വളരെയധികം പേർ യഹോവയുടെ സാക്ഷികളായിത്തീരുന്നത് എന്തുകൊണ്ട്?
അനേകം രാജ്യങ്ങളിൽ ആളുകൾ അതുതന്നെ ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഇറ്റലിയിലെ ബൊളാംഗ്നായിൽ സഭാധികൃതർ യഹോവയുടെ സാക്ഷികളുടെ വിജയത്തോട് എങ്ങനെ പോരാടാമെന്നു പഠിക്കുന്നതിന് പാപ്പായുടെ അംഗീകാരത്തോടെ ഒരു യോഗം വിളിച്ചുകൂട്ടി. ലാ റിപ്പബ്ലിക്കാ പറയുന്നതനുസരിച്ച്, കത്തോലിക്കാസഭ “ഭയപ്പാടിന്റെ ഒരു മുറവിളി”കൂട്ടി, എന്തുകൊണ്ടെന്നാൽ ഓരോ വർഷവും പതിനായിരം കത്തോലിക്കർ യഹോവയുടെ സാക്ഷികളായിത്തീരുന്നു.
ജസ്വിറ്റ് ജ്യസെപ്പി ഡി റോ “ഒരു മതപരമായ കാഴ്ചപ്പാടിൽ ഏറ്റവും അപകടകാരികൾ യഹോവയുടെ സാക്ഷികളാണ്. അവർ തികച്ചും പരിശീലനം സിദ്ധിച്ചവരായിട്ടാണു വരുന്നത്; അവർക്ക് എപ്പോഴും കൈയിൽ ബൈബിളുണ്ട്” എന്നു പറഞ്ഞു.
യഹോവയുടെ സാക്ഷികളെക്കുറിച്ച് പ്രത്യേകമായി പ്രതിപാദിച്ച ഒരു മുഖപ്രസംഗത്തിൽ, 1984 ഫെബ്രുവരി 18-ലെ ലാ സിവിൽറ്റാ കറ്റോലിക്കാ ജസ്വിറ്റ് മാസിക ഇങ്ങനെ എഴുതുകയുണ്ടായി:
“ഈ പ്രസ്ഥാനത്തിന്റെ വ്യാപനത്തിന്റെ പ്രഥമ കാരണം സ്ഥിതിചെയ്യുന്നത് പ്രചാരണ വിദ്യ [അതായത് പ്രസംഗവേല] യിലാണ്. ഒരു വശത്ത്, സനിഷ്ക്കർഷം പരിശീലിപ്പിക്കപ്പെട്ടവരും ശക്തമായ ബോദ്ധ്യമുള്ളവരുമായ ആളുകളാൽ വീടുതോറും നടത്തപ്പെടുന്ന ഈ വേല കഠിനാദ്ധ്വാനമാണ് . . .
“യഹോവയുടെ സാക്ഷികളുടെ വിജയത്തിന്റെ രണ്ടാമത്തെ കാരണം യഹോവക്കാരുടെ സന്ദേശത്തിന്റെ ആകർഷകശക്തിയാണ്; നമ്മുടെ കാലത്തെ ആളുകളുടെ ആവശ്യങ്ങളെയും ആഹ്വാനങ്ങളെയും പ്രതീക്ഷകളെയും നിറവേറ്റാൻ പ്രാപ്തമായിരിക്കുന്നതിൽതന്നെ . . . ഒന്നാമതായി, എല്ലാം അനിശ്ചിതവും അസ്ഥിരവുമായിരിക്കുന്ന ഒരു കാലത്ത് വളരെയധികം വിലമതിക്കപ്പെടുന്ന ഉറപ്പുകളുടെ ആവശ്യത്തെ അതു നിറവേറ്റുന്നു. എല്ലാറ്റിനുമുപരിയായി, അതു ഭാവിയെ സംബന്ധിച്ചു തികച്ചും ഉറപ്പുള്ള വെളിപ്പാടാണ്, തന്നിമിത്തം അതു സ്വീകരിക്കുന്ന എല്ലാവരും സകല ഭയത്തിൽനിന്നും ഉൽക്കണ്ഠയിൽനിന്നും വിമുക്തരാകുന്നു, ഭാവിയെ സസന്തോഷം അഭിമുഖീകരിക്കാനും അവർക്കു സാധിക്കുന്നു, ഒപ്പം ഒരു ദുഷ്ടലോകത്തിൻമേലുള്ള ദൈവത്തിന്റെ ഭയങ്കര ന്യായവിധിയുടെ വിനാശത്തെ അതിജീവിച്ച് ഭൂമിയിൽ നിത്യസന്തോഷത്തോടെ ജീവിക്കുന്നതിനുള്ള ഉറപ്പുമുണ്ട്. രണ്ടാമതായി, ഇന്നത്തെ ദുസ്സഹമായ വ്യവസ്ഥിതിയുടെ തകിടം മറിക്കൽ അടുത്തിരിക്കുന്നുവെന്നും, തന്നിമിത്തം പെട്ടെന്നുതന്നെ ഒരു പുതുയുഗം, ഒരു പുതിയലോകം, സംജാതമാകുമെന്നും ഇപ്പോൾ ജയംകൊള്ളുന്ന സകലരും അതിൽനിന്ന് നീക്കം ചെയ്യപ്പെടുമെന്നും പ്രഖ്യാപിക്കുന്ന യഹോവക്കാരുടെ ദൂത് ഈ ലോക ദുരിതങ്ങളിൻമദ്ധ്യേ വ്യക്തിയുടെ ഉൽക്കണ്ഠയെ തരണം ചെയ്യുന്നതിനു സഹായിക്കുന്നു . . .
