപ്പോൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ തിരികെ കൊണ്ടുപോകാൻ അദ്ദേഹം എന്നെ അനുവദിച്ചു. എനിക്കു സ്വയം പ്രാധാന്യം തോന്നാൻ ഇതിടയാക്കുകയും രസകരമായ വായനയ്ക്കു കൂടുതൽ പ്രേരകമായിത്തീരുകയും ചെയ്തു.”
പിതാവ് എപ്രകാരം സഹായിച്ചുവെന്നു സൂസൻ പറയുന്നു, “സവാരി ഡാഡിക്കു ഇഷ്ടമായിരുന്നു. അദ്ദേഹം എല്ലായിടത്തും എന്നെയും കൊണ്ടുപോയി—മ്യൂസിയങ്ങൾ, ബേർഡ് സാങ്ച്വറികൾ, ലൈബ്രറികൾ, കാട്ടുപഴങ്ങൾ പറിക്കുന്നതിനു കാടുകളിൽ. ചിലപ്പോൾ അറിയപ്പെടാത്ത വനവിഭാഗങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. ശരീരത്തിൽ പോറലുകളേററ് ഞങ്ങൾ വീട്ടിൽ മടങ്ങിയെത്തി, എന്നാൽ അതു രസകരമായിരുന്നു. ഈ യാത്രകൾ എന്റെ സ്കൂൾ പഠനങ്ങൾക്കു ഒരുദ്ദേശ്യം നൽകി.”
പ്യൂർട്ടോറിക്കോയിൽനിന്നുള്ള എമിലോ അനുസ്മരിക്കുന്നു: “ഞങ്ങൾ എല്ലായ്പ്പോഴും പഠിക്കുന്നുവെന്ന് ഞങ്ങൾതന്നെ മനസ്സിലാക്കാൻ അമ്മയ്ക്കു നിർബന്ധമുണ്ടായിരുന്നു. ഞാൻ സ്കൂളിൽനിന്നു വീട്ടിലെത്തുമ്പോൾ അമ്മ ചോദിക്കും, ‘ശരി, ഇന്നു നീ എന്തുപഠിച്ചു?’ ‘ഓ, ഒന്നുമില്ല,’ എന്നു ഞാൻ പറഞ്ഞാൽ ഇങ്ങനെ പ്രതിവചിക്കുമായിരുന്നു, ഇല്ലെന്നു വച്ചാൽ? നീ എന്തെങ്കിലും പഠിച്ചിട്ടുണ്ടാവണം? ഞാൻ പഠിച്ചതെല്ലാം പറയുന്നതുവരെ അമ്മ ചോദിക്കും. എന്റെ രണ്ടു സഹോദരൻമാരെയും അമ്മ ഇങ്ങനെ തന്നെ പ്രോത്സാഹിപ്പിച്ചു. അമ്മയ്ക്കു ഞങ്ങളോടുള്ള താല്പര്യവും ഞങ്ങളോടുള്ള കരുതലും ഞങ്ങളറിയണമെന്ന് അമ്മ ആഗ്രഹിച്ചു. നല്ല കുടുംബ ഐക്യത്തിന് ഇതിടയാക്കി.”
കുടുംബബന്ധം വളർത്തിയെടുക്കൽ
നല്ല കുടുംബങ്ങളിൽ നല്ല ഐക്യം കാണാം, എന്നാൽ ഇതിന് ശ്രമം ആവശ്യമാണ്. അതുകൊണ്ട് ഗൃഹപാഠം ചെയ്യുന്ന മാതാപിതാക്കൾ ഒരു സഹകരണ മനോഭാവം വളർത്തിയെടുക്കാൻ ശ്രമിക്കുന്നു.
