നീതി ഒരു ജനതയെ ഉയർത്തുന്നു
ദിവസങ്ങളോളം തോരാതെ മഴ പെയ്തശേഷം ഒരു പ്രഭാതത്തിൽ തെളിഞ്ഞ ആകാശത്തു സൂര്യൻ ജ്വലിച്ചുനിൽക്കുന്നതു കാണുന്നത് എത്ര ഉല്ലാസദായകമാണ്! ഭൂമി നവോന്മേഷം പ്രാപിച്ചിരിക്കുന്നു, ഇപ്പോൾ സസ്യലതാദികൾക്കു തഴച്ചു വളരാൻ കഴിയും. നീതിനിഷ്ഠമായ ഭരണത്തിന്റെ അനുഗ്രഹം ദൃഷ്ടാന്തീകരിക്കുന്നതിനു യഹോവയാം ദൈവം ഒരിക്കൽ അത്തരം ഒരു ചിത്രം ഉപയോഗിക്കുകയുണ്ടായി. ദാവീദ് രാജാവിനോട് അവൻ പറഞ്ഞു: “മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സൂര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.”—2 ശമൂവേൽ 23:3, 4.
ദാവീദിന്റെ പുത്രനായ ശലോമോൻ രാജാവിന്റെ നീതിനിഷ്ഠമായ ഭരണകാലത്തു ദൈവത്തിന്റെ വാക്കുകൾ സത്യമെന്നു തെളിഞ്ഞു. ബൈബിൾ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും നിർഭയം വസിച്ചു.”—1 രാജാക്കന്മാർ 4:25.
പുരാതന ഇസ്രായേല്യർ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായിരുന്നു. അവൻ അവർക്കു തന്റെ നിയമങ്ങൾ നൽകുകയും തന്റെ വാക്കുകൾ അനുസരിക്കുന്നപക്ഷം അവരെ “ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കു”മെന്ന് അവരോടു പറയുകയും ചെയ്തു. (ആവർത്തനപുസ്തകം 28:1) ഇസ്രായേലിന്റെ നീതിയല്ല, യഹോവയുടെ നീതിയായിരുന്നു അവരെ ഉയർത്തിയത്. ദൈവം അവർക്കു നൽകിയ കൽപ്പനകൾ അവർക്കു ചുറ്റുമുള്ള ജനതകളുടേതിനെക്കാൾ അത്യന്തം ശ്രേഷ്ഠമായിരുന്നു. ഒരു ജനതതിയെന്ന നിലയിൽ അവർ മറ്റുള്ള ജനതകളെപ്പോലെതന്നെ അപൂർണരായിരുന്നു. അവരെ മറ്റുള്ള ജനതകളിൽനിന്നും ഉയർത്തിയതിന്റെ ബഹുമതിക്കു കാരണം ദൈവത്തിന്റെ ശ്രേഷ്ഠനിയമങ്ങളും അവരുടെ കർശനമായ പിൻപറ്റലുമായിരുന്നു. യഹോവയുടെ നിയമങ്ങൾ അനുസരിച്ചപ്പോൾ അവർ അവന്റെ പ്രീതിയും അനുഗ്രഹവും ആസ്വദിച്ചു. ശലോമോൻ രാജാവ് അവന്റെ ഭരണകാലത്ത് അത് അനുഭവിച്ചറിയുകയുണ്ടായി. “നീതി ജാതിയെ ഉയർത്തുന്നു” എന്ന് അവനു പറയാൻ കഴിഞ്ഞു. എന്നാൽ, “പാപമോ വംശങ്ങൾക്കു അപമാനം” എന്ന് അവൻ മുന്നറിയിപ്പു നൽകി.—സദൃശവാക്യങ്ങൾ 14:34.
ദുഃഖകരമെന്നുപറയട്ടെ, അടിക്കടി അനുസരണക്കേടു കാണിച്ചതിനാൽ ഇസ്രായേൽ ജനത താണ നിലയിലാക്കപ്പെട്ടു. അവർ ദേശീയ അപകീർത്തിക്കു പാത്രമായി. ഇത് അവർ എന്നേക്കുമായി തള്ളപ്പെടുന്നതിനും പുതിയ ഒരു ആത്മീയ ജനതയ്ക്കുവേണ്ടി വഴിമാറിക്കൊടുക്കുന്നതിനും ഇടയാക്കി.—മത്തായി 21:43.
