-
മാതാപിതാക്കളേ, നിങ്ങളുടെ മാതൃക എന്തു പഠിപ്പിക്കുന്നു?വീക്ഷാഗോപുരം—1999 | ജൂലൈ 1
-
-
മാതാപിതാക്കളേ, നിങ്ങളുടെ മാതൃക എന്തു പഠിപ്പിക്കുന്നു?
“ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. . . . സ്നേഹത്തിൽ നടപ്പിൻ.”—എഫെസ്യർ 5:1, 2.
1. ആദ്യ മനുഷ്യ ദമ്പതികൾക്ക് യഹോവ ഏതു തരത്തിലുള്ള നിർദേശങ്ങൾ നൽകി?
യഹോവയാണ് കുടുംബ ക്രമീകരണത്തിനു തുടക്കം കുറിച്ചത്. അങ്ങനെ, ആദ്യ കുടുംബത്തിന് അടിത്തറ പാകുകയും ആദ്യ മനുഷ്യ ദമ്പതികൾക്കു പുനരുത്പാദന പ്രാപ്തികൾ നൽകുകയും ചെയ്തത് യഹോവ ആയതിനാൽ ഓരോ കുടുംബവും അതിന്റെ അസ്തിത്വത്തിന് അവനോടു കടപ്പെട്ടിരിക്കുന്നു. (എഫെസ്യർ 3:14, 15) അവൻ ആദാമിനും ഹവ്വായ്ക്കും അവരുടെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച അടിസ്ഥാന നിർദേശങ്ങളും അവ സ്വന്തം നിലയിൽ നിർവഹിക്കാൻ മതിയായ അവസരങ്ങളും നൽകി. (ഉല്പത്തി 1:28-30; 2:6, 15-22) എന്നാൽ ആദാമും ഹവ്വായും പാപം ചെയ്തതിനെ തുടർന്ന്, കുടുംബങ്ങൾ നേരിടേണ്ടിയിരുന്ന പ്രശ്നങ്ങൾ വളരെ സങ്കീർണമായിത്തീർന്നു. എങ്കിലും, അത്തരം സാഹചര്യങ്ങളെ നേരിടാൻ തന്റെ ദാസരെ സഹായിക്കുന്ന മാർഗനിർദേശങ്ങൾ യഹോവ സ്നേഹപൂർവം പ്രദാനം ചെയ്തു.
2. (എ) ഏതു മാർഗത്തിലൂടെയാണ് യഹോവ ലിഖിത പ്രബോധനത്തിനു പുറമേ അലിഖിത പ്രബോധനം കൂടി നൽകിയത്? (ബി) മാതാപിതാക്കൾ തങ്ങളോടു തന്നെ ഏതു ചോദ്യം ചോദിക്കേണ്ടതാണ്?
2 നമ്മുടെ മഹാപ്രബോധകൻ എന്ന നിലയിൽ യഹോവ, നാം എന്തു ചെയ്യണം എന്തു ചെയ്യരുത് എന്നതു സംബന്ധിച്ച് ലിഖിത നിർദേശങ്ങൾ മാത്രമല്ല നൽകിയത്. പുരാതന കാലങ്ങളിൽ അവൻ ലിഖിത പ്രബോധനത്തിനു പുറമേ പുരോഹിതന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും കുടുംബത്തലവന്മാരിലൂടെയും അലിഖിത പ്രബോധനവും നൽകി. നമ്മുടെ കാലത്ത് അത്തരം അലിഖിത പഠിപ്പിക്കൽ നടത്താൻ അവൻ ആരെയാണ് ഉപയോഗിക്കുന്നത്? ക്രിസ്തീയ മൂപ്പന്മാരെയും മാതാപിതാക്കളെയും. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, കുടുംബത്തെ യഹോവയുടെ വഴികളിൽ പ്രബോധിപ്പിക്കുന്നതിലെ നിങ്ങളുടെ പങ്ക് നിങ്ങൾ നിർവഹിക്കുന്നുണ്ടോ?—സദൃശവാക്യങ്ങൾ 6:20-23.
3. ഫലപ്രദമായ പഠിപ്പിക്കൽ രീതി സംബന്ധിച്ച് കുടുംബത്തലവന്മാർക്ക് യഹോവയിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
3 കുടുംബത്തിനുള്ളിൽ അത്തരം പ്രബോധനം നൽകേണ്ടത് എങ്ങനെയാണ്? അതിനുള്ള നല്ല മാതൃക യഹോവ വെക്കുന്നു. എന്താണു ശരിയെന്നും എന്താണു തെറ്റെന്നും അവൻ വ്യക്തമായി പ്രസ്താവിക്കുന്നു. അവൻ അതു കൂടെക്കൂടെ ആവർത്തിക്കുകയും ചെയ്യുന്നു. (പുറപ്പാടു 20:4, 5; ആവർത്തനപുസ്തകം 4:23, 24; 5:8, 9; 6:14, 15; യോശുവ 24:19, 20) അവൻ ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. (ഇയ്യോബ് 38:4, 8, 31) ഉപമകളിലൂടെയും യഥാർഥ ജീവിതാനുഭവങ്ങളിലൂടെയും അവൻ നമ്മുടെ വികാരങ്ങളെ തൊട്ടുണർത്തുകയും ഹൃദയങ്ങളെ വാർത്തെടുക്കുകയും ചെയ്യുന്നു. (ഉല്പത്തി 15:5; ദാനീയേൽ 3:1-29) മാതാപിതാക്കളേ, കുട്ടികളെ പഠിപ്പിക്കുമ്പോൾ ആ മാതൃക പിൻപറ്റാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ?
4. ശിക്ഷണം നൽകുന്നതു സംബന്ധിച്ച് യഹോവയിൽ നിന്ന് നാം എന്തു പഠിക്കുന്നു, ശിക്ഷണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ശരി സംബന്ധിച്ച് യഹോവ ദൃഢമായ നിലപാടു സ്വീകരിക്കുന്നു. എന്നാൽ അവൻ അപൂർണതയുടെ ഫലങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശിക്ഷിക്കുന്നതിനു മുമ്പ് അവൻ അപൂർണ മനുഷ്യരെ പഠിപ്പിക്കുകയും അവർക്ക് ആവർത്തിച്ച് മുന്നറിയിപ്പുകളും ഓർമിപ്പിക്കലുകളും നൽകുകയും ചെയ്യുന്നു. (ഉല്പത്തി 19:15, 16; യിരെമ്യാവു 7:23-26) ശിക്ഷിക്കുമ്പോൾ പോലും ന്യായമായ ശിക്ഷയേ അവൻ നൽകുകയുള്ളൂ, അതൊരിക്കലും അമിതമായി പോകുന്നില്ല. (സങ്കീർത്തനം 103:10, 11; യെശയ്യാവു 28:26-29) നാം നമ്മുടെ കുട്ടികളോട് ഇടപെടുന്നത് അപ്രകാരമാണെങ്കിൽ, നാം യഹോവയെ അറിയുന്നു എന്ന് അതു തെളിയിക്കും. അത്, അവനെ അറിയുന്നത് അവർക്കും കൂടുതൽ എളുപ്പമാക്കിത്തീർക്കും.—യിരെമ്യാവു 22:16; 1 യോഹന്നാൻ 4:8.
5. കേൾക്കുന്നതു സംബന്ധിച്ച് മാതാപിതാക്കൾക്ക് യഹോവയിൽ നിന്ന് എന്തു പഠിക്കാൻ കഴിയും?
5 അതിശയകരമെന്നു പറയട്ടെ, സ്നേഹവാനായ ഒരു പിതാവിനെ പോലെ യഹോവ കേൾക്കുന്നു. അവൻ വെറുതെ കൽപ്പനകൾ പുറപ്പെടുവിക്കുകയല്ല ചെയ്യുന്നത്. നമ്മുടെ ഹൃദയങ്ങളെ തന്റെ മുമ്പാകെ പകരാൻ അവൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 62:8) നാം പ്രകടിപ്പിക്കുന്ന വികാരങ്ങൾ പൂർണമായും ശരിയല്ലാത്തപ്പോൾ അവൻ സ്വർഗത്തിൽനിന്ന് ഗർജിക്കുന്നില്ല. അവൻ ക്ഷമാപൂർവം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട്, “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന അപ്പൊസ്തലനായ പൗലൊസിന്റെ ബുദ്ധിയുപദേശം എത്ര ഉചിതമാണ്! (എഫെസ്യർ 4:31-5:1) മക്കളെ പ്രബോധിപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾക്ക് യഹോവ എത്ര നല്ല മാതൃകയാണു വെച്ചിരിക്കുന്നത്! നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന, ദൈവിക മാർഗത്തിൽ നടക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, ഒരു മാതൃകയാണ് അത്.
മാതൃകയുടെ സ്വാധീനം
6. മാതാപിതാക്കളുടെ മനോഭാവവും മാതൃകയും കുട്ടികളെ സ്വാധീനിക്കുന്നത് എങ്ങനെ?
6 വാക്കാലുള്ള പ്രബോധനത്തിനു പുറമേ, മാതാപിതാക്കൾ നല്ല മാതൃക വെക്കുകയാണെങ്കിൽ അതിനു കുട്ടികളുടെമേൽ ശക്തമായ സ്വാധീനമുണ്ടായിരിക്കും. മാതാപിതാക്കൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും, കുട്ടികൾ അവരെ അനുകരിക്കും. തങ്ങൾതന്നെ പറഞ്ഞ കാര്യങ്ങൾ മക്കൾ പറയുന്നതു കേൾക്കുമ്പോൾ മാതാപിതാക്കൾക്കു ചിലപ്പോൾ സന്തോഷം തോന്നിയേക്കാം, ചിലപ്പോൾ അത് അവരെ ഞെട്ടിക്കുകയും ചെയ്തേക്കാം. മാതാപിതാക്കളുടെ നടത്തയും മനോഭാവവും ആത്മീയ കാര്യങ്ങളോട് ആഴമായ വിലമതിപ്പു പ്രകടിപ്പിക്കുന്നത് ആയിരിക്കുമ്പോൾ, അതു കുട്ടികളുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തുന്നു.—സദൃശവാക്യങ്ങൾ 20:7.
7. ഒരു പിതാവെന്ന നിലയിൽ തന്റെ പുത്രിക്ക് ഏതു തരത്തിലുള്ള മാതൃകയാണ് യിഫ്താഹ് വെച്ചത്, ഫലം എന്തായിരുന്നു?
7 മാതാപിതാക്കൾ വെക്കുന്ന മാതൃകയുടെ ഫലം ബൈബിളിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു. അമ്മോന്യരുടെ മേൽ വിജയം നേടുന്നതിന് ഇസ്രായേല്യരെ നയിക്കാൻ യഹോവ ഉപയോഗിച്ച യിഫ്താഹ് ഒരു പിതാവു കൂടി ആയിരുന്നു. ഇസ്രായേല്യരുമായുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചുള്ള ചരിത്രം യിഫ്താഹ് കൂടെക്കൂടെ വായിച്ചിട്ടുണ്ടാകുമെന്ന് അമ്മോന്യ രാജാവിനോടുള്ള യിഫ്താഹിന്റെ മറുപടിയെ പറ്റിയുള്ള വിവരണം സൂചിപ്പിക്കുന്നു. അവന് ആ ചരിത്രം അനായാസം ഉദ്ധരിക്കാൻ കഴിഞ്ഞു. അവൻ യഹോവയിൽ ശക്തമായ വിശ്വാസം പ്രകടമാക്കുകയും ചെയ്തു. അവന്റെ മകൾ ഒരു അവിവാഹിത എന്ന നിലയിൽ യഹോവയ്ക്കുള്ള അർപ്പിത സേവനം ആയുഷ്കാലം മുഴുവനും ഏറ്റെടുത്തുകൊണ്ട് വിശ്വാസവും ആത്മത്യാഗ മനോഭാവവും പ്രകടമാക്കി. ആ ഗുണങ്ങൾ വളർത്തിയെടുക്കാൻ യിഫ്താഹിന്റെ മാതൃക അവളെ സഹായിച്ചിരിക്കുമെന്നതിനു സംശയമില്ല.—ന്യായാധിപൻമാർ 11:14-27, 34-40; യോശുവ 1:8 താരതമ്യം ചെയ്യുക.
8. (എ) ശമൂവേലിന്റെ മാതാപിതാക്കൾ ഏതു നല്ല മനോഭാവം പ്രകടമാക്കി? (ബി) അത് ശമൂവേലിന് എങ്ങനെ പ്രയോജനം ചെയ്തു?
8 ശമൂവേൽ ഒരു കുട്ടി എന്ന നിലയിൽ മാതൃകായോഗ്യനും ഒരു പ്രവാചകൻ എന്ന നിലയിൽ ആജീവനാന്തം ദൈവത്തോടു വിശ്വസ്തനും ആയിരുന്നു. നിങ്ങളുടെ മക്കൾ അവനെപ്പോലെ ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ശമൂവേലിന്റെ മാതാപിതാക്കളായ എൽക്കാനയും ഹന്നായും വെച്ച ദൃഷ്ടാന്തം വിശകലനം ചെയ്യുക. അവരുടെ കുടുംബ സാഹചര്യം കുറ്റമറ്റത് അല്ലായിരുന്നെങ്കിലും, വിശുദ്ധ സമാഗമന കൂടാരം സ്ഥിതിചെയ്തിരുന്ന ശീലോവിൽ ആരാധനയ്ക്കു പോകുന്ന പതിവ് അവർക്ക് ഉണ്ടായിരുന്നു. (1 ശമൂവേൽ 1:3-8, 21) എത്രയധികം വികാരവായ്പോടെയാണ് ഹന്നാ പ്രാർഥിച്ചതെന്നതു ശ്രദ്ധിക്കുക. (1 ശമൂവേൽ 1:9-13) ദൈവത്തോടു ചെയ്ത ഏതൊരു വാഗ്ദാനവും പാലിക്കുന്നതിന്റെ പ്രാധാന്യത്തെ അവർ ഇരുവരും എങ്ങനെ വീക്ഷിച്ചെന്നു പരിചിന്തിക്കുക. (1 ശമൂവേൽ 1:22-28) ദൈവത്തെ സേവിക്കുന്നുവെന്നു നടിച്ചിരുന്ന, ചുറ്റും ഉണ്ടായിരുന്ന ആളുകൾ അവന്റെ വഴികളോട് യാതൊരു ആദരവും കാട്ടാതിരുന്നപ്പോൾ പോലും ശമൂവേൽ ശരിയായ ഗതി പിന്തുടർന്നു. അതിന് അവനെ പ്രാപ്തനാക്കിയ ഗുണങ്ങൾ വളർത്തിയെടുക്കാൻ മാതാപിതാക്കളുടെ ഉത്തമ ദൃഷ്ടാന്തം അവനെ സാഹായിച്ചുവെന്നതിൽ തെല്ലും സംശയമില്ല. കാലക്രമത്തിൽ, യഹോവ ശമൂവേലിനെ തന്റെ പ്രവാചകൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം ഭരമേൽപ്പിച്ചു.—1 ശമൂവേൽ 2:11, 12; 3:1-21.