“ഞങ്ങൾ കുടുംബകാര്യങ്ങൾ ദിവസവും സത്യസന്ധമായി ചർച്ച ചെയ്യുന്നു,” കൗമാരപ്രായക്കാരായ രണ്ടു പെൺമക്കളുടെ മാതാവ് കരോൾ പ്രസ്താവിക്കുന്നു. “ചിലപ്പോൾ പെൺകുട്ടികൾ അവരുടെ പ്രശ്നങ്ങൾ മിണ്ടാതെയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ എനിക്കു തന്നെ ധാരാളം പ്രശ്നങ്ങളുണ്ടെന്ന് അവർക്കു തോന്നുന്നു. അവർ ഈ വിധം പെരുമാറുമ്പോൾ എനിക്കതറിയാം, ഇങ്ങനെയുള്ളപ്പോൾ നിസ്സാരകാര്യങ്ങളിൽ അവർ തർക്കങ്ങളിലേർപ്പെടുന്നു. പരസ്പരം സത്യസന്ധമായി പ്രശ്നങ്ങൾ സംസാരിച്ചു തീരുമ്പോഴാണ് കുടുംബസംവിധാനം മെച്ചമായിത്തീരുന്നതെന്ന് ഞാൻ അവരെ അനുസ്മരിപ്പിക്കേണ്ടതായി വരും.”
പല കുടുംബങ്ങളിലും പണം പ്രശ്നങ്ങളുടെ ഉറവിടമാണ്. എന്നാൽ വീട്ടിലെ സാമ്പത്തികാവസ്ഥയെക്കുറിച്ച് കുട്ടികളോടു തുറന്നു സംസാരിക്കുന്നത് അവരുടെ പിന്തുണനേടാൻ സഹായിച്ചിരുന്നുവെന്ന് കരോൾ പറയുന്നു. അവൾ വിശദീകരിക്കുന്നു: “കൂടുതലായി അവർക്കുവേണ്ട വസ്തുക്കൾക്കായി പണമുണ്ടാക്കാൻ സ്വന്തം ജോലികൾ കണ്ടെത്താൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. പണമുണ്ടാക്കുന്നതിൽ ഞാനവരെ അഭിനന്ദിക്കുകയും അതവരുടെ പണമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.”
ബജററു തയ്യാറാക്കൽ, ബാങ്കിംഗ്, ഗണിതശാസ്ത്രം ഇവ മക്കളെ പഠിപ്പിക്കുന്നതിനായി ചില മാതാപിതാക്കൾ വീട്ടിലെ സാമ്പത്തിക ഭദ്രത പ്രയോജനപ്പെടുത്തുന്നു. “ഈ ക്രമീകരണം കൊണ്ട് പഠിപ്പിക്കാൻ കഴിഞ്ഞ മറെറാരു പാഠം കുടുബകാര്യങ്ങളിൽ ഉൾപ്പെടുന്നതിനാലുള്ള സഹകരണമാണ്,” മൂന്ന് പുത്രൻമാരും ഒരു പുത്രിയുമുള്ള ഹെൻറി പറയുന്നു.
എന്നാൽ ഇത്തരം ഗൃഹപാഠങ്ങൾ ചെയ്യാൻ മാതാപിതാക്കൾക്ക് എങ്ങനെ സമയം ലഭിക്കും? ചില്ലറക്കാര്യങ്ങൾ ചെയ്യാൻ ചുററിക്കറങ്ങുമ്പോൾ ജോലിത്തെരക്കു കാരണം മക്കളും കൂടെപ്പോരാൻ താൻ പറയുമെന്ന് രണ്ടു കുട്ടികളുടെ മാതാവായ ഓദ്രേ ചൂണ്ടിക്കാട്ടി. ഈ അവസരം അവൾക്കു മക്കളോടു സംസാരിക്കാൻ കഴിയുന്നു.
പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ
മക്കളുടെ ഗൃഹപാഠം നന്നായി ചെയ്യുന്നതിന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ശ്രദ്ധാപൂർവ്വം ശ്രവിക്കേണ്ടതുണ്ട്. ബൈബിൾ സദൃശവാക്യം പറയുന്നതുപോലെ: “ജ്ഞാനി കേട്ടിട്ട് വിദ്യാഭിവൃദ്ധി പ്രാപിക്കുന്നു.” (സദൃശവാക്യം 1:5) ശ്രദ്ധയോടെയുള്ള കേൾവി വിശ്വാസം കെട്ടുപണി ചെയ്യുന്നു, ഇത് പ്രശ്നങ്ങൾ വിജയപൂർവ്വം കൈകാര്യം ചെയ്യുന്നതിന് സുപ്രധാനമാണ്.