ആത്മീയ ഇസ്രായേൽ
“ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടു”ക്കുന്നതു സംബന്ധിച്ചു യഹൂദനായി പിറന്ന യാക്കോബ് യെരുശലേമിൽ ക്രിസ്തീയ ഭരണസംഘത്തിന്റെ ഒരു യോഗത്തിൽവെച്ചു ദൈവനിശ്വസ്തതയിൽ പറയുകയുണ്ടായി. (പ്രവൃത്തികൾ 15:14) ഈ പുതിയ ക്രിസ്തീയ ജനതയെ പൗലോസ് അപ്പോസ്തലൻ ‘ദൈവത്തിന്റെ യിസ്രായേൽ’ എന്നു വിളിച്ചു. (ഗലാത്യർ 6:16) തങ്ങളെ വിളിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം സംബന്ധിച്ചു പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രൊസ് 2:9) ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്നനിലയിൽ അവർ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ ശോഭിക്കണമായിരുന്നു. യഹോവയുടെ നീതി അവരെ ഉയർത്തുമായിരുന്നു.—ഫിലിപ്പിയർ 2:15.
ഈ ആത്മീയ ഇസ്രായേലിന്റെ തിരഞ്ഞെടുപ്പിനെ വജ്ര ഖനനവുമായി താരതമ്യം ചെയ്യാം. വജ്രസമൃദ്ധമായ അയിര് പുറത്തെടുക്കുമ്പോൾ 3 ടൺ മണ്ണിന് 1 കാരറ്റ് (200 മില്ലീഗ്രാം) എന്ന നിരക്കിലായിരിക്കും അതിൽനിന്നു വജ്രം കിട്ടുക, വജ്രം വേർതിരിച്ചെടുക്കുന്നതിന് ഒരിക്കൽ നിലവിലുണ്ടായിരുന്ന രീതി, അയിരും വെള്ളവും കൂട്ടിക്കലർത്തിയ മിശ്രിതം ഗ്രീസു പുരട്ടിയ മേശപ്പുറത്തുകൂടെ ഒഴുകാൻ അനുവദിക്കുകയായിരുന്നു. വജ്രം വെള്ളത്തിൽ ലയിക്കുകയില്ല, കൂടാതെ അവ ഗ്രീസിൽ പതിഞ്ഞിരിക്കും, അനാവശ്യ വസ്തുക്കൾ ഒഴുകിപ്പോവുകയും ചെയ്യും. ആ സാഹചര്യത്തിൽ വജ്രം പരുപരുത്തിരിക്കും. എന്നാൽ, അവ മുറിച്ച്, മിനുക്കിയെടുക്കുമ്പോൾ എല്ലാ വശങ്ങളിൽനിന്നും വെട്ടിത്തിളങ്ങും.
വെള്ളത്തിൽ ലയിക്കാതെ, ചുറ്റുമുള്ള വസ്തുക്കളിൽനിന്നു വേർപെട്ടിരിക്കുന്ന വജ്രംപോലെ യഹോവയുടെ ജനം ഈ ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നു. (യോഹന്നാൻ 17:16) ആദ്യം പ്രകാശത്തിലേക്ക് ആകർഷിതരായപ്പോൾ അവർ നിഷ്പ്രഭരായിരുന്നിരിക്കാം. എന്നാൽ യഹോവയുടെ വചനവും ആത്മാവും അവരിൽ ഒരു പുതിയ വ്യക്തിത്വം ഉളവാക്കി, അങ്ങനെ അവർ ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ ശോഭിക്കുന്നു. അവരുടെ സ്വന്ത നീതിയാലല്ല, മറിച്ച് യഹോവയുടെ നീതിയാലാണ് അവർ ഉയർത്തപ്പെട്ടിരിക്കുകയും സകല ദിശകളിലേക്കും ദൈവരാജ്യത്തിന്റെ മഹനീയ പ്രകാശം പരത്തുകയും ചെയ്യുന്നത്.
