നിങ്ങൾ വാസ്തവത്തിൽ ക്ഷമ ചോദിക്കേണ്ടതുണ്ടോ?
‘ഞാൻ ഒരിക്കലും ക്ഷമ ചോദിക്കാറില്ല,’ ജോർജ് ബർണാഡ് ഷാ എഴുതി. ‘കഴിഞ്ഞതു കഴിഞ്ഞു’ എന്നു ചിലർ പറഞ്ഞേക്കാം.
ആത്മാഭിമാനം നഷ്ടപ്പെടുമെന്ന ഭയം നിമിത്തം നാം തന്നെയും തെറ്റു സമ്മതിക്കാൻ വൈമുഖ്യം കാട്ടിയേക്കാം. മറ്റെയാളാണു പ്രശ്നക്കാരനെന്നു നാം വ്യാഖ്യാനിച്ചേക്കാം. അല്ലെങ്കിൽ, നമുക്കു ക്ഷമ ചോദിക്കണമെന്നുണ്ട്, എന്നാൽ സംഗതി ഒടുവിൽ അവഗണിക്കപ്പെട്ടുവെന്നു നമുക്കു തോന്നുന്നതുവരെ അതു നീട്ടിക്കൊണ്ടുപോയെന്നുവരാം.
അപ്പോൾ, ക്ഷമാപണം അനിവാര്യമാണോ? അവയ്ക്കു വാസ്തവത്തിൽ എന്തെങ്കിലും നേടാനാകുമോ?
സ്നേഹം ക്ഷമ ചോദിക്കാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു
യേശുക്രിസ്തുവിന്റെ യഥാർഥ അനുഗാമികളുടെ ഒരു തിരിച്ചറിയിക്കൽ അടയാളമാണു സഹോദരസ്നേഹം. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 13:35) “ഹൃദയപൂർവ്വം അന്യോന്യം ഉററു സ്നേഹിപ്പിൻ” എന്നു തിരുവെഴുത്തു ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (1 പത്രൊസ് 1:22) ഹൃദയംഗമമായ സ്നേഹം ക്ഷമ ചോദിക്കാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, മനുഷ്യ അപൂർണത തീർച്ചയായും വ്രണിത വികാരങ്ങളെ ഉളവാക്കുന്നു. ശമനം വരുത്താത്തപക്ഷം അവ സ്നേഹത്തിനു പ്രതിബന്ധമായിരിക്കും.
ഉദാഹരണത്തിന്, ക്രിസ്തീയ സഭയിലെ ഒരാളുമായുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ നിമിത്തം അയാളുമായി സംസാരിക്കാതിരിക്കാൻ നാം ആഗ്രഹിച്ചേക്കാം. നാമാണു തെറ്റുചെയ്തതെങ്കിൽ സ്നേഹപുരസ്സരമായ ഒരു ബന്ധം എങ്ങനെ പുനഃസ്ഥാപിക്കാനാകും? മിക്ക സംഗതികളിലും, ക്ഷമ ചോദിക്കുകയും ഊഷ്മളമായ രീതിയിൽ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ. നാം നമ്മുടെ സഹവിശ്വാസികളെ സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. തെറ്റുചെയ്തതിൽ ക്ഷമിക്കണമെന്നു പറയുമ്പോൾ നാം ആ കടത്തിൽ ചിലതു വീട്ടുകയായിരിക്കും.—റോമർ 13:8.
ദൃഷ്ടാന്തമായി, ദീർഘനാളായി സുഹൃത്തുക്കളായിരുന്ന രണ്ടു ക്രിസ്തീയ സ്ത്രീകളാണു മാരി കാർമെനും പാകിയും. എന്നാൽ, മാരി കാർമെൻ ദ്രോഹകരമായ എന്തോ കുശുകുശുപ്പു വിശ്വസിച്ചതു നിമിത്തം പാകിയുമായുള്ള അവളുടെ സൗഹൃദത്തിനു മങ്ങലേറ്റു. വിശദീകരണമൊന്നും കൂടാതെ, അവൾ പാകിയെ പൂർണമായും തഴഞ്ഞു. ഏതാണ്ട് ഒരു വർഷമായപ്പോൾ ആ കുശുകുശുപ്പു സത്യമായിരുന്നില്ലെന്നു മാരി കാർമെൻ മനസ്സിലാക്കി. അവളുടെ പ്രതികരണമെന്തായിരുന്നു? വളരെ മോശമായി പെരുമാറിയതിനു പാകിയെ സമീപിച്ചു താഴ്മയോടെ ആഴമായ ഖേദം പ്രകടമാക്കാൻ സ്നേഹം അവളെ പ്രേരിപ്പിച്ചു. രണ്ടുപേരും പൊട്ടിക്കരഞ്ഞു. അന്നുമുതൽ അവർ ഉറ്റമിത്രങ്ങളാണ്.