ദൃഷ്ടാന്തത്തിന്, തങ്ങളുടെ മൂത്തപുത്രി, നിക്കി സ്കൂളിൽ കയറാതിരിക്കുകയും ചില കോഴ്സുകൾക്കു പരാജയപ്പെടുകയും ചെയ്യുന്നതായി ലിയോൺ കാരോളിൻ ദമ്പതികൾ മനസ്സിലാക്കിയപ്പോൾ സ്കൂളിലെ കൂട്ടുകാരുടെ ചീത്ത സ്വാധീനത്തെ കുററപ്പെടുത്തിക്കൊണ്ടാണ് കരോളിൻ ആദ്യം പ്രതികരിച്ചത്. എന്നാൽ ലിയോൺ ഇങ്ങനെ വിശദീകരിച്ചു: “നമുക്ക് വസ്തുതകൾ മുഴുവൻ ലഭ്യമാകുന്നതുവരെ തീരുമാനത്തിലെത്താതിരിക്കാം എന്നു ഞാൻ അഭിപ്രായപ്പെട്ടു.”
“എങ്കിലും നിക്കിയുടെ പ്രശ്നത്തിന്റെ മൂലകാരണത്തിൽ എത്താൻ ക്ഷമയോടും സൗമ്യതയോടും കൂടെയുള്ള ഒരാഴ്ചത്തെ അന്വേഷണവും ശ്രദ്ധിക്കലും വേണ്ടിവന്നു,” ലിയോൺ തുടരുന്നു: “വസ്തുതയറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടി. ഞങ്ങൾക്കു നിക്കിയുടെ കാര്യങ്ങളിൽ ഒരു താൽപര്യവുമില്ലെന്ന് അവൾക്കുതോന്നി, കാരണം ഞങ്ങൾ സ്വന്തം കാര്യങ്ങളിൽ വളരെതെരക്കുള്ളവരായിരുന്നു! കരോളിനും ഞാനും വേണ്ട വ്യത്യാസങ്ങൾ വരുത്തി. അതോടെ വീട്ടിലും സ്കൂളിലുമുള്ള സ്വന്തം ഉത്തരവാദിത്തങ്ങളോടു നിക്കി കൂടുതൽ ജാഗ്രതയോടെ പ്രതികരിക്കാൻ തുടങ്ങി.”
ദാൻ ദോറോത്തി ദമ്പതികൾക്കു എട്ടു മക്കളുണ്ടായിരുന്നു. ദിവസവും ഒന്നരമണിക്കൂർവീതം ഇവർ സ്കൂൾ ബസുകളിൽ ചെലവഴിച്ചു. അവയിലെ ചീത്ത അവസ്ഥകളായിരുന്നു ഒരു പ്രമുഖ പ്രശ്നം. “മൂത്തവർ സ്കൂളിൽ പഠിക്കുമ്പോൾ ബസ് യാത്രയിൽ ഗൃഹപാഠം ചെയ്യുന്നതിനോ വായിക്കുന്നതിനോ സമയം ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു.” ദാൻ പറയുന്നു: “എന്നാൽ കഴിഞ്ഞ 12 വർഷങ്ങളിൽ സ്ഥിതി മാറി. ഇപ്പോൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ധാരാളം ചീത്തകാര്യങ്ങളുണ്ട്—സാധാരണ ബസിന്റെ പിൻഭാഗത്തുനിന്ന് ചീത്തഭാഷ, ഉച്ചത്തിലുള്ള റോക്ക് സംഗീതം, സിഗരട്ടിൽ നിന്നും കഞ്ചാവിൽ നിന്നുമുള്ള പുക.”