9. (എ) കുടുംബത്തിലെ ഏതു സ്വാധീനം തിമൊഥെയൊസിന്റെ മേൽ നല്ല ഫലം ഉളവാക്കി? (ബി) തിമൊഥെയൊസ് ഏതു തരത്തിലുള്ള വ്യക്തി ആയിത്തീർന്നു?
9 യുവാവായിരിക്കെ, പൗലൊസ് അപ്പൊസ്തലന്റെ സഹകാരി ആയിത്തീർന്ന തിമൊഥെയൊസിനെപ്പോലെ നിങ്ങളുടെ കുട്ടി ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? തിമൊഥെയൊസിന്റെ പിതാവ് ഒരു വിശ്വാസി അല്ലായിരുന്നു. എന്നാൽ ആത്മീയ കാര്യങ്ങളോടുള്ള വിലമതിപ്പിന്റെ കാര്യത്തിൽ അവന്റെ അമ്മയും വല്യമ്മയും ഒരു ഉത്തമ മാതൃക വെച്ചു. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ തിമൊഥെയൊസിന്റെ ജീവിതത്തിന് നല്ല അടിസ്ഥാനം ഇടാൻ അതു സഹായിച്ചു എന്നതിനു യാതൊരു സംശയവുമില്ല. അവന്റെ അമ്മയായ യൂനീക്കയ്ക്കും വല്യമ്മയായ ലോവീസിനും ‘നിർവ്യാജവിശ്വാസം’ ഉണ്ടായിരുന്നെന്ന് നാം വായിക്കുന്നു. ക്രിസ്ത്യാനികൾ എന്ന നിലയിലുള്ള അവരുടെ ജീവിതം ഒരു നാട്യം ആയിരുന്നില്ല. വിശ്വസിക്കുന്നുവെന്നു തങ്ങൾ അവകാശപ്പെട്ടതിനു ചേർച്ചയിൽ അവർ ജീവിച്ചു. അതുതന്നെ ചെയ്യാൻ അവർ ബാലനായ തിമൊഥെയൊസിനെ പഠിപ്പിക്കുകയും ചെയ്തു. താൻ ആശ്രയയോഗ്യനും മറ്റുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്പര്യം ഉള്ളവനും ആണെന്ന് തിമൊഥെയൊസ് തെളിയിച്ചു.—2 തിമൊഥെയൊസ് 1:4, 5; ഫിലിപ്പിയർ 2:20-22.
10. (എ) വീടിനു വെളിയിലുള്ള ഏതെല്ലാം സംഗതികൾ കുട്ടികളെ സ്വാധീനിച്ചേക്കാം? (ബി) കുട്ടികളുടെ സംസാരത്തിലും മനോഭാവത്തിലും ആ സ്വാധീനങ്ങൾ പ്രകടമാകുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
10 വീട്ടിലുള്ളവരുടെ മാതൃക മാത്രമല്ല കുട്ടികളെ സ്വാധീനിക്കുന്നത്. സഹപാഠികൾ, കുട്ടികളുടെ മനസ്സിനെ കരുപ്പിടിപ്പിക്കാൻ ഉത്തരവാദിത്വമുള്ള അധ്യാപകർ, രൂഢമൂലമായ ഗോത്ര-സാമുദായിക ആചാരങ്ങളോട് എല്ലാവരും അനുരൂപപ്പെടണമെന്ന് ശഠിക്കുന്ന ആളുകൾ, നേട്ടങ്ങളെപ്രതി വ്യാപകമായി പ്രകീർത്തിക്കപ്പെടുന്ന കായിക താരങ്ങൾ, പെരുമാറ്റം നിമിത്തം വാർത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം കുട്ടികളുടെ മേൽ സ്വാധീനം ചെലുത്തിയേക്കാം. അതിനു പുറമേ, ദശലക്ഷക്കണക്കിന് കുട്ടികൾ യുദ്ധത്തിലെ മൃഗീയത അറിയാനിടയാകുന്നു. കുട്ടികളുടെ സംസാരത്തിലും മനോഭാവത്തിലും ഈ ഘടകങ്ങളുടെ സ്വാധീനം പ്രകടമാകുന്നെങ്കിൽ നാം അമ്പരക്കണമോ? അങ്ങനെ സംഭവിക്കുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കണം. പരുഷമായ ഒരു ശകാരമോ ശാസനയോ പ്രശ്നം പരിഹരിക്കുമോ? കുട്ടികളോട് ഉടനടി പ്രതികരിക്കുന്നതിനു പകരം നമ്മോടുതന്നെ ഇപ്രകാരം ചോദിക്കുന്നത് മെച്ചമായിരിക്കില്ലേ, ‘യഹോവ നമ്മോട് ഇടപെടുന്ന വിധത്തിൽ ഉൾപ്പെട്ടിരിക്കുന്ന എന്തെങ്കിലും സംഗതി ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ട വിധം തിരിച്ചറിയാൻ സഹായിക്കുമോ?’—റോമർ 2:4 താരതമ്യം ചെയ്യുക.
11. മാതാപിതാക്കൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ, അത് അവരുടെ മക്കളുടെ മനോഭാവത്തെ എങ്ങനെ ബാധിച്ചേക്കാം?
11 അപൂർണരായ മാതാപിതാക്കൾ സാഹചര്യങ്ങൾ എല്ലായ്പോഴും ഏറ്റവും മെച്ചമായി കൈകാര്യം ചെയ്യണമെന്നില്ല. അവർക്കു തെറ്റുകൾ സംഭവിക്കും. കുട്ടികൾ അതു തിരിച്ചറിയുമ്പോൾ, മാതാപിതാക്കളോടുള്ള അവരുടെ ബഹുമാനം കുറഞ്ഞുപോകുമോ? അങ്ങനെ സംഭവിച്ചേക്കാം, തങ്ങളുടെ അധികാരം പരുഷമായി സ്ഥാപിച്ചെടുത്തുകൊണ്ട് മാതാപിതാക്കൾ സ്വന്തം തെറ്റിനെ നിസ്സാരമായി തള്ളിക്കളയാൻ ശ്രമിക്കുന്നെങ്കിൽ വിശേഷിച്ചും. അതേസമയം, മാതാപിതാക്കൾ താഴ്മയുള്ളവരും തങ്ങളുടെ തെറ്റുകൾ മടികൂടാതെ സമ്മതിക്കുന്നവരും ആണെങ്കിൽ ഫലം വളരെ വ്യത്യസ്തമായിരുന്നേക്കാം. ഇക്കാര്യത്തിൽ, അവർക്ക് തങ്ങളുടെ കുട്ടികൾക്കായി ഒരു വിലയേറിയ മാതൃക വെക്കാൻ കഴിയും, അവരും അപ്രകാരം ആയിരിക്കാൻ പഠിക്കേണ്ടതാണല്ലോ.—യാക്കോബ് 4:6.
നമ്മുടെ മാതൃകയാൽ പഠിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ
12, 13. (എ) സ്നേഹത്തെ കുറിച്ച് കുട്ടികൾ എന്തു പഠിക്കേണ്ടതുണ്ട്, ഇത് ഏറ്റവും ഫലപ്രദമായി പഠിപ്പിക്കാൻ കഴിയുന്നത് എങ്ങനെ? (ബി) കുട്ടികൾ സ്നേഹത്തെ കുറിച്ച് പഠിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 വാക്കാലുള്ള പ്രബോധനത്തോടൊപ്പം നല്ല മാതൃകയും വെക്കുന്നെങ്കിൽ, നമുക്കു വിലയേറിയ അനേകം പാഠങ്ങൾ ഏറ്റവും ഫലപ്രദമായി പഠിപ്പിക്കാനാകും. ചില കാര്യങ്ങൾ പരിചിന്തിക്കുക.
13 നിസ്വാർഥ സ്നേഹം പ്രകടിപ്പിക്കൽ: സ്നേഹത്തിന്റെ അർഥമാണ് നമ്മുടെ മാതൃകയിലൂടെ പഠിപ്പിക്കേണ്ടിയിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠം. “[ദൈവം] ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.” (1 യോഹന്നാൻ 4:19) അവൻ സ്നേഹത്തിന്റെ പ്രഭവസ്ഥാനവും അത്യുന്നത ദൃഷ്ടാന്തവുമാണ്. അഗാപെ എന്ന ഈ തത്ത്വാധിഷ്ഠിത സ്നേഹം ബൈബിളിൽ 100-ലേറെ പ്രാവശ്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. സത്യ ക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന ഒരു ഗുണമാണ് അത്. (യോഹന്നാൻ 13:35) ദൈവത്തോടും യേശുക്രിസ്തുവിനോടും മനുഷ്യരോടും എന്തിന് നമുക്കു പ്രിയം തോന്നാത്ത ആളുകളോടു പോലും അത്തരം സ്നേഹം കാണിക്കേണ്ടതാണ്. (മത്തായി 5:44, 45; 1 യോഹന്നാൻ 5:3) ഈ സ്നേഹം കുട്ടികളെ ഫലപ്രദമായി പഠിപ്പിക്കണമെങ്കിൽ, അത് ആദ്യം നമ്മുടെ ഹൃദയത്തിൽ ഉണ്ടായിരിക്കുകയും ജീവിതത്തിൽ പ്രകടമായിരിക്കുകയും വേണം. പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. സ്നേഹവും അതിനോടു ബന്ധപ്പെട്ട വാത്സല്യം പോലുള്ള ഗുണങ്ങളും കുട്ടികൾ കുടുംബത്തിൽ കാണുകയും അനുഭവിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. അവ ഇല്ലാത്തപ്പോൾ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ച മുരടിക്കുന്നു. കുടുംബത്തിനു വെളിയിലുള്ള സഹക്രിസ്ത്യാനികളോട് സ്നേഹവും വാത്സല്യവും ഉചിതമായി പ്രകടിപ്പിക്കേണ്ടത് എങ്ങനെയെന്നും കുട്ടികൾ കാണേണ്ടതുണ്ട്.—റോമർ 12:10; 1 പത്രൊസ് 3:8.
14. (എ) സംതൃപ്തി കൈവരുത്തുന്ന ജോലി ചെയ്യാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാനാകും? (ബി) നിങ്ങളുടെ കുടുംബ ചുറ്റുപാടിൽ ഇത് എങ്ങനെ ചെയ്യാനാകും?
14 എങ്ങനെ ജോലി ചെയ്യാമെന്നു പഠിക്കൽ: ജീവിതത്തിലെ ഒരു അടിസ്ഥാന സംഗതിയാണ് ജോലി. ഒരുവന് ആത്മാഭിമാനം തോന്നണമെങ്കിൽ നന്നായി ജോലി ചെയ്യാൻ പഠിക്കണം. (സഭാപ്രസംഗി 2:24; 2 തെസ്സലൊനീക്യർ 3:10) നിർദേശങ്ങൾ ഒന്നുംതന്നെ കൊടുക്കാതെ ഒരു ജോലി ചെയ്യാൻ കുട്ടിയോട് ആവശ്യപ്പെടുകയും എന്നിട്ട് അത് നന്നായി ചെയ്യാഞ്ഞതിന് കുട്ടിയെ ശകാരിക്കുകയും ചെയ്താൽ, അവൻ ജോലികൾ നന്നായി ചെയ്യാൻ പഠിക്കുന്നതിനു യാതൊരു സാധ്യതയുമില്ല. എന്നാൽ കുട്ടികൾ മാതാപിതാക്കളോടൊപ്പം ജോലി ചെയ്തു പഠിക്കുകയും അവർ ഉചിതമായി അഭിനന്ദിക്കപ്പെടുകയും ചെയ്യുമ്പോൾ, സംതൃപ്തിദായകമായി ജോലി ചെയ്യാൻ കുട്ടികൾ പഠിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. മാതാപിതാക്കൾ മാതൃക വെക്കുന്നതോടൊപ്പം ആവശ്യമായ വിശദീകരണവും നൽകുമ്പോൾ, എങ്ങനെ ഒരു ജോലി ചെയ്യാമെന്നു മാത്രമല്ല, പ്രശ്നങ്ങൾ തരണം ചെയ്യാനും ജോലി തീരുന്നതുവരെ അതിനോടു പറ്റിനിൽക്കാനും ന്യായബോധത്തോടെ തീരുമാനങ്ങൾ എടുക്കാനും കുട്ടികൾ പഠിക്കും. യഹോവയും ജോലി ചെയ്യുന്നുവെന്നും അവൻ അതു നന്നായി ചെയ്യുന്നുവെന്നും യേശു തന്റെ പിതാവിനെ അനുകരിക്കുന്നുവെന്നും മനസ്സിലാക്കാൻ കുട്ടികളെ ഈ സന്ദർഭത്തിൽ സഹായിക്കാൻ കഴിയും. (ഉല്പത്തി 1:31; സദൃശവാക്യങ്ങൾ 8:27-31; യോഹന്നാൻ 5:17) കുടുംബം കൃഷിയോ ബിസിനസോ നടത്തുന്നുണ്ടെങ്കിൽ കുടുംബാംഗങ്ങളിൽ ചിലർക്ക് അതിൽ ഒന്നിച്ചു പങ്കുപറ്റാവുന്നതാണ്. അല്ലെങ്കിൽ, പാചകം ചെയ്യാനും ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളും മറ്റും വൃത്തിയാക്കാനും അമ്മയ്ക്കു മകനെയോ മകളെയോ പഠിപ്പിക്കാവുന്നതാണ്. വീട്ടിൽനിന്നു ദൂരെ ജോലി ചെയ്യുന്ന ഒരു പിതാവിന് കുട്ടികളുമൊരുമിച്ചു വീട്ടിൽ ചില ജോലികൾ ചെയ്യാൻ ആസൂത്രണം ചെയ്യാവുന്നതാണ്. കേവലം തത്കാലത്തേക്കുള്ള ജോലികൾ ചെയ്തു തീർക്കണമെന്നതല്ല, മറിച്ച് കുട്ടികളെ ഭാവി ജീവിതത്തിനായി ഒരുക്കണമെന്ന ചിന്ത മാതാപിതാക്കൾക്ക് ഉണ്ടായിരിക്കുന്നത് എത്ര പ്രയോജനകരമാണ്!