“യഹോവയുടെ സാക്ഷികളുടെ വിജയത്തിന്റെ മൂന്നാമത്തെ കാരണം ഈ പ്രസ്ഥാനം അതിന്റെ അംഗങ്ങൾക്ക് സൂക്ഷ്മ മതനിഷ്ഠയുള്ളതും ശക്തവുമായ ഒരു താദാത്മ്യം കൊടുക്കുന്നുവെന്നതാണ്; അത് അവർക്ക് സ്നേഹോഷ്മളമായും സാഹോദര്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു ബോധത്തോടെയും സ്വാഗതം ലഭിക്കുന്ന ഒരു സ്ഥലമാണ്.”
വത്തിക്കാൻ പ്രമാണം ഏതൽക്കാലത്തെ ആളുകളുടെ ആവശ്യത്തെ വിശകലനം ചെയ്തു. മുകളിൽ കൊടുത്തിരിക്കുന്ന ലാ സിവിൽറ്റാ കറ്റോലിക്കാ എന്ന ജസ്വിറ്റ് മാസികയിലെ ഉദ്ധരണി, ആ ആവശ്യങ്ങളെ നിറവേറ്റുന്നത് യഹോവയുടെ സാക്ഷികളുടെ സന്ദേശമാണെന്ന് പ്രകടമാക്കി. ഇത് സ്കോമസ്സാ സുളാ മോർട്ടെ (ഒരു മരണ പന്തയം) എന്ന തന്റെ അടുത്ത കാലത്തെ പുസ്തകത്തിൽ കത്തോലിക്കാ എഴുത്തുകാരനായ വിക്ടോറിയാ മെസ്സോറിയാൽ കൂടുതലായി തെളിയിക്കപ്പെടുന്നു, അതിൽ അദ്ദേഹം ഇങ്ങനെ എഴുതി:
“ഈ വെളിപ്പാടിൻകാല മതവിഭാഗങ്ങളിലൊന്നായ യഹോവയുടെ സാക്ഷികളാണ് ലോകത്തിൽ ഏറ്റവും വേഗം വളരുന്ന മതം എന്നു നിങ്ങൾ തിരിച്ചറിയുമ്പോൾ അത് നിങ്ങളെ ചിന്തിപ്പിക്കുന്നു. അത് അനേകം രാജ്യങ്ങളിൽ ഏറ്റവുമധികമായി ആചരിക്കപ്പെടുന്ന മതങ്ങളിൽപെട്ടതാണ് . . . തീക്ഷ്ണത, ഉത്സാഹം, പ്രവർത്തനം, പുതുവിശ്വാസികളെ ഉളവാക്കാനുള്ള പ്രാപ്തി എന്നിവയിൽ ഒരുപക്ഷേ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അതാണ്.