കുട്ടികളുമായി ഈ പ്രശ്നം അവർ ചർച്ച ചെയ്തെന്നു ദാൻ വിശദമാക്കി, “രണ്ടു ആശയഗതികൾ ഉയർന്നുവന്നു, ബസ് ഡ്രൈവറുടെ അടുത്തായി കഴിയുന്നത്ര ഇരിക്കുക; ഓരോ കുട്ടിയും സ്വന്തമായ ഒരു AM/FM കാസററ് പ്ലെയറിനോടു ഘടിപ്പിച്ച ഭാരം കുറഞ്ഞ ഒരു ഹെഡ്ഫോൺ ധരിക്കുക. ഇപ്പോൾ കുഴപ്പങ്ങളിൽ നിന്ന് വിട്ടിരിക്കുന്നതിനു കുട്ടികൾക്കു കഴിയും; ലഘു സംഗീതം ആസ്വദിച്ചുകൊണ്ട് അവർക്കിപ്പോൾ വായിക്കുകയോ ചെറിയ ഗൃഹപാഠം ചെയ്യുകയോ ആവാം. പരിഹാരം ലളിതമായിതോന്നാം, എന്നാൽ അതു ഫലിച്ചു!”
സ്കൂൾ വ്യവസ്ഥയോടു യോജിച്ചു പ്രവർത്തിക്കൽ
സ്കൂൾ വർഷത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ നേരിട്ടുള്ള സ്വാധീനത്തിൽ ആറുമണിക്കൂറോളം ചെലവഴിക്കുന്നു. മക്കളുടെ പഠനശേഷിയുടെ അടിസ്ഥാനമായി ഇതിനെ വിലമതിക്കുന്ന മാതാപിതാക്കൾ ഈ സമയമത്രയും പ്രയോജനകരമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. മൂന്നു മക്കളുടെ മാതാവായ ഒരു സ്ത്രീ താനും ഭർത്താവും ഇതെങ്ങനെ നിശ്ചയപ്പെടുത്തിയെന്നു വിശദീകരിക്കുന്നു.
“ഞങ്ങളുടെ മക്കളിൽ ഒരാളുടെ ക്ലാസ്സുകളിൽ ജോണും ഞാനും സംതൃപ്തരാകാതിരുന്നപ്പോൾ ഞങ്ങൾ സ്കൂളിലേക്കു ചെന്ന് ഗൈഡൻസ് കൗൺസെലറോടോ അദ്ധ്യാപകനോടോ പ്രിൻസിപ്പാളിനോടോ വേണ്ട അനുരൂപപ്പെടുത്തലിന് ഏർപ്പാടു ചെയ്തു. ആദ്യാവസാനം ഞങ്ങളുടെ മക്കളുടെ ഔപചാരിക വിദ്യാഭ്യാസത്തിൽ ഞങ്ങൾ ആഴമായ താൽപര്യം ചെലുത്തി. ഇപ്പോൾ അതു പൂർത്തിയായിരിക്കുന്നു, ലഭ്യമായതിൽ ഏററവും നല്ല വിദ്യാഭ്യാസം അവർക്കു ലഭിച്ചു എന്നതിൽ ഞങ്ങൾക്കു ചാരിതാർത്ഥ്യമുണ്ട്.”
കുട്ടികൾക്ക് അവരുടെ സ്കൂൾ പഠനത്തിൽ സഹായം ആവശ്യമായേക്കാം, ഒരു പിതാവിന്റെ അഥവാ മാതാവിന്റെ ഗൃഹപാഠത്തിന്റെ പ്രധാന വശം ഭാഗഭാക്കാകുക എന്നതായിരിക്കണം. എന്നാൽ മാതാപിതാക്കൾ സ്കൂൾ വ്യവസ്ഥകളോടു ബുദ്ധിപൂർവ്വം സഹകരിക്കുന്നു. “എന്റെ മാതാപിതാക്കളെക്കുറിച്ചു ഞാനോർമ്മിക്കുന്ന ഒരു കാര്യം അദ്ധ്യാപകന്റെ ക്ലാസ്സ്റൂം നയങ്ങളിൽ അവർ ഒരിക്കലും ഇടപെട്ടില്ല എന്നുള്ളതാണ്,” വെസ്ലി പറയുന്നു. “പഠിപ്പിക്കൽ പ്രക്രിയ വ്യത്യസ്തമായിരിക്കുമെന്ന് അവർക്കറിയാമായിരുന്നു.”
