കുടുംബദുരിതം—നമ്മുടെ നാളുകളുടെ സവിശേഷത
കുടുംബദുരിതം—വിവാഹത്തെയും ഒരു പിതാവോ മാതാവോ ആയിരിക്കുന്നതിനെയും സംബന്ധിച്ചുള്ള പരമ്പരാഗത നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുന്നു എന്നതിന്റെ ഒരു അടയാളമായിട്ടാണ് അനേകർ അതിനെ കാണുന്നത്. മററു ചിലർ അതിനെ കാണുന്നതു രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മാററങ്ങളുടെ ഒരു ഉല്പന്നമായിട്ടാണ്. ഇനിയും ചിലർ ആധുനിക സാങ്കേതികവിദ്യ വരുത്തിക്കൂട്ടിയിരിക്കുന്ന മറെറാരു വിപത്തായി മാത്രം അതിനെ കാണുന്നു. വാസ്തവത്തിൽ, ഇന്നു കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അതിനേക്കാൾ വളരെയേറെ പ്രാധാന്യമുള്ള ഒരു സംഗതിയിലേക്കു വിരൽ ചൂണ്ടുന്നു. ബൈബിളിന്റെ 2 തിമൊഥെയൊസ് 3:1-4-ലെ വാക്കുകൾ കുറിക്കൊള്ളുക:
“അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാൽസല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി”രിക്കും.
ഈ വാക്കുകൾ ഇന്നത്തെ പ്രശ്നങ്ങളുടെ അടിവേരോളം എത്തുന്നില്ലേ? ഇന്നത്തെ കുടുംബദുരിതം വ്യക്തമായും ഈ ലോകത്തിന്റെ അവസാന നാളുകളിൽ സംജാതമാകുമെന്നു മുൻകൂട്ടി പറയപ്പെട്ടിരിക്കുന്ന അവസ്ഥകളുടെ നേരിട്ടുള്ള ഒരു ഫലമാണ്. ദുരിതത്തിന്റെ ഈ കാലഘട്ടം 1914-ൽ ആരംഭിച്ചു എന്നുള്ളതിനു ബോദ്ധ്യം വരുത്തുന്ന തെളിവുണ്ട്.a അന്നുമുതൽ, പിശാചായ സാത്താനെന്നു വിളിക്കപ്പെടുന്ന മനുഷ്യാതീത ആത്മസൃഷ്ടിയുടെ സ്വാധീനം വിശേഷാൽ മാരകമായിരുന്നിട്ടുണ്ട്.—മത്തായി 4:8-10; 1 യോഹന്നാൻ 5:19.
ആയിരത്തിത്തൊള്ളായിരത്തി പതിന്നാലു മുതൽ ഭൂമിയുടെ സമീപപ്രദേശത്തായി ഒതുക്കി നിർത്തപ്പെട്ടിരിക്കുന്ന സാത്താന്, “തനിക്ക് അൽപ്പകാലമേയുള്ളു എന്ന് അറിഞ്ഞു മഹാക്രോധ”മുണ്ട്. (വെളിപ്പാട് 12:7-12) സാത്താൻ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ” ദൈവത്തിന്റെ കൊടിയ ശത്രുവായതിനാൽ ഈ ഭൂമി കുടുംബങ്ങൾക്ക് ഒരു അപകടകരമായ സ്ഥലമായിത്തീർന്നിരിക്കുന്നതിൽ അതിശയിക്കാനുണ്ടോ? (എഫെസ്യർ 3:14) മുഴു മനുഷ്യവർഗ്ഗത്തെയും ദൈവത്തിനെതിരെ തിരിക്കാൻ സാത്താൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. കുടുംബങ്ങളെ പ്രശ്നങ്ങളാൽ ആക്രമിക്കുന്നതിനേക്കാൾ മെച്ച പ്പെട്ട ഏതു വിധത്തിലാണ് അവന് ഇതു ചെയ്യാൻ കഴിയുന്നത്?
