അധ്യായം മൂന്ന്
നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടു താക്കോലുകൾ
1, 2. (എ) വിവാഹം രൂപകൽപ്പന ചെയ്തിരിക്കുന്നത് എത്രകാലം നിലനിൽക്കാനാണ്? (ബി) ഇതെങ്ങനെ സാധിക്കും?
ദൈവം ആദ്യ പുരുഷനെയും സ്ത്രീയെയും വിവാഹത്തിൽ ഒന്നിപ്പിച്ചപ്പോൾ, ആ ഒന്നിക്കൽ വെറും താത്കാലികമായിരിക്കുമെന്നതിനുള്ള യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആദാമും ഹവ്വായും ആജീവനാന്തം ഒരുമിച്ചായിരിക്കണമായിരുന്നു. (ഉല്പത്തി 2:24) ഒരു പുരുഷനെയും സ്ത്രീയെയും ഒന്നിപ്പിക്കുകയെന്നതാണു മാന്യമായ വിവാഹത്തിനുള്ള ദൈവത്തിന്റെ നിലവാരം. ഒരാളുടെയോ രണ്ടുപേരുടെയോ ഭാഗത്തുനിന്നുള്ള ഗുരുതരമായ ലൈംഗിക അധാർമികത മാത്രമാണ് പുനർവിവാഹത്തിനുള്ള സാധ്യതയോടെ വിവാഹമോചനത്തിനുള്ള തിരുവെഴുത്ത് അടിസ്ഥാനം.—മത്തായി 5:32.
2 രണ്ടു വ്യക്തികൾക്ക് അനിശ്ചിതമായി ദീർഘകാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുക സാധ്യമാണോ? സാധ്യമാണ്. ഇതു സാധ്യമാക്കാൻ സഹായിക്കുന്ന മർമപ്രധാനമായ രണ്ടു ഘടകങ്ങളെ, അഥവാ താക്കോലുകളെ, ബൈബിൾ തിരിച്ചറിയിക്കുന്നുണ്ട്. ഇവ ഉപയോഗപ്പെടുത്തുന്നപക്ഷം ഭാര്യയും ഭർത്താവും സന്തുഷ്ടിയിലേക്കും അനേകം അനുഗ്രഹങ്ങളിലേക്കുമാവും വാതിൽ തുറക്കുക. ഏതെല്ലാമാണ് ഈ താക്കോലുകൾ?
ഒന്നാമത്തെ താക്കോൽ
പരസ്പര സ്നേഹവും ആദരവും വിവാഹത്തെ വിജയത്തിലേക്കു നയിക്കും
3. വിവാഹ ഇണകൾ നട്ടുവളർത്തേണ്ട സ്നേഹത്തിന്റെ മൂന്നു രൂപങ്ങളേവ?
3 ഒന്നാമത്തെ താക്കോൽ സ്നേഹമാണ്. ബൈബിളിൽ സ്നേഹത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ചു പറയുന്നുവെന്നതു രസാവഹമാണ്. ആരോടെങ്കിലുമുള്ള ഊഷ്മളമായ, വ്യക്തിപരമായ പ്രിയം, അതായത് ആത്മമിത്രങ്ങൾക്കിടയിലേതുപോലുള്ള സ്നേഹം, ആണ് അവയിലൊന്ന്. (യോഹന്നാൻ 11:3) കുടുംബാംഗങ്ങൾക്കിടയിൽ വളർന്നുവരുന്ന സ്നേഹമാണു മറ്റൊന്ന്. (റോമർ 12:10) എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളോടു തോന്നുന്ന പ്രേമാത്മക സ്നേഹമാണു മൂന്നാമത്തേത്. (സദൃശവാക്യങ്ങൾ 5:15-20) തീർച്ചയായും, ഇവയെല്ലാം ഭാര്യയും ഭർത്താവും നട്ടുവളർത്തേണ്ടവതന്നെ. എന്നാൽ ഇവയെക്കാളെല്ലാം പ്രാധാന്യമുള്ള, നാലാമതൊരു രൂപവും സ്നേഹത്തിനുണ്ട്.
4. സ്നേഹത്തിന്റെ നാലാമത്തെ രൂപം എന്ത്?
4 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ മൂലഭാഷയിൽ, സ്നേഹത്തിന്റെ നാലാമത്തെ രൂപത്തിനുള്ള പദം അഗാപെ ആണ്. 1 യോഹന്നാൻ 4:8-ൽ [NW] ആ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. “ദൈവം സ്നേഹം ആകുന്നു”വെന്ന് അവിടെ നമ്മോടു പറയുന്നു. തീർച്ചയായും, “[ദൈവം] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) ഒരു ക്രിസ്ത്യാനി ആദ്യം യഹോവയാം ദൈവത്തോടും പിന്നെ സഹമനുഷ്യരോടും അത്തരം സ്നേഹം നട്ടുവളർത്തുന്നു. (മർക്കൊസ് 12:29-31) ‘ക്രിസ്തുവും നിങ്ങളെ സ്നേഹിച്ച് നമുക്കു വേണ്ടി തന്നെത്താൻ യാഗമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ’ എന്നു പ്രസ്താവിക്കുന്ന എഫെസ്യർ 5:2-ലും അഗാപെ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. തന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിക്കുന്നത് ഇത്തരത്തിലുള്ള സ്നേഹമായിരിക്കുമെന്ന് യേശു പറയുകയുണ്ടായി: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം [അഗാപെ] ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) 1 കൊരിന്ത്യർ 13:13-ലും അഗാപെ ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: “വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം [അഗാപെ] തന്നേ.”