15. വിശ്വാസത്തെ കുറിച്ചുള്ള പാഠങ്ങൾ ഏതു വിധങ്ങളിൽ പഠിപ്പിക്കാവുന്നതാണ്? ദൃഷ്ടാന്തീകരിക്കുക.
15 പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസം കാത്തുസൂക്ഷിക്കൽ: വിശ്വാസവും നമ്മുടെ ജീവിതത്തിന്റെ ഒരു മർമപ്രധാന വശം ആണ്. കുടുംബ അധ്യയനത്തിൽ വിശ്വാസത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ അതിന്റെ നിർവചനം കുട്ടികൾ പഠിച്ചേക്കാം. തങ്ങളുടെ ഹൃദയത്തിൽ വിശ്വാസം വളരാൻ ഇടയാക്കുന്ന തെളിവുകളും അവർക്കു ബോധ്യമായേക്കാം. എന്നാൽ കടുത്ത പരിശോധനകളിന്മധ്യേ തങ്ങളുടെ മാതാപിതാക്കൾ അചഞ്ചലമായ വിശ്വാസം പ്രകടമാക്കുന്നതു കുട്ടികൾ കാണുമ്പോൾ അതിന്റെ ഫലം ആജീവനാന്തം നിലനിന്നേക്കാം. യഹോവയെ സേവിക്കുന്നതു നിർത്തിയില്ലെങ്കിൽ വീട്ടിൽനിന്നു പുറത്താക്കുമെന്ന് പനാമയിലെ ഒരു ബൈബിൾ വിദ്യാർഥിനിയെ അവരുടെ ഭർത്താവ് ഭീഷണിപ്പെടുത്തി. എന്നിട്ടും, ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ എത്തിച്ചേരാനായി അവർ തന്റെ നാലു കൊച്ചു കുട്ടികളോടൊപ്പം പതിവായി 16 കിലോമീറ്റർ നടക്കുകയും തുടർന്ന് 30 കിലോമീറ്റർ ബസ് യാത്ര നടത്തുകയും ചെയ്തിരുന്നു. ആ ദൃഷ്ടാന്തത്താൽ പ്രോത്സാഹിതരായി, അവരുടെ കുടുംബത്തിലെ 20 അംഗങ്ങൾ സത്യത്തിന്റെ മാർഗം സ്വീകരിച്ചു.
അനുദിന ബൈബിൾ വായനയിൽ മാതൃക വെക്കുക
16. അനുദിന കുടുംബ ബൈബിൾ വായന ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
16 ഏതൊരു കുടുംബത്തിനും വെക്കാവുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിൽ ഒന്നാണു ക്രമമായ ബൈബിൾ വായന. മാതാപിതാക്കൾക്കു പ്രയോജനം ചെയ്യുന്നതും കുട്ടികൾക്ക് അനുകരിക്കാൻ കഴിയുന്നതുമായ ഒരു ശീലമാണ് അത്. എല്ലാ ദിവസവും ബൈബിൾ അൽപ്പമെങ്കിലും വായിക്കുന്നതിനു സാധ്യമായ സകല ശ്രമവും ചെയ്യുക. എത്രമാത്രം വായിക്കുന്നു എന്നതല്ല പരമ പ്രധാനം. ക്രമമായി വായിക്കുന്നുണ്ടോ എന്നതും വായിക്കുന്ന വിധവുമാണ് ഏറെ പ്രധാനം. കുട്ടികളുടെ കാര്യത്തിൽ, ബൈബിൾ വായനയ്ക്കു പുറമേ എന്റെ ബൈബിൾ കഥാപുസ്തകത്തിന്റെ ഓഡിയോ കാസെറ്റ് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ ലഭ്യമാണെങ്കിൽ അതു കൂടി അവരെ കേൾപ്പിക്കാവുന്നതാണ്. അനുദിനം ദൈവവചനം വായിക്കുന്നത് ദൈവത്തിന്റെ ചിന്തയെ മുൻപന്തിയിൽ നിർത്താൻ നമ്മെ സഹായിക്കും. അത്തരം ബൈബിൾ വായന വ്യക്തികളെന്ന നിലയിൽ മാത്രമല്ല, കുടുംബം ഒത്തൊരുമിച്ചും നടത്തുന്നുവെങ്കിൽ യഹോവയുടെ വഴികളിൽ നടക്കാൻ അതു മുഴു കുടുംബത്തെയും സഹായിക്കും. അടുത്തയിടെ നടന്ന, “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനിലെ കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക! എന്ന നാടകത്തിൽ അപ്രകാരം ചെയ്യാനാണ് നാം പ്രോത്സാഹിപ്പിക്കപ്പെട്ടത്.—സങ്കീർത്തനം 1:1-3.
17. സകുടുംബം ബൈബിൾ വായിക്കുന്നതും മുഖ്യ തിരുവെഴുത്തുകൾ മനപ്പാഠമാക്കുന്നതും എഫെസ്യർ 6:4-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ സഹായിക്കുന്നത് എങ്ങനെ?
17 സകുടുംബം ബൈബിൾ വായിക്കുന്നത്, എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് പൗലൊസ് അപ്പൊസ്തലൻ എഴുതിയ നിശ്വസ്ത ലേഖനത്തിലെ പിൻവരുന്ന ഉദ്ബോധനത്തിനു ചേർച്ചയിലാണ്: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരുവിൻ.” (എഫെസ്യർ 6:4, NW) അതിന്റെ അർഥം എന്താണ്? ‘മാനസിക ക്രമവത്കരണം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “മനസ്സ് ഉൾനടൽ” എന്നാണ്. അതുകൊണ്ട്, യഹോവയാം ദൈവത്തിന്റെ മനസ്സ് തങ്ങളുടെ കുട്ടികളിൽ ഉൾനടാൻ അതായത്, ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കാൻ ക്രിസ്തീയ പിതാക്കന്മാർ ഉദ്ബോധിപ്പിക്കപ്പെടുന്നു. മുഖ്യ തിരുവെഴുത്തുകൾ മനപ്പാഠമാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് ഇക്കാര്യത്തിൽ വിജയം നേടാൻ സഹായിക്കും. മാതാപിതാക്കൾ ഒപ്പം ഉണ്ടെങ്കിലും ഇല്ലെങ്കിലും, കുട്ടികളുടെ ആഗ്രഹങ്ങളും നടത്തയും ക്രമേണ ദൈവിക നിലവാരങ്ങളെ പ്രതിഫലിപ്പിക്കത്തക്കവിധം യഹോവയുടെ ചിന്തകൾ അവരുടെ ചിന്തകളെ നയിക്കാൻ ഇടയാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അത്തരം ചിന്തയ്ക്കുള്ള അടിസ്ഥാനം ബൈബിളാണ്.—ആവർത്തനപുസ്തകം 6:6, 7.
18. ബൈബിൾ വായിക്കുമ്പോൾ, (എ) അതു വ്യക്തമായി മനസ്സിലാക്കാനും (ബി) അതിലെ ബുദ്ധിയുപദേശത്തിൽ നിന്നു പ്രയോജനം അനുഭവിക്കാനും (സി) യഹോവയുടെ ഉദ്ദേശ്യത്തെ കുറിച്ച് അതു വെളിപ്പെടുത്തുന്നതിനോടു പ്രതികരിക്കാനും (ഡി) ആളുകളുടെ മനോഭാവത്തെയും പ്രവൃത്തികളെയും കുറിച്ച് അതു പറയുന്ന കാര്യങ്ങളിൽ നിന്നു പ്രയോജനം നേടാനും എന്താണ് ആവശ്യമായിരിക്കുന്നത്?
18 ബൈബിൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കണമെങ്കിൽ അതു പറയുന്നത് എന്താണെന്നു നാം തീർച്ചയായും മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനേകരും ഒരു ഭാഗം ഒന്നിലേറെ പ്രാവശ്യം വായിക്കേണ്ടത് ആവശ്യമായിരിക്കാം. ചില പദപ്രയോഗങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിന് നാം ഒരു നിഘണ്ടുവിലോ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകത്തിലോ ആ വാക്കുകൾ എടുത്തു നോക്കേണ്ടത് ഉണ്ടായിരിക്കാം. തിരുവെഴുത്തിൽ ഒരു ബുദ്ധിയുപദേശമോ കൽപ്പനയോ അടങ്ങിയിട്ടുണ്ടെങ്കിൽ, ഇന്ന് അത് ഏതെല്ലാം സാഹചര്യങ്ങളിലാണ് പ്രായോഗികമെന്നു ചർച്ച ചെയ്യാൻ സമയം എടുക്കുക. അപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?’ (യെശയ്യാവു 48:17, 18) പ്രസ്തുത തിരുവെഴുത്ത് യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഏതെങ്കിലും ഒരു വശത്തെ കുറിച്ചാണു സംസാരിക്കുന്നതെങ്കിൽ ഇപ്രകാരം ചോദിക്കുക, ‘നമ്മുടെ ജീവിതത്തെ ഇത് എങ്ങനെ ബാധിക്കുന്നു?’ ഒരുപക്ഷേ ആളുകളുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും കുറിച്ചു പറയുന്ന ഒരു വിവരണമായിരിക്കാം നിങ്ങൾ വായിക്കുന്നത്. ജീവിതത്തിൽ എന്തെല്ലാം സമ്മർദങ്ങളാണ് അവർക്കു നേരിട്ടത്? അവർ അവ എങ്ങനെയാണു കൈകാര്യം ചെയ്തത്? അവരുടെ മാതൃകയിൽ നിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? പ്രസ്തുത വിവരണത്തിന് ഇന്ന് നമ്മുടെ ജീവിതത്തിൽ എന്ത് അർഥമാണുള്ളതെന്നു ചർച്ച ചെയ്യാൻ എല്ലായ്പോഴും സമയം അനുവദിക്കുക.—റോമർ 15:4; 1 കൊരിന്ത്യർ 10:11.
19. ദൈവത്തെ അനുകരിക്കുക വഴി നാം നമ്മുടെ മക്കൾക്ക് എന്തായിരിക്കും പ്രദാനം ചെയ്യുന്നത്?
19 ദൈവത്തിന്റെ ചിന്തകളെ നമ്മുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കാനുള്ള എന്തൊരു ഉത്തമ മാർഗം! അങ്ങനെ, “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരി”ക്കാൻ നാം ശരിക്കും സഹായിക്കപ്പെടും. (എഫെസ്യർ 5:1) നമ്മുടെ മക്കൾക്കു തികച്ചും അനുകരണാർഹമായ ഒരു മാതൃകയായിരിക്കും നാം പ്രദാനം ചെയ്യുന്നത്.
നിങ്ങൾ ഓർമിക്കുന്നുവോ?
□ യഹോവയുടെ മാതൃകയിൽ നിന്നു മാതാപിതാക്കൾക്ക് എങ്ങനെ പ്രയോജനം നേടാനാകും?
□ വാക്കാലുള്ള പ്രബോധനത്തോടൊപ്പം മാതാപിതാക്കൾ കുട്ടികൾക്കു നല്ല മാതൃകയും വെക്കേണ്ടത് എന്തുകൊണ്ട്?
□ മാതാപിതാക്കളുടെ മാതൃകയാൽ ഏറ്റവും നന്നായി പഠിപ്പിക്കാൻ കഴിയുന്ന ചില പാഠങ്ങൾ ഏവ?
□ കുടുംബ ബൈബിൾ വായനയിൽനിന്ന് നമുക്ക് എങ്ങനെ പൂർണമായി പ്രയോജനം നേടാനാകും?
[10-ാം പേജിലെ ചിത്രം]
അനേകർ ഒരു കുടുംബം എന്ന നിലയിൽ ബൈബിൾ വായന ആസ്വദിക്കുന്നു
-
-
ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻവീക്ഷാഗോപുരം—1999 | ജൂലൈ 1
-
-
ഒരു കുടുംബം എന്ന നിലയിൽ ദൈവവചനം പതിവായി പഠിക്കുവിൻ
“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—മത്തായി 4:4.
1. മക്കളെ യഹോവയുടെ വഴികൾ പഠിപ്പിക്കാനുള്ള കുടുംബത്തലവന്മാരുടെ ഉത്തരവാദിത്വത്തെ കുറിച്ച് ബൈബിൾ എന്തു പറയുന്നു?
മക്കളെ പഠിപ്പിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് കുടുംബത്തലവന്മാരെ യഹോവയാം ദൈവം കൂടെക്കൂടെ ഓർമിപ്പിച്ചിരുന്നു. അത്തരം പ്രബോധനം, വർത്തമാനകാല ജീവിതത്തിനായി കുട്ടികളെ സജ്ജരാക്കാനും ഭാവി ജീവിതത്തിനായി അവരെ ഒരുക്കാനും സഹായിക്കുമായിരുന്നു. “യഹോവയുടെ വഴിയിൽ നടപ്പാൻ” തന്റെ കുടുംബത്തെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം ദൈവത്തിന്റെ പ്രതിനിധിയായ ഒരു ദൂതൻ അബ്രാഹാമിനു വ്യക്തമാക്കിക്കൊടുത്തു. (ഉല്പത്തി 18:19) ദൈവം ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിക്കുകയും ഹോരേബിലെ സീനായി മലയിൽ വെച്ച് അവർക്കു തന്റെ ന്യായപ്രമാണം നൽകുകയും ചെയ്തത് എങ്ങനെയെന്ന് തങ്ങളുടെ മക്കളോടു വിശദീകരിക്കാൻ ഇസ്രായേല്യ മാതാപിതാക്കളോടു പറയപ്പെട്ടു. (പുറപ്പാടു 13:8, 9; ആവർത്തനപുസ്തകം 4:9, 10; 11:18-21) “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാൻ ക്രിസ്തീയ കുടുംബത്തലവന്മാർ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 6:4) മാതാപിതാക്കളിൽ ഒരാൾ മാത്രമേ യഹോവയെ സേവിക്കുന്നുള്ളൂ എങ്കിൽ പോലും, മക്കളെ യഹോവയുടെ വഴികൾ പഠിപ്പിക്കാൻ ആ വ്യക്തി ശ്രമിക്കണം.—2 തിമൊഥെയൊസ് 1:5; 3:14, 15.