അത്തരമൊരു മനുഷ്യാതീത ആക്രമണത്തിൽനിന്നു കുടുംബങ്ങളെ സംരക്ഷിക്കുന്നതിനു വിദഗ്ദ്ധരെന്നു കരുതപ്പെടുന്നവരുടെ വഴുവഴുത്ത സിദ്ധാന്തങ്ങളേക്കാൾ ഏറെ ആവശ്യമാണ്. എന്നിരുന്നാലും, സാത്താനെക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:11) അവൻ ആക്രമണം നടത്തുന്ന ചില പ്രത്യേക വിധങ്ങളെ സംബന്ധിച്ചുള്ള അറിവിൽ ഒരളവിലുള്ള സംരക്ഷണമുണ്ട്.
പണവും ജോലിയും
ആക്രമണത്തിനു സാത്താൻ ഉപയോഗിക്കുന്ന ഏററം ശക്തമായ ആയുധങ്ങളിൽ ഒന്നു സാമ്പത്തിക സമ്മർദ്ദമാണ്. ഇതു “ദുർഘട സമയങ്ങൾ” ആണ്, അല്ലെങ്കിൽ 2 തിമൊഥെയോസ് 3:1 റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷൻ വിവർത്തനം ചെയ്യുന്നപ്രകാരം “സമ്മർദ്ദത്തിന്റെ സമയങ്ങ”ളാണ്. വികസ്വര രാജ്യങ്ങളിൽ തൊഴിലില്ലായ്മ, കുറഞ്ഞ വേതനം, അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യം എന്നിവപോലുള്ള പ്രശ്നങ്ങൾ കുടുംബങ്ങൾക്കു വളരെയേറെ കഷ്ടതകൾക്ക് ഇടയാക്കുന്നു. എന്നാൽ താരതമ്യേന സമ്പന്നമായ ഐക്യനാടുകളിൽപോലും സാമ്പത്തിക സമ്മർദ്ദങ്ങൾക്കു ഗുരുതരമായ ഫലമുണ്ട്. കുടുംബ വഴക്കുകൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നു പണമാണെന്ന് ഐക്യനാടുകളിലെ ഒരു സർവ്വേ വെളിപ്പെടുത്തി. ജോലിയുടെ ആവശ്യങ്ങൾക്കുവേണ്ടി ചെലവിടേണ്ടിവരുന്ന “സമയം, ശ്രദ്ധ, ഊർജ്ജം” വൈവാഹിക പ്രതിബദ്ധതയെ കാർന്നുതിന്നുന്ന “കൗശലക്കാരനായ ഒരു ശത്രു”വായിരിക്കാൻ കഴിയുമെന്നു ശക്തമായ കുടുംബങ്ങളുടെ രഹ്യസ്യങ്ങൾ (Secrets of Strong Families) എന്ന പുസ്തകം വിശദീകരിക്കുന്നു.
സാഹചര്യങ്ങൾ മുമ്പെന്നത്തെക്കാളുമേറെ സ്ത്രീകളെ തൊഴിൽ കമ്പോളത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. ഗ്രന്ഥകാരനായ വാൻസ് പക്കർഡ് ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “ഇന്നു അമേരിക്കയിലെ ശിശുക്കളുടെയും മൂന്നു വയസ്സിനു താഴെയുള്ള കൊച്ചുകുട്ടികളുടെയും നാലിലൊന്നിന്റെയെങ്കിലും മാതാക്കൾ വീടിനു വെളിയിൽപോയി ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്നവരാണ്.” കൊച്ചുകുട്ടികളുടെ ഏതാണ്ട് ഒടുങ്ങാത്ത ആവശ്യങ്ങൾക്കും ഒരു ജോലിക്കും കൂടെ ശ്രദ്ധകൊടുക്കുക എന്നതു കഠിനവും ക്ഷീണിപ്പിക്കുന്നതുമായ ഒരു ശ്രമമായിരിക്കാൻ കഴിയും—കുട്ടികളുടെമേലും മാതാപിതാക്കളുടെമേലും ഒരു നിഷേധാത്മകമായ ഫലത്തോടെ തന്നെ. ഐക്യനാടുകളിൽ വേണ്ടത്ര ശിശുപരിപാലനസൗകര്യങ്ങൾ ഇല്ലാത്തതിനാൽ “ദശലക്ഷക്കണക്കിനു (അനേകലക്ഷം) കുട്ടികൾക്ക് ആദ്യവർഷങ്ങളിൽ മതിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നു” എന്നു പക്കർഡ് കൂട്ടിച്ചേർക്കുന്നു.—അപകടത്തിലായ നമ്മുടെ കുട്ടികൾ (Our Endangered Children).