5, 6. (എ) വിശ്വാസം, പ്രത്യാശ എന്നിവയെക്കാളും സ്നേഹം മഹത്തരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സ്നേഹം വിവാഹത്തെ നിലനിൽക്കാൻ സഹായിക്കുന്നു എന്നതിനുള്ള ഏതാനും കാരണങ്ങളേവ?
5 വിശ്വാസം, പ്രത്യാശ എന്നിവയെക്കാൾ അഗാപെ സ്നേഹത്തെ മഹത്തരമാക്കുന്നത് എന്താണ്? ദൈവവചനത്തിൽ കാണപ്പെടുന്ന തത്ത്വങ്ങളാൽ—ശരിയായ തത്ത്വങ്ങളാൽ—ആണ് അതു നയിക്കപ്പെടുന്നത്. (സങ്കീർത്തനം 119:105) സ്വീകർത്താവ് അർഹിക്കുന്നുണ്ടെന്നോ ഇല്ലെന്നോ തോന്നിയാലും, ദൈവത്തിന്റെ കാഴ്ചപ്പാടിൽ ശരിയായതും നല്ലതുമായ സംഗതി മറ്റുള്ളവർക്കു ചെയ്യുന്നതിനുള്ള നിസ്വാർഥമായ താത്പര്യമാണ് അത്. അത്തരം സ്നേഹം വിവാഹപങ്കാളികളെ ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റാൻ പ്രാപ്തരാക്കുന്നു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ.” (കൊലൊസ്സ്യർ 3:13) സ്നേഹമുള്ള വിവാഹദമ്പതികൾക്ക് “[പരസ്പരം] ഉറ്റ സ്നേഹം [അഗാപെ]” ഉണ്ട്, അത് അവർ നട്ടുവളർത്തുകയും ചെയ്യുന്നു. കാരണം, “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ് 4:8) സ്നേഹം തെറ്റുകളെ മൂടിക്കളയുന്നുവെന്നതു ശ്രദ്ധിക്കുക. അത് അവയെ ഇല്ലാതാക്കുന്നില്ല, കാരണം തെറ്റിൽനിന്നു വിമുക്തനായിരിക്കാൻ ഒരു അപൂർണ മനുഷ്യനും കഴിയുകയില്ല.—സങ്കീർത്തനം 130:3, 4; യാക്കോബ് 3:2.
6 വിവാഹദമ്പതികൾ ദൈവത്തോടും പരസ്പരവും അത്തരം സ്നേഹം നട്ടുവളർത്തുമ്പോൾ, അവരുടെ വിവാഹം നിലനിൽക്കുന്നതും സന്തുഷ്ടവുമായിരിക്കും, കാരണം, “സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല.” (1 കൊരിന്ത്യർ 13:8, NW) “ഐക്യത്തിന്റെ ഒരു സമ്പൂർണബന്ധ”മാണു സ്നേഹം. (കൊലോസ്യർ 3:14, NW) നിങ്ങൾ ഒരു വിവാഹിതവ്യക്തിയാണെങ്കിൽ, നിങ്ങൾക്കും നിങ്ങളുടെ ഇണയ്ക്കും ഇത്തരത്തിലുള്ള സ്നേഹം എങ്ങനെ നട്ടുവളർത്താനാവും? ദൈവവചനം ഒരുമിച്ചു വായിച്ച് അതേക്കുറിച്ചു സംസാരിക്കുക. സ്നേഹത്തിന്റെ കാര്യത്തിൽ യേശുവിന്റെ മാതൃകയെക്കുറിച്ചു പഠിക്കുകയും അവനെ അനുകരിക്കുന്നതിനും അവനെപ്പോലെ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും ശ്രമിക്കുകയും ചെയ്യുക. കൂടാതെ, ദൈവവചനം പഠിപ്പിക്കുന്ന ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുക. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ഫലമായ സ്നേഹത്തിന്റെ ഈ ഉത്കൃഷ്ടരൂപം വികസിപ്പിച്ചെടുക്കാൻ ദൈവസഹായത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക.—സദൃശവാക്യങ്ങൾ 3:5, 6; യോഹന്നാൻ 17:3; ഗലാത്യർ 5:22; എബ്രായർ 10:24, 25.
രണ്ടാമത്തെ താക്കോൽ
7. ആദരവ് എന്താണ്, വിവാഹത്തിൽ ആദരവു കാണിക്കേണ്ടത് ആർ?
7 വിവാഹിതരായ രണ്ടുപേർ വാസ്തവത്തിൽ പരസ്പരം സ്നേഹിക്കുന്നെങ്കിൽ, അവർക്കു പരസ്പരം ആദരവും ഉണ്ടായിരിക്കും. സന്തുഷ്ട വിവാഹത്തിനുള്ള രണ്ടാമത്തെ താക്കോലാണ് ആദരവ്. “മറ്റുള്ളവർക്കു ബഹുമാനം നൽകിക്കൊണ്ട് അവർക്കു പരിഗണന നൽകൽ” എന്നാണ് ആദരവിന്റെ നിർവചനം. ഭർത്താക്കന്മാരും ഭാര്യമാരും ഉൾപ്പെടെയുള്ള എല്ലാ ക്രിസ്ത്യാനികളെയും ദൈവവചനം ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) പത്രോസ് അപ്പോസ്തലൻ എഴുതി: ‘ഭർത്താക്കന്മാരേ, വിവേകത്തോടെ [ഭാര്യമാരോടു]കൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്ന് ഓർത്ത് അവർക്കു ബഹുമാനം കൊടുപ്പിൻ.’ (1 പത്രൊസ് 3:7) “ഭർത്താവിനോട് ആഴമായ ആദരവ് ഉണ്ടാ”യിരിക്കണമെന്നാണു ഭാര്യയോടുള്ള ബുദ്ധ്യുപദേശം. (എഫേസ്യർ 5:33, NW) നിങ്ങൾ ആരെയെങ്കിലും ബഹുമാനിക്കാൻ ആഗ്രഹിക്കുന്നപക്ഷം, ആ വ്യക്തിയോടു ദയയും അയാളുടെ അന്തസ്സിനോടും അയാൾ പ്രകടിപ്പിക്കുന്ന വീക്ഷണത്തോടും ആദരവും നിങ്ങളോടു നടത്തുന്ന ന്യായമായ ഏതൊരു അപേക്ഷയും നിവർത്തിക്കാനുള്ള മനസ്സൊരുക്കവും കാട്ടും.