നാം എന്തെങ്കിലും തെറ്റു ചെയ്തതായി നമുക്കു തോന്നുന്നില്ലെങ്കിലും ഒരു ക്ഷമാപണം തെറ്റിദ്ധാരണയെ അകറ്റിയേക്കാം. മാനുവൽ അനുസ്മരിക്കുന്നു: “ഏതാനും വർഷങ്ങൾക്കു മുമ്പു ഞാനും ഭാര്യയും ഞങ്ങളുടെ ആത്മീയ സഹോദരി ആശുപത്രിയിലായിരുന്ന സമയം അവരുടെ വീട്ടിൽ താമസിച്ചു. അവർക്കു രോഗം ബാധിച്ച സമയം അവരെയും അവരുടെ കുട്ടികളെയും സഹായിക്കുന്നതിനു ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്തു. എന്നാൽ ഞങ്ങൾ വീട്ടു ചെലവുകൾ ശരിയായവിധത്തിൽ നടത്തിയില്ലെന്ന് അവർ ആശുപത്രിയിൽനിന്നു മടങ്ങിയെത്തിയ ശേഷം ഒരു സുഹൃത്തിനോടു പരാതിപ്പെട്ടു.
“ഞങ്ങൾ അവരെ സന്ദർശിച്ച്, അവർ ചെയ്യുമായിരുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ കഴിയാതെ പോയതു ഞങ്ങളുടെ യുവത്വവും അനുഭവപരിചയമില്ലായ്മയും നിമിത്തമായിരിക്കാം എന്നു വിശദീകരിച്ചു. ഉടനടി അവർ, താനാണു ഞങ്ങളോടു കടപ്പെട്ടിരിക്കുന്നത്, ഞങ്ങൾ ചെയ്തതിനെല്ലാം താൻ നന്ദിയുള്ളവളാണ് എന്നു പറഞ്ഞുകൊണ്ടു പ്രതികരിച്ചു. അങ്ങനെ പ്രശ്നം പരിഹരിക്കപ്പെട്ടു. തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോൾ താഴ്മയോടെ ക്ഷമ ചോദിക്കുന്നതിന്റെ പ്രാധാന്യം ആ അനുഭവം എന്നെ പഠിപ്പിച്ചു.”
‘സമാധാനത്തിനു ശ്രമിച്ച’തിനു യഹോവ ഈ ദമ്പതികളെ അനുഗ്രഹിച്ചു. (റോമർ 14:19) മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ചു ബോധമുള്ളവരായിരിക്കുന്നതും സ്നേഹത്തിൽ ഉൾപ്പെടുന്നു. ‘സഹാനുഭൂതി’ കാട്ടാൻ പത്രൊസ് നമ്മെ ബുദ്ധ്യുപദേശിക്കുന്നു. (1 പത്രൊസ് 3:8, NW) നമുക്കു സഹാനുഭൂതിയുണ്ടെങ്കിൽ, വീണ്ടുവിചാരമില്ലാത്ത വാക്കോ പ്രവൃത്തിയോ നിമിത്തം നാം വരുത്തിക്കൂട്ടിയ വേദന തിരിച്ചറിയുന്നതിനും ക്ഷമ ചോദിക്കാൻ നിർബന്ധിതരാകുന്നതിനും കൂടുതൽ സാധ്യതയുണ്ട്.
“താഴ്മ ധരിച്ചുകൊൾവിൻ”
വിശ്വസ്തരായ ക്രിസ്തീയ മൂപ്പന്മാരുടെയിടയിലും ചിലപ്പോഴൊക്കെ ചൂടുപിടിച്ച തർക്കങ്ങൾ ഉണ്ടായേക്കാം. (പ്രവൃത്തികൾ 15:37-39 താരതമ്യം ചെയ്യുക.) ക്ഷമാപണം വളരെയധികം പ്രയോജനപ്രദമായിരിക്കുന്ന സന്ദർഭങ്ങളാണവ. എന്നാൽ ക്ഷമ ചോദിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു മൂപ്പനെയോ മറ്റൊരു ക്രിസ്ത്യാനിയെയോ എന്തു സഹായിക്കും?