ജോലിസ്ഥലം തന്നെ മിക്കപ്പോഴും കുടുംബ ഐക്യത്തിന്റെ അടിത്തറ മാന്തുന്നു. അനേകം ജോലിക്കാർ സഹജോലിക്കാരുമായുള്ള നിയമവിരുദ്ധ ബന്ധങ്ങളിലേക്കു വശീകരിക്കപ്പെടുന്നു. മററു ചിലർ തൊഴിൽരംഗത്തു വിജയിക്കാനുള്ള വ്യർത്ഥമായ ശ്രമത്തിൽ ഏർപ്പെടുകയും തൊഴിൽപരമായ പുരോഗതിക്കുവേണ്ടി കുടുംബജീവിതം ബലികഴിക്കുകയും ചെയ്യുന്നു. (സഭാപ്രസംഗി 4:4 താരതമ്യം ചെയ്യുക.) ഒരു മനുഷ്യൻ വ്യാപാര പ്രതിനിധിയായുള്ള തന്റെ ജോലിയിൽ അങ്ങേയററം മുഴുകിപ്പോയതിനാൽ അയാളുടെ ഭാര്യ “ഫലത്തിൽ താൻ ഒരു ഒററപ്പെട്ട മാതാവായിരിക്കുന്നതായി” പറഞ്ഞു.
ബലഹീനമായ വിവാഹബന്ധങ്ങൾ
വിവാഹക്രമീകരണംതന്നെയും ഇപ്പോൾ ആക്രമിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ചുററുപാട് (The Intimate Environment) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “കഴിഞ്ഞ കാലങ്ങളിൽ വിവാഹിതരിൽ ആരെങ്കിലും വിവാഹത്തിനെതിരെ ഗുരുതരമായ തെററ്—വ്യഭിചാരം, ക്രൂരത, അങ്ങേയററത്തെ അവഗണന—ചെയ്യുന്നില്ലെങ്കിൽ ഇണകൾ വിവാഹിതരായിത്തന്നെ തുടരുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോൾ മിക്കയാളുകളും വിവാഹത്തിന്റെ ലക്ഷ്യമായിക്കാണുന്നതു വ്യക്തിപരമായ സംതൃപ്തിയാണ്.” അതെ, അസന്തുഷ്ടിക്കും വിരസതക്കും ഏകാന്തതക്കുമുള്ള ഒരു മറുമരുന്നായിട്ടാണ് ഇന്നു വിവാഹം കണക്കാക്കപ്പെടുന്നത്—മറെറാരാളോടുള്ള ഒരു ആയുഷ്ക്കാല പ്രതിബദ്ധതയായിട്ടല്ല. വിവാഹത്തിൽനിന്നു നിങ്ങൾക്ക് എന്തു ലഭിക്കും എന്നതിലാണ്, വിവാഹത്തിനു നിങ്ങൾ എന്തു സംഭാവനചെയ്യും എന്നതിലല്ല ഇന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. (പ്രവൃത്തികൾ 20:35 വിപരീത താരതമ്യം ചെയ്യുക.) “വിവാഹത്തെ ചുററിപ്പററിയുള്ള മൂല്യങ്ങളിലെ ഈ വലിയ മാററം” വൈവാഹിക ബന്ധങ്ങളെ വളരെ ബലഹീനമാക്കിയിരിക്കുന്നു. വ്യക്തിപരമായ സംതൃപ്തി കൈവിട്ടുപോകുമ്പോൾ പെട്ടെന്നുള്ള പ്രശ്നപരിഹാരമെന്ന നിലയിൽ ദമ്പതികൾ വിവാഹമോചനത്തിൽ കയറിപ്പിടിക്കുന്നു.