8-10. ആദരവ് വിവാഹബന്ധത്തെ സ്ഥിരതയുള്ളതും സന്തോഷമുള്ളതുമാക്കാൻ സഹായിക്കുന്ന ചില വിധങ്ങൾ ഏവ?
8 സന്തുഷ്ടമായ ഒരു വിവാഹം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ‘[തങ്ങളുടെ] സ്വന്തഗുണമല്ല [തങ്ങളുടെ ഇണകളുടെ] ഗുണവും കൂടെ നോക്കി’ക്കൊണ്ട് അവരോട് ആദരവു കാട്ടുന്നു. (ഫിലിപ്പിയർ 2:4) തങ്ങൾക്കുമാത്രം ഗുണംചെയ്യുന്ന സംഗതികളല്ല അവർ പരിഗണിക്കുന്നത്. അങ്ങനെ ചെയ്യുന്നപക്ഷം അതു സ്വാർഥതയായിരിക്കും. അതിനുപകരം, തങ്ങളുടെ ഇണകൾക്കും കൂടി ഏറ്റവും നല്ലതെന്താണെന്നാവും അവരുടെ പരിഗണന. തീർച്ചയായും, അതിനായിരിക്കും അവർ മുൻഗണന കൊടുക്കുക.
9 കാഴ്ചപ്പാടിലുള്ള വ്യത്യാസങ്ങൾ അംഗീകരിക്കാൻ ആദരവു വിവാഹപങ്കാളികളെ സഹായിക്കും. രണ്ടു വ്യക്തികൾക്കു സകല കാര്യത്തിലും ഒരേ വീക്ഷണംതന്നെ ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമല്ല. ഭർത്താവിനു പ്രാധാന്യമുള്ള സംഗതി ഭാര്യക്ക് അത്ര പ്രാധാന്യമുള്ള സംഗതിയായിരിക്കണമെന്നില്ല. ഭാര്യ ഇഷ്ടപ്പെടുന്ന സംഗതി ഭർത്താവിന് ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ ഓരോരുത്തരും മറ്റേയാളുടെ വീക്ഷണങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും, അവ യഹോവയുടെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും പരിധിയിലായിരിക്കുന്നിടത്തോളം, ആദരിക്കണം. (1 പത്രൊസ് 2:16; ഫിലേമോൻ 14 താരതമ്യം ചെയ്യുക.) കൂടാതെ, പരസ്യമായോ രഹസ്യമായോ മറ്റേയാളെ ഇടിച്ചുതാഴ്ത്തുന്നതരം പരാമർശങ്ങൾക്കോ തമാശകൾക്കോ പാത്രമാക്കാതെ ഓരോരുത്തരും മറ്റേയാളുടെ അന്തസ്സിനെ ആദരിക്കണം.
10 അതേ, ദൈവത്തോടും അന്യോന്യവുമുള്ള സ്നേഹവും പരസ്പര ആദരവുമാണു വിജയപ്രദമായ വിവാഹത്തിനുള്ള മർമപ്രധാനമായ രണ്ടു താക്കോലുകൾ. വിവാഹജീവിതത്തിന്റെ കൂടുതൽ പ്രാധാന്യമേറിയ ചില മേഖലകളിൽ ഇവ എങ്ങനെ ബാധകമാക്കാം?
ക്രിസ്തുതുല്യ ശിരഃസ്ഥാനം
11. തിരുവെഴുത്തുപരമായി, വിവാഹത്തിൽ ശിരസ്സ് ആരാണ്?
11 പുരുഷൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു വിജയപ്രദമായ ഒരു കുടുംബശിരസ്സാകാനുള്ള ഗുണവിശേഷങ്ങൾ സഹിതമാണെന്നു ബൈബിൾ നമ്മോടു പറയുന്നു. അതുകൊണ്ടുതന്നെ, യഹോവയുടെ മുമ്പാകെ തന്റെ ഭാര്യയുടെയും കുട്ടികളുടെയും ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനുള്ള ഉത്തരവാദിത്വം പുരുഷനായിരിക്കും. അവൻ യഹോവയുടെ ഇഷ്ടം പ്രതിഫലിപ്പിക്കുന്ന സമനിലയുള്ള തീരുമാനങ്ങൾ എടുക്കേണ്ടതായും ദൈവിക നടത്തയുടെ നല്ല മാതൃകയാകേണ്ടതായും വരും. “കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.” (എഫെസ്യർ 5:22, 23) എന്നിരുന്നാലും, ഭർത്താവിനും അവന്റെമേൽ അധികാരമുള്ള ഒരു ശിരസ്സുണ്ടെന്നു ബൈബിൾ പറയുന്നു. പൗലോസ് അപ്പോസ്തലൻ എഴുതി: “പുരുഷന്റെ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭർത്താവും ക്രിസ്തുവിന്റെ ശിരസ്സ് ദൈവവുമാണെന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” (1 കോറിന്തോസ് 11:3, പി.ഒ.സി. ബൈ.) തന്റെതന്നെ ശിരസ്സായ യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ടു ശിരഃസ്ഥാനം പ്രയോഗിക്കേണ്ടത് എങ്ങനെയെന്നു ജ്ഞാനിയായ ഭർത്താവു മനസ്സിലാക്കിയെടുക്കുന്നു.