“അവരുടെ എന്നെത്തേതിലും വർദ്ധിതമായ സാന്നിദ്ധ്യം ക്രിസ്തീയ പാരമ്പര്യമുള്ള രാജ്യങ്ങളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല, എന്നാൽ അതു മുഴുലോകത്തിലും എത്തുന്നു, അവിടെ നൂറ്റാണ്ടുകളിലെ കത്തോലിക്കാ, പ്രോട്ടസ്റ്റൻറ്, ഓർത്തഡോക്സ് മിഷനറിമാരുടെ വേലയിൽ കിട്ടിയതിനെക്കാൾ മികച്ച ഫലങ്ങൾ യഹോവയുടെ നാമത്തിൽ, വളരെ കുറഞ്ഞ കാലംകൊണ്ട് കിട്ടുന്നു.
“വികസനത്തിന്റെ മതിപ്പുളവാക്കുന്ന ഈ ശക്തി പ്രത്യക്ഷത്തിൽ യഹോവയുടെ സാക്ഷികളുടെ ബൈബിൾ വായനാരീതി മറ്റു ദൈവശാസ്ത്രങ്ങൾ മേലാൽ നിറവേറ്റാത്ത യഥാർത്ഥ ആവശ്യങ്ങൾ സാധിക്കുന്നുവെന്ന് . . . സമ്മതിക്കാനാഗ്രഹിക്കാത്ത ഒരാൾക്കു മാത്രമേ മനസ്സിലാക്കാൻ കഴിയാത്തതായിരിക്കുന്നുള്ളു.
“സാക്ഷികൾ ഭയത്തെ മുതലെടുക്കുന്നുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഒരുവന് പ്രശ്നത്തിൽനിന്ന് ഒഴിഞ്ഞുമാറാവുന്നതല്ല. നേരേമറിച്ചാണ് വാസ്തവം: ‘ഔദ്യോഗിക’ സഭകളിൽനിന്നു വ്യത്യസ്തമായി, അവർ നരകത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു, ദുഷ്ടൻമാർക്കും അവിശ്വാസികൾക്കും മരണാനന്തരം സുനിശ്ചിതമായ അപ്രത്യക്ഷത, നിർമ്മൂലനാശം, പ്രസംഗിക്കുകയും ചെയ്യുന്നു. ഒരുവേള അസുഖകരമായ ഒരു പ്രതീക്ഷ; എന്നാൽ നിത്യതയിലെല്ലാം ഭയങ്കരവേദനകളുടെ ഭീഷണിയെക്കാൾ കുറഞ്ഞതുതന്നെ.”
അതെ, യഹോവയുടെ സാക്ഷികളുടെ ദൈവം സ്നേഹനിധിയായ ഒരു ദൈവമാണ്, ആളുകളിൽ ഭയം ജനിപ്പിക്കുന്ന ഒരുവനല്ല.
ചുവടെ ചേർക്കുന്ന ഉദ്ധരണി 1986 മാർച്ചിലെ മോണ്ടോ എറേ കത്തോലിക്കാ മാസികയിൽനിന്ന് എടുത്തതാണ്: “യഹോവയുടെ സാക്ഷികൾ തങ്ങൾ പ്രസംഗിക്കുന്ന വിശ്വാസത്തിനനുസൃതം ജീവിക്കുന്നതിൽ മുമ്പരാണെന്ന് പറയേണ്ടിയിരിക്കുന്നു: അവർ കോപിക്കുന്നില്ല, അവർ പുകവലിക്കുന്നില്ല, അവർ സമ്പത്തു കുന്നുകൂട്ടുന്നില്ല, അവർ രാഷ്ട്രീയ ചർച്ചകളിൽ നിന്നു വിട്ടുനിൽക്കുന്നു, . . . അവർ നികുതി കൊടുക്കുന്നു, അവർ നിർമ്മലവും സത്യസന്ധവുമായ ജീവിതരീതി പിന്തുടരുന്നു, അവർ സന്തുഷ്ടരും മര്യാദയുള്ളവരുമാകുന്നു. ഇതെല്ലാം അവരെ പ്രിയങ്കരരാക്കിയിരിക്കുന്നു.”
മുൻ കത്തോലിക്കരുമായി കൂടിക്കാഴ്ച നടത്തുന്നു
രണ്ടു മുൻകത്തോലിക്കർ മറ്റൊരു മതം തെരഞ്ഞെടുത്തതിന്റെ കാരണങ്ങൾ സൂചിപ്പിക്കുന്നതായി അവർ നേരിട്ടു നൽകിയ ചില വിവരങ്ങൾ പരിചിന്തിക്കുന്നതു രസാവഹമാണ്.