എങ്കിലും, പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ സഭകളിൽ വിശ്വാസത്യാഗം നുഴഞ്ഞുകയറുകയും അനേകരെ സ്വാധീനിക്കുകയും ചെയ്തു. ക്രിസ്ത്യാനികളെന്നു പറയപ്പെടുന്നവർ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തുനിന്നു തിരിച്ചറിയാനാവാത്തവിധം ലോക ജനതകളുമായി കൂടിക്കലർന്നു.
ഇന്ന് ആത്മീയ ഇസ്രായേല്യരുടെ ഒരു വിശ്വസ്ത ശേഷിപ്പ് യഹോവയുടെ പ്രീതിയിലേക്കു വീണ്ടും വരുത്തപ്പെട്ടിരിക്കുന്നു. അവർ ലോകത്തുനിന്നു തങ്ങളെ വേർതിരിക്കുകയും “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി”യിരിക്കുകയും ചെയ്തിരിക്കുന്നു. (2 കൊരിന്ത്യർ 7:1) യഹോവയുടെ മുമ്പാകെ വെടിപ്പും നേരുമുള്ളവരായി അവർ അവന്റെ നീതിയെ ഉയർത്തിപ്പിടിക്കുകയാണ്. ലോകത്തിലുള്ള സകല ജനതകളെക്കാളും ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഇത് അവരെ ഉയർത്തിയിരിക്കുന്നു. ദൈവരാജ്യത്തിന്റെ സുവാർത്ത സംബന്ധിച്ച അവരുടെ തീക്ഷ്ണതയുള്ള പ്രസംഗവേലയുടെ ഫലമായി ഒരു അന്താരാഷ്ട്രീയ കൂട്ടം യഹോവയോട് അടുത്തുവരികയും അവന്റെ ജനത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തിരിക്കുന്നു.—വെളിപ്പാടു 7:9, 10.
ലോകത്തിനു വ്യത്യാസം കാണാൻ കഴിയും
ലൗകിക അധികാരികൾ ചിലപ്പോഴൊക്കെ ദൈവദാസരുടെ നടത്തയെപ്പറ്റി പുകഴ്ത്തിപ്പറയാറുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രിറ്റോറിയ ഷോ ഗ്രൗണ്ട്സ് തങ്ങളുടെ വാർഷിക കൺവെൻഷനുവേണ്ടി ഉപയോഗിക്കുന്ന സകല വംശങ്ങളിൽനിന്നുമുള്ള യഹോവയുടെ സാക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ച് അതിന്റെ മുഖ്യ സുരക്ഷാ ഓഫീസർ കുറച്ചു കാലം മുമ്പു പ്രകീർത്തിച്ചു പറയുകയുണ്ടായി. മറ്റു പല കാര്യങ്ങളോടുമൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി: “സകലരും മര്യാദയുള്ളവരായിരുന്നു, ഇപ്പോഴും അങ്ങനെയാണ്. അവർ പരസ്പരം നേരാംവണ്ണം സംസാരിക്കുന്നു. ഇത്തരം മനോനിലയാണു കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പ്രകടമായിരുന്നത്. ഇതെല്ലാം നിങ്ങളുടെ സമുദായത്തിലെ അംഗങ്ങളുടെ മനസ്സാമർഥ്യത്തിനും സകലരും ഒരു സന്തുഷ്ട കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരുമിച്ചു ജീവിക്കാൻ താത്പര്യപ്പെടുന്നു എന്നതിനുമുള്ള സാക്ഷ്യമാണ്.”
വലിയ കൂട്ടങ്ങളിൽ മാത്രമല്ല തങ്ങളുടെ സ്വകാര്യ ജീവിതത്തിലും യഹോവയുടെ ജനത്തിന് അവന്റെ ജനതയുടെ നീതിക്കുവേണ്ടി സംഭാവന ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, വാച്ച് ടവർ സൊസൈറ്റിയുടെ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽ ജോഹാനസ്ബർഗിലുള്ള ഒരു സ്ത്രീയുടെ ഒരു കത്തുകിട്ടി. “കഴിഞ്ഞയാഴ്ച ഞാൻ എന്റെ പേഴ്സ് കാറിന്റെ മുകളിൽവെച്ച് ഓടിച്ചുപോയി. അത് യാൻ സ്മട്ട്സ് അവന്യൂവിൽവെച്ചു താഴെപ്പോയി. പേഴ്സ് അതിലുള്ള സകല വസ്തുക്കളുമടക്കം നിങ്ങളുടെ സഭയിലെ ഒരംഗമായ ശ്രീ. ആർ—, എടുത്തുവെച്ചിട്ട് എനിക്കു ഫോൺ ചെയ്തു, എന്നിട്ട് എനിക്കതു തിരികെ നൽകി. . . . ഇന്നത്തെക്കാലത്തു വിരളമായിരിക്കുന്ന ഈ സത്യസന്ധതയെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു. നിങ്ങളുടെ അംഗങ്ങൾ പിൻപറ്റുന്ന ഈ തത്ത്വങ്ങൾ സ്ഥാപിച്ചിരിക്കുന്ന നിങ്ങളുടെ സഭയെ ഞാൻ പ്രശംസിക്കുന്നു.”