ഈ “അന്ത്യനാളു”കളിലെ ആളുകൾ ബൈബിളിൽ പ്രാവചനികമായി “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരായി” വർണ്ണിക്കപ്പെട്ടിരിക്കുന്നു. (2 തിമൊഥെയൊസ് 3:4, 5) മതത്തിന്റെ തളർച്ച വിവാഹത്തിന്റെ അടിത്തറ മാന്തുന്നതിൽ ഒരു പങ്കു വഹിച്ചിരിക്കുന്നതായി അനേകം വിദഗ്ദ്ധർ കരുതുന്നു. വിവാഹമോചനത്തിനെതിരായ വാദം (The Case Against Divorce) എന്ന തന്റെ പുസ്തകത്തിൽ ഡോ. ഡയാൻ മെഡ്വെഡ് ഇപ്രകാരം എഴുതി: “മിക്ക മതങ്ങളും പഠിപ്പിക്കുന്നതനുസരിച്ചു വിവാഹം സ്ഥിരമായി നിലനിൽക്കണമെന്നു ദൈവം പറഞ്ഞു. നിങ്ങൾക്കു ദൈവത്തെക്കുറിച്ചു നിശ്ചയമില്ലാത്തപ്പോൾ അല്ലെങ്കിൽ നിങ്ങൾ അവനിൽ വിശ്വസിക്കാത്തപ്പോൾ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു.” തൽഫലമായി ഒരു വിവാഹത്തിൽ പ്രശ്നങ്ങളുള്ളപ്പോൾ ദമ്പതികൾ ശരിയായ പരിഹാരം തേടുന്നില്ല. “അവർ തിടുക്കത്തിൽ സകല ശ്രമവും ഉപേക്ഷിച്ചുകളയുന്നു.”
യുവജനങ്ങൾ ആക്രമിക്കപ്പെടുന്നു
ഇന്നത്തെ സമ്മർദ്ദങ്ങളിൽപെട്ടു കുട്ടികൾ നട്ടംതിരിയുകയാണ്. വലിയൊരു കൂട്ടം കുട്ടികൾ തങ്ങളുടെ സ്വന്തം മാതാപിതാക്കളാൽ കഠിനമായി മർദ്ദിക്കപ്പെടുകയും വാക്കിനാൽ അല്ലെങ്കിൽ ലൈംഗികമായി ദുഷ്പെരുമാററത്തിനു വിധേയരാക്കപ്പെടുകയും ചെയ്യുന്നു. ഇനിയും ലക്ഷക്കണക്കിനു കുട്ടികൾക്കു വിവാഹമോചനം നിമിത്തം മാതാപിതാക്കളുടെ, അതായതു രണ്ടുപേരുടെയും കൂടെ സ്നേഹപൂർവ്വകമായ സ്വാധീനം ലഭിക്കാതെ പോകുന്നു, മാതാപിതാക്കൾ വിവാഹമോചനം നേടുന്നതിന്റെ വേദന മിക്കപ്പോഴും ആയുഷ്ക്കാലം മുഴുവൻ നീണ്ടുനിൽക്കുന്നു.
യുവജനങ്ങൾ ശക്തമായ സ്വാധീനങ്ങളാൽ ആക്രമിക്കപ്പെടുന്നു. ഒരു സാധാരണ അമേരിക്കൻ യുവാവിനു 14 വയസ്സാകുമ്പോഴേക്കു വെറുതെ ടെലിവിഷൻ വീക്ഷിക്കുകവഴി മാത്രം അവൻ 18,000 കൊലപാതകങ്ങൾക്കും നിയമവിരുദ്ധ ലൈംഗികതയും പൈശാചിക ക്രൂരതയും പോലെ മററു രൂപത്തിലുള്ള അസംഖ്യം അക്രമപ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടായിരിക്കും. സംഗീതവും യുവജനങ്ങളുടെമേൽ ഒരു വലിയ സ്വാധീനം ചെലുത്തുന്നു, അതിൽ അധികവും ഞെട്ടിക്കുംവിധം സഭ്യേതരവും, ലൈംഗികമായി തുറന്നുകാട്ടുന്നതും അല്ലെങ്കിൽ സാത്താന്യമായ ഉള്ളടക്കത്തോടുകൂടിയതുപോലുമാണ്. ദൈവത്തിലും ബൈബിളിലുമുള്ള വിശ്വാസത്തിനു തുരങ്കം വയ്ക്കാനിടയുള്ള പരിണാമം പോലുള്ള സിദ്ധാന്തങ്ങളുമായി സ്കൂളിൽ കുട്ടികൾ പരിചയത്തിലാകുന്നു. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം വിവാഹത്തിനു മുമ്പേയുള്ള ലൈംഗികതയിലും മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ ദുരുപയോഗത്തിലും പങ്കുചേരാൻ അനേകരെ പ്രേരിപ്പിക്കുന്നു.