പാർമാ (വടക്കൻ ഇറ്റലി) പ്രവിശ്യയിൽ താമസിക്കുന്ന വിവാഹിതയായ ഒരു യുവതിയാണ് റോസന്നാ സി., അവൾ പറയുന്നു:
“എനിക്ക് സമാധാനപൂർണ്ണമായ ഒരു ശൈശവമാണുണ്ടായിരുന്നത്. എന്റെ മാതാപിതാക്കളിൽ നിന്ന് എനിക്ക് വളരെ വാത്സല്യം ലഭിച്ചിരുന്നു, സാധാരണയുള്ള കത്തോലിക്കാ വിദ്യാഭ്യാസവും കിട്ടി. യൗവനത്തിൽ പല യുവാക്കൾക്കും സാധാരണമായുള്ള ഒരു ആഗ്രഹം എന്നിൽ വളർന്നുവന്നു: എന്നെത്തന്നെ ദൈവത്തിന് ഉപയോഗമുള്ളവളാക്കാനും അവനെ സേവിക്കാനും ഞാനാഗ്രഹിച്ചു. ഒരു ബുക്ക് സ്റ്റോളിൽ നിന്നു ഞാൻ വാങ്ങിച്ച സുവിശേഷത്തിന്റെ ഒരു പ്രതി വായിച്ചതോടെ ആ ആഗ്രഹം പുഷ്ടിപ്പെട്ടു. ഞാൻ മുമ്പൊരിക്കലും അതു വായിച്ചിരുന്നില്ല. ഞാൻ വായിച്ചത് ഞാൻ യേശുവിനെ സ്നേഹിക്കാനിടയാക്കി. എനിക്ക് അർത്ഥം ഗ്രഹിക്കാൻ കഴിഞ്ഞില്ലെങ്കിലും അവന് മനുഷ്യവർഗ്ഗത്തിനുവേണ്ടി ഒരു പ്രത്യാശാസന്ദേശമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ദൈവത്തോടും തങ്ങളുടെ സഹമനുഷ്യനോടും അവന്റെ ശിഷ്യൻമാർക്ക് സ്നേഹമുണ്ടായിരിക്കണമെന്നും ഞാൻ തിരിച്ചറിഞ്ഞു.
ഉണരുക!: നിങ്ങൾ നിങ്ങളുടെ മതം ആചരിച്ച വിധത്തിൽ നിങ്ങൾ സന്തുഷ്ടയായിരുന്നോ?
റോസന്നാ: യഥാർത്ഥത്തിൽ അല്ലായിരുന്നു. എനിക്ക് 17 വയസ്സായിരുന്നപ്പോൾ ഞാൻ 10 മുതൽ 12 വയസ്സുവരെ പ്രായമുണ്ടായിരുന്ന കുട്ടികളെ കാറ്റക്കിസം പഠിപ്പിച്ചിരുന്നു. ഒരു കത്തോലിക്കാ യുവജന കർമ്മസമിതിയിലെ അംഗമെന്നനിലയിൽ ഞാൻ മീറ്റിംഗുകളിലും ആത്മീയ ധ്യാനത്തിലും പങ്കെടുത്തിരുന്നു. മതപരമായി പറഞ്ഞാൽ ഞാൻ വളരെ തിരക്കിലായിരുന്നു. എന്നാൽ എനിക്കിഷ്ടമില്ലാഞ്ഞ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ വളരെ അഗാധമായി ആദരിച്ചിരുന്ന ബൈബിൾ ഒരിക്കലും പരിശോധിക്കുന്നില്ലായിരുന്നു, ഞാൻ ഉൾപ്പെട്ടിരുന്ന സംഘത്തിൽ യഥാർത്ഥ നിസ്വാർത്ഥസ്നേഹവും ഐക്യവും ഇല്ലായിരുന്നു. അതു മാത്രമല്ലായിരുന്നു. ഒരു സോദോമ്യപാപിയും ഒരു വനിതാസ്വവർഗ്ഗസംഭോഗിയും സംഘത്തിൽ അംഗീകരിക്കപ്പെടുകയും അത്യന്തം വിലമതിക്കപ്പെടുകയും ചെയ്തതിൽ എനിക്ക് ഉൽക്കണ്ഠയുണ്ടായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞാൻ പൊട്ടിത്തകരുകയും നിലവിളിക്കുകയും ചെയ്തു.