“ദൃഷ്ടാന്തത്തിന്, കണക്കിന്റെ ഒരുത്തരം കണ്ടെത്താനുള്ള വഴിയറിയാതെ ഞാൻ കുഴഞ്ഞിരിക്കുമ്പോൾ, ഡാഡ് ഉത്തരം മാത്രം എനിക്കു തരികയും ഞാൻതന്നെ അതു കണ്ടുപിടിക്കുന്നതുവരെ ശ്രമം തുടരാൻ അനുവദിക്കുകയും ചെയ്യുമായിരുന്നു. എന്റെ ഉത്തരവും ഡാഡിന്റെ ഉത്തരവും ഒന്നായി വരുമ്പോൾ അതെന്റെ നേട്ടമായി ഞാൻ മനസ്സിലാക്കി.”
അനായാസമായ ഒരു കൃത്യമല്ല
ചില ഗൃഹപാഠങ്ങൾ മററുള്ളവയെക്കാൾ കടുപ്പമേറിയവയാണെന്ന് ഏതൊരു കുട്ടിയും പറയും. എന്നാൽ മാതാപിതാക്കളായ നിങ്ങൾ സ്കൂളിലായിരുന്നപ്പോൾ നിങ്ങൾക്കു ലഭിച്ച ഏതു ഗൃഹപാഠത്തേക്കാളും പ്രയാസകരമാണ് ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത്. മക്കളെ പ്രയോജനകരമായി വളർത്തിയെടുക്കുക എന്നത് നിശ്ചയമായും വ്യാമിശ്രമായ ഒരു ദീർഘകാല നിയോഗമാണ്. ഒരു 20 വർഷപദ്ധതി എന്ന് ചിലർ അതിനെ വിളിച്ചിരിക്കുന്നു.
കുട്ടികളെ നന്നായി അറിയുകയും വ്യക്തികളെന്നനിലയിൽ അവരോടു പ്രതികരിക്കുകയും ചെയ്യുന്ന, ശ്രദ്ധിക്കാനും മനസ്സിലാക്കാനും താൽപര്യമുള്ള, സൗഹൃദമുള്ള മാതാപിതാക്കൾ ആയിരിക്കുക എന്നത് വിജയത്തിനു നിദാനമാണ്. അവരുടെ ക്ഷേമത്തിൽ സ്നേഹപൂർവ്വകമായ താല്പര്യം കാണിച്ചുകൊണ്ടുള്ള വ്യക്തിപരമായ ശ്രദ്ധയാണ് നിങ്ങളുടെ ചെറുപ്പക്കാർക്ക് യഥാർത്ഥമായി വേണ്ടത് എന്ന് അനുസ്മരിക്കുക. അറിവിനുവേണ്ടിയുള്ള ഒരു ദാഹം അവരിൽ വളർത്തിയെടുക്കുക, അറിവു സമ്പാദിക്കുന്നത് രസകരമായ ഒരു അനുഭവമാക്കാൻ അവരെ സഹായിക്കുക.
പ്രയത്നമെല്ലാം തക്ക വിലയുള്ളത്
നിങ്ങളുടെ ഗൃഹപാഠം ചെയ്യുന്ന മാതാപിതാക്കളായ നിങ്ങൾ, സുഖാസക്തിയല്ല ആത്മത്യാഗം അനുഷ്ഠിക്കുന്നു. വേണ്ട ക്രമീകരണങ്ങൾ വരുത്താൻ നിങ്ങൾ സന്നദ്ധരാണ്. നിങ്ങളുടെ മക്കളെ സഹായിക്കുന്നതിന് നിങ്ങളുടെ ‘സാന്നിദ്ധ്യം’ അനിവാര്യമാണെന്നും മക്കൾക്ക് യഥാർത്ഥമായി ആവശ്യമുള്ള സ്നേഹം, താൽപര്യം, സമയം ഇവ നൽകിക്കൊണ്ട് നിങ്ങളെത്തന്നെ വിട്ടുകൊടുക്കണമെന്നും നിങ്ങൾ മനസ്സിലാക്കുന്നു.