2. കുട്ടികൾ ഇല്ലെങ്കിൽ കുടുംബ അധ്യയനം ആവശ്യമുണ്ടോ? വിശദീകരിക്കുക.
2 കുടുംബം ഒത്തൊരുമിച്ചു ദൈവവചനം പഠിക്കുന്നത് കുട്ടികളുള്ള കുടുംബങ്ങൾ മാത്രം ചെയ്യേണ്ടതാണെന്ന് ഇതിനർഥമില്ല. കുട്ടികൾ ഇല്ലെങ്കിൽ പോലും ഭാര്യാഭർത്താക്കന്മാർക്ക് കുടുംബ അധ്യയനം ഉണ്ടെങ്കിൽ, അത് ആത്മീയ കാര്യങ്ങളോട് അവർക്ക് ആഴമായ വിലമതിപ്പുണ്ടെന്നു പ്രകടമാക്കുന്നു.—എഫെസ്യർ 5:25, 26.
3. കുടുംബ അധ്യയനം പതിവായി നടത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3 ഏറ്റവും പ്രയോജനം ലഭിക്കുന്നതിന്, പ്രബോധനം പതിവായി നൽകേണ്ടതുണ്ട്. അത് മരുഭൂമിയിൽ വെച്ച് യഹോവ ഇസ്രായേല്യരെ പഠിപ്പിച്ച പാഠവുമായി പൊരുത്തത്തിലാണ്: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” (ആവർത്തനപുസ്തകം 8:3) കുടുംബത്തിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി, ചില കുടുംബങ്ങൾ പ്രതിവാര അധ്യയനം ക്രമീകരിച്ചേക്കാം. മറ്റു ചിലർക്കാണെങ്കിൽ എല്ലാ ദിവസവും ചെറിയ അധ്യയന സെഷനുകൾ ഉണ്ടായിരുന്നേക്കാം. നിങ്ങൾ ഏതു ക്രമീകരണം തിരഞ്ഞെടുത്താലും, അവസരം ഒത്തുകിട്ടിയാൽ പഠിക്കാം എന്ന മനോഭാവം ഒരിക്കലും കൈക്കൊള്ളരുത്. അതിനായി ‘സമയം വിലയ്ക്കു വാങ്ങുക.’ ആ സമയത്തിനു നൽകുന്ന വില ഒരു ഉറപ്പുള്ള നിക്ഷേപമാണ്. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്.—എഫെസ്യർ 5:15-17; ഫിലിപ്പിയർ 3:16, NW.
മനസ്സിൽ പിടിക്കേണ്ട ലക്ഷ്യങ്ങൾ
4, 5. (എ) മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ ഏതു പ്രധാന ലക്ഷ്യമാണ് മോശെ മുഖാന്തരം യഹോവ മാതാപിതാക്കളുടെ മുന്നിൽ വെച്ചത്? (ബി) ഇന്ന് അതിൽ എന്ത് ഉൾപ്പെടുന്നു?
4 കുടുംബ അധ്യയനം നടത്തുമ്പോൾ നിങ്ങളുടെ മനസ്സിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ അത് ഏറ്റവും അധികം പ്രയോജനം ചെയ്യും. അവയിൽ ഏതാനും ചിലതു പരിചിന്തിക്കുക.
5 ഓരോ അധ്യയനത്തിലും യഹോവയാം ദൈവത്തോടുള്ള സ്നേഹം വളർത്തിയെടുക്കാൻ ശ്രമിക്കുക. വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പ് ഇസ്രായേല്യർ മോവാബ് സമഭൂമിയിൽ സമ്മേളിച്ചിരുന്നപ്പോൾ ഒരു പ്രത്യേക കൽപ്പനയിൽ മോശെ അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് യേശുക്രിസ്തു അതിനെ “ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന” എന്നു വിളിച്ചു. അത് എന്തായിരുന്നു? “നിന്റെ ദൈവമായ യഹോവയെ നീ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കേണം.” (മത്തായി 22:36, 37, NW; ആവർത്തനപുസ്തകം 6:5) ആ കൽപ്പന സ്വന്തം ഹൃദയങ്ങളിൽ പതിപ്പിക്കാനും തങ്ങളുടെ മക്കളെ പഠിപ്പിക്കാനും മോശെ ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചു. അതിന്, അത് ആവർത്തിച്ചു പറയുന്നതും യഹോവയെ സ്നേഹിക്കുന്നതിനുള്ള കാരണങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതും അത്തരം സ്നേഹം പ്രകടിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തിയേക്കാവുന്ന മനോഭാവങ്ങളെയും നടത്തയെയും കൈകാര്യം ചെയ്യുന്നതും സ്വന്തം ജീവിതത്തിൽ യഹോവയോടുള്ള സ്നേഹം പ്രകടിപ്പിച്ചു കാണിക്കുന്നതും ആവശ്യമായിരുന്നു. നമ്മുടെ മക്കൾക്കും അത്തരം പ്രബോധനം ആവശ്യമാണോ? ഉവ്വ്! ‘ഹൃദയങ്ങളെ പരിച്ഛേദന’ ചെയ്യാൻ അതായത്, ദൈവത്തോടുള്ള സ്നേഹത്തിനു വിലങ്ങുതടി ആയേക്കാവുന്ന എന്തും നീക്കം ചെയ്യാൻ അവർക്കും സഹായം ആവശ്യമാണ്. (ആവർത്തനപുസ്തകം 10:12, 16; യിരെമ്യാവു 4:4) ലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾക്കും ലൗകിക പ്രവർത്തനങ്ങളിൽ ആഴമായി ഉൾപ്പെടാനുള്ള അവസരങ്ങൾക്കും വേണ്ടിയുള്ള ആഗ്രഹം ആ വിലങ്ങുതടികളിൽ പെട്ടേക്കാം. (1 യോഹന്നാൻ 2:15, 16) യഹോവയോടുള്ള സ്നേഹം, സജീവവും പ്രകടവും നമ്മുടെ സ്വർഗീയ പിതാവിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതും ആയിരിക്കണം. (1 യോഹന്നാൻ 5:3) നിങ്ങളുടെ കുടുംബ അധ്യയനത്തിനു ദീർഘകാല പ്രയോജനങ്ങൾ ഉണ്ടായിരിക്കണമെങ്കിൽ, ഓരോ അധ്യയനവും ഈ സ്നേഹത്തെ ബലിഷ്ഠമാക്കുന്ന വിധത്തിൽ നടത്തേണ്ടതുണ്ട്.
6. (എ) സൂക്ഷ്മ പരിജ്ഞാനം പ്രദാനം ചെയ്യുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്? (ബി) തിരുവെഴുത്തുകൾ സൂക്ഷ്മ പരിജ്ഞാനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നത് എങ്ങനെ?
6 ദൈവത്തിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് സൂക്ഷ്മ പരിജ്ഞാനം പ്രദാനം ചെയ്യുക. അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ഒരു മാസികയിൽനിന്നോ പുസ്തകത്തിൽനിന്നോ ഒരു ഉത്തരം വായിക്കുന്നതിലുമധികം അതിൽ ഉൾപ്പെടുന്നു. പ്രധാന വാക്കുകളും മുഖ്യ ആശയങ്ങളും വ്യക്തമായി ഗ്രഹിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന്, ചർച്ചയാണ് സാധാരണഗതിയിൽ ആവശ്യം. പുതിയ വ്യക്തിത്വം ധരിക്കാനും ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികച്ചും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അങ്ങനെ ദൈവത്തെ യഥാർഥത്തിൽ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനും സൂക്ഷ്മ പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.—ഫിലിപ്പിയർ 1:9-11, NW; കൊലൊസ്സ്യർ 1:9, 10; 3:10.
7. (എ) പഠിക്കുന്ന വിഷയങ്ങൾ ബാധകമാക്കാൻ ഏതു ചോദ്യങ്ങൾ ഒരു കുടുംബത്തെ സഹായിച്ചേക്കാം? (ബി) അത്തരമൊരു ലക്ഷ്യം ഉണ്ടായിരിക്കുന്നതിന്റെ മൂല്യം തിരുവെഴുത്തുകൾ ഊന്നിപ്പറയുന്നത് എങ്ങനെ?
7 പഠിച്ചതു ബാധകമാക്കാൻ സഹായിക്കുക. ഈ ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട് ഓരോ കുടുംബ അധ്യയനത്തിലും ഇപ്രകാരം ചോദിക്കാവുന്നതാണ്: ‘ഈ വിഷയം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം? അതനുസരിച്ച് നാം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിൽ എന്തെങ്കിലും മാറ്റം ആവശ്യമാണോ? പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നാം ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?’ (സദൃശവാക്യങ്ങൾ 2:10-15; 9:10; യെശയ്യാവു 48:17, 18) പഠിച്ച കാര്യങ്ങൾ ബാധകമാക്കുന്നതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നത് കുടുംബാംഗങ്ങളുടെ ആത്മീയ വളർച്ചയിലെ ഒരു സുപ്രധാന ഘടകമാണ്.
പഠനോപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക
8. ബൈബിൾ പഠനത്തിനായി അടിമ വർഗം പ്രദാനം ചെയ്തിരിക്കുന്ന ഉപകരണങ്ങൾ ഏവ?
8 പഠനത്തിന് ഉപയോഗിക്കാൻ കഴിയുന്ന ധാരാളം ഉപകരണങ്ങൾ “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്തിട്ടുണ്ട്. ബൈബിളിനോടൊപ്പം ഉപയോഗിക്കാനുള്ള വീക്ഷാഗോപുരം മാസിക 131 ഭാഷകളിൽ ലഭ്യമാണ്. ബൈബിൾ പഠനത്തിനുള്ള പുസ്തകങ്ങൾ 153 ഭാഷകളിലും ലഘുപത്രികകൾ 284 ഭാഷകളിലും വീഡിയോ കാസെറ്റുകൾ 41 ഭാഷകളിലും ബൈബിൾ ഗവേഷണത്തിനുള്ള കമ്പ്യൂട്ടർ പ്രോഗ്രാം 9 ഭാഷകളിലും ലഭ്യമാണ്!—മത്തായി 24:45-47, NW.
9. കുടുംബ വീക്ഷാഗോപുര അധ്യയനം നടത്തുമ്പോൾ, ഈ ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിലെ ബുദ്ധിയുപദേശം നാം എങ്ങനെ ബാധകമാക്കും?
9 അനേകം കുടുംബങ്ങൾ സഭയിലെ വീക്ഷാഗോപുര അധ്യയനത്തിനു വേണ്ടി തയ്യാറാകാൻ കുടുംബ അധ്യയന വേള വിനിയോഗിക്കുന്നു. അത് എത്ര സഹായകമാണ്! ലോകവ്യാപകമായി യഹോവയുടെ ജനത്തെ കെട്ടുപണി ചെയ്യാനുള്ള മുഖ്യ ആത്മീയ ഭക്ഷണം അടങ്ങിയിരിക്കുന്നത് വീക്ഷാഗോപുരത്തിലാണ്. ഒരു കുടുംബം എന്ന നിലയിൽ നിങ്ങൾ വീക്ഷാഗോപുരം പഠിക്കുമ്പോൾ, ഖണ്ഡികകൾ വായിച്ച് അച്ചടിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിലും അധികം ചെയ്യുക. കാര്യങ്ങൾ ഗ്രഹിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഉദ്ധരിച്ചിട്ടില്ലാത്തതും എന്നാൽ പരാമർശിച്ചിരിക്കുന്നതുമായ തിരുവെഴുത്തുകൾ എടുത്തു നോക്കാൻ സമയമെടുക്കുക. പരിചിന്തിച്ചുകൊണ്ടിരിക്കുന്ന ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങളുമായി അവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് അഭിപ്രായം പറയാൻ കുടുംബാംഗങ്ങളെ ക്ഷണിക്കുക. അഭിപ്രായങ്ങൾ ഹൃദയത്തിൽനിന്ന് ഉള്ളതാകട്ടെ.—സദൃശവാക്യങ്ങൾ 4:7, 23; പ്രവൃത്തികൾ 17:11.
10. കുട്ടികളെ അധ്യയനത്തിൽ ഉൾപ്പെടുത്താനും അത് അവർക്ക് ആസ്വാദ്യമാക്കാനും എന്തു ചെയ്യാൻ കഴിയും?
10 കുടുംബത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ, അധ്യയനത്തെ വെറുമൊരു കുടുംബചര്യ മാത്രമായി കാണാതെ, അതിനെ പരിപുഷ്ടിപ്പെടുത്തുന്നതും രസകരവും സന്തോഷകരവുമായ ഒരു അവസരമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും. ഉചിതമായ വിധത്തിൽ ഓരോരുത്തരെയും അധ്യയനത്തിൽ ഉടനീളം ഉൾപ്പെടുത്താൻ ശ്രമിക്കുക. അങ്ങനെ പഠനവിഷയത്തിൽ ശ്രദ്ധ പിടിച്ചുനിർത്താനാകും. സാധ്യമെങ്കിൽ, ഓരോ കുട്ടിക്കും സ്വന്തമായി ബൈബിളും പഠിക്കാനുള്ള മാസികയും ഉണ്ടായിരിക്കാൻ ക്രമീകരണം ചെയ്യുക. യേശു പ്രകടമാക്കിയ ഊഷ്മളത അനുകരിച്ചുകൊണ്ട്, നിങ്ങളുടെ കൊച്ചു കുട്ടിയെ അടുത്തിരുത്തി ഒരുപക്ഷേ കൈകൊണ്ടു ചുറ്റിപ്പിടിക്കാവുന്നതാണ്. (മർക്കൊസ് 10:13-16 താരതമ്യം ചെയ്യുക.) പഠന ഭാഗത്തുള്ള ഒരു ചിത്രത്തെ കുറിച്ചു വിശദീകരിക്കാൻ കുടുംബത്തലവന് ഒരു കുട്ടിയോടു പറയാവുന്നതാണ്. മറ്റൊരു കുട്ടിക്ക് ഒരു വാക്യം വായിക്കാൻ മുന്നമേ നിയമനം കൊടുക്കാവുന്നതാണ്. പഠിക്കുന്ന വിഷയം ബാധകമാക്കാൻ കഴിയുന്ന മണ്ഡലങ്ങൾ ഏതൊക്കെയെന്നു പറയാനുള്ള നിയമനം കുറെക്കൂടി മുതിർന്ന ഒരു കുട്ടിക്കു നൽകാവുന്നതാണ്.