ഉണരുക!: നിങ്ങൾക്ക് യഹോവയുടെ സാക്ഷികളിലൊരാൾ ആകുക എളുപ്പമായിരുന്നോ?
റോസന്നാ: അല്ലായിരുന്നു, തീർച്ചയായും അല്ലായിരുന്നു! എന്റെ മാതാപിതാക്കൾ ആദ്യം യഹോവയുടെ സാക്ഷികളെ വീട്ടിൽ സ്വീകരിച്ചുതുടങ്ങിയപ്പോൾ അവരോടുകൂടെ ഇരിക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു. എന്നിരുന്നാലും, പിന്നീട്, സാക്ഷികളുടെ നല്ല ശീലങ്ങളിൽ മതിപ്പുളവായതിനാൽ അവരെക്കുറിച്ചു മനസ്സിലാക്കാനും അവരോടുകൂടെ ഒരു ബൈബിൾ ചർച്ചയിൽ ചേരാനും ഞാൻ തീരുമാനിച്ചു. ഇത് എന്നേസംബന്ധിച്ചു നിർണ്ണായകമായിരുന്നു. എനിക്ക് ഏറ്റവുമധികം മതിപ്പുളവാക്കിയത് ഉന്നയിക്കപ്പെട്ട ഏതു തടസ്സവാദത്തിനും അവർ എനിക്കു ബൈബിളിൽനിന്ന് ഒരു വ്യക്തമായ ഉത്തരം തന്നുവെന്നതായിരുന്നു.
ഉണരുക!: നിങ്ങൾ ഈ സംഭാഷണത്തിനുശേഷം ഏതെങ്കിലും പുരോഹിതൻമാരോട് ബുദ്ധിയുപദേശം ചോദിച്ചോ?
റോസന്നാ: ഉവ്വ്, പലരോടും. ഒരു കന്യാസ്ത്രീയോടും. അവർ ‘കാണാതെപോയ ആടിനെ’ സഹായിക്കുന്നതിൽ അത്ര തൽപ്പരരല്ലായിരുന്നു. ബൈബിളിന്റെ ഒരു സൂക്ഷ്മ പഠനത്തിനുശേഷം, 1977-ൽ ഞാൻ യഹോവയാം ദൈവത്തിനായുള്ള എന്റെ സമർപ്പണത്തെ ജലസ്നാനത്താൽ പ്രതീകവൽക്കരിച്ചു.
ഇസെർനിയാ (മദ്ധ്യ ഇറ്റലി)യിൽ നിന്നുള്ള ക്ലൗദ്യോ. സി, 30 ഇങ്ങനെ പറഞ്ഞു:
“എനിക്ക് പത്തു വയസ്സായിരുന്നപ്പോൾ, എന്റെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിച്ചു, ഞാൻ കപ്പൂച്ചിൻ പുരോഹിതൻമാർ നടത്തുന്ന ഒരു സെമിനാരിയിൽ ചേർന്നു. എന്റെ ആഗ്രഹം ഒരു മിഷനറിയായി ദൈവത്തെ സേവിക്കാനായിരുന്നു. സെമിനാരിയിലെ ചില സാഹചര്യങ്ങൾ നിമിത്തം സെമിനാരി ജീവിതത്തിന് അതിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു; എന്നാൽ യഥാർത്ഥത്തിൽ എനിക്ക് അസ്വസ്ഥതയുണ്ടാക്കിയത് എന്റെ സുപ്പീരിയർമാർ ഞാൻ വായിക്കുന്നതിനേറ്റം ആഗ്രഹിച്ച പുസ്തകമായ ബൈബിളിന്റെ ഒരു പ്രതി എനിക്കു തരാൻ വിസമ്മതിച്ചതായിരുന്നു. മനുഷ്യന്റെ ഉത്ഭവം പരിണാമത്തിലൂടെയാണെന്ന് ഒരു പുരോഹിതൻ ഞങ്ങളോടു പറഞ്ഞപ്പോൾ ഞാൻ പൂർവ്വാധികം ഉൽക്കണ്ഠാകുലനായി. സെമിനാരിയിൽ ദൈവത്തെ സേവിക്കാനുള്ള എന്റെ ലക്ഷ്യം നേടാൻ കഴികയില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു, അങ്ങനെ 15-ാമത്തെ വയസ്സിൽ ഞാൻ വിട്ടുപോന്നു.”