അതേ, യഹോവയുടെ നീതിനിഷ്ഠമായ തത്ത്വങ്ങൾ പിൻപറ്റിക്കൊണ്ട് ലോകത്തിൽനിന്നു വ്യത്യസ്തമായി നിലകൊള്ളാൻ അവന്റെ ജനം പഠിപ്പിക്കപ്പെടുന്നു. അവർ യഹോവയുടെ നീതി പ്രകടമാക്കുന്നതുകൊണ്ടു പരമാർഥഹൃദയർ ക്രിസ്തീയ സഭയിലേക്ക് ആകർഷിക്കപ്പെടുന്നു. വെടിപ്പും ശുദ്ധിയുമുള്ള ഒന്നിലേക്ക് ആകർഷിക്കപ്പെടുക സ്വാഭാവികമാണ്. ഉദാഹരണത്തിന്, സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ യഹോവയുടെ സാക്ഷികളുടെ യോഗം നടന്നിരുന്നിടത്തേക്ക് ഒരു അപരിചിതൻ കടന്നുവന്നു. തനിക്കും സഭയിലെ ഒരംഗമാകണമെന്ന് അദ്ദേഹം പറഞ്ഞു. അധാർമികതയുടെപേരിൽ തന്റെ സഹോദരിയെ പുറത്താക്കിയെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നിട്ട്, “മോശമായ നടത്ത പൊറുക്കുകയില്ലാത്ത” ഒരു സ്ഥാപനത്തിൽ ചേരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ലോകത്തിൽ അങ്ങേയറ്റം സത്പെരുമാറ്റമുള്ള വിഭാഗങ്ങളിൽ ഒന്നായി” യഹോവയുടെ സാക്ഷികളെ ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ പോലും അംഗീകരിക്കുന്നു.
നീതി ഒരുവന്റെ സത്കീർത്തി വർധിപ്പിക്കുമ്പോൾ പാപം നാണക്കേടു വരുത്തും, ഗുരുതരമായ ദുഷ്പ്രവൃത്തി സമുദായത്തിൽ അറിയപ്പെടുന്നുവെങ്കിൽ പ്രത്യേകിച്ചും. വ്യക്തികൾ കൊടിയപാപം ചെയ്യുമ്പോൾ അതു ക്രിസ്തീയ സഭയുടെമേൽ വരുത്തിക്കൂട്ടുന്ന നാണക്കേട് അതിനു സഹിക്കേണ്ടിവരുന്നു. ദുഷ്പ്രവൃത്തിക്കാരനു ദയാപുരസ്സരമായ ഒരു വിധത്തിൽ അതായത്, തിരുവെഴുത്തു തത്ത്വങ്ങൾക്കു ചേർച്ചയിൽ ശിക്ഷ നൽകിയെന്നു കാണിച്ചുകൊണ്ടു സഭയിലെ വിശ്വസ്ത അംഗങ്ങൾക്കു സഭയുടെ സത്പേരിനുവേണ്ടി പ്രതിവാദിക്കാൻ കഴിയും. ഒരുവൻ പാപം ചെയ്യുകയും അനുതപിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം അയാളെ സഭയിൽനിന്നു പുറന്തള്ളും—പുറത്താക്കും.—1 കൊരിന്ത്യർ 5:9-13.