കുടുംബ ദുരിതത്തിന്റെ വേരുകൾ
അതുകൊണ്ട് കുടുംബത്തിൻമേലുള്ള ആക്രമണം വിപുലമാണ്, അതിനു വിനാശകരമായിരിക്കാൻ കഴിയും. അതിജീവിക്കുന്നതിനു കുടുംബങ്ങളെ സഹായിക്കാൻ എന്തിനു കഴിയും? കുടുംബകാര്യങ്ങൾ സംബന്ധിച്ച ഉപദേഷ്ടാവായ ജോൺ ബ്രാഡ്ഷോ ഇപ്രകാരം നിർദ്ദേശിക്കുന്നു: “മാതാപിതാക്കളായിരിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച നമ്മുടെ നിയമങ്ങൾ കഴിഞ്ഞ 150 വർഷങ്ങൾക്കുള്ളിൽ സാരവത്തായി കാലാനുസൃതമാക്കപ്പെട്ടിട്ടില്ല. . . . പഴയ നിയമങ്ങൾ ഇന്നു പ്രാവർത്തികമല്ല എന്നാണ് എന്റെ വിശ്വാസം.” എന്നിരുന്നാലും, കൂടുതലായ മനുഷ്യനിർമ്മിത നിയമങ്ങളല്ല ഇതിനുള്ള പരിഹാരം. കുടുംബത്തിന്റെ കാരണഭൂതൻ യഹോവയാം ദൈവമാണ്. നമ്മുടെ വ്യക്തിപരമായ സന്തുഷ്ടിയിൽ കുടുംബം എത്ര സുപ്രധാനമായ പങ്കാണു വഹിക്കുന്നതെന്നും ഒരു കുടുംബത്തെ സന്തുഷ്ടവും ശക്തവുമാക്കുന്നതിന് ആവശ്യമായിരിക്കുന്നതെന്താണെന്നും അവനു മററാരേക്കാളും ഏറെ നന്നായി അറിയാം. അവന്റെ വചനമായ ബൈബിൾ കുടുംബദുരിതത്തിനുള്ള പരിഹാരം പ്രദാനം ചെയ്യുന്നുവെന്നതു നമ്മെ ആശ്ചര്യപ്പെടുത്തണമോ?
കുടുംബജീവിതം കുഴപ്പത്തിലായതെങ്ങനെയെന്ന് ആ പുരാതന പുസ്തകം വിശദീകരിക്കുന്നു. ആദ്യ മാനുഷദമ്പതികളായ ആദാമും ഹവ്വായും ഒരു രമണീയമായ ഉദ്യാനത്തിൽ ആക്കിവയ്ക്കപ്പെടുകയും ഭൂമിയെ ഒരു ആഗോള പറുദീസയായി രൂപാന്തരപ്പെടുത്തുന്നതിനുള്ള പ്രതിഫലദായകമായ വെല്ലുവിളി അവർക്കു നൽകപ്പെടുകയും ചെയ്തു. ആദാം കുടുംബത്തിന്റെ ശിരസ്സായിരിക്കണമെന്നു ദൈവം കൽപ്പിച്ചു. ഒരു “സഹായി” അഥവാ “പൂരക”മെന്ന നിലയിൽ ഹവ്വ അവന്റെ ശിരഃസ്ഥാനത്തോടു സഹകരിക്കണമായിരുന്നു. എന്നാൽ ഹവ്വ ഈ ക്രമീകരണത്തിനെതിരെ മത്സരിച്ചു. അവൾ ഭർത്താവിന്റെ ശിരഃസ്ഥാനം കവർന്നെടുക്കുകയും ദൈവം അവരുടെമേൽ വച്ചിരുന്ന ഏകനിരോധനം ലംഘിക്കുകയും ചെയ്തു. അപ്പോൾ ആദാം തന്റെ ശിരഃസ്ഥാനം വച്ചൊഴിയുകയും ഈ മത്സരത്തിൽ അവളോടു ചേരുകയും ചെയ്തു.—ഉല്പത്തി 1:26–3:6.