താഴ്മയാണു താക്കോൽ. “തമ്മിൽ തമ്മിൽ . . . താഴ്മ ധരിച്ചുകൊൾവിൻ” എന്നു പത്രൊസ് അപ്പോസ്തലൻ ബുദ്ധ്യുപദേശിച്ചു. (1 പത്രൊസ് 5:5) മിക്ക തർക്കങ്ങളിലും രണ്ടു പേർക്കും കുറ്റത്തിൽ പങ്കുണ്ടെന്നതു ശരിയാണെങ്കിലും താഴ്മയുള്ള ക്രിസ്ത്യാനി തന്റെതന്നെ തെറ്റുകളെക്കുറിച്ച് ആശങ്കയുള്ളവനും അവ സമ്മതിക്കാൻ ഒരുക്കമുള്ളവനുമാണ്.—സദൃശവാക്യങ്ങൾ 6:1-5.
ക്ഷമ സ്വീകരിക്കുന്നയാൾ താഴ്മയോടെ അതു സ്വീകരിക്കേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന്, ആശയവിനിയമം നടത്തേണ്ട രണ്ടു പുരുഷന്മാർ രണ്ടു വ്യത്യസ്ത മലകളുടെ മുകളിൽ നിൽക്കുന്നതായി നമുക്കു സങ്കൽപ്പിക്കാം. അവർക്കിടയിലുള്ള ഗർത്തം സംഭാഷണം അസാധ്യമാക്കിത്തീർക്കുന്നു. എന്നാൽ അവരിലൊരാൾ താഴ്വരയിലേക്കിറങ്ങുകയും മറ്റെയാൾ അയാളുടെ മാതൃക പിൻപറ്റുകയുമാണെങ്കിൽ അവർക്ക് അനായാസം സംഭാഷണം നടത്താം. സമാനമായി, രണ്ടു ക്രിസ്ത്യാനികൾ തങ്ങൾക്കിടയിലുള്ള അഭിപ്രായവ്യത്യാസത്തിനു പരിഹാരം തേടേണ്ടത് ആവശ്യമായിരിക്കുന്നുവെങ്കിൽ, ഓരോരുത്തരും താഴ്മയോടെ, ആലങ്കാരികമായി പറഞ്ഞാൽ, താഴ്വരയിൽ സന്ധിക്കുകയും ഉചിതമായ ക്ഷമാപണം നടത്തുകയും ചെയ്യട്ടെ.—1 പത്രൊസ് 5:6.
ക്ഷമാപണം വിവാഹബന്ധത്തിൽ വളരെയധികം അർഥമാക്കുന്നു
രണ്ട് അപൂർണ വ്യക്തികളുടെ വിവാഹം അവശ്യം ക്ഷമ ചോദിക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. ഭർത്താവിനും ഭാര്യക്കും സഹാനുഭൂതിയുള്ളപക്ഷം, അവർ പരിഗണനയില്ലാതെ സംസാരിക്കാനോ പ്രവർത്തിക്കാനോ ഇടയായെന്നു വരികിൽ ക്ഷമ ചോദിക്കാൻ അത് അവരെ പ്രേരിപ്പിക്കും. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി [“ചിന്താശൂന്യമായി,” NW] സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്നു സദൃശവാക്യങ്ങൾ 12:18 ചൂണ്ടിക്കാട്ടുന്നു. ‘ചിന്താശൂന്യമായ കുത്തുകൾ’ക്കുശേഷം അതു ചെയ്തില്ലെന്നു വരുത്താനാവില്ല. എന്നാൽ ആത്മാർഥമായ ക്ഷമാപണത്തോടെ അതു സുഖപ്പെടുത്താനാവും. തീർച്ചയായും, ഇതിനു തുടർച്ചയായ അവബോധവും ശ്രമവും ആവശ്യമാണ്.
തന്റെ വിവാഹത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു സൂസൻ ഇങ്ങനെ പറയുന്നു: “ഞാനും ജാക്കും വിവാഹിതരായിട്ട് 24 വർഷമായി. എന്നാൽ ഇപ്പോഴും ഞങ്ങൾ ഓരോരുത്തരെയും കുറിച്ചു പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടാണിരിക്കുന്നത്. ദുഃഖകരമെന്നു പറയട്ടെ, കുറച്ചുനാൾ മുമ്പു ഞങ്ങൾ വേർപിരിയുകയും ഏതാനും ആഴ്ചകൾ തനിയേ താമസിക്കുകയും ചെയ്തു. എന്നുവരികിലും, മൂപ്പന്മാരുടെ ബുദ്ധ്യുപദേശത്തിനു ഞങ്ങൾ ചെവിചായ്ക്കുകയും വീണ്ടും ഒന്നിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ വ്യക്തിത്വമുള്ളതുകൊണ്ടു ശണ്ഠകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു. അതു സംഭവിക്കുമ്പോൾ ഞങ്ങൾ പെട്ടെന്നുതന്നെ ക്ഷമാപണം നടത്തുകയും മറ്റെയാളുടെ വീക്ഷണഗതി മനസ്സിലാക്കാൻ വാസ്തവത്തിൽ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വിവാഹജീവിതം വളരെയധികം പുരോഗമിച്ചിരിക്കുന്നുവെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്.” ജാക്ക് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അലോസരപ്പെടാൻ സാധ്യതയുള്ള നിമിഷങ്ങൾ ഏതാണെന്നു തിരിച്ചറിയാനും ഞങ്ങൾ പഠിച്ചിരിക്കുന്നു. അത്തരം സമയങ്ങളിൽ കൂടുതൽ മൃദുവായ സമീപനത്തോടെ ഞങ്ങൾ അന്യോന്യം ഇടപെടുന്നു.”—സദൃശവാക്യങ്ങൾ 16:23.