12. കീഴ്പെടൽ പ്രകടമാക്കുന്നതിന്റെയും ശിരഃസ്ഥാനം പ്രയോഗിക്കുന്നതിന്റെയും ഏത് ഉത്തമ മാതൃക യേശു വെച്ചു?
12 യേശുവിനും ഒരു ശിരസ്സുണ്ട്, യഹോവ. അവൻ യഹോവയ്ക്ക് ഉചിതമായി കീഴ്പെടുന്നു. “ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതു” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 5:30) എന്തൊരു ഉത്കൃഷ്ട മാതൃക! യേശു “സർവ്വസൃഷ്ടിക്കും ആദ്യജാത”നാണ്. (കൊലൊസ്സ്യർ 1:15) അവൻ മിശിഹായായിത്തീർന്നു. അവൻ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയുടെ ശിരസ്സും സകല ദൂതന്മാർക്കും മേലായി, ദൈവരാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട രാജാവും ആകാനിരിക്കുകയായിരുന്നു. (ഫിലിപ്പിയർ 2:9-11; എബ്രായർ 1:4) അത്തരം ഉന്നത സ്ഥാനവും ഉത്കൃഷ്ട പ്രത്യാശകളും ഉണ്ടായിരുന്നിട്ടും, മനുഷ്യനായിരുന്ന യേശു പരുക്കനോ, വഴക്കമില്ലാത്തവനോ, അല്ലെങ്കിൽ അമിതമായി ആവശ്യപ്പെടുന്നവനോ ആയിരുന്നില്ല. തന്നെ അനുസരിക്കണമെന്നു ശിഷ്യന്മാരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരു സ്വേച്ഛാധിപതിയായിരുന്നില്ല അവൻ. യേശു സ്നേഹസമ്പന്നനും അനുകമ്പയുള്ളവനും ആയിരുന്നു, വിശേഷിച്ചും പീഡിതരോട്. അവൻ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” (മത്തായി 11:28-30) അവന്റെ കൂട്ടുകെട്ടിലായിരിക്കുന്നത് ഒരു ആഹ്ലാദമായിരുന്നു.
13, 14. സ്നേഹമുള്ള ഒരു ഭർത്താവ്, യേശുവിനെ അനുകരിച്ചുകൊണ്ട്, തന്റെ ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കും?
13 ഒരു സന്തുഷ്ടകുടുംബം ആഗ്രഹിക്കുന്ന ഭർത്താവ് യേശുവിന്റെ ഉത്തമ സ്വഭാവവിശേഷങ്ങൾ പരിചിന്തിക്കുന്നതു നല്ലതാണ്. ഒരു നല്ല ഭർത്താവു പരുക്കനും ഏകാധിപതിയും അല്ല. തന്റെ ഭാര്യയെ കണ്ണുരുട്ടിപ്പേടിപ്പിക്കാനുള്ള ഒരു വടിയായി അയാൾ ശിരഃസ്ഥാനത്തെ തെറ്റായി ഉപയോഗിക്കുകയുമില്ല. മറിച്ച്, അയാൾ അവളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. യേശു ഹൃദയത്തിൽ “താഴ്മ”യുള്ളവനായിരുന്നെങ്കിൽ, അങ്ങനെയായിരിക്കാൻ ഭർത്താവിനു കൂടുതൽ കാരണമുണ്ട്. കാരണം യേശുവിൽനിന്നു വ്യത്യസ്തനായി, അയാൾ തെറ്റുകൾ ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ, അയാൾ ഭാര്യയുടെ സഹാനുഭൂതി ആഗ്രഹിക്കുന്നു. അതുകൊണ്ട്, “എനിക്കു ഖേദമുണ്ട്; നിന്റെ പക്ഷത്തായിരുന്നു ശരി” എന്നിങ്ങനെയുള്ള വാക്കുകൾ ഉച്ചരിക്കാൻ പ്രയാസമായിരിക്കാമെങ്കിലും, താഴ്മയുള്ള ഭർത്താവു തന്റെ തെറ്റുകൾ സമ്മതിക്കുന്നു. അഹങ്കാരിയും പിടിവാശിക്കാരനുമായ ഭർത്താവിനെക്കാൾ വിനയവും താഴ്മയുമുള്ള ഭർത്താവിനോട് ആദരവു കാട്ടുന്നതു ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരിക്കും. തിരിച്ച്, ആദരവുള്ള ഭാര്യയും തെറ്റുപറ്റുമ്പോൾ ക്ഷമായാചനം നടത്തുന്നു.
14 ഒരു സന്തുഷ്ട വിവാഹജീവിതത്തിനു സംഭാവന ചെയ്യുന്നതിൽ പ്രയോജനപ്പെടുത്താവുന്ന ഉത്തമഗുണങ്ങളോടെയാണു ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. ജ്ഞാനിയായ ഒരു ഭർത്താവ് ഇതു തിരിച്ചറിയും, അവളെ ഞെരുക്കുകയുമില്ല. ഒരു കുടുംബത്തെ പരിപാലിക്കുന്നതിനും മനുഷ്യബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായിരിക്കുന്ന ഗുണങ്ങളായ അനുകമ്പയും മൃദുലഭാവവും പ്രകടിപ്പിക്കാൻ സ്വാഭാവിക ചായ്വുള്ളവരാണ് അനേകം സ്ത്രീകളും. സാധാരണമായി, ഭവനത്തെ പാർക്കാൻ സുഖകരമായ ഒരു സ്ഥലമാക്കിത്തീർക്കുന്നതിൽ സ്ത്രീക്കു വളരെ സാമർഥ്യമുണ്ട്. സദൃശവാക്യങ്ങൾ 31-ാം അധ്യായത്തിൽ വർണിച്ചിരിക്കുന്ന “സാമർത്ഥ്യമുള്ള ഭാര്യ”യ്ക്കു വിസ്മയാവഹമായ അനേകം ഗുണങ്ങളും മികച്ച കഴിവുകളും ഉണ്ടായിരുന്നു. അവളുടെ കുടുംബത്തിന് അവയിൽനിന്നു പൂർണ പ്രയോജനം ലഭിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ട്? ഭർത്താവിന്റെ ഹൃദയം അവളിൽ ‘വിശ്വാസ’മർപ്പിച്ചിരുന്നു എന്നതുതന്നെ കാരണം.—സദൃശവാക്യങ്ങൾ 31:10, 11.