ദൈവിക ക്രമീകരണത്തിൽ നിന്നുള്ള ഈ വ്യതിചലനത്തിന്റെ നാശകരമായ ഫലങ്ങൾ ഉടൻതന്നെ പ്രത്യക്ഷമായി. മേലാൽ നിർമ്മലരും നിരപരാധികളുമല്ലാഞ്ഞ ആദാമും ഹവ്വായും ലജ്ജയോടും കുററബോധത്തോടുംകൂടെ പ്രതികരിച്ചു. നേരത്തെ തിളക്കമാർന്ന കാവ്യഭാഷയിൽ തന്റെ ഭാര്യയെ വർണ്ണിച്ച ആദാം ഇപ്പോൾ തണുപ്പൻ മട്ടിൽ ‘എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ’ എന്ന് അവളെപ്പററി പരാമർശിച്ചു. ആ നിഷേധാത്മക പരാമർശം വൈവാഹിക ദുരിതത്തിന്റെ വെറും തുടക്കമായിരുന്നു. തന്റെ ശിരഃസ്ഥാനം വീണ്ടെടുക്കാനുള്ള ആദാമിന്റെ വിഫലശ്രമങ്ങൾ അവൻ അവളെ ‘അടക്കി ഭരിക്കുന്നതിൽ’ കലാശിക്കുമായിരുന്നു. ഹവ്വായ്ക്കാകട്ടെ, അവളുടെ “ആഗ്രഹം” ഭർത്തവിനോടായിരിക്കും, സാദ്ധ്യതയനുസരിച്ച് അങ്ങേയററത്തെ അഥവാ അസന്തുലിതമായ ഒരു ആഗ്രഹം.—ഉല്പത്തി 2:23; 3:7-16.
ആദാമിന്റെയും ഹവ്വായുടെയും വൈവാഹിക കുഴപ്പത്തിന് അവരുടെ സന്തതികളുടെമേൽ ദോഷകരമായ ഒരു ഫലമുണ്ടായിരുന്നത് അതിശയമല്ല. അവരുടെ ആദ്യപുത്രനായ കയീൻ ഒരു മനഃപൂർവ്വ കൊലപാതകിയായിത്തീർന്നു. (ഉല്പത്തി 4:8) കയീന്റെ ഒരു വംശജനായ ലാമേക്ക് രേഖയിലുള്ള ആദ്യത്തെ ബഹുഭാര്യൻ ആയിത്തീർന്നുകൊണ്ടു കുടുംബജീവിതത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി. (ഉല്പത്തി 4:19) അങ്ങനെ ആദാമും ഹവ്വായും പാപത്തിന്റെയും മരണത്തിന്റെയും പൈതൃകം മാത്രമല്ല, രോഗം ബാധിച്ച ഒരു കുടുംബമാതൃകയും കൂടെ കൈമാറിക്കൊടുത്തു, അന്നുമുതൽ ഇന്നോളം മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ അതായിരുന്നിട്ടുമുണ്ട്. ഈ അന്ത്യനാളുകളിലാകട്ടെ കുടുംബകലഹം അതിന്റെ സർവ്വകാല അത്യുച്ചത്തിൽ എത്തിനിൽക്കുന്നു.
തഴച്ചു വളരുന്ന കുടുംബങ്ങൾ
എന്നിരുന്നാലും, എല്ലാ കുടുംബങ്ങളും ഇന്നത്തെ സമ്മർദ്ദത്തിൻ കീഴിൽ തകർന്നുപോകുന്നില്ല. ഉദാഹരണത്തിന്, ഒരു ഭർത്താവു തന്റെ ഭാര്യയോടും രണ്ടു പെൺമക്കളോടും കൂടെ ഐക്യനാടുകളിൽ ഒരു ചെറിയ സമൂഹത്തിൽ ജീവിക്കുന്നു. അവരുടെ അയൽക്കാരിൽ പലർക്കും മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കുമിടയിൽ ഒരു തലമുറവിടവ് അനുഭവപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിനും ഭാര്യക്കും അതില്ല, തങ്ങളുടെ പെൺമക്കൾ മയക്കുമരുന്നിലോ ലൈംഗിക കാര്യങ്ങളിലോ അനുഭവം തേടുമെന്നുള്ള ഉൽക്കണ്ഠ അവർക്കില്ല. തിങ്കളാഴ്ച വൈകുന്നേരങ്ങളിൽ മററു യുവജനങ്ങൾ ടെലിവിഷനിൽ കണ്ണുംനട്ടിരിക്കുമ്പോൾ അവരുടെ മുഴുകുടുംബവും ഒരു ബൈബിൾ ചർച്ചക്കായി ഭക്ഷണമുറിയിലെ മേശക്കു ചുററും സമ്മേളിക്കുന്നു. “തിങ്കളാഴ്ചരാത്രി, ഒരുമിച്ചായിരിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രത്യേക രാത്രിയാണ്,” അദ്ദേഹം വിശദീകരിക്കുന്നു. “ഞങ്ങളുടെ പെൺമക്കൾക്ക് അവരുടെ പ്രശ്നങ്ങൾ ഞങ്ങളുമായി ചർച്ച ചെയ്യാൻ സ്വാതന്ത്ര്യം തോന്നുന്നു.”