നിങ്ങളുടെ ഭാഗത്തു തെറ്റില്ലെന്നു ചിന്തിക്കുന്നുവെങ്കിൽ നിങ്ങൾ ക്ഷമ ചോദിക്കണമോ? ആഴമായ വികാരങ്ങൾ ഉൾപ്പെട്ടിരിക്കുമ്പോൾ കുറ്റമെവിടെയാണെന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ പ്രധാന സംഗതി വിവാഹബന്ധത്തിലെ സമാധാനമാണ്. ഇസ്രായേല്യ സ്ത്രീയായ അബീഗയിലിന്റെ കാര്യമെടുക്കുക. അവളുടെ ഭർത്താവ് ദാവീദിനോട് അപമര്യാദയായി പെരുമാറി. ഭർത്താവിന്റെ വിഡ്ഢിത്തത്തിന് അവളെ പഴിചാരാനാവില്ലെങ്കിലും അവൾ ക്ഷമ ചോദിച്ചു. “അടിയന്റെ കുറ്റം ക്ഷമിക്കേണമേ” എന്ന് അവൾ യാചിച്ചു. പരിഗണനാപൂർവം അവളോടു പെരുമാറിക്കൊണ്ടു ദാവീദ് പ്രതികരിച്ചു. അവൾ നിമിത്തമല്ലായിരുന്നെങ്കിൽ താൻ കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞേനെയെന്ന് അവൻ താഴ്മയോടെ സമ്മതിച്ചു.—1 ശമൂവേൽ 25:24-28, 32-35.
സമാനമായി, 45 വർഷമായി വിവാഹിതയായ ജൂൺ എന്നു പേരുള്ള ഒരു ക്രിസ്തീയ സ്ത്രീക്കു തോന്നുന്നത് ആദ്യം ക്ഷമ ചോദിക്കാൻ മനസ്സൊരുക്കം കാട്ടുന്നതു വിജയപ്രദമായ ഒരു വിവാഹത്തിന് അത്യന്താപേക്ഷിതമാണെന്നാണ്. “ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ വികാരങ്ങളെക്കാൾ ഞങ്ങളുടെ വിവാഹമാണു കൂടുതൽ പ്രധാനമായിരിക്കുന്നതെന്നു ഞാൻ എന്നോടുതന്നെ പറയുന്നു. അതുകൊണ്ട്, ഞാൻ ക്ഷമ ചോദിക്കുമ്പോൾ വിവാഹബന്ധത്തിനു സംഭാവന ചെയ്യുകയാണെന്നാണ് എനിക്കു തോന്നുന്നത്,” അവർ പറയുന്നു. ജിം എന്നു പേരുള്ള പ്രായംചെന്ന ഒരു വ്യക്തി ഇങ്ങനെ പറയുന്നു: “നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾക്കുപോലും ഞാൻ ഭാര്യയോടു ക്ഷമ ചോദിക്കുന്നു. അവൾക്കു ഗുരുതരമായ ഒരു ശസ്ത്രക്രിയ നടത്തിയതിൽപ്പിന്നെ എളുപ്പം സങ്കടം വരും. അതുകൊണ്ടു ഞാൻ നിരന്തരം അവളെ പുണർന്നുകൊണ്ടു പറയും, ‘ക്ഷമിക്കൂ പ്രിയേ. ഞാൻ നിന്നെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.’ വെള്ളമൊഴിച്ച ചെടിപോലെ അവൾ പെട്ടെന്ന് ഉന്മേഷവതിയാകും.”