നിങ്ങളുടെ ഗൃഹോത്തരവാദിത്തങ്ങൾ നിങ്ങൾ നിർവ്വഹിക്കുമ്പോൾ ഫലങ്ങൾ, നിലമൊരുക്കുകയും വിള നടുകയും നനയ്ക്കുകയും വളർത്തുകയും ചെയ്യുന്ന ഒരു കൃഷിക്കാരന്റെ വിളവെടുപ്പിനോടു തുലനം ചെയ്യാവുന്നതാണ്. ഒരു നല്ല വിളവിനാൽ നിങ്ങൾക്കു പ്രതിഫലം ലഭിക്കും. അതു ബൈബിൾ പറയുന്നതുപോലെയാണ്: “ബാലൻ [ബാലിക] നടക്കേണ്ട വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”—സദൃശവാക്യങ്ങൾ 22:6. (g88 9/8)
[11-ാം പേജിലെ ചതുരം]
മാതാപിതാക്കൾക്കു മറ്റെന്തുംകൂടെചെയ്യാൻ കഴിയും?
ആധുനിക സമുദായത്തിൽ അദ്ധ്യാപകരും സ്കൂളുകളും കുട്ടികളുടെ ഉത്തമമായ വളർച്ചയ്ക്കു സുപ്രധാനമാണ്. അതിന്റെ അർത്ഥം അവർക്കു മാതാപിതാക്കളുടെ ഭാഗം ഏറെറടുക്കാൻ കഴിയും എന്നല്ല പിന്നെയോ കുട്ടികളെ ഉത്തമരായി വളർത്തുന്നതിന് അവർക്ക് വളരെ വലിയ സഹായമായിരിക്കാൻ കഴിയുമെന്നാണ്. അതുകൊണ്ട് മാതാപിതാക്കളായ നിങ്ങൾക്കു ചെയ്യാൻ ഉള്ള മറെറാരു ഗൃഹപാഠം കുട്ടികളെ ചേർത്തിരിക്കുന്ന സ്കൂളിന്റെ പദ്ധതിയുമായി പരമാവധി സഹകരിക്കുക എന്നതാണ്.
അപ്പോൾ, സ്കൂളിൽ ഒരു പ്രത്യേക സംഭവമോ പരിപാടിയോ ഉണ്ടെങ്കിൽ എന്ത്? ദൃഷ്ടാന്തത്തിന് മസ്സാച്ചു സെററ്സിലെ ഒരു സ്കൂളിൽ ഒരു സ്ററുഡൻറ് അവാർഡ്സ് അച്ചീവ്മെൻറ് പ്രസന്റേഷൻ പരിപാടി ഉണ്ടായിരുന്നു. “എന്റെ മക്കളെക്കുറിച്ച് എനിക്കഭിമാനമുണ്ടെന്ന് അവർ അറിയാൻ ഞാനാഗ്രഹിച്ചതുകൊണ്ടാണ് ഞാൻ പോയത്” എന്ന് നാലു മക്കളുടെ മാതാവായ ജോവാൻ വിശദീകരിച്ചു. വിശിഷ്ടനേട്ടങ്ങൾക്കുള്ള അവാർഡുകൾ ഇരുപതു വിദ്യാർത്ഥികൾ അന്നു സ്വീകരിച്ചു, എന്നാൽ മാതാപിതാക്കളിലേറെയും സന്നിഹിതരായിരുന്നില്ല. സ്കൂളിൽ മെച്ചമായി ചെയ്യാൻ അവരുടെ അസാന്നിദ്ധ്യം അവരുടെ മക്കളെ പ്രോത്സാഹിപ്പിച്ചുവെന്ന് നിങ്ങൾ കരുതുന്നുവോ? പ്രോത്സാഹിപ്പിച്ചിട്ടില്ല!