15. ഒരു ഭർത്താവിനു തന്റെ ഭാര്യയോടു ക്രിസ്തുസമാന സ്നേഹവും ആദരവും എങ്ങനെ പ്രകടിപ്പിക്കാനാവും?
15 ചില സംസ്കാരങ്ങളിൽ, ഭർത്താവിന്റെ അധികാരത്തിന് അമിതപ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഭർത്താവിനോട് ഒരു ചോദ്യം ചോദിക്കുന്നതുപോലും അനാദരവായാണ് അവിടങ്ങളിൽ കരുതപ്പെടുന്നത്. മിക്കവാറും ഒരു അടിമയോടെന്നപോലെയാവും അയാൾ ഭാര്യയോട് ഇടപെടുക. അങ്ങനെ തെറ്റായ വിധത്തിൽ ശിരഃസ്ഥാനം പ്രയോഗിക്കുമ്പോൾ, അതു ഭാര്യയുമായിമാത്രമല്ല ദൈവവുമായും ഒരു മോശമായ ബന്ധത്തിൽ കലാശിക്കുന്നു. (1 യോഹന്നാൻ 4:20, 21 താരതമ്യം ചെയ്യുക.) നേരേമറിച്ച്, കുടുംബത്തിൽ നേതൃത്വമെടുക്കാൻ ഭാര്യമാരെ അനുവദിച്ചുകൊണ്ട് ചില ഭർത്താക്കന്മാർ നേതൃത്വമെടുക്കലിനെ അവഗണിക്കുന്നു. ക്രിസ്തുവിന് ഉചിതമായി കീഴടങ്ങിയിരിക്കുന്ന ഭർത്താവ് ഭാര്യയെ ചൂഷണം ചെയ്യുകയോ അവളുടെ അന്തസ്സ് കവർന്നെടുക്കുകയോ ചെയ്യുന്നില്ല. പകരം, അയാൾ യേശുവിന്റെ ആത്മത്യാഗപരമായ സ്നേഹത്തെ അനുകരിക്കുകയും പൗലോസിന്റെ ഈ ബുദ്ധ്യുപദേശം പിൻപറ്റുകയും ചെയ്യുന്നു: ‘ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ച് തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.’ (എഫെസ്യർ 5:25, 27) തന്റെ അനുഗാമികൾക്കുവേണ്ടി മരിക്കാൻ പോന്നവിധം യേശുക്രിസ്തു അവരെ സ്നേഹിച്ചു. അവൻ അവർക്കുവേണ്ടി മരിക്കുകയും ചെയ്തു. ഭാര്യയിൽനിന്ന് അമിതമായി ആവശ്യപ്പെടുന്നതിനുപകരം, ഒരു നല്ല ഭർത്താവ് യേശുവിന്റെ ആ നിസ്വാർഥ മനോഭാവം അനുകരിക്കാൻ ശ്രമിക്കും. അയാൾ ഭാര്യയുടെ നന്മയാവും തേടുക. ഭർത്താവു ക്രിസ്തുവിനു കീഴ്പെട്ടിരിക്കുകയും ക്രിസ്തുസമാന സ്നേഹവും ആദരവും പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹത്തിനു സ്വയം കീഴ്പെടുന്നതിനു ഭാര്യക്കു പ്രചോദനം തോന്നും.—എഫെസ്യർ 5:28, 29, 33.
ഭാര്യോചിത കീഴ്പെടൽ
16. ഭർത്താവിനോടുള്ള തന്റെ ബന്ധത്തിൽ ഭാര്യ എന്തെല്ലാം ഗുണങ്ങൾ പ്രകടിപ്പിക്കണം?
16 ആദാമിനെ സൃഷ്ടിച്ചു കുറച്ചുകാലം കഴിഞ്ഞപ്പോൾ, “യഹോവയാം ദൈവം തുടർന്നു പറഞ്ഞു: ‘മനുഷ്യൻ ഏകനായി തുടരുന്നതു നന്നല്ല. ഞാൻ അവന്റെ ഒരു പൂരകമായി അവനുവേണ്ടി ഒരു സഹായിയെ നിർമിക്കാൻ പോകുകയാണ്.’”(ഉൽപ്പത്തി 2:18, NW) ദൈവം ഹവ്വായെ സൃഷ്ടിച്ചത് “ഒരു പൂരക”മായിട്ടാണ്, അല്ലാതെ ഒരു മത്സരിയായിട്ടല്ല. മത്സരിക്കുന്ന രണ്ടു കപ്പിത്താന്മാരുള്ള ഒരു കപ്പൽപോലെ ആയിരിക്കരുതായിരുന്നു വിവാഹം. ഭർത്താവു സ്നേഹപുരസ്സരമായ ശിരഃസ്ഥാനം പ്രയോഗിക്കണമായിരുന്നു. ഭാര്യയാകട്ടെ, സ്നേഹവും ആദരവും മനസ്സോടെയുള്ള കീഴ്പെടലും പ്രകടിപ്പിക്കണമായിരുന്നു.
17, 18. ഭർത്താവിന് ഒരു യഥാർഥ സഹായിയായിരിക്കാൻ ഭാര്യക്കു കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാം?
