പ്രയോജനം നേടാൻ ആളുകളെ പഠിപ്പിക്കുക
1 എല്ലാ ആളുകളും പ്രയോജനം നേടണമെന്ന് യഹോവ ആഗ്രഹിക്കുന്നു. (യെശ. 48:17, NW) നമുക്കു യഥാർഥ സന്തുഷ്ടി കൈവരുത്തുന്നത് എന്താണെന്ന് അവനറിയാം. ആളുകൾ തന്റെ കൽപ്പനകൾക്കു ചെവികൊടുത്തുകൊണ്ടു വിപത്തുകൾ ഒഴിവാക്കി ജീവിതം ആസ്വദിക്കണം എന്നതാണ് അവരെ സംബന്ധിച്ച ദൈവത്തിന്റെ അതിയായ ആഗ്രഹം. ദൈവമാർഗത്തിൽ ജീവിതം നയിക്കുന്നതിനാൽ നമുക്കു വളരെയധികം പ്രയോജനങ്ങൾ ലഭിക്കുന്നു. (സങ്കീ. 34:8) അങ്ങനെ ജീവിക്കാൻ നമുക്കു മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കാനാകും?
2 ആളുകൾക്ക് എന്താണ് ആവശ്യം? നിങ്ങളുടെ പ്രദേശത്തുള്ളവരെ ആകുലപ്പെടുത്തുന്നത് എന്താണ്? ഭവന സുരക്ഷ, വിവാഹബന്ധത്തിന്റെ കെട്ടുറപ്പ്, കുട്ടികളുടെ ഭാവി തുടങ്ങിയ കാര്യങ്ങളല്ലേ? പ്രശ്നങ്ങളുണ്ടാകുമ്പോൾ സഹായത്തിനായി അവർ നോക്കുന്നത് എങ്ങോട്ടാണ്? അവർ ഒരുപക്ഷേ തങ്ങളെത്തന്നെയോ സ്വയം സഹായക പരിപാടികളെയോ മറ്റുള്ളവരുടെ നിർദേശങ്ങളെയോ ആശ്രയിച്ചേക്കാം. ഈ പ്രക്രിയയിൽ, പരസ്പര വിരുദ്ധവും അപ്രായോഗികവുമായ ആശയങ്ങൾ നിമിത്തം അനേകരും ആശയക്കുഴപ്പത്തിലാകുന്നു. ദൈവവചനം പ്രദാനം ചെയ്യുന്ന മാർഗനിർദേശം ഏറ്റവും മെച്ചമാണെന്നു നാം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. (സങ്കീ. 119:98) ബൈബിൾ പഠിക്കാനും അതു പറയുന്നതു ബാധകമാക്കാനും ശ്രമിക്കുന്നെങ്കിൽ ഇപ്പോൾപോലും തങ്ങൾക്കു ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും എന്നു അവരെ കാണിച്ചുകൊടുത്തുകൊണ്ട് നമുക്കതു ചെയ്യാനാകും.—2 തിമൊ. 3:16, 17.
3 മെച്ചപ്പെട്ട കുടുംബജീവിതം: എഫെസ്യർ 5:22–6:4-ലെ നിശ്വസ്ത ബുദ്ധിയുപദേശം കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ എത്ര ഫലകരമാണെന്നു മനസ്സിലാക്കുന്നവർ ചുരുക്കമാണ്. പത്തു വർഷത്തെ വിവാഹജീവിതത്തിനു ശേഷം, വേർപിരിയാൻ തീരുമാനിച്ച ഒരു ദമ്പതികളുടെ കാര്യം ഇതായിരുന്നു. എന്നിരുന്നാലും, ഭാര്യക്ക് ഒരു ബൈബിളധ്യയനം തുടങ്ങി. വിവാഹം സംബന്ധിച്ച തിരുവെഴുത്തു തത്ത്വങ്ങൾ ആ സ്ത്രീയെ പഠിപ്പിച്ചു. ഭാര്യ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതിന്റെ ഫലമായുള്ള മാറ്റങ്ങൾ ഭർത്താവ് പെട്ടെന്നുതന്നെ ശ്രദ്ധിച്ചു. അദ്ദേഹവും പഠിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യഥാർഥ സന്തുഷ്ട കുടുംബജീവിതത്തിനുള്ള അടിസ്ഥാനം ഇപ്പോൾ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.”
4 ജീവിതത്തിലെ യഥാർഥ ഉദ്ദേശ്യം: മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരൻ സാക്ഷികളിൽനിന്നു സഹായം തേടി. യഹോവ വ്യക്തിപരമായി തന്നെക്കുറിച്ചു കരുതുന്നുണ്ടെന്ന് അയാൾ പഠിക്കാനിടയായി. അയാൾ ഇങ്ങനെ പറഞ്ഞു: “മനുഷ്യനെ സംബന്ധിച്ച് സ്രഷ്ടാവിന് ഒരു ഉദ്ദേശ്യം ഉണ്ടെന്നും അവന്റെ അംഗീകാരമുള്ളവർക്കു നിത്യജീവൻ കരുതിവെച്ചിരിക്കുന്നു എന്നും ഞാൻ മനസ്സിലാക്കി. ഇതു മനസ്സിലാക്കിയപ്പോൾ എനിക്ക് അനുഭവപ്പെട്ട സന്തോഷം നിങ്ങൾക്കു സങ്കൽപ്പിക്കാനാവില്ല. ഇന്നു ഞാൻ നല്ല ആരോഗ്യവും മനസ്സമാധാനവും ദൈവവുമായി ഒരു അടുത്ത ബന്ധവും ആസ്വദിക്കുന്നു.
5 ദൈവവചനത്തിലെ പ്രായോഗിക സഹായത്തിൽ നിന്ന് പ്രയോജനം നേടാൻ കഴിയാത്തവരായി ആരുമില്ല. അതിനെ ഒരു വഴികാട്ടിയായി ഉപയോഗിക്കുന്നതു മൂലം യഹോവയുടെ മാർഗമാണു ലോകത്തിന്റെ വഴികളെക്കാൾ വളരെ ശ്രേഷ്ഠമെന്നു നാം സ്ഥാപിക്കുന്നു. (സങ്കീ. 116:12) മറ്റുള്ളവർക്കു പ്രയോജനം നേടാൻ തക്കവണ്ണം അവരെ പഠിപ്പിച്ചുകൊണ്ട് ഈ സന്ദേശം അവരിലേക്ക് എത്തിക്കുകയെന്ന പദവി നമുക്കുണ്ട്. അങ്ങനെ ചെയ്യവേ, അനേകം നല്ല ഫലങ്ങൾ നാം തീർച്ചയായും കണ്ടെത്തും.