അദ്ധ്യാപകരെപ്പററിയും ചിന്തിക്കുക. വിദ്യാത്ഥികളുടെ പ്രവർത്തനഫലങ്ങൾ പ്രദർശിപ്പിക്കുന്നതിനും അവരുടെ പുരോഗതി മാതാപിതാക്കളുമായി അവലോകനം ചെയ്യുന്നതിനും സ്കൂളുകൾ വൈകുന്നേരങ്ങൾ ഉപയോഗപ്പെടുത്തുന്നു. അനേകം അദ്ധ്യാപകർ ഈ കാര്യങ്ങൾക്ക് തയ്യാറാകുന്നതിന് സ്വന്തം സമയം ചെലവഴിക്കുന്നു. ഒരദ്ധ്യാപകൻ പ്രസ്താവിച്ചു: “ഞങ്ങൾക്ക് സ്വന്തം കുടുംബങ്ങളും ചെലവഴിക്കാൻ സ്വന്തം ജീവിതങ്ങളും ഉണ്ട്. വിശേഷാൽ പരിപാടികൾക്ക് തയ്യാറാകുന്നതിന് ഇത്രയേറെ സമയം ചെലവഴിച്ചശേഷം സന്ധ്യാവസരത്തിൽ കേവലം ഒന്നോ രണ്ടോ മൂന്നോ മാതാപിതാക്കൾ മാത്രം വന്നതായി കാണുന്നത് നിരുത്സാഹപ്പെടുത്തുന്നതാണ്.”
‘നിങ്ങളുടെ മക്കളുടെ വിശേഷാവശ്യങ്ങൾക്കുതകത്തക്കവണ്ണം സ്കൂളുകളും അദ്ധ്യാപകരും ക്രമീകരണം വരുത്താൻ മാതാപിതാക്കളെന്നനിലയിൽ നിങ്ങൾ ചിലപ്പോൾ പ്രതീക്ഷിച്ചേക്കാം. സ്കൂൾ പദ്ധതിയുടെ പ്രയത്നങ്ങളെ സഹായിക്കാൻ അത്തരം ത്യാഗങ്ങൾ അനുഷ്ഠിക്കാൻ നിങ്ങൾ മനസ്സു വയ്ക്കാതിരിക്കണമോ, ഉത്തമരായി വളരുന്നതിന് നിങ്ങളുടെ മക്കളെ സഹായിക്കാൻ അവർ യത്നിക്കുമ്പോൾ വിശേഷിച്ചും?
മാതാപിതാക്കളും അദ്ധ്യാപകരും തമ്മിൽ ധാരണയും സഹകരണവും വർദ്ധിപ്പിക്കാനായി പ്രസിദ്ധീകരിച്ചിട്ടുള്ള “സ്കൂളും യഹോവയുടെ സാക്ഷികളും” എന്ന ലഘുപത്രിക മാതാപിതാക്കളായ യഹോവയുടെ സാക്ഷികൾക്കായി പിൻവരുന്ന ഗൃഹപാഠം ചൂണ്ടിക്കാട്ടി: “മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ അദ്ധ്യാപകരുമായി പരിചയപ്പെട്ടിരിക്കേണ്ടത്—അവരുമായി കണ്ടുമുട്ടാനും സംസാരിക്കാനും ക്രമീകരിക്കേണ്ടത്—സുപ്രധാനമാണ് . . .
“അങ്ങനെ കണ്ടു സംസാരിക്കുമ്പോൾ തങ്ങളുടെ മക്കളിൽ നിന്ന് മാതാപിതാക്കൾ ശരിയായ ക്രിസ്തീയ നടത്ത പ്രതീക്ഷിക്കുന്നുവെന്ന് സാക്ഷിയായ പിതാവോ മാതാവോ അദ്ധ്യാപകനെ അറിയിക്കേണ്ടതുണ്ട്. കുട്ടി ചീത്ത സ്വഭാവം പ്രകടിപ്പിച്ചാൽ തങ്ങളെ അറിയിക്കാനും ആവശ്യപ്പെടുന്നു. ന്യായമായ ഏതു അച്ചടക്കനടപടി എടുത്താലും തങ്ങൾ അദ്ധ്യാപകന് പിന്തുണ നൽകുമെന്നും അതു വീട്ടിലും പ്രാബല്യത്തിലാക്കുമെന്നും മാതാപിതാക്കൾക്ക് ഉറപ്പു നൽകേണ്ടതാണ്.