17 എന്നിരുന്നാലും, ഒരു നല്ല ഭാര്യക്കു കീഴ്പെടൽമനോഭാവം മാത്രമല്ല ഉണ്ടായിരിക്കുക. ഭർത്താവ് എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിനു പിന്തുണയേകിക്കൊണ്ട്, ഒരു യഥാർഥ സഹായി ആയിരിക്കാൻ അവൾ പരിശ്രമിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളോടു യോജിക്കുമ്പോൾ അത് അവൾക്കു കൂടുതൽ എളുപ്പമായിത്തീരുന്നു. എന്നാൽ അവൾ യോജിക്കാത്തപ്പോൾപ്പോലും, അവളുടെ സജീവ പിന്തുണയുണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ തീരുമാനത്തിനു കൂടുതൽ വിജയകരമായ ഫലമുളവാക്കാൻ ഉപകരിക്കും.
18 ഭർത്താവു നല്ലൊരു ശിരസ്സായിരിക്കാൻ ഭാര്യക്കു മറ്റു വിധങ്ങളിലും സഹായിക്കാനാവും. ഭർത്താവിനെ വിമർശിക്കാതെ, അല്ലെങ്കിൽ അദ്ദേഹത്തിനു തന്നെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ലെന്ന തോന്നൽ ഉണ്ടാക്കാതെ, നേതൃത്വമെടുക്കുന്നതിലെ അദ്ദേഹത്തിന്റെ ശ്രമങ്ങളോട് അവൾക്കു വിലമതിപ്പു പ്രകടിപ്പിക്കാനാവും. ക്രിയാത്മകമായ വിധത്തിൽ ഭർത്താവിനോട് ഇടപെടുന്നതിൽ, “സൌമ്യതയും സാവധാനതയുമുള്ള മനസ്സു” കേവലം ഭർത്താവിന്റെ ദൃഷ്ടികളിൽ മാത്രമല്ല, ‘ദൈവസന്നിധിയി”ലും [“ദൈവദൃഷ്ടിയിലും,” NW] വിലയേറിയതാകുന്നു’ എന്ന് അവൾ ഓർക്കണം. (1 പത്രൊസ് 3:3, 4; കൊലൊസ്സ്യർ 3:12) ഭർത്താവു വിശ്വാസിയല്ലെങ്കിലോ? ആണെങ്കിലും അല്ലെങ്കിലും “ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു . . . ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ” തിരുവെഴുത്തുകൾ ഭാര്യമാരെ പ്രോത്സാഹിപ്പിക്കുന്നു. (തീത്തൊസ് 2:4, 5) മനസ്സാക്ഷിപ്രശ്നങ്ങൾ പൊന്തിവരുമ്പോൾ, “സൌമ്യത”യോടും “ഭയഭക്തി”യോടുംകൂടെ സംഗതി അവതരിപ്പിക്കുന്നെങ്കിൽ, വിശ്വാസിയല്ലാത്ത ഭർത്താവു ഭാര്യയുടെ നിലപാടിനോട് ആദരവു കാട്ടാൻ ഏറെ സാധ്യതയുണ്ട്. വിശ്വാസികളല്ലാത്ത ചില ഭർത്താക്കന്മാർ “[ഭാര്യമാരുടെ] നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ [അവരുടെ] നടപ്പിനാൽ ചേർന്നുവരുവാൻ” ഇടയായിട്ടുണ്ട്.—1 പത്രൊസ് 3:1, 2, 15; 1 കൊരിന്ത്യർ 7:13-16.
19. ദൈവനിയമം ലംഘിക്കാൻ ഒരു ഭർത്താവു ഭാര്യയോട് ആവശ്യപ്പെടുന്നെങ്കിലോ?
19 ദൈവം വിലക്കിയിരിക്കുന്ന ഒരു സംഗതി ചെയ്യാൻ ഭർത്താവു ഭാര്യയോട് ആവശ്യപ്പെടുന്നെങ്കിലോ? അങ്ങനെ സംഭവിക്കുന്നപക്ഷം, തന്റെ പരമോന്നത ഭരണാധിപൻ ദൈവമാണെന്ന് അവൾ ഓർക്കണം. അധികാരികൾ അപ്പോസ്തലന്മാരോടു ദൈവനിയമം ലംഘിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർ ചെയ്ത സംഗതിയാണ് അവൾ മാതൃകയായി സ്വീകരിക്കുക. പ്രവൃത്തികൾ 5:29 [NW] ഇങ്ങനെ പറയുന്നു: “പത്രോസും മറ്റ് അപ്പോസ്തലന്മാരും പറഞ്ഞു: ‘ഞങ്ങൾ മനുഷ്യരെക്കാൾ അധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.’”
നല്ല ആശയവിനിമയം
20. സ്നേഹവും ആദരവും അത്യന്താപേക്ഷിതമായിരിക്കുന്ന ഒരു മർമപ്രധാന മേഖല ഏത്?