11. മറ്റ് ഏതു പഠനോപകരണങ്ങൾ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു, അവ ലഭ്യമായിരിക്കുന്നിടത്ത് കുടുംബ അധ്യയനത്തിൽ അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകും?
11 ചർച്ചയ്ക്കുള്ള ഒരു അടിസ്ഥാനമായി നിങ്ങൾ വീക്ഷാഗോപുരം ഉപയോഗിക്കുന്നുണ്ടായിരിക്കാം. എന്നാൽ, നിരവധി ഭാഷകളിൽ ലഭ്യമായിരിക്കുന്ന മറ്റു പഠനോപകരണങ്ങളുടെ കാര്യം വിസ്മരിക്കരുത്. ഒരു ബൈബിൾ പ്രയോഗത്തിന്റെ പശ്ചാത്തലമോ വിശദീകരണമോ ആവശ്യമാണെങ്കിൽ, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകത്തിൽ അതു കണ്ടേക്കാം. വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) പരിശോധിക്കുകയോ സൊസൈറ്റി പ്രദാനം ചെയ്തിരിക്കുന്ന കമ്പ്യൂട്ടർ റിസേർച്ച് പ്രോഗ്രാം ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ മറ്റു ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചേക്കാം. ഈ ഉപകരണങ്ങൾ നിങ്ങളുടെ ഭാഷയിൽ ലഭ്യമാണെങ്കിൽ അവ ഉപയോഗിക്കാൻ പഠിക്കുന്നത് നിങ്ങളുടെ കുടുംബ അധ്യയനത്തിലെ മൂല്യവത്തായ ഒരു ഭാഗം ആയിരിക്കാവുന്നതാണ്. കുട്ടികളുടെ താത്പര്യം ഉണർത്താനുള്ള ലക്ഷ്യത്തോടെ, സൊസൈറ്റിയുടെ പ്രബോധനാത്മകമായ വീഡിയോകളിൽ ഒന്നിന്റെ കുറച്ചു ഭാഗം കണ്ട ശേഷമോ ഓഡിയോ കാസെറ്റിലുള്ള നാടകത്തിന്റെ ഒരു ഭാഗം കേട്ട ശേഷമോ അതേക്കുറിച്ചു ചർച്ച ചെയ്യാനായി അധ്യയന സമയത്തിന്റെ ഒരു ഭാഗം മാറ്റി വെക്കാവുന്നതാണ്. ഈ പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നത് നിങ്ങളുടെ കുടുംബ അധ്യയനം മുഴു കുടുംബത്തിനും രസകരവും പ്രയോജനപ്രദവും ആക്കാൻ സഹായിക്കും.
കുടുംബത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുക
12. കുടുംബത്തിലെ അടിയന്തിര ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുടുംബ അധ്യയനത്തിന് ഒരു പങ്കു വഹിക്കാൻ കഴിയുന്നത് എങ്ങനെ?
12 നിങ്ങളുടെ കുടുംബം ഓരോ വാരത്തേക്കുമുള്ള വീക്ഷാഗോപുര ലേഖനം പഠിക്കുന്നുണ്ടായിരിക്കാം. എന്നാൽ, നിങ്ങളുടെ കുടുംബത്തിന്റെ പ്രശ്നങ്ങളും വൈകാരിക അവസ്ഥയും സംബന്ധിച്ചു ബോധമുള്ളവർ ആയിരിക്കുക. മാതാവിന് ലൗകിക ജോലി ഇല്ലെങ്കിൽ ദിവസവും കുട്ടികൾ സ്കൂളിൽനിന്നു മടങ്ങിയെത്തുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞേക്കും. ചില പ്രശ്നങ്ങൾ അപ്പോൾത്തന്നെ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. എന്നാൽ മറ്റു ചിലവയ്ക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായിരിക്കാം. കുടുംബത്തിലെ അടിയന്തിര ആവശ്യങ്ങൾ അവഗണിച്ചു കളയരുത്. (സദൃശവാക്യങ്ങൾ 27:12) സ്കൂളിലെ പ്രശ്നങ്ങൾ മാത്രമല്ല മറ്റു സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടാം. ഉചിതമായ വിഷയം തിരഞ്ഞെടുക്കുക. എന്തായിരിക്കും പഠിക്കുന്നതെന്നു കുടുംബത്തെ മുന്നമേ അറിയിക്കുക.
13. പട്ടിണിയെ മറികടക്കുന്നതിനെ കുറിച്ചുള്ള കുടുംബ ചർച്ച പ്രയോജനപ്രദം ആയിരിക്കാവുന്നത് എന്തുകൊണ്ട്?
13 ദൃഷ്ടാന്തത്തിന്, അനേകം സ്ഥലങ്ങളിൽ ആളുകൾ പട്ടിണിയിലാണ്. അതുകൊണ്ട് അതിനെ എങ്ങനെ നേരിടാമെന്നു ചർച്ച ചെയ്യുന്നത് മിക്ക സ്ഥലങ്ങളിലും അത്യാവശ്യമായിരിക്കാം. യഥാർഥ ജീവിത സാഹചര്യങ്ങളെയും ബൈബിൾ തത്ത്വങ്ങളെയും കേന്ദ്രീകരിച്ചുള്ള ഒരു കുടുംബ അധ്യയനം നിങ്ങളുടെ കുടുംബത്തിന് പ്രയോജനപ്രദം ആയിരിക്കുമോ?—സദൃശവാക്യങ്ങൾ 21:5; സഭാപ്രസംഗി 9:11; എബ്രായർ 13:5, 6, 18.
14. അക്രമം, യുദ്ധം, ക്രിസ്തീയ നിഷ്പക്ഷത എന്നിവ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ കുറിച്ചുള്ള കുടുംബ ചർച്ച കാലോചിതം ആക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഏവ?
14 ചർച്ച ആവശ്യമുള്ള മറ്റൊരു വിഷയം അക്രമം ആണ്. നമ്മുടെ എല്ലാവരുടെയും മനസ്സിലും ഹൃദയത്തിലും യഹോവയുടെ വീക്ഷണം ശക്തമായി പതിയണം. (ഉല്പത്തി 6:13; സങ്കീർത്തനം 11:5) ഈ വിഷയത്തെ കുറിച്ചുള്ള കുടുംബ അധ്യയനം, സ്കൂളിലെ മുട്ടാളത്തരത്തെ എങ്ങനെ നേരിടാം, ആയോധന കല അഭ്യസിക്കേണ്ടതുണ്ടോ, അനുയോജ്യമായ വിനോദപ്രവർത്തനങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദി ആയിരിക്കാവുന്നതാണ്. അക്രമാസക്ത സംഘട്ടനങ്ങൾ ഇന്നു സർവസാധാരണം ആയിരിക്കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളും ആഭ്യന്തര യുദ്ധത്താലോ രാഷ്ട്രീയമോ വംശീയമോ ആയ കലാപത്താലോ തെരുവു യുദ്ധത്താലോ കലുഷിതമാണ്. ആയതിനാൽ, പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ ക്രിസ്തീയ നടത്ത എങ്ങനെ നിലനിർത്താം എന്നതിനെ കുറിച്ച് നിങ്ങളുടെ കുടുംബത്തിൽ ചർച്ച ചെയ്യേണ്ടത് ആവശ്യമായിരുന്നേക്കാം.—യെശയ്യാവു 2:2-4; യോഹന്നാൻ 17:16, NW.
15. കുട്ടികൾക്ക് ലൈംഗികതയെയും വിവാഹത്തെയും കുറിച്ചുള്ള പ്രബോധനം നൽകേണ്ടത് എങ്ങനെ?
15 കുട്ടികൾ വളരുന്നത് അനുസരിച്ച്, ലൈംഗികതയെയും വിവാഹത്തെയും കുറിച്ച് പ്രായത്തിന് അനുയോജ്യമായ പ്രബോധനം അവർക്ക് ആവശ്യമാണ്. ചില സമൂഹങ്ങളിൽ മിക്ക മാതാപിതാക്കളും കുട്ടികളുമായി ഒരിക്കലും ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അപ്പോൾ, അറിവില്ലാത്ത കുട്ടികൾ മറ്റു ചെറുപ്പക്കാരിൽ നിന്ന് വികലമായ വീക്ഷണങ്ങൾ ഉൾക്കൊണ്ടേക്കാം. അത് തിക്ത ഫലങ്ങൾ ഉളവാക്കുകയും ചെയ്തേക്കാം. ഇക്കാര്യം സംബന്ധിച്ച് ബൈബിളിലൂടെ വളച്ചുകെട്ടില്ലാത്തതും മാന്യവുമായ ബുദ്ധിയുപദേശം നൽകുന്ന യഹോവയെ അനുകരിക്കുന്നതല്ലേ മെച്ചം? ആത്മാഭിമാനം നിലനിർത്താനും വിപരീത ലിംഗവർഗത്തിൽ പെട്ടവരോട് മാന്യതയോടെ ഇടപെടാനും ദൈവിക ബുദ്ധിയുപദേശം നമ്മുടെ കുട്ടികളെ സഹായിക്കും. (സദൃശവാക്യങ്ങൾ 5:18-20; കൊലൊസ്സ്യർ 3:5; 1 തെസ്സലൊനീക്യർ 4:3-8) ഈ കാര്യം നിങ്ങൾ ഇപ്പോൾത്തന്നെ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും അതു വീണ്ടും ചർച്ച ചെയ്യാൻ മടിക്കരുത്. പുതിയ സാഹചര്യങ്ങൾ ഉയർന്നു വരുന്നതിനാൽ ആവർത്തനം മർമപ്രധാനമാണ്.
16. (എ) അനേകം കുടുംബങ്ങളിലും എപ്പോഴാണ് കുടുംബ അധ്യയനം നടത്തുന്നത്? (ബി) പതിവായി കുടുംബ അധ്യയനം നടത്തുന്നതിന് നിങ്ങൾ തടസ്സങ്ങളെ എങ്ങനെ നേരിട്ടിരിക്കുന്നു?
16 കുടുംബ അധ്യയനം എപ്പോൾ നടത്താൻ കഴിയും? ലോകമെമ്പാടുമുള്ള ബെഥേൽ കുടുംബങ്ങളെ അനുകരിച്ചുകൊണ്ട് അനേകം കുടുംബങ്ങൾ തങ്ങളുടെ കുടുംബ അധ്യയനം തിങ്കളാഴ്ച വൈകുന്നേരം നടത്തുന്നു. മറ്റുള്ളവരാകട്ടെ വേറെ സമയം തിരഞ്ഞെടുക്കുന്നു. 9 കുട്ടികൾ ഉൾപ്പെടെ 11 അംഗങ്ങളുള്ള അർജന്റീനയിലെ ഒരു കുടുംബം തങ്ങളുടെ കുടുംബ അധ്യയനത്തിന് എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ഉണരുമായിരുന്നു. ഓരോരുത്തരുടെയും ജോലിസമയവും മറ്റും വ്യത്യസ്തമായിരുന്നതിനാൽ മറ്റൊരു സമയത്തും അതു നടത്താൻ സാധ്യമല്ലായിരുന്നു. അത് എളുപ്പമായിരുന്നില്ല. എന്നാൽ കുടുംബ അധ്യയനത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും പതിയാൻ അത് ഇടയാക്കി. മക്കൾ വളരുന്ന പ്രായത്തിൽ, ഫിലിപ്പീൻസിലെ ഒരു മൂപ്പൻ തന്റെ ഭാര്യയോടും മൂന്നു കുട്ടികളോടും ഒപ്പം പതിവായി കുടുംബ അധ്യയനം നടത്തിയിരുന്നു. മക്കൾക്ക് സത്യം തങ്ങളുടെ സ്വന്തമാക്കാൻ കഴിയേണ്ടതിന് ആ മാതാപിതാക്കൾ വാരംതോറും ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം ബൈബിൾ അധ്യയനം നടത്തിയിരുന്നു. ഐക്യനാടുകളിൽ, ഭർത്താവ് സാക്ഷി അല്ലാത്ത ഒരു സഹോദരി എല്ലാ ദിവസവും രാവിലെ കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാൻ കൂടെ പോകുന്നു. ബസ് കാത്തുനിൽക്കെ അനുയോജ്യമായ ഒരു തിരുവെഴുത്ത് വിഷയം വായിച്ച് ചർച്ച ചെയ്തുകൊണ്ട് അവർ ഒരുമിച്ച് ഏകദേശം പത്തു മിനിട്ട് ചെലവിടുന്നു. എന്നിട്ട് കുട്ടികൾ ബസിൽ കയറുന്നതിനു മുമ്പ് ആ മാതാവ് ഹ്രസ്വമായ ഒരു പ്രാർഥന നടത്തുന്നു. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ ഒരു സ്ത്രീയുടെ അവിശ്വാസിയായ ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ചു പോയി. വിദ്യാഭ്യാസം കുറവായതിനാൽ അധ്യയനത്തിന് അവർ വളരെയേറെ ശ്രമം ചെലുത്തേണ്ടതുണ്ട്. തന്റെ മാതാവും അനുജന്മാരും ഉൾപ്പെടുന്ന അധ്യയനത്തിനു നേതൃത്വം നൽകാനായി ഓരോ വാരവും വീടു സന്ദർശിച്ചുകൊണ്ട് അവരുടെ പ്രായപൂർത്തിയായ മകൻ സഹായത്തിനെത്തുന്നു. ഉത്സാഹപൂർവകമായ തയ്യാറാകലിലൂടെ ആ മാതാവ് നല്ലൊരു മാതൃക വെക്കുന്നു. പതിവായ കുടുംബ അധ്യയനത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്തെങ്കിലും സാഹചര്യം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടോ? പിന്മാറരുത്. ബൈബിൾ അധ്യയനം പതിവായി നടത്താനുള്ള നിങ്ങളുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉത്സാഹപൂർവം തേടുക.—മർക്കൊസ് 11:23, 24.