അതേസമയം, ന്യൂയോർക്ക് നഗരത്തിൽ വസിക്കുന്ന ഒരു മാതാവും തന്റെ രണ്ടു പെൺമക്കളോട് ഒരു കുടുംബമെന്ന നിലയിൽ അസാധാരണ അടുപ്പം ആസ്വദിക്കുന്നു. അവരുടെ രഹസ്യമെന്താണ്? “വാരാന്തം വരെ ഞങ്ങൾ ടി വി ഓഫാക്കിയിടുന്നു,” അവർ വിശദീകരിക്കുന്നു. “ദിവസേന ഞങ്ങൾക്ക് ഒരു ബൈബിൾ വാക്യത്തിന്റെ ചർച്ചയുണ്ട്. ഒരു സന്ധ്യാവേള ഞങ്ങൾ കുടുംബ ബൈബിൾ ചർച്ചക്കായി നീക്കി വയ്ക്കുന്നു.”
ഈ രണ്ടു കുടുംബങ്ങളും യഹോവയുടെ സാക്ഷികളുടേതാണ്. കുടുംബങ്ങൾക്കുവേണ്ടി ബൈബിൾ വെച്ചുനീട്ടുന്ന ബുദ്ധിയുപദേശം അവർ പിൻപററുന്നു. അതു ഫലകരമാണ്. എന്നാൽ അവർ മാത്രമല്ല ഇങ്ങനെയുള്ളത്. കുടുംബജീവിതം സംബന്ധിച്ച് ആ പുസ്തകത്തിൽ കാണപ്പെടുന്ന നിയമങ്ങൾ പാലിക്കുകയും അവരെപ്പോലെ നല്ല ഫലങ്ങൾ നേടുകയും ചെയ്യുന്ന ലക്ഷക്കണക്കിനു കുടുംബങ്ങൾ ഉണ്ട്.b ആ നിയമങ്ങൾ എന്തൊക്കെയാണ്? അവയ്ക്കു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയും? അതിനുള്ള ഉത്തരത്തിന് അടുത്ത പേജിൽ ആരംഭിക്കുന്ന ലേഖനങ്ങൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[അടിക്കുറിപ്പ്]
a കുടുംബത്തിൽ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിന് ഒരു സൗജന്യ ഭവനബൈബിൾ അദ്ധ്യയനത്തിലൂടെ യഹോവയുടെ സാക്ഷികൾ വ്യക്തിപരമായ സഹായം നൽകുന്നു. ഈ മാസികയുടെ പ്രസാധകർക്ക് എഴുതുന്നതിനാൽ നിങ്ങൾക്ക് അവരുമായി ബന്ധപ്പെടാൻ കഴിയും.
b അന്ത്യനാളുകൾ 1914-ൽ ആരംഭിച്ചു എന്നുള്ളതിന്റെ കൂടുതലായ തെളിവിനുവേണ്ടി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്ന നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ 18-ാം അദ്ധ്യായം കാണുക.
[4-ാം പേജിലെ ചിത്രം]
വികസ്വര രാജ്യങ്ങളിൽ മോശമായ സാമ്പത്തികാവസ്ഥകൾ കുടുംബങ്ങൾക്കു വലിയ ദുരിതത്തിനിടയാക്കുന്നു
[കടപ്പാട്]
U.S. Navy photo
[7-ാം പേജിലെ ചിത്രം]
ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് അനേകം കുടുംബങ്ങൾ ഇന്നത്തെ സമ്മർദ്ദങ്ങളെ ചെറുക്കുന്നു