20 സ്നേഹവും ആദരവും വിവാഹത്തിന്റെ മറ്റൊരു മേഖലയിൽ അത്യന്താപേക്ഷിതമാണ്, ആശയവിനിമയത്തിൽ. സ്നേഹസമ്പന്നനായ ഭർത്താവ് ഭാര്യയുമായി അവളുടെ പ്രവർത്തനങ്ങളെയും അവളുടെ പ്രശ്നങ്ങളെയും വ്യത്യസ്ത സംഗതികൾ സംബന്ധിച്ചുള്ള അവളുടെ വീക്ഷണങ്ങളെയും കുറിച്ചു സംസാരിക്കും. അവൾക്കത് ആവശ്യമാണുതാനും. ഭാര്യയുമായി സമയമെടുത്തു സംസാരിക്കുകയും അവൾക്കു പറയാനുള്ളതു വാസ്തവത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരു ഭർത്താവ് അവളോടു സ്നേഹവും ആദരവും പ്രകടിപ്പിക്കുകയാണ്. (യാക്കോബ് 1:19) ഭർത്താക്കന്മാർക്കു തങ്ങളുമായി സംസാരിക്കാൻ തീരെ സമയമില്ലെന്നാണു ചില ഭാര്യമാരുടെ പരാതി. അതു സങ്കടകരമാണ്. തിരക്കുപിടിച്ച ഈ നാളുകളിൽ, ഭർത്താക്കന്മാർക്കു വീടിനു പുറത്തുപോയി വൈകുവോളം പണിയെടുക്കേണ്ടിവന്നേക്കാമെന്നതും സാമ്പത്തികസ്ഥിതിയനുസരിച്ച് ചില ഭാര്യമാർക്കും ലൗകിക ജോലികൾ ചെയ്യേണ്ടിവന്നേക്കാമെന്നതും സത്യംതന്നെ. എന്നാൽ വിവാഹ ദമ്പതികൾ തങ്ങൾക്കുവേണ്ടിത്തന്നെ സമയം നീക്കിവെക്കണം. അല്ലാത്തപക്ഷം, അവർ പരസ്പരം സ്വതന്ത്രരായിത്തീർന്നേക്കാം. അവർ സഹതാപത്തിനായി വിവാഹക്രമീകരണത്തിനു വെളിയിൽ സൗഹൃദം തേടാൻ പ്രേരിതരാകുന്നപക്ഷം, അതു ഗുരുതരമായ പ്രശ്നങ്ങൾക്കു വഴിതുറന്നേക്കാം.
21. ഉചിതമായ സംസാരം വിവാഹത്തെ സന്തുഷ്ടമായി നിലനിർത്താൻ സഹായിക്കുന്നതെങ്ങനെ?
21 ഭാര്യമാരും ഭർത്താക്കന്മാരും ആശയവിനിയമം ചെയ്യുന്നവിധത്തിനും പ്രാധാന്യമുണ്ട്. “ഇമ്പമുള്ള വാക്കു . . . മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ.” (സദൃശവാക്യങ്ങൾ 16:24) ഇണ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും, ബൈബിളിന്റെ ഈ ബുദ്ധ്യുപദേശം ബാധകമാണ്: “നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) വിഷമംപിടിച്ച ഒരു ദിവസം, ഇണയിൽനിന്നുള്ള ദയാപുരസ്സരമായ, സഹതാപമയമായ ഏതാനും വാക്കുകൾക്കു വളരെയധികം പ്രയോജനം ചെയ്യാനാവും. “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങപോലെ.” (സദൃശവാക്യങ്ങൾ 25:11) എങ്ങനെ സംസാരിക്കുന്നുവെന്നതിനും ഏതെല്ലാം വാക്കുകൾ ഉപയോഗിക്കുന്നുവെന്നതിനും വളരെ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, ദേഷ്യവും അധികാരസ്വരവും കലർന്നമട്ടിൽ ഒരാൾ മറ്റേയാളിനോടു പറഞ്ഞേക്കാം: “ആ വാതിൽ അടയ്ക്കൂ!” എന്നാൽ ശാന്തമായ, സഹാനുഭൂതി തുളുമ്പുന്ന സ്വരത്തിൽ “പിന്നേ, ആ വാതിലൊന്ന് അടച്ചേക്കാമോ?” എന്നു പറയുന്ന വാക്കുകൾ എത്രമാത്രം “ഉപ്പിനാൽ രുചിവരുത്തിയ”താണ്.
22. നല്ല ആശയവിനിയമം നിലനിർത്തുന്നതിനു ദമ്പതികൾക്ക് ഏതു മനോഭാവങ്ങൾ ആവശ്യമാണ്?
22 മൃദുവായ സംസാരം, പ്രസന്നമായ നോട്ടങ്ങൾ, ആംഗ്യങ്ങൾ, ദയ, സഹാനുഭൂതി, ആർദ്രത എന്നിവയെല്ലാം ഉണ്ടായിരിക്കുമ്പോൾ നല്ല ആശയവിനിയമം പൊടിപൊടിക്കും. നല്ല ആശയവിനിയമം നിലനിർത്താൻ കഠിനമായി ശ്രമിക്കുകവഴി, ഭാര്യക്കും ഭർത്താവിനും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനുള്ള സ്വാതന്ത്ര്യം തോന്നും. ആശാഭംഗങ്ങളുടെയോ സമ്മർദങ്ങളുടെയോ സമയങ്ങളിൽ പരസ്പരം ആശ്വാസത്തിനും സഹായത്തിനുമുള്ള ഉറവായിരിക്കാൻ അവർക്കാവും. “വിഷാദ ദേഹികളോടു സാന്ത്വനദായകമായി സംസാരിപ്പിൻ” എന്നു ദൈവവചനം ഉദ്ബോധിപ്പിക്കുന്നു. (1 തെസ്സലോനിക്യർ 5:14, NW) ഭർത്താവും ഭാര്യയും വിഷാദചിത്തരായിരിക്കുന്ന സമയങ്ങളുണ്ടാകും. പരസ്പരം കെട്ടുപണിചെയ്തുകൊണ്ട് “സാന്ത്വനദായകമായി സംസാരി”ക്കാൻ അവർക്കു കഴിയും.—റോമർ 15:2.
23, 24. വിയോജിപ്പുകൾ ഉണ്ടാകുന്ന അവസരങ്ങളിൽ, സ്നേഹവും ആദരവും സഹായിക്കുന്നതെങ്ങനെ? ഒരു ഉദാഹരണം നൽകുക.