ചിലർ പുറത്താക്കപ്പെടുന്നതിനു കാരണം
വർഷംതോറും ഏതാനും ആയിരങ്ങൾ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെടുന്നുവെങ്കിലും അതു ലോകവ്യാപകമായി 50 ലക്ഷം വരുന്ന സാക്ഷികളുടെ ഒരു ചെറിയ ശതമാനം മാത്രമാണ്. ക്രിസ്തീയ സഭയിലുള്ള ഒരാൾക്കെതിരെ എന്തിന് ഇത്ര കഠോരമായ നടപടി സ്വീകരിക്കണം? ദുഷ്പ്രവൃത്തിയുടെ സ്വഭാവമാണു നിർണയ ഘടകങ്ങളിലൊന്ന്. എന്നാൽ അതിലും പ്രധാനമായ ഒരു ഘടകമുണ്ട്, താൻ ചെയ്തിരിക്കുന്ന ഗുരുതരമായ ദുഷ്പ്രവൃത്തി സംബന്ധിച്ചു ദുഷ്പ്രവൃത്തിക്കാരൻ ആത്മാർഥമായും അനുതാപമുള്ളവനാണോ എന്നതുതന്നെ. അയാൾക്ക് വാസ്തവമായും മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുകയും ഹൃദയസ്പർശകമായ പ്രാർഥനയിലൂടെ യഹോവയിലേക്കു തിരിയുകയും അവനെതിരെ ചെയ്തിരിക്കുന്ന പാപത്തിനു ക്ഷമ യാചിക്കുകയും സഭയിലെ ഉത്തരവാദിത്വപ്പെട്ട പുരുഷന്മാരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ടെങ്കിൽ ദൈവപ്രീതി നേടാനും സഭയുടെ ഭാഗമായിരിക്കാനും അയാളെ സഹായിക്കാവുന്നതാണ്.—സദൃശവാക്യങ്ങൾ 28:13; യാക്കോബ് 5:14, 15.
തന്റെ പിതാവുമായി ഒരു നല്ല, ആരോഗ്യാവഹമായ ബന്ധമുള്ള ഒരു കുട്ടി പിതാവിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുമ്പോൾ ആ വിലപ്പെട്ട ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇരുവരും തിടുക്കമുള്ളവരായിരിക്കണം. അതുപോലെ, നാം നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ നാം അവനുമായി അത്യന്തം വിലയേറിയ ഒരു ബന്ധത്തിൽ പ്രവേശിക്കുന്നു. തന്മൂലം, അവനെ വേദനിപ്പിക്കുന്ന എന്തെങ്കിലും നാം ചെയ്യുമ്പോൾ നമ്മുടെ സ്വർഗീയ പിതാവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നാം തിടുക്കത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്.
പുറത്താക്കപ്പെട്ട ചിലർ മുടിയനായ പുത്രന്റെ ദൃഷ്ടാന്തം ഹൃദയാ ഏറ്റുകൊണ്ടിട്ടുണ്ട് എന്നതു സന്തോഷകരംതന്നെ. ആ ദൃഷ്ടാന്തത്തിൽ, അനുതാപമുള്ള ഒരു പാപി തന്റെ വഴി വിട്ടുതിരിഞ്ഞു ദൈവത്തിന്റെ ക്ഷമ യാചിക്കുന്നുവെങ്കിൽ സ്വീകരിക്കാൻ ഒരുക്കമുള്ള സ്നേഹനിധിയായ ഒരു പിതാവിനോടു യഹോവയെ ഉപമിച്ചിരിക്കുന്നു. (ലൂക്കൊസ് 15:11-24) ആത്മാർഥമായി, ഹൃദയപൂർവകമായി അനുതപിക്കുന്നതും മോശമായ കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കുന്നതും യഹോവയുടെ പ്രീതിയിലേക്കും ക്രിസ്തീയ സഭയിലേക്കും മടങ്ങിവരുന്നതിനുള്ള ഒരു മാർഗമായിരുന്നിട്ടുണ്ട്. കുറ്റഭാരത്താൽ ചവിട്ടിയരയ്ക്കപ്പെട്ടതായി അനുഭവപ്പെട്ട അനുതാപ മനസ്കരായ ചില ദുഷ്പ്രവൃത്തിക്കാർ അനുതപിച്ച് ക്രിസ്തീയ സഭയിലെ സ്നേഹപുരസ്സരമായ ചുറ്റുപാടിലേക്കു തിരികെ വരാൻ പ്രേരിതരായിട്ടുണ്ട്. അങ്ങനെ അവർ യെശയ്യാവു 57:15-ലെ യഹോവയുടെ വാക്കുകൾ വിലമതിക്കാൻ ഇടവന്നിരിക്കുന്നു.