“മാതാപിതാക്കൾക്കു സഹായിക്കാവുന്ന മററു വിധങ്ങൾ: കുട്ടികൾ രാവിലെ സ്കൂളിലേക്കു പുറപ്പെടുന്നതിനു മുമ്പായി അവർക്കു ഭക്ഷണം നിശ്ചയമായും നൽകുക. അവരുടെ ഗൃഹപാഠം പൂർത്തീകരിച്ചിട്ടുണ്ടെന്നും പുസ്തകങ്ങളെല്ലാം കൈവശമുണ്ടെന്നും നിശ്ചയപ്പെടുത്തുക. സ്കൂൾ നിയമങ്ങളെ എപ്പോഴും ബഹുമാനിക്കുകയും കുട്ടികളും ഈ നിയമങ്ങളനുസരിക്കാൻ പ്രതീക്ഷിക്കുകയും ചെയ്യുക. സ്കൂൾ നടപടികളെക്കുറിച്ചും അവർക്കവിടെ നേരിടേണ്ടിവന്നേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും വീട്ടിൽ വച്ചു സംസാരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക.”
ഇവയെല്ലാം നല്ല നിർദ്ദേശങ്ങളാണെന്ന് നിങ്ങൾ സമ്മതിക്കുകയില്ലേ? മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ അവ ബാധകമാക്കുമോ? അങ്ങനെ ചെയ്യുക എന്നത് നിങ്ങളുടെ ഗൃഹപാഠത്തിന്റെ ഭാഗമാണ്.
[12-ാം പേജിലെ ചതുരം]
മാതാപിതാക്കൾക്കു ആത്മപരിശോധനയ്ക്കുള്ള ചോദ്യങ്ങൾ
1. ഞാൻ എന്റെ കുട്ടിയുടെ സ്കൂൾ പഠനത്തിൽ യഥാർത്ഥ താൽപര്യം എടുക്കുന്നുവോ?
2. എനിക്കവരുടെ അദ്ധ്യാപകരെ അറിയാമോ?
3. അദ്ധ്യാപകരുടെ യത്നങ്ങളെ ഞാൻ വിലമതിക്കുന്നുവെന്ന് അവർക്കറിയാമോ?
4. എന്റെ മക്കൾ സ്കൂൾ പഠനം ഗൗരവമായി എടുക്കുന്നുവെന്ന് ഞാൻ ഉറപ്പുവരുത്തുന്നുവോ?
5. അവരുടെ ഗൃഹപാഠം ശരിയായി യഥാസമയം ചെയ്യുന്നുവെന്ന് ഞാൻ നിഷ്കർഷിക്കുന്നുവോ?
6. അറിവിനോടും പഠനത്തോടുമുള്ള എന്റെ മനോഭാവം അനുകൂലമായ ഒന്നാണോ?
7. എന്റെ കുട്ടികൾ എന്റെ പഠനം കാണുന്നുവോ?
[7-ാം പേജിലെ ചിത്രം]
വായന കുട്ടികളുടെ ആകാംക്ഷയെയും ഭാവനയെയും ഉത്തേജിപ്പിക്കുന്നു
[8-ാം പേജിലെ ചിത്രം]
മക്കളെ വായിച്ചുകേൾപ്പിക്കാൻ സമയം ചെലവഴിക്കുന്ന മാതാപിതാക്കൾ കുടുംബബന്ധം ദൃഢതരമാക്കുന്നു
[9-ാം പേജിലെ ചിത്രം]
മ്യൂസിയത്തിലേക്കോ നാട്ടിൻപുറത്തേയ്ക്കോ ഉള്ള കുടുംബസവാരി ആഹ്ലാദവും അനുഭവ പാഠങ്ങളും പ്രദാനം ചെയ്യുന്നു
[10-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടികൾക്ക് വ്യക്തിപരമായ ശ്രദ്ധ ആവശ്യമാണ്