നാം ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വ്യക്തിയെ വേദനിപ്പിച്ചെങ്കിൽ ഉചിതമായ ക്ഷമാപണം വളരെ ഫലപ്രദമാണ്. “എനിക്ക് ആത്മവിശ്വാസത്തിന്റെ കുറവുണ്ട്. ഭർത്താവിന്റെ പരുഷമായ വാക്കുകൾ എന്നെ വിഷമിപ്പിക്കുന്നു. എന്നാൽ അദ്ദേഹം എന്നോടു ക്ഷമ ചോദിക്കുമ്പോൾ ഉടൻതന്നെ എനിക്ക് ആശ്വാസം തോന്നുന്നു” എന്നു മിലാഗ്രോസ് സർവാത്മനാ അംഗീകരിക്കുന്നു. “ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ” എന്നു തിരുവെഴുത്തു യഥോചിതം പറയുന്നു.—സദൃശവാക്യങ്ങൾ 16:24.
ക്ഷമ ചോദിക്കൽ കല അഭ്യസിക്കുക
അത്യാവശ്യമായിരിക്കുമ്പോഴൊക്കെ ക്ഷമ ചോദിക്കുന്നതു ശീലമാക്കുകയാണെങ്കിൽ ആളുകൾ അനുകൂലമായി പ്രതികരിക്കുന്നതു നാം കാണാൻ സാധ്യതയുണ്ട്. മാത്രമല്ല, അവർ തന്നെയും ക്ഷമ ചോദിച്ചെന്നുവരാം. നാം ആരെയെങ്കിലും അലോസരപ്പെടുത്തിയതായി നമുക്കു സംശയം തോന്നുമ്പോൾ തെറ്റു സമ്മതിക്കാതെ സമയം പാഴാക്കുന്നതിനുപകരം ക്ഷമ ചോദിക്കുന്നത് ഒരു ശീലമാക്കിക്കൂടേ? ക്ഷമാപണം ബലഹീനതയുടെ ലക്ഷണമായി ലോകം വീക്ഷിച്ചേക്കാം. എന്നാൽ അതു വാസ്തവത്തിൽ ക്രിസ്തീയ പക്വതയ്ക്കു തെളിവു നൽകുന്നു. തീർച്ചയായും, ഒരു തെറ്റു സമ്മതിക്കുന്നെങ്കിലും തങ്ങളുടെ ഉത്തരവാദിത്വത്തെ ലഘൂകരിക്കുന്നവരെപ്പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കുകയില്ല. ഉദാഹരണത്തിന്, നാം പൊള്ളയായ ക്ഷമാപണം നടത്താറുണ്ടോ? വൈകിയെത്തുകയും അത്യധികം ക്ഷമ ചോദിക്കുകയും ചെയ്യുമ്പോൾത്തന്നെ കൃത്യനിഷ്ഠ മെച്ചപ്പെടുത്താൻ നാം ദൃഢനിശ്ചയം ചെയ്യാറുണ്ടോ?
അപ്പോൾപ്പിന്നെ, നാം വാസ്തവമായും ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ടോ? ഉവ്വ്, അതിന്റെ ആവശ്യമുണ്ട്. അതു നമ്മുടെ കടപ്പാടാണ്, മറ്റുള്ളവരോടു ക്ഷമ ചോദിക്കാനുള്ള ബാധ്യത നമുക്കുണ്ട്. ഒരു ക്ഷമാപണത്തിന് അപൂർണതയുടെ ഫലമായുണ്ടായ വേദന ലഘൂകരിക്കുന്നതിനു മാത്രമല്ല കോട്ടംതട്ടിയ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനും കഴിയും. നാം നടത്തുന്ന ഓരോ ക്ഷമാപണവും താഴ്മയുടെ ഒരു പാഠമാണ്. മറ്റുള്ളവരുടെ വികാരങ്ങളോടു കൂടുതൽ പരിഗണനയുള്ളവരായിരിക്കാൻ അതു നമ്മെ പരിശീലിപ്പിക്കുന്നു. തത്ഫലമായി, സഹവിശ്വാസികളും വിവാഹിത ഇണകളും മറ്റുള്ളവരും നമ്മെ അവരുടെ ആർദ്രപ്രിയവും ആശ്രയത്വവും അർഹിക്കുന്നവരായി വീക്ഷിക്കും. നമുക്കു മനസ്സമാധാനം ഉണ്ടായിരിക്കുമെന്നു മാത്രമല്ല യഹോവയാം ദൈവം നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.
[അടിക്കുറിപ്പ്]
യഥാർഥ പേരുകളല്ല.
[23-ാം പേജിലെ ചിത്രങ്ങൾ]
ആത്മാർഥമായ ക്ഷമാപണങ്ങൾ ക്രിസ്തീയ സ്നേഹം വളർത്തുന്നു