യഹോവയുടെ സ്നേഹനിർഭരമായ പരിപാലനത്തിലേക്കു തിരികെ വരുന്നതിൽനിന്നു വ്യക്തികളെ അകറ്റിനിർത്താനുള്ള ഉദ്ദേശ്യത്തിൽ, ചെയ്തുപോയ പാപങ്ങൾ ക്ഷമിക്കപ്പെടാവുന്നവയല്ലെന്നു വരുത്തിത്തീർക്കാൻ സാത്താൻ ആഗ്രഹിക്കും. എന്നാൽ അനുതപിക്കുന്ന ഏതൊരാളുടെയും പാപങ്ങൾ—അതേ, “സർവ്വലോകത്തിന്റെ”യും അവകാശപ്പെടുത്തിയ പാപം പോലും—പൊറുക്കാൻ മതിയായതാണ് യേശുക്രിസ്തുവിന്റെ മറുവിലയാഗം. (1 യോഹന്നാൻ 2:1, 2) ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണു മറുവിലയാഗത്താൽ മോചിക്കപ്പെടാത്ത ഏക പാപം. അത് യൂദാ ഇസ്കര്യോത്തയുടെയും മറ്റനേകം ശാസ്ത്രിമാരുടെയും പരീശന്മാരുടെയും കൊടിയ പാപങ്ങൾ പോലെ ദൈവാത്മാവിനെതിരെ മനപ്പൂർവം മത്സരിച്ചുകൊണ്ടുള്ള പാപത്തിനു തുല്യമാണ്.—മത്തായി 12:24, 31, 32; 23:13, 33; യോഹന്നാൻ 17:12.
യഹോവയുടെ നീതി ഉയർത്തിപ്പിടിക്കുന്നു
ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനെ 1919-ൽ യഹോവയുടെ പ്രീതിയിലേക്കു കൂട്ടിവരുത്തിയതുമുതൽ അവർ തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽനിന്ന് അധികമധികം ഉയർത്തപ്പെട്ടിരിക്കുന്നു. ഇത് അവരുടെ പക്ഷത്തുനിന്നുള്ള എന്തെങ്കിലും നന്മ കൊണ്ടല്ല മറിച്ച്, അവർ യഹോവയുടെ നിയമങ്ങൾക്കും പ്രമാണങ്ങൾക്കും മനസ്സൊരുക്കത്തോടെ കീഴ്പെട്ടിരിക്കുന്നതുകൊണ്ടാണ്. തത്ഫലമായി, ക്രിസ്തുവിന്റെ ലക്ഷക്കണക്കിനു “വേറെ ആടുക”ൾ കൂറുപുലർത്തുന്ന സഹചാരികൾ എന്നനിലയിൽ ആത്മീയ ഇസ്രായേല്യരുമായി സഹവസിക്കുന്നതിനു കൂട്ടിവരുത്തപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 10:16) ദൈവത്തിന്റെ പ്രമാണങ്ങളെ വിട്ടകന്നിരിക്കുന്ന ഒരു ലോകത്തിൽ ഇവർ യഹോവയ്ക്കു മഹത്ത്വവും ബഹുമാനവും കൈവരുത്തുന്നു. അത് വ്യക്തിത്വം (ഇംഗ്ലീഷ്) എന്ന ദക്ഷിണാഫ്രിക്കൻ മാസിക ഒരിക്കൽ അഭിപ്രായപ്പെട്ടതുപോലുണ്ട്: “യഹോവയുടെ സാക്ഷികൾ സദ്ഗുണ സമ്പൂർണരും ദുർഗുണ വിമുക്തരുമാണെന്ന മട്ടുണ്ട്.”