സ്ഥിരോത്സാഹത്തിന്റെ പ്രതിഫലങ്ങൾ
17. (എ) പതിവായ കുടുംബ അധ്യയനം ഉണ്ടായിരിക്കാൻ എന്താണ് ആവശ്യം? (ബി) യഹോവയുടെ വഴികളിലുള്ള പതിവായ കുടുംബ പ്രബോധനത്തിന്റെ മൂല്യത്തെ ഏത് അനുഭവം ദൃഷ്ടാന്തീകരിക്കുന്നു?
17 ആസൂത്രണം ആവശ്യമാണ്. സ്ഥിരോത്സാഹവും വേണം. എന്നാൽ പതിവായ കുടുംബ അധ്യയനത്തിലൂടെ ലഭിക്കുന്ന പ്രയോജനങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. (സദൃശവാക്യങ്ങൾ 22:6; 3 യോഹന്നാൻ 4) ജർമനിയിലെ ഫ്രാൻസും ഹിൽഡയും 11 മക്കളെ വളർത്തിക്കൊണ്ടുവന്നു. പിൽക്കാലത്ത് അവരുടെ പുത്രിയായ മാഗ്ദാലേന ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് എന്തെങ്കിലും ആത്മീയ പ്രബോധനം ലഭിക്കാത്ത ഒറ്റ ദിവസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് ഇന്നു ഞാൻ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത്.” അഡോൾഫ് ഹിറ്റ്ലറിന്റെ ഭരണകാലത്ത് ദേശീയത രൂക്ഷമായിത്തീർന്നപ്പോൾ, പരിശോധനകൾ അടുത്തുവരുന്നതായി മാഗ്ദാലേനയുടെ പിതാവ് മനസ്സിലാക്കി. അവയെ നേരിടാൻ തന്റെ കുടുംബത്തെ സജ്ജമാക്കാനായി അദ്ദേഹം ബൈബിൾ ഉപയോഗിച്ചു. പിൽക്കാലത്ത്, കുടുംബത്തിലെ ഇളയവർ ദുർഗുണ പരിഹാരപാഠശാലയിൽ ആക്കപ്പെട്ടു. മറ്റുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലും തടങ്കൽപ്പാളയങ്ങളിലും അടച്ചു. ചിലർ വധിക്കപ്പെട്ടു. എന്നിരുന്നാലും അവർ എല്ലാവരും വിശ്വാസത്തിൽ അചഞ്ചലരായി നിലകൊണ്ടു—കടുത്ത പീഡനത്തിന്റെ ആ നാളുകളിൽ മാത്രമല്ല, അതിജീവിച്ചവരുടെ കാര്യത്തിൽ അതിനു ശേഷവും.
18. ഏകാകികളായ മാതാപിതാക്കളുടെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിച്ചിരിക്കുന്നത് എങ്ങനെ?
18 സമാനമായി, ഏകാകികളോ അവിശ്വാസികളായ ഇണകൾ ഉള്ളവരോ ആയ അനേകം മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കു പതിവായ ബൈബിൾ പ്രബോധനം നൽകിയിട്ടുണ്ട്. തന്റെ രണ്ടു കുട്ടികളിൽ യഹോവയോടുള്ള സ്നേഹം ഉൾനടാൻ ഇന്ത്യയിലെ ഒരു വിധവ യത്നിച്ചു. എന്നാൽ അവരുടെ മകൻ യഹോവയുടെ ജനത്തോടൊത്തുള്ള സഹവാസം നിർത്തിയത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. തന്റെ മകനെ പരിശീലിപ്പിച്ചതിൽ സംഭവിച്ചിരിക്കാവുന്ന പിശകുകൾ ക്ഷമിക്കേണമേ എന്ന് അവർ യഹോവയോടു യാചിച്ചു. എന്നാൽ താൻ പഠിച്ച കാര്യങ്ങൾ മകൻ വാസ്തവത്തിൽ മറന്നു പോയിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞപ്പോൾ അദ്ദേഹം മടങ്ങിവരുകയും നല്ല ആത്മീയ പുരോഗതി വരുത്തി ഒരു സഭാമൂപ്പൻ ആയിത്തീരുകയും ചെയ്തു. ഇപ്പോൾ അദ്ദേഹവും ഭാര്യയും മുഴുസമയ പയനിയർ ശുശ്രൂഷകരായി സേവിക്കുന്നു. കുടുംബ വൃത്തത്തിനുള്ളിൽ പതിവായ ബൈബിൾ പ്രബോധനം നൽകാനുള്ള യഹോവയുടെയും അവന്റെ സംഘടനയുടെയും ബുദ്ധിയുപദേശത്തിനു ശ്രദ്ധ കൊടുത്ത ആ മാതാപിതാക്കളെല്ലാം എത്ര കൃതജ്ഞതയുള്ളവരാണ്! നിങ്ങൾ സ്വന്തം കുടുംബത്തിൽ ആ ബുദ്ധിയുപദേശം ബാധകമാക്കുന്നുണ്ടോ?
നിങ്ങൾക്കു വിശദീകരിക്കാമോ?
□ പതിവായ കുടുംബ അധ്യയനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ഓരോ കുടുംബ അധ്യയന വേളയിലും നമ്മുടെ ലക്ഷ്യങ്ങൾ എന്തായിരിക്കണം?
□ പഠിപ്പിക്കാനുള്ള ഏത് ഉപകരണങ്ങൾ നമുക്കു ലഭ്യമാണ്?
□ കുടുംബത്തിന്റെ ആശ്യങ്ങൾക്ക് അനുസൃതമായി അധ്യയനം എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?
[15-ാം പേജിലെ ചിത്രം]
സുനിശ്ചിത ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് നിങ്ങളുടെ കുടുംബ അധ്യയനത്തെ മെച്ചപ്പെടുത്തും
-
-
കുടുംബങ്ങളേ, ദൈവത്തിന്റെ സഭയുടെ ഭാഗമെന്ന നിലയിൽ അവനെ സ്തുതിപ്പിൻവീക്ഷാഗോപുരം—1999 | ജൂലൈ 1
-
-
കുടുംബങ്ങളേ, ദൈവത്തിന്റെ സഭയുടെ ഭാഗമെന്ന നിലയിൽ അവനെ സ്തുതിപ്പിൻ
“സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.”—സങ്കീർത്തനം 26:12.
1. വീട്ടിൽവെച്ചുള്ള പഠനത്തിനും പ്രാർഥനയ്ക്കും പുറമേ, മറ്റെന്തു കൂടി സത്യാരാധനയുടെ ഒരു മുഖ്യ ഭാഗമാണ്?
യഹോവയെ ആരാധിക്കുന്നതിൽ വീട്ടിൽവെച്ചുള്ള പ്രാർഥനയും ബൈബിൾ പഠനവും മാത്രമല്ല, ദൈവസഭയുടെ ഭാഗമെന്ന നിലയിലുള്ള പ്രവർത്തനവും ഉൾപ്പെടുന്നു. ജനങ്ങൾ ദൈവത്തിന്റെ വഴിയിൽ നടക്കാൻ തക്കവണ്ണം അവന്റെ പ്രമാണങ്ങൾ പഠിക്കുന്നതിന് ‘പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വിളിച്ചുകൂട്ടണം’ എന്നു പുരാതന ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 31:12, 13; യോശുവ 8:35) യഹോവയുടെ നാമത്തെ സ്തുതിക്കുന്നതിൽ പങ്കുണ്ടായിരിക്കാൻ പ്രായമുള്ളവർ മാത്രമല്ല, ‘യുവാക്കളും യുവതികളും’ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 148:12, 13) ക്രിസ്തീയ സഭയ്ക്കുള്ളിലും സമാനമായ ക്രമീകരണങ്ങൾ ബാധകമാണ്. ഭൂമിയിലെമ്പാടുമുള്ള രാജ്യഹാളുകളിൽ, സദസ്യ പങ്കുപറ്റലോടെ നടത്തുന്ന പരിപാടികളിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്വതന്ത്രമായി പങ്കെടുക്കുന്നു. അനേകരും അതിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.—എബ്രായർ 10:23-25.
2. (എ) യോഗങ്ങൾ ആസ്വദിക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ തയ്യാറാകൽ ഒരു മുഖ്യ ഘടകം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആർ മാതൃക വെക്കുന്നതു പ്രധാനമാണ്?
2 ആരോഗ്യകരമായ സഭാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ സഹായിക്കുന്നത് ഒരു വെല്ലുവിളി ആയിരിക്കാം. മാതാപിതാക്കളോടൊപ്പം യോഗങ്ങളിൽ പങ്കെടുക്കുന്ന ചില കുട്ടികൾക്ക് അവ ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തായിരിക്കാം അവരുടെ പ്രശ്നം? മിക്ക കുട്ടികൾക്കും അധിക നേരം ശ്രദ്ധിച്ചിരിക്കാൻ കഴിയില്ല, അവർക്കു പെട്ടെന്നു മുഷിപ്പു തോന്നുന്നു. യോഗങ്ങൾക്കുള്ള തയ്യാറാകൽ അതു പരിഹരിക്കാൻ സഹായകമാണ്. തയ്യാറാകാത്തപക്ഷം, യോഗങ്ങളിൽ അർഥവത്തായി പങ്കുപറ്റാൻ കുട്ടികൾക്കു കഴിയാതാകും. (സദൃശവാക്യങ്ങൾ 15:23) മാത്രമല്ല, സംതൃപ്തി കൈവരുത്തുന്ന ആത്മീയ പുരോഗതി പ്രാപിക്കാനും അവർക്കു ബുദ്ധിമുട്ടായിരിക്കും. (1 തിമൊഥെയൊസ് 4:12, 15) അപ്പോൾ എന്തു ചെയ്യാനാകും? ഒന്നാമതായി, തങ്ങൾതന്നെ യോഗങ്ങൾക്കു തയ്യാറാകുന്നുണ്ടോ എന്നു മാതാപിതാക്കൾക്കു സ്വയം ചോദിക്കാൻ കഴിയും. അവരുടെ മാതൃക ശക്തമായ സ്വാധീനം ചെലുത്തുന്നു. (ലൂക്കൊസ് 6:40) കുടുംബ അധ്യയനത്തിനായി ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്നതും ഒരു മുഖ്യ ഘടകമാണ്.
ഹൃദയത്തെ കെട്ടുപണി ചെയ്യൽ
3. കുടുംബ അധ്യയന വേളയിൽ ഹൃദയങ്ങളെ കെട്ടുപണി ചെയ്യാൻ പ്രത്യേക ശ്രമം നടത്തേണ്ടത് എന്തുകൊണ്ട്, അതിന് ആവശ്യമായിരിക്കുന്നത് എന്താണ്?
3 കേവലം ശിരോജ്ഞാനം നേടുക എന്നതായിരിക്കരുത് കുടുംബ അധ്യയനത്തിന്റെ ഉദ്ദേശ്യം, അതു ഹൃദയങ്ങളെ കെട്ടുപണി ചെയ്യാനുള്ള ഒരു അവസരം കൂടി ആയിരിക്കണം. അതിനു കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ സംബന്ധിച്ച അവബോധവും ഓരോരുത്തരോടുമുള്ള സ്നേഹപൂർവകമായ പരിഗണനയും ആവശ്യമാണ്. യഹോവ ‘ഹൃദയത്തെയാണു ശോധന ചെയ്യുന്നത്.’—1 ദിനവൃത്താന്തം 29:17.
4. (എ) സദൃശവാക്യങ്ങൾ 9:4-ലെ ‘ബുദ്ധിഹീനൻ’ എന്ന പ്രയോഗത്തിന്റെ അർഥമെന്ത്? (ബി) ‘ബുദ്ധി സമ്പാദിക്കുന്നതിൽ’ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
4 യഹോവ നമ്മുടെ കുട്ടികളുടെ ഹൃദയങ്ങളെ പരിശോധിക്കുമ്പോൾ അവൻ എന്താണു കണ്ടെത്തുന്നത്? തങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു എന്ന് അവരിൽ മിക്കവരും പറയും. അതു ശ്ലാഘനീയവുമാണ്. ഒരു കുട്ടിക്കോ യഹോവയെ കുറിച്ചു പുതുതായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്കോ അവന്റെ മാർഗങ്ങൾ സംബന്ധിച്ചു പരിമിതമായ അറിവേ കാണുകയുള്ളൂ. അനുഭവജ്ഞാനം ഇല്ലാത്തതിനാൽ അയാൾ, ബൈബിൾ പറയുന്നതുപോലെ, ‘ബുദ്ധിഹീനൻ’ ആയിരിക്കാം. അയാളുടെ എല്ലാ ആന്തരങ്ങളും തെറ്റായിരിക്കണമെന്നില്ല. ദൈവത്തിന് ഏറ്റവും പ്രസാദകരമായ ഒരു അവസ്ഥയിലേക്ക് ഹൃദയത്തെ കൊണ്ടുവരാൻ കുറെ സമയം ആവശ്യമാണ്. ചിന്തകളെയും അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും വികാരങ്ങളെയും ജീവിതലക്ഷ്യങ്ങളെയും അപൂർണ മനുഷ്യർക്കു സാധ്യമാകുന്ന അളവോളം ദൈവഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരുന്നത് അതിൽ ഉൾപ്പെടുന്നു. അങ്ങനെ ഒരാൾ ദൈവിക വിധത്തിൽ ആന്തരിക വ്യക്തിത്വത്തിനു മാറ്റം വരുത്തുമ്പോൾ, അയാൾ ‘ബുദ്ധി സമ്പാദിക്കു’കയാണ്.—സദൃശവാക്യങ്ങൾ 9:4; 19:8.
5, 6. ‘ബുദ്ധി സമ്പാദിക്കാൻ’ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാകും?