23 സ്നേഹവും ആദരവും പ്രകടമാക്കുന്ന വിവാഹപങ്കാളികൾക്ക് ഓരോ വിയോജിപ്പും ഒരു വെല്ലുവിളിയായി തോന്നുകയില്ല. പരസ്പരം “കടുത്ത ദേഷ്യ”മായിരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ അവർ കഠിനമായി ശ്രമിക്കും. (കൊലൊസ്സ്യർ 3:19) “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു”വെന്ന് ഇരുകൂട്ടരും ഓർക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 15:1) ഹൃദയം തുറന്നു വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഇണയെ തുച്ഛീകരിക്കാതിരിക്കാനും കുറ്റംവിധിക്കാതിരിക്കാനും ശ്രദ്ധിക്കണം. പകരം, അത്തരം വികാരപ്രകടനങ്ങളെ മറ്റേയാളുടെ കാഴ്ചപ്പാടു സംബന്ധിച്ച് ഉൾക്കാഴ്ച ലഭിക്കാനുള്ള അവസരമായി വീക്ഷിക്കുക. ഒരുമിച്ചിരുന്നു വിയോജിപ്പുകൾ നേരെയാക്കാനും രമ്യമായ ഒരു പരിഹാരത്തിലെത്തിച്ചേരാനും ശ്രമിക്കുക.
24 തന്റെ ഭർത്താവായ അബ്രഹാമിനോടു സാറാ ഒരു പ്രത്യേക പ്രശ്നത്തിനുള്ള പരിഹാരം നിർദേശിച്ചിട്ട് അബ്രഹാമിന് അതു സ്വീകാര്യമല്ലാതിരുന്ന സന്ദർഭം ഓർമിക്കുക. എന്നാൽ ദൈവം അബ്രഹാമിനോടു പറഞ്ഞു: ‘സാറായുടെ വാക്കു കേൾക്ക.’ (ഉല്പത്തി 21:9-12) അബ്രഹാം അതു ചെയ്തു, അനുഗ്രഹവും ലഭിച്ചു. സമാനമായി, ഭർത്താവിന്റെ മനസ്സിലുള്ള സംഗതിയിൽനിന്നു വ്യത്യസ്തമായ എന്തെങ്കിലും ഭാര്യ നിർദേശിക്കുന്നെങ്കിൽ, കുറഞ്ഞപക്ഷം അയാൾ അതു ശ്രദ്ധിക്കുകയെങ്കിലും വേണം. അതേസമയം, ഭാര്യ സംഭാഷണത്തിന്മേൽ അധീശത്വം പുലർത്തരുത്. പകരം ഭർത്താവിനു പറയാനുള്ളത് എന്താണെന്നു ശ്രദ്ധിക്കണം. (സദൃശവാക്യങ്ങൾ 25:24) എല്ലായ്പോഴും തന്റേതായ രീതിയിൽ കാര്യങ്ങൾ നടക്കണമെന്നു ഭർത്താവോ ഭാര്യയോ ശഠിക്കുന്നതിൽ സ്നേഹവുമില്ല, ആദരവുമില്ല.
25. നല്ല ആശയവിനിയമം വിവാഹജീവിതത്തിന്റെ ഏറ്റവും ഉറ്റ വശങ്ങളിലെ സന്തുഷ്ടിക്ക് എങ്ങനെ സംഭാവന ചെയ്യും?
25 ദമ്പതികളുടെ ലൈംഗിക ബന്ധത്തിലും നല്ല ആശയവിനിമയത്തിനു പ്രാധാന്യമുണ്ട്. സ്വാർഥതയും ആത്മനിയന്ത്രണമില്ലായ്മയും നിമിത്തം വിവാഹത്തിലെ ഈ ഏറ്റവും ഉറ്റ ബന്ധത്തിനു ഗുരുതരമായി ഹാനി സംഭവിക്കാം. തുറന്ന ആശയവിനിമയവും അതോടൊപ്പം ക്ഷമയും അത്യന്താപേക്ഷിതമാണ്. ഓരോരുത്തരും നിസ്വാർഥമായി മറ്റേയാളുടെ ക്ഷേമം തേടുമ്പോൾ, ലൈംഗികത ഒരു ഗുരുതരമായ പ്രശ്നമാകുന്നതു വിരളമാണ്. മറ്റുള്ള സംഗതികളിലെന്നപോലെ, ഇതിൽ “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.”—1 കൊരിന്ത്യർ 7:3-5; 10:24.
26. ഏതൊരു വിവാഹത്തിനും നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായിരിക്കുമെങ്കിലും, ദൈവവചനത്തിനു ശ്രദ്ധകൊടുക്കുന്നതു വിവാഹദമ്പതികളെ സന്തുഷ്ടി കണ്ടെത്താൻ എങ്ങനെ സഹായിക്കും?
26 ദൈവവചനം നൽകുന്ന ബുദ്ധ്യുപദേശം എത്ര ഉത്തമം! ഏതൊരു വിവാഹത്തിലും നല്ല അനുഭവങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായിരിക്കുമെന്നതു സത്യംതന്നെ. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നപ്രകാരം, യഹോവയുടെ ചിന്തയ്ക്കു ദമ്പതികൾ കീഴ്പെടുകയും തത്ത്വാധിഷ്ഠിത സ്നേഹത്തിലും ആദരവിലും അവരുടെ ബന്ധം ഉറപ്പിക്കുകയും ചെയ്യുമ്പോൾ, തങ്ങളുടെ വിവാഹം നിലനിൽക്കുന്നതും സന്തുഷ്ടവുമായിരിക്കുമെന്നതിൽ അവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. അങ്ങനെ അവർ പരസ്പരം മാത്രമല്ല വിവാഹത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവത്തെയും ബഹുമാനിക്കും.