ഭക്തികെട്ട ഒരു ലോകത്തിൽ ലഭിച്ചിരിക്കുന്ന ഈ ഉന്നത സ്ഥാനം നിലനിർത്തുന്നതിനു ക്രിസ്തീയ സഭയിലെ ഓരോ വ്യക്തിയും യഹോവയുടെ മുമ്പാകെ ശുദ്ധവും നേരുമുള്ള ജീവിതം നയിക്കേണ്ടതുണ്ട്. ബൈബിളിൽ യഹോവയുടെ സ്വർഗീയ സ്ഥാപനം ശുദ്ധമായ വസ്തുക്കളാലാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സൂര്യനെ അണിഞ്ഞ, കാല്ക്കീഴിൽ ചന്ദ്രനുള്ള അഴകേറിയ ഒരു സ്ത്രീയായി അതു കാണപ്പെടുന്നു. (വെളിപ്പാടു 12:1) പുതിയ യെരുശലേം വശ്യസുന്ദരമായ ആകാരമുള്ള വിശുദ്ധ നഗരമായി വർണിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 21:2) ക്രിസ്തുവിന്റെ മണവാട്ടി വർഗത്തിലെ വിശ്വസ്ത അംഗങ്ങൾക്ക് “ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം” നൽകപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 19:8) മഹാപുരുഷാരത്തിൽ പെട്ടവർ “വെള്ളനിലയങ്കി ധരിച്ചു” നിൽക്കുന്നതായി കാണപ്പെടുന്നു. (വെളിപ്പാടു 7:9) നീതി ഇഷ്ടപ്പെടുന്നവർ ശുദ്ധമായ ഒരു സ്ഥാപനത്തിലേക്ക് ആകർഷിക്കപ്പെടുകയാണ്. നേരേമറിച്ച്, സാത്താന്റെ സ്ഥാപനം അശുദ്ധമാണ്. അവന്റെ മത സമ്പ്രദായത്തെ ഒരു വേശ്യയായി ചിത്രീകരിച്ചിരിക്കുന്നു. കൂടാതെ, വിശുദ്ധ നഗരത്തിനു പുറത്തുള്ളവർ വൃത്തികെട്ടവരും അശുദ്ധരുമായി വർണിക്കപ്പെട്ടിരിക്കുന്നു.—വെളിപ്പാടു 17:1; 22:15.
നീതിമാന്മാർക്കു നിത്യജീവൻ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുകയാണ്. യഹോവയുടെ നീതിയെ ഉയർത്തിപ്പിടിക്കുന്ന കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ജനങ്ങൾക്കു ഈ ദുഷ്ടവ്യവസ്ഥിതിയെ അതിജീവിക്കുന്നതിനുള്ള പ്രത്യാശയുണ്ട്. “എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈര്യമായിരിക്കയും ചെയ്യും” എന്നു സദൃശവാക്യങ്ങൾ 1:33-ൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു.
വലിയ ശലോമോനായ യേശുക്രിസ്തു യഹോവാഭയത്തോടെ പുതിയ ലോകത്തിൽ നീതിയിൽ ഭരണം നടത്തുമ്പോൾ അത് എത്രമാത്രം ഉന്മേഷദായകമായിരിക്കും! (2 പത്രൊസ് 3:13) അത് ഉഷഃകാലവെളിച്ചംപോലെ, കാർമേഘരഹിതമായ പ്രഭാതത്തിൽ സൂര്യൻ പ്രകാശകിരണങ്ങൾ പൊഴിക്കുന്നതുപോലിരിക്കും. ഭൂമിയിലെ സകല നിവാസികളും, ഓരോരുത്തരും അവനവന്റെ മുന്തിരിവള്ളിയുടെയും അത്തിമരത്തിന്റെയും കീഴിൽ ഇരിക്കുന്നതുപോലെ, സുരക്ഷിതത്വത്തിൽ വസിക്കും. നമ്മുടെ ദൈവമായ യഹോവയുടെ നിത്യ സ്തുതിക്കായി നീതിനിഷ്ഠ മനുഷ്യ സമുദായം ഭൂമിയെ സുന്ദരമാക്കി അഖിലാണ്ഡത്തിൽ അതിനുള്ള അർഹമായ സ്ഥാനം കൈവശപ്പെടുത്തും.—മീഖാ 4:3, 4; യെശയ്യാവു 65:17-19, 25-ഉം കാണുക.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Garo Nalbandian