5 ‘ബുദ്ധി സമ്പാദിക്കാൻ’ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികളെ സഹായിക്കാനാകുമോ? മറ്റൊരാളിൽ നല്ലൊരു ഹൃദയനില നിവേശിപ്പിക്കാൻ യാതൊരു മനുഷ്യനും സാധ്യമല്ല. ഓരോ വ്യക്തിക്കും സ്വതന്ത്ര ഇച്ഛാശക്തി ലഭിച്ചിരിക്കുന്നതിനാൽ, അത് ഏറെയും എന്തിനെ കുറിച്ചു ചിന്തിക്കാൻ നാം സ്വയം അനുവദിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, വിവേകമുള്ളവർ ആയിരിക്കുന്നതിനാൽ മാതാപിതാക്കൾക്കു കുട്ടികളുടെ ആന്തരം മനസ്സിലാക്കാനും അവരുടെ ഹൃദയത്തിൽ എന്താണെന്നു തിരിച്ചറിയാനും എവിടെയാണ് സഹായം ആവശ്യമായിരിക്കുന്നത് എന്നു നിശ്ചയിക്കാനും കഴിയും. ‘ഇതിനെ കുറിച്ച് നിനക്ക് എന്തു തോന്നുന്നു?’ ‘ഇക്കാര്യത്തിൽ നീ വാസ്തവത്തിൽ എന്താണു ചെയ്യാൻ ആഗ്രഹിക്കുന്നത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉപയോഗിക്കുക. എന്നിട്ട് ക്ഷമാപൂർവം ശ്രദ്ധിച്ചു കേൾക്കുക. അമിതമായി പ്രതികരിക്കാതിരിക്കുക. (സദൃശവാക്യങ്ങൾ 20:5) കുട്ടികളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ദയയും അനുകമ്പയും സ്നേഹവും ഉള്ള ഒരു അന്തരീക്ഷം പ്രധാനമാണ്.
6 ആരോഗ്യാവഹമായ പ്രവണതകൾ ഊട്ടിയുറപ്പിക്കുന്നതിന് ആത്മാവിന്റെ ഫലത്തെ കുറിച്ച്—അതിന്റെ ഓരോ വശത്തെ കുറിച്ചും—കൂടെക്കൂടെ ചർച്ച ചെയ്യുക. തുടർന്ന് കുടുംബം ഒത്തൊരുമിച്ച് അതു നട്ടുവളർത്താൻ ശ്രമിക്കുക. (ഗലാത്യർ 5:22, 23) യഹോവയോടും യേശുക്രിസ്തുവിനോടും സ്നേഹം നട്ടുവളർത്തുക. എന്നാൽ അതിനു നാം, അവരെ സ്നേഹിക്കണം എന്നു പറഞ്ഞാൽ മാത്രം പോരാ, പകരം അവരെ സ്നേഹിക്കേണ്ടതിന്റെ കാരണങ്ങളും ആ സ്നേഹം നമുക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്. (2 കൊരിന്ത്യർ 5:14, 15) ശരിയായതു ചെയ്യുന്നതിന്റെ പ്രയോജനങ്ങളെ കുറിച്ചു ന്യായവാദം ചെയ്തുകൊണ്ട് അതു ചെയ്യാനുള്ള ആഗ്രഹം ശക്തിപ്പെടുത്തുക. തെറ്റായ ചിന്തയുടെയും സംസാരത്തിന്റെയും നടത്തയുടെയും മോശമായ ഫലങ്ങളെ കുറിച്ചു ചർച്ച ചെയ്തുകൊണ്ട് അവ വർജിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുക. (ആമോസ് 5:15; 3 യോഹന്നാൻ 11) ചിന്തയും സംസാരവും നടത്തയും യഹോവയുമായുള്ള ഒരുവന്റെ ബന്ധത്തെ—ഒന്നുകിൽ നല്ല രീതിയിൽ അല്ലെങ്കിൽ മോശമായ രീതിയിൽ—ബാധിച്ചേക്കാവുന്നത് എങ്ങനെയെന്നു വ്യക്തമാക്കുക.
7. പ്രശ്നങ്ങൾ പരിഹരിക്കാനും യഹോവയോട് ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കത്തക്കവണ്ണം തീരുമാനങ്ങൾ എടുക്കാനും കുട്ടികളെ സഹായിക്കാനായി എന്തു ചെയ്യാനാകും?
7 ഒരു കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കുകയോ ഒരു പ്രധാന തീരുമാനം എടുക്കേണ്ടതായി വരുകയോ ചെയ്യുമ്പോൾ നമുക്ക് അവരോട് ഇങ്ങനെ ചോദിക്കാനാകും: ‘യഹോവ ഇക്കാര്യത്തെ എങ്ങനെ വീക്ഷിക്കുന്നു എന്നാണു നീ കരുതുന്നത്? യഹോവയെ കുറിച്ചുള്ള എന്ത് അറിവാണ് അങ്ങനെ പറയാൻ നിന്നെ പ്രേരിപ്പിക്കുന്നത്? നീ ഇക്കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തിയോ?’ ദൈവഹിതം എന്താണെന്ന് ഉറപ്പു വരുത്താനും അതനുസരിച്ചു പ്രവർത്തിക്കാനും ആത്മാർഥ ശ്രമം നടത്തുന്ന ഒരു ജീവിതരീതി വളർത്തിയെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. അതു കഴിവതും നേരത്തെ തുടങ്ങുന്നതാണ് ഉത്തമം. യഹോവയുമായി വ്യക്തിഗതമായ ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുമ്പോൾ അവന്റെ പാതകളിൽ നടക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തും. (സങ്കീർത്തനം 119:34, 35) സത്യദൈവത്തിന്റെ സഭയോടൊത്തു സഹവസിക്കുകയെന്ന പദവിയോടുള്ള വിലമതിപ്പ് ഇത് അവരിൽ അങ്കുരിപ്പിക്കും.
സഭായോഗങ്ങൾക്കായുള്ള തയ്യാറാകൽ
8. (എ) ശ്രദ്ധ ആവശ്യമുള്ള എല്ലാ കാര്യങ്ങളും കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്താൻ എന്തു സഹായിച്ചേക്കാം? (ബി) ഈ അധ്യയന ക്രമീകരണം എത്ര പ്രധാനമാണ്?
8 കുടുംബ അധ്യയന സമയത്ത് ശ്രദ്ധ കൊടുക്കേണ്ടതായിട്ടുള്ള അനേകം സംഗതികളുണ്ട്. അവയെല്ലാം നിങ്ങൾക്ക് എങ്ങനെ അധ്യയനത്തിൽ ഉൾപ്പെടുത്താൻ കഴിയും? എല്ലാ കാര്യങ്ങളും ഒരേ സമയത്തു ചെയ്യുക അസാധ്യമാണ്. എങ്കിലും, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുന്നത് സഹായകമാണെന്നു നിങ്ങൾ കണ്ടെത്തും. (സദൃശവാക്യങ്ങൾ 21:5) ഇടയ്ക്കിടെ അവ അവലോകനം ചെയ്ത് പ്രത്യേക ശ്രദ്ധ ആവശ്യമായിരിക്കുന്നത് എന്തിനാണെന്നു തിട്ടപ്പെടുത്തുക. ഓരോ കുടുംബാംഗത്തിന്റെയും പുരോഗതിയിൽ ആഴമായ താത്പര്യം എടുക്കുക. ഈ കുടുംബ അധ്യയന ക്രമീകരണം ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യ ഭാഗമാണ്. അത് ഇപ്പോഴത്തെ ജീവനു വേണ്ടിയും വരാനിരിക്കുന്ന നിത്യജീവനു വേണ്ടിയും നമ്മെ ഒരുക്കുന്നു.—1 തിമൊഥെയൊസ് 4:8.
9. കുടുംബ അധ്യയന സമയത്ത്, യോഗങ്ങൾക്കു തയ്യാറാകുന്നതു സംബന്ധിച്ച എന്തെല്ലാം ലക്ഷ്യങ്ങളിൽ ക്രമേണ പുരോഗതി വരുത്താവുന്നതാണ്?
9 നിങ്ങളുടെ കുടുംബ അധ്യയനത്തിൽ സഭായോഗങ്ങൾക്കുള്ള തയ്യാറാകൽ ഉൾപ്പെടുന്നുവോ? ഒത്തൊരുമിച്ചുള്ള പഠനത്തിൽ പുരോഗതി വരുത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ധാരാളം വശങ്ങൾ ഉണ്ടായിരുന്നേക്കാം. അവയിൽ ചിലത് പ്രയോഗത്തിൽ കൊണ്ടുവരാൻ വാരങ്ങളോ മാസങ്ങളോ വർഷങ്ങൾ പോലുമോ വേണ്ടിവന്നേക്കാം. (1) കുടുംബത്തിലെ ഓരോ അംഗവും സഭായോഗങ്ങളിൽ ഉത്തരം പറയാൻ തയ്യാറാകുക; (2) സ്വന്തം വാക്കുകളിൽ ഉത്തരം പറയുന്ന കാര്യത്തിൽ ഓരോരുത്തരും പുരോഗമിക്കുക; (3) ഉത്തരങ്ങൾ പറയുമ്പോൾ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുക; (4) പഠിക്കുന്ന കാര്യങ്ങൾ വ്യക്തിപരമായി എങ്ങനെ ബാധകമാക്കാം എന്ന ഉദ്ദേശ്യത്തോടെ വിശകലനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പരിചിന്തിക്കാവുന്നതാണ്. ഇതെല്ലാം സത്യം സ്വന്തമാക്കാൻ ഒരു വ്യക്തിയെ സഹായിക്കും.—സങ്കീർത്തനം 25:4, 5.
10. (എ) ഓരോ സഭായോഗത്തിനും എങ്ങനെ ശ്രദ്ധ നൽകാൻ കഴിയും? (ബി) അതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
10 സാധാരണഗതിയിൽ നിങ്ങളുടെ കുടുംബ അധ്യയനം ആ വാരത്തേക്കുള്ള വീക്ഷാഗോപുര ലേഖനത്തെ അധികരിച്ചുള്ളത് ആണെങ്കിൽ പോലും, സഭാ പുസ്തക അധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ, സേവന യോഗം എന്നീ യോഗങ്ങൾക്കു വ്യക്തിപരമായോ കുടുംബമൊന്നിച്ചോ തയ്യാറാകുന്നതിന്റെ പ്രാധാന്യവും അവഗണിക്കരുത്. യഹോവയുടെ മാർഗത്തിൽ നടക്കാൻ നമ്മെ പഠിപ്പിക്കുന്ന പ്രബോധന പരിപാടിയുടെ പ്രധാന ഭാഗങ്ങളാണ് ഇവയും. ഇടയ്ക്കിടെ കുടുംബം ഒത്തൊരുമിച്ച് യോഗങ്ങൾക്കു തയ്യാറാകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. ഒന്നിച്ചിരുന്നു പഠിക്കുമ്പോൾ നിങ്ങളുടെ പഠനപ്രാപ്തികൾ മെച്ചപ്പെടും. തത്ഫലമായി, യോഗങ്ങളിൽനിന്നു കൂടുതൽ പ്രയോജനങ്ങൾ ലഭിക്കും. യോഗങ്ങൾക്കു പതിവായി തയ്യാറാകുന്നതിന്റെ പ്രയോജനങ്ങളും അതിന് ഒരു നിശ്ചിത സമയം മാറ്റിവെക്കുന്നതിന്റെ പ്രാധാന്യവും ചർച്ച ചെയ്യുക.—എഫെസ്യർ 5:15-17.
11, 12. സഭയിൽ ഗീതങ്ങൾ ആലപിക്കുന്നതിനുള്ള തയ്യാറാകൽ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ, അത് എങ്ങനെ ചെയ്യാൻ സാധിക്കും?
11 നമ്മുടെ യോഗങ്ങളിലെ മറ്റൊരു സംഗതിക്കായി, അതായത് ഗീതങ്ങൾ ആലപിക്കാനായി തയ്യാറാകാൻ “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനിലൂടെ നമുക്കു പ്രോത്സാഹനം ലഭിച്ചു. നിങ്ങൾ അതു ചെയ്തോ? അങ്ങനെ ചെയ്യുന്നത് ബൈബിൾ സത്യങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും പതിയാൻ ഇടയാക്കുകയും സഭായോഗങ്ങൾ കൂടുതലായി ആസ്വദിക്കാൻ സഹായിക്കുകയും ചെയ്യും.
12 പട്ടികപ്പെടുത്തിയിരിക്കുന്ന ചില ഗീതങ്ങളിലെ വാക്കുകളുടെ അർഥം ചർച്ച ചെയ്തുകൊണ്ട് തയ്യാറാകുകയാണെങ്കിൽ, ഹൃദയംഗമമായി പാടാൻ നമുക്കു കഴിയും. പുരാതന ഇസ്രായേലിൽ വാദ്യോപകരണങ്ങൾ ധാരാളം ഉപയോഗിച്ചിരുന്നു. (1 ദിനവൃത്താന്തം 25:1; സങ്കീർത്തനം 28:7) നിങ്ങളുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും ഒരു വാദ്യോപകരണം വായിക്കാനറിയാമോ? ഒരു വാരത്തേക്കു പട്ടികപ്പെടുത്തിയിട്ടുള്ള ഗീതങ്ങളിൽ ഒന്ന് ആ വാദ്യോപകരണത്തിന്റെ സഹായത്തോടെ സകുടുംബം പരിശീലിച്ചുകൂടേ? റെക്കോർഡു ചെയ്ത ഗീതങ്ങൾ ഉപയോഗിക്കുക എന്നതാണ് ചെയ്യാവുന്ന മറ്റൊരു സംഗതി. പശ്ചാത്തല ഉപകരണ സംഗീതം കൂടാതെതന്നെ ചില ദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾ മനോഹരമായി പാടാറുണ്ട്. വഴിനടക്കുമ്പോഴും കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോഴും ആ വാരത്തേക്കുള്ള ഗീതങ്ങൾ ആലപിക്കുന്നത് അവർ ആസ്വദിക്കുന്നു.—എഫെസ്യർ 5:19.
വയൽസേവനത്തിന് സകുടുംബം തയ്യാറാകൽ
13, 14. നമ്മുടെ ഹൃദയങ്ങളെ വയൽശുശ്രൂഷയ്ക്കായി ഒരുക്കുന്ന കുടുംബ ചർച്ചകൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 യഹോവയെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു മറ്റുള്ളവരോടു സാക്ഷീകരിക്കുന്നത് നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഗതിയാണ്. (യെശയ്യാവു 43:10-12; മത്തായി 24:14) ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും തയ്യാറാകുന്നപക്ഷം നാം ഈ പ്രവർത്തനം കൂടുതൽ ആസ്വദിക്കും, വർധിച്ച പ്രയോജനങ്ങളും ലഭിക്കും. കുടുംബ വൃത്തത്തിനുള്ളിൽ നമുക്ക് ഇത് എങ്ങനെ ചെയ്യാനാകും?