ഉണരുക! നിങ്ങൾ യഹോവയുടെ സാക്ഷികളുമായി എങ്ങനെയാണു സമ്പർക്കത്തിൽ വന്നത്?
ക്ലൗദ്യോ: അവർ എന്റെ വീട്ടിൽ വന്നു. ഞാൻ അവരോട് നേരിട്ടു ചോദ്യങ്ങൾ ചോദിക്കുന്നത് ഓർക്കുന്നു, അവർ എനിക്ക് വളച്ചുകെട്ടില്ലാത്ത കൃത്യമായ ഉത്തരങ്ങൾ നൽകി. മനുഷ്യർ ഇവിടെ വന്നതു പരിണാമത്താലോ സൃഷ്ടിയാലോ? ബൈബിൾ യഥാർത്ഥത്തിൽ ദൈവവചനമോ? എന്നിങ്ങനെ രണ്ടു പുസ്തകങ്ങൾ അവർ എനിക്കുതന്നു. അവ വായിച്ചശേഷം പരിണാമസിദ്ധാന്തം അടിസ്ഥാനമില്ലാത്തതാണെന്നും തിരുവെഴുത്തുകൾ ദൈവനിശ്വസ്തമാണെന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ സഹോദരൻ സത്യാന്വേഷണത്തിൽ എന്നോടു ചേർന്നിരുന്നു. സാക്ഷികളാണോ യഥാർത്ഥത്തിൽ സത്യക്രിസ്ത്യാനിത്വത്തിന്റെ പ്രതിനിധികൾ എന്നു ഞങ്ങൾ ഞങ്ങളോടുതന്നെ ചോദിച്ചു. ഞങ്ങൾ കൂടുതൽ പൂർണ്ണമായി അവരുടെ ഉപദേശങ്ങൾ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നു.
ഉണരുക!: അപ്പോൾ നിങ്ങൾ എന്തുചെയ്തു?
ക്ലൗദ്യോ: ഞങ്ങൾ മൂന്നു പുരോഹിതൻമാരുമായും പല പ്രോട്ടസ്റ്റൻറ് വിഭാഗങ്ങളിലെ ശുശ്രൂഷകരുമായും സംഭാഷണങ്ങൾ നടത്തി. സമ്പൂർണ്ണമായ ഒരു പരിശോധനക്കുശേഷം, ബൈബിൾ ഗ്രഹിക്കാൻ ആളുകളെ യഥാർത്ഥത്തിൽ സഹായിക്കുന്നത് യഹോവയുടെ സാക്ഷികളാണെന്ന് ഞങ്ങൾക്കു ബോദ്ധ്യമായി. യഹോവയുടെ സാക്ഷികളായി ഞങ്ങൾ സ്നാനമേറ്റു, ഒടുവിൽ ദൈവത്തെ സേവിക്കുകയെന്ന എന്റെ ബാല്യകാല ലക്ഷ്യം ഞാൻ നേടി.
നിങ്ങളുടെ മത വീക്ഷണങ്ങളെ ദൈവവചനമായ ബൈബിളിനോട് തട്ടിച്ചുനോക്കാൻ നിങ്ങൾക്കു മനസ്സുണ്ടോ? ഒരു തുറന്ന മനസ്സോടെ അതു ചെയ്യാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? (g87 3/22)
[5-ാം പേജിലെ ആകർഷകവാക്യം]
“അവർക്ക് എപ്പോഴും കൈയിൽ ബൈബിളുണ്ട്”—ജസ്വിറ്റ് ജ്യുസെപ്പേ ഡി റോസാ
[6-ാം പേജിലെ ആകർഷകവാക്യം]
“യഹോവയുടെ സാക്ഷികൾ തങ്ങൾ പ്രസംഗിക്കുന്ന വിശ്വാസപ്രകാരം ജീവിക്കുന്നതിൽ മുമ്പരാണ്”—മോണ്ടോ എറെ എന്ന കത്തോലിക്കാ മാസിക
[6-ാം പേജിലെ ചിത്രം]
“അവർ എനിക്ക് ബൈബിളിൽനിന്ന് വ്യക്തമായ ഒരു ഉത്തരം നൽകി”
[7-ാം പേജിലെ ചിത്രം]
“ഒടുവിൽ ദൈവത്തെ സേവിക്കുകയെന്ന എന്റെ ബാല്യകാല ലക്ഷ്യം ഞാൻ നേടി”