14 നമ്മുടെ ആരാധന ഉൾപ്പെടുന്ന സകല കാര്യത്തിലും എന്നപോലെ, നമ്മുടെ ഹൃദയങ്ങളെ ഒരുക്കുന്നതും പ്രധാനമാണ്. നാം എന്തു ചെയ്യാൻ പോകുന്നു എന്നതു മാത്രമല്ല, അത് എന്തുകൊണ്ട് ചെയ്യുന്നു എന്നതും ചർച്ച ചെയ്യണം. യെഹോശാഫാത്ത് രാജാവിന്റെ നാളുകളിൽ ദിവ്യനിയമം സംബന്ധിച്ച് ആളുകൾക്കു പ്രബോധനം ലഭിച്ചിരുന്നു. എങ്കിലും അവർ “തങ്ങളുടെ ഹൃദയത്തെ ഒരുക്കിയിരുന്നില്ല” എന്നു ബൈബിൾ പറയുന്നു. അതിന്റെ ഫലമായി, സത്യാരാധനയിൽനിന്ന് അകറ്റിക്കളയുന്ന പ്രലോഭനങ്ങൾക്ക് അവർ എളുപ്പം വശംവദരായി. (2 ദിനവൃത്താന്തം 20:33; 21:11, NW) നമ്മുടെ ലക്ഷ്യം വയൽസേവനത്തിൽ കേവലം കുറെ മണിക്കൂറുകൾ ചെലവഴിക്കുകയോ സാഹിത്യങ്ങൾ സമർപ്പിക്കുകയോ അല്ല. നമ്മുടെ ശുശ്രൂഷ യഹോവയോടും ജീവൻ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കേണ്ട ആളുകളോടുമുള്ള സ്നേഹത്തിന്റെ ഒരു പ്രകടനം ആയിരിക്കണം. (എബ്രായർ 13:15) നാം “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുന്ന ഒരു പ്രവർത്തനമാണ് അത്. (1 കൊരിന്ത്യർ 3:9) അത് എന്തൊരു പദവിയാണ്! ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം വിശുദ്ധ ദൂതന്മാരോടുള്ള ഐക്യത്തിലുമാണു പ്രവർത്തിക്കുന്നത്. (വെളിപ്പാടു 14:6, 7) വാരംതോറും കുടുംബ അധ്യയനം നടത്തുമ്പോഴോ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കലിലെ നിർദിഷ്ട വാക്യം പരിചിന്തിക്കുമ്പോഴോ ഉള്ള കുടുംബ ചർച്ചവേളകളെക്കാൾ മെച്ചമായി മറ്റ് ഏത് അവസരത്തിലാണ് ശുശ്രൂഷയോടുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ കഴിയുക!
15. കുടുംബം ഒത്തൊരുമിച്ച് വയൽശുശ്രൂഷയ്ക്ക് എപ്പോൾ ഒരുങ്ങാൻ സാധിക്കും?
15 വാരംതോറുമുള്ള വയൽസേവനത്തിനായി ഒരുങ്ങാൻ കുടുംബ അധ്യയന സമയത്ത് കുടുംബാംഗങ്ങളെ നിങ്ങൾ ഇടയ്ക്കിടെ സഹായിക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കാവുന്നതാണ്. (2 തിമൊഥെയൊസ് 2:15) അവരുടെ ശുശ്രൂഷ അർഥവത്തും ഫലപ്രദവുമാക്കാൻ അതിനു സഹായിക്കാനാകും. അത്തരം ഒരുക്കത്തിനായി ചിലപ്പോഴൊക്കെ മുഴു അധ്യയന വേളയും മാറ്റിവെക്കാൻ സാധിക്കും. മിക്കപ്പോഴും, കുടുംബ അധ്യയനത്തിന്റെ ഒടുവിലോ വാരത്തിൽ മറ്റേതെങ്കിലും സമയത്തോ വയൽശുശ്രൂഷയുടെ വിവിധ വശങ്ങളെ കുറിച്ചു ഹ്രസ്വമായി ചർച്ച ചെയ്യാവുന്നതാണ്.
16. ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന ഓരോ വശങ്ങളുടെയും മൂല്യം വിശദീകരിക്കുക.
16 കുടുംബ അധ്യയന വേളയിൽ പിൻവരുന്നതു പോലുള്ള സംഗതികൾക്കു ശ്രദ്ധ നൽകാവുന്നതാണ്: (1) നന്നായി റിഹേഴ്സ് ചെയ്ത ഒരു അവതരണം തയ്യാറാകുക, ഉചിതമായ സാഹചര്യങ്ങളിൽ വായിക്കാനായി ഒരു ബൈബിൾ വാക്യവും ഉൾപ്പെടുത്താവുന്നതാണ്. (2) സാധ്യമെങ്കിൽ, ഓരോരുത്തർക്കും സ്വന്തം വയൽസേവന ബാഗ്, ബൈബിൾ, നോട്ട്ബുക്ക്, പേന അല്ലെങ്കിൽ പെൻസിൽ, ലഘുലേഖകൾ, നല്ല നിലയിലുള്ള മറ്റു സാഹിത്യങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക. വയൽസേവന ബാഗ് വലിയ വിലപിടിപ്പുള്ളത് ആയിരിക്കണമെന്നില്ല, പക്ഷേ അതു വൃത്തിയുള്ളത് ആയിരിക്കണം. (3) അനൗപചാരിക സാക്ഷീകരണം എവിടെ, എങ്ങനെ ചെയ്യാൻ കഴിയുമെന്നു ചർച്ച ചെയ്യുക. നിങ്ങൾ വയൽ സേവനത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്ന അവസരങ്ങളിൽ ഈ നിർദേശത്തിലെ ഓരോ വശങ്ങളും പിൻപറ്റുക. സഹായകമായ നിർദേശങ്ങൾ നൽകുക, എന്നാൽ ഒരേ സമയത്ത് നിരവധി കാര്യങ്ങളെ കുറിച്ചു ബുദ്ധിയുപദേശിക്കരുത്.
17, 18. (എ) നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ എങ്ങനെയുള്ള കുടുംബ തയ്യാറാകൽ സഹായിക്കും? (ബി) ഓരോ ആഴ്ചയിലും ഈ ഒരുക്കത്തിന്റെ ഭാഗമായി ഏതൊക്കെ വശങ്ങൾ ചർച്ച ചെയ്യാനാകും?
17 യേശു തന്റെ അനുഗാമികൾക്കു നൽകിയ നിയോഗത്തിന്റെ ഒരു മുഖ്യ ഭാഗമാണു ശിഷ്യരാക്കൽ വേല. (മത്തായി 28:19, 20) ശിഷ്യരെ ഉളവാക്കുന്നതിൽ പ്രസംഗിക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. അതിനു പഠിപ്പിക്കൽ ആവശ്യമാണ്. ഇക്കാര്യത്തിൽ ഫലപ്രദരായിരിക്കാൻ കുടുംബ അധ്യയനത്തിനു നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
18 ആർക്കു മടക്കസന്ദർശനം നടത്തുന്നതാണ് നല്ലത് എന്നു കുടുംബത്തിൽ ചർച്ച ചെയ്യുക. അവരിൽ ചിലർ സാഹിത്യങ്ങൾ സ്വീകരിച്ചിട്ടുണ്ടാകാം; മറ്റു ചിലർ സുവാർത്ത കേട്ടതേ ഉണ്ടായിരിക്കുകയുള്ളൂ. വീടുതോറുമുള്ള വേലയിൽ അല്ലെങ്കിൽ തെരുവിലോ സ്കൂളിലോ നടത്തിയ അനൗപചാരിക സാക്ഷീകരണത്തിൽ ആയിരിക്കാം അവരെ കണ്ടുമുട്ടിയത്. ദൈവവചനം നിങ്ങൾക്കു വഴികാട്ടി ആയിരിക്കട്ടെ. (സങ്കീർത്തനം 25:9; യെഹെസ്കേൽ 9:4) നിങ്ങൾ ഓരോരുത്തരും ആ വാരത്തിൽ ആർക്കൊക്കെയാണു മടക്കസന്ദർശനം നടത്താൻ പോകുന്നതെന്ന് തീരുമാനിക്കുക. എന്തിനെ കുറിച്ചാണു സംസാരിക്കാൻ പോകുന്നത്? മടക്കസന്ദർശനത്തിനു തയ്യാറാകാൻ കുടുംബ ചർച്ച ഓരോ അംഗത്തെയും സഹായിച്ചേക്കാവുന്നതാണ്. താത്പര്യക്കാരുമായി പങ്കുവെക്കാൻ, ചില തിരുവെഴുത്തുകളും ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിൽ നിന്നോ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിൽ നിന്നോ ഉള്ള ഉചിതമായ ആശയങ്ങളും കുറിച്ചുവെക്കുക. ഒരു സന്ദർശനത്തിൽത്തന്നെ വളരെ കാര്യങ്ങൾ പറയാതിരിക്കുക. വീട്ടുകാരനോട് ഒരു ചോദ്യം ചോദിച്ചിട്ടു പോരുക, എന്നിട്ട് അടുത്ത സന്ദർശനത്തിൽ അതിന് ഉത്തരം നൽകാവുന്നതാണ്. ഓരോരുത്തരും ഏതു മടക്കസന്ദർശനങ്ങൾക്കു പോകണം, അവ എപ്പോൾ നടത്തണം, അതിലൂടെ എന്ത് ഉദ്ദേശ്യം നിവർത്തിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് നിങ്ങളുടെ പ്രതിവാര കുടുംബചര്യയുടെ ഭാഗമാക്കിക്കൂടേ? കുടുംബത്തിലെ എല്ലാവരുടെയും വയൽശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കാൻ ഇതു സഹായിക്കും.
അവരെ തുടർന്നും യഹോവയുടെ മാർഗം പഠിപ്പിക്കുക
19. കുടുംബാംഗങ്ങൾ യഹോവയുടെ മാർഗത്തിൽ തുടർന്നു നടക്കണമെങ്കിൽ, അവർക്ക് എന്ത് അനുഭവപ്പെടണം, അതിനു സഹായകമായിരിക്കുന്നത് എന്ത്?
19 ഒരു കുടുംബനാഥൻ ആയിരിക്കുക എന്നത് ഈ ദുഷ്ട ലോകത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു സംഗതിയാണ്. യഹോവയുടെ ദാസന്മാരുടെ ആത്മീയത തകർക്കാൻ സാത്താനും അവന്റെ ഭൂതങ്ങളും കിണഞ്ഞു ശ്രമിക്കുന്നു. (1 പത്രൊസ് 5:8) മാത്രമല്ല, ഇന്നു മാതാപിതാക്കളുടെ മേൽ, വിശേഷിച്ചും ഒറ്റക്കാരായ മാതാപിതാക്കളുടെ മേൽ, നിരവധി സമ്മർദങ്ങളുണ്ട്. ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തുക ദുഷ്കരമാണ്. എന്നാൽ, നിങ്ങൾ ഒരു സമയത്ത് ഒരു നിർദേശമേ ബാധകമാക്കുന്നുള്ളൂ എങ്കിൽ പോലും, അതു ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കും. ക്രമേണ നിങ്ങളുടെ കുടുംബ അധ്യയന പരിപാടി മെച്ചപ്പെടുത്താൻ അതിനു കഴിയും. നിങ്ങളോടു വളരെ അടുപ്പമുള്ളവർ യഹോവയുടെ മാർഗത്തിൽ വിശ്വസ്തരായി നടക്കുന്നു എന്നു കാണുന്നത് ഹൃദയോഷ്മളമായ ഒരു അനുഭവമാണ്. യഹോവയുടെ മാർഗത്തിൽ വിജയകരമായി നടക്കുന്നതിന്, കുടുംബാംഗങ്ങൾ സഭായോഗങ്ങളിലും വയൽശുശ്രൂഷയിലും പങ്കെടുക്കുന്നതിൽ സന്തോഷം കണ്ടെത്തേണ്ടതുണ്ട്. അതിന് തയ്യാറാകൽ—ഹൃദയത്തെ കെട്ടുപണി ചെയ്യുന്നതും അർഥവത്തായ പങ്കുണ്ടായിരിക്കാൻ ഓരോരുത്തരെയും സഹായിക്കുന്നതുമായ തയ്യാറാകൽ—ആവശ്യമാണ്.
20. 3 യോഹന്നാൻ 4-ൽ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന സന്തോഷം അനുഭവിക്കാൻ മാതാപിതാക്കളെ എന്തിനു സഹായിക്കാനാകും?
20 ആത്മീയമായി താൻ സഹായിച്ചവരെ കുറിച്ച് യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹന്നാൻ 4) കുടുംബ അധ്യയനങ്ങൾ വ്യക്തമായ ലക്ഷ്യങ്ങളോടെ നടത്തുകയും കുടുംബനാഥന്മാർ കുടുംബാംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ ദയാവായ്പോടും സഹായമനസ്കതയോടും കൂടെ കൈകാര്യം ചെയ്യുകയുമാണെങ്കിൽ, അത് അത്തരം സന്തോഷം ആസ്വദിക്കാൻ കുടുംബങ്ങളെ വളരെയേറെ സഹായിക്കും. ദൈവമാർഗത്തിലുള്ള ജീവിതത്തോടു വിലമതിപ്പു നട്ടുവളർത്തുകവഴി ഉത്തമ ജീവിതഗതി ആസ്വദിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുടുംബങ്ങളെ സഹായിക്കുകയായിരിക്കും ചെയ്യുന്നത്.—സങ്കീർത്തനം 19:7-11.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ യോഗത്തിനുള്ള തയ്യാറാകൽ നിങ്ങളുടെ കുട്ടികൾക്കു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ‘ബുദ്ധി സമ്പാദിക്കാൻ’ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാനാകും?
□ എല്ലാ യോഗങ്ങൾക്കും തയ്യാറാകുന്നതിൽ നമ്മുടെ കുടുംബ അധ്യയനം സഹായകമായിരിക്കുന്നത് എങ്ങനെ?
□ ഒരു കുടുംബം എന്നനിലയിൽ വയൽസേവനത്തിനായി തയ്യാറാകുന്നത് കൂടുതൽ ഫലപ്രദരായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ?
[20-ാം പേജിലെ ചിത്രം]
സഭായോഗങ്ങൾക്കുള്ള തയ്യാറാകൽ നിങ്ങളുടെ കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്താവുന്നതാണ്
[21-ാം പേജിലെ ചിത്രം]
യോഗങ്ങൾക്കുള്ള ഗീതങ്ങൾ പാടി പരിശീലിക്കുന്നതു പ്രയോജനകരമാണ്
-